സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 22 May 2015

ബുര്‍ദയുടെ പ്രമേയം ....


എ.ഡി 1213-1295ല്‍ ജീവിച്ച പ്രഗല്‍ഭ സാഹിത്യകാരനും പണ്ഡിതനുമായ അബൂ അബ്ദില്ലാഹി ശറഫുദ്ദീനിബ്നു സ’ഈദിനില്‍ ബൂസ്വീരി(റ)യുടെ ലോകപ്രസിദ്ധ പ്രവാചക പ്രേമകാവ്യ ഗ്രന്ഥമായ ഖസ്വീദത്തുല്‍ ബുര്‍ദയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള ഹ്രസ്വ വിവരണമാണിവിടെ ഉദ്ദേശിക്കുന്നത്...

വാതസംബന്ധമായ രോഗം മൂലം ഇമാം ബുസ്വീരി(റ) ശരീരം പാതി തളര്‍ന്നു പോവുകയും സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തപ്പോള്‍ രോഗശമനത്തിന് വേണ്ടി തന്റെ സ്നേഹ സാമ്രാജ്യത്തിന്റെ സുല്‍ത്താന്‍ നബി(സ)യുടെ സ്തുതി കീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകള്‍ അദ്ദേഹം രചിച്ചു.. ആ മദ്’ഹ് ഗാന ലഹരിയില്‍ ഉറങ്ങിയ ഇമാം ബുസ്വീരി(റ) പ്രവാചകനെ സ്വപ്നം കണ്ടു...

ഒരു ഭാഗം പൂര്‍ണ്ണമായി തളര്‍ന്ന ബുസ്വീരി(റ)യെ തിരുനബി(സ) അവിടുത്തെ തിരുഹസ്തങ്ങള്‍ കൊണ്ട് തടവി.. രോമാഞ്ജ പുളകിതനായ ഇമാം ബുസ്വീരി(റ) ഞെട്ടിയുണര്‍ന്ന് അത്ഭുതപ്പെട്ട് പോയി..തന്റെ രോഗം
പൂര്‍ണ്ണമായി സുഖപ്പെട്ടിരിക്കുന്നു..ഈ ചരിത്ര പശ്ചാത്തലത്തില്‍ “ബുര്‍’ഉദ്ദാ‍‘അ” (രോഗശമനം) എന്നു കവിതാ സമാഹരത്തിന് പേരുണ്ടെന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്..തിരുനബി(സ) സ്വപ്നത്തിലൂടെ ഇമാം
ബുസ്വീരി(റ)ക്ക് പുതപ്പ് സമ്മാനിച്ചതിനാല്‍ ബുര്‍ദ(പുതപ്പ്) എന്ന പേരിലും ഈ കാവ്യം പ്രസിദ്ധമായി..

ഖസ്വീദത്തുല്‍ ബുര്‍ദയുടെ പരാമര്‍ശത്തെ വിശകലനം ചെയ്യുകയെന്നത് സാഹസികമാണ്..അത്രയും ആശയ സമ്പന്നമാണ് അതിലെ ഓരോ വരികളും..ഓരോ ഈരടിയിലും ഗഹനമായ ആശയപ്രപഞ്ജം തന്നെ ഒളിപ്പിച്ചു വെക്കാ‍ന്‍ ഇമാം ബുസ്വീരി(റ)ക്ക് സാധിച്ചിട്ടുണ്ട്..

ബുര്‍ദ വിഷയപരമായി ഒരേ ഒഴുക്കില്‍ തന്നെ പരന്നു കിടക്കുകയല്ല,മറിച്ച് അധ്യായങ്ങളും വിഷയക്രമങ്ങളും വേര്‍തിരിച്ച് ക്രമാനുഗതമായുള്ള അതിന്റെ വ്യവസ്ഥ വളരെ മനോഹരമാണ്..കവിതയിലെ പ്രമേയത്തിലേക്ക് ആദ്യം തന്നെ കടന്നു ചെല്ലാതെ വിഷയത്തിലേക്ക് സൂചകമായി ചില കാര്യങ്ങള്‍ ആമുഖമായി പറഞ്ഞ ശേഷം വിഷയത്തിലേക്ക് പ്രവേശിക്കുക എന്നതാണ് ഉല്‍ക്യഷ്ടമായ കവിതാശൈലി..ജാഹിലിയ്യാ കവികളായ ഇം’റു’ഉല്‍ ഖൈസ്, അ’അശാ തുടങ്ങിയവര്‍ സ്വീകരിച്ച അതേ ശൈലിയാണ് ഇമാം ബുസ്വീരി ബുര്‍ദയില്‍ സ്വീകരിച്ചിട്ടുള്ളത്..

അറബിക്കഥകളുടെ കാവ്യവ്യത്തങ്ങളില്‍ കാവ്യ ശാസ്ത്രത്തിന്റെ സര്‍വ്വാംഗീകാരമുള്ളത് പതിനാറ് വ്യത്തങ്ങളാണ്..ഇതില്‍ മൂന്നാമത്തെ വ്യത്തമായ “അല്‍ബസ്വീത്” എന്ന് ശാസ്ത്രനാമം ലഭിച്ച വ്യത്തമാണ് ഇമാം ബുസ്വീരി (റ) ബുര്‍ദയില്‍ സ്വീകരിച്ചിട്ടുള്ളത്..കവിതയിലെ അന്ത്യപ്രാസത്തിലെ അവസാനത്തെ അക്ഷരത്തിനു “റവിയ്യ്” എന്ന് പറയപ്പെടുന്നു..ബുര്‍ദയിലെ എല്ലാ വരികളിലെയും അവസാനാക്ഷരം മീമാണല്ലോ..അതിനാല്‍ ഖസ്വീദത്തുല്‍ മീമിയ്യ എന്നും ഇതിന് പേര് പറയപ്പെടാറുണ്ട്..

ബുര്‍ദയുടെ ഒന്നാം വരി മുതല്‍ പന്ത്രണ്ട് ഉള്‍പ്പെടെയുള്ള ഈരടികള്‍ അനുരാഗപരമായ ആത്മ സംവേദനമാണ്.. പ്രേമാനുരാഗത്തിന്റെ സ്മരണാവിശേഷണങ്ങള്‍ വിശകലനം ചെയ്യുന്ന പ്രഥമ ഭാഗം പ്രശസ്ത അറബിക്കവിതകളുടെ പതിവിനെ അനുകരിച്ചിട്ടുള്ളതാണ്..ആദ്യവരിയില്‍ തനെ ‘ദീസലം’ എന്ന മക്കയുടെയും മദീനയുടെയും ഇടയിലുള്ള സ്ഥലത്തിന്റെ നാമം കൊണ്ട് വന്നത് മക്കയില്‍ ഭൂജാതനായി മദീനയില്‍ അന്ത്യവിശ്രമം കൊള്ളുന്ന തിരുനബി(സ)യുടെ പ്രേമകാവ്യമാണ് ഈ കവിതയെന്ന് സൂചിപ്പിക്കാനാണ്..ഇതിന് ‘ബറാ’അത്തുല്‍ ഇസ്തിഹ്ലാ‍ല്‍’ എന്ന് സാഹിത്യ പണ്ഡിതന്മാര്‍ പറയുന്നു..സാഹിത്യത്തില്‍ ഉന്നതനിലവാരമാണ് ബുര്‍ദ പുലര്‍ത്തിയിരിക്കുന്നത്..

പതിമൂന്ന് മുതല്‍ ഇരുപത്തിയെട്ട് വരെ വരികളില്‍ ആത്മവിമര്‍ശനമാണ് പ്രധാന പ്രതിപാദ്യം..പാപപങ്കിലമായ തന്റെ ആത്മസത്തയെ പഴിക്കുകയും അപലപിക്കുകയും ചെയ്യുന്ന കവി ഇമാം ബുസ്വീരി(റ) നന്മയുടെ വിളംബരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സ്വയം ആവശ്യപ്പെടുന്നുണ്ട്.. “സദ്കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാതെ അതു പറഞു നടക്കുന്നതിനെപ്പറ്റി അള്ളാഹുവിനോട് ഞാന്‍ മാപ്പപേക്ഷിക്കുന്നു, മച്ചിപ്പെണ്ണിന് മക്കളുണ്ടാകുമെന്ന് പറയുന്നത് പോലെ അര്‍ത്ഥശൂന്യമാണത്”.. എന്ന് ഇരുപത്തിയാറാം വരിയില്‍ ഇമാം ബുസ്വീരി(റ)പരിഭവിക്കുമ്പോള്‍ തന്റെ കുറ്റബോധമനസ്സിന്റെ കുമ്പസാരമായി സ്വയം ഗണിക്കുകയാണ്..വളച്ചു കെട്ടില്ലാത്ത ആത്മാര്‍ത്ഥമനസ്സിന്റെ സത്യസന്ധമായ പ്രകാശനമാണത്..സ്വയം വിനയത്വമാണ് കവി കാണിക്കുന്നത്..

ഇരുപത്തിഒമ്പത് മുതല്‍ അമ്പത്തിയെട്ട് വരെയുള്ള വരികള്‍ തിരുനബി(സ)യുടെ അതുല്യവ്യക്തിത്വ പ്രകാശനങ്ങളാണ്..തന്റെ നേതാവ് മുഹമ്മദ് മുസ്ത്വഫാ(സ)ഇഹപരലോകങ്ങളുടെയും മനുഷ്യ-ഭൂത വിഭാഗങ്ങളുടെയും അറബി-അനറബി എന്നീ രണ്ട് കൂട്ടരുടെയും നായകനാകുന്നു എന്ന് പറഞ്ഞ് പ്രകീര്‍ത്തിക്കുന്ന പ്രവാചകപ്രേമി ഇമാം ബുസ്വീരി(റ) തുടര്‍ന്ന് അതിനു തെളിവുകള്‍ നിരത്തുകയാണ്..തന്റെ മനസ്സു നിറഞ്ഞു കവിഞ്ഞ് പ്രവഹിക്കുന്ന സ്നേഹവികാരങ്ങളുടെ വിസ്ഫോടനം ഓരോവരികളിലും ആസ്വാദകന് കണ്ടെത്താനാവും..

മുപ്പത്തിയാറാം വരിയിലൂടെ ന്യായവിസ്താരങ്ങളിലെ അതിഭയാനകമായ സംഭവപരമ്പരളില്‍ ശിപാര്‍ശ പ്രത്യാശിക്കുന്ന ഉത്തമ സ്നേഹിതനാണ് മുത്തുനബി(സ)എന്ന് ബുസ്വീരി(റ)പറയുമ്പോള്‍ ഏവരുടെയും പ്രതീക്ഷ തെളിയുകയാണ്..മദീനയിലെ ഹുജ്‘റാശരീഫിന്റെ കവാടത്താഴില്‍ മായ്ക്കപ്പെടാനാവത്തവിധം ശക്തമായി ഈ വരി ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്..പലപ്പോഴും തിരുനബി(സ)യുടെ വിശേഷണം പറയുമ്പോള്‍ വാക്കുകള്‍ക്ക് ദാരിദ്രം അനുഭവപ്പെടുന്ന കാഴ്ചയാണ് ഇമാം ബുസ്വീരി(റ)ക്ക് ഉണ്ടാകുന്നതെ ബോധ്യപ്പെടുന്നുണ്ട്..തന്റെ അറിവിന്റെയും പഠങ്ങളുടെയും പരിധിയില്‍ നിന്ന് നേതാവിനെ വിശേഷിപ്പിക്കാനുള്ള വാക്കുകള്‍ ലഭിക്കുന്നില്ല..അത് അസാധ്യവുമാണ്..ഇമാം ബുസ്വീരി(റ)തന്നെ പറയുന്നു : “സര്‍വ്വസ്യഷ്ടികളിലും വെച്ച് നബിയേ അങ്ങ് അത്യുന്നതനാകുന്നു”..ഇതില്‍ കവിഞു വര്‍ണ്ണിക്കാന്‍ പദങ്ങള്‍ ലഭിക്കുന്നില്ല..

അമ്പത്തിഒമ്പത് മുതല്‍ എഴുപത്തിഒന്ന് വരെയുള്ള പതിമൂന്ന് വരികള്‍ നബി(സ)യുടെ ജന്മസയത്തുണ്ടായ അത്ഭുതങ്ങള്‍ പ്രതിപാദിക്കുന്നവയാണ്..എഴുപത്തിരണ്ട് മുതല്‍ എമ്പത്തിഏഴ് വരെയുള്ള വരികളില്‍ പ്രവാചകപ്രഭുവില്‍ നിന്ന് പ്രകടമായ മുഅ’ജിസത്തുകള്‍ വിവരിക്കുകയാണ്..ഇതില്‍ എമ്പത്, എമ്പത്തിഒന്ന് വരികളിലൂടെ ഇമാം ബുസ്വീരി(റ) തന്റെ അത്മാനുഭവം വിവരിക്കുകയാണ് : “കാലം എനിക്ക് വരുത്തിയിട്ടുള്ള കഷ്ടസന്ദര്‍ഭങ്ങളില്ലാം നബി(സ) മുഖേന രക്ഷയെ അര്‍ത്ഥിക്കുന്നതിനാല്‍ ഒരിക്കലും എനിക്ക് നിരാശപ്പെടേണ്ടി വന്നിട്ടില്ല..നബി(സ)യുടെ സ്നേഹ ഹസ്തങ്ങളില്‍ നിന്ന് ഇരുലോക ഐശ്വര്യങ്ങള്‍ അര്‍ത്ഥിച്ചിട്ട് അവ ഔദാര്യനിധിയായ നബിയില്‍ നിന്ന് എനിക്ക് കിട്ടാതിരുന്നിട്ടില്ല”

എമ്പത്തി എട്ട് മുതല്‍ നൂറ്റിനാലു വരെയുള്ള വരികള്‍ നബി(സ)യുടെ ഏറ്റവും വലിയ മുഅ’ജിസത്തായ ഖുര്‍’ആനിനെ ക്കുറിച്ചുള്ളതാണ്..നൂറ്റിഅഞ്ജു മുതല്‍ നൂറ്റിപ്പതിനേഴ് വരെയുള്ള വരികളില്‍ ഇസ്’റാ‍അ-മിഅറാജ് യാത്രയെ അനുസ്മരിക്കുന്നു..

കവി വിവരിക്കുന്ന ശൈലി അത്യന്തം മനോഹരമാണ് “പൂര്‍ണ്ണചന്ദ്രന്‍ ഇരുട്ടുള്ള രാത്രിയില്‍ സഞ്ജരിക്കുന്നത് പോലെ അങ്ങ് ഒരു ഹറമില്‍ നിന്ന് മറ്റൊരു ഹറമിലേക്ക് സഞ്ജരിച്ചു. അതേരാത്രിയില്‍ ഏറ്റവും ഉന്നതമായ സ്ഥാനം ലഭിക്കുന്ന ഖാബഖൌസൈനിയിലേക്ക് കയറിച്ചെന്നു അതൊരാള്‍ക്കും ലഭ്യമല്ലാത്ത പദവിയാണ്.. അങ്ങേക്ക് വേണ്ടി സര്‍വ്വതും സമര്‍പ്പിക്കാനും സേവനം ചെയ്യാനും മുഴുവന്‍ പ്രവാചകന്മാരും അവിടെ ഹാജറായിരുന്നു” മൂന്ന് വരികളുടെ ഹ്രസ്വാര്‍ത്ഥമാണത്..

നൂറ്റിപ്പതിനെട്ട് മുതല്‍ നൂറ്റിമുപ്പത്തിഒമ്പത് വരെ നബി(സ)യുടെ ധീരതയെക്കുറിച്ചും യുദ്ധത്തെക്കുറിച്ചുമാണ് പറയുന്നത്..

നൂറ്റിനാല്പത് മുതല്‍ നൂറ്റിഅമ്പത്തി ഒന്ന് വരെ ഇടതേട്ടമാണ്..നബിയുമായുള്ളാ ബുസ്വീരി(റ)സ്നേഹബന്ധത്തെ മുന്‍’നിറുത്തി മഹാനവര്‍കള്‍ അല്ലാഹുവില്‍ നിന്ന് വല്ലതും പ്രതീക്ഷിക്കുന്നു..തനിക്ക് മുഹമ്മദ് എന്ന വിശുദ്ധനാമം ലഭിച്ചത് ഉള്‍പ്പെടെ പല ബന്ധങ്ങളും കവി എടുത്ത് പറയുകയും പ്രത്യാശാനിര്‍ഭരമായി മനസ്സ് തുറക്കുകയും ചെയ്യുന്നു..

നൂറ്റി അമ്പത്തിരണ്ടു മുതല്‍ (യാ അക്’റമല്‍ ഖല്‍ഖി മാ ലിമന്‍....)ഒമ്പത് വരികള്‍ ‘ഇരവ്’ ഭാഗമാണ്..മുത്ത് നബി(സ)യെ ഇടയാളനാക്കി ബുസ്വീരി(റ)തന്റെ ആഗ്രഹങ്ങള്‍ അള്ളാഹുവില്‍ സമര്‍പ്പിക്കുന്നു..ആശ്രയമറ്റവന് അവസാനത്തെ അത്താണിയാണ് തിരുനബിയോടുള്ള അഭ്യര്‍ത്ഥനയെന്ന് കവി പഠിപ്പിക്കുന്നു.. അര്‍ത്ഥസമ്പൂര്‍ണ്ണവും ആശയപൂര്‍ണ്ണവുമായ നൂറ്റി അറുപത് വരികളാണ് ഖസ്വീദത്തുല്‍ ബുര്‍ദ..അവസാന
വരി ‘മാറന്നഹത് അദബാതില്‍ ബാനി....’എന്ന വരിയാണ്..

ബുര്‍ദയുടെ കൂടെ പാരായണം ചെയ്യുന്ന ‘സുമ്മര്‍’രിളാ അന്‍’അബീ ബകരിന്‍.... വല്‍ ആലി...’ എന്നീ വരികള്‍ പിന്‍ കാലത്ത് കൂട്ടിച്ചേര്‍ത്തതാണ്..അതുപോലെ ചില ബുര്‍ദാപ്രതികളില്‍ കാണുന്ന ‘യാ റബ്ബി
ബില്‍മുസ്ഥഫാ....’ എന്ന വരിയും ബുര്‍ദയില്‍ പെട്ടതല്ല..ശൈഖ് അബൂബകര്‍ ജീലി(റ)യാണതിന്റെ രചയിതാവ്..

ഖസ്വീദത്തുല്‍ ബുര്‍ദക്ക് പ്രഗല്‍ഭ പണ്ഡിതരും ഗ്രന്ഥകര്‍ത്താക്കളും അറിയപ്പെട്ട കവികളും ധാരാളം വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്..ദശക്കണക്കിന് തന്നെ..ചില വ്യഖ്യാനങ്ങള്‍ക്ക് വേറെ വ്യാഖ്യാനങ്ങളും രചിക്കപ്പെട്ടു..ഇതെല്ലാം ബുര്‍ദയുടെ സമര്‍ത്ഥന ശൈലിയും സാഹിത്യവശങ്ങളും ഉള്ളടക്കത്തിന്റെ ഗഹനതയുമാണ് വിളിച്ചറിയിക്കുന്നത്..

പ്രവാചകപ്രേമത്തിന്റെ ഒരായിരം നിറക്കൂട്ടുകള്‍ വിരിയിച്ച ഖസ്വീദത്തുല്‍ ബുര്‍ദയുടെ രചയിതാവ് ഇമാം ബുസ്വീരി(റ)മിസ്’റിലെ ചിരപുരാതന നഗരമായ ഇസ്കന്തരിയ്യ:യിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്..കെട്ടിപ്പൊക്കിയ ഖുബ്ബയുടെ അരികില്‍ ബുര്‍ദാകാവ്യങ്ങള്‍ ആകര്‍ഷകമായി എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്, അനുഭവസ്ഥര്‍ പറഞ്ഞതോര്‍ക്കുന്നു..

പ്രവാചകപ്രേമികളെ സ്നേഹിക്കുവാനും അതുമൂലം നബി(സ)യുടെ സ്നേഹം ലഭിക്കുവാനും അള്ളാഹു നമ്മെ തുണക്കട്ടെ....ആമീന്‍