സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 26 February 2015

ആത്മാവും പിശാചിന്റെ ചതിക്കുഴികളും

“മനുഷ്യഹൃദയത്തില്‍ പിശാച് സ്വാധീനം ചെലുത്തും. അല്ലാഹുവിനെ സ്മരിച്ചാല്‍ അവന്‍ പിന്തിരിയും. അല്ലാഹുവിനെ മറന്നാല്‍ ഹൃദയം അവന്റെ നിയന്ത്രണത്തിലാവും” (നബിവചനം).

മണ്ണുകൊണ്ടാണ് മനുഷ്യ സൃഷ്ടിപ്പ്. അതിനാല്‍ മണ്ണില്‍ നിക്ഷിപ്തമായ സ്വഭാവ പ്രകൃതങ്ങള്‍ മനുഷ്യനിലും കാണും. വെള്ളത്തിന്റെയും അഗ്നിയുടെയും അംശങ്ങള്‍ സൃഷ്ടിപ്പിന് ഉപയോഗപ്പെടുത്തിയിട്ടുള്ളതിനാല്‍ അതിന്റെ സ്വഭാവവും അവനില്‍ പ്രകടമാകും. മൃഗീയവും പൈശാചികവുമായ സ്വഭാവങ്ങള്‍ മനുഷ്യനില്‍ സംഗമിച്ചത് ഇതിനാല്‍ കൂടിയാണ്. “മുട്ടിയാല്‍ മുഴങ്ങുന്ന ഉണങ്ങിയ കളിമണ്ണിനാല്‍ മനുഷ്യനെ സൃഷ്ടിച്ചു. അഗ്നിജ്വാലയില്‍ നിന്ന് ജിന്നിനെയും സൃഷ്ടിച്ചു”എന്നാണ് ഖുര്‍ആനിക ഭാഷ്യം.

ഇബ്ലീസിന്റെ പാദസ്പര്‍ശമേറ്റതും ഏല്‍ക്കാത്തതുമായ മണ്ണുകള്‍ ഭൂമിയില്‍ നിന്ന് മനുഷ്യ സൃഷ്ടിപ്പിനുവേണ്ടി ശേഖരിച്ചവയില്‍ ഉണ്ടായിരുന്നു. പിശാചിന്റെ പാദസ്പര്‍ശമേറ്റ മണ്ണുകൊണ്ടാണ് അല്ലാഹു നഫ്സിനെ സൃഷ്ടിച്ചത്. അതിനാല്‍ സകല വിനാശങ്ങളുടെയും പ്രഭവകേന്ദ്രമായി അതുമാറി. ഇബ്ലീസിന്റെ പാദസ്പര്‍ശമേല്‍ക്കാത്ത മണ്ണുകൊണ്ടാണ് പ്രവാചകരെയും ഔലിയാക്കളെയും സൃഷ്ടിച്ചത്. പ്രധാനമായും നബി(സ്വ)യുടെ സൃഷ്ടിപ്പിന് ഹേതുകമായ മണ്ണ്. അല്ലാഹുവിന്റെ പ്രത്യേക കാരുണ്യത്തിന് പാത്രീഭവിച്ച മണ്‍തരിയായിരുന്നു അത്. അവിടെ കളങ്കത്തിന്റെയും അധാര്‍മികതയുടെയും മാലിന്യം അല്‍പം പോലും പുരണ്ടിരുന്നില്ല. അതിനാല്‍ അവിടുത്തെ മഹത്ത്വവും തേജസ്സും മാര്‍ഗദര്‍ശനവും അത്യുന്നതമായി.

ഹൃദയത്തിലെ ദുഷ്പ്രവണതകള്‍ തഖ്വയില്‍ സ്ഫുടം ചെയ്ത ദര്‍പ്പണങ്ങളായി രൂപപ്പെടുമ്പോഴാണ് മനസ്സുകള്‍ പ്രഭാപൂര്‍ണമാവുന്നത്. ഇതിന് ആത്മസമരം അനിവാര്യമാണ്. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഒരുക്കലാണ് പ്രധാനം. ആയുധങ്ങള്‍ക്ക് മൂര്‍ച്ചയില്ലെങ്കില്‍ സമരത്തില്‍ വിജയം വരിക്കുക സാധ്യമല്ല. ഇവിടെ ശത്രുപക്ഷം സര്‍വായുധ സജ്ജരാണ്. ആത്മാവാണ് മനുഷ്യന്റെ നായകന്‍. രാജകല്‍പനകള്‍ നടപ്പാക്കുന്ന നിയമപാലകരാണ് മനുഷ്യവാസനകള്‍. വികാരങ്ങളും ഇച്ഛാശക്തികളും തൊഴിലാളികളും.

ഈ രാജ്യത്തിന്റെ നശീകരണമാണ് ശത്രുവിന്റെ മുഖ്യലക്ഷ്യം. അവിടെ ആഭ്യന്തര കലഹവും പുറത്തുനിന്നുള്ള അക്രമവും അഴിച്ചുവിട്ട് മനുഷ്യന്റെ ശാശ്വത സൗഭാഗ്യം നഷ്ടപ്പെടുത്താനുള്ള ശക്തമായ പോരാട്ടത്തിലാണവന്‍. ഈ പോരാട്ടത്തില്‍ ശത്രുരാജാവായ ഇബ്ലീസിനെ പരാജയപ്പെടുത്താന്‍ മനുഷ്യന്‍ തന്റെ സൈനികരെ സജ്ജരാക്കേണ്ടതുണ്ട്. ചിലര്‍ ഈ പോരാട്ടത്തില്‍ ശത്രുവിനെ വീഴ്ത്തുന്നു. ചിലരെ ശത്രു പരാജയപ്പെടുത്തുന്നു. ആയുധം മൂര്‍ച്ചയുള്ളതായാല്‍ ഈ സംഘട്ടനത്തില്‍ വേഗത്തില്‍ വിജയിക്കാം. ശക്തമായ ആയുധം പാകപ്പെടുത്തുകയാണ് പ്രഥമഘട്ടം. അതിന് ശത്രുവായ ഇബ്ലീസും മനുഷ്യനും തമ്മിലുള്ള സംഘട്ടനത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. അവന്റെ ചതിയില്‍ നിന്നും കുതന്ത്രങ്ങളില്‍ നിന്നും കുതറിമാറാനും കൃത്യമായ പ്രതിരോധം തീര്‍ക്കാനും ഈ തിരിച്ചറിവ് അനിവാര്യമാണ്.

മനുഷ്യന്റെ ആത്മീയത തകര്‍ത്ത് ആധിപത്യം സ്ഥാപിക്കാന്‍ ഇബ്ലീസ് തുനിയുമ്പോള്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ആത്മാവ് ബുദ്ധിയെ അടര്‍ക്കളത്തിലിറക്കുന്നു. ബുദ്ധിയേക്കാള്‍ പ്രതിരോധ ശേഷിയും യുക്തിയുമുള്ള മറ്റൊരു ശക്തി മനുഷ്യനിലില്ല. ബുദ്ധിയെക്കുറിച്ച് നബി(സ്വ) പറഞ്ഞത് നവാദിറുല്‍ ഉസ്വൂലില്‍ രേഖപ്പെടുത്തി കാണാം. “എല്ലാ വസ്തുക്കള്‍ക്കും ഓരോ ആയുധവും ഉപകരണവും ഉണ്ട്. സത്യവിശ്വാസിയുടെ ആയുധം ബുദ്ധിയാണ്. എല്ലാത്തിനും ഒരു വാഹനമുണ്ട്. മനുഷ്യന്റെ വാഹനം ബുദ്ധിയാണ്. ഓരോ വസ്തുവിനും താങ്ങിനിര്‍ത്താനുള്ള ഒരു തൂണുണ്ട്. മനുഷ്യന്റെ തൂണ്‍ ബുദ്ധിയത്രെ.”

ശത്രുവിനെതിരെയുള്ള ബുദ്ധിയുടെ പോരാട്ടം അധമവികാരങ്ങളെ അമര്‍ച്ച ചെയ്യാനും നന്മയുടെ സര്‍വസീമകളും ലംഘിച്ച് കടന്നുവരുന്ന ദുഷ്ചിന്തകള്‍ പിഴുതെറിയാനും അവയുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷനേടാനും സഹായകമായിത്തീരുന്നു.

മനുഷ്യരാജ്യത്തെ കീഴടക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഇബ്ലീസ്. ഏതെങ്കിലും വിധേന നുഴഞ്ഞുകയറി ആധിപത്യം സ്ഥാപിക്കാന്‍ തീവ്രശ്രമം നടത്തുന്ന അവനെ തടയുന്ന വഴി സ്വീകരിക്കലാണ് മുസ്ലിമിന്റെ കടമ. ഹൃദയത്തിലേക്ക് ഇബ്ലീസ് പ്രവേശിക്കാതിരിക്കാന്‍ നാം സദാ ശ്രദ്ധിക്കണം. അവിടെ പ്രവേശിച്ചാല്‍ നമ്മുടെ നിയന്ത്രണം അവന്റെ കരങ്ങളിലാവും. നശീകരണത്തിലേക്കായിരിക്കും അവന്‍ നമ്മെ നയിക്കും. അതോടെ അധഃപതനത്തിന്റെ കയത്തില്‍ നാം അകപ്പെടുകയും ചെയ്യും.

ഇമാം ഗസ്സാലി(റ) നായയോടാണ് ഇബ്ലീസിനെ ഉപമിച്ചത്. വിശന്ന് ഭക്ഷണത്തിന് ആര്‍ത്തി കാണിക്കുന്ന നായ മനുഷ്യനെ സമീപിക്കുന്നു. കൈയില്‍ ഒന്നുമില്ലാത്തവര്‍ ഒന്നാട്ടിയാല്‍ തന്നെ അത് ദൂരെ പോകും. അവന്റെ കൈയില്‍ ഭക്ഷണമൊന്നുമില്ലെന്നും അവന്‍ എന്നെ അടുപ്പിക്കുകയില്ലെന്നും മനസ്സിലാക്കിയാല്‍ നായ പിന്നെ പിന്തുടരില്ല. എന്നാല്‍ മാംസമോ മത്സ്യമോ ഉള്ളവനെ നായ വിടില്ല. ആട്ടിയാലും ആര്‍ത്തിയോടെ അതു പിന്തുടരും. ഹൃദയത്തില്‍ പിശാചിന്റെ ഭരണമില്ലെങ്കില്‍ ഒന്നാട്ടിയാല്‍ തന്നെ അവന്‍ പിന്തിരിഞ്ഞോടുന്നതാണ്. ദിക്ര്‍ കൊണ്ട് പിശാചിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കും. ഹൃദയത്തില്‍ ആഴത്തിലുള്ള ഗര്‍ത്തമുള്ളവര്‍ക്ക് ദിക്റ് കൊണ്ട് മാത്രം പ്രതിരോധിക്കാന്‍ സാധ്യമല്ല. ആഗര്‍ത്തങ്ങള്‍ (ദുസ്വഭാവം) പൂര്‍ണമായി അടക്കേണ്ടതുണ്ട്. അതിന് ആദ്യമായി വേണ്ടത് പ്രവേശന കവാടങ്ങള്‍ അടക്കുകയാണ്.

കാമം, കോപം, അസൂയ, ആര്‍ത്തി, വയര്‍ നിറച്ച് ഭക്ഷിക്കുക, സൗന്ദര്യാരാധന, വ്യക്തിപൂജ, ധൃതി, ധനതൃഷ്ണ, ലുബ്ധത, മര്‍ക്കടമുഷ്ടി, ചീത്ത വിചാരം തുടങ്ങിയവയാണ് ഇബ്ലീസിന്റെ പ്രവേശന കവാടങ്ങളായി മഹാന്മാര്‍ പരിചയപ്പെടുത്തുന്നത്.

ഇബ്ലീസിനെയും അവന്റെ ചതിക്കുഴികളെയും കുറിച്ച് നാം ബോധവാന്മാരാകണം. തന്ത്രശാലിയായ ഇബ്ലീസില്‍ നിന്ന്, നമ്മുടെയും അവന്റെയും ഉടമസ്ഥനായ അല്ലാഹുവിനോട് രക്ഷ തേടുകയാണ് ഫലപ്രദമായ ഒരു മാര്‍ഗം.

പിശാച് കുഴപ്പത്തിലകപ്പെടുത്താന്‍ ശ്രമിച്ചാല്‍ നീയെന്തു ചെയ്യുമെന്ന ഗുരുവിന്റെ ചോദ്യത്തിന് ശിഷ്യന്‍ പറഞ്ഞു:

“ഞാനവനോട് യുദ്ധം ചെയ്യും.”

വീണ്ടും ശ്രമം തുടര്‍ന്നാലോ?

“വീണ്ടും സമരം ചെയ്യും.”

ഇത് നീണ്ടുപോകുന്ന പ്രക്രിയയാണ്. ഒരാട്ടിന്‍ കൂട്ടത്തിലൂടെ നീ കടന്നുപോകുന്നു. ആടുകളുടെ സംരക്ഷണത്തിന് വേണ്ടി അഴിച്ചുവിട്ട കാവല്‍ നായ നിന്നെ തടഞ്ഞുവെക്കുന്നു. അല്ലെങ്കില്‍ ഉപദ്രവിക്കുന്നു. അപ്പോള്‍ നീ എന്തു ചെയ്യും?

“ഞാനതിനെ പ്രതിരോധിക്കുകയും ഉപദ്രവത്തില്‍ നിന്ന് പരമാവധി തടയുകയും ചെയ്യും.”

അപ്പോള്‍ ഗുരു പറഞ്ഞു:

“ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ നീ ആടുകളുടെ ഉടമസ്ഥനോട് സഹായം തേടുക. എങ്കില്‍ ആ നായയുടെ ഉപദ്രവത്തില്‍ നിന്നു നിനക്ക് രക്ഷ ലഭിക്കുന്നതാണ്. ഇതുപോലെ പിശാചിന്റെ ഉടമസ്ഥനായ അല്ലാഹുവിനോട് രക്ഷ തേടുകയാണ് ഏറ്റവും അഭികാമ്യം. അവന്റെ പ്രവേശന കവാടങ്ങള്‍ അടച്ച ശേഷം നാഥനോട് കാവല്‍ തേടുക. എന്നാല്‍ അവനില്‍ നിന്നും രക്ഷപ്പെടാം.”