ഇന്റർനെറ്റും മൊബൈൽഫോണും ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ പറ്റാതായിട്ടുണ്ട്. എന്നാൽ, പഠിക്കുന്ന കുട്ടികൾക്ക് മൊബൈൽ ഫോണിന്റെ ആവശ്യമില്ല. പല മാതാപിതാക്കളും കുട്ടികളെ സന്തോഷിപ്പിക്കാനുള്ള ഉപാധിയായിട്ടാണ് മൊബൈൽ ഫോണിനെ കാണുന്നത്. മാതാപിതാക്കൾ തന്നെ കുട്ടികളെ നാശത്തിലേക്കു തള്ളിവിടുന്ന വഴിയാണിത്. കാരണം, ഇന്ന് സമൂഹത്തിൽ നടക്കുന്ന ഒട്ടുമിക്ക കൊള്ളരുതായ്മകളിലും മൊബൈൽ ഫോൺ പ്രതിസ്ഥാനത്തുണ്ടെന്ന് അറിയുക. അതുകൊണ്ട് വിദ്യാർത്ഥികൾക്ക് യാതൊരു കാരണവശാലും മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കരുത്. പത്തു വയസ്സു മുതൽ ഇരുപതു വയസ്സുവരെ ഏറെക്കുറെ സ്വപ്നലോകത്താണു കുട്ടികൾ ജീവിക്കുന്നത്. സങ്കൽപമേത്, യാഥാർത്ഥ്യമേത് എന്നു തിരിച്ചറിയാനുള്ള വിവേകം കുട്ടികൾക്കില്ല. ഇതു കാരണം മൊബൈൽഫോണിലും ഇന്റർനെറ്റിലും ഏറെ സമയം ചെലവിടാനുള്ള സാഹചര്യങ്ങൾ കുട്ടികളിൽ വളരുന്നു.
പഠനവുമായി ബന്ധപ്പെട്ടല്ലാതെ ദിവസേന ആറു മണിക്കൂറിലധികം ഇന്റർനെറ്റിനു മുന്നിൽ ചെലവിടുന്ന വ്യക്തി ‘ഇന്റർനെറ്റ് അടിമ’ (കിലേൃില േഅററശര)േ ആണെന്നു കരുതാം. ഇവർക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ എന്തെങ്കിലും കാരണവശാൽ കഴിയാതെ വന്നാൽ അമിതദേഷ്യം, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. ജന്മനാ ലജ്ജാശീലരും ആത്മവിശ്വാസം കുറവുള്ളവരുമായ കുട്ടികൾ കൗമാരമാകുമ്പോൾ ഇന്റർനെറ്റിനു മുന്നിൽ ചടഞ്ഞുകൂടാൻ സാധ്യതയുണ്ട്. പൊതുവേ സ്വപ്നജീവികളായ, സുഹൃദ്ബന്ധങ്ങൾ അധികമില്ലാത്തവരും ഇങ്ങനെയാകാം. ഇന്റർനെറ്റ് അടിമകളായ കൗമാരക്കാരിൽ വിഷാദരോഗം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, അക്രമസ്വഭാവം, വിട്ടുമാറാത്ത തലവേദന, ക്ഷീണം, ദുർമേദസ് തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്.
ഇന്റർനെറ്റിന് അടിമപ്പെടുന്ന കൗമാരക്കാർ കൂടിവരുന്നു. പലപ്പോഴും സഹപാഠികളോ മുതിർന്ന കുട്ടികളോ ആണ് ഇന്റർനെറ്റിന്റെ അനന്തസാധ്യതകൾ അവർക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതെങ്കിലും അറിഞ്ഞോ അറിയാതെയോ സ്വന്തം വീട്ടുകാർ തന്നെ അതിന് അവസരമൊരുക്കുന്നുണ്ടെന്നതാണ് സത്യം. മൊബൈലും കമ്പ്യൂട്ടറും കുട്ടിക്ക് അനുവദിക്കുന്ന മാതാപിതാക്കൾ അപകടം ക്ഷണിച്ചുവരുത്തുകയാണ്.
ലൈംഗികസ്വഭാവമുള്ള ദൃശ്യങ്ങളും കഥകളും കുട്ടികളെ കൗമാരത്തിൽ വല്ലാതെ ആകർഷിക്കും. കാണും തോറും കൂടുതൽ കാണാനുള്ള ആഗ്രഹം ഉണ്ടാക്കുന്ന ഇത്തരം ദൃശ്യങ്ങൾ അവയോടുള്ള ആസക്തിയുണ്ടാക്കും. പതിയെ കുട്ടി, അതിനടിമയായി മാറും. കൗമാരത്തിന്റെ പ്രാരംഭദശയിൽ, പ്രത്യേകിച്ചു 11 വയസ്സിനു മുമ്പ് ലൈംഗികദൃശ്യങ്ങൾ കാണാനിടയാകുന്ന കുട്ടികളിലാണ് ഇത് ഏറ്റവുമധികം ദൂഷ്യഫലങ്ങളുണ്ടാക്കുന്നത്. അമിത ലൈംഗികാസക്തി, മറ്റു കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാനുള്ള താൽപര്യം, സ്ത്രീകളുടെ കുളിമുറിയിലും മറ്റും ഒളിഞ്ഞുനോക്കൽ, പഠനത്തിൽ താൽപര്യക്കുറവ്, അമിത ദേഷ്യം തുടങ്ങിയവ തൊട്ടു മോഷണവും അക്രമവാസനയും വരെ ഇവർ പ്രദർശിപ്പിച്ചേക്കാം. ഇന്റർനെറ്റിൽ അപരിചിതരുമായി ചാറ്റ് ചെയ്ത്, അവരുമായി അടുത്ത് ചതിക്കുഴികളിൽ വീഴുന്ന കൗമാരക്കാരും ധാരാളം.
സുഹൃത്തുക്കളുടെ പ്രേരണയുടെ ഫലമായിട്ടാണ് മിക്ക കുട്ടികളും ആദ്യം അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നത്. ശാരീരികവും മാനസികവുമായ മാറ്റങ്ങളും ഇതിനു വഴിതെളിക്കും. പിന്നീടിത് പതിവാകുകയും ക്രമേണ അതിന് അടിമയാകുകയും ചെയ്യും. അശ്ലീലസൈറ്റുകൾ പതിവായി കാണുന്ന കുട്ടികളിൽ പെരുമാറ്റ വൈകല്യം വരെ സംഭവിക്കാം. ഇന്റർനെറ്റ് ഗെയിമുകൾ, ചാറ്റിംഗ്, അശ്ലീല സൈറ്റുകൾ എന്നിവയ്ക്ക് അഡിക്ടാകുന്ന കുട്ടികളുടെ പഠന നിലവാരം മോശമാവാൻ സാധ്യത കൂടുതലാണ്. സൈബർ അഡിക്ഷനുള്ള കുട്ടികൾ പുകവലി, മയക്കുമരുന്ന്, മദ്യം എന്നിവയ്ക്ക് കൂടി അടിമയാകാനുള്ള സാധ്യതയുണ്ട്.
വീട്ടിൽ ആരും ശ്രദ്ധിക്കാതെ വരുമ്പോൾ തങ്ങളെ കേൾക്കാൻ ആളുള്ളിടത്തേക്കു കുട്ടികൾ ചായും. ലൈംഗികത പൂവിടുന്ന സമയമായതിനാൽ ഈ പ്രായത്തിൽ ഫോണിലൂടെയുള്ള നിർദോഷങ്ങളായ സംസാരം പോലും വൈകാരിക അടിമപ്പെടലായി മാറി പ്രണയത്തിലും ശാരീരികബന്ധങ്ങളിലും വരെ ചെന്നവസാനിക്കാം. മക്കളോടൊപ്പം ഗുണപരമായി സമയം ചെലവഴിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇത് കൗമാരത്തിൽ മാത്രം തുടങ്ങേണ്ട കാര്യമല്ല. ചെറിയ കുട്ടികളായിരിക്കുമ്പോഴേ എന്തും സംസാരിക്കാമെന്ന ആത്മവിശ്വാസം മാതാപിതാക്കൾ അവരിൽ ഉളവാക്കണം. അവരുടെ പഠനത്തെക്കുറിച്ച് തിരക്കുന്നതിലും ശ്രദ്ധയോടെ സൗഹൃദങ്ങളെക്കുറിച്ചും കൊച്ചു കൊച്ചു പ്രശ്നങ്ങളെക്കുറിച്ചും തിരക്കണം.
മൊബൈൽ ഫോണിന്റെ ഏറ്റവും വലിയ ദോഷം അതിന്റെ അങ്ങേത്തലയ്ക്കൽ ആരാണെന്നത് അറിയുന്നില്ല എന്നതാണ്. ആണെന്നു പറഞ്ഞു സംസാരിക്കുന്നത് പെണ്ണാകാം. തിരിച്ചുമാകാം. പലപ്പോഴും ഫോൺ സെക്സ് പോലുള്ള കാര്യങ്ങളിൽ കൗമാരക്കാർ ഏർപ്പെടുന്നതും ഈ രഹസ്യ സ്വഭാവം കാരണമാണ്.
അത്ര ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണെങ്കിലേ കുട്ടികൾക്കു ഫോൺ വാങ്ങി നൽകാവൂ. ഫോൺ നിയന്ത്രിച്ചുപയോഗിക്കാൻ ശീലിപ്പിക്കുകയാണ് ഏറ്റവും പ്രധാനം. ഇടയ്ക്കിടെ അവരുടെ ഫോൺ പരിശോധിക്കുന്നതിൽ ഒരു തെറ്റുമില്ല. മുറിയടച്ചിട്ടിരുന്നുള്ള സംസാരവും പാതിരാത്രിയിലെ ഫോൺ വിളികളും പ്രോത്സാഹിപ്പിക്കരുത്. കഴിവതും രാത്രി 10 മണിക്കുശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തുവയ്ക്കാൻ ആവശ്യപ്പെടാം. അറിയാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കാതിരിക്കാൻ പറയാം. ക്യാമറയും വീഡിയോ റെക്കോഡിങ്ങുമുള്ള ഫോണിനു പകരം ലളിത സംവിധാനങ്ങളുള്ള ഫോൺ നൽകുന്നതാണു സുരക്ഷിതം. മാതാപിതാക്കൾ ചെറുപ്പത്തിലേതന്നെ കുട്ടികൾക്ക് ഒരു മോറൽ സിസ്റ്റം പകർന്നു നൽകണം. എങ്കിൽ എത്ര വലിയ പ്രലോഭനമുണ്ടായാലും അവർ അതിനു കീഴ്പ്പെടില്ല.
ഓൺലൈനിൽ ആയിരിക്കുമ്പോൾ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഇന്റർനെറ്റ് സുരക്ഷയെക്കുറിച്ച് കുട്ടിയെ ബോധവാനാക്കേണ്ടതുണ്ട്. പഠിക്കുന്ന സമയത്ത് മൊബൈൽഫോൺ കൊണ്ട് യാതൊരു പ്രയോജനവും കുട്ടികൾക്കുണ്ടാകുന്നില്ല. അതുകൊണ്ട് മൊബൈൽ ഫോൺ കൊടുക്കാതിരിക്കുക, വീട്ടിൽ നിന്നു പുറത്തുപോകുന്ന കുട്ടികളുടെ പ്രവൃത്തികൾ നിരീക്ഷിക്കുക, കൂട്ടുകാരെക്കുറിച്ചുള്ള വിവരങ്ങൾ മാതാപിതാക്കൾ അറിയുക, സ്വകാര്യതയെക്കുറിച്ചുള്ള അവബോധം, ഒരു ചടങ്ങിലോ പൊതുവേദിയിലോ പറയുവാനും ചെയ്യുവാനും മടിക്കുന്നവ ഇന്റർനെറ്റിലും ഉപയോഗിക്കാതിരിക്കാൻ കുട്ടികളോട് നിർദേശിക്കുക, ആദരവ് പുലർത്തുക, താൻ നേരിൽ കാണുകയും ഇടപഴകുകയും ചെയ്യുന്ന സുഹൃത്തുക്കളോട് കുട്ടി പ്രകടിപ്പിക്കുന്ന സ്നേഹവും ബഹുമാനവും ഓൺലൈൻ സുഹൃത്തുക്കളോടും പ്രകടിപ്പിക്കാൻ നിർദേശിക്കുക (ഇത്തരത്തിലുള്ള സുഹൃത്തുക്കളുടെ കൂട്ടായ്മ കുട്ടിക്ക് തീർത്തും ഉപകാരപ്രദമാണ്). നിങ്ങളുടെ കുട്ടിയെ ബഹുമാനത്തോടെ സമീപിക്കാത്ത ഓൺലൈൻ സുഹൃത്തുക്കളെ ബ്ലോക്ക് ചെയ്യുവാനോ ഫ്രണ്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുവാനോ നിർദേശിക്കുക, അത്യാവശ്യമുള്ള വിവരങ്ങൾ മാത്രം ഷെയർ ചെയ്യുക, കുട്ടിയുടെ ജന്മദിനം, വർഷം, മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ്സ്, നഗരം തുടങ്ങിയവ വെളിപ്പെടുത്താതിരിക്കാൻ നിർദേശിക്കുക, ഫോട്ടോസ് അപ്ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക (ചില ഫോണുകളിലും ക്യാമറകളിലും പകർത്തുന്ന ഫോട്ടോകളിൽ നിന്നും എവിടെ വെച്ച്, എപ്പോൾ എടുത്തുവെന്ന വിവരങ്ങൾ ലഭ്യമാണ്. വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതിനേക്കാൾ അധികം വിവരങ്ങൾ ഇത്തരം അശ്രദ്ധ കൊണ്ട് പുറത്തായേക്കാം). ഇക്കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
അണുകുടുംബവ്യവസ്ഥിതിയിൽ മാതാപിതാക്കൾ മക്കളോടു ഹൃദയം തുറന്നു സംസാരിക്കാറില്ല. അവരുടെ വിശേഷങ്ങൾ കേട്ടിരിക്കാറില്ല. എന്തെങ്കിലും ചോദിച്ചാൽ തന്നെ അതു പഠനത്തെകുറിച്ചും മാർക്കിനെക്കുറിച്ചും റാങ്കിനെക്കുറിച്ചുമൊക്കെയാകും. ഇതു മാറ്റി അവരുടെ ഉത്തമ സുഹൃത്തും വഴികാട്ടിയുമാകാൻ തുനിയുക. എങ്കിൽ നിങ്ങളുടെ മക്കൾ നിങ്ങളുടേതു തന്നെയാവും. വെക്കേഷൻ സമയം തിന്മയായ പല ഇടപാടുകൾക്കും വേദിയാവുന്നതിനാൽ കൂടുതൽ ജാഗ്രത വേണം.