മാനവരാശിയെ അന്ധവിശ്വാസത്തിൽ നിന്നും അറിവിലേക്കു / സ്ഥിരീകൃത വിശ്വാസത്തിലേക്കു നയിക്കുന്നു.
ഇസ്ലാമിൽ ജ്ഞാന മാർഗ്ഗം ഏകാത്മകമല്ല. പ്രത്യുത, അറിയാനുദ്ദേശിക്കുന്ന കാര്യങ്ങളുടെ പ്രകൃതമനുസരിച്ച് അതു വ്യത്യാസപ്പെടുന്നു. ഇസ്ലാമിക വിശ്വാസ ശാസ്ത്രം മൂന്നു തരം ജ്ഞാന മാർഗങ്ങൾ മുന്നോട്ടു വെക്കുന്നു.
1. ദർശനം, ശ്രവണം സ്പർശനം, രസനം, ഘ്രാണം തുടങ്ങിയ സംവേദനേന്ദ്രിയങ്ങൾ
2. ധിഷണ / യുക്തി : ലളിതവും സുഗ്രഹവുമായ സത്യങ്ങളാണുദ്ദേശ്യം [ഉദാഹരണം : വൈരുദ്ധ്യം അസംഭവ്യമാണ്, രണ്ട് നാലിന്റെ പകുതിയാണ്, ഏതു വസ്തുവും അതിന്റെ അംശത്തേക്കാൾ വലുതാണ്] അവ മുഖേന സങ്കീർണ സത്യങ്ങളിൽ എത്തിച്ചേരുവാൻ കഴിയും.
3. സത്യവാർത്ത / സത്യ പ്രസ്താവന :
ഇത് രണ്ടു തരമാണ്.
എ. അനിഷേധ്യ വാർത്ത / സത്യമാണെന്ന് നൂറു ശതമാനം ഉറപ്പു നൽകാൻ മാത്രം സമൃദ്ധമായ കണ്ണികളിലൂടെ /തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വാർത്ത.
ഉദാഹരണം : ഔറംഗസീബ് ഇന്ത്യ ഭരിച്ചു, മുഹമ്മദ് നബി (ﷺ) യുടെ കൈക്ക് നിരവധി അമാനുഷിക കാര്യങ്ങൾ പ്രകടമായി.
ബി. പ്രവാചകന്മാരുടെ [ഉപര്യുക്ത രീതിയിലൂടെ പ്രവാചകത്വം സ്ഥിരീകരിക്കപ്പെട്ടവരുടെ] പ്രസ്താവന. ഭൗതിക ശാസ്ത്രം പ്രധാനമായും ഒന്നാം ജ്ഞാന രീതിയെ ആശ്രയിക്കുന്നു. എന്നാൽ ശാസ്ത്ര രീതി മാത്രമാണ് ജ്ഞാന മാർഗ്ഗമെന്ന് കരുതുന്ന ചിലരുണ്ട്. വിചിത്രമെന്നു പറയാം ശാസ്ത്ര വാദികളെന്നോ ഭൗതിക വാദിളെന്നോ വിളിക്കപ്പെടാനല്ല , യുക്തിവാദികളെന്നു വിളിക്കപ്പെടാനാണ് അവർക്കും താൽപര്യം
ജ്ഞാന മാർഗ്ഗം ശാസ്ത്ര രീതി മാത്രമാണെന്ന പ്രസ്താവന പോലും സത്യത്തിൽ തത്വശാസ്ത്രപരമാണ്.ആ പ്രസ്താവന ശാസ്ത്ര രീതിയിലൂടെ അവർക്കു തെളിയിക്കാനാവില്ല. പ്രസ്താവന തന്നെ സ്വയം ഖണ്ഡിക്കുന്നുവെന്നു സാരം. ഇതു സംബന്ധമായ ഏതാനും സന്ദേഹങ്ങൾക്ക് നിവാരണം കുറിക്കാം.
സന്ദേഹം 1
മസ്ജിദുൽ ഹറാമിൽ നിന്ന് ബൈതുൽ മഖ്ദിസിലെ മസ്ജിദുൽ അഖ്സയിലേക്ക് നടന്ന പ്രവാചകരുടെ ഇസ്റാഉം അവിടെനിന്ന് സപ്ത ആകാശങ്ങളുടെ അപ്പുറത്തേക്ക് നടന്ന മിഅ്റാജും പ്രവാചകരുടെ ശത്രുവിൽ നിന്നാണ് സിദ്ദീഖ് റ ആദ്യമായി കേൾക്കുന്നത്, എന്നിട്ടും കേട്ട മാത്രയിൽ അദ്ദേഹം അത് വിശ്വസിച്ചുവെന്നും, അക്കാരണത്താൽ അദ്ദേഹത്തിന് സിദ്ദീഖ് എന്ന സ്ഥാനപ്പേര് ലഭിച്ചുവെന്നുമില്ലേ ?
നിവാരണം :
കേട്ടമാത്രയിൽ വിശ്വസിക്കുകയായിരുന്നില്ല. മറിച്ച്, അക്കാര്യം മുഹമ്മദ് നബി (ﷺ) പറഞ്ഞുവെന്ന് ഉറപ്പു വരുത്തിയിട്ടാണ് വിശ്വസിച്ചത്. എങ്കിൽ, അത് അന്ധവിശ്വാസമല്ല. പ്രത്യുത, മൂന്നാം ജ്ഞാന മാധ്യമം മുഖേന ലഭിച്ച ബോധ്യത്തിൽ അധിഷ്ഠിതമായ വിശ്വാസമാണ്.
നിലവിലെ ലോകക്രമമനുസരിച്ച് പലർക്കും ഇസ്റാഅ് മിഅ്റാജ് അവിശ്വസനീയമായ ഘട്ടത്തിൽ, അങ്ങനെ ലോകം സംവിധാനിച്ച അല്ലാഹുവിന്, തന്റെ ഇഷ്ടദാസനു വേണ്ടി ബദൽ സംവിധാനമേപ്പെടുത്താനും കഴിയുമെന്ന വ്യതിരിക്ത ബോധ്യത്തിൽ അതിവേഗം എത്താൻ അവർക്ക് കഴിഞ്ഞു. മുഹമ്മദ് നബി (ﷺ) പ്രസ്താവിച്ചോ ഇല്ലേ എന്ന് ബോധ്യപ്പെടുകയെന്ന കടമ്പ മാത്രമാണ് തന്റെ മുന്നിലുള്ളത്, മറ്റെല്ലാം വളരെ ലളിതം എന്ന ബുദ്ധിപൂർവ്വകമായ നിലപാട്, പരിഹാസക സമൂഹത്തോട് നിസ്സങ്കോചം തുറന്നു പറഞ്ഞതിന്റെ ആദരവായാണ് സിദ്ദീഖ് (ഏറെ സത്യസന്ധൻ) എന്ന സ്ഥാനപ്പേര് അവർക്കു ലഭിച്ചത്.
സന്ദേഹം 2
വൈരുധ്യം സംഭവിച്ചുവെന്ന് പ്രവാചകർ പറഞ്ഞതായി കേട്ടാലും അദ്ദേഹം അത് വിശ്വസിക്കുമായിരുന്നോ ?
നിവാരണം :
വൈരുദ്ധ്യം സംഭവിച്ചുവെന്ന് പ്രവാചകർ പറഞ്ഞുവെന്നാണു കേട്ടിരുന്നതെങ്കിൽ, പ്രവാചകരങ്ങനെ പറഞ്ഞോ എന്ന് ഉറപ്പു വരുത്താൻ സിദ്ദീഖ് റ നെപ്പോലോത്തവർ ശ്രമിക്കുകയില്ല. കാരണം; വൈരുദ്ധ്യം അസംഭവ്യമാണെന്നതു പോലോത്ത ലളിതവും സുഗ്രഹവുമായ സത്യം നിഷേധിക്കാൻ വന്നവരല്ല. മറിച്ച്, സത്യം മാത്രം പറഞ്ഞതിനാൽ സത്യസന്ധരായി വാഴ്ത്തപ്പെട്ടവരും സൃഷ്ടാവിനാൽ സത്യസന്ധത സ്ഥിരീകരിക്കപ്പെട്ടവരുമാണ് പ്രവാചകരെന്ന് അവർക്കറിയാം.
എന്നാൽ, മുൻചൊന്ന ഇസ്റാഅ്-മിഅ്റാജ് സാധാരണ പ്രാപഞ്ചിക വ്യവസ്ഥകൾക്ക് അതീതമാണെങ്കിലും അസംഭവ്യമൊന്നുമല്ല എന്ന് ബുദ്ധിശാലികൾക്ക് അനായാസം മനസ്സിലാക്കാം. വിശിഷ്യാ സിദ്ദീഖ് റ നെ പോലുള്ളവർക്ക്.
ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.
ഭീമാകാരനായ ഒരു ഗോളം അക്ഷത്തിൽ കറങ്ങുമ്പോൾ കേന്ദ്ര ബിന്ദുവിനു സമീപമുള്ള ബിന്ദുക്കൾ ഹൃസ്വസമയം (ഒരു സെകന്റ് / മൈക്രോ സെകന്റ് / നാനോ സെകന്റ്/...) കൊണ്ട് കുറഞ്ഞ ദൂരം സഞ്ചരിച്ച് ഒരു കറക്കം പൂർത്തിയാക്കുന്നു. ഗോളോപരിതലത്തിലെ ഓരോ ബിന്ദുവും അത്ര സമയത്തിനകം, ലക്ഷക്കണക്കിനു കിലോ മീറ്റർ സഞ്ചരിച്ചാണ് ഒരു കറക്കം പൂർത്തിയാക്കുന്നത്.
സന്ദേഹം 3
അന്ധ വിശ്വസം പര്യാപ്തമല്ലെന്ന അഹ്ലുസ്സുന്നയുടെ വീക്ഷണം അവരുടെ അമിത യുക്തിഭക്തിയും സാധാരണ ജനങ്ങളെ അവിശ്വാസികളായി മുദ്രകുത്താൻ ഹേതുവാകുന്നതുമല്ലേ ?
നിവാരണം :
ഇസ്ലാമിക വിശ്വാസകാര്യങ്ങളിൽ ദൃഢ വിശ്വാസമില്ലാത്തവനാണു അവിശ്വാസി. ഒരാളുടെ വിശ്വാസം അന്ധവിശ്വാസമായാൽ / പ്രമാണങ്ങൾ അറിയാതെ ആയാൽ പോലും അവനൊരു വിശ്വാസിയായി പരിഗണിക്കപ്പെടും, വിശ്വാസം ദൃഢവും വസ്തുതാപരവും ആയിരിക്കണമെന്നു മാത്രം.
എന്നാൽ ഈ വസ്തുതാപരമായ അന്ധവിശ്വാസം സ്ഥിരീകൃതവിശ്വാസമായി ഭവിക്കാൻ പ്രമാണം അഭ്യസിക്കൽ, പ്രാപ്തരായ ആളുകൾക്കു നിർബന്ധമാണെന്നു മാത്രമാണ് അഹ്ലുസ്സുന്ന പറയുന്നത്.
സ്ഥിരീകൃതവിശ്വാസം നടേ പറഞ്ഞ മൂന്നു മാധ്യമങ്ങളിൽ അധിഷ്ഠിതമാണ്. യുക്തി അതിൽ ഒന്നു മാത്രം. യുക്തിയിലൂടെ തന്നെ സ്ഥിരീകരിക്കേണ്ട കാര്യങ്ങളുമുണ്ട്
ഉദാ : ദൈവാസ്തിക്യം ദൈവദൂതരുടെ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കാൻ പറ്റില്ല കാരണം : അവർ ദൈവദൂതരാണെന്ന് സ്ഥിരീകരിക്കാൻ ആദ്യം ദൈവാസ്തിക്യം സ്ഥിരീകൃതമായിരിക്കണം.
പ്രമാണ പഠനം ബുദ്ധിശാലികൾക്കു മാത്രം ഗ്രാഹ്യമാകുന്ന ദാർശനിക രീതിയിൽ ആയിക്കൊള്ളണമെന്നൊന്നുമില്ല (അത് സാമൂഹിക ബാധ്യത മാത്രമാണ്) മറിച്ച്, സാധാരക്കാർക്കും സുഗ്രഹമാകുന്ന പ്രമാണങ്ങളും ആ ഗണത്തിൽ വരും.
ഉദാ: നിരക്ഷരനായ ഒരു മലയോര വാസിയോട് ചോദിക്കപ്പെട്ടു: അല്ലാഹുവിൽ വിശ്വസിക്കാൻ താങ്കൾക്കു പ്രചോദനമായ കാര്യമെന്ത്? അദ്ദേഹം പ്രതികരിച്ചു: ഒട്ടകകാഷ്ടം കണ്ടാൽ അത് കാഷ്ടിച്ച ഒരൊട്ടകമുണ്ടെന്ന് മനസ്സിലാകില്ലേ? കാൽപാടുകൾ ദൃഷ്ടിയിൽപെട്ടാൽ അതിലൂടെ ഒരാൾ നടന്നു പോയതായി മനസ്സിലാകില്ലേ? എങ്കിൽ താരനിബിഢമായ ആകാശവും മാമലകളും താഴ്വരകളും നിറഞ്ഞ ഭൂമിയും തിരമാലകളടിച്ചുയരുന്ന സമുദ്രവും സൂക്ഷമജ്ഞനായ അല്ലാഹു ഉണ്ടെന്നതിന് തെളിവല്ലേ?"
എങ്കിൽ, അന്ധമായി വിശ്വസിക്കേണ്ടി വരുന്നവർ താണ ധൈഷണിക നിലവാരം പുലർത്തുന്ന ന്യൂനാൽ ന്യൂനപക്ഷം മാത്രമാണ്. പ്രമാണ പഠനം അവർക്ക് നിർബന്ധവുമല്ല.
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി