സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 4 March 2017

പ്രശ്ന പരിഹാരത്തിന് പാപമോചനം



തിരുറസൂലിന്‍റെ പൗത്രന്‍ ഹസന്‍(റ)ന്‍റെ സന്നിധിയില്‍ നാലുപേര്‍ വന്നു. തങ്ങളനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളുടെ പരിഹാരമാരാഞ്ഞാണവര്‍ എത്തിയത്.
ഒന്നാമന്‍ പറഞ്ഞു:
‘ഞങ്ങള്‍ മഴയില്ലാതെ വിഷമിക്കുകയാണ്. കടുത്ത ജലക്ഷാമം നിമിത്തം കൃഷികളെല്ലാം നശിച്ചു തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നീങ്ങുകയാണ്. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ അങ്ങൊരു പരിഹാരം പറഞ്ഞു തന്നാലും…’
ഹസന്‍(റ) രണ്ടാമത്തെയാളോട് കാര്യം ചോദിച്ചു. അദ്ദേഹം പറഞ്ഞു:
‘പ്രിയരേ, കടുത്ത ദാരിദ്ര്യം മൂലം വളരെ കഷ്ടതകള്‍ അനുഭവിക്കുന്ന ഒരാളാണ് ഞാന്‍. പ്രാരാബ്ധങ്ങളും പട്ടിണിയും മാറി സമാധാനവും ലഭിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. അവിടുന്നൊരു വഴി നിര്‍ദേശിച്ചു തരണം…’
മൂന്നാമന്‍ ആവലാതിപ്പെട്ടതിങ്ങനെ:
‘ദാമ്പത്യ ജീവിതം തുടങ്ങിയിട്ട് ഏറെ കാലമായി. ഇതുവരെ സന്താന സൗഭാഗ്യം ലഭിച്ചിട്ടില്ല. ഒരു കുഞ്ഞിക്കാല് കാണാന്‍ ഏറെ നാളായി കണ്ണീരുമായി കാത്തിരിക്കുന്നു. ഈ വിഷമത്തിന് എന്തെങ്കിലുമൊരു പരിഹാരം നല്‍കി ഞങ്ങളടെ മനോവേദന ശമിപ്പിക്കണം.’
നാലാമന്‍ പറഞ്ഞു:
‘ഞാനൊരു കര്‍ഷകനാണ്. എന്‍റെ കഠിനാധ്വാനത്തിന് ഫലം കുറവാണ്. കൃഷിയില്‍ ബറകത്തുമില്ല. മണ്ണിനോട് മല്ലിട്ടു ആരോഗ്യവും സമയവും തുലക്കുന്നതു മിച്ചം. കൃഷിയില്‍ വര്‍ധനവ് ലഭിക്കുകയാണ് എന്‍റെ ആവശ്യം.’
നാലു പേരും പ്രശ്നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ മഹാന്‍ പറഞ്ഞു:
‘നിങ്ങള്‍ ഇസ്തിഗ്ഫാര്‍ വര്‍ധിപ്പിക്കുക. നിങ്ങളുടെ എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.’
ആഗതര്‍ക്ക് സന്തോഷമായി. അവര്‍ മടങ്ങിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന റബീഅ്ബ്നു സുഹൈബ്(റ) ഹസന്‍(റ)നോട് ചോദിച്ചു:
വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടും എല്ലാവര്‍ക്കും ഒരേ മാര്‍ഗമാണല്ലോ അങ്ങു നിര്‍ദേശിച്ചത്?
ഹസന്‍(റ) പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു:
‘റബീഅ്, ഞാനവര്‍ക്ക് പരിഹാരം നിര്‍ദേശിച്ചു കൊടുത്തത് വിശുദ്ധ ഖുര്‍ആനില്‍ നിന്നാണ്. പ്രവാചകന്‍ നൂഹ്(അ)നോട് അല്ലാഹു പറഞ്ഞത് താങ്കള്‍ ശ്രദ്ധിച്ചിട്ടില്ലേ? നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനമര്‍ത്ഥിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്. നിങ്ങള്‍ അങ്ങനെ ചെയ്യുന്നപക്ഷം നിങ്ങള്‍ക്കവന്‍ സമൃദ്ധമായി മഴവര്‍ഷിപ്പിക്കും. സമ്പത്തും സന്താനങ്ങളും നല്‍കി നിങ്ങളെയവന്‍ സഹായിക്കും. മാത്രമല്ല, നിങ്ങള്‍ക്കായി അവന്‍ തോട്ടങ്ങളും പുഴകളും സജ്ജീകരിക്കും.’
ഈ സൂക്തത്തില്‍ ഇസ്തിഗ്ഫാര്‍ നിര്‍വഹിക്കുന്നതിന്‍റെ നാല് പ്രയോജനങ്ങള്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. മഴ വര്‍ഷിപ്പിക്കുക, സന്താനലബ്ധി, സാമ്പത്തിക നേട്ടം, കൃഷിയിലെ വിഭവസമൃദ്ധി. അതുകൊണ്ടാണ് ഞാനവര്‍ക്ക് അങ്ങനെ പരിഹാരം നിര്‍ദേശിച്ചുകൊടുത്തത്. നാലുപേരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും അവയുടെയെല്ലാം പരിഹാരമാര്‍ഗം ഒന്നുതന്നെയാണ് (ഖുര്‍തുബി).
ഖുര്‍ആനില്‍ നിന്നുദ്ധരിക്കാം:
‘നാം അവരോട് പറഞ്ഞു; നിങ്ങളുടെ റബ്ബിനോട് മാപ്പിരക്കുവീന്‍. നിസ്സംശയം അവന്‍ വളരെ മാപ്പരുളുന്നവനാകുന്നു. നിങ്ങള്‍ക്കവന്‍ ധാരാളം മഴ വര്‍ഷിപ്പിച്ചുതരും. സമ്പത്തും സന്താനങ്ങളും പ്രദാനം ചെയ്യും’ (നൂഹ്/10-12).
എന്‍റെ ജനങ്ങളേ, നിങ്ങളുടെ റബ്ബിനോട് മാപ്പ് തേടുവീന്‍. എന്നിട്ട് അവങ്കലേക്ക് പശ്ചാതപിച്ചു മടങ്ങുവീന്‍. അവന്‍ നിങ്ങള്‍ക്കു മീതെ ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്നിടും. നിങ്ങളുടെ നിലവിലുള്ള ശക്തിയുടെ മേല്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യും, ധിക്കാരികളായി പിന്തിരിയാതിരിക്കുവീന്‍ (ഹൂദ്/52).
എന്നാല്‍ താങ്കള്‍ അവരില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല. ജനം പാപമോചനമര്‍ത്ഥിച്ചു കൊണ്ടിരിക്കേ അവര്‍ക്ക് ശിക്ഷ നല്‍കുക അല്ലാഹുവിന്‍റെ വഴക്കവുമല്ല (അല്‍അന്‍ഫാന്‍/33).
പശ്ചാതപിക്കുന്നവരെയും വിശുദ്ധി നേടുകയും ചെയ്യുന്നവരെയും നിശ്ചയം അല്ലാഹു സ്നേഹിക്കുന്നു (അല്‍ബഖറ/222).
മനഃപ്രയാസങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ നബി(സ്വ) നിര്‍ദേശിച്ചതും പാപമോചനമത്രെ. ഇണകള്‍ തങ്ങളുടെ പങ്കാളികളോടുള്ള പെരുമാറ്റത്തിലും സമീപന രീതികളിലും ഭര്‍ത്താക്കന്മാരോടുള്ള കടമകള്‍ നിറവേറ്റുന്നതിലും സംഭവിക്കുന്ന വീഴ്ചകളും തെറ്റുകളും പൊറുപ്പിക്കുന്നതിന് പാപമോചനം സുരക്ഷാകവചമാകുന്നു. സ്ത്രീസമൂഹമേ, നിങ്ങള്‍ ദാനധര്‍മങ്ങള്‍ ചെയ്യുക, ഇസ്തിഗ്ഫാര്‍ വര്‍ധിപ്പിക്കുകയും ചെയ്യുക. കാരണം നിങ്ങളില്‍ കൂടുതല്‍ പേരെയും നരകാവകാശികളായാണ് എനിക്ക് ദൃശ്യമായത്. ഒരു സ്ത്രീ ചോദിച്ചു: പ്രവാചകരേ, ഞങ്ങളില്‍ കൂടുതല്‍ പേരും നരകാവകാശികളാകാന്‍ കാരണമെന്താണെന്ന് വിവരിച്ചാലും. അവിടുന്ന് പ്രതിവചിച്ചു: ശാപവാക്ക് കൂടുതലായി ഉച്ചരിച്ചുകൊണ്ടിരിക്കുകയും ഭര്‍ത്താക്കന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നവര്‍ നിങ്ങള്‍ സ്ത്രീകളാണ് (മുസ്‌ലിം).
ജാബിര്‍ബിന്‍ അബ്ദില്ല(റ) പറയുന്നു: ‘ഒരാള്‍ തിരുസന്നിധിയില്‍ വന്നു പറഞ്ഞു: യാ റസൂലല്ലാഹ്, എനിക്ക് സന്താന സൗഭാഗ്യമുണ്ടായിട്ടില്ല. തിരുദൂതരുടെ മറുപടി: താങ്കള്‍ ഇസ്തിഗ്ഫാറും ദാനധര്‍മങ്ങളും വര്‍ധിപ്പിക്കുക. അവ രണ്ടും താങ്കള്‍ക്ക് സന്താന സൗഭാഗ്യം ലഭ്യമാകാന്‍ കാരമാകും. ആഗതന്‍ തിരിച്ചുപോയി. തിരുനിര്‍ദേശം പാലിച്ചു കൂടുതലായി ദാനധര്‍മവും ഇസ്തിഗ്ഫാറും ചെയ്യുകയുണ്ടായി. അതുമൂലം അദ്ദേഹത്തിന് ഒമ്പത് ആണ്‍കുട്ടികളാണ് ജനിച്ചത്’ (മുസ്നദ് അബീ ഹനീഫ).
മനഃപ്രയാസങ്ങളില്‍ നിന്ന് രക്ഷ, പാപമോചനം, നരകമുക്തി, മഴലഭ്യത, സാമ്പത്തിക നേട്ടം, സന്താനലബ്ധി, ആരോഗ്യസുരക്ഷ, പരീക്ഷണത്തില്‍ നിന്ന് കാവല്‍, അല്ലാഹുവിന്‍റെ പൊരുത്തം ലഭിക്കല്‍ തുടങ്ങിയവ ഇസ്തിഗ്ഫാറുകൊണ്ട് ലഭ്യമാകുന്നവയില്‍ ചിലതാണ്.
സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ഇടപാടുകളില്‍ നിന്ന് മുക്തനായും തെറ്റുകുറ്റങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുമെന്ന പ്രതിജ്ഞയോടെയും ഖേദപൂര്‍വം നമ്മുടെ കുറ്റങ്ങളും വീഴ്ചകളും ഏറ്റുപറഞ്ഞു പാപമോചനം തേടല്‍ ഭൗതികവും പാരത്രികവുമായ നിരവധി നേട്ടങ്ങള്‍ക്ക് നിദാനവും പരിഹാര മാര്‍ഗവുമാണ്.
‘അസ്തഗ്ഫിറുല്ലാഹല്‍ അളീം’ (ഉന്നതനായ അല്ലാഹുവിനോട് ഞാന്‍ പാപമോചനമര്‍ത്ഥിക്കുന്നു). എന്നത് പാപമോചനത്തിനുള്ള പ്രധാന ദിക്റാണ്. പാപമുക്തിക്ക് തിരുദൂതര്‍ പഠിപ്പിച്ച പ്രാര്‍ത്ഥനകളില്‍ വളരെ പ്രധാനപ്പെട്ടതും ഹദീസില്‍ വന്നതുമാണ് സയ്യിദുല്‍ ഇസ്തിഗ്ഫാര്‍.
‘അല്ലാഹുവേ, നീയാണെന്‍റെ യജമാനന്‍. ഞാന്‍ നിന്‍റെ അടിമയും. കഴിവനുസരിച്ച് നീയുമായുള്ള കരാര്‍ ഞാന്‍ പാലിക്കാറുണ്ട്. നീ എനിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ അപാരമാണ്. അതെല്ലാം മറന്ന് ഞാന്‍ നിന്നെ ധിക്കരിച്ചുപോയി. നീ എനിക്ക് പൊറുക്കണേ, പാപങ്ങള്‍ പൊറുക്കുന്നവന്‍ നീയല്ലാതെയില്ല, തീര്‍ച്ച’ സയ്യിദുല്‍ ഇസ്തിഗ്ഫാറിന്‍റെ ലളിതസാരം ഇങ്ങനെയാണ്.
ദൃഢവിശ്വാസത്തോടെ പകലില്‍ വല്ലവനും ഇത് ചൊല്ലി അന്ന് സന്ധ്യക്ക് മുമ്പ് മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗാവകാശികളില്‍ പെടും. ഉറച്ച പ്രതീക്ഷയോടെ രാത്രി വല്ലവനും അതു ചൊല്ലി. അന്ന് പ്രഭാതത്തിനുമുമ്പ് മരണപ്പെട്ടാല്‍ അവനും സ്വര്‍ഗാവകാശികളില്‍ പെടും (ബുഖാരി/6306).


ടിടിഎ ഫൈസി പൊഴുതന