സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 23 April 2017

നമ്മുടെ ഉമ്മ......



നമ്മുടെ ഉമ്മ…….!

 നമ്മുടെ ഉമ്മ

നമുക്ക് വേണ്ടി കൂടുതല് ബുദ്ധിമുട്ടുകള് സഹിച്ചത് മാതാവാണ്. മാതാവ് നമുക്ക് വേണ്ടി സഹിച്ച ത്യാഗത്തെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്ആനില് പറയുന്നു.

ക്ഷീണത്തിനുമേല് ക്ഷീണമായിട്ടാണ് മാതാവ് അവനെ ഗര്ഭം ചുമന്നത്. നമുക്ക് വേണ്ടി മുഴുവന് പ്രയാസങ്ങളും സഹിച്ച മാതാവിനോടാണ് നമുക്ക് കൂടുതല് കടപ്പാടുള്ളത്.

ഒരിക്കല് ഒരാള് നബി (സ) യോട് ചോദിച്ചു.

അല്ലാഹുവിന്റെ റസൂലേ ഏറ്റവും നല്ല സഹവാസത്തിന് കടപ്പെട്ടവന് ആരാണ് അപ്പോള് നബി (സ) പറഞ്ഞു: നിന്റെ ഉമ്മയോടാണെന്ന്. ചോദ്യകര്ത്താവ് ചോദ്യം മൂന്നു പ്രാവശ്യം ആവര്ത്തിച്ചപ്പോഴും നബി (സ) പറഞ്ഞു. നിന്റെ ഉമ്മയോടാണെന്ന്. നാലാമത്തെ ചോദ്യത്തിനാണ് ‘നിന്റെ പിതാവിനോടാണ്’ എന്ന് ഉത്തരം നല്കിയത്. മാതൃത്വത്തിന്റെ മഹത്ത്വമാണ് നബി (സ) നമ്മെ പഠിപ്പിച്ചത്.

നമ്മെ ഉപദ്രവിക്കുന്ന മാതാവാണെങ്കില് പോലും മാതാവിനോട് ദേഷ്യപ്പെടാനോ ബന്ധം വേര്പെടുത്താനോ ഇസ്ലാം അനുവദിക്കുന്നില്ല. ഒരിക്കല് മാതാവിനെതിരെ പരാതിയുമായി ഒരാള് നബി (സ) യുടെ അടുക്കല് വന്നു. റസൂലേ (സ) എന്റെ മാതാവിന് ആവശ്യമായ ധനം ഞാന് നല്കാറുണ്ട്. പക്ഷെ എന്നെ എപ്പോഴും ബുദ്ധിമുട്ടിക്കുകയും ചീത്ത പറയുകയും ചെയ്യുന്നു. എന്റെ മാതാവിനെ ഇനിയും ഞാന് സഹായിക്കണോ ഞാന് എന്താണ് ചെയ്യേണ്ടത്. പരാതി കേട്ട പുണ്യ പ്രവാചകന് (സ) മറുപടി നല്കി. നിന്റെ മാതാവിനോടുള്ള ബാധ്യത നീ നിറവേറ്റുക. ശേഷം പറഞ്ഞു.

അല്ലാഹുവാണേ സത്യം. നിന്റെ മാതാവ് നിന്റെ ശരീരത്തില് നിന്നും ഒരു മാംസക്കഷ്ണം മുറിച്ചെടുത്താലും മാതാവിനോടു നിറവേറ്റേണ്ട കടമയുടെ നാലില് ഒരംശം പോലുമാവില്ല. നിനക്കറിയില്ലേ മാതാവിന്റെ കാലടിക്കീഴിലാണ് സ്വര്ഗ്ഗമെന്ന്.

പ്രവാചകരുടെ മറുപടി കേട്ട ആ മനുഷ്യന് പറഞ്ഞു. അല്ലാഹുവാണ് സത്യം എന്നെ മാതാവ് എന്ത് ചെയ്താലും ഞാന് ഒന്നും പറയില്ല. ശേഷം അദ്ദേഹം ഉമ്മയുടെ അടുക്കല് ചെന്ന് കാല് ചുംബിക്കുകയും ഇപ്രകാരമാണ് എന്നെ നബി (സ) പഠിപ്പിച്ചത് എന്ന് ഉമ്മയോട് പറയുകയും ചെയ്തു.

മാതാവിനെ സ്നേഹിക്കുകയും മാതാവിന്റെ തൃപ്തി നേടുകയും ചെയ്താല് ഇരു ലോകത്തും ഉല്കൃഷ്ട പദവി കരസ്ഥമാക്കാന് കഴിയും.

ഒരിക്കല് സുലൈമാന് നബി (അ) സമുദ്രത്തിനു മുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. ആഴക്കടലില് ശക്തമായ കാറ്റ്കാരണം കടല്‍ പ്രക്ഷുബ്ധമായിരുന്നു. സുലൈമാന്‍ നബി (അ) കാറ്റിനോട് ശാന്തമാവാന്‍ ആവശ്യപ്പെട്ടു. കാറ്റിന്റെ ശക്തി കുറഞ്ഞപോള്‍ കടല്‍ ശാന്തമായി. അപോള്‍ സുലൈമാന് നബി (അ) തന്റെ കൂടെയുണ്ടായിരുന്ന ഇഫ്രീത് എന്ന ജിന്നിനോട് ആഴക്കടലില്‍ മുങ്ങാന്‍ ആവശ്യപ്പെട്ടു. ആഴക്കടലില്‍ മുങ്ങിയ ഇഫ്രീത് വര്ണ്ണ മനോഹരമായ മാണിക്യത്തിന്റെ ഒരു ഖുബ്ബ കാണുകയും അതെടുത്ത് സുലൈമാന് നബി (അ) ക്ക് നല്കുകയും ചെയ്തു. മനോഹരമായ ഖുബ്ബക്കകത്ത് എന്താണ് എന്നറിയാന് സുലൈമാന് നബി (സ) അല്ലാഹുവോട് പ്രാര്ത്ഥിച്ചു. ഉടനെ ഖുബ്ബയുടെ കവാടം തുറക്കപെട്ടു. ഖുബ്ബക്കുള്ളില്‍ സുന്ദരനായ ഒരു യുവാവ്. സുലൈമാന് നബി (അ) ചോദിച്ചു. നീ ആരാണ് ?നീ മലക്കുകളില്‍ പെട്ടവനാണോ? അതല്ല ജിന്ന് വിഭാഗത്തില് പെട്ടവനോ? ഖുബ്ബക്കകത്തെ മനുഷ്യന്‍ പറഞ്ഞു: ഞാന്‍ മനുഷ്യ വിഭാഗത്തില്‍ പെട്ടവനാണ്. അപോള്‍ സുലൈമാന്‍ നബി (അ) ചോദിച്ചു. നിനക്ക് എങ്ങനെ ഈ ഉല്കൃഷ്ട സ്ഥാനം ലഭിച്ചു? ആ മനുഷ്യന്‍ മറുപടി നല്കി. വൃദ്ധയായ എന്റെ മാതാവിനെ ഞാന് ചുമലില്‍ ഏറ്റിയാണ് നടന്നിരുന്നത്. ആ സമയത്ത് എന്റെ ഉമ്മ എനിക്ക് വേണ്ടി എപ്പോഴും പ്രാര്ത്ഥിക്കുമായിരുന്നു.

അല്ലാഹുവേ എന്റെ മകന് നീ ഐശ്വര്യം നല്കണമേ. എന്റെ മരണ ശേഷം ആകാശത്തു ഭൂമിയിലുമല്ലാത്ത ഒരു സ്ഥലത്ത് നീ അവനെ എത്തിക്കണേ . വൃദ്ധയായ എന്റെ മാതാവ് മരണപ്പെട്ടു. മറവ് ചെയ്തു മറ്റു കര്മ്മങ്ങളുമെല്ലാം കഴിഞ്ഞു. ഒരു ദിവസം ഞാന് കടലിന്റെ തീരത്ത് കൂടി സഞ്ചരിക്കുകയായിരുന്നു. അപ്പോള് കടല്‍തീരത്ത് മാണിക്യത്തിന്റെ ഒരു ഖുബ്ബ ഞാന് കണ്ടു. അതിന്റെ അടുത്ത് വന്നപോള്‍ ഖുബ്ബയുടെ വാതില്‍ തുറന്നു. ഖുബ്ബക്കകത്ത് കയറിയ ശേഷം ഞാന്‍ ഭൂമിയിലോ ആകാശത്തോ എന്ന് എനിക്കറിയാന് കഴിഞ്ഞില്ല.

സുലൈമാന് നബി (അ) ചോദിച്ചു. നിനക്കുള്ള ഭക്ഷണം എവിടുന്ന് ലഭിക്കും. അദ്ദേഹം പറഞ്ഞു ഖുബ്ബക്കകത്ത് ഒരു വൃക്ഷമുണ്ട് അതില് നിന്നും പഴം കഴിക്കും. എനിക്ക് ദാഹിച്ചാല് പാലിനേക്കള് വെളുത്തതും തേനിനേക്കാള് മധുരമുള്ളതും മഞ്ഞിനേക്കാള് തണുത്തതുമായ ഖുബ്ബക്കകത്തെ ഉറവയില് നിന്നും ഞാന് കുടിക്കും. സുലൈമാന് നബി (അ) ചോദിച്ചു. രാത്രിയും പകലും നീ എങ്ങനെ തിരിച്ചറിയും. അദ്ദേഹം പറഞ്ഞു. പ്രഭാതമായാല് ഖുബ്ബ പ്രകാശപൂരിതമാകും. സൂര്യന് അസ്തമിച്ചാല് ഖുബ്ബയില് ഇരുട്ടാകും. മാതാവിന്റെ തൃപ്തി കരസ്ഥമാക്കി അല്ലാഹുവിന്റെ അടുക്കല് ഉള്കൃഷ്ട സ്ഥാനം നേടിയ ഖുബ്ബക്കകത്തെ മനുഷ്യനുമായി ദീര്ഘ നേരം സംഭാഷണത്തിനു ശേഷം ഖുബ്ബയുടെ കവാടം അടയുകയും അത് ആഴക്കടലില് തന്നെ തിരിച്ചെത്തുകയും ചെയ്തു.

മാതാവിനെ അനുസരിക്കുകയും മാതാവിന്റെ തൃപ്തി നേടുകയും ചെയ്താല് ഉല്കൃഷ്ട പദവി ലഭിക്കുന്നതോടൊപ്പം മാതാവിന്റെ മനസ്സ് വേദനിപ്പിച്ചാല് എത്ര വലിയ ഇബാദത്ത് ചെയ്തവനാണെങ്കിലും അതിന്റെ ഗുരുതരമായ ശിക്ഷ ഇഹ ലോകത്ത് അവന് അഭിമുഖീകരിക്കേണ്ടി വരും.

ഉമര് (റ) ന്റെ ഭരണ കാലത്ത് ഒരു കച്ചവടക്കാരനുണ്ടായിരുന്നു. പണത്തിന് ആവശ്യം വരുമ്പോള് അവന്റെ ഉമ്മ കച്ചവടക്കാരനായ മകന്റെ അടുക്കല് വന്ന് പണം വാങ്ങും. ഒരു ദിവസം മകന്റെ അടുക്കല് പണമാവശ്യപ്പെട്ട് ഉമ്മ വന്നപ്പോള് മകന്റെ ഭാര്യ പറഞ്ഞു. നിന്റെ ഉമ്മ ഇപ്രകാരം എന്നും പണമാവശ്യപ്പെട്ടു വന്നാല് നമ്മള് ദരിദ്രന്മാരാകും ഭാര്യയുടെ ദുഷിച്ച വാക്കു കേട്ട മകന് തന്റെ ഉമ്മാക്ക് ഒന്നും നല്കിയില്ല. മാതാവിന്റെ മനസ്സ് പൊട്ടി.കരഞ്ഞ് കലങ്ങിയ കണ്ണുമായി മാതാവ് പടിയിറങ്ങി. കാലങ്ങള്ക്ക് ശേഷം മകന് തന്റെ കച്ചവടസംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. യാത്രാ മധ്യേ കൊള്ള സംഘത്തിന്റെ മുമ്പില് പെട്ടു അവരുടെ സമ്പത്ത് മുഴുവന് കൊള്ളയടിക്കുകയും തന്റെ ഉമ്മയുടെ മനസ്സ് വേദനിപ്പിച്ച മകന്റെ കൈകള് വെട്ടി തോളില് തൂക്കിയിടുകയും വഴിയില് ഉപേക്ഷിക്കുകയും ചെയ്തു. രക്തത്തില് കുളിച്ച് കിടക്കുന്ന മകനെ ചിലര് വീട്ടിലെത്തിച്ചു. അദ്ദേഹത്തെ കാണാന് കൂട്ടുകാരും ബന്ധുക്കളും വന്നപ്പോള് അദ്ദേഹം പറഞ്ഞു.

ഞാന് എന്റെ ഉമ്മാക്ക് എന്റെ കൈകൊണ്ട് ദിര്ഹം നല്കിയിരുന്നെങ്കില് എന്റെ കൈ മുറിക്കപ്പെടുകയോ എന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല. ഉമ്മാക്ക് നല്കേണ്ട ധനം നല്കാത്തതിലുള്ള ഉചിതമായ ശിക്ഷയാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. കൈകാലുകള് മുറിക്കപ്പെട്ട മകന്റെ വിവരം മാതാവ് അറിഞ്ഞു. മകനെ കാണാന് മാതാവ് അവന്റെ വീട്ടിലെത്തി. മാതാവ് പറഞ്ഞു. മകനേ നിനക്ക് സംഭവിച്ച വിപത്തില് ഞാന് വളരെ ദുഃഖിതയാണ്. അപ്പോള് മകന് പറഞ്ഞു. ഉമ്മാ ഇതെല്ലാം എന്റെ തെറ്റുകൊണ്ടാണ്. നിങ്ങളുടെ തൃപ്തിയാണ് എന്റെ ആവശ്യം ഇതു കേട്ട് മാതാവ് പറഞ്ഞു മകനേ നിന്നെ ഞാന് തൃപ്തിപ്പെട്ടിരിക്കുന്നു. മാതാവിന്റെ തൃപ്തിനേടിയ മകന്റെ മുറിക്കപ്പെട്ട അവയവങ്ങള് അടുത്ത ദിവസം പ്രഭാതമായപ്പോഴേക്കും പൂര്ണ്ണ ആരോഗ്യവാനായി പൂര്വ്വസ്ഥിതിയിലായി. മാതാവിന്റെ മനസ്സ് നോവിപ്പിച്ചതിലുള്ള ശിക്ഷയും മനസ്സിനെ സന്തോഷിപ്പിച്ചാലുള്ള പ്രതിഫലവും പൂര്വ്വികരുടെ ചരിത്രം നമ്മെ ഉല്ബോധിപ്പിക്കുന്നു.

മാതാവിന്റെ പ്രാര്ത്ഥന.

മാതാവിനെ സന്തോഷിപ്പിച്ചാലുള്ള മഹത്ത്വവും സ്രേഷ്ടതയുമുള്ളതോടൊപ്പം മക്കള്ക്ക് വേണ്ടിയുള്ള അവരുടെ പ്രാര്ത്ഥന വ്യര്ത്ഥമാവുകയില്ല. ആഴക്കടലില് വര്ണ്ണമനോഹരമായ മാണിക്യത്തിന്റെ ഖുബ്ബയില് മകനെ എത്തിച്ചത് മാതാവിന്റെ പ്രാര്ത്ഥന കാരണമായിരുന്നു. (മഹാനായ ഇമാം നവവീ (റ) ന്റെ ഉല്കൃഷ്ട പദവിക്ക് സുപ്രധാന കാരണവും മാതാവിന്റെ പ്രാര്ത്ഥനയായിരുന്നു)

മാതാവ് മക്കള്ക്ക് വേണ്ടി ദുആ ചെയ്താല് സ്വീകരിക്കുന്നതോടൊപ്പം മക്കള്ക്കെതിരായി പ്രാര്ത്ഥിക്കുന്ന സൂക്ഷിച്ചില്ലെങ്കില് നമ്മുടെ മക്കള് കണ്ണീര്കയത്തിലായി ജീവിക്കുന്നത് നാം കാണേണ്ടിവരും നിസ്സാര കാര്യങ്ങള്ക്ക് വേണ്ടി മക്കള്ക്കെതിരെ പ്രാര്ത്ഥിക്കുകും ശാപവാക്കുകള് നടത്തുകയും ചെയ്യുന്ന മാതാ പിതാക്കള് നടത്തുകയും ചെയ്യുന്ന മാതാപിതാക്കള് പുണ്യനബി (സ) യുടെ വചനം ശ്രദ്ധിക്കുക.

നിങ്ങള് നിങ്ങള്ക്കെതിരായോ നിങ്ങളുടെ സന്താനങ്ങള്ക്കെതിരായോ നിങ്ങളുടെ സ്വത്തുക്കള്ക്കെതിരായോ പ്രാര്ത്ഥിക്കരുത്. അല്ലാഹു ചോദ്യങ്ങള്ക്കുത്തരം നല്കുന്ന സമയവുമായി ഒത്ത്വന്നാല് നിങ്ങളുടെ പ്രാര്ത്ഥനക്ക് ഉത്തരം ലഭിക്കും. (മുസ്ലിം)

ഫള്ല് എന്ന നാമത്തില് അറിയപ്പെട്ട പ്രസിദ്ധനായ ആബിദായ ഒരു മനുഷ്യന് ഒരു ദിവസം മക്കയിലേക്ക്പുറപ്പെടാന് ഒരുങ്ങി. പക്ഷെ മാതാവ് സമ്മതിച്ചില്ല. മാതാവിനെ തൃപ്തിപ്പെടുത്താന് മകന് കഴിഞ്ഞില്ല. മകന് പോവാന് ഉറച്ച് തീരുമാനമെടുത്തു. അപ്പോഴും ഉമ്മ മകനെ വേര്പിരിയുന്ന സങ്കടത്താല് അനുവാദം നല്കിയില്ല. അവസാനം ഉമ്മാന്റെ വിസമ്മതം പരിഗണിക്കാതെ മകന് വീട്ടില് നിന്നു പുറപ്പെട്ടു. കരഞ്ഞ് കലങ്ങിയ കണ്ണുമായി ഉമ്മ മകനെ പിന്തുടര്ന്നു പറഞ്ഞു. മകനേ എന്നെ വിട്ടു പോവരുത്. മാതാവിന്റെ വിലപിടിച്ചുകൊണ്ടുള്ള അപേക്ഷ മകന് അവഗണിച്ചു മക്കയെ ലക്ഷ്യമാക്കി നടന്നു. മനസ്സ് തകര്ന്ന മാതാവ് മകനെതിരെ പ്രാര്ത്ഥിച്ചു.

അല്ലാഹുവേ എന്റെ മകന്റെ വേര്പാട് എന്നെ കരിച്ചിരിക്കുന്നു. അതിനാല് അവനെ നീ ശിക്ഷിക്കേണമേ. മകന്റെ വിരദുഃഖവും പേറി മാതാവ് ജീവിച്ചു. മകന് യാത്രാ മദ്ധ്യേ ഒരു പട്ടണത്തിലെ പള്ളിയില് രാത്രി നിസ്കരിക്കാന് കയറി. ആബിദായ ആ മനുഷ്യന് ഇബാദത്തിലായി മുഴുകിയിരിക്കുന്ന സമയത്ത് പള്ളിയുടെ അടുത്ത വീട്ടില് മോഷ്ടാവ് കയറിയ വിവരം വീട്ടുകാര് അറിഞ്ഞു. കള്ളനെ പിടിക്കാന് വീട്ടുകാര് പിന്നാലെ ഓടി. പള്ളിയുടെ ഭാഗത്തേക്ക് ഓടി മറഞ്ഞ കള്ളനെ അവര്ക്ക് കാണാന് കഴിഞ്ഞില്ല. അവര് പള്ളിയില് കയറി നോക്കി. അപ്പോള് ഒരു അപരിചിതനായ മനുഷ്യന് ഇബാദത്ത് ചെയ്യുന്നത് കണ്ടു. കള്ളനാണെന്ന് മുദ്രകുത്തി അദ്ദേഹത്തെ രാജാവിന്റെ മുമ്പിലെത്തിച്ചു. മോഷണത്തിനുള്ള ശിക്ഷയായി കൈകാലുകള് വെട്ടാനും കണ്ണ് ചൂഴ്ന്നെടുത്ത് പട്ടണത്തിലേക്ക് കൊണ്ടുപോവാന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കൈകാലുകള് മുറിക്കപ്പെട്ടു. കണ്ണ് ചൂഴ്ന്നെടുക്കപ്പെട്ടു. പട്ടണത്തില് കൊണ്ടുപോയി പ്രഖ്യാപിച്ചു. മോഷണത്തിനുള്ള ശിക്ഷ ഇപ്രകാരമായിരിക്കുമെന്ന് ഇത് കേട്ട ആബിദായ മനുഷ്യന് പറഞ്ഞു. നിങ്ങള് അങ്ങനെ പറയരുത്.

ഉമ്മയുടെ സമ്മതം കൂടാതെ മക്കയിലേക്ക് പോവാന് ഉദ്ദേഷിച്ച മകന് ലഭിച്ച ശിക്ഷയാണ് എന്ന് നിങ്ങള് പറയുക. അദ്ദേഹത്തിന് ലഭിച്ച ശിക്ഷയുടെ കാരണം അവര്ക്ക് ബോദ്യപ്പെട്ടു. കള്ളനെന്ന് മുദ്രകുത്തി കൈകാലുകള് മുറിക്കപ്പെട്ട മനുഷ്യന് നല്ല ആബിദായ മനുഷ്യനാണെന്നവരറിഞ്ഞപ്പോള് ജനങ്ങള് കരഞ്ഞു അവര് അദ്ദേഹത്തെ നാട്ടിലെത്തിച്ചു. വീടിന്റെ പടിക്കലില് എത്തിയപ്പോള് അദ്ദേഹം വീട്ടുനുള്ളില് നിന്നു തന്റെ ഉമ്മ പ്രാര്ത്ഥിക്കുന്നതു കേട്ടു.

അല്ലാഹു എന്റെ മകന് വല്ല പരീക്ഷണവും നീ നല്കിയിട്ടുണ്ടെങ്കില് എനിക്കത് നേരില് കണ്ടാല് അവനെ എന്റെ അടുത്തേക്ക് തന്നെ മടക്കണം. ആ സമയത്താണ് ഒരാള് പുറത്ത് നിന്ന് ഒരാള് വിളിച്ചു പറയുന്നത്. ഞാന് യാത്രക്കാരനാണ്. വിശന്ന് എനിക്ക് എന്തെങ്കിലും ഭക്ഷണം തരാം, വീട്ടു മുറ്റത്തുള്ളത് മകനാണ് എന്ന് ഉമ്മാക്ക് അറിയില്ലായിരുന്നു. ഉമ്മ പറഞ്ഞു. ഭക്ഷണം വേണമെങ്കില് അടുത്തേക്ക് വാ. മകന്റെ മറുപടി അടുത്തേക്ക് വരാന് എനിക്കാ കാലുകളില്ല. എങ്കില് നിന്റെ കൈ നീട്ടുക മകന് എനിക്ക് രണ്ട് കയ്യുമില്ല. ഉമ്മ പറഞ്ഞു ഞാന് നിന്റെ അടുത്ത് വന്നാല് നമ്മള് പരസ്പരം കണ്ടു. അത് ഹറാമാണ്. മകന്, നിങ്ങള് ഹറാമിനെ ഭയക്കണ്ട കാരണം എനിക്ക് രണ്ട് കണ്ണുമില്ല ഉടനെ മാതാവ് ഒരു കൂജയില് തണുത്ത വെള്ളവുമായി പുറത്തുള്ള മനുഷ്യന്റെ അടുക്കല് ചെന്നു. ഉമ്മാന്റെ കാലില് വീണ് കരഞ്ഞു കൊണ്ട് പറഞ്ഞു.

നിങ്ങളുടെ ദോശിയായ മകനാണ് ഞാന്. കൈകാലുകള് മുറിക്കപ്പെട്ട കണ്ണുകള് ചൂഴ്ന്നെടുക്കപ്പെട്ട തന്റെ മുമ്പിലുള്ളത്. തന്റെ മകനാണ് എന്നറിഞ്ഞ മാതാവ് ഉടനെ പ്രാര്ത്ഥിച്ചു. അല്ലാഹുവേ എന്റെ മകന്റെ അവസ്ഥ ഇപ്രകാരമാണെങ്കില് ഞങ്ങളെ രണ്ട് പേരേയും ഉടനെ മരിപ്പിക്കണേ. മാതാവിന്റെ പ്രാര്ത്ഥന അവസാനിച്ചപ്പോഴേക്കും രണ്ടു പേരും മരണപ്പെടുകയും ചെയ്തു.

മരണസമയത്തെ പ്രയാസങ്ങള്

മാതാവിനെ വെറുപ്പിച്ചാല് മരണസമയത്ത് പരിശുദ്ധ തൗഹീദ് ചൊല്ലാന് സാധിക്കില്ല എന്ന് പ്രവാചകാധ്യാപനങ്ങള് നമുക്ക് മുന്നറിയിപ്പ് നല്കുന്നു. ഭര്ത്താവിനെ തന്റെ വശത്താക്കി മാതാവിനെ അകറ്റാന് പ്രേരിപ്പിക്കുന്ന ഭാര്യമാര് തന്റെ ഭര്ത്താവിനെ നരകത്തിലേക്ക് നയിക്കുന്ന പിശാചിന്റെ പിന്ഗാമിയാണെന്ന് നാം മനസ്സിലാക്കണം. മഹാനായ അല്ഖമാ(റ) ന്ന് മരണസമയത്ത് പരിശുദ്ധ തൗഹീദ് ഉച്ചരിക്കാന് കഴിയാത്തതിന്റെ കാരണം അല്ഖമാ (റ) ന്റെ വിവാഹ ശേഷം എന്നോട് അല്പം സ്നേഹം കുറഞ്ഞോ എന്ന മാതാവിന്റെ വേദനയായിരുന്നു. അല്ഖമാ (റ) മാതാവിനെ വേദനിപ്പിക്കുന്ന ഒരു പ്രവര്ത്തനമോ വാക്കോ ഒന്നും അദ്ദേഹത്തില് നിന്നു ഉണ്ടായിട്ടില്ല. മാതാവിന്റെ മനസ്സിലെ ഒരു ചെറിയ വേദനമാത്രമാണ് അല്ഖമാ (റ) നെ മരണസമയത്ത് ബുദ്ധിമുട്ടിച്ചത്. അവസാനം മാതാവ് തൃപ്തിപ്പെട്ടപ്പോഴാണ് അല്ഖമാ (റ) കലി ചൊല്ലി മരിച്ചത്.

നബി (സ) തന്റെ സ്വഹാബത്തിന്റെ കൂടെ ഇരിക്കുകയായിരുന്നു. ആ സമയത്ത് ഒരാള് വന്ന് കൊണ്ട് പറഞ്ഞു. അബ്ദുല്ലാഹിബ്നു സലാം (റ) മരണ ശയ്യയിലാണ്. ഉടനെ നബി (സ) യും അനുചരരും അടുത്തേക്ക് പോയി. മരണമാസന്നമായ വ്യക്തിക്ക് നബി (സ) പരിശുദ്ധ കലിമ ചൊല്ലിക്കൊടുത്തു. പക്ഷെ ചൊല്ലാന് കഴിയുന്നില്ല. ഉടനെ ഭാര്യയെ വിളിച്ചു കാര്യങ്ങള് അന്വേഷിച്ചു.

ഭാര്യ പറഞ്ഞു. എന്നെ വിവാഹം കഴിച്ചതു മുതല് നബി (സ) യുടെ പിന്നില് ജമാഅത്ത് നിസ്കരിരിക്കാത്തതോ സ്വദഖ നല്കാത്തതോ ആയ ഒരു ദിവസവും കഴിഞ്ഞു പോയിട്ടില്ല. പക്ഷെ അദ്ദേഹം മാതാവുമായി പിണക്കത്തിലാണ്. നബി (സ) ബിലാല് (റ) നോട് പറഞ്ഞു. മാതാവിനെ വിളിക്കുക. ബിലാല് (റ) മാതാവിന്റെ അടുത്തെത്തി. നിങ്ങളെ നബി (സ) വിളിക്കുന്നു. ബിലാല് പറഞ്ഞു. മാതാവ് എന്താ ആവശ്യം? ബിലാല്: നിങ്ങളുടെ മകന് മരണശയ്യയില് കിടക്കുകയാണ്. നിങ്ങള്ക്കും മകനുമിടയിലുള്ള പ്രശ്നം പരിഹരിക്കാനാണ് വിളിക്കുന്നത്. അല്ലാഹുവാണേ സത്യം ഞാന് ഒരിക്കലും വരില്ല. എന്നെ അടിക്കുകയും വീട്ടില് നിന്നും എന്നെ അടിച്ച് പുറത്താക്കുകയും ചെയ്ത എന്റെ മകന് ഞാന് ദുനിയാവിലും ആഖിറത്തിലും പൊരുത്തപ്പെട്ടു കൊടുക്കില്ല. ബിലാല്(റ) മടങ്ങിപ്പോയി. നബി(സ) അലി (റ) നോട് പറഞ്ഞു. നിങ്ങള് മാതാവിനെ വിളിക്കുക. രണ്ടു പേരും മാതാവിന്റെ അടുത്തെത്തി മാതാവ് കൂടെ വരാന് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് കൂടെ വന്നു.

നബി (സ) ഉമ്മയോട് പറഞ്ഞു നിന്റെ മകന്റെ അവസ്ഥയൊന്ന് കാണുക മകന്റെ ദയനീയ അവസ്ഥ കണ്ടിട്ടു മാതാവിന്റെ മനസ്സ് മാറിയില്ല. മാതാവ് പറഞ്ഞു ഇല്ല ഞാന് ഒരിക്കലും പൊറുക്കില്ല. എന്നെ മര്ദ്ധിച്ച് വീട്ടില് നിന്നും പുറത്താക്കിയവനോട് ഞാന് എങ്ങനെ പൊറുക്കും. അപ്പോള് നബി (സ) പറഞ്ഞു. നിങ്ങള് പൊരുത്തപ്പെട്ട് കൊടുത്താലേ നിങ്ങളുടെ മകനോട് എനിക്കും ബാധ്യതയുള്ളു. ഇത് കേട്ട മാതാവ് പറഞ്ഞു. എന്നാല് പൊരുത്തപ്പെട്ടു. അപ്പോഴാണ് അബ്ദുല്ലാഹിബ്നു സലാം കലിമ ചൊല്ലി മരിച്ചത്. നബി (സ) യും സ്വഹാബാക്കളും മയ്യിത്ത് നിസ്ക്കരിച്ച ശേഷം സ്വഹാബത്തിനെ ഒരുമിച്ച് കൂട്ടി കൊണ്ട് പറഞ്ഞു.

മുസ്ലിം സമൂഹമേ തന്റെ മാതാവിനോട് ഗുണം ചെയ്യാത്തവന് പരിശുദ്ധ കലിമ ഉച്ചരിക്കാന് കഴിയാതെ മരണപ്പെടും. ഇരു ലോകത്തെയും സന്തോഷകരമായ ജീവിതത്തിന് മാതാവിന്റെ തൃപ്തി അനിവാര്യമാണ്

ഉംറക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു വഴികാട്ടി



അബൂഹുറൈറയില്‍ നിന്ന് നിവേദനം. റസൂല്‍ (സ) പറഞ്ഞു: ഒരു ഉംറ നിര്‍വഹണം അടുത്ത ഉംറ നിര്‍വഹണം വരെ സംഭവിക്കുന്ന ചെറിയ ദോശങ്ങളെ പൊറുപ്പിക്കുന്നതാണ്. ബാധ്യത നിറവേറ്റിയ ഹജ്ജിന് സ്വര്‍ഗം തന്നെയാണ് പ്രതിഫലം. (അല്‍ ഉംറത്തു………..) (ബുഖാരി, മുസ്ലിം)

ഹജ്ജു നിര്‍വഹിക്കുന്നവരും ഉംറ ചെയ്യുന്നവരും അല്ലാഹുവിന്റെ അതിഥികളാണ്. അവര്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാല്‍ അവന്‍ ഉത്തരം നല്‍കും. അവര്‍ അവനോട് പൊറുത്തുകൊടുക്കാനാവശ്യപ്പെട്ടാല്‍ അവര്‍ക്കവന്‍ പൊറുത്തു കൊടുക്കും. (അല്‍ഹജ്ജാജു……..) (ഇബ്നുമാജ: 2/196)

ഹജ്ജും ഉംറയും  നിര്‍ബന്ധമാവുന്നത്.

ഹജ്ജ്, ഉംറ യാത്രക്കുള്ള മാര്‍ഗങ്ങളും മാധ്യമങ്ങളും സംവിധാനങ്ങളും ലഭ്യമാവുക, യാത്ര വേളകളില്‍ ഭാര്യാസന്തതികളുടെ ചെലവുകള്‍ക്ക് മാര്‍ഗമുണ്ടാവുക, പ്രായപൂര്‍ത്തിയും ബുദ്ധിയും ആരോഗ്യവുമുണ്ടാവുക എന്നീ നിബന്ധനകള്‍ ഒത്തുവന്ന മുസ്ലിമിനാണ് ഹജ്ജ് നിര്‍ബന്ധമാവുന്നത്. 

മുസ്ലിമായിരിക്കെ, സ്വതന്ത്രനായിരിക്കെ, പ്രായപൂര്‍ത്തിയും ബുദ്ധിയുമുണ്ടാവുക, കഴിവുണ്ടാവുക എന്നീ വ്യവസ്ഥകള്‍ ഒത്തുവന്നാല്‍ ഹജ്ജും ഉംറയും നിര്‍ബന്ധമാകുമെന്ന് മറ്റൊരുനിലക്ക് പറയാവുന്നതാണ്. കഴിവുണ്ടാവുക എന്നതിന്റെ വിവക്ഷ മേലുദ്ധരിച്ചതില്‍ നിന്ന് വ്യക്തമാകുന്നത് പോലെ യാത്രക്കാവശ്യമായ ഭക്ഷണങ്ങള്‍, അവ സൂക്ഷിക്കാന്‍ വേണ്ട പാത്രങ്ങള്‍, പോക്കുവരവിന് വേണ്ട ചെലവുകള്‍ മക്കയില്‍ നിന്നും 132 കിലോമീറ്റര്‍ അകലെ കഴിയുന്നത് അനുയോജ്യമായ വാഹനം ലഭിക്കല്‍, സ്ത്രീയുടെ കൂടെ ഭര്‍ത്താവോ വിവാഹബന്ധം ഹറാമായവരോ വിശ്വസ്തകളായ സ്ത്രീകളോ ഉണ്ടായിരിക്കുക, വഴിയില്‍ നിര്‍ഭയത്വം ഉണ്ടാവുക, വാഹനം മൃഗമാണെങ്കില്‍ അതിനു വേണ്ട ഭക്ഷണം. മറ്റു വാഹനങ്ങള്‍ക്കാവശ്യമായ ഇന്ധനം തുടങ്ങിയവയാണ്.

മേല്‍പറയപ്പെട്ട സൌകര്യം ഭാര്യസന്തതികള്‍ക്കും മറ്റു ചെലവ്കൊടുക്കല്‍ നിര്‍ബന്ധമായ വര്‍ക്കും താന്‍ പോയി തിരിച്ചുവരുന്നത് വരെ ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ കഴിച്ച ബാക്കിയുള്ളതായിരിക്കണം എന്നുകൂടി ഇസ്ലാം നിശ്കര്‍ഷിക്കുന്നുണ്ട്. താമസിക്കുന്ന വീട് പരിചരണത്തിനു വേണ്ട സേവകന്‍ എന്നിവ കൂടി കഴിച്ച് ധനം ബാക്കിയുണ്ടെങ്കിലേ ഇസ്ലാം ഹജ്ജിന് നിര്‍ബന്ധിക്കുന്നുള്ളൂ.

(അന്ധനു വഴികാട്ടിയുണ്ടെങ്കിലാണ് ഹജ്ജ് നിര്‍ബന്ധമാകുന്നത്. മക്കയില്‍ നിന്നും 132 കി.മി അകന്നു താമസിക്കുന്നവന് ആരോഗ്യപരമായ കാരണങ്ങളാല്‍ ഹജ്ജിനു സാധ്യമല്ലെങ്കില്‍ അതിനു കഴിയുന്ന ഒരാളെ കിട്ടുമെങ്കില്‍ പകരക്കാരനായി പറഞ്ഞയക്കാം. ഉംറയുടെ കാര്യം ഇങ്ങനെത്തന്നെയാണ്. മക്കയോട് ചേര്‍ന്നുവരുന്ന 132 കിലോമീറ്ററിനകത്ത് താമസിക്കുന്നവന്‍ സ്വന്തം ശരീരം ഉപയോഗിച്ച് തന്നെ ഹജ്ജ് ഉംറ നിര്‍വഹിക്കണം എന്നാണ് പണ്ഡിതമതം. (അവലംബം: അല്‍മുഖദ്ദമതുല്‍ ഹള്റമിയ്യ(ബാഫള്ല്‍)) )

ഉംറയുടെ ദുആകളും അദുകാറുകളും 

ഉംറയുടെ ദുആകളും അദുകാറുകളും

മസ്ജിദുല്‍ ഹറം, കഅബ, സഅയ്‌ എന്നിവയുടെ രൂപരേഖ 
ഉംറയുടെ ലഘു രൂപം 
മക്ക മദീനയിലെ ചരിത്ര പ്രസിദ്ദ സ്ഥലങ്ങളുടെ വിവരണം 

ഞിങ്ങളുടെ ദുആയിൽ ഈയുള്ളവനെയും ഉൾപ്പെടുത്തണേ...

Thursday, 20 April 2017

അഹ്ലുബൈത്ത്: സുന്നികളും ശീഇകളും വ്യത്യാസപ്പെടുന്നത എവിടെ?



കേരളത്തില്‍സമീപകാലത്ത് ശീഇസത്തെ താത്ത്വികമായും പ്രാമാണികമായും സാധൂകരിക്കാനും പ്രചരിപ്പിക്കാനും ഏറെ ശ്രമിച്ചുകൊണ്ടിരിക്കുന്ന സി ഹംസയുടെ വിവിധ രചനകളില്‍നിന്നും ഏതാനും ഭാഗങ്ങള്‍ഇവിടെ പകര്‍ത്താം: “പ്രവാചകപുത്രി ഹസ്രത്ത് ഫാത്വിമ സഹ്റാ(റ), അവരുടെ ഭര്‍ത്താവും പ്രവാചകന്റെ പിതൃവ്യപുത്രനുമായ ഹസ്രത്ത് അലി(റ), ഇവരുടെ പുത്രന്മാരായ ഹസ്രത്ത് ഹസന്‍(റ), ഹസ്രത്ത് ഹുസൈന്‍(റ) എന്നിവരും അരുടെ സന്താന പരന്പരയുമാണ് അഹ്ലുബൈത്ത്’ (ഇമാം ഖുമൈനിയുടെ ഇസ്‌ലാമിക ഗവണ്‍മെന്‍റ് എന്ന കൃതി വ്യാഖ്യാനിച്ചെഴുതിയ സമഗ്ര വിശദീകരണം, 1990, പേ 226).
ശിയാഇസത്തില്‍വിലായത്തിന് ഏറ്റവും വലിയ സ്ഥാനം നല്‍കപ്പെട്ടിരിക്കുന്നു. ഇമാം മുഹമ്മദുല്‍ബാഖിറില്‍നിന്ന് സുറാറ ഇപ്രകാരം ഉദ്ധരിക്കുന്നു. ഇമാം പറഞ്ഞു: നമസ്കാരം, സകാത്ത്, ഹജ്ജ്, വ്രതം, വിലായത്ത് എന്നീ അഞ്ചു സംഗതികളിലാണ് ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത്. സുറാറ പറയുന്നു. അപ്പോള്‍ഞാന്‍ചോദിച്ചു: ഇവയില്‍ഏതാണ് കൂടുതല്‍ശ്രേഷ്ഠം? ഇമാം പറഞ്ഞു: കൂടുതല്‍ശ്രേഷ്ഠം വിലായത്തു തന്നെ. കാരണം അതാണ് മറ്റുള്ളവയിലേക്കെല്ലാം കടന്നുചെല്ലാനുള്ള താക്കോല്‍. വാലി അവയിലേക്കുള്ള വഴികാട്ടിയാകുന്നു (ശയശറ/137).
ശാഖാപരമായ നിയമങ്ങളെക്കാളും അടിസ്ഥാന ആരാധനാനുഷ്ഠാനങ്ങളെക്കാളും ഇസ്‌ലാമിക ഗവണ്‍മെന്‍റിനാണ് പ്രാഥമികത്വമുള്ളതെന്ന് ഖുമൈനി വ്യക്തമാക്കുന്നു (ശയശറ/128).
നേരത്തെ എണ്ണിയ അഹ്ലുബൈത്തിനു മാത്രമേ ഇമാമുല്‍അഅ്ളം ആകാനുള്ള അര്‍ഹതയുള്ളൂവെന്നും പന്ത്രണ്ടു പേരടങ്ങുന്ന ആ ഇമാമീ പരന്പരയിലെ പന്ത്രണ്ടാമന്‍ഒളിഞ്ഞിരിക്കുകയാണെന്നും വാദിക്കുന്ന “ഇസ്നാ അശ്രി’യുടെ പരിഷ്കര്‍ത്താവായ ഖുമൈനിയുടെ പുതിയ കൂട്ടിച്ചേര്‍ക്കലോടു കൂടിയ ഖുമൈനിസത്തിന്റെ കേരളത്തിലെ മുഖ്യ പ്രചാരകനാണ് സി ഹംസ. കല്‍പനാധികാരികളെ അനുസരിക്കണമെന്ന ഖുര്‍ആന്‍ശാസനയുടെ അടിസ്ഥാനത്തില്‍, ഇപ്പറഞ്ഞ പന്ത്രണ്ടുപേര്‍മാത്രമാണ് കല്‍പനാധികാരികള്‍എന്ന വാദത്തിന്റെ ബലത്തില്‍, അനുസരിക്കപ്പെടേണ്ട ആ കല്‍പനാധികാരികളെല്ലാം വിശുദ്ധരായിരിക്കേണ്ടതനിവാര്യമാണെന്ന് ഇസ്നാ അശ്രികള്‍പറയുന്നു. അതായത്, അഹ്ലുല്‍ബൈത്ത് പാപ പരിശുദ്ധരായിരിക്കണം. ദൈവികമായ പ്രത്യേക സംരക്ഷണത്തില്‍പാപപരിശുദ്ധമായ ജീവിതം നയിക്കുന്നവരാണ് അഹ്ലുബൈത്ത് എന്നാണ് മേല്‍കൊടുത്ത ഖുര്‍ആന്‍വാക്യം മനസ്സിലാക്കിത്തരുന്നത് (അഹ്സാബ്/33നെ കുറിച്ച്) (പേ 226). “അതിനാല്‍പാപങ്ങളില്‍നിന്നും അബദ്ധങ്ങളില്‍നിന്നും പൂര്‍ണമായും പരിശുദ്ധരായവരും തികഞ്ഞ അനുസരണയോഗ്യരുമായിരിക്കണം ഉലുല്‍അംറ് എന്ന കാര്യം തീര്‍ച്ചയാണ്. അല്ലാത്തപക്ഷം പാപികളെ അനുസരിക്കാന്‍സമുദായം നിര്‍ബന്ധിതമാവുകയെന്ന ഒരു ദുരന്തഫലവും അത് വരുത്തിയേക്കും’ (പേ 343).
സമുദായം അനിവാര്യമായും അനുസരിക്കേണ്ട രാഷ്ട്രീയആത്മീയ നേതൃത്വമാണ് ശീഇകള്‍ക്ക് ഇമാമത്ത്. “ലൗകികവും ധാര്‍മികവും മതപരവുമായ നേതൃത്വമാണ് ഇമാമത്ത്. സ്വയാര്‍ജിതമോ ജനങ്ങളുടെ ഹിതാഹിതങ്ങളെ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കപ്പെടുന്നതോ അല്ല ആ പദവി. യുക്തിചിന്തകള്‍ക്ക് എത്താവുന്നതില്‍കവിഞ്ഞതാണ് ഇമാമത്തെങ്കിലും അതൊരിക്കലും പ്രവാചകത്വമല്ല…. (പേ 194). ഇമാമുകള്‍തെറ്റുകള്‍ക്കതീതരാണ്. വ്യക്തിപരമായ ആത്മപ്രകാശനത്തിലൂടെയാണ് അവര്‍ക്ക് അറിവും ജ്ഞാനവും ലഭിക്കുന്നത് (പേ 196). ഖുമൈനി പറയുന്നു: ഭരണാധികാരിയെന്ന നിലക്കുള്ള എല്ലാ ഉത്തരവാദിത്തങ്ങള്‍ക്കും പുറമെ തീര്‍ച്ചയായും ഇമാമിന് ചില ആധ്യാത്മിക മാനങ്ങളുണ്ട്. ദൈവകല്‍പിതവും സാര്‍വത്രികവുമാണ് ഇമാമിന്റെ സ്ഥാനം. പ്രപഞ്ചത്തിലെ ഓരോ അണുവും അധികാരസ്ഥന് വിധേയപ്പെടാന്‍മാത്രം പ്രാപഞ്ചിക പ്രാതിനിധ്യമുള്ള അധികാരമാണ് ഇമാമിന്‍റേത്. നാം നിര്‍ബന്ധമായും വിശ്വസിക്കേണ്ട കാര്യങ്ങളില്‍പെട്ടതാണ്, ദൈവനിയുക്തനായ പ്രവാചകനോ ദൈവ സാമീപ്യമുള്ള മലകിനോ പ്രാപിക്കാന്‍കഴിയാത്ത അധ്യാത്മിക പദവികളാണ് ഇമാമുകള്‍ക്കുള്ളതെന്ന്’ (പേ 256). സുന്നികളുടെ ഒരു പ്രസിദ്ധീകരണത്തില്‍സി ഹംസ അഹ്ലുല്‍ബൈത് എന്ന അധ്യായത്തിലെഴുതിയതിങ്ങനെ: അഹ്ലുബൈതിലൂെടയാണ് റസൂലിന്റെ ആധ്യാത്മിക ജീവിതത്തിന്റെ ചൈതന്യ പൂര്‍ണവും അനുസ്യൂതവുമായ പ്രവാഹം… രാഷ്ട്രീയാധികാരം തന്നെ മുസ്‌ലിംകള്‍ക്കില്ലാതിരിക്കുന്പോഴും അവര്‍ക്ക് ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ഒരു ഖുഥുബ് ഇല്ലാതിരിക്കില്ല. ആ ഖുഥുബ് അഹ്ലുല്‍ബൈതില്‍നിന്നായിരിക്കുകയും ചെയ്യും… ഖുഥുബ് അഹ്ലുബൈതില്‍പെട്ട ഗുരു മാത്രമേ ആകാവൂ…’
മറ്റൊരിടത്ത് അദ്ദേഹം കുറിക്കുന്നു: പ്രവാചക ജീവിതത്തിന്റെ ആധ്യാത്മിക രഹസ്യങ്ങളിലേക്ക് ഒരു സാധകന് എത്തണമെങ്കില്‍അവിടത്തെ കുടുംബത്തെ അങ്ങോട്ടുള്ള പാതയായി സ്വീകരിക്കണം. ബാഹ്യതലങ്ങളിലേക്കും നിയമപരവും സാമൂഹികവുമായ വശങ്ങളിലേക്കും എത്തിച്ചേരാനാകട്ടെ, സ്വഹാബികളാണവലംബം’ (അല്ലഫല്‍അലിഫ്: വിവര്‍ത്തനവും വ്യാഖ്യാനവും, പേ 247).
അഹ്ലുല്‍ബൈത്തിനെക്കുറിച്ചുള്ള ഗുരുതരമായ ഇത്തരം പിഴവാദങ്ങള്‍സുന്നി പ്രസാധനാലയങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ ഹംസ മൗലവി അതിനിഗൂഢമായി പ്രചരിപ്പിക്കുകയായിരുന്നു.
നബി(സ്വ)യുടെ നിയോഗ ലക്ഷ്യം?
അല്ലാഹുവിനെ സ്നേഹിച്ചും അംഗീകരിച്ചും സാധനയര്‍പ്പിക്കുകയെന്ന നിയോഗ ലക്ഷ്യത്തിലേക്ക് മനുഷ്യരാശിയെ വഴിനടത്തുകയാണ് തിരുദൂതര്‍(സ്വ)യുടെ ദൗത്യം. അല്ലാഹുവിനെ അവന്റെ ഗാംഭീര്യതയും സൗന്ദര്യവും നിറഞ്ഞ സകല സന്പൂര്‍ണതയോടെയും പരിചയപ്പെടുത്തുക, അവനെ താണുവണങ്ങി ജീവിക്കേണ്ട മാതൃക കാണിച്ചുകൊടുക്കുക. ഇതാണ് സകല ദൂതന്മാരും പ്രവാചകരും നിര്‍വഹിച്ചത്. അന്ത്യദൂതന്‍എന്ന നിലയില്‍നബി(സ്വ) ആ ദൗത്യം പൂര്‍ത്തീകരിച്ചു. മനുഷ്യര്‍ക്ക് സ്രഷ്ടാവായ അല്ലാഹുവിനെ പ്രാപിക്കാനുള്ള ഏക സന്പൂര്‍ണ വഴിയാണ് തിരുദൂതര്‍(സ്വ). അവിടുത്തെ സന്ദേശങ്ങളും ജീവിതമാതൃകയും മനസാ വാചാ കര്‍മണാ പകര്‍ത്തുന്നവര്‍ക്കേ ദൈവപ്രീതി നേടാന്‍കഴിയൂ. മനുഷ്യരെ പ്രസ്തുത ലക്ഷ്യത്തിലേക്ക് നയിക്കാന്‍ഒരു പിതാവിനെക്കാളേറെ, മാതാവിനെക്കാളേറെ കാരുണ്യാതിരേകത്താല്‍അവിടുന്ന് പ്രവര്‍ത്തിച്ചു.
വിലായത്തും ഖറാബത്തും
അന്ത്യദൂതരോട് രണ്ടു തരത്തിലുള്ള ബന്ധമാണ് മറ്റു മനുഷ്യര്‍ക്കുണ്ടാവുക. അവിടുത്തെ നിയോഗ ദൗത്യത്തോടുള്ള പ്രതികരണമായിട്ടുള്ളതാണ് പ്രഥമവും പ്രധാനവുമായ ബന്ധം. അതിനു വിലായത്ത് എന്നു പറയും. രണ്ടാമത്തേത് ആദര്‍ശപരമായ ബന്ധം. അല്ലാഹുവിനെ റബ്ബും ഇലാഹുമായി ഏറ്റെടുക്കുന്നവന്‍സ്രഷ്ടാവുമായി സ്ഥാപിക്കുന്ന ബന്ധത്തെയും വിലായത്ത് എന്നു പറയാറുണ്ട്. അല്ലാഹുവുമായുള്ള വിലായത്ത് പ്രാപിക്കാന്‍അനുകരിക്കേണ്ട വഴികാട്ടിയും മാതൃകയുമെന്ന നിലയില്‍നബി(സ്വ)യോടു സ്ഥാപിക്കുന്ന ബന്ധമാണ് നബിയുമായുള്ള വിലായത്ത്. ഈമാനും തഖ്വയുമാണ് ഈ രണ്ടു വിലായത്തിന്റെയും അടിസ്ഥാനം. ഈമാനും തഖ്വയുമില്ലാത്തവര്‍ക്ക് അല്ലാഹുവുമായോ റസൂലുമായോ വിലായത്ത് സ്ഥാപിക്കാന്‍കഴിയില്ല. “നിശ്ചയം അല്ലാഹു, അവനാണ് അവിടുത്തെ രക്ഷാധികാരി. പിന്നെ ജിബ്രീലും സത്യവിശ്വാസികളായ സജ്ജനങ്ങളുമാണ് അവിടുത്തെ ആദര്‍ശ ബന്ധുക്കള്‍’ (തഹ്രീം/4) എന്ന സൂക്തം അതാണു പറയുന്നത്. “നിശ്ചയം എന്റെ ബന്ധു അല്ലാഹുവും സത്യവിശ്വാസികളായ സജ്ജനങ്ങളും മാത്രമാകുന്നു’ (മുത്തഫഖുന്‍അലൈഹി) എന്നും, നിശ്ചയം എന്റെ ബന്ധുക്കള്‍ഭക്തജനങ്ങളാകുന്നു; അവര്‍എവിടെയുള്ളവരാണെങ്കിലും ശരി (അഹ്മദ്) എന്നും തിരുവിശദീകരണങ്ങള്‍കാണാം.
ഖാളി ഇയാള്(റ) പറയുന്നു: തിരുദൂതരുടെ ആദര്‍ശബന്ധുക്കള്‍സത്യവിശ്വാസികളായ സദ്വൃത്തരാകുന്നുവെന്ന് മേല്‍ഹദീസ് ദ്യോതിപ്പിക്കുന്നു. അവര്‍ക്ക് തിരുദൂതരുമായി യാതൊരുവിധ പാരന്പര്യ ബന്ധമില്ലെങ്കിലും ശരി. സത്യവിശ്വാസിയോ സദ്വൃത്തനോ അല്ലെങ്കില്‍എത്ര അടുത്ത ബന്ധ പരന്പരയിലാണെങ്കില്‍പോലും അയാള്‍തിരുദൂതരുടെ ബന്ധുവേ അല്ല. നിശ്ചയം തിരുദൂതരുമായുള്ള ബന്ധുത്വം, മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളില്‍, ശരീഅത്തിന്റെ പ്രത്യക്ഷ ആചാരങ്ങളില്‍തിരുദൂതരോടു സാധര്‍മ്യം പുലര്‍ത്തുകവഴി മാത്രമേ സംഭവ്യമാവുകയുള്ളൂ; പാരന്പര്യത്തിന്റെ കൂട്ടോ ഗര്‍ഭാശയത്തിലെ സഹജീവിതമോ പറഞ്ഞ് അതു സ്ഥാപിക്കപ്പെടുകയില്ല എന്ന് മേല്‍ഹദീസ് അര്‍ത്ഥമാക്കുന്നു.’ ഇമാം നവവി(റ)യും ഇബ്നുഹജറില്‍അസ്ഖലാനി(റ)യും ഈ വീക്ഷണത്തെ ശരിവെക്കുന്നു. വിശ്വാസമില്ലെങ്കില്‍അനന്തരാവകാശ വിനിമയമോ ബന്ധുത്വമോ നിലനില്‍ക്കില്ല.
തിരുദൂതരുമായുള്ള വിലായത്താണ് കുടുംബ ബന്ധത്തേക്കാള്‍പ്രധാനം. മുന്‍കാല പ്രവാചകത്വം (നുബുവ്വത്ത്), സുഹ്ബത്ത് (തിരുദൂതരില്‍നിന്നും നേര്‍ക്ക് വിശ്വാസം സ്വീകരിക്കാന്‍ലഭിച്ച അവസരം) എന്നിവയുടെ വിലായത്തിന്റെ പ്രഥമ പദവികള്‍, എല്ലാ പ്രവാചകരും തിരുദൂതരുടെ ബന്ധുവാണ്; പിന്നെ സ്വഹാബത്ത് അഖിലവും. സ്വഹാബത്തില്‍ആദ്യമാദ്യം കടന്നുവരുന്നവരും വിശ്വാസം കൊണ്ടും ഭക്തി കൊണ്ടും മികച്ചുനില്‍ക്കുന്നവരുമാണ് മുന്നണിയില്‍. പില്‍ക്കാല അനുയായികളിലും ഇപ്രകാരം പദവി വ്യത്യാസം പരിഗണിക്കപ്പെടുന്നു.
തിരുദൂതരുമായുള്ള കുടുംബ ബന്ധമാണ് രണ്ടാമത്തേത്. പ്രാഥമികാര്‍ത്ഥത്തില്‍ഖറാബത്ത് എന്നു പറയും. മുന്‍ഗാമികളിലേക്കും പിന്‍മുറയിലേക്കും വ്യാപിക്കുന്നതാണ് ഖറാബത്ത്. ഖറാബത്ത് പരിഗണിക്കപ്പെടണമെങ്കില്‍വിലായത്തുണ്ടാകണം. സത്യവിശ്വാസവും അടിസ്ഥാന കര്‍മങ്ങളും ഇല്ലാത്തവര്‍വംശവൃക്ഷത്തിലെ ഉണങ്ങിവീണ ശാഖകളായാണ് ഗണിക്കുക; ആ ഖറാബത്ത് പരിഗണനീയമല്ല. ഖറാബത്തിന് വിവിധ തട്ടുകളുണ്ട്. ഖുറൈശ് (പിതൃപരന്പരയിലെ നള്ര്‍ബ്നു കിനാനയാണ് ഖുറൈശ്തുഹ്ഫ, ശറഹുല്‍അഖാഇദ്) മുതല്‍പുത്രസന്തതികളിലൂടെ താഴോട്ടിറങ്ങുന്ന വംശവൃക്ഷത്തില്‍തിരുദൂതര്‍(സ്വ)യിലൂടെ താഴോട്ടിറങ്ങുന്ന സന്താന പരന്പരക്കാണ് പ്രാഥമ്യം. വംശപരവും വിവാഹ ബന്ധവും പിന്നീടാണു പരിഗണിക്കപ്പെടുക. വിലായത്തും ഖറാബത്തും സമ്മേളിച്ച വ്യക്തികളില്‍, ആദ്യം വിലായത്തിന്റെയും പിന്നെ ഖറാബത്തിന്റെയും ശക്തിയും വീര്യവുമാണ് പരിഗണിക്കുക. അഹ്ലുസ്സുന്നയുടെ വ്യക്തവും പ്രാമാണികവുമായ ഈ നിലപാടില്‍മനുഷ്യരിലേറ്റം ഉത്തമരായി യഥാക്രമം അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി (റ.ഹും) എന്നിവരെ വാഴ്ത്തുന്നതും അംഗീകരിക്കുന്നതും മേല്‍വിവരിച്ച മാനദണ്ഡങ്ങള്‍പ്രകാരമാണ്. ഇവരുടെ ഉത്തമാവസ്ഥ ലൗകികവും ആത്മീയവുമാണ്; ആധ്യാത്മികനിഗൂഢതലങ്ങളില്‍മറ്റു മൂവര്‍ക്കുമില്ലാത്ത സവിശേഷത അലി(റ)നു കല്‍പ്പിക്കുന്നില്ല. അദ്ദേഹവുമായി മുആവിയ(റ)നുണ്ടായ അഭിപ്രായ വ്യത്യാസം അദ്ദേഹത്തിന്റെ അര്‍ഹതയെയും യോഗ്യതയെയും സംബന്ധിച്ചായിരുന്നില്ല. രാഷ്ട്രീയ നടപടികളെയും നയങ്ങളെയും കുറിച്ചായിരുന്നു. സ്വര്‍ഗത്തിലെത്താന്‍, ആത്മീയ ഔന്നത്യം പ്രാപിക്കാന്‍ഏതു സ്വഹാബിയെയും മാതൃകയാക്കാമെന്ന് നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്.
മുസ്‌ലിം സമുദായത്തിന് മേല്‍പരാമര്‍ശിച്ച മാനദണ്ഡങ്ങളെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു, എക്കാലത്തും. ദൈവഹിതമായ ഇമാമത്ത് അലി(റ)നാണെന്ന് തിരുദൂതര്‍(സ്വ)യോ വിശുദ്ധ ഖുര്‍ആനോ പഠിപ്പിച്ചിരുന്നെങ്കില്‍, ഖലീഫയെച്ചൊല്ലിയുള്ള ഒരു കൂടിയാലോചനയെയും സ്വാഭാവികമായ വ്യത്യസ്താഭിപ്രായങ്ങളുടെയും ആവശ്യം ഉണ്ടാകുമായിരുന്നില്ല. വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങളെ അഹ്ലുബൈത്തിലേക്ക് വളച്ചൊടിച്ചു വഴിതിരിച്ചുവിടാനും, കൃത്രിമഹദീസുകള്‍നിരത്തി അതിനു ന്യായം കണ്ടെത്താനും പില്‍ക്കാലത്തുള്ളവര്‍കിണഞ്ഞു പരിശ്രമിക്കേണ്ടി വന്നത്; സ്വഹാബത്തിനു ലഭിച്ച ശിക്ഷണത്തിന്റെയും ഖുര്‍ആന്‍അവബോധത്തിന്റെയും മഹിമ ഉള്‍ക്കൊള്ളാന്‍വിസമ്മതിക്കുന്നതു കൊണ്ടുമാത്രമാണ്.
ആരാണ് തിരുദൂതരുടെ ബന്ധുക്കള്‍?
ഇബ്റാഹിം നബി(അ)യുടെ പുത്രന്‍ഇസ്മാഈല്‍നബി(അ)യുടെ സന്താന പരന്പരയിലാണ് തിരുദൂതര്‍(സ്വ) പിറക്കുന്നത്. അവിടുത്തെ പൂര്‍വപിതാക്കളില്‍അദ്നാന്‍മുതല്‍താഴോട്ടള്ള ഇരുപത് പിതാമഹന്മാരെക്കുറിച്ചു വളരെ വിശദമായ ചരിത്രം ലഭ്യമാണ്. ഇവരില്‍നള്ര്‍ബ്നു കിനാന മുതല്‍ഖുറൈശി എന്ന ബഹുമതിയാരംഭിക്കുന്നു. നബി(സ്വ) ഖുറൈശികളെയും പിന്‍മുറയില്‍അവരുടെ സഹോദരങ്ങളെയും പ്രത്യേകം പരിഗണിക്കുകയും ആദരിക്കുകയും ചെയ്തു. പില്‍ക്കാല ഖലീഫമാരും അതു തുടര്‍ന്നു. ഇസ്‌ലാമിക ഖിലാഫത്തിന്റെ അധികാരം ഖുറൈശികളില്‍നിക്ഷിപ്തമാക്കി (വിശദാംശങ്ങള്‍പിന്നീട്). ഈ പരന്പരയില്‍ഹാശിം പുത്ര പരന്പരക്ക് പ്രത്യേക പരിഗണന നല്‍കി. മുശ്രിക്കുകളുടെ ക്രൂരമായ പീഡനങ്ങള്‍പ്രസ്ഥാനത്തിനു നേരെ ഉണ്ടായ സന്ദര്‍ഭത്തില്‍”അബൂത്വാലിബ് താഴ്വരയില്‍’ പ്രവാചകരെയും അനുയായികളെയും ഉപരോധിച്ചപ്പോള്‍, ഹാശിം കുടുംബത്തോട് എ്യെദാര്‍ഢ്യം പ്രഖ്യാപിച്ച് മുത്തലിബ് പുത്രപരന്പരയിലുള്ളവരും സ്വമേധയാ ഉപരോധത്തിന് കീഴടങ്ങി. ഹാശിം കുടുംബത്തെപ്പോലെ അവരും ധാരാളം പീഡനം സഹിച്ചു. മുത്തലിബികളായ മുസ്‌ലിംകളും അമുസ്‌ലിംകളും അതില്‍സഹകരിച്ചു. അതിന് പ്രതിനന്ദിയായി, നബി(സ്വ) ഹാശിം കുടുംബത്തിന് നല്‍കിയ അതേ പരിഗണനയില്‍മുത്തലിബ് കുടുംബത്തെയും ഉള്‍പ്പെടുത്തി.
നബി(സ്വ)ക്ക് ആണ്‍മക്കളിലൂടെയുള്ള സന്താന പരന്പരയില്ലെന്നത് പ്രസിദ്ധമാണ്. അലി(റ) ഹാശിമിയാണെങ്കിലും നബി(സ്വ)യുടെ നേര്‍പുത്ര പരന്പരയിലല്ല. പ്രവാചക പുത്രി ഫാത്വിമ(റ)യിലൂടെയാണ് നബി പരന്പര നിലനില്‍ക്കുന്നത്. മറ്റു പുത്രിമാരുടെ സന്താനങ്ങള്‍ക്കും പിന്‍മുറയില്ല. പെണ്‍കുട്ടികളിലൂടെ വരുന്ന പിന്‍മുറ അറബികള്‍പൊതുവെ പരിഗണിക്കാറില്ല. ഇസ്‌ലാമിക കാഴ്ചപ്പാടിലും പെണ്‍കുട്ടികളിലൂടെ വരുന്ന സന്താന പരന്പരയല്ല പരിഗണിക്കാറുള്ളത്. ഈസാ നബി(അ)നെ പ്രവാചക പരന്പരയില്‍ഉള്‍പ്പെടുത്തിയ പോലെ (പിതാവില്ലാതെ ജനിച്ച ഈസായുടെ മാതാവാണ് പ്രവാചക പരന്പരയിലൂടെ കടന്നുവരുന്നത്) സവിശേഷമായി പരിഗണിച്ചതാണ് നബി(സ്വ)യുടെ പുത്രി പരന്പരയെയും. “ഹസനും ഹുസൈനും(റ.ഹും) എന്റെ പുത്രന്മാരാകുന്നു’വെന്ന തിരുപ്രസ്താവനയെ അക്ഷരാര്‍ത്ഥത്തില്‍തന്നെ ആദരപൂര്‍വം എടുക്കുകയായിരുന്നു സമുദായം. ഫാത്വിമ, അലി, ഹസന്‍, ഹുസൈന്‍(റ) എന്റെ അഹ്ലുബൈത്താകുന്നു എന്ന് നബി(സ്വ) പ്രഖ്യാപിച്ചതും ഇപ്രകാരമാണ് പരിഗണിച്ചത്. ഇവിടെപ്പറഞ്ഞ അഹ്ലുല്‍ബൈത്ത് പുത്രപരന്പരാപരമായ ഒരു പ്രയോഗമല്ല. ഏതര്‍ത്ഥത്തിലും പുത്രിയെ വിവാഹം ചെയ്ത വ്യക്തി സ്വന്തം പുത്രനായി ഗണിക്കപ്പെടാറില്ലല്ലോ. തിരുദൂതരുടെ ഖറാബത്തില്‍ഹാശിമികളുടെ വൃത്തത്തില്‍പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരാണ് അവര്‍നാലുപേര്‍എന്നേ അതുകൊണ്ട് അര്‍ത്ഥമാക്കുന്നുള്ളൂ. അവരും അവരുടെ പുത്രന്മാരും മാത്രമാണ് അഹ്ലുല്‍ബൈത്ത് എന്നതിന് അര്‍ത്ഥമില്ല. ആ പ്രസ്താവന അക്ഷരാര്‍ത്ഥത്തിലെടുത്താല്‍അവര്‍നാലു പേര്‍മാത്രമേ ആ പ്രത്യേക പരിഗണനയില്‍ഉള്‍പ്പെടൂ. അവരുടെ പുത്രപരന്പരയെ ഉള്‍പ്പെടുത്താന്‍അതില്‍പഴുതില്ല. അങ്ങനെ ഉള്‍പ്പെടുത്താമെങ്കില്‍അലി(റ)ന് മറ്റു പത്നിമാരില്‍ജനിച്ച പുത്രന്മാരും പരന്പരയും അഹ്ലുല്‍ബൈത്തില്‍ഉള്‍പ്പെടും. ആ നിലപാടാണ് അഹ്ലുസ്സുന്നയുടേത്. എന്നാല്‍ശീഇകള്‍ഹസന്‍, ഹുസൈന്‍എന്നിവരുടെ പിന്‍മുറയെ മാത്രമേ അഹ്ലുല്‍ബൈത്തായി ഗണിക്കാറുള്ളൂ. പുതപ്പിനകത്തു കയറിയ നാലു പേര്‍(അഹ്ലുല്‍കിസാഅ്) മാത്രമാണ് അഹ്ലുല്‍ബൈത്ത് എന്ന് ശാഠ്യം പിടിക്കുന്നവര്‍ആ പ്രസ്താവനയുടെ അക്ഷരാര്‍ത്ഥം എല്ലാ നിലക്കും അംഗീകരിക്കേണ്ടിവരും. അതിനവര്‍കൂട്ടാക്കില്ല. എന്നാല്‍അഹ്ലുസ്സുന്ന ആ നാലുപേര്‍ക്ക് സവിശേഷതയുണ്ടെന്നും അത് നബി(സ്വ)യുടെ പ്രത്യേക താല്‍പര്യമാണെന്നും അതു നാം വകവെച്ചുകൊടുക്കണമെന്നും തിരിച്ചറിയുന്നു. എന്നാല്‍ആധുനിക ബിദഇകള്‍ആ തിരു പ്രസ്താവനയെ തീര്‍ത്തും അവഗണിക്കുന്നവരാണ്. ചുരുക്കത്തില്‍നബി(സ്വ)യുടെ കുടുംബത്തിന്റെ വൃത്തം ഇപ്രകാരമാണ്:
1. ഖിലാഫത്ത് ഖുറൈശികള്‍ക്കു മാത്രം.
2. സകാത്ത് അവകാശികളല്ലാത്തവര്‍.
3. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന നാലുപേര്‍.
പരിഗണന ലഭിച്ച മറ്റൊരു കൂട്ടരാണ് പ്രവാചക പത്നിമാര്‍. കുടുംബത്തില്‍നിന്നു പത്നിമാരെ മാറ്റിനിര്‍ത്തുവാന്‍യാതൊരു ന്യായവുമില്ല. അഹ്ലുല്‍ബൈത്ത് എന്ന പ്രയോഗം വന്ന ഖുര്‍ആനിലെ മൂന്നിടത്തും പ്രവാചക പത്നിമാരെ പ്രത്യേകം ഉദ്ദേശിക്കുന്നുണ്ടെന്ന് കാണാം. പ്രവാചക പത്നിമാരില്‍ചിലര്‍ഖുറൈശികളായിരുന്നു.
ജ്ഞാനത്തിലും ഭക്തിയിലും നബികുടുംബം മറ്റുള്ളവര്‍ക്കു മാതൃകയാകണമെന്നത് സ്വാഭാവികമായ പ്രത്യേകതയാണ്. വിശിഷ്യാ പ്രത്യേക പരിഗണന നല്‍കപ്പെട്ടവര്‍. അതിനാല്‍അവരെ മാതൃകായോഗ്യരായ പാപപരിശുദ്ധരാക്കുകയെന്ന ലക്ഷ്യത്തോടെ കര്‍ശനമായ ചില വിധിവിലക്കുകള്‍അവര്‍ക്കു നല്‍കപ്പെട്ടു. വിശുദ്ധ ഖുര്‍ആനിലെ അഹ്സാബ്/33 സൂക്തത്തിന്റെ പശ്ചാത്തലവും സന്ദര്‍ഭവും ചേര്‍ത്തുവായിച്ചാല്‍ഇക്കാര്യം സുവ്യക്തമാണ്.
“പ്രവാചക വനിതകളേ, സ്ത്രീകളില്‍മറ്റാരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ഭയഭക്തിയുള്ളവരെങ്കില്‍അന്യരോട് കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അങ്ങനെ ചെയ്താല്‍ഹൃദയത്തില്‍രോഗമുള്ളവനു അഹിതമായതു ചെയ്യാന്‍മോഹമുണ്ടാകും. നിങ്ങള്‍സദാചാര ബദ്ധമായ വാക്കുകള്‍മാത്രം പറയുക. നിങ്ങള്‍വീടുകളില്‍അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ ജാഹിലിയ്യാ കാലത്തെ സൗന്ദര്യപ്രദര്‍ശനം പോലെ (വീടുവിട്ടു അനാവശ്യമായി പുറത്തിറങ്ങുക, വികാരം പ്രകോപിപ്പിക്കുന്ന വസ്ത്രമണിയുക, പരപുരുഷന്മാരുമായി കൂടിക്കലരുക) നിങ്ങള്‍പുറത്തിറങ്ങി നടക്കരുത്. നിസ്കാരം കൃത്യമായി നിര്‍വഹിക്കുക. സകാത്ത് നല്‍കുക, അല്ലാഹുവിനെയും അവന്റെ തിരുദൂതരെയും അനുസരിക്കുക. നിശ്ചയമായും വീട്ടുകാരേ (അഹ്ലുബൈത്ത്), നിങ്ങളില്‍നിന്നും പാപമാലിന്യം നീക്കിക്കളയാനും നിങ്ങളെ നന്നായൊന്ന് ശുദ്ധീകരിക്കാനും മാത്രമേ അല്ലാഹു ഉദ്ദേശിക്കുന്നുള്ളൂ (പ്രയാസപ്പെടുത്തുകയല്ല ലക്ഷ്യം). നിങ്ങളുടെ വീടുകളില്‍പാരായണം ചെയ്യപ്പെടാറുള്ള അല്ലാഹുവിന്റെ സൂക്തികളും തിരുദൂതരുടെ വിശദീകരണങ്ങളും നിങ്ങള്‍മനനം ചെയ്യുക. നിശ്ചയം അല്ലാഹു സൂക്ഷ്മജ്ഞാനിയായ മഹാ ഔദാര്യവാനത്രെ’ (അഹ്സാബ്/3234).
നബി(സ്വ)യുടെ അബ്ലുബൈത്തിനെ ഉദ്ദേശിച്ച് വിശുദ്ധ ഖുര്‍ആനില്‍വന്ന ഏക പരാമര്‍ശം ഇതാണ്. ഇതിലെ വാചകഘടന ശ്രദ്ധിച്ചുനോക്കൂ. പത്നിമാര്‍ക്കുള്ള നിര്‍ദേശങ്ങളാണ് എല്ലാം. മറ്റുള്ളവരെ ആകര്‍ഷിക്കും വിധം സംസാരിക്കരുത്, വീടുകളില്‍അടങ്ങിയൊതുങ്ങിക്കഴിയുക. നിസ്കാരവും സകാത്തും അവിടെവെച്ച് നിര്‍വഹിക്കുക. വീട്ടിലെ ഖുര്‍ആന്‍, സുന്നത്ത് അധ്യാപനങ്ങള്‍ശ്രദ്ധിച്ച് പഠിക്കുക, പുറത്തിറങ്ങേണ്ടി വരുന്പോള്‍പഴയ ജാഹിലിയ്യാ കാലത്തെ പരിധിവിടലുകള്‍ഒഴിവാക്കുക. കാരണം, നിങ്ങള്‍മറ്റു സ്ത്രീകളെപ്പോലെയല്ല, നിങ്ങള്‍പ്രവാചക പത്നിമാരാണ്. മേല്‍നിര്‍ദേശങ്ങള്‍ക്കിടയില്‍ഇവയുടെ ലക്ഷ്യത്തെക്കുറിച്ചുണര്‍ത്തുന്പോള്‍”വീട്ടുകാരേ’ എന്നു വിളിക്കുന്നു. അപ്പോള്‍സംബോധന പുല്ലിംഗ ബഹുവചനത്തോടാണ്. അതുവരെയും അതിനുശേഷവും സ്ത്രീലിംഗ ബഹുവചനത്തോടാണ് സംബോധന. വാചകഘടനയുടെ പെട്ടെന്നുള്ള ഈ മാറ്റത്തിന്റെ താല്‍പര്യത്തെക്കുറിച്ച് മുഫസ്സിറുകള്‍വിശദീകരിച്ചിട്ടുണ്ട്. ഇമാം റാസി പറഞ്ഞു: “നബി(സ്വ)യുടെ വീട്ടിലെ സ്ത്രീകളെയും പുരുഷന്മാരെയും ഉള്‍ക്കൊള്ളിക്കുകയാണിതിന്റെ ലക്ഷ്യം.’
ഈ സൂക്തമവതരിച്ചപ്പോള്‍നബി(സ്വ) അനുവാചകരുടെ തെറ്റിദ്ധാരണ തിരുത്തുവാനെന്നോണം, ഭാര്യമാര്‍മാത്രമല്ല ഇവിടെ അഹ്ലുബൈത്ത് എന്ന സംബോധനയിലുള്‍പ്പെടുകയെന്നു ബോധ്യപ്പെടുത്താന്‍മകള്‍ഫാത്വിമയെയും പൗത്രന്മാരായ ഹസന്‍, ഹുസൈന്‍എന്നിവരെയും മകളുടെ ഭര്‍ത്താവ് അലി(റ)നെയും ഒരു കരിന്പടത്തിനുള്ളില്‍അണച്ചുകൂട്ടി “ഇതാ ഇവര്‍എന്റെ അഹ്ലുബൈത്താകുന്നു’ എന്നു വിളംബരം ചെയ്യുകയായിരുന്നു. ഇമാം റാസി(റ) തുടരുന്നു: “അഹ്ലുല്‍ബൈതില്‍ആരെല്ലാം ഉള്‍പ്പെടുമെന്ന കാര്യത്തില്‍വിവിധ അഭിപ്രായങ്ങളുണ്ട്. തിരുനബി(സ്വ)യുടെ മക്കളും ഭാര്യമാരുമാണവര്‍. ഹസന്‍, ഹുസൈന്‍എന്നിവരും അവരില്‍പ്പെടും. നബി(സ്വ)യുടെ ഭവനവുമായി അടുത്തിടപഴകുകയും റസൂല്‍(സ്വ)യോട് നിരന്തരമായി സന്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നതിനാല്‍അലി(റ)വും തന്റെ വീട്ടംഗങ്ങളില്‍ഉള്‍പ്പെടുന്നു. ഈ അഭിപ്രായമാണ് ഏറ്റവും അനുയോജ്യം.’
അഹ്സാബ്/33ാം സൂക്തത്തില്‍പരാമര്‍ശിച്ചത്, അഹ്ലുല്‍ബൈത്തില്‍പെട്ടവരെയെല്ലാം അല്ലാഹു തന്റെ ദിവ്യൗദാര്യങ്ങളാല്‍(വഹബിയ്യ്) പാപസുരക്ഷിതരാക്കിയിരിക്കുന്നു എന്നല്ല, നബിയുടെ വീട്ടംഗങ്ങള്‍എന്ന നിലയില്‍വിശുദ്ധിയിലും നിര്‍മലതയിലും മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കാന്‍മറ്റുള്ളവരെപ്പോലെയല്ലാത്ത അഹ്ലുബൈത്ത്, ചില അച്ചടക്കം പാലിക്കണമെന്നാണ്. അവര്‍ക്ക് അധ്വാനത്തിലൂടെ (കസ്ബിയ്യ്) പാപപരിശുദ്ധിയാര്‍ജിക്കാവുന്നതാണ്. അല്ലാഹുവിന്റെ വഹബിയ്യായ കാവലാണ് ഇസ്മത്ത്. അത് രണ്ടിനമുണ്ട്. പ്രകൃത്യാ പാപ പരിശുദ്ധി നല്‍കുകയാണ് ഒരിനം. അത് മലക്കുകള്‍ക്കു മാത്രമേ നല്‍കിയിട്ടുള്ളൂ. പാപത്തിനനുകൂലമായ പ്രകൃതിയാണെങ്കിലും അല്ലാഹു നേരിട്ടു സംരക്ഷിക്കുന്നതാണ് രണ്ടാം ഇനം. ഇത് പ്രവാചകന്മാര്‍ക്കു മാത്രം. എന്നാല്‍അടിമയുടെ സ്വന്തം പ്രയത്നത്താല്‍വിശുദ്ധി കൈവരിക്കാവുന്നതാണ്. അതാണ് ഹിഫ്ള്. അതിന് ഉതവി നല്‍കപ്പെട്ടവര്‍മഹ്ഫൂളുകള്‍(പാപം വരാതെ ജീവിക്കാനുള്ള സ്വന്തം അഭീഷ്ടത്തെ അല്ലാഹു സഹായിച്ചു സംരക്ഷിക്കപ്പെട്ടവര്‍). ഉന്നതരായ സ്വഹാബികളും ഔലിയാക്കളില്‍അത്യുത്തരും ഈ ഗണത്തില്‍ഉള്‍പ്പെടുന്നുവെന്നു മാത്രം.
അതുകൊണ്ടുതന്നെ അഹ്ലുബൈതില്‍ഉള്‍പ്പെടാത്തവര്‍ക്കും അല്‍ഇമാമുല്‍അഅ്ളം ആകുന്നതിന് യാതൊരു വിലക്കും അഹ്ലുസ്സുന്ന കല്‍പിക്കുന്നില്ല. ഖുറൈശി ആകണമെന്നേയുള്ളൂ. ശൈഖ് സൈനുദ്ദീന്‍മഖ്ദൂം അവ്വല്‍(റ), ശുഅ്ബുല്‍ഈമാനില്‍(പേ 122) അതു കേരളത്തെ പഠിപ്പിച്ചു. അപ്രകാരം അഹ്ലുബൈത്തിനു പുറത്തുള്ള ഔലിയാഇനു ഖുഥുബു വരെ വളരാവുന്നതാണ് എന്നു അഹ്ലുസ്സുന്ന വിശ്വസിക്കുന്നു. ചരിത്രാനുഭവവും അതു തന്നെയാണ്. തന്റെ ആത്മീയ ശൈഖ് മുഹമ്മദുല്‍ബകരി(റ)യെയും അദ്ദേഹത്തിന്റെ പിതാവ് ശൈഖ് അബുല്‍ഹസനില്‍ബകരി(റ)യെയും ഖുഥുബായി വാഴ്ത്തിയ ചെറിയ സൈനുദ്ദീന്‍മഖ്ദൂം(റ) കേരള മുസ്‌ലിംകളെ പഠിപ്പിച്ചതും അതുതന്നെയായിരുന്നു. അതിനപ്പുറം കേരള മുസ്‌ലിംകളെ ഖുമൈനിസത്തിലേക്കു വലിച്ചിഴക്കുന്ന സൂക്ഷ്മപ്രവര്‍ത്തനങ്ങള്‍തിരിച്ചറിയാതെ പോവരുത്.


ശീഇസം4/മസ്ലൂല്‍

Wednesday, 19 April 2017

നിസ്കരിച്ചു നരകം കരസ്ഥമാക്കുന്നവർ


പൂര്‍വ വേദക്കാര്‍ക്കിടയില്‍ ജീവിച്ച ഒരു സ്ത്രീ മരണപ്പെട്ടു. മരണാനന്തര കര്‍മങ്ങള്‍ക്കു ശേഷം ഖബറടക്കം ചെയ്തുകൊണ്ടിരിക്കെ ഒരാളില്‍ നിന്ന് പണക്കിഴി കുഴിമാടത്തിലേക്ക് വീണു. മൂടുകല്ല് വെക്കാനുള്ള തിരക്കിനിടയില്‍ ആരും അത് ശ്രദ്ധിച്ചതേയില്ല. ഖബറടക്കം കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയാണ് അയാള്‍ പണക്കിഴിയുടെ കാര്യം ഓര്‍ത്തത്. നേരെ കുഴിമാടത്തിനരികിലേക്ക് നടന്നു. പതിയെ ഖബര്‍ തുറക്കാന്‍ തുടങ്ങി. മൂടുകല്ല് ഇളക്കിയപ്പോള്‍ കണ്ട കാഴ്ച ഭീതിയുളവാക്കുന്നതായിരുന്നു. ഇടുങ്ങിയ കല്ലറയില്‍ കിടക്കുന്ന മയ്യിത്തിന്റെ ശരീരമാസകലം അഗ്നി ഭക്ഷണമാക്കിയിരിക്കുന്നു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ചൂട് അദ്ദേഹത്തിന് അനുഭവപ്പെട്ടു. മുകളിലേക്ക് പടര്‍ന്നു കയറുന്ന അഗ്നി കണ്ട് ഭയചകിതനായ അയാള്‍ പെട്ടെന്ന് തന്നെ കുഴിമാടം മണ്ണിട്ട് മൂടി, സഹോദരിയുടെ വീട്ടില്‍ ചെന്ന് ഉണ്ടായ കാര്യങ്ങള്‍ വിവരിച്ചു. ഇങ്ങനെ സംഭവിക്കാനുണ്ടായ കാരണം അന്വേഷിച്ച അയാള്‍ക്ക് കിട്ടിയ മറുപടി അവള്‍ നിശ്ചിത സമയത്ത് നിന്നും പിന്തിപ്പിച്ച് നിസ്കരിക്കുന്നവളായിരുന്നു എന്നായിരുന്നുവത്രെ!
അഞ്ച് നേരം നിസ്കരിക്കുന്നവരാണ് നാം. എങ്കിലും ജോലിത്തിരക്കോ മറ്റോ കാരണമായി നിര്‍വഹിക്കുന്ന നിസ്കാരം കൃത്യ സമയത്താകാറുണ്ടോ? ഇല്ലെന്നായിരിക്കും പലര്‍ക്കും ഉത്തരം. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “തങ്ങളുടെ നിസ്കാരത്തെപറ്റി അശ്രദ്ധവാന്മാരായ നമസ്കാരക്കാരക്കാര്‍ക്കാണ് വൈല്‍ എന്ന നരകം’. “വൈല്‍’ എന്നാല്‍ നരകത്തിലെ ഒരു ചെരുവാണ്. ഭൂമിയിലെ വന്‍ പര്‍വതങ്ങള്‍ അവിടുത്തെ നേരിയ അഗ്നി സ്പര്‍ശമേറ്റാല്‍ ഉരുകിയൊലിച്ച് പോകുമെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത്രയും ദുഷ്കരമായ നരകത്തിലെ പ്രധാനപ്പെട്ട ഒരു ചെരുവ് തന്നെ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത് നിസ്കാരത്തില്‍ അശ്രദ്ധ കാണിക്കുന്നവര്‍ക്കാണ്. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു: “തീരെ നിസ്കരിക്കാത്തവരും, നിശ്ചിത സമയത്ത് നിസ്കാരം നിര്‍വഹിക്കാതെ പിന്തിപ്പിക്കുന്നവരും, മനഃപൂര്‍വം ഖളാആക്കി നിസ്കരിക്കുന്നവരും ഈ അശ്രദ്ധവാന്മാരുടെ ഗണത്തില്‍ പെടുന്നു’. സമയത്തിന്് നിസ്കരിക്കാന്‍ സൗകര്യമില്ലാത്തവര്‍ സമൂഹത്തില്‍ നന്നേ കുറവാണ്. എന്നിട്ടും പലരും അലസരായി മാറുന്നു. അതിന് കാരണം പറയുന്നത് അവരുടെ ജോലിത്തിരക്കുകളാണ്. എന്നാല്‍ പലര്‍ക്കും നന്നിഷ്ടപ്രകാരം നിര്‍ത്തിവെക്കാവുന്ന തൊഴിലുകളേ ഉള്ളൂ. നിസ്കാരം അകാരണമായി പിന്തിക്കുന്നവന്റെ ശിക്ഷയെക്കുറിച്ചുള്ള അറിവില്ലായ്മാണ് ഈ അശ്രദ്ധക്ക് കാരണം.
മഹത്ത്വങ്ങളും ശിക്ഷകളും
ഇമാം സുയൂത്വി(റ) പറയുന്നു: സമയാനുസൃതമായി നിസ്കരിക്കുന്നവരെ നാഥന്‍ അഞ്ച് ഗുണങ്ങള്‍ നല്‍കി ആദരിക്കും. ജീവിത ക്ലേശങ്ങള്‍ ഉയര്‍ത്തുക, ഖബര്‍ ശിക്ഷ ഏല്‍ക്കാതിരിക്കുക, നന്മതിന്മകള്‍ രേഖപ്പെടുത്തിയ ഗ്രന്ഥം വലതുകയ്യില്‍ നല്‍കപ്പെടുക, ഇടിമിന്നല്‍ വേഗത്തില്‍ സ്വിറാത്ത് പാലം വിട്ട് കടക്കുക, വിചാരണക്ക് വിധേയനാകാതെ സ്വര്‍ഗപ്രവേശനം അനുവദിക്കുക എന്നീ കാര്യങ്ങളാണവ. കൃത്യസമയത്തുള്ള നിസ്കാരത്തിന്റെ മഹത്ത്വങ്ങളും എതിരുപ്രവര്‍ത്തിച്ചാലുള്ള ദൂഷ്യഫലങ്ങളും വിളിച്ചോതുന്ന ധാരാളം ഹദീസുകളുണ്ട്.
നബി(സ്വ) പറയുന്നു: “കൃത്യസമയത്ത് നിസ്കാരം നിര്‍വഹിക്കുന്ന അടിമയില്‍ നിന്ന് നിസ്കാരം വാനലോകത്തേക്ക് ഉയര്‍ത്തപ്പെടും. അര്‍ശിന്റെ അറ്റം വരെ ശോഭിക്കുന്ന ആകര്‍ഷണീയ പ്രഭയുണ്ടായിരിക്കും അതിന്. തന്നെ കൃത്യമായി നിര്‍വഹിച്ചവന് വേണ്ടി നിസ്കാരം പൊറുക്കലിനെ ചോദിക്കും. “എന്നെ നീ സൂക്ഷിച്ചപ്രകാരം നാഥന്‍ നിന്നെയും സൂക്ഷിക്കട്ടെ’ എന്ന് അത് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. എന്നാല്‍ അകാരണമായി പിന്തിപ്പിച്ചവന്റെ നിസ്കാരവും അപ്രകാരം ഉയര്‍ത്തപ്പെടും. അര്‍ശ് വരെ നിഴലിക്കുന്ന അന്ധകാരമായിരിക്കുമതിന്. വാനലോകത്ത് എത്തേണ്ട താമസം വസ്ത്രം ചുരുട്ടും പ്രകാരം ചുരുട്ടി അതിന്റെ ഉടമയുടെ മുഖത്തേക്കെറിയും. നീ എന്നെ പാഴാക്കിയത് പോലെ നാഥന്‍ നിന്നെയും പാഴാക്കിക്കളയട്ടെ എന്ന് അത് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യും’ (ത്വബ്റാനി).
നിസ്കാരം കൃത്യസമയത്തു നിര്‍വഹിച്ചവര്‍ക്ക് ലഭിക്കുന്ന പവിത്രതകളും അല്ലാത്തവര്‍ അനുഭവിക്കുന്ന ക്ലേശങ്ങളും മൂലം രണ്ട് വിഭാഗത്തെയും ഖിയാമത്ത് നാളില്‍ വേറിട്ട് മനസ്സിലാക്കാന്‍ സാധിക്കും. മഹത്തുക്കള്‍ പറയുന്നു: “നിസ്കാരം അവഗണിച്ചവന്റെ മുഖത്ത് ഖിയാമത്ത് നാളില്‍ ആണികള്‍ തറച്ച് മൂന്ന് പലകകള്‍ തൂക്കും. ഒന്നാമത്തേതില്‍ “അല്ലാഹുവോടുള്ള കടമ പാഴാക്കിയവനേ’ എന്നും രണ്ടാമത്തേതില്‍ “നാഥന്റെ കോപത്തിന് അര്‍ഹനാക്കപ്പെട്ടവനേ’ എന്നും മൂന്നാമത്തേതില്‍ “രക്ഷിതാവിന്റെ കടമയെ ഇഹലോകത്ത് വെച്ച് പാഴാക്കിയതിനാല്‍ അവന്റെ അനുഗ്രഹം ലഭിക്കാതെ ഈ ദിവസം നിന്നെ പരീക്ഷിക്കട്ടെ’ എന്നും ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ടാകും.
എന്നാല്‍ നിസ്കാരത്തിന് വേണ്ടി അംഗശുദ്ധിവരുത്തുന്നവര്‍ മഹ്ശറയില്‍ വെച്ച് കൈകാലുകള്‍ പ്രകാശിക്കുന്നവരായി കാണപ്പെടും. മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിന് നാഥന്‍ കനിഞ്ഞേകിയ സമ്മാനമാണ് അഞ്ചുനേരത്തെ നിസ്കാരം. പൂര്‍വിക സമുദായങ്ങളെ അപേക്ഷിച്ച് നമുക്ക് അഞ്ച് നേരത്തെ നിസ്കാരം എത്ര ലളിതം! ഗത്യന്തരമില്ലെങ്കില്‍ പോലും ഉപേക്ഷിച്ചുകൂടാനാവാത്ത സല്‍കര്‍മമാണ് നിസ്കാരം. ശാരീരിക പ്രയാസങ്ങള്‍ക്കനുസരിച്ച് ചാരി നിന്നും ഇരുന്നും ചെരിഞ്ഞ് കിടന്നും മലര്‍ന്നു കിടന്നും കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചും ശാരീരിക ചലനം പോലുമില്ലാത്തവര്‍ ഹൃദയം കൊണ്ടെങ്കിലും നിസ്കരിക്കണമെന്ന് വിശുദ്ധ മതം നിഷ്കര്‍ഷിക്കുന്നു. എന്നിട്ടും ചിലര്‍ നിസ്കാരക്കാര്യത്തില്‍ അശ്രദ്ധവാന്മാരായി മാറുന്നു.
ഇക്കാര്യത്തില്‍ കാര്യമായ ശ്രദ്ധചെലുത്തേണ്ടത് ഉമ്മമാരാണ്. ഭര്‍തൃവീട്ടിലെ കാര്യകര്‍ത്താക്കളാണവര്‍. മക്കളും ഭര്‍ത്താവും ദീനീചിട്ടയോടെ ജീവിക്കാന്‍ പ്രചോദനമാവേണ്ടവര്‍. അവര്‍ തന്നെ ചില്ലറ കാരണങ്ങള്‍ പറഞ്ഞ് നിസ്കരിക്കാതിരിക്കുന്നവരാകരുത്. വീട്ടുജോലികളും കല്ല്യാണത്തിരക്കുകളും നമ്മുടെ നിസ്കാര നിര്‍വഹണത്തിന് വിലങ്ങുതടിയാകരുത്. പഠിതാക്കളായ പെണ്‍കുട്ടികളുടെ കാര്യവും തഥൈവ. നിസ്കാരം നിര്‍വഹിക്കാത്തവര്‍ക്ക് മറ്റു കര്‍മങ്ങളൊന്നും ഫലപ്രദമാവുകയില്ല. ആദ്യം നിസ്കാരമാണ് പരിശോധിക്കപ്പെടുക. പുരുഷന്മാര്‍ക്ക് കൃത്യമായി നിസ്കരിക്കാനൊരു ഉപായമാണ് ജമാഅത്ത്; പ്രതിഫലം വര്‍ധിപ്പിക്കാനുള്ള മാര്‍ഗവും. സ്വഹാബത്തിന്റെ കാലത്ത് പള്ളിയിലേക്ക് വരാത്തവരെ മുനാഫിഖുകളാ (കപടവിശ്വാസി) യിട്ടായിരുന്നു കണ്ടിരുന്നത്. അവര്‍ അത്രയും ഗൗരവത്തോടെ ജമാഅത്തിനെ പരിഗണിച്ചിരുന്നു.
മറ്റുള്ളവര്‍ക്ക് വേണ്ടി നിസ്കരിക്കുന്നവര്‍
നിസ്കാരം കാരണം നരകം സമ്പാദിക്കുന്ന രീതിയാണ് രിയാഅ്. അഥവാ ജനങ്ങള്‍ കാണാന്‍ വേണ്ടി നിസ്കരിക്കല്‍. മറ്റുള്ളവര്‍ കാണലാണ് നമ്മുടെ ഉദ്ദേശ്യമെങ്കില്‍ അല്ലാഹുവിന് മാത്രം അര്‍ഹമായ ആരാധനയില്‍ മറ്റുള്ളവരെ പങ്കുചേര്‍ക്കലായിരിക്കും അത്. അതുകൊണ്ടുകൂടിയാണ് സുന്നത്ത് നിസ്കാരങ്ങള്‍ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് അഭികാമ്യമെന്ന് പണ്ഡിതര്‍ പഠിപ്പിച്ചത്. ഒരാള്‍ പള്ളിയില്‍ വെച്ച് സുജൂദിലായി തേങ്ങിക്കരയുന്നത് കണ്ടപ്പോള്‍ “ഈ കര്‍മം വീട്ടില്‍ വെച്ചായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു’ എന്ന് മഹാനായ അബൂ ഉമാമ(റ) പറയുകയുണ്ടായി.
എന്നാല്‍ ജനങ്ങള്‍ കാണുന്നത് മടിച്ച് സമയബന്ധിത കര്‍മങ്ങള്‍ ഉപേക്ഷിക്കാനും പാടില്ല. ജനങ്ങളുടെ വീക്ഷണത്തിനൊത്ത് നിസ്കരിക്കലും നിസ്കരിക്കാതിരിക്കലും നിഷിദ്ധമെന്ന് സാരം. ആളുകള്‍ക്കിടയിലും ലോകമാന്യമില്ലാതെ നിസ്കരിക്കാന്‍ വിശ്വാസിക്ക് സാധിക്കണം. മറിച്ചാണെങ്കില്‍ അത് കേവലം ശാരീരിക വ്യായാമം മാത്രമായേ ഗണിക്കപ്പെടുകയുള്ളൂ. അതിന് ഈ റമളാന്‍ കാലം പ്രചോദനമേകട്ടെ.


ഇസ്സുദ്ദീന്‍ പൂക്കോട്ടുചോല

Wednesday, 5 April 2017

മൗതുൽ ആലിമി മൗതുൽ ആലം


മരണം മനുഷ്യന് അലംഘനീയമായ വിധി തന്നെയാണ്. ഉറപ്പായ സംഗതി എന്നാണ് മരണത്തെ ഖുർആൻ വിശേഷിപ്പിച്ചത്. അതേ സമയം എല്ലാവരുടെയും മരണത്തിന് തുല്യ സ്ഥാനം കൽപിക്കുക സാധ്യമല്ല. സാധാരണക്കാരന്റെ മരണവും പണ്ഡിതവഫാത്തും തുല്യമാണോ? പണ്ഡിതനും പാമരനും സമമല്ലെന്ന ഖുർആനിക പ്രഖ്യാപനത്തിൽ നിന്നുതന്നെ ഇക്കാര്യം ഗ്രഹിക്കാനാവും.
പണ്ഡിതൻ മൃത്യു പ്രാപിക്കുമ്പോൾ പൊലിഞ്ഞുപോകുന്നത് ഒരു വിളക്കുമാടമാകുന്നു. അതോടെ ചുറ്റും പ്രസരിച്ചിരുന്ന പ്രഭ മങ്ങുന്നു. അവിടെ മറ്റൊരു വിളക്ക് മുനിഞ്ഞുപോലും കത്താനില്ലെന്ന് വന്നാൽ അന്ധകാരം നിറയുകയായി. ഇതിനെക്കാൾ വലിയൊരു ആത്മീയ നാശം വേറെ വന്നുഭവിക്കാനില്ലല്ലോ.
തിരുനബി(സ്വ) പറഞ്ഞു: ‘ഒരു ഗോത്ര സമൂഹത്തിന്റെ മൊത്തം നാശം ഒരു പണ്ഡിതന്റെ മരണത്തേക്കാൾ എത്രയോ നിസ്സാരമാകുന്നു’ (ത്വബ്‌റാനി).
ഗോത്രമെന്നത് മൊത്തം മനുഷ്യരാശിയുടെ പരിഛേദമാണ്. അതിൽ വിവിധ നിലയും വിലയുമുള്ളവർ ഉണ്ടാകും. അവരിൽ നിന്ന് ഭാവിയിൽ നവോത്ഥാനത്തിന്റെ രേണുക്കൾ വരെ ഉയർന്നുവരാം. പക്ഷേ, അതൊന്നും ഗൗനിക്കുന്നതിനപ്പുറത്താണ് പണ്ഡിതനിര്യാണം മൂലമുള്ള നഷ്ടമെന്നാണ് നബിപാഠനം.
അലി(റ) പറയുന്നതു കാണുക: ‘ഒരു ആലിം മരിച്ചാൽ വിശുദ്ധ ഇസ്‌ലാമിൽ ഒരു വിടവ് വന്നണഞ്ഞു. പകരമൊരാൾ വന്നുചേരാതെ അതു നികത്തപ്പെടുന്നതല്ല.’
അദ്ദേഹം ആലപിച്ച ഒരു കാവ്യശകലം ഇങ്ങനെ സംഗ്രഹിക്കാം:
അന്തസ്സഖിലം ജ്ഞാനികൾക്കുതന്നെ/കാരണം അവരാണ് സന്മാർഗ ഗോപുരങ്ങൾ.
അവരിലൂടെയാണ് സന്മാർഗസ്വരൂപം സാധ്യമാകുന്നത്/വിവരദോഷികൾ പണ്ഡിതർക്ക് ശത്രുക്കളത്രെ.
അതിനാൽ ജ്ഞാനം കൊണ്ട് നീ വിജയിക്കുക, എങ്കിൽ ശാശ്വതമായി ജീവിക്കാം നിനക്ക്/കാരണം ജനമഖിലം മൃതരാകിലും ജ്ഞാനം അമരമാണെന്നും (ഇഹ്‌യാഅ് 1/7).
മരിച്ചാലും മരിക്കാത്തവരാണ് ജ്ഞാനികളെന്നും അവരുടെ മരണം പ്രപഞ്ചത്തിന്റെ തന്നെ മരണമാണെന്നും ഒരേ സമയം പറയുന്നതിൽ വൈരുധ്യം തോന്നേണ്ട കാര്യമില്ല. പണ്ഡിതൻ വിതറിയ വിജ്ഞാനങ്ങൽ കൊണ്ട് എന്നെന്നും അവർ ജീവിക്കുന്നുവെന്നതു കൊണ്ടാണ് മരണമില്ലെന്നു പറഞ്ഞത്. എന്നാൽ പണ്ഡിതൻ തന്റെ ഭൗതിക സാന്നിധ്യം വെടിയുക വഴി കുറേ നഷ്ടങ്ങൾ വരുത്തുന്നുവെന്നാണ് ലോകത്തിന്റെ മരണമെന്ന് പറഞ്ഞതിന്റെ വിവക്ഷ.
യഥാർത്ഥത്തിൽ ജ്ഞാനമെന്നത് മനസ്സിന്റെ ഗുണവിശേഷമാകുന്നു. അതിന്റെ ബഹിർസ്ഫുരണമാണ് ഗ്രന്ഥങ്ങൾ. ഒരു പണ്ഡിതൻ കുറേ ഗ്രന്ഥങ്ങൾ വിരചിച്ച ശേഷം പരലോകം പ്രാപിച്ചാലും അദ്ദേഹത്തിന്റെ യഥാർത്ഥ ജ്ഞാനമധു പൂർണമായും സമൂഹത്തിന് കൈമാറിക്കിട്ടി എന്നു പറയാവതല്ല. ഇമാം ശാഫിഈ(റ)യുടെ ഗുരു വകീഅ്(റ) പറഞ്ഞതു തന്നെ കാരണം:
ഇൽമ് നൂറുല്ലാഹി (നാഥനിൽ നിന്നുള്ള വെളിച്ചം) യാകുന്നു. ആ പ്രഭ മനതലത്തിൽ നിന്ന് പ്രസരിച്ചു വെട്ടം പരത്തും. അതിനെ ആവാഹിക്കാൻ ഒരു കിതാബിനും സാധ്യമല്ല. അതുകൊണ്ട് തന്നെ പണ്ഡിതന്റെ മരണം തീരാ നഷ്ടമായിത്തന്നെ പരിണമിക്കും. അത് നികത്താൻ ഏറെക്കുറെ സാധിക്കുന്നത് സമാനനായ ഒരു ആലിമിന് മാത്രമാണ്.
ഇമാം ഗസ്സാലി(റ) പറയുന്നു: ഇൽമ് വിനഷ്ടമായവൻ ഹൃദയരോഗിയായി മാറുന്നതാണ്. അവന്റെ മരണം സുനിശ്ചിതമാകുന്നു. പക്ഷേ, അവൻ അത് കാര്യമായി അറിഞ്ഞുകൊള്ളണമെന്നില്ല (ഇഹ്‌യാഅ് 1/7).
ലുഖ്മാൻ(റ) പുത്രന് നൽകിയ ഉപദേശത്തിൽ ഇങ്ങനെ കാണാം: കുഞ്ഞുമോനേ, നീ പണ്ഡിതന്മാരോടൊത്തിരിക്കുക. നിന്റെ മുട്ടുകൾ കൊണ്ട് തിക്കിത്തിരക്കിയെങ്കിലും അവരുടെ സദസ്സിൽ ഇടം നേടുക. എങ്കിൽ തത്ത്വജ്ഞാനത്തിന്റെ പ്രഭ കൊണ്ട് അല്ലാഹു ഖൽബിന് സജീവത നൽകുന്നതാണ്. കാലവർഷം കൊണ്ട് ഭൂമിയിൽ ജീവനുണ്ടാകുന്നതുപോലെ (ഇഹ്‌യാഅ് 1/8).
ഒരു താത്ത്വികൻ പറഞ്ഞു: പണ്ഡിതൻ മരിച്ചാൽ ജലത്തിലെ മത്സ്യങ്ങൾ കരയും. അന്തരീക്ഷത്തിലെ പക്ഷികളും വിലപിക്കും. ജ്ഞാനിയുടെ മുഖം മറഞ്ഞാലും സ്മരണ മറയില്ല (ഇഹ്‌യാഅ് 1/8).
പണ്ഡിതന്റെ ഭൗതിക തിരോധാനം തന്നെ വമ്പിച്ച നാശനഷ്ടങ്ങൾ വിതക്കുന്നുവെന്നാണ് ഇതിൽ നിന്ന് ഗ്രഹിക്കാനാകുന്നത്. തിരുനബി(സ്വ) ഇങ്ങനെ പറഞ്ഞതായി കാണാം: ‘ഭൂമിയിൽ അല്ലാഹുവിന്റെ അമീനാകുന്നു പണ്ഡിതൻ’ (ഇബ്‌നു അബ്ദിൽ ബർ).
യഥാർത്ഥ ജ്ഞാനി അല്ലാഹു നിശ്ചയിക്കുന്ന കാവൽ ഭടനാണെന്നാണ് ഹദീസിന്റെ താൽപര്യം. ഇത്തരം കാവൽ ഭടന്മാർ കാലയവനിക താണ്ടുന്നത് ഇസ്‌ലാമിക സാമ്രാജ്യത്തിന് കടുത്ത ഭീഷണിയാകുന്നു. അറിവുകൾ അലമാരകളിലും ചിപ്പുകളിലും ഭദ്രമായതുകൊണ്ട് പ്രയോജനമൊന്നുമില്ല. അവ ഉപയോഗിക്കാത്ത ആഭരണങ്ങളുടെ സ്ഥാനം മാത്രമേ അലങ്കരിക്കൂ. ആഭരണത്തിന്റെ ചന്തം കഴുത്തിലും കാതിലും അണിയുമ്പോഴാണല്ലോ. കിതാബിലെ ഇൽമുകളുടെ സജീവത അത് നിഴലിക്കുന്ന പ്രയോഗ ജന്മങ്ങളാകുന്നു. ഏറ്റവും മഹത്തായ ഗ്രന്ഥമാണല്ലോ ഖുർആൻ. ആഇശാ ബീവി(റ) പറഞ്ഞത് ഖുർആനായിരുന്നു തിരുനബി(സ്വ)യുടെ സ്വഭാവമെന്നാണ്.
ഒരിക്കൽ നബി(സ്വ) പറഞ്ഞു: അന്ത്യദിനത്തിന്റെ ലക്ഷണമാണ് അറിവുകൾ ഉയർത്തപ്പെടൽ. പക്ഷേ, അതങ്ങനെ പെട്ടെന്നൊരു പ്രഭാതത്തിൽ ഗ്രന്ഥജ്ഞാനങ്ങൾ മാഞ്ഞുപോകലല്ല. മറിച്ച് പണ്ഡിതന്മാരെ പിടിച്ചെടുക്കലാകുന്നു.
മൗതുൽ ആലിമി മൗതുൽ ആലം (പണ്ഡിത നിര്യാണം ലോകത്തിന്റെ മരണമാണ്) എന്നു പറയുന്നതിന്റെ പൊരുളും ഇതുതന്നെ. പണ്ഡിതൻ മരിക്കുമ്പോൾ യഥാർത്ഥത്തിൽ മരിക്കുന്നത് പണ്ഡിതനല്ല, മറിച്ച് ലോകജനതയാണ്. പണ്ഡിതൻ എന്നെന്നും ജീവിക്കുക തന്നെയാണ്.
കേരളം എന്നും പ്രസിദ്ധ പണ്ഡിതരാൽ സമ്പന്നമായിരുന്നു. പക്ഷേ അടുത്തിടെയായി ഗുരുക്കളുടെ ചന്തമുറ്റ ഒരു തലമുറ തന്നെ നമ്മെ പിരിഞ്ഞുപോവുകയാണ്. താജുൽ ഉലമ, നൂറുൽ ഉലമ, ബാപ്പു ഉസ്താദ്, ഇപ്പോൾ ബാവ ഉസ്താദും. വലിയ നഷ്ടങ്ങളാണെല്ലാം. പകരം വെക്കാൻ കുറേ പേരൊന്നുമില്ല സമുദായത്തിൽ. ഇവിടെ സംഭവിക്കുന്നത് യഥാർത്ഥ ഇൽമിന്റെ വെട്ടം കുറയുന്നുവെന്നതാണ്. അവിടെയൊക്കെ അന്ധകാരത്തിന്റെ ചീന്തുകൾ പടർന്നുകയറുന്നു.
നാം നന്നായി ഭയക്കേണ്ട സാഹചര്യമാണിത്. പഴയകാല പണ്ഡിതരുടെ പാത നമുക്കിന്നന്യമാകുന്നോ? വിജ്ഞാനത്തെ കയ്യേറ്റെടുക്കുന്ന ഒരു തലമുറ നമുക്ക് വിനഷ്മാകുന്നോ? ഓരോ ജ്ഞാനിയുടെയും വിയോഗവാർത്ത വായിക്കുമ്പോൾ ഇനിയാര്? എന്ന ചോദ്യത്തിൽ മാത്രം നമ്മുടെ പ്രതികരണം ഒതുങ്ങുന്നു. തിരുനബി(സ്വ) മുന്നറിയിപ്പ് നൽകിയ അശുഭ കാലത്തെ നാം മാടിവിളിക്കുന്നുവോ?
കാലം പോകെപ്പോകെ പണ്ഡിതർ കാലഗതി പ്രാപിക്കും. പാമര ജനങ്ങൾ നേതാക്കളാകും. അവരോട് ജനം ഫത്‌വകൾ ആരായും. അവർ ഫത്‌വകൾ നൽകുകയും ചെയ്യും. അങ്ങനെ സ്വയം പിഴക്കും. മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും (ഹദീസ്).


സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി

Tuesday, 4 April 2017

അഹ്‌ലുസ്സുന്ന

അല്ലാഹു ഖുർആനിലും പൂർവ്വഗ്രന്ഥങ്ങളിലും നബി(സ) തങ്ങളുടെ ഉമ്മത്തിന് ‘മുസ്‌ലിംകള്‍’ എന്നാണ് പേര്‍ വിളിച്ചിരിക്കുന്നത്. അല്‍ഹജ്ജ് അധ്യായത്തിലെ 78-ാം സൂക്തത്തില്‍ ഇതു കാണാം. മുസ്‌ലിംകളുടെ വിശ്വാസ കാര്യങ്ങളില്‍ നബി(സ)യുടെ കാലത്ത് ഭിന്നിപ്പുണ്ടായിരുന്നില്ല. മുസ്‌ലിംകളെല്ലാവരും ഒരേ വിശ്വാസക്കാര്‍. അതു കൊണ്ട് തന്നെ ഒരു വിവേചക നാമം അന്നു ആവശ്യമായി വന്നിട്ടില്ലാത്തതിനാല്‍ ‘അഹ്‌ലുസ്സുന്നത്തിവല്‍ജമാഅ’ എന്ന പേര്‍ അന്നുണ്ടായില്ല.

എന്നാല്‍, നബി തിരുമേനി(സ)യുടെ കാലശേഷം ദീനിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഭിന്നിപ്പുണ്ടായി. ഓരോരോ പുത്തന്‍ വാദങ്ങളുമായി പലരും രംഗത്തുവന്നു. സ്വഹാബത്തിന്റെ കാലത്ത് തന്നെ മുസ്‌ലിം സമൂഹത്തില്‍ ബിദ്അത്തിന്റെ പാര്‍ട്ടികള്‍ ഉടലെടുത്തു. ഇവ്വിധം പുതിയ കക്ഷികള്‍ വര്‍ധിച്ചപ്പോള്‍ ഇതിലൊന്നും അകപ്പെടാതെ പരമ്പരാഗത വിശ്വാസവുമായി കഴിഞ്ഞുകൂടുന്ന സാക്ഷാല്‍ മുസ്‌ലിംകളെ ഇവരില്‍നിന്ന് വേര്‍തിരിക്കാന്‍ ഒരു വിവേചകനാമം ആവശ്യമായി വന്നു. അതാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ.
ഭിന്നിപ്പും ചേരിതിരിവും മുസ്‌ലിംകളില്‍ പ്രത്യക്ഷപ്പെട്ടാല്‍ അതിലകപ്പെടാതിരിക്കാന്‍ അവലംബമാക്കേണ്ട രണ്ട് പ്രമാണങ്ങളായി നബി(സ) പഠിപ്പിച്ചതാണ് സുന്നത്തും ജമാഅത്തും. കക്ഷിത്വത്തിനും ചേരിതിരിവിനും വശംവദരാവാത്തവിധം സത്യദീനിന്റെ അനുയായികളെയും അവരുടെ വിശ്വാസപ്രമാണങ്ങളെയും ഉള്‍കൊള്ളുന്നതും സംരക്ഷിക്കുന്നതുമായിരിക്കലാണല്ലോ വിവേചകനാമത്തിനു അനുയോജ്യം. അതാണ് സുന്നത്തിന്റെയും ജമാഅത്തിന്റെയും ആളുകള്‍ എന്ന നാമം നല്‍കിയത്. പരമ്പരാഗത മുസ്‌ലിംകള്‍ക്ക് ഇത്ര അനിയോജ്യമായ മറ്റൊരു പേരില്ല. ഇതിനെ ചുരുക്കി വിളിക്കുന്നതാണ് അഹ്‌ലുസ്സുന്ന (സുന്നികള്‍) എന്നത്.നബി(സ)യുടെ മുന്നറിയിപ്പ്
മുസ്‌ലിം സമുദായം മൗലിക വിഷയങ്ങളില്‍ ഭിന്നിക്കുമെന്ന് നബി(സ) തങ്ങള്‍ പ്രസ്താവിച്ചത് പുലര്‍ന്നു. നബി(സ) പറഞ്ഞു: ബനൂഇസ്‌റാഈല്‍ എഴുപത്തിരണ്ടു മതമായി പരിഞ്ഞു (ജൂതന്മാര്‍ എഴുപത്തി ഒന്നും ക്രിസ്ത്യാനികള്‍ എഴുപത്തിരണ്ടും). എന്റെ സമുദായവും എഴുപത്തിമൂന്ന് ദീനുകളുടെ മേല്‍ പിരിയും. അവയില്‍ എഴുപത്തി രണ്ടും നരകത്തിലും ഒരു ദീന്‍ മാത്രം സ്വര്‍ഗത്തിലുമാണ്.
ഈ ഹദീസില്‍ പരാമര്‍ശിച്ച ഭിന്നിപ്പ് ദീനിന്റെ വിശ്വാസകാര്യങ്ങളാണ്, ശാഖാ പരമല്ല. ഈ ഭിന്നിപ്പ് നിയമവിരുദ്ധവും നിഷിദ്ധവുമാണെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. ഓരോ വിഭാഗത്തിനെയും ഓരോ മില്ലത്തുകളായി നബി(സ) തങ്ങള്‍ എണ്ണിയതും അവയിലൊന്നൊഴിച്ചു ബാക്കി മുഴുവന്‍ നരകത്തിലാണെന്നു വിധിയെഴുതിയതും ഇതുകൊണ്ടാണ്. (മിര്‍ഖാത് 1/205)
പിഴവ് സംഭവിക്കാത്ത പ്രമാണങ്ങള്‍
അല്ലാഹു തന്റെ അടിമകള്‍ക്ക് നിശ്ചയിച്ചവതരിപ്പിച്ച നിയമങ്ങളാണ് ദീന്‍. ഇതിനെ നിലനിര്‍ത്തുവാന്‍ അല്ലാഹു പിഴവുകളില്‍നിന്നും സുരക്ഷിതത്വമുള്ള മൂന്ന് പ്രമാണങ്ങള്‍ നല്‍കി. ഇത് മുന്‍ പ്രവാചകര്‍ക്കില്ലായിരുന്നു. ഖുര്‍ആന്‍, സുന്നത്ത്, ജമാഅത്ത് എന്നിവയാണവ.
മൗലിക കാര്യങ്ങളില്‍ (വിശ്വാസപരം) പ്രമാണമായി വരുന്നത് തുല്യ പ്രാധാന്യത്തോടെ ഖുര്‍ആന്‍, സുന്നത്ത്, ജമാഅത്ത് (ഇജ്മാഅ്) എന്നീ മൂന്നെണ്ണം മാത്രമാണ്. ദീനിന്റെ ഉസൂലില്‍ ഖിയാസ് പ്രമാണമല്ലല്ലോ.
ഖുര്‍ആന്‍ ഒന്നാം പ്രമാണം, സുന്നത്ത് രണ്ടാം പ്രമാണം എന്ന വേര്‍തിരിവ് അബദ്ധമാണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) തന്റെ ‘രിസാല’യില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രമാണമാക്കുന്ന വിഷയത്തില്‍ മുകളില്‍ വിവരിച്ച മൂന്നിനും തുല്യ പദവിയാണ്. ഇക്കാര്യം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ”അല്ലാഹുവിനും റസൂലിനും ഉലുല്‍ അംറിനും നിങ്ങള്‍ വഴിപ്പെടുക.’ (സൂറത്തുന്നിസാഅ് 59)
ഇമാം റാസി(റ) ഈ സൂക്തം വ്യാഖ്യാനിക്കുന്നത് കാണുക: ഈ ആയത്തില്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടാന്‍ പറഞ്ഞതിനോടൊപ്പമാണ് ഉലുല്‍ അംറി (ഇജ്മാഅ്) നോടും വഴിപ്പെടാന്‍ പറഞ്ഞത്. അപ്പോള്‍ അല്ലാഹുവിനെയും റസൂലിനെയും (ഖുര്‍ആന്‍, സുന്നത്ത്) പോലെ തെറ്റു സംഭവിക്കാത്ത പ്രമാണമാണ് ഇജ്മാഅ്. (റാസി 10/144, രിസാല 5 നോക്കുക.)
ഖുര്‍ആന്‍ പോലെ തന്നെ സുന്നത്തും അല്ലാഹുവിന്റെ വഹ്‌യുകളാണ്. വഹ്‌യിന്റെ രണ്ടു പ്രമാണങ്ങളാണിവയെന്നു ചുരുക്കം.
ജിബ്‌രീല്‍(അ) മുഖേന അല്ലാഹു നബി(സ)ക്ക് അവതരിപ്പിച്ച വഹ്‌യുകളാണ് ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നത്. നബി(സ)യുടെ പ്രവാചകത്വത്തിനു മുഖ്യതെളിവും അന്ത്യനാള്‍ വരെ വള്ളിപുള്ളി വ്യത്യാസമില്ലാതെ സംരക്ഷിക്കപ്പെടുന്നതുമായ ദിവ്യഗ്രന്ഥമാണ് ഖുര്‍ആന്‍. അതു പാരായണം ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടതുമാണ്. ഈ സവിശേഷത സുന്നത്തിന് ഇല്ലെങ്കിലും പ്രമാണ വിഷയത്തില്‍ ഖുര്‍ആനും സുന്നത്തും തുല്യപദവിയുള്ള രണ്ടു തരം വഹ്‌യിന്റെ പ്രമാണങ്ങളാണ്.
നബി(സ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവ ഉള്‍കൊള്ളുന്ന തിരുചര്യയാണ് സുന്നത്തിന്റെ ഉദ്ദേശ്യം. ഖുര്‍ആനിന്റെ ആധികാരിക വിശദീകരണമാണ് സുന്നത്ത്. പത്തു ലക്ഷത്തില്‍പരം ഹദീസുകള്‍ ഉള്‍കൊള്ളുന്നതാണ് നബി(സ)യുടെ സുന്നത്ത്. ഇതില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് മുഹദ്ദിസുകള്‍ ക്രോഡീകരിച്ചത്.
ജമാഅത്ത്
പിഴച്ച വിഭാഗങ്ങളില്‍ നിന്നു രക്ഷപ്പെടാനായി എന്നെന്നും പിടിച്ചുനില്‍ക്കാന്‍ ‘സുന്നത്തി’നു പുറമെ നബി(സ) കല്‍പിച്ച ‘ജമാഅത്ത്’ കൊണ്ട് ഉദ്ദേശ്യമെന്താണെന്നു നോക്കാം.
നബി(സ) പറഞ്ഞു: ”എന്റെ സുന്നത്തും എന്റെ ഖലീഫമാരുടെ സുന്നത്തും നിങ്ങള്‍ മുറുകെ പിടിക്കുക. അണപ്പല്ലുകള്‍ കൊണ്ട് ആ സുന്നത്തിനെ നിങ്ങള്‍ കടിച്ചു പിടിക്കുക.” (തുര്‍മുദി) ”നിങ്ങള്‍ ജമാഅത്ത് (ഇജ്മാഅ്) മുറുകെ പിടിക്കണം.” (അബൂദാവൂദ്) ”വല്ലവനും അല്‍പമെങ്കിലും ജമാഅത്തില്‍ നിന്നു വേര്‍പിരിഞ്ഞാല്‍ അവന്‍ ഇസ്‌ലാമിന്റെ താലി തന്റെ കഴുത്തില്‍നിന്ന് പൊട്ടിച്ചെറിഞ്ഞവനാകും.” (അഹ്മദ്)
നബി(സ)യുടെ സുന്നത്ത് ശരിക്കും വ്യക്തമാകുന്നത് അവിടത്തെ ഖലീഫമാരുടെ കാലത്തായതുകൊണ്ടാണ് ഖുലഫാഇന്റെ സുന്നത്തിനെ കൂടി മുമ്പ് വിവരിച്ച ഹദീസില്‍ ചേര്‍ത്തിപ്പറഞ്ഞത്. അല്ലാതെ ഖുലഫാഇന്റെ സുന്നത്ത് എന്ന ഒരു പ്രത്യേക പ്രമാണമില്ല.
ലോക മുസ്‌ലിംകളുടെ ഏകോപനമാണ് ‘ജമാഅത്ത്’ എന്നതുകൊണ്ടു വിവക്ഷ. അതുതന്നെയാണ് ഇജ്മാഅ്. ഇതും ഖുര്‍ആന്‍, സുന്നത്ത് പോലെ ഖണ്ഡിത പ്രമാണമാണ്. നബി(സ)യുടെ വഫാതിനുശേഷം ഏതെങ്കിലും വിഷയത്തില്‍ ഒരു കാലത്തെ ഗവേഷണയോഗ്യതയുള്ള പണ്ഡിതര്‍ മുഴുവനും ഏകോപിക്കുക എന്നതാണ് സാങ്കേതികമായി ഇജ്മാഇന്റെ നിര്‍വചനം. (ജംഅ്: 2/176)
ജമാഅത്തിനെ നിങ്ങള്‍ മുറുകെ പിടിക്കുക എന്നു നബി(സ) തങ്ങള്‍ പ്രസ്താവിച്ചതും ജമാഅതുല്‍ മുസ്‌ലിമീന്‍ എന്നു ഇമാം ശാഫിഈ(റ) വിശദീകരിച്ചതും ‘അഹ്‌ലുല്‍ ഹല്ലി വല്‍അഖ്ദ്’ എന്നു ഇമാം റാസി, ഹാഫിള് ഇബ്‌നു ഹജര്‍(റ) വ്യാഖ്യാനിച്ചതും ‘അഹ്‌ലുല്‍ ഇല്‍മി’ എന്നു ഇമാം ബുഖാരി(റ) പറഞ്ഞതും തത്വത്തില്‍ ഒന്നുതന്നെയാണ്.
ഹദീസില്‍ പറഞ്ഞ’അല്‍ജമാഅത്ത്’ കൊണ്ടു വിവക്ഷ സ്വഹാബത്ത് മാത്രമാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. താബിഈ പണ്ഡിതരുടെ ഉദ്ധരണികളില്‍ നിന്നു പിഴച്ചു മനസ്സിലാക്കിയതുകൊണ്ടാണ് തെറ്റിദ്ധാരണയുണ്ടാവുന്നത്. താബിഉകളെ അപേക്ഷിച്ച് ‘അല്‍ജമാഅത്തി’ന്റെ ഉദ്ദേശ്യം സ്വഹാബത്തു മാത്രമാണല്ലോ.
ഇജ്മാഅ് ഖണ്ഡിത പ്രമാണമാണ്. മറ്റൊരു വ്യാഖ്യാനത്തിനു പഴുതില്ലാത്ത വിധം ആശയവും ഉദ്ദേശ്യവും ഇന്നതെന്നു വ്യക്തമായതാണ് ഖണ്ഡിത പ്രമാണം. മറിച്ചൊരു വ്യാഖ്യാനത്തിനു പഴുതില്ലാത്ത ഖുര്‍ആനിന്റെയും സുന്നത്തിന്റെയും മൊഴികളും ഖണ്ഡിത പ്രമാണമാണ്. ഇത്തരം ഖണ്ഡിത പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടത് ദീനിന്റെ ഉസൂലാണ്, വിശ്വാസ കാര്യങ്ങളാണ്. ഇക്കാര്യങ്ങള്‍ ശരീഅത്തിന്റെ ബാധ്യതയുള്ള എല്ലാവരും അറിയേണ്ടതും വിശ്വസിക്കേണ്ടതുമാണ്. ഇവ അറിയാത്തതില്‍ ഒരാള്‍ക്കും വിട്ടുവീഴ്ചയില്ല. പണ്ഡിതനും സാധാരണക്കാരനും വിശ്വസിച്ചിരിക്കണം.
എല്ലാവരും അറിഞ്ഞിരിക്കേണ്ട വിശ്വാസകാര്യങ്ങള്‍ രണ്ടുവിധമുണ്ട്. വിശ്വസിച്ചില്ലെങ്കില്‍ ദീനില്‍ നിന്നു പുറത്തുപോകുന്നതും പുറത്തുപോകാത്തതും. നബി(സ) തങ്ങളുടെ ദീനിന്റെ കാര്യമെന്ന് ഏവരും അനിഷേധ്യവും വ്യക്തവുമായി അറിയുന്നത് (ളറൂറിയ്യായി അറിയപ്പെട്ടത്) നിരാകരിക്കുന്നവന്‍ കാഫിറാകും. ഖണ്ഡിത പ്രമാണം കൊണ്ടു തെളിഞ്ഞതാണെങ്കില്‍ ളറൂറിയ്യായി അറിയപ്പെടാത്തതു നിഷേധിച്ചാല്‍ കാഫിറാവില്ലെങ്കിലും വിശ്വാസം പിഴച്ചവനാകും. (മുബ്തദിഅ്)
ഇജ്മാഉള്ള കാര്യങ്ങള്‍ മുഴുവനും ദീനിന്റെ ഉസൂലാണ്. നാലു മദ്ഹബിലും ഇജ്മാഉള്ള കാര്യം ഫുറൂഅ് (ശാഖാപരം) അല്ല; ഉസൂലാണ്. വിശ്വാസപരം, അത്തരം കാര്യങ്ങള്‍ നിഷേധിച്ചവന്‍ നന്നേ ചുരുങ്ങിയത് മുബ്തദിഅ് ആകും. നാലാലൊരു മദ്ഹബ് സ്വീകരിക്കേണ്ട എന്നു വിശ്വസിക്കുന്നവനും മുബ്തദിഉ ആണ്. കാരണം, അവന്‍ തത്വത്തില്‍ ഇജ്മാഇനെ നിഷേധിച്ചു. (അസ്സ്വവാഹിഖുല്‍ മുഹ്‌രിഖ 89 നോക്കുക.)
അഹ്‌ലുല്‍ ഖുര്‍ആന്‍
വിശ്വാസ ശരണിയില്‍ സുന്നത്തും ഇജ്മാഉം പോലെത്തന്നെ ഖുര്‍ആനും പ്രമാണമാണ്. ഇവ മൂന്നും മുറുകെ പിടിക്കുന്നവരാണ് സുന്നികള്‍. വസ്തുത ഇതായിരിക്കെ വിവേചക നാമത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ എന്ന സ്ഥാനത്ത് അഹ്‌ലുല്‍ ഖുര്‍ആനി…. എന്ന് എന്തുകൊണ്ടു പറഞ്ഞില്ല? പറയേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍, ഖുര്‍ആന്‍ എന്ന സത്യപ്രമാണത്തെ നിരാകരിച്ചുകൊണ്ട് ഈ സമുദായത്തിനകത്ത് ഒരു കക്ഷിയും വരാനിടയില്ല പ്രത്യുത, സുന്നത്ത്, ജമാഅത്ത് എന്നീ രണ്ട് സത്യപ്രമാണങ്ങളെ അപ്പടി നിഷേധിക്കുകയോ തത്വത്തില്‍ നിരാകരിക്കുകയോ ചെയ്യുന്നവര്‍ ഈ സമുദായത്തില്‍ ധാരാളം പ്രത്യക്ഷപ്പെടും. ഖുര്‍ആനിക പ്രമാണം കൊണ്ട്  അവരീ നിരാകരണത്തിന് ന്യായീകരണവും നടത്തും. ഇതുകൊണ്ടാണ് മൂന്ന് പ്രമാണങ്ങളില്‍ നിന്ന് സുന്നത്ത്, ഇജ്മാഅ് എന്നീ രണ്ടു പ്രമാണങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് ഭിന്നിപ്പും ചേരിതിരിവും ഉണ്ടാകുമ്പോള്‍ ഇതു രണ്ടും മുറുകെ പിടിക്കണമെന്ന് നബി(സ) തങ്ങള്‍ പ്രസ്താവിച്ചത്. ഇക്കാരണത്താല്‍ തന്നെ വിവേചക നാമത്തില്‍ നിന്നു ഖുര്‍ആന്‍ എന്നത് ഒഴിവാക്കിയതും. ചുരുക്കത്തില്‍ അഹ്‌ലുസുന്നഃ എന്നാല്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ജമാഅത്തിന്റെയും ആളുകള്‍ എന്നാണ്.
തത്വത്തില്‍ ഇജ്മാഅ്
ഹിജ്‌റ നാലാം നൂറ്റാണ്ടു മുതല്‍ സ്വതന്ത്ര ഗവേഷകരായ മുജ്തഹിദ് ഇല്ലാത്തതിനാല്‍ ഗവേഷണത്തിനു പഴുതില്ല. അതുകൊണ്ട് തന്നെ ക്രോഡീകൃതമായ നാലാലൊരു മദ്ഹബ് അനുകരിക്കുക എന്ന നിലപാടില്‍ എല്ലാ മുസ്‌ലിംകളും ഉറച്ചുനിന്നു. അങ്ങനെ നാലാലൊരു മദ്ഹബ് അനുകരിക്കണമെന്നതു ലോക മുസ്‌ലിംകളുടെ ഇജ്മാഅ് ആയി മാറി. ഇതിനു ‘കല്‍ഇജ്മാഅ്’ (തത്വത്തില്‍ ഇജ്മാഅ്) എന്ന് പറയും. (തുഹ്ഫ 10/110, ഫത്ഹുല്‍ മുഈന്‍ 484 നോക്കുക.)
ബിദ്അത്തിനെതിരെ ആഞ്ഞടിച്ച സുന്നി സരണി വെട്ടിത്തെളിയിച്ചു തന്ന രണ്ട് ഇമാമുകളാണ് ഇമാം അശ്അരി(റ)യും മാതുരിദി(റ)യും. ഈ രണ്ട് ഇമാമുകളെ അവലംബിച്ച് വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്യുന്നവരെ അഹ്‌ലുസ്സുന്ന എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടു. ഇബ്‌നുഹജര്‍(റ) പ്രസ്താവിക്കുന്നു: ”പില്‍കാലത്ത് അഹ്‌ലുസ്സുന്നത്ത് എന്നാല്‍ ഇമാം അബുല്‍ ഹസനില്‍ അശ്അരി(റ)യും അബുല്‍ മന്‍സൂറിനില്‍ മാതുരീദി(റ)യും അവരെ അനുഗമിച്ചവരും എന്നാണ് ഉദ്ദേശ്യം.” (തുഹ്ഫ 10/235)
നാലാലൊരു മദ്ഹബ് അനുകരിക്കല്‍ നിര്‍ബന്ധമെന്ന ഇജ്മാഉ അടക്കമുള്ള മുജ്തഹിദുകളുടെ ഏകകണ്ഠമായ നിലപാടുകള്‍ വിശ്വസിക്കുന്നവനാണ് അഹ്‌ലുസ്സുന്ന. അപ്പോള്‍ സുന്നികള്‍ മുഴുവനും അശ്അരി, മാതുരിദീ എന്നീ സരണികളില്‍ ഒന്നു മാത്രം വിശ്വസിക്കുകയും സ്വീകരിക്കുകയും കര്‍മപരമായി നാലാലൊരു മദ്ഹബ് പിന്‍പറ്റുന്നവരുമായിരിക്കും. അല്ലാത്തവര്‍ സുന്നികളല്ല.
മുസ്‌ലിം ലോകം അംഗീകരിച്ച ഖണ്ഡിത രേഖയായ ഇജ്മാഇനു ഖുര്‍ആനില്‍ തെളിവുണ്ടോയെന്ന് ഇമാം ശാഫിഈ(റ)യോട് ചോദിക്കപ്പെട്ടപ്പോള്‍ മുന്നൂറു പ്രാവശ്യം ഖുര്‍ആന്‍ പാരായണം ചെയ്ത ശേഷം നിസാഅ് സൂറത്തിലെ 115-ാം സൂക്തം തെളിവായി എത്തിച്ചു. (റാസി 11/43)
സന്മാര്‍ഗം വ്യക്തമായ ശേഷം ആരെങ്കിലും നബി(സ) തങ്ങളോട് എതിരാവുകയും മുഅ്മിനീങ്ങള്‍ സ്വീകരിച്ചതല്ലാത്ത മര്‍ഗം പിന്തുടരുകയും ചെയ്താല്‍ അവനേറ്റെടുത്തതിന്റെ ഭാരം അവനെത്തന്നെ നാം ഏല്‍പ്പിക്കും. അവനെ നാം നരകത്തിലേക്ക് ചേര്‍ക്കും. അതു ചെന്നു ചേരുന്ന സ്ഥലങ്ങളില്‍ വെച്ച് ഏറ്റവും ചീത്തയാവുന്നു എന്ന ആശയമുള്‍കൊള്ളുന്നതാണ് ഉപര്യുക്ത സൂക്തം.
മുഅ്മിനീങ്ങളുടെ മാര്‍ഗം വലിച്ചെറിഞ്ഞവര്‍ക്ക് കനത്ത താക്കീതതിലുണ്ട്. ഇജ്മാഅ് വിരുദ്ധ വാദങ്ങള്‍ വെച്ച് പുലര്‍ത്തുകവഴി സര്‍വ്വ ബിദഇകളും മുഅ്മിനീങ്ങളുടെ പരമ്പരാഗത വഴി തള്ളിപ്പറഞ്ഞവരാണ്.
അതുകൊണ്ടാണവര്‍ പിഴച്ചുപോയതും അവരുടെ വിശ്വാസം തെറ്റായതും. ബിദ്അത്തു എത്രയോ ഭീകരവും കടുത്ത തെറ്റുമാണ്. നബി(സ) പറഞ്ഞു: ‘ബിദ്അത്തുകാരന്‍ എന്ന നിലയ്ക്ക് ഒരു വ്യക്തിയെ ബഹുമാനിച്ചയാള്‍ ഇസ്‌ലാം മതത്തെ പൊളിക്കാന്‍ സഹായിച്ചു.”

Monday, 3 April 2017

മാതാപിതാക്കളുടെ സമ്മതം



നമുക്ക് വളരെയധികം നന്മ ചെയ്ത് തന്നവരാണല്ലോ മാതാപിതാക്കൾ. അവരോട് കൃതജ്ഞാലുക്കളാവേണ്ടത് മക്കളുടെ ബാധ്യതയാണ്. ‘ബിർറുൽ വാലിദൈൻ’ എന്ന് ഹദീസുകൾ പരിചയപ്പെടുത്തുന്ന വാചകത്തിന് വിശാലമായ വ്യാഖ്യാനങ്ങളുണ്ട്. നാം നിസ്സാരമെന്ന് കരുതുന്ന പലതും ഗൗരവമേറിയതും അളവറ്റ പ്രതിഫല ലഭ്യതക്ക് കാരണമാകുന്നതുമാണെന്ന് അവയുടെ വിശദീകരണത്തിന്റ ആഴമറിയുമ്പോഴേ മനസ്സിലാകൂ.
മാതാപിതാക്കൾ കൽപ്പിക്കുന്ന തിന്മയല്ലാത്ത  കാര്യങ്ങളിൽ അനുസരണ കാണിക്കലും ഐഛിക കർമങ്ങളേക്കാൾ അവരുടെ ആജ്ഞകൾക്കും ആഗ്രഹങ്ങൾക്കും പ്രാധാന്യം നൽകലും മക്കളുടെ ബാധ്യതയാണ്.
ധർമസമരത്തിനും അനുമതി വേണം
മാതാപിതാക്കൾ മുസ്‌ലിംകളായിരിക്കുകയും ധാർമിക സമരത്തിലേർപ്പെടാൻ അവൻ അനുമതി നൽകാതിരിക്കുകയും ചെയ്താൽ യുദ്ധം വൈയക്തിക ബാധ്യതയായിത്തീർന്നിട്ടില്ലെങ്കിൽ യുദ്ധത്തിന് പോകാൻ പാടില്ല. അവർ അനുമതി നൽകിയെങ്കിലേ വിശുദ്ധ സമരത്തിൽ പങ്കെടുക്കാവൂ. സമ്മതം ലഭിക്കാത്തപക്ഷം അവർക്ക് സേവനം ചെയ്ത് കഴിഞ്ഞു കൂടുക.
അബൂസഈദിൽഖുദ്‌രി(റ) പറയുന്നു: യമനിൽ നിന്നും ഒരാൾ നബി(സ്വ)യുടെ അടുക്കലേക്ക് യുദ്ധത്തിന് സമ്മതം ചോദിക്കാൻ വന്നു. തിരുനബി(സ്വ) പറഞ്ഞു: നീ ബഹുദൈവാരാധന ഉപേക്ഷിച്ചിട്ടുണ്ട്, എങ്കിലും യമനിൽ നിന്റെ മാതാപിതാക്കളുണ്ടോ?
‘അതേ’
അവർ നിനക്ക് സമ്മതം നൽകിയിട്ടുണ്ടോ?
‘ഇല്ല’
‘എങ്കിൽ മടങ്ങിച്ചെന്ന് അവരോട് അനുമതി തേടുക. അവർക്ക് സമ്മതമെങ്കിൽ നിനക്ക് യുദ്ധം ചെയ്യാം. ഇല്ലയെങ്കിൽ നീ അവർക്ക് ഗുണം ചെയ്തു കൊള്ളുക’ (അബൂദാവൂദ്).
ഇമാം ഖുർത്വുബി(റ) പറയുന്നു: ജിഹാദ് വൈയക്തിക ബാധ്യതയായിത്തീർന്നിട്ടില്ലെങ്കിൽ മാതാപിതാക്കളുടെ സമ്മതത്തോടെയേ യുദ്ധത്തിന് പോകാവൂ. അത് അവർക്ക് ഗുണം ചെയ്യുന്ന കാര്യത്തിൽ പെട്ടതാണ്. ധർമസമരം സമൂഹബാധ്യതയാണെന്നതിനാൽ മാതാപിതാക്കൾക്ക് നന്മ ചെയ്യുക എന്ന വൈയക്തിക ബാധ്യതക്ക് മുൻഗണന നൽകണം. അവരുടെ അനുമതി കൂടാതെ യുദ്ധത്തിന് പോകൽ നിഷിദ്ധമാണെന്നാണ് ബഹുഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത്.
ഹിജ്‌റയും സമ്മതത്തോടെ മാത്രം
സ്വന്തം നാട് ഉപേക്ഷിച്ച് പ്രാണരക്ഷാർത്ഥമോ, ദീനിന്റെ സംരക്ഷണാർത്ഥമോ നടത്തുന്ന പലായനമാണല്ലോ ഹിജ്‌റ. അത്തരം പലായനങ്ങൾക്കും മാതാപിതാക്കളുടെ അനുവാദം ആവശ്യമാണെന്നാണ് തിരുനബി പഠിപ്പിച്ചത്.
അബ്ദുല്ലാഹിബ്‌നു അംറ്(റ)വിൽ നിന്ന് ഉദ്ധരണം: ഒരാൾ നബിക്കരികിൽ വന്ന് ഇപ്രകാരം പറയുകയുണ്ടായി, അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷിച്ച് വിശുദ്ധ സമരത്തിന്റെയും ഹിജ്‌റയുടെയും മേൽ ഞാൻ ബൈഅത്ത് ചെയ്യുന്നു. റസൂൽ(സ്വ) ചോദിച്ചു: നിന്റെ മാതാപിതാക്കളിൽ  ആരെങ്കിലും ജീവിച്ചിരിക്കുന്നുവോ? അദ്ദേഹം പറഞ്ഞു: രണ്ടു പേരും ഉണ്ട്. ‘നീ അല്ലാഹുവിൽ നിന്ന് പ്രതിഫലം ആഗ്രഹിക്കുന്നുവോ?’ നബിയുടെ രണ്ടാമത്തെ ചോദ്യം. അദ്ദേഹം പറഞ്ഞു: അതേ. ‘എങ്കിൽ നിന്റെ മാതാപിതാക്കളിലേക്ക് മടങ്ങിപ്പോകുക, അവരോട് നല്ലനിലയിൽ സഹവർത്തിത്വം പുലർത്തുക’ (മുസ്‌ലിം).
മറ്റൊരു റിപ്പോർട്ട് ഇങ്ങനെ കാണാം: കരയുന്ന മാതാപിതാക്കളെ വിട്ടേച്ചാണ് ഞാൻ വന്നിരിക്കുന്നത്. ഉടൻ നബി(സ്വ) പറഞ്ഞു: മടങ്ങിച്ചെല്ലുക, അവരെ കരയിച്ചത് പോലെ അവരെ ചിരിപ്പിക്കുക.
ജ്ഞാന യാത്രയിലും
അറിവ് തേടിയുള്ള യാത്രയാണെങ്കിലും മാതാപിതാക്കളുടെ അനുമതിയും അനുഗ്രഹവും ലഭിച്ചതിന് ശേഷമേ പോകാവൂ. സമ്മതം ലഭിച്ചില്ലെങ്കിൽ പോകരുത്.
ഹസനുബ്‌നു സ്വുഫ്‌യാൻ പറയുന്നു: യഹ്‌യബ്‌നുയഹ്‌യയിൽ നിന്ന് ഹദീസുകൾ കേൾക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. യാത്രപോകാൻ ഉമ്മ അനുമതി നൽകാത്തതാണു കാരണം. എന്നാൽ ഉമ്മക്ക് ഗുണം ചെയ്ത് കൂടിയ എനിക്ക് അദ്ദേഹത്തേക്കാൾ കേമനായ അബൂഖാലിദിൽഫർറാഹ് എന്നവരിൽനിന്ന് ഹദീസ് കേൾക്കാനും പഠിക്കാനും ഭാഗ്യം ലഭിച്ചു.
മുഹമ്മദ്ബ്‌നു ബശ്ശാർ(റ) പറഞ്ഞു: വിജ്ഞാനം തേടിയുള്ള യാത്രക്ക് ഉമ്മ അനുമതി തന്നില്ല. ഞാൻ ഉമ്മയെ അനുസരിച്ചു, അവരുടെ കൽപ്പനക്ക് വഴങ്ങി. അതിനാലെനിക്ക് വലിയ ബറകത്ത് ലഭിക്കുകയും ചെയ്തു (ബസ്വറക്കാരുടെ എല്ലാ ഹദീസുകളും ശേഖരിക്കാൻ അദ്ദേഹത്തിന് പിൽക്കാലത്ത് സാധിക്കുകയുണ്ടായി).
അനുസരണ സുന്നത്തു നിസ്‌കാരത്തിലും
സുന്നത്ത് നിസ്‌കരിച്ചു കൊണ്ടിരിക്കുയാണെങ്കിലും മാതാപിതാക്കൾക്ക് വഴിപ്പെടൽ നിർബന്ധമാണ്. സുന്നത്തായ ആരാധന പൂർത്തിയാക്കുന്നത് സുന്നത്താണ്. എന്നാൽ അനുസരണ നിർബന്ധവും.
ഇമാം നവവി(റ) രേഖപ്പെടുത്തി: സുന്നത്ത് നിസ്‌കാരം തുടർന്നുകൊണ്ടുപോകൽ സുന്നത്താണ്, നിർബന്ധമില്ല. പക്ഷേ, നിസ്‌കാരത്തിൽ വിളിച്ചാൽ ഉമ്മക്കുത്തരം നൽകലും ഗുണം ചെയ്യലും നിർബന്ധമാണ്. അവരെ വെറുപ്പിക്കൽ നിഷിദ്ധവും (ശർഹുമുസ്‌ലിം/258).
മാതാപിതാക്കളുടെ സാന്നിധ്യത്തിൽവെച്ച് മാത്രമല്ല അഭാവത്തിലും അവർക്ക് വഴിപ്പെടൽ നിർബന്ധം തന്നെ.
അവരെ ആദരിക്കുക
മാതാപിതാക്കളെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടത് മക്കളുടെ ബാധ്യതയാണ്. യോജ്യമല്ലാത്ത പദങ്ങൾ കൊണ്ട് അവരെ വിശേഷിപ്പിക്കുകയോ പേരെടുത്തു വിളിക്കുകയോ അവർക്ക് ചേരാത്ത സദസ്സിൽ അവരെ ഇരുത്തുകയോ ചെയ്യരുത്. അർഹമായി ഇടം നൽകി അവരെ ആദരിക്കുകയാണ് വേണ്ടത്. നബി(സ്വ)ക്ക് മുലപ്പാൽ നൽകിയ ഉമ്മക്ക് അവിടുന്ന് നൽകിയ ഹൃദ്യമായ സ്വീകരണം നമുക്ക് മാതൃകയാണ്.
മധ്യാഹ്നസമയത്ത് രണ്ടുപേർ നടന്നുപോകുന്നു. ഒരാൾ മുന്നിലും മറ്റൊരാൾ പിന്നിലും. ഇതു ശ്രദ്ധയിൽ പെട്ട അബൂഹുറൈറ(റ) മുന്നിലുള്ളവനോട് ചോദിച്ചു: ആരാണ് നിന്റെ പിറകിൽ? എന്റെ പിതാവാണ് എന്നദ്ദേഹം മറുപടി നൽകി. അപ്പോൾ അബൂഹുറൈറ(റ) അദ്ദേഹത്തെ സൗമ്യമായി ഉപദേശിച്ചു: ‘ഇങ്ങനെയല്ല നബിയുടെ ചര്യ. നീ നിന്റെ പിതാവിന്റെ മുന്നിലൂടെ നടക്കരുത്. വലതു ഭാഗത്തായോ, പിന്നിലായോ വേണം നടക്കാൻ. അരിശത്തോടെ അവരെ നീ നോക്കരുത്. അവർ ഇരിക്കാതെ നീ ഇരിക്കാനേ പാടില്ല. (ഭക്ഷണം കഴിക്കുമ്പോൾ) അവരുടെ കണ്ണെത്തിയ ഇറച്ചിക്കഷ്ണം നീ എടുക്കരുത്. കാരണം അവരത് ആഗ്രഹിച്ചിട്ടുണ്ടാവാം (അൽബിർറുവസ്വില).
സൻമാർഗവെട്ടം കാണിക്കുക
മക്കൾ മാതാപിതാക്കളുടെ പരലോക മോക്ഷ തൽപരരായിത്തീരണം. പിഴച്ച വിശ്വാസികളും സത്യനിഷേധികളുമാണ് മാതാപിതാക്കളെങ്കിൽ അവരുടെ സുഭദ്രമായ ഭാവിക്ക് വേണ്ടി യത്‌നിക്കുകയും സന്മാർഗവെട്ടം കാണിച്ചു കൊടുക്കുകയും ചെയ്യേണ്ട ബാധ്യത മക്കളുടേതു കൂടിയാണ്. പൂർവികർ കാണിച്ചു തന്ന മാതൃക അങ്ങനെയാണ്.
അബൂഹുറൈറ(റ) പറയുന്നു: എന്റെ ഉമ്മയെ ഞാൻ ഇസ്‌ലാമിലേക്ക് ക്ഷണിക്കുമ്പോഴെല്ലാം അവരത് നിരസിച്ചു. ഒരിക്കൽ നബി(സ്വ)യെ സംബന്ധിച്ച് എനിക്കിഷ്ടമില്ലാത്തത് എന്നെ കേൾപ്പിക്കുകയുണ്ടായി. ഉടനെ നബി(സ്വ)യുടെ അരികിൽ ചെന്ന് ഞാൻ കരഞ്ഞു പറഞ്ഞു: ഉമ്മയെ ഞാൻ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. പക്ഷേ, ഉമ്മ വിസമ്മതിക്കുന്നു. ഇന്നും ഞാൻ ക്ഷണിച്ചു. അപ്പോൾ അങ്ങയെ കുറിച്ച് എനിക്കിഷ്ടമില്ലാത്തത് കേൾപ്പിക്കുകയായിരുന്നു അവർ. അതിനാൽ എന്റെ ഉമ്മാക്ക് സന്മാർഗം ലഭിക്കാൻ അങ്ങ് പ്രാർത്ഥിക്കണം. പ്രവാചകർ(സ്വ) പ്രാർത്ഥിച്ചു: അല്ലാഹുവേ, അബൂഹുറൈറ(റ)യുടെ മാതാവിനെ നീ ഹിദായത്തിലാക്കണേ. പ്രാർത്ഥനയുടെ ഫലമായി അവർ ഇസ്‌ലാം സ്വീകരിച്ചു. ഞാൻ വീട്ടിൽ ചെന്നപ്പോൾ ഉമ്മ കുളിച്ച്, വസ്ത്രവും മുഖമറയും ധരിച്ച് വന്ന് ഇങ്ങനെ പ്രഖ്യാപിച്ചു. അശ്ഹദുഅല്ലാഇലാഹ ഇല്ലല്ലാഹ്…
സന്തോഷ ബാഷ്പ കണങ്ങളുതിർത്ത് വീണ്ടും നബി(സ്വ)ക്കരികിൽ ചെന്ന് ഞാൻ ആഹ്ലാദ വാർത്ത അറിയിച്ചു.

Sunday, 2 April 2017

നന്മ കല്‍പിക്കുകയും തിന്മ തടയുക

അബൂ മൂസാ(റ) പറയുന്നു: നബി(സ) ഇങ്ങനെ പറഞ്ഞു: ”എല്ലാ മുസ്‌ലിമും ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്.അപ്പോള്‍ ഒരാള്‍ ചോദിച്ചു: ദാനം ചെയ്യാന്‍ ഒന്നുമില്ലങ്കിലോ? ”അവന്‍ കൈകൊണ്ട് അധ്വാനിച്ചുണ്ടാക്കണം. അതില്‍ നിന്ന് സ്വന്താവശ്യത്തിനും ദാനം ചെയ്യാനും ഉപയോഗിക്കണം” അതിനും സാധിക്കാത്തവന്‍ എന്തു ചെയ്യും? ”അവന്‍ നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യട്ടെ” അങ്ങനെയും കഴിയാത്തവനോ? നബി(സ)യുടെ മറുപടി ഇപ്രകാരമായിരുന്നു. ”അവന്‍ ദ്രോഹം ചെയ്യാതിരിക്കുക. അത് അവന്‍ ചെയ്യുന്ന സ്വദഖയാകുന്നു(ബുഖാരി-മുസ്‌ലിം)
ഒരു മുസ്‌ലിമിന്റെ ജീവിതം പരോപകാരപ്രദമായിരിക്കണമന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. സമ്പത്ത്, ശരീരം, സംസാര ശേഷി എന്നിവ കൊണ്ടെല്ലാം അപരന് ഗുണം ചെയ്യാന്‍ മനുഷ്യന്ന് സാധിക്കും. അതൊക്കെ ജീവിത ധര്‍മ്മമാണെന്നും സത്യവിശ്വാസി അത്തരം ധര്‍മ്മങ്ങള്‍ പാലിക്കണമെന്നുമാണ് ഉദ്ധൃത തിരുവാക്യത്തിന്റെ ഉള്‍പൊരുള്‍. ഒന്നിനും സാധിക്കാത്ത പക്ഷം മറ്റുള്ളവര്‍ക്ക് ദ്രോഹം വരുത്താതിരിക്കുകയെങ്കിലും വേണം. സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും അപരനെ സഹായിക്കാന്‍ കഴിയില്ലയെങ്കില്‍ അന്യര്‍ക്ക് ശല്യമുണ്ടാക്കാതെ കഴിയുന്നത് അത്തരക്കാര്‍ ചെയ്യുന്ന നന്മയാണ്. അതിനാല്‍ അതും പുണ്യം തന്നെയാണെന്ന് മേല്‍ വാചകത്തില്‍ നിന്ന് മനസിലാക്കാം.
സാമൂഹ്യ ജീവിയാണ് മനുഷ്യന്‍. പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചുമാണ് മനുഷ്യജീവിതം മുന്നോട്ടു ഗമിക്കുന്ത്. അതിനാല്‍ ബന്ധപാരസ്പര്യങ്ങള്‍ പുലര്‍ത്താത്ത ഒറ്റപ്പെട്ട ജീവിതം മനുഷ്യ പ്രകൃതിയോട് അനുയോജ്യമല്ല. പ്രകൃതിപരമായ ഈ സ്ഥിതി വിശേഷം ഇസ്‌ലാം കാണാതെ പോയിട്ടില്ല. അതിനാല്‍ സാമൂഹികമായ ഒട്ടധികം മര്യാദകള്‍ ഇസ്‌ലാം മനുഷ്യനെ പഠിപ്പിക്കുന്നു. തന്റെ സ്വന്തമായി കണക്കാക്കുന്ന ശരീരം, സമ്പത്ത്, സംസാരം തുടങ്ങിയവയെല്ലാം അന്യര്‍ക്ക് കൂടി ഉപകാരപ്പെടുത്താന്‍ സത്യവിശ്വാസി സന്നദ്ധനാകണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മ്മമാണെന്നാണ് നബി തിരുമേനി(സ) പഠിപ്പിക്കുന്നത്.
‘സ്വദഖ’ സമ്പത്ത് കൊണ്ട് ചെയ്യുന്ന പുണ്യകര്‍മ്മമാണ്. എല്ലാ മുസ്‌ലിമും സ്വദഖ ചെയ്യണമെന്നാണ് പ്രസ്തുത ഹദീസിലെ പ്രയോഗം. ധനമില്ലാത്തവന് എങ്ങനെ സ്വദഖ ചെയ്യും? ചോദ്യം സ്വാഭാവികമാണ്. നബി(സ)യുടെ മറുപടി സ്വദഖയെ കുറിച്ച് സാധാരണയുള്ള ധാരണ തിരുത്തുകയാണ് ചെയ്യുന്നത്. ധനം കൊണ്ട് മാത്രമല്ല, ദേഹം കൊണ്ടും വാക്കു കൊണ്ടും സ്വദഖയുണ്ട്.
സമസൃഷ്ടിബോധത്തില്‍ നിന്നും സാഹോദര്യ മനഃസ്ഥിതിയില്‍ നിന്നുമാണ് അപരനെ സഹായിക്കാനുള്ള പ്രചോദനമുണ്ടാകുന്നത്. അല്ലാഹുവിന്റെ സംതൃപ്തിക്കും പരലോക നന്മക്കും അത് നിമിത്തമാകുമെന്ന പ്രവാചകാധ്യാപനം കൂടിയാകുമ്പോള്‍ ഒരു സത്യവിശ്വാസിക്ക് അതില്‍ വിമുഖത കാണിക്കാന്‍ കഴിയില്ല. കാണിക്കുന്നുവെങ്കില്‍ സഹജീവിസ്‌നേഹമില്ലായ്മയും വിശ്വാസരാഹിത്യവുമാണ് അത് പ്രകടമാക്കുന്നത്.
പരസ്പര സഹായത്തിന്റെ വിശിഷ്ഠ ഗുണങ്ങള്‍ മനസ്സിലാക്കാന്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പ്രവാചകരില്‍ നിന്ന് ഉദ്ധരിച്ച ഒരു തിരുവാക്യം ശ്രദ്ധിക്കുക.  പ്രവാചകര്‍(റ) പറഞ്ഞു: ”ഒരോമുസ്‌ലിമും മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ അക്രമിക്കാന്‍ അനുവദിക്കുകയോ അരുത്. ഒരാള്‍ സഹോദരന്റെ ആവശ്യ നിര്‍വഹണത്തിലായാല്‍ അവന്റെ വിഷമം തീര്‍ത്ത് കൊടുക്കുന്നവന്റെ പാരത്രിക വിഷങ്ങള്‍ അല്ലാഹു തീര്‍ത്തുകൊടുക്കും. ഒരു മുസ്‌ലിമിന്റെ ന്യൂനത മറച്ചുവെക്കുന്നവന്റെ ന്യൂനത പരലോകത്ത് അല്ലാഹു മറച്ചുവെക്കുന്നതാണ്” (ബുഖാരി-മുസ്‌ലിം)
ഒരു വ്യക്തി പ്രവാചകരെ സമീപിച്ചു ചോദിച്ചു. ”അല്ലാഹുവിന്റെ ദൂതരേ! മനുഷ്യരില്‍ അല്ലാഹു ഏറ്റവും ഇഷ്ടപ്പടുന്നത് ആരെയാണ്?” നബി(സ) മറുപടി പറഞ്ഞു: ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്ന വ്യക്തിയാണ് അല്ലാഹുവിന് പ്രിയപ്പെട്ടവന്‍”(ഇസ്വ്ബഹാനി)
സാമ്പത്തികമായി സഹായം ചെയ്യാന്‍ കൈവശം ഒന്നുമില്ലെങ്കില്‍ അധ്വാനിച്ചുണ്ടാക്കി സഹായിക്കണമെന്ന് മുമ്പ് ഉദ്ധരിച്ച തിരുവാക്യം വ്യക്തമാക്കുന്നുണ്ട്. അധ്വാനിക്കാന്‍ സാധിക്കാത്തവന്‍ അപരന് ശാരീരിക സഹായം ചെയ്ത് കൊണ്ടോ അതുമില്ലെങ്കില്‍ നന്മ ഉപദേശിച്ചും തിന്മ തടഞ്ഞും സാമൂഹിക ബാധ്യത നിറവേറ്റണമെന്നാണ് തിരുവാക്യത്തിന്റെ നിര്‍ദേശം. ഒരു തരത്തിലും നന്മ ചെയ്യാന്‍ സാധിക്കാത്തവന്‍ ജനങ്ങള്‍ക്ക് ദ്രോഹം വരുത്താതെയിരിക്കുക, പ്രവാചക  നിര്‍ദേശമാണത്. ഇത് നിറവേറ്റാന്‍ കഴിയാത്ത മനുഷ്യരുണ്ടാവില്ല. പക്ഷേ, സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും സംസാരം കൊണ്ടും മനുഷ്യര്‍ക്കിടയില്‍ ദ്രോഹം മാത്രം വിതച്ച് ആത്മസംതൃപ്തിയടയുന്നതാണ് ചില വ്യക്തികളുടെ സ്വഭാവം. അല്ലാഹു നില്‍കിയ അനുഗ്രങ്ങള്‍ തന്നെ പോലെയുള്ള വരെ ദ്രോഹിക്കാനും വേദനിപ്പിക്കാനും ഉപയോഗപ്പെടുത്തുക ചില മനുഷ്യരുടെ ഹോബിയാണ്. ജീവിത പ്രയാസങ്ങളും മനോവേദനകളും അനുഭവിക്കുന്ന സഹ ജീവികള്‍ ചുറ്റുപാടു തീ തിന്ന് ജീവിക്കുമ്പോള്‍ അവര്‍ക്ക് നേരെ കാരുണ്യത്തിന്റെ, സഹാനുഭൂതിയുടെ മനസ്സുതുറക്കാത്ത ശിലാഹൃദയര്‍ മനുഷ്യപറ്റില്ലാത്ത സങ്കുചിത മനോഭാവക്കാരാണ്. ഇസ്‌ലാമില്‍ അവര്‍ക്ക് സ്ഥാനമില്ല. ”അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ മൃഷ്ടാന്നഭോജനം നടത്തുന്നവര്‍ എന്റെ സമുദായത്തില്‍ പെട്ടവനല്ല” എന്നാണ് പ്രവാചക വചനം.
ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയില്‍ നിന്ന് കല്ല്, മുള്ള് തുടങ്ങിയ ശല്യങ്ങള്‍ നീക്കം ചെയ്യുന്നത് ഈ മാനിന്റെ ഭാഗമാണെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുണ്ട്. വഴിയെ സഞ്ചരിക്കുന്ന മനുഷ്യന്റെ കാലില്‍ തട്ടി ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണല്ലോ കണ്ട വ്യക്തിയോട് അത് നീക്കം ചെയ്യാന്‍ കല്‍പ്പിച്ചതിന്റെ താല്‍പര്യം. മറ്റുള്ളവരുടെ സൗകര്യം അത്രത്തോളം പരിഗണിക്കല്‍ സത്യവിശ്വാസത്തിന്റെ ഭാഗമായാണ് ഇസ്‌ലാം അധ്യാപനം ചെയ്തിരിക്കുന്നത്. അതിനാല്‍ മനുഷ്യര്‍ക്ക് പരമാവധി സഹായം ചെയ്യുക. ഇല്ലെങ്കില്‍ ശല്യമുണ്ടാക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കുക. തിരുവാക്യങ്ങള്‍ അതാണ് സത്യവിശ്വാസികളെ പഠിപ്പിക്കുന്നത്.

Saturday, 1 April 2017

നിന്റെ നാവിനെ നീ സൂക്ഷിക്കുക



മുഹമ്മദ് നബി(സ)അനുചരോടൊത്ത് ഇരിക്കുകയായിരുന്നു. സദസ്സിലേക്ക് ഒരാള് ‍കയറി വന്നു. നേരെ ഹസ്റത്ത് അബൂബക്കറിനെ ആക്ഷേപിക്കാന്‍ തുടങ്ങി. ഹസ്റത്ത് അബൂബക്കര്‍ തിരിച്ചൊന്നും പറയാതെ മിണ്ടാതിരുന്നു. കുറച്ച് കഴിഞ്ഞ് ആഗതന് ‍വീണ്ടും ആക്ഷേപവാക്കുകള് ചൊരിഞ്ഞു. ഹസ്റതത് അബൂബക്കര്‍ അപ്പോഴും തിരിച്ചൊന്നും പറഞ്ഞില്ല. മൂന്നാമതും ആക്ഷേപം തുടര്‍ന്നപ്പോള്‍ പിന്നെ അബൂബക്കറിന് പിടിച്ചു നില്‍ക്കാനായില്ല. അദ്ദേഹം തിരിച്ചും പറഞ്ഞു.
ഇതുകേട്ട് നബിതങ്ങള് ‍സദസ്സ് വിട്ട് എഴുന്നേറ്റുപോയി. ഹസ്റത്ത് അബൂബക്കറിന് കാര്യം പിടികിട്ടി. അദ്ദേഹം നബിയെ പിന്തുടര്‍ന്നു.
‘അല്ലാഹുവിന്‍റെ റസൂലേ, ഞാനയാളെ തരിച്ചാക്ഷേപിച്ചത് അങ്ങേക്ക് ഇഷ്ടപ്പെട്ടില്ല അല്ലേ?’
നബി പറഞ്ഞു: ‘അയാള്‍ ആക്ഷേപം നടത്തിക്കൊണ്ടിരുന്ന ഓരോ സമയത്തും ആകാശത്ത് നിന്ന് ഒരു മാലാഖ വന്ന് പറയുന്നുണ്ടായിരുന്നു, അയാള്‍ പറയുന്നത് കളവാണെന്ന്. പക്ഷേ താങ്കള്‍ അയാളെ തിരിച്ചു ആക്ഷേപിച്ചതോടെ പിന്നെ മലക്കിന് പകരം പിശാചാണ് സദസ്സിലേക്ക് വന്നത്. അതു കൊണ്ടാണ് ആ സദസ്സില്‍ നിന്ന് ഞാനെണീറ്റു പോന്നത്.’
***                                 ***
മഹതി ആഇശ ബീവിയോടൊത്ത് ഇരിക്കുകയായിരുന്നു നബി. അപ്പോഴാണ് മറ്റൊരു പത്നിയായ സ്വഫിയ്യ അവിടേക്ക് വരുന്നത്. അതു കണ്ട ആഇശബീവി അവരുടെ വലിപ്പമില്ലായ്മയെ കളിയാക്കുന്ന രൂപത്തില്‍ നബിയോടൊന്ന് സംസാരിച്ചു. അതു കേട്ട നബിതങ്ങള്‍ പ്രതിവചിച്ചു:
‘ആഇശാ, നീ ഇപ്പോള്‍ പറഞ്ഞ ഈ വാക്ക് കടലില്‍ കൊണ്ടു പോയിട്ടാല്‍ കടല്‍ മൊത്തം അതു കാരണം അശുദ്ധമായി തീരും.’
***                                 ***
ജീവിതത്തില്‍ നമ്മള് സൂക്ഷിക്കേണ്ട പ്രധാന അവയവങ്ങളിലൊന്നാണ് നാവ്. വായിലെ ഈ അവയവം മനുഷ്യന് വരുത്തുന്ന അപകടങ്ങള്‍ കുറച്ചൊന്നുമല്ല. അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കാനായി വായില്‍ മുഴുസമയവും കല്ലിട്ടു നടന്നിരുന്ന ചില മഹത്തുക്കളുടെ ജീവിതകഥ ചരിത്രപുസ്തകങ്ങളില്‍ വായിക്കാവുന്നതാണ്. നാവിനെ സൂക്ഷിക്കുക എന്നത് തസവ്വുഫിന്റെ ഗ്രന്ഥങ്ങളിലെല്ലാം പ്രധാനപ്പെട്ട അധ്യായമായി തന്നെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്.
ഖുര്‍ആന്‍പറയുന്നു: .ما يلفظ من قول إلا لديه رقيب عتيد (സൂറത്തു ഖാഫ്). നാവ് പറയുന്ന ഓരോന്നും മലക്കുകള്‍ നിരീക്ഷിക്കുന്നുവെന്ന് അര്‍ഥം.
തുര്‍മുദി ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം.
നബിതങ്ങള്‍ പറയുന്നു: ഓരോ പ്രഭാതങ്ങളിലും ശരീരത്തിലെ ഓരോ അവയവങ്ങളും നാവിനോട് ഒരു ആവശ്യമുന്നയിക്കുന്നു: അല്ലാഹുവിനെ ഭയക്കുക. ഞങ്ങളെല്ലാവരും നിന്‍റെ ഗതിയനുസരിച്ചാണ്. നീ ഇന്ന് നല്ലത് പ്രവര്‍ത്തിച്ചാല്‍ ഞങ്ങളും നന്നാകം. നീ മോശമായാല്‍ ഞങ്ങളുടെ കാര്യവും അപകടകരം തന്നെ.
നാവിനെ സംരക്ഷിക്കാനായി തസവ്വുഫിന്റെ ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്ന ചില കുറുക്കുവഴികളാണ് താഴെ.
ഒന്ന്, സ്വന്തത്തിനോ അപരനോ ഉപകരിക്കുന്ന കാര്യത്തിനല്ലാതെ സംസാരിക്കരുത്. സ്വന്തത്തിനെ അപരനോ വരുന്ന ബുദ്ധിമുട്ടിനെ അകറ്റാനല്ലാതെയും സംസാരിക്കരുത്.
രണ്ട്, സംസാരിക്കേണ്ട് സന്ദര്‍ഭത്തെ കുറിച്ച് ബോധ്യമുണ്ടായിരിക്കണം.
മൂന്ന്, ലക്ഷ്യം കരഗതമാക്കുന്നതിന് പര്യപ്തമായ തോതില്‍ മാത്രം സംസാരിക്കുക. സാഹചര്യത്തിനോട് യോജിക്കുന്ന തരത്തിലും.
നാല്, സംസാരിക്കാനുപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ച് തെരഞ്ഞെടുക്കുക. സംസാരത്തിലെ വാക്കുകള്‍ മേല്‍വിലാസം പോലെയാണ്, അതുപയോഗിക്കുന്നവന്റെ ബുദ്ധിയെ കുറിച്ചും സാംസ്കാരിക ബോധത്തെ കുറിച്ചും കേട്ടുനില്‍ക്കുന്നവന് പെട്ടെന്ന് മനസ്സിലാക്കാനാകും.
അഞ്ച്, അപരനെ പുകഴ്ത്തുകയാണങ്കിലും തിരുത്തുകയാണെങ്കിലും ആവശ്യത്തിന് മാത്രം പറയുക. അധികമാക്കിയാല്‍ രണ്ടും അപകടം വിളിച്ചുവരുത്തും.
ആറ്, പെട്ടെന്ന് മനസ്സിലാക്കാനാകുന്നതിന് ആവശ്യമായ പദങ്ങള്‍ മാത്രം സംസാരിക്കുമ്പോള്‍ ഉപയോഗിക്കുക. അധികം നീട്ടിവലിച്ചുള്ള സംസാര രീതി അത്ര നന്നല്ല. നിങ്ങളിലെ സംസാരപ്രിയര്‍ അന്ത്യനാളില്‍ എന്നില്‍ നിന്ന് ഏറെ വിദൂരത്തായിരിക്കുമെന്ന് പ്രവാചകവചനമുണ്ട്.
ഏഴ്, ദിക്റുകള് ‍കൊണ്ട് സദാസമയവും ജോലിയാകുക. ദിക്റല്ലാത്ത ഇതര സംസാരങ്ങള്‍ ഹൃദയത്തെ കഠിനമാക്കുമെന്ന് ഹദീസ്. കഠിനഹൃദയനോട് അല്ലാഹു ദൂരം പാലിക്കുമെന്നും പ്രവാചകന്‍.
എട്ട്, ഇതിനു പുറമെ ഏഷണി, പരദൂഷണം, കളവ് തുടങ്ങിയ നാവിന്റെതായി പരിചയപ്പെടുത്തിയ നിരവധി കുറ്റങ്ങളുണ്ട്. അത്തരം കുറ്റങ്ങള്‍ ചെയ്യാതെ നാവിനെ സൂക്ഷിക്കുകയും ചെയ്യുക. നാവിന്റെ ഓരോ കുറിച്ച് കുറിച്ച് വിശദമായ പ്രതിപാദനം തന്നെ തസവ്വുഫിന്റെ ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. ‘ആഫാത്തുല്ലിസാന്‍’, അഥവാ നാവുവരുത്തുന്ന അപകടങ്ങള്‍ എന്നാണ് പല ഗ്രന്ഥങ്ങളും ആ അധ്യായങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത് തന്നെ.
രണ്ടു അവയവങ്ങള്‍ സൂക്ഷിക്കാമെന്ന് ഉറപ്പുനല്‍കിയാല്‍ അവന് ഞാന്‍ സ്വര്ഗം കൊണ്ട് ജാമ്യം നില്‍ക്കുമെന്ന ഒരു പ്രവാചകവചനമുണ്ട്. ആ ഹദീസില്‍ നബി സൂക്ഷിക്കാന് ആവശ്യപ്പെടുന്ന ഒരു അവയവം ഗുഹ്യഭാഗങ്ങളാണ്. രണ്ടാമത്തേത് നാവും. സ്വന്തം ഗുഹ്യഭാഗം സൂക്ഷിക്കുന്ന കാര്യത്തില്‍ നാം കാണിക്കേണ്ട ശ്രദ്ധ തന്നെയണ് നാവിനെ സൂക്ഷിക്കുന്ന കാര്യത്തിലും നാം കാണിക്കേണ്ടതെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നുണ്ടല്ലോ.