സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 26 February 2017

തസ്വവ്വുഫും ശീഈ ബന്ധവും: വസ്തുതയെന്ത്?



തസ്വവ്വുഫിന് ഇരുന്നൂറിലധികം നിർവചനങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. അവയിൽ നിന്നെല്ലാം സ്വൂഫിയുടെ അവസ്ഥകളുടെയും സ്ഥാനങ്ങളുടെയും വൈവിധ്യമാണ് ഗ്രഹിക്കാനാവുക. സ്വൂഫി തന്റെ സമയത്തിന്റെ പുത്രനാണ് എന്നാണ് അവാരിഫുൽ മആരിഫിൽ ഇമാം സുഹ്‌റവർദി(റ) പറഞ്ഞത്. പ്രപഞ്ച സംവിധായകനിലേക്കുള്ള ആഭിമുഖ്യമാണ് തസ്വവ്വുഫിന്റെ യഥാർത്ഥ ഭാവം.  മഹാത്മാക്കളായ സാത്വികന്മാർ തസ്വവ്വുഫിന്റെ ആശയപ്രകാശനം നടത്തിയതിൽ നിന്നു ഏതാനും വാക്യങ്ങൾ ശ്രദ്ധിക്കുക.
മഅ്‌റൂഫുൽ കർഖി(റ)
തസ്വവ്വുഫെന്നാൽ യാഥാർത്ഥ്യങ്ങൾ അവലംബിക്കലും സൃഷ്ടികളുടെ കൈവശമുള്ളവയിൽ പ്രതീക്ഷ അർപ്പിക്കാതിരിക്കലുമാണ് (രിസാലതുൽ ഖുശൈരി). മഅ്‌റൂഫുൽ കർഖി (മരണം ഹിജ്‌റ 200)യുടെ ഈ നിർവചനത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം തസ്വവ്വുഫിന്റെ, ആത്മജ്ഞാനത്തിന്റെ പ്രകൃതത്തെ സൂചിപ്പിക്കുന്നു. വസ്തുക്കളുടെ യാഥാർത്ഥ്യങ്ങളും ധാതുക്കളും അറിയുക, അവയുടെ ബാഹ്യതലങ്ങളിൽനിന്ന് ലഭിക്കുന്നവ
കൊണ്ട് സായൂജ്യമടയാതിരിക്കുക എന്നിവയാണതിൽ പ്രധാനം. നിർവചനത്തിന്റെ രണ്ടാം ഭാഗം സൂചിപ്പിക്കുന്നത് പരിത്യാഗത്തിന്റെ സ്ഥാനത്തെയാണ്. അഥവാ അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് ജനങ്ങളുടെ ഉടമസ്ഥതയിലുള്ളവയിൽനിന്നെല്ലാം വിരക്തിയുണ്ടാവുക. ദുന്നൂനിൽ മിസ്വ്‌രി(റ) സാത്വികനെ സംബന്ധിച്ച് നൽകിയ വിവരണം ഈ ഗണത്തിൽ പെട്ടതാണ്. അദ്ദേഹം പറയുന്നു: സ്വൂഫി സംസാരിക്കുമ്പോൾ അവന്റെ മൊഴികൾ യാഥാർത്ഥ്യങ്ങളെ പ്രകാശിപ്പിക്കുന്നു. അവൻ മൗനമവലംബിക്കുമ്പോൾ എല്ലാ ബന്ധങ്ങളെയും വിഛേദിച്ചതിനെക്കുറിച്ച് അവന്റെ ബാഹ്യാവയവങ്ങൾ സംസാരിക്കുകയായിരിക്കും (ത്വബഖാതുസ്സ്വൂഫിയ്യ)

സംനൂനുൽ മുഹിബ്ബ്(റ)
ഹി. 290-ൽ വഫാത്തായ സംനൂനുൽ മുഹിബ്ബ്(റ)നോട് തസ്വവ്വുഫിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞതിതാണ്: നീ ഒന്നും ഉടമയാക്കാതിരിക്കുക.
നിന്നെ ഒന്നും ഉടമയാക്കാ
തിരിക്കുക (രിസാലതുൽ ഖുശൈരിയ്യ). ഉടമസ്ഥന്റെയും ഉടമസ്ഥതയിലുള്ളതിന്റെയും തമ്മിലുള്ള ബന്ധം പാരസ്പര്യമാണ്. ഒന്നും മറ്റേതിൽനി
ന്ന് ഒഴിവാകില്ല. പരസ്പരം ഉടമപ്പെടുത്തൽ നടക്കുന്നുണ്ട്. സൂക്ഷ്മമായി നോക്കുമ്പോൾ ഒരു വസ്തുവിന്റെ ഉടമസ്ഥൻ ആ വസ്തുവിനെ അപേക്ഷിച്ച് അതിന്റെ ഉടമസ്ഥതയിലാകുന്നുണ്ട്. ഉദാഹരണം പറയാം. ഒരാളുടെ പക്കൽ സമ്പത്തുണ്ടെങ്കിൽ അതിന്റെ സംരക്ഷണം, വളർച്ച, പരിപാലനം, സൂക്ഷിപ്പ് തുടങ്ങിയതെല്ലാം അവന്റെ ചുമതലയിലായി. അങ്ങനെ അവൻ സമ്പത്തിന്റെ അടിമയും സമ്പാദ്യം അവന്റെ ഉടമയുമാകുന്നു.
അതേസമയം തന്നെ ആ സമ്പത്ത് അതിന്റെ ഉടമസ്ഥന്റെ ഹൃദയവും കയ്യും ഉടമപ്പെടുത്തിയിട്ടുണ്ടാവും. അതിനാൽ
നീ വല്ലതും കൈവശം വെച്ചാൽതന്നെ അതിനൊന്നും ഉടമയായിത്തീരരുത്. പ്രാപഞ്ചികമായ എല്ലാത്തിന്റെയും അടിമത്തത്തിൽ നിന്ന് വിമുക്തനായി നിന്റെ അടിമത്തത്തെ പൂർണമായും നിഷ്‌കളങ്കമായും അല്ലാഹുവിന് സമർപ്പിക്കുക വഴി
നിഷ്‌കപടമായ അടിമത്ത പദവി ഉറപ്പാക്കുന്ന ഒരവസ്ഥയാണിത്. അപ്പോൾപിന്നെ സമ്പത്ത് ലഭിച്ചാലും അതിനെ ഉടമയാക്കുന്നതിന് പകരം അത് സംഭരിക്കുന്ന, അതിന്റെ യഥാർത്ഥ ഉടമസ്ഥനായ അല്ലാഹു ഇഷ്ടപ്പെടുന്ന വഴിയിൽ ചെലവഴിക്കുന്നു എന്ന നിലയിൽ കാര്യങ്ങളെത്തിച്ചേരും. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ ഒരു പ്രാർത്ഥനാവചനം
കാണാം: ‘നാഥാ, ഐഹികമാ
യതിനെ നീ ഞങ്ങളുടെ കരങ്ങളിലാക്കേണമേ, ഹൃദയങ്ങളിലാക്കരുതേ.’
അംറ്ബ്‌നു ഉസ്മാൻ
അൽമക്കി(റ)
അംറബ്‌നു ഉസ്മാൻ (ഹി. 291) പറയുന്നു: തസ്വവ്വുഫ് എന്നാൽ അല്ലാഹുവിന്റെ അടിമയായവൻ, ഓരോ സമയത്തിലും ആ സമയത്തിന് ഏറ്റവും ബന്ധപ്പെട്ടതെന്താണോ അതിൽ വ്യാപൃതനാവലാണ്’ (അവാരിഫുൽ മആരിഫ്). അവസ്ഥകളെ നിരീക്ഷിച്ച് ചിട്ടകൾ പാലിക്കലാണ് തസ്വവ്വുഫ് (രിസാലതുൽ ഖുശൈരിയ്യ) എന്ന് അഹ്മദുൽ ജരീരി(റ)വും ജ്ഞാനേന്ത്രിയങ്ങളെ നിയന്ത്രിക്കുകയും
ശ്വാസങ്ങളെ കണക്കിലെടുക്കുകയും ചെയ്യലാണ് (ത്വബഖാതുസ്സ്വഫിയ്യ) എന്ന് അബൂബക്‌റിശ്ശിബ്‌ലി(റ)വും പറഞ്ഞിട്ടുണ്ട്. ഈ നിർവചനങ്ങളെല്ലാം അല്ലാഹുവിന്റെ നിരീക്ഷണത്തിൽനി
ന്നു ഒരു സമയത്തും ഞാൻ മുക്തനല്ല എന്ന ബോധവിചാരത്തിന്റെ (മുറാഖബയുടെ) അവസ്ഥയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതുവഴി അടിമക്ക് സ്വന്തം പ്രവർത്തനങ്ങളെല്ലാം പൂർണമായ വിധവും അത് എങ്ങനെ ചരിക്കണമെന്നാണോ നിശ്ചയമുള്ളത്, അങ്ങനെ തന്നെ നിർവഹിക്കാ
നും സാധിക്കുന്നു. പാഴ്‌വേലകളില്ലാത്ത സാർത്ഥകജീവിതം. മുറാഖബയുടെ ഈ അവസ്ഥ, ഇഹ്‌സാൻ എന്താണെന്ന് നബി(സ്വ) വിവരിച്ച ഹദീസ് വചനത്തിൽ കാണാം. ‘അല്ലാഹുവിനെ കാണുന്നുവെന്ന പ്രകാരം അവന് നീ ഇബാദത്തെടുക്കുക. നീ അവനെ കാണുന്നില്ലെങ്കിലും’ (ബുഖാരി).

ജുനൈദുൽ
ബഗ്ദാദി(റ)
തസ്വവ്വുഫിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ജുനൈദുൽ ബഗ്ദാദി(റ – മരണം ഹി. 297) പറഞ്ഞു: ‘അല്ലാഹുവിനെത്തൊട്ട് നിന്നെത്തന്നെ മരിപ്പിക്കലും അവനെ കൊണ്ട് നിന്നെ ജീവിപ്പിക്കലുമാണ്’ (രിസാലത്തുൽ ഖുശൈരിയ്യ). ഫനാഇന്റെ അവസ്ഥയിൽ നിന്നുണ്ടായിത്തീരുന്നതാണീ വാക്യം. അബൂ നസ്്വറിത്തൂസി(റ – മരണം ഹി. 378) ന്റെ വാക്കുകൾ ഫനാഇന്റെ ആശയം വ്യക്തമാക്കുന്നു: പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടികളെ കാണുന്ന അവസ്ഥയെ വർജിക്കലാണത് (ത്വബഖാതുസ്സ്വൂഫിയ്യ). പ്രപഞ്ചമാസകലം നി
ലനിൽക്കുന്നത് സ്വന്തമായല്ല, അല്ലാഹുവിനെ കൊണ്ടാണെന്നുള്ള ബോധത്തോടെയും ഇല്ലായ്മയാണ് അവയുടെ യാഥാർത്ഥ്യമെന്നുമുള്ള അർത്ഥത്തിലും പ്രപഞ്ചത്തെ വീക്ഷിക്കുക എന്നതാണ് ഫനാഅ് എന്നർത്ഥം. അല്ലാഹുവിന്റെ ആസ്തിക്യമുണ്ടായിരുന്നില്ലെങ്കിൽ അവയൊന്നും തന്നെ ഉണ്ടാവില്ലല്ലോ. ഇങ്ങനെയൊരു യാഥാർത്ഥ്യബോധം ഫനാഇന്റെ അവസ്ഥയിൽ നിന്നുമാത്രം ഉണ്ടായിത്തീരുന്നതാണ്.

റുവൈമുൽ മുഖ്‌രി(റ)
‘അല്ലാഹുവിന്റെ ഉദ്ദേശ്യം പോലെ സ്വന്തം ശരീരത്തെ സ്രഷ്ടാവിനു വിട്ടുകൊടുക്കലാണ്’ (അവാരിഫുൽ മആരിഫ്) തസ്വവ്വുഫ് എന്ന് റുവൈമുൽ മുഖ്‌രി (മരണം. ഹി. 303) ഒരു ചോദ്യത്തിനുത്തരമായി
പറഞ്ഞു. റിളാ (അല്ലാഹുവും ദാസനും തമ്മിൽ പൊരുത്തമാവുന്ന അവസ്ഥ)യുടെ സ്ഥാനത്ത് നിന്ന് തസ്വവ്വുഫിനെ വീക്ഷിക്കുമ്പോഴുള്ള നിർവചനമാണിത്. വിഷമ – സന്തോഷ ഘട്ടങ്ങളിലെല്ലാം ഒരു വ്യത്യാസവുമില്ലാതെ അല്ലാഹുവിനെ സ്തുതിക്കുന്ന അവസ്ഥയാണിത്. കാരണം അല്ലാഹുവിനെതിരെ ക്രമപ്രശ്‌നം ഉന്നയിക്കാനോ അവ
നോട് ദേഷ്യപ്പെടാനോ എന്തവകാശമാണ് സൃഷ്ടിക്കുള്ളത്. ഇതേ ആശയം തന്നെ അബൂ നഹ്‌ലിനിസ്സ്വഅ്‌ലൂകി(റ)യും തസ്വവ്വുഫിന്റെ നിർവചനമായിപറഞ്ഞത് കാണാം. തസ്വവ്വുഫ് എന്നാൽ അല്ലാഹുവിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതിൽനിന്ന് മാറിനിൽക്കലാണ്. (രിസാലത്തുൽ ഖുശൈരിയ്യ). (അല്ലാഹുവിന്റെ വിധിയിൽ നീരസം പ്രകടിപ്പിക്കുന്നത് അവനെ ചോദ്യം ചെയ്യുന്നപോ
ലെതന്നെയാണല്ലോ).
റുവൈമുൽ മുഖ്‌രിയുടെ തന്നെ മറ്റൊരു നിർവചനം. റിളയുടെ സ്ഥാനത്ത് നിന്ന് ഫഖ്‌റ്, തവക്കുൽ എന്നിവയുടെ മഖാമിലേക്ക് മാറിയ ഒരു നിർവചനമാണിത്. തസ്വവ്വുഫ് മൂന്ന് കാര്യങ്ങളിൽ സ്ഥാപിതമായതാണ്. ഒന്ന്, ഇല്ലായ്മയോടൊപ്പം ആവശ്യകതയും മുറുകെ പിടിക്കുക. രണ്ട്, ഉള്ളത് ദാനം ചെയ്യുകയും തന്നെക്കാൾ മുൻഗണന മറ്റുള്ളവർക്ക് നൽകുകയും ചെയ്യുക. മൂന്ന്, ഉള്ളതിൽ ഇഷ്ടംപോ
ലെ കൈകാര്യം ചെയ്യുന്നതും ഇഷ്ടപ്പെട്ടത് തനിക്ക് വേണ്ടി കരുതുന്നതും ഉപേക്ഷിക്കുക (രിസാലതുൽ ഖുശൈരിയ്യ). ഇല്ലായ്മയിൽ പരിഭവമില്ലാതിരിക്കുക, ആവശ്യങ്ങളിൽ മോഹങ്ങളില്ലാതിരിക്കുക, ഉള്ളത് ആവശ്യക്കാർക്ക് നൽകുക, തന്റെ ആവശ്യങ്ങളെക്കാൾ അപരന്റെ ആവശ്യങ്ങൾക്ക് വിനിയോഗിക്കുക, ഉള്ളതിൽ സ്വതന്ത്രമായ ക്രയവിക്രയവും നല്ലത് തനിക്കാക്കുന്നതും വർജ്ജിക്കുക, അല്ലാഹുവിൽ അവലംബിക്കുക എന്നിവ ഇതിനെ തുടർന്നുണ്ടായിത്തീരുന്നു.

അലിയ്യുൽ ഹസ്വ്‌രീ(റ)
അലിയ്യുൽ ഹസ്വ്‌രി(റ)യെ ഇമാം ഖുശൈരി(റ) ഉദ്ധരിക്കുന്നു. സ്വൂഫി എന്ന് പറയുന്നത് ആർക്കാണ് എന്ന ചോദ്യത്തിന് അലിയ്യുൽ ഹസ്വ്‌രി പ്രത്യുത്തരം നൽകി: ‘ഭൂമി വഹിക്കാത്തവനും ആകാശം തണലിടാ
ത്തവനും’ (രിസാലതുൽ
ഖുശൈരിയ്യ). ഇതുദ്ധരിച്ചശേഷം ഇമാം ഖുശൈരി(റ) പറയുന്നു: മഹ്‌വിന്റെ അവസ്ഥയിലേക്കാണിത് സൂചിപ്പിക്കുന്നത്. താൻ തന്നെത്തന്നെ മറന്നുപോകുന്ന ഒരവസ്ഥയാണിത്. ബോധമനസ്സിന്റെ ഭൗതികമായ സുഷുപ്
തി ഉണർന്നിരിക്കുന്നുവെങ്കിലും ബോധമണ്ഡലം(ഭൗതികകാര്യങ്ങളിൽ) സജീവമായിരിക്കില്ല. ചിലപ്പോൾ ഈ അവസ്ഥയിൽനിന്ന് ഉണരാം, ഉണരാതിരിക്കാം.
മഹാന്മാരായ സാത്വികന്മാർ തസ്വവ്വുഫിനും സ്വൂഫിക്കും നൽകിയ നിർവചനങ്ങളിൽ ചിലതാണിത്. സ്വൂഫിയുടെ ഏതെങ്കിലും ഒരു അവസ്ഥയെ അല്ലെങ്കിൽ സ്ഥാനത്തെയാണവയെല്ലാം കേന്ദ്രീകരിക്കുന്നത്. മാത്രമല്ല, പരസ്പരം വലിയ ഭിന്നതയൊന്നുമില്ലാത്തവിധം ചിലത് ചിലതിന് മീതെ കൂടുതലായി മനസ്സിലാക്കാനാവുന്നവിധത്തിലുള്ളവ ഈ നിർവചനങ്ങളിലുണ്ട്. സ്വൂഫിയുടെയോ തസ്വവ്വുഫിന്റെയോ നിർവചനം ചോദിക്കുന്നവന്റെ അവസ്ഥ പരിഗണിച്ചോ, അല്ലെങ്കിൽ ചോദിക്കപ്പെടുന്നവന്റെ അവസ്ഥയോ സ്ഥാനമോ അനുസരിച്ചോ ആണ് വ്യത്യസ്തമായ മറുപടികൾ വന്നതെന്ന് ചുരുക്കം. അതുകൊണ്ടാണ് വാക്യങ്ങൾ വ്യത്യസ്തമായത്. യഥാർത്ഥത്തിൽ അവ സൂചിപ്പിക്കുന്ന ആശയം ഒന്നുതന്നെയാണ്.

തസ്വവ്വുഫിന്റെ
അടിസ്ഥാനഘടകം
തസ്വവ്വുഫിന്റെ ഒരുഭാഗം പരിഗണിച്ചുള്ള ഈ നിർവചനങ്ങളെന്തായാലും, അതിന്റെ അടിസ്ഥാനമായ ഇസ്‌ലാമിലെ സ്വഭാവസംസ്‌കരണശീലങ്ങൾ മുൻനിർത്തി ഒരു വിശകലനം പ്രസക്തമാണ്. വിശുദ്ധ ഖുർആൻ നബി(സ്വ)യെ പ്രശംസിച്ചത് ഇങ്ങനെ: നബിയേ, അങ്ങ് മഹത്തായ സ്വഭാവ ശീലങ്ങളിന്മേലാണ് (അൽഖലം 4). പ്രവാചകർ(സ്വ) തന്നെ സ്വന്തം നിയോഗലക്ഷ്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന ‘സൽഗുണസ്വഭാവശീലങ്ങളെ പൂർത്തീകരിക്കുന്നതിനാണ് ഞാൻ നി
യോഗിക്കപ്പെട്ടിരിക്കുന്നത് (മുവത്വ). ഈ രണ്ട് മഹദ് വചനങ്ങളായിരിക്കും സ്വൂഫികളുടെ സ്വഭാവ സംസ്‌കരണാവലംബം.
അതുകൊണ്ടുതന്നെ സ്വൂഫികൾ ഈ അടിസ്ഥാനഘടകത്തെ നന്നായി പരിഗണിക്കുന്നുണ്ട്. തസ്വവ്വുഫ് സംസ്‌കാരശീലങ്ങളുമായി ചേർന്നതാണ് എന്ന അവരുടെ പക്ഷം തർക്കമില്ലാത്തതാണ്. അബൂ ഹഫ്‌സ്വിനിന്നൈസാബൂ
രി (മരണം ഹി. 270) പറയുന്നു: തസ്വവ്വുഫ് മുഴുവനും സംസ്‌കാരമാണ്. ഒരോ സന്ദർഭത്തി
നും അതിന്റേതായ സംസ്‌കാരമര്യാദകളുണ്ട്. ഓരോ സ്ഥാനത്തിനും സംസ്‌കാരമുണ്ട്. ഈ മര്യാദകൾ കൃത്യമായി പാ
ലിക്കുന്നവൻ മഹാത്മാക്കളുടെ സ്ഥാനം പ്രാപിക്കും. സംസ്‌കാരം നഷ്ടപ്പെടുത്തിയാൽ അടുപ്പമാണെന്ന് കരുതുന്നിടത്ത് തന്നെ അവൻ വിദൂരത്തിലായിരിക്കും. സ്വീകാര്യത പ്രതീക്ഷിക്കുന്നിടത്ത് അവൻ തിരസ്‌കരിക്കപ്പെടുന്നവനായിരിക്കും’ (ത്വബഖാതുസ്സ്വൂഫിയ്യ).
ജുനൈദുൽ ബഗ്ദാദി(റ)വിന്റെ ഗുരുനാഥനായ മുഹമ്മദ്ബ്‌നു അലിയ്യിൽ ഖസ്സ്വാബ് (റ – മരണം ഹി. 275) പറഞ്ഞു:  തസ്വവ്വുഫ് എന്നാൽ നല്ലകാലത്ത് നല്ല മനുഷ്യരോടൊപ്പം ജീവിച്ച ഉത്തമ മനുഷ്യനിൽ നിന്ന് പ്രത്യക്ഷമായ മഹദ് സ്വഭാവങ്ങളാണ്’ (രിസാലത്തുൽ ഖുശൈരിയ്യ). ഈ സമൂഹത്തിലെ ഉത്തമകാലക്കാരായ സ്വഹാബികൾക്കിടയിൽ അത്യുന്നതനായ തിരുദൂതർ(സ്വ) പഠിപ്പിച്ച ഉദാത്ത സ്വഭാവ ശീലങ്ങളാണ് തസ്വവ്വുഫ് എന്ന് ചുരുക്കം.
അബൂ മുഹമ്മദുൽ ജരീരി(റ), അബുൽ ഹുസൈനുന്നൂരി(റ) അബൂ മുഹമ്മദിൽ ജരീരി(റ – മരണം ഹി. 371) എന്നിവർ പറയുന്നു: തസ്വവ്വുഫ് എന്നാൽ എല്ലാ ഉദാത്ത സ്വഭാവങ്ങളിലും പ്രവേശിക്കലും എല്ലാ നികൃഷ്ട സ്വഭാവങ്ങളിൽനി
ന്നും പുറത്ത് കടക്കലുമാണ് (അല്ലുമഅ്). ശൈഖ് ഹുജ്‌വീരി
(റ) തന്റെ കശ്ഫുൽ മഹ്ജൂബി
ൽ മുഹമ്മദ് ബാഖിർ(റ)വിലേക്ക് ചേർത്തി ഒരു വാചകം പറഞ്ഞിട്ടുണ്ട്: തസ്വവ്വുഫ് സ്വഭാവശീലങ്ങളാണ്. സ്വഭാവ ശീലങ്ങളിൽ കൂട്ടിപ്പറയുന്നവർ തസ്വവ്വുഫിലാണ് കൂട്ടിയിരിക്കുന്നത് (കശ്ഫുൽ മഹ്ജൂബ്). ഇവ്വിഷയത്തിൽ അബുൽ ഹസനി ന്നൂരി(റ – മരണം ഹി. 295) കുറച്ചുകൂടി കടുത്ത ഒരു നിലപാട് അവതരിപ്പിച്ചിട്ടുണ്ട്. ‘തസ്വവ്വുഫെന്നാൽ വരകുറികളല്ല, മറിച്ച് സ്വഭാവ സംസ്‌കാര ശീലങ്ങളാണ്’ (തബഖാത്തുസ്സ്വൂഫിയ്യ).
ശരീഅത്തിന്റെ നിയമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധയില്ലാതെ ചില വിവരണങ്ങളും വാദങ്ങളും അവതരിപ്പിച്ച് തസ്വവ്വുഫിന്റെ പേരിൽ പ്രവർത്തിക്കുന്ന വ്യാജന്മാരുടെ കെട്ടുവേഷങ്ങളെ സ്വൂഫിസമെന്നു വിളിച്ചുകൂടാ.
തസ്വവ്വുഫിനെകുറിച്ച് ഇനിയുമേറെ നിർവചനങ്ങൾ കാണാം. സ്വഭാവ സംസ്‌കരണ ശീലങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന നിർവചനങ്ങൾതന്നെ മഹാന്മാരായ സാത്വികരിൽ നി
ന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്. തസ്വവ്വുഫിനെ കുറിച്ചുള്ള ചർച്ചയിലും സമർത്ഥനത്തിലും സ്വഭാവ സംസ്‌കരണ ശീലങ്ങളുടെ പ്രാ
ധാന്യവും അവയുടെ അടിസ്ഥാന ഭാവവും വ്യക്തമാക്കുന്നതാണവയെല്ലാം. ഇബ്‌നു അറബി (റ – മരണം ഹി. 638) നിർവചിച്ച കാലഘട്ടത്തിൽ തസ്വവ്വുഫ് അതിന്റെ ദൗത്യനി
ർവഹണത്തിലും പ്രചാരണത്തിലും ഏറെ ഉയരത്തിലായിരുന്നു. അക്കാലത്ത് തന്നെയും സ്വഭാവ സംസ്‌കരണശീലങ്ങൾക്കുള്ള പ്രാധാന്യവും അതിന്റെ അടിസ്ഥാനഭാവവും പരിഗണിക്കപ്പെട്ടതാണ്. ഇബ്‌നു അറബി(റ) തന്റെ പൂർവികരുടെ വാക്കുകളും വിവരണങ്ങളും തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. മുഹമ്മദിനിൽ ബാഖിർ(റ)യുടെ വാക്കുകൾ ഉദാഹരണം. ഇബ്‌നു അറബി ഉദ്ധരിക്കുന്നു: തസ്വവ്വുഫെന്നാൽ സ്വഭാവവും ചിട്ടകളുമാണ്. അതിൽ ആരെങ്കിലും അധികമാക്കിയാൽ അവൻ തസ്വവ്വുഫിലും അധികമാക്കിയവനത്രെ’ (അൽ ഫുതൂഹാതുൽ മക്കിയ്യ).

സമ്പൂർണ
നിർവചനം
തസ്വവ്വുഫിന് ഇങ്ങനെ ഭാഗികമായ നിർവചനങ്ങളല്ലാതെ ഒരു സമ്പൂർണ നിർവചനം നൽകാൻ ആരെങ്കിലും ശ്രമിച്ചോ എന്ന ഒരു ചോദ്യമിവിടെ അവശേഷിക്കുന്നുണ്ട്. തസ്വവ്വുഫിന്റെ ജ്ഞാന-സാധനകളെയും അതിലെ സ്ഥാന – അവസ്ഥകളെയും എല്ലാം ഉൾക്കൊള്ളുന്ന ഒരു നിർവചനം ഉണ്ടായിട്ടുണ്ടോ?
ആത്മജ്ഞാനവഴിയിൽ സഞ്ചരിക്കുന്നവരുടെ നേതാവായി പരിഗണിക്കപ്പെടുന്ന ജുനൈദുൽ ബഗ്ദാദി(റ)യുടെ വിവരണം ഇവിടെ പ്രസക്തമാണ്. ഉപരിസംശയത്തിന് പരിഹാരമാകുന്ന വിവരണമാണത്. തസ്വവ്വുഫിന്റെ സമ്പൂർണമായ നിർവചനം തന്നെയാണതെന്നു പറയാം. അദ്ദേഹത്തിൽനിന്നുദ്ധരിക്കപ്പെടുന്നതിങ്ങനെ: ഹൃദയത്തെ സൃഷ്ടികൾക്കൊപ്പിക്കുന്നതിൽ നിന്നും സ്ഫുടം ചെയ്യുക. പ്രകൃതിപരമായ കേവല സ്വഭാവങ്ങൾ വെടിയുക. മാനുഷിക ദൗർബല്യങ്ങളായ വിശേഷണങ്ങളെ ഒതുക്കുക. വൈകാരികമായ നിലപാടുകൾ വർജിക്കുക. ആത്മീയമായ വിശേഷണങ്ങൾ സ്വീകരിക്കുക. യഥാർത്ഥ ജ്ഞാനവുമായി ബന്ധപ്പെടുക. എന്നെന്നേക്കും ഉത്തമമായത് ഉപയോഗപ്പെടുത്തുക. സമുദായത്തിനാകമാനം ഗുണം കാംക്ഷിക്കുക. യഥാർത്ഥമായും അല്ലാഹുവിനുള്ള ബാധ്യതകൾ വീട്ടുക. ശരീഅത്തിൽ നബി(സ്വ)യെ അനുധാവനം ചെയ്യുക’ (ഖളിയ്യത്തുത്തസ്വവ്വുഫ്). പ്രസിദ്ധ സാത്വികനായ ഇമാം അബൂബക്ർ മുഹമ്മദുൽ കുല്ലാബാദി (റ – മരണം ഹി. 380) തന്റെ അത്തഅർറുഫുലിമദ്ഹബി അഹ്‌ലിത്തസ്വവ്വുഫ് എന്ന കൃതിയിൽ ജുനൈദുൽ ബഗ്ദാദി(റ) തസ്വവ്വുഫിനെ കുറിച്ച ചോദ്യത്തിനുത്തരമായി ഇത് പറഞ്ഞത് ഉദ്ധരിച്ചിട്ടുണ്ട്.
ദീർഘമായ നിർവചനമാെണങ്കിലും രണ്ട് ഭാഗങ്ങളായി ഇതിനെ ചുരുക്കി മനസ്സിലാക്കാം. ഒരു ഭാഗം മുഹമ്മദ് നബി(സ്വ)യുടെ ശരീഅത്തിനനുസരിച്ച് ആത്മസമര(ആത്മനിഷ്ഠ)ത്തിൽ കേന്ദ്രീകരിക്കുന്നു. മറുഭാഗം ശരീഅത്തിന്റെ അകക്കാമ്പായ യഥാർത്ഥ്യത്തെ കണ്ടെത്തുന്നതിലും കേന്ദ്രീകരിക്കുന്നു. ഇതുരണ്ടും ചേരുമ്പോൾ തസ്വവ്വുഫ് പൂർത്തിയായി.
എങ്കിലും ഇവിടെ വളരെ സംക്ഷിപ്തവും ആശയ ഗർഭവുമായ ഒരു നിർവചനം നന്നായിരിക്കും. അബൂബകറിൽ കത്താനീ(റ. – മരണം ഹി. 322)യുടെ ഒരു നിർവചനം ഇങ്ങനെയുണ്ട്: തസ്വവ്വുഫ് എന്നാൽ സ്വഫാഉം മുശാഹദയുമാണ്. സ്വഫാഅ് എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്, മുജാഹദത്തുന്നഫ്‌സ് എന്ന ആത്മനിഷ്ഠയാണ്. അഥവാ മാർഗം – ഉപാധി. മുശാഹദകൊണ്ട് വിവക്ഷിക്കപ്പെടുന്നത്, ഹഖീഖത്ത് (യാഥാർത്ഥ്യം) അഥവാ ലക്ഷ്യവും. സ്വൂഫികളെ സംബന്ധിച്ചിടത്തോളം ലക്ഷ്യമെന്നാൽ സൂറത്തു ആലുഇംറാനി
ലെ 181-ാം സൂക്തത്തിൽ പറഞ്ഞ ശഹാദത്താണ്. ഖുർആൻ പറയുന്നു: നിശ്ചയം അല്ലാഹുവല്ലാതെ ഇലാഹില്ലെന്ന് അവൻ സാക്ഷീകരണം നടത്തി. അവന്റെ മലക്കുകളും വിവരമുള്ളവരും. നീതിപൂർവകം നിലനിൽക്കുന്ന
വനായിട്ട് (ആലു ഇംറാൻ 18). അല്ലാഹുവും മലക്കുകളും ജ്ഞാനികളും അല്ലാഹുവിന്റെ ആസ്തിക്യത്തിനും തൗഹീദിനും സാക്ഷിയാണെന്നാൽ അതിന് ആഴമേറിയ അർത്ഥതലങ്ങളുണ്ട്. അത്തരമൊരവസ്ഥയെ യാഥാർത്ഥ്യമാക്കുകയും പ്രാപിക്കുകയും ചെയ്യുക എന്നതാണ് സ്വൂഫികളുടെ ലക്ഷ്യം. അതിനാൽ ഏതർത്ഥത്തിലും ഈ നിർവചനം തസ്വവ്വുഫിന്റെ ആശയത്തെക്കുറിച്ച് പ്രയോഗിക്കാനനുയോജ്യമാണ്.