‘ഞാനും എന്റെ സ്വഹാബികളും പോയ വഴിയെ പോവുന്നവര്‍’ എന്നാണ് വിശ്വാസികളെ തിരുനബി(സ്വ) വിശദീകരിച്ചത്. സ്വാഭാവികമായും പൂര്‍വ പ്രവാചകരുടെയെല്ലാം കാലത്ത് അവരുടെ അനുയായികള്‍ക്ക് സംഭവിച്ചതുപോലെ ഭിന്നതയുടെയും വിയോജിപ്പിന്റെയും സ്വരങ്ങള്‍ തന്റെ സമുദായത്തിലും വരിക തന്നെ ചെയ്യുമെന്ന് ശിഷ്യന്മാരോട് പറഞ്ഞപ്പോഴാണ് അതില്‍ സ്വര്‍ഗപ്രാപ്തരായ വിജയികള്‍ ആരാണെന്ന് തിരുനബി വ്യക്തത വരുത്തുന്നത്. ഉത്തരാധികാരികളുടെ(ഖലീഫമാര്‍) യുഗം വിട്ടൊഴിയുന്നതിനുമുമ്പേ ആ ദീര്‍ഘദര്‍ശനം ചരിത്രത്തില്‍ പുലര്‍ന്നുകണ്ടു.
തിരുനബി(സ്വ)യും സ്വഹാബികളും പോയ വഴിയോട് ആദ്യമായി സംഘടിത രൂപത്തില്‍ പുറംതിരിഞ്ഞ് രംഗത്തുവന്നത് ഖവാരിജുകള്‍ ആയിരുന്നു. തീര്‍ത്തും രാഷ്ട്രീയപരമായ കാരണങ്ങളാലാണ് ഈ പ്രസ്ഥാനം ഉത്ഭവിച്ചത്. അലി(റ)വും മുആവിയ(റ)വും തമ്മില്‍ സ്വിഫ്ഫീനില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ വിശ്വാസികള്‍ തമ്മില്‍ കലഹിക്കുന്നത് ഒഴിവാക്കാന്‍ മധ്യസ്ഥരും വിധികര്‍ത്താക്കളുമാക്കി അബൂമൂസല്‍ അശ്അരി(റ)വിനെയും അംറുബ്‌നുല്‍ ആസ്വ്(റ)വിനെയും നിശ്ചയിക്കാന്‍ അലി(റ) തീരുമാനിച്ചു. കലഹങ്ങള്‍ ഒഴിവാക്കുക എന്ന സദുദ്ദേശ്യമാണ് അലിയാര്‍ക്കുണ്ടായിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ‘ലാ ഹുക്മ ഇല്ലാ ലില്ലാഹ്- അല്ലാഹുവിനല്ലാതെ വിധികര്‍തൃത്വമില്ല’ എന്നുപറഞ്ഞ് കുറച്ചാളുകള്‍ സംഘടിക്കുകയുണ്ടായി. ഇവരാണ് ഖവാരിജ്. ഭരണാധികാരിക്കെതിരെ കലാപത്തിന് പുറപ്പെടുന്നതിനെയാണ് സാങ്കേതികമായി ഖുറൂജ് എന്ന് പറയുക. പുറപ്പെടുന്നവന്‍ ഖാരിജ്. അതിന്റെ ബഹുവചനമാണ് ഖവാരിജ്. കൂഫയിലെ ഹറൂറ പ്രദേശത്തുവെച്ച് അലിയാര്‍ക്കെതിരെ യുദ്ധം നടത്താന്‍ മാത്രം ഇവര്‍ ധൃഷ്ടരായി. ഈ സാഹചര്യത്തില്‍ അലിയാരോട് ആഭിമുഖ്യം കാട്ടിയിരുന്നവരും സ്വിഫ്ഫീന്‍, ജമല്‍ സംഘട്ടനങ്ങളില്‍ അദ്ദേഹത്തിന്റെ പക്ഷത്തുനിന്ന് പോരാടിയവരും ശീഅതു അലി(അലി പക്ഷം) എന്നറിയപ്പെട്ടു. ഇവര്‍ വഴിതെറ്റിയവരായിരുന്നില്ല. എന്നാല്‍, ഇവര്‍ക്ക് അലി(റ)വിനോടും അഹ്‌ലുബൈത്തിനോടും ഉണ്ടായിരുന്ന സ്‌നേഹാദരവ് മുതലെടുത്ത് ചില സ്വാര്‍ത്ഥ താത്പര്യക്കാര്‍ രംഗത്തുവന്നു. അതാണ് ശീഇസത്തിന്റെ തുടക്കം.
സബഇന്റെ മകന്‍ അബ്ദുല്ലയാണ്(അബ്ദുല്ലാഹിബ്ന്‍ സബഅ്) വാസ്തവത്തില്‍ ശീഇസത്തിന്റെ ഉപജ്ഞാതാവ്. ഉസ്മാന്‍(റ) ഖലീഫയായിരുന്ന ഘട്ടത്തില്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നയാളായിരുന്നു അബ്ദുല്ല. പേര്‍ഷ്യന്‍ വംശജനായിരുന്ന ഇദ്ദേഹം വേഷഭൂഷാദികളില്‍ മാത്രമാണ് ഇസ്‌ലാമിനെ സ്വീകരിച്ചത്. മുസ് ലിം സമൂഹ ഗാത്രത്തില്‍ കയറിപ്പറ്റി ഭിന്നത സൃഷ്ടിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് അധികം താമസിയാതെ തന്നെ ബോധ്യപ്പെട്ടു.
ഖവാരിജുകള്‍ അലി(റ)വിനെതിരായ സന്ദര്‍ഭത്തില്‍ ശീഅതു അലിയുടെ നിലപാടുകളെ വൈകാരികമായി സ്വാധീനിക്കാനാണ് അബ്ദുല്ല തുനിഞ്ഞത്. അങ്ങനെ അലി പക്ഷക്കാരനായി ചമഞ്ഞ് രംഗത്തെത്തുകയും അലിയാരെ പരിധിവിട്ട് പുകഴ്ത്തുകയും ചെയ്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ തുടക്കം. ഇസ്രയേല്‍ ജനത്തിലെ ഒരു വിഭാഗം എസ്ര ദൈവപുത്രനാണ് എന്ന് വാദിച്ചതുപോലെ, ക്രൈസ്തവര്‍ യേശു ദൈവപുത്രനാണെന്ന് വാദിച്ചപോലെ അലിയാരെ അതിമാനുഷനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം നടത്തുകയുണ്ടായി. അലിയാരില്‍ ഇമാമത് ആദ്യമായി അധ്യാരോപിച്ചതും ഇദ്ദേഹമാണ്(അതേക്കുറിച്ച് വഴിയേ വിശദമായി പറയാം). മുഹമ്മദ് നബി(സ്വ) മരണപ്പെട്ടിട്ടില്ലെന്നും അപ്രത്യക്ഷനായിരിക്കുക മാത്രമാണെന്നും വാദിച്ചുകൊണ്ടാണ് ഇയാള്‍ തന്റെ വാദഗതികള്‍ തുടങ്ങിവെച്ചത്. മുഹമ്മദ് നബി(സ്വ) ഈസാ(അ)യെക്കാള്‍ ശ്രേഷ്ഠനാണെന്നിരിക്കെ ഈസാ(അ)യുടെ പുനരാഗമനത്തില്‍ വിശ്വസിക്കുകയും മുഹമ്മദ് നബി(സ്വ) മരണപ്പെട്ടു എന്ന് അംഗീകരിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ല എന്ന് വാദിച്ച അബ്ദുല്ല ഈസാ(അ)യെപ്പോലെ മുഹമ്മദ് നബി(സ്വ)യും വീണ്ടും വരും എന്ന് പ്രചരിപ്പിച്ചു. ഇത് മൗലികമായി ഇസ്‌ലാമിക വിശ്വാസത്തിന് നേര്‍വിപരീതമായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ അലിയാരില്‍ ഇലാഹികത ഉണ്ടെന്ന അര്‍ത്ഥത്തില്‍ ‘അന്‍ത! ഇന്‍ത!!- അങ്ങ് അങ്ങുതന്നെയാണ്’ എന്നുവരെ ഇദ്ദേഹം പറയുകയുണ്ടായി എന്ന് രേഖകളുണ്ട്(നോക്കുക, അല്‍അജ്‌വ). ബതുദ്ദാമിഗ ഫിര്‍റദ്ദി അലല്‍ അഖാഇദിസ്സാഇഗ, പേ. 8).
ഈജിപ്തിലെ പാമര ജനങ്ങള്‍ക്കിടയിലാണ് അബ്ദുല്ല തന്റെ വാദങ്ങള്‍ പ്രചരിപ്പിച്ചത്. അലിയാരോടും നബികുടുംബത്തോടും നിഷ്‌കപടമായ സ്‌നേഹമുണ്ടായിരുന്ന അനേകം പുതുവിശ്വാസികള്‍ ഇദ്ദേഹത്തിന്റെ വാദങ്ങളില്‍ ആകൃഷ്ടരായി. അത് അദ്ദേഹത്തിന് ഊര്‍ജം പകര്‍ന്നു. അയാള്‍ അടുത്ത വാദം പുറത്തെടുത്തു. എല്ലാ പ്രവാചകന്മാര്‍ക്കും അവര്‍ വസ്വിയ്യത്ത് ചെയ്ത ഓരോ പിന്‍ഗാമികള്‍ ഉണ്ടായിട്ടുണ്ട്. മുഹമ്മദ് (സ്വ) വസ്വിയ്യത് ചെയ്ത പിന്‍ഗാമി അലിയാരാണ്. മുഹമ്മദ്(സ്വ) ഏറ്റവും ശ്രേഷ്ഠനും അന്ത്യപ്രവാചകനുമായതുപോലെ അലിയാര്‍ ഏറ്റവും ശ്രേഷ്ഠനും അവസാനത്തെവനുമായ പിന്‍ഗാമിയാണ്. തന്നെ അതിമാനുഷനായി ചിത്രീകരിച്ചുകൊണ്ടുള്ള വാദഗതികള്‍ തിരിച്ചറിഞ്ഞ അലിയാര്‍ അബ്ദുല്ലയെ ഇറാഖിലെ ടെസ്‌ഫോണിലേക്ക് നാടുകടത്തി.
ടെസ്‌ഫോണിലും അബ്ദുല്ല വെറുതെയിരുന്നില്ല. ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. ഇബ്‌നു മുല്‍ജിമിന്റെ കുത്തേറ്റ് ഖലീഫ അലി(റ) രക്തസാക്ഷിയായപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘കൊല്ലപ്പെട്ടത് അലിയല്ല. അലിയുടെ രൂപത്തിലുള്ള പിശാചാണ്. ഈസാനബിയെ ആകാശത്തേക്ക് ഉയര്‍ത്തിയ പോലെ അലിയും ആകാശത്തേക്ക് ആരോഹണം ചെയ്തിരിക്കുന്നു. ഈസാ(അ)യെ ശത്രുക്കള്‍ വധിച്ചു, ക്രൂശിച്ചു എന്ന് ജൂതന്മാരും ക്രിസ്ത്യാനികളും വാദിക്കുന്നതുപോലെ അലിയുടെ ശത്രുക്കളായ ഖവാരിജുകളാണ് അദ്ദേഹം കൊല ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പ്രചാരണം നടത്തുന്നത്. ഇടിനാദം അലിയുടെ ശബ്ദമാണ്. മിന്നല്‍പിണരുകള്‍ അദ്ദേഹം ചാട്ടവാര്‍ പ്രയോഗിക്കുന്നതാണ്. ഈസയെപ്പോലെ അലിയും ഒരുനാള്‍ ശത്രുനിഗ്രഹത്തിനായി ഇറങ്ങിവരും.’
അബ്ദുല്ലയുടെ തന്ത്രം വിജയിച്ചു. ധാരാളം സാധാരണക്കാര്‍ ഇതൊക്കെ ശരിയാണെന്ന് ധരിച്ചു. ശരിയായ ഇസ്‌ലാമിനും ഖവാരിജുകള്‍ക്കും പുറകെ പുതിയ ഒരു വിഭാഗംകൂടി രംഗത്തുദിച്ചു. ഇവരുടെ വിചിത്രമായ വാദഗദികളെ കുറിച്ച് വഴിയേ വിശദമായി സംസാരിക്കാം. സബഇയ്യാക്കള്‍ എന്നം ആദ്യകാല ഗ്രന്ഥരചയിതാക്കള്‍ പരിചയപ്പെടുത്തുന്ന ഈ വിഭാഗമാണ് ശീഇസത്തിന് നിലമൊരുക്കിയത്. എന്നാല്‍ ആധുനിക ശീഇകളില്‍ പലരും ശീഇസത്തിന് അബ്ദുല്ലയുമായി(അബ്ദുല്ലാഹിബ്‌നു സബഅ്) ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ് ഒഴിയാറുണ്ട്. അതിലേറെ വിചിത്രമാണ് ആധുനിക അറബി സാഹിത്യകാരന്‍ ത്വാഹാ ഹുസൈന്‍ പറയുന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ അല്‍ഫിത്‌നതുല്‍കുബ്‌റാ(കൊടും നാശം) എന്ന പേരിലറിയപ്പെടുന്ന ചില സംഗതികള്‍ക്ക് ഉസ്മാന്‍(റ)വിന്റെ കാലഘട്ടം സാക്ഷിയാവുകയുണ്ടായല്ലോ. അതേ ശീര്‍ഷകത്തില്‍ ത്വാഹാ ഹുസൈന്‍ രണ്ട് വാല്യങ്ങളിലായി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. ഇതിലദ്ദേഹം വാദിക്കുന്നത് അബ്ദുല്ല(ഇബ്‌നു സബഅ്) എന്ന ഒരു വ്യക്തി ജീവിച്ചിരുന്നിട്ടേയില്ല എന്നാണ്. ചിലരുടെ സ്വാര്‍ത്ഥവാദങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള ഒരു സാങ്കല്‍പിക കഥാപാത്രമാണ് ഇബ്‌നുസബഅ് എന്നദ്ദേഹം വാദിക്കുന്നു. ഈ രണ്ട് വാദങ്ങളും വാസ്തവ വിരുദ്ധമാണ്. അബ്ദുല്ലയാണ് ശീഇസത്തിന് ബീജാവാപമിട്ടത് എന്ന് അനേകം ശീഈ പണ്ഡിതന്മാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
മുഹമ്മദ് ബ്‌നു ഉമറില്‍ കിശ്ശി എന്ന വിശ്രുതനായ ശീഈ പണ്ഡിതന്‍ രചിച്ച രിജാലുശ്ശീഅഃ(ശീഈ പണ്ഡിതന്മാര്‍) എന്ന ഗ്രന്ഥത്തില്‍ അബ്ദുല്ലയെ പരിചയപ്പെടുത്തുന്നതിങ്ങനെ: ‘പണ്ഡിതന്മാരായ ചിലര്‍ അബ്ദുല്ലാഹിബ്‌നു സബഅ് ആദ്യകാലത്ത് ജൂതനായിരുന്നുവെന്നും പിന്നീട് ഇസ്‌ലാം ആശ്ലേഷിച്ചതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അലി(റ)വിനെ സ്‌നേഹിച്ചു. ജൂതനായിരുന്നപ്പോള്‍ മൂസാ(അ) പ്രത്യേകം വസ്വിയ്യതു ചെയ്ത പിന്‍ഗാമിയാണ് യൂശഅ്ബിന്‍ നൂന്‍ എന്ന അതിരുവിട്ട വാദം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതുപോലെ റസൂലുല്ലാഹി(സ്വ)യുടെ വഫാതിനു ശേഷം അലി(റ)വിന്റെ സ്ഥാനമതാണെന്ന് അദ്ദേഹം വാദിച്ചു. അലി(റ)വിന് ഇമാമത് പദവി ഉണ്ടെന്ന് വാദിച്ച ആദ്യത്തെയാള്‍ അബ്ദുല്ലയാണ്. അതേ പ്രകാരം അലിയുടെ ശത്രുക്കള്‍ക്കെതിരെ അവരുടെ വാദഗതികളില്‍ നിന്ന് പൂര്‍ണമായും താന്‍ മുക്തനാണെന്ന് വാദിച്ച ആദ്യത്തെയാളും ഇദ്ദേഹം തന്നെ.’
അലിയാരോടുള്ള സ്‌നേഹം മാത്രമല്ല ആ സ്‌നേഹത്തിന്റെ മറവില്‍ സ്വഹാബികളെ ചീത്ത വിളിക്കുക എന്നതും ശിയാക്കളുടെ പ്രധാന സ്വഭാവമാണ്. നബി(സ്വ)ക്കു ശേഷം ഉത്തരാധികാരിയായി വരേണ്ടത് യഥാര്‍ത്ഥത്തില്‍ അലിയാരായിരുന്നുവെന്നും എന്നാല്‍ സിദ്ദീഖും ഉമറും ഉസ്മാനും(റ.ഹും) അനര്‍ഹരും അനധികൃതവുമായി അദ്ദേഹത്തിന്റെ അധികാരം തട്ടിപ്പറിച്ചെടുത്തതാണെന്നും ആരോപിക്കുകയും അതിന്റെ പേരില്‍ ആ മഹാത്മാക്കളെ ഭര്‍ത്സിക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ വഴി. യഥാര്‍ത്ഥത്തില്‍ നുബുവ്വത്തിന്റെയും രിസാലത്തിന്റെയും അവകാശി അലിയാരായിരുന്നുവെന്നും വഹ്‌യുമായി വന്ന സന്ദര്‍ഭത്തില്‍ ജിബ്‌രീലിന് അബദ്ധം പിണഞ്ഞതിനാല്‍ ആളുമാറി മുഹമ്മദ്(സ്വ)ക്ക് നുബുവ്വത്ത് നല്‍കപ്പെടുകയാണ് ഉണ്ടായത് എന്നു വാദിക്കുന്ന ശിയാക്കളുമുണ്ട്. അലി(റ)വും അഹ്‌ലുബൈതും പ്രവാചകന്മാരെപ്പോലെ മഅ്‌സൂമുകള്‍(ഒരിക്കലും പാപം ചെയ്യാത്തവര്‍) ആണെന്ന വാദവും ഇവര്‍ക്കുണ്ട്. വിശ്വാസപരമായ ഇത്തരം ഉള്‍പ്പിരിവുകളെ കുറിച്ച് പിന്നീടെഴുതാം.
അല്ലാമാ യൂസുഫുന്നബ്ഹാനി(റ) രേഖപ്പെടുത്തുന്നു: ”തിരുനബി(സ്വ)യുടെ വഫാതു കഴിഞ്ഞ് ഇരുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ നിലവില്‍ വന്ന പ്രസ്ഥാനമാണ് റാഫിളികള്‍. വഞ്ചന, അധാര്‍മിക പ്രവര്‍ത്തനങ്ങള്‍, വിഭാഗീയത സൃഷ്ടിക്കല്‍ തുടങ്ങി തങ്ങളുടെ സകലമാന പ്രവര്‍ത്തനങ്ങളിലും ഇക്കൂട്ടര്‍ ജൂത നസ്വാറാക്കളുടെ വഴിയേയാണ് സഞ്ചരിച്ചത്. ആദ്യകാലത്ത് അറേബ്യയിലുണ്ടായിരുന്ന വഞ്ചകരായ ജൂതന്മാരായിരുന്നു ഇക്കൂട്ടര്‍. ആദ്യ കാലത്ത് യഹൂദിയായിരുന്ന, പിന്നീട് കൂഫയിലെ റാഫിളികളുടെ നേതാവായി മാറിയ അബ്ദുല്ല എന്നയാളായിരുന്നു അവരുടെ നേതാവ്. മുസ്‌ലിംകളെല്ലാം ഒരേ മനസോടെ വീക്ഷണപ്പൊരുത്തത്തോടെ ജീവിക്കുന്നത് അയാള്‍ കണ്ടു. അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും തദ്വാര ഐക്യവും ശക്തിയും ചോര്‍ത്തിക്കളയാനും അയാള്‍ പദ്ധതിയിട്ടു. അങ്ങനെയാണ് മുസ്‌ലിമായി ചമയാന്‍ തീരുമാനിച്ചത്. മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി കപടവിശ്വാസിയായി അയാള്‍ എല്ലാ നാട്ടിലുമെത്തി. കൂഫ, ബസ്വറ, ഇറാഖ്, പേര്‍ഷ്യ തുടങ്ങിയ നാടുകളിലെല്ലാം സഞ്ചരിച്ച് തന്റെ വാദങ്ങളിലേക്ക് ജനങ്ങളെ ക്ഷണിച്ചു. അവര്‍ക്ക് ശീഇകള്‍ എന്ന് പേരുവിളിച്ചതും അയാള്‍ തന്നെ. മുസ്‌ലിംകളോടുള്ള ശത്രുതയില്‍ ഗ്രൂപ്പിസം പ്രകടമാക്കിയ ആദ്യത്തെയാള്‍ ഇയാളായിരുന്നു. അലി(റ)വിനെയും അഹ്‌ലുബൈത്തിനെയും സ്‌നേഹിക്കണം എന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞുകൊണ്ടേയിരുന്നു. ഒപ്പം അബൂബകര്‍, ഉമര്‍, ഉസ്മാന്‍(റ.ഹും) എന്നിവരോട് വിദ്വേഷം പുലര്‍ത്താനും അദ്ദേഹം ആഹ്വാനം ചെയ്തു”(നുജൂമുല്‍ മുഹ്തദീന്‍).
മുഹമ്മദ് സജീർ ബുഖാരി