بِسْمِ اللّهِ الرَّحْمـَنِ
الرَّحِيمِ
الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മുഹമ്മദ് നബി(സ)
മുഹമ്മദ് (സ) നാല്പതാം വയസ്സിലേക്ക് പ്രവേശിച്ചു. വർഷത്തിൽ ഒരുമാസം
-റമളാനിൽ- പൂർണ്ണമായും ജനങ്ങളിൽ നിന്നും മറ്റു കുടുംബബന്ധങ്ങളിൽ നിന്നും
മുക്തമായി മക്കയുടെ അടുത്തുള്ള ഒരു മലമുകളിൽ -ഹിറാഗുഹയിൽ- ഒഴിഞ്ഞിരുന്ന്
ആരാധിക്കുകയായിരുന്നു അവിടുന്ന് ചെയ്തിരുന്നത്. ജീവൻ നിലനിറുത്താനാവശ്യമായ
അല്പം ഭക്ഷണവും കൂടെ കരുതിയിരുന്നു .
പതിവുപോലെ ഒരു റമളാനിൽ നബി(സ) ഹിറാഗുഹയിൽ ഇബാദത്തിൽ മുഴുകിയിരുന്നപ്പോൾ
ഒരപരിചിതൻ കൈയിൽ ഒരേടുമായി കയറിവന്നു. മുഹമ്മദ്(സ) ചിന്തയിൽ നിന്നുണർന്ന്
ബോധവാനായിപ്പോൾ അദ്ദേഹം
ആജ്ഞാപിച്ചു. "വായിക്കൂ". മുഹമ്മദ്(സ) ഉണർത്തി. "ഞാൻ വായിക്കുന്നവനല്ല".
ഉടനെ ആഗതൻ നബി(സ)യെ പിടിച്ചു ശക്തിയായെന്നു ഞെരിച്ചു വിട്ടു. എന്നിട്ട്
വീണ്ടും അതേ ആജ്ഞ. "വായിക്കൂ". നബി(സ) വീണ്ടും പറഞ്ഞു: "ഞാൻ
വായിക്കുന്നവനല്ല". ആഗതൻ ആദ്യത്തേതിനേക്കാൾ ശക്തിയായി ഒന്നുകൂടി നബി(സ)യെ
ഞെരിച്ചു വിട്ടശേഷം പഴയപോലെ പിന്നെയും ആജ്ഞാപിച്ചു: "വായിക്കൂ". നബി(സ)
വീണ്ടും പറഞ്ഞു: "ഞാൻ വായിക്കുന്നവനല്ല". അപ്പോൾ ആഗതൻ വളരെ സ്ഫുടമായി
വായിച്ചുകൊടുത്തു: "ഇഖ്റഅ് ബിസ്മി...".
സാരം :
"സൃഷ്ടിച്ചവനായ
നിന്റെ രക്ഷിതാവിന്റെ നാമത്തില് സ്മരിച്ച് വായിക്കുക.
മനുഷ്യനെ അവന് ഭ്രൂണത്തില് നിന്ന് സൃഷ്ടിച്ചിരിക്കുന്നു. താങ്കൾ
വായിക്കുക, താങ്കളുടെ രക്ഷിതാവ് പേന കൊണ്ട് (എഴുതാൻ) പഠിപ്പിച്ചവനായ
ഏറ്റവും വലിയ ഔദാര്യവാനാകുന്നു".
കേട്ടമാത്രയിൽ തന്നെ ആ
വാചകങ്ങൾ കൊത്തിവെച്ചതുപോലെ നബി(സ)യുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.
ഉടൻ ആഗതൻ അപ്രത്യക്ഷമായി. പരിസരബോധം വീണ്ടുംകിട്ടിയ മുഹമ്മദ് നബി(സ)
ചുറ്റും നോക്കി. ആരെയും കാണുന്നില്ല. മലമുകളിൽ ഭയവിഹ്വലനായി നിൽക്കുമ്പോൾ
ആകാശത്തുനിന്ന് വീണ്ടും ഒരു ശബ്ദം കേട്ടു . ആകാശത്തേക്കു നോക്കുമ്പോൾ
നേരത്തെ വന്ന രൂപം ആകാശം നിറഞ്ഞു നിൽക്കുന്നു. ഉൾക്കിടിലത്തോടു കൂടി ഒന്നേ
നോക്കിയുള്ളൂ. പേടിച്ചു വിറയ്ക്കാൻ തുടങ്ങി. ഭയന്ന് വിറച്ചുകൊണ്ട്
വീട്ടിലെത്തിയ നബി(സ) തന്നെ പുതപ്പിക്കാനാണ് പത്നിയോട് ആവശ്യപ്പെട്ടത്.
ഖദീജാബീവി(റ) നോക്കിയപ്പോൾ പണി പിടിച്ചതുപോലെ ശക്തിയായി വിറയ്ക്കുന്നു. അവർ
പുതപ്പുമൂടി സാവകാശം കാര്യങ്ങൾ അന്വേഷിച്ചു. സംഭവിച്ചതെല്ലാം നബി(സ)
അവർക്ക് വിവരിച്ചുകൊടുത്തു. ഖദീജാബീവി(റ)ക്ക് ഒന്നും മനസ്സിലായില്ല.
പക്ഷെ ഒരു കാര്യം അവർക്കുറപ്പായിരുന്നു. ഒരുദോഷബാധയും തന്റെ ഭർത്താവിനെ
ബാധിക്കുകയില്ല. ഭർത്താവിനെ സമാശ്വസിപ്പിച്ചുകൊണ്ട് തന്റെ വിശ്വാസം അവർ
വ്യക്തമായിത്തന്നെ പറഞ്ഞു.
"അല്ലാഹുവാണ് സത്യം.
അല്ലാഹു അങ്ങയെ ഒരിക്കലും പരാജയപ്പെടുത്തുകയില്ല. അങ്ങ് കുടുംബബന്ധങ്ങൾ
ചേർക്കുന്നു. അശരണരെ ഏറ്റെടുക്കുന്നു. ഇല്ലാത്തവർക്ക് നൽകുന്നു. അതിഥികളെ
സല്കരിക്കുന്നു. സത്യത്തിന്റെ മാർഗ്ഗങ്ങൾക്ക് സഹായിക്കുന്നു".
പക്ഷെ തന്റെ
പ്രിയതമനു എന്താണ് സംഭവിച്ചതെന്നറിയാൻ ആ മഹതിയുടെ മനസ്സ് വെമ്പൽ
കൊള്ളുകയായിരുന്നു . അവർ നേരെ ഭർത്താവിനെയും കൂട്ടി തന്റെ പിതൃവ്യപുത്രനായ
വറഖതുബ്നു നൗഫലിന്റെ വീട്ടിലേക്കുപോയി. അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചവരും
ഇന്ജീലിൽ നിന്ന് ഹിബ്രുഭാഷയിൽ ചിലതൊക്കെ എഴുതുന്നയാളുമായിരുന്നു. പ്രായം
ചെന്ന അദ്ദേഹത്തിൻറെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. അദ്ദേഹം
നബി(സ)യോട് വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ശേഷം ഇപ്രകാരം പ്രഖ്യാപിച്ചു:
"മൂസാനബി(അ)യുടെ അടിത്തേക്ക് അല്ലാഹു പറഞ്ഞയച്ച അതേ ദൂതൻ തന്നെയാണ്
മുഹമ്മദ്(സ) ന്റെ എടുത്തേക്കും വന്നിരിക്കുന്നത്. താങ്കളെ താങ്കളുടെ ജനത
പുറത്താക്കുന്ന സമയത്ത് ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ നന്നായിരുന്നേനേ".
നബി(സ) തിരിച്ചു ചോദിച്ചു: "എന്നെ അവർ പുറത്താക്കുമോ?". വറഖത് പറഞ്ഞു:
"അതെ, താങ്കൾ കൊണ്ടുവരുന്ന ആശയവുമായി വന്നവർക്കെല്ലാം
ശത്രുക്കളുണ്ടായിട്ടുണ്ട്. താങ്കളുടെ ദിനം ഞാൻ എത്തിക്കുകയാണെങ്കിൽ
ശക്തമായി താങ്കളെ ഞാൻ സഹായിക്കുമായിരുന്നു". വളരെ താമസിയാതെ വറഖത്
ഇഹലോകവാസം വെടിയുകയും വഹ്യ് നിലയ്ക്കുകയും ചെയ്തു. (ബുഖാരി 3 )
ഹിറാ ഗുഹയിൽ വെച്ച്
തന്നെ സമീപിച്ചത് റബ്ബിന്റെ ദൂതനാണെന്നും തനിക്ക് ലഭിച്ച സന്ദേശം
വഹ്യാണെന്നും നബി(സ)ക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. പക്ഷെ
പ്രവാചകത്വത്തിന്റെ ഭാരം ചുമക്കാൻ തനിക്ക് സാധിക്കുമോ എന്നഭയമായിരുന്നു
നബി(സ)ക്കുണ്ടായിരുന്നത്. ഖദീജാബീവി(റ)യുടെ സാന്ത്വനപ്പെടുത്താലും
വറഖത്തിന്റെ പ്രസ്താവനയും നബി(സ)ക്ക് ധൈര്യം പകർന്നുകൊടുത്തു.
എന്നാൽ നാലാപത്
ദിവസത്തേക്ക് പിന്നെ വഹ്യൊന്നും വന്നില്ല. വഹ്യ് വരുന്നതിലേക്കുള്ള
നബി(സ)യുടെ ആഗ്രഹം വർധിക്കുകയും അത് നിലച്ചുപോകുമോ എന്നഭയത്താലുള്ള ദുഃഖം
ശക്തിപ്പെടുകയും ചെയ്തു. അങ്ങനെയിരിക്കുന്നതിനിടയിൽ ഒരു ദിവസം ജിബ്രീൽ(അ)
ആകാശത്തിനും ഭൂമിക്കുമിടയിൽ ഒരു കസേരയിൽ ഇരിക്കുന്നത് നബി(സ) തങ്ങൾ കണ്ടു.
ഭയന്ന് വീട്ടിലൊക്കോടിയ നബി(സ) തന്നെ പുതപ്പിക്കാനാവശ്യപ്പെട്ടു. അപ്പോഴാണ്
ഇനിപ്പറയുന്ന വചനങ്ങൾ അവതരിച്ചത്.
സാരം :
"ഹേ, പുതച്ചു മൂടിയവരേ
,എഴുന്നേറ്റു (ജനങ്ങളെ) താക്കീതു ചെയ്യുക. താങ്കളുടെ രക്ഷിതാവിനെ
മഹത്വപ്പെടുത്തുക, താങ്കളുടെ വസ്ത്രങ്ങൾ ശുദ്ദിയാക്കുകയും ചെയ്യുക. പാപം
വെടിയുകയും ചെയ്യുക. കൂടുതൽ നേട്ടം കൊതിച്ചുകൊണ്ട് താങ്കൾ ഔദാര്യം
ചെയ്യരുത്. താങ്കളുടെ രക്ഷിതാവിനുവേണ്ടി താങ്കൾ ക്ഷമ
കൈക്കൊള്ളുക".(മുദ്ദസിർ : 1 -7 )
തന്റെ പ്രബോധന
പ്രവർത്തനങ്ങൾക്ക് നിദാനമായിട്ടുള്ളത് ദൈവിക പ്രോചോദനമാകയാൽ തന്റെ
ഉദ്യമങ്ങൾക്കു ദൈവ സഹായം എപ്പോഴുമുണ്ടായിരിക്കുമെന്ന് മുഹമ്മദ് നബി(സ)
ആശ്വാസം കൊണ്ടു . പക്ഷെ കുറച്ചുകാലത്തേക്ക് വഹ്യൊന്നും വന്നില്ല. ഇത്
നബി(സ)യെ ദുഃഖത്തിലാഴ്ത്തി. മുഹമ്മദിന്റെ ദൈവം മുഹമ്മദിനെ കൈവെടിഞ്ഞുവെന്ന്
ശത്രുക്കൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഈ പരിതസ്ഥിതിയിൽ തന്റെ നാഥനിൽ സ്വയം
അർപ്പിച്ച് അവന്റെ കാരുണ്യത്തിനായി നബി(സ) പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
അധികം താമസിച്ചില്ല. നബി(സ)യെ സാന്ത്വനപ്പെടുത്തികൊണ്ടു ദിവ്യബോധനം
അവതരിച്ചു.
സാരം:
"പൂര്വ്വാഹ്നം തന്നെയാണ
സത്യം;
രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്, (നബിയേ,) താങ്കളുടെ
രക്ഷിതാവ് താങ്കളെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.
തീര്ച്ചയായും പരലോകമാണ് താങ്കൾക്ക് ഇഹലോകത്തെക്കാള്
ഉത്തമമായിട്ടുള്ളത്.
വഴിയെ താങ്കൾക്ക് താങ്കളുടെ രക്ഷിതാവ് (അനുഗ്രഹങ്ങള്) നല്കുന്നതും
അപ്പോള് താങ്കൾ തൃപ്തിപ്പെടുന്നതുമാണ് . താങ്കളെ അവന് ഒരു അനാഥയായി
കണെ്ടത്തുകയും , എന്നിട്ട് (താങ്കൾക്ക് ) ആശ്രയം നല്കുകയും ചെയ്തില്ലേ?.
താങ്കളെ അവന് (പ്രവാചകത്വത്തിലേക്ക്) വഴിയറിയാത്തയാളായി കണെ്ടത്തുകയും
എന്നിട്ട് (താങ്കൾക്ക് ) മാര്ഗദര്ശനം നല്കുകയും ചെയ്തിരിക്കുന്നു.
താങ്കളെ അവന് ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന് ഐശ്വര്യം
നല്കുകയും ചെയ്തിരിക്കുന്നു.
എന്നിരിക്കെ അനാഥയെ താങ്കൾ അടിച്ചമര്ത്തരുത്. ചോദിച്ച് വരുന്നവനെ താങ്കൾ
വിരട്ടി വിടുകയും ചെയ്യരുത്. താങ്കളുടെ രക്ഷിതാവിന്റെ അനുഗ്രഹത്തെ
സംബന്ധിച്ച് താങ്കൾ സംസാരിക്കുക".
അല്ലാഹു തന്റെ ദൂതനെ കൈവെടിഞ്ഞിട്ടില്ല. നബി(സ)യും ഖദീജ(റ)യും ദൈവസ്തുതിയിലും പ്രാർത്ഥനയിലും മുഴുകി.
നബി(സ)യുടെ സന്താനങ്ങളെ
കൂടാതെ അവിടുത്തെ പിതാമഹൻ അബൂത്വാലിബിന്റെ പുത്രൻ അലി(റ)യും ഇസ്ലാം
സ്വീകരിച്ചു. തന്റെ കുടുംബവലയത്തിനുപുറത്ത് അബൂബക്ർ(റ) നോടായിരുന്നു
നബി(സ) ദിവ്യബോധനത്തെക്കുറിച്ചു ആദ്യമായി സംസാരിച്ചത്. നബി(സ)യുടെ
പ്രവാചകത്വം സന്ദേഹമില്ലാതെ അബൂബക്ർ(റ) സ്വീകരിക്കുകയും അത് തന്റെ
സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഖുറൈശി വംശത്തിലെ
പ്രബലാംഗവും വിശ്വസ്തനും ആദരണീയനുമായ അബൂബക്ർ(റ)ന്റെ പ്രബോധന ഫലമായി പലരും
ഇസ്ലാം സ്വീകരിച്ചു. സുബൈറുബ്നുൽ അവ്വാം(റ), ഉസ്മാനുബ്നു അഫ്ഫാൻ(റ),
ത്വൽഹത്തുബ്നു ഉബൈദില്ല(റ), സഅ്ദുബ്നുഅബീവഖാസ് (റ), അബ്ദുൾറഹ്മാനുബ്നുഔഫ്
(റ) എന്നിവർ ഉദാഹരണം. ഇവർ സ്വഹാബികളിൽ പ്രധാനികളും സ്വർഗ്ഗം കൊണ്ട്
സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്തിൽ പെട്ടവരുമാണ്. ഉസ്മാനുബ്നു മള്ഊൻ (റ),
അബൂഉബൈദതുബ്നുൽ ജർറാഹ് (റ), അബൂസലമതുബ്നു അബ്ദിൽ അസദ്(റ),
അർഖമുബ്നുഅബിൽഅർഖം(റ) തുടങ്ങിയവരെയും സ്വിദ്ദീഖ് (റ)ന്റെ ശ്രമഫലമായി
ഇസ്ലാം സ്വീകരിച്ചവരുടെ കൂട്ടത്തിൽ ചിലർ എണ്ണുന്നുണ്ട്.
(അൽബിദായത്തുവന്നിഹായ : 3/ 45 )
ജനങ്ങൾ ഇസ്ലാമിലേക്ക്
കൂട്ടം കൂട്ടമായി പ്രവേശിക്കാൻ തുടങ്ങിയപ്പോൾ കാഫിരീങ്ങൾ അവരോടു ശത്രുത
വെക്കുകയും ആരാധന ചെയ്യാനനുവദിക്കാതെ അവരെ ആക്രമിക്കുകയും ചെയ്തു.
ഖുറൈശികളെ ഭയന്ന് മുസ്ലിംകൾ തങ്ങളുടെ മതപരിവർത്തനം വളരെ
ഗോപ്യമാക്കിവെക്കുകയും മക്കയുടെ വെളിയിൽ വെച്ചു രഹസ്യമായി പ്രാർത്ഥന
കർമ്മങ്ങൾ നിർവഹിക്കുകയും ചെയ്തു പൊന്നു. പിന്നീട് അവരുടെ ശല്യം അവിടേക്കും
വ്യാപിച്ചപ്പോൾ നബി(സ)യും വിശ്വാസികളും അർഖമുബ്നുഅബിൽഅർഖമി (റ)ന്റെ
വീട്ടിൽ മറഞ്ഞിരുന്ന് നിസ്കരിക്കുകയും അവരെ ഉദ്ബോധിപ്പിക്കുകയും ചെയ്തു.
ഇക്കാലത്ത് ഖുർആന്റെ അനുസ്യൂതമായ അവതരണം മുസ്ലിംകളിൽ അചഞ്ചലമായ വിശ്വാസം
വളർത്തി.
ദിവ്യബോധനം ലഭിച്ചതിനുശേഷം
മൂന്നു വർഷത്തോളം നബി(സ) വളരെ രഹസ്യമായി അവിടുത്തെ
ആത്മമിത്രങ്ങളോടുമാത്രമാണ് പ്രബോധനം നടത്തി കൊണ്ടിരുന്നത്. പിന്നീട്-
وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ
(سورة الشعراء: ٢١٤)
"ഏറ്റവും അടുത്ത ബന്ധുക്കളായ താങ്കളുടെ ഗോത്രത്തിനു മുന്നറിയിപ്പ് നൽകുക".
എന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് നബി(സ) പരസ്യമായി
പ്രബോധനം നടത്താൻ തുടങ്ങി. മക്കയിലെ എല്ലാ ഗോത്രങ്ങളെയും വിളിച്ചു വരുത്തി
തൗഹീദിന്റെ സന്ദേശം അവർക്കുകൈമാറി. എന്നാൽ അവരിൽ പലരും നബി(സ)യുടെ സന്ദേശം
തള്ളിക്കളയുകയും നബി(സ)യെ ശകാരിക്കുകയും ചെയ്തു.
ഒരു ദിവസം നബി(സ) സ്വഫാ കുന്നിന്റെ മുകളിൽ കയറി ജനങ്ങളെ
വിളിച്ചപ്പോൾ അവർ സമ്മേളിച്ചു. നബി(സ) അവിടെ കൂടിയവരോട് ചോദിച്ചു: "ഈ
മലയുടെ പിൻവശത്തുകൂടി നിങ്ങളെ ആക്രമിക്കാൻ കുതിരപ്പടയാളികൾ
വരുന്നുണ്ടെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?". അവർ പറഞ്ഞു:
'തീർച്ചയായും ഞങ്ങൾ വിശ്വസിക്കും. കാരണം നീ കളവ് പറഞ്ഞതായി ഞങ്ങൾക്ക്
പരിചയമില്ല'. അപ്പോൾ നബി(സ) പറഞ്ഞു: "എന്നാൽ നിങ്ങള്ക്ക് വരാനിരിക്കുന്ന
അതിശക്തമായ ഒരു ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുമായാണ് ഞാൻ
വന്നിരിക്കുന്നത്". ഇതുകേട്ടപ്പോൾ അബൂലഹബ് പറഞ്ഞു: 'നിനക്കു നാശം,
ഇതുപറയാനാണോ നീ ഞങ്ങളെ സംഘടിപ്പിച്ചത്?'. അപ്പോഴാണ് തബ്ബത് സൂറത്ത്
അവതരിച്ചത് . (സ്വഹീഹിൽ ബുഖാരി: 4973 )
വിശ്വാസികളെ ക്രൂരമായി മർദ്ദിക്കുകയും ഇസ്ലാമിൽ നിന്ന്
പിന്മാറാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ ശിക്ഷയുടെ കൈപ്പ് രസത്തെ
മാധുര്യം അവർക്കു നിസ്സാരമാക്കിക്കൊടുത്തു. ശക്തമായ അടി, അറസ്റ്റ്
,പട്ടിണിക്കിടൽ, ചുട്ടുപഴുത്ത മണലിൽ വിവസ്ത്രരായി കിടത്തൽ തുടങ്ങിയ
ശിക്ഷാമുറകളായിരുന്നു അവർ നടപ്പിലാക്കിയിരുന്നത്.
മഹാനായ സ്വിദ്ധീഖ് (റ ) ഇസ്ലാം സ്വീകരിക്കുകയും അത്
പരസ്യപ്പെടുത്തുകയും അതിലേക്കു ജനങ്ങളേ ക്ഷണിക്കുകയും ചെയ്തപ്പോൾ ശത്രുക്കൾ
അദ്ദേഹത്തെ അടിച്ചുവീഴ്ത്തി. രാവിലെ നഷ്ടപ്പെട്ട ബോധം വൈകുന്നേരമാണ്
അദ്ദേഹത്തിന് തിരുച്ചു കിട്ടിയത്. അതിനാൽ ഇസ്ലാമിലെ പ്രഥമ പ്രസംഗകർ
സ്വിദ്ദീഖ്(റ)ണ്. (അൽബിദായത്തു വന്നിഹായ: 3 / 3637)
ശത്രുക്കളുടെ ആക്രമം സഹിക്കാതെ വന്നപ്പോൾ സിദ്ദ്വീഖ് (റ) അബ്സീനിയയിലേക്ക് പാലായനം ചെയ്തു. യാത്രാ മദ്ധ്യേ പ്രദേശത്തെ നേതാവ് ഇബ്നുദ്ദഗിന സിദ്ദ്വീഖ്(റ )നെ കാണാനിടയായി. അദ്ദേഹം ഖുറൈശികൾക്കെതിരിൽ സിദ്ദ്വീഖ്(റ)ന് അഭയം നൽകി. അദ്ദേഹം മഹാനോട് പറഞ്ഞു: "നിങ്ങളെ പോലുള്ളവർ ഇവിടുന്ന് പുറപ്പെടുകയോ പുറപ്പെടുവിക്കപ്പെടുകയോ ചെയ്യേണ്ടവരല്ല. നിശ്ചയം നിങ്ങൾ സാധു സംരക്ഷകരും ചാർച്ചബന്ധം ചേർത്തുന്നവരും അശരണരുടെ കാര്യം ഏറ്റെടുക്കുന്നവരും അതിഥികളെ സല്കരിക്കുന്നവരും സത്യത്തിന്റെ മാർഗ്ഗങ്ങൾക്ക് സഹായിക്കുന്നവരുമാണ്". പരസ്യമായി നിസ്കരിക്കുകയോ ഖുർആൻ പാരായണം നടത്തുകയോ ചെയ്യരുതെന്ന നിബന്ധനയോടെ ഇബ്നുദ്ദഗിന അദ്ദേഹത്തിന് നൽകിയ സംരക്ഷണം ഖുറൈശികൾ അംഗീകരിച്ചു. അവരുടെ നിബന്ധന പാലിച്ചു കുറച്ചുദിവസങ്ങൾ മഹാൻ കഴിച്ചുകൂട്ടി. പിന്നീട് തന്റെ വീടിന്റെ മുറ്റത്ത് ഒരു പള്ളിയുണ്ടാക്കി അതിൽ വെച്ച് നിസ്കരിക്കാനും ഖുർആൻ പാരായണം ചെയ്യാനും തുടങ്ങി. ലോലമായ ഹൃദയത്തിന്റെ ഉടമയും അല്ലാഹുവെ പേടിച്ച് അധികം കരയുന്നവരുമായിരുന്നു മഹാൻ. അദ്ദേഹത്തിൻറെ ഖുർആൻ പാരായണം കേൾക്കാൻ ഖുറൈശികളുടെ സ്ത്രീകളും കുട്ടികളും അദ്ദേഹത്തിന് ചുറ്റും സമ്മേളിക്കാൻ തുടങ്ങിയപ്പോൾ ഇബ്നുദ്ദഗിനയോട് ഖുറൈശികൾ വേവലാതിപ്പെട്ടു. അപ്പോൾ അല്ലാഹുവിന്റെ സംരക്ഷണം കൊണ്ട് തൃപ്തിപ്പെട്ട് ഇബ്നുദ്ദഗിനയുടെ സംരക്ഷണം അദ്ദേഹം അവഗണിച്ചു. (സ്വഹീഹുൽ ബുഖാരി: 3905 )
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) കഅ്ബയുടെ സമീപത്തുവെച്ച് അറഹ്മാൻ സൂറത്ത് ഉറക്കെ പാരായണം ചെയ്തു. തന്നിമിത്തം ഖുറൈശികൾ അദ്ദേഹത്തെ അടിച്ച് പരിക്കേൽപ്പിച്ചു. ആദ്യമായി ഖുർആൻ ഉറക്കെ പാരായണം ചെയ്തത് അദ്ദേഹമാണ്. (ഇബ്നു ഹിശാം: 1 / 336 -337 )
യാസിറി (റ)ന്റെ കുടുംബം ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ അതിക്രൂരമായി മർദ്ദിക്കപ്പെട്ടു. അമ്മാർ(റ), പിതാവ് യാസിർ(റ), മാതാവ് സുമയ്യ(റ) എന്നിവരടങ്ങുന്നതാണ് അവരുടെ കുടുംബം. ചുട്ടുപഴുത്ത മണലിൽ കിടത്തി അവർ ശിക്ഷിക്കപ്പെടുമ്പോൾ നബി(സ) അവരുടെ അരികിലൂടെ കടന്നുപോയി. "യാസറിന്റെ കുടുംബമേ നിങ്ങൾ ക്ഷമിക്കൂ. നിശാചയം സ്വർഗ്ഗമാണു നിങ്ങളുടെ സങ്കേതം" എന്ന് പറഞ്ഞു നബി(സ) സമാധാനിപ്പിച്ചു. അതിക്രൂരമായി മർദ്ദനമുറകൾ അഴിച്ചുവിട്ടതിനുശേഷം സുമയ്യാബീവി(റ)യുടെ ഗുഹ്യസ്ഥാനത്ത് അബൂജഹ്ൽ ഒരു ചാട്ടുളികൊണ്ട് കുത്തുകയും അതേത്തുടർന്ന് അവർ രക്തസാക്ഷിയാവുകയും ചെയ്തു. ഇസ്ലാമിലെ ആദ്യരക്തസാക്ഷി അവരാണ്. അതിശക്തമായ ചൂടുള്ള സമയത്ത് ഇരുമ്പിനാൽ നിർമ്മിതമായ പടയങ്കി ധരിപ്പിച്ച് യാസിറി (റ) നെ അബൂജഹ്ൽ ചുട്ടു പഴുത്ത മണലിൽ കിടത്തുകയായിരുന്നു. അങ്ങനെ ശിക്ഷയനുഭവിച്ച് അദ്ദേഹവും വഫാത്തായി. അമ്മാർ(റ) കഠിനമായി ശിക്ഷിക്കപ്പെട്ടപ്പോൾ കുഫ്രിന്റെ വാക്ക് അദ്ദേഹം ഉച്ചരിച്ചുപോയി. അതേത്തുടർന്ന് അവർ അദ്ദേഹത്തെ ഉപേക്ഷിച്ചു. കരഞ്ഞുകൊണ്ട് അദ്ദേഹം നബി(സ)യെ സമീപിച്ചു. അദ്ദേഹത്തിൻറെ കാര്യത്തിൽ അല്ലാഹു ഇനിപ്പറയുന്ന വചനം അവതരിപ്പിച്ചു.
സാരം:
"വിശ്വസിച്ചതിന് ശേഷം അല്ലാഹുവില് അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം
വിശ്വാസത്തില് സമാധാനം പൂണ്ടതായിരിക്കെ നിര്ബന്ധിക്കപ്പെട്ടവരല്ല;
പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്
അല്ലാഹുവിങ്കല് നിന്നുള്ള കോപമുണ്ടായിരിക്കും. അവര്ക്ക് ഭയങ്കരമായ
ശിക്ഷയുമുണ്ടായിരിക്കും".
മഹാനായ ബിലാലുബ്നു റബാഹ് (റ) ഇസ്ലാം സ്വീകരിച്ചപ്പോൾ
അദ്ദേഹത്തിൻറെ യജമാനൻ ഉമയ്യത്തുബ്നു ഖലഫ് നട്ടുച്ച സമയത്ത് ചുട്ടുപഴുത്ത
മണലിൽ മലർത്തിക്കിടത്തി വലിയ പാറക്കഷ്ണം അദ്ദേഹത്തിന്റെ നെഞ്ചിൽ
കയറ്റിവെച്ചു. 'നീ മരിക്കുകയോ മുഹമ്മദിനെക്കൊണ്ട് നിഷേധിക്കുകയോ
ചെയ്യുന്നതുവരെ നീ ഇപ്രകാരം ശിക്ഷിക്കപ്പെടും' എന്ന് ഉമയ്യത്ത് പറയുമ്പോൾ
ബിലാൽ(റ) അഹദ് അഹദ് എന്ന് ഉച്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെ സ്വിദ്ധീഖ്(റ)
തന്റെ അടിമയെ നൽകി ബിലാലി(റ)നെ ഉമയ്യത്തിൽ നിന്ന് വാങ്ങി
മോമോചിപ്പിക്കുന്നതുവരെ അദ്ദേഹം ശിക്ഷിക്കപ്പെട്ടു. (അൽകാമിൽ :2 /46 )
മഹാനായ ഉസ്മാനുബ്നു അഫ്ഫാൻ(റ) ഇസ്ലാം സ്വീകരിച്ചതറിഞ്ഞപ്പോൾ
അദ്ദേഹത്തിൻറെ പിതൃവ്യൻ ഹകമുബ്നു അബിൽ ആസ്വ് മഹാനെ കയറിൽ ബന്ധിച്ചു.
'നിന്റെ പൂർവ്വികരുടെ മതം ഉപേക്ഷിച്ച് ഒരു പുത്തൻവാദിയുടെ മതം
സ്വീകരിക്കുകയാണോ' എന്ന് ഹകം അദ്ദേഹത്തോട് ചോദിച്ചു.ഉസ്മാൻ(റ) പ്രതിവചിച്ചു
: "ഞാനൊരിക്കലും ആ മതം ഉപേക്ഷിക്കാൻ തയ്യാറല്ല". മതത്തിലുള്ള
അദ്ദേഹത്തിൻറെ ഉറപ്പ് മനസ്സിലാക്കിയ ഹകം അദ്ദേഹത്തെ ഒഴിവാക്കി. (താരീഖുൽ
ഖുലഫാ : 150 )
നബി(സ) പരസ്യമായി ഇസ്ലാം പ്രബോധനം ചെയ്യാൻ തുടങ്ങിയപ്പോൾ ഖുറൈശികൾ
നബി(സ)യിൽ നിന്ന് അകലുകയോ നബി(സ) ഖണ്ഡിക്കുകയോ ചെയ്തിരുന്നില്ല. അവരുടെ
ദൈവങ്ങളെയും വിഗ്രഹങ്ങളെയും പരാമർശിക്കാൻ തുടങ്ങിയപ്പോൾ ഖുറൈശികൾ
നബി(സ)ക്കെതിരെ സംഘടിച്ചു. എന്നാൽ അബൂത്വാലിബ് അവരുടെ
ആശയത്തിലായിരുന്നുവെങ്കിലും നബി(സ)യോട് നല്ലനിലയിൽ പെരുമാറുകയും
ശത്രുക്കളിൽ നിന്ന് നബി(സ)ക്ക് സംരക്ഷണം നൽകുകയും ചെയ്തിരുന്നു.
ഇത്തരുണത്തിൽ ഖുറൈശികളിലെ ചിലപ്രധാനികൾ അബൂത്വാലിബിനെ സമീപിച്ച് ഇപ്രകാരം
ആവശ്യപ്പെട്ടു. 'അബൂത്വാലിബ് ! നിങ്ങളുടെ സഹോദരപുത്രൻ ഞങ്ങളുടെ ദൈവങ്ങളെ
ചീത്തപറയുകയും ഞങ്ങളുടെ മതത്തെ ആക്ഷേപിക്കുകയും ഞങ്ങളുടെ നേതാക്കളെ
വിഡ്ഢികളാക്കുകയും ഞങ്ങളുടെ പിതാക്കന്മാർ വഴിപിഴച്ചവരാണെന്ന്
പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതിനാൽ ഒന്നുകിൽ നിങ്ങൾ അവന്റെ ശല്യം തടയുക,
അല്ലെങ്കിൽ അവനെ ഞങ്ങൾക്ക് വിട്ടുതരിക'. അപ്പോൾ നല്ല നിലയിൽ പ്രതികരിച്ച്
അബൂത്വാലിബ് അവരെ തിരിച്ചയക്കുകയായിരുന്നു. (ഇബ്നു ഹിശാം: 1 / 275 -277 )
ദിനംപ്രതി ഇസ്ലാമിന്റെ മുന്നേറ്റവും തൗഹീദിന്റെ കുതിപ്പും
നോക്കിക്കാണുന്ന ഖുറൈശികൾക്ക് നബി(സ)യോടുള്ള ദേഷ്യം വർദ്ദിച്ചപ്പോൾ അവർ
ഒന്നുകൂടി അബൂത്വാലിബിനെ സമീപിച്ചു. "അബൂത്വാലിബ്
! നിങ്ങൾ ഞങ്ങളിൽ പ്രായം ചെന്നവരും സ്ഥാനമുള്ളവരുമാണ്. നിങ്ങളുടെ
സഹോദരപുത്രനെ ഞങ്ങളിൽ നിന്ന് തടയാൻ ഞങ്ങൾ നിങ്ങളോടാവശ്യപ്പെട്ടിരുന്നു.
പക്ഷെ നിങ്ങൾ അത് ചെയ്തില്ല. ഇനി ഞങ്ങൾക്ക് ക്ഷമിക്കാൻ കഴിയില്ല. അതിനാൽ
ഒന്നുകിൽ അവനെ തടയുക, അല്ലെങ്കിൽ രണ്ടിൽ ഒരു വിഭാഗം നശിക്കും വരെ ഞങ്ങൾ
നിങ്ങളുമായി ഏറ്റുമുട്ടും".
തന്റെ ജനത താനുമായി വേര്പിരിയുന്നത് സഹിക്കാനാവാത്ത അബൂത്വാലിബ്
നബി(സ)യിലേക്ക് ആളെ വിട്ട് ഇപ്രകാരം ആവശ്യപ്പെട്ടു. "എന്റെ സഹോദരപുത്രാ!
നിശാചയം താങ്കളുടെ ജനങ്ങൾ ഇന്നതെല്ലാം പറഞ്ഞിട്ടുണ്ട്. അതിനാൽ താങ്കളെയും
എന്നെയും ബാക്കിയാക്കുക, എനിക്ക് സാധിക്കാത്ത കാര്യം എന്നിക്ക്
വഹിപ്പിക്കരുത്".
അപ്പോൾ നബി(സ) തന്റെ പ്രസിദ്ധമായ പ്രസ്താവന കൊണ്ട് അബൂത്വാലിബിന്
മറുപടി നൽകി. "എന്റെ പിതൃവ്യരെ! സൂര്യനെ എന്റെ വലതുകൈയിലും ചന്ദ്രനെ എന്റെ
ഇടതുകൈയിലും അവർ വെച്ചുതന്നാലും ഞാൻ ഈ ആശയത്തിൽ നിന്ന് പിന്മാറുന്ന
പ്രശ്നമില്ല. അല്ലാഹു ഇതിനെ വിജയിപ്പിക്കുകയോ ഞാൻ അതിനുവേണ്ടി മരണപ്പെടുകയോ
ചെയ്യും". പിന്നീട് കണ്ണുകളിൽ നിന്ന് കണ്ണീരൊലിപ്പിച്ച് നബി(സ) തിരികെ
നടന്നു. അപ്പോൾ അബൂത്വാലിബ്
നബി(സ)യെ തിരികെ വിളിച്ച് ഇപ്രകാരം പറഞ്ഞു: "എന്റെ സഹോദരപുത്രാ! നീ
ഇഷ്ടപ്പെടുന്നത് പറഞ്ഞുകൊള്ളുക, അല്ലാഹുവാണ് സത്യം ഒന്നിനുവേണ്ടിയും ഞാൻ
നിന്നെ വിട്ടുകൊടുക്കുകയില്ല തീർച്ച". (ഇബ്നു ഹിശാം: 1 / 278 )
നബി(സ)യുടെ പരാജയം അബൂത്വാലിബ് ഇഷ്ടപ്പെടുന്നില്ലെന്ന് മനസ്സിലാക്കിയ ഖുറൈശികൾ ഉമാറത്തുബ്നുൽ വലീദുമായി അബൂത്വാലിബിന്റെ സന്നിധിയിൽ വന്നു പറഞ്ഞു: "അബൂത്വാലിബ്
! ഉമാറത്തുബ്നു വലീദിതാ, ഖുറൈശികളിൽ വെച്ച് ഏറ്റവും ഭംഗിയുള്ളവൻ, അവനെ
നിങ്ങൾ സന്താനമായി സ്വീകരിച്ച് നിങ്ങളുടെ സഹോദരപുത്രനെ ഞങ്ങൾക്ക്
വിട്ടുതരിക". ഇതുകേട്ടപ്പോൾ അബൂത്വാലിബ്
പ്രതികരിച്ചു: "അല്ലാഹുവാണ് സത്യം. നിങ്ങളെന്നോട് ആവഷ്യപ്പെടുന്നകാര്യം
വളരെ മോശമായിപ്പോയി. നിങ്ങളുടെ മകനെ ഞാൻ ഭക്ഷണം നൽകി നിങ്ങള്ക്ക്
പോറ്റിവളർത്തിത്തരികയും എന്റെ മകനെ നിങ്ങൾക്ക് വധിക്കാൻ ഏല്പിച്ചുതരികയും
ചെയ്യുക അല്ലേ , അല്ലാഹുവാണ് സത്യം. ഇതൊരിക്കലും ഉണ്ടാവുകയില്ല". (ഇബ്നു
ഹിശാം: 1 / 279 )
പിന്നീട് അബൂത്വാലിബ്
അബ്ദുമനാഫിന്റെ മക്കളെ വിളിച്ചുവരുത്തി എല്ലാ ശത്രുക്കളിൽ നിന്നും
നബി(സ)ക്ക് സംരക്ഷണം നല്കാനാവശ്യപ്പെട്ടു. ബനൂഹാശിമും ബനുൽമുത്വലിബും അത്
സ്വീകരിക്കുകായും അബൂലഹബും അബ്ദുശംസിന്റെയും നൗഫലിന്റെയും മക്കളും
ഖുറൈശികളുടെ പക്ഷത്ത് ചേരുകയും ചെയ്തു. (സീറത്തുൽ ഹലബിയ്യ : 1 / 337 )
മുസ്ലിംകളുടെ അംഗസംഖ്യ ദൈനംദിനം വർദ്ദിച്ചുവരുന്നതുകണ്ടപ്പോൾ സഹിക്കാൻ
സാധിക്കാത്ത ശത്രുക്കൾ നബി(സ)യുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കിക്കൊടുത്ത്
നബി(സ)യെ തൃപ്തിപ്പെടുത്തുവാനുള്ള ഒരു ശ്രമം നടത്തുകയുണ്ടായി.
വികാരങ്ങളുടെയും ഐഹിക സുഖങ്ങളുടെയും പിന്നാലെപോകുന്ന ആളല്ല നബി(സ)
എന്നകാര്യം അവർക്കറിയാത്തതുകൊണ്ടോ വിവരക്കേട് നടിച്ചോ ആയിരുന്നു അവരുടെ
ശ്രമം. അതിന്റെ ഭാഗമായി ഉത്ബത്ത്ബ്നുറബീഅയെ അവർ നബി(സ)യിലേക്കയച്ച് ചില
കാര്യങ്ങൾ നബി(സ)യുടെ മുമ്പിൽ അവതരിപ്പിച്ചു. 'നീ കൊണ്ടുവന്ന ഈ പുതിയ ആശയം
കൊണ്ട് സമ്പത്താണ് നീ ലക്ഷ്യമാക്കുന്നതെങ്കിൽ ഞങ്ങളിൽ വെച്ച് ഏറ്റവും
വലിയ സമ്പന്നനായി നിന്നെ ഞങ്ങൾ മാറ്റാം. അതുകൊണ്ടു സ്ഥാനമാണങ്ങളാണ് നീ
ആഗ്രഹിക്കുന്നതെങ്കിൽ നിന്നെ ഞങ്ങൾ ഞങ്ങളുടെ നേതാവാക്കാം. നിന്റെ അഭാവത്തിൽ
ഒരുകാര്യവും ഞങ്ങൾ തീരുമാനിക്കുകയില്ല. അതുകൊണ്ട് അധികാരമാണ് നീ
ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങളുടെ മേലിലുള്ള അധികാരം ഞങ്ങൾ നിനക്കുനൽകാം. ഇനി
നിനക്ക് ചികിൽസിച്ച് മാറ്റാൻ സാധിക്കാത്ത വല്ല ജിന്നിനെയും ബാധയാണ് നിന്നെ
പിടികൂടിയിരിക്കുന്നതെങ്കിൽ അത് സുഖമാകുന്നതുവരെ ഞങ്ങളുടെ സമ്പത്ത്
ചെലവഴിച്ച് ഞങ്ങൾ ചികിത്സ നടത്താം'.
ഉത്ബയുടെ സംസാരം അവസാനിച്ചപ്പോൾ നബി(സ)പറഞ്ഞു : "ഞാൻ പറയുന്നത്
ശ്രദ്ദിച്ച് കേൾക്കൂ". പിന്നീട് ഖുർആനിൽ നിന്ന് ഫുസ്സ്വിലത്ത് സൂറയിലെ
തുടക്കത്തിലുള്ള ഏതാനും വചനങ്ങൾ നബി(സ) ഉത്ബത്തിനു ഓതികേൾപ്പിച്ചു.
സാരം:
ആത്മീയവും ശാരീരികവുമായ അളവറ്റ അനുഗ്രഹങ്ങൾ നൽകുന്ന അല്ലാഹുവിന്റെ നാമങ്ങൾ സ്മരിച്ച്. ഹാഅ്,
മീമു തുടങ്ങിയ അക്ഷരങ്ങൾ ചേർന്നുള്ളതാണ് ഈ ഗ്രൻഥം. റഹ്മാനും
റഹീമുമായിട്ടുള്ളവണ്ടീ പക്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതാണിത്. വചനങ്ങൾ
വിശദീകരിക്കപ്പെട്ട ഒരു വേദ ഗ്രൻഥം. മനസ്സിലാക്കുന്ന ആളുകൾക്കുവേണ്ടി
അറബിഭാഷയിൽ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രൻഥം). സന്തോഷവാർത്ത
അറിയിക്കുന്നതും താക്കീതു നല്കുന്നതുമായിട്ടുള്ള ഗ്രൻഥം. എന്നാൽ അവരിൽ
അധികപേരും തിരിഞ്ഞുകളഞ്ഞു. അവർ കേട്ടുമനസ്സിലാക്കുന്നില്ല".
ഉത്ബത്ത് തന്റെ രണ്ട് കൈകളും പിന്നിലേക്ക് വെച്ച് അതിന്മേൽ
ഊന്നിയിരുന്ന് ഖുർആൻ സശ്രദ്ദം കേട്ടു . അങ്ങനെ നബി(സ) 37 ആം വചനം
വരെയെത്തി.
സാരം:
"അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും.
സൂര്യന്നോ ചന്ദ്രന്നോ നിങ്ങൾ സുജൂദ് ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ
അല്ലാഹുവിനു നിങ്ങൾ സുജൂദ് ചെയ്യുക, നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ".
(ഫുസ്സിലത്ത് : 37 )
ഇതുപാരായണം ചെയ്തപ്പോൾ നബി(സ) സുജൂദ് ചെയ്തു. പിന്നീട് ഉത്ബയോട്
നബി(സ) പറഞ്ഞു: "അബുൽ വലീദ് ! നീ കേട്ടത് കേട്ട്. എന്നിട്ട് അതും നീയും?.
താൻ കേട്ട ഖുർആനിന്റെ മാധുര്യവും ഭംഗിയും ഉൾക്കൊണ്ട് ഉത്ബത്
കൂട്ടുകാരിലേക്കു തിരിച്ചുചെന്ന് അവരോടു പറഞ്ഞു: "നിശ്ചയം ഞാൻ ചില വചനങ്ങൾ
കേട്ടു . അല്ലാഹുവാണ് സത്യം, അതുപോലുള്ളത് ഇതുവരെ ഞാൻ കേട്ടിട്ടില്ല.
അല്ലാഹുവാണ് സത്യം, അത് കവിതയോ മാരണവിദ്യയോ ജ്യോൽസ്യമോ ഒന്നും തന്നെയല്ല.
ഖുറേശി സമൂഹമേ! ഞാൻ പറയുന്നത് നിങ്ങൾ സ്വീകരിക്കൂ. ഈ വ്യക്തിയെയും
(മുഹമ്മദ് നബി) അദ്ദേഹം കൊണ്ടുവന്ന ആശയത്തെയും അതിന്റെ വഴിക്ക് നിങ്ങൾ
വിടൂ. അല്ലാഹുവാണ് സത്യം, ഞാൻ അദ്ദേഹത്തിൽ നിന്ന് കേട്ട വചനങ്ങൾ
തീർച്ചയായും വൻ വിപ്ലവം സൃഷ്ടിക്കും".
ഇതുകേട്ടപ്പോൾ കൂട്ടുകാർ ഉത്ബയോട് പറഞ്ഞു: 'മുഹമ്മദ് നാവുകൊണ്ട്
നിനക്ക് മാരണം ചെയ്തിരിക്കുന്നു'. അപ്പോൾ ഉത്ബത് പ്രതികരിച്ചു: "ഞാൻ
പറഞ്ഞത് എന്റെ അഭിപ്രായമാണ്. നിങ്ങൾ നിങ്ങൾക്ക് വ്യക്തമായത് ചെയ്തോളൂ".
(ഇബ്നു ഹിശാം: 1 / 313 , 314 . അൽബിദായത്തുവന്നിഹായ : 3 / 75 , 76 )
നബി(സ)യെ തന്റെ ആശയത്തിൽ നിന്ന് പിന്മാറ്റാൻ ഖുറൈശികൾ പല അടവു
നയങ്ങളും സ്വീകരിച്ചുനോക്കിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.
ഒരു തവണ ആവശ്യപ്പെട്ടതായിരുന്നു.
സാരം:
കാഫിരീങ്ങളുടെ പ്രതിനിധികൾ നബി(സ)യെ സമീപിച്ച് ഇപ്രകാരം ആവശ്യപ്പെട്ടു.
മുഹമ്മദേ! നീ ലക്ഷ്യമാക്കുന്നത് സമ്പത്താണെങ്കിൽ നിനക്ക് ഞങ്ങൾ സമ്പത്ത്
നൽകാം. നീ ഉദ്ദേശിക്കുന്നപക്ഷം മക്കയിലെ അധികാരം ഞങ്ങൾ നിനക്കു നൽകാം. നീ
ഉദ്ദേശിക്കുന്നപക്ഷം നിന്നെ ഞങ്ങൾ ചികിൽസിക്കാം. അവരുടെ സംസാരം കേട്ട
നബി(സ) പ്രതിവചിച്ചതിങ്ങനെ: "ഞാൻ അല്ലാഹുവെയല്ലാതെ മറ്റൊന്നിനെയും പ്രിയം
വെക്കുന്നില്ല. അല്ലാഹുവാണ് സത്യം. അവർ നക്ഷത്രങ്ങൾ എന്റെ കൈയിൽ വെച്ച്
തന്നാൽപോലും ഞാൻ അല്ലാഹുവെയായിരിക്കും തെരഞ്ഞെടുക്കുക".
നബി(സ) താങ്കൾക്ക് അബൂത്വാലിബിന്റെയും കുടുംബത്തിന്റെയും
സംരക്ഷണമുണ്ടായിരുന്നുവെങ്കിലും വിശ്വാസികൾക്കെതിരിൽ ഖുറൈശികൾ
അഴിച്ചുവിട്ടിരുന്ന അക്രമങ്ങൾ തടയാൻ നബി(സ)ക്ക് സാധിച്ചിരുന്നില്ല. അങ്ങനെ
നബി(സ) വിശ്വാസികളോട് പറഞ്ഞു: "നിങ്ങൾ അബിസീനിയയിലേക്ക് പോവുകയാണെങ്കിൽ,
നിശ്ചയം അവിടെ ഒരു രാജാവുണ്ട്. അദ്ദേഹത്തിന്റെയടുക്കൽ ഒരാളും
അക്രമിക്കപ്പെടുകയില്ല. അത് സത്യത്തിന്റെ നാടാണ്. നിങ്ങളുടെ ഈ അവസ്ഥയിൽ
നിന്ന് അല്ലാഹുമോചനം നൽകും വരെ".
അങ്ങനെ നബി(സ)ക്ക് പ്രവാചകത്വം ലഭിച്ചതിന്റെ അഞ്ചാംവർഷം റജബ്
മാസത്തിൽ പത്ത് പുരുഷന്മാരും നാല് സ്ത്രീകളും മക്കയിൽ നിന്ന്
അബിസീനിയയിലേക്ക് പാലായനം ചെയ്തു. ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ
ഹിജ്റയായിരുന്നു ഇത്. (ഇബ്നു ഹിശാം: 1 / 343 -345 , ഇബ്നുൽ അസീർ: 2 / 51 -
52 , ഫത്ഹുൽ ബാരി : 7 / 188 )
ഉസ്മാനുബ്നു അഫ്ഫാൻ (റ), അബ്ദുറഹ്മാനുബ്നു ഔഫ് (റ ), സുബൈറുബ്നുൽ അവ്വാം(റ ), അബൂഹുദൈഫത്തുബ്നു ഉത്ബ(റ ), മുസ്വ് അബുബ് നു ഉമൈർ (റ ), അബൂസലമതുബ്നുഅബ്ദിൽ അസദ് (റ ),ഉസ്മാനുബ്നുമള് ഊൻ(റ ), ആമിറുബ്നു റബീഅ(റ ),സുഹൈലുബ്നുബൈളാഅ് (റ ), അബൂസബ്റതുബ്നു അബീറഹ്മ് (റ
) എന്നിവരാണ് അബിസീനിയയിലേക്ക് പാലായനം ചെയ്ത പുരുഷന്മാർ. നബി(സ)യുടെ
പുത്രിയും ഉസ്മാനുബ്നു അഫ്ഫാനി(റ)ന്റെ ഭാര്യയുമായ റുഖിയാബീവി(റ),
അബൂഹുദൈഫ(റ)യുടെ ഭാര്യ സഹ്ല (റ), അബൂസലമ(റ)യുടെ ഭാര്യ ഉമ്മുസലമ (റ),
ആമിറുബ്നു റബീഅ(റ ) യുടെ ഭാര്യ ലൈല (റ) എന്നിവരാണ് നാല് സ്ത്രീകൾ. (ഫത്ഹുൽ
ബാരി: 7 / 188 )
വാഹനം കയറിയവരും നടക്കുന്നവനും അവരിലുണ്ടായിരുന്നു.
സമുദ്രതീരത്തെത്തിയപ്പോൾ രണ്ട് ചരക്കുകപ്പൽ അവർക്ക് ലഭിച്ചു. അര
ദീനാറിനുപകരം അവരവരെ കപ്പലിൽ കയറ്റി. അബിസീനിയയിൽ എത്തിയപ്പോൾ ഉത്തമമായ
നാട്ടിൽ അവരെത്തിച്ചേർന്നു. ,ഉസ്മാനുബ്നുമള് ഊൻ(റ ) യായിരുന്നു അവരുടെ അമീർ. (ഇബ്നു ഹിശാം: 1/ 345)
മുസ്ലിംകൾ അബ്സീനിയയിലേക്ക് പാലായനം ചെയ്ത് മൂന്നുമാസം
കഴിഞ്ഞതേയുള്ളൂ. അപ്പോഴേക്ക് മക്കക്കാർ ഇസ്ലാം സ്വീകരിച്ചുവെന്ന ഒരു
വാർത്ത അബ്സീനിയയിൽ പരന്നു . അതിന്റെ അടിസ്ഥാനത്തിൽ അവിടെയുണ്ടായിരുന്ന
മുസ്ലിംകൾ ലഭിച്ചതിന്റെ അഞ്ചാം വർഷം ശവ്വാലിൽ മക്കയിലേക്ക് തിരിച്ചു .
മക്കയുടെ സമീപത്തെത്തിയപ്പോഴാണ് ആ വാർത്ത ശരിയല്ലെന്ന് അവർക്ക്
ബോധ്യപ്പെട്ടത്. അതിനാൽ ഒളിഞ്ഞോ ആരുടെയെങ്കിലും അഭയം മൂലമോ അല്ലാതെ
അവർക്ക് മക്കയിൽ പ്രവേശിക്കാൻ സാധിച്ചില്ല. തുടർന്നുള്ള മക്കയിലെ ദിവസങ്ങൾ
മുസ്ലിംകൾക്ക് പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു. അങ്ങനെ വന്നപ്പോൾ 83
പുരുഷന്മാരും 18 സ്ത്രീകളുമടങ്ങുന്ന ഒരു സംഘം ജഅ്ഫറുബ്നുഅബീത്വാലിബി(റ)ന്റെ
നേത്രത്വത്തിൽ അബിസീനിയയിലേക്ക് പാലായനം ചെയ്തു. ഇത് അവിടേക്കുള്ള രണ്ടാം
പലായനമാണ്. (ഇബ്നു ഹിശാം: 1 / 388 ,ഫത്ഹുൽ ബാരി : 7 / 189 , ത്വബഖാതു
ഇബ്നി സഅ്ദ് : 1 / 208 )
നബി(സ)യുടെ അനുയായികൾ അബ്സീനിയയിൽ നിർഭയരായും സുരക്ഷിതരാണ്
ജീവിക്കുന്നത് ഖുറൈശികൾ മനസ്സിലാക്കിയപ്പോൾ വിശ്വാസികളെ
തിരിച്ചയക്കുന്നതിനായി രാജാവിൽ സമ്മർദ്ദം ചെലുത്തുവാനായി അംറുബ്നുൽ ആസ്വ് ,
അബ്ദുല്ലാഹിബ്നുഅബീറബീഅ എന്നെ രണ്ടു പേരെ ധാരാളം സമ്മാനങ്ങളുമായി ഖുറൈശികൾ
അങ്ങോട്ടയച്ചു. മന്ത്രിസഭയിലെ പ്രധാനികൾ രാജാവിനോട് ശുപാർശ പറയുന്നതിനായി
അവർക്കു നൽകാനും സമ്മാനങ്ങൾ അവർ കൊടുത്തയച്ചിരുന്നു. എന്നാൽ അവരുടെ
ശുപാർശകളും മറ്റും കണക്കിലെടുക്കാത്ത രാജാവ് നബി(സ)യുടെ അനുയായികളിലേക്ക്
ആളെ പറഞ്ഞയക്കുകയായിരുന്നു. അങ്ങനെ ജഅ്ഫറുബ്നുഅബീത്വാലിബി(റ)
ഹാജരായി രാജാവിനോട് പറഞ്ഞു: "രാജാവേ ! ഞങ്ങൾ വിഗ്രഹങ്ങൾക്ക്
ആരാധിക്കുന്നവരും ശവം തിന്നുന്നവരും മോശമായ കാര്യങ്ങൾ ചെയ്യുന്നവരും
ചാർച്ചബന്ധം മുറിക്കുന്നവരും അയൽവാസികളോട് മോശമായി പെരുമാറുന്നവരും
ഞങ്ങളിലെ ശക്തന്മാർ ദുർബ്ബലരെ ഒതുക്കുന്നവരുമായിരുന്നു. അങ്ങനെയിരിക്കെ
ഞങ്ങൾക്ക് പരിചയമുള്ള ഒരാളെ ഞങ്ങളിൽ നിന്ന് തന്നെ അല്ലാഹു പ്രവാചകനായി
ഞങ്ങളിലേക്ക് നിയോഗിച്ചു. അവരുടെ വംശ പരമ്പരയും സത്യസന്ധതയും വിശ്വസ്തതയും
വ്യക്തിശുദ്ദിയും ഞങ്ങൾക്കറിയും. അങ്ങനെ അല്ലാഹുവെ മാത്രം
ആരാധിക്കുന്നതിലേക്കും വിഗ്രഹങ്ങളെ ഉപേക്ഷിക്കുന്നതിലേക്കും ഞങ്ങളെ അവർ
ക്ഷണിച്ചു. സത്യം പറയാനും വിശ്വസിച്ചേൽപ്പിച്ച വസ്തുക്കൾ തിരികെ നൽകുവാനും
ചാർച്ചബന്ധം ചേർത്തുവാനും അയൽവാസികളോട് നല്ല നിലയിൽ വർത്തിക്കാനും
നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന് മാറിനിൽക്കുവാനും ഞങ്ങളോട് അവർ കൽപ്പിച്ചു.
മോശമായ കാര്യങ്ങളും അസത്യ പ്രസ്താവനകളും അനാഥരുടെ ധനം ഭക്ഷിക്കുന്നതും
സജ്ജനസ്ത്രീകളെ വ്യഭിചാരാരോപണം നടത്തുന്നതും ഞങ്ങൾക്ക് അവർ വിലക്കി.
അല്ലാഹുവെ മാത്രം ആരാധിക്കുവാനും അവനോട് ഒന്നിനെയും പങ്ക്
ചേർക്കാതിരിക്കുവാനും നിസ്കാരം, സകാത്ത്, നോമ്പ് തുടങ്ങിയവ
നിർവ്വഹിക്കുവാനും അവർ ഞങ്ങളോട് നിര്ദ്ദേശിച്ചു. അങ്ങനെ ഞങ്ങൾ ആ ദൂതരെ
കൊണ്ട് വിശ്വസിച്ചു. അതിനെത്തുടർന്ന് ഞങ്ങളുടെ ജനനത ഞങ്ങളെ അക്രമിക്കുകയും
ശിക്ഷിക്കുകയും ചെയ്തു. അല്ലാഹുവെമാത്രം ആരാധിക്കുന്നതിൽ നിന്ന്
വിഗ്രഹാരാധനയിലേക്കും മോശമായ കാര്യങ്ങൾ പ്രവർത്തിക്കുന്നതിലേക്കും ഞങ്ങളെ
മടക്കലാണ് അവരുടെ ലക്ഷ്യം. അവർ ഞങ്ങളെ വല്ലാതെ അക്രമിച്ചപ്പോൾ താങ്കളുടെ
സംരക്ഷണം പ്രതീക്ഷിച്ചും താങ്കളുടെ ഭരണത്തിന് കീഴിൽ ഞങ്ങൾ
അക്രമിക്കപ്പെടുകയില്ലെന്ന് പ്രതീക്ഷിച്ചും താങ്കളുടെ നാട്ടിലേക്ക് ഞങ്ങൾ
വന്നതാണ്.
ഇതുകേട്ടപ്പോൾ നജാശീ രാജാവ് ചോദിച്ചു: ആ പ്രവാചകൻ കൊണ്ടുവന്നതിൽ നിന്ന്
വല്ലതും താങ്കളുടെ കൈവശമുണ്ടോ? അപ്പോൾ ജഅ്ഫർ(റ) മർയം സൂറത്തിന്റെ
തുടക്കത്തിൽ നിന്ന് അല്പം രാജാവിന് ഓതികേൾപ്പിച്ചു. അത് കേട്ടപ്പോൾ രാജാവും
നേതാക്കളും കരഞ്ഞുപോയി. നജാശി രാജാവ് പറഞ്ഞു: "നിശ്ചയം ഇതും ഈസാനബി(അ)
കൊണ്ടുവന്നതും ഒരേ കേന്ദ്രത്തിൽനിന്നുള്ളതാകുന്നു'. നിങ്ങൾ പോവുക,
അല്ലാഹുവാണ് സത്യം, അവരെ നിങ്ങൾ രണ്ടുപേർക്കും ഞാൻ ഏല്പിച്ചുതരികയില്ല".
ഖുറൈശികളുടെ പ്രതിനിധികൾ കൊണ്ടുവന്ന സമ്മാനങ്ങൾ രാജാവ്
സ്വീകരിച്ചില്ല. അവർ ഇളഭ്യരായി മക്കയിലേക്ക് തിരിച്ചു. (ഇബ്നു ഹിശാം:
1/356-361)
അങ്ങനെ നജാശിരാജാവിന്റെ സംരക്ഷണത്തിൽ നിർഭയരായി വിശ്വാസികൾ അബ്സീനിയയിൽ
കഴിഞ്ഞുകൂടി. തുടർന്ന് നബി(സ) മദീനയിലേക്ക് ഹിജ്റ പോകുന്ന വിവരം അറിഞ്ഞു
അവരിൽ 33 പുരുഷന്മാരും 8 സ്ത്രീകളും മടങ്ങി. തുടർന്ന് ഹിജ്റ ഏഴാം വർഷം
റബീഉൽ അവ്വലിൽ നജാശീ രാജാവിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചും ശേഷിക്കുന്ന
വിശ്വാസികളെ തിരിച്ചയക്കാനാവശ്യപെട്ടും നബി(സ) അദ്ദേഹത്തിന് കത്തയച്ചു.
അതനുസരിച്ച് രണ്ടു കപ്പലുകളിലായി രാജാവ് അവരെ തിരിച്ചയച്ചു. ഖൈബർ
ഫത്ഹായപ്പോൾ അവർ നബി(സ)യിലേക്കെത്തിച്ചേർന്നു. അബൂമുസൽ അശ്അരി (റ)യും
അദ്ദേഹത്തിൻറെ കൂട്ടുകാരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. നബി(സ)
മദീനയിലേക്ക് പുറപ്പെടുന്ന വിവരമറിഞ്ഞു മദീന ലക്ഷ്യം വെച്ച്
പുറപ്പെട്ടതായിരുന്നു അവർ. എന്നാൽ കപ്പൽ അവരെ അബ്സീനിയയിൽ
എത്തിക്കുകയായിരുന്നു. അങ്ങനെ ജഅ്ഫറുബ്നുഅബീത്വാലിബി(റ)ന്റെ കൂടെ താമസിച്ച അവർ ഒന്നിച്ച് ഖൈബറിലേക്ക് വരികയായിരുന്നു. (സ്വഹീഹിൽ ബുഖാരി: ഫത്ഹുൽ ബാരി: 7 / 189 )
ഒരു ദിവസം നബി (സ) സ്വഫയുടെ അടുത്ത് നിൽക്കുമ്പോൾ അബൂജഹ്ൽ നബി(സ)യുടെ സമീപത്ത് വരികയും നബി(സ)യെ ശക്തമായി ദ്രോഹിക്കുകയും വളരെ മോശമായി ചീത്തപറയുകയും ചെയ്തു. ഈ വിവരം നബി(സ)യുടെ പിതൃവ്യൻ ഹംസ(റ) അറിഞ്ഞു. ഖുറൈശി യുവാക്കളിൽ യോഗ്യനും ശ്കതനുമായിരുന്നു അദ്ദേഹം. ദേഷ്യത്തോടെ അതിവേഗത്തിൽ അബൂജഹ്ൽനെ സമീപിച്ച അദ്ദേഹം അനുയായികൾക്കൊപ്പം ഇരിക്കുന്ന അബൂജഹ്ലിന്റെ തലക്ക് വില്ലുകൊണ്ട് അടിച്ചു മുറിവേൽപ്പിച്ചു അദ്ദേഹം ചോദിച്ചു: "എടാ! ഞാൻ മുഹമ്മദിന്റെ മതത്തിലായിരിക്കെ നീ മുഹമ്മദിനെ ചീത്തപറയുകയോ?. ഞാനിതാ മുഹമ്മദിന്റെ മതം സ്വീകരിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ സത്യമാണ് പറയുന്നതെങ്കിൽ എന്നെ തടയൂ". പിന്നീട് അദ്ദേഹം ഇനിപ്പറയുന്ന കവിത ചൊല്ലി.
ഒരു ദിവസം നബി (സ) സ്വഫയുടെ അടുത്ത് നിൽക്കുമ്പോൾ അബൂജഹ്ൽ നബി(സ)യുടെ സമീപത്ത് വരികയും നബി(സ)യെ ശക്തമായി ദ്രോഹിക്കുകയും വളരെ മോശമായി ചീത്തപറയുകയും ചെയ്തു. ഈ വിവരം നബി(സ)യുടെ പിതൃവ്യൻ ഹംസ(റ) അറിഞ്ഞു. ഖുറൈശി യുവാക്കളിൽ യോഗ്യനും ശ്കതനുമായിരുന്നു അദ്ദേഹം. ദേഷ്യത്തോടെ അതിവേഗത്തിൽ അബൂജഹ്ൽനെ സമീപിച്ച അദ്ദേഹം അനുയായികൾക്കൊപ്പം ഇരിക്കുന്ന അബൂജഹ്ലിന്റെ തലക്ക് വില്ലുകൊണ്ട് അടിച്ചു മുറിവേൽപ്പിച്ചു അദ്ദേഹം ചോദിച്ചു: "എടാ! ഞാൻ മുഹമ്മദിന്റെ മതത്തിലായിരിക്കെ നീ മുഹമ്മദിനെ ചീത്തപറയുകയോ?. ഞാനിതാ മുഹമ്മദിന്റെ മതം സ്വീകരിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ സത്യമാണ് പറയുന്നതെങ്കിൽ എന്നെ തടയൂ". പിന്നീട് അദ്ദേഹം ഇനിപ്പറയുന്ന കവിത ചൊല്ലി.
സാരം:
"എന്റെ ഹൃദയത്തെ സത്യമതത്തിലേക്കും ഇസ്ലാമിലേക്കും ചേർത്തിയ അല്ലാഹുവെ ഞാൻ സ്തുതിക്കുന്നു".
ഹംസ(റ) ഇസ്ലാം സ്വീകരിച്ചതോടെ നബി(സ) ശക്തിയാര്ജിക്കുകയും കുറച്ചുകാലം ഖുറൈശികളുടെ ശല്യം നബി(സ)ക്കു ഒഴിവാകുകയും ചെയ്തു. നബി(സ)ക്ക് പ്രവാചകത്വം ലഭിച്ചതിന്റെ ആറാം വർഷത്തിലായിരുന്നു ഹംസ(റ) ഇസ്ലാം സ്വീകരിച്ചത്. (ഇബ്നു ഹിശാം: 1 / 312 -313 )
ഹംസ(റ) ഇസ്ലാം സ്വീകരിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഉമറും(റ) ഇസ്ലാം സ്വീകരിച്ചു. ഈ സംഭവം വിശദമായി മുമ്പ് വിവരിച്ചത് കൊണ്ട് ആവർത്തിക്കുന്നില്ല. മുസ്ലിംകളിൽ ചിലർ അബിസീനിയയിലേക്ക് പാലായനം ചെയ്യുകയും അവരവിടെ നിർഭയരായി ജീവിക്കുകയും ചെയ്യുന്നു. ഖുറൈശികളിലെ ധീരരും പുലികുട്ടികളുമായിരുന്ന ഹംസ(റ)യും ഉമറും(റ) ഇസ്ലാമിലേക്ക് കടന്നുവന്നതോടെ മക്കയിൽ അവശേഷിച്ചിരുന്ന മുസ്ലിംകൾ ശക്തിപ്പെടുകയും അവരുടെ ഇസ്സത്ത് വർദ്ദിക്കുകയും ചെയ്തു. നബി(സ) പ്രബോധന ദൗത്യം മുറപോലെ നിർവഹിക്കുന്നു. പിതൃവ്യൻ അബൂത്വാലിബ് നബി(സ)ക്കു വേണ്ട എല്ലാ സംരക്ഷണവും നൽകുന്നു. ഇന്ഷാ അല്ലാ തുടരും
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ എന്നെയും കുടുംബത്തെയും എന്റെ ഉസ്താദുമാരെയും ഉൾപ്പെടുത്തുക.
"എന്റെ ഹൃദയത്തെ സത്യമതത്തിലേക്കും ഇസ്ലാമിലേക്കും ചേർത്തിയ അല്ലാഹുവെ ഞാൻ സ്തുതിക്കുന്നു".
ഹംസ(റ) ഇസ്ലാം സ്വീകരിച്ചതോടെ നബി(സ) ശക്തിയാര്ജിക്കുകയും കുറച്ചുകാലം ഖുറൈശികളുടെ ശല്യം നബി(സ)ക്കു ഒഴിവാകുകയും ചെയ്തു. നബി(സ)ക്ക് പ്രവാചകത്വം ലഭിച്ചതിന്റെ ആറാം വർഷത്തിലായിരുന്നു ഹംസ(റ) ഇസ്ലാം സ്വീകരിച്ചത്. (ഇബ്നു ഹിശാം: 1 / 312 -313 )
ഹംസ(റ) ഇസ്ലാം സ്വീകരിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഉമറും(റ) ഇസ്ലാം സ്വീകരിച്ചു. ഈ സംഭവം വിശദമായി മുമ്പ് വിവരിച്ചത് കൊണ്ട് ആവർത്തിക്കുന്നില്ല. മുസ്ലിംകളിൽ ചിലർ അബിസീനിയയിലേക്ക് പാലായനം ചെയ്യുകയും അവരവിടെ നിർഭയരായി ജീവിക്കുകയും ചെയ്യുന്നു. ഖുറൈശികളിലെ ധീരരും പുലികുട്ടികളുമായിരുന്ന ഹംസ(റ)യും ഉമറും(റ) ഇസ്ലാമിലേക്ക് കടന്നുവന്നതോടെ മക്കയിൽ അവശേഷിച്ചിരുന്ന മുസ്ലിംകൾ ശക്തിപ്പെടുകയും അവരുടെ ഇസ്സത്ത് വർദ്ദിക്കുകയും ചെയ്തു. നബി(സ) പ്രബോധന ദൗത്യം മുറപോലെ നിർവഹിക്കുന്നു. പിതൃവ്യൻ അബൂത്വാലിബ് നബി(സ)ക്കു വേണ്ട എല്ലാ സംരക്ഷണവും നൽകുന്നു. ഇന്ഷാ അല്ലാ തുടരും
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ എന്നെയും കുടുംബത്തെയും എന്റെ ഉസ്താദുമാരെയും ഉൾപ്പെടുത്തുക.