അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതായി
ശദ്ദാദുബിന്‍ ഔസ് (റ) ഉദ്ധരിക്കുന്നു: “സ്വശരീരത്തെ വിചാരണ ചെയ്തു
കീഴടക്കുകയും മരണാനന്തര സൌഭാഗ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും
ചെയ്തവനാണ് ബുദ്ധിശാലി. സ്വശരീരത്തെ അതിന്റെ ഇച്ഛക്കൊത്തു
ചലിപ്പിക്കുകയും എന്നിട്ട് അല്ലാഹുവിന്റെ പേരില്‍ വ്യാമോഹം
വെച്ചുപുലര്‍ത്തുകയും ചെയ്തവനാണ് ദുര്‍ബലന്‍” (തുര്‍മുദി, ഇബ്നുമാജ).
മനുഷ്യന്റെ ഭാഗധേയനിര്‍ണയത്തില്‍ സുപ്രധാനമായ ഒരു
ഘടകമാണ് ബുദ്ധിയെന്ന പ്രതിഭാസം. അവന്റെ സകല യശസ്സിനും പുരോഗതിക്കും നിദാനം
ബുദ്ധിയാണ്.എന്താണു ബുദ്ധി? ബുദ്ധി അളക്കാനുള്ള മാനദണ്ഡം
എന്താണ്? ആരാണു ബുദ്ധിമാന്‍?
ബഹുഭൂരിപക്ഷം വ്യക്തികളും ശരാശരി
ബുദ്ധിയുള്ളവരാണെന്നും എന്നാല്‍ അതിബുദ്ധിയുള്ളവരും ബുദ്ധിശൂന്യരും
താരതമ്യേന കുറവാണെന്നും ജനിതക ശാസ്ത്രജ്ഞര്‍ പറയുന്നു. ബുദ്ധി
അളക്കുന്നതിന് ഇന്ന് വളരെ പ്രചാരത്തിലുള്ള മാര്‍ഗം ബുദ്ധിഭാഗഫലം
അഥവാ ഐക്യു (കിലേഹഹശഴലിരല ഝൌീശേലി) രീതിയാണ്. വ്യക്തിയുടെ മാനസിക വയസ്സിനെ
യഥാര്‍ഥ വയസ്സുകൊണ്ട് ഹരിച്ചുകിട്ടുന്ന ഫലത്തെ 100 കൊണ്ട്
ഗുണിച്ചാണ് ഇതു കണ്ടെത്തുന്നത്. നൂറ് ഐക്യു ഉള്ളവരെ ശരാശരി
ബുദ്ധിയുള്ളവരെന്നും നൂറ്റിമുപ്പതോ അതിലധികമോ ഐക്യു ഉള്ളവരെ
അതിബുദ്ധിമാന്മാരെന്നും 70 മുതല്‍ 50 വരെ ഐക്യു ഉള്ളവരെ
ക്ഷീണബുദ്ധികളെന്നും 50 മുതല്‍ 20 വരെ ഐക്യു ഉള്ളവരെ ദുര്‍ബല
ബുദ്ധികളെന്നും അതിലും കുറഞ്ഞവരെ വിഡ്ഢികളെന്നും പറയുന്നു(ജനിതകപഠനം
(കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്. പേജ്, 109.)
ഇത് ബുദ്ധിയുടെ ഭൌതിക വീക്ഷണമാണ്. ആത്മീയ
വീക്ഷണം മറ്റൊന്നാണ്. ഭൌതിക മാനദണ്ഡം വെച്ച് അളക്കുമ്പോള്‍ ശരാശരി
ബുദ്ധിയും അതിബുദ്ധിയും ദുര്‍ബല ബുദ്ധിയും വിഡ്ഢിയുമൊക്കെ
ഉണ്ടാകുന്നതുപോലെ ആത്മീയ വീക്ഷണത്തിലും ഈയിനങ്ങളെല്ലാമുണ്ട്.
മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണെന്നുമാത്രം. ഇത് മനസ്സിലാക്കാന്‍ വിശ്രുത
ആത്മീയ ഭിഷഗ്വരനായ ഇമാം ഗസ്സാലി(റ)യുടെ വിശദീകരണം സഹായകമാണ്.
‘നാല് അര്‍ഥത്തില്‍ ബുദ്ധി ഉപയോഗിക്കാറുണ്ട്.
ഒന്ന് ചിന്താപരമായ വിവരങ്ങള്‍ ഗ്രഹിക്കുന്നതിനു സഹായകമായ ഒരു സഹജസിദ്ധി.
പ്രകൃതിപരമായ ഈ കഴിവുകൊണ്ടാണ് മനുഷ്യന്‍ മൃഗത്തില്‍ നിന്ന്
വേര്‍പിരിയുന്നത്. ഒരു ജീവി അചേതന വസ്തുവില്‍ നിന്നു
വേര്‍പിരിയുന്നതു സ്വതന്ത്ര ചലനങ്ങള്‍ക്കും പഞ്ചേന്ദ്രിയ ജ്ഞാനങ്ങള്‍ക്കും
സഹായകമായ ജീവന്‍ കൊ ണ്ടാണല്ലോ? അപ്രകാരം തന്നെ മനുഷ്യന്‍ ഇതര
ജീവികളില്‍നിന്നു വേര്‍പിരിയുന്നത് ചി ന്തക്കും തജ്ജന്യമായ
വിവരങ്ങള്‍ക്കും സഹായകമായ ബുദ്ധികൊണ്ടാണ്.
വകതിരിവു പ്രായത്തിലെത്തുന്നതോടെ കുട്ടികള്‍ക്കു
ലഭിക്കുന്ന ലളിത ജ്ഞാനങ്ങള്‍ക്കാണ് രണ്ടാമതായി ബുദ്ധിയെന്ന പദം
പ്രയോഗിക്കുന്നത്. രണ്ട് ഒന്നിനേക്കാള്‍ വലുതാണ്. ഒരു വസ്തു
ഒരേ സമയം രണ്ടിടത്ത് ഉണ്ടാവില്ല; ഇത്യാദി വിവരങ്ങള്‍ ഈ ലളിത
ജ്ഞാനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഈ ബുദ്ധിയിലൂടെയാണ് കാര്യങ്ങളുടെ
സംഭവ്യതയും അസംഭവ്യതയുമെല്ലാം മനസ്സിലാക്കുന്നത്.
പരീക്ഷണങ്ങളിലൂടെ നേടിയെടുക്കുന്ന അനുഭവജ്ഞാനങ്ങള്‍ക്കാണ്
മൂന്നാമതായി ബുദ്ധിയെന്നു പറയുന്നത്. പരിചയ സമ്പന്നനല്ലാത്തവനെ
വിഡ്ഢിയെന്നു പറയാറുണ്ടല്ലോ?
കാര്യങ്ങള്‍, അവയുടെ പരിണതികള്‍
ചിന്തിച്ചുകൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്നതിനുള്ള ആര്‍ജ്ജവശക്തിക്കാണ്
നാലാമതായി ബുദ്ധിയെന്നു പ്രയോഗിക്കുന്നത്. ഈ ധൈഷണികശക്തി
താല്‍ക്കാലികമായ ആസ്വാദനത്തിനു പ്രേരകമായി വര്‍ത്തിക്കുന്ന ശരീരേച്ഛയെ
അമര്‍ച്ചചെയ്ത് ആത്മനിയന്ത്രണം കൈക്കൊണ്ട് ജീവിതവിജയം വരിക്കാന്‍
മനുഷ്യനെ സഹായിക്കുന്നു.
ഒന്നാമത്തെ അര്‍ഥത്തിലുള്ള ബുദ്ധിയാണ്
വിവേകത്തിന്റെയും വിജ്ഞാനത്തിന്റെയും അടിസ്ഥാനവും സ്രോതസ്സും. രണ്ടാമത്തേത്
അതിനോട് അടുത്തുനില്‍ക്കുന്ന ശാഖയാണ്. മൂന്നാമത്തേത്
ഒന്നാമത്തേതിന്റെയും രണ്ടാമത്തേതിന്റെയും ശാഖയും. കാരണം
സഹജബുദ്ധിയും സ്പഷ്ടമായ ജ്ഞാനങ്ങളും മുഖേനയാണ് അനുഭവജ്ഞാനങ്ങള്‍
ഉണ്ടാകുന്നത്.നാലാമത്തേതാണ് അന്തിമഫലം. ആ അന്തിമഫലമാണ് പരമമായ
ലക്ഷ്യം. ഒന്നും രണ്ടും കഴിവുകള്‍ പ്രകൃത്യാ ലഭിക്കുന്നതാണ്.
മൂന്നും നാലും കഴിവുകളാകട്ടെ സമ്പാദനത്തിലൂടെയാണ് ലഭിക്കുന്നത്. ഈ നാലു
ശക്തികളെയും ഇപ്രകാരം രണ്ടു ഗണങ്ങളായി തിരിച്ചുകൊണ്ടു ഹസ്രത്ത്
അലി (റ) ആലപിക്കുകയുണ്ടായി:
‘ബുദ്ധിയെ ഞാന്‍ രണ്ടായി കണ്ടിരിക്കുന്നു. ഒന്ന്,
പ്രകൃതിദത്തവും മറ്റൊന്നു ശ്രവണദത്തവും. പ്രകൃതിദത്തമായത്
ഉണ്ടായില്ലെങ്കില്‍ ശ്രവണ ലഭ്യമായതു ഫലപ്പെടില്ല; കണ്ണിന്റെ
കാഴ്ച വിലക്കപ്പെട്ടാല്‍ സൂര്യപ്രകാശം ഫലപ്പെടില്ലെന്നപോലെ’.
അല്ലാഹുവിന്റെ പ്രവാചകന്‍ (സ്വ) തന്റെ ശിഷ്യന്‍
അബൂദര്‍ദാഇന് നല്‍കിയ ഉപദേശത്തില്‍ നാലാമത്തെ അര്‍ഥത്തിലുള്ള ബുദ്ധിയാണ്
ഉദ്ദേശിച്ചിട്ടുള്ളത്.
“ബുദ്ധി വര്‍ധിപ്പിക്കുക. എന്നാല്‍ നിന്റെ
റബ്ബിനോടുള്ള സാമീപ്യം വര്‍ധിക്കും.” അതെങ്ങനെയാണു പ്രവാചകരേ? എന്നദ്ദേഹം
ചോദിച്ചപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു: ‘അല്ലാഹു
നിഷിദ്ധമാക്കിയ കാര്യങ്ങള്‍ വെടിയുക. അല്ലാഹു നിര്‍ബന്ധമാക്കിയ
കാര്യങ്ങള്‍ നിര്‍വ്വഹിക്കുക. എങ്കില്‍ നീ ബുദ്ധിശാലിയാകും. സദ്കര്‍മങ്ങള്‍
പ്രവര്‍ത്തിക്കുക. ഇഹത്തില്‍ നിനക്ക് ഉന്നതിയും ബഹുമതിയും
വര്‍ധിക്കും. പരലോകത്ത് പ്രതാപിയും ഉന്നതനുമായ നിന്റെ
റബ്ബിനോടുള്ള സാമീപ്യവും യശസ്സും അവ മുഖേന വര്‍ധിക്കുകയും ചെയ്യും.”
ഉമര്‍, ഉബയ്യ്, അബൂ ഹുറയ്റഃ (റ) എന്നീ
സ്വഹാബിമാര്‍ പ്രവാചകരുടെ സമീപത്ത് വന്നു ചോദിച്ചു: അല്ലാഹുവിന്റെ
പ്രവാചകരേ, ജനങ്ങളില്‍ ഏറ്റവും വിവരമുള്ളവന്‍ ആരാണ്?
‘ബുദ്ധിമാന്‍’. അവിടുന്ന് മറുപടി പറഞ്ഞു. ജനങ്ങളില്‍ ഏറ്റം വലിയ
ആരാധകന്‍ ആരാണ്? അവര്‍ വീണ്ടും ചോദിച്ചു. ‘ബുദ്ധിമാന്‍’. പ്രവാചകന്‍
വീണ്ടും മറുപടി പറഞ്ഞു. എങ്കില്‍ ജനങ്ങളില്‍ ഏറ്റം ഉല്‍കൃഷ്ടന്‍
ആരാണ്? അവര്‍ പിന്നെയും ചോദിച്ചു: ‘ബുദ്ധിമാന്‍’ എന്നുതന്നെയായിരുന്നു
പ്രവാചകരുടെ മറുപടി. പൌരുഷം പൂര്‍ണമാവുകയും സാഹിത്യ വാസനയും
ഔദാര്യവും സ്ഥാനവുമുള്ളവര്‍ ശ്രേഷ്ഠനല്ലെന്നോ? സ്വഹാബിമാര്‍
ചോദിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അതെല്ലാം
ഐഹികജീവിതത്തിലെ സുഖഭോഗം മാത്രമാണ്. പരലോകം നിന്റെ റബ്ബിന്റെ സമീപത്ത്
ഭക്തിയുള്ളവര്‍ക്ക് മാത്രമുള്ളതാകുന്നു’ (43: 35). നിശ്ചയമായും
ബുദ്ധിമാന്‍ ഭക്തിയുള്ളവന്‍ മാത്രമാണ്. അവന്‍ നിസ്സാരനും
ദുര്‍ബലനുമെങ്കിലും. (ഇഹ്യാ, ഇമാം ഗസ്സാലി 1: 101-102 സംഗ്രഹം).
തന്റെയും ഈ അത്ഭുത പ്രപഞ്ചത്തിന്റെയും ഉടമസ്ഥന്‍
ആരാണ്? ഈ പ്രപഞ്ചത്തില്‍ തന്റെ സ്ഥാനം എന്താണ്? തന്റെ ജീവിത ലക്ഷ്യം
എന്താണ്? മരണാനന്തരം വല്ല ജീവിതവുമുണ്ടോ? ഉണ്ടെങ്കില്‍ അതിനു
വല്ല തയ്യാറെടുപ്പും ആവശ്യമുണ്ടോ? തന്റെ കര്‍മങ്ങള്‍ക്കു വല്ല
വിചാരണയും തദനുസാരം രക്ഷാശിക്ഷയും ഉണ്ടോ?
ഈ ചോദ്യങ്ങള്‍ക്കു മറുപടി കണ്ടെത്താന്‍
സാധിക്കാത്തവര്‍ എത്ര വലിയ ധിഷണാശാലിയാണെങ്കിലും ഫലത്തില്‍ വങ്കനാണ്.
അതുകൊണ്ടുതന്നെ മറുപടി കണ്ടെത്തിയിട്ടും തെറ്റുകള്‍ തിരുത്തി
മരണാനന്തര ജീവിതത്തിനു തയ്യാറാകാത്ത വിശ്വാസി ബുദ്ധിയുടെ
പ്രയോഗത്തില്‍ ദുര്‍ബലനായിത്തീരുന്നു. അതുകൊണ്ടാണ് മഹാനായ പ്രവാചകന്‍
‘സ്വശരീരത്തെ സ്വയം വിചാരണ നടത്തി നിയന്ത്രണാധീനമാക്കി,
മരണാനന്തര ജീവിതത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസിയെ
പ്രതിഭാശാലിയായി പുകഴ്ത്തുകയും ‘ഇച്ഛാനുസാരം, ക്ഷണിക സുഖങ്ങളില്‍ മുഴുകി,
പാരത്രിക കാര്യത്തില്‍ അനവധാനത കാണിക്കുന്ന വിശ്വാസിയെ’
ദുര്‍ബലനായി ഇകഴ്ത്തുകയും ചെയ്തിട്ടുള്ളത്.
അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയും
ശിക്ഷയില്‍ ഭയപ്പാടും തുലനാവസ്ഥയില്‍ വെ ച്ചുപുലര്‍ത്തണം. തെറ്റുകളുടെ
കാഠിന്യമോ ബാഹുല്യമോ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയം
കാരണം മനുഷ്യനെ നിരാശനാക്കാന്‍ പാടില്ല എന്നതുപോലെത്തന്നെ,
അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള അമിതപ്രതീക്ഷ കൃത്യവിലോപത്തിനും
നിയമലംഘനത്തിനും ധൃഷ്ടനാക്കാനും പാടില്ല. ഇക്കാര്യം
വിശുദ്ധഖുര്‍ആന്‍ പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്.
(‘പ്രവാചകരേ)ഞാന്‍ അത്യധികം പൊറുക്കുന്നവനും അതീവ
ദയാലുവുമാണെന്നും (അതോടൊപ്പം തന്നെ) എന്റെ ശിക്ഷ വേദനാജനകമാണെന്നും
എന്റെ ദാസന്മാരെ പറഞ്ഞറിയിക്കുക.’
തന്റെ യജമാനനോട് നന്ദിയുള്ള ദാസനായി, അവനെ
അനുസരിച്ചു ജീവിക്കാന്‍ ബദ്ധശ്രദ്ധ കാണിക്കണം. മനുഷ്യസഹജമായി വല്ല
തെറ്റുകുറ്റങ്ങളും വന്നുപോയാല്‍ കുറ്റബോധത്തോടെ പശ്ചാത്തപിച്ചു
മടങ്ങണം. ഇതാണ് ബുദ്ധി. നിരന്തരം തെറ്റില്‍ മുഴുകുകയും എല്ലാം
അല്ലാഹു പൊറുത്തുകൊള്ളും, അവന്‍ കാരുണ്യവാനാണല്ലോ എന്ന കേവല വ്യാമോഹം വച്ചു
പുലര്‍ത്തുകയും ചെയ്യുന്നത് ദൌര്‍ബല്യമാണ്. വ്യക്തമായ മാനസിക
ദൌര്‍ബല്യം. ഈ ദൌര്‍ബല്യത്തിന്റെ ഉടമ സ്വയം വഞ്ചിതനാണ്. അല്ലാഹു
ചോദിക്കുന്നു: “ഓ മനുഷ്യാ, ഉദാരമതിയായ നിന്റെ രക്ഷിതാവിനെക്കുറിച്ച്
നിന്നെ വഞ്ചിതനാക്കിയ കാര്യമെന്താണ്?” (82/6).