സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 11 January 2020

പ്രതിസന്ധികളിൽ_പതറാത്ത_വിശ്വാസം

സുപ്രസിദ്ധ സ്വഹാബിയായ സയ്യിദുനാ ബിലാൽ റ.വിനെ കേൾക്കാത്ത വിശ്വാസികളുണ്ടാവില്ല. നബിതിരുമേനി സ്വ.യുടെ മുഅദ്ദിൻ, അതിനേക്കാൾ ചേരുന്ന വേറെ വിശേഷണം ഇല്ല! ആദ്യകാലത്തു ഒരു കാഫിറിന്റെ അടിമയായിരുന്നു ബിലാൽ റ. ഇസ്‌ലാം ആശ്ലേഷിച്ചതു കാരണം ശത്രുക്കൾ അദ്ദേഹത്തെ പലവിധത്തിലുള്ള ഉപ്രദവങ്ങൾ ഏല്പിച്ചു. ഇസ്‌ലാമിന്റെ കഠിന ശത്രുവായിരുന്ന ഉമയ്യത്തു ബ്നു ഖലഫ് എന്ന മഹാദുഷ്ടൻ നട്ടുച്ച സമയത്ത് മരുഭൂമിയിലെ ചുട്ടുപഴുത്ത മണലിൽ അദ്ദേഹത്തെ മലർത്തിക്കിടത്തി, അനങ്ങാൻ കഴിയാത്ത വണ്ണം ഭാരമേറിയ ഒരു കല്ലും അദ്ദേഹത്തിന്റെ നെഞ്ചത്ത് കയറ്റിവയ്ക്കുമായിരുന്നു. എന്നിട്ട്, ദിഗന്തങ്ങൾ പൊട്ടുമാറ് ഉച്ചത്തിൽ അട്ടഹസിച്ചു ചിരിച്ചു കൊണ്ടു പറയും: ഇങ്ങനെ കിടന്ന് ചാവെടാ ! ജീവിക്കണമെന്നുണ്ടെങ്കിൽ ഇസ്‌ലാമിൽ നിന്ന് പിൻമാറുക. പക്ഷേ, അദ്ദേഹം "അഹദ് ! അഹദ് !'', - ആരാധ്യൻ അല്ലാഹു മാത്രമാണ്, അല്ലാഹു മാത്രമാണ്, എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. രാത്രികളിൽ ചങ്ങലയിൽ പൂട്ടിയിട്ട് ശരീരം മുഴുവൻ ചാട്ടവാർ കൊണ്ട് അതികഠിനമായി അടിച്ചുപൊട്ടിക്കും. പകൽസമയത്ത്, രക്തം വാർന്നൊലിക്കുന്ന ആ ശരീരം ചുട്ടുപഴുത്ത മണലിൽ കൊണ്ടിട്ട് വലിച്ചിഴക്കുകയും കഠിനമായി വേദനിപ്പിക്കുകയും ചെയ്യും. വേദന കൊണ്ടു പുളയുമ്പോൾ "ചാവേണ്ടെങ്കിൽ ഇസ്‌ലാം വിട്ടോ" എന്നു പറഞ്ഞു മർദ്ധിക്കും. എടുത്താൽ പൊന്താത്ത പാറക്കല്ലു നെഞ്ചിൻക്കൂട്ടിലേക്ക് ഉരുട്ടിക്കയറ്റും, യാ റബ്ബു യാ റബ്ബ്...! അദ്ദേഹം ഇസ്‌ലാം വിടണം; ഇല്ലെങ്കിൽ, ഇഞ്ചിഞ്ചായി പിടഞ്ഞു മരിക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. പക്ഷേ മർദ്ദിക്കുന്നവർ തളർന്നതല്ലാതെ അദ്ദേഹത്തിന്റെ ആശയത്തിൽ ഇത്തിരിയെങ്കിലും ചാഞ്ചല്യം സൃഷ്ടിക്കാൻ അവർക്കു കഴിഞ്ഞില്ല. ആകാവുന്നത്ര ശക്തിയിൽ അബൂജഹൽ അദ്ദേഹത്തെ മർദ്ധിക്കും. തളരുമ്പോൾ ഉമയ്യത് ബ്നു ഖലഫ്. അയാളും തളരുമ്പോൾ വേറെയാരെങ്കിലും. ഇങ്ങനെയിങ്ങനെ, ഇടതടയില്ലാതെ പല ആളുകളും അദ്ദേഹത്തെ ഉപദ്രവിച്ചു കൊണ്ടേയിരുന്നു. അവരെല്ലാം തളർന്നവശരായി എന്നല്ലാതെ സയ്യിദുനാ ബിലാൽ റ.വിന്റെ വിശ്വാസത്തിനു ഒരു ഭംഗവും സംഭവിച്ചില്ല. ഒരിക്കൽ സയ്യിദുനാ അബൂബക്ർ റ. ഈ ദയനീയമായ അവസ്ഥ കണ്ടു. അപ്പോൾ തന്നെ അദ്ദേഹത്തെ വിലയ്ക്കുവാങ്ങി സ്വതന്ത്രനാക്കി വിട്ടു. അറബികൾ വിഗ്രഹാരാധകരായിരുന്നല്ലോ. ബഹുദൈവ വിശ്വാസികളായിരുന്ന അവർക്കെതിരിൽ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമായ തൗഹീദ് പ്രഖ്യാപിക്കാനാണ് ബിലാൽ റ. അഹദ്'! അഹദ് എന്ന് ഉച്ചരിച്ചു കൊണ്ടിരുന്നത്. മാത്രമല്ല, അല്ലാഹുവിനോടുള്ള മഹബ്ബത്തായിരുന്നു അദ്ദേഹത്തിന്റെ അകം നിറയെ. സത്യവിശ്വാസികൾ സര്‍വോപരി അല്ലാഹുവിനെയാണ് സ്‌നേഹിക്കുകയെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടല്ലോ - وَٱلَّذِینَ ءَامَنُوۤا۟ أَشَدُّ حُبࣰّا لِّلَّهِۗ (അൽബഖറ: 165). അല്ലാഹുവിനോടുള്ള ഇഷ്ടത്താലാണ് അദ്ദേഹം അഹദ്'! അഹദ് എന്നു ഉരുവിട്ടുകൊണ്ടേയിരുന്നത്. ആരെങ്കിലും മറ്റൊരാളെ നന്നായി സ്നേഹിക്കുന്നുവെങ്കിൽ അയാളുടെ പേരെടുത്തു പറയുന്നതിൽ പ്രത്യേകം രസം കൊള്ളുന്നതായി നശ്വരമായ ഈ ലോകത്തിലെ കപട സ്നേഹത്തിൽ തന്നെ നാം കാണാറുണ്ട്. യാതൊരു പ്രയോജനവുമില്ലാതെ അയാളുടെ പേരെടുത്തു പറയുന്നതിൽ രസം കൊള്ളുന്നു! എന്നാൽ ഇരു ലോകത്തിന്റെയും രക്ഷാധികാരിയായ അല്ലാഹുവിനോടുള്ള സ്നേഹം ഐഹികവും പാരത്രികവുമായി എമ്പാടും നേട്ടങ്ങൾ ഉണ്ടാക്കുന്നതാണ്. ഇതു തന്നെയാണ് സയ്യിദുനാ ബിലാൽ റ.വിനെ പല വിധത്തിലും കഠിനമായ മർദ്ദനങ്ങൾ ഏൽപ്പിച്ചിട്ടും കഴുത്തിൽ കയറിട്ടു അങ്ങാടിപിള്ളേരുടെ കയ്യിൽ കൊടുത്ത് കമ്പോളത്തിൽ ചുറ്റിത്തിരിച്ചു വലിച്ചിഴച്ചു കൂക്കി വിളിപ്പിച്ചിട്ടും അദ്ദേഹം അഹദ്'! അഹദ് ! എന്നാവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നത്...!!! ഈ ത്യാഗത്തിന്റെയെല്ലാം ഫലമായിട്ടാണ് ഒടുവിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പള്ളിയിൽ മുഅദ്ദിനായി തീർന്നത്. നാട്ടിൽ വെച്ചും യാത്രയിലും ബാങ്ക് വിളിക്കുന്നതിനുള്ള മഹാഭാഗ്യം അദ്ദേഹത്തിനു തന്നെ ലഭിച്ചു. കാതങ്ങൾക്കു അപ്പുറത്തേക്കെത്തുന്ന ശ്രവണ സുന്ദരമായ ശബ്ദത്തിൽ അദ്ദേഹം മുറ തെറ്റാതെ 'അല്ലാഹു അക്ബർ' എന്നുറക്കെ വിളിച്ചു ശഹാദത്തിന്റെ പ്രഖ്യാപനം നടത്തി - "ഞാൻ അല്ലാഹു ഒരേയൊരുവൻ എന്നും ആദരവായ മുഹമ്മദ് സ്വ. അവന്റെ ദൂതനാണ് എന്നും സാക്ഷ്യം ചെയ്യുന്നു - വിജയത്തിലേക്കു വരൂ" എന്നുറക്കെ എന്നും അഞ്ചു തവണ മദീനത്താകെ മുഴങ്ങുമാറ് വിളിച്ചു. ആ മധുരബാങ്കൊലി കേട്ടാണ് സ്വഹാബികൾ നിസ്കാരങ്ങൾക്കു വന്നത്! റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം വഫാത്തായതിനു ശേഷം തിരുമേനിയുടെ അഭാവത്തിൽ മദീനയിൽ പാർക്കാൻ സയ്യിദുനാ ബിലാൽ റ.വിനു മനസു വന്നില്ല. ശിഷ്ടകാലം ജിഹാദിൽ കഴിച്ചു കൂട്ടാമെന്നുള്ള ഉദ്ദേശത്താൽ മദീന വിട്ട അദ്ദേഹം തിരിച്ച് വന്നതേയില്ല. ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം "ബിലാലേ ! ഇത് എന്തു അക്രമമാണ് ? നീ, ഒരിക്കൽ പോലും നമ്മെ സന്ദർശിക്കുവാൻ വരുന്നില്ലല്ലോ' എന്നു പരാതി പറയുന്നതായി അദ്ദേഹം സ്വപ്നം കണ്ടു. ഞെട്ടിയുണർന്ന ഉടനെ മദീനയിലേക്കു പുറപ്പെട്ടു. മദീന, മദീനത്തുർറസൂൽ.....!! വേച്ചു വെച്ചാണ് ബിലാൽ റ. നടന്നത്. ഓർമകളിൽ എന്തെല്ലാം. അടിമത്തം, തടങ്കൽ പാളയം, ഉമയ്യത്തിന്റെ ദുഷ്ടതകൾ, സിദ്ദീഖ് റ.വിന്റെ സ്നേഹം, ജീവന്റെ ജീവനായ മുത്തുനബി, പട്ടിണി കിടന്നപ്പോൾ കിട്ടിയ റൊട്ടി കൊണ്ടൂട്ടിയത്, നാട്ടിലും മറുനാട്ടിലും നിഴലായി നടന്നത്, കഅബക്കു മുകളിൽ കയറ്റി ബാങ്കു വിളിപ്പിച്ചത്, സ്വർഗത്തിൽ കണ്ട കഥ പറഞ്ഞത്..... ആ കാലം, ആ കാലം ഒരിക്കലും ഒരിക്കലും അവസാനിച്ചിട്ടില്ലായിരുന്നുവെങ്കിൽ...!! ബിലാലിന്റെ വരവറിഞ്ഞു ധാരാളം പേർ ഒത്തു കൂടി. കൂട്ടത്തിൽ സയ്യിദുനാ ഹസൻ, സയ്യിദുനാ ഹുസൈൻ റ.അമാ. - മുത്തു നബിയുടെ തങ്കക്കുടങ്ങൾ. അവർക്കാർക്കും ഓർമകളെ നിയന്ത്രിക്കാനായില്ല. എല്ലാവരുടെയും മനസിൽ തിരുമേനിയുടെ കാലം നിറഞ്ഞു നിന്നു. മ്ലാനത, മൂകത, വിങ്ങൽ, വെമ്പൽ, ഗദ്ഗദം...ഒടുവിൽ ബിലാൽ ഭയപ്പെട്ടതു സംഭവിച്ചു. ആരോ പറഞ്ഞു: ബിലാൽ, ഒന്നു ബാങ്കു വിളിക്കാമോ...? പലരും ഏറ്റു പറഞ്ഞു: ബിലാൽ, ഒന്നു ബാങ്കു വിളിക്കാമോ, ബിലാൽ, ഒന്നു ബാങ്കു വിളിക്കാമോ, ബിലാൽ, ഒന്നു ബാങ്കു വിളിക്കാമോ...???? ഹസനും ഹുസൈനും വന്നു പറഞ്ഞു: ബിലാൽ, ഒന്നു ബാങ്കു വിളിക്കാമോ...? അവസാനം, ആ അരുമ മക്കളുടെ അപേക്ഷയെ തള്ളിക്കളയാൻ കഴിയാതെ മനസില്ലാ മനസ്സോടെ ബിലാൽ ബാങ്കു വിളിക്കാനാരംഭിച്ചു. ആ ശബ്ദം കേട്ടതോടെ മദീനയാകെ ഇളകി. മുത്തു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്തു കേട്ടു കൊണ്ടിരുന്ന ശബ്ദം. മദീനയൊന്നാകെ ഇളകി മറിഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം കരഞ്ഞു നിലവിളിച്ചു കൊണ്ട് വെളിയിലേക്കു വന്നു. അവരെല്ലാവരും ഒരേ ദിശയിലേക്കാണു നടന്നത്. എല്ലാവരുടെയും മനസിൽ മുത്താറ്റൽ നബി നിറഞ്ഞു നിന്നു. ആർക്കും ഓർമകളെ നിയന്ത്രിക്കാനായില്ല. പൊട്ടിയൊലിക്കുന്ന കൺതടങ്ങളെ തടഞ്ഞുവെക്കാനായില്ല. ബിലാലിനാവട്ടെ, മനസിന്റെ നിയന്ത്രണം വിട്ടു. അവിടുത്തെ തിരുനാമം എത്തിയപ്പോൾ ആ അനുരാഗ വിവശൻ തളർന്നറ്റു വീണു. ഉമയ്യത്തിന്റെ അടി കൊണ്ടിട്ടും അബൂജഹലിന്റെ മർദ്ധനമേറ്റിട്ടും തെരുവു പിള്ളേർ കയറു കെട്ടി വലിച്ചിഴച്ചിട്ടും പതറാത്ത ആ മനസു പതറി, ബോധമറ്റു. യാ അല്ലാാാാഹ്....! എല്ലാവരുടെയും ശാഠ്യങ്ങൾക്കു വഴങ്ങി ഏതാനും ദിവസം മദീനയിൽ താമസിച്ച ശേഷം അദ്ദേഹം തിരിച്ചു പോയി. ഹിജ്'റ ഇരുപതാം വർഷം വഫാത്താകുമ്പോൾ ഡമസ്കസിൽ ആയിരുന്നു. അല്ലാഹു അവിടുത്തെ ദറജ ഉയർത്തട്ടെ. അവരെ ബറകതിനാൽ പ്രതിസന്ധികളിൽ പതറാത്ത, അചഞ്ചലമായ ഈമാൻ നമുക്കേകട്ടെ. അല്ലാഹുവിനോടും തിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലമയോടുമുള്ള സ്നേഹം വർധിപ്പിക്കട്ടെ, ആമീൻ. ✍🏻Muhammad Sajeer Bukhari