ഒരിക്കല്‍ നബി (സ്വ) തങ്ങള്‍ പറഞ്ഞു: “വിശ്വാസികളില്‍ ഒരു കൂട്ടമുണ്ട്, അവര്‍ സ്രഷ്ടാവിനോടുള്ള കരാര്‍ നിറവേറ്റിയവരാണ്”. അവരില്‍ പലരും മറഞ്ഞു പോയി ചിലര്‍ ജീവിച്ചുകൊണ്ടിരിക്കുന്നു എന്നര്‍ത്ഥം വരുന്ന ഖുര്‍ആനിക വചനം ഓതി സദസ്സിലേക്ക് തിരിഞ്ഞ് പറഞ്ഞു. “ആ കൂട്ടത്തിലൊരാളെ കാണാന്‍ കൊതിയുള്ളവര്‍ ത്വല്ഹതിലേക്ക് നോക്കട്ടെ.”ഇതിലപ്പുറം മറ്റൊരു പുരസ്കാരം ഏതാണ്. ഇസ്ലാമിലെ ഹൈടെക് ഐകണായ ഈ മഹാന് നമ്മെ വിസ്മയിപ്പിക്കുന്നു.
തന്റെ ബുസ്റയിലേക്കുള്ള കച്ചവട യാത്രാ മദ്ധ്യേ ഒരു ജൂത പണ്ഡിതനെ കാണാനിടയായി. അയാള്‍ പറഞ്ഞു: “വാഗ്ദത്ത റസൂല്‍ നിങ്ങളുടെ നാട്ടില്‍ നിന്നാണ് വരാനിരിക്കുന്നത്”. ത്വല്ഹത്തിന് ആ വാക്ക് വല്ലാതെ ബോധിച്ചു. മക്കയിലേക്ക് മാസങ്ങള്‍ക്ക് ശേഷം മടങ്ങി. നാട്ടില്‍ ബഹളം, ഹിതകരമല്ലാത്ത അന്തരീക്ഷം എല്ലാവരും ചര്‍ച്ചക്കെടുക്കുന്നത് അമീനായ മുഹമ്മദിനെയാണ്. ത്വല്‍ഹത്ത് അബൂബകറിനെ അന്വേഷിച്ചു. അയാള്‍ കുശാഗ്ര ബുദ്ധിയുടെ ഉടമയാണ്. തീരുമാനങ്ങളില്‍ പിഴക്കാറില്ല. മുഹമ്മദിനോടൊപ്പം അബൂബക്ര് സജീവമാണെന്നറിയാനായി. അവര്‍ രണ്ട് പേരും താനറിഞ്ഞിടത്തോളം നല്ലവരാണ്. കളവിന് കൂട്ടുനില്‍ക്കില്ല. മൂഹമ്മദിന് പ്രായം നാല്പതാണ്. അതിനിടക്ക് ഒരു കളവും പറഞ്ഞില്ല എന്നുള്ളത് സുസമ്മതമാണ് പിന്നെന്തിന് സ്രഷ്ടാവിന്റെ മേൽ ഇപ്പോള്‍ കള്ളം പറയണം ?. അതുണ്ടാവില്ല. ത്വല്‍ഹത്ത് അബൂബക്കറിന്റെ വീട്ടിലേക്ക് നടന്നു. ചര്‍ച്ച നടത്തി. റസൂലിനെ കാണണമെന്ന അഭിലാഷമറിയിച്ചു. തുടര്‍ന്ന് വിശ്വാസിയായി. പ്രഥമ വിശ്വാസികളില്‍ ഒരാള്‍!.
മദീനായിലേക്ക് ഹിജ്റ പോയി. ബദ്റല്ലാത്ത ഒട്ടുമിക്ക യുദ്ധങ്ങളിലും സജീവമായി. ബദ്ര് വേളയില്‍ മദീനക്ക് പുറത്ത് സുപ്രധാന കാര്യനിർവ്വഹണത്തിന് നബി (സ്വ) പറഞ്ഞയച്ചതിനാല് പങ്കെടുക്കാനായില്ല. താന്‍ മദീനയിലേക്ക് മടങ്ങവെയാണ് യുദ്ധം കഴിഞ്ഞ് നബിയും അനുചരരും തിരിച്ചത്. സ്വാഭാവികമായും മഹാനെ ആ രംഗം അസ്വസ്ഥമാക്കി. തനിക്ക് ഒരു ചരിത്ര നിയോഗത്തില്‍ സാക്ഷിയാവാന്‍ കഴിയാതെ പോയല്ലോ. തപിക്കുന്ന ഹൃദയം നബി (സ്വ) വായിച്ചെടുത്ത് പറഞ്ഞു: “ത്വല്‍ഹ താങ്കള്‍ക്കും ഈ യോദ്ധാക്കളെപ്പോലെ ബദ്റില്‍ പങ്കെടുത്ത പ്രതിഫലവും യുദ്ധമുതലും ഉണ്ട്”. ത്വല്‍ഹ(റ) ആശ്വസിച്ചു.
പിന്നീട് ഉഹ്ദ് യുദ്ധം കടന്ന് വന്നു. ബദ്റിലെ കനത്ത പരാജയം ശത്രുക്കളുടെ ആത്മവീര്യം ചോര്ത്തിയിട്ടുണ്ടെങ്കിലും വിദ്വേഷത്തിന്റെ കരിമ്പടം അവര്‍ക്ക് ഉത്തേജകമായി. ഘോരയുദ്ധം നടന്നു. ശത്രുക്കള്‍ പിന്തിരിഞ്ഞോടി. ഒരു പറ്റം മുസ്ലിം അമ്പെയ്ത്ത് സംഘം മലമുകളില്‍ നിന്ന് പിന്‍വാങ്ങി തക്കം കാത്ത് മലയിടുക്കിലൂടെ വന്ന് ഖുറൈശികള്‍ ആക്രമണം നടത്തി. പെട്ടെന്നുള്ള ആക്രമണത്തില്‍ മുസ്ലിംകള് പരിഭ്രമിച്ചു. ചിതറിയോടി. റസൂലും ചെറുസംഘവുമാണ് ഇപ്പോള്‍ യുദ്ധ മുഖത്ത് നിലയുറച്ചിരിക്കുന്നത്. ശത്രുക്കള്‍ ആനന്ദ നൃത്തമാടുകയാണ്. നല്ലൊരവസരം ഇനി വേറെയില്ല. റസൂലിന് നേരെ ശരങ്ങള്‍ വേഗത്തില്‍ കുതിച്ച് പായുകയാണ്. റസൂലിന്റെ മുന്‍പല്ല് കൊഴിഞ്ഞ് പോയി. കവിളില്‍ നിന്നും രക്തം ഒലിക്കുന്നു . അവിടുന്ന് പരിക്ഷീണിതനാണ്. മുന്നോട്ട് നീങ്ങാനാകുന്നില്ല. കഴുകക്കണ്ണോടെ ശത്രുക്കള്‍ വട്ടമിട്ടിരിക്കുന്നു. പത്തോളം വരുന്ന മുസ്ലിംകള് മാത്രമാണ് കളത്തിലുള്ളത്. പലരും വെട്ടേറ്റ് വീണ്പോയിരിക്കുന്നു. ത്വല്‍ഹത്ത് ആത്മവീര്യം വീണ്ടെടുത്ത് റസൂലിന് വലയം തീര്‍ത്തു. റസൂലിന് നേരെ വരുന്ന അമ്പുകള്‍ സ്വശരീരത്തിലേക്ക് ഏറ്റു വാങ്ങി. റസൂലിനെയും വഹിച്ച് ശത്രുക്കളോട് പൊരുതി. മലമുകളില്‍ സുരക്ഷിതമായി എത്തിച്ചു.
യുദ്ധം കഴിഞ്ഞു. അബൂബക്കര്‍ (റ) തന്റെ പ്രിയഹബീബിനെയും തിരക്കി മലമുകളിലെത്തി. റസൂലിനെ പരിചരിക്കാനെത്തിയപ്പോള് പറഞ്ഞു “നിങ്ങള്‍ ത്വല്ഹത്തിനെ ശുശ്രൂഷിക്കുക”. അല്പം മാറിയതാ, ത്വല്‍ഹത്ത് ഒരു കുഴിയില്‍ ബോധരഹിതനായി കിടക്കുന്നു. എഴുപതില്‍ പരം മുറിവുകള്‍ ഉണ്ട് ആ പൂമേനിയില്‍. കൈവിരലുകള്‍ അറ്റിരിക്കുന്നു. പക്ഷെ മനം പരമമായ സന്തോഷത്തിലാണ്. റസൂലിന്റെ ജീവന് കാത്തല്ലോ. യുദ്ധമുഖങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ത്വല്‍ഹത്ത്. ചരിത്രം തീര്‍ത്താണ് മടങ്ങാറുള്ളത്.
നിരന്തരമായ ആരാധന, രണഭൂമിയിലെ യോദ്ധാവ്, പാവപ്പെട്ടവരുടെ സംരക്ഷകനും സഹായിയുമായി സകല മേഖലയിലും തന്റെ ഇടമുണ്ടായിരുന്നു. ത്വല്ഹത്തുല് ഖൈര്‍, ത്വല്ഹത്തുല് ജൂദ് എന്നാണ് നബി (സ്വ) തങ്ങള്‍ നല്കിയ ബഹുമതി. തന്റെ സംഭാവനകള്‍ക്ക് ലഭിച്ച അംഗീകാരം.
ശാമിലേക്ക് ഖുറൈശി കച്ചവടസംഘത്തോടൊപ്പം ത്വല്‍ഹയും യാത്രയായി. പ്രധാന പട്ടണമായ ബുസ്റയിലെത്തിയപ്പോള് സംഘം അവിടെ തങ്ങി. എല്ലാവരും കച്ചവടത്തിലേര്പ്പെടുകയാണ്. ത്വല്‍ഹ(റ) അല്പം മാറി എല്ലാം നടന്ന് വീക്ഷിച്ചു അതിനിടക്ക് ഒരു ക്രിസ്തീയ പണ്ഡിതന് ഓ കച്ചവട സംഘമേ നിങ്ങളുടെ കൂട്ടത്തില്‍ ഹറമുകാരുണ്ടോ ? എന്നുച്ചത്തില്‍ വിളിച്ചു പറയുന്നത് ശ്രദ്ധയില്‍ പെട്ടു. ഞാന്‍ സമീപത്തെത്തിയിരുന്നു. “അതേ ഞാനുണ്ട്”. തുടര്‍ ചോദ്യം: “നിങ്ങളില്‍ അഹ്മദ് പ്രത്യക്ഷപ്പെട്ടോ ?”. ഞാന്‍ ചോദിച്ചു: “അഹ്മദോ ? അതാര് ?”. അബ്ദുല്ലാന്റെ മകന്, അവസാന പ്രവാചകനായി നിങ്ങളുടെ നാട്ടില്‍ നിന്നാണ് വരാനിരിക്കുന്നത്. മോന് ആ പ്രവാചകനെ വിശ്വസിക്കണേ”.
ത്വല്‍ഹ പറയുന്നു: “ആ വാക്കുകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു. ഞാന്‍ വസ്തുക്കളെല്ലാം ശേഖരിച്ച് പെട്ടെന്ന് തന്നെ മക്കയിലേക്ക് തിരിച്ചു. നാട്ടിലെത്തി കുടുംബത്തോട് ചോദിച്ചു. ഞങ്ങള്‍ യാത്ര പോയതിന് പിറകെ ഇവിടെ എന്തെങ്കിലുമുണ്ടായോ ? അതെ മുഹമ്മദ് പ്രവാചകത്വം വാദിക്കുന്നു. ഖുഹാഫയുടെ മകന് സഹായിയായി കൂടെയുണ്ട്. അബൂബക്കറിനെ എനിക്ക് നന്നായിയറിയാം. നിര്‍മ്മലനായ വിശാലമനസ്കനായ അബൂബക്കര്‍ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് എത്ര നേരം സംസാരിച്ചിട്ടുണ്ട്. ഖുറൈശികളുടെ നെറികേടും ഗോത്രചരിത്രങ്ങളുമെല്ലാം ആ സംഭാഷണത്തില്‍ കടന്നു വന്നിട്ടുണ്ട്. മുഹമ്മദിന് പ്രായം നാല്പത് തികഞ്ഞിട്ടുണ്ട് അതിനിടക്ക് ഒരു കളവും പറഞ്ഞിട്ടില്ല എന്നത് ശത്രുക്കള്‍ക്കും സുസമ്മതമാണ്. ഞാന്‍ അബൂബകറിനെ കാണാന്‍ ഉറച്ചു. വിഷയമന്വേഷിച്ചു. അബൂബക്കറെന്നെ റസൂലിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഞാന്‍ വിശ്യാസിയായി.”
ഇസ്ലാം ആശ്ലേഷത്തിന് പിറകെ കടുത്ത മര്‍ദ്ദനങ്ങളാണ് ആ മഹാനെ തേടിയെത്തിയത്. തന്റെ പ്രിയ മാതാവിന്റെ ഒത്താശയോടെ ഖുറൈശികളായിരുന്നു അതിന് പിന്നില്‍. പല വട്ടം പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും തന്റെ മനക്കരുത്തിന് മുന്നില്‍ എല്ലാം നിശ്പ്രഭമാകുകയാണുണ്ടായത്. മസ്ഊദ് ബ്നു ഖര്റാശ് (റ) പറയുന്നു: “ഞാന്‍ സ്വഫാ-മർവ്വയിലൂടെ നീങ്ങുകയായിരുന്നു. കൈ രണ്ടും പുറകിലേക്ക് കെട്ടി ഒരു ചെറുപ്പക്കാരനെയും വഹിച്ച് ഒരാള്‍ കൂട്ടം. അവര്‍ ആ ചെറുപ്പക്കാരനെ ആസകലം മര്‍ദ്ദിക്കുകയാണ്. പിറകെ ഒരു സ്ത്രീ ആ ചെറുപ്പക്കാരനെ അസഭ്യം പറഞ്ഞും ശകാരിച്ചും കൂടെയുണ്ട്. ഞാന്‍ ചോദിച്ചു. എന്താണ് ഈ യുവാവിന്റെ അവസ്ഥ അവര്‍ പറഞ്ഞു. ഇത് ത്വല്‍ഹ. ഇവന് ഞങ്ങളുടെ മതം വിട്ട് മുഹമ്മദിനൊപ്പം കൂടിയിരുക്കുന്നു. പിറകിലുള്ളത് ഉമ്മ സ്വഅ്ബയാണെന്നും അറിയാനായി”. ഇത്തരം തീക്ഷണമായ യാതനകള്‍ക്ക് മുന്നിലും തന്റെ വിശ്വാസ ചൈത്യന്യത്തെ മുറിവേല്പിക്കാനാവാതെ ശത്രുക്കള്‍ പിന്മാറുകയാണുണ്ടായത്.
ത്വല്‍ഹത്ത് (റ) നാല് വിവാഹം കഴിച്ചിട്ടുണ്ട്. നബി(സ്വ) യുടെ നാല് ഭാര്യമാരുടെ സഹോദരിമാരാണവര്. ഉമമുകുല്സൂം (ആയിശ ബീവിയുടെ സഹോദരി), ഹംന(സൈനബ ബീവിയുടെ സഹോദരി), ഫാരിഅ(ഉമ്മു ഹബീബയുടെ സഹോദരി), റുഖിയ്യ (ഉമ്മുസലമയുടെ സഹോദരി). പതിനാല് സന്താനങ്ങള്‍ ഇവരിലായുണ്ട്.