സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 5 February 2020

 പള്ളിയിലേക്കുള്ള നടത്തം



അന്ത്യനാളിൽ എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോൾ വിശ്വാസിക്ക് വെളിച്ചം പകരുന്ന അമലാണ് പള്ളിയിലേക്കുള്ള നടത്തം. പള്ളിയിലേക്ക് നടന്നു പോകുന്നത് ഓരോ ചവിട്ടടിയും അല്ലാഹുവിന്റെ ദർബാറിൽ വിശ്വാസിയുടെ സ്ഥാനം വർദ്ധിപ്പിക്കും. തെറ്റുകൾ മായ്ക്കപ്പെടും. സദ് ചിന്തകൾ വർദ്ധിക്കും. കൂടുതൽ നന്മ ചെയ്യാൻ പ്രേരണയുണ്ടാകും. വിശ്വാസികളോട് പ്രത്യേകമായ സ്നേഹവും മമതയും ആദരവും വളരും. തിന്മകളിൽ നിന്ന് അകന്നു നിൽക്കാനുള്ള പ്രചോദനം ശക്തമാകും. മനസ്സ് വിശാലമാകും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ ഉള്ള പ്രതീക്ഷ വർദ്ധിക്കും. അവന്റെ ശിക്ഷയെക്കുറിച്ചുള്ള പേടി ഹൃദയത്തെ ഭരിക്കും. സത്കർമ്മങ്ങൾ മാത്രമാണ് പ്രതീക്ഷ എന്ന ചിന്ത സദാ ഓർമ്മയിൽ നിലനിർത്തും. സഹജീവികളോടും സഹകാരികളോടും സ്നേഹ മനോഭാവത്തോടെ ഇടപഴകാനുള്ള ഊർജ്ജം ലഭിക്കും.

 വിശ്വാസികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. അവർ തമ്മിൽ ഐക്യം നിലനിൽക്കും .ശത്രു ഭയപ്പെടും. അവരുടെ തന്ത്രങ്ങൾ പരാജയപ്പെട്ടു പോകും. മനസ്സുകൾ വിഭ്രമിക്കും. സത്യത്തിലേക്ക് ആകൃഷ്ടരാവുകയോ അസത്യം തുണയ്ക്കുകയില്ലെന്ന് ഭയപ്പെടുകയോ ചെയ്യും. എല്ലാ അർത്ഥത്തിലും പള്ളിയിലേക്കുള്ള നടത്തം ഗുണകരം തന്നെ.

 ഇപ്പറഞ്ഞവയെല്ലാം അഞ്ചുനേരവും പള്ളിയിലേക്ക് നടക്കുന്നത് സംബന്ധിച്ചുള്ളതാണ്. എന്നാൽ, സുബഹിക്കും ഇശാഇനു തള്ളിന് പള്ളിയിൽ പോകുന്നവരെ സംബന്ധിച്ച് ഹദീസുകൾ പ്രത്യേകമായി വാചാലമായിട്ടുണ്ട്. ഇരുളുകളിൽ പള്ളികളിലേക്ക് നടക്കുന്നവർക്ക് അന്ത്യനാളിൽ അള്ളാഹു അവന്റെ അനുഗ്രഹമായ പ്രത്യേക പ്രകാശം കൊണ്ട് അനുഗ്രഹിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്.

 വുളൂവോടു കൂടിയാണ് പള്ളിയിലേക്ക് പോകേണ്ടത്. പോകുമ്പോൾ ദീർഘമായ വഴിയിലൂടെയും മടങ്ങുമ്പോൾ ഹൃസ്വമായ വഴിയിലൂടെയും യാത്ര ചെയ്യുക. സാധ്യമാവുമെങ്കിൽ നടന്നാണ് പോകേണ്ടത്. സദാ പള്ളിയും അവിടെ ആരാധനാ നിമഗ്നനായിരിക്കുന്നതും മനസ്സിൽ വിചാരിച്ചു കൊണ്ടിരിക്കുക. ഹൃദയം പള്ളിയിൽ പൂട്ടിയിട്ടിരിക്കുന്നവനു തണലുകളില്ലാത്ത നാളിൽ അർശിന്റെ തണൽ ഉണ്ടാകുമെന്ന് നബിതിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലം സന്തോഷം അറിയിച്ചിരിക്കുന്നു..!

 പള്ളിയിൽ പോകുമ്പോൾ ഈ ദിക്റ് പതിവാക്കുക.

 اللهم إني أسألك بحق السائلين عليك، ولحق الراغبين إليك، وبحق ممشاي هذا إليك، فإني لم أخرج أشرًا ولا بطرًا ولا رياء ولا سمعة، بل خرجت اتقاء سخطك وابتغاء مرضاتك، فأسألك اللهم أن تنقذني من النار، وأن تغفر لي ذنوبي فإنه لا يغفر الذنوب إلا أنت 

വലിയ അനുഗ്രഹങ്ങൾ സമ്മേളിച്ചിരിക്കുന്ന, അനേകം
 നന്മകൾക്ക് കാരണമാകുന്ന, ജീവിതവിജയത്തിന് വഴികാട്ടിയാകുന്ന ഈ ദിക്റ്. അബൂസഈദിനിൽ ഖുദ്'രിയ്യി റ.വിൽ നിന്ന് ഇമാം അഹ്'മദു ബ്നു ഹമ്പലും ഇമാം ഇബ്നുമാജയും നിവേദനം ചെയ്തതാണ്. ഹാഫിള് ഇബ്നു ഹജരിൽ അസ്ഖലാനി ഹസനായി എണ്ണുകയും ചെയ്തിട്ടുണ്ട്. പതിവാക്കാനുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ, ആമീൻ..! 

✍🏻 Sajeer Bukhari