ഖ്വളാഇന്റെ വിധികള്‍
പ്രതിബന്ധങ്ങള്‍ കാരണമായി നോമ്പ് ഉപേക്ഷിച്ചവര്‍ പ്രതിബന്ധം നീങ്ങിയതിനു ശേഷം നോമ്പ് ഖ്വള്വാഅ് വീട്ടേണ്ടതാണ്. രോഗമോ യാത്രയോ കാരണം നഷ്ടപ്പെട്ട നോമ്പ് മറ്റൊരു ദിവസം നോറ്റുവീട്ടണമെന്നു ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. രണ്ടുവിധത്തില്‍ ഖളാആകാം. (1) പ്രത്യേകമായ കാരണങ്ങളാല്‍ ഉദാഹരണം ആര്‍ത്തവം, നിയ്യത്ത് മറന്നുപോവുക, രോഗം, യാത്ര തുടങ്ങിയവ. (2) യാതൊരു കാരണവുമില്ലാതെ. രണ്ടുവിധത്തിലും നഷ്ടമായ നോമ്പ് നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടുന്നതിന് പെരുന്നാള്‍ ദിനങ്ങള്‍, ദുല്‍ഹജ്ജ് 11, 12, 13 എന്നിവയല്ലാത്ത ഏതു ദിവസവും തിരഞ്ഞെടുക്കാം (ശറഹുല്‍മുഹദ്ദബ് 6/367). ഒന്നിലധികം നോമ്പുണ്ടെങ്കില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ അനുഷ്ഠിക്കല്‍ സുന്നത്താണ്. ഇതിനു തെളിവായി ഒരു ഹദീസ്: ‘റമള്വാന്‍ വ്രതം നഷ്ടമായവര്‍ അത് തുടര്‍ച്ചയായ ദിവസങ്ങളില്‍ വീണ്ടെടുക്കട്ടെ. അത് ഇടവിട്ട ദിവസങ്ങളില്‍ അനുഷ്ഠിക്കാതിരിക്കട്ട’ (ത്വബ്റാനി, ബൈഹഖി). ഖള്വാഅ് സംബന്ധമായി ഖുര്‍ആനില്‍ പറഞ്ഞത് മറ്റു മാസങ്ങളില്‍ നിന്ന് ഏതെങ്കിലും ദിവസങ്ങളില്‍ വീണ്ടെടുക്കുക എന്നാണല്ലോ. ഈ റമള്വാനില്‍ നഷ്ടമായ നോമ്പുകള്‍ തൊട്ടടുത്ത റമള്വാന് മുമ്പ് വീണ്ടെടുത്താല്‍ മതിയെങ്കിലും താമസിയാതെ നോറ്റുവീട്ടല്‍ സുന്നത്താണ്. അടുത്ത റമള്വാന് മുമ്പ് വീണ്ടെടുക്കാതിരിക്കല്‍ കുറ്റകരവുമാണ്. എന്നാല്‍ കാരണമില്ലാതെ നോമ്പ് മുറിച്ചവര്‍ പെട്ടെന്നുതന്നെ ഖള്വാഅ് വീട്ടല്‍ അനിവാര്യമാണ്. അതുപോലെ സംശയ ദിവസം നോമ്പു മുറിച്ചവരും എത്രയും വേഗം ആ നോമ്പ് വീണ്ടെടുക്കല്‍ ബാധ്യതയാണ്. ആര്‍ത്തവം, പ്രസവം എന്നിവ കാരണം നോമ്പ് നഷ്ടമായ സ്ത്രീകള്‍ അത് വീണ്ടെടുക്കല്‍ നിര്‍ബന്ധമാണ്. ആഇശാബീവി(റ) പറയുന്നു: “ആര്‍ത്തവ കാലത്ത് നഷ്ടപ്പെടുന്ന നോമ്പുകള്‍ ഖള്വാഅ് വീട്ടണമെന്നു ഞങ്ങള്‍ക്കാജ്ഞ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അക്കാലത്തെ നിസ്കാരം വീണ്ടെടുക്കാന്‍ കല്‍പ്പനയി.” (മുസ്ലിം). ആര്‍ത്തവ പ്രസവ കാലത്ത് സ്ത്രീക്ക് മതപരമായ ചടങ്ങുകള്‍ പാലിക്കാന്‍ ശുദ്ധിയില്ലാത്തതാണ് നോമ്പിനു വിലക്കു വരാന്‍ കാരണം. നോമ്പുപേക്ഷിച്ചതിനുന്യായമായ കാരണമുള്ളവര്‍ നഷ്ടപ്പെട്ട നോമ്പ് സാവകാശം വീട്ടിയാല്‍ മതിയാകുന്നതാണ്.
ഭ്രാന്ത് കാരണം നഷ്ടമായ നോമ്പുകള്‍ വീണ്ടെടുക്കല്‍ നിര്‍ബന്ധമില്ല. കാരണം ആ കാലത്ത് അവര്‍ക്ക് ദീനീ കല്‍പ്പന ബാധകമല്ലല്ലോ. എന്നാല്‍ ബോധക്ഷയം കാരണം നോമ്പ് നഷ്ടപ്പെട്ടവര്‍ അത് വീണ്ടെടുക്കണം. കാരണം ബോധക്ഷയം ഒരു രോഗമാണ്. ഭ്രാന്താകട്ടെ രോഗമെന്നതിനപ്പുറം ഒരു ന്യൂനതയുമാണ്. എന്നാല്‍ അതിരുവിട്ട പ്രവര്‍ത്തനം കാരണമായി ഭ്രാന്ത് ഉണ്ടാക്കിത്തീര്‍ത്തതാണെങ്കില്‍ അക്കാലത്തെ നോമ്പ് ഖള്വാഅ് വീട്ടണമെന്ന് തന്നെയാണ് വിധി. മതവിധികളില്‍ നടത്തുന്ന അതിര്‍ലംഘനങ്ങള്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതാണ്. മതപരിത്യാഗിക്ക് പരിത്യാഗ കാലത്തെ വ്രതം നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. അമുസ്ലിം ഇസ്ലാമില്‍ ചേര്‍ന്നാല്‍ പൂര്‍വ്വകാലത്തെ വ്രതങ്ങള്‍ നോറ്റുവീട്ടല്‍ നിര്‍ബന്ധമില്ല. അമുസ്ലിമായ കാലത്ത് നോമ്പ് അനുഷ്ഠിച്ചാല്‍ അത് പരിഗണിക്കപ്പെടുന്നതുമല്ല. പുതുതായി ഇസ്ലാമില്‍ ചേരുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കാലത്തെ കര്‍മ്മങ്ങള്‍ വീണ്ടെടുക്കണമെന്ന് പറയുന്നത് യുക്തിയല്ല. അതേ സമയം മതപരിത്യാഗി വീണ്ടും ഇസ്ലാമിലേക്ക് വന്നാല്‍ രിദ്ദതിന്റെ കാലത്ത് നഷ്ടമായവ വീണ്ടെടുക്കല്‍ അനിവാര്യം തന്നെയാണ്.
ലഹരിബാധിതര്‍ നഷ്ടമായ നോമ്പ് ഖള്വാഅ് വീട്ടണം. രോഗം മൂലമോ വല്ല മരുന്നും കഴിച്ചതിനാലോ ആണ് അതുണ്ടായതെങ്കിലും ഖള്വാഅ് അനിവാര്യം തന്നെയാണ്. പക്ഷേ, ഈ ഘട്ടത്തില്‍ നോമ്പു നഷ്ടപ്പെട്ടതില്‍ അവര്‍ കുറ്റക്കാരാകുന്നതല്ല. എന്നാല്‍ മദ്യം, മയക്കുമരുന്ന് തുടങ്ങി നിഷിദ്ധമായവ ഉപയോഗിച്ചു ലഹരി ബാധിച്ചവര്‍ നഷ്ടപ്പെട്ട നോമ്പുകള്‍ വീണ്ടെടുക്കുന്നതിനു പുറമെ പരലോകത്ത് ശിക്ഷയും അര്‍ഹിക്കുന്നു. രാത്രി നിയ്യത്ത് ചെയ്യാന്‍ മറന്നവന് പിറ്റേദിവസത്തെ വ്രതം ലഭിക്കുന്നതല്ല. അന്നേ ദിവസം നോമ്പുകാരനെപ്പോലെ കഴിയണം. ആ നോമ്പ് പിന്നീട് നോറ്റുവീട്ടല്‍ നിര്‍ബന്ധവുമാണ്. രോഗം സുഖപ്പെടുമെന്നു പ്രതീക്ഷയുള്ള രോഗിക്കും നോമ്പനുഷ്ഠാനത്തിനു രോഗാവസ്ഥയില്‍ ഇളവുണ്ടെന്നു ‘ഇളവുകള്‍’ എന്ന ലേഖനത്തില്‍ പറഞ്ഞു. ഇത്തരം രോഗികള്‍ക്കു രോഗകാലത്ത് നഷ്ടമായ നോമ്പ് വീണ്ടെടുക്കല്‍ നിര്‍ബന്ധമാകുന്നു.
പരിഹാര ദാനം (ഫിദ്യ)
നോമ്പനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ പകരം ചെയ്യേണ്ട അന്നദാനമാണ് ഫിദ്യ. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം, നീങ്ങുമെന്ന് പ്രത്യാശയില്ലാത്ത വാര്‍ദ്ധക്യം തുടങ്ങിയ പ്രതിബന്ധങ്ങള്‍ക്ക് വേ ണ്ടി നോമ്പ് ഉപേക്ഷിച്ചവന്‍ ഓരോ ദിവസത്തിന് ഒരു മുദ്ദ്(800 മി.ലി.) വീതം ദാനം ചെയ്യേണ്ടതാണ്. തല്‍സമയത്ത് അതിന് കഴിയുമെങ്കിലാണ് ഇപ്പറഞ്ഞത്. ഖ്വള്വാഅ് വീട്ടല്‍ ഇവന് ബാധ്യതയില്ല. പിന്നീട് ഖ്വള്വാഅ് വീട്ടാന്‍ സാധിച്ചാലും ശരി. കാരണം പ്രസ്തുത സാഹചര്യത്തില്‍ ആദ്യമേ അവന്റെ ബാധ്യത നോമ്പല്ല. മറിച്ച് ഫിദ്യ (പ്രായശ്ചിത്തം)യായി ഒരു നോമ്പിന് ഒരു മുദ്ദ് എന്ന തോതില്‍ ദാനം ചെയ്യലാണ്. രോഗം മൂലം നോമ്പനുഷ്ഠിക്കാന്‍ പ്രയാസമനുഭവപ്പെടുന്ന അവസ്ഥയിലാണീ ആനുകൂല്യം. ഇങ്ങ നെ ഫിദ്യ നല്‍കി സ്വഹാബികളില്‍ പലരും പരിഹാരം നിര്‍വഹിച്ചതായി കാണാവുന്നതാണ്. സ്വഹാബികളില്‍ പ്രമുഖനായ അനസ്(റ) രോഗബാധിതനായി കിടന്ന സമയത്തെ നോമ്പ് ഫിദ്യ നല്‍കി പരിഹരിച്ചിരുന്നു. സുഖപ്പെടുമെന്നു പ്രതീക്ഷയുള്ള രോഗി ഫിദ്യ നല്‍കേണ്ടതില്ല. അതുപോലെ തന്നെ യാത്രക്കാരനും ശൈത്യമുള്ള ദിവസമല്ലാതെ നോമ്പെടുക്കാന്‍ കഴിയാത്തവര്‍ ഉപേക്ഷിക്കുന്ന നോ മ്പിനും ഫിദ്യ വേണമെന്നില്ല. ഇവര്‍ക്കെല്ലാം മറ്റൊരിക്കല്‍ നോട്ടുവീട്ടാന്‍ അവസരം പ്രതീക്ഷിക്കാവുന്നതാണല്ലോ.
ഗര്‍ഭിണിയും മുല കൊടുക്കുന്ന സ്ത്രീയും
ഗര്‍ഭിണി, മുല കൊടുക്കുന്ന സ്ത്രീ എന്നിവര്‍ കുട്ടിക്ക് വിഷമം സംഭവിക്കുമെന്ന ഭയമുള്ളത് കൊണ്ട് നോമ്പ് ഉപേക്ഷിച്ചാല്‍ ഒരു മുദ്ദ് ദാനം ചെയ്യുന്നതോടൊപ്പം ഖ്വള്വാഅ് വീട്ടല്‍കൂടി നിര്‍ബന്ധമാകും. സ്വന്തം കുഞ്ഞിന്റെ കാര്യത്തില്‍ മാത്രമല്ല, കൂലിക്കോ അല്ലാതെയോ മറ്റു കുഞ്ഞുങ്ങളെ മുലയൂട്ടുന്നവള്‍ക്കും ഈ വിധി ബാധകമാണ്. ഇനി അവര്‍ സ്വന്തം ശരീരത്തിനോ ശരീരത്തിനും കുട്ടിക്കും കൂടി യോ വിഷമം സംഭവിക്കുമെന്ന് ഭയപ്പെട്ടതിന് വേണ്ടിയാണ് നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ ഖ്വള്വാഅ് വീട്ടല്‍ മാത്രമേ നിര്‍ബന്ധമുള്ളൂ. മുദ്ദ് കൊടുക്കേണ്ടതില്ല.
മുങ്ങിനശിക്കാന്‍ പോകുന്നവരെ രക്ഷപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടി നോമ്പ് മുറിക്കേണ്ടിവന്നവര്‍ക്കും ഫിദ്യ നല്‍കണം. നോമ്പ് നഷ്ടപ്പെടുത്താതെ രക്ഷാപ്രവര്‍ത്തനം സാധ്യമാകാത്തിടത്ത് നോമ്പ്മുറിച്ചു രക്ഷപ്പെടുത്തുക തന്നെ വേണം.
മതപരമായി മാന്യത(ഹുര്‍മത്)കല്‍പ്പിക്കാവുന്ന മനുഷ്യനെ രക്ഷപ്പെടുത്തുന്നത് പോലെയാണ് ഹുര്‍മത് വിധിക്കാവുന്ന ജീവികളെ രക്ഷപ്പെടുത്തുന്നതിനായി നോമ്പ് മുറിക്കേണ്ടിവരുന്നതും. ഇതനുസരിച്ച് ജീവിയെ രക്ഷപ്പെടുത്താന്‍ നോമ്പ് മുറിച്ചവന്‍ നോറ്റുവീട്ടുന്നതിനു പുറമെ ഫിദ്യ കൂടി നല്‍കല്‍ അനിവാര്യമാകുന്നു. സമ്പത്തു സംരക്ഷണാര്‍ഥം നോമ്പ് മുറിച്ചവന് പ്രസ്തുത ധനം തന്റേതല്ലെങ്കില്‍ ഫിദ്യ നല്‍കല്‍ നിര്‍ബന്ധമാകുന്നു. സ്വത്ത് തന്റേതാണെങ്കില്‍ ഫിദ്യ വേണ്ട. ഭാര്യാഭര്‍തൃ സംസര്‍ഗം കാരണമല്ലാതെ മറ്റേതെങ്കിലും വിധം നോമ്പ് മുറിച്ചവന് നഷ്ടമായ നോമ്പ് നോറ്റുവീട്ടിയാല്‍ മതി. ഫിദ്യ നിര്‍ ബന്ധമില്ല. അതുപോലെതന്നെ മതപരിത്യാഗിക്കും ഫിദ്യ ബാധകമല്ല. ഇതില്‍ നിന്നു ഫിദ്യ ശിക്ഷാനടപടിയല്ലെന്നു മനസ്സിലാക്കാവുന്നതാണ്. അല്ലാഹുവിനറിയുന്ന യുക്തിയും രഹസ്യവും ഉള്‍ക്കൊള്ളുന്ന ഒരു അനുഷ്ഠാനമാണിത്.
സവിശേഷ ശ്രദ്ധക്ക്
നഷ്ടമായ വ്രതങ്ങള്‍ക്ക് ഓരോ ദിവസത്തിനും ഓരോ മുദ്ദ്(800 മി.ലി.) എന്ന തോതില്‍ ഭക്ഷണ പദാര്‍ ഥം വിതരണം ചെയ്യലാകുന്നു ഫിദ്യയുടെ വിവക്ഷ. ഇബ്നു ‘അബ്ബാസ്(റ)വില്‍ നിന്നു നിവേദനം: ‘റമളാന്‍ വ്രതത്തിനു സാധ്യമാകാത്തവന്‍ ഓരോ ദിവസത്തിനും ഓരോ മുദ്ദ് ഭക്ഷണപദാര്‍ഥം നല്‍കാന്‍ ബാധ്യസ്ഥനാകുന്നു’ (ബുഖാരി). ഇബ്നു’ഉമര്‍(റ) പറയുന്നു: ‘നോമ്പാചരണത്തിനു സാധ്യമാകാത്ത ദുര്‍ബലന്‍ ഓരോ ദിവസത്തിനും ഒരു മുദ്ദ് എന്ന തോതിലാണ് ഭക്ഷണപദാര്‍ഥം ദാനം ചെയ്യേണ്ടത്’ (ബൈഹഖി).
അവകാശികള്‍
ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് ഫിദ്യ നല്‍കേണ്ടത്. സകാതിന്റെ അവകാശികളായി പരിഗണിക്കപ്പെടുന്ന മറ്റു വിഭാഗങ്ങള്‍ക്ക് ഫിദ്യ നല്‍കാവുന്നതല്ല. കാരണം, ഫിദ്യയുടെ വിധിവ്യക്തമാക്കുന്ന ഖുര്‍ആന്‍ വാക്യത്തില്‍ മിസ്കീന്‍ എന്നുതന്നെ വ്യക്തമാക്കിയിട്ടുണ്ട് (അല്‍ബഖറ 184) മിസ്കീന്റെ പരിധിയില്‍ ഫഖീറിനെ കൂടി ഉള്‍പ്പെടുത്താന്‍ ന്യായമുണ്ടെന്നു പണ്ഢിതന്മാര്‍ പറഞ്ഞിട്ടുണ്ട്. ഫഖീര്‍ മിസ്കീനെക്കാള്‍ പാവപ്പെട്ടവനാണല്ലോ.
ഒന്നിലധികം മുദ്ദുകള്‍ നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ എല്ലാം ഒരാള്‍ക്കു തന്നെ നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒരു മുദ്ദ് ഭക്ഷണം ഭാഗിച്ച് ഒന്നിലധികം ദരിദ്രര്‍ക്കു നല്‍കാന്‍ പറ്റില്ല. ഒന്നരമുദ്ദ് ഒരാള്‍ക്ക് എന്ന തോതില്‍ ഭാഗിച്ചുനല്‍കാന്‍ പറ്റില്ല. കാരണം ഖുര്‍ആന്‍ പറഞ്ഞത് ഒരു ഫിദ്യ എന്ന അര്‍ഥത്തിലാണ്. ഒരു ഫിദ്യയെ ഭാഗിക്കാന്‍ പാടില്ലെന്നര്‍ഥം. എന്നാല്‍ രണ്ട് ഫിദ്യ ഒരാള്‍ക്കു നല്‍കുന്നത് രണ്ട് സകാത് ഒരാള്‍ക്ക് നല്‍കുന്നത് പോലെയായത് കൊണ്ട് അനുവദനീയമാണ്. ഫിദ്യ മറ്റൊരു രാജ്യത്തേക്ക് വിതരണത്തിന് നീക്കം ചെയ്യുന്നതില്‍ തെറ്റില്ല. സകാതിന്റെ കാര്യത്തിലെ വിലക്ക് ഇവിടെ ബാധകമല്ല.
കുറേ ദിവസത്തെ ഫിദ്യയുണ്ടെങ്കില്‍ എല്ലാം ഒരാള്‍ക്ക് കൊടുക്കുന്നതിലും ഭേദം പലര്‍ക്കായി കൊടുക്കുന്നതാണ്. ഇബ്നു ‘അബ്ദിസ്സലാം(റ) പറയുന്നു. ഇതുരണ്ടും ഒരുപോലെയാണെന്നു പറയാനാവില്ല. പത്തുപേരെ ഭക്ഷിപ്പിക്കുന്നതില്‍ പലനേട്ടങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. ഒരുപക്ഷേ, ഈ പത്തുപേരില്‍ ഒരു വലിയ്യുണ്ടാകാം. അതുപോലെ പത്തുപേരെ ഭക്ഷിപ്പിച്ചാല്‍ പത്തുപേരുടെയും പ്രാര്‍ഥന പ്രതീക്ഷിക്കാം.
ഖ്വള്വാഅ് വീട്ടല്‍ നിര്‍ബന്ധമായ വ്യക്തി തന്നെ ഒരു പ്രതിബന്ധവും കൂടാതെ ഖ്വള്വാഇനെ പിന്തിക്കുകയും അങ്ങനെ അടുത്ത റമള്വാന്‍ പ്രവേശിക്കുകയും ചെയ്താല്‍ ഒരു നോമ്പ് ഒരു വര്‍ഷം പിന്തിച്ചതിന് ഒരു മുദ്ദ് വീതം പ്രായശ്ചിത്തായി ദാനം ചെയ്യേണ്ടതാണ്. അപ്പോള്‍ വര്‍ഷം കൂടും തോറും മുദ്ദിന്റെ എണ്ണവും വര്‍ധിക്കുന്നതാണ്. ഖ്വള്വാഅ് വീട്ടാന്‍ സൌകര്യമാകും വിധം പ്രതിബന്ധങ്ങള്‍ ഒഴിവായ ദിവസങ്ങള്‍ ലഭിക്കാത്ത വ്യക്തി ഖ്വള്വാഇനെ പിന്തിച്ചതിനാല്‍ പ്രായശ്ചിത്തം നിര്‍ബന്ധമാകുന്നില്ല.
പരേതന്റെ നോമ്പും ഫിദ്യയും
ഇനി ഖ്വള്വാഅ് വീട്ടാന്‍ സൌകര്യപ്പെട്ട വ്യക്തി തന്നെ ഖ്വള്വാഇനെ പിന്തിക്കുകയും അങ്ങനെ അടുത്ത റമള്വാന്‍ ആഗതമാവുകയും ചെയ്തു. ശേഷം നോമ്പ് ഖ്വള്വാഅ് വീട്ടാത്ത സ്ഥിതിയില്‍ അവന്‍ മരിക്കുകയും ചെയ്താല്‍ അനന്തര സ്വത്തില്‍ നിന്ന് ഓരോ ദിവസത്തിന് ഈരണ്ട് മുദ്ദ് വീതം നല്‍കേണ്ടതാണ്. ഒന്ന് നഷ്ടപ്പെട്ട നോമ്പിന് വേണ്ടിയും രണ്ടാമത്തേത് ഖള്വാഇനെ പിന്തിച്ചതിന് വേണ്ടിയുമാകുന്നു. എന്നാല്‍ ഇപ്പറഞ്ഞത് തന്നെ മയ്യിതിന്റെ അടുത്ത കുടുംബക്കാരനോ അയാളുടെ സമ്മത പ്രകാരം മറ്റൊ രു വ്യക്തിയോ അയാള്‍ക്ക് വേണ്ടി നോമ്പനുഷ്ഠിച്ചിട്ടില്ലെങ്കിലാണ്. പ്രത്യുത അനുഷ്ഠിച്ച് വീട്ടിയിട്ടുണ്ടെങ്കില്‍ ഖ്വള്വാഇനെ പിന്തിച്ചതിന് വേണ്ടിയുള്ള ഒരു മുദ്ദ് മാത്രമേ നിര്‍ബന്ധമാകുന്നുള്ളൂ.
വ്രതം നഷ്ടപ്പെട്ടത് നോക്കിയാണ് പിന്തിച്ചതിനുള്ള ഫിദ്യ പരിഗണിക്കപ്പെടുന്നത്. റമളാനില്‍ പത്തു നോമ്പ് നഷ്ടപ്പെട്ട ഒരാള്‍ അടുത്ത ശഅബാന്‍ മാസത്തില്‍ നിന്ന് കേവലം അഞ്ചുദിവസം ബാക്കിനില്‍ക്കെ മരണപ്പെട്ടാല്‍ മൊത്തം പതിനഞ്ചു മുദ്ദാണിയാള്‍ക്കുവേണ്ടി ഫിദ്യ നല്‍കേണ്ടത്. അതില്‍ പത്തു മുദ്ദ് നഷ്ടപ്പെട്ട നോമ്പുകള്‍ക്കും അഞ്ചെണ്ണം പിന്തിച്ച വകയിലുമാണ്. ഇദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ അഞ്ചു ദിവസത്തെ വ്രതം വീണ്ടെടുക്കാനേ കഴിയുമായിരുന്നുള്ളൂ എന്ന അടിസ്ഥാനത്തിലാണിത്.
പരേതന്റെ പേരില്‍ നോമ്പ്
മരണപ്പെട്ട വ്യക്തിയുടെ പേരില്‍ ബന്ധുക്കള്‍ക്കു നോമ്പ് നോറ്റുവീട്ടാമോ?. ശാഫിഈ മദ്ഹബില്‍ ജദീദായ വീക്ഷണമനുസരിച്ചു മയ്യിത്തിന്റെ പേരില്‍ നോമ്പ് നോറ്റുവീട്ടുന്നതിന് ന്യായമില്ല. മറിച്ച് മുദ്ദ് നല്‍ കുകയാണ് വേണ്ടത്. എന്നാല്‍ ഇമാം നവവി(റ)യും ഒരു സംഘം പണ്ഢിതന്മാരും അഭിപ്രായപ്പെടുന്നതും അംഗീകരിക്കുന്നതും മുദ്ദ് നല്‍കണമെന്നില്ല ബന്ധപ്പെട്ടവര്‍ നോമ്പനുഷ്ഠിച്ചാല്‍ മതിയാകുമെന്ന ശാഫിഈ(റ)യുടെ പൂര്‍വവീക്ഷണത്തെയാകുന്നു.
ഇമാം നവവി(റ) പറയുന്നത് കാണുക: “മരണപ്പെട്ടവരുടെ വലിയ്യിനു മയ്യിത്തിന്റെ പേരില്‍ നോമ്പനുഷ്ഠിക്കാമെന്ന അഭിപ്രായം സ്വീകാര്യം തന്നെയാണ്. ഇങ്ങനെ അനുഷ്ഠിക്കുന്ന വ്രതം കാരണം മയ്യിത്തിന്റെ ഉത്തരവാദിത്വം തീരുന്നതാണ്. ശാഫിഈ അനുയായികളില്‍ ഒരു സംഘം പണ്ഢിതന്മാര്‍ ഇത് ശരിവെച്ചതായിക്കാണുന്നുണ്ട്. മിന്‍ഹാജില്‍ പറയുന്നു: “മരണപ്പെട്ടവരുടെ പേരിലുള്ള നോമ്പാചരണം മരിച്ചവരുടെ ബാധ്യത നിറവേറ്റുന്നതാണെന്ന ഖദീമായ അഭിപ്രായമാണ് കൂടുതല്‍ ശരിയെന്ന് പറയാന്‍ ഞാന്‍ താത്പര്യപ്പെടുന്നു’. റൌള്വയില്‍ പറഞ്ഞതായി തുഹ്ഫ ഉദ്ധരിക്കുന്നു: ‘മേല്‍പറഞ്ഞ പൂര്‍വ വീക്ഷണം സ്വഹീഹാണെന്ന് ഒരുപറ്റം പണ്ഢിതന്മാര്‍ പറഞ്ഞിട്ടുണ്ട്. അത് ശരിയാകുന്നു’. മയ്യത്തിന്റെ പേരിലുള്ള വ്രതാനുഷ്ഠാനം ശരിവെക്കുന്ന പല ഹദീസുകളും കാണാവുന്നതാണ്. ആഇശാബീവി(റ)യില്‍ നിന്ന്. നബി(സ്വ) പറഞ്ഞു: ‘മരണപ്പെട്ടവര്‍ക്ക് നോമ്പ് നോറ്റുവീട്ടാനുണ്ടെങ്കില്‍ അവരുടെ വലിയ്യ് അത് നോറ്റുവീട്ടട്ടെ’. ബുഖാരിയിലും മുസ്ലിമിലും കാണുന്ന മറ്റൊരു ഹദീസ്: ഒരാള്‍ നബി സന്നിധിയില്‍ വന്നുപറഞ്ഞു: ‘നബിയേ, എന്റെ പ്രിയപ്പെട്ട മാതാവ് മരിച്ചുപോയി. ഒരു മാസത്തെ നോമ്പ് അവര്‍ക്ക് നിര്‍വഹിക്കാനുണ്ടായിരുന്നു. അവരുടെ പേരില്‍ ഞാനത് നോറ്റുവീട്ടിയാല്‍ സ്വീകാര്യമാകു മോ?’ നബി(സ്വ) അയാളോട് ചോദിച്ചു. ‘നിന്റെ മാതാവിനു വല്ല കടബാധ്യതയുമുണ്ടെങ്കില്‍ അത് നീ വീട്ടുമോ?’ ആ മനുഷ്യന്‍ പറഞ്ഞു: ‘തീര്‍ച്ചയായും’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘എങ്കില്‍ അല്ലാഹുവിനുള്ള കടബാധ്യതയും വീട്ടാന്‍ നീ ഏറ്റവും ബന്ധപ്പെട്ടവനാണെന്നറിയുക’.
മറ്റൊരു സംഭവം: ‘ഒരു സ്ത്രീ തിരുസന്നിധിയില്‍ വന്നുപറഞ്ഞു. ‘നബിയേ, എന്റെ മാതാവ് മരണപ്പെട്ടിരിക്കുന്നു. അവര്‍ക്ക് നേര്‍ച്ചയാക്കിയ ചില വ്രതങ്ങള്‍ നിര്‍വഹിക്കാന്‍ ബാക്കിയുണ്ടായിരന്നു. അതു ഞാ ന്‍ നോറ്റുവീട്ടിയാല്‍ മതിയാകില്ലേ?’ നബി(സ്വ) അവരോട് ചോദിച്ചു. ‘നിന്റെ മാതാവിന് വല്ല കടബാധ്യതയുമുണ്ടായിരുന്നെങ്കില്‍ അത് തീര്‍ക്കാന്‍ നീ തിടുക്കം കാണിക്കില്ലേ?’ ആ സഹോദരി പ്രതികരിച്ചു. ‘അതെ. ഞാനാ ബാധ്യത ഉടന്‍ തീര്‍ക്കുന്നതാണ്’. അപ്പോള്‍ നബിതങ്ങള്‍ പറഞ്ഞു: ‘എങ്കില്‍ അതുപോലെ തന്നെ നിന്റെ മാതാവിന്റെ പേരിലുള്ള നോമ്പുകളും നീ നോറ്റുവീട്ടുക’ (മുസ്ലിം).
എന്നാല്‍ മരണപ്പെട്ടവരുടെപേരില്‍ മുദ്ദ് വിതരണം നടത്തിയാലും മതി എന്നതിന് ഇബ്നു’ഉമര്‍(റ)ല്‍ നിന്നുള്ള ഒരു ഹദീസ് തെളിവാണ്. ‘വല്ലവനും നോമ്പ് ബാക്കിനില്‍ക്കെ മരണപ്പെട്ടാല്‍ ഓരോ ദിവസത്തിനും ദരിദ്രന് ഭക്ഷണം നല്‍കട്ടെ’ (തിര്‍മുദി).