സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 24 May 2018

എല്ലാദിവസവും ചൊല്ലേണ്ട ദുആ




Moosa Sonkal
http://sunnisonkal.blogspot.com

“അല്ലാഹുവേ, ഞങ്ങള്‍ക്കു ദീര്‍ഘായുസ്സ് തരികയും ഭക്ഷണക്കാര്യത്തില്‍ സുഭിക്ഷത സമ്മാനിക്കുക യും ചെയ്യണേ. ഞങ്ങളുടെ അഭിലാഷങ്ങള്‍ പൂവണിയിക്കുകയും ശാരീരികാരോഗ്യം തന്ന് അനുഗ്രഹിക്കുകയും ചെയ്യണേ. നീ ഇച്ഛപ്രകാരം വിധികള്‍ മാറ്റുന്നവനും നിലനിര്‍ത്തുന്നവനുമാണല്ലോ. നിന്റെ നിയന്ത്രണത്തിലാണ് സര്‍വ്വ വിധികളും രേഖപ്പെടുത്തപ്പെട്ട മാതൃകാഗ്രന്ഥമുള്ളത്. ദയവായി ഞങ്ങളോട് കാരുണ്യം കാണിക്കണേ”.

റമളാനില്‍ പകല്‍ സമയത്ത് പ്രത്യേകം ചൊല്ലേണ്ട ദിക്റ്:

“അല്ലാഹുവേ, വിശ്വാസികളുടെ സ്ഥാനത്തെ മഹത്വപ്പെടുത്തുന്ന ഈ പുണ്യ മാസത്തില്‍ എന്റെ സ്ഥാനത്തെയും നീ ഉയര്‍ത്തിത്തരണേ. ആത്മജ്ഞാനികളുടെ ബറകത് കൊണ്ട് അവരുടെ മനസ്സിനു നീ നല്‍കിയ വികാസത്തെ എനിക്കും നല്‍കണേ. സച്ചരിതരുടെ പ്രശ്നങ്ങളെ ശുഭകരമായി പര്യവസാനിപ്പിക്കുന്ന നീ, അവരുടെ മഹത്വം കൊണ്ട് എന്റെ കാര്യത്തെയും നന്നാക്കിത്തരണേ. നോമ്പുകാരുടെ പ്രതിഫലങ്ങള്‍ ശതഗുണീഭവിക്കുന്ന കൂട്ടത്തില്‍ അവരുടെ ഹഖ് കൊണ്ട്, എന്റേതും നീ ഉള്‍പ്പെടുത്തിത്തരണേ. പശ്ചാതാപ വിവശരുടെ പാപ ഭാരങ്ങള്‍ ലഘൂകരിക്കുന്ന ഗണത്തില്‍ അവരുടെ ശിപാര്‍ശ നിമിത്തമായി എന്നെയും ശിക്ഷാ വിമുക്തനാക്കണേ. ആബിദീങ്ങളുടെ സ്മരണ ഉയര്‍ത്തുന്ന കൂട്ടത്തില്‍ കനിവുണ്ടാ യി എന്റെ സ്മരണയും നീ ഉയര്‍ത്തിത്തരണേ. ക്ഷമാശീലരുടെ പ്രതിഫലത്തെ പൂര്‍ത്തീകരിക്കുന്ന കൂട്ടത്തില്‍ നിന്റെ വിധികളുടെ മേല്‍ ക്ഷമകൊള്ളാന്‍ എനിക്കും നീ ഭാഗ്യം തരണേ. നിന്റെ മാര്‍ഗത്തില്‍ ചിലവ് ചെയ്യുന്നവരുടെ ഖജനാവില്‍ നീ ബറകത് ചൊരിയുന്നത് പോലെ എന്റെ ഖജനാവിലും നീ വര്‍ധനവ് നല്‍കണേ. നിന്റെ മേല്‍ ഭരമേല്‍പ്പിച്ചവരുടെ സഹായം നീ ഏറ്റെടുത്ത കൂട്ടത്തില്‍ അവരുടെ പദവികൊണ്ട് എനിക്കുള്ള സഹായവും നീ ഏറ്റെടുക്കണേ. നിന്നില്‍ വിശ്വാസദാര്‍ഢ്യത കൊണ്ടവര്‍ക്ക് ശക്തിപകര്‍ന്നത് കണക്കെ എന്റെ അരയുടുപ്പും നിന്റെ ശക്തികൊണ്ട് നീ ഉറപ്പിക്കണേ. വിഷമത്തില്‍ കഴിയുന്നവരുടെ പ്രശ്നങ്ങള്‍ ദൂരീകരിച്ചത് പോലെ നിന്റെ ഔദാര്യം കൊണ്ട് എന്റെ പ്രയാസങ്ങളും പരിഹരിക്കണേ. ഈ പുണ്യമാസത്തില്‍ എന്റെ നാവിനെ കാക്കുകയും ന്യൂനതകള്‍ക്കുമേല്‍ തിരശ്ശീല വീഴ്ത്തുകയും കുറ്റങ്ങള്‍ പൊറുക്കുകയും മാപ്പാക്കുകയും ചെയ്യണേ. തമ്പുരാനേ, ഞാന്‍ ദുര്‍ബലനാണ്. എനിക്ക് നീ കരുണ ചൊരിയുകയും നിന്റെ പ്രതാപം കൊണ്ട് എന്നെ നല്ലവനാക്കുകയും ചെയ്യണേ”.


അത്താഴ വേളയില്‍

അത്താഴ സമയത്ത് ചൊല്ലേണ്ട ഒരു ദിക്റ്: ഈ ദിക്റ് ഏഴു തവണ ആവര്‍ത്തിക്കണം.
“അല്ലാഹുവല്ലാതെ ആരാധനക്ക് മറ്റൊരു ശക്തിയില്ല. അവന്‍ സജീവതയുള്ളവനും പരമശക്തനും ഓരോ ശരീരത്തെയും അടക്കിഭരിക്കുന്നവനുമാണ്”.

നാലു കാര്യങ്ങള്‍
സല്‍മാന്‍(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: “റമളാനില്‍ നാല് കാര്യങ്ങള്‍ നിങ്ങള്‍ വര്‍ധിപ്പിക്കുക. അതില്‍ രണ്ടുകാര്യം നിങ്ങളുടെ റബ്ബിന്റെ പൊരുത്തം സമ്പാദിക്കാന്‍ പറ്റുന്നതും രണ്ടുകാര്യം ഒരു നിലക്കും നിങ്ങള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതുമാകുന്നു. ഒന്ന്: ശഹാദത് കലിമ. രണ്ട്: പാപമോചന പ്രാര്‍ഥന. മൂന്ന്: സ്വര്‍ഗത്തിനു വേണ്ടിയുള്ള അപേക്ഷ. നാല്: നരകത്തെ തൊട്ട് കാവല്‍ തേടല്‍”(ഇബ്നുഖുസൈമ(റ), ഇബ്നുഹിബ്ബാന്‍(റ), ബൈഹഖി(റ)).
ഈ ഹദീസില്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദിക്റ്:
“അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവോട് പാപങ്ങള്‍ പൊറുത്തുതരാന്‍ ഞാന്‍ അപേക്ഷിക്കുന്നു. അല്ലാഹുവേ, നിന്നോട് ഞാന്‍ സ്വര്‍ഗം ചോദിക്കുന്നു. നരകത്തെത്തൊട്ട് കാവല്‍ തേടുകയും ചെയ്യുന്നു”. നിസ്കാര ശേഷം മാത്രമല്ല എല്ലായ് പ്പോഴും ഈ ദിക്റ് ചൊല്ലേണ്ടതാണ്.

നോമ്പ് തുറന്നാല്‍

നോമ്പ് തുറന്നു കഴിഞ്ഞ ഉടനെ ചൊല്ലല്‍ സുന്നത്തായ ഒരു ദിക്റ് മുആദുബ്നു സുഹ്റ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു. നോമ്പു തുറന്നാല്‍ നബി(സ്വ) ഇങ്ങനെ പറഞ്ഞിരുന്നു.
“അല്ലാഹുവേ, നിന്റെ പൊരുത്തത്തിനുവേണ്ടി ഞാന്‍ വ്രതമെടുത്തു. നീ സമ്മാനി ച്ച അന്നം കൊണ്ട് ഇപ്പോള്‍ ഞാന്‍ നോമ്പ് തുറന്നിരിക്കുന്നു” (അബൂദാവൂദ്).
ഇബ്നുഉമര്‍(റ) ഉദ്ധരിക്കുന്നു: നോമ്പ് തുറന്നാല്‍ നബി(സ്വ) ഇങ്ങനെ ചൊല്ലാറുണ്ടായിരുന്നു.
“ദാഹം തീര്‍ന്നു. ഞരമ്പുകള്‍ ഉണര്‍ന്നു. അല്ലാഹു ഇച്ഛിക്കുകയാണെങ്കില്‍ ഇനി പ്രതിഫലം ഉറപ്പാകുന്നു” (അബൂദാവൂദ്, നസാഈ).
ഇബ്നുസ്സുന്നിയുടെ ഗ്രന്ഥത്തില്‍ മുആദില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു. നോമ്പുതുറന്നാല്‍ നബി(സ്വ) ഇങ്ങനെ ചൊല്ലുമായിരുന്നു.
“എന്നെ എല്ലാറ്റിനും സഹായിക്കുന്ന അല്ലാഹുവിനാകുന്നു സര്‍വ്വസ്തുതികളും. ഞാന്‍ അവന്റെ സഹായത്താല്‍ വ്രതമെടുത്തു. ഇ പ്പോള്‍ അവന്‍ തന്ന ഭക്ഷണം ഉപയോഗിച്ച് നോമ്പ് തുറക്കുകയും ചെയ്തു”.
നോമ്പ് തുറക്കുന്ന അവസരത്തില്‍ ചൊല്ലാവുന്ന ദിക്റുകളെക്കുറിച്ച് പറയുന്ന ഹദീസുകള്‍ അടിസ്ഥാനമാക്കി ഇമാം സുയൂത്വി(റ) രേഖപ്പെടുത്തിയ ‘ദുആഉല്‍ ഇഫ്ത്വാറ’ിന്റെ പൂര്‍ണ രൂപം.
“നിനക്ക് ഞാന്‍ നോമ്പെടുത്തു. നീ തന്ന  ഭക്ഷണത്താല്‍ ഞാന്‍ നോമ്പ് തുറന്നു. നിന്നില്‍ സര്‍വ്വതും ഞാന്‍ ഭരമേ ല്‍പ്പിക്കുന്നു. എല്ലാം അറിയുകയും കേള്‍ക്കുകയും ചെയ്യുന്ന തമ്പുരാനേ, നീ എന്നില്‍ നിന്നിതു സ്വീകരിക്കണേ”.

നോമ്പു തുറപ്പിച്ചവര്‍ക്കു സമ്മാനം

നോമ്പ് തുറപ്പിച്ചവര്‍ക്ക് ആശംസാ പ്രാര്‍ഥന നടത്താന്‍ നബി(സ്വ) പഠിപ്പിക്കുന്നു. അനസ്(റ)വില്‍ നിന്ന് നിവേദനം: “നബി(സ്വ)യെ ആരെങ്കിലും നോമ്പു തുറപ്പിച്ചാല്‍ അവിടു ന്ന് അവര്‍ക്കുവേണ്ടി ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു.

“നോമ്പുകാര്‍ നിങ്ങളുടെ സ മീപത്തുവെച്ച് നോമ്പ് തുറന്നിരിക്കുന്നു. നിങ്ങളുടെ ഭക്ഷണം കഴിച്ചത് ഗുണവാന്മാര്‍ തന്നെയാണ്. നിങ്ങള്‍ക്കുവേണ്ടി പാപമോചനത്തിനും ജീവിതൈശ്വര്യത്തിനുമെല്ലാം മലകുകള്‍ നിരന്തരം പ്രാര്‍ഥന നടത്തട്ടെ” (അബൂദാവൂദ്, ഇബ്നുസ്സുന്നി).
Moosa Sonkal
http://sunnisonkal.blogspot.com