സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 31 March 2017

ഇണ



പ്രവാചകന്മാരുടെ ചര്യകളിൽ പെട്ട ഒന്നാണ് വിവാഹ ജീവിതം. അല്ലാഹു പറയുന്നു: ‘നിങ്ങളുടെ വർഗത്തിൽ നിന്നുതന്നെ നിങ്ങൾക്കവൻ (ഭാര്യമാരെ) സൃഷ്ടിച്ചു തന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെടുന്നു. നിങ്ങൾ അവരുമായി ഇണങ്ങിച്ചേർന്ന് മനസ്സമാധാനം കൈവരിക്കുവാനായി. അവൻ നിങ്ങൾ തമ്മിൽ സ്‌നേഹബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും ചിന്തിക്കുന്ന ജനതക്ക് അതിൽ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്’ (സൂറതുറൂം/21).
ദാമ്പത്യ ജീവിതത്തിന്റെ ആഴത്തിലേക്കും അർത്ഥത്തിലേക്കും വിരൽ ചൂണ്ടുന്ന ഒരു സൂക്തമാണിത്. ദമ്പതികൾ പരസ്പരം അറിഞ്ഞും സഹകരിച്ചും ജീവിക്കണം. മലയാളത്തിൽ ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ എന്നും ഭർത്താവ് ഭരിക്കുന്നവൻ എന്നുമാണ് പ്രയോഗം. എന്നാൽ അറബിയിൽ സൗജ്-സൗജത് ഇണ തുണ എന്നർത്ഥത്തിലുള്ള വാക്കാണ് ഉപയോഗിക്കുന്നത്. ഇണക്കം ഉണ്ടായാലേ ഇണയാവുന്നുള്ളൂ. പരസ്പരം ഇണങ്ങാതെ വിഘടിച്ചു നിൽക്കുന്ന ദമ്പതികൾ തമ്മിലുള്ള പ്രശ്‌നം തീരുകയില്ല.
തന്റെ ഭർത്താവുമായി നല്ല നിലയിൽ ഇടപെടൽ ഭാര്യക്ക് നിർബന്ധമാണ്. മറിച്ചങ്ങോട്ടും നിർബന്ധം തന്നെ. പങ്കാളിയെ വല്ല നിലക്കും പ്രയാസപ്പെടുത്തുന്നത് കുറ്റകരമാണെന്നർത്ഥം. ഖുർആൻ കൽപിച്ച കാര്യം ധിക്കരിക്കൽ കുറ്റകരമാണല്ലോ. നിങ്ങൾ ഭാര്യമാരുമായി നല്ല നിലയിൽ വർത്തിക്കുക (അന്നിസാഅ്/34). ഇതിന്റെ വ്യാഖ്യാനത്തിൽ ഇമാം ശാഫിഈ(റ) പറയുന്നത് തന്റെ പങ്കാളിയെ വെറുപ്പിക്കാതിരിക്കലാണിതിന്റെ വിവക്ഷിതമെന്നാണ്. പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാണ് (അന്നിസാഅ്/34) എന്നതു കൂടി ചേർത്തുവായിക്കുമ്പോൾ, ഭർത്താവിന്റെ ആജ്ഞ ചെവിക്കൊള്ളാതെ സ്വയേഷ്ടപ്രകാരം പ്രവർത്തിക്കുന്ന ഭാര്യ കുറ്റക്കാരിയാവുക തന്നെ ചെയ്യും.
വീട്ടുകാരിക്ക് ആവശ്യാനുസരണം ചെലവു നൽകാതെ ബുദ്ധിമുട്ടിക്കുന്നത് ഭർത്താവിന് കുറ്റമായതുപോലെ തന്നെ ലൈംഗിക ബന്ധത്തിനു തടസ്സം നിൽക്കുന്നത് ഭാര്യക്കും കുറ്റമാണ്. നബി(സ്വ) പറഞ്ഞു: ‘ഒരാൾ ഭാര്യയെ വിരുപ്പിലേക്ക് ക്ഷണിച്ചപ്പോൾ വിസമ്മതിച്ചു മാറിക്കിടന്നാൽ പ്രഭാതം വരെ മലക്കുകൾ അവളെ ശപിക്കുന്നതാണ്.’
ദാമ്പത്യ ജീവിതത്തിലെ ശൈഥില്യങ്ങൾക്ക് മിക്കപ്പോഴും കാരണമാകുന്നത് കിടപ്പറ പ്രശ്‌നങ്ങളാണ്. തന്റെ പങ്കാളിയെ മാത്രം പ്രണയിക്കുകയും അപരന്മാരോട് ഇമ്പം തോന്നാതിരിക്കുകയും ചെയ്താൽ മാത്രമാണ് കിടപ്പറ വിജയം. പഠനകാലത്തോ മറ്റോ മനസ്സിൽ കൊണ്ടുനടക്കുന്ന മോഹങ്ങളെ അയവിറക്കാൻ ശ്രമിക്കുമ്പോൾ ദമ്പതികളിൽ പ്രശ്‌നം തുടങ്ങുന്നു. ശാരീരികവും മാനസികവുമായി പരിപൂർണ സംതൃപ്തി ഉണ്ടായാൽ ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും പരിഹാരമായി.
ഭാര്യയെ സൽകർമങ്ങൾക്ക് പ്രേരിപ്പിക്കലും ദുർനടപ്പിൽ നിന്ന് പിന്തിരിപ്പിക്കലും ഭർത്താവിന് നിർബന്ധമാണ്. അൽപം ദീനീബോധമുള്ളവനാണെങ്കിൽ ഈ കർത്തവ്യം നിർവഹിച്ചുകൊണ്ടിരിക്കും. പല കുടുംബത്തിലും വഴക്കുകൾക്കിത് കാരണമാകാറുണ്ട്. രാത്രി ഷോപ്പിംഗിന് വേണ്ടി പുറത്തിറങ്ങാനൊരുങ്ങിയ ഭാര്യയെ വഴക്കുപറഞ്ഞതിന് പരാതിപ്പെടുന്നതിൽ കാര്യമില്ല. ശൈഖ് ശീറാസി(റ) പറയുന്നു: രോഗികളായ മാതാപിതാക്കളെ സന്ദർശിക്കുന്നത് തടയാൻ പോലും ഭർത്താവിന് അവകാശമുണ്ട് (മുഹദ്ദബ്). ഇതിനർത്ഥം ഭാര്യയെ എന്തിനും തടയണമെന്നല്ല. ഭർത്താവിന്റെ അനുവാദമില്ലാതെ സ്വയേഷ്ട പ്രകാരം ജീവിക്കാൻ അവൾക്ക് ശറഅ് അനുവദിക്കുന്നില്ലെന്നുമാത്രം.
ഖസ്അം ഗോത്രത്തിൽ പെട്ട ഒരു വനിത പ്രവാചകരെ സമീപിച്ചു ചോദിച്ചു: ‘ഭർത്താവിന് ഭാര്യയുടെ മേലുള്ള അവകാശമെന്താണ്? കാരണം ഞാനൊരു വിധവയാണ്. അതറിഞ്ഞിട്ടു വേണം എനിക്ക് വിവാഹിതയാവാൻ.’
നബി(സ്വ) പറഞ്ഞു: ‘ശാരീരിക ബന്ധത്തിനാവശ്യപ്പെട്ടാൽ അവൾ ഒട്ടകക്കട്ടിലിൽ യാത്രയിലാണെങ്കിലും വഴങ്ങിക്കൊടുക്കണം, സമ്മതമില്ലാതെ സുന്നത്ത് നോമ്പെടുക്കരുത്, ഭർത്താവിന്റെ അനുവാദമില്ലാതെ വീട്ടിൽ നിന്ന് പുറപ്പെടരുത്. അങ്ങനെ ചെയ്താൽ വാനലോകത്തെ മലക്കുകൾ അവളെ ശപിക്കും’ (മജ്മൂഅ് 18/68).
തന്റെ പങ്കാളിക്ക് വെറുപ്പുണ്ടാക്കുന്ന കാര്യങ്ങൾ ദമ്പതികളിൽ നിന്ന് ഉണ്ടാവരുത്. വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ പരസ്പരം ബുദ്ധിമുട്ടിക്കരുത്. തന്റെ ഇണയെ വെറുപ്പിക്കുന്ന ഭക്ഷണമോ വസ്ത്രമോ അരുത്. പെർഫ്യൂമിൽ പോലും അപരന്റെ താൽപര്യം മാനിക്കണം. കല്യാണത്തിനും മറ്റു പൊതു പരിപാടികൾക്കും അണിഞ്ഞൊരുങ്ങുന്ന വനിതകൾ സ്വന്തം ഭർത്താവിനു മുമ്പിൽ മോശം നിലപാടിൽ നിൽക്കുന്നത് ഉചിതമല്ല. സുഗന്ധവും നല്ല വസ്ത്രങ്ങളും കിടപ്പറയിലേക്ക് കരുതിവെക്കുകയും സന്തോഷം പങ്കിടുകയും ചെയ്യലാണ് സുന്നത്ത്.
സ്വഭാവദൂഷ്യം മഹാവിപത്താണ്. കലഹത്തിനും അക്രമത്തിനും അതു കാരണമാകുന്നു. നബി(സ്വ) പറഞ്ഞു: ‘വിശ്വാസം പൂർത്തിയായവർ ഏറ്റവും നല്ല സ്വഭാവക്കാരാണ്. നിങ്ങളിൽ ഉത്തമർ അവരവരുടെ ഭാര്യമാരുമായി നല്ല രൂപത്തിൽ വർത്തിക്കുന്നവരാണ്’ (അഹ്മദ്, തിർമുദി).
സ്വയംതൊഴിലും ആവശ്യത്തിനു കാശും ഡ്രൈവിംഗും വശമുണ്ടെങ്കിലും ഭർത്താവിനെ പരിഗണിക്കാതെ ഏതു കാര്യവും നടത്താമെന്ന പരുവത്തിലാണ് ഇന്ന് പല സ്ത്രീകളും. സൗകര്യങ്ങൾ കൂടിവരുന്നതിനനുസരിച്ച് വിനയവും മര്യാദയും സ്‌നേഹവും വർധിപ്പിക്കുകയാണ് ബുദ്ധി. സ്വയം വാഹനം പരപുരുഷ ഇടകലരൽ ഒരു പരിധിവരെ തടയുമെന്ന് പറയാമെങ്കിലും ഇന്നത്തെ ചില സഞ്ചാരങ്ങൾ അപകടത്തിന് കാരണമാകുമെന്നതിനാൽ സൂക്ഷിക്കൽ അനിവാര്യമാണ്. ഭർത്താവിന്റെ അനുവാദമോ തൃപ്തിയോ ഇല്ലാതെയുള്ള സഞ്ചാരം കുറ്റകരം തന്നെ. പരപുരുഷ ദർശനത്തിന് കാരണമാകുമെങ്കിൽ അത് വർജിക്കുക തന്നെ വേണം. കുലീനയും വിശുദ്ധയുമായ സ്ത്രീക്കുള്ള ലക്ഷണങ്ങൾ അംഗീകരിച്ച് ജീവിച്ചാൽ ഇരുലോകവും രക്ഷപ്പെടും; ശ്രദ്ധയുണ്ടാവട്ടെ.