സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 11 February 2017

ശരീഅത്ത്: അര്‍ത്ഥവും വ്യാപ്തിയും



‘ശരീഅത്ത്’ എന്ന വാക്ക് ഖുര്‍ആനില്‍ ഒരു തവണ മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. നാല്‍പത്തഞ്ചാം അദ്ധ്യായം സൂറതുല്‍ജാസിയ പതിനെട്ടാം വാക്യം. ധാതുവില്‍ ഈ വാക്കിനോട് തുല്യതയുള്ള മറ്റു പദങ്ങള്‍ മൂന്നു സ്ഥലങ്ങളില്‍ കൂടി പരാമര്‍ശിച്ചിട്ടുണ്ട്. ‘ശിര്‍അത്ത്’ എന്ന പദം 5:48ലും ‘ശറഅ’ എന്ന ക്രിയാരൂപം ഏകവചനമായി 42:13ലും ബഹുവചനമായി 42:21 ലും കാണാം.
‘പിന്നീട് താങ്കള്‍ക്ക് വിലക്കുകളും വിധികളും അടങ്ങിയ ശരീഅത്തിനെ നാം നിശ്ചയിച്ചുതന്നു. അതിനെ താങ്കള്‍ പിന്തുടരുക. വിവരമില്ലാത്തവരുടെ തന്നിഷ്ടങ്ങളെ താങ്കള്‍ പിന്തുടരരുത് എന്ന ആശയമാണ് 45:18 വാക്യത്തിന്റെത്. മറ്റൊന്നിനെയും പിന്തുടരരുത്” എന്ന വിലക്കും ഈ ശരീഅത്തിന്റെ ഭാഗമാണ്. മനുഷ്യ നിര്‍മിതമായ യാതൊരു നിയമസംഹിതകളും പിന്തുടരേണ്ട ആവശ്യം വരാത്ത വിധം താങ്കള്‍ക്ക് അല്ലാഹു നിശ്ചയിച്ചുതന്ന ശരീഅത്ത് സമ്പൂര്‍ണമാണ് എന്ന ആശയം ഈ വാക്യം ഉള്‍ക്കൊള്ളുന്നു. ഇത് വ്യക്തമാകണമെങ്കില്‍ ശരീഅത്തിനെ സംബന്ധിച്ച് വ്യക്തമായ ധാരണ ആവശ്യമാണ്. ബുദ്ധിയും വിവേകവും നല്‍കപ്പെട്ട മനുഷ്യര്‍ക്ക് നബിമാര്‍ മുഖേനയും വേദഗ്രന്ഥങ്ങളിലൂടെയും സ്രഷ്ടാവായ അല്ലാഹു നിശ്ചയിച്ചുതന്ന നിയമനിര്‍ദേശങ്ങള്‍ എന്നാണ് ശരീഅത്തുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. മില്ലത്ത്, മിന്‍ഹാജ്, ദീന്‍ ഇവയും ഇതിനോട് സദൃശമായ അര്‍ത്ഥങ്ങളില്‍ ഖുര്‍ആനില്‍ വന്നിട്ടുള്ള പ്രയോഗങ്ങളാണ്. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ത്വബരീ, ഖുര്‍തുബീ, റാഗിബു(റ) തുടങ്ങിയവര്‍ ഇതു വിശദീകരിച്ചിട്ടുണ്ട്. വിവേകത്തോടെ തിരഞ്ഞെടുത്ത് ആത്യന്തിക നന്മയിലേക്ക് നയിക്കാനുള്ള ദൈവികമായ നിയമസംഹിതയാണ് ദീന്‍ എന്നും ശരീഅത്ത്, മില്ലത്ത് ഇവ പ്രയോഗാര്‍ത്ഥത്തില്‍ ഇതിനോട് സദൃശമാണെന്നും ഇബ്‌നു ഹജര്‍ ഹൈതമി(റ) തുഹ്ഫയിലും വ്യക്തമാക്കുന്നു.
നിശ്ചയമായും അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം(ദീന്‍) ഇസ്‌ലാമാണ്(3:19). ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി സ്വീകരിച്ചാല്‍ അവനില്‍നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല(3:85). ഈ രണ്ടു സൂക്തങ്ങളിലും ഇസ്‌ലാമിനെ ദീന്‍ എന്നാണ് പരിചയപ്പെടുത്തിയത്.
ആദ്യത്തെ മനുഷ്യന്‍ ആദ്യത്തെ നബിയുമാണ്. ആദം(അ) ആണത്. അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ആദം നബി തന്റെയും ഭാര്യയുടെയും കുടുംബത്തിന്റെയും ജീവിതം ഭൂമിയില്‍ ചിട്ടപ്പെടുത്തിയത്. മനുഷ്യവംശം വികസിക്കുന്നതിനനുസൃതമായി നിയമനിര്‍ദേശങ്ങള്‍ വിപുലപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം നബിമാര്‍ വന്നു എന്ന ഹദീസ് ഇബ്‌നുഹജര്‍ ഹൈതമി(റ) അടക്കമുള്ള പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നബിമാരെല്ലാം സ്വീകരിച്ച് ആചരിച്ചതും തന്റെ സമുദായത്തിലെ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുത്തതും ഇസ്‌ലാം തന്നെയാണ്.
ആരാധനക്കര്‍ഹനായി അല്ലാഹു മാത്രമേ ഉള്ളൂ എന്ന വിശ്വാസവും നബിമാരിലുള്ള വിശ്വാസവുമാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ ആധാര ശിലകള്‍. വേദങ്ങള്‍, മലക്കുകള്‍, അന്ത്യനാളിലും വിധിയിലും വിശ്വസിക്കല്‍ ഇവയും വിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. തലമുറകളിലൂടെ തുടരുന്നതും മാറ്റമില്ലാത്തതുമായ മതനിര്‍ദേശങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ ദീന്‍, മില്ലത്ത് എന്നീ പദങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. വ്യക്തമായ വഴി എന്ന് അര്‍ത്ഥമുള്ള മില്ലത്ത് എന്ന പദം അധികവും നബിമാരിലേക്ക് ചേര്‍ത്താണ് ഖുര്‍ആനില്‍ വന്നിട്ടുള്ളത്. ഇബ്‌റാഹീം നബിയിലേക്ക് ചേര്‍ത്താണ് കൂടുതല്‍ തവണ ഉപയോഗിക്കപ്പെട്ടത്. നിങ്ങളില്‍നിന്ന് ഓരോ സമുദായത്തിനും പ്രത്യേകം ശരീഅത്തും മില്ലതും മിന്‍ഹാജും നാം നിശ്ചയിച്ചിരിക്കുന്നു എന്ന ആശയം ഖുര്‍ആന്‍ 5: 48ല്‍ കാണാം.
വിശ്വാസകാര്യങ്ങളിലും ആരാധനകളുടെ അടിസ്ഥാന സ്വഭാവങ്ങളും മാറ്റമില്ലാതെ തുടരുമ്പോള്‍തന്നെ മനുഷ്യവംശത്തിന്റെ വികാസമനുസരിച്ച് വിധിവിലക്കുകളുടെ വിശദാംശങ്ങളില്‍ കാലാനുസൃതമായ നിര്‍ദേശങ്ങള്‍ ഓരോ നബിമാര്‍ക്കും ലഭിച്ചുകൊണ്ടിരുന്നു. അല്ലാഹുവില്‍നിന്ന് നബിമാര്‍ മുഖേന ലഭിച്ച ഈ വിധിവിലക്കുകളാണ് ശരീഅത്ത്. പൂര്‍വ വേദങ്ങളില്‍ പരാമര്‍ശിക്കുകയും വേദ പണ്ഡിതന്മാര്‍ പ്രതീക്ഷിക്കുകയും ചെയ്ത അന്ത്യ നബിയാണ് മുഹമ്മദ് നബി(സ്വ).
ഇനി ശരീഅത്തില്‍ കാലാനുസൃതമായ മാറ്റങ്ങളോ കൂട്ടിച്ചേര്‍ക്കലുകളോ വരുത്താന്‍ ഒരു നബി വരാനില്ലാത്തതുകൊണ്ടുതന്നെ തിരുനബി(സ്വ)ക്ക് നല്‍കപ്പെട്ട ശരീഅത്ത് നിയമങ്ങള്‍ ഖുര്‍ആന്‍ അവതരിച്ച കാലം മുതല്‍ അന്ത്യനാള്‍ വരെ മുഴുവന്‍ ജനവിഭാഗത്തിനും പ്രയോഗക്ഷമമായ വിധത്തില്‍ സമ്പൂര്‍ണമാണ്.
ആധുനിക ലോകരാഷ്ട്രങ്ങളില്‍ നിലവിലുള്ള ഭരണഘടനകള്‍ അനുസരിച്ചാണ് അവിടങ്ങളിലെ കോടതികളില്‍ വരുന്ന പ്രശ്‌നങ്ങളില്‍ വിധി നടപ്പാക്കുന്നത്. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഭരണഘടനകള്‍ ഭേദഗതി ചെയ്യേണ്ടിവരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ് സെക്യുലര്‍ എന്നതടക്കം നിരവധി ഭേദഗതികള്‍ 1950നു ശേഷം നടപ്പിലാക്കപ്പെട്ടു. എന്നാല്‍ 14 നൂറ്റാണ്ടുകലായി തിരുനബി(സ്വ)യുടെ കാലം മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ സ്വീകരിക്കുന്നത് ഇസ്‌ലാമിക ശരീഅത്താണെന്നും അതു കാര്യമായ ഭേദഗതികളൊന്നുമില്ലാതെ നിലകൊള്ളുന്നു എന്നതും ആരും സമ്മതിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
ചില മുസ്‌ലിം രാഷ്ട്രങ്ങളില്‍ വ്യക്തിനിയമങ്ങളുടെ ചില വിശദാംശങ്ങളില്‍ വരുത്തിയ മാറ്റങ്ങളോ ഭാരതത്തില്‍ മുസ്‌ലിം വ്യക്തിനിയമത്തില്‍ ഉള്‍പ്പെടുത്തിയ കാര്യങ്ങളിലെ ചില വിശദാംശങ്ങളില്‍ ഭേദഗതി വേണമെന്ന് ചില തത്പരക്ഷികള്‍ വാദിക്കുന്നതോ ഇവിടെ കാണാതിരിക്കുന്നില്ല. എന്നാല്‍ സമഗ്രമായ പര്യാലോചനയില്‍ അത്തരം വാദഗതികള്‍ അപ്രസക്തമാണെന്നുകാണാം.
ലോകത്തെ വിശ്വാസികളായ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ബാധകമായ ഒരു നിയമ സംഹിതയാണ് ശരീഅത്ത് എന്ന് വ്യക്തമായല്ലോ. അത്തരം ഒരു നിയമം ആരു സംവിധാനിക്കും എന്നതാണ് പ്രധാന പ്രശ്‌നം. അതു മനുഷ്യസാധ്യമാണോ? മുഴുവന്‍ ജനങ്ങളുടെയും അവസ്ഥകള്‍ ഗ്രഹിക്കുകയും വിലയിരുത്തുകയും വേണം. ഒരു ജനവിഭാഗത്തോടും പ്രത്യേകം ചായ്‌വോ പക്ഷപാതമോ വരാനും പാടില്ല. വിവിധ ഭൂവിഭാഗങ്ങളിലെ കാലാവസ്ഥാവ്യതിയാനം, ഭക്ഷ്യവിഭവങ്ങളുടെ ലഭ്യതയും ക്ഷാമവും, സാമ്പത്തിക, സാമൂഹിക പുരോഗതിയും പിന്നോക്കാവസ്ഥയും തുടങ്ങിയ വൈവിധ്യമാര്‍ന്ന അവസ്ഥകളില്‍ ഈ നിയമസംഹിത ഉപയോഗക്ഷമമായിരിക്കണം. ഇത്തരം ഒരു നിയമസംവിധാനം രൂപപ്പെടുത്താല്‍ സൃഷ്ടികളുടെ കഴിയും പരിമിതിയും ഏറ്റവും നന്നായി അറിയുന്ന സ്രഷ്ടാവിനേ സാധ്യമാകൂ.
മുത്തലാഖും ബഹുഭാര്യത്വവും എടുത്തുവച്ച് ശരീഅത്ത് എന്നാല്‍ അതു മാത്രമാണ് എന്ന് തോന്നിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നവര്‍ ഈ സമഗ്രതയെക്കുറിച്ച് അവബോധമില്ലാത്തവരാണ് എന്ന് പറയേണ്ടിവരും.
ഉദാഹരണമായി മുസ്‌ലിംകള്‍ ലോക വ്യാപകമായി അനുഷ്ടിക്കുന്ന നിര്‍ബന്ധ ആരാധനയായ വ്രതാനുഷ്ടാനം തന്നെ എടുക്കുക. രോഗം, യാത്ര, സ്ത്രീകള്‍ക്ക് ആര്‍ത്തവമോ പ്രസവമോ ഉള്ള ഘട്ടം ഇങ്ങനെയുള്ള ഒഴികഴിവുകള്‍ ഇല്ലാത്ത എല്ലാ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള മുസ്‌ലിംകള്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പകല്‍ വ്രതം എടുക്കല്‍ നിര്‍ബന്ധമാണ്.
ലോക രാഷ്ട്രങ്ങളില്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രം പകലുള്ള രാഷ്ട്രങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനമനുസരിച്ച് അതിന് മാറ്റം വരുന്നു. 19-20 മണിക്കൂറുകളും അതില്‍ കൂടുതലും നീണ്ട പകലുകള്‍ ഉള്ള രാഷ്ട്രങ്ങളുമുണ്ട്. ഇവരെല്ലാം പകല്‍ സമയത്ത് ഒരു മാസം നോമ്പെടുക്കണം എന്ന് പറയുമ്പോള്‍ അത് എങ്ങനെ പ്രായോഗികമാകും. എല്ലാവരെയും പരിഗണിച്ച് 12 മണിക്കൂര്‍ നോമ്പു മതി എന്ന് പ്രഖ്യാപിക്കാമോ? ”പിന്നീട് പ്രഭാതമായാല്‍ രാത്രിവരെ നിങ്ങള്‍ നോമ്പ് പൂര്‍ത്തിയാക്കുക”(2:187) എന്നാണ് ഖുര്‍ആന്റെ നിര്‍ദേശം. ഇതിന്റെ വിശദാംശവും വിവിധ അവസ്ഥകളിലെ പ്രയോഗ രീതിയും ഗ്രഹിക്കാന്‍ ഖുര്‍ആന്റെ വ്യാഖ്യാനമായി തിരുനബി(സ്വ)യുടെ തിരുവചനങ്ങളും അവയില്‍നിന്ന് സവിശേഷ ഗ്രാഹ്യശേഷിയുള്ള പണ്ഡിതന്മാരും ഗവേഷണം ചെയ്ത് ഐക്യകണ്‌ഠേനയോ വ്യത്യസ്തമായോ എത്തിച്ചേര്‍ന്നിട്ടുള്ള വിധികളും അന്വേഷിക്കണം. നാം ഇവിടെ ചര്‍ച്ച ചെയ്ത പകല്‍ സമയത്തെ നോമ്പിന്റെ കാര്യത്തില്‍ ശരീഅത്തുനിയമം എന്താണെന്ന് നോക്കാം. 24 മണിക്കൂറിനുള്ളില്‍ സൂര്യനസ്തമിക്കുന്ന എല്ലാ സ്ഥലത്തും പകല്‍സമയം മുഴുവന്‍, അത് കുറഞ്ഞാലും കൂടിയാലും നോമ്പനുഷ്ടിക്കണം. ഭക്ഷണപാനീയങ്ങളും മറ്റു ലൈംഗിക ബന്ധവും മറ്റും ഉപേക്ഷിക്കണം. ഒരു മണിക്കൂര്‍ മാത്രമാണ് പകലെങ്കില്‍ ഒരു മണിക്കൂര്‍ മാത്രം നോമ്പെടുത്താല്‍ മതിയാകും. ഒരു മണിക്കൂര്‍ മാത്രമാണ് രാത്രിയെങ്കില്‍ ആ ഒരു മണിക്കൂറിനുള്ളില്‍ 23 മണിക്കൂര്‍ നീണ്ട കഴിഞ്ഞ പകലിലെ നോമ്പു മുറിച്ച് ഭക്ഷണം കഴിക്കുകയും അടുത്ത നീണ്ട പകല്‍ നോമ്പെടുക്കുന്നതിനു വേണ്ടി അത്താഴം കഴിക്കണം. രാത്രിയിലെ നിസ്‌കാരമൊക്കെ ഈ ഒരു മണിക്കൂറില്‍ തീര്‍ക്കണം. റമളാന്‍ വ്രതത്തിന്റെ ഈ ദേശാന്തരീയ പ്രായോഗികതയുടെ വിവരണം വിശദമായി കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്ന് ഗ്രഹിക്കാം.
അഞ്ചുനേരത്തെ നിസ്‌കാരത്തിന്റെ പ്രായോഗികതയും ലോക രാഷ്ട്രങ്ങളിലെ സമയവ്യത്യാസവും പരിഗണിച്ചാല്‍ എല്ലാ സമയത്തും ലോകത്തിന്റെ ഓരോ ഭാഗങ്ങളില്‍ വാങ്കും നിസ്‌കാരവും നടന്നുകൊണ്ടിരിക്കുന്നു എന്ന് കാണാന്‍ കഴിയും. ഇങ്ങനെ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലെ ഭാഗമായി എണ്ണാവുന്ന ആരാധനകളില്‍ മാത്രമല്ല ശരീഅത്ത് നിയമങ്ങള്‍ ഉള്ളത്. സാമ്പത്തിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെല്ലാം ശരീഅത്തു നിയമങ്ങള്‍ ഉണ്ട്. സാമ്പത്തിക ചൂഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപാധിയാണ് പലിശ. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിന്റെ പ്രധാന കാരണം തേടിയാല്‍ മാനേജ്‌മെന്റിലുള്ള പിടിപ്പുകേടിനൊപ്പം കടമെടുത്തിട്ടുള്ള സംഖ്യയുടെ പലിശ ഭീമമായി പെരുകിവരുന്നതാണെന്നുകാണാം. ഇതിനു പകരം ആ സ്ഥാപനങ്ങള്‍ക്ക് പലിശരഹിത വായ്പ ലഭിച്ചിരുന്നെങ്കില്‍ പുരോഗതിയിലേക്കു വരാനും സാമ്പത്തിക സാശ്രയത്വം നേടാനും കഴിഞ്ഞേനെ. ഈ വസ്തുത മനസ്സിലാക്കി പലിശരഹിത വായ്പാ സമ്പ്രദായത്തില്‍ ലോകരാഷ്ട്രങ്ങളില്‍നിന്ന് വായ്പയെടുക്കുകയും അത് അടിസ്ഥാന സൗകര്യങ്ങളും വ്യവസായങ്ങളും വികസിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുകയും ചെയ്ത രാഷ്ട്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ജര്‍മനിയാണെന്ന് സാമ്പത്തിക സ്ഥിതി വിവരക്കണക്കുകള്‍ പിരശോധിച്ചാല്‍ കാണാന്‍ കഴിയും. യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്‌നത്തിലൊക്കെ ജര്‍മനി അനുഭാവപൂര്‍വം പെരുമാറിയതിന്റെ പിന്നില്‍ ഇത്തരം അടിയൊഴുക്കുകളുണ്ടാവാം.
സ്രഷ്ടാവില്‍നിന്നുള്ള നിയമങ്ങള്‍ക്കാണ് സാര്‍വത്രികമായ പ്രയോഗക്ഷമത അവകാശപ്പെടാനാവുന്നത്. ഈ നിയമങ്ങള്‍ മനുഷ്യര്‍ക്ക് എങ്ങനെ ലഭിക്കും? എന്നതാണ് അടുത്ത ചോദ്യം. ഇവിടെയാണ് നബിമാരുടെ സ്ഥാനം. ഓരോ കാലങ്ങള്‍ക്ക് വിശ്വാസപരവും കര്‍മപരവും ചിന്താപരവുമായ നന്മകള്‍ ഉണര്‍ത്തുന്നതിനും ഉല്‍ബോധനം ചെയ്യുന്നതിനും ആ സമൂഹത്തിലെ ഏറ്റവും അനുയോജ്യരായ ബുദ്ധിശക്തിയും സത്യസന്ധതയും വിശ്വസ്തനും ആയ വ്യക്തിയെ അല്ലാഹു തെരഞ്ഞെടുക്കുന്നു. മൂസാ(അ), ഈസാ(അ), ദാവൂദ്(അ), ഇബ്‌റാഹീം(അ) തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ്. നബിമാര്‍ക്ക് ദിവ്യ സന്ദേശങ്ങള്‍ എത്തിക്കാന്‍ മലക്കുകളില്‍ പ്രമുഖരായ ജിബ്‌രീല്‍(അ)നെ അല്ലാഹു നിശ്ചയിച്ചു.
നബിമാരിലേക്ക് ദിവ്യസന്ദേശം വഹ്‌യ് അയച്ചതുപോലെ സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും സന്ദേശം അയക്കാന്‍ അല്ലാഹു കഴിവുള്ളവനാണെന്നും എന്നാല്‍ ചിന്തിച്ചു മനസ്സിലാക്കി സത്യം സ്വീകരിക്കുന്നതിന് ജനങ്ങള്‍ക്ക് അവസരം ഉണ്ടാക്കുന്നതിന് അല്ലാഹു നബിമാര്‍ക്ക് മാത്രം സന്ദേശം അക്കുകയും മറ്റുള്ളവരോട് നബിയെ വിശ്വസിച്ച് അനുധാവനം ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തുവെന്ന് പ്രമുഖ പണ്ഡിതനായ ഖാളി ഇയാള്(റ) അശ്ശിഫാ എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.
ശരീഅത്തു നിയമങ്ങളടെ സ്രോതസുകള്‍ ഏതെല്ലാമാണ്? തിരുനബി(സ്വ)ക്ക് വഹ്‌യ്- ദിവ്യസന്ദേശത്തിലൂടെ ലഭിച്ച അല്ലാഹുവിന്റെ വചനങ്ങളായ ഖുര്‍ആനാണ് ഒന്നാമത്തെ സ്രോതസ്സ്. തിരുനബിയുടെ അരുളുകളായ ഹദീസാണ് രണ്ടാമത്തെ സ്രോതസ്. ദിവ്യസന്ദേശമനുസരിച്ച് തിരുനബി(സ്വ) നടത്തുന്ന ഉല്‍ബോധനങ്ങളും വിശദീകരണങ്ങളും, നബി(സ്വ)യുടെ അനുചരന്മാരുടെ ഇടപെടലുകള്‍ക്ക് തിരുനബി നല്‍കുന്ന വാക്കാല്‍ അംഗീകാരവും മൗനാനുവാദവുമെല്ലാമാണ് ഹദീസിന്റെ ഉള്ളടക്കം. പതിനഞ്ചു ലക്ഷത്തിനും ഇരുപതു ലക്ഷത്തിനും ഇടയിലാണ് ക്രോഡീകരിച്ച ഹദീസുകളുടെ ഏകദേശ എണ്ണം.
ഖുര്‍ആന്‍, ഹദീസ് ഇവയുടെ വെളിച്ചത്തില്‍ ഗവേഷണവിധേയമായ വിഷയങ്ങളില്‍ സവിശേഷ കഴിവുള്ള ഗവേഷകന്മാര്‍ സ്വഹാബത്തിന്റെ കാലത്തും തുടര്‍ന്നുള്ള മൂന്നു നൂറ്റാണ്ടുകളിലും- മനനം ചെയ്‌തെടുത്ത വിധികളാണ് ശരീഅത്തിന്റെ സ്രോതസുകളില്‍ അടുത്ത സ്ഥാനത്തുള്ളത്. ഇതു രണ്ടായി തിരിക്കാം. ഒരു കാലഘട്ടത്തിലെ ഗവേഷണ യോഗ്യതയുള്ള പണ്ഡിതന്മാരെല്ലാം ഗവേഷണ്തതിലൂടെ ഐക്യകണ്‌ഠേന എത്തിച്ചേര്‍ന്ന വിധികള്‍ ‘ഇജ്മാഅ്’ ആണ് മൂന്നാമത്തെ സ്രോതസ്. ഇങ്ങനെ ഇജ്മാആയ വിഷയങ്ങളില്‍ പിന്നീട് വരുന്ന ഗവേഷകന്മാര്‍ പുനരാലോചന പാടില്ല. ഫുള്‍ ബെഞ്ച് വിധിപോലെ എന്ന് ഉദാഹരണം പറയാം. അടുത്ത തലമുറയിലെ ഗവേഷകര്‍ ഈ ഇജ്മാഅ് അവരുടെ ഗവേഷണത്തിന് ആധാരമായ ഖണ്ഡിതവിവരങ്ങളുടെ ഇനത്തില്‍ പരിഗണിച്ചുകൊള്ളണം. ഉസൂലുല്‍ഫിഖ്ഹിന്റെ പ്രാമാണിക ഗ്രന്ഥങ്ങളില്‍നിന്ന് ഇത് ഗ്രാഹ്യമാകും. ഗവേഷകരായ മുജ്തഹിദുകള്‍ മനനം ചെയ്‌തെടുത്ത വിജ്ഞാന വിധികള്‍ മറ്റുള്ള ഗവേഷകന്മാര്‍ മുഴുവനും അതിനോട് ഐക്യപ്പെടാതിരിക്കുമ്പോള്‍ ഖിയാസ് എന്ന് പറയും. ഈ വിജ്ഞാനങ്ങള്‍ ആ ഗവേഷക ഇമാമിന്റെ പേര് ചേര്‍ത്ത് മദ്ഹബ് എന്നറിയപ്പെടുന്നു. ഉദാ: ശാഫിഈ മദ്ഹബ്, മാലികീ മദ്ഹബ്.
ഹിജ്‌റ മൂന്നു നൂറ്റാണ്ടിനു ശേഷം സവിശേഷയോഗ്യതയുള്ള ഗവേഷക പണ്ഡിതന്മാര്‍ ലോകത്തു പ്രത്യക്ഷരായിട്ടില്ല എന്നാണ് പണ്ഡിതമതം. അപ്പോള്‍ വീണ്ടും ഒരു സഹസ്രാബ്ദത്തിനുശേഷം നമ്മുടെ ഈ കാലഘട്ടത്തില്‍ മദ്ഹബുകള്‍ ഉപേക്ഷിക്കാനും ഖുര്‍ആനും സുന്നത്തും ആധാരമാക്കി സ്വയം ഗവേഷണം ചെയ്യാനും ആഹ്വാനം ചെയ്യുന്നവര്‍ സാര്‍വത്രിക പ്രയോഗക്ഷമതയുള്ള ശരീഅത്തിനെ വിലകുറച്ച് കാണുന്നവരാണെന്ന് ഗ്രഹിക്കാന്‍ പ്രയാസമില്ല.
ആധുനിക ലോകത്തെ ഏത് പ്രശ്‌നങ്ങള്‍ക്കും ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ അര്‍ഹരായ പണ്ഡിതര്‍ക്ക് പ്രയാസമില്ല. വിജ്ഞാനമില്ലാത്തവര്‍ അര്‍ഹതയുള്ള യോഗ്യരായ പണ്ഡിതരെ സമീപിക്കണം. നബി(സ്വ)യുടെ അനുയായികള്‍ നബി(സ്വ)യെ സമീപിച്ച് പ്രശ്‌ന പരിഹാരം നേടിയതിന്റെ തുടര്‍ച്ചയാണിത്. അതിനാല്‍ തന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന പണ്ഡിതന്മാര്‍ തികഞ്ഞ അവധാനതയും സൂക്ഷ്മതയും പുലര്‍ത്തണമെന്നത് ശ്രദ്ധേയമാണ്.
ആധുനിക ലോകത്തെ സാമൂഹിക പ്രശ്‌നങ്ങളായ നപുംസകങ്ങളുടെ ജീവിതവും വിവിധ സന്ദര്‍ഭങ്ങളില്‍ അവരുടെയും ഒട്ടിപ്പിടിച്ച ഇരട്ടകളായി ജനിക്കുന്ന സയാമീസ് ഇരട്ടകളുടെയും ജീവിതവിധികള്‍ തുടങ്ങി എല്ലാം വ്യക്തമായി നിവാരണം കാണാന്‍ മദ്ഹബുകള്‍ക്കാവും. ഖുര്‍ആനും സുന്നതും നോക്കി ഞങ്ങള്‍ ഗവേഷണം ചെയ്യും എന്ന് വാദിക്കുന്ന ആരെങ്കിലും ഇതിന്ന് മുന്നോട്ട് വരുമോ? എതിര്‍പക്ഷവും കൂടി അംഗീകരിക്കുന്ന തെളിവുകള്‍ പ്രാമാണികമായി അവതരിപ്പിക്കുകയും വേണം.
ശരീഅത്തുനിയമങ്ങളുടെ സാര്‍വത്രികമായ പ്രയോഗക്ഷമത വെളിവാകുന്ന ഒരു ഉദാഹരണം കൂടി നോക്കാം. ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ വസ്തുക്കള്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: ”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ നാം ചൊല്ലി അറുക്കപ്പെട്ടത്, ശ്വാസം കിട്ടാതെ ചത്തതും അടിച്ചു കൊന്നതും വീണു ചത്തതും മറ്റുമൃഗങ്ങളുടെ കുത്തേറ്റ് ചത്തത്, വന്യജീവി ഭക്ഷിച്ചത് ഇവയെല്ലാം നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു”(ഖുര്‍ആന്‍ 5: 3). ഇവിടെ നിഷിദ്ധമായി എണ്ണിപ്പറഞ്ഞ ഓരോ ഇനവും നിഷിദ്ധമാക്കപ്പെട്ടതിന്റെ പിന്നില്‍ ശാസ്ത്രീയവും സാമൂഹികവുമായ പല കാരണങ്ങളും കണ്ടെത്താന്‍ കഴിയും. ഒരു കാലഘട്ടത്തില്‍ ശ്രദ്ധിക്കപ്പെടാതിരുന്ന നിയമങ്ങളുടെ പ്രസക്തിയും യുക്തിയും പിന്നീട് തെളിഞ്ഞുവരാം. യുക്തികൊണ്ട് വിശകലന വിധേയമായാലും ഇല്ലെങ്കിലും വിശ്വാസി അത് അംഗീകരിക്കും. അതത്രെ മുസ്‌ലിമിന്റെ കടമ യോഗ്യതയും.
ഇവിടെ അവസാനം പറഞ്ഞ വന്യജീവി ഭക്ഷിച്ചത് മനുഷ്യനു നിഷിദ്ധമാണ് എന്ന നിര്‍ദേശം ഭക്ഷണം കിട്ടാതെ വന്യജീവികളില്‍ പലതും നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെപോലും ആക്രമിച്ച് കൊന്നുതിന്നാന്‍ മുതിരുന്ന കേരളം പോലുള്ള ആവാസപരിസരങ്ങളില്‍ വന്യജീവികളുടെ അതിജീവനത്തിന് സഹായകമാകുന്ന ഒരു സാമൂഹിക നിര്‍ദേശമായി ഗണിക്കാന്‍ ഇതര മത വിശ്വാസികളോ മതമില്ലാത്തവരോ ആയ പരിസ്ഥിതി സ്‌നേഹികള്‍ കൂടി തയാറായേക്കും. ഇത്തരം ഖുര്‍ആന്‍ വാക്യങ്ങളുടെയും തിരുനബി(സ്വ)യുടെ ഹദീസുകളുടെയും വെളിച്ചത്തില്‍ വിശ്വാസിക്ക് മാംസാഹാരത്തിനായി ആടു മാടു ഒട്ടകങ്ങളെ ഭക്ഷിക്കാം. കോഴി, താറാവ്, മറ്റു ധാരാളം ജീവികളെയും പക്ഷികളെയും ഭക്ഷിക്കാം.
ആടുകള്‍, മാടുകള്‍, ഒട്ടകം എന്നിവ ഭക്ഷിക്കാം എന്ന നിര്‍ദേശത്തില്‍ മാംസാഹാരം ലഭിക്കാന്‍ ഒരു വിശ്വാസിക്ക് ശരീഅത്ത് അനുസരിച്ച് എളുപ്പമാണ്. ഒട്ടകത്തെ മാത്രമേ ഭക്ഷിക്കാവൂ എന്ന് നിര്‍ദേശിക്കപ്പെട്ടാല്‍ വലിയ വിഭാഗം വിശ്വാസികള്‍ക്ക് മാംസാഹാരം അപ്രാപ്യമാകും. ഇപ്പോള്‍ രാജ്യത്ത് അനാവശ്യ ബഹളവും പിടിവാശിയും കാണിക്കുന്ന ഗോസംരക്ഷകരും വൈകാരിക സമീപനം മാറ്റിവെച്ച് ചിന്തിച്ചാല്‍ ശരീഅത്തനുസരിച്ചുള്ള ഭക്ഷ്യനിയമങ്ങളെ എതിര്‍ക്കേണ്ടതില്ല എന്നു കാണാം. പാവപ്പെട്ട ഒരാള്‍ക്ക് മാംസാഹാരം ലഭിക്കാന്‍ മാടിനെയാണ് വേണ്ടിവരിക. ചുരുക്കം സംസ്ഥാനങ്ങളിലൊഴിച്ച് ആട്ടിന്‍മാംസം വളരെ വിലകൂടിയതാണ്.
മാട് എന്ന ഇനത്തില്‍ പശു മാത്രമല്ല ഉള്ളത്. പോത്ത്, കാള, എരുമ തുടങ്ങിയ ഇനങ്ങളും ഉണ്ട്. ഇവയെ ഒന്നും അറവിനുപയോഗിക്കാതെ സംരക്ഷിച്ചു വളര്‍ത്തണം എന്ന് വാശി പിടിച്ചാല്‍ അതിനെ സംരക്ഷിക്കുന്നവര്‍ക്കുതന്നെ വലിയ ഭാരമാകും. മറുവശത്തു സസ്യഭുക്കുകളായ ആളുകളുടെ അഭിപ്രായത്തിന് പ്രാമുഖ്യം കൊടുത്ത് രാജ്യത്ത് ആരും മാംസം ഭക്ഷിക്കരുത് എന്ന് പറഞ്ഞാലോ? ഇന്ന് കേരളത്തിലനുഭവപ്പെടുന്ന തെരുവുനായ ശല്യത്തിന്റെ എത്രയോ അധികമായിരിക്കും രാജ്യത്തെ ഇത്തരം മൃഗങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്തതുകൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍. ഇനി എങ്ങനെയെങ്കിലും രാഷ്ട്രത്തില്‍ പ്രത്യേക സാഹചര്യങ്ങളില്‍ മെഡിക്കല്‍ ആവശ്യത്തിനോ മറ്റോ പന്നി വളര്‍ത്തല്‍ നിര്‍ബന്ധമാക്കി കല്‍പിച്ചാലോ/ അപ്പോഴും പന്നിമാംസം നിഷിദ്ധം എന്ന ശരീഅത്ത് നിയമത്തിന് മാറ്റമില്ല. എന്നാല്‍ ഒന്നും ഭക്ഷിക്കാന്‍ ലഭിക്കാതെ കൊടും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും അവസ്ഥയില്‍ മരണം ആസന്നം എന്നു കണ്ടാല്‍ പന്നി മാംസവും ശവവും എല്ലാം ജീവന്‍ നിലനിറുത്താന്‍ ഭക്ഷിക്കാം എന്നതും ശരീഅത്തു നിയമത്തിന്റെ ഭാഗമാണ്.
”ഇന്നേ ദിവസം നിങ്ങളുടെ മതം- ദീന്‍ നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ണമാക്കിയിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളുടെ മേല്‍ പൂര്‍ത്തീകരിക്കുകയും ഇസ്‌ലാമിനെ നിങ്ങള്‍ക്ക് മതമായി തൃപ്തിപ്പെട്ട് തരികയും ചെയ്തിരിക്കുന്നു”(ഖുര്‍ആന്‍ 5:3).

മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍