സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 31 March 2017

ഇണ



പ്രവാചകന്മാരുടെ ചര്യകളിൽ പെട്ട ഒന്നാണ് വിവാഹ ജീവിതം. അല്ലാഹു പറയുന്നു: ‘നിങ്ങളുടെ വർഗത്തിൽ നിന്നുതന്നെ നിങ്ങൾക്കവൻ (ഭാര്യമാരെ) സൃഷ്ടിച്ചു തന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെടുന്നു. നിങ്ങൾ അവരുമായി ഇണങ്ങിച്ചേർന്ന് മനസ്സമാധാനം കൈവരിക്കുവാനായി. അവൻ നിങ്ങൾ തമ്മിൽ സ്‌നേഹബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും ചിന്തിക്കുന്ന ജനതക്ക് അതിൽ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്’ (സൂറതുറൂം/21).
ദാമ്പത്യ ജീവിതത്തിന്റെ ആഴത്തിലേക്കും അർത്ഥത്തിലേക്കും വിരൽ ചൂണ്ടുന്ന ഒരു സൂക്തമാണിത്. ദമ്പതികൾ പരസ്പരം അറിഞ്ഞും സഹകരിച്ചും ജീവിക്കണം. മലയാളത്തിൽ ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ എന്നും ഭർത്താവ് ഭരിക്കുന്നവൻ എന്നുമാണ് പ്രയോഗം. എന്നാൽ അറബിയിൽ സൗജ്-സൗജത് ഇണ തുണ എന്നർത്ഥത്തിലുള്ള വാക്കാണ് ഉപയോഗിക്കുന്നത്. ഇണക്കം ഉണ്ടായാലേ ഇണയാവുന്നുള്ളൂ. പരസ്പരം ഇണങ്ങാതെ വിഘടിച്ചു നിൽക്കുന്ന ദമ്പതികൾ തമ്മിലുള്ള പ്രശ്‌നം തീരുകയില്ല.
തന്റെ ഭർത്താവുമായി നല്ല നിലയിൽ ഇടപെടൽ ഭാര്യക്ക് നിർബന്ധമാണ്. മറിച്ചങ്ങോട്ടും നിർബന്ധം തന്നെ. പങ്കാളിയെ വല്ല നിലക്കും പ്രയാസപ്പെടുത്തുന്നത് കുറ്റകരമാണെന്നർത്ഥം. ഖുർആൻ കൽപിച്ച കാര്യം ധിക്കരിക്കൽ കുറ്റകരമാണല്ലോ. നിങ്ങൾ ഭാര്യമാരുമായി നല്ല നിലയിൽ വർത്തിക്കുക (അന്നിസാഅ്/34). ഇതിന്റെ വ്യാഖ്യാനത്തിൽ ഇമാം ശാഫിഈ(റ) പറയുന്നത് തന്റെ പങ്കാളിയെ വെറുപ്പിക്കാതിരിക്കലാണിതിന്റെ വിവക്ഷിതമെന്നാണ്. പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാണ് (അന്നിസാഅ്/34) എന്നതു കൂടി ചേർത്തുവായിക്കുമ്പോൾ, ഭർത്താവിന്റെ ആജ്ഞ ചെവിക്കൊള്ളാതെ സ്വയേഷ്ടപ്രകാരം പ്രവർത്തിക്കുന്ന ഭാര്യ കുറ്റക്കാരിയാവുക തന്നെ ചെയ്യും.
വീട്ടുകാരിക്ക് ആവശ്യാനുസരണം ചെലവു നൽകാതെ ബുദ്ധിമുട്ടിക്കുന്നത് ഭർത്താവിന് കുറ്റമായതുപോലെ തന്നെ ലൈംഗിക ബന്ധത്തിനു തടസ്സം നിൽക്കുന്നത് ഭാര്യക്കും കുറ്റമാണ്. നബി(സ്വ) പറഞ്ഞു: ‘ഒരാൾ ഭാര്യയെ വിരുപ്പിലേക്ക് ക്ഷണിച്ചപ്പോൾ വിസമ്മതിച്ചു മാറിക്കിടന്നാൽ പ്രഭാതം വരെ മലക്കുകൾ അവളെ ശപിക്കുന്നതാണ്.’
ദാമ്പത്യ ജീവിതത്തിലെ ശൈഥില്യങ്ങൾക്ക് മിക്കപ്പോഴും കാരണമാകുന്നത് കിടപ്പറ പ്രശ്‌നങ്ങളാണ്. തന്റെ പങ്കാളിയെ മാത്രം പ്രണയിക്കുകയും അപരന്മാരോട് ഇമ്പം തോന്നാതിരിക്കുകയും ചെയ്താൽ മാത്രമാണ് കിടപ്പറ വിജയം. പഠനകാലത്തോ മറ്റോ മനസ്സിൽ കൊണ്ടുനടക്കുന്ന മോഹങ്ങളെ അയവിറക്കാൻ ശ്രമിക്കുമ്പോൾ ദമ്പതികളിൽ പ്രശ്‌നം തുടങ്ങുന്നു. ശാരീരികവും മാനസികവുമായി പരിപൂർണ സംതൃപ്തി ഉണ്ടായാൽ ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും പരിഹാരമായി.
ഭാര്യയെ സൽകർമങ്ങൾക്ക് പ്രേരിപ്പിക്കലും ദുർനടപ്പിൽ നിന്ന് പിന്തിരിപ്പിക്കലും ഭർത്താവിന് നിർബന്ധമാണ്. അൽപം ദീനീബോധമുള്ളവനാണെങ്കിൽ ഈ കർത്തവ്യം നിർവഹിച്ചുകൊണ്ടിരിക്കും. പല കുടുംബത്തിലും വഴക്കുകൾക്കിത് കാരണമാകാറുണ്ട്. രാത്രി ഷോപ്പിംഗിന് വേണ്ടി പുറത്തിറങ്ങാനൊരുങ്ങിയ ഭാര്യയെ വഴക്കുപറഞ്ഞതിന് പരാതിപ്പെടുന്നതിൽ കാര്യമില്ല. ശൈഖ് ശീറാസി(റ) പറയുന്നു: രോഗികളായ മാതാപിതാക്കളെ സന്ദർശിക്കുന്നത് തടയാൻ പോലും ഭർത്താവിന് അവകാശമുണ്ട് (മുഹദ്ദബ്). ഇതിനർത്ഥം ഭാര്യയെ എന്തിനും തടയണമെന്നല്ല. ഭർത്താവിന്റെ അനുവാദമില്ലാതെ സ്വയേഷ്ട പ്രകാരം ജീവിക്കാൻ അവൾക്ക് ശറഅ് അനുവദിക്കുന്നില്ലെന്നുമാത്രം.
ഖസ്അം ഗോത്രത്തിൽ പെട്ട ഒരു വനിത പ്രവാചകരെ സമീപിച്ചു ചോദിച്ചു: ‘ഭർത്താവിന് ഭാര്യയുടെ മേലുള്ള അവകാശമെന്താണ്? കാരണം ഞാനൊരു വിധവയാണ്. അതറിഞ്ഞിട്ടു വേണം എനിക്ക് വിവാഹിതയാവാൻ.’
നബി(സ്വ) പറഞ്ഞു: ‘ശാരീരിക ബന്ധത്തിനാവശ്യപ്പെട്ടാൽ അവൾ ഒട്ടകക്കട്ടിലിൽ യാത്രയിലാണെങ്കിലും വഴങ്ങിക്കൊടുക്കണം, സമ്മതമില്ലാതെ സുന്നത്ത് നോമ്പെടുക്കരുത്, ഭർത്താവിന്റെ അനുവാദമില്ലാതെ വീട്ടിൽ നിന്ന് പുറപ്പെടരുത്. അങ്ങനെ ചെയ്താൽ വാനലോകത്തെ മലക്കുകൾ അവളെ ശപിക്കും’ (മജ്മൂഅ് 18/68).
തന്റെ പങ്കാളിക്ക് വെറുപ്പുണ്ടാക്കുന്ന കാര്യങ്ങൾ ദമ്പതികളിൽ നിന്ന് ഉണ്ടാവരുത്. വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ പരസ്പരം ബുദ്ധിമുട്ടിക്കരുത്. തന്റെ ഇണയെ വെറുപ്പിക്കുന്ന ഭക്ഷണമോ വസ്ത്രമോ അരുത്. പെർഫ്യൂമിൽ പോലും അപരന്റെ താൽപര്യം മാനിക്കണം. കല്യാണത്തിനും മറ്റു പൊതു പരിപാടികൾക്കും അണിഞ്ഞൊരുങ്ങുന്ന വനിതകൾ സ്വന്തം ഭർത്താവിനു മുമ്പിൽ മോശം നിലപാടിൽ നിൽക്കുന്നത് ഉചിതമല്ല. സുഗന്ധവും നല്ല വസ്ത്രങ്ങളും കിടപ്പറയിലേക്ക് കരുതിവെക്കുകയും സന്തോഷം പങ്കിടുകയും ചെയ്യലാണ് സുന്നത്ത്.
സ്വഭാവദൂഷ്യം മഹാവിപത്താണ്. കലഹത്തിനും അക്രമത്തിനും അതു കാരണമാകുന്നു. നബി(സ്വ) പറഞ്ഞു: ‘വിശ്വാസം പൂർത്തിയായവർ ഏറ്റവും നല്ല സ്വഭാവക്കാരാണ്. നിങ്ങളിൽ ഉത്തമർ അവരവരുടെ ഭാര്യമാരുമായി നല്ല രൂപത്തിൽ വർത്തിക്കുന്നവരാണ്’ (അഹ്മദ്, തിർമുദി).
സ്വയംതൊഴിലും ആവശ്യത്തിനു കാശും ഡ്രൈവിംഗും വശമുണ്ടെങ്കിലും ഭർത്താവിനെ പരിഗണിക്കാതെ ഏതു കാര്യവും നടത്താമെന്ന പരുവത്തിലാണ് ഇന്ന് പല സ്ത്രീകളും. സൗകര്യങ്ങൾ കൂടിവരുന്നതിനനുസരിച്ച് വിനയവും മര്യാദയും സ്‌നേഹവും വർധിപ്പിക്കുകയാണ് ബുദ്ധി. സ്വയം വാഹനം പരപുരുഷ ഇടകലരൽ ഒരു പരിധിവരെ തടയുമെന്ന് പറയാമെങ്കിലും ഇന്നത്തെ ചില സഞ്ചാരങ്ങൾ അപകടത്തിന് കാരണമാകുമെന്നതിനാൽ സൂക്ഷിക്കൽ അനിവാര്യമാണ്. ഭർത്താവിന്റെ അനുവാദമോ തൃപ്തിയോ ഇല്ലാതെയുള്ള സഞ്ചാരം കുറ്റകരം തന്നെ. പരപുരുഷ ദർശനത്തിന് കാരണമാകുമെങ്കിൽ അത് വർജിക്കുക തന്നെ വേണം. കുലീനയും വിശുദ്ധയുമായ സ്ത്രീക്കുള്ള ലക്ഷണങ്ങൾ അംഗീകരിച്ച് ജീവിച്ചാൽ ഇരുലോകവും രക്ഷപ്പെടും; ശ്രദ്ധയുണ്ടാവട്ടെ.

Thursday, 30 March 2017

ഇസ്റാഅ്- മിഅ്റാജ്

റസൂല്‍(സ്വ)ക്ക് പ്രവാചകത്വം ലഭിച്ച് പത്തു വര്‍ഷത്തിനുശേഷം അബൂത്വാലിബും ഖദീജ(റ)യും ഈ ലോകത്തോട് വിടപറഞ്ഞു. ആമുല്‍ ഹുസ്ന് (ദുഃഖവര്‍ഷം) എന്നാണ് ചരിത്രകാരന്മാര്‍ ഈ വര്‍ഷത്തെ വിശേഷിപ്പിച്ചത്. മക്കാ ജീവിതത്തിലെ നിര്‍ണായക ഘട്ടമായിരുന്നു ഇത്. ശത്രുക്കളുടെ അതി കഠിനമായ പീഡനങ്ങള്‍ക്കിടയിലാണ് വിരഹദുഃഖവും കൂടി നബി(സ്വ) പേറേണ്ടിവന്നത്. പ്രസ്ഥാനരക്ഷ ലക്ഷ്യം വെച്ച് ത്വാഇഫിലേക്ക് നബി(സ്വ) പലായനം ചെയ്തു. അവിടെ മര്‍ദനങ്ങള്‍ക്ക് കാഠിന്യം വര്‍ധിക്കുകയായിരുന്നു. ദുഃഖത്തിനുമേല്‍ ദുഃഖവുമായി നബി(സ്വ) മക്കയിലേക്ക് തിരിച്ചു. അപ്പോഴാണ് സ്നേഹിതനെ (ഹബീബിനെ) സ്നേഹിതന്‍ ആശ്വസിപ്പിക്കുന്നതും ആദരിക്കുന്നതും. ഈ സാന്ത്വനവും ആദരവുമാണ് ഇസ്റാഅ്-മിഅ്റാജ് സംഭവം.
പ്രവാചക ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ അധ്യായനാമങ്ങളായി നല്‍കപ്പെട്ടതു കാണാം. മക്കാവിജയം (സൂറത്തുല്‍ ഫത്ഹ്), ജിന്നുകളുമായുള്ള സംഗമം (സൂറത്തുല്‍ ജിന്ന്), ചന്ദ്രന്‍റെ പിളര്‍പ്പ് (സൂറത്തുല്‍ ഇന്‍ശിഖാഖ്) തുടങ്ങിയവ ഉദാഹരണം. ഇതില്‍ ദീര്‍ഘമായ അധ്യായമാണ് സൂറത്തുല്‍ ഇസ്റാഅ്. മറ്റൊരധ്യായം സൂറത്തുന്നജ്മിലും ഇത് സംബന്ധമായ പരാമര്‍ശങ്ങള്‍ കാണാം.
പ്രവാചകത്വത്തിന്‍റെ പതിനൊന്നാം വര്‍ഷം, റജബ് മാസം 27-ാം രാവ്, തിങ്കളാഴ്ച ദിവസം നബി(സ്വ) പിതൃവ്യന്‍ അബൂത്വാലിബിന്‍റെ മകള്‍ ഉമ്മുഹാനിഇന്‍റെ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ജിബ്രീല്‍(അ)ന്‍റെ നേതൃത്വത്തില്‍ ഏതാനും മലക്കുകള്‍ വരുന്നു. അവര്‍ നബിയെ സംസം കിണറിനരികിലേക്ക് കൊണ്ടുപോയി, അവിടെ നബിയുടെ നെഞ്ച് കീറി ഉള്‍ഭാഗങ്ങള്‍ കഴുകി, വിജ്ഞാനം നിറച്ചു. നടക്കാനിരിക്കുന്ന യാത്രയുടെ അനുഭവങ്ങള്‍ സ്വീകരിക്കാനും ഉള്‍ക്കൊള്ളുവാനുമുള്ള ആത്മീയ പാകത കൈവരുത്തലാകാം ലക്ഷ്യം.
ജിബ്രീല്‍(അ) ‘ബുറാഖ്’ എന്ന പ്രത്യേക വാഹനവുമായാണ് വന്നത്. ജിബ്രീല്‍ ബുറാഖിനോട് പറഞ്ഞു: അല്ലാഹു സത്യം, നിന്‍റെ മേല്‍ നബിയേക്കാളും മഹത്ത്വമുള്ള ഒരാളും ഇന്നുവരെ കയറിയിട്ടില്ല.’ നബി(സ്വ) ബുറാഖില്‍ കയറി, നബിയെ ജിബ്രീല്‍(അ) ഒരുമാസം ഒട്ടകയാത്ര നടത്താന്‍ ദൂരമുള്ള ബൈത്തുല്‍ മുഖദ്ദസിലേക്ക് രാപ്രയാണം നടത്തിച്ചു. മറ്റു പ്രവാചകന്മാര്‍ അവരുടെ യാത്രാമൃഗങ്ങളെ കെട്ടിയിടാറുള്ള വട്ടക്കണ്ണിയില്‍ നബിയുടെ ബുറാഖിനെ ബന്ധിച്ചു. ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഞാന്‍ ഇസ്റാഇന്‍റെ രാത്രിയില്‍ ഖബ്റില്‍ വെച്ച് നിസ്കരിക്കുന്ന മൂസാനബി(അ)യുടെ അരികിലൂടെ നടന്നു.’ ബൈത്തുല്‍ മുഖദ്ദസില്‍ നബി(സ്വ) പ്രവേശിച്ചു. അവിടെ പൂര്‍വിക പ്രവാചകന്മാര്‍ സംഗമിച്ചിരുന്നു. അവര്‍ക്ക് നേതൃത്വം നല്‍കി നബി(സ്വ) നിസ്കാരം നിര്‍വഹിച്ചു.
മദ്യത്തിന്‍റെയും പാലിന്‍റെയും പാത്രങ്ങളുമായി ജിബ്രീല്‍(അ) നബിയെ സമീപിച്ചു. നബി(സ്വ) പാല്‍ തിരഞ്ഞെടുത്ത് മദ്യം വര്‍ജ്ജിച്ചു. ഈ പ്രവര്‍ത്തനത്തെ ജിബ്രീല്‍(അ) പ്രത്യേകം പ്രകീര്‍ത്തിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ബൈതുല്‍ മുഖദ്ദിസ് വരെയുള്ള ഈ രാപ്രയാണത്തിനാണ് ഇസ്റാഅ് എന്ന് പറയുന്നത്. സൂറത്തുല്‍ ഇസ്റാഇല്‍ ഇങ്ങനെ പറയുന്നു: ‘തന്‍റെ അടിമയെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ചുറ്റുഭാഗവും ബറകത്ത് നല്‍കിയ മസ്ജിദുല്‍ അഖ്സ വരെ രാത്രിയില്‍ പ്രയാണം ചെയ്യിച്ച അല്ലാഹു എത്ര പരിശുദ്ധന്‍’ (17/1).
ഇസ്റാഇനെത്തുടര്‍ന്ന് മിഅ്റാജ് സംഭവിക്കുന്നു. നബി(സ്വ) പറഞ്ഞു: ‘പിന്നീട് ഞാന്‍ ഒന്നാം വാനലോകത്തേക്ക് ആനയിക്കപ്പെടുകയായി. ജിബ്രീല്‍(അ) വാതില്‍ തുറക്കാനാവശ്യപ്പെട്ടു. നിങ്ങളാര്? ജിബ്രീലിനോട് ചോദ്യം. ജിബ്രീല്‍: ഞാന്‍ ജിബ്രീല്‍, നിങ്ങളുടെ കൂടെ? ജീബ്രീല്‍ പറഞ്ഞു: മുഹമ്മദ്. ഓ, മുഹമ്മദിലേക്ക് ദൂതരെ അയക്കപ്പെട്ടുവോ? ഈ ചോദ്യം എല്ലാ വാനലോകങ്ങളിലും ആവര്‍ത്തിക്കപ്പെട്ടു. നബി(സ്വ)യുടെ ആഗമനസംബന്ധമായി മലക്കുകളുടെ ലോകത്ത് നേരത്തേ പ്രചാരമുണ്ടായിരുന്നതായി ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാനലോകങ്ങളില്‍ പ്രവാചകപ്രമുഖരും മലക്കുകളും നബിയെ ഊഷ്മളമായി സ്വീകരിച്ചു. പ്രഥമ ആകാശത്ത് ആദം നബിയും രണ്ടില്‍ ഈസാ, യഹ്യ (അ) എന്നീ പ്രവാചകന്മാരും മൂന്നാം വാനലോകത്ത് യൂസുഫ് (അ)മും നാലാം ആകാശത്ത് ഇദ്രീസ് (അ)മും ഹാറൂന്‍ നബി (അ) അഞ്ചാം വാനത്തിലും ആറാം ആകാശത്തില്‍ മൂസാ നബി(അ)യും അവസാനമായി ഇബ്റാഹിം നബി(അ)യും നബി(സ്വ)യെ എതിരേറ്റു. പ്രവാചകന്മാര്‍ നബിയെ സ്വാഗതം ചെയ്തത് സംബന്ധമായി ഹദീസുകളില്‍ ഇങ്ങനെ കാണാം: ‘എനിക്ക് സ്വാഗതമോതുകയും നന്മകൊണ്ട് എനിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.’
ഇബ്റാഹിം നബി(അ)നെ കണ്ട സംഭവം വിശദീകരിച്ചുകൊണ്ട് നബി(സ്വ) വ്യക്തമാക്കിയത് ഇമാം അഹ്മദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഇബ്റാഹിം നബി(അ) ബൈത്തുല്‍ മഅ്മൂറിലേക്ക് ചാരിനില്‍ക്കുന്നു. എല്ലാദിവസവും എഴുപതിനായിരം മലക്കുകള്‍ ഈ ഭവനത്തിലേക്ക് പ്രവേശിക്കും. പിന്നീടൊരിക്കലും അവരതില്‍ നിന്ന് തിരിച്ചുപോകുന്നില്ല.’ ബൈത്തുല്‍ മഅ്മൂര്‍ മാത്രമല്ല ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ ഈ അത്യത്ഭുത വാനയാത്രയില്‍ നബി(സ്വ) ധാരാളം അതുല്യ ദര്‍ശനങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്.
റസൂല്‍(സ്വ) പറഞ്ഞു: ‘ഞാന്‍ ഒരു വിഭാഗത്തിന്‍റെ അരികിലൂടെ കടന്നുപോയി, ചെമ്പ് നിര്‍മിത നഖങ്ങളാണ് അവര്‍ക്കുള്ളത്. അവര്‍ ആ നഖങ്ങള്‍ കൊണ്ട് മുഖങ്ങളും നെഞ്ചുകളും കീറിപ്പറിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു; ജിബ്രീല്‍ ഇവര്‍ ആരാണ്? ജിബ്രീല്‍(അ) പറഞ്ഞു: അവര്‍ സമൂഹത്തിന്‍റെ മാംസങ്ങള്‍ ഭക്ഷിക്കുന്ന(ആളുകളെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്ന)വരും അവരുടെ അഭിമാനത്തിന് ക്ഷതം ഏല്‍പിക്കുന്നവരുമാണ്.’
മറ്റൊരു സംഭവം ഇങ്ങനെ: ‘ഒരു സമൂഹത്തിനരികിലൂടെ നബി നീങ്ങി, അവര്‍ അവരുടെ തലകള്‍ പാറക്കല്ലുകൊണ്ട് ഉടക്കുന്നു. ഉടച്ചുകഴിയുമ്പോള്‍ തലകള്‍ പൂര്‍ണസ്ഥിതി പ്രാപിക്കുന്നു. അവരീ അവസ്ഥ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നബി(സ്വ) ചോദിച്ചു: ജിബ്രീല്‍ അവര്‍ ആരാണ്? ഇവരുടെ തലകള്‍ക്ക് നിര്‍ബന്ധ നിസ്കാര നിര്‍വഹണം ഭാരമായിരുന്നു.’ (നിസ്കരിക്കാന്‍ മടിയന്മാരാണെന്നര്‍ത്ഥം).
‘നബി(സ്വ) വേറെ ഒരു വിഭാഗത്തിന്‍റെ സമീപത്തുകൂടി നടന്നുനീങ്ങി. അവര്‍ക്കുമുന്നില്‍ പാകമായ രുചിയുള്ള മാംസത്തിന്‍റെ ചട്ടിയും പാകമാവാത്ത ചീഞ്ഞ മാംസത്തിന്‍റെ ചട്ടിയുമുണ്ട്. സുന്ദരവും പാകവുമായ ചട്ടിയിലെ മാംസം ഭക്ഷിക്കാതെ അവര്‍ ചീത്തയായ പാകമാകാത്ത ചട്ടിയിലെ മാംസം ഭക്ഷിക്കുന്നു. നബി(സ്വ) ചോദിച്ചു: ജിബ്രീല്‍, ഇവര്‍ ആരാണ്? ജിബ്രീല്‍ പറഞ്ഞു: അനുവദനീയവും നല്ലതുമായ ഭാര്യയെ ഉപേക്ഷിച്ച് ചീത്ത സ്ത്രീയെ സമീപിക്കുന്ന പുരുഷനും നല്ല ഭര്‍ത്താവിനെ കയ്യൊഴിച്ച് ചീത്ത പുരുഷനെ സമീപിക്കുന്ന സ്ത്രീയുമാണ്. ഇത്തരം നിരവധി സംഭവങ്ങള്‍ മിഅ്റാജില്‍ നബി ദര്‍ശിച്ചതായി വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
ഈ അത്യത്ഭുതങ്ങളുടെ ദര്‍ശനശേഷം നബി(സ്വ) ‘സിദ്റത്തുല്‍ മുന്‍തഹ’ എന്ന വൃക്ഷത്തിന്‍റെ പരിസരത്തേക്ക് നീങ്ങി, അവിടെ നബിയുടെ ആഗമന കാരണമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഹദീസുകളില്‍ കാണാം: ‘പിന്നീട് സിദ്റത്തുല്‍ മുന്‍തഹയിലേക്ക് ജിബ്രീല്‍(അ) എന്നെ കൊണ്ടുപോയി, ആ വൃക്ഷത്തിന്‍റെ ഇലകള്‍ ആനയുടെ ചെവി പോലെയുണ്ട്. വലിയ പാത്രങ്ങള്‍ പോലെയാണ് അതിന്‍റെ കായകള്‍, അല്ലാഹുവിന്‍റെ പ്രത്യേക കാരുണ്യം ആവരണം  ചെയ്തപ്പോള്‍ അതിന് ആകെ മാറ്റം സംഭവിച്ചിരിക്കുന്നു. അതു വര്‍ണിക്കാന്‍ സൃഷ്ടികള്‍ക്കു സാധ്യമല്ല’ (അഹ്മദ്).
പിന്നീട് സ്വര്‍ഗത്തിന്‍റെ പലദൃശ്യങ്ങളും നബി(സ്വ) കണ്ടതായി ഇമാം ബുഖാരി(റ)യും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ‘ഇസ്റാഅ് രാത്രി നബി(സ്വ) സ്വര്‍ഗത്തില്‍ പ്രവേശിച്ചു. സ്വര്‍ഗത്തിന്‍റെ പാര്‍ശ്വത്തില്‍ നേരിയ ശബ്ദം ശ്രവിച്ചു. റസൂല്‍(സ്വ) ചോദിച്ചു. ജിബ്രീല്‍ ഇതെന്താണ്? ജിബ്രീല്‍ പറഞ്ഞു: ഇത് വാങ്ക് വിളിക്കുന്ന ബിലാല്‍.’
തിരിച്ചുവന്ന നബി(സ്വ) പറഞ്ഞു: തീര്‍ച്ച, ബിലാല്‍ വിജയിച്ചു. ബിലാലിന് ഞാന്‍ ധാരാളം (സ്വര്‍ഗീയ) ഗുണങ്ങള്‍ ദര്‍ശിച്ചു, ഈ ദൃശ്യങ്ങള്‍ക്കെല്ലാം ശേഷം നബി മാത്രം വീണ്ടും യാത്ര തുടര്‍ന്നു. അങ്ങനെ അല്ലാഹു നിശ്ചയിച്ച പ്രത്യേക സ്ഥലത്ത് വെച്ച് റബ്ബുമായി നബി(സ്വ) അതുല്യവും അത്യാനന്ദദായകവുമായ, നബിക്ക് മാത്രം നല്‍കപ്പെട്ട ‘മുനാജാത്ത്’ സംഭാഷണം നിര്‍വഹിച്ചു. അവിടെ വെച്ചാണ് അമ്പത് നിസ്കാരങ്ങള്‍ സമൂഹത്തിന് സമ്മാനമായി നബിക്ക് അല്ലാഹു സമര്‍പ്പിക്കുന്നത്. നിസ്കാരം ഏറ്റുവാങ്ങി നബി(സ്വ) മടക്കയാത്ര ആരംഭിക്കുന്നു. വഴിയില്‍ മൂസാ നബിയെ കണ്ടുമുട്ടി. മൂസാനബി(അ) വിവരങ്ങളാരാഞ്ഞു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ തിരിച്ചുചെന്ന് നിസ്കാരം സമുദായത്തിന് ലഘൂകരിച്ച് തരാനാവശ്യപ്പെടണം. തീര്‍ച്ച നിങ്ങളുടെ സമുദായത്തിന് ഇത് നിര്‍വഹിക്കാന്‍ സാധിക്കില്ല. ഞാന്‍ ഇത്തരം വിഷയത്തില്‍ ബനൂ ഇസ്റാഈലിനെ പരീക്ഷിച്ചിട്ടുണ്ട്. അങ്ങനെ തിരിച്ചുപോയി നബി(സ്വ) ആവശ്യമുന്നയിച്ചു. പല തവണ ഇതാവര്‍ത്തിച്ചു. നബി(സ്വ) തന്നെ പറയുന്നു: മൂസാനബിയുടെയും എന്‍റെ റബ്ബിന്‍റെയും ഇടയില്‍ ഞാന്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. അഞ്ച് വീതം ചുരുക്കുകയും ചെയ്തു. പത്താം തവണ തിരിച്ചുപോകണമെന്ന് മൂസാനബി ആവശ്യപ്പെട്ടുവെങ്കിലും നബി(സ്വ) പറഞ്ഞു: തീര്‍ച്ച ഞാന്‍ ഇനിയും പോകാന്‍ ലജ്ജിക്കുന്നു.
വിശുദ്ധ ഖുര്‍ആനില്‍ ഈ അത്ഭുതദൃശ്യങ്ങളെ സംബന്ധിച്ച് അല്ലാഹു പറയുന്നു: നാം മുഹമ്മദ് (സ്വ)ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ പലതും കാണിക്കാന്‍ വേണ്ടി (ഇസ്റാഅ്/1). ഇതിനെ സംബന്ധിച്ച് തന്നെ സൂറത്തുന്നജ്മില്‍; തീര്‍ച്ച, അവിടുന്നു അവിടുത്തെ രക്ഷിതാവിന്‍റെ വന്‍ ദൃഷ്ടാന്തങ്ങളില്‍ പലതും കണ്ടിട്ടുണ്ട് (സൂക്തം 18).
ജിബ്രീലൊന്നിച്ച് നബി വാനലോകത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്നു. ദര്‍ശിച്ച അത്ഭുതങ്ങളെ സംബന്ധിച്ച് ജിബ്രീലുമായി അവിടുന്ന് പങ്കുവെക്കുന്നത് കാണുക: ‘വാനലോകത്തുള്ളവരെല്ലാം എന്നെ സ്വാഗതം ചെയ്തു. എല്ലാവരും എന്നോട് പുഞ്ചിരിച്ചു. എന്നാല്‍ ഒരാള്‍ അങ്ങനെ ചെയ്തില്ല. ഞാന്‍ സലാം ചൊല്ലി, സലാം മടക്കി സ്വാഗതം ചെയ്തു. പക്ഷേ, പുഞ്ചിരിച്ചില്ല, ഇതെന്താണ്? ജിബ്രീല്‍ (അ) പറഞ്ഞു: നരകത്തെ കാക്കുന്ന മാലിക് എന്ന മലക്കാണത്. അദ്ദേഹം സൃഷ്ടിക്കപ്പെട്ടതുമുതല്‍ ഒരിക്കലും ചിരിച്ചിട്ടില്ല. ആരോടെങ്കിലും മാലിക് ചിരിക്കുമായിരുന്നുവെങ്കില്‍ അങ്ങയോട് ചിരിക്കുമായിരുന്നു.’
നബി(സ്വ) സുബ്ഹിക്ക് മുമ്പ് മക്കയില്‍ തിരിച്ചെത്തി. ദര്‍ശിച്ച അത്ഭുതങ്ങള്‍ സമൂഹവുമായി പങ്കുവെച്ചു. പ്രതികരണങ്ങള്‍ സമ്മിശ്രമായിരുന്നു. ഇത് പരസ്യപ്പെടുത്തിയാല്‍ സമൂഹം ഒന്നടങ്കം അംഗീകരിക്കില്ലെന്ന ധാരണ നബിക്കുണ്ട്; പരിഹാസത്തിന് കാരണമാകുമെന്ന ബോധവുമുണ്ട്. ഇമാം അഹ്മദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘കൂക്കിവിളിക്കുന്നവര്‍ക്കും കളവാണെന്ന നിലക്ക് അത്ഭുതം പ്രകടിപ്പിച്ച് തലക്കുമേല്‍ കൈവെക്കുന്നവര്‍ക്കുമിടയിലാണ് പ്രവാചകന്‍. ഈ പശ്ചാത്തലത്തില്‍ ശത്രുസമൂഹത്തില്‍ ചിലര്‍ നബിയോട് ആവശ്യപ്പെട്ടതിങ്ങനെ: ഞങ്ങള്‍ കണ്ട ബൈത്തുല്‍ മുഖദ്ദസിലെ, മസ്ജിദുല്‍ അഖ്സയിലെ വിശേഷണങ്ങള്‍ പറയാന്‍ താങ്കള്‍ക്ക് സാധിക്കുമോ? അവരുടെ കൂട്ടത്തില്‍ ഈ പ്രദേശവും പള്ളിയും നേരില്‍ക്കണ്ട പലരുമുണ്ട്. ഈ ചോദ്യത്തിന്‍റെ മറ്റൊരു റിപ്പോര്‍ട്ട്: ‘മുഹമ്മദ്, ഞാന്‍ ബൈത്തുല്‍മുഖദ്ദസിനെ സംബന്ധിച്ച് നന്നായി അറിയുന്നവനാണ്. അതിന്‍റെ നിര്‍മാണം എങ്ങനെ? രൂപമെങ്ങനെ? പര്‍വതവുമായുള്ള സാമീപ്യമെങ്ങനെ?’
യഥാര്‍ത്ഥത്തില്‍ ഒരു പള്ളി നിരവധി പ്രാവശ്യം ദര്‍ശിച്ചവര്‍ക്കുപോലും അതിന്‍റെ എല്ലാ രൂപഭാഗങ്ങളും വര്‍ണിക്കുക അസാധ്യമായിരിക്കും. പക്ഷേ ഇവിടെ റസൂല്‍(സ്വ) അതിനെ പൂര്‍ണമായി വര്‍ണിക്കുക തന്നെ ചെയ്തു.
ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നത് കാണുക: “ഖുറൈശികള്‍ ബൈത്തുല്‍ മുഖദ്ദസിലേക്കുള്ള രാപ്രയാണ സന്ദര്‍ഭത്തില്‍ എന്നെ കളവാക്കിയപ്പോള്‍ ഞാന്‍ കഅ്ബത്തിന്‍റെ പരിസരത്ത് എഴുന്നേറ്റുനിന്നു. അല്ലാഹു ബൈത്തുല്‍ മുഖദ്ദസ് എനിക്ക് മുമ്പില്‍ വെളിപ്പെടുത്തി. അതിലേക്ക് നോക്കി അവിടെയുള്ള ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച് ഞാന്‍ അവരോട് പറയാന്‍ തുടങ്ങി. അബൂജഹ്ലിന്‍റെ നേതൃത്വത്തിലാണ് ഇസ്റാഅ് മിഅ്റാജ് നിഷേധത്തിന്‍റെ ഇത്തരം പ്രതികരണങ്ങള്‍ അരങ്ങേറിയത്. അബൂജഹ്ല്‍ തന്നെ പറയുന്നതായി കാണാം:
‘മുഹമ്മദ് അവകാശപ്പെടുന്ന വിഷയത്തില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നില്ലേ. മുഹമ്മദ് ഇന്നലെ രാത്രി ബൈത്തുല്‍ മുഖദ്ദസില്‍ പോയത്രെ, ഇന്ന് രാവിലെ തിരിച്ചെത്തിയിരിക്കുന്നു! വാഹനത്തില്‍ ഒരുമാസം അവിടെയെത്താനും ഒരു മാസം തിരിച്ചുവരാനും വേണം. രണ്ട് മാസത്തെ യാത്ര ഒരൊറ്റ രാത്രികൊണ്ട് മുഹമ്മദ് ചെയ്തുവത്രെ.’
അബൂജഹ്ലിന്‍റെ അനുയായികളുടെ വിമര്‍ശനങ്ങളെ നബി ശക്തിയായിത്തന്നെ നേരിട്ടു. അവിശ്വാസികള്‍ക്ക് പോലും നിഷേധിക്കാനാവാത്ത വിവിധ തെളിവുകളിലൂടെ യാഥാര്‍ത്ഥ്യം അവരെ ബോധ്യപ്പെടുത്തി. മുശ്രിക്കുകളില്‍ ചിലര്‍ നബി(സ്വ)യോട് ചോദിച്ചു: നിങ്ങളീ പറയുന്നതിന് വല്ല അടയാളവുമുണ്ടോ?
നബി(സ്വ) വിവരിച്ചു: ഞാന്‍ ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് മക്കയിലേക്ക് തിരിച്ചുവരുന്ന വഴിക്ക് മക്കക്കാരായ ഖുറൈശികളുടെ ഒരു ഒട്ടക സംഘത്തെ കണ്ടു. ഒരു ഒട്ടകം ഞങ്ങളുടെ വരവ് കണ്ടു വിരണ്ട് വട്ടംചുറ്റി. കൂട്ടത്തില്‍ ഒരൊട്ടകത്തിന്‍റെ നെറ്റിയില്‍ രണ്ടു പുള്ളികളുണ്ട്. കറുത്ത പുള്ളിയും വെളുത്ത പുള്ളിയും. ആ ഒട്ടകം വീണു, അതിന് പരിക്കുപറ്റി.
ദിവസങ്ങള്‍ കഴിഞ്ഞു ഒട്ടകസംഘം തിരിച്ചെത്തി. സംഘത്തോട് മക്കയിലെ ശത്രുക്കള്‍ വിവരങ്ങളന്വേഷിച്ചു. നബി(സ്വ) പറഞ്ഞതുപോലെ അവര്‍ പറയുകയുയുണ്ടായി.
യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ഇതംഗീകരിക്കാന്‍ ഒരു പ്രയാസവുമുണ്ടായില്ല. ഈ വിഷയത്തില്‍ വിശ്വാസികള്‍ക്ക് അബൂബക്കര്‍ സിദ്ദീഖ്(റ) ശക്തമായ നേതൃത്വം നല്‍കി. ഇമാം ബൈഹഖി(റ) ആഇശ(റ) പറഞ്ഞതായി ഉദ്ധരിക്കുന്നു:
‘റസൂല്‍(സ്വ) മസ്ജിദുല്‍ അഖ്സയിലേക്ക് രാപ്രയാണം നടത്തിയ പ്രഭാതത്തില്‍ ജനങ്ങള്‍ ഇതൊരു സംസാരവിഷയമാക്കി. നേരത്തെ വിശ്വാസികളായി പ്രത്യക്ഷത്തില്‍ രംഗത്തുണ്ടായിരുന്ന ചിലര്‍ ഇതിന്‍റെ മറവില്‍ ഇസ്ലാം കയ്യൊഴിച്ചു. അവര്‍ അബൂബക്കര്‍ സിദ്ദീഖ്(റ)വിനെ സമീപിച്ചു ചോദിച്ചു: നിങ്ങളുടെ കൂട്ടുകാരനെ (മുഹമ്മദിനെ) സംബന്ധിച്ച് വല്ലതും പറയാനുണ്ടോ? രാത്രി ബൈത്തുല്‍ മുഖദ്ദസിലേക്ക് പ്രയാണം നടത്തിയതായി അവകാശപ്പെടുന്നു. അബൂബക്കര്‍(റ) ചോദിച്ചു: മുഹമ്മദ്(സ്വ) അങ്ങനെ പറഞ്ഞോ? അവര്‍ പറഞ്ഞു; അതേ. അബൂബക്കര്‍(റ) പ്രഖ്യാപിച്ചു: ‘മുഹമ്മദ്(സ്വ) അതു പറഞ്ഞുവെങ്കില്‍ തീര്‍ച്ച, അവിടുന്ന് സത്യമേ പറഞ്ഞിട്ടുള്ളൂ.’
അവര്‍ വീണ്ടും ചോദിച്ചു: ഒരൊറ്റ രാത്രി ബൈത്തുല്‍ മുഖദ്ദസിലെത്തി പ്രഭാതത്തിനുമുമ്പ് തിരിച്ചുവന്നുവെന്ന മുഹമ്മദിന്‍റെ അവകാശവാദം നിങ്ങളംഗീകരിക്കുകയോ? അബൂബക്കര്‍(റ) പറഞ്ഞു: അതേ, അതിനേക്കാള്‍ വിദൂരമായ യാഥാര്‍ത്ഥ്യങ്ങളും ഞാന്‍ അംഗീകരിക്കും.
അബൂബക്കര്‍(റ)ന് ‘സിദ്ദീഖ്’ എന്ന മഹദ്നാമം ലഭിക്കാനുള്ള കാരണങ്ങളിലൊന്നായി ഈ അംഗീകാരത്തെ പല ചരിത്രഗ്രന്ഥങ്ങളും വിശദീകരിച്ചിട്ടുണ്ട്.

Tuesday, 28 March 2017

കുടുംബ ജീവിതം

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും താഴ്വരയിലാണ് ‘കുടുംബം’ സ്ഥാപിതമാകുന്നത്. പരസ്പരം സ്നേഹിക്കാനും സ്നേഹം പ്രകടിപ്പിക്കാനും ദമ്പതികള്‍ക്ക് സാധിക്കുമ്പോള്‍ കുടുംബ ജീവിതം അര്‍ത്ഥ പൂര്‍ണമാകുന്നു. വിവാഹം മനസ്സമാധാനം ലഭിക്കാന്‍ വേണ്ടിയാണെന്ന് ഖുര്‍ആന്‍. ആരോഗ്യമുള്ള സമൂഹത്തിന്‍റെ ആണിക്കല്ല് ആരോഗ്യമുള്ള കുടുംബ സംവിധാനം തന്നെയാണ്. കുടുംബത്തെ സംബന്ധിച്ചിടത്തോളം ശാരീരികവും മാനസികവും ധാര്‍മികവും സാംസ്കാരികവുമായ ആരോഗ്യം പരമ പ്രധാനമാണ്.
ജീവിത പങ്കാളിയുടെ മനസ്സ് വായിക്കാന്‍ കഴിയാത്ത ഇണ കുടുംബത്തിന്‍റെ ഭാരമായി മാറും. നൈമിഷിക വികാരമോ അവിവേക പൂര്‍ണമായ ആലോചനയോ ക്ഷണികമായ അഭിലാഷമോ കുടുംബത്തിന്‍റെ അടിത്തറയിളക്കാന്‍ ഇടവരരുത്. അവധാന പൂര്‍വം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവും ബുദ്ധിപൂര്‍വമായ തീരുമാനമെടുക്കാനുള്ള തന്‍റേടവും കുടുംബ ഭദ്രത കാത്തു സൂക്ഷിക്കാനുതകുന്ന കാര്യങ്ങളാണ്.
കുടുംബ ജീവിത വിജയം കൊണ്ട് ഭൂമിയില്‍ സ്വര്‍ഗം തീര്‍ത്ത പൂര്‍വ്വസൂരികളുടെ ചരിതങ്ങള്‍ക്ക് ഇക്കാലത്ത് വലിയ പ്രാധാന്യമുണ്ട്. ബന്ധങ്ങള്‍ ബന്ധനങ്ങളും ദാമ്പത്യം നിത്യശാപവുമായി മാറുന്ന ആധുനിക പരിതസ്ഥിതിയില്‍ വിശേഷിച്ചും. സദാചാര ബോധവും മതനിഷ്ഠയും കൈമുതലാക്കിയ പൂര്‍വ്വികര്‍, കുടുംബ സൗധത്തെ ഭംഗിയായി ആവിഷ്ക്കരിച്ച വിധം നവലോകത്തിനു മുഴുവന്‍ മാതൃകയാണ്. അത്തരം മാതൃകാ ദമ്പതികളില്‍പ്പെട്ട രണ്ടു പേരാണ് അബൂസലമ(റ) വും ഉമ്മുസലമ(റ)വും.
അബൂസലമ(റ) ഉമ്മുസലമ(റ)യുടെ പിതൃവ്യന്‍റെ പുത്രനാണ്. ഇസ്ലാമിക പ്രബോധന രംഗത്ത് നിരവധി പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്ന സ്വഹാബീ പ്രമുഖരില്‍ പ്രധാനിയാണ് ഇദ്ദേഹം. യഥാര്‍ഥ നാമം അബ്ദുല്ലാഹി ബ്നു അബ്ദില്‍ അസദ് ശത്രുക്കളുടെ നിരന്തര പീഡനം  അസഹനീയമായപ്പോഴും മതം മറച്ചു വെക്കാതെ പ്രബോധന രംഗത്ത് സജീവമായ സ്വഹാബികളുടെ കൂട്ടത്തിലായിരുന്നു അബൂസലമ(റ). ഇസ്ലാമാശ്ലേഷിച്ച ആദ്യ പത്തു പേരിലൊരാളുമാണ് മഹാനവര്‍കള്‍ (സ്വുവറുന്‍ മിന്‍ ഹയാതി സ്സ്വഹാബ).
ഉമ്മുസലമ(റ)വിന്‍റെ യഥാര്‍ത്ഥ നാമം ഹിന്ദ് ബിന്‍ത് അബീ ഉമയ്യ എന്നാണ്. ആതിക ബിന്‍ത് ആമിറാണ് മാതാവ്. പേരു കേട്ട നേതാവും വലിയ ഔദാര്യവാനുമായിരുന്നു പിതാവ്. ഖാലിദ് ബ്നു വലീദ് (റ)വിന്‍റെ പിതൃവ്യ പുത്രിയും ആമിര്‍ ബിന്‍ അബീ ഉമയ്യ, അബ്ദുല്ലാഹി ബിന്‍ അബീ ഉമയ്യ എന്നിവരുടെ സഹോദരിയുമായിരുന്നു. പ്രസിദ്ധ സ്വഹാബീവര്യനായ അമ്മാര്‍ ബിന്‍  യാസിറിന്‍റെ മുലകുടി ബന്ധത്തിലുള്ള സഹോദരി കൂടിയാണ് ഉമ്മു സലമ(റ).
അബൂസലമ(റ)-ഉമ്മുസലമ(റ) ദമ്പതികള്‍ സമ്പന്നതയുടെ മടിത്തട്ടിലായിരുന്നു ജനിച്ചതും വളര്‍ന്നതും. ഇസ്ലാമിന്‍റെ ആവിര്‍ഭാവ കാലത്തു തന്നെ സത്യ വിശ്വാസം പുല്‍കിയതു കൊണ്ട് മതത്തിന്‍റെ ബദ്ധ വൈരികളുടെ പീഡനങ്ങള്‍ ഇരുവര്‍ക്കും നിരന്തരം സഹിക്കേണ്ടി വന്നു. ഒടുവില്‍ ജനിച്ചു വളര്‍ന്ന സമ്പത് സമൃദ്ധികളെല്ലാം ഉപേക്ഷിച്ച് ഇരുവരും അബ്സീനിയയിലേക്ക് പലായനം ചെയ്തു. അബ്സീനിയയില്‍  നജ്ജാശിയുടെ അഭയത്തില്‍ സ്വസ്ഥവും സമാധാന പൂര്‍ണവുമായ ജീവിതം നയിക്കാന്‍ ഹിജ്റ പോയ മുസ്ലിംകള്‍ക്ക് സാധിച്ചു. എന്നാല്‍ മക്കയില്‍ ഇസ്ലാമിന്‍റെ പ്രചാരണം വ്യാപകമായി നടക്കുന്നുണ്ടെന്നും നിരവധി പ്രമുഖര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മുസ്ലിംകള്‍ ജന്മനാട്ടില്‍ സുരക്ഷിതരാണെന്നുമുള്ള വ്യാജ വാര്‍ത്തയറിഞ്ഞ് അവര്‍ കൂടുതല്‍ പ്രതീക്ഷയോടെ മക്കയിലേക്ക് തിരിക്കുകയായിരുന്നു.
മുത്ത്നബി(സ്വ)യോടൊപ്പമുള്ള സ്നേഹമസൃണമായ ജീവിതം ആഗ്രഹിച്ച് അബ്സീനിയയില്‍ നിന്നെത്തിയ നിഷ്കളങ്കരായ മുസ്ലിംകളെ എതിരേറ്റത് വഞ്ചകരായ ഖുറൈശികളായിരുന്നു. പലായനം ചെയ്ത മുസ്ലിംകളുടെ സ്വൈര്യമായ ജീവിതത്തിനറുതി വരുത്താന്‍ ഖുറൈശികളൊരുക്കിയ കെണിയായിരുന്നു പ്രസ്തുത വ്യാജ വാര്‍ത്തയെന്ന് പിന്നീടാണ് മുസ്ലിംകള്‍ക്ക് മനസ്സിലായത്. ശത്രുക്കള്‍ പീഡന മുറക്ക് ആക്കം കൂട്ടിക്കൊണ്ടിരുന്നു. മര്‍ദനങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ മുസ്ലിംകള്‍ക്ക് വീണ്ടുമൊരു പലായനത്തിന് ഒരുങ്ങേണ്ടി വന്നു. ആ പുറപ്പാടാവട്ടെ ഉമ്മു സലമ(റ)ക്ക് വന്‍ ദുരന്തമാണ് സമ്മാനിച്ചത്. ഒരിക്കലും മറക്കാനാവാത്ത വേദനകള്‍ ഉമ്മു സലമ(റ)യുടെ മനസ്സില്‍ ആ യാത്ര കോറിയിട്ടു.
അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക് പുറപ്പെടാനുള്ള സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി. യാത്ര തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു. അവര്‍ മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ്റി. അങ്ങനെ അബ്ദുല്‍ അസദ് ഗോത്രക്കാര്‍ കുഞ്ഞിനെയും കൊണ്ട് പോയി. ഭര്‍ത്താവായ അബൂസലമ(റ) മദീനയിലേക്കും പോയി.
ഭര്‍ത്താവില്‍ നിന്നും മകനില്‍ നിന്നും അകറ്റിയ വേദന ഉമ്മു സലമ(റ)യെ  വേട്ടയാടി ക്കൊണ്ടിരുന്നു. പ്രതീക്ഷ വറ്റിയ രാപ്പലുകളില്‍ അവര്‍ പ്രിയതമനെയും കുഞ്ഞിനെയും മനസ്സില്‍ കണ്ടു. കാത്തിരിപ്പും കണ്ണീരുമായി ദിനങ്ങള്‍ കഴിച്ചു കൂട്ടി. കുഞ്ഞും ഭര്‍ത്താവുമില്ലാത്ത ജീവിതം മഹതിക്ക് ദുസ്സഹമായിത്തീര്‍ന്നു. എല്ലാ ദിവസവും രാവിലെ ഈ ദുരന്ത സ്ഥലത്തെത്തി മഹതി കുറേ നേരം കരയും. ഒരുവര്‍ഷത്തോളം ഇതേ നില തുടര്‍ന്നു. പ്രിയതമനോടും മകനോടുമുള്ള സ്നേഹം മഹതിയുടെ ഉള്ളില്‍ തളം കെട്ടി നിന്നു. യാദൃച്ഛികമായാണ് മുഗീറയുടെ സന്തതികളില്‍ പെട്ട ഒരാള്‍ മക്കയുടെ തെരുവിലിരുന്ന് കണ്ണീര്‍ വാര്‍ക്കുന്ന മഹതിയെ കണ്ടത്. അദ്ദേഹത്തിന്‍റെ മനസ്സില്‍ ഉമ്മുസലമ ബീവിയോട് ആര്‍ദ്രത തോന്നി. അദ്ദേഹം തന്‍റെ ഗോത്രക്കാരെ ചെന്നു കണ്ടു. അവരോട് ചോദിച്ചു:
ഈ പാവത്തെ ഒന്ന് വിട്ടയച്ചു കൂടേ. ഇവരെ  ഭര്‍ത്താവില്‍ നിന്നും കുഞ്ഞില്‍ നിന്നും എന്തിനാണിങ്ങനെ മാറ്റി നിര്‍ത്തുന്നത്?
അയാളുടെ വാക്കുകള്‍ കേട്ട ഗോത്രക്കാരുടെയും മനസ്സലിഞ്ഞു. അവര്‍ പറഞ്ഞു; ‘വേണമെങ്കില്‍ ഭര്‍ത്താവിന്‍റെ അടുത്തേക്ക് പോകാം.’
മഹതിക്കു സന്തോഷം തോന്നി. പക്ഷേ തന്‍റെ മകനെ മക്കയില്‍ ഒറ്റക്കാക്കി പോകുന്ന കാര്യം മഹതിക്കു ഓര്‍ക്കാന്‍ പോലും സാധിച്ചില്ല. ഇതു മനസ്സിലാക്കിയ അബ്ദുല്‍ അസദ് ഗോത്രക്കാര്‍ മകനെയും തിരിച്ച് കൊടുത്തു. മകനെ വാരിപ്പുണര്‍ന്ന് മുത്തം നല്‍കിയ അവര്‍ മദീനയിലുള്ള ഭര്‍ത്താവിനെ ലക്ഷ്യം വെച്ചു യാത്ര തിരിച്ചു.
വാഹനം തന്‍ഈമിലെത്തിയപ്പോള്‍ പരോപകാരിയായ ഉസ്മാനുബ്നു ത്വല്‍ഹയെ കണ്ട് മുട്ടി. അദ്ദേഹം ചോദിച്ചു: അബൂ ഉമയ്യയുടെ മകള്‍ എങ്ങോട്ടാണ് യാത്ര പോകുന്നത്?
മഹതി പറഞ്ഞു: ‘മദീനയിലുള്ള എന്‍റെ ഭര്‍ത്താവാണ് ലക്ഷ്യം’.
അദ്ദേഹം വീണ്ടും ചോദിച്ചു: കൂടെ ആരുമില്ലേ?
‘അല്ലാഹുവാണ് സത്യം, അല്ലാഹുവും ഈ കുഞ്ഞുമൊഴികെ ഒരാളും എന്‍റെ കൂടെയില്ല’- ഉമ്മുസലമ പ്രതിവചിച്ചു.
ഉസ്മാനു ബ്നു ത്വല്‍ഹ മഹതിയെ മദീനയിലെ ഖുബാഇലുള്ള ഒരു പട്ടണത്തിലെത്തിച്ചു. എന്നിട്ടു പറഞ്ഞു: ‘ഇതാ, ഈ ഗ്രാമത്തിലാണ് നിങ്ങളുടെ ഭര്‍ത്താവുള്ളത്. അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് അങ്ങോട്ട് ചെല്ലുക’. പിന്നീട് അദ്ദേഹം മദീനയിലേക്ക് മടങ്ങുകയും ചെയ്തു.
കുലീനനും മാന്യനുമായ സഹയാത്രികന്‍ എന്നാണ് ഉസ്മാനു ബ്നു ത്വല്‍ഹയെ ഉമ്മു സലമ(റ) വിശേഷിപ്പിച്ചത്. മഹതി ഇപ്രകാരം പറയുമായിരുന്നു: ‘അല്ലാഹുവാണ് സത്യം. അബൂ സലമയുടെ കുടംബത്തിനുണ്ടായ അത്രയും വിപത്തുകള്‍ മറ്റൊരു കുടുംബത്തിനുമുണ്ടായതായി എനിക്കറിയില്ല. ഉസ്മാനു ബ്നു ത്വല്‍ഹയേക്കാള്‍ മാന്യനായ ഒരു കൂട്ടുകാരനെയും ഞാന്‍ കണ്ടിട്ടുമില്ല’ (ഇബ്നു ഹിശാം/അസ്സീറത്തുന്നബവിയ്യ 1/468).
ഉമ്മുസലമ(റ), അബൂസലമയെ കണ്ടുമുട്ടി. ദമ്പതികള്‍ക്ക് ഏറെ കണ്‍ കുളിര്‍ത്ത ദിനം. അവരുടെ മനസ്സുകളില്‍ നിന്നും വേര്‍പാടിന്‍റെ വ്രണങ്ങള്‍ ക്രമേണ നീങ്ങിത്തുടങ്ങി. വീണ്ടും സന്തോഷത്തിന്‍റെ രാപ്പകലുകള്‍. ആഹ്ലാദവും ആമോദവും അവരുടെ ജീവിതത്തില്‍ കളിയാടി. ജീവിത പ്രതിസന്ധികള്‍ ഒരിക്കലും ദാമ്പത്യത്തെ പിടിച്ചുലച്ചില്ല. ഓര്‍ക്കാപ്പുറത്തുള്ള പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ സാധിക്കാതെ അവരുടെ മനസ്സ് ആടിയുലഞ്ഞതുമില്ല. അല്ലെങ്കിലും മനുഷ്യ ബന്ധങ്ങളെ ശക്തമാക്കുന്നത് പ്രതിസന്ധികളാണല്ലോ. പ്രതിസന്ധികളിലൂടെയുള്ള പ്രയാണം മൂലമാണ് ഏതൊരു ബന്ധവും അഗ്നിശുദ്ധി കൈവരിക്കുന്നത്.
ധീരനും പരിത്യാഗിയുമായ അബൂസലമ(റ) വിശുദ്ധ ദീനിന്‍റെ പ്രബോധനത്തിനും പ്രചാരണത്തിനും മുന്നില്‍ നിന്ന് നേതൃത്വം നല്‍കി. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത അബൂ സലമയും സംഘവും വിജയ ശ്രീലാളിതരായി മടങ്ങി. ഉഹ്ദിലും അബൂസലമ(റ) പൊരുതി നിന്നു. യുദ്ധത്തിനിടയിലുണ്ടായ മുറിവ് നിമിത്തം മഹാനവര്‍കള്‍ രോഗശയ്യയിലായി. ആ മുറിവ് മൂലമാണ് ഹിജ്റ മൂന്നാം വര്‍ഷം ജുമാദല്‍ ഉഖ്റയില്‍ മഹാനവര്‍കള്‍ വഫാത്താവുന്നത് (ഉസ്ദുല്‍ ഗാബ 3/190).
പ്രിയ ശിഷ്യനെ കാണാനായി തിരുനബി(സ്വ) അബൂസലമയുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു മരണത്തിന്‍റെ മാലാഖയും അവരുടെ പടിവാതിലില്‍ എത്തിയത്. തിരുനബി(സ്വ)യാണ് അദ്ദേഹത്തിന്‍റെ കണ്ണുകള്‍ അടച്ചു കൊടുത്തത്. മഹാനവര്‍കളുടെ ജനാസ നിസ്കാരത്തിന് നേതൃത്വം നല്‍കിയ നബി(സ്വ) ഒന്‍പത് തക്ബീറുകള്‍ ചൊല്ലി. അപ്പോള്‍ ചോദ്യമുണ്ടായി: അല്ലാഹുവിന്‍റെ റസൂലേ, നിങ്ങള്‍ മറന്നതാണോ, അതോ അശ്രദ്ധ സംഭവിച്ചതാണോ? ‘ഞാന്‍ മറന്നിട്ടില്ല, എനിക്ക് അശ്രദ്ധ സംഭവിച്ചിട്ടുമില്ല. അബൂസലമക്കു വേണ്ടി ഞാന്‍ ആയിരം തക്ബീര്‍ ചൊല്ലിയാലും അദ്ദേഹം അതിനര്‍ഹന്‍ തന്നെയാണ്’- അവിടുന്ന് മറുപടി പറഞ്ഞു (താരീഖുത്ത്വബരി 2/177).
ജീവിതകാലത്ത് സന്തോഷ വേളകളിലും സന്താപ ഘട്ടങ്ങളിലും ഒപ്പം നിന്ന പ്രിയതമ, തന്‍റെ വിയോഗാനന്തരവും സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കണമെന്ന തീവ്രമായ ആഗ്രഹം  അബൂ സലമക്കുണ്ടായിരുന്നു. അതിനു വേണ്ട കാര്യങ്ങള്‍ വഫാത്തിനു മുമ്പ് തന്നെ മഹാനവര്‍കള്‍ ഉമ്മു സലമ ബീവിക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. മഹതി തന്നെ പറയുന്നതു കാണുക: ‘ഒരു ദിവസം നബി(സ്വ)യുടെ അടുക്കല്‍ നിന്നുവന്ന അബൂ സലമ(റ) എന്നോട് ഇപ്രകാരം പറഞ്ഞു. നബി(സ്വ)യില്‍ നിന്ന് ഇന്ന് ഞാനൊരു കാര്യം കേട്ടിട്ടുണ്ട്. അത് എന്നെ ഏറെ സന്തോഷിപ്പിച്ചിട്ടുമുണ്ട്. അവിടുന്ന് പറഞ്ഞു: മുസ്ലിംകളില്‍പ്പെട്ട ആര്‍ക്കെങ്കിലും വല്ല വിപത്തും വരികയും എന്നിട്ടവന്‍ ഇന്നാലില്ലാഹി പറയുകയും ശേഷം ‘അല്ലാഹുവേ എന്‍റെ ഈ വിപത്തില്‍ എനിക്ക് നീ പ്രതിഫലം നല്‍കേണമേ, ഇതിനേക്കാള്‍ നന്മയുള്ളത് പകരം നല്‍കുകയും ചെയ്യേണമേ’ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ അല്ലാഹു ആ കാര്യം നിറവേറ്റുക തന്നെ ചെയ്യും.
മഹതി പറയുന്നു: ഇത് ഞാന്‍ മനപ്പാഠമാക്കി വെച്ചു. പിന്നീട് അബൂസലമ(റ) വഫാത്തായപ്പോള്‍ ഞാന്‍ ഇന്നാലില്ലാഹി പറഞ്ഞു. ശേഷം ‘അല്ലാഹുവേ എന്‍റെ ഈ വിപത്തില്‍ എനിക്ക് നീ പ്രതിഫലം നല്‍കേണമേ. ഇതിനേക്കാള്‍ നന്മയുള്ളത് പകരം നല്‍കുകയും ചെയ്യേണമേ’  എന്ന് പ്രാര്‍ത്ഥിക്കുകയുമുണ്ടായി. പിന്നീട് ഞാന്‍ ഇങ്ങനെ ആത്മഗതം ചെയ്തു: ‘അബുസലമയേക്കാള്‍ നല്ല ഒരാളെ എവിടുന്ന് കിട്ടാനാണ്?’. അങ്ങനെ എന്‍റെ ഇദ്ദ അവസാനിച്ചു. ഒരു ദിവസം പ്രവാചകന്‍(സ്വ) എന്‍റെ വീട്ടിലേക്ക് പ്രവേശിക്കാനുള്ള സമ്മതം ചോദിച്ചു വന്നു. അപ്പോള്‍ ഞാന്‍ തോല്‍ ഊറക്കിടുകയായിരുന്നു. ഞാന്‍ ഉടനെ കൈ കഴുകി. തിരുനബിക്ക് സമ്മതം നല്‍കി. അവിടുന്ന് വീട്ടില്‍ കയറിയിരുന്നു. ശേഷം വിവാഹാലോചന നടത്തി. അപ്പോള്‍ മഹതി പറഞ്ഞു: ഈ മഹാഭാഗ്യത്തിനു എനിക്കു താല്‍പര്യമുണ്ട്. പക്ഷേ, ഞാനൊരു അമിത കോപമുള്ള സ്ത്രീയാണ്. എന്നില്‍ നിന്നും അനിഷ്ടകരമായ വല്ലതുമുണ്ടാവുകയും അതു നിമിത്തം അല്ലാഹു എന്നെ ശിക്ഷിക്കുകയും ചെയ്യുമെന്ന് ഞാന്‍ ഭയക്കുന്നു. മാത്രമല്ല. വിവാഹ പ്രായമൊക്കെ കഴിഞ്ഞ ഒരു സ്ത്രീയാണ് ഞാന്‍. കൂടാതെ കുടുംബവുമുണ്ട്. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘നിന്‍റെ കോപം അല്ലാഹു മാറ്റിത്തരും. വയസ്സിന്‍റെ കാര്യത്തില്‍ നിന്നേക്കാള്‍ മുതിര്‍ന്നവനാണു ഞാന്‍. പിന്നെയുള്ളത് കുടുംബത്തിന്‍റെ കാര്യമാണ്. നിന്‍റെ കുടുംബം എന്‍റേയും കുടുംബമാണ്. അപ്പോള്‍ മഹതി പറഞ്ഞു: ‘ഞാന്‍ അംഗീകരിച്ചു’. ഈ ദാമ്പത്യത്തെ കുറിച്ച് മഹതി പിന്നീട് പറഞ്ഞതിങ്ങനെ: ‘അല്ലാഹു എനിക്ക് അബൂ സലമയേക്കാള്‍ നല്ല ഭര്‍ത്താവിനെ പകരം തന്നിരിക്കുന്നു’ (ഇബ്നുകസീര്‍, അസ്സ്വിറാതുന്നബവിയ്യ 3/175).
ഭര്‍തൃ വിയോഗ ശേഷം അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ ഉമ്മുസലമയോട് വിവാഹാലോചന നടത്തിയിരുന്നെങ്കിലും അവര്‍ തിരസ്കരിക്കുകയായിരുന്നു. വിധിച്ച മഹാഭാഗ്യം തന്നെ അവര്‍ക്കു ലഭിക്കണമല്ലോ.  തിരുനബി(സ്വ) ഉമ്മു സലമയെ വിവാഹം കഴിക്കുന്നതോടെയാണ് സലമയുടെ മാതാവും മഖ്സൂം ഗോത്രക്കാരിയുമായ ഹിന്ദ് ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മു സലമ(റ) ആയിത്തീരുന്നത്.
ഉമ്മു സലമ(റ)ക്ക് തിരുനബി(സ്വ)യുടെ പത്നീ പദവിയിലും വലിയ ആദരവായിരുന്നു ലഭിച്ചിരുന്നത്. ഭാര്യമാരുടെ  സന്ദര്‍ശനം  ഉമ്മു സലമ ബീവിയുടെ അടുത്ത് നിന്നായിരുന്നുവത്രെ നബി(സ്വ) തുടങ്ങിയിരുന്നത്.. ആഇശ(റ) പറയുന്നു: നബി(സ്വ) അസ്വ്റ് നിസ്കാരം കഴിഞ്ഞാല്‍ ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ട്. ആദ്യം പോകാറുള്ളത് ഉമ്മു സലമ(റ)ന്‍റെ അടുത്തേക്കായിരുന്നു. അവരായിരുന്നു ഭാര്യമാരുടെ കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ളവര്‍. അവസാനമാണ് എന്‍റെയടുത്തേക്ക് വന്നിരുന്നത് (സുബുലുല്‍ ഹുദാ വര്‍റശാദ് 11/170).
ഇസ്ലാമിക പ്രബോധന മാര്‍ഗത്തില്‍ സര്‍വസ്വവും സമര്‍പ്പിച്ച മഹതിയെ നബി(സ്വ) കൂടുതല്‍ പരിഗണിച്ചിരുന്നു. ഉമ്മുസലമയെ വിവാഹം കഴിച്ചപ്പേള്‍ റസൂല്‍(സ്വ) അവരോട് പറഞ്ഞു: ‘ഞാന്‍ നജ്ജാശി രാജാവിന് പുതു വസ്ത്രവും കുറേ കസ്തൂരിയും കൊടുത്തയച്ചിട്ടുണ്ട്. നജ്ജാശി മരണപ്പെട്ടിട്ടുണ്ടെന്നും അവ എനിക്കു തന്നെ തിരിച്ച്  കൊടുത്തയക്കപ്പെടുമെന്നുമാണ് ഞാന്‍ കരുതുന്നത്. അവ തിരികെ വന്നാല്‍ നിനക്കുള്ളതാണ്. അവിടുന്ന് പറഞ്ഞതു പോലെ അവ തിരിച്ചുവന്നു. തിരുനബി(സ്വ) എല്ലാ ഭാര്യമാര്‍ക്കും ഓരോ ഊഖിയ (12 വെള്ളിത്തൂകം) വീതം കസ്തൂരി നല്‍കുകയും ഉമ്മു സലമ(റ)വിന് ബാക്കിയുള്ള കസ്തൂരിയും പുതു വസ്ത്രവും നല്‍കുകയും ചെയ്തു (മുസ്നദു അഹമദ്).
ഉമ്മുസലമ(റ) അതീവ ബുദ്ധിമതിയായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിലെ പല സൂക്തങ്ങളും അവതരിക്കാന്‍ മഹതി നിദാനമായിട്ടുണ്ട്. മുജാഹിദ്(റ)പറയുന്നു: ഉമ്മു സലമ (റ) ഒരിക്കല്‍ പ്രവാചകര്‍(സ്വ)യുടെ സവിധത്തില്‍ വന്ന് പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രവാചകരേ, പുരുഷന്മാര്‍ യുദ്ധം ചെയ്യുന്നു. ഞങ്ങള്‍ യുദ്ധം ചെയ്യുന്നില്ല. അനന്തരവകാശത്തിലും ഞങ്ങള്‍ക്ക് പകുതിയാണുള്ളത്.’ അപ്പോഴാണ് വിശുദ്ധ ഖുര്‍ആനിലെ ‘നിങ്ങളില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ പ്രത്യേകമായി അല്ലാഹു നല്‍കിയത് നിങ്ങള്‍ ആഗ്രഹിക്കരുത്. പുരുഷന്മാര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ നിന്നുള്ള വിഹിതമുണ്ട്. സ്ത്രീകള്‍ക്കുമുണ്ട് തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ നിന്നുള്ള വിഹിതം. അല്ലാഹുവിന്‍റെ ഔദാര്യത്തില്‍ നിന്നും നിങ്ങള്‍ അവനോട് ചോദിക്കുക. തീര്‍ച്ചയായും അവന്‍  എല്ലാ കാര്യങ്ങളും അറിയുന്നവനാണ്’ (4/32) എന്ന സൂക്തം അവതരിച്ചത്.
ഉമ്മുസലമ(റ) പറയുന്നു: ഒരു ദിവസം ഞാന്‍ നബി(സ്വ)യോട് ചോദിച്ചു: ‘ഖുര്‍ആനില്‍ പുരുഷന്മാരെ കുറിച്ച് പ്രതിപാദ്യമുള്ളതു പോലെ ഞങ്ങളെക്കുറിച്ച്  എന്തു കൊണ്ട് പ്രതിപാദിക്കുന്നില്ല?’ പിന്നീട് മിമ്പറില്‍ വെച്ചുള്ള നബി(സ്വ)യുടെ പ്രഭാഷണമാണ് എനിക്ക് എന്‍റെ വീട്ടില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. അവിടുന്ന് പറഞ്ഞു: ജനങ്ങളേ, അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘നിശ്ചയം മുസ്ലിംകളായ പുരുഷന്മാരും സ്ത്രീകളും വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അനുസരണയുള്ള പുരുഷന്മാരും സ്ത്രീകളും സത്യസന്ധരായ പുരുഷന്‍മാരും സ്ത്രീകളും ക്ഷമാശീലരായ പുരുഷന്മാരും സ്ത്രീകളും ഇലാഹീ ഭയമുള്ള പുരുഷന്മാരും സ്ത്രീകളും ദാന ധര്‍മങ്ങള്‍ ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും  നോമ്പനുഷ്ഠിക്കുന്ന പുരുഷന്മാരും സ്ത്രീകളും സ്വകാര്യാവയവങ്ങള്‍  സംരക്ഷിക്കുന്ന പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും- ഇവര്‍ക്കെല്ലാം പാപമോചനവും മഹത്തായ പ്രതിഫലവും അല്ലാഹു  ഒരുക്കിവെച്ചിരിക്കുന്നു’ (അഹ്സാബ് 35-മുസ്നദു അഹ്മദ്).
അംറ്ബ്നു ദീനാര്‍(റ)വില്‍ നിന്ന് നിവേദനം: ഉമ്മു സലമ(റ) പ്രവാചകര്‍(സ്വ)യോട് ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘അല്ലാഹുവിന്‍റെ റസൂലേ, ഹിജ്റയുടെ കാര്യത്തില്‍ അല്ലാഹു സ്ത്രീകളെ  പരാമര്‍ശിച്ചതു നാം തീരെ കേട്ടിട്ടില്ലല്ലോ?’ ഉടന്‍ ആയത്തിറങ്ങി. ‘അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്കുത്തരം നല്‍കി. പുരുഷനായാലും സ്ത്രീയായാലും നിങ്ങളില്‍ ഒരു പ്രവര്‍ത്തകന്‍റെയും പ്രവൃത്തി ഞാന്‍ പാഴാക്കിക്കളയുകയില്ല. നിങ്ങളില്‍ ചിലര്‍ മറ്റു ചിലരില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് സ്വദേശം വെടിഞ്ഞവരും സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടവരും എന്‍റെ മാര്‍ഗത്തില്‍ മര്‍ദദ്ദിതരായവരും ധര്‍മയുദ്ധം നടത്തിയവരും അങ്ങനെ കൊല്ലപ്പെട്ടവരുമാരോ അവരുടെ മുഴുവന്‍ പാപങ്ങളും ഞാന്‍ മായ്ച്ചു കളയും. താഴ് ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. തീര്‍ച്ച. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലമെന്ന നിലക്ക്. അല്ലാഹുവിന്‍റെ പക്കലാണ് ഏറ്റവും നല്ല പ്രതിഫലമുള്ളത്’ (ആലു ഇംറാന്‍/195).
വൈജ്ഞാനിക രംഗത്തും വ്യക്തി മുദ്ര പതിപ്പിക്കാന്‍ മഹതിക്കു സാധിച്ചു. കര്‍മശാസ്ത്ര വിശാരദരായ സ്വഹാബീ വനിതകളില്‍പ്പെട്ട ഒരാളാണെന്നാണ് ഉമ്മു സലമ(റ)ക്കുറിച്ച് ഹാഫിള് ദഹബി അഭിപ്രായപ്പെട്ടത്. നബി(സ്വ)യില്‍ നിന്ന് 380 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹതി സ്ത്രീ സംബന്ധമായ  മസ്അലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നതായി ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്.
ഉമ്മു സലമ(റ) റിപ്പോര്‍ട്ട് ചെയ്ത ചില ഹദീസുകള്‍ കാണുക:
‘ജനാബത്തുള്ളപ്പോള്‍ ഞാനും തിരു നബി(സ്വ)യും ഒരേ പാത്രത്തില്‍ നിന്ന് കുളിക്കാറു ണ്ടായിരുന്നു. നോമ്പുകാരനായിട്ടും അവിടുന്നെന്നെ ചുംബിക്കാറുണ്ടായിരുന്നു.’
‘നബി(സ്വ) ജനാബത്തുണ്ടായിരിക്കെ,  സ്വുബ്ഹി ആവുകയും അങ്ങനെ നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു.’ ‘ഉമ്മു സുലൈം(റ) വന്ന് തിരുനബിയോട് ചോദിച്ചു: അല്ലാഹുവിന്‍റെ റസുലേ, സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹു ലജ്ജിക്കില്ലല്ലോ. സ്ത്രീകള്‍ക്ക് സ്ഖലനമുണ്ടായാല്‍ കുളിക്കേണ്ടതുണ്ടോ? ‘അതേ. വെള്ളം കണ്ടാല്‍ കുളി വേണം’- നബി(സ്വ) പറഞ്ഞു.
ഇതു കേട്ട് ഉമ്മുസലമ(റ) ചിരിച്ചു. ശേഷം ചോദിച്ചു: സ്ത്രീകള്‍ക്കും സ്ഖലനമുണ്ടാകുമോ? അപ്പോള്‍ നബി(സ) തിരിച്ചു ചോദിച്ചു: ‘പിന്നെയെങ്ങനെയാണ് കുട്ടിക്ക് (ഉമ്മയുടെ) രൂപ സാദൃശ്യം ലഭിക്കുന്നത്?” രക്ത വാര്‍ച്ചയുള്ള ഒരു സ്ത്രീയെപ്പറ്റി ഉമ്മു സലമ(റ) തിരുനബി(സ്വ)യോട് ഫത്വ ചോദിച്ചു. അവിടുന്ന് പറഞ്ഞു: ‘ഓരോ മാസവും ആര്‍ത്തവമുണ്ടാകാറുള്ള രാപ്പകലുകള്‍ അവള്‍ പ്രതീക്ഷിച്ചിരിക്കുകയും ആ സമയങ്ങളില്‍ നിസ്കാരം ഉപേക്ഷിക്കുകയും ശേഷം കുളിച്ച് തുണി കൊണ്ട് കെട്ടി നിസ്കാരം തുടരുകയും വേണം.’
‘സ്ത്രീകളുടെ പള്ളികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് അവരുടെ വീടുകളുടെ അകത്തളങ്ങളാണ്’ (മുസ്നദു അഹ്മദ്).
ഹിജ്റ 61-ാം വര്‍ഷം യസീദ് ബ്നു മുആവിയയുടെ ഭരണകാലത്താണ് ഉമ്മു സലമ ബീവി വഫാത്താവുന്നത്.  വയസ്സ് 84 ആയിരുന്നു.  ഫാത്വിമ(റ)ന്‍റെ ഖബറിടത്തിനു സമീപം മുഹമ്മദ് ബ്നു സൈദ്(റ)ന്‍റെ ചാരത്ത് ബഖീഇലാണ് അന്ത്യവിശ്രമം. അബൂഹുറൈറ(റ) ആണ് ജനാസ നിസ്കാരത്തിനു നേതൃത്വം നല്‍കിയത്. സ്വര്‍ഗം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ട സഈദ് ബ്നു സൈദ് നിസ്കരിക്കണമെന്നായിരുന്നു മഹതിയുടെ വസ്വിയ്യത്ത്. എന്നാല്‍ സഈദ് ബ്നു സൈദ്(റ) മഹതിക്കു  മുമ്പു തന്നെ വഫാത്തായിരുന്നു. നബിപത്നിമാരില്‍ അവസാനമായി വഫാത്തായതും ഉമ്മു സലമ ബീവി തന്നെ.
ജീവിത കാലത്ത് സന്തുഷ്ടരായതു പോലെ തന്‍റെ വിയോഗ ശേഷവും ഭാര്യയും മക്കളും സ്വസ്ഥവും സമാധാന പൂര്‍ണവുമായി ജീവിതം നയിക്കണമെന്ന അബൂസലമ(റ) യുടെ പ്രാര്‍ത്ഥന ഫലം കണ്ടതിന്‍റെ ലക്ഷണങ്ങളായിരുന്നു പിന്നീട് അവരുടെ ജീവിതത്തിലുടനീളം ഉണ്ടായത്. ഭാര്യ ഉമ്മു സലമ(റ)യും മക്കളായ സലമ(റ), ഉമര്‍(റ), സൈനബ്(റ), ദുര്‍റ(റ) എന്നിവരും തിരു നബി(സ്വ)യുടെ തണലില്‍ സന്തോഷ പൂര്‍വം ജീവിച്ചു.  മൂത്തമകനായ സലമ(റ)വിന് നബി(സ്വ) അവിടുത്തെ പിതൃവ്യന്‍റെ പുത്രിയായ ഉമാമ ബിന്‍ത് ഹംസ(റ)യെ വിവാഹം കഴിച്ച് കൊടുത്തു. രണ്ടാമത്തെ മകനായ ഉമര്‍(റ) നബി(സ്വ)യില്‍ നിന്നും മതപരമായ വിധിവിലക്കുകളും മര്യാദകളും സ്വായത്തമാക്കി പ്രഗത്ഭനായിത്തീര്‍ന്നു. മാതാവില്‍ നിന്നും നിരവധി ഹദീസുകള്‍  റിപ്പോര്‍ട്ട് ചെയ്ത ഉമര്‍(റ) വില്‍ നിന്നും സഈദ്ബ്നു മുസയ്യബ്(റ), ഖുദാമത്ത്ബ്നു ഇബ്റാഹീം(റ) തുടങ്ങിയ പ്രമുഖരും ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിജ്റ മുപ്പത്തിയെട്ടാം വര്‍ഷമായിരുന്നു മഹാനവര്‍കളുടെ വഫാത്ത്. മകളായ സൈനബ്(റ), ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ), ഉമ്മു ഹബീബ(റ) എന്നിവരെല്ലാം അനവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അലിയ്യ്ബ്നു ഹുസൈന്‍(റ), ഖാസിം ബ്നു മുഹമ്മദ്(റ), ഉര്‍വ(റ) തുടങ്ങിയവരെല്ലാം സൈനബ്(റ)വില്‍ നിന്നും ഹദീസുകള്‍ കരഗതമാക്കിയിട്ടുണ്ട്. ഹിജ്റ നാല്‍പത്തി ആറാം വര്‍ഷത്തോടടുത്താണ് സൈനബ്(റ) വഫാത്താകുന്നത്. ആ കാലഘട്ടത്തിലെ സ്ത്രീകളില്‍ കര്‍മശാസ്ത്രത്തില്‍ ഏറ്റവും അവഗാഹമുള്ളവരായിരുന്നു മഹതി. അബ്ദുല്ലാഹിബ്നു സുമ്അ(റ)വായിരുന്നു ഭര്‍ത്താവ്. ഇളയ മകളായ ദുര്‍റ(റ)വിന് റുഖയ്യ എന്ന പേരുമുണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ലോകവിശ്വാസികള്‍ക്ക് മാതൃകാ ദമ്പതികളായി അബൂസലമയും ഉമ്മസലമയും മുന്നേ കടന്നുപോയി. അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ഇരുലോകവും അല്ലാഹു സന്തോഷപൂര്‍ണമാക്കട്ടെ.

Saturday, 25 March 2017

വിവാഹങ്ങളിലെ ക്രൈസ്തവാരോപണങ്ങൾ



ആധുനിക ജൂത ക്രൈസ്തവർ നബി(സ്വ)യുടെ വ്യക്തിത്വത്തെ വിമർശിക്കുമ്പോൾ ആയുധമാക്കാറുള്ള വിഷയമാണ് പ്രവാചകരുടെ വിവാഹങ്ങൾ. സാധാരണ ഒരു മുസ്‌ലിമിന് ഒരേ സമയം നാല് ഭാര്യമാരെ മാത്രമേ സ്വീകരിക്കാവൂ എന്ന നിയമം നിലനിൽക്കുകയും അതേസമയം മുഹമ്മദ് നബി(സ്വ) നാലിലധികം ഭാര്യമാരെ സ്വീകരിക്കുകയും ചെയ്തത് മഹാ അപരാധമാണെന്നാണ് വിമർശകരുടെ വാദം. ഇസ്‌ലാമിലെ വൈവാഹിക നിയമങ്ങളെക്കുറിച്ചും നബി(സ്വ)യുടെ വിവാഹങ്ങളെക്കുറിച്ചും വസ്തുനിഷ്ഠമായി പഠിക്കുന്ന ഏതൊരാൾക്കും ഈ വിമർശനം തീർത്തും ബാലിശമാണെന്നു മനസ്സിലാക്കാനാവും.
ഇസ്‌ലാമിനു മുമ്പ് യഥേഷ്ടം പെണ്ണ് കെട്ടുകയും തോന്നിയതുപോലെ പിരിച്ചയക്കുകയും ഭാര്യമാർക്കിടയിൽ നീതി പുലർത്താതിരിക്കുകയും ചെയ്തിരുന്ന സമ്പ്രദായം ഇസ്‌ലാം നിയന്ത്രിക്കുകയാണ് ചെയ്തത്. പരമാവധി നാലു മാത്രമെന്ന നിയമം ഇതിന്റെ ഭാഗമായുണ്ടായതാണ്.

ഖുർആൻ പറയുന്നു: ‘അനാഥകളുടെ കാര്യത്തിൽ നീതി പാലിക്കാനാവില്ലെന്നു നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ മറ്റു സ്ത്രീകളിൽ നിന്ന് നിങ്ങളിഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാൽ അവർക്കിടയിൽ നീതി പുലർത്താനാവില്ലെന്ന് പേടിയുണ്ടെങ്കിൽ ഒരുവളെ മാത്രം വിവാഹം കഴിക്കുക’ (സൂറ: അന്നിസാഅ്: 3) ഈ വചനം അവതരിക്കുന്ന സമയത്ത് പ്രവാചകർ(സ്വ)യടക്കം പലർക്കും നാലിലധികം ഭാര്യമാരുണ്ടായിരുന്നു. ഇങ്ങനെയുള്ളവർ നാലു പേരെ
നിലനിർത്തി ബാക്കിയുള്ളവരെ വിവാഹമോചനം നടത്തി. എന്നാൽ, നബി(സ്വ) അപ്രകാരം നാലു പേരെ ഭാര്യയായി നിലനിർത്തുകയും ബാക്കിയുള്ളവരെ വിവാഹമോചനം നടത്തുകയും ചെയ്താൽ ഒഴിവാക്കപ്പെടുന്നവർക്ക് മറ്റൊരാളുമായി വൈവാഹിക ബന്ധത്തിലേർപ്പെടാൻ സാധിക്കുമായിരുന്നില്ല. കാരണം, തിരുനബി(സ്വ)യുടെ പത്‌നിമാരെ വിശ്വാസികളുടെ ആത്മീയ മാതാക്കളായാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഉമ്മമാരെ മക്കൾക്ക് വിവാഹത്തിനു പറ്റില്ലല്ലോ?
അല്ലാഹു പറഞ്ഞു: ‘സത്യവിശ്വാസികൾക്ക് അവരുടെ ദേഹത്തെക്കാളും ബന്ധപ്പെട്ട ആളാണ് നബി. അവിടുത്തെ ഭാര്യമാർ അവരുടെ  മാതാക്കളുമാകുന്നു.'(സൂറത്തുൽ അഹ്‌സാബ്: 6).
നബി(സ്വ) നാലിലധികം വരുന്ന ഭാര്യമാരെ വിവാഹമോചനം നടത്തിയിരുന്നെങ്കിൽ അവർ നിത്യവൈധവ്യം അനുഭവിക്കേണ്ടി വരുമായിരുന്നു.

മറ്റു പ്രവാചകന്മാരെക്കാൾ ധാരാളം പ്രത്യേകതകൾ അല്ലാഹു തിരുനബി(സ്വ)ക്ക് നൽകിയിട്ടുണ്ട്. പ്രവാചകത്വ ശൃംഖല അവസാനിക്കൽ, നബി(സ്വ)യുടെ ശരീഅത്ത് അന്ത്യനാൾ വരെ നിലനിൽക്കൽ, ലോക ജനതക്ക് മുഴുവൻ പ്രവാചകനാവുക തുടങ്ങിയവ അതിൽ പെട്ടതാണ്. അനുചരന്മാർക്ക് നിർബന്ധമില്ലാത്ത തഹജ്ജുദ് നിസ്‌കാരം, വിത്‌റ് നിസ്‌കാരം തുടങ്ങിയവ റസൂൽ(സ്വ)ക്ക് നിർബന്ധമായിരുന്നു. അനുചരന്മാർക്ക് നിഷിദ്ധമല്ലാത്ത ഗ്രന്ഥരചന, കവിത രചന, സകാത്ത് വാങ്ങൽ തുടങ്ങിയവ നബി(സ്വ)ക്ക് പാടില്ല. അനുചരന്മാർക്ക് അനുവദനീയമല്ലാത്ത നാലിലധികം ഭാര്യമാരെ സ്വീകരിക്കുക എന്നതും ഇപ്രകാരം തന്നെയായിരുന്നു.
കുടുംബ ജീവിതം, ദാമ്പത്യം, സന്താന പരിചരണം പോലുള്ള രംഗങ്ങളിലെ നിരവധി മത നിയമങ്ങൾ ലോകത്തിനു പഠിപ്പിക്കാനും ഹദീസുകൾ നിവേദനം ചെയ്യുന്നതിനും സ്വിദ്ദീഖ്(റ), ഉമർ(റ) പോലുള്ള മഹാത്മാക്കളുമായുള്ള ദൃഢബന്ധം ഊട്ടിയുറപ്പിക്കാനുമൊക്കെ നബി(സ്വ)യുടെ വിവാഹങ്ങൾ സഹായകമായി. പരസ്പരം രക്തം ചിന്തിയിരുന്ന ഗോത്രങ്ങളെ സമാധാനത്തിന്റെ വഴിയിൽ ഒരുമിച്ചുകൂട്ടാൻ പോലും ഇവ കാരണങ്ങളായിട്ടുണ്ട്.

ഖദീജാ ബിൻത് ഖുവൈലിദ്(റ)
നബി(സ്വ) ആദ്യമായി വിവാഹം ചെയ്തത് തന്റെ ഇരുപത്തിയഞ്ചാം വയസ്സിലായിരുന്നു. യുവത്വത്തിന്റെ രക്തത്തിളപ്പുള്ള പ്രായം. പക്ഷേ, നാൽപത് വയസ്സുള്ള, മുമ്പ് രണ്ട് വിവാഹങ്ങൾ കഴിച്ചവരുമായ ഖദീജാ ബീവി(റ)യെയാണ് തന്റെ ആദ്യ പത്‌നിയായി പ്രവാചകർ തിരഞ്ഞെടുത്തത്. ഉന്നത കുടുംബമായ അസദ് ഗോത്രത്തിലെ ഖുവൈലിദിന്റെ മകളും സമ്പന്നയും കുലീനയുമായ പ്രമുഖ കച്ചവടക്കാരിയുമായിരുന്നു ഖദീജ(റ). സ്ത്രീകളിൽ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചതും മഹതി തന്നെ. പ്രവാചകരുടെ അമ്പതാം വയസ്സിൽ ഖദീജാ ബീവി മരണപ്പെടുന്നതു വരെ അവിടുന്ന് മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല. സൗന്ദര്യവതികളായ കന്യകമാരെ വിവാഹം കഴിക്കാൻ അവസരമുണ്ടായിട്ടും, ശത്രുക്കൾ ഇക്കാര്യം പറഞ്ഞു പലപ്പോഴും പ്രലോഭിപ്പിച്ചിട്ടും വിധവയായിരുന്ന ഖദീജാ ബീവിയുമായി മാത്രം ദാമ്പത്യ ജീവിതം പങ്കിട്ട മുഹമ്മദ് നബി(സ്വ) എങ്ങനെയാണ് സ്ത്രീ മോഹിയാകുന്നത്?

സൗദ ബിൻത് സംഅ(റ)
ഖദീജാ(റ)വിന്റെ വഫാത്തിന് ശേഷം നബി(സ്വ) ആദ്യമായി വിവാഹം ചെയ്തത് സൗദ(റ)യെയാണ്. മക്കയിലെ ആമിർ ഗോത്രത്തിൽ പെട്ട സംഅയുടെ മകളാണ് ഇവർ. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ മക്കയിലെ മുസ്‌ലിംകൾക്ക് അവിശ്വാസികളിൽ നിന്നു നിരന്തരം പീഡനങ്ങൾ ഏൽക്കേണ്ടിവന്നപ്പോൾ വിശ്വാസികൾ അബ്‌സീനിയയിലേക്ക് പലായനം ചെയ്തു. അക്കൂട്ടത്തിൽ സക്‌റാനുബ്‌നു അംറ്(റ)യും അദ്ദേഹത്തിന്റെ പത്‌നി സൗദ(റ)യുമുണ്ടായിരുന്നു. ശത്രു പീഡനം അവസാനിച്ചുവെന്ന് ധരിച്ച് അവർ മക്കയിലേക്ക് തിരിച്ചുവന്നു. താമസിയാതെ സക്‌റാൻ മരണപ്പെട്ടു. സൗന്ദര്യം കുറഞ്ഞവളായ സൗദ തുണയില്ലാതെ വിധവയായി. പീഡനങ്ങൾ അവസാനിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ മുഹമ്മദ് നബി(സ്വ) അവരെ സ്വപത്‌നിയായി സ്വീകരിച്ചു സംരക്ഷണം നൽകി.

ആഇശാ ബിൻത് അബൂബക്കർ(റ)
നബി(സ്വ)യുടെ ഭാര്യമാരിൽ ഏക കന്യകയായിരുന്നു ആഇശാ ബീവി(റ). പുരുഷന്മാരിൽ ആദ്യമായി ഇസ്‌ലാം സ്വീകരിക്കുകയും തിരുനബി(സ്വ) തങ്ങളുടെ അടുത്ത കൂട്ടുകാരനും വിശ്വസ്തനുമായിരുന്ന അബൂബക്കർ സിദ്ദീഖ്(റ)വിന്റെ മകൾ. ഇസ്‌ലാമിക പ്രബോധനത്തിന് വേണ്ടി ധാരാളം സമ്പത്ത് ചെലവഴിക്കുകയും മദീനയിലേക്ക് പലായനം ചെയ്യുമ്പോൾ നബി(സ്വ)യുടെ കൂടെയുണ്ടാവുകയും പ്രവാചകരുടെ വിയോഗത്തിന് ശേഷം ഇസ്‌ലാമിന്റെ ഒന്നാം ഖലീഫയായി മാറുകയും ചെയ്ത അബൂബക്കർ സിദ്ദീഖ്(റ)നുള്ള ഒരംഗീകാരമായിരുന്നു ആഇശാ ബീവിയുമായുള്ള നബി(സ്വ)യുടെ വിവാഹം.
വിവാഹ സമയത്തുള്ള ആഇശാ ബീവിയുടെ പ്രായത്തെ ഉയർത്തിപ്പിടിച്ചു കൊണ്ട് ആധുനിക ക്രൈസ്തവ മിഷനറിമാർ തിരുനബി(സ്വ)യെ വിമർശിക്കാറുണ്ട്. പക്ഷേ, മറ്റുപലകാരണങ്ങളാലും നബി(സ്വ)യെ വിമർശിച്ച സമകാലികരാരും ഇതൊരു പ്രശ്‌നമാക്കി ഉന്നയിച്ചിരുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്. ആഇശാ ബീവിയുടെ വിവാഹത്തെ അവർ വിമർശിക്കാതിരുന്നത് അക്കാലത്ത് അത്തരം വിവാഹങ്ങൾ സർവസാധാരണമായിരുന്നതുകൊണ്ടാണ്. പത്തൊമ്പതാം നൂറ്റാണ്ട് വരെയും പ്രായം കുറഞ്ഞ വിവാഹങ്ങൾ സാർവത്രികമായിരുന്നു. ആഇശ(റ) നബി(സ്വ)യിൽ നിന്നു രണ്ടായിരത്തി ഇരുന്നൂറ്റിപ്പത്ത് (2210) ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. ആ ഹദീസുകളിലെവിടെയും റസൂൽ(സ്വ)യുമായുള്ള ദാമ്പത്യ ജീവിതത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചതായി കാണാൻ സാധിക്കുകയില്ല. പ്രവാചക ചരിത്രം രേഖപ്പെടുത്തിയ ആരും തന്നെ അങ്ങനെയൊന്ന് സൂചിപ്പിച്ചിട്ടുമില്ല. ചെറുപ്രായത്തിൽ തന്റെ മകളെ വിവാഹം ചെയ്തുകൊടുത്ത അബൂബക്കർ സിദ്ദീഖ്(റ)നും ഈ വിവാഹത്തിൽ ആത്മാഭിമാനവും സന്തോഷവുമല്ലാതെ ഒരു തരത്തിലുള്ള പ്രയാസങ്ങളുമുണ്ടായിട്ടില്ല.
നബി(സ്വ)യുടെ ഓരോ വിവാഹത്തിന്റെയും സന്ദർഭവും സാഹചര്യവും സൂക്ഷ്മമായി പഠിച്ചാൽ അവ കേവലം ലൈംഗിക താൽപര്യത്തിന് വേണ്ടിയായിരുന്നില്ലെന്ന് സുതരാം വ്യക്തമാകുന്നതാണ്.
വധുവിനോ വരനോ വധുവിന്റെ പിതാവിനോ സമകാലിക സമൂഹത്തിനോ ഈ വിവാഹം ഒരു വിഷയമേ ആയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ഇതൊരു പ്രശ്‌നമാകുന്നത്?
ഇത്തരം ആരോപണമുന്നയിക്കുന്ന ക്രൈസ്തവ സഹോദരന്മാർ തങ്ങളുടെ ദൈവ മാതാവിന്റെ വിവാഹം നിശ്ചയിച്ചപ്പോഴുള്ള  പ്രായവും വരൻ ജോസേഫിന്റെ
പ്രായവുമൊക്കെ അന്വേഷിക്കുന്നത് നന്നായിരിക്കും. വേദപണ്ഡിതനായ ബാബുപോൾ ജോസഫിനെക്കുറിച്ച് വിവരിക്കുന്നത് നോക്കൂ: സ്വദേശം ബേത്‌ലഹേം, 40-ാം വയസ്സിൽ ആദ്യ വിവാഹം. 49 കൊല്ലം നീണ്ടു നിന്ന ആ ദാമ്പത്യത്തിൽ ആറ് മക്കൾ; നാലാണും രണ്ട് പെണ്ണും. യാക്കോബാണ് ഏറ്റവും ഇളയത്. പെൺകുട്ടികൾ വിവാഹിതർ. ആൺമക്കളിൽ രണ്ട് പേർക്ക് ആശാരിപ്പണി. യാക്കോബിന്റെ കൂടെ ആയിരുന്നു താമസം. മൂന്ന് വയസ്സ് മുതൽ ദേവാലയത്തിൽ വളർന്ന മർയം എന്ന കന്യകയ്ക്ക് അവളുടെ 12-ാം വയസ്സിൽ (14 എന്ന് ചിലർ) യഹൂദരിൽ നിന്ന് പുരോഹിതന്മാർ വരനെ തേടി. യഹൂദ്യയിലെല്ലാം വിളംബരം ഉണ്ടായി. ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു (വേദ ശബ്ദ രത്‌നാകരം ബൈബിൾ നിഘണ്ടു, ഡി. ബാബുപോൾ പേ: 270).
ഉദ്ധൃത വിശദീകരണത്തിൽ നിന്ന് ചുരുങ്ങിയത് 89 വയസ്സെങ്കിലും പ്രായമുള്ള പടുവൃദ്ധനായ യോസേഫാണ് 12 വയസ്സുള്ള കന്യാമറിയത്തെ വിവാഹം കഴിച്ചതെന്ന് വ്യക്തമാകും.
അറേബ്യയിലെ അന്നത്തെ ഏറ്റവും ബുദ്ധിമതിയായിരുന്നു ആഇശാ(റ). സമൂഹത്തിന് ലഭിക്കേണ്ട വിജ്ഞാനങ്ങൾ കൃത്യമായി തന്നെ ലഭ്യമാകാനും നബി(സ്വ)യുടെ ദാമ്പത്യ ജീവിതവും മറ്റും നിവേദനം ചെയ്യാനും ഈ ബന്ധം ഏറെ സഹായിച്ചിട്ടുണ്ട്.

ഹഫ്‌സ ബിൻത് ഉമർ(റ)
ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയായി മാറിയ ഉമർ(റ)യുടെ മകളാണ് ഹഫ്‌സ(റ). കുനൈസുബ്‌നു ഹുദാഫ(റ) ആയിരുന്നു ഹഫ്‌സ ബീവിയുടെ ആദ്യഭർത്താവ്. ബദ്ർ യുദ്ധത്തിലേറ്റ പരിക്കു മൂലം മദീനയിൽ വെച്ച് അദ്ദേഹം മരണപ്പെട്ടു. വിധവയായ തന്റെ മകളെ വിവാഹം ചെയ്യാൻ ഉമർ(റ) ആദ്യം ഉസ്മാൻ(റ)യെയും പിന്നീട് അബൂബക്കർ(റ)വിനെയും സമീപിച്ചിരുന്നു. പക്ഷേ, അവർ നിരസിച്ചു. ഇസ്‌ലാമിനു വേണ്ടി പടപൊരുതി ശഹീദായ ഒരാളുടെ ഭാര്യയെ പത്‌നിയായി സ്വീകരിച്ച് തിരുനബി(സ്വ) അഭയം നൽകുകയാണുണ്ടായത്. ഇത് ഉമർ(റ)നെ ഏറെ സന്തോഷിപ്പിക്കുകയും അദ്ദേഹത്തിനുള്ള ഒരംഗീകാരമാവുകയും ചെയ്തു. ഹഫ്‌സ ബീവിക്കായിരുന്നു വിശുദ്ധ ഖുർആനിന്റെ കയ്യെഴുത്തു പ്രതി സൂക്ഷിക്കാനുള്ള ഭാഗ്യം ലഭിച്ചത്.

സൈനബ ബിൻത് ഖുസൈമ
ഹിലാൽ ഗോത്രത്തിൽപ്പെട്ട ഖുസൈമയുടെ മകളാണ് സൈനബ. അബ്ദുല്ലാഹിബ്‌നു ജഹ്മ്(റ) ആയിരുന്നു മഹതിയുടെ ആദ്യഭർത്താവ്. ഉഹ്ദ് യുദ്ധത്തിൽ അദ്ദേഹം ശഹീദായി. വിധവയായ സൈനബ(റ)യെ വിവാഹം ചെയ്ത് നബി(സ്വ) തങ്ങൾ സംരക്ഷണം നൽകി.

സൈനബ ബിൻത് ജഹ്ശ്(റ)
നബി(സ്വ)യുടെ പിതൃസഹോദരിയുടെ പുത്രിയാണ് സൈനബ്(റ). തിരുനബി(സ്വ)യുടെ വളർത്തു മകനും മുൻ അടിമയുമായിരുന്ന സൈദുബ്‌നു ഹാരിസ(റ)യായിരുന്നു ആദ്യഭർത്താവ്. ഈ ബന്ധം മുൻനിർത്തി ക്രൈസ്തവ മിഷണറിമാർ നബി(സ്വ) മകന്റെ ഭാര്യയെ വിവാഹം കഴിച്ചുവെന്ന് വിമർശിക്കാറുണ്ട്. എന്നാൽ, നബി(സ്വ) സൈനബ ബീവിയെ കല്യാണം കഴിച്ച കാലഘട്ടത്തിലെ സംസ്‌കാരവും ആ വിവാഹത്തിന് പിന്നിലെ ലക്ഷ്യവും മനസ്സിലാക്കിയാൽ ഈ വിമർശനവും ബാലിശമാണെന്ന് ബോധ്യപ്പെടുന്നതാണ്. പരിശുദ്ധ ഖുർആൻ അക്കാലത്ത് നിലവിലുണ്ടായിരുന്ന രണ്ട് അനാചാരങ്ങളെ വിമർശിക്കുന്നതായി കാണാം. ‘നിങ്ങൾ ളിഹാർ ചെയ്യുന്ന നിങ്ങളുടെ ഭാര്യമാരെ അവൻ നിങ്ങളുടെ മാതാക്കളാക്കിയിട്ടില്ല. നിങ്ങളുടെ ദത്തുപുത്രന്മാരെ അവൻ നിങ്ങളുടെ (യഥാർത്ഥ) പുത്രന്മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ കൊണ്ടു പറയുന്ന വെറും വാക്കുകളാണ്. അല്ലാഹു യാഥാർത്ഥ്യം പറയുന്നു. അവൻ സന്മാർഗം കാട്ടിത്തരികയും ചെയ്യുന്നു (സൂറത്തുൽ അഹ്‌സാബ്: 4).
അറബികൾക്കിടയിൽ അന്ന് നിലവിലുണ്ടായിരുന്ന ഒരു അനാചാരമാണ് ളിഹാർ. ഒരാൾ തന്റെ ഭാര്യയോട് നീ എനിക്ക് എന്റെ മാതാവിന്റെ മുതുകുപോലെയാണ് എന്ന് പറയുന്നതിനെയാണ് ളിഹാറ് എന്ന് പറയുന്നത്. ഒരാൾ ഇപ്രകാരം തന്റെ ഭാര്യയോട് പറഞ്ഞാൽ അത് വിവാഹമോചനമായി കണക്കാക്കപ്പെടുകയും അന്ന് മുതൽ അവൾ അവന് നിഷിദ്ധമായി കരുതുകയും ചെയ്തിരുന്നു.
വളർത്തുമകനെ സ്വത്തവകാശം ഉൾപ്പെടെ എല്ലാ നിലക്കും സ്വന്തം മകനെപ്പോലെ കണക്കാക്കുന്നതായിരുന്നു രണ്ടാമത്തെ അനാചാരം. ഈ രണ്ട് അനാചാരങ്ങളും തിരുത്തുകയാണ് ഈ ഖുർആനിക വചനം.
വളർത്തുമകനെ സ്വന്തം മകനെപ്പോലെ കണക്കാക്കിയത് കൊണ്ട് വളർത്തു മകന്റെ ഭാര്യയെ വിവാഹം ചെയ്യുന്നതിനെ അറബികൾ വെറുത്തിരുന്നു. ഈ സമ്പ്രദായത്തെ തിരുത്തുക എന്നതായിരുന്നു വളർത്തുമകനായ സൈദ്(റ)ന്റെ ഭാര്യയായ സൈനബ ബീവിയെ വിവാഹം ചെയ്യുന്നതിലൂടെ നബി(സ്വ) ലക്ഷ്യമിട്ടത്.
തിരുനബി(സ്വ) തന്റെ വളർത്തുമകനു വേണ്ടി സൈനബ ബീവിയോടും കുടുംബത്തോടും വിവാഹാലോചന നടത്തിയപ്പോൾ സൗന്ദര്യം കുറഞ്ഞയാളും മുമ്പ് അടിമയുമായിരുന്ന സൈദ്(റ)വുമായുള്ള ഉന്നത തറവാട്ടുകാരിയും സൗന്ദര്യവതിയുമായ സൈനബ(റ)യുടെ വിവാഹത്തിന് അവർ വിസമ്മതിച്ചു. അപ്പോഴാണ് പരിശുദ്ധ ഖുർആനിലെ ഈ വചനം അവതരിച്ചത്: ‘അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാൽ, സത്യവിശ്വാസിയായ പുരുഷനോ സ്ത്രീക്കോ തങ്ങളുടെ കാര്യത്തിൽ മറ്റൊരഭിപ്രായമുണ്ടാകാൻ പാടുള്ളതല്ല. ആരെങ്കിലും അല്ലാഹുവിനെയും അവന്റെ റസൂലിനെയും ധിക്കരിക്കുകയാണെങ്കിൽ തീർച്ചയായും അവൻ വ്യക്തമായ ദുർമാർഗത്തിൽ അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു’ (സൂറതുൽ അഹ്‌സാബ്: 36).
ഈ വചനം അവതരിച്ചപ്പോൾ സൈനബ ബീവി(റ) സൈദ്(റ)വുമായുള്ള വിവാഹത്തിന് സമ്മതിച്ചു. പക്ഷേ, ബീവിയുടെ സ്വഭാവവുമായി പൊരുത്തപ്പെടാതെ വന്നപ്പോൾ നബി(സ്വ)യോട് സൈദ്(റ) പരാതി പറഞ്ഞു. അപ്പോൾ നബി(സ്വ) അദ്ദേഹത്തോട് ക്ഷമിക്കാനും സൈനബ(റ)യെ ഭാര്യയായി നിലനിർത്താനും പലയാവർത്തി ഉപദേശിച്ചു. ഒരു നിലക്കും സൈനബ(റ)വുമായി പൊരുത്തപ്പെട്ട്
പോകാൻ സാധിക്കില്ലെന്നു ബോധ്യമായപ്പോൾ സൈദ്(റ) മഹതിയെ വിവാഹമോചനം ചെയ്തു. പിന്നീട് അല്ലാഹുവിന്റെ കൽപന പ്രകാരം മുഹമ്മദ് നബി(സ്വ) സൈനബ ബീവിയെ വിവാഹം ചെയ്തു. ഈ വിവാഹത്തിന്റെ ലക്ഷ്യമെന്താണെന്ന് അല്ലാഹു തന്നെ പരിശുദ്ധ ഖുർആനിലൂടെ പറയുന്നുണ്ട്.
അങ്ങനെ തന്റെ ദത്തുപുത്രനായ സൈദ്(റ)ന്റെ മുൻ ഭാര്യയെ വിവാഹം ചെയ്തതിലൂടെ മുഹമ്മദ് നബി(സ്വ) അറബികൾക്കിടയിലുള്ള ദുരാചാരത്തെ നിഷ്‌കാസനം ചെയ്തു.

ഉമ്മുസലമ ബിൻത് അബീഉമയ്യ(റ)
മഖ്‌സൂം ഗോത്രത്തിൽ പെട്ട അബൂഉമയ്യയുടെ മകളാണ് ഉമ്മുസലമ(റ). സ്വഹാബിയായ അബൂസലമ(റ)യായിരുന്നു ബീവിയുടെ ആദ്യഭർത്താവ്. അബ്‌സീനിയയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയ അദ്ദേഹം ബദ്ർ, ഉഹ്ദ് എന്നീ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിൽ സംഭവിച്ച മുറിവുകൾ കാരണം ഉമ്മുസലമയെയും നാല് മക്കളെയും വിട്ട് അബൂസലമ ഇഹലോകം വെടിഞ്ഞു. വൃദ്ധയായ ഉമ്മസലമ(റ)യെ ഭാര്യയായി സ്വീകരിച്ച് തിരുനബി(സ്വ) ആ കുടുംബത്തിന്റെ സംരക്ഷണമേറ്റെടുത്തു.

ജുവൈരിയ്യ ബിൻത് ഹാരിസ്(റ)
ബനൂമുസ്തലഖ് ഗോത്രത്തലവനായ ഹാരിസിന്റെ മകളാണ് ജുവൈരിയ്യ. മസാഫിഅ് എന്നയാളായിരുന്നു അവരുടെ ഭർത്താവ്. ബനൂ മുസ്തലഖ് ഗോത്രക്കാരുമായുള്ള യുദ്ധത്തിൽ മസാഫിഅ് കൊല്ലപ്പെടുകയും ജുവൈരിയ്യ ബന്ദിയാക്കപ്പെടുകയും ചെയ്തു. സാബിത് ബ്‌നു ഖൈസ്(റ)ന്റെ ഓഹരിയായിരുന്നു ജുവൈരിയ്യ(റ). ഒമ്പത് ഊഖിയ സ്വർണം മോചനമൂല്യം നൽകിയാൽ വിട്ടയക്കാൻ അദ്ദേഹം തീരുമാനിച്ചു. മോചനമൂല്യം നൽകി തന്നെ സഹായിക്കണമെന്ന് ജുവൈരിയ്യ നബി(സ്വ) തങ്ങളോടഭ്യർത്ഥിച്ചു. റസൂൽ(സ്വ) മഹതിയെ സഹായിക്കുകയും ശേഷം വിവാഹം നടത്തുകയും ചെയ്തു. ഇതോടെ നബി(സ്വ)യുടെ കുടുംബത്തിൽ പെട്ടവരെ ബന്ദിയാക്കാൻ ഇഷ്ടപ്പെടാതിരുന്ന സ്വഹാബികൾ ബനീ മുസ്തലഖ് ഗോത്രത്തിൽ നിന്ന് ബന്ദിയാക്കിയവരെയെല്ലാം വിട്ടയച്ചു.

ഉമ്മുഹബീബ ബിൻത് അബീസുഫ്‌യാൻ(റ)
ആദ്യകാലത്ത് ഇസ്‌ലാമിന്റെ കൊടിയ ശത്രുവും പിന്നീട് സത്യമതത്തിലേക്ക് കടന്നുവരികയും ചെയ്ത അബൂസുഫ്‌യാന്റെ മകളാണ് ഉമ്മുഹബീബ. യഥാർത്ഥ പേര് റംല. ഉബൈദുല്ലാഹിബ്‌നു ജഹ്ഷായിരുന്നു ആദ്യഭർത്താവ്. രണ്ട് പേരും ഇസ്‌ലാം സ്വീകരിക്കുകയും അബ്‌സീനിയയിലേക്ക് പലായനം നടത്തുകയും ചെയ്തു. എന്നാൽ അവിടെ വെച്ച് ഉബൈദുല്ല ക്രിസ്ത്യാനിയാവുകയും മദ്യത്തിനടിമപ്പെടുകയും ചെയ്തു. ക്രിസ്ത്യാനിയായി തന്നെയാണ് അയാൾ മരണമടഞ്ഞത്. അവർക്ക് ഹബീബ എന്ന ഒരു കുട്ടിയുണ്ടായിരുന്നു. ഉമ്മുഹബീബ(റ)യെ വിവാഹം ചെയ്തുകൊണ്ട് ആ കുടുംബത്തിനും നബി(സ്വ) സംരക്ഷണം നൽകി.

സ്വഫിയ്യ ബിൻത് ഹുയയ്യ് (റ)
മൂസാനബി(അ)ന്റെ സഹോദരൻ ഹാറൂൻ നബി(അ)ന്റെ സന്താന പരമ്പരയിൽ പെട്ട ഹുയയ്യ് ബ്‌നു അഖ്തഇന്റെ മകളാണ് സ്വഫിയ്യ(റ). ആദ്യഭർത്താവ് സല്ലാം ബ്‌നു വിക്ശമായിരുന്നു. അദ്ദേഹം വിവാഹമോചനം നടത്തിയ ശേഷം ബനൂന്നളീർ ഗോത്രത്തലവനായ കിനാനത്ബ്‌നു റബീഅ് അവരെ വിവാഹം ചെയ്തു. ഖൈബർ യുദ്ധവേളയിൽ കിനാന കൊല്ലപ്പെടുകയും സ്വഫിയ്യ ബന്ദിയാക്കപ്പെടുകയുമുണ്ടായി. പിന്നീട് മോചനം മഹറായി നിശ്ചയിച്ച് സ്വഫിയ്യാ ബീവിയെ വിവാഹം ചെയ്ത് നബി(സ്വ) സംരക്ഷണമേറ്റെടുത്തു. തത്ഫലമായി നളീർ ഗോത്രം സത്യമത്തിലേക്ക് കടന്നുവന്നു.

മൈമൂന ബിൻത് ഹാരിസ്(റ)
ഹിലാൽ ഗോത്രത്തിൽപെട്ട ഹാരിസ് ബ്‌നു ഹസനിന്റെ മകളാണ് മൈമൂന. ആദ്യഭർത്താവ് മസ്ഊദ് ബ്‌നു അംറായിരുന്നു. അദ്ദേഹം വിവാഹമോചനം നടത്തിയപ്പോൾ അബൂറുഹ്മ് വിവാഹം ചെയ്തു. അദ്ദേഹവും മരണപ്പെട്ടു. അങ്ങനെയാണ് 50 വയസ്സായ വിധവയായ മൈമൂന(റ)യെ പത്‌നിയായി സ്വീകരിച്ചു നബി(സ്വ) സംരക്ഷണം നൽകിയത്.
റസൂൽ(സ്വ)യുടെ 11 ഭാര്യമാരിൽ 9 പേർ മാത്രമേ പ്രവാചകരുടെ വഫാത്തിന്റെ സമയത്ത് ജീവിച്ചിരുന്നുള്ളൂ. ഖദീജാ ബീവിയും സൈനബ ബിൻത് ഖുസൈമ(റ)യും നബി(സ്വ)യുടെ ജീവിതകാലത്ത് തന്നെ വഫാത്തായവരാണ്.
തിരുനബി(സ്വ)യുടെ ഓരോ വിവാഹത്തെയും സൂക്ഷ്മമായി പരിശോധിച്ചുനോക്കിയാൽ നമുക്ക് മനസ്സിലാക്കാവുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്. അവിടുന്ന് ഒരു കന്യകയെ മാത്രമേ വിവാഹം ചെയ്തിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം വിധവകളും ചിലർ വൃദ്ധകളുമായിരുന്നു. നിരാലംബരായ വിധവകൾക്ക് സംരക്ഷണം നൽകിയ തിരുനബി(സ്വ)യെ സ്ത്രീലമ്പടനായി ചിത്രീകരിക്കുന്നതിന്റെ വിരോധാഭാസം ഏവർക്കും ബോധ്യപ്പെടുന്നതാണ്.
പതിനൊന്ന് ഭാര്യമാരെ വിവാഹം ചെയ്ത നബി(സ്വ)യുടെ നടപടിയെ വിമർശിക്കുന്ന ക്രൈസ്തവ മിഷനറിക്കാർ ബൈബിൾ പഴയ നിയമം ഒരാവർത്തി വായിക്കുന്നത് നന്നാവും.
ദാവീദിന് ആറ് ഭാര്യമാരും ധാരാളം വെപ്പാട്ടികളുമുണ്ടായിരുന്നു (2 ശാവുവേൻ 5.13, 1 ദിനവൃത്താന്തം 3:1-9, 14:3) സോളമന് 700 ഭാര്യമാരും 300 വെപ്പാട്ടികളുമുണ്ടായിരുന്നു (2 ദിനവൃത്താന്തം 11:21).
സോളമന്റെ മകൻ രെഹബയാമിന് 18 ഭാര്യമാരും 60 വെപ്പാട്ടികളുമുണ്ടായിരുന്നു (2 ദിനവൃത്താന്തം 11:21).
വിവാഹക്കാര്യത്തിൽ മുഹമ്മദ് നബി(സ്വ)യെ വിമർശിക്കുന്ന ക്രൈസ്തവ സഹോദരന്മാർ ഈ വചനങ്ങൾ കണ്ടിട്ടും അന്ധത നടിക്കുകയാണോ?

Thursday, 23 March 2017

ഇന്റർനെറ്റും മൊബൈൽഫോണും



ഇന്റർനെറ്റും മൊബൈൽഫോണും ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ പറ്റാതായിട്ടുണ്ട്. എന്നാൽ, പഠിക്കുന്ന കുട്ടികൾക്ക് മൊബൈൽ ഫോണിന്റെ ആവശ്യമില്ല. പല മാതാപിതാക്കളും കുട്ടികളെ സന്തോഷിപ്പിക്കാനുള്ള ഉപാധിയായിട്ടാണ് മൊബൈൽ ഫോണിനെ കാണുന്നത്. മാതാപിതാക്കൾ തന്നെ കുട്ടികളെ നാശത്തിലേക്കു തള്ളിവിടുന്ന വഴിയാണിത്. കാരണം, ഇന്ന് സമൂഹത്തിൽ നടക്കുന്ന ഒട്ടുമിക്ക കൊള്ളരുതായ്മകളിലും മൊബൈൽ ഫോൺ പ്രതിസ്ഥാനത്തുണ്ടെന്ന് അറിയുക. അതുകൊണ്ട് വിദ്യാർത്ഥികൾക്ക് യാതൊരു കാരണവശാലും മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കരുത്. പത്തു വയസ്സു മുതൽ ഇരുപതു വയസ്സുവരെ ഏറെക്കുറെ സ്വപ്നലോകത്താണു കുട്ടികൾ ജീവിക്കുന്നത്. സങ്കൽപമേത്, യാഥാർത്ഥ്യമേത് എന്നു തിരിച്ചറിയാനുള്ള വിവേകം കുട്ടികൾക്കില്ല. ഇതു കാരണം മൊബൈൽഫോണിലും ഇന്റർനെറ്റിലും ഏറെ സമയം ചെലവിടാനുള്ള സാഹചര്യങ്ങൾ കുട്ടികളിൽ വളരുന്നു.
പഠനവുമായി ബന്ധപ്പെട്ടല്ലാതെ ദിവസേന ആറു മണിക്കൂറിലധികം ഇന്റർനെറ്റിനു മുന്നിൽ ചെലവിടുന്ന വ്യക്തി ‘ഇന്റർനെറ്റ് അടിമ’ (കിലേൃില േഅററശര)േ ആണെന്നു കരുതാം. ഇവർക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ എന്തെങ്കിലും കാരണവശാൽ കഴിയാതെ വന്നാൽ അമിതദേഷ്യം, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. ജന്മനാ ലജ്ജാശീലരും ആത്മവിശ്വാസം കുറവുള്ളവരുമായ കുട്ടികൾ കൗമാരമാകുമ്പോൾ ഇന്റർനെറ്റിനു മുന്നിൽ ചടഞ്ഞുകൂടാൻ സാധ്യതയുണ്ട്. പൊതുവേ സ്വപ്നജീവികളായ, സുഹൃദ്ബന്ധങ്ങൾ അധികമില്ലാത്തവരും ഇങ്ങനെയാകാം. ഇന്റർനെറ്റ് അടിമകളായ കൗമാരക്കാരിൽ വിഷാദരോഗം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, അക്രമസ്വഭാവം, വിട്ടുമാറാത്ത തലവേദന, ക്ഷീണം, ദുർമേദസ് തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്.
ഇന്റർനെറ്റിന് അടിമപ്പെടുന്ന കൗമാരക്കാർ കൂടിവരുന്നു. പലപ്പോഴും സഹപാഠികളോ മുതിർന്ന കുട്ടികളോ ആണ് ഇന്റർനെറ്റിന്റെ അനന്തസാധ്യതകൾ അവർക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതെങ്കിലും അറിഞ്ഞോ അറിയാതെയോ സ്വന്തം വീട്ടുകാർ തന്നെ അതിന് അവസരമൊരുക്കുന്നുണ്ടെന്നതാണ് സത്യം. മൊബൈലും കമ്പ്യൂട്ടറും കുട്ടിക്ക് അനുവദിക്കുന്ന മാതാപിതാക്കൾ അപകടം ക്ഷണിച്ചുവരുത്തുകയാണ്.
ലൈംഗികസ്വഭാവമുള്ള ദൃശ്യങ്ങളും കഥകളും കുട്ടികളെ കൗമാരത്തിൽ വല്ലാതെ ആകർഷിക്കും. കാണും തോറും കൂടുതൽ കാണാനുള്ള ആഗ്രഹം ഉണ്ടാക്കുന്ന ഇത്തരം ദൃശ്യങ്ങൾ അവയോടുള്ള ആസക്തിയുണ്ടാക്കും. പതിയെ കുട്ടി, അതിനടിമയായി മാറും. കൗമാരത്തിന്റെ പ്രാരംഭദശയിൽ, പ്രത്യേകിച്ചു 11 വയസ്സിനു മുമ്പ് ലൈംഗികദൃശ്യങ്ങൾ കാണാനിടയാകുന്ന കുട്ടികളിലാണ് ഇത് ഏറ്റവുമധികം ദൂഷ്യഫലങ്ങളുണ്ടാക്കുന്നത്. അമിത ലൈംഗികാസക്തി, മറ്റു കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാനുള്ള താൽപര്യം, സ്ത്രീകളുടെ കുളിമുറിയിലും മറ്റും ഒളിഞ്ഞുനോക്കൽ, പഠനത്തിൽ താൽപര്യക്കുറവ്, അമിത ദേഷ്യം തുടങ്ങിയവ തൊട്ടു മോഷണവും അക്രമവാസനയും വരെ ഇവർ പ്രദർശിപ്പിച്ചേക്കാം. ഇന്റർനെറ്റിൽ അപരിചിതരുമായി ചാറ്റ് ചെയ്ത്, അവരുമായി അടുത്ത് ചതിക്കുഴികളിൽ വീഴുന്ന കൗമാരക്കാരും ധാരാളം.
സുഹൃത്തുക്കളുടെ പ്രേരണയുടെ ഫലമായിട്ടാണ് മിക്ക കുട്ടികളും ആദ്യം അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നത്. ശാരീരികവും മാനസികവുമായ മാറ്റങ്ങളും ഇതിനു വഴിതെളിക്കും. പിന്നീടിത് പതിവാകുകയും ക്രമേണ അതിന് അടിമയാകുകയും ചെയ്യും. അശ്ലീലസൈറ്റുകൾ പതിവായി കാണുന്ന കുട്ടികളിൽ പെരുമാറ്റ വൈകല്യം വരെ സംഭവിക്കാം. ഇന്റർനെറ്റ് ഗെയിമുകൾ, ചാറ്റിംഗ്, അശ്ലീല സൈറ്റുകൾ എന്നിവയ്ക്ക് അഡിക്ടാകുന്ന കുട്ടികളുടെ പഠന നിലവാരം മോശമാവാൻ സാധ്യത കൂടുതലാണ്. സൈബർ അഡിക്ഷനുള്ള കുട്ടികൾ പുകവലി, മയക്കുമരുന്ന്, മദ്യം എന്നിവയ്ക്ക് കൂടി അടിമയാകാനുള്ള സാധ്യതയുണ്ട്.
വീട്ടിൽ ആരും ശ്രദ്ധിക്കാതെ വരുമ്പോൾ തങ്ങളെ കേൾക്കാൻ ആളുള്ളിടത്തേക്കു കുട്ടികൾ ചായും. ലൈംഗികത പൂവിടുന്ന സമയമായതിനാൽ ഈ പ്രായത്തിൽ ഫോണിലൂടെയുള്ള നിർദോഷങ്ങളായ സംസാരം പോലും വൈകാരിക അടിമപ്പെടലായി മാറി പ്രണയത്തിലും ശാരീരികബന്ധങ്ങളിലും വരെ ചെന്നവസാനിക്കാം. മക്കളോടൊപ്പം ഗുണപരമായി സമയം ചെലവഴിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇത് കൗമാരത്തിൽ മാത്രം തുടങ്ങേണ്ട കാര്യമല്ല. ചെറിയ കുട്ടികളായിരിക്കുമ്പോഴേ എന്തും സംസാരിക്കാമെന്ന ആത്മവിശ്വാസം മാതാപിതാക്കൾ അവരിൽ ഉളവാക്കണം. അവരുടെ പഠനത്തെക്കുറിച്ച് തിരക്കുന്നതിലും ശ്രദ്ധയോടെ സൗഹൃദങ്ങളെക്കുറിച്ചും കൊച്ചു കൊച്ചു പ്രശ്‌നങ്ങളെക്കുറിച്ചും തിരക്കണം.
മൊബൈൽ ഫോണിന്റെ ഏറ്റവും വലിയ ദോഷം അതിന്റെ അങ്ങേത്തലയ്ക്കൽ ആരാണെന്നത് അറിയുന്നില്ല എന്നതാണ്. ആണെന്നു പറഞ്ഞു സംസാരിക്കുന്നത് പെണ്ണാകാം. തിരിച്ചുമാകാം. പലപ്പോഴും ഫോൺ സെക്‌സ് പോലുള്ള കാര്യങ്ങളിൽ കൗമാരക്കാർ ഏർപ്പെടുന്നതും ഈ രഹസ്യ സ്വഭാവം കാരണമാണ്.
അത്ര ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണെങ്കിലേ കുട്ടികൾക്കു ഫോൺ വാങ്ങി നൽകാവൂ. ഫോൺ നിയന്ത്രിച്ചുപയോഗിക്കാൻ ശീലിപ്പിക്കുകയാണ് ഏറ്റവും പ്രധാനം. ഇടയ്ക്കിടെ അവരുടെ ഫോൺ പരിശോധിക്കുന്നതിൽ ഒരു തെറ്റുമില്ല. മുറിയടച്ചിട്ടിരുന്നുള്ള സംസാരവും പാതിരാത്രിയിലെ ഫോൺ വിളികളും പ്രോത്സാഹിപ്പിക്കരുത്. കഴിവതും രാത്രി 10 മണിക്കുശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തുവയ്ക്കാൻ ആവശ്യപ്പെടാം. അറിയാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കാതിരിക്കാൻ പറയാം. ക്യാമറയും വീഡിയോ റെക്കോഡിങ്ങുമുള്ള ഫോണിനു പകരം ലളിത സംവിധാനങ്ങളുള്ള ഫോൺ നൽകുന്നതാണു സുരക്ഷിതം. മാതാപിതാക്കൾ ചെറുപ്പത്തിലേതന്നെ കുട്ടികൾക്ക് ഒരു മോറൽ സിസ്റ്റം പകർന്നു നൽകണം. എങ്കിൽ എത്ര വലിയ പ്രലോഭനമുണ്ടായാലും അവർ അതിനു കീഴ്‌പ്പെടില്ല.
ഓൺലൈനിൽ ആയിരിക്കുമ്പോൾ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഇന്റർനെറ്റ് സുരക്ഷയെക്കുറിച്ച് കുട്ടിയെ ബോധവാനാക്കേണ്ടതുണ്ട്. പഠിക്കുന്ന സമയത്ത് മൊബൈൽഫോൺ കൊണ്ട് യാതൊരു പ്രയോജനവും കുട്ടികൾക്കുണ്ടാകുന്നില്ല. അതുകൊണ്ട് മൊബൈൽ ഫോൺ കൊടുക്കാതിരിക്കുക, വീട്ടിൽ നിന്നു പുറത്തുപോകുന്ന കുട്ടികളുടെ പ്രവൃത്തികൾ നിരീക്ഷിക്കുക, കൂട്ടുകാരെക്കുറിച്ചുള്ള വിവരങ്ങൾ മാതാപിതാക്കൾ അറിയുക, സ്വകാര്യതയെക്കുറിച്ചുള്ള അവബോധം, ഒരു ചടങ്ങിലോ പൊതുവേദിയിലോ പറയുവാനും ചെയ്യുവാനും മടിക്കുന്നവ ഇന്റർനെറ്റിലും ഉപയോഗിക്കാതിരിക്കാൻ കുട്ടികളോട് നിർദേശിക്കുക, ആദരവ് പുലർത്തുക, താൻ നേരിൽ കാണുകയും ഇടപഴകുകയും ചെയ്യുന്ന സുഹൃത്തുക്കളോട് കുട്ടി പ്രകടിപ്പിക്കുന്ന സ്‌നേഹവും ബഹുമാനവും ഓൺലൈൻ സുഹൃത്തുക്കളോടും പ്രകടിപ്പിക്കാൻ നിർദേശിക്കുക (ഇത്തരത്തിലുള്ള സുഹൃത്തുക്കളുടെ കൂട്ടായ്മ കുട്ടിക്ക് തീർത്തും ഉപകാരപ്രദമാണ്). നിങ്ങളുടെ കുട്ടിയെ ബഹുമാനത്തോടെ സമീപിക്കാത്ത ഓൺലൈൻ സുഹൃത്തുക്കളെ ബ്ലോക്ക് ചെയ്യുവാനോ ഫ്രണ്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുവാനോ നിർദേശിക്കുക, അത്യാവശ്യമുള്ള വിവരങ്ങൾ മാത്രം ഷെയർ ചെയ്യുക, കുട്ടിയുടെ ജന്മദിനം, വർഷം, മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ്സ്, നഗരം തുടങ്ങിയവ വെളിപ്പെടുത്താതിരിക്കാൻ നിർദേശിക്കുക, ഫോട്ടോസ് അപ്‌ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക (ചില ഫോണുകളിലും ക്യാമറകളിലും പകർത്തുന്ന ഫോട്ടോകളിൽ നിന്നും എവിടെ വെച്ച്, എപ്പോൾ എടുത്തുവെന്ന വിവരങ്ങൾ ലഭ്യമാണ്. വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതിനേക്കാൾ അധികം വിവരങ്ങൾ ഇത്തരം അശ്രദ്ധ കൊണ്ട് പുറത്തായേക്കാം). ഇക്കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
അണുകുടുംബവ്യവസ്ഥിതിയിൽ മാതാപിതാക്കൾ മക്കളോടു ഹൃദയം തുറന്നു സംസാരിക്കാറില്ല. അവരുടെ വിശേഷങ്ങൾ കേട്ടിരിക്കാറില്ല. എന്തെങ്കിലും ചോദിച്ചാൽ തന്നെ അതു പഠനത്തെകുറിച്ചും മാർക്കിനെക്കുറിച്ചും റാങ്കിനെക്കുറിച്ചുമൊക്കെയാകും. ഇതു മാറ്റി അവരുടെ ഉത്തമ സുഹൃത്തും വഴികാട്ടിയുമാകാൻ തുനിയുക. എങ്കിൽ നിങ്ങളുടെ മക്കൾ നിങ്ങളുടേതു തന്നെയാവും. വെക്കേഷൻ സമയം തിന്മയായ പല ഇടപാടുകൾക്കും വേദിയാവുന്നതിനാൽ കൂടുതൽ ജാഗ്രത വേണം.

Saturday, 18 March 2017

ഫിഖ്ഹിന്റെ രീതിയും ധർമവും


സുന്നി സോങ്കാലിനു വേണ്ടി  കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

ഫിഖ്ഹ് എന്ന അറബി പദമാണ് കർമ്മശാസ്ത്രം എന്ന് അറിയപ്പെടുന്നത് ‘വിശദമായ തെളിവുകളിൽ നിന്ന് നിർദ്ധാരണം ചെയ്‌തെടുത്ത കർമ്മപരമായ ശറഈ വിധി വിലക്കുകളെക്കുറിച്ചുള്ള ജ്ഞാനമാണ് ഫിഖ്ഹ്. (മൗഹിബ്) ബുദ്ധിയും പ്രായപൂർത്തിയുമെത്തിയ വ്യക്തികളുടെ കർമ്മങ്ങൾ എങ്ങനെയാകണം, ആകരുത് എന്നതാണ് ഫിഖ്ഹിന്റെ പ്രതിപാദ്യ വിഷയം.
അല്ലാഹുവിന്റെ കൽപനകൾ അംഗീകരിക്കുക. അവൻ നിർദ്ദേശിച്ച കാര്യങ്ങൾ സ്വീകരിക്കുകയും വിരോധിച്ച കാര്യങ്ങൾ ത്യജിക്കുകയും ചെയ്യുക അഥവാ തഖ്‌വ ഉറപ്പുവരുത്തുകയാണതിന്റെ ലക്ഷ്യം. ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് അതിന്റെ സ്രോതസ്സുകൾ.
പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഏതൊരു വ്യക്തിയോടുമുള്ള നിയമ നിർദ്ദേശങ്ങളുടെ സാകല്യമാണ് ഫിഖ്ഹ് എന്നു പറഞ്ഞല്ലോ. അത് അല്ലാഹുവിന്റെ അടിയാറുകളോടുള്ള നിർദ്ദേശങ്ങളാകുന്നു. ഒരാൾ പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഘട്ടത്തിലെത്തുന്നതോടെ അയാൾ നിയമ നിർദ്ദേശങ്ങൾക്ക് വിധേയനായി മാറി. മേലേ നിന്നു വരുന്ന ഓർഡറുകൾ അവനു ബാധകമായി. വിധി വിലക്കുകളായിത്തീരുന്ന ഈ നിർദ്ദേശങ്ങൾ അഥവാ കർമ്മശാസ്ത്രമനുസരിച്ചാണ് വ്യക്തി ജീവിക്കേണ്ടത്. കർമ്മശാസ്ത്രത്തിന്റെ നിർദ്ധാരണ സമീപന രേഖകളിൽ ഇത് ‘ഖിതാബുല്ലാഹ്’ എന്നാണ് അറിയപ്പെടുന്നത്.

ഖിതാബുല്ലാഹ് മൂന്നു വിധമാണ്. 1. ഒരു കർമ്മത്തെ തേടുന്നത്. 2. ഉപേക്ഷയെ തേടുന്നത്. 3. രണ്ടിനുമിടയിൽ ഇഷ്ടം പ്രവർത്തിക്കുന്നതിനെ തേടുന്നത് ഒന്നാമത്തേത് രണ്ടിനമായി വീണ്ടും തരം തിരിക്കാം. കർമ്മത്തെ കർക്കശമായി തേടുന്നത്. നിർബന്ധം (വുജൂബ്) കർക്കശമല്ലെങ്കിൽ ഐഛികം (നദ്ബ്). ഉപേക്ഷയെ ആവശ്യപ്പെടുന്നത് കർക്കശവും തീർച്ചയുടെ സ്വഭാവമുള്ളതുമാണെങ്കിൽ അതാണ് നിഷിദ്ധം (ഹറാം) അല്ലെങ്കിൽ വെറുക്കപ്പെട്ടതോ (കറാഹത്ത്) നല്ലതിന് വിരുദ്ധമോ (ഖിലാലുൽ ഔലാ) ആയിരിക്കും. മേൽ സൂചിപ്പിച്ചതാണ് ഫിഖ്ഹിലെ ഹുക്മുകൾ. ജീവിതത്തിലെ മുഴുവൻ കാര്യങ്ങളും ഈ പഞ്ചഹുകുമുകളിൽ ഒന്നുകൊണ്ട് വിധി നിർണയിക്കുന്നതായിരിക്കും. ആ നിലക്ക് ഇസ്‌ലാമിക ഫിഖ്ഹ് സമഗ്രമാണ്. അഥവാ അത് മനുഷ്യ ജീവിതത്തിലെ നാല് മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 1. ഇബാദത്ത് (ആരാധനാ കാര്യങ്ങൾ). 3. മുആമലാത്ത് (ക്രയവിക്രയങ്ങൾ) 3. മുനാകഹാത്ത് (വൈവാഹികം) 4. ജിനായാത്ത് (നീതിന്യായ വ്യവസ്ഥകൾ).

ഭാഷാപരമായി അറിയൽ, മനസ്സിലാക്കൽ, ഒളിഞ്ഞതും തെളിഞ്ഞതും മനസ്സിലാക്കൽ, ഒളിഞ്ഞത് മനസ്സിലാക്കൽ തുടങ്ങിയ അർത്ഥങ്ങളുണ്ട് ഫിഖ്ഹിന്. ഭാഷാപരമായ അതിന്റെ വിശാലതയും ശരീഅത്തിൽ അതിന്റെ മാഹാത്മ്യവും പരിഗണിച്ചതിനാൽ പണ്ഡിത ലോകം ഫിഖ്ഹിനെ പരിചയപ്പെടുത്തുന്നത് വ്യത്യസ്ത രൂപങ്ങളിലാണ്. ഇസ്‌ലാമിന്റെ ആവിർഭാവ കാലത്ത് ശരീഅത്തിന്റെ ഏതു നിയമങ്ങൾക്കും ഫിഖ്ഹ് എന്നു പറയപ്പെട്ടിരുന്നു. വിശ്വാസ, കർമ്മ വിധികളിൽ വകഭേദമില്ലാതെ ഫിഖ്ഹ് ഉപയോഗിക്കപ്പെടുമ്പോൾ അത് ശരീഅത്ത് എന്ന പദത്തിന്റെ പര്യായമായി മാറുന്നു. വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും ഫിഖ്ഹ് എന്ന പദം ഈ വിശാലാർത്ഥത്തിൽ പണ്ഡിതന്മാർ വ്യാഖ്യാനിച്ചത് കാണാം.
‘സത്യവിശ്വാസികളിൽ നിന്നൊരു വിഭാഗം ദീനിൽ ഫിഖ്ഹ് പഠിപ്പിക്കാൻ പുറപ്പെടുന്നില്ലേ?’ (അത്തൗബ/122) എന്ന ഖുർആനികാധ്യാപനത്തില ഫിഖ്ഹ് കൊണ്ടുള്ള വിവക്ഷ ദീനീ വിഷങ്ങളുടെ നാനാ വശങ്ങളെ സംബന്ധിച്ച അറിവാണ്. ‘അല്ലാഹു ഒരാൾക്ക് നന്മ ഉദ്ദേശിച്ചാൽ അവനെ ഫഖീഹാക്കും’ എന്ന ഹദീസ് വാക്യത്തിലെ സൂചനകൾ മേൽ യാഥാർഥ്യം ശരി വെക്കുന്നവയാണ്. ‘ആർക്കെങ്കിലും ഹിക്മത്ത് നൽകപ്പെട്ടാൽ അവന് നിരവധി നന്മകൾ നൽകപ്പെട്ടു’ അൽബഖറ/269) എന്ന ഖുർആൻ വാക്യത്തിലെ ഹിക്മത്തും ഹദീസിൽ പരാമർശിക്കപ്പെട്ട ഫിഖ്ഹും ഒരേ ഉദ്ദേശ്യമുൾകൊള്ളുന്നുവെന്ന് രണ്ടിന്റെയും വ്യാഖ്യാനങ്ങൾ പരിശോധിച്ചാൽ വ്യക്തമാവും. അഥവാ അസാന്മാർഗിക പ്രവണതകളിൽ നിന്നും ബുദ്ധിരഹിതവും ഫലശൂന്യവുമായ വിശ്വാസം, കർമ്മസരണി എന്നിവയിൽ നിന്നും മുക്തി നേടാനുതകുന്ന അറിവുകളെല്ലാം ഈ നിർണയത്തിന്റെ പരിധിയിൽപ്പെടും. മഹാനായ ഇമാം അബൂഹനീഫ(റ) ഫിഖ്ഹിനെ നിർവഹിച്ചതും വിശ്വാസ വിഷയങ്ങളിൽ അദ്ദേഹം രചിച്ച ഗ്രന്ഥത്തിന് അൽഫിഖ്ഹുൽ അക്ബർ എന്ന് നാമകരണം ചെയ്തതുമെല്ലാം ഈ വിശാലാർത്ഥത്തിലാണ്.

വിശ്വാസപരമായ കാര്യങ്ങളിൽ പുത്തൻ  ചിന്താഗതിയുടെയും വിഘടന വാദത്തിന്റെയും ഫലമായി ക്രോഡീകരണവും ക്രമീകരണവും വന്നപ്പോൾ അതിന് പ്രത്യേകമായ നിർവചനവും രൂപഭാവങ്ങളും വന്നു. അപ്രകാരം കർമ്മ വിഷയങ്ങളിൽ കാലാന്തരത്തിൽ ക്രോഡീകരണവും പ്രത്യേക നിർവചനവും അനിവാര്യമായി. തദടിസ്ഥാനത്തിൽ കർമ്മ സരണിയിൽ ലോകാവസാനം വരെയുള്ള ജനങ്ങൾക്ക് അപചയമോ മൂല്യച്യുതിയോ ആശയ ദാരിദ്ര്യമോ വന്നുഭവിക്കാത്ത വിധത്തിൽ കർമ്മ ശാസ്ത്രം വളരെ ഗഹനവും സമഗ്രവുമായി പ്രശസ്ത പണ്ഡിത ജ്യോതിസ്സുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ തന്നെ നിലവിൽ പരിഗണനീയമായത് അഗ്രേസരായ നാല് ഇമാമുകളുടേത് മാത്രം. അവരിലൂടെ നിലനിൽക്കുന്ന ഫിഖ്ഹിനെ പലതായി നിർവചിക്കപ്പെട്ടത് കാണാം.
കർമ്മശാസ്ത്രം നിർവചിക്കപ്പെടുമ്പോൾ പലതും പരിഗണനീയമായിട്ടുണ്ട്. നിദാനശാസ്ത്ര പണ്ഡിതരുടെ വീക്ഷണങ്ങൾ, കർമ്മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായ വൈവിധ്യങ്ങൾ ഇവയെല്ലാം നിർവചനത്തെ സ്വാധീനിക്കും. അടിമയുടെ ദൈനംദിന പ്രവർത്തികളിൽ അത് വ്യക്തിപരമാവട്ടെ, സാമൂഹ്യപരമാവട്ടെ രാപ്പകലുകളുടെ പ്രയാണത്തിലും നവലോക ക്രമത്തിന്റെ ചാഞ്ചാട്ടത്തിലും തളർച്ചയും മങ്ങലും ഏൽക്കാത്ത പൂർണ്ണ നിയമക്രമമാണ് ഇസ്‌ലാമിക കർമ്മശാസ്ത്രം.

വിധികളെ അറിയുന്നതിന് മാത്രമല്ല കർമ്മശാസ്ത്രം (ഫിഖ്ഹ്) എന്ന് പറയപ്പെടുന്നത്. വിധികൾക്ക് തന്നെയും ഫിഖ്ഹ് എന്ന പ്രയോഗമുണ്ട്. ഈ വസ്തുത പരിഗണിച്ച് കർമ്മശാസ്ത്രത്തിന്റെ നിർവ്വചനത്തെ പണ്ഡിതന്മാർ രണ്ടായി നിർണയിച്ചത് കാണാം. ഗവേഷണം മുഖേനയോ അല്ലാതെയോ പ്രമാണങ്ങളാൽ സ്ഥിരപ്പെട്ട കർമ്മ മേഖലയിലുള്ള ശറഇയ്യായ വിധികൾ അറിയലാണ് കർമ്മശാസ്ത്രം! അറിവ് തേടുന്നതിന്റെ തെളിവ് മുഖേനയോ അല്ലാതെയോ നേടുന്നതിൽ ഇവിടെ അന്തരമില്ല. രണ്ടായാലും ഫിഖ്ഹ് തന്നെ. മാനദണ്ഡം ഉധൃത വിധികൾ അറിയാൻ മാത്രം. ഇതനുസരിച്ചാണ് ഗവേഷണത്തിനർഹതയുണ്ടെന്നോ അനധികൃത മാർഗേണ മനസ്സിലാക്കിയതാണെന്നോ നോക്കാതെ കർമ്മശാസ്ത്ര മസ്അലകൾ അറിയുന്നവരെല്ലാം ഫഖീഹും പണ്ഡിതനുമായി അറിയപ്പെടുന്നത്. നിദാന ശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ ഇങ്ങനെ ഉപയോഗിക്കുന്നതിലും അഭിപ്രായാന്തരം കാണാം.

‘കർമ്മശാസ്ത്ര മസ്അലകളുടെയും വിധികളുടെയും സമാഹാരം’ എന്നൊരു നിർവചനം കൂടിയുണ്ട് ഫിഖ്ഹിന്. ഈ നിർവചനമനുസരിച്ച് കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട സർവ്വ വിധികൾക്കും ഖണ്ഡിതമോ ധാരണയോ ആവട്ടെ, ഗവേഷണത്തിന് പൂർണ്ണ യോഗ്യത നേടിയവരുടെതോ അതിന്റെ താഴേകിടയിലുള്ളവരോ ആവട്ടെ, പ്രമാണം പ്രശസ്തമായതോ അല്ലാത്തതോ ആവട്ടെ, അംഗീകൃതമായ വിധികളോട് താരതമ്യം ചെയ്തുകൊണ്ട് ചില പ്രത്യേക സാഹചര്യ-സംഭവങ്ങളിൽ പണ്ഡിതർ നൽകുന്ന ഫത്‌വക്കും വകഭേദമില്ലാതെ ഫിഖ്ഹ് എന്ന് പറയപ്പെടും. കർമ്മ ശാസ്ത്രമെന്ന് നിലവിൽ അറിയപ്പെടുന്ന പലതും ഉധൃത നിലവാരം കൂടി കണക്കിലെടുത്തു കൊണ്ടാണ്. ചുരുക്കത്തിൽ ഫിഖ്ഹ് എന്ന് പറയപ്പെടാവുന്നത് യോഗ്യത നേടിയ നിദാന ശാസ്ത്ര പണ്ഡിത ജ്യോതിസ്സുകൾ പ്രമാണങ്ങൾ മുഖേന ഗവേഷണം ചെയ്‌തെടുത്ത കർമ്മപരമായ ശറഈ നിയമങ്ങളാണ്.

ഇത്രയും വിശദീകരിച്ചതിൽ നിന്ന് കർമ്മശാസ്ത്രമെന്തെന്ന് ഹ്രസ്വമായി മനസ്സിലാക്കാമെങ്കിലും ഒരു വസ്തുത കൂടി നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഫിഖ്ഹിന്റെ വാഹകർ നന്മയുടെ നിറകുടങ്ങളാണെന്ന തിരുവചനത്തിന്റെ വെളിച്ചത്തിൽ വിശേഷിച്ചും മഹാനായ ഇമാം സ്സാലി(റ) തന്റെ ഇഹ്‌യയിൽ പറഞ്ഞപ്രകാരം കർമ്മശാസ്ത്രമെന്നാൽ കേവലം ത്വലാഖ്, ഇത്ഖ്, ലിആൻ, കച്ചവടം, വാടകക്കെടുക്കൽ തുടങ്ങിയ കർമ്മ മേഖലകളുടെ പുറം ലോക ദൃഷ്ടിയിലുള്ള ശരി-തെറ്റുകൾ മനസ്സിലാക്കാൻ മാത്രമല്ല. പൂർവ്വ യുഗങ്ങളിലേതു പോലെ പരലോക മോക്ഷമാർഗവും ആത്മാവിനും ഭവിക്കാവുന്ന നിഗൂഢത നിറഞ്ഞ ദുരന്തങ്ങളും പ്രതിവിധിയും കർമ്മങ്ങളെ ബാഹ്യമായും ആന്തരികമായും ദുഷിപ്പിക്കുന്ന പ്രവണതകളും ഭൗതികതയുടെ നിസ്സാരതയും പാരത്രിക ലോകത്തിലെ ശാശ്വതമായ സന്തോഷ-സന്താപ അവസ്ഥയും എല്ലാം അറിയുന്നത് ഫിഖ്ഹിന്റെ പരിധിയിൽ പെടുന്നു. പ്രസ്തുത ഫിഖ്ഹിനെ തിരുവചനത്തിൽ പരാമർശിച്ച ഗുണമുണ്ടാകൂ (ഇത്ഹാഫ് 1230-232). അതിനാൽ ഫിഖ്ഹിനെ അതിന്റെ വിശാലാർത്ഥത്തിൽ തന്നെ മനസ്സിലാക്കി പ്രവർത്തിക്കൽ ഓരോരുത്തരുടെയും ബാധ്യതയാണ്.

ഫിഖ്ഹി പണ്ഡിതരിൽ പ്രമുഖനായ ഇമാം ശാഫിഈ(റ)ന്റെ മദ്ഹബാണ് നാം കേരളീയർ പൊതുവെ സ്വീകരിച്ചുവരുന്നത്. ഏറ്റവും സൂക്ഷ്മതയോടെ മതവിധികൾ മനസ്സിലാക്കാൻ നമുക്ക് സാധിക്കുന്നത് നാലിലൊരു മദ്ഹബ് അംഗീകരിച്ചാൽ മാത്രമാണ്. അതുകൊണ്ട് കർമശാസ്ത്ര ചതുർ രീതികളെക്കുറിച്ചും ഇമാമുമാരെപ്പറ്റിയും പ്രത്യേകിച്ച് നമ്മുടെ ഇമാമിനെ സംബന്ധിച്ചും അറിവു നേടേണ്ടത് ആവശ്യമാണ്.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

Thursday, 16 March 2017

ശൈഖ് ജീലാനി(റ)യുടെ ആദർശം



ശൈഖ് ജീലാനി(റ)യുടെ ആദർശം മുസ്‌ലിം സമൂഹം പരമ്പരാഗതമായി സ്വീകരിച്ചു വന്നിരുന്ന നടപടി ക്രമങ്ങൾ തന്നെയാണ്. അഹ്‌ലുസ്സുന്നയുടെ ആദർശ പ്രചാരണത്തിനും അതിന് വിരുദ്ധമായവയുടെ ഖണ്ഡനത്തിനും ശൈഖവർകൾ വലിയ സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും അഹ്‌ലുസ്സുന്നയുടെ ആദർശം കൃത്യമായി വിവരിക്കുന്നതാണ്. സത്യാദർശത്തിന്റെ അനുകൂല-പ്രതികൂലങ്ങളെ തിരിച്ചറിയുന്നതിനുള്ള ഒരു മാനദണ്ഡമായിത്തന്നെ ശൈഖവർകളെ കണക്കാക്കാം. ആ മഹത് ജീവിതം മനുഷ്യനിണങ്ങുന്നതും അവന്റെ അനിവാര്യ ദൗത്യങ്ങൾ സമ്മേളിച്ചതുമായിരുന്നു. കൃത്യമായ ഒരാദർശത്തിന്റെ പരിരക്ഷയിൽ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു.
ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്തമ നൂറ്റാണ്ടുകാരിൽ നിന്നും വളരെ അകലെയല്ലാത്ത കാലത്താണ് മഹാൻ ജീവിച്ചത്. അതിനാൽ തന്നെ നേരിന്റെ സത്തും ചൈതന്യവും പകർന്നെടുക്കാനദ്ദേഹത്തിന് കൂടുതൽ അവസരമുണ്ടായി. അക്കാലത്തെ നവീനവാദികളുടെ നിലപാടുകളും ആദർശരാഹിത്യവും അദ്ദേഹം പഠിച്ചറിഞ്ഞു.
ഇസ്‌ലാമികാദർശത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ അനാവശ്യ ചർച്ചകളുണ്ടാക്കി വിവാദമാക്കിയവരുടെ പ്രവർത്തനം അക്കാലത്തെ പ്രബോധന സാധ്യതയെ സങ്കീർണമാക്കുകയുണ്ടായി. അല്ലാഹുവിനെക്കുറിച്ചും അവന്റെ പ്രവർത്തനങ്ങൾ, വിശേഷണങ്ങൾ, നാമങ്ങൾ എന്നിവയിലുമെല്ലാം ചിലർ ഗുണകരമല്ലാത്ത തർക്കങ്ങളുന്നയിച്ചു. വികല വിശ്വാസങ്ങളുയർത്തിയവരെ തിരുത്താനും സത്യം ബോധ്യപ്പെടുത്താനും അന്നത്തെ പണ്ഡിതർ പരിശ്രമം നടത്തി. ഗ്രന്ഥങ്ങൾ രചിച്ചും സംവാദങ്ങളും ഖണ്ഡനങ്ങളും ബോധവത്കരണവും നടത്തിയും ബിദ്അത്തിനെ പിടിച്ചുകെട്ടി. തൽഫലമായി ഭൗതിക രാഷ്ട്രീയ പിന്തുണയുണ്ടായ ഘട്ടങ്ങളിൽ പോലും പുത്തൻവാദികൾക്ക് പിടിച്ചുനിൽക്കാനായില്ല. സത്യത്തെ പ്രചരിപ്പിക്കുന്നവർ ത്യാഗവും പീഡനവും സഹിച്ചും കർത്തവ്യ നിർവഹണം തുടർന്നു.
ശൈഖ് ജീലാനി(റ) ഇൽമും തർബിയത്തും യോഗ്യമായ കേന്ദ്രങ്ങളിൽ നിന്നാണു നേടിയത്. ഇസ്‌ലാമികാദർശത്തിന്റെയും പൈതൃകത്തിന്റെയും ചൈതന്യം ചോരാതെ അവ അദ്ദേഹത്തിനു നേടാനായി. ഭരണകൂടത്തിന്റെ വീഴ്ചകളും അലംഭാവവും സമൂഹത്തിൽ പടർന്നുകൊണ്ടിരുന്ന ജീർണസംസ്‌കാരവും വികലവാദികളുടെ ആദർശ വ്യതിയാന പ്രവർത്തനങ്ങളും സങ്കരമായി ചേർന്ന ഒരു പ്രത്യേക ഘട്ടത്തിലായിരുന്നു മഹാന്റെ പ്രബോധനം. ആദർശവും സംസ്‌കാരവും സംരക്ഷിക്കുകയും വിരുദ്ധ പ്രചാരണങ്ങളെ തിരുത്തുകയും അവയിലെ അബദ്ധങ്ങൾ പുറത്തുകാണിക്കുകയും ചെയ്തു. ആത്മീയോപദേശങ്ങളും ആദർശ പാഠങ്ങളും ധാരാളമാളുകളിൽ പരിവർത്തനമുണ്ടാക്കി. അങ്ങനെ വിജയകരമായ ഒരു പ്രബോധന ഘട്ടം മഹാനവർകൾ ചരിത്രത്തിന് സമ്മാനിച്ചു. അതിന്റെ നിരന്തരമായ തുടർച്ചക്ക് സഹായകമായ ഒരു സരണിയും അദ്ദേഹത്തിന്റെ പേരിൽ നിലവിൽ വന്നു.
അദ്ദേഹത്തിന്റെ പ്രഭാഷണസമാഹാരങ്ങളായ അൽ ഫത്ഹുർറബ്ബാനി, ഫുതൂഹുൽ ഗൈബ് ഗ്രന്ഥങ്ങളിൽ പെട്ട അൽഗുൻയത് എന്നിവയിൽ ബിദ്അത്തിനെതിരെയുള്ള ഉപദേശങ്ങൾ കാണാം. ബിദ്അത്തിനും ബിദഇകൾക്കുമെതിരെ വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാടും വിശദീകരിച്ചിട്ടുണ്ട്: ‘നിങ്ങൾ മുമ്പുള്ളതിനെ അനുധാവനം ചെയ്യുക. പുതിയത് നിർമിക്കരുത്. അനുസരിക്കേണ്ടവരെ അനുസരിക്കുക, പുറത്തു പോകരുത്. നിങ്ങൾ തൗഹീദിൽ അടിയുറച്ച് നിൽക്കുക, ശിർക്ക് ചെയ്യരുത് (ഫുതൂഹുൽ ഗൈബ്).
‘മോനേ, നീ ദുഷ്ട സ്വഭാവികളോടു സഹവസിച്ചാൽ, നല്ലവരായ ആളുകളെക്കുറിച്ച് അവർ നിന്നെ തെറ്റിദ്ധാരണയിലാക്കും. അല്ലാഹുവിന്റെ കിതാബിന്റെയും നബി(സ്വ)യുടെ സുന്നത്തിന്റെയും തണലിലായി നീ സഞ്ചരിക്കുക. എങ്കിൽ നീ വിജയിക്കും’ (അൽഫത്ഹുർറബ്ബാനി).
ബിദ്അത്തിന്റെ ഗുരുതരാവസ്ഥ തിരു നബി(സ്വ) പഠിപ്പിച്ചതാണ്. പൂർവികരായ മാഹാത്മാക്കൾ അതിന്റെ ഗൗരവം സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. ബിദ്അത്തിനെതിരെയുള്ള നബി(സ്വ)യുടെ പരാമർശത്തെ ദുരുപയോഗം ചെയ്യുന്നവരെക്കുറിച്ചും മുൻഗാമികൾ ഓർമപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധ സ്വഹാബിവര്യൻ ഹുദൈഫതുൽ യമാനീ(റ) പറയുന്നു: ‘നിങ്ങൾ പിന്തുടരുക, പുതിയത് നിർമിക്കരുത്. എങ്കിൽ നിങ്ങൾക്കതു മതി. അതിന് നിങ്ങൾ ഞങ്ങളുടെ (സ്വഹാബത്തിന്റെ) വഴിയും വചനങ്ങളും പിന്തുടരുക. അപ്പോൾ നിങ്ങൾ വിജയത്തിൽ വളരെയേറെ മുൻകടന്നവരായിത്തീരും. ഈ നിർദേശം തെറ്റിക്കുന്നുവെങ്കിൽ നിങ്ങൾ വളരെ ഗുരുതരമായ വഴികേടിലകപ്പെടും (ഇബ്‌നുബത്വ).
താബിഈ പ്രമുഖനായ ഹസൻ ബസ്വരി(റ) പറയുന്നു: ‘നിങ്ങൾ മുഹാജിറുകളായ സ്വഹാബികളുടെ മഹത്ത്വം മനസ്സിലാക്കി അവരുടെ മാർഗത്തെ പിന്തുടരുക. പിൽക്കാലത്ത് ചിലയാളുകൾ മതത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കിയവയിൽ നിങ്ങളകപ്പെടരുത്. കാരണം അതെല്ലാം നാശമാണ് (കിതാബുസ്സുഹ്ദ്). താബിഉകൾക്ക് ശേഷം ഉമറുബ്‌നുൽ അബ്ദിൽ അസീസ്(റ)നെ പോലുള്ള മഹാൻമാരും ഇബ്‌നുതൈമിയ പോലും ഇതേ ആശയം വ്യക്തമാക്കിയതു കാണാം.
ഖുർആനും സുന്നത്തും എന്ന് പുറമെ പറഞ്ഞ് സ്വന്തമായി മതത്തിൽ കൂടിച്ചേർക്കലും വെട്ടിത്തിരുത്തലും നടത്തുന്ന ബിദ്അത്തിനെക്കുറിച്ച് കൂടി ഇതിൽ മുന്നറിയിപ്പുണ്ട്. സ്വഹാബത്തിന് പൊതുവെയും ഖുലഫാഉർറാശിദുകൾക്ക് പ്രത്യേകമായും നബി(സ്വ) കൽപ്പിച്ചു നൽകിയിട്ടുള്ള പ്രാമാണികത നിരാകരിക്കുന്നവരാണ് പൊതുവെ ബിദ്അത്തുകാർ എന്നു കാണാം. അല്ലാമാ അബ്ദുൽ ഖാഹിരിൽ ബഗ്ദാദി(റ) അൽഫർഖു ബൈനൽ ഫിറഖ് എന്ന ഗ്രന്ഥത്തിൽ ഇതു വിശദമായിത്തന്നെ ചർച്ച ചെയ്യുന്നുണ്ട്.
സ്വഹാബത്തിന്റെ മഹത്ത്വവും അവരുടെ മാതൃകായോഗ്യതയും അനുകരണീയതയും ശൈഖ് ജീലാനി(റ) ഗുൻയതിൽ വിവരിക്കുന്നുണ്ട്. നബി(സ്വ)യുടെ സമുദായം 73 വിഭാഗമായി പിരിയുമെന്നും അതിൽ ഒരു വിഭാഗം മാത്രമാണ് വിജയികളെന്നും പറഞ്ഞ ശേഷം ചോദ്യത്തിനുത്തരമായി പറഞ്ഞു: ഞാനും എന്റെ സ്വഹാബികളും ഏതൊന്നിലാണോ, അതുപോലെയുള്ളവരാണവർ.’ പരാജിതരാവുന്നവരിൽ ഏറ്റവും കുഴപ്പം സൃഷ്ടിക്കുന്നവർ ആരാണെന്നും അവിടുന്ന് പറയുകയുണ്ടായി. ‘എന്റെ സമുദായത്തിൽ വലിയ കുഴപ്പം വരുത്തുന്നവർ, സ്വന്തം അഭിപ്രായത്തിനനുസരിച്ച് കാര്യങ്ങളെ തുലനം ചെയ്ത്, നിഷിദ്ധമായത് അനുവദനീയമാക്കുകയും അനുവദനീയമായത് നിഷിദ്ധമാക്കുകയും ചെയ്യുന്നവരാണ്.’
ഈ ആശയമുള്ള ഹദീസുകളുദ്ധരിച്ച ശേഷം ശൈഖ് ജീലാനി(റ) പറയുന്നു: ‘തിരുനബി(സ്വ) മുന്നറിയിപ്പ് നൽകിയ ഈ ഭിന്നിപ്പ് അവിടുത്തെ കാലത്തോ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി(റ) എന്നിവരുടെ കാലത്തോ ഉണ്ടായിട്ടില്ല. പിന്നീട് കൊല്ലങ്ങൾക്ക് ശേഷം സ്വഹാബത്തിന്റെയും താബിഉകളുടെയും മദീനയിലെ ഫുഖഹാക്കളുടെയും ഓരോ നാട്ടിലെയും ആദർശ ശാലികളായ പണ്ഡിതരുടെയും കർമശാസ്ത്ര വിശാരദന്മാരുടെയും നൂറ്റാണ്ടുകളൊന്നൊന്നായി കഴിഞ്ഞതിന് ശേഷമാണിവിടെ ഉടലെടുത്തിട്ടുള്ളത്’ (ഗുൻയത്).
സ്വഹാബത്തിന്റെ പ്രാമാണികത സ്ഥിരപ്പെടുത്തിയും മതത്തിൽ പുതിയ നിയമങ്ങൾ കടത്തിക്കൂട്ടുന്നവരുടെ അരങ്ങേറ്റം ഉണ്ടാവുമെന്ന അറിയിപ്പും വിശ്വാസികൾക്ക് മോചനത്തിന്റെയും രക്ഷയുടെയും മാർഗം കാണിച്ചുതരുന്നതാണ്. അഹ്‌ലുസ്സുന്ന എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സുന്നത്തും ജമാഅത്തും പിന്തുടരുന്നവരാണ് യഥാർത്ഥ വിജയികൾ. കാരണം, ഉപരിവചനങ്ങളിൽ പരാമർശിക്കപ്പെട്ട പോലെ പുതിയത് നിർമിക്കുന്നതിനും ഉള്ളതു വെട്ടിച്ചുരുക്കുന്നതിനും അവർ തയ്യാറായിട്ടില്ല. പൂർവികരെ പിന്തുടരുകയായിരുന്നു അവർ.
ഖുലഫാഉർറാശിദുകളെ പിന്തുടരാൻ പ്രത്യേക നിർദേശം നൽകുന്ന ഹദീസ് ഇർബാളുബ്‌നു സാരിയ(റ)ൽ നിന്നും ഉദ്ധരിച്ചു കാണാം. അഭിപ്രായ വ്യത്യാസങ്ങളും മതത്തിൽ തർക്കങ്ങളുമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ടതെന്താണെന്ന് അതിൽ പഠിപ്പിച്ചു നബി(സ്വ): ‘നിങ്ങൾ എന്റെ ചര്യയെയും എനിക്കു ശേഷം വരുന്ന ഖുലഫാഉർറാശിദുകളുടെ ചര്യയും മുറുകെ പിടിക്കുക. അതു നിങ്ങൾ അണപ്പല്ല് കൊണ്ട് കടിച്ചുപിടിക്കുക. മതത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കുന്ന കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക’ (തിർമുദി).
ശൈഖ് ജീലാനി(റ) പറയുന്നു: ‘സമർത്ഥനും ബുദ്ധിമാനുമായ വിശ്വാസിക്ക് കരണീയം നിർമിച്ചുണ്ടാക്കലല്ല, അതിരുകടന്നതും അനാവശ്യമായതും ചെയ്യലുമല്ല. കാരണം, അതെല്ലാം മാർഗഭ്രംശം സംഭവിച്ച് നശിക്കാനിടവരുത്തും’ (ഗുൻയത്).
ശൈഖ് തുടരുന്നു: ‘അതിനാൽ സത്യവിശ്വാസിക്ക് സുന്നത്തും ജമാഅത്തും അനുധാവനം ചെയ്യൽ അനിവാര്യമാണ്. സുന്നത്ത് എന്നാൽ നബിചര്യയും ജമാഅത്ത് എന്നാൽ സച്ചരിതരായ ഇമാമുകളായ നാലു ഖുലഫാഉർറാശിദുകളുടെ ഖിലാഫത്ത് കാലത്ത് സ്വഹാബികൾ ഏകോപിച്ച കാര്യങ്ങളുമാണ്.’
ബിദഇകൾക്ക് സലാം പറയുകയോ അവരുമായി കൂടി പെരുമാറുകയോ ചെയ്യരുത് എന്ന കണിശ നിലപാട് ശൈഖിന്റെ ഗ്രന്ഥങ്ങളിൽ കാണാം. അതിനദ്ദേഹം പറയുന്ന കാരണങ്ങളിലൊന്ന് ഇതാണ്: ‘നമ്മുടെ ഇമാം അഹ്മദുബ്‌നു ഹമ്പൽ(റ) പറയുന്നു: ഒരാൾ ബിദ്അത്തുകാരനോട് സലാം പറയുന്നുവെങ്കിൽ, അവൻ അവനെ പ്രിയം വെക്കുന്നുവെന്നാണർത്ഥം’ (ഗുൻയത്). തുടർന്ന് ബിദ്അത്തുകാരോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്ന് പഠിപ്പിക്കുന്ന ഹദീസുകളും മഹദ്വചനങ്ങളും ഉദ്ധരിച്ച് വിശദമാക്കുകയും ചെയ്യുന്നു ശൈഖ്(റ).
നബി(സ്വ) പറഞ്ഞു: ‘ആരെങ്കിലും മതത്തിൽ പുതിയത് നിർമിച്ചുണ്ടാക്കുകയോ നിർമിക്കുന്നവനെ സംരക്ഷിക്കുകയോ ചെയ്താൽ, അവനുമേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയുമെല്ലാം ശാപമുണ്ടാകും. അവനിൽ നിന്നും നിർബന്ധമോ സുന്നത്തോ ആയ ഒരു കർമവും സ്വീകരിക്കപ്പെടുന്നതുമല്ല’ (അബൂദാവൂദ്, ഗുൻയത്).
ഓരോ കാരണം പറഞ്ഞ് അഹ്‌ലുസ്സുന്നക്കെതിരെ വ്യത്യസ്ത ആക്ഷേപ നാമങ്ങൾ പ്രയോഗിക്കുന്ന പുത്തൻവാദികളുടെ ശൈലിയെക്കുറിച്ച് ഇങ്ങനെ: അഹ്‌ലുസ്സുന്നയോടുള്ള അടങ്ങാത്ത പകയുടെ കാരണം കൊണ്ടാണവർ ആക്ഷേപിച്ച് വിളിക്കുന്നത്. നബി(സ്വ)യെക്കുറിച്ച് മക്കയിലെ അവിശ്വാസികൾ ഓരോ കാരണം പറഞ്ഞ് മാരണക്കാരൻ, കവി, ഭ്രാന്തൻ, ആഭിചാരക്കാരൻ, കുഴപ്പത്തിൽ പെട്ടവൻ തുടങ്ങിയ ആരോപണങ്ങളുന്നയിച്ച പോലെയാണിത്. തിരുനബി(സ്വ) അതൊന്നുമല്ലായിരുന്നുവല്ലോ. ഇതുപോലെ, അഹ്‌ലുസ്സുന്നയും ഈ ആരോപിത കാര്യങ്ങളിൽ നിന്നു മുക്തമാണ് (ഗുൻയത്).
നബി(സ്വ) മുന്നറിയിപ്പ് നൽകിയതിനെ അന്വർത്ഥമാക്കി പ്രത്യക്ഷപ്പെട്ട പിഴച്ച 72 വിഭാഗങ്ങളെയും അഹ്‌ലുസ്സുന്നയോട് അവർ എതിരാകുന്ന കാര്യങ്ങളും ശൈഖ്(റ) വിശദീകരിക്കുന്നുണ്ട്.
ശൈഖവർകളെ വിമർശിക്കുന്നവർ നമുക്കിടയിലുണ്ട്. ഇല്ലാത്ത ആരോപണങ്ങളുന്നയിച്ചാണ് വിമർശകർ രംഗത്തെത്തിയിട്ടുള്ളത്. ശൈഖ് അദ്വൈത സിദ്ധാന്തത്തിന്റെ വക്താവായിരുന്നുവെന്നും ശ്രീ ശങ്കരാചാര്യരാണ് ആ വിഷയത്തിൽ അദ്ദേഹത്തിന്റെ ഗുരുവെന്നുവരെ മൗലവിമാരെഴുതി. അൽമനാർ 1980 ജൂലൈ ലക്കം ഒരു വിശ്വാസിക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത വിധം വിഷലിപ്തമാണ്. ശൈഖ് ജീലാനിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർക്കെതിരെയും ഇത്തരം ആക്രോശങ്ങളുണ്ടാകുന്നതിൽ അത്ഭുതമില്ലല്ലോ.
ശൈഖ് ജീലാനി(റ)യെ അഹ്‌ലുസ്സുന്ന ബഹുമാനിക്കുന്നു എന്നതിന്റെ പേരിലാണ് ഇത്. മഹാന്റെ ജീവിതവും ദർശനവും അവിടുന്ന് പഠിപ്പിച്ച ദുആകളും സ്വലാത്തുകളും വിർദുകളും ഹിസ്ബുകളുമെല്ലാം താനാരായിരുന്നുവെന്നു മനസ്സിലാക്കിത്തരുന്നതാണ്. വഹ്ദത്തുൽ വുജൂദ് വിശ്വസിക്കുന്ന ഒരാൾക്ക് പ്രാർത്ഥിക്കാനായി ഒരവലംബവുമുണ്ടാവില്ല. കാരണം താൻ തന്നെയും ദൈവമാണെന്നാണല്ലോ അത്തരമൊരാളുടെ നിലപാട്. എന്നാൽ ശൈഖവർകളുടെ പ്രാർത്ഥനകൾ മാത്രം നോക്കിയാൽ മുജാഹിദുകളുടെ ആരോപണത്തിന്റെ പൊള്ളത്തരം ബോധ്യമാവും.
യഥാർത്ഥത്തിൽ മൗലവിമാരുടെ ചരിത്രബോധത്തിന്റെ കുറവ് കൊണ്ട് സംഭവിച്ച അബദ്ധമാണിത്. കാരണം മുഹ്‌യുദ്ദീനുബ്‌നു അറബി(റ)യെക്കുറിച്ച് വഹ്ദത്തുൽ വുജൂദ് സംബന്ധിച്ച ഒരാരോപണമുണ്ടായിരുന്നു. മുഹ്‌യുദ്ദീൻ എന്നു കേട്ടപ്പോൾ ഇത് സുന്നികൾക്കെതിരെ, മുഹ്‌യിദ്ദീൻ മാലയും ഖുത്ബിയത്തും റാത്തീബും ചൊല്ലുന്നവർക്കെതിരെ ഒരായുധമാക്കാം എന്നു നിനച്ച് എടുത്തുചാടിയതാണ്. മുഹ്‌യുദ്ദീനുബ്‌നു അറബിയും മുഹ്‌യിദ്ദീൻ ശൈഖും രണ്ടാണെന്ന ചരിത്ര ജ്ഞാനം പോലും അവർക്കില്ലാതായി പോയി. (ഇബ്‌നു അറബിയും പിഴച്ച വഹ്ദത്തു ഉജൂദ് വിശ്വസിച്ചിരുന്നില്ലെന്നതു വേറെ കാര്യം.)
എന്നാൽ മുസ്‌ലിം ലോകത്ത് ശൈഖ് ജീലാനി(റ)നെ തള്ളിപ്പറയുന്ന രീതിയല്ല ഉള്ളത്. ശൈഖവർകളുടെ ആദർശവും നിലപാടും പ്രത്യക്ഷത്തിൽ തന്നെ തങ്ങൾക്കനുകൂലമല്ല എന്നു ബിദഇകൾക്കറിയാം. അതിനാൽ ചിലതൊക്കെ നിഷേധിക്കുകയും ചിലതിനെക്കുറിച്ച് ശൈഖവർകളുടെ ബിദ്അത്ത് പ്രചാരണമായി ചാർത്തുകയും ചെയ്യുന്നു. അതേ സമയം തന്നെ ശൈഖിന് മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി പ്രാർത്ഥിക്കാനും ചിലർ മറക്കുന്നില്ല. ബിദ്അത്തിനെക്കുറിച്ച് വന്ന ഹദീസുകൾ ഉയർത്തിക്കാണിച്ച് മുസ്‌ലിംകളെ നരകത്തിലേക്കു തള്ളുന്നവർ പക്ഷേ, ശൈഖവർകളെ നരകത്തിനേൽപ്പിക്കാത്തത് ഭാഗ്യമായി കരുതുന്നു.
ശൈഖിന്റെ അഖീദയും നിലപാടും എന്തായിരുന്നുവെന്ന് മനസ്സിലാക്കാനുപകരിക്കുന്ന ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാം. യാത്രയുടെ ചിട്ടകൾ വിവരിക്കുന്ന ഭാഗത്ത് ശൈഖ്(റ) പറയുന്നു: ‘ഹജ്ജ്, നബി(സ്വ)യെ സിയാറത്ത് ചെയ്യൽ, ഏതെങ്കിലും ശൈഖിനെയോ ശ്രേഷ്ഠകരമായ സ്ഥലങ്ങളിലേക്കോ ആയിരിക്കണം യാത്ര പോകുന്നത്. അത് ത്വാഅത് (ആരാധന)യാണ് (ഗുൻയത് 1/81). സിയാറത്ത് യാത്ര നബി(സ്വ)യുടെ സവിധത്തിലേക്കാണെങ്കിലും ഇബാദത്താണെന്ന് ഇത് വ്യക്തമാക്കുന്നു.
ഹജ്ജ് യാത്രയിലോ അല്ലാതെയോ മദീനയിലെത്താൻ ഭാഗ്യമുണ്ടായവർ ചെയ്യേണ്ട കാര്യങ്ങൾ മറ്റൊരിടത്ത് വിവരിക്കുന്നു: അല്ലാഹു ആരോഗ്യം തന്നനുഗ്രഹിച്ച് മദീനയിൽ ഒരാൾ എത്തിയാൽ അവന് സുന്നത്തായ ക്രമം ഇതാണ്; സ്വലാത്തും നിശ്ചിത ദിക്‌റും ചൊല്ലി പള്ളിയിൽ പ്രവേശിക്കുക. ശേഷം ഖബ്‌റുശ്ശരീഫിനടുത്തുചെന്ന് ഖിബ്‌ലയുടെ ദിശയിലേക്കു പിൻതിരിഞ്ഞു ഖബ്‌റിനു നേർക്കു നിൽക്കുക. നബി മിമ്പർ ഇടതുവശത്തു വരണം. എന്നിട്ട് സലാമും നിശ്ചിത ദുആയും നിർവഹിക്കുക. ശേഷം അബൂബക്കർ(റ)നും ഉമർ(റ)നും സലാം ചൊല്ലുക. ശേഷം ഖബ്‌റിന്റെയും മിമ്പറിന്റെയും ഇടയിലായി റൗളയിൽ വെച്ചു രണ്ടു റക്അത്ത് സുന്നത്ത് നിസ്‌കരിക്കുക. മിമ്പറിൽ ബറകത്തിനായി തടവുക. പിന്നീട് മസ്ജിദ് ഖുബാഇൽ നിസ്‌കരിക്കുക. ശുഹദാക്കളുടെ ഖബറിങ്ങൽ ചെന്ന് സിയാറത്ത് ചെയ്യുക. അവിടെ കുറേയധികം പ്രാർത്ഥിക്കുക. മദീനയിൽ നിന്ന് വിട പറയുമ്പോൾ അല്ലാഹുവേ, നിന്റെ നബിയുടെ ഈ ഖബ്‌റ് സിയാറത്ത് എന്റെ അവസാനത്തേതാക്കല്ലേ എന്നു തുടങ്ങുന്ന ദുആ ചെയ്യുക (ഗുൻയത് 1/38-40).
ഇതിൽ പുത്തൻവാദികൾ ശിർക്കും ബിദ്അത്തുമാക്കുന്ന കാര്യങ്ങൾ വരെ അടങ്ങിയിരിക്കുന്നുവെന്നത് വ്യക്തമാണല്ലോ. നബി(സ്വ)യെ കൊണ്ട് തവസ്സുൽ ചെയ്യൽ, റസൂലിന്റെ ഹഖ് കൊണ്ട് ചോദിക്കൽ, തിരു മിമ്പർ തൊട്ട് ബറകത്തെടുക്കൽ, നബി(സ്വ)യുടെ ശഫാഅത്ത് ചോദിക്കൽ തുടങ്ങിയവയാണവ.
റജബ്, ശഅ്ബാൻ മാസങ്ങളിൽ നോമ്പും പ്രാർത്ഥനയും മറ്റു പുണ്യകർമങ്ങളും അധികരിപ്പിക്കാൻ ശൈഖ് നിർദേശിക്കുന്നു. ഇതുസംബന്ധമായി രണ്ടു ഭാഗങ്ങൾ തന്നെ ഗുൻയയിലുണ്ട്. ലൈലത്തുൽ ബറാഅത്തും മിഅ്‌റാജ് ദിനവും രാവും റജബ് ആദ്യത്തിലെ പ്രാർത്ഥനയും മഹത്ത്വമുള്ള രാത്രികളുടെ വിവരണവും പോലുള്ളവ ഈ ഭാഗത്ത് കാണാം.
ഖാദിരിയ്യ ത്വരീഖത്തിന്റെ ചടങ്ങുകളും വിർദുകളും ശൈഖവർകൾ പഠിപ്പിച്ച സ്വലാത്ത്, ദുആ വചനങ്ങളും ശൈഖ്(റ) എന്തു വിശ്വാസക്കാരനായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. തവസ്സുലും ബറകത്തെടുക്കലും ശഫാഅത്ത് ചോദിക്കലുമെല്ലാം അവയിൽ ധാരാളമായി കാണാം. തന്നെ തവസ്സുലാക്കി ദുആ ചെയ്യുന്നതിനും ശൈഖാക്കി പിന്തുടരുന്നതിനും പല സ്ഥലങ്ങളിലായി നിർദേശിക്കുന്നു. അതിനാൽ ലഭ്യമാവുന്ന ഗുണവും മഹത്ത്വവും വിവരിക്കുന്നു. തന്റെ ബൈത്തുകളിൽ അദ്ദേഹം പ്രാപിച്ച പദവിയും വിജയവും വിവരിക്കുന്നു.
മന്ത്രത്തെക്കുറിച്ചും മന്ത്രിച്ചൂതുന്നതിനെക്കുറിച്ചും ശൈഖ്(റ) പറയുന്നു: ഖുർആൻ കൊണ്ട് കാവൽ തേടൽ അനുവദനീയമാണ്. ഖുർആൻ കൊണ്ടും അല്ലാഹുവിന്റെ അസ്മാഉകൾ കൊണ്ടും മന്ത്രിക്കലും അനുവദനീയം. പനി പിടിച്ചവന് നിശ്ചിത ദിക്ർ എഴുതി കെട്ടിക്കൊടുക്കാം. പ്രസവത്തിന് പ്രയാസം നേരിടുമ്പോൾ നിശ്ചിത വചനങ്ങൾ എഴുതി അതുകൊണ്ട് കുളിപ്പിക്കുകയും അതിൽ നിന്നു കുടിപ്പിക്കുകയും ചെയ്യാം. ക്ഷുദ്രജീവികളിൽ നിന്നും പ്രാണികളിൽ നിന്നും കാവലിന് മന്ത്രിക്കാം (ഗുൻയത് 1/92-94). ബിദ്അത്തുകാരും അഹ്‌ലുസ്സുന്നയും തർക്കത്തിലിരിക്കുന്ന മറ്റാദർശങ്ങളിലും ശൈഖിന്റെ നിലപാട് ഇപ്രകാരം തന്നെയായിരുന്നു.
അല്ലാഹുവിലുള്ള വിശ്വാസത്തിലും ഖദ്ർ വിശ്വാസത്തിലും ഉന്നയിക്കപ്പെട്ട വികല വാദങ്ങളെയും വാദികളെയും ശൈഖ്(റ) തിരുത്താൻ യത്‌നിച്ചു. സുപ്രസിദ്ധ ഹദീസ് പണ്ഡിതൻ അബുൽ ഫള്‌ലിൽ നിന്ന് ഇബ്‌നു ഹജറിൽ അസ്ഖലാനി ഉദ്ധരിക്കുന്നു: ‘ഞാൻ മദ്‌റസത്തുന്നിളാമിയ്യയിലായിരിക്കുമ്പോൾ, അവിടെ ധാരാളം പണ്ഡിതന്മാരും മുരീദുമാരും ഉണ്ടായിരുന്നു. ശൈഖ്(റ) ഖളാഇനെയും ഖദ്‌റിനെയും കുറിച്ചാണ് ക്ലാസെടുത്തു കൊണ്ടിരുന്നത്. അപ്പോൾ മടിയിലേക്ക് ഒരു വലിയ സർപ്പം വന്നുവീണു. അതുകണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം ഓടി. ശൈഖവർകൾ പ്രത്യേകമായ അനക്കമൊന്നുമില്ലാതെ അവിടെതന്നെ ഇരുന്നു. സർപ്പം അദ്ദേഹത്തിന്റെ വസ്ത്രത്തിനുള്ളിൽ കടന്ന് ശരീരത്തിലൂടെ ഇഴഞ്ഞുനടന്നു. ശേഷം, കഴുത്തിന്റെ ഭാഗത്തുകൂടി പുറത്തുവന്നു പിരടിയിൽ നിവർന്നുനിന്നു. ശൈഖവർകൾക്ക് അപ്പോഴും ഒരു ഭാവപ്പകർച്ചയുമുണ്ടായില്ല. പിന്നെ പാമ്പ് താഴെയിറങ്ങി. വാൽ നിലത്തുകുത്തി ശൈഖവർകളുടെ മുന്നിൽ നിന്നു എന്തോ ശബ്ദം പുറപ്പെടുവിച്ച് പോയ്മറഞ്ഞു. അപ്പോൾ ഓടിപ്പോയവരൊക്കെ തിരിച്ചുവന്നു. പാമ്പ് എന്താണ് പറഞ്ഞതെന്ന് അവർ ചോദിച്ചു. ശൈഖ് പറഞ്ഞു: പാമ്പ് പറഞ്ഞത്, ഞാൻ കുറെ ഔലിയാക്കളെ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ നിങ്ങളെപ്പോലെ സ്ഥൈര്യം കാണിച്ചവരെ എനിക്ക് കാണാനായിട്ടില്ല എന്നാണ്. ഞാനതിനോടിങ്ങനെ പ്രതികരിച്ചു: നീ എന്റെ മേൽ വീണത് ഞാൻ ഖളാഇനെയും ഖദ്‌റിനെയും കുറിച്ച് സംസാരിക്കുമ്പോഴാണ്. അല്ലാഹുവിന്റെ വിധിയാൽ ചലിക്കുന്നതും നിശ്ചലമാകുന്നതുമായ ചെറുജീവിയല്ലേ നീ. അതിനാൽ ഞാനെന്റെ ജോലി തുടരാൻ തീരുമാനിച്ചു (ഗിബ്ത്വത്തുന്നാളിർ/34).
ശൈഖവർകളുടെ ദൃഢവിശ്വാസവും കൃത്യവും കണിശവുമായ ആദർശ ജീവിതവും നമുക്ക് പാഠമാണ്. അദ്ദേഹത്തിന്റെ ആദർശവും സരണിയും ഇസ്‌ലാമിക പ്രബോധനത്തിനും സമൂഹത്തിന്റെ സംസ്‌കരണത്തിനും എന്നും ഉപയുക്തവും.

Wednesday, 15 March 2017

ശിര്‍ക്കില്‍ നിന്ന് തലയൂരുമ്പോള്‍



ശിര്‍ക്കാരോപണത്തിലും സമൂഹത്തെ ഇസ്ലാമിന്‍റെ ധവളിമയില്‍ നിന്ന് പുറത്താക്കുന്നതിലുമായിരുന്നു എക്കാലത്തും മുജാഹിദ് മൗലവിമാരുടെ തടിമിടുക്ക്. സാധാരണക്കാര്‍ മുതല്‍ മഹാപണ്ഡിതര്‍ വരെയും അവരുടെ ശിര്‍ക്കുലാബില്‍ പരീക്ഷിക്കപ്പെട്ടു. തൗഹീദിന്‍റെ ഒരംശംപോലും കണ്ടുകിട്ടാനാവാതെ വന്നതിനാല്‍ അവരുടെയും മുസ്‌ലിം ലോകത്തെ ആകമാനവും മൗലവിമാര്‍ തെമ്മാടിക്കുഴിയില്‍ വരവു ചേര്‍ത്തു. ഉറുക്ക്, മന്ത്രിച്ചൂതല്‍, സിഹ്റ്, മൗലിദ്, ഇസ്തിഗാസ, തവസ്സുല്‍, ഖബര്‍സിയാറത്ത് തുടങ്ങി ആദരവും ബഹുമാനവുമടക്കം എല്ലാം ശിര്‍ക്കുവല്‍ക്കരണത്തിന് മതിയായ കാരണങ്ങളായി മുജാഹിദ് ഗവേഷണാലയത്തിലെ ശാസ്ത്ര പടുക്കള്‍ കണ്ടുപിടിച്ചുകളഞ്ഞു.
ഇതങ്ങനെ തുടരുന്നതിനിടയിലാണ് ചില ഗവേഷണങ്ങള്‍ക്ക് ഗതിമാറ്റം വരുന്നത്. ശിര്‍ക്കാന്‍ തേച്ചത് തൗഹീദായി തോന്നിയത്. എക്സറേ അടക്കം യാദൃച്ഛികമായുണ്ടായ ചില കണ്ടെത്തലുകളുണ്ടല്ലോ, അപ്രകാരം ശിര്‍ക്കുലാബില്‍ ജിന്നു കേറുന്നതും ഭൗതിക അഭൗതിക മാനദണ്ഡങ്ങള്‍ കീഴ്മേല്‍ മറിയുന്നതുമൊക്കെ ഇതിന്‍റെ അനുബന്ധമായുണ്ടായി. തൗഹീദിന്‍റെ നിര്‍വചനം പലയാവര്‍ത്തി വെട്ടിത്തിരുത്തി. തൗഹീദിനായധ്വാനിച്ചു മണ്‍മറഞ്ഞ പല മൗലവിമാരുടെയും ജീവിതം വൃഥാവിലായെന്നു മാത്രമല്ല, കടുകട്ടി ശിര്‍ക്കും പേറി ചരമം കൊണ്ട് ഭാഗ്യശൂന്യരുമായി അവര്‍. സിഹ്ര്‍ ഫലിക്കുന്നത് അഭൗതികമായും കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമായുമാകയാല്‍ തൗഹീദ് തലകുത്തി നിന്നു. ആകെ ഓടക്കാട്ടില്‍ ഒറ്റയാന്‍ കയറിയ പ്രതീതി. അങ്ങനെയാണ് മൗലവി ഗ്രൂപ്പും മടവൂര്‍ ഗ്രൂപ്പും ഉണ്ടായത്. ജിന്നൂരികളെന്ന് ഇരുകൂട്ടരും ഓമനിച്ചു വിളിച്ച സക്കരിയ്യ ഗ്രൂപ്പും ജനിച്ചു. പിന്നെയും ഗവേഷണം മുറുകിയപ്പോള്‍ മൂന്നാം മുന്നണിയുടെ നേതാവ് കളംചാടി. രാഹുല്‍ ഗാന്ധിയെ കാണാതായപ്പോഴുണ്ടായപോലെ അഭ്യൂഹം മാത്രമാണ് ടിയാനെ കുറിച്ച് ഇപ്പോഴുള്ളത്.
മുജാഹിദ് പാളയത്തിലെ ഈ ജാതി കുത്തിമറിച്ചിലുകള്‍ കേട്ടും വായിച്ചും തലചുറ്റി ഓക്കാനം മുട്ടി നില്‍ക്കുന്ന കേരളക്കാര്‍ക്ക് പിന്നെയും ഇതോര്‍മപ്പെടുത്തിയത് മഹത്തായ ഒരു കരണംകുത്തി മറിയലിനുകൂടി ഈ ‘നവോത്ഥാന’ പ്രസ്ഥാനം വിധേയമായിരിക്കുന്നത് പരിചയപ്പെടുത്താനാണ്. മന്ത്രിച്ചൂതിയുള്ള ആത്മീയ ചികിത്സയാണ് ഇപ്പോള്‍ മുജാഹിദുകളുടെ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ വിറങ്ങലിച്ചു കിടക്കുന്നത്.
മതം ചികില്‍ത്സക്ക് പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. അത് ഭൗതിക-ആത്മീയ രീതികളിലൊക്കെയാവാം. വേറിട്ടും സംയുക്തമായും ചെയ്യാം. അന്യത്ര വിശദീകരിക്കപ്പെട്ടതാകയാല്‍ അതിന്‍റെ ആധികാരികതയും പ്രാമാണികതയുമൊന്നും ഇവിടെ പരാമര്‍ശിക്കുന്നില്ല. മതം അനുവദിച്ച, റസൂല്‍(സ്വ) പ്രോത്സാഹിപ്പിച്ച, പില്‍ക്കാല പണ്ഡിതരൊക്കെയും നടത്തിക്കാണിച്ച മന്ത്രിച്ചൂത്ത് ചികിത്സ കേരളത്തില്‍ നടന്നു വന്നിരുന്നു; ഇപ്പോഴും വ്യാപകമായി നിലകൊള്ളുന്നു. മുസ്‌ലിം സമൂഹത്തിന് ഈ കാര്യത്തില്‍ അല്‍പമാത്ര സന്ദേഹം പോലുമുണ്ടായിരുന്നില്ല.
വിഷം തീണ്ടി മരണാസന്നനായ ഒരു ഗോത്ര തലവനെ അബൂസഈദിനില്‍ ഖുദ്രി(റ) മന്ത്രിച്ചൂതി സുഖപ്പെടുത്തിയതും പ്രതിഫലമായി ലഭിച്ച മുപ്പത് ആടുകളെ തിരുനബി (സ്വ) അംഗീകരിച്ചതുമടക്കം നിരവധി പ്രമാണങ്ങള്‍ അവര്‍ക്ക് മുമ്പിലുണ്ടല്ലോ. മന്ത്രിച്ചൂത്ത് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ  ഭാഗമാവാം, തിരുനബി(സ്വ) പ്രതിഫലമായി ലഭിച്ച ആടുകളില്‍ നിന്ന് വിഹിതമാവശ്യപ്പെടുക പോലുമുണ്ടായി.
പിന്നെയും ഇക്കാര്യത്തില്‍ ശങ്കിക്കുക നബി(സ്വ)യുടെ ദര്‍ശനങ്ങളില്‍ തരിമ്പും താല്‍പര്യമില്ലാത്ത ഇടമറുകാദികള്‍ മാത്രം. പക്ഷേ, മുജാഹിദുകള്‍ ഈ രംഗത്ത് ഇടമറുകിനെയും ചാള്‍സ് ഡിക്കന്‍സിനെയും സാക്ഷാല്‍ ബര്‍ണഡ് റസ്സലിനെയും കടത്തി വെട്ടി. നബി  (സ്വ) ചെയ്താലും അംഗീകരിച്ചാലും ലോക മുസ്‌ലിംകളഖിലം അനുവര്‍ത്തിച്ചാലുമൊന്നും മന്ത്രിച്ചൂത്ത് പറ്റില്ലെന്ന് അവര്‍ വാശിപിടിച്ചു. കാരണം ലളിതം, ശിര്‍ക്കോഫോബിയ! മന്ത്രിച്ച വെള്ളം കുടിച്ച് രോഗം മാറിയാല്‍ അത് അഭൗതിക രീതിയാണ്, കാര്യകാരണബന്ധങ്ങള്‍ക്കതീതമാണ്. ഇതിനപ്പുറം ശിര്‍ക്കെന്ത്? മുജാഹിദ് പുറംപോക്കിലെ ഓരോ അംഗവും  ഈ ആവശ്യാര്‍ത്ഥം തൊണ്ട കീറി. ലേഖനങ്ങളും പുസ്തകങ്ങളും പിറന്നു. അവര്‍ നിര്‍മാര്‍ജനം ചെയ്ത മഹാ ദ്രോഹങ്ങളില്‍ മുഖ്യമായി ഇതിനെ എണ്ണി. ചില പഴംപുരാണങ്ങള്‍ വായിക്കുക:
‘നൂല്, മന്ത്രം, പിഞ്ഞാണമെഴുത്ത്, മന്ത്രിച്ചൂതിയ വെള്ളം, മൗലൂദ്… എന്നിവ ചികിത്സാരീതികളായി സ്വീകരിക്കുന്ന ശിര്‍ക്കന്‍ വിശ്വാസം (അവിഭക്ത കെ.എന്‍.എം പ്രസിദ്ധീകരിച്ച ഇസ്ലാഹി പ്രസ്ഥാനം എന്ന കൃതി പേജ് : 161)  നബി(സ്വ) പോലും ചെയ്ത മന്ത്രിച്ചൂതല്‍ ശിര്‍ക്കാണെന്ന്!
അല്‍ ഇസ്വ്ലാഹ് മാസികയിലെ നിറസാന്നിധ്യം എസ്.എസ് ചങ്ങലീരി എഴുതിയതിപ്രകാരം: ‘എന്നാല്‍ മന്ത്രത്തോടൊപ്പം എന്തെങ്കിലും ഊതിക്കുടിക്കുകയോ ശരീരത്തിലോ മറ്റോ കെട്ടുകയോ ചെയ്യാന്‍ പാടില്ലെന്നും അത് ശിര്‍ക്കും കുഫ്റുമാണെന്നും വ്യക്തമായി’ (ആദര്‍ശ ഡയറി, പേ 57).
മറ്റ് നിരവധി പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും ഇക്കാര്യം വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്.
മന്ത്രിക്കലും വെള്ളത്തില്‍ ഊതിക്കുടിക്കലുമൊക്കെ തനിശിര്‍ക്കും അന്ധവിശ്വാസവും പരമാബദ്ധവും ആയി കൂവി നടന്നവര്‍ ഹദീസും ആയത്തും പഠിച്ച് കുറച്ച് ‘വെളിവ്വെച്ചു’ തുടങ്ങിയപ്പോള്‍ ആകെ മാറിയ കൗതുകമാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതൊക്കെ തൗഹീദിന്‍റെ കടുകട്ടിയാണത്രെ! ഇപ്പോള്‍ തുപ്പല്‍ തെറിപ്പിച്ച് വരേെ ഊതി ചികിത്സിക്കാമത്രെ മുജാഹിദുകള്‍ക്ക്!
അല്‍ ഇസ്വ്ലാഹ് മാസിക 2015 മാര്‍ച്ച് ലക്കം പ്രസിദ്ധീകരിച്ച മന്ത്രങ്ങളുടെ രീതികള്‍ എന്ന ദീര്‍ഘ ലേഖനത്തിന്‍റെ ചില വരികള്‍ കാണുക:
‘മന്ത്രത്തിന്‍റെ രൂപങ്ങള്‍ വിവിധ രീതികളില്‍ പ്രമാണങ്ങളില്‍ വന്നിട്ടുണ്ട്. ചില ഹദീസുകള്‍ കാണുക:
ആയിശ(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു. അവര്‍ പറഞ്ഞു: ‘തന്‍റെ കുടുംബത്തിലാരെങ്കിലും രോഗിയായാല്‍ അവിടുന്ന് മുഅവ്വിദാത്ത് (സൂറ:നാസ്, ഫലക്വ്) ഓതി ഊതാറുണ്ടായിരുന്നു. നബി(സ്വ) വഫാത്തായ രോഗത്തിലായപ്പോള്‍ ഞാന്‍ അവിടുത്തെ മേല്‍ ഊതുകയും അവിടുത്തെ കൈകൊണ്ട് തന്നെ തടവുകയും ചെയ്തു കൊണ്ടിരുന്നു. എന്‍റെ കൈകളേക്കാള്‍ അവിടുത്തെ കൈകള്‍ക്ക് ബറകത്ത് ഉള്ളതു കൊണ്ടാണ് (അവിടുത്തെ കൈകള്‍ കൊണ്ടു തന്നെ തടവിയത്’ (ബുഖാരി. ഖുര്‍ആനിന്‍റെ സവിശേഷതകള്‍).
അബൂ സഈദ്(റ)വിന്‍റെ ഹദീസില്‍ വന്നിട്ടുള്ള പാമ്പുകടിയേറ്റവന്‍റെ കഥയില്‍ പറഞ്ഞ സംഭവം…. പിന്നെ അദ്ദേഹം പോയി തുപ്പല്‍ തെറിപ്പിച്ച് ഊതാന്‍ തുടങ്ങി, സൂറത്തുല്‍ ഫാതിഹ ഓതികൊണ്ടായിരുന്നു. ആ കാര്യം പിന്നീട് നബി(സ്വ) അംഗീകരിച്ചു കൊടുത്തു (ബുഖാരി).
മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടിലുള്ളത്, ‘അദേഹം ഉമ്മുല്‍ ക്വുര്‍ആന്‍ ഓതാന്‍ തുടങ്ങി. തന്‍റെ ഉമിനീര്‍ കൂട്ടിവെച്ചു കൊണ്ട് ഊതുകയും ചെയ്തു കൊണ്ടിരുന്നു. അങ്ങനെ ആ മനുഷ്യന്‍ വിഷമത്തില്‍ നിന്ന് മോചിതനായി’ എന്നാണ് (സ്വഹീഹ് മുസ്‌ലിം).
മന്ത്രത്തില്‍ ‘നഫ്സും’ ‘തഫ്ലും’ (ഊത്തും തുപ്പലും-ലേ) ആകാം എന്ന് ഈ ഹദീസുകളില്‍ നിന്ന് തെളിയുന്നു. അപ്രകാരമാണ് സ്വഹാബത്തിലെ ഒരു സംഘം പറഞ്ഞത്. പണ്ഡിതന്‍മാരില്‍ മഹാഭൂരിപക്ഷവും ഈ വീക്ഷണക്കാരാണ് (പേ:33).
മന്ത്രത്തിന്‍റെ വിഷയത്തില്‍ വന്നിട്ടുള്ള ഹദീസുകളും അതേപോലെ നഫ്ഥ്-തഫ്ല് എന്നിവ പരാമര്‍ശിക്കപ്പെട്ട നസ്സ്വുകളും വിശകലന വിധേയമാക്കിയാല്‍ ക്വിറാഅത്തിന് മുന്നേയും പിന്നേയും ഒപ്പവുമൊക്കെ ഊത്ത് നടത്തപ്പെട്ടതായി മനസ്സിലാക്കാം. ഈ പറഞ്ഞ മൂന്ന് രീതിയും അനുവദനീയമാണെന്ന് ഹദീസുകളില്‍ നിന്ന് കിട്ടും (പേജ്:34).
ഈ മന്ത്രത്തിന്‍റെ രീതി ഇപ്രകാരമാണ്. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് നിയമ വിധേയമായ മന്ത്രങ്ങള്‍ ചൊല്ലി അതില്‍ ഊതുക. അതിന് ശേഷം രോഗി അത് കൊണ്ട് കുളിക്കുകയോ കുടിക്കുകയോ രോഗമുള്ള ഭാഗത്ത് അത് (ഒഴിച്ച്)കൊണ്ട് തടവുകയോ ചെയ്യുക (പേജ്:35).
അഹമദ് പറഞ്ഞു-അദ്ദേഹം (ഥാബിത്) രോഗിയായിരുന്നു. അപ്പോള്‍ നബി(സ്വ)… ഒരല്‍പ്പം മണ്ണെടുത്തു. പിന്നെ അതൊരു പാത്രത്തിലാക്കി. പിന്നെ അതില്‍ വെള്ളത്തില്‍ ഊതി അദ്ദേഹത്തിന്‍റെ മേല്‍ ഒഴിച്ചു (സുനനു അബീദാവൂദ്).
ലൈഥ്ബ്നു അബീസുലൈമില്‍നിന്ന്. അദ്ദേഹം പറഞ്ഞു: ഈ ആയത്തുകള്‍ ഒരു പാത്രത്തിലെ വെള്ളത്തില്‍ ഓതി സിഹ്റ് ബാധിതന്‍റെ ശരീരത്തില്‍ ഒഴിച്ചാല്‍ ശമനം കിട്ടും (ഇബ്നു അബീ ഹാതിമിന്‍റെ തഫ്സീര്‍). ഇമാം അഹ്മദിന്‍റെ മകന്‍ സ്വാലിഹ് പറഞ്ഞു. ഞാന്‍ ചിലപ്പോഴൊക്കെ വയ്യാത്തവനാവും. അപ്പോള്‍ എന്‍റെ പിതാവ് ഒരു പാത്രം വെള്ളമെടുത്ത് അതില്‍ ഓതുകയും എന്നോട് അത് കുടിക്കാനും മുഖവും കൈയ്യും കഴുകാനും പറഞ്ഞിരുന്നു (പേജ്:36). ഇബ്നു തൈമിയ്യ പറഞ്ഞു. ഖുര്‍ആനില്‍ നിന്നോ മറ്റു ദിക്റുകളില്‍ നിന്നോ വല്ലതും പാത്രത്തിലോ പലകയിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം കുടിക്കുന്നത് കൊണ്ട് തെറ്റില്ലെന്ന് ഇമാം അഹ്മദും മറ്റും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട് (മജ്മഉല്‍ ഫതാവാ) (പേജ്:37).
മന്ത്രത്തിന്‍റെ ആധികാരികത ഇത്ര ആവേശത്തില്‍ സമര്‍ഥിച്ച് ഞെളിഞ്ഞിരിക്കുന്ന നവ മുജാഹിദുകളോട് ചില ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്ന് സൂചിപ്പിക്കട്ടെ. പ്രധാനമായും ഇത് പറഞ്ഞായിരുന്നു ലോക മുസ്‌ലിംകളെ നിങ്ങള്‍ മുശ്രിക്കുകള്‍ ആക്കിയത്. അടിയന്തരമായി അവരോട് ക്ഷമ ചോദിക്കുക. മുശ്രികല്ലാത്തവരെ ശിര്‍ക്ക് ആരോപിക്കുമ്പോള്‍ അത് തിരിഞ്ഞ് കുത്തുമെന്ന് ഉറപ്പ്, അത്കൊണ്ട് ശഹാദത്ത് പുതുക്കുക. അനേകം മുജാഹിദുകള്‍ ഇങ്ങനെയാണ് ചരമമടഞ്ഞത്-അവരുടെ ആഖിറത്തെ കുറിച്ച് വിശദീകരിക്കുക, എന്തായാലും നിങ്ങളുടെ പഠനം തുടരണം. എങ്കില്‍ സമീപ ഭാവിയില്‍ ഇസ്തിഗാസയും തവസ്സുലുമൊക്കെ പ്രാമാണികമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാനാവും.

Tuesday, 14 March 2017

അവിടുത്തെ മധ്യവര്‍ത്തിയാക്കിയവര്‍ നിരാശരാകേണ്ടിവരില്ല.



ഇസ്തിഗാസയും ശാഫിഈ മദ്ഹബും 5 മസ്ലൂല്‍

അമ്പത്തിമൂന്ന്: ഇമാം തഖിയുദ്ദീന്‍ അല്‍ ഹിസ്നി (മരണം ഹി. 829). ഫിഖ്ഹിലും ഹദീസിലും അവഗാഹം നേടിയ ഹിസ്നി(റ) വ്യക്തിജീവിതത്തിന്‍റെ വിശുദ്ധിയില്‍ സകലരും വാഴ്ത്തിയിട്ടുള്ള മഹാനാണ്. സ്വഹീഹു മുസ്ലിം വ്യാഖ്യാനം, മിന്‍ഹയാതുന്നവവി വ്യാഖ്യാനം, ഇഹ്യാഇലെ ഹദീസുകളെക്കുറിച്ചുള്ള പഠനം തുടങ്ങി നിരവധി ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. വികലവാദികളുണ്ടാക്കുന്ന ആശങ്കകള്‍ പ്രതിരോധിച്ചുകൊണ്ട് അദ്ദേഹമെഴുതിയ ദഫ്ഉശുബ്ഹി മന്‍ ശബ്ബഹ വ തമര്‍റദ ആശയസമ്പുഷ്ടമായ ഒരു രചനയാണ്. ഇമാം എഴുതുന്നു: തിരുദൂതര്‍(സ്വ) ഏറ്റവും മഹത്തായ വസീലയാണ്. അവിടുത്തെ മധ്യവര്‍ത്തിയാക്കിയവര്‍ നിരാശരാകേണ്ടിവരില്ല.
തുടര്‍ന്ന്, ഗ്രന്ഥകാരന്‍ മദീനാവാസികള്‍ പ്രവാചകാഗമനത്തിനു മുമ്പ് നബി(സ്വ)യെ തവസ്സുലാക്കി പ്രാര്‍ത്ഥിച്ച സംഭവം ഖുര്‍ആന്‍ 289ന്‍റെ പശ്ചാത്തലത്തില്‍ അനുസ്മരിക്കുന്നു. ശേഷം അദ്ദേഹം പറയുന്നു: നോക്കൂ, അല്ലാഹു താങ്കള്‍ക്ക് വിവേകം നല്‍കട്ടെ, തിരുദൂതരുടെ സ്ഥാനവലുപ്പം! ജൂതന്മാര്‍ അവിടുത്തെ തവസ്സുലാക്കി പ്രാര്‍ത്ഥിച്ചപ്പോള്‍, അവര്‍ നിഷേധികളായിരുന്നിട്ടും, അല്ലാഹുവിന്‍റെ ദീനിനെ പ്രയാസപ്പെടുത്തുന്നവരായിരുന്നിട്ടും അവരുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചുപോന്നു. അതിനാല്‍ തിരുനബി(സ്വ)യെ തവസ്സുലാക്കുന്നതു വിലക്കുന്നവര്‍ സ്വയം വിളിച്ചുപറയുകയാണ്; താന്‍ ജൂതനേക്കാള്‍ തരംതാണവനാകുന്നുവെന്ന്. മറ്റൊരിടത്തു കാണാം: വഫാതിനുശേഷം തിരുനബി(സ്വ)യെ തവസ്സുലാക്കുന്നതും ശിപാര്‍ശകനാക്കുന്നതും നിഷേധിക്കുന്നവന്‍, വിയോഗത്തോടെ അവിടുത്തെ മഹത്ത്വം കഴിഞ്ഞുവെന്ന് പറയുന്നവന്‍, ജൂതരേക്കാള്‍ തരംതാഴ്ന്നവരാണെന്ന് സ്വയം വിളിച്ചു പറയുകയാണ്. അവന്‍റെ ഹൃദയത്തിന്‍റെ ഏറ്റവും നീചമായ വഴികേടാണ് ഇത്.
ഇസ്തിഗാസയടങ്ങിയ ധാരാളം കവിതകള്‍ ഇമാം ഉദ്ധരിക്കുന്നുണ്ട്. ഇമാം ഖണ്ഡിതമായി പ്രഖ്യാപിച്ചു: നബി(സ്വ)യോടു ഇസ്തിഗാസ ചെയ്യുന്നതും ഇസ്തിഗാസക്കൊപ്പം അവിടുത്തെ തിരുഖബ്റിലഭയം തേടുന്നതുമെല്ലാം ചര്‍ച്ച ചെയ്ത് ഇമാമുകള്‍ പ്രത്യേക അധ്യായം തന്നെ മാറ്റിവെച്ചിട്ടുണ്ട്. അവരെല്ലാം പറഞ്ഞത്, തിരുഖബ്റിലഭയം തേടുന്നവന്‍റെ ഇസ്തിഗാസയും തന്‍റെ വിഷമങ്ങളെക്കുറിച്ച് ആവലാതിപ്പെടുന്നതും അല്ലാഹുവിന്‍റെ അനുമതിയോടെ, ആ വിഷമങ്ങളെല്ലാം ദൂരീകരിക്കുകയും തന്നെ ചെയ്യുമെന്നാണ് (ദഫ്ഉശുബ്ഹ്).
ഗ്രന്ഥങ്ങളില്‍ ഇബ്നുതൈമിയ്യയെയും അനുയായികളെയും പ്രമാണവിരുദ്ധ നിലപാടുകളുടെ പേരില്‍ വിചാരണ ചെയ്യുന്നുണ്ട് അദ്ദേഹം. ഇമാം മാലികും അബൂജഅ്ഫറും (റ.ഹും) തമ്മില്‍ നടന്ന ചര്‍ച്ച അനുകഥനം ചെയ്തുകൊണ്ട് ഖുര്‍ആന്‍ 464ന്‍റെ ആശയം ഇമാം ഹിസ്നി(റ) അംഗീകരിക്കുന്നു. ഇമാം പറഞ്ഞു: ഉലമാക്കളെല്ലാം, നബിയെ സിയാറത്തു ചെയ്യുന്നവര്‍ ഈ സൂക്തം ഓതുന്നതു സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ട് നബി(സ്വ)യോട് പാപമോചനത്തിന് പ്രാര്‍ത്ഥിക്കാനാവശ്യപ്പെടുകയും ശഫാഅത്തു തേടുകയും വേണം. ഇസ്തിഗാസ പ്രാമാണികമായി സമര്‍ത്ഥിക്കുന്ന ഇമാം ഹിസ്നി, ധാരാളം സംഭവങ്ങള്‍ ഉദ്ധരിക്കുന്നുമുണ്ട്.
അമ്പത്തിനാല്: അല്‍ ഇമാമുല്‍ ഹാഫിള് ഇബ്നുല്‍ ജസരി (ഹി. 833). ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍. ഹദീസ് ശാസ്ത്ര നിപുണന്‍. ഇബ്നുഹജര്‍ അസ്ഖലാനി(റ) അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു. ഖുര്‍ആന്‍ പാരായണത്തില്‍ അവഗാഹം നേടിയ ശേഷം ഹദീസ് പഠനത്തില്‍ മുഴുകി. ഒരു ലക്ഷം ഹദീസുകള്‍ സനദ് സഹിതം ഹൃദിസ്ഥമാക്കി. അഞ്ഞൂറ് വരികളുള്ള മനോഹരകാവ്യം ഹദീസ് നിദാന ശാസ്ത്രത്തില്‍ രചിച്ചു. ഹാഫിളുല്‍ ഇറാഖിയുടെ അല്‍ഫിയ്യയെക്കാള്‍ പ്രൗഢമാണത്.
ജസരിയുടെ അല്‍ഹിസ്നുല്‍ ഹസ്വീന്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളെക്കുറിച്ചാണ്. പ്രാര്‍ത്ഥനയുടെ മഹത്ത്വം പറയുന്ന അധ്യായത്തില്‍, പ്രാര്‍ത്ഥനക്കുത്തരം എളുപ്പമാക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടുത്തവെ, ഇമാം എഴുതി: പ്രവാചകന്മാരുടെ ഖബ്റിടത്തിങ്കല്‍ വെച്ചും സച്ചരിതരുടെ ഖബ്റിങ്കലും നടത്തുന്ന പ്രാര്‍ത്ഥന ഉത്തരം ലഭിക്കുന്നതാണെന്ന കാര്യം അനുഭവയാഥാര്‍ത്ഥ്യമാണ്. ശുഭകാംക്ഷയായും തബര്‍റുകിനു വേണ്ടിയും സ്വഹീഹ് മുസ്ലിമി(റ)ന്‍റെ ഏതാനും ഭാഗം, അതിന്‍റെ കര്‍ത്താവ് ഇമാം മുസ്ലിമിന്‍റെ നൈസാബൂരിലെ ഖബ്റിടത്തിങ്കല്‍ ചെന്നു പാരായണം ചെയ്യുകയും അവിടെ പ്രാര്‍ത്ഥിച്ചതിന്‍റെ വലിയ ഗുണം തനിക്കു ലഭിച്ചുവെന്ന് സന്തോഷിക്കുകയും ചെയ്യുന്നു ഇമാം ജസരി, തന്‍റെ തസ്ഹീഹുല്‍ മസ്വാബീഹിന്‍റെ ആമുഖത്തില്‍ (ഇത് മുല്ലാ അലിയ്യുല്‍ ഖാരി മിര്‍ഖാതില്‍ എടുത്തുദ്ധരിക്കുന്നുണ്ട്).
തന്‍റെ ത്വബഖാതുല്‍ ഖുര്‍റാഅ് എന്ന കൃതിയില്‍, പാരായണ വിദഗ്ധനായ ഇമാം ശാഫിഈ(റ)യെ പരിചയപ്പെടുത്തുമ്പോള്‍ ജസരി എഴുതുന്നു: അദ്ദേഹത്തിന്‍റെ ഖബ്ര്‍ മിസ്റിലെ ഖിറാഫയിലാണെന്നാണ് സുപ്രസിദ്ധം. അവിടെ പ്രാര്‍ത്ഥിക്കുന്നതിന് ഉത്തരമുണ്ട്. ഞാന്‍ മഹാനരെ സന്ദര്‍ശിച്ചു. അപ്പോള്‍ ഞാന്‍ പാടി; ഞാനിതാ ഇമാം ശാഫിഈയെ സന്ദര്‍ശിച്ചിരിക്കുന്നുനിശ്ചയം അതെനിക്ക് ഉപകാരപ്രദമായിരിക്കുംഅദ്ദേഹത്തില്‍ നിന്നും എനിക്കു ശഫാഅത്തു ലഭിക്കാന്‍എത്ര ബഹുമാന്യനായ ശിപാര്‍ശകന്‍!
ഇമാം അബൂഹനീഫ(റ)യുടെയും സുഫ്യാനുസ്സൗരി(റ)യുടെയും സഹയാത്രികനായിരുന്ന അബ്ദുല്ലാഹിബ്നുല്‍ മുബാറകി(റ)നെ കുറിച്ചു പറയവെ, ജസരി പറയുന്നു: ഹീത്തിലാണ് അദ്ദേഹത്തിന്‍റെ ഖബ്ര്‍. ധാരാളമായി സിയാറത്ത് നടക്കുന്നുണ്ടവിടെ. ഞാന്‍ അവിടെ സന്ദര്‍ശിച്ചു. അദ്ദേഹത്തെക്കൊണ്ട് ബറകത്തെടുത്തു.
ശാതിബിയെക്കുറിച്ച് ഓര്‍ക്കവെ, ഇമാം ജസരി: സിയാറത്തുദ്ദേശിച്ചെത്താറുള്ള പ്രസിദ്ധമായ ഖബ്റാണദ്ദേഹത്തിന്‍റേത്. ഞാന്‍ അവിടം പലവട്ടം സന്ദര്‍ശിച്ചിട്ടുണ്ട്. ആ ഖബ്റിങ്കല്‍ വെച്ച് എന്‍റെ ചില ശിഷ്യന്മാര്‍ ശാതിബിയ്യ എനിക്കോതിക്കേള്‍പ്പിച്ചിട്ടുണ്ട്. അവിടെ വെച്ച് ദുആ ചെയ്യുന്നതിന്‍റെ ബറകത്ത് പ്രാര്‍ത്ഥനക്കുത്തരം ലഭിക്കുക വഴി എനിക്കനുഭവപ്പെട്ടിട്ടുണ്ട്.
അമ്പത്തിയഞ്ച്: ഇമാം ഇബ്നു നാസ്വിറുദ്ദീനുദ്ദിമശ്ഖി (ഹി. 842). ഇബ്നുതൈമിയ്യയില്‍ അനുരക്തനാണെങ്കിലും അദ്ദേഹത്തെ ന്യായീകരിച്ചെഴുതിയ അര്‍റദ്ദുല്‍ വാഫിര്‍ തന്നെയും തുടങ്ങുന്നത് തവസ്സുലുകള്‍ കൊണ്ടാണ്. മുഹമ്മദീയ ചര്യ അനുഗമിക്കുക, അഹ്മദീയ പാത പിന്തുടരുക എല്ലാ മുസ്ലിംകളുടെയും ബാധ്യതയാണ്. ഇതിന്‍റെ ഭാഗമാണ് സച്ചരിതരായ ഇമാമുകളുടെ തിരുശേഷിപ്പുകള്‍ കൊണ്ട് ബറകത്തെടുക്കല്‍. ഗ്രന്ഥത്തിന്‍റെ രചനാരീതിയെക്കുറിച്ച് പറയവേ, അദ്ദേഹം എഴുതി: മുഹമ്മദ് എന്ന നാമമുള്ളവരുടെ പേരുകളാണ് ഞാനാദ്യം നിരത്തുക (അക്ഷരമാലാ ക്രമം ഇതിനുവേണ്ടി തെറ്റിച്ചിരിക്കുന്നു). പ്രവാചക നേതാവിന്‍റെ പേരിലെ ബറകത്തു പ്രതീക്ഷിച്ചുകൊണ്ട്!
രോഗശമനത്തിനുവേണ്ടി മഹത്തുക്കളുടെ ഖബ്റിടത്തിലെ മണ്ണ് മുഖത്ത് പുരട്ടുന്നതിന്‍റെ ഫലത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ഇസ്തിഗാസയെ തുണക്കുന്ന ധാരാളം പരാമര്‍ശങ്ങളടങ്ങിയതാണ് തന്‍റെ മൗരിദുസ്വാദീ എന്ന പ്രവാചക മൗലിദ് ഗ്രന്ഥം (ഇബ്നു തൈമിയ്യയില്‍ ആകൃഷ്ടനായ, എന്നാല്‍ ആദര്‍ശത്തെ ചോദ്യം ചെയ്ത പണ്ഡിതനാണിദ്ദേഹം).
അമ്പത്തിയാറ്: അല്ലാമാ അഹ്മദുല്‍ അബ്ശയ്ഹി (ഹി. 850). വിവിധ കലകളില്‍ വ്യുല്‍പത്തി നേടിയ അബ്ശയ്ഹിയുടെ അല്‍ മുസ്തഥ്റഫ് മിന്‍ കുല്ലി ഫന്നിന്‍ മുസ്തള്റഫ് വളരെ മനോഹരമായ ഒരു കൃതിയാണ്. ബിഹഖി മുഹമ്മദിന്‍ എന്ന് തവസ്സുല്‍ ചെയ്താണ് കൃതി തുടങ്ങുന്നത്. മദീനയില്‍ തിരുസവിധത്തിലെത്തിയപ്പോള്‍ പ്രവാചക പ്രേമാധിക്യത്താല്‍ കുട്ടികളെപ്പോലെ താന്‍ ഗാനമാലപിച്ചുപോയെന്നു സ്വാനുഭാവം അനുസ്മരിക്കുന്നുണ്ട് ഗ്രന്ഥത്തിലൊരിടത്ത്. ഇമാം അബൂഹനീഫ(റ) ചൊല്ലിയ അല്‍ ഖസ്വീദതുന്നുഅ്മാനിയ്യയിലെ വരികളാണ് അബ്ശയ്ഹി തിരുസവിധത്തില്‍ പാടുന്നത്. ഇസ്തിഗാസയടങ്ങിയ ആ പദ്യത്തില്‍ തിരുനബി(സ്വ)യോട് ആവലാതി ബോധിപ്പിക്കുന്ന ഭാഗമെത്തിയപ്പോള്‍ അബൂഹനീഫ എന്നതിനു പകരം ഇബ്നുല്‍ ഖഥീബ് എന്നു സ്വന്തം പേരാണ് പറയുന്നത് എന്നുമാത്രം.
അമ്പത്തിയേഴ്: അല്ലാമാ ഇബ്നു ഖാളീ ശുഹ്ബ (ഹി. 851). പ്രസിദ്ധമായ ത്വബഖാതുശ്ശാഫിഇയ്യയുടെ കര്‍ത്താവ്. ഗ്രന്ഥം നിറയെ തവസ്സുലും ഇസ്തിഗാസയും കാണാം. അഹ്മദുബ്നു അലിയ്യുല്‍ ഹമദാനിയെക്കുറിച്ചു പരിചയപ്പെടുത്തുന്ന ഭാഗത്ത് അദ്ദേഹത്തിന്‍റെ ഖബ്റിങ്കലെ ദുആ ഉത്തരം ലഭിക്കുന്നതാണ് എന്നു കാണാം. ഇമാം ഗസ്സാലി(റ)യുടെ ഗുരുവായ ശൈഖ് നസ്റി (ഹി. 690)നെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ഇമാം നവവി(റ)യുടെ വാക്കുകള്‍ ഉദ്ധരിക്കുന്നു: ഗുരുക്കന്മാര്‍ പറയുന്നത് നാം കേട്ടിട്ടുണ്ട്, ശനിയാഴ്ച ദിവസം അദ്ദേഹത്തിന്‍റെ ഖബ്റിങ്കലെ ദുആ ഫലപ്രദമാണ്.
അമ്പത്തിയെട്ട്: അല്‍ഹാഫിള് ഇബ്നുഹജറില്‍ അസ്ഖലാനി (ഹി. 852). ഹദീസ് ശാസ്ത്രത്തില്‍ അമീറുല്‍ മുഅ്മിനീന്‍ എന്നുവരെ വാഴ്ത്തപ്പെട്ട, സര്‍വാംഗീകൃതനായ ഹദീസ് ഗുരു. അദ്ദേഹത്തിന്‍റെ ഫത്ഹുല്‍ബാരി വിശ്വവിഖ്യാതമാണ്. നബി(സ്വ) പൈതലായിരിക്കുമ്പോള്‍ പിതാമഹന്‍ അബ്ദുല്‍ മുത്വലിബ് മഴക്കുവേണ്ടി കുഞ്ഞിനെ തവസ്സുലാക്കി പ്രാര്‍ത്ഥിച്ച സംഭവം പറയുന്നുണ്ട് ഹാഫിളുദ്ദുന്‍യാ. തിരുസ്പര്‍ശമേറ്റ സ്ഥലങ്ങളില്‍ ബറകത്ത് തേടുന്നതിനെക്കുറിച്ച് ഉത്ബാനുബ്നുല്‍ മാലികില്‍ അന്‍സ്വാരി(റ)യുടെ ഹദീസിന്‍റെ വിശദീകരണത്തില്‍ പറയുന്നുണ്ട്. സാലിമുബ്നു അബ്ദില്ലാഹ്, തിരുദൂതര്‍ നിസ്കരിച്ച സ്ഥലങ്ങള്‍ കണ്ടുപിടിച്ചു നിസ്കരിക്കുന്നത് താന്‍ കണ്ടതിനെക്കുറിച്ച്, ഇബ്നുഉമര്‍(റ) അത്തരം സ്ഥലങ്ങളില്‍ നിസ്കരിച്ച് ബറകത്ത് കരസ്ഥമാക്കിയിരുന്നുവെന്ന് പറഞ്ഞ് സമര്‍ത്ഥിക്കുന്നുണ്ട് ഹാഫിള്.
ഉമര്‍(റ)ന്‍റെ ഭരണകാലത്ത്, തിരുസവിധത്തിലെത്തി മഴക്കുവേണ്ടി പ്രാര്‍ത്ഥിക്കാനാവശ്യപ്പെട്ട മാലികുദ്ദാറിന്‍റെ ഹദീസ്, പരമ്പര കൊള്ളാമെന്നു വിധിച്ചു സ്വീകരിക്കുകയായിരുന്നു അസ്ഖലാനി; ദൗര്‍ബല്യം കണ്ടെത്തി തള്ളാന്‍ ശ്രമിക്കുകയായിരുന്നില്ല. സജ്ജനങ്ങളുടെ വസ്ത്രം, തുപ്പുനീര്, ഭക്ഷണാവശിഷ്ടം മുതലായവ കൊണ്ട് ബറകത്തെടുക്കാന്‍ ഹദീസ് പ്രമാണമായി കാണുകയാണ് ഇമാം (ഉദാ: ഹദീസ് നമ്പര്‍ 2731, 3581, 5879).
തവസ്സുല്‍ ഇസ്തിഗാസയെ തൗഹീദിന്‍റെ ഭാഗമായിക്കണ്ട ഹദീസുകള്‍ക്കെതിരല്ലെന്നു തിരിച്ചറിഞ്ഞ ഹാഫിള് അസ്ഖലാനി(റ), തന്‍റെ കവിതകളില്‍ ഇതു പ്രാവര്‍ത്തികമാക്കിയതു കാണാം. പാപിയായ അടിമ ഇതാ അങ്ങയുടെ സവിധത്തിലെത്തിയിരിക്കുന്നു, അങ്ങയുടെ വിശാലമനസ്സില്‍ പ്രതീക്ഷയര്‍പ്പിച്ച്… എന്നു നബി(സ്വ)യോടു ആവലാതിപ്പെടുന്ന അദ്ദേഹം, മഹ്ശറയിലെ ഭയാനതകളില്‍നിന്നും രക്ഷപ്പെടുത്താന്‍ കാലേക്കൂട്ടി നബി(സ്വ)യോട് അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. മാരകവ്യാധികള്‍ വരുമ്പോള്‍ നബി(സ്വ)യെ തവസ്സുലാക്കി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം പഠിപ്പിക്കുന്നു (ബദലുല്‍ ഈമാന്‍). പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ അശ്റഖ ബൈതുചൊല്ലി നാടുചുറ്റിയിരുന്ന പൂര്‍വികരുടെ രീതി ഇവിടെ നമുക്ക് തിരിച്ചറിയാവുന്നതാണ്. തിരുറൗളയിലെത്തി ഇസ്തിഗാസ ചെയ്തു വിഷമമകറ്റിയ ജമാലുദ്ദീനുസ്സിന്ദിയുടെ സംഭവം തന്‍റെ അദ്ദുററുല്‍ കാമിനയിലും ഉദ്ധരിച്ചു.

Monday, 13 March 2017

ഇസ്തിഗാസയുടെ ചരിത്രം

ഇമാം ഇബ്നു ഫര്‍ഹൂന്‍ അല്‍മാലികി (ഹി. 693769) യുടെ നസ്വീഹതുല്‍ മുശാവിര്‍ എന്നു പേരുള്ള വിശുദ്ധ മദീനാ ചരിത്രഗ്രന്ഥം പ്രസിദ്ധമാണ്. ഇമാം മാലിക്(റ)യുടെ മുവത്വക്കു നാലു വാള്യങ്ങളിലായി വ്യാഖ്യാനിച്ചെഴുതിയിട്ടുണ്ട് ഇദ്ദേഹം (കശ്ഫുല്‍ ഗഥാ). വിശ്രുതനായ ഇമാം സഖാവി പറയുന്നു: ‘പ്രഗത്ഭനായ ഇമാമുകളില്‍ പെട്ട പണ്ഡിതനാണദ്ദേഹം. ഫിഖ്ഹിലും തഫ്സീറിലും ഹദീസിലും നിപുണനായിരുന്നു’ (അള്ളൗഉല്ലാമിഅ്).
ഭാഷാ നിപുണനായിരുന്ന അസീറുദ്ദീനുബ്നു ഹയ്യാന്‍ പറഞ്ഞത്, ഹിജാസില്‍ ഇബ്നു ഫര്‍ഹൂന് തത്തുല്യനായ മറ്റൊരു പണ്ഡിതനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല എന്നായിരുന്നു. ദീബാജുല്‍ മദ്ഹബിന്റെ കര്‍ത്താവായ ബുര്‍ഹാനുദ്ദീനുബ്നു ഫര്‍ഹൂന്‍ പരാമൃഷ്ട ഇമാമിനെ പരിചയപ്പെടുത്തുന്നതിങ്ങനെ: ‘അദ്ദേഹം അഹ്ലുസ്സുന്നയുടെ അഭയകേന്ദ്രമായിരുന്നു, പ്രതിരോധമായിരുന്നു. ഭരണാധികാരികളുമായും പൗരപ്രമുഖരുമായും അഹ്ലുസ്സുന്നക്കുവേണ്ടി അദ്ദേഹം സമരം ചെയ്യാറുണ്ടായിരുന്നു.’
ശീഇകളുമായി കടുത്ത വിരോധത്തില്‍ നിലകൊണ്ടതിനാല്‍ തന്റെ അമ്പത്തഞ്ചാമത്തെയും, അവസാനത്തെയും ഹജ്ജ് വേളയില്‍ ഹറമിലേക്കുള്ള വഴിയില്‍ ശീഇകളുടെ ആക്രമണത്തിനു വിധേയനായി മാരകമായ മുറിവുപറ്റി. തന്റെ ഈ ദുരനുഭവം മദീന ചരിത്രത്തില്‍ അദ്ദേഹം ഒടുവില്‍ കുറിക്കുന്നുണ്ട്. ഇബ്നു തൈമിയ്യയും ചെറുസംഘവും ഇസ്തിഗാസക്കെതിരെ പടയൊരുക്കുന്ന കാലത്ത് സാക്ഷാല്‍ മദീനയിലെ ഉലമാക്കളുടെയും വിശ്വാസികളുടെയും ഇസ്‌ലാമിക ജീവിതത്തിന്റെ ഭാഗമായിരുന്നു ഇസ്തിഗാസയെന്ന് ഇബ്നു ഫര്‍ഹൂന്റെ മദീനാചരിത്രം വിളംബരം ചെയ്യുന്നു. മദീനയില്‍ പലയിടങ്ങളിലായി ബറകത്ത് പ്രതീക്ഷിച്ച് സിയാറത്ത് ചെയ്യപ്പെടുന്ന ധാരാളം പ്രസിദ്ധ മസാറുകളെ അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. ഉഹ്ദില്‍ ഹംസ(റ)ന്റെ ഖുബ്ബക്കരികെ നിസ്കാരദിക്റാദി ഇബാദത്തുകളില്‍ സജീവമാകുന്ന ആബാലവൃദ്ധം മദീന നിവാസികളുടെ വിവരണം ഈ ഗ്രന്ഥത്തില്‍ കാണാം.
സുന്നി വിരോധികളായ ശീഇകള്‍ തന്നെ ആക്രമിച്ച സംഭവത്തെക്കുറിച്ച് ഇമാം പറയട്ടെ; ‘ഹി. 763 ശഅ്ബാനില്‍ എന്നെ ശത്രുക്കള്‍ ആക്രമിക്കുകയുണ്ടായി. എന്നെ നിശ്ശേഷം ഇല്ലായ്മ ചെയ്യലായിരുന്നു അവരുടെ ഉന്നം. ഞാന്‍ സുബ്ഹി നിസ്കരിക്കാന്‍ പുറത്തിറങ്ങിയ വേളയില്‍ അവരെന്നെ പതിയിരുന്നാക്രമിക്കുകയായിരുന്നു. പതിവുപോലെ ഇറങ്ങിയതായിരുന്നു ഞാന്‍. പിന്നില്‍ നിന്നും ആരോ ഓടിവരുന്ന ശബ്ദം കേട്ടു. തിരിഞ്ഞുനോക്കി. വഴിയാത്രക്കാരനാകുമെന്നു കരുതി. പെട്ടെന്നവന്‍ എന്റെമേല്‍ ചാടിവീണു. മൂര്‍ച്ചയുള്ള ഒരു കത്തി എന്റെ പുറത്ത് കുത്തിക്കയറ്റി. ഞാന്‍ നിലത്തുവീണു. അവന്‍ വന്നിടത്തേക്കുതന്നെ തിരികെയോടി. അവന്‍ കരുതിയത് എന്റെ കഥ കഴിഞ്ഞുവെന്നാണ്. അല്ലാഹു കാത്തു. പക്ഷേ, ഞാനാകെ പരവശനായിക്കഴിഞ്ഞിരുന്നു. വളരെ പ്രയാസപ്പെടേണ്ടിവന്നു. അക്കാരണത്താല്‍ എനിക്കു ജമാഅത്ത് നഷ്ടപ്പെട്ടു. പുണ്യ ശഅ്ബാനിലും റമളാനിലും മസ്ജിദില്‍ പോകാന്‍ സാധിക്കാതായി. ഞാന്‍ എന്റെ പരിതാവസഥയെക്കുറിച്ച് നബി(സ്വ)യോടു പരാതി പറഞ്ഞു.’
ഇമാം ഇബ്നു ഫര്‍ഹൂന്‍ മക്കത്തുനിന്നും തന്റെ ദുരിതാനുഭവങ്ങളെക്കുറിച്ച് മദീനയിലെ തിരുദൂതരോട് കവിതാരൂപത്തില്‍ സങ്കടമറിയിക്കുന്ന വരികള്‍ ഇസ്തിഗാസയുടെ പ്രായോഗികവൃത്തത്തിനു വികാസം നല്‍കുന്നവയാണ്.
ഇലൈക റസൂലല്ലാഹി മിന്‍ അബ്ദികല്ലദീ
തഅവ്വഖ അന്‍ മുഗ്നാക…..
അമ്പത്തിയൊന്ന് ഈരടികളുള്ള ഈ സങ്കടക്കവിതയില്‍ ഇമാം പറയുന്നു: ‘സുന്നത്ത് ജമാഅത്ത് പ്രചരിപ്പിച്ച കാരണത്താല്‍ വിരോധികള്‍ എന്നെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിനാല്‍ എനിക്കുണ്ടായിട്ടുള്ള മുഴുവന്‍ വിഷമങ്ങളും അല്ലാഹുവിന്റെ തിരുദൂതരേ അങ്ങയുടെ എളിയ ദാസന്‍ അവിടത്തോട് പരാതിപ്പെടുകയാണ്.’ കവിതയുടെ ഒടുവില്‍ തിരുദൂതര്‍ക്കും സ്വഹാബികള്‍ക്കും സ്വലാത്തും സലാമും പ്രത്യേകം അര്‍പ്പിച്ച് അവസാനിപ്പിക്കുന്നതിങ്ങനെ: ‘അഊദുബിഹിം മിന്‍ ശര്‍റി കുല്ലി മുസ്വീബതി’ പരാമൃഷ്ട ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍ നിമിത്തമാക്കി എല്ലാ ആപത്തുകളില്‍ നിന്നും ഞാന്‍ കാവല്‍ തേടുന്നു.
ദീര്‍ഘകാലം മദീനയില്‍ വസിക്കാന്‍ മഹാഭാഗ്യം ലഭിച്ച ഇമാം തിരുദൂതരെ ആഴത്തില്‍ സ്നേഹിച്ചു. മദീനയെ പ്രേമിച്ചു. ശ്രേഷ്ഠമായ മദീനയെക്കുറിച്ചും അവിടെ പാര്‍ക്കുന്നതിനെക്കുറിച്ചും അവിടത്തെ പൊതു ശ്മശാനമായ ബഖീഇല്‍ മറവ് ചെയ്യപ്പെടുന്നതിനെക്കുറിച്ചും വന്നിട്ടുള്ള അനിഷേധ്യമായ ഹദീസുകള്‍ക്ക് കാവ്യാവിഷ്കാരം തയ്യാറാക്കിയിട്ടുമുണ്ട് ഇമാം ഇബ്നു ഫര്‍ഹൂന്‍. 77 ഈരടികളടങ്ങിയ പ്രസ്തുത കവിത മദീന ചരിത്രത്തിന്റെ ഒടുവില്‍ ചേര്‍ത്തിട്ടുണ്ട്. മുസ്തഫായവരുടെ അന്ത്യവിശ്രമ കേന്ദ്രത്തെക്കുറിച്ച് വര്‍ണിക്കവേ ഇമാം പാടുന്നു:
‘പാപികള്‍ക്ക് ശിപാര്‍ശ ചെയ്യുന്ന തിരുദൂതരുടെ ഖബ്ര്‍ നിലകൊള്ളുന്നതിനാല്‍ ഇതുപോലൊരു പുണ്യകരമായ മറ്റൊരു നാട് ഭൂമിയിലില്ലെന്നു ഞാന്‍ ശപഥം ചെയ്യുന്നു…’
അവിടെയെത്താന്‍ ഭാഗ്യം ലഭിക്കുന്ന വിശ്വാസികള്‍ എന്തു ചെയ്യണമെന്നു കവി തുടര്‍ന്നു പറയുന്നു:
‘അഹ്മദ് നബിയോടുള്ള സ്നേഹാതിരേകത്താല്‍ നീ നിന്റെ ഇരുകവികളും അവിടെ ഉരസുക. എന്നിട്ട് വിളിച്ചോളൂ; എന്റെ ഹബീബേ, എനിക്കു ശിപാര്‍ശ ചെയ്യുന്നവരേ, എന്നെ സഹായിക്കുന്നോരേ…
മനുഷ്യരില്‍ അത്യുത്തമരേ, അങ്ങയുടെ ചാരത്ത് ഇതാ ഞാന്‍ പ്രതീക്ഷയോടെ വന്നിരിക്കുന്നു. പാപങ്ങള്‍ ഒന്നൊന്നായി എണ്ണുന്ന നാളില്‍ എന്റെ രക്ഷകനായി വരണേ…
എന്റെ അകക്കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുത്തിയ പാപങ്ങളേ എന്റെ പക്കലുള്ളൂ (അതിനാല്‍ എനിക്ക് അങ്ങോട്ടു കാണാന്‍ സാധിക്കുന്നില്ല). എങ്കിലും അങ്ങ് എന്നെ അനുഗ്രഹിച്ച് ഒന്നു നോക്കുമോ…
എനിക്കറിയാം, അങ്ങ് ദയാലുവാണ്. പറയൂ, ഇതാ ഞാന്‍. അങ്ങ് പ്രതികരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു…
എനിക്കാരുമില്ല, കൂട്ടുകാരെല്ലാം ഖബറിലാണ്. ഈ കൊച്ചു ദാസന്‍, ദുര്‍ബലന്‍, കഴിവുകെട്ടവന്‍ അങ്ങയെ പിടിക്കുകയാണ്…’
ഇസ്തിഗാസയുടെ സമ്പൂര്‍ണ രൂപമടങ്ങിയ വരികള്‍ എത്ര മാതൃകാപരമാണ്. ബഖീഇലാണ് മഹാന്റെ ഖബ്റിടം.
ഹാഫിള് മുഹമ്മദ്ബ്നു ഇസ്മാഈല്‍ അസ്വന്‍ആനി ഹജ്ജും ഉംറയും കഴിഞ്ഞ് ത്വൈബ സന്ദര്‍ശിച്ച അനുഭൂതി തന്റെ മസീറുല്‍ ഗറാം ഇലാ ത്വൈബ വല്‍ ബലദില്‍ ഹറാമില്‍ വികാര നിര്‍ഭരമായ കവിതയാക്കിയിട്ടുണ്ട്:
‘അദ്ഭുതം, കണ്ണുകള്‍ നീരൊലിപ്പിക്കുന്നില്ലെന്നോ? ഹബീബിന്റെ ചാരത്ത് നാം എത്തിയെന്നുറപ്പായിട്ടും! വിദൂരങ്ങള്‍ താണ്ടി അവിടുത്തെ നാം കണ്ടുമുട്ടുവാന്‍ പോവുകയാണ്. തത്തുല്യ അനുഭൂതി തരുന്ന കൂടിക്കാഴ്ചയുണ്ടോ വേറെ…?
തിരുസവിധത്തില്‍ നിന്നും നാം സലാം ചൊല്ലി. നിശ്ചയം, നിസ്സംശയം അവിടുന്ന് നമ്മുടെ സലാം കേള്‍ക്കുന്നുണ്ട്. നമ്മുടെ സലാം മടക്കുന്നു; നാം നല്‍കിയതിലും ഏറെയാണ് തിരികെ തരുന്നത്…
തിരുഖബ്ര്‍ കണ്ടമാത്രയില്‍ അനാദരവോടെ നീ അടുത്തുപോകരുത്. വളരെ ബഹുമാനാദരവുകളോടെ, അച്ചടക്കത്തോടെ അവിടെ നില്‍ക്കുക; ജീവിച്ചിരിക്കുന്ന തിരുദൂതരെ മനസ്സില്‍ കാണുക…’
ഖുര്‍ആനും ഹദീസും നേരാംവണ്ണം പഠിച്ച മഹാമനീഷികളുടെ നിലപാടുകളാണിത്. മുസ്‌ലിം ലോകത്തിന്റെ നടപ്പുരീതിയും. പിന്നെ എങ്ങനെയാണ് ഇസ്തിഗാസ പോലുള്ളവ ശിര്‍ക്കിലെത്തിപ്പെട്ടത്?