സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 6 February 2020

മൗനം

വാക്കുകൾ മൊഴിയാതിരിക്കലല്ല; വചനപ്പൊരുളറിഞ്ഞു അവയുടെ അഭൗമ സുന്ദരമായ ഉറവിടത്തിലേക്ക് ഉണർന്നിരിക്കലാണ് മൗനം!

 ഇല്ലെങ്കിൽ, മൗനിയായിരിക്കുന്നത് ജ്ഞാനിയുടെ അലങ്കാരമാകുമോ? മാനവ ജനതക്കു വാക്കുകളിലൂടെ ജ്ഞാന പ്രകാശം പകർന്നുനൽകിയ പ്രവാചകന്മാരും മഹാഗുരുക്കന്മാരുമെല്ലാം മഹാജ്ഞാനികൾ ആയിരുന്നല്ലോ. ധിക്കാരിയായ ഭരണാധികാരിക്കു മുമ്പിലും സത്യത്തെ മാത്രം ജ്വലിപ്പിക്കുന്ന വാക്കാണ് മികച്ച ജിഹാദെന്നു ഹദീസിൽ വന്നിട്ടുണ്ട്. മാത്രമോ, തൗഹീദിന്റെ വചനത്തെ മനോഹരമായ വാക്ക് - കലിമതുൻ ത്വയ്യിബ എന്നാണ് വ്യവഹരിച്ചിരിക്കുന്നത്. മഹാഗുരുക്കളിലൂടെ പരമ്പരാഗതമായി വന്നു കിട്ടിയ വേദവചനങ്ങളും മൊഴിമുത്തുകളുമെല്ലാം ജ്ഞാനമല്ലെന്നോ അവർക്കാർക്കും മൗനത്തിന്റെ അർത്ഥാന്തരങ്ങൾ അറിയില്ലെന്നോ പറയുന്നത് എത്ര മാത്രം മൗഢ്യമാണ്?!

ജ്ഞാനവും മൗനവും തമ്മിലുള്ള യഥാർത്ഥ ബന്ധവും ശരിയായ വ്യത്യാസവും എന്താണ്? ജ്ഞാനത്തിന്റെയും ധ്യാനത്തിന്റെയും അനുരാഗത്തിന്റെയുമെല്ലാം പരിണിതിയാണ് മൗനം. വിവേകത്തിലേക്കും ജ്ഞാനത്തിലേക്കും അടുത്തുവരും തോറും മൗനം ഒരു ഭാവമായ്, സ്വഭാവമായ് രൂപപ്പെടുന്നു / പെടണം.

 കുട്ടികളെ കണ്ടിട്ടില്ലേ, ചെറിയ ക്ലാസിൽ പഠിക്കുമ്പോഴുള്ള കലപില ബഹളവും അട്ടഹാസങ്ങളുമെല്ലാം വലിയ വലിയ ക്ലാസുകളിൽ എത്തുമ്പോൾ ഇല്ലാതാവുകയോ കുറഞ്ഞുവരുകയോ ചെയ്യുന്നു. പക്വതയും പാകതയും കൈവരുമ്പോൾ ഒച്ചപ്പാട് കുറഞ്ഞുകുറഞ്ഞ് മൗനത്തോടടുക്കുന്നു. ഉച്ചത്തിൽ പരസ്പരം സംസാരിച്ചിരുന്നവർ വിദ്യാസമ്പന്നരും സംസ്കൃതരും ആവുമ്പോൾ ശബ്ദത്തിൽ മിതത്വവും വാക്കുകളിൽ പിശുക്കും സൂക്ഷ്മതയും പുലർത്തുന്നത് നാം കാണുന്നു. ഖേദിക്കേണ്ടി വരുന്ന ഒരു വാക്കിനേക്കാൾ ഗുണം ചതിക്കുഴിയിൽ വീഴ്ത്താത്ത ആയിരം യാമങ്ങളുടെ മൗനമാണ്.

 ശബ്ദങ്ങളിൽ നിന്ന് മൗനത്തിലേക്കുള്ള പരിണാമം അധ്യാത്മിക വളർച്ചയുടെ അടയാളമാണ്. എന്നാൽ, വാക്കുകൾ ഉരിയാടാതിരിക്കലല്ല മൗനം. അതിലുപരി, സമ്പൂർണമായ നിറവിലും തിരിച്ചറിവിലും ഉള്ളടങ്ങുമ്പോൾ നിറഞ്ഞു വിരിയുന്ന അലൗകികമായ ഒരു അനുഭൂതിയാണത്. ആ മൗനത്തിൽ നിന്നാണ് ആത്മാവുള്ള വാക്കുകൾ പിറവി കൊള്ളുന്നത്. ആ വാക്കുകൾക്കു അദൃശ്യമായ ഒരാത്മാവുണ്ട്; അധ്യാത്മ ജ്ഞാനത്തിന്റെ ആത്മാവ്.

ആ അവബോധത്തിൽ നിന്നാണ് ഹൃദയങ്ങളെ മാറ്റി മറിക്കാൻ ശേഷിയുള്ള കരുത്തും സർഗ്ഗസിദ്ധിയുമുള്ള വാഗ്വിലാസങ്ങളും സംഗീതവും ഗാനങ്ങളുമെല്ലാം പിറവിയെടുക്കുന്നത്. ബാഹ്യ നേത്രങ്ങൾ അടച്ചുപിടിച്ചു മനസിന്റെ ചെവിക്കുടകൾ തുറന്നു വെക്കൂ, ഒരായുസ്സു മുഴുവൻ കേട്ടാലും തീരാത്തത്ര വാചാലമാണ് മൗനം.

 ✍🏻 Sajeer Bukhari