സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday, 24 May 2023

ജിഹാദ്


 ഇന്ന് പലഭാഗത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദമാണ് ജിഹാദ്. ഞാന്‍ ചില പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ട് അതില്‍ പറയുന്നു: “ഇന്ത്യാ രാജ്യത്ത് മുസ്‌ലിംകള്‍ക്ക് ജീവിതം പ്രയാസമാണ്. അതുകൊണ്ട് എല്ലാവരും ജിഹാദിനൊരുങ്ങണം. ഇന്ത്യാ രാജ്യത്തെ പിടിച്ചടക്കാനല്ല; മറിച്ച് രാജ്യത്ത് മുസ്‌ലിംകള്‍ നേരിടുന്ന പ്രായസങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രതിരോധമാണ്. അതിനാല്‍ ജിഹാദിന് ആവശ്യമായ യുവാക്കളെ മാറ്റിനിര്‍ത്തുകയാണ് ഉലമാക്കള്‍ ചെയ്യേണ്ടത്. ഇവിടെ മുസ്‌ലിയാക്കന്മാര്‍ ചെയ്യുന്നത് വലിയ അബദ്ധമാണ്. ‘

“ഫത്ഹുല്‍ മുഈന്‍’ മുതല്‍ ശാഫിഈ ഇമാമിന്റെ “ഉമ്മ്’ വരെയുള്ള കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെല്ലാം ജിഹാദിനെ കുറിച്ചുള്ള അധ്യായം കാണാനാവും. ഹദീസുകളിലും ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന വചനങ്ങള്‍ കാണാം. ഇതെല്ലാം മൂടിവെച്ച് ജനങ്ങളെ ജിഹാദില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് പണ്ഡിതന്മാര്‍ എന്ന് ആരോപിക്കുന്ന ചിലരുണ്ട്. എന്താണ് വസ്തുത എന്ന് മനസ്സിലാക്കാതെയാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പ്രതിരോധമെന്ന് വിളിച്ചാലും മറ്റെന്തു വിളിച്ചാലും നമുക്കിവിടെ കാര്യങ്ങള്‍ വിലയിരുത്താനും അതനുസരിച്ച് നമ്മുടെ മതം എന്തു പറയുന്നു എന്ന് മനസ്സിലാക്കാനും സാധിക്കണം. വി എച്ച് പിയുടെ ഒരു ലഘുലേഖ ഞാന്‍ വായിച്ചിരുന്നു. അതില്‍ പറയുന്നു: “മുസ്‌ലിംകളുടെ ഖുര്‍ആനില്‍ 24 സൂക്തങ്ങള്‍ ജിഹാദിലേക്ക് ജനങ്ങളെ വിളിക്കുന്നു. ആ സൂക്തങ്ങള്‍ നിലനില്‍ക്കുന്ന ഖുര്‍ആനുള്ള കാലത്തോളം ഇവിടെ സമാധാനം ഉണ്ടാവുകയില്ല. അതുകൊണ്ട് ഖുര്‍ആന്‍ മുഴുവനും, അല്ലെങ്കില്‍ ആ സൂക്തങ്ങളെങ്കിലും മാറ്റിനിര്‍ത്തണം.’ ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ പ്രചരണങ്ങള്‍ക്ക് വളംവെച്ചു കൊടുക്കുകയാണ് മേല്‍പറഞ്ഞ വാദഗതിക്കാര്‍.
ലോകരാജ്യങ്ങള്‍ പരിശോധിക്കുമ്പോള്‍, ഇന്ത്യാ രാജ്യത്തെപ്പോലെ സ്വതന്ത്രമായ ഇസ്‌ലാമിക പ്രവര്‍ത്തനം സാധ്യമാകുന്ന ഒരു രാജ്യവുമില്ല. ഞാന്‍ ധാരാളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ബദ്‌റു സാദാത്ത് ഖലീല്‍ തങ്ങളും ധാരാളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവരെല്ലാം പറയുന്നത് ഇതേ കാര്യമാണ്. മതപരമായ പ്രവര്‍ത്തനങ്ങള്‍ ഇന്ന് നമ്മള്‍ നടത്തുന്നതു പോലെ നടത്താന്‍ സൗകര്യമുള്ള ഒരൊറ്റ രാജ്യവുമില്ല. നമ്മുടെ രാജ്യത്ത് ഇന്ന് നടക്കുന്ന രീതിയിലുള്ള സംഘടന പ്രവര്‍ത്തനങ്ങളൊക്കെ എവിടെയാണ് നടക്കുക? നമുക്ക് പരിചയമുള്ള രാജ്യങ്ങള്‍ പരിശോധിച്ചു നോക്കൂ. യു എ ഇ, ഖത്തര്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, മലേഷ്യ, സിംഗപ്പൂര്‍ അവിടെയൊന്നും ഇങ്ങനെ പ്രവര്‍ത്തിക്കാനാവില്ല. ഇവിടെ പണ്ഡിതന്മാരുടെ സംഘടന, സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുണ്ട്. അതില്‍ ധാരാളം പണ്ഡിതന്മാര്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാ തലത്തിലും മറ്റും കീഴ്ഘടകങ്ങളുണ്ട്. അവിടെയും പണ്ഡിതന്മാര്‍ പ്രവര്‍ത്തിക്കുന്നു. എല്ലാവരും ചേര്‍ന്ന് ഉലമ സമ്മേളനം നടത്തി. രാജ്യത്തിന്റെ പലയിടങ്ങളിലും പണ്ഡിതന്മാര്‍ സംഗമിക്കുന്നു. ഈ രീതിയില്‍ സംഗമിക്കാന്‍ ഇസ്‌ലാമിക രാജ്യങ്ങളിൽ കഴിയുമോ?

നാട്ടില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാര ശേഷം പള്ളിയിൽവെച്ച് ഒരു വിദ്യാര്‍ഥിക്ക് പ്രസംഗിക്കാൻ, മൈക്ക് ഉപയോഗിക്കാന്‍ അനുമതിയുണ്ട്. പുറത്തേക്ക് മാത്രമേ പെര്‍മിറ്റ് ആവശ്യമുള്ളൂ. ആരും തടയുന്നില്ല. വിദേശ രാജ്യങ്ങളിലെ സ്ഥിതി അന്വേഷിച്ചുനോക്കൂ. ഒരു സ്ഥലത്തും മൈക്ക് ഇല്ലാതെ തന്നെ പ്രസംഗിക്കാനാവില്ല. ഞാനോര്‍ക്കുന്നു, ഏകദേശം പത്തുവര്‍ഷം മുമ്പ്, യു എ ഇയില്‍ ചെന്നപ്പോഴുള്ള അനുഭവം. അവിടെ പ്രസംഗിക്കാന്‍ ഔഖാഫിന്റെ സമ്മതം വേണം. അവിടെയുള്ള ചിലരെയും കൂട്ടി ഔഖാഫിന്റെ ഓഫീസില്‍ പോയി. മസ്ജിദ് ജമാല്‍ ഫാത്വിമ പള്ളിയില്‍ പ്രസംഗിക്കാനുള്ള അനുവാദത്തിനായി രജിസ്റ്റര്‍ ചെയ്തു. നിങ്ങള്‍ വിളിക്കുമ്പോള്‍ വന്നാൽ മതി എന്ന മറുപടി ലഭിച്ചു. അവരുടെ പരിശോധന കഴിഞ്ഞ് മറുപടി വന്നു: നിശ്ചയിക്കപ്പെട്ട ദിവസം ജമാല്‍ ഫാത്വിമ പള്ളിയില്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ മതപ്രസംഗം നടത്തുന്നതില്‍ നമുക്ക് തടസ്സമില്ല. പക്ഷേ, നിബന്ധനകളുണ്ട്. തര്‍ക്ക വിഷയങ്ങളൊന്നും പറയാന്‍ പാടില്ല. ഭരണപരമായ കാര്യങ്ങള്‍ പരാമർശിക്കാൻ പാടില്ല. പണം സമാഹരിക്കാൻ പാടില്ല. ഈ നിബന്ധനകളോടെ സംസാരിക്കാന്‍ നമുക്ക് സമ്മതമാണ്. ഈ സമ്മതം കിട്ടാന്‍ വേണ്ടി എത്ര പാടുപെടേണ്ടി വന്നു. നമ്മുടെ രാജ്യത്തെ ഏതെങ്കിലും പള്ളിയില്‍ പ്രസംഗിക്കാന്‍ നമുക്ക് കാലേക്കൂട്ടിയുള്ള സമ്മതം ആവശ്യമുണ്ടോ? ചിലപ്പോ പള്ളിയിലെ മുഅദ്ദിനോട് ചോദിക്കേണ്ടി വരും. അദ്ദേഹം അന്ന് വേറാരെങ്കിലും പ്രസംഗിക്കാനുണ്ടെങ്കില്‍ അടുത്ത ആഴ്ച വരാന്‍ പറയും. ഇതല്ലാതെ നമുക്ക് എന്തു തടസ്സമാണുള്ളത്. ഇതൊന്നും മറ്റൊരു രാജ്യത്ത് നടക്കില്ല. നമ്മള്‍ നോളജ് സിറ്റി നടത്തുന്നു. മര്‍കസ് പോലെ നിരവധി സ്ഥാപനങ്ങള്‍ വലിയ തോതില്‍ നടത്തുന്നു. സമ്മേളനങ്ങള്‍ നടത്തുന്നു. ഇതെല്ലാം നടക്കുന്ന രാജ്യമാണിന്ത്യ.
ഇന്ത്യാരാജ്യത്തിലെ ഭൂപ്രദേശങ്ങള്‍ നോക്കൂ. മുന്‍കാലങ്ങളില്‍ മുസ്‌ലിംകൾ ഭരിക്കാത്ത ഏതെങ്കിലും ഇടം ഇന്ത്യയിലുണ്ടോ? 800 കൊല്ലം മുഗളന്മാര്‍ ഇന്ത്യ ഭരിച്ചിരുന്നു. വടക്കെ ഇന്ത്യയുടെ ഭൂരിഭാഗവും അവരുടെ കീഴില്‍ വന്നിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണ ഭാഗത്തെ പ്രദേശങ്ങള്‍ ടിപ്പു സുല്‍ത്താന്റെ ഭരണത്തിനു കീഴില്‍ വന്നിരുന്നു. ഹൈദരാബാദ് രാജ്യങ്ങള്‍ അന്നത്തെ രാജാവായിരുന്ന നിളാമുദ്ദീന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ വന്നതാണ്. നോക്കുമ്പോള്‍ ഇന്ത്യയിലെ ഒരിടവും മുന്‍കാലങ്ങളില്‍ മുസ്‌ലിം രാജാക്കന്മാര്‍ ഭരിക്കാത്തതില്ല.

തുഹ്ഫയില്‍ ജിഹാദിന്റെ ബാബില്‍ പറയുന്നത് കാണാം: ഒരു മുസ്‌ലിമിന്റെ അധികാരത്തിനു കീഴില്‍ ഒരു പ്രദേശം വന്നാല്‍ ആ രാജ്യം ഇസ്‌ലാമിക കാഴ്ചപ്പാടുള്ള ദാറുല്‍ ഇസ്‌ലാം ആണ്. അവിടെ ഇസ്‌ലാമിക ഭരണം നടന്നോളണം എന്നില്ല. ഈ കാലങ്ങളിലൊക്കെ മുസ്‌ലിം ഭരണാധികാരികള്‍ ഭരിച്ചു എന്നത് മാറ്റിവെച്ചാല്‍ ഇസ്‌ലാമിക ഭരണം എന്നു പറയാന്‍ പറ്റില്ലല്ലോ? അത് വേണമെന്നുമില്ല. എന്നാലും ദാറുല്‍ ഇസ്‌ലാം ആകും. ആ ദാറുല്‍ ഇസ്‌ലാം ആയത് പിന്നെ ദാറുല്‍ കുഫ്‌റ് ആയി മാറുമോ, ഇല്ലേ? ശാഫിഈ മദ്ഹബ് പ്രകാരം ഒരു കാലത്ത് ദാറുല്‍ ഇസ്‌ലാം ആയത് പിന്നെ ഒരു കാലത്തും ദാറുല്‍ കുഫ്‌റ് ആയി മാറില്ല എന്നാണ്. അബൂ ഹനീഫയുടെ(റ) മദ്ഹബ് പ്രകാരം ഇസ്‌ലാമിക ചിഹ്നങ്ങളൊക്കെ പോയി കുഫ്‌റിന്റെ ചിഹ്നങ്ങളെ കൊണ്ട് നിറഞ്ഞാൽ ദാറുല്‍ ഇസ്‌ലാം ദാറുല്‍ കുഫ്‌റായി മാറും. ഇന്ത്യാരാജ്യത്ത് അത്തരത്തിലുള്ള ഒരു കാലഘട്ടം വന്നിട്ടേയില്ല. ജുമുഅ പാടില്ല എന്നൊരു നിരോധനം നമ്മുടെ രാജ്യത്ത് വന്നിട്ടുണ്ടോ? ജമാഅത് പാടില്ല, പെരുന്നാള്‍ നിസ്‌കാരം അനുവദിക്കില്ല, റമളാനില്‍ തറാവീഹ് പറ്റില്ല തുടങ്ങിയവയൊന്നും നമ്മുടെ രാജ്യത്തുണ്ടായിട്ടില്ല. അന്നും ഇന്നും ഇസ്‌ലാമിന്റെ ശിആറുകള്‍ രാജ്യത്ത് നടക്കുന്നുണ്ട്.

ഉസ്‌ബെക്കിസ്ഥാനില്‍ നോക്കൂ. അത് പഴയ കാലത്തെ ദാറുല്‍ ഇസ്‌ലാം ആണ്. യാതൊരു തര്‍ക്കവുമില്ല. ഉമറിന്റെ(റ) ഭരണകാലത്തും തൊട്ടടുത്ത കാലങ്ങളിലുമായി ഉസ്‌ബെക്കിസ്ഥാനും സമീപ രാജ്യങ്ങളും ഇസ്‌ലാമിന്റെ കീഴില്‍ വന്ന രാജ്യങ്ങളാണ്. പക്ഷേ, 1916 മുതല്‍ സോവിയറ്റ് യൂണിയന്‍ പത്തുപന്ത്രണ്ട് രാജ്യങ്ങള്‍ ചേർത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിശ്വാസമനുസരിച്ചുള്ള രാജ്യമാക്കി മാറ്റി. അങ്ങനെ വന്നപ്പോള്‍ 98%വും മുസ്‌ലിംകള്‍ മാത്രം താമസിക്കുന്ന ഉസ്‌ബെക്കിസ്ഥാനില്‍ നിസ്‌കാരമില്ല, ജമാഅതില്ല, ജുമുഅയില്ല, എല്ലാം നിരോധിക്കപ്പെട്ടു. സ്വകാര്യമായി വീട്ടില്‍ നിസ്‌കരിക്കുന്നതു വരെ തടയപ്പെട്ടു. ഉസ്‌ബെക്കിസ്ഥാന്‍ സന്ദര്‍ശിച്ചാല്‍ ഇതൊക്കെ മനസ്സിലാവും. ഇമാം ബുഖാരിയുടെ രാജ്യമാണത്. ബുഖാരി ഇമാമിന്റെ മഖ്ബറ അവിടെയാണ്. ഇമാം ബുഖാരിയുടെ മദ്‌റസ ഇന്നും അവിടെ, ആ പഴയ കെട്ടിടം, നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ ഇവര്‍ ഭരിച്ചപ്പോഴും പള്ളികളൊന്നും പൊളിക്കപ്പെട്ടിട്ടില്ല. എല്ലാ പള്ളികളും നിലനില്‍ക്കുന്നുണ്ട്. പക്ഷേ, പള്ളിയില്‍ നിസ്‌കാരമില്ല. മതപരമായ കര്‍മങ്ങളൊന്നുമില്ല. ഇമാം ബുഖാരിയുടെ മഖ്ബറയോട് ചേര്‍ന്നുള്ള വലിയ പള്ളി വെറുതെ കിടക്കുന്നു. പക്ഷേ, പള്ളിയെ ഒന്നും ചെയ്തിട്ടില്ല. അത്തരം സാഹചര്യങ്ങളൊക്കെ ചേര്‍ത്തു നോക്കുമ്പോള്‍ നമ്മുടെ ഇന്ത്യാ രാജ്യത്ത് എത്ര സ്വതന്ത്രമാണ്.

ഈ സ്വാതന്ത്ര്യം കൂടെ ഇല്ലായ്മ ചെയ്യാനാണ് ജിഹാദ് വാദികള്‍ ശ്രമിക്കുന്നത്. നിങ്ങള്‍ നോക്കൂ. ജിഹാദ് വാദികള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ പഠിച്ച് പ്രവര്‍ത്തിച്ച ആളുകളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? ആ അവസ്ഥ വരിക്കേണ്ട ആവശ്യം നമുക്കില്ല. നമ്മുടെ മുമ്പില്‍ വ്യക്തമായ വഴിയുണ്ട്. ഇന്ത്യയുടെ ഭരണഘടന ലോകത്തു തന്നെ തുല്യതയില്ലാത്ത ഭരണഘടനയാണ്. എല്ലാ രാജ്യങ്ങളും അതിനെ പ്രശംസിക്കുന്നു. മുസ്‌ലിംകൾക്കിവിടെ വല്ല ഭീഷണിയും ഉണ്ടായാല്‍ നേരിടാനുള്ള മാര്‍ഗം നമ്മുടെ ഭരണഘടന അനുസരിച്ച് മുന്നോട്ടുപോവലാണ്. എന്നല്ലാതെ വാളും കത്തിയും തോക്കുമെടുത്ത് ഇറങ്ങലല്ല. കുറെ അമുസ്‌ലിംകളെ കൊന്നൊടുക്കണമെന്ന് ആരു പറഞ്ഞതാ? നമ്മുടെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത് നോക്കൂ: ജിഹാദ് കൊണ്ടുള്ള ഉദ്ദേശ്യം അമുസ്‌ലിംകളെ കൊന്നുകളയുക എന്നതല്ല. സന്മാര്‍ഗ സിദ്ധി ലഭ്യമാക്കുക എന്നതാണ്. ജിഹാദില്ലാതെ സന്മാര്‍ഗം സാധ്യമാകുന്ന പക്ഷം അതാണ് ഏറ്റവും നല്ലത്. ആളുകളെ കൊല്ലുന്നത് ഇസ്‌ലാമിന്റെ ലക്ഷ്യമല്ല. മാത്രമല്ല, മറ്റു ജീവജാലങ്ങള്‍, കൃഷികള്‍ തുടങ്ങിയവ നശിപ്പിക്കുന്നതും റസൂല്‍ ഗൗരവമായി കണ്ടു.
ഇന്നത്തെ ഓരോ യുദ്ധങ്ങളും രാജ്യത്തെ ചുട്ട് ചാമ്പലാക്കലാണ്. എന്തു ജിഹാദാണിത്? അങ്ങനെ ഒരു ജിഹാദ് ഇസ്‌ലാം പരിചയപ്പെടുത്തിയിട്ടില്ല. അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടന്ന യുദ്ധങ്ങള്‍ നോക്കൂ. അത്തരം യുദ്ധങ്ങള്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഞാന്‍ നേരത്തെ പറഞ്ഞ വി എച്ച് പിക്കാര്‍ ലഘുലേഖയില്‍ പറഞ്ഞത്, ഖുര്‍ആനില്‍ 24 സൂക്തങ്ങള്‍ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ട് ഖുര്‍ആൻ കണ്ടുകെട്ടണം. അല്ലെങ്കില്‍ 24 സൂക്തങ്ങളെങ്കിലും കണ്ടുകെട്ടണം എന്നാണ്. പക്ഷേ, ഖുര്‍ആനില്‍ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന 24 വചനങ്ങള്‍ക്കു മുമ്പ് അതിന്റെ മൂന്നിരട്ടി, 72 വചനങ്ങള്‍ ജിഹാദില്‍ നിന്ന് പിന്തിരിപ്പിക്കുന്നതാണ്. കൈയാങ്കളിയിലേക്ക് പോകണ്ട എന്നിടത്തേക്കാണ് ഇസ്‌ലാം എത്തുന്നത്. മക്കത്തുള്ള ബഹുദൈവാരാധകര്‍ ഇസ്‌ലാമിനെതിരെ അക്രമങ്ങള്‍ നടത്തിയപ്പോഴെല്ലാം അവരോട് ആയുധം കൊണ്ട് യുദ്ധം ചെയ്യാതിരുന്നതിന് പണ്ഡിതന്മാര്‍ പറയുന്ന കാരണം ശ്രദ്ധേയമാണ്: “അവരെല്ലാം നിരക്ഷരരാണ്. വിദ്യാഭ്യാസവും അറിവും എഴുത്തും വായനയും ഒന്നുമറിയില്ല. അക്ഷരം കൊണ്ട് തര്‍ക്കിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആയുധം കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയാണവര്‍. ഇരുഭാഗത്തും പണ്ഡിതന്മാരിരുന്ന് ചര്‍ച്ച നടത്തുകയാണെങ്കില്‍ അതെത്ര നീണ്ടു പോയാലും അക്രമാസക്തമാകില്ല. എന്റെ ചെറുപ്പത്തില്‍ ശൈഖുനാ ഇ കെ ഹസന്‍ മുസ്‌ലിയാര്‍ ചേകന്നൂരുമായി നടത്തിയ ഒരു വാദപ്രതിവാദം ഞാനോര്‍ക്കുന്നു. രാത്രി 9 മണിക്കാണ് തുടങ്ങിയത്. വാദപ്രതിവാദം പിറ്റേന്ന് ഉച്ചക്ക് ഒരു മണിവരെ നീണ്ടു. രണ്ടാളും തങ്ങളുടെ വാദങ്ങള്‍ വെച്ച് വാദിച്ചു. മറുപടി പറഞ്ഞു.

അതേസമയം ഇങ്ങനെയൊരു ചര്‍ച്ച അറിവില്ലാത്തവർ തമ്മിൽ പീടികത്തിണ്ണയില്‍ വെച്ച് നടക്കുന്നുവെന്ന് വിചാരിക്കുക. രണ്ടോ മൂന്നോ മിനുറ്റുകള്‍ കഴിയുമ്പോഴേക്ക് മിക്കവാറും അടിയില്‍ കലാശിക്കും.

ആയുധം ഉപയോഗിക്കേണ്ടിവരുന്നത് വിവരക്കേടില്‍ നിന്നാണ്. വിവരമുള്ളവര്‍ക്ക് നല്ല വാക്കുകൾ കൊണ്ട് പൊരുതാനും നല്ലവഴിക്ക് കൊണ്ടുവരാനും തെറ്റായ ആശയങ്ങളെ തടയാനും കഴിയും. തഫ്താസാനി ഇമാമിന്റെ വരികളുടെ താല്പര്യമാണ് ഞാനിപ്പറയുന്നത്. വിശ്വാസകാര്യങ്ങള്‍ രേഖപ്പെടുത്തിയവരാണല്ലോ ഇമാം തഫ്താസാനി.

നമ്മുടെ രാജ്യത്ത് കൈയാങ്കളിയുടെ ആവശ്യമില്ല. ഇവിടെ ഭരണഘടന സുരക്ഷിതമാണ്. ആ ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകുക. അത് സംരക്ഷിക്കാൻ എവിടെയൊക്കെ പോവണമോ അവിടെയൊക്കെ പോവണം. ഇന്ത്യയുടെ ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് നമുക്ക് ചെയ്യാവുന്നത് ചെയ്യുകയല്ലാതെ പ്രതിരോധത്തിന്റെ പേരു പറഞ്ഞ് ആയുധമെടുക്കേണ്ട ആവശ്യമില്ല. അങ്ങനെ ഇസ്‌ലാം പറഞ്ഞിട്ടുമില്ല. ഇസ്‌ലാമിക പണ്ഡിതന്മാരുടെ വീക്ഷണമാണ് ഞാന്‍ അവതരിപ്പിച്ചത്. ഇമാം സുബുകി തങ്ങള്‍ അവിടത്തെ ഫതാവയില്‍ പറയുന്നത് അമുസ്‌ലിംകൾ ചിലപ്പോള്‍ മനംമാറ്റം വന്ന് ഇസ്‌ലാമിലേക്ക് വന്നേക്കാം എന്നാണ്. കൊല്ലാന്‍ സമ്മതം ചോദിച്ച പലരോടും റസൂല്‍ പറഞ്ഞു: വേണ്ട കൊല്ലരുത്. അവര്‍ പിന്നീട് ഇസ്‌ലാമിന്റെ പാതയിലേക്ക് വരുന്നു. ഇന്നും ഇസ്‌ലാമിക നിലപാട് കണ്ട് പലരും ഇസ്‌ലാമിലേക്ക് വരുന്നു. നേരെ മറിച്ച് ഇന്ന് ജിഹാദി വാദികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിനെ കുറിച്ച് തെറ്റിദ്ധരിക്കാനുള്ള കാരണമാണ്. പുറത്തുള്ളവര്‍ ഇസ്‌ലാമിനെ പഠിച്ചിട്ടില്ല. അതാത് കാലത്തെ മുസ്‌ലിംകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ട് ഇസ്‌ലാമിനെ അവര്‍ വിലയിരുത്തും.

നമ്മുടെ രാജ്യത്ത് പല തരത്തിലുള്ള ജനങ്ങളുണ്ട്. എല്ലാ അമുസ്‌ലിംകളുമായും മുസ്‌ലിംകള്‍ ജിഹാദ് നടത്തുകയെന്ന ഒരു സംഭവം ഇല്ല. ഇസ്‌ലാമിക രാജ്യത്ത് അവിടെത്തെ മുസ്‌ലിംകളോട് കൂടെ താമസിക്കുന്ന എത്രയോ അമുസ്‌ലിംകളുണ്ടാവും. ഈ അമുസ്‌ലിംകളില്‍ പല ഇനക്കാരുമുണ്ട്. ദിമ്മിയായ കാഫിര്‍ എന്ന ഒരു വിഭാഗമുണ്ട്. അവരധികവും ജൂതന്മാരും ക്രിസ്ത്യാനികളുമാണ്. അവര്‍ ഭരണകൂടത്തോട് നിങ്ങൾ രാജ്യത്ത് ഞങ്ങളും താമസിക്കാം, ഞങ്ങളെ കൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാവില്ല, ഞങ്ങളിവിടെ കുഴപ്പവും കലാപവും ഉണ്ടാക്കില്ല എന്നു പറഞ്ഞ് താമസിക്കാന്‍ അനുമതി വാങ്ങും. ഭരണകൂടം അവര്‍ക്ക് അനുമതി കൊടുക്കും. അവര്‍ ആ രാജ്യത്ത് താമസിക്കുന്നു. അവരോട് യുദ്ധം ചെയ്യാന്‍ പാടില്ല.

മറ്റൊരു വിഭാഗം, അവര്‍ കീഴില്‍ നില്‍ക്കാമെന്നല്ല, നമ്മോട് വന്ന് സംരക്ഷണം ആവശ്യപ്പെട്ടു. ഖുര്‍ആന്‍ പറയുന്നുണ്ട്. “നബിയേ അവരില്‍ ഒരാള്‍ വന്ന് നിങ്ങളോട് സംരക്ഷണം ചോദിച്ചാല്‍ അവര്‍ക്ക് നല്‍കുക.’ “അയാൾക്ക് സമാധാനമുള്ള സ്ഥലത്തേക്ക് എത്തിച്ചു കൊടുക്കുക.’ എവിടെയും പ്രയാസപ്പെടാന്‍ പാടില്ല.
മറ്റൊരു വിഭാഗം, മുആഹദ് എന്നു പറയും. അവരില്‍ പെട്ട നേതാക്കള്‍ നമ്മുടെ നേതാക്കളുമായി വന്ന് കരാറിലേര്‍പ്പെട്ടു. ഈ പരിസരത്ത് നമ്മള്‍ തമ്മില്‍ കലഹങ്ങളില്ല. നമ്മള്‍ തമ്മില്‍ ആദരിച്ചു നില്‍ക്കാം. അക്രമമില്ല. അവരോടും യുദ്ധം ചെയ്യാന്‍ പാടില്ല. ഇത്തരം കാര്യങ്ങളൊക്കെ നമ്മുടെ നാട്ടിലുണ്ടായിരുന്നു. ഒരു ജാഥ പോകുമ്പോള്‍ നമ്മുടെ പള്ളിയുടെ അടുത്തെത്തുമ്പോള്‍ ഒന്ന് നിര്‍ത്തും. മുദ്രാവാക്യങ്ങള്‍ നിര്‍ത്തും. പള്ളി കഴിഞ്ഞ് പുനരാരംഭിക്കും. നമ്മളും അങ്ങനെത്തന്നെ. എന്തെങ്കിലും പരിപാടി നടത്തുമ്പോള്‍ അമ്പലത്തിനടത്തുമ്പോൾ ഇതേ പരിഗണന കൊടുക്കും. ഇങ്ങനെ രണ്ടു കൂട്ടരും സൗഹാര്‍ദത്തില്‍ പോയിരുന്ന കാലം. ഈ കാലങ്ങളൊക്കെ നമുക്കോര്‍മയുണ്ട്. 20-25 വയസ്സുള്ളവര്‍ക്ക് ചിലപ്പോള്‍ അനുഭവമുണ്ടാകില്ല. ഈ അന്തരീക്ഷമൊക്കെ ഇല്ലായ്മ ചെയ്ത് കുഴപ്പമുണ്ടാക്കി. ജനങ്ങളെ രംഗത്തിറക്കുകയാണ് ജിഹാദ് വാദികള്‍ ചെയ്യുന്നത്. ജിഹാദിനെ പറ്റി പഠിക്കണം. ജിഹാദ് ഇസ്‌ലാമിക രാജ്യത്ത് മുസ്‌ലിം ഭരണാധികാരിയുടെ കീഴില്‍ നടക്കേണ്ടതാണ്. കണ്ടവരൊക്കെ ആയുധമെടുത്ത് ഇറങ്ങലല്ല.

നമ്മള്‍ ഒരു സംഘട്ടനത്തിനിറങ്ങരുത്. അങ്ങനെയൊരു ശീലം നമുക്കില്ല. നാം സമാധാനത്തിന്റെ ആളുകളാണ്. നല്ല ഉപദേശങ്ങള്‍ കൊടുത്ത് ജനങ്ങളില്‍ പരിവര്‍ത്തനം ഉണ്ടാക്കാന്‍, എത്ര തെറ്റുകാരനാണെങ്കിലും നന്നാക്കിയെടുക്കാന്‍ കഴിയുമെന്നതില്‍ ഒരു സംശയവുമില്ല. നമ്മള്‍ നല്ലത് പ്രവര്‍ത്തിക്കുകയും ആ നന്മയിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും വേണം. ഉപദേശം ജനങ്ങളോട് പറയും നമ്മള്‍ ചെയ്യുന്നതെല്ലാം നേരെ മറിച്ചുമായിരിക്കും. അത് ഫലപ്പെടില്ല. ഉറപ്പാണ്.
ബഹുമാനപ്പെട്ട സിദ്ദീഖ്(റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ഖിലാഫതും ഇമാമതും വ്യത്യാസമുണ്ട്. റസൂല്‍(സ്വ) പറഞ്ഞു: ഖിലാഫത് എന്റെ കാല ശേഷം 30 വര്‍ഷമാണ്. അങ്ങനെ പറയാന്‍ കാരണം ഖിലാഫത് എന്നത് റസൂല്‍ ഇവിടെ സ്ഥാപിച്ചതു പോലെയുള്ള ഭരണം എന്നാണര്‍ഥം. അത് മുപ്പത് കൊല്ലമാണ്. ബഹുമാനപ്പെട്ട അലിയുടെ(റ) ഭരണകാലം കഴിയുമ്പോള്‍ ഇരുപത്തിയൊമ്പതര കൊല്ലം പൂര്‍ത്തിയായി. ഏകദേശം മുപ്പത് എന്ന് പറയാമല്ലോ, ആറു മാസം കൂടെ. അതാണ് ഖുലഫാഉറാശിദീനിന്റെ ഭരണകാലം. അവരുടെ ഭരണം ശരിയായ ഖിലാഫത് ആയിരുന്നു. മുപ്പത് പൂര്‍ത്തിയാവുന്നത് ഹുസൈന്റെ(റ) ആറുമാസക്കാലത്തോടെയാണ്. അതും കൂടെ ചേര്‍ക്കാം. അതിനു ശേഷം പിന്നെ രാജഭരണവും അധികാരവുമായിരിക്കുമെന്നാണ് റസൂലിന്റെ വാക്ക്.
സിദ്ദീഖിനെ(റ) ഖലീഫയായി തിരഞ്ഞെടുത്തപ്പോള്‍ എല്ലാവരും ഉടമ്പടി ചെയ്തു. ഉമറുല്‍ ഫാറൂഖ് ഖലീഫയായി വരുമ്പോള്‍ സിദ്ദീഖിന്(റ) ശേഷം ഉമര്‍(റ) ഭരിക്കണം എന്ന് അഹ്ദ്/ കരാര്‍ ചെയ്തു. അങ്ങനെ ഉമര്‍ (റ) ഖലീഫയായി. പിന്നീട് ഉമര്‍(റ) ആറാളുകളെ തിരഞ്ഞെടുത്തു ഇവരില്‍ ഒരാളെ ഖലീഫയാക്കുക. ആ ആറാളുകള്‍ക്ക് അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫാണ്(റ) ലീഡര്‍. അവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉസ്മാനു ബ്‌നു അഫ്ഫാനെ(റ) ഖലീഫയായി തിരഞ്ഞെടുത്തു. ഈ രീതിയിലല്ലാതെ ഭരണാധികാരിയെ അക്രമിച്ച് ഭരണം കൈയാളുന്ന രീതിയുണ്ട്. തഅല്ലുബ് എന്നാണ് പറയുക. ഈ വക സംഭവങ്ങളൊന്നും നമ്മുടെ ഇന്ത്യാ രാജ്യത്തില്ല.
നമുക്കിവിടെ മുസ്‌ലിംകളായി ജീവിക്കണം. അതിനുള്ള വഴി വേണം. ആ വഴി ഇവിടെ അടഞ്ഞിട്ടുണ്ടോ, ഇല്ല. മുസ്‌ലിംകള്‍ക്ക് ഇസ്‌ലാം പറയുന്ന രീതിയില്‍ ജീവിക്കാന്‍ ഇവിടെ തടസ്സമില്ല. എവിടെയെങ്കിലും പ്രാദേശികമായി കലാപമുണ്ടായി, കലഹമുണ്ടായി എന്ന് പറഞ്ഞാല്‍ അത് രാജ്യത്തിന്റെ പ്രശ്‌നമായി കാണരുത്. ഒരു സമാധാനപരമായ നിലപാട് നാം സ്വീകരിച്ചാല്‍ നമ്മുടെ മേല്‍ ആരും ചാടിക്കേറില്ല. നമ്മുടെ പ്രവര്‍ത്തനത്തിലും വാക്കിലുമെല്ലാം ആ നന്മ വേണം. അതില്ലാത്തതാണ് ഇന്ന് നടക്കുന്ന എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.

കുഴപ്പങ്ങളുണ്ടെങ്കിലും മറ്റൊരു രാജ്യത്തും ഇതുപോലെ സാധ്യമല്ലെന്ന് നമുക്ക് ബോധ്യമുണ്ട്. ഇസ്‌ലാമിക രാജ്യമല്ലാത്ത രാജ്യങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. അവര്‍ക്ക് മതപരമായി സംഗമിക്കാന്‍ കഴിയുന്നുണ്ടോ? അവിടെ ഭരണം ഇസ്‌ലാമിക ഭരണമല്ല. എന്നിട്ട് നമ്മുടെ രാജ്യം പോലെ വല്ലതും നടക്കുന്നുണ്ടോ. നമ്മുടെ സംഘടനകള്‍ പോലെ ഒന്നും അവിടെയില്ല. അതൊന്നും നടത്താന്‍ ഗവണ്‍മെന്റ് അനുമതിയുമില്ല. സ്വദേശികള്‍ക്കുമില്ല. വിദേശികള്‍ക്കുമില്ല. ഭരണം നടത്തുന്നത് ഞങ്ങളല്ലേ, വേണ്ടതൊക്കെ ഞങ്ങള്‍ ചെയ്തുതരും. നിങ്ങളെന്തിനാ കുഴപ്പം ഉണ്ടാക്കുന്നത് എന്നാണവരുടെ ഭാഷ്യം. ഈ അവസ്ഥ ഇന്ത്യയിലുണ്ടോ? ഇവിടെ മോഡി ഭരിക്കുന്നു. എന്നാലും നമ്മുടെ വിഷയങ്ങളൊക്കെ നടക്കുന്നില്ലേ. ഞാന്‍ മോഡിയെ നന്നാക്കി പറഞ്ഞു എന്നല്ല വ്യാഖ്യാനിക്കേണ്ടത്, അതല്ല അതിന്റെ അര്‍ഥം. ഇസ്‌ലാം ഇവിടെ ഒരു തടസ്സവുമില്ലാതെ നിർവിഘ്നം നടന്നു പോകുന്നു. ആ നന്മ ഇല്ലായ്മ ചെയ്യുന്നതിന്ന് നമ്മുടെ പ്രവര്‍ത്തനം ഇടയാകരുത് എന്നാണ് ഞാന്‍ പറഞ്ഞതിന്റെ താത്പര്യം.

എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളന പ്രസംഗത്തിൽ നിന്ന് .