സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 19 May 2015

അന്സ്വാറുകള്‍ അതുല്യ പ്രണയികള്‍

യസ്രിബ് പ്രവാചകന്റെ ആതിഥ്യമണ്ണ്. സ്നേഹം കൊണ്ട് വിരുന്നൂട്ടിയവരുടെ ദേശവും. എല്ലാമവര്‍ നബിയോര്‍ക്ക് നല്‍കി. അതോടെ ആ ഊരുമാറി, അതിന്റെ പേരും. യസ്രിബ് മദീനയായി. അതേ, മദീനതുര്‍റസൂല്‍(സ്വ).
നുബുവ്വതിന്റെ പതിനൊന്നാം വര്‍ഷം യസ്രിബില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനാര്‍ത്ഥം മക്കയിലെത്തിയ ഖസ്റജികളായ ആറു പേര്‍ നബി(സ്വ)യെ കണ്ട് ഇസ്ലാം സ്വീകരിച്ചു. അവര്‍ നാട്ടിലേക്ക് തിരിച്ചു. പ്രസ്ഥാനത്തിന്റെ സന്ദേശം നാട്ടുകാരെ പരിചയപ്പെടുത്തി. പലരും വിശ്വാസികളായി. അടുത്ത വര്‍ഷം ഹജ്ജ് വേളയില്‍ തിരുമേനിയുമായി കാണാമെന്ന് യസ്രിബ് സംഘം കരാര്‍ ചെയ്തിട്ടുണ്ടായിരുന്നു.
അങ്ങനെ പന്ത്രണ്ടാം വര്‍ഷം പന്ത്രണ്ടുപേര്‍ മക്കയിലെത്തി. മിനായിലെ അഖബക്കരികില്‍ നബിയുമായി അഭിമുഖം നടത്തി. അന്ന് അവിടെ നടന്ന കരാര്‍ ഒന്നാം അഖബ ഉടമ്പടി എന്നപേരില്‍ അറിയപ്പെടുന്നു. സുപ്രധാനമായ ഏതാനും മതനിയമങ്ങള്‍ അംഗീകരിക്കണമെന്നതായിരുന്നു കരാറിന്റെ ഉള്ളടക്കം.
സംഘം തിരിച്ചുപോകുന്പോള്‍ അധ്യാപനത്തിനും പ്രബോധനത്തിനും മുസ്അബുബ്നു ഉമൈര്‍(റ) എന്ന ശിഷ്യനെ അവരുടെ കൂടെ അയച്ചു. എല്ലാ വീടുകളിലും ഇസ്ലാം എത്തുന്നതിന് ഇതു കാരണമായി. മദീനയിലെ പ്രമുഖര്‍ ഇസ്ലാമിന്റെ വക്താക്കളായി മാറി.
പതിമൂന്നാം വര്‍ഷം ഹജ്ജ് വേളയില്‍ മദീനയില്‍ നിന്ന് എഴുപത്തിയഞ്ച് പേര്‍ അടങ്ങുന്ന വലിയ സംഘം എത്തി. നബി(സ്വ)യുമായി രാത്രിസമയത്ത് അഖബക്കരികെ ഉടമ്പടി ചെയ്തു. തിരുമേനിയെ യസ്രിബിലേക്ക് ക്ഷണിക്കുകയും സ്വന്തം ഭാര്യാ സന്താനങ്ങളെ സംരക്ഷിക്കുന്നതുപോലെ തിരുമേനിയെ സംരക്ഷിക്കുമെന്ന് വാഗ്ദാനം നടത്തുകയും ചെയ്തു. ഇതാണ് രണ്ടാം അഖബാ ഉടമ്പടി.
രഹസ്യ ഉടമ്പടിയായിരുന്നുവെങ്കിലും സംഗതി ശത്രുക്കളുടെ കാതിലെത്തി. മര്‍ദനമുറകള്‍ ശതഗുണീഭവിച്ചു. മക്കയില്‍ വിശ്വാസി സമൂഹം തുല്യതയില്ലാത്ത മര്‍ദനം ഏറ്റുവാങ്ങേണ്ടിവന്നു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ മുസ്ലിംകളോട് യസ്രിബിലേക്ക് ഹിജ്റ ചെയ്യുവാ`ന്‍ തിരുനബി(സ്വ) ആജ്ഞാപിച്ചു. നാടും വീടും സമ്പത്തും സന്താനവും ഉപേക്ഷിച്ച് അവര്‍ യാത്രയായി. ഒറ്റക്കും കൂട്ടമായും അവര്‍ യാത്ര തുടര്‍ന്നു. നബി(സ്വ)യും സിദ്ദീഖ്(റ), അലി(റ) എന്നിവരും ഏതാനും മുസ്ലിംകളും മക്കയില്‍ ശേഷിച്ചു.
യസ്രിബ് അങ്ങനെ മുഹാജിറുകളുടെ രണ്ടാം വീടായി. പ്രവാചക പ്രഭുവിന്റെ ആഗമനത്തിനായി ആ നാടു ദാഹിച്ചു; നാട്ടുകാരും. മദീനാ നിവാസികള്‍ അക്ഷമരായി കാത്തിരുന്നു. ഒടുവില്‍ നബി(സ്വ)യും സിദ്ദീഖ്(റ)യും കൂടി ഹിജ്റ പുറപ്പെട്ടു. റബീഉല്‍ അവ്വല്‍ എട്ടിന് തിങ്കളാഴ്ച രാവിലെ യസ്രിബിന്റെ തെക്കുഭാഗത്ത് ഖുബാ ഗ്രാമത്തിലെത്തി. നാലുദിവസം അവിടെ വിശ്രമിച്ചു. ഖുബായില്‍ തിരുനബി(സ്വ) പ്രഥമ പള്ളി സ്ഥാപിച്ചു.
റബീഉല്‍ അവ്വല്‍ പന്ത്രണ്ട് വെള്ളിയാഴ്ച കാലത്ത് ഖുബായില്‍ നിന്നു വലിയ ഒരു സംഘത്തിന്റെ അകമ്പടിയോടെ പുറപ്പെട്ട നബി(സ്വ)യെ സ്വീകരിക്കാ`ന്‍ മദീനാ നിവാസികള്‍ അത്യാഹ്ലാദത്തോടെ പുറത്തിറങ്ങി. ഓരോ വീട്ടുകാരും ഒട്ടകത്തിന്റെ കടിഞ്ഞാണ് പിടിച്ച് അവരവരുടെ വീടുകളിലിറങ്ങാ`ന്‍ നബി(സ്വ)യെ ക്ഷണിച്ചു. അവിടുന്ന് പ്രതിവചിച്ചു: “നിങ്ങള്‍ ഈ വാഹനത്തെ വിടൂ, അതിന് പ്രത്യേക കല്‍പനയുണ്ട്’. അബൂ അയ്യൂബുല്‍ അന്‍സാരി(റ)യുടെ വീടിനു മുന്നില്‍ ഒട്ടകം മുട്ടുകുത്തി. മസ്ജിദുന്നബവി നിലവില്‍ വന്ന് അങ്ങോട്ട് മാറിത്താമസിക്കുന്നതുവരെ ആ വീട്ടില്‍ തന്നെയായിരുന്നു നബി(സ്വ)യുടെ വാസം.
യമനിലെ പ്രസിദ്ധമായ അണക്കെട്ടു പൊട്ടി പ്രളയമുണ്ടായതിനെ തുടര്‍ന്ന് പല കുടുംബങ്ങളും വിവിധ രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ത്തു. അതില്‍ ബനൂഖൈല ഗോത്രം യസ്രിബിലാണ് താമസിച്ചത്. ഔസ്, ഖസ്റജ് എന്നീ അറബ് വംശമാണ് ബനൂഖൈല. ഔസ് ഗോത്രത്തില്‍ പ്രസിദ്ധമായ പതിമൂന്ന് വംശങ്ങളുണ്ടായിരുന്നു. ഖസ്റജിലാകട്ടെ മുപ്പത്തിയാറ് വംശവും.
ഇസ്ലാമിന്റെ ആഗമനത്തിനുമുന്പ് പതിറ്റാണ്ടുകളോളം യുദ്ധം ചെയ്തും കലഹിച്ചും കഴിഞ്ഞ പാരമ്പര്യമായിരുന്നു ഔസിനും ഖസ്റജിനും ഉണ്ടായിരുന്നത്. യസ്രിബിലെ അറബ് വംശജരായ ഈ രണ്ടു വിഭാഗം ഇസ്ലാം സ്വീകരിച്ചതോടെ ഗോത്രനാമങ്ങള്‍ അപ്രത്യക്ഷമാവുകയും അന്‍സ്വാരികള്‍ (സഹായികള്‍) എന്ന പൊതുനാമം ലഭിക്കുകയും ചെയ്തതോടെ ചരിത്രം മറ്റൊന്നായി.
ഖുര്‍ആ`ന്‍ സാക്ഷ്യപ്പെടുത്തുന്നു: “നിങ്ങള്‍ അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക, ഒറ്റക്കെട്ടായി. നിങ്ങള്‍ ഭിന്നിച്ചു പോകരുത്. അല്ലാഹു നിങ്ങളില്‍ ചൊരിഞ്ഞ അനുഗ്രഹത്തെ നിങ്ങള്‍ സ്മരിക്കുവീ`ന്‍. നിങ്ങള്‍ പരസ്പരം വൈരികളായിരുന്നു. അവ`ന്‍ നിങ്ങളുടെ ഹൃദയങ്ങള്‍ തമ്മിലിണക്കി. അവന്റെ മഹത്തായ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരന്മാരായിത്തീര്‍ന്നു. ഒരഗ്നികുണ്ഠത്തിന്റെ വക്കിലായിരുന്നു നിങ്ങള്‍. അവ`ന്‍ നിങ്ങളെ അതില്‍ നിന്ന് രക്ഷിച്ചു’ (ആലുഇംറാ`ന്‍/103).
പ്രവാചകരുടെ നേതൃത്വം സ്വീകരിച്ച് മുന്‍കാല വൈരാഗ്യങ്ങളെല്ലാം മറന്ന് ഇരുവിഭാഗവും യഥാര്‍ത്ഥ സഹായികളായി എ്യെപൂര്‍ണമായ ജീവിതം നയിച്ചു. മക്കയില്‍ നിന്ന് അഭയം തേടി വന്ന മുഹാജിറുകള്‍ക്ക് വേണ്ടി അവര്‍ അര്‍പ്പിച്ച ത്യാഗസേവനങ്ങള്‍ ചരിത്രത്തില്‍ നിസ്തുലം. സ്നേഹനിര്‍ഭരമായ ആ സൗഹൃദഭാവം ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്കിടയില്‍ പോലും കാണുക അസാധ്യമാണ്.
സഹവര്‍ത്തിത്വത്തിന്റെ അതുല്യമായ അന്‍സ്വാരീ മാതൃകയെ ഖുര്‍ആ`ന്‍ ശ്ലാഘിക്കുന്നു: “മുഹാജിറുകള്‍ എത്തുന്നതിന് മുന്പേ സത്യവിശ്വാസികളായി കൊണ്ട് മദീനയില്‍ താമസിച്ചിരുന്ന (അന്‍സ്വാറുകള്‍) വര്‍ക്ക് കൂടിയുള്ളതത്രെ ഈ സമ്പത്ത്. അവരാകട്ടെ തങ്ങളിലേക്ക് പലായനം ചെയ്തെത്തിയവരെ സ്നേഹിക്കുന്നു. മുഹാജിറുകള്‍ക്ക് ലഭിച്ചതില്‍ യാതൊരാഗ്രഹവും അവരുടെ മനസ്സില്‍ തോന്നുകയില്ല. തങ്ങള്‍ക്കുതന്നെ ആവശ്യമുള്ളപ്പോള്‍ പോലും അവര്‍ മറ്റുള്ളവരുടെ ആവശ്യത്തിനു മുന്‍ഗണന നല്‍കുന്നു’ (ഹശ്ര്‍/8).
നബി(സ്വ)യുടെ സന്നിധിയില്‍ അന്‍സ്വാറുകള്‍ ചെന്നു ബോധിപ്പിച്ചു: “നബിയേ, ഇതാ ഞങ്ങളുടെ ഈത്തപ്പഴത്തോട്ടങ്ങള്‍. അത് ഞങ്ങളുടെ മുഹാജിറുകളായ സഹോദരന്മാര്‍ക്ക് വീതിച്ചുകൊടുത്താലും.’
ഊഷരഭൂമിയായ മക്കയില്‍ നിന്നെത്തിയ മുഹാജിറുകളില്‍ കൃഷിയുമായി ബന്ധപ്പെട്ടവര്‍ വിരളമായിരുന്നു. തിരുനബി(സ്വ) അവരോട് ഉണര്‍ത്തി: “ഇവര്‍ തോട്ടങ്ങളിലെ പണികള്‍ വശമുള്ളവരല്ല. തോട്ടങ്ങളില്ലാത്തയിടത്ത് നിന്ന് എത്തിയവരാണ്. അതുകൊണ്ട് നിങ്ങളുടെ തോട്ടങ്ങള്‍ നിങ്ങള്‍ തന്നെ പരിചരിക്കുകയും അതിലെ ആദായത്തില്‍ നിന്ന് ഒരു വിഹിതം അവര്‍ക്ക് നല്‍കുകയും ചെയ്തുകൂടേ?’
അന്‍സ്വാരികള്‍ യാതൊരു സങ്കോചവും കൂടാതെ തയ്യാറായി. മുഹാജിറുകള്‍ അന്‍സ്വാറുകളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ഇത്രത്തോളം ചെലവഴിക്കുകയും സ്നേഹം പകരുകയും ചെയ്ത ഒരു സമൂഹത്തെ ഞങ്ങള്‍ കണ്ടിട്ടില്ല. കുറഞ്ഞതില്‍ പോലും അവര്‍ ഞങ്ങളെ പങ്കാളികളാക്കിയെന്ന് മാത്രമല്ല ഞങ്ങളുടെ ചെലവുകളെല്ലാം ഏറ്റെടുക്കുകയും ചെയ്തു. ജോലികളില്‍ ഞങ്ങളെ പങ്കുകാരാക്കി. സര്‍വ പ്രതിഫലങ്ങളും അല്ലാഹുവില്‍ നിന്ന് അവര്‍ നേടിയെടുക്കുമോ എന്ന് ഞങ്ങള്‍ ഭയപ്പെട്ടു’ (അഹ്മദ്).
മദീനയില്‍ ബനൂഖുറൈള ഗോത്രക്കാരായ ജൂതന്മാരുപേക്ഷിച്ചുപോയ വീടുകള്‍ മുഹാജിറുകള്‍ക്ക് വീതിക്കപ്പെടുകയാണുണ്ടായത്. സഅ്ദുബ്നു മുആദ്(റ) പറഞ്ഞു: “അന്‍സ്വാരികളേ, മുഹാജിറുകളായ നമ്മുടെ സഹോദരന്മാര്‍ സ്വാശ്രയത്വം കൈവരിക്കട്ടെ.’ അന്‍സ്വാറുകള്‍ക്ക് അത് പൂര്‍ണ സമ്മതമായിരുന്നു.
ബഹ്റൈ`ന്‍ പ്രദേശം ഇസ്ലാമിക രാഷ്ട്രത്തില്‍ ഉള്‍പ്പെട്ട സന്ദര്‍ഭത്തില്‍ വിമുക്ത ഭൂമികള്‍ അന്‍സ്വാറുകള്‍ക്ക് നല്‍കാനായിരുന്നു നബി(സ്വ) ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് നല്‍കുന്നത്ര വിഹിതം മുഹാജിറുകള്‍ക്ക് നല്‍കിയാലല്ലാതെ ഞങ്ങള്‍ അതില്‍ യാതൊന്നും സ്വീകരിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് അവര്‍ വിശ്വാസ തീവ്രത പ്രകടിപ്പിക്കുകയുണ്ടായി. മുഹാജിറുകളില്‍ നിന്ന് നാല്‍പത്തിയഞ്ച് പേരുമായി സാഹോദര്യബന്ധം സ്ഥാപിക്കാ`ന്‍ പ്രവാചക തിരുമേനി കല്‍പിച്ച സന്ദര്‍ഭത്തില്‍ സ്വന്തം സ്വത്തില്‍ നിന്ന് അനന്തരാവകാശം നല്‍കി അന്‍സ്വാറുകള്‍ മുഹാജിറുകളെ സഹായിച്ചു.
അബ്ദുറഹ്മാനുബ്നു ഔഫ്(റ) എന്ന സ്വഹാബി പ്രമുഖനോട് സഅ്ദുബ്നു റബീഅ്(റ) എന്ന അന്‍സ്വാരി പറഞ്ഞു: “അന്‍സ്വാരികളുടെ കൂട്ടത്തില്‍ കൂടുതല്‍ സമ്പത്തുള്ളവരില്‍ ഒരാളാണ് ഞാ`ന്‍. എന്റെ സമ്പത്ത് താങ്കള്‍ക്ക് വിഹിതിച്ച് തരുന്നതോടൊപ്പം എന്റെ രണ്ടു ഭാര്യമാരില്‍ ഒരാളെ ഞാ`ന്‍ മോചനം ചെയ്ത് താങ്കള്‍ക്ക് നല്‍കുന്നു’. അബ്ദുറഹ്മാനുബ്നു ഔഫ്(റ) പ്രതിവചിച്ചു: “താങ്കള്‍ക്കും കുടുംബത്തിനും അല്ലാഹു ബറകത്ത് നല്‍കട്ടെ’ (സീറത്തുന്നബവിയ്യ, സൈനീദഹ്ലാ`ന്‍).
പ്രവാചക തിരുമേനിയുടെ ആഗമനത്തിന് മുന്പേ എത്തിയ മുഹാജിറുകളെ സ്വഭവനത്തില്‍ താമസിപ്പിക്കുവാനും സംരക്ഷണം ഏറ്റെടുക്കുവാനും അന്‍സ്വാറുകള്‍ക്കിടയില്‍ നറുക്കെടുപ്പ് നടത്തിയിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പിറന്ന നാട് വിടേണ്ടിവന്ന മുഹാജിറുകള്‍ക്ക് തുടക്കത്തില്‍ മദീനയിലെ താമസം പ്രയാസകരമായപ്പോള്‍ പ്രവാചക തിരുമേനിയുടെ പ്രാര്‍ത്ഥനയുണ്ടായി: “മക്കയെ ഞങ്ങള്‍ക്കെത്രമാത്രം ഇഷ്ടമുള്ളതാക്കിയോ, അതിലുപരിയായി മദീനയെ ഞങ്ങള്‍ക്ക് ആരോഗ്യദായകമാക്കി മാറ്റേണമേ’ (സീറതുന്നബവി).
പ്രവാചകരുടെ ആതിഥേയരാകാ`ന്‍ ഭാഗ്യം സിദ്ധിച്ച അബൂഅയ്യൂബുല്‍ അന്‍സ്വാരിയുടെ ഭവനം ചരിത്ര പ്രധാന്യമുള്ളതായിരുന്നു. അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ) പറയുന്നു: “ഞാനും ഭാര്യയും വീടിന് മുകളിലായിരുന്നു താമസിച്ചിരുന്നത്. തിരുനബി(സ്വ)യോട് ഞാ`ന്‍ പറഞ്ഞു: നബിയേ, അങ്ങു താഴെയും ഞങ്ങള്‍ മുകളിലുമായി താമസിക്കുകയെന്നത് വലിയ പ്രയാസമാണ്. അതുകൊണ്ട് അങ്ങ് മുകളില്‍ താമസിച്ചാലും. നബി(സ്വ) പറഞ്ഞു: എനിക്കും എന്റെ കൂടെയുണ്ടാകുന്നവര്‍ക്കും താഴെയാണ് സൗകര്യം’. ഏതാനും ദിവസം അങ്ങനെ കഴിഞ്ഞുവെങ്കിലും അബൂഅയ്യൂബ്(റ) മനസ്സിന് സമാധാനം വന്നില്ല. അദ്ദേഹം പറഞ്ഞു: നബിയേ, ഇന്നലെ ഞാനും ഭാര്യയും ഉറങ്ങിയതേയില്ല. അങ്ങേക്ക് വഹ്യുമായി മലക്കുകള്‍ ഇറങ്ങുന്പോള്‍ അങ്ങ് താഴെയായിപോകുന്നത് ഞങ്ങളെ ആശങ്കരാക്കുന്നു. ഒടുവില്‍ തിരുമേനി(സ്വ) മുകളിലേക്ക് താമസം മാറ്റി. അവര്‍ നബി(സ്വ)ക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കി മുകളിലേക്ക് എത്തിച്ചുകൊടുത്തു. ഓരോ ദിവസവും അന്‍സ്വാരീ ഭവനങ്ങളില്‍ നിന്ന് നബി(സ്വ)ക്കുള്ള ഭക്ഷണങ്ങളുമായി അബൂഅയ്യൂബ്(റ)ന്റെ വീടിനു മുന്പില്‍ ആളുകള്‍ തടിച്ചുകൂടി. ഏഴു മാസക്കാലം അദ്ദേഹത്തിന്റെ വീട്ടില്‍ അവിടുന്നു താമസിച്ചു.
അദ്ദേഹം ഒരനുഭവം പങ്കുവെക്കുന്നു: “”ഹിജ്റ വന്ന ദിവസം നബി(സ്വ)ക്കും സിദ്ദീഖ്(റ)വിനും മാത്രം കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കിയപ്പോള്‍ പ്രവാചകര്‍ അദ്ദേഹത്തോടു പറഞ്ഞു: “അന്‍സ്വാരികളായ മുപ്പത് പ്രധാനികളെ വിളിക്കൂ.’ ആ മുപ്പതുപേരും രണ്ടാള്‍ക്കുള്ള ഭക്ഷണത്തില്‍ പങ്കാളികളായി. പിന്നീട് വീണ്ടും അറുപത് പേരെ ഭക്ഷണത്തിനായി ക്ഷണിക്കാ`ന്‍ ആവശ്യപ്പെട്ടു. അവരും വന്നു ഭക്ഷണം വയറുനിറയെ കഴിച്ചു. പിന്നീട് എഴുപത് പേരെ വിളിച്ചു. അവരും സംതൃപ്തരായി എന്നു മാത്രമല്ല, ഈ മുഅ്ജിസത് ദര്‍ശിച്ച അവരൊക്കെയും നബിയുമായി ബൈഅത്ത് ചെയ്യുകയുമുണ്ടായി” (ത്വബ്റാനി, ബൈഹഖി).
മസ്ജിദുന്നബവിയുടെ നിര്‍മാണത്തിനാവശ്യമായ ഭൂമി ബനൂ നജ്ജാറുകളില്‍ നിന്ന് നബി(സ്വ) വിലയ്ക്ക് ആവശ്യപ്പെട്ടു. അവര്‍ പറഞ്ഞു: “നബിയേ, അല്ലാഹുവില്‍ നിന്ന് മാത്രമേ അതിന്റെ വില ഞങ്ങള്‍ ആവശ്യപ്പെടൂ’. പക്ഷേ, നബി(സ്വ) പത്തു സ്വര്‍ണനാണയം നല്‍കി മാത്രമേ അതു സ്വീകരിച്ചുള്ളൂ. പള്ളിയുടെ നിര്‍മാണത്തില്‍ അന്‍സ്വാരികളുടെയും മുഹാജിറുകളുടെയും ആവേശം കണ്ട നബി(സ്വ) സന്തോഷത്തോടെ പറഞ്ഞു: “അല്ലാഹുവേ, പ്രതിഫലം ആഖിറത്തിലേതാണ്. അന്‍സ്വാരികള്‍ക്കും മുഹാജിറുകള്‍ക്കും നീ പൊറുക്കുക.’
പിന്നീട് ഇസ്ലാമിക പ്രചാരണത്തില്‍ അന്‍സ്വാരികളുടെ സജീവ പങ്കാളിത്തമാണുണ്ടായത്. ഒരു ഇസ്ലാമിക സ്റ്റേറ്റിന്റെ പൊതു സ്വഭാവത്തിലേക്ക് മദീന ഉയര്‍ന്നുകഴിഞ്ഞപ്പോള്‍ വിവിധ നാടുകളില്‍ നിന്നു സംഘം സംഘമായി വിശുദ്ധ ദീനിലേക്ക് ആളുകള്‍ ചേര്‍ന്നുതുടങ്ങി. സംഘശക്തി കുറഞ്ഞതിനാലും യുദ്ധാനുമതി ലഭിക്കാതിരുന്നതിനാലും മക്കയില്‍ വെച്ച് ശത്രുക്കളുമായി ഒരേറ്റുമുട്ടലിന് പ്രവാചകര്‍ തയ്യാറായില്ല.
മദീനയിലെത്തിയതിന് ശേഷം നബി(സ്വ) അതിവിദഗ്ധനായ സൈന്യാധിപന്റെ നേതൃപാടവത്തോടെ അനുയായികളെ യുദ്ധ തന്ത്രജ്ഞരാക്കിയെടുത്തെങ്കിലും നേരിട്ടൊരു യുദ്ധത്തിന് തയ്യാറാവാതെ തങ്ങളുടെ സമ്പത്ത് കയ്യടക്കി അനുഭവിച്ചുകൊണ്ടിരുന്ന ഖുറൈശീ വര്‍ത്തകസംഘത്തിന്റെ കച്ചവടമുതല്‍ പിടിച്ചെടുക്കാ`ന്‍ ചെറുസംഘത്തെ പറഞ്ഞയക്കുകയായിരുന്നു. 29 യുദ്ധങ്ങളില്‍ നബി(സ്വ) നേരിട്ട് പങ്കെടുക്കുകയും 47 യുദ്ധസംഘത്തെ യാത്രയാക്കുകയും ചെയ്തു. ഓരോന്നിലും അന്‍സ്വാരികളുടെ ഭാഗഥേയം ചരിത്രം വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. എന്നല്ല, അന്‍സ്വാരികള്‍ രചിച്ച വീരേതിഹാസത്തെ അനാവരണം ചെയ്യുന്ന കൃതികള്‍ ഏറെയാണ്.
നബി(സ്വ) ബദ്റില്‍ പോകുവാനുള്ള തയ്യാറെടുപ്പിന്റെ രംഗം, മുഹാജിറുകളായ ഉന്നതന്മാര്‍ യുദ്ധത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തി ആവേശം കാണിച്ചുവെങ്കിലും നബി(സ്വ)യെ അത് തൃപ്തനാക്കിയില്ല. അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്നോടു പങ്കുവെക്കൂ’.
പലയാവര്‍ത്തി നബി(സ്വ) ഇതു പറഞ്ഞപ്പോള്‍ അന്‍സ്വാരികളുടെ നേതാവായ സഅ്ദുബ്നു മുആദ്(റ) പറഞ്ഞു: “നബിയേ, അങ്ങു ഞങ്ങളെയാണുദ്ദേശിച്ചതെന്നു തോന്നുന്നു?’
അതേയെന്നു നബി(സ്വ) പറഞ്ഞു. സഅദ്(റ)ന്റെ ഉറച്ച പ്രഖ്യാപനം: “അങ്ങയില്‍ വിശ്വസിച്ചവരാണ് ഞങ്ങള്‍. അങ്ങയുടെ സര്‍വസ്വവും സംരക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തവരുമാണ്. തങ്ങളോടൊപ്പം മരുഭൂമികള്‍ താണ്ടാ`ന്‍ ഞങ്ങള്‍ സന്നദ്ധരാണ്. അല്ലാഹു സത്യം, സമുദ്രത്തിലേക്ക് അങ്ങിറങ്ങിയാല്‍ ഞങ്ങളില്‍ ഒരൊറ്റയാളും ഒഴിവാകാതെ അങ്ങയോടൊപ്പം ഞങ്ങളുമിറങ്ങും. അങ്ങയുടെ മുന്നിലും പിന്നിലും ഇടത്തും വലത്തും ഞങ്ങള്‍ നിലയുറപ്പിക്കും.’
പ്രവാചകരുടെ മനോമുകുരത്തെ ത്രസിപ്പിക്കുന്നതായിരുന്നു ഈ പ്രഖ്യാപനം. മാത്രമല്ല, മദീനയിലെ ഓരോ വീടിലും കയറിയിറങ്ങി ധര്‍മസമരത്തിന് ജനങ്ങളെ അദ്ദേഹം പ്രേരിപ്പിച്ചിരുന്നതായി ഇമാം സുര്‍ഖാനി(റ) രേഖപ്പെടുത്തുന്നു.
ബദ്റിലെ മുസ്ലിം പോരാളികളിലെ മുക്കാല്‍ ഭാഗവും അന്‍സ്വാരികളായിരുന്നു. ഔസ് വിഭാഗത്തില്‍ നിന്ന് അറുപത്തിമൂന്ന് പേരും ഖസ്റജില്‍ നിന്ന് നൂറ്റിയെഴുപത്തിയഞ്ചു പേരുമായി മൊത്തം ഇരുന്നൂറ്റി മുപ്പത്തിയെട്ട് അന്‍സ്വാരികള്‍ പങ്കെടുത്തതായി താരീഖ് ഇബ്നു സഅ്ദ് രേഖപ്പെടുത്തുന്നു.
യുദ്ധം കൊടുന്പിരികൊണ്ട സന്ദര്‍ഭത്തില്‍ നബി(സ്വ)ക്ക് വേണ്ടി നിര്‍മിച്ച തന്പിനു മുന്നില്‍ സഅ്ദ്ബ്നു മുആദും ഒരുകൂട്ടം അന്‍സ്വാറുകളും സംരക്ഷണാര്‍ത്ഥം അണിനിരന്നു. അന്‍സ്വാരികളില്‍ നിന്ന് ബദ്റില്‍ ആദ്യം ശഹീദായത് ഉമൈറുബ്നുല്‍ ഹുമാം(റ)വാണ്, പിന്നീട് ഹാരിസതുബ്നു സുറാഖ(റ)വും. മൊത്തം എട്ട് അന്‍സ്വാറുകള്‍ അന്നു ശഹീദായി.
ഉഹ്ദ് യുദ്ധം മുസ്ലിംകളെ സംബന്ധിച്ചിടത്തോളം കഠിന പരീക്ഷയായിരുന്നു. യുദ്ധത്തിനായി പുറപ്പെട്ടവരില്‍ മുന്നൂറോളം കപടവിശ്വാസികള്‍ തിരിച്ചുപോയി. ശേഷിച്ചവരുമായി നബി(സ്വ) പുറപ്പെട്ടു. ഹബാബ്ബ്നുല്‍ മുന്‍ദിര്‍(റ)വായിരുന്നു ഖസ്റജികളില്‍ നിന്നു കൊടിയേന്തിയിരുന്നത്. ഔസുകളില്‍ നിന്ന് ഉസൈദ്ബ്നു ഹുജൈര്‍(റ)വും.
യുദ്ധത്തിന്റെ പ്രാരംഭത്തില്‍ മുസ്ലിം സേനക്ക് വ`ന്‍ വിജയമാണുണ്ടായത്. ശത്രുപക്ഷത്തുള്ള പന്ത്രണ്ടുപേരെ തുടര്‍ച്ചയായി കൊലപ്പെടുത്തി മുസ്ലിം സേന മുന്നേറിയപ്പോള്‍ ശത്രുപക്ഷം പിന്തിരിഞ്ഞോടി. പക്ഷേ, അല്‍പം കഴിഞ്ഞ് അവര്‍ തിരിച്ചുവന്ന് അപ്രതീക്ഷിത ആക്രമണം നടത്തി. മുസ്ലിം സൈന്യം ഭയചകിതരായി.
മുഹാജിറുകളുടെ കൊടിയേന്തിയ മുസ്അബ്ബ്നു ഉമൈര്‍(റ) വധിക്കപ്പെട്ടു. തിരുനബി(സ്വ)യാണ് വധിക്കപ്പെട്ടതെന്ന കിംവദന്തി പ്രചരിച്ചപ്പോള്‍ കുറേ പേര്‍ പിന്തിരിഞ്ഞോടി. ചിലര്‍ നബി(സ്വ)യുടെ സുരക്ഷ ഏറ്റെടുത്തു. എട്ട് മുഹാജിറുകളും ഏഴ് അന്‍സ്വാറുകളും നബി(സ്വ)ക്ക് സംരക്ഷണം തീര്‍ത്തു. മൊത്തം എഴുപത് മുസ്ലിംകള്‍ ശഹീദായി. അതില്‍ അറുപത്തിനാലും അന്‍സ്വാറുകളായിരുന്നു.
മുഹാജിറുകളില്‍ പെട്ട മുസ്അബ്(റ)ന്റെ രക്തസാക്ഷിത്വം ദാരുണമായിരുന്നു. ആദ്യം വലതുകരം ഛേദിക്കപ്പെട്ടു. കൈയിലുള്ള കൊടി ഇടതുകൈയില്‍ പിടിച്ചു. പിന്നീട് ഇടതുകൈയും ഛേദിക്കപ്പെട്ടു. രണ്ടു തോളുകൊണ്ട് മാറിലേക്ക് ചേര്‍ത്തി കൊടിയുയര്‍ത്തി അദ്ദേഹം ഈ ഖുര്‍ആ`ന്‍ വചനം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു: “മുഹമ്മദ് അല്ലാഹുവിന്റെ ദൂത`ന്‍ മാത്രമാണ്, അവിടുത്തേക്ക് മുന്പേ പ്രവാചകന്മാര്‍ കഴിഞ്ഞുപോയി.’
പിന്നീടദ്ദേഹം കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന കൊടി അലി(റ) ഏറ്റുവാങ്ങി. അബൂദുജാന(റ) ഉഹ്ദില്‍ സ്വന്തം ശരീരം നബിക്ക് മുന്പില്‍ പരിചയാക്കി. അന്പുകള്‍ മുഴുവനും ശരീരം കൊണ്ട് തടുത്തു. ഖതാദ(റ)ന്റെ കണ്ണ് അന്പേറ്റ് പുറത്തേക്ക് തൂങ്ങി. മുറിവേറ്റ കണ്ണുമായി പ്രവാചക സവിധത്തിലെത്തിയ ഖതാദ(റ)യോട് ക്ഷമിച്ചാല്‍ സ്വര്‍ഗമുണ്ടെന്നും വേണമെങ്കില്‍ കണ്ണ് പൂര്‍വസ്ഥിതിയിലാക്കാം എന്നു നബി(സ്വ) വാഗ്ദാനം ചെയ്തപ്പോള്‍ രണ്ടും വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സുഖപ്പെടുകയും ചെയ്തു.
യുദ്ധാനന്തരം നബി(സ്വ) സഅ്ദുബ്നു റബീഇന്(റ) എന്തു പറ്റിയെന്നന്വേഷിക്കാ`ന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് അന്പുകള്‍ പാഞ്ഞുചെല്ലുന്നത് നബി(സ്വ) കണ്ടിരുന്നു. ഉബയ്യുബ്നു കഅ്ബ്(റ) അദ്ദേഹത്തെ അന്വേഷിച്ചു പോകുന്പോള്‍ പ്രവാചകര്‍(സ്വ) പറഞ്ഞു: അദ്ദേഹത്തിനു ജീവനുണ്ടെങ്കില്‍ എന്റെ സലാം പറയണം. ഒടുവില്‍ അദ്ദേഹത്തെ കണ്ടെത്തി. അന്ത്യശ്വാസം വലിക്കുന്ന സമയം ഉബയ്യ്(റ) സഅ്ദ്(റ)നോട് പറഞ്ഞു:
“താങ്കളെ അന്വേഷിക്കാ`ന്‍ നബി(സ്വ) എന്നെ പറഞ്ഞയച്ചതാണ്’
“താങ്കള്‍ എന്റെ സലാം നബിയോട് പറയുക, അന്‍സ്വാരികളോടും എന്റെ സലാം പറയുക. നബിയെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും ലൈലതുല്‍ അഖബയിലെ ഉടമ്പടി നിറവേറ്റണമെന്നും അന്‍സ്വാരികളെ അറിയിക്കുക’
അതുപറഞ്ഞ് അദ്ദേഹം ശഹീദായി. പ്രവാചകര്‍ (സ്വ) സഅ്ദ്(റ)ന് വേണ്ടി പ്രാര്‍ത്ഥിച്ചത് ഇങ്ങനെ: “മരണത്തിലും ജീവിതത്തിലും അല്ലാഹുവിനും റസൂലിനും വേണ്ടി ഉപദേശിച്ച സഅ്ദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ.’
യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ സ്വഹാബികളെ ഒരു അന്‍സ്വാരീ വനിത കാണുകയുണ്ടായി. തന്റെ പിതാവും സഹോദരനും ഭര്‍ത്താവും ശഹീദായ വാര്‍ത്തയറിഞ്ഞ അവരുടെ പ്രതികരണം, എന്റെ പ്രവാചകനെ എനിക്ക് കാണിച്ചുതരൂ എന്നായിരുന്നു. നബി(സ്വ)യുടെ അടുത്തേക്ക് അവര്‍ എത്തി. നബിയെ കണ്ട് ആ മഹതി പറഞ്ഞു: “നബിയേ, എന്റെ മാതാപിതാക്കളെ അങ്ങേക്കു സമര്‍പ്പിക്കുന്നു. താങ്കള്‍ സുരക്ഷിതനായാല്‍ എനിക്കൊന്നും പ്രയാസമല്ല.’
പിന്നീട് നടന്ന പ്രധാന യുദ്ധങ്ങളായ ഖന്തഖ്, ബനീഖുറൈള, തബൂക് തുടങ്ങിയവയിലും അന്‍സ്വാരികളുടെ സജീവ സാന്നിധ്യം കാണാം. അന്‍സ്വാരികളുടെ നേതാവായ സഅ്ദുബ്നു മുആദ്(റ)ന് ഖന്തഖില്‍ വലിയ മുറിവേറ്റു. വഞ്ചകരായ ബനൂഖുറൈള ജൂതരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നതുവരെ എന്നെ നീ മരിപ്പിക്കരുതേ എന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു.
ബനൂഖുറൈളയുടെ വിഷയത്തില്‍ തീരുമാനമെടുക്കാ`ന്‍ നബി(സ്വ) സഅദ്(റ)നോട് ആവശ്യപ്പെട്ടു. അവരിലെ പുരുഷന്മാരെ കൊലചെയ്യാനും സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കാനുമായിരുന്നു സഅദ്(റ)ന്റെ വിധി. അല്ലാഹുവിന്റെ വിധിയും അതുതന്നെയെന്നു പറഞ്ഞു സഅ്ദ്(റ)ന്റെ വിധിയെ നബി(സ്വ) സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ മറ്റൊരു പ്രാര്‍ത്ഥന ഇങ്ങനെയായിരുന്നു: “ഖുറൈശികളുമായി ഇനിയൊരു യുദ്ധം ഉണ്ടാകുന്നപക്ഷം നീ എന്നെ ജീവിപ്പിക്കുകയും, ഇല്ലെങ്കില്‍ ഈ മുറിവുമായി എന്നെ മരിപ്പിക്കുകയും ചെയ്യണേ.’ ആ പ്രാര്‍ത്ഥനയും സ്വീകരിക്കപ്പെട്ടു. ഖുറൈശികളുമായി പിന്നീട് യുദ്ധം ഉണ്ടായില്ല. ആ മുറിവില്‍ നിന്ന് രക്തം വാര്‍ന്ന് സഅ്ദ്(റ) രക്തസാക്ഷിത്വം വരിച്ചു.
അല്ലാഹുവിന്റെ അര്‍ശ് സഅ്ദ്(റ)ന്റെ മരണത്തിനാല്‍ വിറച്ചു’ എന്ന് പ്രവാചകര്‍. എഴുപതിനായിരം മലക്കുകള്‍ അദ്ദേഹത്തിന്റെ ജനാസയില്‍ പങ്കെടുത്തുവെന്നും നിവേദനമുണ്ട്.
ഹിജ്റയുടെ എട്ടാം വര്‍ഷം മക്കം ഫത്ഹിനായി നബി(സ്വ)യും പതിനായിരത്തോളം വരുന്ന സ്വഹാബികളും പുറപ്പെട്ടു. സ്വന്തം രാജ്യത്തേക്കുള്ള ആ തിരിച്ചുവരവ് വിജയശ്രീലാളിതനായ ഒരു സൈന്യാധിപന്റെ അഹങ്കാരത്തോടെയായിരുന്നില്ല. രക്തച്ചൊരിച്ചിലോ സംഘട്ടനമോ ഒന്നുമില്ലാതെ സമാധാനപരമായ ഒരു സൈനിക നീക്കമായിരുന്നു അത്. ആരുമായും നബി(സ്വ)ക്ക് ഏറ്റുമുട്ടേണ്ടി വന്നില്ല.
ഖുറൈശികളെ വിളിച്ച് നബി(സ്വ) പറഞ്ഞു: “നിങ്ങളെല്ലാം സ്വന്തം ഭവനങ്ങളിലേക്കു പോകൂ, നിങ്ങള്‍ പൂര്‍ണ സ്വതന്ത്രരാണ്’.
റമളാ`ന്‍ പത്തിനു മദീനയില്‍ നിന്ന് പുറപ്പെട്ട നബിയും സ്വഹാബികളും മക്കയില്‍ പതിനെട്ടു ദിവസം താമസിച്ചു. മക്കാ നിവാസികളോടുള്ള പ്രവാചകരുടെ കാരുണ്യവും സമീപനവും കണ്ട് അവിടുന്ന് മദീനത്തേക്ക് മടങ്ങില്ലെന്ന് അന്‍സ്വാറുകള്‍ ഉറപ്പിച്ചു. അവര്‍ പരസ്പരം പറഞ്ഞു: “കുടുംബങ്ങളോടുള്ള ദയയും സ്വനാടിനോടുള്ള അനുകമ്പയുമാണ് ദൂതര്‍ക്ക്.’
സ്വഫാ കുന്നില്‍ പ്രാര്‍ത്ഥനാ നിരതനായിരുന്ന പ്രവാചകരെ ഈ വൃത്താന്തം ജിബ്രീല്‍(അ) അറിയിച്ചു. ഉട`ന്‍ അവിടുന്ന് അന്‍സ്വാരികളോട് പറഞ്ഞു: “ഇല്ല, ഞാ`ന്‍ അല്ലാഹുവിന്റെ അടിമയും ദൂതനുമാണ്. അല്ലാഹുവിലേക്കും നിങ്ങളിലേക്കും ഹിജ്റ വന്നയാളാണ്. ജീവിതവും മരണവും നിങ്ങളോടു കൂടെതന്നെ. അവര്‍ പൊട്ടിക്കരഞ്ഞു പറഞ്ഞു: “നബിയേ, അങ്ങയുടെ സാന്നിധ്യം ഇനി ഞങ്ങള്‍ക്കു നഷ്ടപ്പെടുമെന്ന് കരുതി ഞങ്ങള്‍. അങ്ങുമായുള്ള വിരഹം ഞങ്ങള്‍ക്കു സഹിക്കാനാവില്ല നബിയേ.’
പ്രവാചകരുടെ സമാശ്വാസം. അന്‍സ്വാറുകള്‍ സന്തോഷതുന്ദിലരായി. മദീനയുടെ മണ്ണും വായുവും അത്രമേല്‍ ആര്‍ദ്രമായിരുന്നു. പരസ്പര സ്നേഹത്തിന്റെ സ്നിഗ്ധത. ആ പുണ്യ ശരീരവും ആ മണലാരണ്യം കയ്യേറ്റുവാങ്ങി. സര്‍പ്പം മാളത്തിലേക്കെന്ന പോലെ വിശ്വാസം മദീനയിലേക്ക് മടങ്ങുമെന്ന് തിരുമൊഴി. ലോക വിശ്വാസികള്‍ മദീനതുര്‍റസൂലിനെ അത്രയേറെ പ്രണയിക്കും; അന്‍സ്വാറുകളെയും.