സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 8 September 2016

ബുർദയും വിമർശകരും





പുത്തനാശയക്കാർ ഏറ്റവും കൂടുതൽ വിമര്ശിച്ചുകൊണ്ടിരിക്കുന്ന കവിതാ സമാഹരമാണ് ബുർദ. അവരുടെ ആശയങ്ങൾക്ക് കടക വിരുദ്ധമായ പ്രസ്താവനകൾ അതുൾകൊള്ളുന്നുവെന്നതാണ് വിമര്ശനത്തിനുള്ള ഏക കാരണം. ബുര്ദയുമായി ബന്ധപ്പെട്ട് അവർ നടത്തുന്ന വിമർശനങ്ങളും അതിന്റെ മറുപടികളും നമുക്കിപ്പോൾ വായിക്കാം:

വിമർശനം 1

ബുർദയിൽ പറയുന്നു:

സാരം:
"ഒരാളുടെ നിർബന്ധിതാവസ്ഥ എങ്ങനെയാണ് ഇഹലോക സുഖങ്ങളിലേക്ക് ക്ഷണിക്കുക. അവരില്ലായിരുന്നുവെങ്കിൽ ഈ ലോകം തന്നെ ഇല്ലായ്മയിൽ നിന്ന് (ഉണ്മയിലേക്ക്) വരുമായിരുന്നില്ല".

ലോക സൃഷ്ടിപ്പിനു കാരണം മുഹമ്മദ് നബി(സ്)യാണെന്ന വാദത്തിന് ഖുർആനിന്റെയോ ഹദീസിന്റെയോ പിൻബലമില്ല. അത് അസത്യവും ബാലിശവുമാണ്.

വിമർശനത്തിനു മറുപടി

ഇത് ശരിയല്ല. നബി(സ്) ലോക സൃഷ്ട്ടിപ്പിന് നിമിത്തമാണെന്ന ആശയം പ്രബലമായ ഹദീസിൽ വന്നതാണ്. അല്ലാമ ബാജൂരി(റ) എഴുതുന്നു:  


സാരം:
നബി(സ)യുടെ ഉണ്മയില്ലായിരുന്നുവെങ്കിൽ ഈ ലോകമുണ്ടാകുമായിരുന്നില്ല എന്നർത്ഥം. അപ്പോൾ മുഹമ്മദ് നബി(സ) യുടെ ഉണ്മ ലോകത്തിന്റെ ഉണ്മക്ക് നിമിത്തമാണ്. അതിനാൽ നബി(സ)യുടെ നിർബന്ധിതാവസ്ഥ ഐഹികലോകത്തേക്ക് ക്ഷണിക്കുന്നപക്ഷം നബീ(സ)യുടെ ഉണ്മക്ക് നിമിത്തം ഐഹികലോകമാണെന്നു വരും. അത് നമ്മുടെ സങ്കൽപ്പത്തിന്റെ മാറ്റമാണ്.  ഇമാം ബൈഹഖി(റ)യും ഹാകിമും (റ) നിവേദനം ചെയ്ത ഹദീസ് ഈ ആശയത്തിന് പ്രമാണമാണ്. ആദം നബി(അ)യിൽ നിന്ന് പാപത്തിന്റെ രൂപം സംഭവിച്ചപ്പോൾ മുഹമ്മദ് നബി(സ)യുടെ ഹഖ് കൊണ്ട് അത് പൊറുത്തുകൊടുക്കാൻ ആദം (അ) അല്ലാഹുവോട് ചോദിച്ചിരുന്നു. അര്ശിന്റെ തൂണുകളിൽ "ലാഇലാഹ ഇല്ലല്ലാഹ മുഹമ്മദുൻ റസൂലുല്ലാഹ" എന്ന് ഉല്ലേഖനം ചെയ്യപ്പെട്ടത് ആദം നബി(അ) കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ആദം(അ) മുഹമ്മദ് നബി(സ)യുടെ ഹഖുകൊണ്ട് അല്ലാഹുവോട് ചോദിച്ചത്. അപ്പോൾ അല്ലാഹു തആല ആദം നബി(അ)യോട്  ഇപ്രകാരം പറഞ്ഞു: "മുഹമ്മദ്(സ) ന്റെ ഹഖുകൊണ്ട് ഞാൻ നിങ്ങൾക്ക് പൊറുത്തുതരാൻ നിങ്ങൾ എന്നോട് ചോദിച്ചിരുന്നു. അവരില്ലായിരുന്നുവെങ്കിൽ നിങ്ങളെ ഞാൻ സൃഷ്ട്ടിക്കുമായിരുന്നില്ല".
             അപ്പോൾ ആദ്മി(അ) ന്റെ ഉണ്മക്ക് നിമിത്തം മുഹമ്മദ് നബി(സ)യുടെ ഉണ്മയാണെന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്. ആദം(അ) മനുഷ്യപിതാവാണ്‌. ഭൂലോകത്തുള്ളത് മുഴുവനും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യർക്കുവേണ്ടിയാണ്. അതിനു പുറമെ സൂര്യനെയും ചന്ദ്രനെയും രാത്രിയും പകലും മറ്റുപലതും അവർക്കു വേണ്ടി അല്ലാഹു കീഴ്‌പ്പെടുത്തി കൊടുത്തു. ഇക്കാര്യം ഖുർആൻ വ്യക്തമാക്കിയതാണ്. അല്ലാഹു പറയുന്നു: "നിങ്ങൾക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം അല്ലാഹു  സൃഷ്ട്ടിച്ചുതന്നിരിക്കുന്നു". (അൽബഖറ: 29) "സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നിലയിൽ അവൻ നിങ്ങൾക്ക് വിധേയമാക്കി തന്നിരിക്കുന്നു.  രാവിലെയും പകലിനെയും അവൻ നിങ്ങൾക്ക് വിധേയമാക്കിത്തന്നിരിക്കുന്നു". (ഇബ്‌റാഹീം : 33)

ഈ വസ്തുക്കളെല്ലാം മനുഷ്യർക്കുവേണ്ടി സൃഷ്ടിച്ചതാവുകയും മനുഷ്യരുടെ പിതാവ് ആദം(അ) മുഹമ്മദ് നബി(സ)ക്കു വേണ്ടി സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ ഐഹികലോകം മുഹമ്മദ് നബി(സ)ക്കു വേണ്ടി സൃഷ്ടിച്ചതാണെന്ന് വരുന്നു. അപ്പോൾ എല്ലാ വസ്തുക്കളുമുണ്ടാകാൻ നിമിത്തം മുഹമ്മദ് നബി(സ) യാണെന്ന് വരുന്നു. (ബാജൂരി: 21-22)

പ്രസ്തുത ഹദീസ് പ്രബലമാണെന്ന് ഹാകിം(റ) മുസ്തദ്‌റകിൽ പറഞ്ഞിട്ടുണ്ട്. (ഹദീസ് നമ്പർ : 4194)

പുത്തനാശയക്കാർ വലിയ ഹദീസ് പണ്ഡിതനായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യ തന്നെ ഈ ഹദീസ് സ്വഹീഹായ ഹദീസുകൾക്കു ഒരു വിശദീകരണം പോലെയാണെന്ന് പറയുന്നുണ്ട്. (മജ്‌മൂഅ് ഫതാവാ 2/195)

വിമർശനം 2

ബുർദയിൽ പറയുന്നു:


സാരം:
"ക്രൈസ്തവർ അവരുടെ പ്രവാചകനിൽ (ഈസാ നബി(അ) ചുമത്തിയ വാദം (ദൈവപുത്രനാണെന്ന വാദം) ഒഴിവാക്കുക, നീ ഉദ്ദേശിക്കുന്ന ഏതു പ്രശംസയും മുഹമ്മദ് നബി(സ)യുടെ കാര്യത്തിൽ നിനക്ക് വിധിക്കാം"
             "നീ ആഗ്രഹിക്കുന്ന ശ്രേഷ്ഠതയും ബഹുമതിയും അവിടുത്തെ ശരീരത്തോടും പദവിയോടും നിനക്കു ചേർത്താവുന്നതാണ്".

പ്രസ്തുത രണ്ട് വരികളിൽ പറയുന്ന ആശയം ഇസ്‌ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണ്. കാരണം നബി(സ)യെ അമിതമായി പുകഴ്ത്തുന്നത് നബി(സ) തന്നെ വിലക്കിയ കാര്യമാണ്. ഇതാണ് പുത്തനാശയക്കാരുടെ ജല്പനം. "ക്രൈസ്തവർ ഈസാനബിയെ പുകഴ്ത്തിയതുപോലെ എന്നെ നിങ്ങൾ പുകഴ്ത്തരുത്" എന്നർത്ഥം വരുന്ന ഹദീസ് അതിനു പ്രമാണമായി അവർ എടുത്തുകാണിക്കുന്നു:

വിമർശനത്തിനു മറുപടി

നബി(സ)യെ പുകഴ്‌ത്താൻ വിശുദ്ധ ഖുർആൻ കല്പിച്ചതാണ്. നാം നിർവ്വഹിക്കുന്ന ആരാധനാകർമ്മങ്ങളിൽ ഒന്നിനെ കുറിച്ചും ഞാൻ ചെയ്യുന്നതുകൊണ്ട് നിങ്ങളും അത് ചെയ്യണെമെന്ന് അല്ലാഹു പറഞ്ഞിട്ടില്ല. എന്നാൽ നബി(സ)യെ പുകഴ്‌ത്താൻ കൽപ്പിച്ചിടത്ത് അല്ലാഹു പറയുന്നത് അങ്ങനെയാണ്.

 4- അള്ളാഹു പറയുന്നു:


"നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെമേൽ സ്വലാത്ത് നിർവഹിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങൾ നബിയുടെ മേൽ സ്വലാത്തും സ്വലാമും നിർവഹിക്കുവീൻ".  

പ്രസ്തുത വചനത്തിൽ പരാമർശിച്ച സ്വലാത്തിന്റെ അർത്ഥം വിവരിച്ച് ഇമാം ബുഖാരി(റ) കുറിക്കുന്നു: 


സാരം:
അബുൽ ആലിയ(റ) പറയുന്നു: അല്ലാഹുവിന്റെ സ്വലാത്ത് മലക്കുകളുടെ സന്നിധിയിൽ നബിയെ വാഴ്ത്തിപ്പറയലാണ്. മലക്കുകളുടെ സ്വലാത്ത് പ്രാർത്ഥനയാണ്. ഇബ്നുഅബ്ബാസ്(റ) പറയുന്നു: അവർ സ്വലാത്ത് നിർവ്വഹിക്കുന്നു എന്നതിനർത്ഥം അവർ ബറകത്ത് ചെയ്യുന്നു എന്നാണ്. (ബുഖാരി: 14/483)

അല്ലാമ ഇബ്നുകസീർ എഴുതുന്നു:


സാരം:
അല്ലാഹുവിന്റെ അടിമയും പ്രവാചകനുമായി മുഹമ്മദ് നബി(സ) ക്ക് അല്ലാഹുവിന്റെ അടുക്കാനുള്ള സ്ഥാനവും ബഹുമാനവും തന്റെ അടിമകളെ അറിയിക്കലാണ് ഈ ആയത്തിന്റെ ലക്ഷ്യം. വാനലോകത്തുള്ള, അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ മലക്കുകളുടെ സന്നിധിയിൽ വെച്ച് അല്ലാഹു നബി(സ)യെ പ്രശംസിച്ചുകൊണ്ടിരിക്കുന്നു. മലക്കുകളും നബി(സ)യെ പ്രശംസിച്ചുകൊണ്ടിരിക്കുന്നു. എന്നാണ് അല്ലാഹു അടിമകളെ അറിയിക്കുന്നത്. പിന്നീട് ഭൂമിയിലുള്ളവരോടും നബി(സ)ക്ക് സ്വലാത്തും സ്വലാമും നേരാണ് അല്ലാഹു കൽപ്പിക്കുന്നു. വാനലോകത്ത് നിന്നും ഭൂമിയിൽ നിന്നും നബി(സ)യെ വാഴ്ത്തലും പ്രശംസിക്കലും ഉണ്ടാകാനാണ് അല്ലാഹു അപ്രകാരം കൽപ്പിച്ചത്. (ഇബ്നുകസീർ : 3/506)

നബി(സ)യുടെ മദ്ഹ് നബി(സ) തന്നെ സ്വഹാബികിറാമിനെ പഠിപ്പിച്ചതായി ഇമാം തുർമുദി(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം:

عن ابن عباس قال جلس ناس من أصحاب رسول الله صلى الله عليه وسلم ينتظرونه قال فخرج حتى إذا دنا منهم سمعهم يتذاكرون فسمع حديثهم فقال بعضهم عجبا إن الله عز وجل اتخذ من خلقه خليلا اتخذ إبراهيم خليلا وقال آخر ماذا بأعجب من كلام موسى كلمه تكليما وقال آخر فعيسى كلمة الله وروحه وقال آخر آدم اصطفاه الله فخرج عليهم فسلم وقال قد سمعت كلامكم وعجبكم إن إبراهيم خليل الله وهو كذلك وموسى نجي الله وهو كذلك وعيسى روح الله وكلمته وهو كذلك وآدم اصطفاه الله وهو كذلك ألا وأنا حبيب الله ولا فخر وأنا حامل لواء الحمد يوم القيامة ولا فخر وأنا أول شافع وأول مشفع يوم القيامة ولا فخر وأنا أول من يحرك حلق الجنة فيفتح الله لي فيدخلنيها ومعي فقراء المؤمنين ولا فخر وأنا أكرم الأولين والآخرين ولا فخر. (الترمذي: ٣٥٤٩/الدارمي: ٤٨)

ഇബ്നുഅബ്ബാസ്(റ) യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി(സ)യുടെ അനുചരന്മാരിൽ ചിലർ നബി(സ) പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. നബി(സ) പുറപ്പെട്ട് അവരുടെ സമീപത്തെത്താനായപ്പോൾ അവർ പരസ്പരം പറയുന്നത് കേട്ടപ്പോൾ നബി(സ) അത് കേട്ടു നിന്നു. അപ്പോൾ അവരിൽ ചിലർ അത്ഭുതത്തോടു പറയുന്നു: "നിശ്ചയം അല്ലാഹു അവന്റെ സൃഷ്ടികളിൽ നിന്ന് ഒരു ഖലീലിനെ സ്വീകരിച്ചിരിക്കുന്നു, ഇബ്റാഹീമി(അ) നെ അല്ലാഹു അവന്റെ ഖലീലാക്കിയിരിക്കുന്നു". അപ്പോൾ മറ്റൊരാൾ പറഞ്ഞു: "ഇതൊന്നും മൂസാ നബി(അ) അല്ലാഹുവോട് സംസാരിച്ചതിനാൽ അത്ഭുതമുള്ളതല്ല. അല്ലാഹു മൂസാ നബി(അ) യോട് സംസാരിച്ചിരുന്നു". അപ്പോൾ മറ്റൊരാൾ പറഞ്ഞു: "ഈസാ നബി(അ) അല്ലാഹുവിന്റെ വചനവും അല്ലാഹുവിൽ നിന്നുള്ള പരിശുദ്ദാത്മാവുമാണ്". മറ്റൊരാൾ പറഞ്ഞു: "ആദം നബി(അ)യെ അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു". ഇതെല്ലാം കേട്ട് അവരുടെ തൊട്ടടുത്ത് നിന്നിരുന്ന നബി(സ) അവരിലേക്ക്‌ വന്നു സലാമ് ചൊല്ലി ഇപ്രകാരം പറഞ്ഞു: "നിശ്ചയം നിങ്ങളുടെ സംസാരവും അത്ഭുത പ്രകടനവും ഞാൻ കേൾക്കുകയുണ്ടായി. നിശ്ചയം ഇബ്‌റാഹീം നബി(അ) അല്ലാഹുവിനെ ഖലീലാണെന്ന് നിങ്ങൾ പറയുകയുണ്ടായി. കാര്യം ശരിയാണ്. മൂസാ നബി(അ) അല്ലാഹുവിനോട് സംസാരിച്ചുവെന്ന് നിങ്ങൾ പറഞ്ഞത് ശരിയാണ്. ഈസാ നബി(അ) അല്ലാഹുവിന്റെ വചനവും അല്ലാഹുവിൽ നിന്നുള്ള ആത്മാവുമാണെന്ന് നിങ്ങൾ പറഞ്ഞത് ശരിയാണ്. ആദം നബി(അ)യെ അല്ലാഹു തെരഞ്ഞെടുത്തതായി നിങ്ങൾ പറഞ്ഞതും ശരിതന്നെ. അറിയുക; ഞാൻ അല്ലാഹുവിന്റെ ഹബീബാണ്. പൊങ്ങച്ചം പറയുകയല്ല. അന്ത്യദിനത്തിൽ 'ലിവാഉൽഹംദ്' പതാകവാഹകൻ ഞാനാണ്. പൊങ്ങച്ചം പറയുകയല്ല. അന്ത്യദിനത്തിൽ ആദ്യമായി ശുപാർശപറയുന്നയാളും ശുപാർശ സ്വീകരിക്കപ്പെടുന്നയാളും ഞാനാണ്. പൊങ്ങച്ചം പറയുകയല്ല. സ്വർഗ്ഗത്തിന്റെ വട്ടക്കണ്ണികൾ ആദ്യമായി പിടിച്ചുകുലുക്കുന്നയാൾ ഞാനാണ്. അതേത്തുടർന്ന് അല്ലാഹു എനിക്ക് സ്വർഗ്ഗം തുറന്നു തരികയും എന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. സാധുക്കളായ വിശ്വാസികളും എന്റെ കൂടെയുണ്ടാകും. പൊങ്ങച്ചം പറയുകയല്ല. ഞാൻ ആദ്യത്തെവരിൽ നിന്നും അവസാനത്തവരിൽ നിന്നും ഏറ്റവും ആദരവുള്ളയാളാണ്. പൊങ്ങച്ചം പറയുകയല്ല". (തുർമുദി: 3549, ദാരിമി: 49)

നബി(സ)യുടെ മദ്ഹ് ഗീതം അബ്ദുല്ലാഹിബ്നുറവാഹ ആലപിച്ചതിനെക്കുറിച്ച് നബി(സ) പറഞ്ഞതിങ്ങനെ: 

 إن أخا لكم لا يقول الرفث      يعني بذلك عبد الله بن رواحة

وفينا رسول الله يتلو كتابه     إذا انشق معروف من الفجر ساطع

أرانا الهدى بعد العمى فقلوبنا   به موقنات أن ما قال واقع 

يبيت يجافي جنبه عن فراشه    إذا استثقلت بالمشركين المضاجع. 

(صحيح البخاري:١٠٨٧-٥٦٨٥)

"നിശ്ചയം നിങ്ങളുടെ സഹോദരൻ അനാവശ്യം പറഞ്ഞിട്ടില്ല. അതുകൊണ്ട് നബി(സ) ഉദ്ദേശിക്കുന്നത് അബ്ദുല്ലാഹിബ്നു റവാഹ(റ)യെയാണ്. അദ്ദേഹത്തിൻറെ കവിതയുടെ ആശയമൊഴിമാറ്റമിങ്ങനെ വായിക്കാം:

  "പ്രഭാതം പൊട്ടിവിടർന്നാൽ അല്ലാഹുവിന്റെ ഗ്രൻഥം പാരായണം ചെയ്തുതരുന്ന അല്ലാഹുവിന്റെ തിരുദൂതർ ഞങ്ങളിലുണ്ട്. ദുർമാർഗ്ഗത്തിനുശേഷം സന്മാർഗം അവർ ഞങ്ങൾക്കു കാണിച്ചുതന്നിരിക്കുന്നു. അതിനാൽ അവർ പറയുന്നതെല്ലാം സംഭവിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. മുശ്രിക്കുകൾ സുഖനിദ്രയിലാകുമ്പോൾ അവർ എണീറ്റു നിസ്കരിക്കുന്നതാണ്". (ബുഖാരി: 1087, 5685)

മേൽവിവരിച്ചതും അല്ലാത്തതുമായ പ്രമാണങ്ങൾ വ്യക്തമാക്കുന്നത് നബി(സ)യെ പുകഴ്ത്തുന്നത് ഇസ്‌ലാമികമല്ലെന്ന വാദമാണ് അനിസ്ളാമികം എന്നാണ്.

അവർ പ്രമാണമായി ഉപയോഗിക്കുന്ന ഉപരിസൂചിത ഹദീസ് പൂർണ്ണമായി വായിക്കുമ്പോൾ അവരുടെ വാദത്തിന് കടക വിരുദ്ധമാണ് അതെന്ന് കണ്ടെത്താൻ കഴിയും. അതിന്റെ പൂർണ്ണ രൂപം ഇങ്ങനെ വായിക്കാം: നബി(സ) പറയുന്നു:
لَا تُطْرُونِي كَمَا أَطْرَتْ النَّصَارَى عِيسَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللهِ وَرَسُولُهُ. (بخاري: ٣١٨٩)

"ക്രൈസ്തവർ മർയമിന്റെ പുത്രനെ അമിതമായി പുകഴ്ത്തിയതുപോലെ എന്നെ അമിതമായി നിങ്ങൾ പുകഴ്ത്തരുത്. നിശ്ചയം ഞാൻ അല്ലാഹുവിന്റെ അടിമ മാത്രമാണ്. അതിനാൽ "അല്ലാഹുവിന്റെ അടിമ', 'അല്ലാഹുവിന്റെ റസൂൽ' എന്നെ നിങ്ങൾ പറയാവൂ". ബുഖാരി: 3189)

ഇതിന്റെ വിശദീകരണത്തിൽ ഇബ്നുഹജർ(റ) എഴുതുന്നു: 



ഈസാ(അ) ദൈവമാണെന്നും മറ്റും വാദിച്ചതുപോലെ എന്നാണ് ഇവിടത്തെ താല്പര്യം. (ഫത്ഹുൽബാരി: 10/246)


അപ്പോൾ ഈസാനബി(അ)യെ കുറിച്ച് ക്രൈസ്തവർ ദൈവമാണെന്നും ദൈവപുത്രനാണെന്നും പറഞ്ഞതുപോലെ ഞാൻ ദൈവമാണെന്നോ ദൈവപുത്രനാണെന്നോ നിങ്ങൾ പറയരുത് എന്നാണ് ഹദീസിന്റെ താല്പര്യം. "നിശ്ചയം ഞാൻ അല്ലാഹുവിന്റെ അടിമ മാത്രമാണ്. അതിനാൽ 'അല്ലാഹുവിന്റെ അടിമ', 'അല്ലാഹുവിന്റെ റസൂൽ'  എന്നെ നിങ്ങൾ പറയാവൂ" എന്ന ഹദീസിന്റെ ബാക്കിഭാഗം ഇക്കാര്യം വ്യക്തമാക്കുന്നതാണ്. അതെ സമയം നബി(സ)ക്ക് സ്ഥിരപ്പെട്ട പദവികളും സ്ഥാനമാനങ്ങളും എടുത്ത്പറഞ്ഞു നബി(സ)യെ പ്രശംസിക്കുന്നതിന് ഒരിക്കലും അതെതിരല്ല.

വിമർശനം 3

ബുർദയിൽ പറയുന്നു: 


സാരം:
"തീർച്ചയായും ഇഹവും പരവും താങ്കളുടെ ഔദാര്യത്തിൽ പെട്ടതാകുന്നു. ലൗഹിന്റെയും ഖലമിന്റേയും അറിവ് താങ്കളുടെ അറിവിന്റെ ഭാഗമാകുന്നു".

ഇങ്ങനെ പറയുന്നത് അല്ലാഹുവിന്റെ അധികാരത്തിൽ കൈകടത്തലാണെന്നും അല്ലാഹുവിനുമാത്രമേ അറിയുകയുള്ളൂ എന്ന് ഖുർആൻ പ്രസ്താവിച്ച അഞ്ചു കാര്യങ്ങളുടെ അറിവും നബി(സ)ക്കുണ്ടെന്ന് ഇതിനാൽ വരുമെന്നും വിമർശകർ പറയുന്നു:

ഇഹത്തിലെയും പരത്തിലെയും ഗുണങ്ങൾ എന്നാണ് വിവക്ഷയെന്ന് അല്ലാമ ബാജുരി(റ) പറയുന്നു. നബി(സ) ജനങ്ങൾക്ക് ഹിദായത്തിന്റെ വെളിച്ചം കാണിച്ചുകൊടുത്തതിനെ ഇഹത്തിലെ ഗുണമായും പരത്തിൽ ജനങ്ങൾക്കുവേണ്ടി ശുപാർശ പറയുന്നതിനെ അവിടത്തെ ഗുണമായും കാണാവുന്നതാണ്. (ബാജുരി: 81)

പ്രപഞ്ചം സൃഷ്ടിക്കാനുള്ള നിമിത്തം മുഹമ്മദ് നബി(സ) യാണെന്ന് പ്രമാണബദ്ധമായി നേരത്തെ നാം വിശദീകരിച്ചുവല്ലോ. ഈ വീക്ഷണത്തിൽ ഇഹവും പരവും നബിയുടെ ഔദാര്യമാണെന്ന് പറയുന്നതിൽ തെറ്റൊന്നുമല്ല.

"ലൗഹിന്റെയും ഖലമിന്റേയും അറിവ് നബി(സ)യുടെ അറിവിന്റെ ഭാഗമാണ്" എന്ന പരാമർശത്തെ അധികരിച്ച് അല്ലാമ ബാജുരി(റ) എഴുതുന്നു:


സാരം:
മാണി(സ)യുടെ അറിവുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു തആല നബി(സ)ക്ക്  അറിയിച്ചുകൊടുത്ത വിജ്ഞാനങ്ങളാണ്. നിശ്ചയം ആദ്യമുള്ളവരുടെയും അവസാനമുള്ളവരുടെയും വിജ്ഞാനങ്ങൾ അല്ലാഹു തആല നബി(സ)ക്ക് അറിയിച്ചുകൊടുത്തിട്ടുണ്ട്. ലൗഹിന്റെയും ഖലമിന്റേയും അറിവിന്റെ വിവക്ഷ അല്ലാഹുവിന്റെ നിർദ്ദേശ പ്രകാരം ഖലം ലൗഹിൽ എഴുതിയ വിജ്ഞാനങ്ങളാണ്. നിശ്ചയം ഇപ്രകാരം ഹദീസിൽ വന്നിട്ടുണ്ട്. "അല്ലാഹു ആദ്യം സൃഷ്ട്ടിച്ചത് ഖലമാണ് . തുടർന്ന് അല്ലാഹു അതിനോട് എഴുതാൻ ആജ്ഞാപിച്ചു. അപ്പോൾ ഖലം ചോദിച്ചു. എന്താണ് ഞാൻ എഴുതേണ്ടത്?. അല്ലാഹു പറഞ്ഞു: 'അന്ത്യനാൾ വരെ ഉണ്ടാകുന്ന കാര്യങ്ങളുടെ തീരുമാനങ്ങൾ നീ എഴുതുക'. (ബാജൂരി: 81)

അല്ലാമാ ബാജൂരി(റ) തുടരുന്നു:   

واستشكل جعل علم اللوح والقلم بعض علومه صلى الله عليه وسلم بأن من جملة علم اللوح والقلم الإمور الخمسة المذكورة في آخر سورة لُقمان، مع أن النبي صلى الله عليه وسلم لا يعلمها، لأن الله قد استأثر بعلمها، فلا يتم التبعيض المذكور، وأُجيب بعدم تسليم أن هذه الإمور الخمسة مما كتب القلم في اللوح وإلا لاطلع عليها من شأنه أن يطلع على اللوح كبعض الملائكة المُقربين، وعلى تسليم أنها مما كتب القلم في اللوح، فالمُراد أن بعض علومه صلى الله عليه وآله وسلم علم اللوح والقلم الذي يطلع عليه المخلوق، فخرجت هذه الأمور الخمسة، على أنه صلى الله عليه وآله وسلم لم يخرج من الدنيا إلا بعد أن أعلمه الله تعالى بهذه الأمور. (حاشية الباجوري: ٨١) 

ലൗഹിന്റെയും ഖലമിന്റേയും അറിവുകൾ നബി(സ)യുടെ അറിവുകളുടെ ഭാഗമാണെന്ന് പറയുന്നതിൽ ഇപ്രകാരം സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു" 'ലൗഹിന്റെയും ഖലമിന്റേയും അറിവുകളിൽ ലുഖ്മാൻ സൂറത്തിന്റെ അവസാനഭാഗത്ത് പറഞ്ഞ അഞ്ചു കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടല്ലോ. അവ അല്ലാഹു മാത്രം അറിയുന്നവയായതുകൊണ്ട് നബി(സ) അവ അറിയുകയില്ലല്ലോ. അതിനാൽ ലൗഹിന്റെയും ഖലമിന്റേയും അറിവുകൾ നബി(സ)യുടെ അറിവുകളുടെ ഭാഗമാണെന്ന് പറയുന്നത് പൂർണ്ണമല്ല'.
          പ്രസ്തുത സംശയത്തിന് ഇപ്രകാരം മറുപടി നൽകപ്പെട്ടിരിക്കുന്നു. പ്രസ്തുത അഞ്ച് കാര്യങ്ങൾ ഖലം ലൗഹിൽ എഴുതിയതിൽ പെട്ടതാണെന്ന് നാം അംഗീകരിക്കുകയില്ല. അല്ലാത്തപക്ഷം ലൗഹിൽ നിന്ന്   നോക്കിവായിക്കാൻ സാധിക്കുന്ന മുഖർറബീങ്ങളായ മലക്കുകളിൽ ചിലരെങ്കിലും അതറിയുമല്ലോ. അപ്പോൾ അവ അല്ലാഹുമാത്രമേ അറിയുകയുള്ളൂ എന്നത് ശരിയാവുകയില്ലല്ലോ. ഇനി പ്രസ്തുത അഞ്ച് കാര്യങ്ങൾ ഖലം ലൗഹിൽ എഴുതിയതിലുണ്ടെന്ന് അംഗീകരിക്കുന്നപക്ഷം ഇപ്രകാരം മറുപടി പൂരിപ്പിക്കാം: ഖലമിന്റേയും ലൗഹിന്റെയും അറിവുകൾ നബി(സ)യുടെ അറിവുകളുടെ ഭാഗമാണെന്നതിന്റെ വിവക്ഷ നബി(സ)യുടെ ചില അറിവുകൾ സൃഷ്ടികൾക്ക് കണ്ടെത്താൻ സാധിക്കുന്ന ലൗഹിന്റെയും ഖലമിന്റേയും അറിവുകളാണ് എന്നാണ്. അപ്പോൾ പ്രസ്തുത അഞ്ച് കാര്യങ്ങൾ അവയിൽ നിന്ന് പുറത്തുപോയി. എന്നാൽ അല്ലാഹു നബി(സ)ക്ക് ഈ കാര്യങ്ങൾ അറിയിച്ചുകൊടുത്തതിനുശേഷമാണ് ഐഹികലോകത്തുനിന്ന് വിടപറഞ്ഞത് എന്നതാണ് വസ്തുത. (ബാജൂരി: 81)

അല്ലാമാ ബാജൂരി(റ) തുടരുന്നു:   


സാരം:
ലൗഹിന്റെയും ഖലമിന്റേയും അറിവുകൾ നബി(സ)യുടെ അറിവുകളിൽ ചിലതാകുമ്പോൾ നബി(സ)യുടെ അറിവിൽ നിന്ന് മറ്റേഭാഗം ഏതാണെന്ന ചോദ്യത്തിന് ഇപ്രകാരം മറുപടി പൂരോപിക്കാം: അത് അല്ലാഹു തആല നബി(സ)ക്ക് അറിയിച്ചുകൊടുത്ത ആഖിറത്തിന്റെ സ്ഥിതിഗതികളാണ്. ഖലം ലൗഹിൽ രേഖപ്പെടുത്തിയത് അന്ത്യനാൾ വരെ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമാണ്. ഇക്കാര്യം നേരത്തെ ഹദീസിൽ പറഞ്ഞുവല്ലോ. (ബാജൂരി: 81)

ചുരുക്കത്തിൽ ലൗഹിന്റെയും ഖലമിന്റേയും ജ്ഞാനികൾ നബി(സ)യുടെ ജ്ഞാനത്തിന്റെ ഭാഗമാണെന്ന് പറയുന്നത് നബി(സ)യിൽ ദിവ്യത്വം കല്പിക്കലാണെന്ന വാദം അസ്ഥാനത്താണ്.

വിമർശനം 4

ബുർദയിൽ പറയുന്നു:


സാരം:
"നടന്നും ഒട്ടകപ്പുറത്ത് കയറിയും ഏതൊരാളുടെ മുറ്റത്തേക്ക് ജനങ്ങൾ ആഗ്രഹിച്ചു പുറപ്പെടുന്നുവോ അങ്ങനെയുള്ളവരിൽ ഉത്തമരേ".

നബി(സ)യോട് ഇസ്തിഗാസ നടത്തലാണ് ഇതുകൊണ്ട് ഇമാം ബാസ്വൂരി(റ) ഉദ്ദേശിച്ചതെന്ന് അല്ലാമ ബാജൂരി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ബാജൂരി: 58)

നബി(സ)യുടെ വഫാത്തിന് ശേഷം നബി(സ)യെ സന്ദർശിക്കാൻ വരുന്നവരെയുമാകാം ഇമാം ബാസ്വൂരി(റ) ഉദ്ദേശിച്ചത്. ഇതനുസരിച്ച് ഇസ്തിഗാസക്കുപുറമെ ആവശ്യപൂർത്തീകരണത്തിനുവേണ്ടിയുള്ള ഖബ്ർ സിയാറത്തും ഇതിന്റെ വ്യാപ്തിയിൽ കടന്നുവരുന്നു. ഇത് രണ്ടും ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്നാണ് വിമർശകരുടെ വാദം.

വിമർശനത്തിന് മറുപടി

പ്രസ്തുത വാദമാണ് ഇസ്‌ലാമിക പ്രമാണങ്ങൾക്ക് നിരക്കാത്തത്. മഹാന്മാരായ അമ്പിയാ-ഔലിയാക്കളോട് മുഅ്ജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ സഹായം തേടുന്നത് അനുവദനീയമാണെന്ന് പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. അത് മുമ്പ് വിവരിച്ചതാണ്.

അമ്പിയാക്കളുടെയും മഹാന്മാരുടെയും ഖബ്ർ സിയാറത്ത് ചെയ്യുന്നതിൽ നിന്നും ദ്വിലോക സഹായങ്ങൾ ലഭിക്കുമെന്നതും പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. 'ഖബ്ർ സിയാറത്തും സഹായം തേടലും' കാണുക.  

വിമർശനം 5

ബുർദയിൽ പറയുന്നു: 


സാരം:
"സൃഷ്ടികളിൽ ഉത്തമരായവരേ, വ്യാപകമായ ആ വിപത്ത് സംഭവിക്കുമ്പോൾ എനിക്കഭയം നൽകാൻ അങ്ങയല്ലാതെ മറ്റാരുണ്ട്?".

നബി(സ)യോടുള്ള ഈ ഇസ്തിഗാസ ദീനീവിരുദ്ധവും വർജ്ജ്യവുമാണെന്ന തിനു പുറമെ നബി(സ)യോട് ശഫാഅത്ത് ചോദിക്കലും അനുവദനീയമല്ല. ഇതാണ് വിമർശകരയുടെ വാദം. "എന്റെ മകളായി എന്നതുകൊണ്ട് നീ രക്ഷപ്പെടില്ല". എന്ന് നബി(സ) ഫാത്വിമ ബീവി(റ)  യെ ഉപദേശിച്ചത് നബി(സ)യുടെ ശഫാഅത്തുകൊണ്ട് രക്ഷപ്പെടാൻ കഴിയില്ലെന്നതിന്റെ തെളിവായി അവരുദ്ദരിക്കുന്നു.

വിമർശനത്തിന് മറുപടി

മേൽ വാദവും അനിസ്‌ലാമികവും പ്രമാണങ്ങൾക്ക് നിരക്കാത്തതുമാണ്. കാരണം സ്വഹാബാകിറാം(റ) നബി(സ)യോട് ശുപാർശ ചോദിച്ചതും നബി(സ)തങ്ങൾ  അത് അംഗീകരിച്ചതും ഹദീസുകളിൽ വന്നിട്ടുണ്ട്. നബി(സ)യുടെ പത്തുവർഷത്തെ ഖാദിം മഹാനായ അനസ്(റ)  ആഖിറത്തിൽ വച്ച് തനിക്കു ശുപാർശ ചെയ്യണമെന്ന് നബി(സ)യോട് നേരിട്ട് ആവശ്യപ്പെട്ടതും നബി(സ) അതംഗീകരിച്ചതും പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്. 

عن أنس قال: سألت النبي صلى الله عليه وسلم أن يشفع لي يوم القيامة، فقال أنا فاعل، قال:  قلت يا رسول الله فأين أطلبك؟  قال : اطلبني أول ما تطلبني على الصراط، قال: قلت فإن لم ألقك على الصراط؟ قال: فاطلبني عند الميزان قلت:  فإن لم ألقك عند الميزان قال : فاطلبني عند الحوض، فإني لا أخطئ هذه الثلاث المواطن. 

അനസ്(റ) വിൽ നിന്നു നിവേദനം. അന്ത്യദിനത്തിൽ എനിക്കുവേണ്ടി ശുപാർശപറയാൻ ഞാൻ നബി(സ)യോടാവശ്യപ്പെട്ടപ്പോൾ അങ്ങനെ ചെയ്യാമെന്ന് നബി(സ) തങ്ങൾ എനിക്ക് വാക്കു തന്നു.അപ്പോൾ താങ്കളെ ഞാൻ എവിടെ അന്വേഷിക്കണമെന്ന് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: ആദ്യം സ്വിറാത്തിന്റെ അടുത്ത് അന്വേഷിക്കുക. അവിടെ കണ്ടില്ലെങ്കിലോ?. എന്നാൽ മീസാനിനു സമീപത്ത് അന്വേഷിക്കുക. അവിടെ കണ്ടില്ലെങ്കിലോ?. എന്നാൽ ഹൌളിന്റെ പരിസരത്ത് അന്വേഷിക്കുക. ഈ മൂന്നിലൊരു സ്ഥലത്ത് ഞാനില്ലാതിരിക്കില്ല. (തുർമുദി : ഹദീസ് നമ്പർ : 2157 )

മഹാനായ സവാദ്(റ ) നബി(സ) യോട് ശുപാർശ ആവശ്യപ്പെട്ടതായി ഇമാം ത്വബ്റാനി (റ )യും മറ്റും നിവേദനം ചെയ്ത ഹദീസിൽ കാണാം: 


وأشهد أن الله لا رب غيره           وأنك مأمون علي كل غائب



وأنك أدني المرسلين وسيلة            إلى الله يا ابن الأكرمين الأطايب



وكــن لــي شــفيعا يــوم لا ذو شــفاعة     ســواك بمغــن عــن ســواد بــن قــارب
 


"അല്ലാഹുവല്ലാതെ റബ്ബില്ലെന്നും നിശ്ചയം അവിടുന്ന് എല്ലാ അദൃശ്യങ്ങളുടെ മേലിലും നിർഭയത്വം നൽകപ്പെട്ടവരാണെന്നും നിശ്ചയം അവിടുന്ന് മുർസലുകളിൽ വെച്ച് അല്ലാഹുവിലേക്ക് ഏറ്റവും അടുത്ത വസീലയാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അതിനാൽ അങ്ങയുടേതല്ലാത്ത മറ്റൊരു ശഫാഅത്തും സവാദിന് ഗുണം ചെയ്യാത്ത ദിവസം അവിടുന്ന് എനിക്ക് ശുപാർശകരാവണം "

ഇതുമായി ബന്ധപ്പെട്ട അധിക വായനയ്ക്ക്  "ഇസ്തിശ്ഫാ ഭാഗം 1  "        "ഇസ്തിശ്ഫാ ഭാഗം 2"      കാണുക .

നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ എന്നെയും കുടുംബത്തെയും  എന്റെ ഉസ്താദുമാരെയും ഉൾപ്പെടുത്തുക.