സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 10 January 2020

സത്യസന്ധമായ വിശ്വാസം

പ്രതിസന്ധികളെ_അതിജീവിക്കും* ഹിജ്റ ആറാം വർഷം. ആദരവായ റസൂലുല്ലാഹി സ്വ.യും സ്വഹാബികളും ഉംറ നിർവ്വഹിക്കുന്നതിനായി മക്കയിലേക്ക് പോവുകയായിരുന്നു. മക്കയിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവർ വീണ്ടും അവിടേക്കു തന്നെ വരുകയോ? മക്കക്കാർക്ക് അതു വലിയ അപമാനമായി തോന്നി. എന്തു വില കൊടുത്തും അവരെ തടയുമെന്നു തീരുമാനിച്ചു.

അക്കാരണത്താൽ റസൂലുല്ലാഹി സ്വ.യും സ്വഹാബികളും മക്കയിലേക്കു പോകാനാവാതെ ഹുദൈബിയ്യയിൽ തമ്പടിക്കേണ്ടി വന്നു. റസൂലുല്ലാഹി സ്വ.യുടെ മുൻപിൽ ജീവാർപ്പണം ചെയ്യുന്നത് അഭിമാനമായി കരുതിയിരുന്ന സ്വഹാബികൾ ഒരു യുദ്ധമുഖത്തെ നേരിടാൻ സധീരം സന്നദ്ധരായിരുന്നു. എന്നാൽ, പരമാവധി ഒരു യുദ്ധം ഒഴിവാക്കാനും ഒരു ഉഭയകക്ഷി കരാറിൽ പ്രതിപക്ഷത്തെ എത്തിക്കാനുമായിരുന്നു റസൂലുല്ലാഹി സ്വ. തങ്ങൾ ഉദ്ധേശിച്ചത്.

 സന്ധിക്കു വേണ്ടി മക്കക്കാർ എന്തെല്ലാം നിബന്ധനകൾ വച്ചോ അതെല്ലാം അവിടുന്ന് അംഗീകരിച്ചു. ഏകപക്ഷീയമായിരുന്നു അവരുടെ അവരുടെ ഉടമ്പടി വ്യവസ്ഥകൾ. അവയ്ക്കെല്ലാം സർവാത്മനാ വഴങ്ങിക്കൊടുത്തുള്ള നടപടി സയ്യിദുനാ ഉമർ റ.വിനെ പോലെയുള്ള സ്വഹാബികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും റസൂലുല്ലാഹി സ്വ.യുടെ തീരുമാനങ്ങൾക്കു മുമ്പിൽ എന്തു ചെയ്യാനാണ്? ജീവാർപ്പണത്തിനു തയ്യാറായിരുന്നതു പോലെ പൂർണ്ണമായി അനുസരണയുള്ളവരുമായിരുന്നല്ലോ അവർ. ഈ സംഭവമാണ് ഹുദൈബിയ്യാ സന്ധി എന്ന പേരിൽ വിശ്രുതമായത്. മക്കക്കാർ മുന്നോട്ടുവെച്ച വ്യവസ്ഥകളുടെ കൂട്ടത്തിൽ ഏറ്റവും അസഹനീമായത് ഇതായിരുന്നു: 'മക്കക്കാരായ കാഫിറുകളിൽ നിന്ന് ആരെങ്കിലും ഇസ്‌ലാം സ്വീകരിച്ചു മദീനയിലേക്കു ഹിജ്റ ചെയ്താൽ അവരെ മക്കക്കാർക്ക് തിരിച്ചേൽപ്പിക്കണം; മദീനയിൽ നിന്ന് ആരെങ്കിലും മക്കയിലേക്കു വന്നാൽ അവരെ മദീനയിലേക്ക് തിരിച്ചയക്കുകയില്ല'! ഈ ഉടമ്പടി വ്യവസ്ഥകൾ എഴുതി കരാർ പത്രം പൂർത്തിയാക്കുന്നതിനു മുമ്പ് അബൂജൻദൽ റ. എന്ന സ്വഹാബി അവിടെ വന്നെത്തി. അദ്ദേഹം മുസ്‌ലിമായ കാരണത്താൽ പല വിധത്തിലുള്ള മർദ്ദന മുറൾക്കു വിധേയനായി ചങ്ങലയിൽ ബന്ധിക്കപ്പെട്ടിരുന്നു. മുസ്‌ലിം സംഘം വന്നെന്നു കേട്ടപ്പോൾ, 'എങ്ങനെങ്കിലും അവരുടെ കൂട്ടത്തിൽ ചെന്നെത്തിയാൽ ഈ ആപത്തിൽ നിന്നു രക്ഷപ്പെടാം' എന്ന ഉത്ക്കടമായ പ്രതീക്ഷയോടെ വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം വന്നെത്തിയത്. അന്ന് മക്കക്കാരുടെ പക്ഷത്തെ പ്രതിനിധീകരിച്ചു സന്ധി സംഭാഷണത്തിനു നിയോഗിക്കപ്പെട്ട ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവ് സുഹൈൽ. (അന്ന് അദ്ദേഹം മുസ്‌ലിമായിരുന്നില്ല; മക്കാ വിജയത്തിന് ശേഷം ഇസ്‌ലാം സ്വീകരിച്ചു). അദ്ദേഹം മകന്റെ ചെകിട്ടത്ത് ആഞ്ഞടിച്ചു. "വന്ന വഴിക്കു പോടാ..." എന്നു ആക്രോശിച്ചു. "ഉടമ്പടിപ്പത്രം ഇതുവരെയും പൂർണമായിട്ടില്ലല്ലോ; ഇപ്പോൾ എന്തിനാണ് ഇങ്ങനെ നിർബന്ധം കാണിക്കുന്നത്?' എന്നു റസൂലുല്ലാഹി സ്വ. പറഞ്ഞെങ്കിലും അദ്ദേഹം വീണ്ടും വീണ്ടും ശാഠ്യം പിടിച്ചുകൊണ്ടിരുന്നു. "ഞാൻ ഒരു മനുഷ്യനെ ദാനമായിട്ട് ചോദിക്കുന്നു. അതിന്റെ പേരിൽ അദ്ദേഹത്തെ എനിക്ക് വിട്ടുതരിക'' എന്ന് വീണ്ടും റസൂലുല്ലാഹി സ്വ. പറഞ്ഞെങ്കിലും അവരത് ഗൗനിച്ചില്ല. തിരിച്ചു പോകുവാൻ തന്നെ അബൂജൻദൽ നിർബന്ധിതനായപ്പോൾ അദ്ദേഹം മുസ്‌ലിംകളോടു കരഞ്ഞു കൊണ്ട് ചോദിച്ചു: 'ഞാൻ മുസ്‌ലിമായതിന്റെ പേരിൽ കണക്കറ്റ മർദ്ദനങ്ങൾ ഏറ്റു, ഇപ്പോൾ നിങ്ങളുടെ അടുക്കൽ വന്നിട്ടും എന്നെ തിരിച്ചയക്കുകയാണോ?' ഇത് കേട്ടപ്പോൾ മുസ്‌ലിംകളുടെ ഹൃദയത്തിലുണ്ടായ വേദന എത്രയെന്നു അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂ. "നീ ക്ഷമിക്കുക; താമസം വിനാ അല്ലാഹു നിനക്ക് മോചനമാർഗ്ഗം തുറന്നുതരും” എന്ന് പറഞ്ഞുകൊണ്ട് റസൂലുല്ലാഹി സ്വ. അദ്ദേഹത്തെ സമാധാനിപ്പിച്ചു. ഉടമ്പടിപ്പത്രം പൂർത്തിയായതിനു ശേഷം അബൂബസീർ എന്ന മറ്റൊരാൾ ഇസ്‌ലാം സ്വീകരിച്ചു മദീനായിലെത്തി. ശത്രുക്കൾ അദ്ദേഹത്തെ തിരിച്ചുവിളിക്കാനായി രണ്ടാളുകളെ അയച്ചു. റസൂലുല്ലാഹി സ്വ. കരാറനുസരിച്ച് അദ്ദേഹത്തെ അവർക്കു വിട്ടുകൊടുത്തു. 'യാ റസൂലല്ലാഹ്! ഞാൻ ഇസ്‌ലാം സ്വീകരിച്ച് അങ്ങയുടെ അടുക്കൽ വന്നതാണ്. എന്നെ വീണ്ടും കാഫിറുകളുടെ പിടിയിൽ ഏല്പിക്കുകയാണോ?' എന്ന് അദ്ദേഹം അപേക്ഷിച്ചു. “ക്ഷമിക്കുക ! അല്ലാഹു നിനക്ക് മാർഗ്ഗം തുറന്നുതരും" എന്ന് പറഞ്ഞ് റസൂലുല്ലാഹി സ്വ. അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അദ്ദേഹം അവരുടെ കൂട്ടത്തിൽ തിരിച്ചുപോയി. വഴി മദ്ധ്യേ അവരിൽ ഒരാളോട് ഇങ്ങനെ ചോദിച്ചു: "സ്നേഹിതാ, നിങ്ങളുടെ ഈ വാൾ വളരെ വിലപിടിപ്പുള്ളതാണല്ലോ” മുഖസ്തുതിയിൽ വഞ്ചിതനായ ആ അല്പൻ പെട്ടെന്ന് ഉറയിൽ നിന്നും വാൾ ഊരി കയ്യിൽ പിടിച്ച് 'ഹാ ! ഞാൻ ഇത് അനേകം ആളുകളുടെ മേൽ പരീക്ഷിച്ച് നോക്കിയിട്ടുണ്ട്, ഇതാ നോക്കൂ' എന്നു പറഞ്ഞു വാൾ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു. അദ്ദേഹം വാങ്ങി അയാളുടെ മേൽ തന്നെ പരീക്ഷിച്ചു. ഇത് കണ്ടുനിന്ന മറ്റേയാൾ, തന്നെയും കൊന്നു കളഞ്ഞേക്കുമെന്ന ഭയത്താൽ പേടിച്ചോടി റസൂലുല്ലാഹി സ്വ.യുടെ സന്നിധിയിലെത്തി. "എന്റെ കൂട്ടുകാരൻ വധിക്കപ്പെട്ടു; ഇനിഎന്നെയും കൊല്ലാൻ പോവുകയാണ്; രക്ഷിക്കണം" എന്നു കരഞ്ഞു പറഞ്ഞു. അധികം കഴിയുന്നതിനു മുമ്പ് അബൂബസീറും തങ്ങളുടെ അടുക്കലെത്തി. "യാ റസൂലല്ലാഹ് ! തങ്ങൾ കരാറനുസരിച്ച് എന്നെ അവരുടെ കൂട്ടത്തിൽ തിരിച്ചയച്ചു. ഞാനും അവരുമായി യാതൊരു കരാറും ഉത്തരവാദിത്വവുമില്ല. അവർ എന്നെ എന്റെ ദീനിൽ നിന്നും വ്യതിചലിപ്പിക്കാൻ പരിശ്രമിച്ചു. അതുകൊണ്ടു ഞാൻ ഇങ്ങനെ ചെയ്തു' എന്നറിയിച്ചു. അപ്പോൾ "കലഹം ഉണ്ടാക്കുന്നവനാണല്ലോ! ഹാ! ഇയാളെ സഹായിക്കാൻ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ'' എന്നു റസൂലുല്ലാഹി സ്വ. പറഞ്ഞു. ഇതു കേട്ട് "ഇനിയും ആരെങ്കിലും തന്നെ അന്വേഷിച്ചു വരികയാണെങ്കിൽ തിരിച്ചയയ്ക്കപ്പെടും'' എന്ന ഭയത്താൽ ഉടൻ തന്നെ അദ്ദേഹം അവിടെ നിന്നും പുറപ്പെട്ടു സമുദ്ര തീരത്തുള്ള ഒരു വനാന്തരത്തിൽ ഒറ്റയ്ക്ക് താമസമുറപ്പിച്ചു. ഈ സംഭവം മക്കയിൽ അറിഞ്ഞപ്പോൾ, നടേ വന്ന അബൂജൻദൽ എന്ന സ്വഹാബിയും ഒളിച്ചും പാത്തും അവിടെയെത്തി. ഇപ്രകാരം മക്കയിൽ ഇസ്‌ലാം സ്വീകരിക്കുന്ന ആളുകളെല്ലാം അവിടെ ചെന്നുകൂടി. വിശ്വാസികളുടെ ഒരു സമൂഹം വികസിക്കുന്ന വാർത്ത കൂടുതൽ പേരെ ഇസ്‌ലാം സ്വീകരിക്കാൻ ധൈര്യപ്പെടുത്തി. ഏതാനും ദിവസം കൊണ്ട് അവിടെ ഒരു ചെറുസംഘം താമസമുറപ്പിച്ചു. എന്നാൽ, മനുഷ്യവാസമില്ലാത്ത ആ വനാന്തരത്തിൽ ആഹാരത്തിനുളള തോട്ടങ്ങളോ മറ്റ് മാർഗ്ഗങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഇക്കാരണത്താൽ എന്തെല്ലാം വിധത്തിലുള്ള കഷ്ടതകൾ അവർ സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് അല്ലാഹുവിനല്ലാതെ ആർക്കുമറിയില്ല. എന്നാൽ, അവരെ ഈ നിസ്സഹായവസ്ഥയിലാക്കിയ അക്രമികളുടെ നാശത്തിന് ഇതു തന്നെ കാരണമായി ഭവിച്ചു. നിരന്തരം അതുവഴി കടന്നു പോകുന്ന മക്കക്കാരായ കച്ചവടസംഘങ്ങളോട് അവർ ഏറ്റുമുട്ടിക്കൊണ്ടിരുന്നു. മക്കക്കാർക്ക് ഇതു വലിയ പരിഭ്രാന്തിയുണ്ടാക്കി. ഈ അനിയന്ത്രിത സംഘത്തെ തിരുമേനി സ്വ.യുടെ അടുക്കലേയ്ക്കു വിളിക്കണമെന്നും, കരാർ വ്യവസ്ഥകളിൽ മറ്റു മുസ്‌ലിംകൾക്കൊപ്പം അവരെയും ഉൾപ്പെടുത്തണമെന്നും തങ്ങളുടെ കച്ചവട യാത്രകൾക്കു നേരിട്ടു കൊണ്ടിരിക്കുന്ന മാർഗതടസ്സം മാറ്റി തരണമെന്നും അപേക്ഷിച്ചു കൊണ്ട് അവർ തിരുമേനിയുടെ അടുക്കലേക്ക് ആളയച്ചു! മദീനയിലേക്ക് വരുന്നതിന് അനുവാദം നൽകിക്കൊണ്ട് റസൂലുല്ലാഹി സ്വ. അവർക്ക് എഴുത്തു കൊടുത്തയച്ചു. ആ എഴുത്തു കിട്ടിയപ്പോൾ അബൂബസീർ റ. മരണാസന്നനായി കിടക്കുകയായിരുന്നു. റസൂലുല്ലാഹി സ്വ.യുടെ എഴുത്തും കൈയിൽ വച്ചു കൊണ്ട് അതേ അവസ്ഥയൽ തന്നെ അദ്ദേഹം മരണപ്പെട്ടു - റളിയല്ലാഹു അൻഹു വഅന്നാ വഅൻ ജമീഇൽ മുസ്‌ലിമീൻ. സത്യവിശ്വാസികളേ, പരിശുദ്ധ ദീനിൽ അടിയുറച്ചു നിൽക്കുമെന്ന് ആത്മാർഥമായി ശപഥം ചെയ്യുകയാണെങ്കിൽ അവനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല - അവരെത്ര വലിയ ശക്തിയായിരുന്നാലും ശരി. നിശ്ചയം, അന്തിമ വിജയം അല്ലാഹുവിനെ ഭയപ്പെടുന്നവർക്കു മാത്രമായിരിക്കും.

അനേകം ഹദീസുകളിൽ ആത്മാർഥമായി ചൊല്ലിയാൽ സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഒരു പ്രതിജ്ഞാ വാചകം ഒന്നേറ്റു ചൊല്ലാമോ:

 رَضِيتُ بِاللَّهِ رَبًّا ، وَبِالْإِسْلَامِ دِينًا ، وَبِسَيِّدِنَا مُحَمَّدٍ صلى الله عليه وسلم نَبِيَّا وَرَسُولًا

അല്ലാഹുവിനെ രക്ഷാധികാരിയായും വിശുദ്ധ ഇസ്‌ലാമിനെ മതമായും സയ്യിദുനാ മുഹമ്മദ് സ്വ.യെ നബിയും റസൂലുമായും ഞാൻ സംതൃപ്തിയോടെ സ്വീകരിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ! ✍🏻Muhammad Sajeer Bukhari