സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 23 September 2016

മുഹമ്മദ് നബി(സ) ഭാഗം 4





بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

           മുഹമ്മദ് നബി(സ)  

ഭാഗം 4 


മുഹമ്മദ് നബി(സ) ഭാഗം 1

മുഹമ്മദ് നബി(സ) ഭാഗം 2

മുഹമ്മദ് നബി(സ) ഭാഗം 3

ഹിജ്‌റ പോയവരെല്ലാം രഹസ്യമായി പോയപ്പോൾ മഹാനായ ഉമറുബ്നുൽ ഖത്വാബ്(റ) പരസ്യമായി പ്രഖ്യാപിച്ചാണ് പോയത്. അദ്ദേഹം ആയുധമെടുത്ത് കഅ്ബ  പ്രദക്ഷിണം ചെയ്ത് ഇബ്‌റാഹീം മഖാമിൽ നിസ്കരിച്ചു . എന്നിട്ട് ഖുറൈശികളിലേക്ക്  മുന്നിട്ട് അദ്ദേഹം പറഞ്ഞു: "മക്കളെ അനാഥരാക്കാനും ഭാര്യയെ വിധവയാക്കാനും ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കിൽ ഈ വാദിയുടെ പിന്നിൽ എന്നോട് ഏറ്റുമുട്ടാൻ തയ്യാറാകട്ടെ". എന്നിട്ട് അദ്ദേഹം മുമ്പോട്ട് കുതിച്ചു. പക്ഷെ ശത്രുക്കളിൽ ഒരാളും അദ്ദേഹത്തെ അനുഗമിച്ചില്ല. (സീറത്തുൽ അലബിയ്യ : 2 / 21 , 22 )

രണ്ടാം ഉടമ്പടിക്കു മുമ്പുതന്നെ ഒറ്റപ്പെട്ട വ്യക്തികൾ മദീനയിലേക്ക് പാലായനം ചെയ്തിരുന്നു. അബൂസലമ(റ) ആദ്യമായി മദീനയിലേക്ക് പാലായനം ചെയ്തത്. രണ്ടാം ഉടമ്പടിയുടെ ഒരു വര്ഷം മുമ്പായിരുന്നു അത്. അബ്സീനിയയിൽ നിന്ന് മക്കയിലേക്ക് തിരിച്ച അദ്ദേഹത്തെ അദ്ദേഹത്തിൻറെ കുടുംബം ഉപദ്രവിക്കുകയും അൻസ്വാറുകളിൽ ചിലർ ഇസ്‌ലാം സ്വീകരിച്ചതായി അറിയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. പിന്നീട് ആമിറുബ്നു റബീഅ(റ) ഭാര്യ ലൈല(റ)യോടപ്പം പാലായനം ചെയ്തു. പിന്നീട് അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) തന്റെ സഹോദരനും കുടുംബത്തിനുമൊപ്പം പാലായനം ചെയ്തു. പിന്നീട് മുസ്‌ലിംകൾ  കൂട്ടംകൂട്ടമായി പാലായനം ചെയ്തു. രണ്ടാം ഉടമ്പടി കഴിഞ്ഞു രണ്ടു മാസവും പത്തില്പരം ദിവസങ്ങളുമായപ്പോഴേക്ക്  മുസ്ലിം സഹോദരങ്ങൾ മുഴുവനും മദീനയിൽ എത്തിച്ചേരുകയും  ഇസ്‌ലാമിന്റെ കേന്ദ്രമായി മദീന മാറുകയും ചെയ്തു. 


നബി(സ) മദീനയിലേക്ക് പോകുവാനുള്ള അല്ലാഹുവിന്റെ അനുവാദവും കാത്ത് കഴിയുകയായിരുന്നു. അപ്പോൾ അല്ലാഹു ആയത്തിറക്കി. 




സാരം:
     "എന്‍റെ രക്ഷിതാവേ, സത്യത്തിന്‍റെ പ്രവേശനമാര്‍ഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും, സത്യത്തിന്‍റെ ബഹിര്‍ഗ്ഗമനമാര്‍ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്‍റെ പക്കല്‍ നിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏര്‍പെടുത്തിത്തരികയും ചെയ്യേണമേ എന്ന് താങ്കൾ  പറയുകയും ചെയ്യുക".

നബി(സ)യും  കൂടി മദീനയിലേക്ക് പോയാലുണ്ടാകുന്ന അപകടം മനസ്സിലാക്കിയ ഖുറൈശികൾ നബി(സ)യുടെ കാര്യത്തിൽ എന്ത് തീരുമാനമെടുക്കണമെന്ന് ചർച്ച ചെയ്യാനായി ദാറുന്നദ്‌വയിൽ യോഗം ചേർന്നു.  (ഖുസ്വയ്യ്ബ്‌നു കിലാബിന്റെ വീടാണ് ദാറുന്നദ്‌വ. ആ വീട്ടിൽവെച്ച് മാത്രമായിരുന്നു ഖുറൈശികൾ സുപ്രധാനമായ തീരുമാനങ്ങൾ എടുത്തിരുന്നത്. ഇബ്നു കസീർ : 3 / 202 . മക്കയിൽ സ്ഥാപിക്കപ്പെട്ട പ്രഥമ വീടാണത്. ഹി ജ്‌റിന്റെ ഭാഗത്തായിരുന്നു അത് നിലകൊണ്ടിരുന്നത്. മസ്ജിന്റെ ഭാഗത്തേക്ക് അതിനു കവാടമുണ്ടായിരുന്നു. മുശാവറ ചേരുമ്പോൾ ഖുസ്വയ്യിന്റെ സന്താനങ്ങളിൽ നിന്ന് നാല്പത് വയസ്സ് തികഞ്ഞവർക്ക്  മാത്രമായിരുന്നു അവിടേക്ക്  പ്രവേശനം ലഭിച്ചിരുന്നത്. (സീറത്തുൽ ഹലബിയ്യ: 2 / 25 )


യോഗത്തിൽ പലരും പല അഭിപ്രായങ്ങളും അവതരിപ്പിച്ചു. മരിക്കുന്നതുവരെ  മുഹമ്മദിനെ തടഞ്ഞുവെക്കുകയെന്ന്  ചിലർ അഭിപ്രായപ്പെട്ടപ്പോൾ നാടുകടത്തുകയെന്ന അഭിപ്രായമാണ് മറ്റു ചിലർ ഉന്നയിച്ചത്. എന്നാൽ മുഹമ്മദിനെ വധിക്കുകയെന്നാണ് അബൂജഹ്ൽ അഭിപ്രായപ്പെട്ടത്. വധിക്കേണ്ട രൂപം അവൻ വിശദീകരിച്ചതിങ്ങനെ: 'ഓരോ ഗോത്രത്തിൽ നിന്നും ശക്തവാനും യോഗ്യനുമായ ഓരോ യുവാവിനെ തെരെഞ്ഞെടുത്ത് , ഓരോരുത്തർക്കും മൂർച്ചയേറിയ വാൾ നൽകി, എല്ലാവരും ഒന്നിച്ച്  ഒരാൾ വെട്ടുന്നതുപോലെ മുഹമ്മദിനെ വെട്ടുക. അങ്ങനെ വരുമ്പോൾ മുഹമ്മദിന്റെ രക്തം എല്ലാ ഗോത്രങ്ങളിലും വിട്ടുപിരിയും. അപ്പോൾ എല്ലാവരോടും ഒന്നിച്ച്  മുഹമ്മദിന്റെ രക്തത്തിന്  പ്രതികാരം ചെയ്യാൻ അബ്ദുമനാഫിന്റെ മക്കൾക്ക് കഴിയില്ല. അങ്ങനെ വരുമ്പോൾ പ്രായശ്ചിത്തം കൊണ്ട് അവർ തൃപ്തിപ്പെടും'. ഈ അഭിപ്രായത്തിൽ ഏകോപിച്ച് ഖുറൈശികൾ  യോഗം പിരിഞ്ഞു. (ദലാഇലുൽ ബൈഹഖി: 2 / 466 -469 , ഇബ്നുകസീർ: 3 202 -203 )


മേൽപ്പറഞ്ഞ പ്രകാരം നബി(സ)യെ വകവരുത്താൻ രാത്രി നബി(സ)യുടെ വീട് വളയാനായിരുന്നു ഖുറൈശികളുടെ പദ്ധതി. അപ്പോൾ മദീനയിലേക്ക് പാലായനം ചെയ്യാൻ അല്ലാഹു നബി(സ)ക്ക് അനുവാദം നൽകി. സമ്മതം ലഭിച്ചയുടൻ നട്ടുച്ച സമയത്ത് നബി(സ) തന്റെ സന്തതസഹചാരിയായ അബൂബക്ർ(റ)നെ സമീപിച്ചു . രാവിലെയോ വൈകുന്നേരമോ മാത്രമേ നബി(സ) സാധാരണ നിലയിൽ അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നുള്ളു. നട്ടുച്ച സമയത്ത് നബി(സ) വരുന്നതുകണ്ടപ്പോൾ അബൂബക്റി(റ)ന്റെ മനസ്സ് മന്ത്രിച്ചു. 'ഈ സമയത്ത് നബി(സ) വരാൻ കാരണം എന്തോ പുതിയകാര്യം ഉണ്ടായതുകൊണ്ടായിരിക്കണം'. നബി(സ) വിശദീകരിച്ചു. "നിശ്ചയം ഹിജ്‌റപോവാൻ അല്ലാഹു എനിക്ക് അനുവാദം നൽകിയിരിക്കുന്നു". അപ്പോൾ ഹിജ്‌റയിൽ കൂടെ വരാൻ അബൂബക്ർ(റ) അനുവാദം ചോദിക്കുകയും നബി(സ) അനുവാദം നൽകുകയും ചെയ്തു. അപ്പോൾ അബൂബക്ർ(റ) സന്തോഷം കൊണ്ട് കരഞ്ഞുപോയി. (അൽബിദായവന്നിഹായ : 3 / 205 -206 )

അബൂബക്ർ(റ) നേരത്തെ ഹിജ്‌റ പോകാൻ ഒരുങ്ങിയിരുന്നു. അപ്പോൾ നബി(സ) അദ്ദേഹത്തോട് പറഞ്ഞു: "സാവകാശം കാണിക്കൂ, എനിക്കും അനുവാദം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു". (ബുഖാരി: 3905 )

800  ദിർഹം നൽകി രണ്ട് വാഹനങ്ങൾ നൽകി അബൂബക്ർ(റ) ഹിജ്റക്ക് തയ്യാറായി. ഒന്ന് തനിക്കും ഒന്ന് നബി(സ)ക്കും. (ഫത്ഹുൽ ബാരി: 7 / 235 )

ഹിജ്റക്കുള്ള അനുവാദം ലഭിച്ചപ്പോൾ അവർ വഴിക്കാണിക്കാനായി അബ്ദുല്ലാഹിബ്നു ഉറൈഖിത്വിനെ  കൂലിക്ക്  വിളിച്ചു . (ഇദ്ദേഹം അന്ന് ശത്രുപക്ഷത്തായിരുന്നു. പിന്നീട് ഇസ്‌ലാം സ്വീകരിച്ചു . സീറത്തുൽ ഹലബിയ്യ: 2 / 24 )

തുടർന്ന് യാത്രാവാങ്ങിയ രണ്ട്  വാഹനങ്ങളും അവർ അബ്ദുല്ലയെ ഏൽപ്പിക്കുകയും മൂന്ന് രാത്രികൾക്കുശേഷം 'സൗർ ' ഗുഹയിൽ എത്താമെന്ന് അദ്ദേഹത്തോട് വാഗ്ദാനം ചെയ്യുകയും ചെയ്തു. അബൂബക്റി(റ)ന്റെ കുടുംബം ഇരുപേർക്കും യാത്രയിൽ ആവശ്യമായി വരുന്ന ഭക്ഷണ സാധനങ്ങൾ തകൃതിയായി തയ്യാറാക്കി. ഒരു തോൽപാത്രത്തിൽ വേവിച്ച ആടിനെ വെച്ച്  അസ്മാഅ്(റ) തന്റെ മുണ്ട് മുറിച്ച്  അത് കെട്ടി ഭദ്രമാക്കി. ഇതിന്റെ പേരിൽ 'ദാത്തുന്നിത്വാഖൈനി' എന്ന പേരിൽ  അസ്മാഅ്(റ) അറിയപ്പെടുന്നു. (ബുഖാരി: 3905 )

രാത്രിയായപ്പോൾ നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഖുറൈശികളിൽ നിന്നുള്ള 100  പേർ  നബി(സ)യുടെ വീട് വളഞ്ഞു. നബി(സ) പുറപ്പെടുന്നതും പ്രതീക്ഷിച്ച് പ്രഭാതം വരെ അവർ കാത്തിരുന്നു. ബനൂഹാശിം നോക്കിക്കാണും വിധം പരസ്യമായി ഒന്നിച്ച്  നബി(സ)യെ വധിക്കണമെന്ന ലക്ഷ്യത്തോടായിരുന്നു അവരുടെ നിൽപ്പ്. (സീറത്തുൽ ഹലബിയ്യ: 2 / 26 - 28 )

എന്നാൽ അന്ന് രാത്രി വീട്ടിൽ ഉറങ്ങുന്നതിൽ നിന്ന് ജിബ്‌രീൽ(അ) നബി(സ)യെ വിലക്കിയിരുന്നു. അതിനെ തുടർന്ന് നബി(സ)യുടെ പുതപ്പും പുതച്ച് നബി(സ)യുടെ വിരിപ്പിൽ കിടക്കാൻ അലി(റ) ക്ക്  നബി(സ) നിർദേശം നൽകുകയും താങ്കൾ വെറുക്കുന്ന ഒന്നും സംഭവിക്കുകയില്ലെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. (ഇബ്നു അസീർ : 2 / 72 , ഇബ്നു ഹിശാം: 2 / 95 )

പിന്നീട് ഒരു പിടി മണ്ണ് കൈയിലെടുത്ത് യാസീൻ സൂറത്തിന്റെ തുടക്കത്തിലേ ഏതാനും വചനങ്ങൾ ഓതി ശത്രുക്കളുടെ ഭാഗത്തേക്കെറിഞ്ഞു നബി(സ) അവർക്കിടയിലൂടെ പുറത്തു കടന്നു. നബി(സ) പോകുന്നത് അവർക്ക്  കാണാൻ കഴിഞ്ഞില്ല. അങ്ങനെ നബി(സ) നേരെ അബൂബക്റി(റ)നെ സമീപിച്ച്  രണ്ടുപേരും സൗർ  ഗുഹയിലേക്ക് തിരിച്ചു. മൂന്നു ദിവസം അതിൽ ഒളിഞ്ഞിരുന്നു. (ദലാഇലുന്നുബുവ്വ : 2 / 470 , ബുഖാരി: 3905 ,അൽമാവാഹിബുല്ലദുന്നിയ്യ : 1 / 286 -287 )

വിരിപ്പിൽ കിടക്കുന്നയാൾ നബി(സ) യാണെന്ന് ധരിച്ച് ഖുറൈശികൾ നേരം പുലരും വരെ കാത്തിരുന്നു. പ്രഭാതമായപ്പോൾ അലി(റ) വിരിപ്പിൽ നിന്നെഴുന്നേറ്റു വന്നു. അതോടെ നബി(സ) രക്ഷപ്പെട്ടുവെന്നും നമ്മുടെ തന്ത്രം പരാജയപ്പെട്ടുവെന്നും മനസ്സിലാക്കിയ ഖുറൈശികൾ ഇളഭ്യരായി തിരിച്ചുപോയി..

ഇസ്‌ലാമിനെ അതിന്റെ ജന്മനാട്ടിൽ തന്നെ കുഴുച്ചുമൂടണമെന്നായിരുന്നു ഖുറൈശികളുടെ ലക്‌ഷ്യം. അതിനുവേണ്ടി അവസാന നിമിഷം വരെ അവസാന യുക്തിപോലും അവർ പ്രയോഗിച്ചുനോക്കി പക്ഷെ ഫലമുണ്ടായില്ല. അല്ലാഹു പറയുന്നു:  




 "താങ്കളെ  ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി താങ്കൾക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍".

ഇതുകൂടിയായപ്പോൾ ഖുറൈശികളുടെ പക്ഷപാതം ചൂടാവുകയും നബി(സ)യെ തേടി നാനാഭാഗത്തേക്കും അന്വേഷകരെയും ലക്ഷണമറിയുന്നവരെയും അവർ പറഞ്ഞയക്കുകയും ചെയ്തു. നബി(സ)യെ പിടിച്ചു കൊണ്ടുവരുന്നവർക്ക്  100  ഒട്ടകം അവർ ഇനാം പ്രഖ്യാപിച്ചു. അബൂജഹ്‌ലും  ഖുറൈശികളിൽപെട്ട ഒരു സംഘവും അബൂബക്റി(റ) ന്റെ വീട്ടിൽ ചെന്ന് അസ്മാഅ് ബീവി(റ) യോട് പിതാവ് എവിടെപ്പോയെന്ന്  അന്വേഷിച്ചു. അറിയില്ലെന്ന് മഹതി പ്രതികരിച്ചപ്പോൾ അബൂജഹ്ൽ  അവരുടെ മുഖത്തടിച്ചു. അടിയുടെ ശക്തിയാൽ അവരുടെ ചീവിയിൽ നിന്ന് ആഭരണം വീണുപോയി. സ്ത്രീയ്ക്കും ദുഷ്ടനും വടക്കാച്ചിയുമായിരുന്നു അബൂജഹ്ൽ. (ഇബ്നു ഹിശാം: 2 / 102 , 2 / 100 ,ഇബ്നു കസീർ : 3 / 210, അൽമാവാഹിബുല്ലദുന്നിയ്യ : 1 / 300 )

അന്വേഷകരിൽ ചിലർ സൗർ  പർവ്വതത്തിലെത്തി അതിന്റെ മുകളിൽ കയറി. അപ്പോൾ അബൂബക്ർ(റ) പേടിച്ചുപോയി. അപ്പോൾ നബി(സ) അദ്ദേഹത്തെ സാന്ത്വനപ്പെടുത്തി. "ദുഃഖിക്കേണ്ട, നിശ്ചയം നമുക്കൊപ്പം അല്ലാഹു ഉണ്ട് ". അബൂബക്ർ(റ) പറഞ്ഞു: 'അവരിലൊരാൾ അവരുടെ കാൽപാദത്തിന്റെ ഭാഗത്തേക്ക് നോക്കുകയാണെങ്കിൽ അവർ നമ്മെ കാണുമല്ലോ'. അപ്പോൾ നബി(സ) പറഞ്ഞു: "ഹേ , അബൂബക്ർ! അല്ലാഹു മൂന്നാമനായുള്ള രണ്ടാളുകളെ  കുറിച്ച്  താങ്കളുടെ വിചാരമെന്ത്?". (ബുഖാരി: 3653 )

ലക്ഷണം നോക്കുന്നവരും സൗർ  ഗുഹയുടെ അരികിലൂടെ കടന്നുപോയിരുന്നു. എന്നാൽ റസൂലിനെതോട്ടും തന്റെ സന്തതസഹചാരിയെതൊട്ടും  അല്ലാഹു അവരെ തിരിച്ചുവിട്ടു. ഗുഹയുടെ മുഖത്ത് എട്ടുകാലി വലനെയ്തതായും രണ്ട്  മാടപ്രാവുകൾ മുട്ടയിട്ടതായും അവർ കണ്ടപ്പോൾ ഈ ഗുഹയിൽ ഒരാളുമില്ലെന്ന്  പറഞ്  അവർ മടങ്ങുകയാണുണ്ടായത്. ഉമയ്യത്തുബ്നു ഖലഫ്  പറഞ്ഞു: ഗുഹയിൽ നിങ്ങൾക്കെന്താവശ്യമാണുള്ളത് . മുഹമ്മദിന്റെ ജനത്തെക്കാൾ പഴക്കമുള്ള എട്ടുകാലി അതിലുണ്ട്. (അൽമാവാഹിബുല്ലദുന്നിയ്യ : 1 / 293 , ഇബ്നുകസീർ: 3 / 209 )

ഈ സന്ദർഭം ഖുർആൻ വിവരിക്കുന്നതിങ്ങനെ: 



സാരം:
"നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്‍റെ കൂട്ടുകാരനോട്‌, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്‍റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്‍റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു".

ഗുഹയിലിരുന്ന്  നബി(സ)യും അബൂബക്റും(റ) മക്കയിലെ വിവരങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. പകൽ സമയത്ത് മക്കയിലെ വിവരങ്ങൾ അറിയാനും രാത്രി ഇരുള്മുറ്റിയാൽ ഗുഹയിൽ വന്ന്  തങ്ങൾക്ക്  കൈമാറാനും അബൂബക്ർ(റ) മകൻ അബ്ദുള്ളയോട് നിർദ്ദേശിച്ചിരുന്നു. അതുപോലെ മക്കക്കാരുടെ ആടുകളെ മേയ്ക്കുന്നവരുടെ കൂട്ടത്തിൽ ചേർന്ന് തന്റെ ആടുകളെ മേയ്ക്കാനും വൈകുന്നേരമായാൽ ആടുകളുമായി  അവരെ സമീപിക്കാനും തന്റെ അടിമ ആമിറുബ്നുഫുഹൈറയോട് അബൂബക്ർ(റ) നിർദ്ദേശിച്ചിരുന്നു. (ബുഖാരി: 3905 , ഇബ്നു ഹിശാം : 2 / 98 )

അങ്ങനെ അബുദുല്ല(റ)  മക്കയിലേക്ക് വരുമ്പോൾ ആമിർ(റ) ആടുകളുടെ അദ്ദേഹത്തെ അനുഗമിക്കും. കാൽപ്പാടുകൾ മായ്ചുകളയാനായിരുന്നു ഇത്. ആമിർ(റ) വിശ്വസ്തനും ഉറച്ച വിശ്വാസിയുമായിരുന്നു. (ഫത്ഹുൽ ബാരി: 7 / 237 , ഇബ്നു ഹിശാം : 2 / 99 )

ആമിർ(റ) ത്വുഫൈലുബ്നു അബ്ദുല്ലാഹിൽ അസ്ദിയുടെ അടിമയായിരുന്നു. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ ത്വുഫൈൽ അദ്ദേഹത്തെ അതിക്രൂരമായി മർദ്ദിച്ചു. അതിന്റെ പേരിൽ അബൂബക്ർ(റ) ത്വുഫൈലിൽ നിന്ന് ആമിറി(റ)നെ വാങ്ങി മോചിപ്പിച്ചു. (അൽകാമിൽ: 2 / 46)

പ്രവാചകത്വം ലഭിച്ചതിന്റെ പതിമൂന്നാം വര്ഷം സ്വഫറിൽ  നിന്ന് മൂന്ന്  രാത്രികൾ അവശേഷിക്കുമ്പോൾ ഒരു വ്യാഴാഴ്ച രാത്രിയായിരുന്നു നബി(സ) വീട്ടിൽ നിന്ന് പുറപ്പെട്ടത്. തുടർന്ന് വെള്ളി , ശനി, ഞായർ എന്നീ മൂന്ന് രാത്രികൾ രണ്ടുപേരും സൗർ  ഗുഹയിൽ താമസിച്ചു. തിങ്കളാഴ്ച രാത്രിയിൽ നബി(സ)  ഗുഹയിൽ നിന്ന് പുർപ്പെട്ടു. അന്ന് റബീഉൽ അവ്വൽ ഒന്നായിരുന്നു. (ഫത്ഹുൽ ബാരി: 7 / 236 , 7 / 244 ,  അൽമാവാഹിബുല്ലദുന്നിയ്യ: 1 / 288 )

അബ്ദുല്ലാഹിബ്നു ഉറൈഖിത്വ്(റ) വാഗ്ദാനം ചെയ്തതുപോലെ രണ്ട്  ഒട്ടകങ്ങളുമായി അവരുടെ സമീപത്തെത്തി. അവരെ സഹായിക്കാനും അവർക്കു സേവനം ചെയ്യാനുമായി ആമിറുബ്നു  ഫുഹൈറ(റ) യും അവരെ അനുഗമിച്ചു. സമുദ്രതീരത്തുകൂടിയുള്ള യാത്രക്കിടെ മക്കയുടെ സമീപത്തുള്ള ഖുദൈദ് എന്ന സഥലത്തുകൂടി അവർ കടന്നുപോകുമ്പോൾ ഉമ്മുമഅ്ബദി(റ)നെ അവർ കണ്ടുമുട്ടി. അതിലേകടന്നുപോകുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകാനായി ടെന്റിന്റെ മുറ്റത്ത് അവരുണ്ടായിരുന്നു. (അൽമാവാഹിബുല്ലദുന്നിയ്യ: 2 / 130 )

അവരിൽ നിന്ന് വാങ്ങാനായി പാലോ മാംസമോ ഉണ്ടോ എന്ന് അന്വേഷിച്ചപ്പോൾ അവരെയടുത്തുനിന്ന് ഒന്നും തന്നെ അവർക്കു ലഭിച്ചില്ല. അപ്പോൾ ടെന്റിന്റെ ഒരു ഭാഗത്ത് നിൽക്കുന്ന ഒരു ആട്  നബി(സ)യുടെ ശ്രദ്ധയിൽ പെട്ടു . മറ്റു ആടുകളുടെ കൂടെ മേച്ചിൽ പുറങ്ങളിലേക്കു പോകാൻ സാധിക്കാത്തതിനാലാണ് അതവിടെയുണ്ടായത്. അതിൽ പാലുണ്ടോയെന്ന്  നബി(സ) അന്വേഷിച്ചപ്പോൾ ഇല്ലെന്ന്  മറുപടി കിട്ടി. അപ്പോൾ അതിനെ കറക്കാൻ എനിക്ക് അനുവാദം തരുമോ എന്ന് ചോദിച്ചപ്പോൾ അതിൽ പാലുണ്ടെങ്കിൽ താങ്കൾക്ക്  കറന്നെടുക്കാമെന്ന്  മഹതി പ്രതിവചിച്ചു. തുടർന്ന് അല്ലാഹുവിന്റെ പേരുച്ചരിച്ച്  നബി(സ) ആടിന്റെ അവിട്ടിൽ തടവുകയും എല്ലാവര്ക്കും വയറുനിറയെ കുടിക്കാനുള്ള പാൽ കൊള്ളുന്ന ഒരു പാത്രം കൊണ്ടുവന്ന് നബി(സ) അതിൽ നിറയെ പാൽ കറന്ന് അനുയായികൾക്ക് കുടിപ്പിച്ചു. രണ്ടു പ്രാവശ്യം അവരെല്ലാവരും പാൽകുടിച്ചു . എല്ലാവരുടെയും ദാഹം തീർന്നപ്പോൾ അവസാനമായി നബി(സ)യും പാൽ കുടിച്ചു. പിന്നീട് ഒന്നുകൂടി ആടിനെ കറന്ന് പാൽ അവരുടെയടുക്കൽ വെച്ച്  അവർ യാത്രയായി.

കുറച്ചു കഴിഞ്ഞപ്പോൾ ആടുകളെ തീറ്റാൻ പോയ ഉമ്മുമഅ്ബദി(റ) ന്റെ ഭർത്താവ് അബൂമഅ്ബദ് (റ) ആടുകളുമായി തിരിച്ചെത്തി. വീട്ടിൽ പാൽ കണ്ടപ്പോൾ അത്ഭുതത്തോടെ ഈ പാൽ എവിടെനിന്നുകിട്ടിയെന്ന്അദ്ദേഹം ഭാര്യയോട് ചോദിച്ചു. ഉമ്മുമഅ്ബദ്(റ) ഭർത്താവിന് വിശദീകരിച്ചുകൊടുത്തു. ഒരു അനുഗ്രഹീത വ്യക്തി ഇന്ന് നമ്മിലൂടെ കടന്നുപോയി. അങ്ങനെ ഉണ്ടായതെല്ലാം മഹതി വിശദീകരിച്ചു. അപ്പോൾ അബൂമഅ്ബദ് (റ) പ്രതികരിച്ചു . അല്ലാഹുവാണ് സത്യം ഇത് ഖുറൈശികളിലെ വ്യക്തിയാണ്. അദ്ദേഹത്തെ ഞാൻ കണ്ടാൽ അദ്ദേഹത്തെ ഞാൻ അനുഗമിക്കും. തുടർന്ന്  ഉമ്മുമഅ്ബദും ഭർത്താവും ഹിജ്റപോയി ഇസ്‌ലാം സ്വീകരിച്ചു. നബി(സ) അവരുടെ വീട്ടിൽ വന്ന ദിവസം ഒരു ചരിത്രത്തിന്റെ അവലംബമായി  അവരുടെ കുടുംബം പരിഗണിച്ചിരുന്നു. ഉമറി(റ)ന്റെ ഭരണകാലം വരെ നല്ലപോലെ പാൽ നൽകുന്നതായി ആ ആട്  ജീവിച്ചു. (അൽമാവാഹിബുല്ലദുന്നിയ്യ: 1 / 303 -304 )



ഖുദൈദിൽ വെച്ച്  സുറാഖത്തുബ്നു  മാലിക്  അവരെ അനുഗമിച്ചു. നബി(സ)യെയും സ്വിദ്ദീഖ് (റ)നേയും  വധിക്കുകയോ ബന്ധനസ്ഥരായി പിടിക്കുകയോ ചെയ്യുന്നവർ ക്ക്  ഒരാൾക്ക് 100  ഒട്ടകം വീതം നൽകാമെന്ന് സുറാഖത്തിന്റെ ജനതയെ ഖുറൈശികൾ അറിയിച്ചിരുന്നു. സുറാഖത്ത് അദ്ദേഹത്തിൻറെ ജനത സമ്മേളിച്ച ഒരു സദസ്സിലിരിക്കുമ്പോൾ ഒരാൾ വന്ന്  ഇപ്രകാരം പറഞ്ഞു: 'കടൽ തീരത്തുകൂടി ചില വ്യക്തികൾ പോകുന്നത് ഞാൻ കണ്ടു. അത് മുഹമ്മദും അനുയായികളുമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്'. ഖുറൈശികൾ പ്രഖ്യാപിച്ച ഇനാം വാങ്ങുന്നതിൽ ആഗ്രഹിക്കുകയും എന്നാൽ അതിൽ ആരെങ്കിലും തന്നോട് പങ്കാകുന്നത്  വെറുക്കുകയും ചെയ്ത സുറാഖത്ത്  ആ വ്യക്തി പറഞ്ഞതിനെ വിമർശിക്കുകയും പിന്നീട് ആരും അറിയാതെ സദസ്സിൽ നിന്ന് പിൻവലിഞ് സായുധനായി കുതിരപ്പുറത്ത് കയറി സമുദ്രതീരത്തേക്കു കുതിച്ചു .

സുറാഖത്ത്  നബി(സ)യോടടുത്തപ്പോൾ കുതിര സുറാകാത്തത്തിനെ തള്ളിയിട്ടു. അതിനെത്തുടർന്ന് സുറാഖത്ത് അമ്പുകളെടുത്ത് പ്രശ്നം നോക്കിയപ്പോൾ അവരെ ദ്രോഹിക്കരുത് എന്നാണു മനസ്സിലായത്. അപ്പോൾ അമ്പുകളെ കുറ്റക്കാരായി ചിത്രീകരിച്ച്  സുറാഖത്ത് വീണ്ടും കുതിരപ്പുറത്ത് കയറി മുമ്പോട്ടു  കുതിച്ചു. നബി(സ)യുടെ ഖുർആൻ പാരായണം കേൾക്കും വിധം സുറാഖത്ത്  അവരുടെ അടുത്തെത്തി. നബി(സ) തിരിഞ്ഞു നോക്കുന്നില്ല. എന്നാൽ അബൂബക്ർ(റ) കൂടുതൽ തിരിഞ്ഞുനോക്കുന്നുമുണ്ട്. അപ്പോൾ സുറാഖത്തിന്റെ  കുതിരയുടെ രണ്ട്  കൈകൾ മുട്ടുവരെ ഭൂമിയിലേക്ക് ആണ്ടുപോവുകയും സുറാഖത്ത് വീഴുകയും ചെയ്തു. കുതിരയെ രക്ഷപ്പെടുത്തിയപ്പോൾ അതിനെ രണ്ട്  കൈകളുടെ ഫലത്താൽ മേൽഭാഗത്ത്  പൊടിപടലങ്ങൾ പുകപോലെ നിറഞ്ഞുനിന്നു. വീണ്ടും അമ്പപ്പുകളെടുത്ത് സുറാഖത്ത് പ്രശ്നം നോക്കി. അപ്പോഴും അവനിഷ്ടപ്പെടാത്ത ഫലമാണ് പുറത്തുവന്നത്. അപ്പോൾ നബി(സ)യെയും കൂട്ടുകാരെയും വിളിച്ച്  സുറാഖത്ത് നിർഭയത്വം അറിയിച്ചപ്പോൾ അവർ നിന്നു . സുറാഖത്ത് കുതിരപ്പുറത്ത് കയറി അവരെ സമീപിച്ചു. നബി(സ)യുടെ കാര്യം വിജയിക്കുമെന്ന് അപ്പോൾ സുറാഖയുടെ മനസ്സ് തന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു.ഖുറൈശികൾ ഉദ്ദേശിക്കുന്ന കാര്യം സുറാഖ അവരെ അറിയിക്കുകയും ഭക്ഷണവും മറ്റും അവർക്കുമുമ്പിൽ വെക്കുകയും ചെയ്തു. എന്നാൽ സുറാഖയിൽ നിന്ന് യാതൊന്നും അവർ സ്വീകരിച്ചില്ല. മറിച്ച്  ഞങ്ങളെക്കുറിച്ച്  ആരോടും പറയരുതെന്ന് നബി(സ) അദ്ദേഹത്തോട് നിർദ്ദേശിച്ചു. അപ്പോൾ ഒരു നിർഭയത്വം നൽകുന്ന എഴുത്ത് നൽകാൻ സുറാഖത്ത് നബി(സ)യോട് ആവശ്യപ്പെട്ടു. നബി(സ)യുടെ നിർദ്ദേശപ്രകാരം ആമിറുബ്നു ഫുഹൈറ(റ) ഒരു തോൽക്കഷ്ണത്തിൽ അതെഴുതി സുറാഖയെ ഏൽപ്പിച്ചു. (ബുഖാരി: 3906 , ഫത്ഹുൽ ബാരി : 7 / 241 - 243 )

പിന്നീട് കുറെകാലങ്ങൾക്കുശേഷം ഈ എഴുത്തുമായി സുറാഖ നബി(സ)യെ സമീപിച്ചു. ഹിജ്‌റ എട്ടാം വർഷം നബി(സ) ത്വാഇഫിൽ നിന്ന് മടങ്ങുമ്പോൾ ജിഅ്റാണത്തിലായിരിക്കെയാണ്  സുറാഖ അതുമായി വന്നത്. അങ്ങനെ അവിടുന്ന് സുറാഖ ഇസ്‌ലാം സ്വീകരിച്ചു. (അൽബിദായവന്നിഹായ : 3 214 )

ഖുദൈദിൽ വെച്ച് നബി(സ) സുറാഖത്തിന്‌  മാപ്പ് നൽകുമ്പോൾ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞിരുന്നു: "ഹേ  സുറാഖ! കിസ്രയുടെ രണ്ട്  വളകൾ നീ അണിയുമ്പോൾ എങ്ങനെയിരിക്കും?". അപ്പോൾ സുറാഖ ചോദിച്ചു: 'ഹുർമുസിന്റെ പുത്രൻ കിസ്രയുടേതോ?'. നബി(സ) പ്രതിവചിച്ചു : "അതെ".

പിന്നീട് ഉമറി(റ)ന്റെ ഭരണകാലത്ത് പേർഷ്യയിൽ നിന്നുള്ള  യുദ്ധാർജ്ജിത സമ്പത്ത് വന്നപ്പോൾ അതിൽ കിസ്‌റയുടെ രണ്ട് വളകളുമുണ്ടായിരുന്നു. അപ്പോൾ ഉമർ(റ) സുറാഖയെ വിളിച്ച്  തന്റെ രണ്ട് കൈകളിൽ ആ വളകൾ അണിയിച്ച്  ഉച്ചത്തിൽ പറഞ്ഞു: കിസ്റായിൽ  നിന്നെടുത്ത്  സുറാഖത്തി(റ)ന്  ഈ രണ്ട്  വളകൾ ധരിപ്പിച്ച അല്ലാഹുവിന്  സർവ്വ സ്തുതിയും". (ശിഫാ : 1 226 , സീറത്തുൽ ഹലബിയ്യ : 2 / 45 )

മദീനയെ ലക്ഷ്യം  വെച്ച്  നബി(സ) മക്കയിൽ നിന്ന് പുറപ്പെട്ട വിവരം മദീനയിലെ മുസ്‌ലിംകൾ അറിഞ്ഞപ്പോൾ നബി(സ)യെ പ്രതീക്ഷിച്ച് എന്നും രാവിലെ അവർ മരുഭൂമിയിലേക്ക് പുറപ്പെടുകയും വെയിൽ ചൂടാകുമ്പോൾ തിരിച്ചുപോവുകയും ചെയ്യുമായിരുന്നു. ഒരു ദിവസം ദീർഗ്ഗാനേരം നബി(സ)യെ കാത്തിരുന്ന അവർ വീട്ടിലേക്ക്  തിരിക്കുമ്പോൾ ഒരു ജൂതൻ ഒരു കോട്ടയുടെ മുകളിൽ കയറി അത്യുച്ചത്തിൽ വിളിച്ചുപറയുന്നത് അവർ കേട്ടു. 'അറബി സമൂഹമേ! നിങ്ങൾ കാത്തിരുന്ന നിങ്ങളുടെ സമ്പാദ്യമിതാ വന്നിരിക്കുന്നു'. അതുകേൾക്കേണ്ട താമസം വിശ്വാസികൾ സായുധരായി നബി(സ)യെ സ്വീകരിക്കാൻ ആ കല്ലുകൾനിറഞ്ഞ ഭൂമിയിലേക്ക് കുതിച്ചു. അവർ അഞ്ഞൂറിൽ പരം ആളുകളുണ്ടായിരുന്നു. (ദലാഇലുന്നുബുവ്വ : 2 / 507 , അൽബിദായത്തുവന്നിഹായ : 3 / 226 , സീറത്തുൽ ഹലബിയ്യ : 2 / 52 )

അവരെയും കൂട്ടി മദീനയുടെ വലതുഭാഗത്തേക്കുപോയ നബി(സ) റബീഉൽ അവ്വൽ എട്ട് തിങ്കളാഴ്ച ഖുബാഇൽ അംറുബ്നു ഔഫിന്റെ സന്താനപരമ്പരയുടെ വീടുകളിൽ ചെന്നിറങ്ങി. (നബി(സ)ക്ക്  അന്ന് 53 വയസ്സ്  പ്രായമായിരുന്നു. (ബുഖാരി: 3902 )

തിങ്കൾ മുതൽ വെള്ളിവരെയുള്ള 4  ദിവസം നബി(സ) അവിടെ താങ്ങി. (അൽകാമിൽ : 2 / 76 )

ജനങ്ങളെ സ്വീകരിക്കാൻ നബി(സ) ഇരുന്നത് സഅ്ദുബ്നു ഖൈസമ (റ)യുടെ വീട്ടിലായിരുന്നു. (അൽബിദായത്തുവന്നിഹായ : 3 / 226 )

ഈ നാലുദിവസത്തിനിള്ളിലാണ്  ഖുബാഇലെ പള്ളി നിർമ്മിച്ചത്. ഇസ്‌ലാമിക ചരിത്രത്തിൽ മദീനയിൽ ആദ്യം നിർമ്മിച്ച പള്ളി ഇതാണ്. പൊതുജനങ്ങളാക്കായി ആദ്യം നിർമ്മിതമായ പള്ളിയും ഇത് തന്നെയാണ്. (അൽബിദായത്തുവന്നിഹായ : 3 / 240 , ഫത്ഹുൽ ബാരി: 7 / 245 )

നബി(സ)യുടെ പക്കൽ മക്കക്കാർ സൂക്ഷിക്കാനേൽപ്പിച്ചിരുന്ന വസ്തുക്കൾ തിരിച്ചുനൽകാനായി മക്കയിൽ തങ്ങിയ അലി(റ) നബി(സ) ഖുബായിലായിരുന്നപ്പോഴാണ് വന്നെത്തിയത്. (ഇബ്നു ഹിശാം: 2 / 111 )

വെള്ളിയാഴ്ച രാവിലെ നബി(സ) ഖുബായിൽ നിന്ന് പുറപ്പെട്ടു. ബനൂസാലിം എന്നുപേരായ സ്ഥലത്തെത്തിയപ്പോൾ ജുമുഅയുടെ സമയമായി. അവിടെ വെച്ച്  നബി(സ) പ്രഥമ ജുമുഅയും പ്രഥമ ഖുതുബയും നിർവ്വഹിച്ചു. അന്ന് 100  മുസ്‌ലിംകൾ നബി(സ)യോടൊപ്പമുണ്ടായിരുന്നു. ( ത്വബഖാതു ഇബ്നി സഅ്ദ് : 1 : 236 , അൽമാവാഹിബുല്ലദുന്നിയ്യ: 1 / 308 )

ശേഷിക്കുന്നവർ നബി(സ)യെ സ്വീകരിച്ച് ഖുബാഇൽ എത്തിയതിനുശേഷം മദീനയിലേക്ക് തിരിച്ചുപോന്നിരുന്നു. (ശർഹുൽ  മവാഹിബ് : 2 / 156 )

ജുമുഅക്കുശേഷം മുസ്‌ലിംകളുടെ കേന്ദ്രം ലക്ഷ്യമാക്കി നബി(സ) പുറപ്പെട്ടു. നബി(സ)യെ സ്വീകരിക്കുന്നതിനായി അൻസ്വാരികൾ സമ്മേളിച്ചിരുന്നു. നബി(സ)യെ ആദരിക്കാനുള്ള അത്യാഗ്രഹം കൊണ്ട് നബി(സ)യുടെ ഒട്ടകത്തിന്റെ കടിഞ്ഞാൽ പിടിക്കുന്നതിൽ പരസ്പരം തർക്കിച്ച് നബി(സ)യുടെ ഒട്ടകത്തിന് ചുറ്റും അവർ നടന്നു. അൻസ്വാരികളുടെ വീടുകളിൽ നിന്ന് ഓരോന്നിന്റെ അരികിലൂടെ കടന്നുപോകുമ്പോഴും അവർ നബി(സ)യെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു. അപ്പോൾ നബി(സ) പറയും: "ഒട്ടകത്തെ അതിന്റെ വഴിക്ക്  നിങ്ങൾ വിടുക, നിശ്ചയം  അതിന്  നിർദ്ദേശം ലഭിച്ചിട്ടുണ്ട്". 

മദീനാവാസികൾ നബി(സ)യുടെ വരവിൽ അങ്ങേയറ്റം സന്തുഷ്ടരായിരുന്നു. ബറാഉബ്നു ആസിബ് (റ) പറയുന്നു: നബി(സ)യുടെ വരവിൽ സന്തോഷിച്ചതുപോലെ മറ്റൊന്നിലും മദീനക്കാർ സന്തോഷിച്ചതായി ഞാൻ കണ്ടിട്ടില്ല. "അല്ലാഹുവിന്റെ റസൂൽ വന്നെത്തി" എന്ന് അടിമകൾ പോലും വിളിച്ചു പറഞ്ഞിരുന്നു. (ബുഖാരി: 3925 )

അല്ലാമ ഇബ്നു കസീർ എഴുതുന്നു: 





സാരം:

ഹിജ്‌റയുടെ വിഷയത്തിൽ ഇസ്‌റാഈൽ(റ), അബൂഇസ്‌ഹാഖ്‌ (റ), ബറാഅ്(റ) വഴി അബൂബക്റി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ സ്വഹീഹൈനിയിൽ ഇപ്രകാരം കാണാം: അബൂബക്ർ(റ) പറയുന്നു: ഞങ്ങൾ മദീനയിൽ ചെന്നപ്പോൾ ജനങ്ങൾ വഴികളിലും വീടുകളുടെ ചാരത്തും ഇറങ്ങിനിന്നു. കുട്ടികളും സേവകരും ഇപ്രകാരം പറയുന്നുണ്ടായിരുന്നു: അല്ലാഹു അക്ബർ ,അല്ലാഹുവിന്റെ റസൂൽ(സ) വന്നിരിക്കുന്നു. അല്ലാഹു അക്ബർ, മുഹമ്മദ് (സ) വന്നിരിക്കുന്നു. അല്ലാഹു അക്ബർ, മുഹമ്മദ്(സ) വന്നിരിക്കുന്നു, അല്ലാഹു അക്ബർ , അല്ലാഹുവിന്റെ റസൂൽ വന്നിരിക്കുന്നു.  പ്രഭാതമായപ്പോൾ നബി(സ) കല്പിക്കപ്പെട്ടിടത്തേക്ക്  നടന്നു നീങ്ങി. ഇബ്നു ആയിഷ (റ) യിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: നബി(സ) മദീനയിൽ വന്നപ്പോൾ സ്ത്രീകളും കുട്ടികളും ഇങ്ങനെ പാടാൻ തുടങ്ങി , ത്വല അൽ ബദ്റു അലൈനാ...... (അൽബിദായത്തുവന്നിഹായ : 3 / 229 )

ഹാഫിള് ഇബ്നു കസീർ പറയുന്നു: നബി(സ) മക്കയിൽ നിന്ന് പുറപ്പെട്ട്  മദീനയിൽ പ്രവേശിക്കുന്നതിനിടയിൽ 15 ദിവസങ്ങളുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. കാരണം സൗർ  ഗുഹയിൽ മൂന്ന് ദിവസം നബി(സ) താമസിച്ചു. പിന്നീട് സമുദ്രതീരത്തുകൂടിയാണ് നബി(സ) മദീനയിലേക്ക് പോയത്. കരയിലൂടെയുള്ള വഴിയെക്കാൾ ദൂരം കൂടിയതാണ്. (അൽബിദായത്തുവന്നിഹായ : 3 / 219 )

ഇതനുസരിച്ച് റബീഉൽ അവ്വൽ എട്ടിന് തിങ്കളാഴ്ചയാണ് നബി(സ) ഖുബാഇലെത്തിയത് . അങ്ങനെ ചോവ്വയും ബുധനും വ്യാഴവും നബി(സ) ഖുബാഇൽ താമസിച്ച്  വെള്ളയാഴ്ച മദീനയിലേക്ക് പുറപ്പെട്ടു. (ഫത്ഹുൽ ബാരി: 7 / 244 )

നബി(സ)യുമായി വാഹനം നടന്നു നീങ്ങി അബൂഅയ്യൂബുൽ അൻസ്വാരി(റ ) യുടെ വീടിനു മുന്നിൽ അത് മുട്ടുകുത്തി. മദീനാപള്ളി നിർമ്മിക്കാൻ കല്പിക്കപ്പെട്ട സ്ഥലത്ത്. തുടർന്ന് നബി(സ) വാഹനപ്പുറത്തുനിന്നിറങ്ങി.

ബനുന്നജ്ജാർ ഗോത്രത്തിൽ പെട്ടയാളാണ് അബൂഅയ്യൂബുൽ അൻസ്വാരി(റ).ബനുന്നജ്ജാർ ഗോത്രക്കാർ നബി(സ) പിതാമഹൻ  അബ്ദുൽ മുത്വലിബിനിന്റെ അമ്മാവന്മാരാണ്. നബി(സ) അവരിൽ ഇറക്കുന്നതിലൂടെ അല്ലാഹു അവരെ ആദരിക്കുകയായിരുന്നു. മറ്റുള്ളവരുടെ മനസ്സുകൾ തൃപ്പ്തിപ്പെടുത്താനും അമാനുഷികസിദ്ദി പ്രകടിപ്പിക്കാനുമാണ് ഇറങ്ങുന്ന കാര്യം തീരുമാനിക്കാൻ ഒട്ടകത്തെ ഏൽപ്പിച്ചത്. (ശർഹുൽ  മവാഹിബ് : 2 / 160 / 162 )

ഇമാം ബൈഹഖി (റ) ദലാഇലുന്നുബുവ്വയിൽ ഉദ്ധരിക്കുന്നു:

عن أنس قال : قدم رسول الله صلى الله عليه وسلم المدينة ، فلما دخلنا جاء الأنصار برجالها ونسائها ، فقالوا : إلينا يا رسول الله . فقال : " دعوا الناقة فإنها مأمورة " . فبركت على باب أبي أيوب ، فخرجت جوار من بني النجار يضربن بالدفوف وهن يقلن : 

            نحن جوار من بني النجار     يا حبذا محمد من جار
فخرج إليهم رسول الله صلى الله عليه وسلم ، فقال : " أتحبوني ؟ " فقالوا : إي والله يا رسول الله . فقال : " وأنا والله أحبكم ، وأنا والله أحبكم ، وأنا والله أحبكم " (دلائل النبوة: ٧٥٥-٣٦٨/٢)


നബി(സ) മദീനയിൽ വന്നപ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മദീനാനിവാസികൾ വന്നു ഓരോരുത്തരും നബി(സ)യെ ക്ഷണിച്ചു. അപ്പോൾ നബി(സ) പറഞ്ഞു: "ഒട്ടകത്തെ നിങ്ങൾ വിട്ടേക്കൂ. നിശ്ചയം അതിന്  നിർദ്ദേശം ലഭിച്ചിട്ടുണ്ട്". തുടർന്ന് അയ്യൂബുൽ അൻസ്വാരി(റ) യുടെ വാതിൽക്കൽ ഒട്ടകം മുട്ടുകുത്തി. അനസ്(റ) പറയുന്നു: അപ്പോൾ ബനുന്നജ്ജാർ ഗോത്രത്തിൽപ്പെട്ട സ്ത്രീകൾ ദഫ്ഫുകൾ മുട്ടി ഇങ്ങനെ പാടി. 'നഹ് നു ജിവാരിൻ  മിൻ ബനിന്നജ്ജാരി , യാഹബ്ബദാ മുഹമ്മദുൻ മിഞ്ചാരി'. അപ്പോൾ റസൂൽ(സ) അവരുടെ ചാരത്തേക്ക് ഇറങ്ങിച്ചെന്ന് നിങ്ങൾ എന്നെ പ്രിയം വെക്കുന്നുണ്ടോ എന്നന്വേഷിച്ചു. അവർ പ്രതികരിച്ചു: അതെ അല്ലാഹുവിന്റെ റസൂലേ , അല്ലാഹു അതിനുസാക്ഷിയാണ്. അപ്പോൾ നബി(സ) മൂന്ന് പ്രാവശ്യം പറഞ്ഞു : "അല്ലാഹുവാണേ  സത്യം , ഞാൻ നിങ്ങളെയും പ്രിയം വെക്കുന്നു". (ദലാഇലുന്നുബുവ്വ : 755 ,2 / 368 , അൽൽബിദായവന്നിഹായ)

അബൂഅയ്യൂബുൽ അൻസ്വാരി(റ) യുടെ വീടിനു മുമ്പിൽ നബി(സ)യുടെ ഒട്ടകം മട്ട് കുത്തിയപ്പോൾ അബൂഅയ്യൂബ്‌ (റ) നബി(സ)യെ സമീപിച്ച്  ഇപ്രകാരം പറഞ്ഞു: "താങ്കളിലേക്ക്  ഏറ്റവും അടുത്ത വീട് എന്റേതാണ്. അതിനാൽ എന്റെ വീട്ടിലേക്ക്  വന്നാലും". നബി(സ) അദ്ദേഹത്തിൻറെ ക്ഷണം സ്വീകരിച്ച്  അവിടേക്ക്  പോയി.

മദീനയിലെത്തിയ നബി(സ)യെ ആദ്യം തേടിയെത്തിയത് പത്തിരിയും നെയ്യും പാലും അടങ്ങുന്ന ഒരു ഭക്ഷണത്തളികയായിരുന്നു. നബി(സ)ക്ക്  അത് കൊടുത്തയച്ചത് സൈദുബ്നുസാബിതി (റ)ന്റെ ഉമ്മയാണ്. അവർക്കുവേണ്ടി പ്രാർത്ഥിച്ചശേഷം നബി(സ) അനുയായികളെ വിളിച്ചുവരുത്തി എല്ലാവരും കൂടി അത് ഭക്ഷിച്ചു. ഉടനെത്തന്നെ മറ്റൊരു ഭക്ഷണത്തളിക നബി(സ)യുടെ സവിധത്തിലെത്തി. സഅ്ദുബ്നു ഉബാദ(റ)യായിരുന്നു അത് നൽകിയത്. ഇറച്ചിയും പത്തിരിയുമായിരുന്നു അതിലെ പലഹാരം. (സീറത്തുൽ ഹലബിയ്യ: 2 / 81 )

ഓരോ രാത്രിയിലും നബി(സ)ക്ക്  ഊഴമായി ഭക്ഷണമെത്തിക്കാൻ മൂന്നോ നാലോ പേർ നബി(സ)യുടെ വാതിലിന്റെ പരിസരത്ത് സജീവമായിരുന്നു. (ത്വബഖാതു ഇബ്നു സഅ്ദ് : 1 / 237 )

നബി(സ) അബൂഅയ്യൂബി(റ)ന്റെ വീടിന്റെ താഴ്ഭാഗത്തും  അബൂഅയ്യൂബും(റ) ഭാര്യയും വീടിന്റെ മുകളിലെ നിലയിലുമായിരുന്നു താമസിച്ചിരുന്നത്. താനും ഭാര്യയും നബി(സ)യുടെ മുകളിലാകുന്നത് അദ്ദേഹത്തിനിഷ്ടമുണ്ടായിരുന്നില്ല. അക്കാര്യം നബി(സ)യെ അറിയിച്ചപ്പോൾ തനിക്കും തന്നെക്കാണാൻ വരുന്ന സന്ദർശകർക്കും സൗകര്യം വീടിന്റെ താഴ്ഭാഗമാണെന്നു നബി(സ) അദ്ദേഹത്തെ അറിയിച്ചു.

ഒരു ദിവസം അവരുടെ വെള്ളപ്പാത്രം വീണ്  പൊട്ടിപ്പോയി. വെള്ളത്തുള്ളികൾ നബി(സ)യിലേക്കുറ്റിവീണ്  നബി(സ)ക്ക്  പ്രയാസം സൃഷ്ടിക്കുമോ എന്ന് ഭയന്ന് അവരുടെ വസ്ത്രംകൊണ്ട് അവർ വെള്ളം മുഴുവനും ഒപ്പിയെടുത്തു. മറ്റുവസ്ത്രം അവർക്കുണ്ടായിരുന്നില്ല. (ഇബ്നു ഹിശാം: 2 / 116 )

നബി(സ)യുടെ മുകളിൽ താമസിക്കുന്നതിനെപ്പറ്റി ഒരു രാത്രി അബൂഅയ്യൂബുൽ അൻസ്വാരി(റ) ചിന്തിച്ചുപ്പോയി. താനും ഭാര്യയും മുകളിലൂടെ നടക്കുമ്പോൾ നബി(സ)യുടെ പുണ്യശരീരത്തിലേക്ക് മണ്ണ് കൊഴിയുമോ എന്നും അദ്ദേഹം ഭയപ്പെട്ടു. അതെല്ലാം ചിന്തിച്ച്  അന്ന് രാത്രി അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല. അതേക്കുറിച്ച് നബി(സ)യോട് രാത്രിയിൽ തന്നെ സംസാരിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടതുമില്ല. അങ്ങനെ പ്രഭാതം വരെ ഉറങ്ങാതെ അദ്ദേഹം കഴിച്ചുകൂട്ടി. പ്രഭാതമായപ്പോൾ വളരെ വിനയത്തോടെ നബി(സ)യെ സമീപിച്ച് അദ്ദേഹത്തിൻറെ പ്രയാസം നബി(സ)യെ ധരിപ്പിച്ചപ്പോൾ നബി(സ) മുകളിലേക്ക് താമസം മാറ്റി. നബി(സ)യുടെ പള്ളിയും വീടും പണിതീരുന്നതുവരെ അദ്ദേഹത്തിൻറെ വീട്ടിൽ തന്നെ നബി(സ) താമസിച്ചു. അവയുടെ പണി പൂർത്തിയായത് ഒരു വര്ഷം  കൊണ്ടാണ്.

മദീനയിൽ വന്ന്  അബൂഅയ്യൂബി(റ) ന്റെ വീട്ടിൽ നബി(സ) താമസമാക്കിയപ്പോൾ മക്കയിലുള്ള സൈദുബ്നുഹാരിസി(റ) അബൂറാഫിഅ്(റ) എന്നിവരിലേക്കു നബി(സ) ആളെ വിട്ടു. അതിന്റെ അടിസ്ഥാനത്തിൽ നബി(സ)യുടെ പുത്രിമാരായ ഫാഥ്വിമ(റ), ഉമ്മുകുൽസും(റ), നബി(സ)യുടെ ഭാര്യ സൗദ(റ) നബി(സ)യെ ചെറുപ്പത്തിൽ പോറ്റി വളർത്തിയ ഉമ്മുഐമൻ(റ), ഉസാമത്തുബ്നു സൈദ്(റ) തുടങ്ങി നബി(സ)യുടെ കുടുംബത്തിൽ നിന്ന് മക്കയിൽ അവശേഷിച്ചിരുന്നവർ മദീനയിലേക്ക് പുറപ്പെട്ടു. സ്വിദ്ദീഖ്(റ) ന്റെ കുടുംബവുമായി അബ്ദുല്ലാഹിബ്നുഅബീബക്‌റും(റ) അവരോടപ്പം പുറപ്പെട്ടു. ആഇശാബീവി(റ) യും അസ്മാഅ്ബീവി (റ)യും ആഇശ(റ)യുടെ മാതാവ് ഉമ്മുറൂമാനും(റ) കൂട്ടത്തിലുണ്ടായിരുന്നു. നബി(സ)യുടെ പുത്രി റുഖിയ്യാബീവി(റ)യുമായി ഉസ്മാൻ(റ) ഹിജ്‌റ പോയിരുന്നു. മറ്റൊരു പുത്രിയായ സൈനബ സൈനബാബീവി(റ)യെ ഭർത്താവ് അബുൽആസുബ്നു റബീഅ് മക്കയിൽ തടഞ്ഞുവെക്കുകയായിരുന്നു. (ത്വബഖാതു  ഇബ്നി സഅ്ദ്: 1 / 238 , സീറത്തുൽ ഹലബിയ്യ : 2 / 79 )

തുടർന്ന് മുഹാജിറുകളെല്ലാം നബി(സ)യുടെ മദീനയിലെത്തി. പരീക്ഷണത്തിൽപെട്ടവരോ തടഞ്ഞുവെക്കപ്പെട്ടവരോ മാത്രമാണ് പിന്നീട് മക്കയിൽ അവശേഷിച്ചിരുന്നത്. ബനൂമള്ഊൻ, ബനൂജഹ്ശ് , ബനുൽബക്ർ  എന്നീ ഗോത്രക്കാർ പൂർണ്ണമായും ഹിജ്‌റ പോയി. അവരുടെ വീടുകളിൽ ഒരാൾ പോലും അവശേഷിച്ചിരുന്നില്ല. അതേത്തുടർന്ന് ബനൂജഹ്‌ശിന്റെ വീടുകൾ അബൂസുഫ്‌യാൻ  പിടിച്ചെടുത്ത്  വിറ്റു . അബ്ദുല്ലാഹിബ്നുജഹ്ശ്(റ) അതേക്കുറിച്ച് നബി(സ)യോട് വേവലാതി ബോധിപ്പിച്ചപ്പോൾ നബി(സ) ചോദിച്ചു: "അതുനുപകരമായി അതിനേക്കാൾ ഉത്തമമായ വീട് സ്വർഗ്ഗത്തിൽ അല്ലാഹു താങ്കൾക്ക്  നൽകുന്നതിൽ താങ്കൾ സംതൃപ്തനല്ലയോ?". (ഇബ്നു ഹിശാം: 2 / 117 )

മദീനയിലെ കാലാവസ്ഥ പിടിക്കാത്തതിനാൽ മുഹാജിറുകളിൽ പലർക്കും പണി പിടിച്ചു. അപ്പോൾ നബി(സ) ഇപ്രകാരം പ്രാർത്ഥിച്ചു: "അല്ലാഹുവേ, മക്കയോടുള്ളതുപോലെയോ അതിനേക്കാൾ ഉപരിയോ മദീനയോട് ഞങ്ങൾക്ക് നീ പ്രിയം നൽകേണമേ, മദീനയെ ഞങ്ങൾക്ക് നീ ശരിപ്പെടുത്തിത്തരേണമേ, മദീനയിലെ സ്വാഇലും മുദ്ദിലും ഞങ്ങൾക്ക് നീ അനുഗ്രഹം ചൊരിയേണമേ, അതിൽ നിന്ന് പനിയെ അകറ്റി അതിനെ ജുഹ്ഫയിലേക്ക്  നീ ആക്കേണമേ". (ബുഖാരി: 3926 )

മദീനയിൽ നിന്ന് 5 1 / 2  മർഹല ദൂരെയുള്ള ഒരു സ്ഥലമാണ് ജുഹ്ഫ. അതിന്റെ ആദ്യനാമം 'മാഹീഅ' എന്നായിരുന്നു. (വഫാഉൽ വഫാ : 4 / 1174 )

നബി(സ) അപ്രകാരം പ്രാർത്ഥിക്കുമ്പോൾ അവിടെ താമസിച്ചിരുന്നത് ജൂതന്മാരായിരുന്നു. പിന്നീട് ഹിജാസിൽ നിന്ന് ജൂതന്മാർ നീങ്ങിയതോടെ പണി അവിടെ നിന്ന് നീങ്ങിപ്പോയി. (സീറത്തുൽ ഹലബിയ്യ: 2 / 85 )

മുസ്ലിംകൾക്കെതിരിൽ ജനങ്ങളെ തിരിച്ചുവിട്ടിരുന്ന ജൂതന്മാർ പനികൊണ്ട് ജോലിയാവാൻ വേണ്ടിയായിരുന്നു നബി(സ) അവർക്കെതിരെ പ്രാർത്ഥിച്ചത്. (ഉംദത്തുൽ ഖാരി: 10 / 251 )

ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്യുന്നു: 



സാരം:
ആയിഷ(റ) പറയുന്നു: നബി(സ) മദീനയിൽ വന്നപ്പോൾ അബൂബക്റി(റ)നും  ബിലാലി(റ)നും പണി പിടിച്ചു. പനിപിടിപ്പെട്ടാൽ അബൂബക്ർ(റ) ഇനിപ്പറയുന്ന ആശയം കാണിക്കുന്ന പദ്യം പാടുമായിരുന്നു. "എല്ലാമനഷ്യരും അവരുടെ കുടുംബത്തിൽ പ്രഭാതത്തിലാവുന്നു. ഏതുസ്ഥിതിയിൽ മരണം അവന്റെ ചെരുപ്പിന്റെ വാറിനേക്കാൾ അവനോടു അടുത്ത്  നിൽക്കുന്നു". 
      ബിലാലി (റ)ൽ നിന്ന് പണി നീങ്ങുമ്പോൾ അദ്ദേഹം ഇങ്ങനെ പാടിയിരുന്നു: "എനിക്കുചുറ്റും ഇദ്ഖിറും ജലീലും ഉള്ള ഒരു ചെരുവിൽ ഒരു രാത്രിയെങ്കിലും ഞാൻ രാപ്പാർക്കുമോ എന്ന് ഞാൻ അറിഞ്ഞാൽ കൊള്ളാമായിരുന്നു. ഒരു ദിവസം മജനയിലെ വെള്ളത്തടാകത്തിനു സമീപമെത്താൻ എനിക്ക് കഴിയുമോ? ശാമയും ത്വഫീലും ഒരിക്കലെങ്കിലും കാണുമോ?".(ബുഖാരി:1756) 
       
മക്കയുടെ മലഞ്ചെരിവുകളിലുള്ള നല്ല രണ്ട്  വൃക്ഷങ്ങളാണ് ഇദ്ഖിരും ജലീലും. മർറുള്ളഹ്റാനിലുള്ള ഒരു പ്രദേശമാണ് മജന്ന. മക്കയിലെ രണ്ട്  മലകളാണ്  ശാമയും ത്വഫീലും. (തൻവീറുൽ ഹവാലിക് : 1 / 642 )

നബി(സ)യുടെ ജനനം മുതൽ ഹിജ്റവരെയുള്ള ജീവചരിത്രത്തിലെ ഏതാനും ഭാഗങ്ങളാണ് ഇതുവരെ വിശദീകരിച്ചത്.

യാ നബിയേ... യാ ഹബീബേ

نَشْكُو إِلَيْكُمْ فِرْقَةً مِنْ أَشْقِيَا 

بَشَراً وَحَطُّوا قَدْرَهُ الْمُتَعَالِيَـة
جَعَلُوا حَبِيبَ اللهِ خَيْـرَ الْأَنْبِيَا 

ثُلُّـوا عُرُوشَ أُولۤئِكُمْ رَضِيَ الله

عَنْـكُمْ وَزِدْنَا حُبَّـهُ يَا اَلله
     


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.

നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ എന്നെയും കുടുംബത്തെയും  എന്റെ ഉസ്താദുമാരെയും ഉൾപ്പെടുത്തണെ...