സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 12 June 2023

സ്നേഹത്തിന്റെ പ്രവാചക വഴികൾ

 



ഖുര്‍ആന്‍ തൗബ അധ്യായത്തിലെ അവസാനത്തെ രണ്ട് സൂക്തങ്ങള്‍ തിരുനബിയെ(സ്വ) ഹൃദ്യമായി പരിചയപ്പെടുത്തുന്നുണ്ട്. വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും ജീവിതസൗകര്യങ്ങള്‍ കൂട്ടുകയായിരുന്നു തിരുനബി(സ). ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും തിരുനബിയുടെ(സ) ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കാനോ യുദ്ധം ചെയ്യാനോ വധിക്കാനോ അല്ല. ദുനിയാവിലും പരലോകത്തും മനുഷ്യരെ എത്രത്തോളം നന്നായി വഴിനടത്താന്‍ കഴിയുമോ അതത്രയും ചെയ്യുക എന്നതാണ് തിരുനബിയുടെ നിലപാട്. വിശുദ്ധ ഖുര്‍ആനിലെ ഒരുപാട് സൂക്തങ്ങള്‍ ഇക്കാര്യം പറയുന്നുണ്ട് (സ്വല്ലല്ലാഹു അലൈഹി വസല്ലം).
ലോകാനുഗ്രഹമാണ് ആ സാന്നിധ്യം. കഠിനഹൃദയനായിരുന്നെങ്കില്‍ ജനങ്ങള്‍ അവിടെ നിന്ന് അകലുമായിരുന്നു. ഹൃദയം നിര്‍മലമായിരുന്നു. ലോകത്ത് ഒരു പ്രവാചകനും കഠിനഹൃദയനായി വന്നിട്ടില്ല. അങ്ങനെ പ്രബോധനം സാധ്യവുമല്ല. അത് ഇസ്‌ലാമിന്റെ ശൈലിയുമല്ല. സമാധാനമാണ് മതത്തിന്റെ വഴി. സ്നേഹവും സഹിഷ്ണുതയുമാണ് ഇസ്‌ലാമിന്റെ കരുതല്‍. അങ്ങനെയായിരുന്നു തിരുനബിയുടെ ജീവിതവും.
മദീനയിലേക്ക് നോക്കൂ. ആ കാലം. അവിടെ ജൂതന്മാരുണ്ട്, അവിശ്വാസികളുണ്ട്. അവരെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയാണ് തിരുനബി ചിട്ടപ്പെടുത്തിയെടുക്കുന്നത്.

ഓറിയന്റലിസ്റ്റുകളുടെ ഒളിയുദ്ധം
ആ വ്യക്തിത്വം എല്ലാവര്‍ക്കും സ്വീകാര്യമാണ്. എല്ലാവരുടെയും അവകാശസംരക്ഷകനുമാണ്. അത് അനിഷേധ്യവുമാണ്. ആദ്യമായി പരാക്രമിയും പരമതവിദ്വേഷിയുമായി റസൂലിനെ പരിചയപ്പെടുത്തുന്നത് ഓറിയന്റലിസ്റ്റുകളാണ്. അത് അവരുടെ ആവശ്യമാണ്. തെളിവില്ലാതെ എങ്ങനെ ഇകഴ്ത്താന്‍ പറ്റും എന്നാണ് കുരിശു യുദ്ധാനന്തരം അവര്‍ ആലോചിച്ചത്. ആ ചിന്തകള്‍ക്ക് ഇന്ധനം പകര്‍ന്നത് ഇസ്‌ലാമിനെ നവീകരിക്കാനെന്നു പറഞ്ഞ് പ്രത്യക്ഷപ്പെട്ടവരാണ്. പക്ഷേ മുസ്‌ലിം മുഖ്യധാരയുടെ പഠനങ്ങളും ചരിത്രാവലോകനങ്ങളും വളരെ വ്യത്യസ്തമായിരുന്നു. യുദ്ധമുഖത്ത് പോലും അങ്ങേയറ്റം സഹിഷ്ണുത ഉറപ്പുവരുത്താനും കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍, പരിസ്ഥിതി തുടങ്ങിയവക്കൊക്കെ പരിഗണന കൊടുക്കാനുമുള്ള ജാഗ്രത അവിടുന്ന് കാണിച്ചിട്ടുണ്ട്. കുട്ടികള്‍ കൊല്ലപ്പെട്ട ഒരു സാഹചര്യത്തില്‍ അത് അവിശ്വാസിയുടെ മക്കളല്ലേ എന്നു ചോദിച്ചവരെ റസൂല്‍ താക്കീത് ചെയ്യുന്നുണ്ട്. മരങ്ങള്‍, സസ്യങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ തിരുനബിക്ക് വേദനിക്കുന്നുണ്ട്. ആ വേദന തിരുനബിയെ അനുധാവനം ചെയ്യുന്നവരുടെ കൂടി വേദനയാണ്. റഹ്മതുന്‍ലില്‍ ആലമീന്‍ എന്നത് അടിവരയിടേണ്ട ഖുര്‍ആന്റെ പ്രയോഗമാണ്. ആലമിനാകെ അനുഗ്രഹം എന്നാണുദ്ദേശ്യം. ആലം എന്ന വാക്കില്‍ അല്ലാഹു അല്ലാത്ത എല്ലാം ഉള്‍ക്കൊള്ളും.

സമകാലികര്‍ ഉന്നയിക്കാത്ത ആരോപണങ്ങള്‍
ഇസ്‌ലാമിന്റെ ശത്രുക്കള്‍ വിശ്രമമില്ലാതെ പണിയെടുത്തുകൊണ്ടിരുന്നു. എന്നിട്ടും ഇസ്‌ലാം ശക്തിപ്പെട്ടു. പ്രത്യയശാസ്ത്രപരമായി ഇസ്‌ലാമിനെ പരാജയപ്പെടുത്താനും മുസ്‌ലിംകളുടെ ആത്മവിശ്വാസും തകര്‍ക്കാനുമാവില്ലെന്ന് മനസ്സിലാക്കിയവര്‍ തിരുനബിക്കെതിരെ വ്യക്തിയധിക്ഷേപങ്ങള്‍ തുടങ്ങി. സമകാലികരാരും ഉന്നയിക്കാത്ത പുതിയതരം ആരോപണങ്ങളുയര്‍ത്തി. മദ്യപിക്കാറുണ്ടായിരുന്നു, പീഡോഫീലിക്കായിരുന്നു തുടങ്ങിയ ആരോപണങ്ങള്‍ വരുന്നത് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്. ഇതിലെ വസ്തുതാ വിരുദ്ധത മനസ്സിലാക്കാന്‍ ഈ യാഥാര്‍ത്ഥ്യം തന്നെ ധാരാളമാണ്. ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് റസൂലിനെ വ്യക്തിപരമായി ആക്രമിക്കുക എന്ന ലക്ഷ്യത്തിലാണ്. അതിന്റെ തുടര്‍ച്ചയായാണ് പരമതവിദ്വേഷി, യുദ്ധദാഹി തുടങ്ങിയ ആരോപണങ്ങളും വരുന്നത്. റസൂലിന്റെ സമകാലികരൊന്നും യുദ്ധദാഹി എന്നു വിളിച്ചിട്ടില്ല.

റഹ്മതുല്ലില്‍ ആലമീന്‍ എന്ന ആശയം മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. ജീവിതത്തിലുടനീളം അത് കാണാന്‍ കഴിയും. അന്നത്തെ സമൂഹം വലിയ ശാഠ്യക്കാരും ഗുണ്ടായിസമൊക്കെ കാണിക്കുന്നവരുമായിരുന്നല്ലോ. ആ സമൂഹത്തില്‍ തികച്ചും വ്യത്യസ്തമായ രീതിയില്‍ ജീവിക്കുകയും അവരെ സമുദ്ധരിക്കുകയും ചെയ്യുകയായിരുന്നു തിരുനബി. ഇടപാടുകളിലും ജീവിതത്തിലാകെയും നീതിനിഷ്ഠകളില്ലാതിരുന്ന ഒരു സമൂഹത്തിന്റെ മുമ്പിലേക്ക് പരുഷമായി പെരുമാറുന്ന ഒരു ആശയ പ്രചാരകന്‍ എന്നത് സാധ്യമല്ലല്ലോ? ലോകാനുഗ്രഹി എന്ന ഖുര്‍ആന്റെ വാഴ്ത്ത് ജീവിതം കൊണ്ട് സാക്ഷാല്‍കരിച്ചു.

ചില പ്രത്യേക സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തിയാണ് ഇസ്‌ലാംവിരുദ്ധര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. റസൂലിന്റെ സമാധാനാഭിമുഖ്യത്തെയും അനിവാര്യഘട്ടങ്ങളില്‍ അപൂര്‍വമായുണ്ടായ പ്രതികരണങ്ങളെയും ചേര്‍ത്തുവച്ച് അവതരിപ്പിക്കുന്ന രീതിയാണ് പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ സ്വീകരിച്ചത്. ഈയിടെ അവര്‍ നടത്തിയ കാമ്പയിനില്‍ പോലും അത് പ്രകടമായിരുന്നു. നമ്മള്‍ കേള്‍ക്കുന്ന ചില ചരിത്രങ്ങളുണ്ട്. തിരുദൂതരുടെ ദേഹത്തേക്ക് അഴുക്കുകള്‍ വലിച്ചെറിഞ്ഞ സ്ത്രീക്ക് അസുഖം വന്നു എന്നറിഞ്ഞ സമയത്ത് നബി അവരെ സന്ദര്‍ശിച്ചു എന്ന ചരിത്രം. ഇത് കെട്ടിച്ചമച്ചതാണ് എന്നാണവര്‍ പ്രചരിപ്പിക്കുന്നത്. അതുപോലെ സഹിഷ്ണുവായ പ്രവാചകരെ പരിചയപ്പെടുത്തുന്ന പല ചരിത്രങ്ങളും അവർ നിഷേധിക്കുന്നു. അതിന്റെ ആവശ്യമുണ്ടോ? അബൂലഹബിന്റെ ഭാര്യ തിരുനബിയെ ഇതുപോലെ പ്രയാസപ്പെടുത്തിയിരുന്നു എന്ന് ചരിത്രത്തിലുണ്ട്. അതിനോട് തിരുനബി എങ്ങനെയാണ് പ്രതികരിച്ചത്? നിരന്തരം അപഹാസ്യാക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും തിരുനബി മറുപടി പറയുന്നില്ല. ഖുര്‍ആനാണ് മറുപടി നല്‍കുന്നത്. അതുവെച്ചുനോക്കുമ്പോള്‍ ജൂതസ്ത്രീയുടെ ചരിത്രം കെട്ടിച്ചമച്ചതാണ് എന്ന് തീര്‍ത്തുപറയാനാകില്ല. അതേസമയം യോഗ്യതകളൊത്ത നിലയില്‍ ഉദ്ധരിക്കപ്പെട്ടില്ല എന്നു പറയാം. കെട്ടിച്ചമക്കുന്നതും യോഗ്യതകളൊക്കാതിരിക്കുന്നതും രണ്ടും രണ്ടല്ലേ. സഹിഷ്ണുതയുമായി ബന്ധപ്പെട്ട പല ചരിത്രങ്ങളും നിഷേധിക്കാനുള്ള വ്യഗ്രത സദുദ്ദേശ്യത്തോടെയല്ല; തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ചരിത്രസംഭവങ്ങളെ നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന പ്രവണത വകവച്ചു നല്‍കാനാകില്ല.

സമാധാനത്തിനായുള്ള പിന്മാറ്റങ്ങള്‍
മറ്റൊന്ന്, അബൂലഹബിന്റെ ഭാര്യയുമായി ബന്ധപ്പെട്ട് വിമര്‍ശകര്‍ പറയുന്നത്, ഖുര്‍ആന്‍ ശാപവാക്കുന്നയിച്ചു എന്നാണ്. നൂറ്റിപ്പതിനൊന്നാം അധ്യായമാണല്ലോ ഇത്. തിരുനബി പ്രബോധനം ആരംഭിച്ചതു മുതല്‍ ക്രൂരമായ അക്രമണം, ശകാരങ്ങള്‍, കുടുംബക്കാരെ നബിയില്‍നിന്ന് അകറ്റല്‍ തുടങ്ങി പ്രബോധനത്തിന് എങ്ങനെയൊക്കെ തടസ്സം നില്‍ക്കാന്‍ പറ്റുമോ അങ്ങനെയൊക്കെ ചെയ്തതിനു പിന്നില്‍ അബൂ ലഹബും ഭാര്യയുമുണ്ട്. എന്നിട്ടും തിരുനബി സ്വന്തം നാവു കൊണ്ട് ശപിച്ചില്ല. അല്ലാഹുവിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയാണ് ചെയ്തത്. അതൊരു പ്രാര്‍ഥനയല്ല. അല്ലാഹു നശിപ്പിച്ചിരിക്കുന്നു എന്ന അറിയിപ്പാണത്.

ഇസ്‌ലാമിനെ സൈനിക സംവിധാനമാക്കി മാറ്റുന്നവരുടെ പ്രചാരങ്ങള്‍ വളരെ കൃത്യമായി നബിജീവിതത്തിലെ ഓരോ സന്ദര്‍ഭവും വെച്ച് ഖണ്ഡിക്കാന്‍ പറ്റും. ഹിജ്റ ആറാം നൂറ്റാണ്ടിലാണ് ഹുദൈബിയ സന്ധി ഉണ്ടാകുന്നത്. തിരുനബി തന്റെ കഠിന പ്രതിയോഗികളുമായി നടത്തുന്ന കരാറാണല്ലോ. അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദ് നബിയുമായുള്ള കരാറാണ് എന്നെഴുതുമ്പോള്‍ ‘അല്ലാഹുവിന്റെ ദൂതന്‍’ എന്നെഴുതാന്‍ പറ്റില്ല എന്ന് മറുപക്ഷം ശഠിച്ചു. അലിക്ക്(റ) അങ്ങനെ തന്നെ എഴുതണം എന്നു തോന്നുകയും ശരീരഭാഷയിലൂടെ അത് പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ തിരുനബി തന്നെയാണ് പേന വാങ്ങിയിട്ട് അത് തിരുത്തി ‘മുഹമ്മദുമായുള്ള കരാര്‍’ എന്നാക്കുന്നത്. ഇത് മദീനയില്‍ ഒരു രാജ്യം രൂപപ്പെടുത്തി ആറ് വര്‍ഷം പിന്നിട്ടശേഷമാണ്. ആ സന്ധിയിലാണ് പ്രത്യക്ഷത്തില്‍ തോറ്റു കൊടുക്കുന്നുവെന്ന് തോന്നുന്ന രീതിയില്‍ വ്യവസ്ഥകളെഴുതുന്നത്. പേരെഴുതുന്നിടത്ത് മാത്രമല്ല, ഈ വര്‍ഷം ഉംറ ചെയ്യും എന്ന് എഴുതിയിടത്ത് അടുത്ത വര്‍ഷം എന്നെഴുതിച്ചേര്‍ക്കാന്‍ പ്രതിപക്ഷത്തുള്ള സുഹൈല്‍ പറയുമ്പോള്‍ അതിനും റസൂല്‍ വഴങ്ങിക്കൊടുക്കുകയാണ്. സമാധാനത്തിനു വേണ്ടി ഏതളവിലും വഴങ്ങിക്കൊടുക്കുകയാണ് തിരുനബി. ഇതൊന്നും ദുര്‍ബല ചരിത്രമോ കെട്ടിച്ചമച്ചതോ അല്ല. സ്വഹീഹുല്‍ ബുഖാരിയിലുള്‍പ്പടെ ശാസ്ത്രീയമായി ഉദ്ധരിക്കപ്പെട്ടതാണ്.
ലേഖനത്തിന്റെ തുടക്കഭാഗത്ത് പരാമര്‍ശിച്ച തൗബ അധ്യായത്തിലെ അവസാന സൂക്തത്തില്‍ തന്നെ തിരുനബിയുടെ സ്വഭാവവും നിലപാടും എന്തായിരുന്നു എന്നു പറയുന്നുണ്ട്. റസൂല്‍ നടത്തിയ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ കാണുക; ആളുകള്‍ക്ക് ആവശ്യമുള്ള നല്ലത് അനുവദിക്കുന്നു. വൃത്തികേടുകളില്‍നിന്ന് അകറ്റുന്നു. തൗറാതും ഇഞ്ചീലും നന്നായി പരിചയപ്പെടുത്തിയ യഹൂദികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടെ മക്കളെക്കാള്‍ കൂടുതല്‍ പരിചിതനായ നബിയാണിത്. പൂര്‍വ പുരോഹിതന്മാരായ ബഹീറയുടെയും നസ്തൂറയുടെയും അഭിപ്രായങ്ങള്‍ നമുക്ക് മുന്നിലുണ്ട്. വേദത്തില്‍ പറഞ്ഞ അതേ പ്രവാചകനാണെന്ന അവരുടെ കണ്ടെത്തലുകള്‍ ചരിത്രത്തിലുണ്ട്. പൂര്‍വവേദങ്ങളില്‍ നിന്നാണ് അവര്‍ നബിയെ മനസ്സിലാക്കുന്നത്. സല്‍മാനുല്‍ ഫാരിസി, അബ്ദുല്ലാഹിബ്നു സലാം(റ) ഇവരെല്ലാം ഇസ്‌ലാം സ്വീകരിക്കുന്നത് പൂര്‍വവേദങ്ങളില്‍ കണ്ട നബി എന്ന നിലക്കാണ്. എന്നെ ഏറ്റവും നല്ല സ്വഭാവത്തിന്റെ സമ്പൂര്‍ണ സാക്ഷാത്കാരത്തിനു വേണ്ടി നിയോഗിച്ചു എന്നു റസൂല്‍ പറയുന്നുണ്ട്. അതോടൊപ്പം എക്കാലത്തെയും മനുഷ്യരുടെ പ്രശ്നങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. അതാണ് ഖുര്‍ആന്‍ പിന്നീടു പറഞ്ഞത്, നബിയാരാണെന്നു ചോദിച്ചാല്‍, മനുഷ്യരുടെ ഭാരങ്ങളെ ഇറക്കിവെക്കുന്നവരാണ് എന്ന്. ജനങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന നാനാവിധ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും മറികടക്കാന്‍ സഹായിക്കുന്നവരാണ് എന്ന്. ഇതില്‍നിന്നെല്ലാം റസൂലിന്റെ നിയോഗവും നിലപാടുകളും വ്യക്തമാണ്.
ഹുദൈബിയ സന്ധിയെ തുടര്‍ന്ന് മദീനയിലേക്ക് വരുന്ന അബൂജന്‍ദലിന്റെ അനുഭവം ഓര്‍ക്കാവുന്നതാണ്. മക്കയില്‍ നിന്ന് മദീനയിലേക്ക് ആരു വന്നാലും അവരെ തിരിച്ചയക്കണം എന്നായിരുന്നല്ലോ കരാര്‍. എന്നാല്‍ മദീനയില്‍ നിന്ന് ആര് വന്നാലും തിരിച്ചയക്കില്ലെന്നും. അവിടെ റസൂല്‍ കരാര്‍ പാലിക്കുന്നതിനുവേണ്ടി വേദനയോടെ താഴ്ന്നുകൊടുക്കുന്നു. പിന്നീട് അവര്‍ സന്ധി ലംഘിച്ചു. അതോടെ അവരുടെ നിലനില്‍പ് തന്നെ ഭീഷണിയിലായി.

മദീന; പ്രതിയോഗികള്‍ക്കും സുരക്ഷിതം
തിരുനബിയുടെ കഠിന പ്രതിയോഗിയായ അബൂസുഫ്‌യാന്‍ മദീനയിലേക്ക് വരുന്നുണ്ട്. മദീനയിലേക്ക് വരാന്‍ എങ്ങനെയാണ് അദ്ദേഹത്തിന് ധൈര്യമുണ്ടാകുന്നത്. പ്രത്യേകിച്ച് ബദ്ര്‍, ഉഹ്ദ് പോരട്ടങ്ങള്‍ കഴിഞ്ഞ പശ്ചാതലത്തില്‍. വീണ്ടും സന്ധിക്കു വേണ്ടിയാണല്ലോ വരുന്നത്. അങ്ങനെ സിദ്ദീഖിനെ(റ) കാണുന്നു. ഉമ്മു ഹബീബയെ(റ) കാണുന്നു. അവരോടെല്ലാം സന്ധി പുനസ്ഥാപിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നന്വേഷിക്കുന്നു. ഇസ്‌ലാമിന്റെ പ്രഖ്യാപിത ശത്രുവാണ് അബൂസുഫ്‌യാന്‍. അബൂജഹ്‌ലിനു ശേഷം മക്കക്കാര്‍ക്ക് നേതൃത്വം നല്‍കിയ മുസ്‌ലിംകളുടെ മുഖ്യപ്രതിയോഗി. എന്നിട്ടും അബൂസുഫ്‌യാന് മദീനയില്‍ വരാന്‍ ധൈര്യമുണ്ടായി! ചിലര്‍ പറയുന്നതു പോലെ ശത്രുവിനെ കിട്ടുന്നിടത്ത് വെച്ച് കൈകാര്യം ചെയ്യാം എന്നാണ് ഇസ്‌ലാമിന്റെ നിലപാടെങ്കില്‍ ഈ സന്ദര്‍ഭത്തില്‍ അബൂസുഫ്‌യാന് മദീനയിലേക്ക് പ്രവേശിക്കാനാകുമോ? മദീനയില്‍ നബി മാത്രമല്ല ഉള്ളത്. അവിടുത്തെ അനുചരര്‍ മുഴുവനും ഉണ്ട്. അവരില്‍ പെട്ട ആരെങ്കിലും തന്നെ മുന്നില്‍ കിട്ടിയാല്‍ അക്രമിക്കുമോ എന്ന ഭീതി അബൂസുഫ്‌യാന് ഉണ്ടാകുന്നില്ല. നബിയുടെയും അനുചരരുടെയും രീതി അതല്ലെന്ന് നന്നായി അറിയാമായിരുന്നു അബൂസുഫ്‌യാന്. ഈ ചരിത്രപശ്ചാതലത്തില്‍ വിഷയങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ നമുക്ക് കൂടുതല്‍ വ്യക്തത കിട്ടും.

ഇസ്‌ലാമില്‍ ശത്രുപക്ഷം, കൊലപാതകം എന്നിവയൊക്കെയുള്ള രീതി നേര്‍ക്കുനേര്‍ യുദ്ധം ചെയ്യുന്ന സമയത്ത് മാത്രമാണ്. സായുധ പോരാട്ട സമയത്തല്ലാതെ ആയുധമെടുക്കുകയോ സംഘട്ടനമുണ്ടാവുകയോ ചെയ്തതായിട്ട് കാണാന്‍ പറ്റുന്നില്ല. അഥവാ, പ്രതികാര ബുദ്ധിയാലുള്ള പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമില്‍ കാണുന്നില്ല. അങ്ങനെയാണ് നബി(സ) തങ്ങള്‍ സമൂഹത്തെ വാര്‍ത്തെടുത്തത്. ശത്രുക്കളോടും പോലും നീതി കാട്ടുന്നതാണ് നബിമാതൃക. അവരോട് സംസാരിക്കുന്നതിലും ഇടപെടുന്നതിലുമെല്ലാം ആ രീതി കാണാന്‍ പറ്റും. മക്കയില്‍ നിന്ന് മദീനയിലേക്കെത്തിയ പലരുടെയും അനുഭവത്തില്‍ അതുണ്ട്. ശത്രുക്കള്‍ക്കും അറിയാമായിരുന്നോ ഈ നിലപാടുകള്‍? അതുകൊണ്ടാണല്ലോ അവര്‍ മദീനയിലേക്ക് നിര്‍ഭയം വരുന്നത്. ഏതെങ്കിലും വിധത്തില്‍ വൈരാഗ്യം തീര്‍ക്കില്ല എന്നൊരു തീര്‍ച്ച അവര്‍ക്കുമുണ്ടായിരുന്നോ? പറയാം. നബി(സ്വ) പ്രവര്‍ത്തിച്ചിരുന്നതിന്റെ അടിസ്ഥാനം എന്താണ് എന്ന് മനസ്സിലാക്കിയാല്‍ നമുക്ക് കുറേക്കൂടി തെളിച്ചം കിട്ടും. ലോകത്ത് നടന്ന യുദ്ധങ്ങളും മുന്നേറ്റ ചരിത്രങ്ങളും പഠിക്കുമ്പോള്‍ ഒന്നുകില്‍ രാഷ്ട്ര വികസനമായിരിക്കും, അല്ലെങ്കില്‍ മറ്റൊരു രാഷ്ട്രത്തോടുള്ള പ്രതികാരമായിരിക്കും ലക്ഷ്യം. അല്ലെങ്കില്‍ ഒരു ജനവിഭാഗത്തിന്റെ വ്യാപ്തിയോ, മറ്റൊരു ജനവിഭാഗത്തോടുള്ള വിരോധമോ ഉണ്ടാവും. അത്തരം കാര്യങ്ങള്‍ക്കു വേണ്ടിയാണ് വിവിധ കാലങ്ങളില്‍ ലോകത്ത് സൈനിക നീക്കങ്ങള്‍ നടന്നിട്ടുള്ളത്. തിരുനബി(സ്വ) വന്നത് മനുഷ്യ സമൂഹത്തിന് ഇരുലോകത്തും വിജയിക്കാനാവശ്യമായ സംഹിതയും സംസ്‌കാരവും ബോധ്യപ്പെടുത്തി പരിശീലിപ്പിച്ച് മുന്നോട്ടുനയിക്കാന്‍ വേണ്ടിയാണ്. അതാണ് റസൂലിന്റെ നിയോഗദൗത്യം. സംസ്‌കാര നിര്‍മിതിയും സാമൂഹിക ക്ഷേമവുമാണ് ധര്‍മം. ആ സഞ്ചാരവഴിയിലെ തടസ്സങ്ങള്‍ നീക്കാനുള്ള അനുവാര്യ പ്രതിരോധങ്ങള്‍ എന്നതിനപ്പുറം തിരുനബിക്ക്(സ്വ) ഒരു രാജ്യത്തിന്റെ ഭരണാധികാരിയാകണമെന്ന ആഗ്രഹമില്ല. വേറൊരു രാജ്യത്തോടുള്ള പകയില്ല.

അബുല്‍ ഹസന്‍ അലി നദ്‌വി എഴുതുന്നു: ആറാം നൂറ്റാണ്ടിലെ വലിയ കൊമ്പന്മാരൊക്കെ നബിയെ എതിര്‍ക്കാനുള്ള ഒരു പ്രധാനപ്പെട്ട കാരണം അവരുടെ ആസ്തിയും ആഢ്യത്വവും ആയിരുന്നു. അടിമകളെ സംരക്ഷിക്കുകയും അടിമകളെ കൊണ്ട് പണിയെടുപ്പിക്കുകയും അടിമകളുടെ എണ്ണം പിടിച്ച് പ്രൗഢി കാണിക്കുകയും ചെയ്യുന്നവരായിരുന്നു. ആ അടിമകളെ കൈപിടിച്ച് സ്വാതന്ത്യത്തിലേക്കും ഉയര്‍ച്ചയിലേക്കും കൊണ്ടുവന്ന് ഇവിടത്തെ ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്യുന്നു എന്ന കുടിപ്പകയാണ് ചിലപ്പോഴൊക്കെ ബഹുദൈവ വിശ്വാസത്തെക്കാളും നബിയെ(സ) എതിര്‍ക്കാനുണ്ടായ കാരണം.

നബി(സ) ബിലാലിനെ പോലുള്ള ആളുകളെ സംരക്ഷിക്കാതെ ആദര്‍ശം മാത്രം പറഞ്ഞിരുന്നെങ്കില്‍ അവിടത്തെ കുത്തക വര്‍ഗത്തിന് അത്രവലിയ പ്രശ്നമൊന്നും ഉണ്ടാവില്ലായിരുന്നു. അവിടെ ആത്യന്തികമായി ആഢ്യത്വത്തെ റസൂല്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നമാകുന്നത്.
റസൂലിനെ മനസ്സിലാക്കാനുള്ള ഒരടിസ്ഥാനം എന്ന നിലക്ക് ഹിര്‍ഖല്‍ രാജാവും അബൂസുഫ്‌യാനും തമ്മില്‍ നടക്കുന്ന സംഭാഷണം ഉപകരിക്കുമെന്ന് തോന്നുന്നു. പ്രസ്തുത സംഭാഷണത്തില്‍ തിരുനബിയെ കുറിച്ച് രാജാവ് അബൂസുഫ്‌യാനോട് കൃത്യമായി ചോദിക്കുന്നുണ്ട്. ഹിര്‍ഖല്‍ ചക്രവര്‍ത്തി ചോദിക്കുന്നു: നബിയുടെ പിതാക്കന്മാരില്‍ ആരെങ്കിലും രാജാക്കന്മാരായിരുന്നോ? ഉന്നതരാണോ ദുര്‍ബലരാണോ സംഘത്തില്‍ ചേരുന്നത്? ആളുകള്‍ കൂടുകയാണോ കുറയുകയാണോ? ഈ മതത്തോട് വിരോധം വെച്ച് മതത്തില്‍ നിന്ന് ആരെങ്കിലും പുറത്ത് പോവുന്നുണ്ടോ, അദ്ദേഹം നിങ്ങളോട് എന്തെങ്കിലും കളവു പറഞ്ഞിരുന്നോ? വഞ്ചന നടത്താറുണ്ടായിരുന്നോ? ഈ ചോദ്യങ്ങള്‍ക്ക് അബൂസുഫ്യാന്റെ മറുപടി: നന്മചെയ്യാനാണ്, കുടുംബ ബന്ധം ചേര്‍ക്കാനാണ്, സത്യം പറയാനാണ് അദ്ദേഹം കല്‍പിക്കുന്നത്. രാജപരമ്പരയിലൂടെ വന്ന ആളല്ല, ദുര്‍ബലരാണ് അദ്ദേഹത്തെ പിന്‍പറ്റുന്നത്, ആര്‍ക്കും അദ്ദേഹത്തെ കുറിച്ച് തെറ്റിദ്ധാരണ ഇല്ല എന്നാണ്. അബൂ സുഫ്‌യാന്‍ ശേഷം പറയുന്നുണ്ട്, ‘ഇപ്പോള്‍ ഞങ്ങളും അദ്ദേഹവും തമ്മില്‍ കരാറിലാണ്. ആ കരാര്‍ ലംഘിക്കുമോ എന്നറിയില്ല.’ തിരുനബിയെ കുറിച്ച് ഒരു നെഗറ്റീവ് ചിത്രം കിട്ടാന്‍ മന:പൂര്‍വം കടത്തിക്കൂട്ടിയ വാക്ക് ഇതു മാത്രമായിരുന്നു.

തന്റെ മനസ്സിലിരിപ്പ് തുറന്നുപറയാനുള്ള അവസരം അബൂസുഫ്യാന് എവിടെയും ലഭിക്കുന്നില്ല. അങ്ങനെ കിട്ടിയ അവസരമാണ് അബൂസുഫ്യാന്‍ ഉപയോഗിച്ചത്. ശത്രുക്കള്‍ക്കു പോലും നിരാകരിക്കാനാകാത്ത സത്യസന്ധതയും മൂല്യവുമാണ് റസൂല്‍ ഉയര്‍ത്തിപ്പിടിച്ചത്. അങ്ങനെ മനസ്സിലാക്കുമ്പോള്‍ നമ്മളുദ്ദേശിക്കുന്ന ആശയം ഒന്നുകൂടെ വ്യക്തമാവും.
തിരുനബി സ്ഥാപിക്കാന്‍ ശ്രമിച്ചത് എന്തായിരുന്നുവെന്നും ജീവിതത്തില്‍ അത് പൂര്‍ണമായും പാലിച്ചിരുന്നുവെന്നും അബൂസുഫ്‌യാന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കിയെടുക്കാം. ജനങ്ങള്‍ നന്നാവാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന നിര്‍മാണാത്മക ചിന്ത ഉല്‍പാദിപ്പിക്കുകയും അത് പ്രയോഗിക്കുകയുമാണ് തിരുനബിയുടെ(സ) നിയോഗ ദൗത്യം.

അന്നത്തെ ജനങ്ങളില്‍ പലരും പല കെണികളില്‍ അകപ്പെട്ടവരാണ്. അപ്പോള്‍ അവര്‍ക്ക് സംസ്‌കരണം/മോചനം ആവശ്യമാണ്. അതിന് അവരില്‍ വിജ്ഞാനം നിറയ്ക്കണം. അതുകൊണ്ട് അവര്‍ക്ക് വിജ്ഞാനം നല്‍കുന്നു. സംസ്‌കാരവും വിജ്ഞാനവും സമം ചേര്‍ത്ത് ഒരു മനുഷ്യസമൂഹത്തെ രൂപപ്പെടുത്തുന്നു. മാനവികതക്കെതിരായ, മനുഷ്യത്വത്തിനെതിരായ, സ്നേഹത്തിനെതിരായ, മുല്യങ്ങള്‍ക്കെതിരായ എന്തൊക്കെയുണ്ടോ അതിനെയെല്ലാം തിരുനബി(സ) ഘട്ടംഘട്ടമായി വിപാടനം ചെയ്തു. ഇങ്ങനെയായിരുന്നു തിരുനബി എന്നു തിരിച്ചറിയുമ്പോള്‍ ആ ജീവിത കാലത്തോ പിന്നീടോ നടക്കുന്ന പോരാട്ടങ്ങളൊക്കെയും അനിവാര്യ കാരണങ്ങളാല്‍ സംഭവിക്കുന്നതാണെന്ന് മനസ്സിലാക്കാന്‍ കഴിയും.

തിരുനബി(സ) ദുര്‍ബലരോടൊപ്പമായിരുന്നു. ദുര്‍ബലര്‍ക്കുവേണ്ടിയാണ് സംസാരിച്ചത്. മാനവിക മൂല്യങ്ങളെ എതിര്‍ത്തവരോടാണ് നബി എതിരിട്ടത്. അന്നത്തെ ജനത ശക്തരായിരുന്നു. അവര്‍ക്ക് അധികാരമുണ്ട്, കായികബലമുണ്ട്, സമ്പത്തുണ്ട്. ഇതൊക്കെയുള്ള ഒരു സമൂഹത്തെ നിലക്കുനിര്‍ത്താന്‍ ചിലഘട്ടങ്ങളില്‍ ബലം പ്രയോഗിക്കേണ്ടിവരുമല്ലോ. ആ ബലപ്രയോഗം ഒഴിവാക്കാനാകില്ല. നന്മ സ്ഥാപിക്കാന്‍ വേണ്ടി തിന്മയുടെ ഉപാസകരെ പിടിച്ചു കെട്ടണമായിരുന്നു. അല്ലാതെ കാണുന്നിടത്തു വെച്ച് പിടിക്കുക, കൊല്ലുക, അതിനു വേണ്ടി ദുര്‍മാര്‍ഗം സ്വീകരിക്കുക എന്ന രീതിയായിരുന്നില്ല തിരുനബിയുടേത്(സ്വല്ലല്ലാഹു അലൈഹി വസല്ലം).
നജാശി രാജാവിന്റെ കൊട്ടാരത്തില്‍ ജഅ്ഫര്‍(റ) നടത്തുന്ന പ്രഭാഷണം ചരിത്രത്തില്‍ കാണാം. അതില്‍ അക്കമിട്ട് പറയുന്ന ഓരോന്നും തിരുനബിയുടെ പ്രവര്‍ത്തനത്തിന്റെ സുതാര്യത വ്യക്തമാക്കുന്നുണ്ട്. തിരുനബിക്കും അനുചരര്‍ക്കുമെതിരെ തീരാപകയോടെ നിലകൊള്ളുകയും അവര്‍തന്നെ സായുധ സംഘട്ടനത്തിന് കളമൊരുക്കുകയും ചെയ്തപ്പോഴാണ് അനിവാര്യഘട്ടത്തില്‍ നിലനില്‍ക്കാനുള്ള അവകാശസംരക്ഷണത്തിനു വേണ്ടി പ്രതിരോധത്തിനു മുതിരുന്നത്. അതും മക്കയിലെ പത്തുവര്‍ഷത്തെ തീവ്രമായ സഹന ജീവിതത്തിന് ശേഷമാണെന്നോര്‍ക്കുക. നിങ്ങള്‍ യുദ്ധം ആഗ്രഹിക്കാന്‍ പാടില്ല എന്ന നിര്‍ദേശം കൂടെ ഈ ഘട്ടത്തില്‍ ചേര്‍ത്തുവായിക്കാവുന്നതാണ്.

പ്രതികാരദാഹമാണോ?
നോക്കൂ, ഹിജ്‌റ അഞ്ചാം വര്‍ഷമാണ് മക്കയില്‍ കൊടും ക്ഷാമമുണ്ടാകുന്നത്. ബദ്ർ യുദ്ധവും ഉഹദ് യുദ്ധവും കഴിഞ്ഞ സമയമാണ്. അബൂസുഫ്‌യാനടക്കമുള്ള സമ്പന്നർ പോലും ഉലഞ്ഞു. കുട്ടികള്‍ കരയുന്നുണ്ട്. ഭക്ഷണമില്ലാതെ ജനം കഷ്ടപ്പെടുകയാണ് എന്ന് തിരുനബി അറിഞ്ഞു. അന്നേരം റസൂൽ എന്ത് ചെയ്യണമായിരുന്നു? ശിഅ്ബ് അബീത്വാലിബില്‍ തന്നെയും കുടുംബത്തെയും മൂന്നുകൊല്ലം പട്ടിണിക്കിട്ട് പച്ചില തീറ്റിച്ചവർ അനുഭവിക്കട്ടേ എന്ന് വിചാരിച്ചില്ല. പ്രതികാരദാഹിയാണെങ്കില്‍ അങ്ങനെയാണ് പറയുക. പക്ഷേ അതല്ല ഉണ്ടായത്. മദീനയില്‍ നിന്ന് കിട്ടാവുന്നിടത്തോളം ഭക്ഷണം ശേഖരിച്ച് അംറുബ്‌നു ഉമയ്യയുടെ(റ) കൈവശം മക്കയിലേക്ക് കൊടുത്തയക്കുകയായിരുന്നു തിരുനബി. അബൂസുഫ്‌യാനെയാണ് ഇത് ഏല്‍പ്പിക്കുന്നത്. ആ ഉദാരതയ്ക്ക് അബൂസുഫ്‌യാന്‍ നന്ദി പറയുന്നുണ്ട്. ഹുദൈബിയ സന്ധിക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത്.

അതുപോലെ മറ്റൊരു സന്ദര്‍ഭമുണ്ട്, സുമാമയുടെ(റ) ഇസ്‌ലാമാശ്ലേഷവുമായി ബന്ധപ്പെട്ടുള്ള സംഭവം. ഒരവസരത്തിൽ സുമാമക്കെതിരെ വധശിക്ഷ പ്രഖ്യാപിച്ചതായിരുന്നു തിരുനബി. അങ്ങനെ പ്രഖ്യാപിക്കാനൊരു കാരണമുണ്ട്. സുമാമയുടെ ഭരണപ്രദേശമായ യമാമയിലേക്കെത്തുന്ന വിശ്വാസികളെയെല്ലാം അദ്ദേഹം ക്രൂരമായി കൊല്ലുമായിരുന്നു. അകാരണമായി മുസ്‌ലിംകളെ കൊല്ലാന്‍ ഗോത്രത്തിന്റെ അധികാരം ഉപയോഗിച്ച ആളാണ് സുമാമ. അത്രയ്ക്ക് പകയുണ്ടായിരുന്നു തിരുനബിയോട്. അങ്ങനെയിരിക്കെ അവിചാരിതമായിട്ടാണ് മദീന രാഷ്ട്രാതിര്‍ത്തിയില്‍ വെച്ച് സുമാമ പിടിക്കപ്പെടുന്നത്. സുമാമയാണെന്ന് അറിയാതെയാണ് സ്വഹാബികൾ അദ്ദേഹത്തെ പിടികൂടുന്നത്. തിരുനബിയാണ് സുമാമയാണെന്ന് തിരിച്ചറിയുന്നത്. വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും സുമാമയുടെ ശിക്ഷ അപ്പോൾ നടപ്പാക്കുന്നില്ല. മനംമാറ്റമുണ്ടാകുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ ബന്ദിയാക്കുകയും മൂന്നുദിവസത്തിനു ശേഷം അഴിച്ചുവിടുകയുമായിരുന്നു. ഒരു ബലപ്രയോഗവുമില്ല. എന്തെങ്കിലുമൊരു ഉപാധി പകരംവെച്ചിട്ടല്ല വിടുന്നത്. എന്തു വേണമെങ്കിലും തരാമെന്ന് സുമാമ പറയുന്നുണ്ട്. തിരുനബി ഒന്നും ആവശ്യപ്പെടുന്നില്ല. വിട്ടയച്ച സുമാമ ഇസ്‌ലാം സ്വീകരിച്ചു. യമാമയില്‍ തിരിച്ചെത്തിയ സുമാമ തന്റെ ഗോത്രക്കാരെ മുഴുവന്‍ ഇസ്‌ലാമിലേക്ക് കൊണ്ടുവന്നു. അദ്ദേഹമായിരുന്നു മക്കയിലേക്ക് ധാന്യം അയച്ചിരുന്നത്. തിരുനബിയെ ക്രൂരമായി പീഡിപ്പിക്കുകയും മര്‍ദനങ്ങള്‍ തുടരുകയും ചെയ്യുന്ന മക്കക്കാര്‍ക്കിനി യമാമയില്‍ നിന്ന് ധാന്യങ്ങള്‍ അയച്ചുതരികയില്ലെന്ന് അദ്ദേഹം രേഖാമൂലം മക്കക്കാരെ അറിയിച്ചു. പലതരത്തിലുള്ള അനുരഞ്ജന സംഭാഷണങ്ങള്‍ നടത്തിയിട്ടും സുമാമ വഴങ്ങിയില്ല. മറ്റൊരു വഴിയുമില്ലെന്ന് കണ്ട് മക്കക്കാർ തിരുനബിക്കരികിലെത്തി. സംസാരിച്ചു. വിവരമറിഞ്ഞ ഉടനെ തിരുനബി സുമാമക്ക് കത്തെഴുതി. മക്കയോട് പ്രതികാരം ചെയ്യരുത്, ധാന്യം നിഷേധിക്കരുത്, മുമ്പെന്നപോലെ എത്തിച്ചുകൊടുക്കണം. സുമാമ ആ നിർദേശം ശിരസാവഹിച്ചു. പ്രതികാരം ചെയ്യാന്‍ പറ്റിയ സമയമായിരുന്നു അത്. ആ സന്ദർഭത്തെ ധനാത്മകമായി, നിര്‍മാണാത്മകമായി ഉപയോഗിക്കുകയാണ് തിരുനബി ചെയ്തത്. അത് വലിയൊരു സന്ദേശമാണ്. മക്കക്കാരുടെ നേതൃത്വം അബൂസുഫ്‌യാനായിരുന്നു. സന്ധി സംഭാഷണത്തിനും മറ്റും വരുമ്പോള്‍ തിരുനബി അബൂസുഫ്്യാന് മുഖംകൊടുക്കാതിരുന്നെങ്കിലോ? അദ്ദേഹത്തിന്റെ മക്കയിലെ നേതൃസ്ഥാനം തന്നെ തുലാസിലായേനെ. കാരണം മക്കക്കാർ അബൂസുഫ്‌യാനെ കൈകാര്യം ചെയ്തേക്കാവുന്ന രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു അത്. ഭക്ഷ്യക്ഷാമ ഘട്ടത്തെ രാഷ്ട്രീയ മത്സരമായല്ല തിരുനബി കാണുന്നത്.

സുഹൈലുബ്‌നുഅംറിന്റെ(റ) മറ്റൊരു സംഭവമുണ്ട്. ഒരു യുദ്ധത്തില്‍ ബന്ദിയായി അദ്ദേഹം പിടിക്കപ്പെട്ടു. യുദ്ധം കഴിഞ്ഞ് മടങ്ങുന്ന ഘട്ടത്തില്‍ ഉമർ(റ) പല്ലടിച്ചുകൊഴിക്കാന്‍ സുഹൈലിനെ തരാന്‍ ആവശ്യപ്പെടുന്നു. അദ്ദേഹത്തെ ഞാന്‍ വിട്ടുതരില്ല എന്നാണ് തിരുനബി(സ്വ) പറയുന്നത്. അംഗഭംഗം എനിക്കിഷ്ടമല്ലെന്നും ഞാൻ അംഗഭംഗം ചെയ്താൽ അല്ലാഹു എന്നെ അംഗഭംഗം ചെയ്യും എന്നും പറയുന്നുണ്ട്. ഒരുകാലം വരും. അന്ന് സുഹൈല്‍ ബ്‌നുഅംറ് ഈ മതത്തിനുവേണ്ടി ശബ്ദിക്കുമെന്നും പറയുന്നുണ്ട് തിരുനബി(സ്വ). നബിയോടും മുസ്‌ലിംകളോടുമുള്ള വിരോധം ആളിക്കത്തിക്കുന്ന സുഹൈലിന്റെ കാര്യത്തിലാണ് അംഗഭംഗത്തിന് വിട്ടുതരില്ലെന്ന് തിരുനബി(സ്വ) പറഞ്ഞത്.

മക്കാ വിജയവേളയും ഓർക്കുക. ഉമൈറും സ്വഫ്‌വാനും സുഹൃത്തുക്കളായിരുന്നു. തിരുനബിയെ(സ്വ) വധിക്കാന്‍ ഉമൈറിനെ സ്വഫ്‌വാന്‍ പറഞ്ഞുവിടുന്നുണ്ട്. കുടുംബവും ബന്ധവും ഒഴിവാക്കി പുറപ്പെടാന്‍ പറയുകയും പകരം ഉമൈറിന്റെ ബാധ്യതകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് മക്കാ വിജയവേളയിൽ എല്ലാവര്‍ക്കും മാപ്പ് കൊടുക്കുന്നു. സ്വഫ്‌വാന്‍ അത് വിശ്വസിക്കാൻ കൂട്ടാക്കാതെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ആര്‍ക്ക് മാപ്പ് കൊടുത്താലും നബി എനിക്ക് മാപ്പ് നൽകില്ല, അത്രമാത്രം ചെയ്തുകൂട്ടിയിട്ടുണ്ട് ഞാന്‍ എന്ന് പറഞ്ഞ് നാടുവിടാൻ തീരുമാനിച്ചു. തീരദേശം വരെ അദ്ദേഹം ഓടി. ഉമൈര്‍(റ) നബിക്കരികില്‍ വന്ന് സ്വഫ്‌വാന് മാപ്പ് കൊടുക്കുമോ എന്ന് ചോദിച്ചു. സ്വഫ്‌വാന് മാപ്പ് എന്ന് തിരുനബി പറഞ്ഞു. ഈ വിവരം ചെന്നുപറഞ്ഞാല്‍ സ്വഫ്‌വാൻ വിശ്വസിക്കില്ല. അതിനെന്തെങ്കിലും തെളിവ് വേണമെന്നായി ഉമൈർ(റ). നബിതങ്ങള്‍ തലപ്പാവ് ഊരിക്കൊടുത്തു. റസൂലിന്റെ തലപ്പാവുമായി ഉമൈര്‍(റ) സ്വഫ്‌വാന്റെ അടുത്ത് ചെന്നു. എന്നിട്ടും വിശ്വസിച്ചില്ല. പറഞ്ഞുബോധ്യപ്പെടുത്തി തിരിച്ചുകൊണ്ടുവരുമ്പോൾ അകലെ നിന്ന് തന്നെ സ്വഫ്‌വാന്‍ “എന്നെ ശിക്ഷിക്കുമോ’ എന്ന് വിളിച്ചു ചോദിച്ചു. റസൂൽ മറുപടി പറഞ്ഞ ശേഷമാണ് അദ്ദേഹം അത് വിശ്വസിച്ചത്. നബിതങ്ങൾ സഫ്്വാനോട് ഇസ്‌ലാമിലേക്ക് വരുന്നതിനെക്കുറിച്ച് സംസാരിച്ചു. എനിക്കിനിയും സമയം വേണമെന്ന് സ്വഫ്‌വാന്‍ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട സമയം അനുവദിച്ചുകൊടുത്തു എന്നാണ് ചരിത്രം. അവിടെ വെച്ച് കൊല്ലാമായിരുന്നു. ബലം പ്രയോഗിച്ച് മതം മാറ്റാമായിരുന്നു. അതൊന്നുമുണ്ടായില്ല. സ്വഫ്‌വാന് സാവകാശം നൽകി. കൊലപാതകശ്രമം നടത്തിയ വ്യക്തിക്കാണ് ഈ ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊടുത്തത് എന്നോർക്കണം.

ആയുധധാരിക്കും സ്നേഹാലിംഗനം
ഉമൈർ മുസ്‌ലിം ക്യാമ്പിലെത്തുമ്പോൾ ഉമർ(റ) നന്നായി ദേഷ്യപ്പെടുന്നുണ്ട്. ഇയാൾ അല്ലാഹുവിന്റെ ശത്രുവാണ്, ദുരുദ്ദേശ്യത്തോടെ വന്നതാണ് എന്നെല്ലാം ഉമര്‍(റ) പറയുന്നുണ്ട്. ഈ ഉമൈറിനെയാണ് തിരുനബി അഴിച്ചുവിടാനാവശ്യപ്പെട്ടത്. ഉമൈറിനെ അരികിലേക്ക് വിളിച്ച് തിരുനബി സ്വഫ്‌വാന്റെ വര്‍ത്തമാനം ചോദിക്കുന്നു. ഞങ്ങളെ എന്തു വേണമെങ്കിലും ചെയ്യാം നബിയേ എന്ന് ഉമൈര്‍ പറയുന്നുണ്ട്. “ഞങ്ങളെല്ലാം അങ്ങയെ വ്യാജനാക്കി അക്രമം അഴിച്ചുവിട്ടവരാണ് എന്ന് ഉമൈർ തന്നെ ഓർമിപ്പിച്ചു.’ മുത്തുനബിയുടെ ശ്രേഷ്ഠസ്വഭാവം വഴിയാണ് ഉമൈറും പിന്നീട് സ്വഫ്‌വാനും ഇസ്‌ലാം സ്വീകരിക്കുന്നത്.

ഇവരെല്ലാം മുസ്‌ലിംകളുടെ പ്രഖ്യാപിത ശത്രുക്കളായിരുന്നു. കൊല്ലാനാണ് വരുന്നത് എന്ന് തിരുനബിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് “സ്വഫ്‌വാനും നീയും തമ്മില്‍ സംസാരിച്ചത് ഇന്ന കാര്യമല്ലേ’ എന്ന് ചോദിച്ചത്. വാളുമായാണ് ഉമൈർ വന്നതുതന്നെ.
പത്തുവര്‍ഷം യുദ്ധം ചെയ്യാതിരിക്കുക എന്ന തീരുമാനം തന്നെ വലിയ കാര്യമാണ്. നോക്കൂ, സുമയ്യ ബീവിയെ ശത്രുക്കൾ വളരെ ക്രൂരമായി കൈകാര്യം ചെയ്തു. യാസിര്‍(റ), അമ്മാര്‍(റ) തുടങ്ങിയവരെയെല്ലാം മര്‍ദിക്കുന്നത് തിരുനബി കാണുകയാണ്, അവർ അനുഭവിച്ച വേദന അറിയുകയാണ്. എങ്ങനെയാണ് ഇതൊക്കെ മറക്കാനാവുക? ബിലാല്‍(റ) ഏറ്റുവാങ്ങിയ പീഡനങ്ങളും മനസ്സില്‍ നിന്ന് പോകില്ല. അതിനൊക്കെ നേതൃത്വം കൊടുത്ത സമൂഹത്തിന് തന്നെയാണ് മാപ്പ് കൊടുത്തിരിക്കുന്നത്. ആ ഒരധ്യായം മാത്രം മതി തിരുനബിയുടെ(സ്വ) ഹൃദയവിശാലത ബോധ്യപ്പെടാന്‍. ശത്രുവിനെ സ്‌നേഹത്തിലൂടെ ചിന്തിപ്പിക്കുക; എത്ര ഹൃദ്യമായ സമീപനം. ശത്രുവും സമൂഹവും രക്ഷപ്പെടും. തിന്മയുടെ കേന്ദ്രമായ ഒരാളെ നശിപ്പിക്കുക എന്നു പറയുന്നതിനെക്കാള്‍ ശക്തിയുണ്ട് അയാളെ നന്മയുടെ കേന്ദ്രമാക്കുക എന്നതിന്.

ജിഹാദ്
അനിവാര്യമായ സന്ദര്‍ഭങ്ങളിലുണ്ടായിട്ടുള്ള യുദ്ധങ്ങളില്‍ ഏതു രീതിയായിരുന്നു സ്വീകരിച്ചത്? ഒറ്റയിട്ട സന്ദര്‍ഭങ്ങളില്‍ ശത്രുപക്ഷത്തെ ഒരാളെ എവിടെയെങ്കിലും വെച്ചുകണ്ടാല്‍ കൊല ചെയ്യാനോ, പ്രതികാരം ചെയ്യാനോ അനുമതി കൊടുത്തില്ല. അതുകൊണ്ടാണ് അബൂസുഫ്്യാന് മദീനയിലേക്ക് വരാന്‍ സാധിച്ചത്.

പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ഒരുപാട് ശ്രമങ്ങള്‍ക്കൊടുവിലാണല്ലോ ഓരോ യുദ്ധങ്ങളുമുണ്ടാകുന്നത്. യുദ്ധത്തിന്റെ സാഹചര്യത്തില്‍ പുലര്‍ത്തേണ്ട നീതിബോധം എന്താണ്?
പറയാം, യുദ്ധമാരംഭിച്ചവരോടാണ്. രണ്ടു വിഭാഗത്തോടാണുള്ളത്. ഒന്ന്, മുസ്‌ലിംകളോട് യുദ്ധമാരംഭിച്ചവരോടാണ്. രണ്ടാമത്തേത്, മുസ്‌ലിംകളോട് യുദ്ധം ഉദ്ദേശിക്കുന്ന, മുസ്‌ലിംകളെ ആക്രമിക്കാന്‍ തക്കംപാർക്കുന്ന വർഗീയവാദിയോടാണ്. ഈ രണ്ടു രീതിയല്ലാത്ത മറ്റൊരു ജിഹാദ് കണ്‍സപ്റ്റ് ഇസ്‌ലാമിലില്ല. തുഹ്ഫ ഇതിന്റെ ആദ്യഭാഗം കൃത്യമായി പറയുന്നുണ്ട്: ഇഖാമത്തുദ്ദലീലാണ്(ആശയ പ്രകാശനം എന്ന് ഭാഷാന്തരം ചെയ്യാവുന്ന സംജ്ഞ) ആകെ ലക്ഷ്യം. ഹിജ്‌റക്ക് മുമ്പ് ജിഹാദ് വിലക്കപ്പെട്ടിരുന്നു. നബിയോട് പ്രബോധനവും മുന്നറിയിപ്പും ബുദ്ധിമുട്ടുകൾ ക്ഷമിക്കാനുമൊക്കെയായിരുന്നു ആദ്യം കല്പനകൾ. ഇഖാമത്തുദ്ദലീല്‍ സാധ്യമാവുകയാണെങ്കില്‍ ജിഹാദ് പാടില്ല. ജിഹാദ് നിര്‍ബന്ധമാവുക എന്നതിന്റെ താല്പര്യം ജിഹാദിന്റെ മാധ്യമങ്ങൾ നിര്‍ബന്ധമാവുക എന്നതാണ്. അതിന്റെ ഉദ്ദേശ്യങ്ങള്‍ ഒരിക്കലും സാക്ഷാത്കരിക്കപ്പെടണമെന്നില്ല. ഖിതാല്‍(യുദ്ധം) കൊണ്ടുള്ള ഉദ്ദേശ്യം ആളുകള്‍ക്ക് സൻമാർഗത്തിന്റെ വഴി സൗകര്യപ്പെടുത്തലാണ്. ശഹാദത്(രക്തസാക്ഷ്യം) ലക്ഷ്യമല്ല. കാഫിറിനെ കൊല്ലുക എന്നുള്ളത് ലക്ഷ്യമേയല്ല. ഇഖാമത്തുദ്ദലീല്‍ കൊണ്ട് ഹിദായത്തിന്റെ (സൻമാർഗം) വഴി തെളിയിക്കാൻ പറ്റിയാല്‍, ഇഖാമത്തുദ്ദലീലാണ് ജിഹാദിനെക്കാള്‍ ഗുണകരം. മുസ്‌ലിംകളുടെ സ്വൈര്യജീവിതം ഉറപ്പാക്കലാണ്. ഈയര്‍ഥത്തില്‍ ഇങ്ങോട്ട് യുദ്ധം തുടങ്ങിയ ആളുകളോട് യുദ്ധം നടത്തുക. റസൂൽ മദീനയിലെത്തിയ ശേഷം മുഴുകാലം യുദ്ധമായിരുന്നു എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലല്ലോ. ഹുദൈബിയ സന്ധിക്ക് പകരം, മക്കക്കാരോട് പോരാടാമായിരുന്നു. മക്കം ഫത്ഹിലും കൊന്ന് തീർക്കാമായിരുന്നു. തിരുനബി ചെയ്തില്ല. അവര്‍ക്കൊക്കെ മാപ്പ് കൊടുക്കാനുള്ള മഹാമനസ്കതയാണ് നബി(സ്വ) സ്വീകരിച്ചത്.

വീണുപോയ വാൾ
തനിക്ക് നേരെ വാളോങ്ങിയയാളിൽ നിന്ന് വാൾ കൈക്കലാക്കി ‘നിന്നെ ആരെടാ രക്ഷിക്കുക’ എന്നു ചോദിച്ചുവെന്നൊരു അവതരണം ഈയിടെയുണ്ടായി. എടാ എന്ന ചോദ്യത്തില്‍ സത്യത്തില്‍ പരിസരം മറന്നുപോകലുണ്ടല്ലോ. പക്ഷേ, തിരുനബി അങ്ങനെ പരിസരം മറന്നുപോകില്ല. വാൾ പിടിച്ചുവാങ്ങി, കുറച്ചുകൂടി പരുഷമായി ചോദിക്കുകയായിരുന്നു എന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യമാണ്. റസൂൽ ആ ചോദ്യം ചോദിക്കുമ്പോള്‍ പേടിച്ച് വിറച്ചു നില്‍ക്കുന്ന ഒരാള്‍, നിന്നെക്കാള്‍ നല്ലവർ ആരുമില്ല എന്ന് എങ്ങനെയാണ് മറുപടി പറയുക? നിങ്ങള്‍ എത്ര മാന്യനാണ്, ഞാനിനി ഇത്തരം കാര്യങ്ങളൊന്നും ചെയ്യില്ല എന്ന രീതിയിലുള്ള സൗഹൃദ ഭാഷണമാണല്ലോ അവിടെ ഉണ്ടാകുന്നത്. ശേഷം നടന്ന സംഭവങ്ങളെല്ലാം റസൂല്‍ പ്രതികാര ബുദ്ധിയോടെ പ്രവർത്തിച്ചു എന്ന വ്യാഖ്യാനത്തിനെതിരാണ്. അയാളെ പറഞ്ഞയക്കുന്നു, അയാള്‍ തിരിച്ചു പോകുന്നു. ഇതൊക്കെ നബി പ്രതികാരം ചെയ്യുന്നു എന്ന സങ്കല്‍പത്തിനെതിരാണ്. ശത്രുക്കളോട് ഇടപെടുമ്പോള്‍ പോലും വാക്കുകളിൽ പാലിക്കേണ്ട സൂക്ഷ്മത പ്രധാനമാണ്. റസൂൽ അതാണ് ചെയ്തത്. പ്രബോധകന്മാർ അത് മറന്നുകൂടാത്തതാണ്.
റസൂൽ പള്ളിയിലിരിക്കുന്ന സമയത്താണല്ലോ അവധിയെത്തുന്നതിനുമുമ്പ് കടം തിരിച്ചുവാങ്ങാന്‍ സൈദുബ്നു സഅ്ന വന്നത്. നബിയുടെ തലപ്പാവും ഖമീസുമൊക്കെ പിടിച്ചുവലിച്ചു. അബൂബക്കര്‍ സിദ്ദീഖ്(റ), ഉമര്‍(റ), അലി(റ) എല്ലാവരും സദസ്സിലുണ്ട്. അവരെയൊന്നും പ്രതികരിക്കാന്‍ തിരുനബി സമ്മതിച്ചില്ല. പ്രതികാരബുദ്ധിയല്ല, സ്നേഹമാണ് അവിടുത്തെ വഴി.

ഉമൈറുബ്നു അംറ് ഗുഡ്മോര്‍ണിംഗ് എന്നര്‍ഥം വരുന്ന, അറബികള്‍ അക്കാലത്ത് സംബോധന ചെയ്തിരുന്ന ഒരു വാക്ക് പറയുകയുണ്ടായി. അപ്പോൾ നബി തങ്ങള്‍ ഉമൈറിനോട് പറയുന്നുണ്ട്: “ഞങ്ങള്‍ക്കല്ലാഹു നല്ലൊരു സംബോധനാ വാക്യം തന്നിട്ടുണ്ട്, അത് നീ പറഞ്ഞതിനെക്കാള്‍ നന്ന്’. ‘നിനക്ക് രക്ഷയുണ്ടാകട്ടെ’ എന്നാണത്. ശിക്ഷിക്കുകയല്ല, രക്ഷിക്കുകയാണ്.
കറുത്തവന്‍, തടിയന്‍ എന്നെല്ലാമുള്ള വാക്കുകള്‍ റസൂൽ എതിര്‍ത്തിരുന്നു. ആധുനിക ലോകം ബോഡി ഷെയിമിങ്ങിനെ കുറ്റകരമായി കണ്ടുതുടങ്ങിയിട്ട് കാലം ഏറെയായിട്ടില്ല. എന്നാൽ നൂറ്റാണ്ടുകൾക്കപ്പുറം റസൂൽ അത് നിരാകരിച്ചിട്ടുണ്ട്.

ഭൂമിയുടെ അവകാശികൾ
റസൂൽ മരുഭൂമിയിലൂടെയുള്ള രാത്രിയാത്രകള്‍ നിരുത്സാഹപ്പെടുത്തുന്നുണ്ട്. അതില്‍ പറയുന്നത്, ഒട്ടകങ്ങള്‍ മരുഭൂമിയിലൂടെ സ്വൈര്യവിഹാരം നടത്തുന്നത് രാത്രിയിലാണ്. അത് അവരുടെ സമയമാണ്. അതിനാല്‍ ആ സമയത്ത് യാത്ര പോകരുത്. അഥവാ പോവുകയാണെങ്കില്‍ തന്നെ വേഗം പോകണം. മറ്റു ജീവികള്‍ക്കും അവകാശപ്പെട്ടതാണ് ഭൂമി. വെള്ളത്തിന്റെ കാര്യത്തിലും തിരുനബി പറഞ്ഞത് ഇതുതന്നെ.

ഓരോ ജീവി വിഭാഗത്തിനെയും പ്രത്യേക സമൂഹമായാണ് റസൂൽ പഠിപ്പിക്കുന്നത്. അവരും ഭൂമിയുടെ അവകാശികളാണ് എന്ന വ്യക്തമായ സന്ദേശമാണ് ലോകത്തിന് പകരുന്നത്. സാധാരണ ജനങ്ങളുടെ ഒരു കാഴ്ചപ്പാട് അല്ലല്ലോ അത്. ഭൂമിയുടെ സഹഅവകാശികള്‍ക്കുവേണ്ടി, മനുഷ്യന്‍ ചില സ്ഥലത്തും ചില സമയത്തുമൊക്കെ മാറിക്കൊടുക്കേണ്ടതുണ്ട് എന്ന് ആ വാക്കുകളിൽ വ്യക്തമാണ്. ഇതര ജീവികളെ പരിഗണിക്കേണ്ടതു പോലെ പരിഗണിക്കണം.

മദീനയിലേക്ക് വന്ന ഉടനെ മദീനയിലെ എല്ലാ തോട്ടങ്ങളും റസൂൽ സന്ദര്‍ശിക്കുന്നുണ്ട്. അവിടത്തെ തൊഴിലാളികളുമായി സംസാരിക്കുന്നുണ്ട്. തൊഴിൽ മേഖലയിലെ പ്രയാസങ്ങളെപ്പറ്റി ചോദിക്കുന്നുണ്ട്. എന്നിട്ട് തൊഴിലുടമകളോട് മാന്യമായ കൂലി നല്‍കണമെന്നാവശ്യപ്പെടുന്നുണ്ട്. മതിയായ ഭക്ഷണം നിർദേശിക്കുന്നുണ്ട്. പിന്നെ തൊഴിലിടങ്ങളില്‍ ഉപയോഗിക്കുന്ന മൃഗങ്ങളെക്കുറിച്ച് ആരാഞ്ഞു. മൃഗങ്ങള്‍ക്ക് സമയത്തിന് ഭക്ഷണം കൊടുക്കണമെന്ന് പറയുന്നുണ്ട്. കൂടുതല്‍ ഭാരമുള്ള ജോലി ചെയ്യിക്കരുതെന്ന് നിർദേശിക്കുന്നുണ്ട്. അവര്‍ക്ക് ക്ഷീണമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അവരെ വിശ്രമിക്കാന്‍ വിടണമെന്ന് ഉണർത്തുന്നുണ്ട്. തുടര്‍ച്ചയായി പണിയെടുപ്പിക്കരുതെന്ന് താക്കീത് ചെയ്യുന്നുണ്ട്. അതിനുമുമ്പ് ലോകത്താരെങ്കിലും മൃഗങ്ങളോട് അത്രമേൽ ആർദ്രതയോടെ പെരുമാറിയിട്ടുണ്ടാകുമോ?

കോടമ്പുഴ ബാവ ഉസ്താദിന്റെ അല്‍ഫുഖിസ്സത്തിന്‍ വഖിസ്സ എന്ന കിതാബില്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. അബൂദര്‍ദാഅ്(റ) മരണം ആസന്നമായ സമയത്ത് ഒട്ടകത്തിന്റെ ആലയില്‍ ചെന്ന് പറയുന്നുണ്ട്. ഒട്ടകമേ, നീ അല്ലാഹുവിനോട് എന്നെപ്പറ്റി പരാതി പറയരുത്. നിനക്ക് കഴിയുന്നതിന്റെ അപ്പുറത്തൊരു ഭാരം നിന്റെ മുതുകില്‍ ഞാന്‍ വെച്ചുകെട്ടിയിട്ടില്ല. നീ അല്ലാഹുവിനോട് എന്നെപ്പറ്റി പരാതി പറഞ്ഞാല്‍ ഞാന്‍ പരാജയപ്പെടും, എന്റെ കാര്യം കഷ്ടത്തിലാകും എന്നിങ്ങനെ ഒരു വളര്‍ത്തുമൃഗത്തോട് സംസാരിക്കുന്ന ഒരു അനുയായിയെ രൂപപ്പെടുത്തിയ സംസ്കരണം എത്ര വലുതാണ്!

അനന്തമായ ആവിഷ്കാരങ്ങൾ
മുത്തുനബിയെ(സ്വ) സ്‌നേഹിച്ച ഒരുപാടാളുകളുണ്ട്. അവരൊക്കെ ആ ജീവിതം പകര്‍ത്താനാണല്ലോ ശ്രമിച്ചിട്ടുണ്ടാവുക. രിഫാഈ ശൈഖിനെപ്പോലെ അധ്യാത്മിക ഗുരുക്കളുണ്ടല്ലോ. അവര്‍ക്ക് ഹൃദയവിശാലതയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാതൃകയും ഉന്മേഷവും ഊര്‍ജവും കിട്ടിയിട്ടുണ്ടാവുക തിരുനബിയുടെ ജീവിതത്തില്‍ നിന്നാണ്. ഇങ്ങനെ അനേകായിരങ്ങളുടെ റിസോഴ്‌സായി മുത്തുനബിയുടെ ജീവിതം ബാക്കിനിൽക്കുന്നു.
പിൽക്കാലക്കാരായിട്ടുള്ള ആളുകള്‍ ഏതു ജീവിതരീതി സ്വീകരിച്ചിട്ടുണ്ടോ, അഥവാ തിരുനബിയുടെ അനുയായികളില്‍ ആരെല്ലാം ഏതു മാതൃക രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം റസൂലിന്റെ ജീവിതാവിഷ്‌കാരമാണ്. എല്ലാ വെളിച്ചവും റസൂലിൽ(സ്വ) നിന്ന് ഉദ്ഭവിച്ചതാണ്.
ഈ വെളിച്ചം കെടുത്തുകയാണ് നബിജീവിതത്തെ തെറ്റായി അവതരിപ്പിക്കുന്നവരുടെ താല്പര്യം. ഇസ്‌ലാമിനകത്തും പുറത്തും ഈ താല്പര്യക്കാരുണ്ട്. തങ്ങളുടെ അജണ്ടകൾക്കൊത്ത ഒരു നബിയെ കൊത്തിയെടുക്കുക.

മുസ്‌ലിം വിലാസത്തിൽ പ്രത്യക്ഷപ്പെടുന്ന തീവ്രധാരയെപോലെത്തന്നെ യുക്തിവാദ പ്രസ്ഥാനങ്ങളും റസൂലിനെ നിരന്തരം അവമതിക്കാൻ ശ്രമിക്കുന്നു. ഇറാനിയൻകാരനായ അലി ദോസ്തിയുടെ പുസ്തകമാണ് യുക്തിവാദികളുടെ പലവാദങ്ങളുടെയും വിവരസ്രോതസ്സ്. യുദ്ധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സ്ത്രീകളുമായി ബന്ധപ്പെടുത്തിയുള്ള വിമർശനങ്ങൾ എല്ലാം ആ പുസ്തകത്തിലുണ്ട്. അയാൾ മരിക്കുന്നതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. മരിച്ചതിനുശേഷം പുസ്തകം പ്രസിദ്ധീകരിക്കണമെന്നാണ് അയാളാഗ്രഹിച്ചത്. യുക്തിവാദികളുടെ ക്യാമ്പിലെല്ലാം ഈ പുസ്തകം സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യൻ യുക്തിവാദം ഏകപക്ഷീയമായ ഇസ്‌ലാം വിമർശനമായി മാറിക്കഴിഞ്ഞു. സത്യാന്വേഷികളാകുന്നതിനു പകരം തങ്ങളുടെ മതരഹിത സ്വത്വം സ്ഥാപിച്ചെടുക്കാൻ ഏത് കല്പിതകഥയെയും കൂട്ടുപിടിക്കുന്ന പരിണാമമാണ് യുക്തിവാദികൾക്ക് സംഭവിച്ചിരിക്കുന്നത്. ഇസ്‌ലാമിനെ തകർക്കാൻ നബിയെ അധിക്ഷേപിച്ചാൽ മതിയെന്ന ബാലിശ ചിന്തയാണ് അവരെ വഴിനടത്തുന്നത്.

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽബുഖാരി.
പി പി അബ്ദുറസാഖ് ദാരിമി.
ഡോ. ഉമറുൽഫാറൂഖ് സഖാഫി.
സി പി ശഫീഖ് ബുഖാരി.
എം അബ്ദുൽ മജീദ്.
എൻ ബി സിദ്ദീഖ് ബുഖാരി.
ഇല്യാസ് സഖാഫി കൂമണ്ണ.
സി എം സാബിർ സഖാഫി.