സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 1 July 2016

സ്വലാത്ത് മജ്‌ലിസ്



 സ്വലാത്ത് ചൊല്ലാൻ സമ്മേളിക്കുന്ന മജ്‌ലിസ് വളരെ പുണ്യമുള്ള മജ്‌ലിസാണ്. ഇമാം തുർമുദി(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം.


അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം: നബി(സ്) പ്രസ്താവിച്ചു: "ഒരു വിഭാഗമാളുകൾ ഒരു സദസ്സിൽ മേളിക്കുകയും എന്നിട്ടു ആ സദസ്സിൽ വെച്ച് അല്ലാഹുവെ സ്മരിക്കാതെയും നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലാതെയും അവർ പിരിഞ്ഞു പോവുകതയും ചെയ്യുന്നപക്ഷം ആ സദസ്സ് അവർക്കു ഖേദമായിത്തീരും. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം അവരെ ശിക്ഷിക്കുകയും അവനുദ്ദേശിക്കുന്ന പക്ഷം അവർക്കു പൊറുത്തുകൊടുക്കുകയും ചെയ്യും". (തുർമുദി: 3302)

"അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അവരെ ശിക്ഷിക്കും" എന്നു പറഞ്ഞത് അവരുടെ കഴിഞ്ഞുപോയ പാപങ്ങൾക്കും വന്നു ചേരുന്ന ന്യൂനതകൾക്കുമാണ്. "അവനുദ്ദേശിക്കുന്ന പക്ഷം അവർക്കു പൊറുത്തുകൊടുക്കും" എന്നു പറഞ്ഞത് അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും ഒന്നു കൊണ്ടു മാത്രമാണ് . അവർ ആ സദസ്സിൽവെച്ച് അല്ലാഹുവെ സ്മരിക്കുകയാണെങ്കിൽ ഒരിക്കലും അവൻ അവരെ ശിക്ഷിക്കുകയില്ലെന്നും മരിച്ച എന്തായാലും അവർക്കു പൊറുത്തുകൊടുക്കുമെന്നും ഈ ഹദീസ് സൂചിപ്പിക്കുന്നു. (തുഹ്ഫത്തുൽ അഹ് വദി: 8/277)

ഈ ഹദീസുമായി ബന്ധപ്പെട്ട് ഇബ്നുൽ ജൗസി(റ) 'അൽബുസ്താൻ' എന്ന ഗ്രൻഥത്തിൽ പറയുന്നു: 


നബി(സിയുടെ മേൽ സ്വലാത്ത് ചൊല്ലാത്ത സദസ്സിന്റെ അവസ്ഥ ഇതാണെങ്കിൽ നബി(സ) യുടെ മേൽ സ്വലാത്ത് ചൊല്ലുന്നവരേ സുഗന്ധദ്രവ്യം വിൽക്കുന്നയാളുടെ ഖജനാവിനേക്കാൾ സുഗന്ധം അടിച്ചുവീശുന്നവരായി സദസ്സിൽനിന്നു പിരിയുമെന്ന് പറയുന്നതിൽ അത്ഭുതപ്പെടാനില്ല. കാരണം നബി(സ) സുഗന്ധമുള്ളവരിൽ വെച്ച് ഏറ്റവും പരിശുദ്ധരും ആയിരുന്നു. നബി(സ) സംസാരിക്കുമ്പോൾ കസ്തൂരിയേക്കാൾ നല്ല പരിമളം ആ സദസ്സിൽ നിറഞ്ഞു നിൽക്കുമായിരുന്നു. ഇതു പോലെ നബി(സ)യെ പറയുന്ന സദസ്സിൽ നിന്ന് നല്ല പരിമളം അടിച്ചുവീശും. ആ പരിമളം ഏഴ് ആകാശങ്ങൾ വിട്ട് കടന്ന് അർശിലെത്തിച്ചേരും. മനുഷ്യരും ജിന്നുകളും ഒഴികെ ഭൂമിയിലുള്ള എല്ലാ സൃഷ്ട്ടികൾക്കും ആ പരിമളം അനുഭവപ്പെടും. മനുഷ്യർക്കും ജിന്നുകൾക്കും ആ പരിമളം അനുഭവപ്പെടുകയാണെങ്കിൽ അതിന്റെ രസം കൊണ്ട് ഉപജീവനമാർഗ്ഗം അന്വേഷിക്കുന്നതിൽ നിന്ന് അവരിൽ ഓരോരുത്തരും ജോലിയായിപ്പോകും. ആ പരിമളം അനുഭവിക്കുന്ന എല്ലാ സൃഷ്ടികളും ആ സദസ്സിലുള്ളവർക്കുവേണ്ടി പാപമോചനത്തിനിരക്കും. ഈ സൃഷ്ടികളുടെ എണ്ണം കണ്ട് ആ സദസ്സിലുള്ളവർക്ക് നന്മകൾ രേഖപ്പെടുത്തുകയും പദവികൾ ഉയർത്തുകയും ചെയ്യും. സദസ്സിലുള്ളത് ഒരാളാണെങ്കിലും ഒരു ലക്ഷം പേരാണെങ്കിലും ഇതുണ്ടാകും. ഈ എണ്ണം പോലുള്ള പ്രതിഫലം സദസ്സിലുള്ള ഓരോരുത്തർക്കും ലഭിക്കും. അല്ലാഹുവിന്റെ അടുക്കലുള്ളത് കൂടുതലാണ്. (ഇആനത്ത്: 1/13)

അല്ലാഹുവിനു സഞ്ചാരികളായ ഒരു വിഭാഗം മലക്കുകളുണ്ടെന്നും അവർ ദിക്റിന്റെ സദസ്സുകളിൽ പങ്കെടുത്ത തിരിച്ചു ചെന്ന് അല്ലാഹുവിന് കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കുമെന്നും പ്രബലമായ ഹദീസുകളിൽ വന്നിട്ടുള്ളതാണ്. "ദിക്ർ ഹൽഖ " എന്ന എന്റെ ബ്ലോഗ് കാണുക. കാണുക. 

മലക്കുകൾ അല്ലാഹുവിന് വിശദീകരിച്ചു കൊടുക്കുന്ന ഭാഗം ഇമാം ബസ്സാർ(റ) അനസി(റ)ൽ നിന്ന് നിവേദനം ചെയ്യന്ന റിപ്പോർട്ടിൽ ഇങ്ങനെയാണുള്ളത്. 


അവർ നിന്റെ അനുഗ്രഹങ്ങളെ വലുതായി കാണുകയും നിന്റെ ഗ്രൻഥം പാരായണം ചെയ്യുകയും നിന്റെ പ്രാവാചകരുടെ മേൽ സ്വലാത്ത് ചൊല്ലുകയും ഐഹികവും പാരത്രികവുമായ കാര്യങ്ങൾ നിന്നോട് ചോദിക്കുകയും ചെയ്യുന്നു". (ഫത്ഹുൽ ബാരി: 18/212)