ലൈലതുല്‍ഖദ്ര്‍ ഏതു ദിവസമാണെന്ന കാര്യത്തില്‍ അനേകം അഭിപ്രായങ്ങളുണ്ട്. അവയില്‍ ചിലത് കാണുക: വര്‍ഷത്തില്‍ ഏതു ദിവസവുമാകാവുന്നതാണ്. റമള്വാന്‍ മാസത്തില്‍ മാത്രമാണ്. റമള്വാനിലെ മധ്യ അവസാന പത്തുകളിലാണ്. റമള്വാനിലെ അവസാ ന പത്തില്‍ മാത്രമാണ്. അവസാനപത്തിലെ ഒറ്റയായ രാവുകളിലാണ്. ഒറ്റരാവുകളില്‍ ഇരുപത്തിയേഴാം രാവ് ആകാവുന്നതാണ്. ഈ ആഭിപ്രായങ്ങള്‍ക്കെല്ലാം ഹാജരാക്കാവുന്ന പ്രബലമായ ഹദീസുകള്‍ തന്നെ കണ്ടെത്താന്‍ കഴിയും. ഏതാനും ഹദീസുകള്‍ താഴെ ചേര്‍ക്കുന്നു. ആഇശാബീവിയില്‍ നിന്ന്, നബി(സ്വ) പ്രഖ്യാപിച്ചു. ‘നിങ്ങള്‍ റമള്വാ ന്‍ മാസത്തിലെ അവസാനത്തെ പത്തില്‍ ഒറ്റയായ രാവുകളില്‍ ലൈലതുല്‍ഖദ്ര്‍ പ്രതീക്ഷിക്കുക’(ബുഖാരി). ഇബ്നുഉമര്‍(റ)വില്‍ നിന്ന്, ‘സ്വഹാബികളില്‍ ചിലര്‍ക്കു ലൈലതുല്‍ഖദ്റിനെപ്പറ്റി സ്വപ്നദര്‍ശനമുണ്ടായി. റമള്വാനിലെ അവസാനത്തെ ഏഴു ദിവസങ്ങളിലായിരുന്നു ഈ വെളിപാട്. ഇതറിഞ്ഞ നബി(സ്വ) പറഞ്ഞു. നിങ്ങളുടെ സ്വപ്നത്തില്‍ റമള്വാനിലെ അവസാനത്തെ ഏഴു ദിവസങ്ങളിലാകുന്നു ലൈലതുല്‍ഖദ്ര്‍ എന്നു വന്നിരിക്കുന്നു. അതു കൊണ്ട് ലൈലതുല്‍ഖദ്ര്‍ കാംക്ഷിക്കുന്നവര്‍ റമള്വാന്‍ അവസാന ഏഴു രാവുകളില്‍ അതിനെ പ്രതീക്ഷിക്കുക’ (ബുഖാരി).
ഇതിനു തുല്യമായ ആശയമുള്ള ഹദീസുകള്‍ വേറെയും കാണാവുന്നതാണ്. ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന്: ‘നബി(സ്വ) പറഞ്ഞു; ‘നിങ്ങള്‍ റമള്വാനിലെ അവസാനത്തെ പത്തില്‍ ലൈലതുല്‍ഖദ്ര്‍ പ്രതീക്ഷിക്കുക. അവസാന പത്തില്‍ തന്നെ ഇരുപത്തിയൊന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിയഞ്ച് രാവുകളില്‍’ (ബുഖാരി).
ഇബ്നുഉമര്‍(റ)വിനോട് ലൈലതുല്‍ഖദ്ര്‍ റമള്വാനില്‍ തന്നെയാണോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ‘ലൈലതുല്‍ഖദ്റിലാണ് ഖുര്‍ആന്‍ അവതരിച്ചത്, റമള്വാന്‍ മാസത്തില്‍ ഖുര്‍ആന്‍ അവതരിക്കപ്പെട്ടു എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍ നിങ്ങള്‍ കേട്ടിട്ടില്ലേ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം(അബ്ദുബ്നു ഹമീദ്, ഇബ്നുജരീര്‍, ഇബ്നു മുര്‍ദവൈഹി). ഇബ്നുഉമര്‍(റ) പറയുന്നു: ‘ലൈലതുല്‍ഖദ്റിനെപ്പറ്റി നബി(സ്വ)യോട് ചോദിച്ചപ്പോള്‍ അത് എല്ലാ റമള്വാന്‍ മാസത്തിലുമാണെന്നായിരുന്നു അവിടുന്ന് മറുപടി പറഞ്ഞത്’ (അബൂദാവൂദ്, ത്വബ്റാനി).
ഉബാദതുബ്നു സ്വാമിതില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ‘ലൈലതുല്‍ഖദ്ര്‍ റമള്വാന്‍ മാസത്തില്‍ അവസാനത്തെ പത്തിലാണ്. അതുതന്നെ ഒറ്റയിട്ട രാവുകളില്‍. ഇരുപത്തൊന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിയഞ്ച്, ഇരുപത്തൊമ്പത് രാവുകളില്‍ അത് പ്രതീക്ഷിക്കാം. റമള്വാന്‍ അവസാനത്തെ രാവിലും പ്രതീക്ഷിക്കാവുന്നതാണ്’ (അഹ്മദ്, ഇബ്നുജരീര്‍, മുഹമ്മദുബ്നു നസ്വ്ര്‍, ബൈഹഖി). അബൂഹുറയ്റ(റ) പറയുന്നു: ‘ഞങ്ങള്‍ നബി സന്നിധിയില്‍ വെച്ച് ലൈലതുല്‍ഖദ്റിനെപ്പറ്റി സംസാരിക്കുകയായിരുന്നു. അപ്പോള്‍ അവിടു ന്ന് ചോദിച്ചു. ഈ റമള്വാനില്‍ എത്രനാള്‍ നാം പിന്നിട്ടു? ഞങ്ങള്‍ പറഞ്ഞു. ഇരുപത്തിരണ്ട്. ഇനി എട്ടു ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇതുകേട്ട് നബി(സ്വ) പറഞ്ഞു: ഇരുപത്തിരണ്ട് ദിവസങ്ങള്‍ കടന്നുപോയി. ഇനി ഏഴുദിനങ്ങള്‍ കൂടിയുണ്ട്. ഇതില്‍ ഇരുപത്തിയൊമ്പതാമത്തെ രാവില്‍ നിങ്ങള്‍ ലൈലതുല്‍ഖദ്റിനെ പ്രതീക്ഷിക്കുക.’ ഈ ഹ ദീസ് അംഗീകൃതമാണെന്ന് അല്‍ഹാഫിള് സുയൂത്വി(റ) സമ്മതിച്ചതായിക്കാണാം’.
അനസുബ്ന്‍ മാലികില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ‘റമള്വാന്‍ ഒന്ന്, ഒമ്പത്, പതിനൊന്ന്, ഇരുപത്തിയൊന്ന്, റമള്വാന്‍ അവസാനം എന്നീ രാവുകളില്‍ നിങ്ങള്‍ ലൈലതുല്‍ഖദ് റിനെ അന്വേഷിക്കുക’ ഇബ്നുമുര്‍ദവൈഹി). അബൂഹുറയ്റ(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു. ‘ലൈലതുല്‍ഖദ്റിനെ നിങ്ങള്‍ റമള്വാന്‍ അവസാന രാവില്‍ തേടുവിന്‍’ (അഹ്മദ്). അബ്ദുല്ലാഹിബ്നു ഉനൈസില്‍ നിന്ന്, ലൈലതുല്‍ഖദ്റിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു, ‘ഈ രാവില്‍ നിങ്ങള്‍ അതിനെ പ്രതീക്ഷിക്കുക’ അന്ന് ഇരുപത്തിമൂന്നാം രാവായിരുന്നു’ (മാലിക്, ഇബ്നുസഅ്ദ്, ഇബ്നുഅബീശൈബ, അഹ്മദ്, മുസ്ലിം, ത്വഹാവി, ബൈഹഖി). അബൂസഈദിനില്‍ ഖുദ്രിയ്യി(റ)ല്‍ നിന്ന്: നബി(സ്വ) പറഞ്ഞു, ‘ലൈലതുല്‍ഖദ്റിനെ നിങ്ങള്‍ റമള്വാന്‍ ഇരുപത്തിനാലാം രാവില്‍ അന്വേഷിക്കുക’. അഹ്മദ്, ത്വഹരാവി, ഇബ്നുജരീര്‍, ത്വബ്റാനി, അബൂദാവൂദ് എന്നിവര്‍ ബിലാല്‍(റ)വില്‍ നിന് ഉദ്ധരിക്കുന്ന ഹദീസിലു ംഇരുപത്തിനാലാം രാവെന്ന് കാണാവുന്നതാണ്. ഇബ്നുഅബ്ബാസ്(റ)വില്‍ നിന്നുള്ള ഒരു നിവേദനത്തിലും ഇങ്ങനെ കാണുന്നു. അബ്ദുല്ലാഹിബ്നു ഉമര്‍(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: ‘ലൈലതുല്‍ഖദ്റിനെ നിങ്ങള്‍ അവസാന പത്തില്‍ ഇരുപത്തിയഞ്ച്, ഇരുപത്തിയേഴ്, ഇരുപത്തിയൊമ്പത് രാ വുകളില്‍ അന്വേഷിക്കുക’(മുഹമ്മദുബിന്‍ നസ്വര്‍). ഇബ്നുഅബ്ബാസ്(റ)വില്‍ നിന്ന്. ഒരാ ള്‍ നബി(സ്വ)യോട് പറഞ്ഞു: ‘തിരുദൂതരേ, ഞാനൊരു വയോവൃദ്ധനാണ്. എനിക്ക് കൂടുതല്‍ നിസ്കാരത്തിനും മറ്റും സാധ്യമല്ല. അതുകൊണ്ട് ലൈതുല്‍ഖദ്ര്‍ ഉള്‍ക്കൊള്ളാന്‍ അതേത് രാവാണെന്നു നിര്‍ണയിച്ചുതന്നാലും.’ നബി(സ്വ) പ്രതിവചിച്ചു. ‘നിങ്ങള്‍ ഏഴാമത്തെരാവ് സജീവമാക്കുക’ (ഇബ്നുജരീര്‍, ത്വബ്റാനി, ബൈഹഖി).
സൈദുബ്നു അര്‍ഖം(റ)വിനോട് ലൈലതുല്‍ഖദ്റിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് റമള്വാന്‍ പതിനേഴാമത്തെ രാവാണതെന്നാണ്. അതില്‍ സംശയിക്കേണ്ടതില്ലെ ന്നും ആ ദിനത്തില്‍ ഉപേക്ഷ വരുത്തരുതെന്നും ഖുര്‍ആന്‍ അവതരിച്ച, മുസ്ലിം, മുര്‍ ശിക് സംഘങ്ങള്‍ ഏറ്റുമുട്ടിയ സുദിനമാണതെന്നും അദ്ദേഹം പറഞ്ഞു(ഇബ്നു അബീശൈബ, ഇബ്നുമനീഅ്, ഇമാം ബുഖാരി, താരീഖ് ത്വബ്റാനി,ബൈഹഖി, അബുശ്ശൈഖ്).
ലക്ഷണങ്ങള്‍
നബിവചനങ്ങളില്‍ പറഞ്ഞ ചില ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ലൈലതുല്‍ഖദ്ര്‍ ഏതു ദിനമായിരുന്നു എന്നു മനസ്സിലാക്കാന്‍ നമുക്ക് കഴിയും. ഈ അടിസ്ഥാനത്തിലായിരുന്നു പൂര്‍വ്വികര്‍ തങ്ങളുടെ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നത്. അത്തരം ചില ഹദീസുകള്‍ കാണുക: മുസ്ലിം നിവേദനം ചെയ്ത ഹദീസില്‍ അബുല്‍മുന്‍ദിര്‍(റ) പറയുന്നു: ‘ലൈലതുല്‍ഖദ്റിനു പിന്നാലെ വരുന്ന പ്രഭാതസൂര്യനു മങ്ങിയ കിരണങ്ങളായിരിക്കും.’ ഇമാം നവവി(റ) ഖാളി ഇയാളി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: ‘പ്രഭാതകിരണങ്ങളുടെ ഈ മങ്ങല്‍ ലൈലതുല്‍ഖദ്റിന്റെ ദൃഷ്ടാന്തമായി അല്ലാഹു നിശ്ചയിച്ചതാണ്’.
മറ്റൊരു വീക്ഷണപ്രകാരം പ്രസ്തുത രാവില്‍ ഭൌമലോകത്തേക്കിറങ്ങിയ മാലാഖമാര്‍ ആരോഹണം ചെയ്യുന്ന അവസരത്തില്‍ അവരുടെ ചിറകുകളും സ്ഥൂലശരീരങ്ങളും സൂര്യകിരണത്തെ നിഷ്പ്രഭമാക്കുന്നതിനാലാണ് പ്രഭാതസൂര്യന്റെ പ്രകാശം മങ്ങിയതാ യി അനുഭവപ്പെടുന്നത് എന്നാണ്. ലൈലതുല്‍ഖദ്റിനുശേഷം ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ദിനം മനസ്സിലാക്കിയിട്ടെന്തു പ്രയോജനം എന്നു സംശയിക്കാം. പണ്ഢിതന്മാര്‍ പറയുന്നത് കാണുക; ‘ഈ വര്‍ഷത്തെ രാവ് എന്നായിരുന്നുവെന്നറിഞ്ഞാല്‍ അടുത്ത വര്‍ഷങ്ങളില്‍ പ്രസ്തുത രാവിനെ കൂടുതല്‍ പരിഗണിക്കാന്‍ കഴിയുന്നതാണ്. എന്നുമാത്രമല്ല ലൈലതുല്‍ ഖദ്റിന്റെ പകലും പ്രധാനമാണെന്ന വീക്ഷണപ്രകാരം പ്രസ്തുത പകല്‍ ധന്യമാക്കാന്‍ ഈ അറിവ് ഉപകാരപ്പെടുകയും ചെയ്യും.’ ഇമാം നവവി(റ)വിന്റെ അഭിപ്രായമാണിത്.
ജാബിറുബ്നു അബ്ദില്ലാ(റ)യില്‍ നിന്നുള്ള ഒരു വചനം കാണുക. ‘ലൈലതുല്‍ഖദ്റിനെ നിങ്ങള്‍ റമള്വാന്‍ അവസാന പത്തില്‍ പ്രതീക്ഷിക്കുക. അതൊരു തിളക്കമാര്‍ന്ന, സൌഖ്യപൂര്‍ണമായ രാവായിരിക്കും. കഠിനമായ തണുപ്പോ ചൂടോ അനുഭവപ്പെടാത്ത രാവ്’.
ഉബാദതുബ്നു സ്വാമിതില്‍ നിന്നു നിവേദനം ചെയ്ത ഹദീസില്‍, ആ രാവ് ശാന്തവും തെളിമയാര്‍ന്നതും മനോഹരവുമായിരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. അന്ന് ചന്ദ്രപ്രഭ, പൌ ര്‍ണമി ദിനത്തിലേതുപോലെ തെളിഞ്ഞിരിക്കുമെന്നും തെന്നിമാറുന്ന നക്ഷത്രങ്ങള്‍ തീ രേ കാണുന്നതല്ലെന്നും ഈ ഹദീസില്‍ കാണാം(അഹ്മദ്, ബൈഹഖി, ഇബ്നുമുര്‍ദവൈഹി). അബ്ദുല്ലാ(റ)വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസില്‍ പറയുന്നു: “എല്ലാ രാ വിലും സൂര്യന്‍ ഉദിക്കുന്നത് പിശാചിന്റെ കൊമ്പുകള്‍ക്കിടയിലൂടെയാണ്. എന്നാല്‍ ലൈലതുല്‍ ഖദ്റില്‍ അങ്ങനെ സംഭവിക്കില്ല. അന്നത്തെ സൂര്യകിരണങ്ങള്‍ മങ്ങിയതായിരിക്കും’ (ഇബ്നുഅബീശൈബ, ഇബ്നുജരീര്‍).
ലൈലതുല്‍ഖദ്ര്‍: രഹസ്യമാക്കിയതിലെ യുക്തി
ലൈലതുല്‍ഖദ്റിനെ രഹസ്യമാക്കിവെച്ചതിലുള്ള യുക്തിയെന്ത്? പ്രമുഖ ഖുര്‍ആന്‍ വ്യാ ഖ്യാതാവ് റാസി(റ) പറയുന്നു. ‘ലൈലതുല്‍ഖദ്റിനെ മറ്റുപല കാര്യങ്ങളെയും പോലെ അല്ലാഹു രഹസ്യമാക്കിവെച്ചതിനു പലകാരണങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതാണ്. സു കൃതങ്ങള്‍ക്കു പിന്നില്‍ തന്റെ തൃപ്തിയെ അല്ലാഹു ഗോപ്യമാക്കിവെച്ചിരിക്കുന്നു. മനുഷ്യന്‍ നല്ല കാര്യങ്ങള്‍ പ്രതീക്ഷാപൂര്‍വം പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണിത്. അതുപോലെ, പാപങ്ങള്‍ക്കു പിന്നില്‍ അല്ലാഹുവിന്റെ ശക്തമായ കോപമുണ്ട്. എന്നാല്‍ ആ കോ പത്തെ നിര്‍ണയിക്കാന്‍ നമുക്ക് സാധ്യമല്ല. നാം സര്‍വ്വ പാപങ്ങളില്‍ നിന്നും മുക്തരായിരിക്കാന്‍ വേണ്ടിയാണിത്. അല്ലാഹു തന്റെ ഇഷ്ടഭാജനങ്ങളായ ഔലിയാഇനെ ജനമധ്യത്തില്‍ നിന്നു പലപ്പോഴും മറച്ചുപിടിക്കുന്നു. ജനങ്ങള്‍ എല്ലാവരെയും ആദരവോടെ കാണുന്ന അവസ്ഥയുണ്ടാക്കാന്‍ വേണ്ടിയാണിത്. അതുപോലെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരം രഹസ്യമാക്കിയത് അടിമകള്‍ എല്ലാതരം പ്രാര്‍ഥനകളിലും വീണ്ടും വീണ്ടും താ ത്പര്യം കാണിക്കാന്‍ വേണ്ടിയാണ്. ഇസ്മുല്‍ അഅ്ളമിനെ ഗോപ്യമാക്കിയിരിക്കുന്നത് അവന്റെ എല്ലാ നാമങ്ങള്‍ക്കും വിലകല്‍പ്പിക്കാനാണ്. പശ്ചാതാപ സ്വീകരണത്തെപ്പറ്റിയുള്ള അറിവ് മറച്ചുപിടിക്കുന്നത് എല്ലാതരം തൌബകള്‍ക്കും വില കല്‍പ്പിക്കാനാണ്. മരണസമയം രഹസ്യമാക്കിവെച്ചത് സദാസമയവും ദൈവബോധം നിലനിര്‍ത്താന്‍ വേണ്ടിയാണ്. ഇപ്രകാരം ലൈലതുല്‍ഖദ്ര്‍ ഗോപ്യമാക്കിയത് റമള്വാന്‍ രാവുകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താനും സജീവമാക്കാനും വേണ്ടിയാണ്’.
മറ്റൊരു കാരണം ശ്രദ്ധിക്കുക: ‘ഇക്കാര്യത്തില്‍ അല്ലാഹു ഇങ്ങനെ പറയുന്നുവെന്ന് നമുക്കു സങ്കല്‍പ്പിക്കാം. നിങ്ങള്‍ പാപത്തോട് ആഭിമുഖ്യം പുലര്‍ത്തുമെന്ന് വ്യക്തമായ അറിവ് എനിക്കുണ്ടായിരിക്കെ ഞാന്‍ നിങ്ങള്‍ക്ക് ലൈലതുല്‍ഖദ്ര്‍ നിര്‍ണയിച്ചു തന്നാല്‍ പ്രസ്തുത രാവിലും നിങ്ങള്‍ ശരീരേച്ഛക്കുവിധേയമായി പാപങ്ങളില്‍ ചെന്നുചാടാം. അപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന തെറ്റ് പൂര്‍ണ അറിവോടെയാണ്. ഇങ്ങനെ അറിവോടും ബോധത്തോടും കൂടി ചെയ്യുന്ന കുറ്റങ്ങള്‍ അതില്ലാതെ ചെയ്യുന്ന തെറ്റുകളെക്കാള്‍ കഠിനമായതാണ്. ഈയൊരപകടത്തില്‍ നിങ്ങള്‍ പെടാതിരിക്കാനാണ് ഞാനത് മറച്ചുപിടിച്ചിരിക്കുന്നത്.’ ഒരിക്കല്‍ നബി(സ്വ) പള്ളിയില്‍ കിടന്നുറങ്ങുന്ന ഒരാളെകണ്ടു. അലി(റ) വിനെ വിളിച്ചു നബി(സ്വ) പറഞ്ഞു: ‘അയാളെ ഉണര്‍ത്തി ദേഹശുദ്ധിവരുത്താന്‍ ആജ്ഞാപിക്കുക.’ അപ്പോള്‍ അലി(റ) ചോദിച്ചു: ‘റസൂലേ, അങ്ങ് അയാളെ ഉണര്‍ത്താ ന്‍ ശ്രമിക്കാത്തതെന്താണ്? അവിടുന്ന് നല്ലകാര്യങ്ങള്‍ മത്സരബുദ്ധ്യാ ചെയ്യുന്ന ആളാണല്ലോ.’ അപ്പോള്‍ നബി(സ്വ) പ്രതികരിച്ചതിങ്ങനെയായിരുന്നു. ‘ഞാനദ്ദേഹത്തെ ഉമര്‍ത്തുകയെന്നത് അയാള്‍ക്ക് അവഹേളനമായിരിക്കും. എന്റെ ആ പ്രവൃത്തി ഒരു പക്ഷേ അ യാള്‍ക്ക് കുറ്റകരമായേക്കും. അത് ലഘൂകരിക്കാന്‍ ഉദ്ദേശിച്ചാണ് ആ പണി നിങ്ങളെ ഏ ല്‍പ്പിക്കുന്നത്.’ നോക്കുക, ഈ സംഭവത്തില്‍ പ്രവാചകരുടെ കാരുണ്യമാണ് നിഴലിക്കുന്നതെങ്കില്‍ അല്ലാഹുവിന്റെ കാരുണ്യം ഇതിലുമെത്രയോ മഹത്താണ്. ഈ വസ്തുത പരിഗണിക്കുമ്പോള്‍ അല്ലാഹു ഇങ്ങനെ പ്രഖ്യാപിക്കുന്നതായിന മുക്കു സങ്കല്‍പ്പിക്കാവുന്നതാണ്.
“ലൈലതുല്‍ഖദ്ര്‍ എന്നാണെന്നജ്ഞാനം നിങ്ങള്‍ക്ക് ലഭിച്ചാല്‍ ആ രാവില്‍ നിങ്ങള്‍ സുകൃതം ചെയ്ത് ആയിരം മാസത്തെ പുണ്യംനേടും. പക്ഷേ, ആ രാവില്‍ നിങ്ങള്‍ തെ റ്റുകള്‍ ചെയ്താല്‍ ആയിരം മാസത്തെ പാപത്തെക്കാള്‍ കഠിന ശിക്ഷക്ക് അത് നിങ്ങളെ അര്‍ഹരാക്കിത്തീര്‍ക്കും. എങ്കില്‍ പ്രതിഫലം വാരിക്കൂട്ടുന്നതിലും പ്രധാനം പാപഫലം ഇല്ലായ്മ ചെയ്യലാണ്.” ഈ രാവിനെ രഹസ്യമാക്കിയതിനു പിന്നില്‍ മറ്റൊരു കാരണം കൂടി കാണാവുന്നതിതാണ്. ലൈലതുല്‍ഖദ്ര്‍ എന്നാണെന്നു കണ്ടെത്താന്‍ സത്യവിശ്വാസി ആത്മാര്‍ഥമായി ശ്രമിക്കുന്നു. അതുവഴി ഈ ശ്രമത്തിന്റെ പ്രതിഫലവും നേടിയെടുക്കാന്‍ അവര്‍ക്ക് കഴിയുന്നു.
ഈ രാവിനെ രഹസ്യമാക്കിയതിനു മറ്റൊരു കാരണം വിശ്വാസികള്‍ റമള്വാന്‍ രാവുകള്‍ പലതും ലൈലതുല്‍ഖദ്ര്‍ ആകാമെന്നധാരണയില്‍ സജീവമാക്കുമെന്നതാണ്. ഈ അവ സ്ഥ കാണുമ്പോള്‍ അല്ലാഹു മലകുകളോട് പറയും: ‘നോക്കൂ, നിങ്ങളല്ലേ പറഞ്ഞത് മനുഷ്യര്‍ കുഴപ്പവും നാശവുമുണ്ടാക്കുന്നവരാണെന്ന്. ലൈലതുല്‍ഖദ്ര്‍ എന്നാണെന്നറിയാതെ തന്നെ അവരിത്രയും ആരാധനാനിരതരായിരിക്കുന്നു. എങ്കില്‍ ആ രാവിനെപ്പറ്റി അവര്‍ക്ക് പൂര്‍ണജ്ഞാനം നല്‍കിയിരുന്നെങ്കില്‍ അവര്‍ ഈ രാവിനെ എത്രമാത്രം സജീവമാക്കും. ഇതൊന്നുമല്ലാത്ത നിരവധി രഹസ്യങ്ങള്‍ ഇനിയും ഈ രാവു മറച്ചുവെച്ചതിലുണ്ടാകാം. അല്ലാഹു അഅ്ലം.
ലൈലതുല്‍ഖദ്റിനെ പിന്തുടര്‍ന്നുവരുന്ന പകലിനു വല്ല മഹത്വവുമുണ്ടോ? ഇമാം നവവി(റ) ഉദ്ധരിക്കുന്നത് കാണുക. ഇമാം റുഅ്യാനി(റ) പറഞ്ഞു. ‘ഇമാമുനാ ശാഫിഈ(റ) ഖദീമില്‍ പറഞ്ഞിരിക്കുന്നത് ലൈലതുല്‍ഖദ്റിന്റെ പകലിലും രാത്രിയിലെന്നപോലെ ആരാധനയിലേര്‍പ്പെടല്‍ സുന്നത്താണെന്നാണ്. ഈ വീക്ഷണത്തെ ഖണ്ഡിക്കുന്ന അഭിപ്രായം ജദീദില്‍ കാണുന്നുമില്ല. എങ്കില്‍ ഈ വീക്ഷണം അദ്ദേഹത്തിന്റെ മദ്ഹബായി സ്വീകരിക്കാവുന്നതാണെന്നതില്‍ തര്‍ക്കമില്ല”.
ഇമാം റാസി(റ) പറയുന്നു: ‘ലൈലതുല്‍ഖദ്റിന്റെ പ്രത്യേകതയില്‍ അതിന്റെ പകല്‍ ഉള്‍ പ്പെടുമോ എന്നതില്‍ അഭിപ്രായാന്തരമുണ്ട്. ശുഅ്ബി(റ) പറഞ്ഞത് പകലിനും മഹത്വം ബാധകമാണെന്നാണ്. ഇതിനുള്ള ന്യായം രാവ് എന്ന പ്രയോഗത്തില്‍ പകലും ഉള്‍പ്പെടും എന്നതാകാം. അതുകൊണ്ടാണല്ലോ സാധാരണ ലൈലത്(രാത്രി) ഇഅ്തികാഫിരിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ പകല്‍കൂടി ഉള്‍പ്പെട്ട രണ്ട് ദിനം ഇഅ്തികാഫ് നിര്‍ബന്ധമാകുന്നത്. അല്ലാഹു പറഞ്ഞത് ‘രാവും പകലും പരസ്പരം ബന്ധം പുലര്‍ത്തുന്ന അവസ്ഥയിലാണ് സംവിധാനിച്ചിരിക്കുന്നത്’ എന്നാണല്ലോ”.
ഇബ്നുഅബീശൈബ(റ) ആമിറി(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു: ‘ലൈലതുല്‍ഖദ്റിനെപ്പോലെതന്നെയാണ് അതിന്റെ പകലും. അതിന്റെ പകല്‍പോലെ തന്നെയാണാ രാവും’. ഹസനുബ്നു ഹര്‍റി(റ)ല്‍ നിന്നുള്ള മറ്റൊരു വചനം: ‘ലൈലതുല്‍ഖദ്റിലെ സുകൃതങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലത്തിനു സമാനമായത് അതിന്റെ പകലില്‍ ചെ യ്യുന്ന നല്ലകാര്യങ്ങള്‍ക്കും ലഭിക്കും.’
റമള്വാന്‍ മുഴുവന്‍ ഇശാഉം തറാവീഹും നിര്‍വഹിച്ചാല്‍ ലൈലതുല്‍ഖദ്റിന്റെ പുണ്യംനേടി എന്നുപറയാമോ? ഇതു സംബന്ധമായി ഇമാം ശാഫിഈ(റ) പറഞ്ഞതായി ശറഹുല്‍മുഹദ്ദബ് ഉദ്ധരിക്കുന്നു. ‘ഇശാഇനും സ്വുബ്ഹിക്കും സന്നിഹിതരായവന്‍ ലൈലതുല്‍ഖദ്റിന്റെ ഭാഗ്യം നേടിയവനാകുന്നു.’ ഈ വസ്തുത സ്ഥിരീകരിക്കുന്ന നബിവചങ്ങളും കാണാം. ബൈഹഖി(റ) അനസുബ്ന്‍ മാലികി(റ)ല്‍ നിന്നു നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ‘റമള്വാന്‍ മാസം പൂര്‍ണമായി ഇശാഅ്, മഗ്രിബ് നിസ്കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കുന്നവര്‍ ലൈലതുല്‍ഖദ്റില്‍ നിന്ന് പൂര്‍ണമായ ഒരു ഭാഗം സ്വായത്തമാക്കിയവരാകുന്നു’.
അബൂഹുറയ്റ(റ)വില്‍ നിന്ന്, നബി(സ്വ) പ്രഖ്യാപിച്ചു. ‘റമള്വാന്‍ പൂര്‍ണമായി ഇശാഅ് നിസ്കാരം സംഘടിതമായി നിര്‍വഹിക്കുന്നവര്‍ ലൈലതുല്‍ഖദ്റിനെ പ്രാപിച്ചവരാകുന്നു’(ബൈഹഖി, ഇബ്നുഖുസൈമ). സഈദുബ്ന്‍ മുസയ്യബി(റ)ല്‍ നിന്ന്, ‘ലൈലതുല്‍ഖദ്റില്‍ ഇശാഅ് നിസ്കാരം ജമാഅത്തായി നിര്‍വഹിക്കാന്‍ കഴിഞ്ഞവന്‍ പ്രസ്തുത രാവിന്റെ മഹത്വത്തില്‍ നിന്ന് ഒരുപിടി കൈവശപ്പെടുത്തിയിരിക്കുന്നു.’ അലി (റ)വില്‍ നിന്ന്: ‘റമള്വാന്‍ മാസത്തിലെ എല്ലാ രാവിലും ഇശാഅ് നിസ്കാരം നിര്‍വഹിച്ചവന്‍ ലൈലതുല്‍ഖദ്ര്‍, നിസ്കാരത്തില്‍ ധന്യമാക്കിയവനാണ്’(ബൈഹഖി). റമള്വാന്‍ മാസം പൂര്‍ണമായി സാധാരണ സദ്വൃത്തികള്‍ കൊണ്ട് ധന്യമാക്കുന്നവര്‍ക്ക് ലൈലതുല്‍ഖദ്റിന്റെ മഹത്വം കൈവരിക്കാന്‍ കഴിയുമെന്ന് ഈ ഹദീസുകള്‍ വ്യക്തമാക്കുന്നു.ഇശാഅ് നിസ്കാരത്തെ പ്രത്യേകം പരാമര്‍ശിച്ചത് തറാവീഹ് നിസ്കാരവുമായി അതിനുള്ള ബന്ധം മാനിച്ചാണ് എന്ന് കരുതാം.
ലൈലതുല്‍ഖദ്ര്‍ വിശ്വാസികള്‍ക്കു വെളിപ്പെടുമോ? ഇമാം നവവി(റ) പറയുന്നു: ‘അല്ലാ ഹു ഉദ്ദേശിച്ചവര്‍ക്ക് റമള്വാനില്‍ ലൈലതുല്‍ഖദ്റിനെ വെളിപ്പെടുത്തുന്നതാണ്. വ്യക്തമായ ഹദീസുകളും സച്ചരിതരുടെ വിവരങ്ങളും ഈ വസ്തുത സ്ഥിരീകരിക്കുന്നുണ്ട്’. ലൈലതുല്‍ഖദ്ര്‍ വെളിപ്പെട്ടവര്‍ ആ വസ്തുത പരസ്യമാക്കാതിരിക്കല്‍ സുന്നത്താണെന്നാണ് പണ്ഢിതമതം. ഇമാം നവവി(റ) സ്വാഹിബുല്‍ഹാവിയില്‍ നിന്ന് ഇക്കാര്യം ഉദ്ധരിച്ചുകാണുന്നു. മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളിലും ഈ വസ്തുത കാണാം.
റമള്വാന്‍ ഉംറ
റമള്വാനിലെ ഉംറക്ക് ഒരു ഹജ്ജിന്റെ മഹത്വമുണ്ടെന്നു ഹദീസില്‍ കാണാം. ഇബ്നു അബ്ബാസ്(റ)വില്‍ നിന്നു നിവേദനം:’നബി(സ്വ) ഹജ്ജിന് പുറപ്പെടാനൊരുങ്ങിയപ്പോള്‍ ഒരു സ്വഹാബി വനിത തന്റെ ഭര്‍ത്താവിനോട് പറഞ്ഞു: നബിതിരുമേനിയൊത്ത് ഹജ്ജിനുപോകാന്‍ എനിക്കും താത്പര്യമുണ്ട്’. ആ സ്വഹാബി ദരിദ്രനായിരുന്നു. അദ്ദേഹം പറ ഞ്ഞു: ‘നിന്നെ ഹജ്ജിനയക്കാന്‍ എനിക്കു വാഹനമില്ലല്ലോ. ഞാനെന്തു ചെയ്യും. സ്വഹാ ബി വനിത ചോദിച്ചു: ‘ഇന്ന വ്യക്തിയുടെ ഒട്ടകത്തെ തല്‍ക്കാലം ആവശ്യപ്പെട്ടാലോ? ‘നീ ഉദ്ദേശിക്കുന്ന ആളുടെ ഒട്ടകം യുദ്ധാവശ്യത്തിനു മാത്രമായി പരിശീലിപ്പിച്ചതാണ്. അത് ലഭിക്കില്ല’. ആ സ്ത്രീ ചോദിച്ചു: ‘ആ ഒട്ടകത്തെ എനിക്ക് ഹജ്ജിനുപോകാനനുവദിച്ചു തന്നാല്‍ അതും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഒരു യുദ്ധമാണെന്നു നിങ്ങള്‍ക്കറിയില്ലേ?’ ഈ ചോദ്യത്തിന് അവരുടെ ഭര്‍ത്താവില്‍ നിന്ന് മറുപടിയുണ്ടായില്ലെങ്കിലും ഹജ്ജിനുപോകാനുള്ള അവരുടെ പ്രതീക്ഷക്ക് മങ്ങലേറ്റു. തിരുനബിയുമൊത്തുള്ള ഹജ്ജിനു സമാനമായ പ്രതിഫലം ലഭിക്കുന്ന വല്ലതുമുണ്ടോ എന്ന ചിന്തയിലായി അവര്‍. അതേപ്പറ്റി അന്വേഷിക്കാന്‍ ഭര്‍ത്താവിനെ പ്രവാചക സന്നിധിയിലേക്കയച്ചു. സ്വ ഹാബി വന്നു കാര്യം പറഞ്ഞപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ പ്രിയതമ ക്ക് അസ്സലാമുഅലൈകും വറഹ്മത്തുല്ലാഹ് എന്ന് എന്റെ സലാം പറയുക. റമളാനില്‍ ചെയ്യുന്ന ഒരു ഉംറഃ എന്നോടൊത്തു ചെയ്ത ഹജ്ജിനു സമാനമാണെന്നും അവരെ അറിയിക്കുക” (അബൂദാവൂദ്, ഇബ്നുഖുസൈമ).
ഉമ്മുസുലൈം(റ) എന്ന സ്വഹാബി വനിത പ്രവാചക സവിധത്തില്‍ വന്നു പരാതിപ്പെട്ടു. ‘നബിയേ, അബൂത്വല്‍ഹയും പുത്രനും എന്നെ കൂടാതെ ഹജ്ജ് ചെയ്തുവന്നിരിക്കുന്നു.ഞാനിനി എന്തുചെയ്യും?’ നബി(സ്വ) പ്രതിവചിച്ചു: ഉമ്മുസുലൈം, ദുഃഖിക്കാനെന്തിരിക്കുന്നു, റമള്വാന്‍ മാസത്തില്‍ ചെയ്യുന്ന ഉംറ എന്നോടൊത്തു ചെയ്യുന്ന ഹജ്ജിനു സമാനമാകുന്നു’ (ഇബ്നുഹിബ്ബാന്‍).
ഉമ്മു മ’അ്ഖില്‍(റ) ഒരിക്കല്‍ പ്രവാചക സവിധത്തില്‍ വന്നു പറഞ്ഞു. ‘തിരുദൂതരേ, എനിക്ക് പ്രായമേറെയായി. ഞാന്‍ രോഗിയുമാണ്. അടുത്ത ഹജ്ജിന് എനിക്കവസരമൊരുക്കുമെന്ന് തോന്നുന്നില്ല. ഹജ്ജിനു തുല്യമായ പ്രതിഫലം സ്വായത്തമാക്കാന്‍ മറ്റു വല്ല മാര്‍ഗവുമുണ്ടോ?’ നബി(സ്വ) പറഞ്ഞു; ‘ഉണ്ട്. റമള്വാനില്‍ ചെയ്യുന്ന ഉംറ ഹജ്ജിനു തുല്യമാകുന്നു’ (അബൂദാവൂദ്, നസാഇ).
അബൂതുലൈഖ(റ) നബി തങ്ങളോടാരാഞ്ഞു. ‘തങ്ങളോടൊത്ത് ഹജ്ജ് ചെയ്യുന്നതിനു തുല്യമായ വല്ല കര്‍മ്മവും വേറെയുണ്ടോ?” പ്രവാചകര്‍ പറഞ്ഞു: ‘റമള്വാന്‍ മാസത്തി ലെ ഉംറയുണ്ട്’ (ബസ്സാര്‍, ത്വബ്റാനി).