سورة
الرحمن
മക്കയിൽ അവതരിച്ചു ( സൂക്തങ്ങൾ 78 )
بسم الله الرحمن الرحيم
മഹാകാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമവും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
الرَّحْمَنُ(1)
അറ്റമില്ലാത്ത കരുണയുള്ള അള്ളാഹു
അള്ളാഹു എന്ന അതിവിശിഷ്ട
നാമം പോലെ തന്നെ അള്ളാഹുവിനു മാത്രമുള്ള വിശേഷണമാണ് റഹ് മാൻ(അള്ളാഹുവിന്റെ ധാരാളം അനുഗ്രഹങ്ങൾ
ഈ അദ്ധ്യായത്തിൽ വിശദീകരിക്കുന്നുണ്ട്)
عَلَّمَ الْقُرْآنَ(2)
അവൻ ഖുർആൻ പഠിപ്പിച്ചു
അള്ളാഹു മനുഷ്യനു നൽകിയ
കാരുണ്യത്തിന്റെ ഒരു ഉദാഹരണമാണ് ഖുർ ആൻ പഠിപ്പിച്ചു എന്നത്. ഭൌതികമായ അനുഗ്രഹങ്ങളേക്കാൾ
പ്രാധാന്യമർഹിക്കുന്നതാണ് ഖുർ ആൻ പഠിപ്പിച്ചു എന്നത്.ഏറ്റവും ആദ്യമായി ഇത് പറഞ്ഞത്
ഈ പ്രാധാന്യം നമ്മെ പഠിപ്പിക്കുന്നുണ്ട്.ലോകത്തുള്ള എല്ലാ അനുഗ്രഹവും കൂടി അള്ളാഹുവിന്റെ
അനുഗ്രഹത്തിന്റെ ഒരു ശതമാനമാണെന്നും ബാക്കിയുള്ള തൊണ്ണൂറ്റിഒമ്പത് അനുഗ്രഹവും പരലോകത്ത്
അവനെ അനുസരിച്ചവർക്കായി അവൻ മാറ്റിവെച്ചിട്ടുണ്ടെന്നും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.അവനെ
അനുസരിക്കാനുള്ള പാഠം ഖുർആൻ നൽകുന്നു എന്നതിനാൽ ഏറ്റവും വലിയ അനുഗ്രഹം ഖുർ ആൻ പഠിപ്പിച്ചു
എന്നത് തന്നെ.ഖുർ ആൻ പഠിപ്പിച്ചു എന്നാൽ ഓതാൻ പഠിപ്പിച്ചു എന്ന് മാത്രമല്ല അത് ഗ്രഹിക്കുവാനും
അത് പ്രയോഗ വൽക്കരിക്കാനും ആവശ്യമായ കഴിവും ചുറ്റുപാടുകളും സജ്ജമാക്കിക്കൊടുത്തിട്ടുള്ളതിനെയും
ഈ വാക്യം അനുസ്മരിക്കുന്നുണ്ട്
خَلَقَ الْإِنسَانَ(3)
അവൻ മനുഷ്യനെ സൃഷ്ടിച്ചു
ഇല്ലായ്മയിൽ നിന്ന് മനുഷ്യനു
അള്ളാഹു ജന്മം നൽകി എന്നത് അവൻ നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ്. സൃഷ്ടിച്ചതിനു ശേഷമാണല്ലോ
ഖുർ ആൻ പഠിക്കുന്നത് എന്നിരിക്കെ പടക്കുക എന്നതിനു മുമ്പ് ഖുർആൻ പഠിപ്പിച്ചു എന്ന്
പറഞ്ഞതിൽ ഒരു പ്രധാന രഹസ്യമുണ്ട്.മനുഷ്യൻ ജനിക്കുന്നതിനു മുമ്പ് തന്നെ അവനിവിടെ ജീവിക്കുവാനും
വികസിക്കുവാനും ആവശ്യമായ വായു,വെള്ളം,വെളിച്ചം,ഭക്ഷണംതുടങ്ങി അനേകം കാര്യങ്ങൾ സജ്ജമാക്കിയ
ശേഷമാണ് മനുഷ്യനെ പടച്ചത് എന്നാലിതര സൃഷ്ടികൾക്ക് നൽകാത്ത പല അനുഗ്രഹങ്ങളും അള്ളാഹു
നൽകിയ മനുഷ്യനു അവന്റെ ഐഹിക ജീവിതം സമാധാനപരവും അതിനു ശേഷമുള്ള അനന്തര ജീവിതം വിജയകരവും
ആയിത്തീരുക എന്നത് അവന്റെ ഏറ്റവും പ്രധാനമായ ഒരാവശ്യമാണ് അതിലും വലിയൊരു കാര്യം അവനു
വേറെയില്ല ഈ ലക്ഷ്യം സാക്ഷാൽക്കരിക്കാനുള്ള മാർഗമാണ് വിശുദ്ധ ഖുർ ആൻ വഴി അള്ളാഹു മനുഷ്യനു
പ്രധാനം ചെയ്തിട്ടുള്ളത് ആ നിലക്ക് വിശുദ്ധ
ഖുർ ആൻ ആകുന്ന അനുഗ്രഹം മറ്റുള്ളവയേക്കാൾ മുൻ ഗണന അർഹിക്കുന്നു എന്നത് വ്യക്തം തന്നെ!
عَلَّمَهُ الْبَيَانَ(4)
അവനു വിവരണം പഠിപ്പിച്ചു
മനസ്സിലുള്ള ആശയം വ്യക്തമായി
പ്രകാശിപ്പിക്കാനുള്ള സംസാരം എന്നാണിതിന്റെ സാരം .
മറ്റുള്ളവരിലേക്ക് വല്ലാതെ ആശ്രയിക്കേണ്ടി വരും വിധമുള്ള ബലഹീനതയുള്ളവനാണ് മനുഷ്യൻ.അതിനാൽ
അവന്റെ മനസ്സിലുള്ളത് പങ്ക് വെക്കാനുള്ള സംവിധാനം അത്യാവശ്യമാണ്.അതിനാൽ വിവരണം മഹത്തായ
അനുഗ്രഹമത്രെ ആശയ കൈമാറ്റം എല്ലാ ജീവികളും നിർവഹിക്കുന്നുണ്ടെങ്കിലും സംസാരത്തിലൂടെ
അകത്തുള്ള ആശയം പ്രകാശിപ്പിക്കുന്നത് മനുഷ്യനാണല്ലൊ!
الشَّمْسُ وَالْقَمَرُ بِحُسْبَانٍ(5)
സൂര്യനും ചന്ദ്രനും ഒരു നിശ്ചിത കണക്കനുസരിച്ചാകുന്നു(നില കൊള്ളുന്നത്)
സൂര്യ,ചന്ദ്രന്മാരുടെ ഭ്രമണം അകലം,
ചൂട്, തണുപ്പ് തുടങ്ങിയ എല്ലാ കാര്യങ്ങളും അള്ളാഹു നിശ്ചയിച്ച ഒരു കണക്കനുസരിച്ചുണ്ടായതാണ്
അവയിൽ ഏതെങ്കിലുമൊന്ന് ആ കണക്ക് തെറ്റിക്കൊണ്ടായിരുന്നെങ്കിൽ ഈ ലോകത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു.
وَالنَّجْمُ وَالشَّجَرُ يَسْجُدَانِ(6)
വള്ളികളും വൃക്ഷങ്ങളും(അള്ളാഹുവിന്റെ നിയമങ്ങൾക്ക് മുമ്പിൽ)സുജൂദ് ചെയ്യുന്നു
നജ്മ് എന്നതിനുഭൂമിയിൽ
പടരുന്ന വള്ളികൾ എന്നതിനു പുറമെ നക്ഷത്രം എന്നും
വ്യാഖ്യാനമുണ്ട് ആകാശ ഭൂമിയിലുള്ള എല്ലാ വസ്തുക്കളും അള്ളാഹുവിനു സുജൂദ് ചെയ്യുന്നതായി
ഖുർ ആനിൽ പല സ്ഥലത്തും പ്രസ്താവിച്ചിട്ടുണ്ട് ഉദാഹരണമായി സൂറത്തുൽ ഹജ്ജ് പതിനെട്ടാം
സൂക്തത്തിൽ അള്ളാഹു പറയുന്നു
أَلَمْ تَرَ أَنَّ اللَّهَ يَسْجُدُ
لَهُ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ وَالشَّمْسُ وَالْقَمَرُ
وَالنُّجُومُ وَالْجِبَالُ وَالشَّجَرُ وَالدَّوَابُّ وَكَثِيرٌ مِّنَ النَّاسِ
وَكَثِيرٌ حَقَّ عَلَيْهِ الْعَذَابُ وَمَن يُهِنِ اللَّهُ فَمَا لَهُ مِن
مُّكْرِمٍ إِنَّ اللَّهَ يَفْعَلُ مَا يَشَاء
ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും സൂര്യനും,ചന്ദ്രനും നക്ഷത്രങ്ങളും പർവ്വതങ്ങളും
വ്ര്ക്ഷങ്ങളും ജന്തുക്കളും ധാരാളം മനുഷ്യരും അള്ളാഹുവിനു പ്രണാമം അർപ്പിച്ചു കൊണ്ടിരിക്കുന്നു
എന്ന് തങ്ങൾ കണ്ടില്ലേ?(വേറേ)കുറേ പേരുടെ കാര്യത്തിൽ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു.അള്ളാഹു
വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാൻ ആരും തന്നെയുണ്ടാവുകയില്ല നിശ്ചയം
അള്ളാഹു അവനുദ്ദേശിക്കുന്നത് ചെയ്യുന്നു
وَالسَّمَاء رَفَعَهَا وَوَضَعَ
الْمِيزَانَ(7)
ആകാശത്തെ അവൻ ഉയർത്തി അവൻ നീതി സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു
നമുക്ക്
കാണാവുന്ന ഒരു തൂൺ പോലുമില്ലാതെ ആകാശത്തെ ഉയർത്തി എന്നത് വലിയ അത്ഭുതം തന്നെ.നീതി,ന്യായം
എന്ന അർത്ഥത്തിലാണിവിടെ മീസാൻ എന്ന് പറഞ്ഞത് ലോകവ്യവസ്ഥകളെല്ലാം അള്ളാഹു നീതിയോടെയാണ്
നിശ്ചയിച്ചത് അതിൽ പെട്ടതാണ് അളത്തത്തിലും തൂക്കത്തിലും നീതി പാലിക്കുക എന്നത്
أَلَّا تَطْغَوْا فِي الْمِيزَانِ(8)
നിങ്ങൾ തുലാസിൽ(തൂക്കത്തിൽ)ക്രമം തെറ്റാതിരിക്കാൻ വേണ്ടി
ഓരോ കാര്യത്തിലും അള്ളാഹു നിശ്ചയിച്ച വഴിയാണ് നീതി.അത്
അവഗണിക്കുന്നതും അതിനെ അവഗണിക്കുന്നതും ക്രമം തെറ്റലാണ്.ചെയ്യാൻ കൽപ്പിച്ചത് ചെയ്യാതിരിക്കലും
ചെയ്യരുതെന്ന് വിലക്കിയത് ചെയ്യലും ഈ ക്രമം തെറ്റലിന്റെ ഭാഗം തന്നെ
وَأَقِيمُوا الْوَزْنَ بِالْقِسْطِ
وَلَا تُخْسِرُوا الْمِيزَانَ(9)
നിങ്ങൾ നീതിയനുസരിച്ച് തൂക്കം നിലനിറുത്തുക തൂക്കം കമ്മി
വരുത്തരുത്
അളത്തത്തിലും തൂക്കത്തിലും
ക്രമം തെറ്റിക്കൽ വലിയ അരുതായ്മയായി ഖുർആൻ ഉണർത്തിയിട്ടുണ്ട്
وَالْأَرْضَ وَضَعَهَا لِلْأَنَامِ(10)
മനുഷ്യർക്ക് വേണ്ടി അവൻ ഭൂമിയെ സ്ഥാപിച്ചിരിക്കുന്നു
ധാരാളം സംവിധാനങ്ങളോടെ
ഭൂമിയെ അള്ളാഹു പടച്ചത് മനുഷ്യനു വേണ്ടിയാണ്
فِيهَا فَاكِهَةٌ وَالنَّخْلُ ذَاتُ
الْأَكْمَامِ(11)
അതിൽ പഴ വർഗങ്ങളും കൂമ്പോളകളുള്ള ഈത്തപ്പനകളുമുണ്ട്
വിവിധ പഴ
വർഗങ്ങൾ മനുഷ്യനു വേണ്ടി അള്ളാഹു പടച്ചു.അക്മാം എന്നാൽ പൂക്കളെയും പഴങ്ങളെയും പൊതിഞ്ഞു
നിൽക്കുന്ന പോളകൾക്കും കുലകളെ പൊതിഞ്ഞു നിൽക്കുന്ന കൂമ്പോളകൾക്കും പറയുന്നതാണ്.ഖുർ
ആനിന്റെ പ്രഥമ സംബോധിതരായ അറബികൾക്ക് ഏറെ സുപരിചിതവും വ്ര്ക്ഷങ്ങളിൽ പ്രാധാന്യമർഹിക്കുന്നതുമായ
ഒന്നാണ് ഈത്തപ്പന.ഈത്തപ്പഴം ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്.ഈത്തപ്പനയുടെ എല്ലാ അവശിഷ്ടങ്ങളും
വിവിധ ഉപകാരമുള്ളവയാണ്
وَالْحَبُّ ذُو الْعَصْفِ
وَالرَّيْحَانُ(12)
വൈക്കോലുള്ള ധാന്യവർഗവും സുഗന്ധച്ചെടികളുമുണ്ട്
ഗോതമ്പ്,നെല്ല്
മുതലായ ധാന്യങ്ങളുടെ ഓല(വൈക്കോൽ)എന്നാണ് അസ്ഫ് എന്നാൽ,എല്ലാതരം വാസനച്ചെടികളുമാണ് റൈഹാൻ
എന്നാൽ
فَبِأَيِّ آلَاء رَبِّكُمَا
تُكَذِّبَانِ(13)
അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ
നിഷേധിക്കുന്നത്?
സർവശക്തനും
കരുണാവാരിധിയുമായ അള്ളാഹു ഭൂമിയിൽ തന്റെ സൃഷ്ടികൾക്ക് ചെയ്തു കൊടുത്ത ചില സുപ്രധാന
അനുഗ്രഹങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച ശേഷം ഭൂമിയിലെ രണ്ട് ബുദ്ധിജീവി വിഭാഗങ്ങളായ
മനുഷ്യരെയും ജിന്നുകളെയും അഭിമുഖീകരിച്ച് ചോദിച്ചതാണീ വാക്യംഅപ്പോൾ നിങ്ങൾ രണ്ട് കൂട്ടർ
എന്ന് ഇവിടെ പറഞ്ഞത് ജിന്നുകളും മനുഷ്യരുമാണ്.ഈ സൂറയിൽ 31പ്രാവശ്യം ഇങ്ങനെ ആവർത്തിച്ചിരിക്കുന്നു
ഈ വാക്യങ്ങൾ ഓതിക്കേട്ടപ്പോൾ ഓരോ പ്രാവശ്യവും ജിന്നുകൾ
لابشيء من نعمك ربنانكذب فلك الحمد
(ഞങ്ങളുടെ
രക്ഷിതാവേ! നിന്റെ അനുഗ്രഹങ്ങളിൽ ഒന്നിനെയും ഞങ്ങൾ നിഷേധിക്കുന്നില്ല അതിനാൽ നിനക്കാണ്
സർവ സ്തുദിയും) എന്ന് മറുപടി പറഞ്ഞുഇത് പോലെ നമുക്കും പറയാം
خَلَقَ الْإِنسَانَ مِن صَلْصَالٍ
كَالْفَخَّارِ(14)
കലം പോലെ മുട്ടിയാൽ ശബ്ദിക്കുന്ന ഉണങ്ങിയ കളിമണ്ണിനാൽ മനുഷ്യനെ അവൻ സൃഷ്ടിച്ചിരിക്കുന്നു
മനുഷ്യന്റെ സൃഷ്ടിപ്പിനെപ്പറ്റി പറയുമ്പോൾ ഖുർആൻ ചില സ്ഥലത്ത് മണ്ണിൽ നിന്ന്
സ്ര്ഷ്ടിച്ചു എന്നും ഒട്ടുന്ന കളിമണ്ണിൽ നിന്ന് പടച്ചു എന്നും കളിമണ്ണിന്റെ സത്തിൽ
നിന്ന് പടച്ചു എന്നും മറ്റും പറഞ്ഞിട്ടുണ്ട് ഈ വിവിധ ശൈലികളിൽ സൂചിപ്പിക്കുന്നത് മണ്ണിന്റെ
വിവിധ ഘട്ടങ്ങളെയാണ്
وَخَلَقَ الْجَانَّ مِن مَّارِجٍ
مِّن نَّارٍ(15)
ജിന്നുകളെ അഗ്നിയിൽ നിന്നുള്ള (പുക കലരാത്ത)ജ്വാലയാലും അവൻ സൃഷ്ടിച്ചു
ജിന്നുകളെ സൃഷ്ടിച്ചത് അഗ്നിയിൽ നിന്നാണ്
فَبِأَيِّ آلَاء رَبِّكُمَا
تُكَذِّبَانِ(16)
അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ്
നിങ്ങൾ നിഷേധിക്കുന്നത്?
വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്
رَبُّ الْمَشْرِقَيْنِ وَرَبُّ
الْمَغْرِبَيْنِ(17)
രണ്ട് ഉദയസ്ഥാനങ്ങളുടെ
നാഥനും രണ്ട് അസ്തമനസ്ഥാനങ്ങളുടെ നാഥനുമാണ്(അവൻ)
രണ്ട്
ഉദയ സ്ഥാനങ്ങൾ കൊണ്ടും രണ്ട് അസ്തമയ സ്ഥാനങ്ങൾകൊണ്ടൂം ഉദ്ദേശിക്കുന്നത്ശൈത്യകാലത്തിലെ
ഏറ്റവും ചെറിയ ദിവസത്തിലെയും ഉഷ്ണകാലത്തിലെ ഏറ്റവും നീണ്ട ദിവസത്തിലെയും ഉദയസ്ഥാനവും
അസ്തമയ സ്ഥാനവും എന്നും ഭൂമിയിലെ രണ്ട് അർദ്ധ ഗോളങ്ങളിലെ ഉദയസ്ഥാനവും അസ്തമയ സ്ഥാനവുമെന്നും
നേരത്തേ സൂര്യനെയും ചന്ദ്രനെയും പടച്ചു എന്ന് പറഞ്ഞതനുസരിച്ചു സൂര്യന്റെയും ചന്ദ്രന്റെയും
ഉദയസ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും ഉടമസ്ഥൻ എന്നും വ്യാഖ്യാനമുണ്ട്
فَبِأَيِّ
آلَاء رَبِّكُمَا تُكَذِّبَان(18ِ
അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ
നിഷേധിക്കുന്നത്
വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്
مَرَجَ الْبَحْرَيْنِ يَلْتَقِيَانِ(19)
രണ്ട് സമുദ്രങ്ങളെ അവ പരസ്പരം കൂട്ടിമുട്ടുന്ന വിധം അവൻ അയച്ചുവിട്ടിരിക്കുന്നു
ഉപ്പു വെള്ളവും
നല്ല വെള്ളവുമാണിവിടെ ഉദ്ദേശ്യം
بَيْنَهُمَا بَرْزَخٌ لَّا
يَبْغِيَانِ(20)
അവ രണ്ടിനുമിടയിൽ ഒരു മറയുണ്ട് (തന്നിമിത്തം)അവ തമ്മിൽ അതിക്രമിക്കുന്നില്ല
പരസ്പരം
ഇഴുകിച്ചേരും വിധം രണ്ട് സമുദ്രവും ഒഴുകിയിട്ടും ഉപ്പുവെള്ളം നല്ല വെള്ളത്തിലേക്കോ
തിരിച്ചോ ചേർന്ന് രസം മാറ്റാത്ത വിധം ഒരു മറ അവക്കിടയിൽ അള്ളാഹു സ്ഥാപിച്ചിരിക്കുന്നു
فَبِأَيِّ آلَاء رَبِّكُمَا
تُكَذِّبَانِ(21)
അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ
നിഷേധിക്കുന്നത്?
വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്
يَخْرُجُ مِنْهُمَا اللُّؤْلُؤُ
وَالْمَرْجَانُ(22)
അവ രണ്ടിൽ നിന്നും മുത്തും പവിഴവും പുറത്ത് വരുന്നു
ഈ രണ്ട് സമുദ്രത്തിൽ നിന്നും
മുത്തും പവിഴവും ലഭ്യമാക്കിയത് അള്ളാഹുവിന്റെ മറ്റൊരു അനുഗ്രഹമാണ്
فَبِأَيِّ آلَاء رَبِّكُمَا
تُكَذِّبَانِ(23)
അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ
ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്
വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്
وَلَهُ الْجَوَارِ الْمُنشَآتُ فِي
الْبَحْرِ كَالْأَعْلَامِ(24)
മലകളെപ്പോലെ പൊക്കിയുണ്ടാക്കപ്പെട്ട സമുദ്രങ്ങളിൽ സഞ്ചരിക്കുന്ന കപ്പലുകളും അവനുള്ളതാകുന്നു
സമുദ്രങ്ങളിൽ മലകളെപ്പോലെ
പൊന്തി നിൽക്കുന്നതും ഉയർന്ന പാമരങ്ങളിന്മേൽ പായ കെട്ടിയതുമായ പായക്കപ്പലുകളായിരുന്നു
പുരാതന കാലത്തുണ്ടായിരുന്നത് അവയും പിന്നീടുണ്ടായ സമുദ്രത്തിൽ തലയുയർത്തി നിൽക്കുന്ന
യന്ത്രക്കപ്പലുമെല്ലാം അള്ളാഹുവിന്റെ അനുഗ്രഹം തന്നെയത്രെ!
فَبِأَيِّ آلَاء رَبِّكُمَا
تُكَذِّبَانِ(25)
അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ
ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്
كُلُّ مَنْ عَلَيْهَا فَانٍ(26)
അതിൽ(ഭൂമിയിൽ)ഉള്ളതെല്ലാം നശിച്ചു പോകുന്നതാണ്
وَيَبْقَى وَجْهُ رَبِّكَ ذُو
الْجَلَالِ وَالْإِكْرَامِ(27)
മഹാനും ഉദാരനുമായ തങ്ങളുടെ രക്ഷിതാവ് ശേഷിക്കുകയും
ചെയ്യും
ഈ ലോകത്തിന്റെ
നാശം സുനിശ്ചിതമാണെന്നും അള്ളാഹു മാത്രമേ ശേഷിക്കുകയുള്ളൂ എന്നും സാരം
فَبِأَيِّ
آلَاء رَبِّكُمَا تُكَذِّبَانِ(28)
അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ
നിഷേധിക്കുന്നത്?
വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്
يَسْأَلُهُ مَن
فِي السَّمَاوَاتِ وَالْأَرْضِ كُلَّ يَوْمٍ هُوَ فِي شَأْنٍ
(29)
ആകാശ ഭൂമികളിലുള്ളവരെല്ലാം അവനോട് യാചിക്കുന്നു എല്ലാ ദിവസവും അവൻ ഓരൊ
കാര്യത്തിലാണ്
ആകാശ ഭൂമികളിലുള്ളവരെല്ലാം-അവർ
മലക്കുകളാവട്ടെ,സത്യവിശ്വാസികളാവട്ടെ,യുക്തിവാദികളാവട്ടെ,ആരായിരുന്നാലും -അറിഞ്ഞോ അറിയാതെയോഅള്ളാഹുവോട്
യാചിക്കുന്നുണ്ട്.വായു,വെള്ളം,ഭക്ഷണം തുടങ്ങിസകല കാര്യങ്ങളിലും അള്ളാഹുവിന്റെ നിയമങ്ങളെ
ആശ്രയിച്ചു കൊണ്ടല്ലാതെ ഒരു നിമിഷവും കഴിച്ചു കൂട്ടാൻ മനുഷ്യൻ അശക്തനാണ്. മലക്കുകൾ
അള്ളാഹുവോട് അവന്റെ അനുഗ്രഹവും ഭൂമിയിലുള്ളവർ അനുഗ്രഹവും ഭക്ഷണവും ചോദിക്കുന്നു.ഭൂമിയിലുള്ളവർക്ക്
ഭക്ഷണത്തിനായി മലക്കുകകൾ ചോദിക്കുമെന്നും വ്യാഖ്യാനമുണ്ട്ഒരു ചെറുവിരൽ ചലിപ്പിക്കാൻ
പോലും മനുഷ്യൻ സ്വയം കഴിവുള്ളവനല്ല..ചിലർ ധരിക്കുന്നത് പോലെ ആഴ്ചയിൽ ഒരു ദിവസമോ മറ്റോ
യാതൊരു പ്രവ്ര്ത്തിയുമില്ലാതെ സ്വസ്ഥമായിരിക്കുന്നില്ല പ്രപഞ്ചത്തിനൊട്ടാകെ ഒരു പൊതു
നിയമ വ്യവസ്ഥ നിശ്ചയിച്ചു കൊണ്ട് ഇനി എല്ലാം അതിന്റെ പാട്ടിനു നടക്കട്ടെ എന്ന് വെച്ച്
വെറുതെ ഇരിക്കുകയുമല്ല അള്ളാഹു.പ്രപഞ്ചത്തിൽ നടന്നു കൊണ്ടിരിക്കുന്നഏതെങ്കിലും ഒരു
കാര്യത്തെപ്പറ്റി -അത് എത്ര ചെറുതായിരുന്നാലും-അവൻ ഒരിക്കലും അശ്രദ്ധനാകുന്നില്ല .ദോഷം
പൊറുക്കലും ബുദ്ധിമുട്ടുകൾ അകറ്റലും ചിലർക്ക് ഉയർചചയും മറ്റു ചിലർക്ക് താഴ്ചയും നൽകലും
പ്രാർത്ഥിക്കുന്നവർക്ക് ഉത്തരം നൽകലും എല്ലാം ആ കാര്യത്തിൽ പെട്ടതാവുന്നു.ഇമാം ഖുർഥുബി(റ)എഴുതുന്നു.ഒരു
രാജാവ് തന്റെ മന്ത്രിയോട് അള്ളാഹു എല്ലാ ദിവസവും ഓരോ കാര്യത്തിലാണ് എന്ന ആയത്തിനെക്കുറിച്ച്
ചോദിച്ചു.അദ്ദേഹം നാളെ പറയാമെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങിയെങ്കിലും എന്ത് പറയുമെന്നറിയാതെ
അദ്ദേഹം വിഷമിച്ചിരിക്കുന്നത് കണ്ട തന്റെ കറുത്ത വർഗക്കാരനായ അടിമ എന്താണിത്ര വിഷമം
എന്ന് ചോദിച്ചപ്പോൾ മന്ത്രി ഈ ആയത്തിനെക്കുറിച്ച് പറഞ്ഞു.അടിമ പറഞ്ഞു.നിങ്ങൾ രാജാവിന്റെ
അടുത്തേക്ക് പോവുക.ഞാൻ വന്ന് അത് വിശദീകരിക്കാം എന്ന് .അങ്ങനെ അടിമ രാജ സന്നിധിയിൽ
വിശദീകരിച്ചു.നാഥന്റെ കാര്യം അവൻ രാവിനെ പകലിലും പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു.ജീവനുള്ളതിൽ
നിന്ന് ജീവനില്ലാത്തതിനെയും തിരിച്ചും അവൻ പുറത്ത് കൊണ്ട് വരുന്നു രോഗിക്ക് ശമനവും
ആരോഗ്യമുള്ളവനു രോഗവും നൽകുന്നു സൌഖ്യമുള്ളവനു പരീക്ഷണവും പരീക്ഷിക്കപ്പെട്ടവനു സൌഖ്യവും
നിന്ദ്യനു യോഗ്യതയും യോഗ്യനു നിന്ദ്യതയും നൽകുന്നു ധനികനെ ദരിദ്രനാക്കുകയും ദരിദ്രനെ
ധനികനാക്കുകയും ചെയ്യുന്നു .അപ്പോൾ രാജാവ് പറഞ്ഞു എന്റെ സംശയം തീർത്തു തന്നെ നിനക്ക്
അള്ളാഹു എളുപ്പം നൽകട്ടെ എന്ന്.പിന്നീട് മന്ത്രിക്കുപ്പായം ഈ അടിമയെ അണിയിച്ചു ഇതും
നാഥന്റെ കാര്യം തന്നെ എന്ന് അടിമ പ്രതികരിച്ചു(ഖുർത്വുബി)
فَبِأَيِّ
آلَاء رَبِّكُمَا تُكَذِّبَانِ(30)
അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ
നിഷേധിക്കുന്നത്?
വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്
سَنَفْرُغُ
لَكُمْ أَيُّهَا الثَّقَلَانِ(31)
ഹേ (കനത്ത)രണ്ട്
സമൂഹമേ നിങ്ങളെ അടുത്ത് നാം വിചാരണ ചെയ്യുന്നതാണ്
ജിന്ന്,മനുഷ്യൻ
എന്നീ രണ്ട് വർഗങ്ങളെയും അഭിസംബോധനം ചെയ്ത് കൊണ്ട് അവരെ അടുത്ത് തന്നെ വിജാരണക്ക് വിധേയമാക്കുമെന്നും
അത് കൊണ്ട് കരുതിയിരിക്കണമെന്നുമുള്ള ഒരു ഉഗ്രൻ താക്കീതാണിത്
فَبِأَيِّ آلَاء رَبِّكُمَا
تُكَذِّبَانِ(32)
അപ്പോൾ
നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്
يَا مَعْشَرَ
الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ
السَّمَاوَاتِ وَالْأَرْضِ فَانفُذُوا لَا تَنفُذُونَ إِلَّا بِسُلْطَانٍ(33)
ജിന്നുകളുടെയും
മനുഷ്യരുടെയും സമൂഹമേ,ആകാശ ഭൂമികളുടെ മേഘലകളിൽ നിന്ന് പുറത്ത് പോകുവാൻ നിങ്ങൾക്ക് സാധ്യമാകുന്ന
പക്ഷം പുറത്ത് പോകുക വമ്പിച്ച ശക്തികൂടാതെ നിങ്ങൾ പുറത്ത് പോകുന്നതല്ല
അള്ളാഹുവിന്റെ വിചാരണയിൽ
നിന്ന് രക്ഷപ്പെടാൻ നിങ്ങൾക്ക് സാദ്ധ്യമല്ലെന്നും ആകാശ ഭൂമികളെല്ലാം അള്ളാഹുവിന്റെ
അധികാര പരിധിയിൽ പെട്ടതാണെന്നും അവയിൽ നിന്ന് പുറത്ത് പോകാൻ വമ്പിച്ച കഴിവു വേണമെന്നും
പക്ഷെ അങ്ങനെയുള്ള കഴിവൊന്നും നിങ്ങൾക്കില്ലെന്നും അതിനാൽ നിങ്ങൾ വിചാരണ ചെയ്യപ്പെടുക
തന്നെ ചെയ്യുമെന്നുമാണിവിടെ സൂചിപ്പിക്കുന്നത്.മരണത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ സാധുക്കുമെങ്കിൽ
ഓടി നോക്കൂ എന്നും ആകാശ ഭൂമിയിലെ രഹസ്യങ്ങൾ അറിയാൻ കഴിയുമെങ്കിൽ ശ്രമിച്ചു നോക്കൂ എന്നും
എന്നാൽ ഞാൻ കഴിവ് നൽകാത്ത ഒന്നിനും നിങ്ങൾക്കാവില്ല എന്നാണ് ഉണർത്തുന്നത്
فَبِأَيِّ
آلَاء رَبِّكُمَا تُكَذِّبَان(34)ِ
അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ
നിഷേധിക്കുന്നത്?
വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്
يُرْسَلُ عَلَيْكُمَا شُوَاظٌ مِّن
نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ(35)
നിങ്ങൾ
ഇരു വിഭാഗത്തിന്റെയും നേരെ തീജ്വാലയും പുകയും അയക്കപ്പെടുന്നതാണ്.അപ്പോൾ അത് ചെറുത്ത്
നിൽക്കുവാൻ നിങ്ങൾക്ക് കഴിയുന്നതല്ല
വിചാരണ ദിനം അവർക്കുണ്ടാകുന്ന
അനുഭവങ്ങളാണിത് അതിൽ നിന്ന് രക്ഷ നേടുവാൻ അവർക്ക്
സാധിക്കില്ലെന്ന് അവരെ ഉണർത്തുകയാണ്
فَبِأَيِّ
آلَاء رَبِّكُمَا تُكَذِّبَانِ(36)
അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ
നിഷേധിക്കുന്നത്?
വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്
(37) فَإِذَا
انشَقَّتِ السَّمَاء فَكَانَتْ وَرْدَةً كَالدِّهَانِ
ആകാശം പൊട്ടിപ്പിളരുകയും പനി നീർ വർണ്ണമുള്ളതും എണ്ണ പോലെയും ആയിത്തീരുകയും ചെയ്താൽ(അതെന്തൊരു ഭയങ്കരാവസ്ഥയായിരിക്കും?)
ഭൂമിയിലെ അനുഗ്രഹങ്ങളുടെ വിവരണത്തിനു ശേഷം പരലോക വിഷയങ്ങളിലേക്ക് കടക്കുകയാണ് അതിന്റെ ആരംഭമാണ് ഖിയാമത്ത് നാൾ.ഖിയാമത്ത് നാളിലെ സംഭവ വികാസങ്ങളാണിവിടെ വിശദീകരിക്കുന്നത്
.ആകാശത്തിനുണ്ടാവുന്ന മാറ്റം അത് പൊട്ടിപ്പിളരും അതിലെ നക്ഷത്രങ്ങളടക്കമുള്ള ഗോളങ്ങളെല്ലാം താറുമാറാവും അത് എണ്ണ പോലെ
കുഴഞ്ഞ് ബലഹീനമാവുന്നതും നിറ മാറ്റം സംഭവിച്ച് പനിനീർ പോലെ ചെമ്മഞ്ഞയായിത്തീരുന്നതുമാണ് അങ്ങനെ ആകാശങ്ങളുടെ ഇന്നത്തെ ഘടന മാറും
(38) فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ
അപ്പോൾ നിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
വിശദീകരണം മുംബ് പറഞ്ഞിട്ടുണ്ട്(39) فَيَوْمَئِذٍ لَّا يُسْأَلُ عَن ذَنبِهِ إِنسٌ وَلَا جَانٌّ
അന്നത്തെ ദിവസം ഒരു മനുഷ്യനോടാവട്ടെ ജിന്നിനോടാവട്ടെ തന്റെ കുറ്റത്തെക്കുറിച്ച് ചോദിക്കപ്പെടുകയില്ല
കുറ്റവാളിയാണോ എന്നോ കുറ്റങ്ങളെന്തൊക്കെയാണെന്നോ അവരോട് ചോദിച്ച് മനസ്സിലാക്കേണ്ടതില്ലാത്ത വിധം ആ കുറ്റങ്ങൾ വ്യക്തമായിരിക്കുമെന്ന് സാരം.,അവരുടെ നാഥൻ അവരെ സംബന്ധിച്ച് വ്യക്തമായി അറിയുന്നവനാണ് ,എന്ന് ഖുർ
ആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട് ഇവിടെ ,അവർ ചോദിക്കപ്പെടുമെന്നും ,ഖുർ ആനിലുണ്ടല്ലോ
അതും ഇതും തമ്മിൽ പൊരുത്തക്കേടില്ലേ എന്ന് ചോദിക്കപ്പെടാം നിവാരണം ഇങ്ങനെയാണ് നിങ്ങൾ എന്തൊക്കെയാണ് ചെയ്തത് എന്ന് അറിയാൻ വേണ്ടി ചോദിക്കപ്പെടില്ല (കാരണം അത്
എന്തൊക്കെയാണെന്ന് അള്ളാഹുവിനു നന്നായി അറിയാം)അതാണിവിടെ പറഞ്ഞത് ചോദിക്കപ്പെടുമെന്ന് പറഞ്ഞിടത്ത് നിങ്ങൾ എന്തിനു ഇങ്ങനെ ചെയ്തുവെന്ന് ചോദിക്കപ്പെടുമെന്നാണ് അപ്പോൾ വൈരുദ്ധ്യമില്ലല്ലോ!
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ (40)
അപ്പോൾ നിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
വിശദീകരണം മുംബ് പറഞ്ഞിട്ടുണ്ട്
(41) يُعْرَفُ الْمُجْرِمُونَ بِسِيمَاهُمْ فَيُؤْخَذُ بِالنَّوَاصِي وَالْأَقْدَامِ
കുറ്റവാളികൾ അവരുടെ അടയാളങ്ങൾ മുഖേന അറിയപ്പെടുന്നതായിരിക്കും അപ്പോൾ അവരുടെ നെറുന്തലകളും പാദങ്ങളും (കൂട്ടി)പിടിക്കപ്പെടുന്നതായിരിക്കും
അവർ കുറ്റക്കാരാണെന്നതിന്റെ തെളിവുകൾ അവരുടെ മുഖങ്ങളിൽ നിന്ന് കാണാനാവും അവരുടെ മുഖം കറുത്തും കണ്ണുകൾ നീല വർണ്ണമായും അന്ന് കാണുമെന്നാണ്
ഹസൻ(റ)പറഞ്ഞത് എന്ന് ഇമാം ഖുർത്വുബി പറഞ്ഞു.ചില മുഖങ്ങൾ അന്ന് ചുളുങ്ങിയിരിക്കുമെന്നും ചില മുഖങ്ങൾ അന്ന് കറുത്തിരിക്കുമെന്നും ഖുർ ആൻ പറഞ്ഞത് ഇവിടെ സ്മര്യമാണ്.കുറ്റക്കാരെ ആമങ്ങളാലും ചങ്ങലകളാലും തലയും കാലും തമ്മിൽ ബന്ധിപ്പിക്കപ്പെട്ടവരായി നരകത്തിൽ എറിയപ്പെടും കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്യും (അള്ളാഹു നമ്മെ അതിൽ
നിന്ന് രക്ഷപ്പെടുത്തട്ടെ ആമീൻ)
(42) فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ
അപ്പോൾ നിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
വിശദീകരണം മുംബ് പറഞ്ഞിട്ടുണ്ട്
(43) هَذِهِ جَهَنَّمُ الَّتِي يُكَذِّبُ بِهَا الْمُجْرِمُونَ
കുറ്റവാളികൾ നിഷേധിച്ചു കൊണ്ടിരുന്ന നരകം ഇതാണ് എന്ന് അവരോട് പറയപ്പെടും
മരണ ശേഷം പുനർജന്മമോ രക്ഷാ ശിക്ഷകളൊ ഒന്നുമുണ്ടാവില്ലെന്ന് പറഞ്ഞ് നടന്നിരുന്ന സത്യ നിഷേധികളെ നരകത്തിലെത്തിക്കപ്പെടുമ്പോൾ അവരോട് പറയപ്പെടുന്നതാണിത്.കൺ മുന്നിൽ
കാണുന്നതിനെ അവിടെ വെച്ച് നിഷേധിക്കാനാവില്ലല്ലോ!ഈ പറച്ചിൽ
ഒരു തരം ശിക്ഷയാണെന്നത് പ്രത്യേകം സ്മര്യമാണ്
(44) يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ آنٍ
അതിന്റെയും ചൂടേറിയ ചുട്ടു തിളക്കുന്ന വെള്ളത്തിന്റെയും ഇടയിൽ അവർ ചുറ്റിത്തിരിയുന്നതാകുന്നു
നരകത്തിന്റെ ചൂടും ചുട്ടു തിളക്കുന്ന വെള്ളവും അവരെ വലയം ചെയ്യുന്നതാണ് നരകത്തിന്റെ തീഷ്ണതയിൽ ദാഹിച്ചു വലയുന്നവർ വെള്ളത്തിനു വേണ്ടി കെഞ്ചുമ്പോൾ മനുഷ്യരെ കത്തിച്ച് അവരിൽ നിന്നൊലിക്കുന്ന വെള്ളം നൽകും .ഇതാണിവിടെ പറയുന്നത്
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ (45)
അപ്പോൾ നിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
വിശദീകരണം മുംബ് പറഞ്ഞിട്ടുണ്ട്
(46) وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ
തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ(അഥവാ അവന്റെ സന്നിധിയിൽ നിൽക്കുന്നതിനെ)ഭയപ്പെട്ടവനു രണ്ട് സ്വർഗത്തോപ്പുകളുണ്ട്
രക്ഷിതാവിന്റെ
സ്ഥാനത്തെ ഭയപ്പെടുക എന്നാൽ അള്ളാഹുവിന്റെ സന്നിധിയിൽ വിചാരണക്കായി നിൽക്കേണ്ടി വരുന്നതിനെക്കുറിച്ചുള്ള ഭയമാണ്.അങ്ങനെ ഭയപ്പെടുന്നവർ അവിടെ വിഷമിക്കാതിരിക്കാനായി അള്ളാഹുവിന്റെ വിധി വിലക്കുകൾ
ശ്രദ്ധിക്കുകയും അള്ളാഹുവിനെ അനുസരിക്കുന്നതിൽ വ്യാപ്ര്തനാവുകയും ചെയ്യും.അബൂബക്കർ(റ)ന്റെ വിഷയത്തിലാണീ
സൂക്തം അവതരിച്ചതെന്ന് ഇമാം ളഹ്ഹാഖിൽ നിന്ന് ഇമാം ഖുർത്വുബി(റ)ഉദ്ധരിക്കുന്നു ഒരു ദിവസം സിദ്ദീഖ്(റ)നല്ല ദാഹമുള്ള
സമയത്ത് പാൽ കുടിക്കുകയും തനിക്ക് നല്ല ആശ്വാസം
തോന്നുകയും ചെയ്തു.ആ പാലിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അത്
അനുവദനീയമല്ലാത്ത നിലയിലാണ് സംഘടിപ്പിച്ചത് എന്ന് അറിഞ്ഞു..അപ്പോൾ അത് മുഴുവനും
താൻ ചർദ്ധിച്ച് കളഞ്ഞു.അത് കണ്ട
നബി(സ)പറഞ്ഞു അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങളുടെ വിഷയത്തിലിതാ സൂക്തം അവതരിച്ചിരിക്കുന്നു എന്നിട്ട് നബി(സ)
ഈ സൂക്തം പാരായണം ചെയ്തു(ഖുർത്വുബി)
(47) فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ
അപ്പോൾ നിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
വിശദീകരണം മുംബ് പറഞ്ഞിട്ടുണ്ട്
(48) ذَوَاتَا أَفْنَانٍ
പല വകുപ്പുകളുള്ളതായ രണ്ടെണ്ണം
സ്വർഗ്ഗത്തെക്കുറിച്ചാണീ പരാമർശം പല വിധത്തിലും സ്വഭാവത്തിലുമുള്ള സൌകര്യങ്ങൾ ആ രണ്ട് സ്വർഗ്ഗത്തോപ്പിലുമുണ്ടാകും മരങ്ങളിലെ വ്യത്യസ്ഥതയും ഒരേ പഴത്തിലെ
തന്നെ വിവിധ രുചികളും ഈ പല വകുപ്പുകളിൽ
പെട്ടതാണ്
(49) فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ
അപ്പോൾ നിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
فِيهِمَا عَيْنَانِ تَجْرِيَانِ (50)
അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് അരുവികളുണ്ട്
തസ്നീം,സൽ സബീൽ
എന്നിവയാണിതെന്ന് ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഖുർത്വുബി(റ)ഉദ്ധരിക്കുന്നു ഭൂമിയിൽ വെച്ച് അള്ളാഹുവെ ഭയപ്പെട്ട് രണ്ട് കണ്ണുകളിൽ നിന്ന് കണ്ണു നീർ ഒലിച്ച ആൾക്ക് സ്വർഗ്ഗത്തിൽ
ആദരണീയമായ രണ്ട് നദികൾ ഉണ്ട് എന്ന് അബൂബക് ർ അൽ വർ
റാഖിൽ നിന്ന് ഇമാം ഖുർത്വുബി ഉദ്ധരിക്കുന്നു
(51) فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ
അപ്പോൾ നിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
(52) فِيهِمَا مِن كُلِّ فَاكِهَةٍ زَوْجَانِ
അവ രണ്ടിലും എല്ലാ പഴ വർഗങ്ങളിൽ നിന്നും ഇണകളുണ്ട്
ഭൂമിയിലുള്ള എല്ലാ മരങ്ങളിലും-അതിലെ പഴം
മധുരമുള്ളതായിരുന്നാലും കൈപ്പുള്ളതായിരുന്നാലും-സ്വർഗത്തിൽ അതിനു മധുരമായിരിക്കും ആട്ടങ്ങ
പോലും സ്വർഗ്ഗത്തിൽ മധുരമുള്ളതാവുമെന്ന് ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് ഇമാം ഖുർത്വുബി(റ)റിപ്പോർട്ട് ചെയ്യുന്നു
(53) فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ
അപ്പോൾ നിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
(54) مُتَّكِئِينَ عَلَى فُرُشٍ بَطَائِنُهَا مِنْ إِسْتَبْرَقٍ وَجَنَى الْجَنَّتَيْنِ دَانٍ
ഉൾഭാഗം തടിച്ച പട്ടു കൊണ്ടുള്ള വിരിപ്പുകളിൽ അവർ കിടക്കുന്നവരായും കൊണ്ട്(സുഖം കൊള്ളും) രണ്ട് തോപ്പുകളിലെയും പഴങ്ങൾ(വേഗം പറിച്ചെടുക്കാൻ സാധിക്കും വിധം)താഴ്ന്നു നിൽക്കുന്നതായിരിക്കും
ഉൾഭാഗം
തടിച്ചത് എന്ന് പറഞ്ഞതിൽ നിന്ന് പുറഭാഗം വളരെ നൈർമ്മല്യമുള്ളതായിരിക്കുമെന്ന് സൂചനയുണ്ട് പഴങ്ങൾ ഇരുന്നും കിടന്നുമൊക്കെ പറിച്ചെടുക്കാൻ സാധിക്കും വിധമാണ് വ്ര്ക്ഷങ്ങൾ സംവിധാനിച്ചത് എന്നാണ് പഴങ്ങൾ താഴ്ന്നു നിൽക്കും എന്ന് പറഞ്ഞതിന്റെ
സാരം ഭൌതിക ലോകത്ത് ആവശ്യമുള്ളവ നേടിയെടുക്കാൻ മനുഷ്യൻ അങ്ങോട്ട് പോവലാണ് പതിവ്.പഴം വേണ്ടവർ
മരത്തിനടുത്തേക്ക് പോവണം ഭൂമിയിൽ.എന്നാൽ വിശ്വാസികൾക്ക് വേണ്ടി അള്ളാഹു സംവിധാനിച്ച സ്വർഗ്ഗത്തിലെ എല്ലാ സുഖവും
അവന്റെ അടുത്തേക്ക് ഇങ്ങോട്ട് വരും.ഒന്നിനു പുറകെയും അവൻ അങ്ങോട്ട്
പോകേണ്ടതില്ല.കാരണം ഭൂമിയിൽ
തന്റെ ആവശ്യങ്ങൾക്കായി നെട്ടോട്ടമോടുന്നതിനിടക്കും അള്ളാഹുവിന്റെ വിധിവിലക്കുകൾ പാലിച്ചവർക്ക് അവരുടെ ഇഷ്ടം പോലെ വിഹരിക്കാൻ അള്ളാഹു സ്വർഗം തയാർ ചെയ്തിരിക്കുകയാണല്ലോ!
(55) فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ
അപ്പോൾ നിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
(56) فِيهِنَّ قَاصِرَاتُ الطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَانٌّ
അവയിൽ കണ്ണുകളെ(നോട്ടങ്ങളെ)നിയന്ത്രിക്കുന്ന തരുണികൾഉണ്ട് ഇവർക്ക് മുമ്പ് അവരെ ഒരു മനുഷ്യനോ ജിന്നോ സ്പർശിച്ചിട്ടില്ല
കണ്ണുകൾ നിയന്ത്രിക്കുന്ന തരുണികൾ എന്ന് പറഞ്ഞതിന്റെ സാരം സ്വന്തം ഭർത്താക്കളിലേക്കല്ലാതെ നോക്കാത്ത ഭർത്താക്കളെ മാത്രം സ്നേഹിക്കുന്ന പരിശുദ്ധകളായ തരുണീമണികൾ എന്നാകുന്നു അവരെ സ്പർശിക്കാനുള്ള ഭാഗ്യം അള്ളാഹുവിന്റെ സ്ഥാനത്തെ ഭയപ്പെടുന്നവർക്കല്ലാതെ ലഭിക്കുകയില്ല
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ (57)
അപ്പോൾ നിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
(58) كَأَنَّهُنَّ الْيَاقُوتُ وَالْمَرْجَانُ
ആ തരുണികൾ മാണിക്യം പോലെയും പവിഴം പോലെയുമിരിക്കുന്നതാണ്
ആ തരുണികളുടെ സൌന്ദര്യത്തിന്റെ വർണനയാണിത്
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ (59)
അപ്പോൾ നിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്
هَلْ جَزَاء الْإِحْسَانِ إِلَّا الْإِحْسَان(60)
നന്മ ചെയ്തതിന്റെ പ്രതിഫലം നന്മ ചെയ്തു കൊടുക്കൽ അല്ലാതെ മറ്റെന്താണ്?
ജീവിതത്തിൽ അള്ളാഹുവിന്റെ വിധികൾ പാലിക്കാനായി താൽക്കാലിക സന്തോഷങ്ങൾ മാറ്റിവെക്കുകയും കഠിനാദ്ധ്വാനം ചെയ്ത് നന്മകൾ വർധിപ്പിക്കുകയും ചെയ്യുക എന്ന നന്മക്ക് സ്വർഗത്തിലെ ഇത്തരം സന്തോഷങ്ങളെന്ന നന്മ തന്നെയല്ലേ പ്രതിഫലം നൽകേണ്ടത് എന്ന് സാരം
(61) فَبِأَيِّ
آلَاء رَبِّكُمَا تُكَذِّبَانِ
അപ്പോൾ നിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
وَمِن دُونِهِمَا جَنَّتَانِ(62)
അവ രണ്ടിനും പുറമെ (വേറെയും)രണ്ട് സ്വർഗ്ഗത്തോപ്പുകളുണ്ട്
അള്ളാഹുവിന്റെ സ്ഥാനത്തെ ഭയപ്പെടുന്നവർക്ക് ലഭിക്കുന്ന രണ്ട് സ്വർഗ്ഗത്തെയും അതിലെ സൌകര്യങ്ങളെയും നേരത്തേ വിശദീകരിച്ചു.അള്ളാഹുവിന്റെ അടിമകളിലെ സമീപസ്ഥർ (മുഖർ
റബൂൻ)എന്ന അതിശ്രേഷ്ഠരായ വിഭാഗമാണവർ.അതിന്റെ താഴെയുള്ള സ്ഥാനക്കാരായ വലതു പക്ഷക്കാർ(അസ് ഹാബുൽ
യമീൻ)ക്കുള്ള സൌകര്യങ്ങളാണിവിടെ സൂചിപ്പിക്കുന്നത് അവർക്കും രണ്ട് തോപ്പുകളുണ്ട്
(63) فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ
അപ്പോൾനിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
(64) مُدْهَامَّتَانِ
കടും പച്ചയായ രണ്ടെണ്ണം
ഫല വൃക്ഷങ്ങളുടെയും സസ്യ ലതാദികളുടെയും ആധിക്യം
നിമിത്തം തോട്ടങ്ങളുടെ വർണ്ണം കടും പച്ചയായിരിക്കുമെന്ന് സാരം
فَبِأَيِّ
آلَاء رَبِّكُمَا تُكَذِّبَانِ(65)
അപ്പോൾനിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
(66) فِيهِمَا عَيْنَانِ نَضَّاخَتَانِ
അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ട് അരുവികളുണ്ട്
ശക്തമായി ഒഴുകുന്ന രണ്ട് അരുവികൾ ആ രണ്ട് സ്വർഗ്ഗത്തോപ്പുകളിലുണ്ട്
(67) فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ
അപ്പോൾനിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
فِيهِمَا فَاكِهَةٌ وَنَخْلٌ وَرُمَّانٌ (68)
അവ രണ്ടിലും പഴ വർഗ്ഗങ്ങളും ഈത്തപ്പനയും ഉറുമാൻ പഴവും ഉണ്ട്
മരങ്ങളിലുണ്ടാവുന്ന പഴങ്ങളും വള്ളികളിലും മറ്റുമുണ്ടാവുന്ന പഴങ്ങളും വിവിധ സ്വഭാവങ്ങളുള്ളവയും ഭക്ഷണമായിത്തന്നെ ഉപയോഗിക്കുന്നവയും അവിടെയുണ്ട്.പഴങ്ങൾ എന്ന് പൊതുവെ
പറഞ്ഞതിനു ശേഷം ഈത്തപ്പഴത്തെയും റുമ്മാൻ പഴത്തെയും പ്രത്യേകം പറഞ്ഞതിനെക്കുറിച്ച് ഇമാം ബൈളാവി(റ)എഴുതുന്നു,,ഈത്തപ്പഴം പഴവും അതോടൊപ്പം
ഭക്ഷണവും റുമ്മാൻ പഴം പഴവും അതോടൊപ്പം
മരുന്നുമാണ്.
(69) فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ
അപ്പോൾനിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
(70) فِيهِنَّ خَيْرَاتٌ حِسَانٌ
അവയിൽ സുന്ദരികളായ ഉൽക്ര് ഷ്ട സ്ത്രീകളുണ്ട്
അവരുടെ അകം നന്മ നിറഞ്ഞതും പുറം സൌന്ദര്യ പൂർണവുമായിരിക്കും .ഉത്തമ സ്വഭാവമുള്ളവരും മുഖ
സൌന്ദര്യമുള്ളവരുമായിരിക്കുമവർ എന്നും വ്യാഖ്യാനമുണ്ട്
(71) فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ
അപ്പോൾനിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
(72) حُورٌ
مَّقْصُورَاتٌ فِي الْخِيَامِ
അതായത് കൂടാരങ്ങളിൽ നിയന്ത്രിക്കപ്പെട്ട വെളുത്ത സുന്ദരികൾ
സ്ത്രീകൾക്ക് അഴിഞ്ഞാട്ടമോ അങ്ങാടി നിരങ്ങലോ അല്ല വീട്ടിലെ സ്വകാര്യതയാണ് മഹത്വം എന്ന് ഇതിൽ സൂചനയുണ്ട് അവരുടെ ഭർത്താക്കൾ ആഗ്രഹിക്കുന്ന സമയത്ത് ഈ കൂടാരങ്ങൾ ഇവരെയും കൊണ്ട് ഭർത്താക്കളുടെ അടുത്തേക്ക് നീങ്ങി വരും വിധമാണ് അവ സംവിധാനിക്കപ്പെട്ടിരിക്കുക
(73) فَبِأَيِّ
آلَاء رَبِّكُمَا تُكَذِّبَانِ
അപ്പോൾനിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
(74) لَمْ
يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَانٌّ
ഇവർക്ക് മുമ്പ് ഒരു മനുഷ്യനോ ജിന്നോ അവരെ സ്പർശിച്ചിട്ടില്ല
അവർ സ്വർഗ്ഗത്തിലെ തങ്ങളുടെ ഭർത്താക്കൾക്ക് വേണ്ടി സംവിധാനിക്കപ്പെട്ടവരാണെന്നും മുമ്പ് ആരെങ്കിലും ശാരീരിക ബന്ധം പുലർത്തി പഴകിയിട്ടില്ലെന്നും അവരുടെ വിശുദ്ധി പൂർണ്ണമാണെന്നും സാരം
(75) فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ
അപ്പോൾനിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
(76) مُتَّكِئِينَ عَلَى رَفْرَفٍ خُضْرٍ وَعَبْقَرِيٍّ حِسَانٍ
പച്ചത്തലയിണകളിലും അഴകേറിയ പരവതാനികളിലും ചാരി ഇരിക്കുന്നവരായിക്കൊണ്ട്(അവർ സുഖം കൊള്ളും)
സ്വർഗ്ഗക്കാർ ഭൂമിയിലെപ്പോലെ ജോലി ചെയ്ത് ക്ഷീണിക്കുന്നില്ലെന്നും അവർ ഇണകളുടെ സാമീപ്യം നേടുന്നതിനു മുമ്പും ശേഷവും സമാധാനത്തോടെ ഇരിക്കുമെന്നും ഈ വചനം അറിയിക്കുന്നുണ്ട് .സ്വർഗ്ഗത്തിലെ പ്രത്യേക തലയിണയും പരവതാനിയുമൊക്കെ അവർക്ക് ലഭ്യമാണ് ,ഭൂമിയിൽ നമുക്ക് മനസ്സിലാകുന്ന വസ്തുക്കളുടെ നാമം പറഞ്ഞ് നമുക്ക് ഇവയെ അള്ളാഹു പരിചയപ്പെടുത്തുന്നു എന്നേയുള്ളൂ.സ്വർഗ്ഗത്തിലുള്ളതൊന്നും നമ്മുടെ ഭൂമിയിലെ വസ്തുക്കൾക്ക് സമാനമല്ല എന്ന് നാം ഓർക്കണം.ഒരു കണ്ണിനും കാണാനും ഒരു കാതിനു കേൾക്കാനും ഒരു മനസ്സിനും ചിന്തിക്കാനും കഴിയാത്ത സൌകര്യങ്ങളാണ് അള്ളാഹു അവന്റെ അടിമകൾക്ക് വേണ്ടി ഒരുക്കിവെച്ചിട്ടുള്ളത് എന്ന് അള്ളാഹു തന്നെ അറിയിച്ചത് നബി(സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്
(77) فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ
അപ്പോൾ നിങ്ങൾ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
(78) تَبَارَكَ اسْمُ رَبِّكَ ذِي الْجَلَالِ وَالْإِكْرَامِ
മഹത്വവും ആദരവുമുള്ള തങ്ങളുടെ രക്ഷിതാവിന്റെ നാമം വളരെ മേന്മയേറിയതു തന്നെ
അള്ളാഹുവിന്റെ പ്രധാനപ്പെട്ട രണ്ട് സ്വഭാവമാണിവിടെ പരാമർശിച്ചിരിക്കുന്നത്.ജലാൽ എന്നാൽ മഹത്വം,ഗൌരവം,,ഗാംഭീര്യം എന്നൊക്കെയാണ് അർഥം.ഇക് റാം എന്നാൽ ആദരിക്കുക,ബഹുമാനിക്കുക,,ഔദാര്യം ചെയ്യുക,,,എന്നാണ്.എല്ലാ വിധത്തിലുള്ള മാഹാത്മ്യത്തിന്റെയും ഗൌരവത്തിന്റെയും പാരമ്യം പ്രാപിച്ച അതി മഹാനും എല്ലാ വിധ ബഹുമാനാദരവും ദയയും നൽകുന്ന അത്യുദാരനുമായുള്ളവൻ എന്നാണ് സാരം.ജലാൽ എന്നത് തനിക്ക് യാതൊന്നിലേക്കും ആശ്രയിക്കേണ്ടതില്ലെന്ന് തെളിയിക്കുമ്പോൾ ഇക് റാം എന്നത് അവനിലേക്ക് മറ്റുള്ളവരെല്ലാം ആശ്രയിച്ചേ മതിയാവൂ എന്ന് തെളിയിക്കുന്നു .ഒന്നാമത്തെ ഗുണം മുഖേന അവൻ മഹത്വപ്പെടുത്താനും ആരാധിക്കപ്പെടാനും അർഹനാകുന്നു രണ്ടാമത്തേത് മുഖേന അവൻ നന്ദി ചെയ്യപ്പെടാനും ഓർമ്മിക്കപ്പെടുവാനും അർഹനാകുന്നു.അത് കൊണ്ട് തന്നെ വലിയ മഹത്വമുള്ള ഒരു ദിക് റാണിത്.ഈ ദിക് റ് മുഖേന നിങ്ങൾ അള്ളാഹുവിന്റെ മഹത്വം ഉൽഘോഷിക്കൂ നിങ്ങൾക്കവൻ പൊറുത്തു തരും എന്ന് നബി(സ)പഠിപ്പിച്ചിട്ടുണ്ട്.ഈ ദിക് റിനെ നിങ്ങൾ മുറുകെപ്പിടിക്കൂ(എപ്പോഴും ചൊല്ലിക്കൊണ്ടിരിക്കൂ)എന്ന് മറ്റൊരു വചനത്തിൽ നബി(സ)പഠിപ്പിച്ചിട്ടുണ്ട്
എപ്പോഴും ഉരുവിടേണ്ട ദിക് റാണ് യാദൽ ജലാലി വൽ ഇക് റാം എന്നത് അള്ളാഹുവിന്റെ വിധിവിലക്കുകളെ അവഗണിച്ചവനെ പിടികൂടാനുള്ള പ്രതാപമാണീ മഹത്വം സൂചിപ്പിക്കുന്നതെങ്കിൽ പാശ്ചാത്തപിക്കാൻ തയാറായവനെ ഉൾക്കൊള്ളുന്ന വിശാലതയാണ്
ആദരവിന്റെ മർമ്മം.അള്ളാഹുവിന്റെ അനുഗ്രഹത്തിലുള്ള പ്രതീക്ഷയും അവന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും വിശ്വാസിയിൽ സമ്മേളിക്കേണ്ടത് അനിവാര്യമാണെന്ന് ഇസ് ലാം പഠിപ്പിച്ചിട്ടുണ്ട്
ഈ അദ്ധ്യായത്തിന്റെ ആരംഭത്തിൽ ഭൂമിയിൽ അള്ളാഹു സംവിധാനിച്ച പല അനുഗ്രഹങ്ങളും പറയുകയും അവയെല്ലാം നശിച്ച് അള്ളാഹു മാത്രം ശേഷിക്കുമെന്നും പിന്നീട് പരലോകത്തുള്ള സ്വർഗ്ഗത്തിന്റെ അനുഗ്രഹങ്ങളും നരകത്തിന്റെ ശിക്ഷയും വിശദീകരിക്കുകയും ചെയ്ത
ശേഷം അള്ളാഹുവിന്റെ നാമം മേന്മ നിറഞ്ഞതു തന്നെ എന്ന പരാമർശത്തോടെ ഈ അദ്ധ്യായം സമാപിച്ചിരിക്കുന്നു.ഈ ക്രമീകരണത്തിൽ നിന്ന് യഥാർത്ഥത്തിൽ നില നിൽപ്പുള്ളത് അള്ളാഹുവിനു മാത്രമാണെന്നും ഭൂമി പൂർണ്ണമായും നശിക്കുമെന്നും പരലോകം അള്ളാഹു ബാക്കിയാക്കിയത് കൊണ്ട് ശേഷിച്ചതാണെന്നും അതിനാൽ അവന്റെ അളവറ്റ അനുഗ്രഹങ്ങൾ അനുഭവിക്കുന്ന നാം അതിനു നന്ദി ചെയ്യാനും അവന്റെ വിധി വിലക്കുകൾ പാലിക്കാനും അതു വഴി അവൻ ഒരുക്കിവെച്ച അനുഗ്രഹത്തിന്റെ സ്വർഗ്ഗത്തിനു യോഗ്യത നേടാനും ധിക്കാരികൾക്കുള്ള നരകത്തിൽ നിന്ന് രക്ഷപ്പെടാനും ശ്രമിക്കണമെന്ന് നമുക്ക് മനസ്സിലാക്കാം .അള്ളാഹു നമ്മെ അതിനു അനുഗ്രഹിക്കട്ടെ ആമീൻ
ആരെങ്കിലും ഈ അദ്ധ്യായം പാരായണം ചെയ്താൽ അള്ളാഹു അവനു ചെയ്തു കൊടുത്ത അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്തവനാവും എന്ന് നബി(സ)പറഞ്ഞതായി ഇമാം ബൈളാവി(റ)വിശദീകരിക്കുന്നു.ഈ അദ്ധ്യായം പാരായണം ചെയ്യാനും ജീവിതത്തിൽ പകർത്താനും നമ്മെ നാഥൻ തുണക്കട്ടെ ആമീൻ