സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 7 April 2016

ധര്‍മത്തിന്റെ മര്‍മം

പുണ്യ കര്‍മങ്ങളിലൊന്നിനെയും നീ നിസ്സാരമാക്കിത്തള്ളരുത്. നിന്റെ സഹോദരനെ മുഖപ്രസന്നതയോടെ അഭിമുഖീകരിക്കുന്നതുപോലും ധര്‍മമാണ്’ (മുസ്ലിം). ‘ഓരോ ദിവസവും മനുഷ്യാവയവസന്ധികളുടെ എണ്ണം കണ്ട് ധര്‍മം അനിവാര്യമാണ്. രണ്ടാള്‍ക്കിടയില്‍ നീതി പുലര്‍ ത്തല്‍ ധര്‍മമാണ്. മറ്റുള്ളവരെ വാഹനത്തില്‍ കയറാനും ചരക്കുകള്‍ അതില്‍ കയറ്റി വയ് ക്കാനും സഹായിക്കല്‍ ധര്‍മമാണ്. നല്ലവാക്കു പറയുന്നതു ധര്‍മമാണ്. നമസ്കാരത്തിനു നടന്നു പോവല്‍ ധര്‍മമാണ്. വഴിയിലുള്ള ശല്യം ദൂരീകരിക്കലും ധര്‍മമാണ്’ (ബു.മു). “മനുഷ്യ ശരീരത്തില്‍ 360 സന്ധികളുണ്ട്. ആ സന്ധികളുടെ അത്രയും എണ്ണം ദിവസവും തക്ബീറോ തഹ്മീദോ, തസ്ബീഹോ, തഹ്ലീലോ (ദൈവ പ്രകീര്‍ത്തനങ്ങള്‍) ചൊല്ലുകയോ പാപമോചനം അര്‍ഥിക്കുകയോ ജനസഞ്ചാരമുള്ള വഴിയില്‍ നിന്നു കല്ലോ മുള്ളോ എല്ലോ എടുത്തു മാറ്റുകയോ  നല്ലത് ഉപദേശിക്കുയോ ചീത്ത നിരോധിക്കുകയോ ചെയ്താല്‍ ആ ദിവസം സ്വശരീരത്തെ നരകത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ കഴിയും” (മുസ്ലിം).
ദൈവ പ്രകീര്‍ത്തനങ്ങള്‍ തികച്ചും വ്യക്തിപരവും ആത്മീയവുമാണ്. അതേ പ്രാധാന്യത്തോടെ തന്നെയാണു സാമൂഹിക ബന്ധങ്ങളില്‍ ശ്രദ്ധേയമായ വഴി നന്നാക്കല്‍, ഉപദേശം എന്നിവയെയും ഉള്‍പ്പെടുത്തിപ്പറഞ്ഞതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. “വിശ്വാസത്തിന് (ഈമാന്‍) അറുപതിലധികമോ എഴുപതിലധികമോ ശാഖകളുണ്ട്. അതില്‍ ഏറ്റം ഉത്തമം ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന സത്യസാക്ഷ്യ വചനമാണ്. ഏറ്റവും താഴെയുള്ളത് ജന സഞ്ചാരമുള്ള വഴികളില്‍ നിന്ന് ശല്യങ്ങള്‍ നീക്കം ചെയ്യലാണ്.” വിശ്വാസത്തിലേക്കുള്ള പ്രവേശമാണു സത്യ സാക്ഷ്യവചനം. അതിന്റെ പരിപൂര്‍ണതയോ? ജനങ്ങള്‍ക്കു സഹായകമാവും വിധം വഴികളിലെ ശല്യം നീക്കലും.