സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 7 July 2016

സൃഷ്ടിയും സ്രഷ്ടാവും




മക്കാ മുശ്‌രിക്കുകളുടെ വിശ്വാസമെന്തായിരുന്നു എന്ന് സുന്നത്ത്ജമാഅത്തിനെക്കുറിച്ച് വിശദീകരിക്കുന്ന എന്റെ ബ്ലോഗിൽ വിശദമായി നാം വിശദീകരിച്ചുവല്ലോ. അതു പോലെ നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാന വിഷയമാണ്. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അന്തരം. ഇത് മനസ്സിലാക്കിയാൽ ഒട്ടുമിക്ക സംശയങ്ങൾക്കും പരിഹാരമാകും.

ചെറുതായി അതൊന്നു വിശദീകരിക്കം.

സൃഷ്ടിയും സ്രഷ്ടാവുമല്ലാതെ ലോകത്ത് മൂന്നാമതൊന്നില്ല.
ഒന്ന് : സ്രഷ്ടാവായ അല്ലാഹു سبحانه وتعالى അവൻ ഒരുവൻ മാത്രം. അവൻ വിശുദ്ധ ദാത്തിലും അവന്റെ വിശേഷണങ്ങളാകുന്ന സ്വിഫാത്തിലും ഒരുവനാണ്. അവന്റെ ദാത്തിലും ‘അഫ്‌ആല്’ എന്ന് പറയുന്ന പ്രവർത്തനങ്ങളിലും ഒരുവനാണ്. ഇവയിലൊക്കെ തുല്യതയില്ലാത്ത ഏകനാണ് അല്ലാഹു.

അല്ലാഹു ഒഴിച്ചു ബാക്കിയുള്ളതെല്ലാം, അത് നമുക്ക് കാണപ്പെടുന്നതാകട്ടെ കാണപ്പെടാത്തതാവട്ടെ, ഭൂലോകത്തുള്ളതാവട്ടെ ഉപരി ലോകത്തുള്ളതാവട്ടെ എല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്. ഈ രണ്ടിൽ പെടാത്ത മൂന്നാമത്തെ ഒന്നില്ല.

സ്രഷടാവായ അല്ലാഹു, അവനെ കുറിച്ച് അവന്റെ വിശുദ്ധ ഖുർ‌ആനിൽ വിശേഷിപ്പിക്കുന്നു

وَاللّهُ عَلَى كُلِّ شَيْءٍ قَدِيرٌ (البقرة 284

“അല്ലാഹു ആകുന്ന സ്രഷ്ടാവ് അവൻ ഉദ്ദേശിക്കുന്നതെന്തോ ആ ഉദ്ദേശിക്കുന്ന സകല മാന കാര്യങ്ങൾക്കും സർവ്വ ശക്തനാണ്

ഉദ്ദേശിച്ച ഏതെങ്കിലും ഒരു കാര്യം ഏതെങ്കിലുമൊരു സമയത്ത് സാധിക്കാതെ പോയാൽ അവൻ അല്ലാഹു അല്ലാതെയായി മാറും. അതേ സമയമ അവൻ ഉദ്ദേശിക്കാത്ത കാര്യം നടന്നില്ലെങ്കിൽ അത് അല്ലാഹുവിന്റെ ഖുദ്‌റത്തിനെ ബാധിക്കുന്ന പ്രശ്നമേയല്ല.


ഒന്ന് കൂടെ വിശദീകരിച്ച് പറഞ്ഞാൽ , വസ്തുക്കളെ വേർതിരിച്ച് മനസ്സിലാക്കുമ്പോൾ മൂന്ന് തരം വസ്തുക്കളാണുള്ളതെന്ന് കണ്ടെത്താം :
ഒന്ന് : വാജിബ് അഥവാ അനിവാര്യമായത്.


ഇല്ലാതിരിക്കൽ അസംഭവ്യമായത്. ഉണ്ടായേ തീരൂ എന്ന അനിവാര്യതയുള്ളത്. ഈ ഗുണമുള്ള വസ്തു രണ്ട് കാര്യങ്ങളേയുള്ളൂ.. ഒന്ന് അല്ലാഹുവിന്റെ ദാത്ത് അഥവാ സത്ത.. രണ്ട് അവന്റെ സ്വിഫാത്തുകൾ അഥവാ വിശേഷണങ്ങൾ


രണ്ട് : വാജിബിന്റെ നേരെ വിപരീതം . മുസ്തഹീൽ എന്നാണതിന് പറയുക. അഥവാ ഒരു നിലക്കും ഉണ്ടായിക്കൂടാത്തത്. ഉണ്ടാവൽ അസാധ്യവും അസംഭവ്യമായതുമായ കാര്യങ്ങൾ .ഉദാഹരണം : സൃഷ്ടിക്കാൻ കഴിവുള്ള രണ്ട് ഇലാഹുണ്ടാകുക, അല്ലെങ്കിൽ വാജിബുൽ വുജൂദായ അല്ലാഹു ഇല്ലാതാവുക. കിഴക്കും പടിഞ്ഞാറും ഒന്നാകുക. രാവും പകലും ഒന്നാവുക, മേലെയും താഴെയും ഒന്നാവുക തുടങ്ങിയ അസംഭവ്യമായ കാര്യങ്ങൾ . ഇതൊക്കെ അസംഭവ്യങ്ങളാണ്.

മൂന്ന് : ‘ജാ‌ഇസ്’ : ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാവുന്നവ. ഉണ്ടാവലും അനിവാര്യമല്ല. ഉണ്ടാ‍വാതിരിക്കലും അനിവാര്യമല്ല. വേണ്ടേമെങ്കിൽ ഉണ്ടാവാം അല്ലെങ്കിൽ ഉണ്ടാവാതിരിക്കാം.

ഇങ്ങിനെ മൂന്ന് വസ്തുക്കളാണ് ലോകത്ത് മൊത്തമുള്ളത്.

ഇവയിൽ നിന്ന് മൂന്നാമത് പറഞ്ഞ ജാഇസിനോട് മാത്രമേ അല്ലാഹുവിന്റെ വിശേഷ ഗുണമാകുന്ന ‘ ഖുദ്‌റത്തും’ ( സർവ്വ ശക്തി ) , ‘ഇറാദത്തും’ (ഉദ്ദേശിക്കൽ ) ബന്ധപ്പെടുന്നുള്ളൂ.

വാ‍ജിബിനോടോ മുസ്തഹീലിനോടോ അല്ലാഹുവിന്റെ ഖുദ്‌റത്തും ഇറാദത്തും ബന്ധപ്പെടുന്നേയില്ല. ഇങ്ങനെ വരുമ്പോൾ അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് മേൽ അവൻ സർവ്വശക്തനാണേന്നേ വരൂ. വാജിബിന്റെ മേൽ അല്ലഹുവിന്റെ ഉദ്ദേശ്യം ബന്ധപ്പെടുന്നില്ല. അത് കൊണ്ടു തന്നെ അതിനോട് ഖുദ്‌‌റത്തും ബന്ധപ്പെടുന്നില്ല. മുസ്തഹീലിന്റെ മേൽ അല്ലാഹുവിന്റെ ഉദ്ദേശം ബന്ധപ്പെടാത്തതു കൊണ്ടു തന്നെ അതിനോട് ഖുദ്‌റത്തും ബന്ധപ്പെടുന്നില്ല.

ഇത് മനസ്സിലാക്കിക്കഴിഞ്ഞാൽ , കണ്ണം ചിരട്ടയിൽ ആനയെ ഉൾകൊള്ളിക്കാൻ അല്ലാഹുവിന് കഴിയുമോ എന്നത് പോലുള്ള യുക്തിവാദികളുടെ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. കാരണം മുസ്തഹീലുകളോട് അല്ലാഹുവിന്റെ ഇറാദത്ത് ബന്ധപ്പെടുന്നില്ല. അതിനാൽ ഖുദ്‌റത്തും ബന്ധപ്പെടുന്നില്ല. ഇതാണ് സൃഷ്ടാവിന്റെ പ്രത്യേകത.

സൃഷ്ടാവായ അല്ലാഹു അല്ലാത്തവ മുഴുവനും സൃഷ്ടികളാണ്. വലിപ്പ ചെറുപ്പ വിത്യാസമില്ലാതെ, ഏറ്റവും മഹാന്മാരായ അല്ലാഹുവിന്റെ മലക്കുകൾ തൊട്ടു ഏറ്റവും ചെറുതാണെന്ന് നാം മനസ്സില്ലാക്കുന്ന പരമാണുവരെ അല്ലാഹുവിന്റെ സൃഷ്ടികളാണ്.

സൃഷ്ടികൾക്ക് (അത് എത്ര വലുതായാലും എത്ര ചെറുതായാലും ) ഒന്നിനും സ്വന്തമായി ഒരു കഴിവുമില്ല. സൃഷ്ടിയും സ്രഷ്ടാവും തമ്മിൽ വേർതിരിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പോയിന്റാണത്.

സാധാരണക്കാരന്റെ സാധാരണ കഴിവെന്നോ, അസാധാരണക്കാരന്റെ അസാധാരണ കഴിവെന്നോ തുടങ്ങിയ വിഭജനത്തിന്റെ യാതൊരാവശ്യവുമില്ല. എല്ലാ കഴിവും അല്ലാഹുവിന് മാത്രമാണ്. അത് അവൻ തന്നെ വിശുദ്ധ ഖുർ‌ആനിൽ പറഞ്ഞിട്ടുണ്ട്.



أَنَّ الْقُوَّةَ لِلّهِ جَمِيعاً (البقرة 165


“നിശ്ചയം കഴിവ് എന്നത് മുഴുവനും അല്ലാഹുവിന്റെ ഉടമയാണ് “
ഓരോ നിസ്കാരത്തിലും നാം , إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ

“ നിന്നോട് മാത്രം ഞങ്ങൾ സഹായം ചോദിക്കുന്നു “ എന്ന ദുആ ചെയ്യുന്നതും ഇതേ കാരണം കൊണ്ടാണ്.

ചെറുതെന്നോ വലുതെന്നോ വിത്യാസമില്ലാതെ മുഴുവൻ കഴിവുകളും അല്ലാഹുവിൽ മാത്രം നിക്ഷിപ്തമാണ്. അത് അവന്റെ ഉടമയാണ്. മറ്റൊരാൾക്കും യാതൊരു കഴിവിന്റെയും ഉടമസ്ഥത അല്ലാഹു വിട്ടു കൊടുത്തിട്ടില്ല.

അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ള ഈ കഴിവ് അവന്റെ സൃഷ്ടികളിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ഉദ്ദേശിച്ച നിലക്ക് നൽകുന്നു,. ഇതാൺ അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അത്തിന്റെ വിശ്വാസവും.

അഹ്‌ലുസ്സുന്നത്തി വൽ ജമാ‍‌അത്തിന്റ് എതിരാളികൾ വിശ്വസിക്കുന്നത് പോലെ ‘ ഒരു ശരാശരി കഴിവ്’ മുൻ‌കൂറായി സൃഷ്ടികൾക്ക് കൊടുത്തു വെക്കുക എന്ന സംവിധാനം അല്ലാഹുവിന്റെ ഭരണസംവിധാനത്തിലില്ല. ഇതാണ് നാം പ്രത്യേകം മനസ്സിലാക്കേണ്ടത്. അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അത്ത് അല്ലാത്തവരുമായി വേർതിരിയുന്ന പ്രധാനപ്പെട്ട ഒരു അടിസ്ഥാന വിശ്വാസം ഇവിടെയാണ്. അപ്പോൾ സ്വയമേ കഴിവ് എന്ന് പറയുന്ന ഒന്ന് സൃഷ്ടികൾക്ക് ആർക്കുമില്ല. അത് അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്.

പക്ഷെ ഓരോ വസ്തുക്കൾക്കും അതിനോട് അനുയോജ്യമായ ഒരു ശരാശരി കഴിവ് അതിന്റെ സൃഷ്ടിപ്പിൽ തന്നെ കൊടുത്തു വെക്കുന്നുണ്ട് എന്നും ഈ കൊടുത്തു വെച്ച ശരാശരി കഴിവുകൾ ഉപയോഗിച്ച് അതാത് വസ്തുക്കൾ യഥേഷ്ടം പ്രവർത്തിക്കുകയാണെന്നും പലരും വിശ്വസിക്കുന്നു. ഇതിന് ഖുർ‌ആനിലോ തിരു സുന്നത്തിലോ രേഖയുമില്ല.

മറിച്ചു അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ഉദ്ദേശിച്ചത് അവൻ ഉദ്ദേശിക്കുമ്പോൾ നൽകുന്നു. അഥവാ പൂർണ്ണ നിയന്ത്രണം എപ്പോഴും അല്ലാഹുവിന്റെ കയ്യിൽ തന്നെ. അല്ലാഹു പറയുന്നു. :




يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاء إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ(فاطر 15



“ഓ മനുഷ്യരേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് ആവശ്യമുള്ളവരാകുന്നു. അല്ലാഹു ആരുടെയും ആശ്രയം ആവശ്യമില്ലാത്ത സ്വയം പര്യാപ്തനാണ്. എല്ലാ പ്രവൃത്തികളില്ലും അവൻ സ്തുത്യർഹനാണ്” ( ഫാഥിർ 15 )

മറ്റൊരാശയത്തിൽ അല്ലാഹു പറയുന്നു. :




يَسْأَلُهُ مَن فِي السَّمَاوَاتِ وَالْأَرْضِ كُلَّ يَوْمٍ هُوَ فِي شَأْنٍ (الرحمن 29



ആകാശ ഭൂമികളിലുള്ള സകല വസ്തുക്കളും അവരുടെ ആവശ്യങ്ങൾ നിരന്തരം അല്ലാഹുവിനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. സ്രഷ്ടാവായ അല്ലാഹു നിരന്തരം അവന്റെ കാര്യങ്ങൾ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു.“ (അൽ -റഹ്‌മാൻ 29 )

ഈ അടിസ്ഥാനത്തിൽ അല്ലാഹു അല്ലാത്ത ഒരാൾക്കും സ്വന്തമായ സ്വതന്ത്രമായ ഒരു കഴിവുമില്ല. അത് മലാഇക്കത്തിനും അമ്പിയാക്കൾക്കും സാധാരണക്കാർക്കുമൊന്നുമില്ല. അവർക്കൊന്നും സ്വന്തമായി ഒരു കഴിവ് മുൻ‌കൂറായി അല്ലാഹു കൊടുത്തു വെച്ചിട്ടുമില്ല. മറിച്ച് അവൻ ഉദ്ദേശിച്ചത് അവൻ ഉദ്ദേശിച്ചവർക്ക് അവൻ ഉദ്ദേശിക്കുമ്പോൾ നൽകുന്നു. ഇതാണ് കഴിവ് സംബന്ധമായി സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും ബന്ധം.

അതേ സമയം ബുദ്ധി ജീവികളായ മനുഷ്യർക്കും ജിന്നുകൾക്കും ചില കാര്യങ്ങളിൽ സ്വാതന്ത്ര്യം (اختيار) അവൻ നൽകിയിട്ടുണ്ട് . അത് ‘ തൿലീഫിൽ’ അഥവാ വിധി വിലക്കുകൾ സംബന്ധമായ കാര്യങ്ങളിൽ മാത്രമാണ്. രക്ഷയ്ക്കും ശിക്ഷയ്ക്കും കാരണമാകുന്ന വിധി വിലക്കുകളിൽ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. നിർബന്ധിതാവസ്ഥയില്ല. വേണമെങ്കിൽ ചെയ്യാം. ചെയ്താൽ രക്ഷ ലഭിയ്ക്കും. വേണമെങ്കിൽ ഉപേക്ഷിക്കാം ഉപേക്ഷിച്ചാൽ ശിക്ഷ ലഭിയ്ക്കും

അല്ലാതെ സൃഷ്ടിപരമായ കാര്യങ്ങളിൽ ഒരാൾക്കും ഒരു നിലക്കുമുള്ള സ്വാതന്ത്ര്യം അല്ലാഹു നൽകിയിട്ടില്ല. എല്ലാവരും അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് അറിഞ്ഞോ അറിയാതെയോ കീഴ്പ്പെട്ടുകൊണ്ടിരിക്കൽ നിർബന്ധമാണ്.

ഉദാഹരണം : നാം എന്ന് ജനിക്കണമെന്ന് തീരുമാനിക്കാൻ നമുക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല. ആരുടെ കുഞ്ഞായി ജനിക്കണമെന്നതിനും നമുക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല. ഏത് നിറത്തിലായിരിക്കണം എത്ര വലിപ്പമുള്ളവനായിരിക്കണം. ശബ്ദം എങ്ങിനെയായിരിക്കണം. എന്റെ ശരീരത്തിന്റെ പ്രകൃതി എങ്ങിനെയായിരിക്കണം തുടങ്ങി തന്റെ സ്വന്തം ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പോലും സൃഷ്ടികളിൽ പെട്ട ഒരു സൃഷ്ടിക്കും യാതൊരു സ്വാധീനവുമില്ല.


അല്ലാഹു ഒരു ശാരാശരി കഴിവ് മനുഷ്യന് കൊടുത്തു വെച്ചിട്ടുണ്ട് എന്നത് മുശ്‌രിക്കുകളുടെയും യഹൂദികളുടെയും വിശ്വാസമാണ്.
യഹൂദികളുടെ വിശ്വാസം : ഞായറാഴ്ച മുതൽ അല്ലാഹു ലോകം പടക്കാൻ തുടങ്ങി അങ്ങിനെ വെള്ളിയാഴ്ച അസറിന് മുമ്പായി ഈ ലോകത്തുള്ള കാണപ്പെടുന്നതും കാണപ്പെടാത്തതുമായ സർവ്വ ചരാചരങ്ങളെയും പടച്ചു. അസറിന് ശേഷം ആദം നബി عليه السلام എന്ന അവസാനത്തെ സൃഷ്ടിയെയും സൃഷ്ടിച്ചു. (ഇത്രയും കാര്യങ്ങളിൽ നമുക്കും തർക്കമില്ല ) പക്ഷെ വെള്ളിയാഴ്ച വൈകുന്നേരത്തോടു കൂടി സൃഷ്ടി സംവിധാനം മുഴുവനും പൂർത്തിയായി ഓരോന്നിനും ചെയ്യാനുള്ള കർമ്മം അതാതിന് ഏല്പിച്ചു കൊടുത്തു. സൃഷ്ടികളൊക്ക് സ്വയം പര്യാപതരാണ്. ഇനി സൃഷ്ടാവിന്റെ ആവശ്യമില്ല. ശനിയാഴ്ച അല്ലാഹു ലീവെടുത്തു വിശ്രമിക്കാൻ തുടങ്ങി എന്നതാണ് ജൂതന്മാരുടെ വിശ്വാസം.

മു‌ശ്‌രിക്കുകളുടെ വിശ്വാസം : ഒരു വലിയ ദൈവമുണ്ട്. അവൻ വലിയ ശക്തനാണ്. അവൻ ഏഴ് മഹാ ഗോളങ്ങളെ സൃഷ്ടിക്കുന്നു. അവ ഏഴും മഹാ ബുദ്ധിലോകങ്ങളാണ്. ജീവനും ബുദ്ധിയും ശക്തിയും പ്രവർത്തനത്തിന് സ്വാതന്ത്ര്യവുമുള്ള, സ്വയം പര്യാപ്തതയുമുള്ള ഏഴു മഹാ ഗോളങ്ങളാണവ. അതോടുകൂടി സൃഷ്ടാവായ വലിയ തമ്പുരാന്റെ പ്രവർത്തി കഴിഞ്ഞു. ബാക്കിയുള്ളതൊക്കെ ചെറിയ കാര്യങ്ങളാണ്. അത് വലിയ ഒരു റബ്ബിന് യോജിച്ചതല്ല. ഈ ഏഴു ഗോളങ്ങൾക്ക് (മഹാ ശക്തികൾ ) ഈ ഓരോ ശക്തിക്കും ആധാരമായ കഴിവിന്റെ ഒരു വലിയ സംഭരണി തന്നെ ദൈവം കൊടുത്തു വെച്ചു. ഈ കഴിവ് ഉപയോഗിച്ചു കൊണ്ട് ഈ ഏഴു ഗോളങ്ങളാണ് ലോകത്തിലെ സംവിധാനങ്ങളൊക്കെ നടത്തിപ്പോരുന്നത്. അഥവാ മനുഷ്യനെയും മറ്റു സൃഷ്ടികളെയും സൃഷ്ടിച്ചതും അവക്കാവശ്യമായ ഭക്ഷണവും മറ്റും സൃഷ്ടിച്ചതും എല്ലാം ഈ ഏഴു അഖ്‌ലുകളാണ് . മരണവും ജീവിതവും നൽകുന്നതും അവയാണ്. അതാണ് അവരുടെ തൽബിയത്തിൽ അവർ പറയുന്നത്.

لبيك اللهم لبيك .. لبيك .. إلا شريكا هو تملكه وما ملك
നിന്റെ വിളിക്ക് ഞങ്ങൾ ഉത്തരം ചെയ്തു. വീണ്ടും ആവർത്തിച്ച് ഞങ്ങൾ ഉത്തരം ചെയ്യുന്നു. നിന്റെ ആജ്ഞ അംഗീകരിച്ചുകൊണ്ട് ഞങ്ങളിതാ വരുന്നു. നിനക്ക് യാതൊരുവിധത്തിലുള്ള പങ്കുകാരുമില്ല. ചില ശരീക്കുകൾ നിനക്കുണ്ട് പക്ഷെ ആ ശരീക്ക് എങ്ങിനത്തെ ശരീക്കാണ് تملكه وما ملك അവയെ നീയാണ് പടച്ചത് അത് നീ കൊടുത്ത കഴിവാണ്. 
അപ്പോള്‍ അല്ലാഹു കൊടുത്ത കഴിവ് എന്നത് മുശ്‌രിക്കുകളുടെയും ജൂതന്മാരുടെയും വിശ്വാസമാണ്. ഈ വിശ്വാസങ്ങളെ ഖണ്ഢിച്ച് കൊണ്ടാണ് يسئله من في السموات والأرض.... “ആകാശ ഭൂമികളിലുള്ള സര്‍വ്വവസ്തുക്കളും നിരന്തരം അപേക്ഷിച്ചു കൊണ്ടിരിക്കയാണ്, എന്നും അവന്റേതായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കയാണ്” എന്ന ആയത്ത് അവതരിച്ചത്.

മുസ്‌ലിംകളില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാ‌അത്ത് അല്ലാത്ത പലരും വിശ്വസിക്കുന്നത് ശരാശരി കഴിവ് എന്നത് സൃഷ്ടിപ്പോടുകൂടിത്തന്നെ അല്ലാഹു സൃഷ്ടികള്‍ക്ക് കൊടൂത്തു വെച്ചിട്ടുണ്ടെന്നും ഈ കൊടുത്ത കഴിവുകൊണ്ട് അവര്‍ സ്വയം പ്രവര്‍ത്തിക്കുകയുമാണെന്നാണ്. അതില്‍ അല്ലാഹുവിന് പ്രത്യേകിച്ച് സ്വാധീനമൊന്നുമില്ലെന്നും.

ഈ വിശ്വാസം തെറ്റാണെന്നും അതിന് ഖുര്‍‌ആനിന്റെ പിന്തുണയില്ലെന്നും നാം മനസ്സിലാക്കി. അത് തെറ്റാണെന്ന് ആധുനിക ശാസ്ത്രവും തെളിയിക്കുന്നുണ്ട്. മനുഷ്യന്റെ ശരീരം ഓരോ സെക്കന്റിലും കോടിക്കണക്കായ സെല്ലുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കയാണ്. അതോടൊപ്പം തന്നെ കോടിക്കണക്കായ സെല്ലുകള്‍ മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മനുഷ്യശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അനുസ്യൂതമായ പ്രക്രിയയാണിത്. ഒരു മനുഷ്യന്‍ ജനിച്ചതു മുതല്‍ മരിക്കുന്നത് വരെ എത്ര കോടി സെല്ലുകളാണ് സൃഷ്ടിക്കപ്പെട്ടതെന്നും എത്രയാണ് നശിക്കുന്നതെന്നും സൃഷ്ടാവായ അല്ലാഹുവിന്നല്ലാതെ പറയാന്‍ കഴിയില്ല (سبحان الله) . ശാസ്ത്രം പറയുന്നത് നശിക്കുന്നതിനേക്കാളേറെ സൃഷ്ടിക്കപ്പെടുന്നത് കൊണ്ടാണ് ശരീരം ക്രമാനുസൃതമായി വളര്‍ന്നു വരുന്നത്. കുറേ കഴിയുമ്പോള്‍ നശിക്കുന്നതിനനുസരിച്ച് മാത്രം ഉല്‍‌പാദിപ്പിക്കപ്പെടും. പിന്നെ താഴോട്ട് വരും. അപ്പോള്‍ നമ്മുടെ ശരീരം തന്നെ ഓരോ സെക്കന്റിലും മാറിക്കൊണ്ടിരിക്കുന്നു. ഇത് എവിടെ നിന്നുണ്ടാകുന്നു? كل يوم هو في شأن ലോകത്തിന്റെ ഓരോ പരമാണു തൊട്ട് ഈ ലോകം മുഴുവനും അല്ലാഹുവിന്റെ നിരന്തരമായ നിയന്ത്രണത്തിന് വിധേയമാണ്. ബുദ്ധിജീവികള്‍ക്ക് ആകെ നല്‍കപ്പെട്ട സ്വാതന്ത്ര്യം കേവലം ഒറ്റ കാര്യത്തില്‍. تكليف എന്ന വിധിവിലക്ക് സംബന്ധമായ കാര്യങ്ങളില്‍ ഇഷ്ടമുണ്ടെങ്കില്‍ ചെയ്യാനും ഇല്ലെങ്കില്‍ ചെയ്യാതിരിക്കാനുമുള്ള اختيار) ( സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്നു എന്നതാണിത്. അതു മനുഷ്യനും ജിന്നിനും മാത്രമാണ്. ഈ اختيار കൊണ്ടാണ് മനുഷ്യന്‍ പ്രതിഫലത്തിനും ശിക്ഷക്കും അര്‍ഹനാകുന്നത് എന്നാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാ‌അത്തിന്റെ വിശ്വാസം.

ഈ അടിസ്ഥാനത്തില്‍ അല്ലാഹു അല്ലാത്ത ഒരാള്‍ക്കും സ്വന്തമായി സ്വതന്ത്രമായ ഒരു കഴിവുമില്ല. അത് മലാ‌ഇക്കത്തിനും നബിമാര്‍ക്കും സാധാരണക്കാര്‍ക്കുമൊന്നുമില്ല. അവര്‍ക്കൊന്നും സ്വന്തമായി ഒരു കഴിവ് മുന്‍‌കൂറായി കൊടുത്തുവെച്ചിട്ടുമില്ല. മറിച്ച്, അവന്‍ ഉദ്ദേശിച്ചത് അവന്‍ ഉദ്ദേശിച്ചവര്‍ക്ക് ഉദ്ദേശിക്കുമ്പോള്‍ നല്‍കുന്നു. ഇതാണ് കഴിവ് സംബന്ധമായി സൃഷ്ടാവിന്റെയും സൃഷ്ടികളുടേയും ബന്ധം.

മുസ്‌ലിംകളില്‍ പെട്ട അഹ്‌ലുസ്സുന്നത്ത് അല്ലാത്തവര്‍, ഒരു ശരാശരി കഴിവ് അല്ലാഹു സൃഷ്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണെന്ന് പറഞ്ഞതിന് വല്ല രേഖയുമുണ്ടോ? എന്ന് ചില സഹോദരന്മാര്‍ ചോദിക്കുകയുണ്ടായി. ചോദ്യം വളരെ പ്രസക്തമായതുകൊണ്ട് മറുപടിയായി രണ്ടുദ്ധരണികള്‍ ഇവിടെ ചേര്‍ക്കുന്നു:

“മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടൊ മരിച്ചവരോടൊ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്)“ (കെ കുഞ്ഞീതു മദനി, അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന പുസ്തകം പേജ് 102, പ്രസിദ്ധീകരണം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)

സൃഷ്ടികള്‍ക്ക് നല്‍‌കപ്പെട്ട കഴിവിന്നതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന” (എ പി എ ഖാദര്‍ കരുവമ്പെയില്‍, ഇസ്‌ലാഹ് മാസിക- 2007 ഏപ്രില്‍ , പേജ് 10)

സൃഷ്ടാവായ അല്ലാഹു സര്‍വ്വശക്തനും സര്‍വ്വജ്ഞനും ആണെന്നും അവന്‍ ഒരിക്കലും ഒരു കാര്യത്തിലും ഒരാളെയും ആശ്രയിക്കുന്നില്ലെന്നും സൃഷ്ടികളെല്ലാവരും എല്ലാ അര്‍ത്ഥത്തിലും നിസ്സഹായരാണെന്നും അവര്‍ എല്ലാ കാര്യത്തിലും എപ്പോഴും സര്‍വ്വശക്തനായ അല്ലാഹുവിനെ ആശ്രയിക്കുന്നു എന്നും നാം മനസ്സിലാക്കി.

അല്ലാഹു ആര്‍ക്കും ഒന്നും കൊടുക്കില്ല എന്നല്ല ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്. മറിച്ച് അവന്‍ കൊടുത്തു കൊണ്ടിരിക്കുന്നു. ആ കഴിവ് എത്രയാണെന്നതിന് ഒരു പരിധിയുമില്ല. എന്നാല്‍ ഒരു പരിധിയുണ്ട്, അല്ലാഹു ഉദ്ദേശിച്ചത് ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഉദ്ദേശിച്ചവര്‍ക്ക് കൊടുക്കുന്നു എന്നതാണ് ആ പരിധി.

അഹ്‌ലുസ്സുന്നത്തി വല്‍ ജമാ‌അത്തിന്റെയും ഇതരരുടേയും വിശ്വാസത്തെ മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം : ഒരു ബാറ്ററി അതിലുള്ള ചാര്‍ജ് കഴിയുന്നത് വരെ അതു വാങ്ങിയ ആള്‍ക്ക് ഉപയോഗിക്കാം. കമ്പനിയുടെ ഒത്താശയുടെ ആവശ്യമില്ല. ബാറ്ററിയില്‍ കൊടുത്തു വെച്ച കഴിവാണത്. ഈ കഴിവല്ലാതെ അതില്‍ കവിഞ്ഞ ഒരു കഴിവ് ഒരു ബാറ്ററിക്കും ഇല്ല. ഇതാണ് സുന്നി ഇതരരുടെ വിശ്വാസം.

ബാറ്ററിയില്‍ സ്റ്റോക്ക് ചെയ്തതുപോലെയുള്ള ഒരു കഴിവ് ഒരാള്‍ക്കും അല്ലാഹു കൊടുത്തിട്ടില്ല എന്നാണ് നമ്മള്‍ പറയുന്നത്. മറിച്ചു പവറുള്ളത് ഇലക്ട്രിക് ലൈനിലാണ്. എപ്പോള്‍ സ്വിച്ച് ഓണാക്കുന്നോ അപ്പോള്‍ പവര്‍ വരും. ഓഫാക്കിയാല്‍ അത് നില്‍ക്കും. ഇതാണ് നമ്മുടെ സുന്നി വിശ്വാസം.


പക്ഷെ ബാറ്ററിയില്‍ ചാര്‍ജ് ചെയ്തതുപോലെ ഒരു നിശ്ചിതമായ കഴിവ് ചാര്‍ജ് ചെയ്ത് സൃഷ്ടികള്‍ക്ക് കൊടുത്തിരിക്കയാണെന്നാണ് സുന്നികളല്ലാത്തവര്‍ വിശ്വസിക്കുന്നത് :

“സൃഷ്ടികള്‍ക്ക് നല്‍‌കപ്പെട്ട കഴിവിന്നതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന” (റ്റി പി എ ഖാ‍ദര്‍ കരുവമ്പെയില്‍, ഇസ്‌ലാഹ് മാസിക 2007 ഏപ്രില്‍ , പേജ് 10)

ഈ ചാര്‍ജ് തീരുന്നത് വരെ അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കയാണ്. പവര്‍ സ്റ്റേഷനുമായി അതിന് ബന്ധമില്ല. ഈ ആശയത്തിന് ഖുര്‍‌ആനുമായി ബന്ധമില്ല.

നാം പറയുന്നത്. ചാര്‍ജ് നേരിട്ട് പവര്‍ സ്റ്റേഷനില്‍ നിന്ന് വരുന്നതാണ്. അത് എപ്പോള്‍ സ്വിച്ചിടുന്നോ അപ്പോള്‍ കിട്ടും. എത്ര വോള്‍ട്ടുണ്ടോ അത്ര ശക്തിയില്‍ കത്തും. എത്ര കുറവുണ്ടോ അത്ര കുറയും. അതിന് പ്രത്യേക നിയമമൊന്നുമില്ല. ഏത് പവറാണെങ്കിലും ലൈനില്‍ നിന്ന് ലഭിക്കുന്നു. അല്ലാതെ സ്ഥിരമായി കൊടുത്തുവെച്ച കഴിവില്ല

അപ്പോള്‍ അല്ലാഹു കൊടുക്കുന്ന കഴിവ് അപ്പപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുകയാണ്. പക്ഷെ ഈ കൊടുത്തുകൊണ്ടിരിക്കുന്ന കഴിവിന് ഇഹലോകത്താവട്ടെ പരലോകത്താവട്ടെ ഇത്ര എന്ന് യാതൊരു പരിധിയുമില്ല. സാധാരണക്കാര്‍ക്ക് സാധാരണ കഴിവ് കൊടുക്കുന്നതും അസാധാരണക്കാര്‍ക്ക് അസാധാരണ കഴിവ് കൊടുക്കുന്നതും ഉടമക്കാരനായ അല്ലാഹുവാണ്. ഇവ രണ്ടിനും കൃത്യമായ ഒരു കണക്ക് പറയാന്‍ കഴിയില്ല. എല്ലാവര്‍ക്കും തുല്യമായല്ല അത്. ഉദാ: 25 കുട്ടികളെ എല്‍ കെ ജി യില്‍ ചേര്‍ക്കുന്നു. ഒരേ സിലബസ്, ഒരേ ടീച്ചര്‍, ഒരേ സ്കൂള്‍. പരിക്ഷ കഴിയുമ്പോള്‍ ഈ കുട്ടികള്‍ എല്ലാവരും തുല്യരല്ല. ചിലര്‍ തോല്‍ക്കും, ചിലര്‍ ജയിക്കും, ചിലര്‍ റാങ്ക് നേടും. അപ്പോള്‍ സാധാരണ കഴിവുകള്‍ തന്നെ വ്യത്യസ്തമാണ്. ആരോഗ്യമാവട്ടെ സംസാരശേഷിയാവട്ടെ കേള്‍വിയാവട്ടെ, കാഴ്ചയാവട്ടെ എല്ലാവരുടേതും വ്യത്യസ്തമാണ്. അതില്‍ തന്നെ അല്ലാഹു അവന്‍ ഉദ്ദേശിച്ചവര്‍ക്ക് വ്യത്യസ്തമായി കൊടുത്തുകൊണ്ടിരിക്കുന്നു. ഇതിന് . عادة الإله الجارية അല്ലാഹുവിന്റെ സാധാരണ നടപടിക്രമം എന്നാണ് പറയുക. വെള്ളം കുടിച്ചാല്‍ ദാഹം മാറുക, കത്തികൊണ്ട് മുറിച്ചാല്‍ മുറിയുക, കത്തിച്ചാല്‍ കത്തുക എന്നിവയെല്ലാം അല്ലാഹു ഈ വസ്തുക്കള്‍ക്ക് കൊടുത്തു കൊണ്ടിരിക്കുന്ന കഴിവുകളാണ്. എപ്പോള്‍ ആ കഴിവ് എടുത്ത് കളയുന്നുവോ അപ്പോള്‍ ആ കഴിവ് ഇല്ലാതെയാകുന്നു.
ഒരു ഉദാഹരണം കാണൂ : ഇബ്‌റാഹീം നബി عليه السلام മകനെ അറുക്കാന്‍ തുനിഞ്ഞ സംഭവം. ചരിത്രത്തിലെ ഒരു അഭിപ്രായമനുസരിച്ച് ഇസ്‌മായീലിനെ കിടത്തി മൂര്‍ച്ചയുള്ള കത്തി കൊണ്ട് മുറിച്ചു. പക്ഷേ മുറിഞ്ഞില്ല. മകന്‍ പറഞ്ഞു. ഉപ്പാ , എന്റെ മുഖം അങ്ങ് കാണുന്നത് കൊണ്ടായിരിക്കും മുറിയാത്തത്. എന്നെ കമഴ്ത്തി കിടത്തുക. ഇബ്‌റാഹീം നബി عليه السلام അങ്ങിനെ ചെയ്തു വീണ്ടും ശക്തിയായി മുറിച്ചു. എന്നിട്ടും കഴുത്ത് മുറിഞ്ഞില്ല. അടുത്തുള്ള പാറയെ പ്രസ്തുത കത്തി കൊണ്ട് വെട്ടിയപ്പോൾ പാറ കഷ്ണങ്ങളായി. എന്നിട്ടും ഇസ്‌മാഈൽ عليه السلام മിന്റെ കഴുത്ത് മുറിഞ്ഞില്ല. അപ്പോൾ കത്തിക്ക് മുന്‍‌കൂർ കൊടുത്തുവെച്ച കഴിവല്ല, അപ്പപ്പോൾ കൊടുക്കുന്ന കഴിവാണ് മുറിക്കുന്നതും മുറിക്കാത്തതും എന്ന് വ്യക്തം.
മറ്റൊരു ഉദാ : നം‌റൂദ്, ഇബ്‌റാഹീം عليه السلام നെ അഗ്നി കുണ്ഡത്തിലേക്ക് വലിച്ചെറിഞ്ഞു. കൈകാലുകൾ കയറുകൊണ്ട് ബന്ധിച്ചതിന് ശേഷമായിരുന്നു എറിഞ്ഞത്. തീയിൽ വീണ ഇബ്‌റാഹീം നബിയുടെ ശരീരത്തിലുള്ള കയറുകൾ കരിഞ്ഞുപോയി എന്നല്ലാതെ ശരീരത്തിലെ ഒരു രോമം പോലും കരിഞ്ഞില്ല. പകരം സുഖശീതളമായ അവസ്ഥ മഹാ‍നവര്‍കള്‍ക്ക് അനുഭവപ്പെട്ടു. കയർ കരിയാനുള്ള കഴിവ് അല്ലാഹു അപ്പോൾ കൊടുത്തു. പക്ഷേ ഇബ്‌റാഹീം നബിയെ കരിക്കാനുള്ള കഴിവ് കൊടുത്തില്ല. മുന്‍‌കൂർ കൊടുത്തതാ‍ണെങ്കിൽ രണ്ടും കരിയേണ്ടതായിരുന്നു.

വൈവാഹിക ജീവിതത്തിൽ ഭാര്യയും ഭര്‍ത്താവും ബന്ധപ്പെടുമ്പോൾ മക്കളുണ്ടാവുന്നു. ഇത് സാധാരണ രീതിയാണ്. ഈ രീതിയിലേ അല്ലാഹുവിന് കഴിയൂ എന്നുണ്ടോ ? ആദം നബിയെ (عليه السلام) ഉമ്മയും ഉപ്പയുമില്ലാതെ അവന്‍ സൃഷ്ടിച്ചു. സ്ത്രീയില്ലാതെ പുരുഷനിലൂടെ മാത്രം ഹവ്വാ (رضي الله عنها) യെ സൃഷ്ടിച്ചു. ഒരു സ്ത്രീയിൽ നിന്ന് (പുരുഷ സ്പര്‍ശമില്ലാതെ) ഈസാ നബി (عليه السلام) നെ സൃഷ്ടിച്ചു. എല്ലാം അല്ലാഹു അപ്പപ്പോൾ നല്‍കുന്നു.

സ്ത്രീയും പുരുഷനും, ബന്ധപ്പെട്ടാൽ ഒരു പ്രാവശ്യം ശ്രവിക്കുന്ന ശുക്ലത്തിൽ കോടിക്കണക്കിന് ബീജാണുക്കളുണ്ടാകും. ഇതിൽ ഏതും ഒരു മനുഷ്യസൃഷ്ടിയാവാന്‍ പര്യാപ്തമാണ്. അതിൽ നിന്ന് ഒന്ന് മാത്രമാണ് പ്രചനനത്തിനുപയോഗിക്കുന്നത്. മുന്‍‌കൂർ കൊടുത്ത കഴിവാണെങ്കിൽ എല്ലാം സൃഷ്ടികളാവേണ്ടിയിരുന്നു. പലപ്പോഴും സ്ത്രീ പുരുഷ ബന്ധം കൊണ്ട് സന്താനമുണ്ടാകുന്നില്ല. അപ്പോൾ ഈ സാധാരണ കഴിവ് എന്നത് തന്നെ അപ്പപ്പോൾ അല്ലാഹു കൊടുക്കുന്നതാണ് എന്ന് വ്യക്തം.
അസാധാരണ കഴിവുകളുടെയും അവസ്ഥ ഇതു തന്നെയാണ്. അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് അവന്‍ കണക്കില്ലാതെ കൊടുക്കും.

നാല് ആയത്ത് കാണുക, അതില്‍ രണ്ടെണ്ണം പരലോകത്ത് കണക്കില്ലാതെ കൊടുക്കുമെന്നു പറയുന്ന ആയത്ത്. രണ്ടെണ്ണം ഭൌതിക ലോകത്ത് മഹാന്മാര്‍ക്ക് കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്നവയും :





ഒന്ന് (ഭൌതിക ലോകത്ത് മഹാന്മാര്‍ക്ക് കണക്കില്ലാതെ കൊടുക്കുമെന്നത്)





كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقاً قَالَ يَا مَرْيَمُ أَنَّى لَكِ هَـذَا قَالَتْ هُوَ مِنْ عِندِ اللّهِ إنَّ اللّهَ يَرْزُقُ مَن يَشَاء بِغَيْرِ حِسَابٍ (سورة آل عمران 37





ആയത്തിന്റെ പശ്ചാത്തലം : പള്ളിയിലേക്ക് നേര്‍ച്ചയാക്കപ്പെട്ട മഹതി മര്‍‌യം ബീവി عليها السلام ന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നത് മാതൃസഹോദരിയുടെ ഭര്‍ത്താവായ സകരിയ്യാ عليه السلام ആയിരുന്നു.(സകരിയ വിവാഹം ചെയ്തത് ഹന്നത്തിന്റെ അനുജത്തിയെയായിരുന്നു. ഹന്നത്തിനെ വിവാഹം ചെയ്തത് ഔലിയാക്കളില്‍ പെട്ട ഇം‌റാനുമായിരുന്നു).

സംരക്ഷകനായ സകരിയ്യാ നബി عليه السلام മസിജിദുല്‍ അഖ്സയില്‍ തന്നെ ഒരു പ്രത്യേക റൂമുണ്ടാക്കി അതിലായിരുന്നു മഹതിയെ താമസിപ്പിച്ചിരുന്നത്.

ആയത്തിന്റെ അര്‍ത്ഥം:
സകരിയാ നബി എപ്പോള്‍ ആ റൂമില്‍ പ്രവേശിച്ചോ അപ്പോഴൊക്കെ അവിടെ പ്രത്യേക ഭക്ഷണം കാണാമായിരുന്നു. അല്‍ഭുതത്തോടെ മഹാനവര്‍കള്‍ ചോദിക്കുന്നു : നിങ്ങള്‍ക്ക് എവിടെ നിന്ന് ലഭിക്കുന്നു ഈ ഭക്ഷണം ? ' قالت هو من عند الله 'അത് അല്ലാഹുവില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. (ഇത് അസാധാരണ മാര്‍ഗത്തില്‍ അല്ലാഹു നല്‍കികൊണ്ടിരിക്കയാണെന്നര്‍ത്ഥം). തുടര്‍ന്ന് മറിയം ബീവി പറയുന്നു. إن الله يرزق من يشاء بغير حساب അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് യാതൊരു കണക്കുമില്ലാതെ അവന്‍ കൊടുക്കും” (ആലു ഇം‌റാന്‍ 37)
മര്‍‌യം ബീവി നബിയല്ല . സിദ്ദീഖത്താണെന്ന് ഖുര്‍‌ആന്‍ പറഞ്ഞതുമാണ്.


രണ്ടാമത്തെ ആയത്ത് (ഭൌതിക ലോകത്ത് മഹാന്മാർക്ക് കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്ന )

നിരവധി അത്‌ഭുതങ്ങൾ നൽകി ആദരിച്ച ബഹുമാനപ്പെട്ട സുലൈമാൻ നബി عليه السلام യെകുറിച്ച് വിശുദ്ധ ഖുർ‌ആൻ പറയുന്നു.



وَوَرِثَ سُلَيْمَانُ دَاوُودَ وَقَالَ يَا أَيُّهَا النَّاسُ عُلِّمْنَا مَنطِقَ الطَّيْرِ وَأُوتِينَا مِن كُلِّ شَيْءٍ إِنَّ هَذَا لَهُوَ الْفَضْلُ الْمُبِينُ (سورة النمل 16




“സുലൈമാൻ നബി عليه السلام ദാവൂസ് നബി ന്റെ عليه السلام പിൻഗാമിയായി. മഹാനവർകൾ പറഞ്ഞു. : ഓ ജനങ്ങളേ, പക്ഷികളുടെ ഭാഷ എനിക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. നമുക്ക് ആവശ്യമാ‍യ എല്ലാം നൽകപ്പെട്ടിരിക്കുന്നു. ഇത് അല്ലാഹുവിന്റെ വ്യക്തമാ‍യ ഔദാര്യമാകുന്നു. (സൂറത്തുനം‌ല് 16 )

ഇവ്വിഷയകമായിതന്നെ സൂറത്തു സ്വാദിൽ അല്ലാഹു പറയുന്നു.



قَالَ رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّنْ بَعْدِي إِنَّكَ أَنتَ الْوَهَّابُ* فَسَخَّرْنَا لَهُ الرِّيحَ تَجْرِي بِأَمْرِهِ رُخَاء حَيْثُ أَصَابَ * وَالشَّيَاطِينَ كُلَّ بَنَّاء وَغَوَّاصٍ * وَآخَرِينَ مُقَرَّنِينَ فِي الْأَصْفَاد * هَذَا عَطَاؤُنَا فَامْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ * (ص 35 – 39



“സുലൈമാൻ നബി عليه السلام പറഞ്ഞു : അല്ലാഹുവേ എനിക്ക് നീ പൊറുത്തു തരേണമേ, എന്റെ ശേഷം മറ്റാർക്കും നൽകാത്ത രാജാധികാരം എനിക്ക് നീ നൽകേണമേ, നീയാണ് കൂടുതൽ നൽകുന്നവർൻ -ദുആ ഫലമായി – നാം കാറ്റിനെ അവർക്ക് കീഴ്പ്പെടുത്തിക്കൊടുത്തു. താൻ ലക്ഷ്യം വെക്കുന്ന സ്ഥലത്തേക്ക് ആ കാറ്റ് തന്റെ ആജ്ഞാനുസരണം സൌമ്യമായി സഞ്ചരിക്കുമായിരുന്നു. വാസ്തുശില്‌പികളും മുങ്ങൽ വിദഗ്‌ദരുമായ പിശാചുക്കളെയും കിഴ്പ്പെടുത്തികൊടുത്തു., ചങ്ങലകളിൽ ബന്ധിക്കപ്പെട്ട മറ്റു ചില ചെകുത്താന്മാരെയും .(ശേഷം അല്ലാഹു പറഞ്ഞു ) ഈ കാര്യങ്ങളൊക്കെ നാം നിങ്ങൾക്ക് ദാനമായി നൽകികൊണ്ടിരിക്കുകയാണ്. ഇതിൽ ഇഷ്ടമുള്ളത് യഥേഷ്ടം ഉപയോഗിച്ചോളൂ. അല്ലെങ്കിൽ വേണ്ടെന്നു വെക്കാം കണക്കില്ലാതെ. (സാദ് -35-39 )

ദുനിയാവിൽ അസാധാരണക്കാർക്ക് അസാധാരണ കഴിവുകൾ കണക്കില്ലാതെ കൊടുക്കുമെന്നതിന് ഈ രണ്ട് ആയത്തുകൾ മതി.
പരലോകത്ത് അല്ലാഹു അടിമക്ക് കണക്കില്ലാതെ നൽകുമെന്നു പറയുന്ന സൂക്തങ്ങൾ :
ഒന്ന്


زُيِّنَ لِلَّذِينَ كَفَرُواْ الْحَيَاةُ الدُّنْيَا وَيَسْخَرُونَ مِنَ الَّذِينَ آمَنُواْ وَالَّذِينَ اتَّقَواْ فَوْقَهُمْ يَوْمَ الْقِيَامَةِ وَاللّهُ يَرْزُقُ مَن يَشَاء بِغَيْرِ حِسَابٍ (البقرة 212


“കാഫിറുകൾക്ക് ഭൌതിക ജീവിതം ആകർഷകമാക്കപ്പെട്ടിരിക്കുന്നു. മു‌അ്മിനുകളെ അവർ പരിഹസിക്കും. എന്നാൽ അന്ത്യ ദിനത്തിൽ തഖ്‌വയിലധിഷ്ടിതമായി ജീ‍വിച്ചവർക്കായിരിക്കും ഉന്നതസ്ഥാനം. അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ കണക്കില്ലാതെ നൽകും “ ( അൽ -ബഖറ 212 )

ഈ ആയത്തിൽ തഖ്‌വയിലൂന്നി ജീവിച്ചവർക്ക് പരലോകത്ത് അല്ലാഹു കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്നു. അവർ തന്നെയാണല്ലോ ഔലിയാക്കൾ .അല്ലാഹു തന്നെ പറയുന്നു.


أَلا إِنَّ أَوْلِيَاء اللّهِ لاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ * الَّذِينَ آمَنُواْ وَكَانُواْ يَتَّقُونَ * لَهُمُ الْبُشْرَى فِي الْحَياةِ الدُّنْيَا وَفِي الآخِرَةِ لاَ تَبْدِيلَ لِكَلِمَاتِ اللّهِ ذَلِكَ هُوَ الْفَوْزُ الْعَظِيمُ (يونس 62 إلى 64



“അറിയുക നിശ്ചയം അല്ലാഹുവിന്റെ ഔലിയാക്കൾ, അവർക്ക് ഭയമോ ദു:ഖമോ ഇല്ല. അവർ വിശ്വസിക്കുകയും തഖ്‌വയിലധിഷ്ടിതമായി ജീവിക്കുകയും ചെയ്തവരാണ്. അത്തരക്കാർക്ക് ഇഹത്തിലും പരത്തിലും സുവിശേഷങ്ങളാണുള്ളത്” ( യൂനുസ് 62-64 )

രണ്ട് :


وَمَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَأُوْلَئِكَ يَدْخُلُونَ الْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ (غافر 40


സത്യവിശ്വാസിയായിക്കൊണ്ട് സൽക്കർമ്മ, ചെയ്യുന്ന പുരുഷനും സ്ത്രീയും സ്വർഗത്ത്ല് പ്രവേശിക്കും. അവർക്ക് കണക്കില്ലാതെ അല്ലാഹു നൽകുന്നതാകുന്നു. “ (ഗാഫിർ-40 )


അപ്പോൾ ദുനിയ്യാവിലായാലും ആഖിറത്തിലായാലും അല്ലാഹു മഹാന്മാർക്ക് കണക്കില്ലാതെ നൽകുന്നു. ഇതനുസരിച്ച് അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അത്ത് പറയുന്നു : സ്വന്തമായി കഴിവില്ല എന്നത് സത്യമാണെങ്കിലും അല്ലാഹു ഉദ്ദേശിച്ച മഹാന്മാർക്ക് അവൻ ഉദ്ദേശിച്ച അസാ‍ധാരണ മാർഗത്തിലൂടെയുള്ള കഴിവുകൾ ദുനിയാവിൽ ജീ‍വിത കാലത്തും മരണശേഷം ആഖിറത്തിലും യാതൊരു കണക്കുമില്ലാതെ അവൻ ഉദ്ദേശിക്കുന്നവർക്ക് ഉദ്ദേശിക്കുമ്പോൾ കൊടുക്കുന്നു.

ഈ ആശയത്തെ വ്യക്തമാക്കിക്കൊണ്ട് ഖുദ്‌സിയായ ഹദീസിൽ കാണാം,


عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلّم: إن الله قال: من عادَى لي وَليّاً فقد آذَنْته بالحرب. وما تقرَّب إليَّ عبدي بشيءٍ أحب إلي مما افتَرَضْته عليه. وما يزال عبدي يتقرب إلي بالنوافل حتى أُحبه، فإذا أحبَبته كنت سمعه الذي يسمع به وبَصرَه الذي يبصر به ويدَه التي يبطِش بها. ورجله التي يمشي بها، وإنْ سألني لأَعطينه ، ولئن استعاذ بي لأعيذَنه (صحيح البخاري 6502



“എന്റെ വലിയ്യിനോട് ഒരാൾ ശത്രുത വെച്ച് പുലർത്തിയാൽ فقد آذنته بالحرب അവനോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. (അല്ലാഹുവിന്റെ എതിരാളികളാണ് അവർ, അവരെ നാശപ്പെടുത്താൻ അല്ലാഹു തീരുമാനിച്ചിരിക്കുന്നു എന്നർത്ഥം . അഥവാ ഹുസുനുൽ ഖാതിമത്ത് ലഭിക്കാതെ പോകും. അല്ലാഹു നമ്മേ കാക്കട്ടെ )
എന്റെ അടിമ എന്നോടടുക്കാൻ , എനിക്ക് ഏറ്റവും പ്രിയങ്കരമായത് ഞാനവനോട് നിർബന്ധമായി കല്പിച്ച കാര്യങ്ങളെ കൃത്യമായി അനുഷ്ടിക്കലാണ്. (ഹറാമിനെ വെടിയുകയും കല്പിച്ചതിനെ ചെയ്യുകയും ചെയ്യുക ) അനന്തരം ഫർളായ കാര്യങ്ങൾ കാർക്കശ്യമായി ചെയ്യുന്നതോടൊപ്പം സുന്നത്തായ കർമ്മങ്ങളെക്കൊണ്ട് എന്നിലേക്ക് അവൻ അടുത്തു കൊണ്ടിരിക്കും ഞാൻ അവനെ മഹബ്ബത്ത് വെക്കുക എന്ന പദവിയിലെത്തുന്നത് വരെ

فإذا أحببته അങ്ങിനെ ഞാനവനെ സ്നേഹിച്ചു കഴിഞ്ഞാൽ (അല്ലാഹുവിന്റെ മുഹിബ്ബ് എന്ന പദവിയിലെത്തിക്കഴിഞ്ഞാൽ പിന്നെ അവൻ സാധാരണക്കാരനല്ല ) അവൻ കേൾക്കുന്ന കേൾവി ഞാനായി മാറും, അവൻ കാണുന്ന കാഴ്ച ഞാനായി മാറും, പിടിക്കുന്ന കരം ഞാനായി മാറും , അവൻ സഞ്ചരിക്കുന്ന പാദങ്ങൾ ഞാനായി മാറും. നിശ്ചയമായും അവൻ എന്നോട് ചോദിച്ചാൽ ഞാനവന് നൽകുക തന്നെ ചെയ്യും . എന്നെക്കൊണ്ട് കാവലിനെ തേടിയാൽ നിശ്ചയം അവനെ ഞാൻ കാക്കുക തന്നെ ചെയ്യും
“ (ബുഖാരി 6502 )

അഥവാ, അത്തരം ഔലിയാക്കൾ ഔർ കാര്യം കേൾക്കണമെന്നുദ്ദേശിച്ചാൽ, അവരൊരു കാര്യം കാണണമെന്നോ ചെയ്യണമെന്നോ ഒരു സ്ഥലത്ത് എത്തണമെന്നോ ഉദ്ദേശിച്ചാൽ അതൊക്കെ അല്ലാഹു അവർക്ക് സാധിപ്പിച്ച് കൊടുക്കും

പത്തോളം രിവായത്തിലൂടെ ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അബൂഹുറൈറ , ആഇശ , അബ്ദുല്ലാഹിബ്നു അബ്ബാസ് , മുആദ്ബുനുജബൽ رضي الله عنهم തുടങ്ങി നിരവധി മഹാന്മാരിൽ നിന്നുദ്ധരിച്ച ഹദീസാണിത്

ഇതിന് ഒരു പരിധിയുമില്ല . والله يرزق من يشاء بغير حساب. സാധാരണക്കാർക്ക് സാധാരണ കഴിവാവട്ടേ, അസാധാരണക്കാർക്ക് അസാധാരണ കഴിവാവട്ടെ , അല്ലാഹു നൽകുമ്പോൾ കിട്ടും. സൃഷ്ടികൾക്ക് കഴിവില്ല എന്നു പറഞ്ഞാൽ അത് കൊണ്ടുദ്ദേശിക്കുന്നത് സ്വന്തമായി കഴിവില്ല എന്നതാണ്. അവർക്ക് കഴിവുണ്ട് എന്ന് പറഞ്ഞാൽ അല്ലാഹു നൽകുന്ന കഴിവുണ്ട് എന്നുമാണ്



وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ إِنَّ اللَّهَ بَالِغُ أَمْرِهِ (الطلاق 3



“അല്ലാഹുവിൽ ആര് തവക്കുലാക്കുന്നോ അവന് മുഴുവൻ കാര്യങ്ങൾക്കും അല്ലാഹു മതി. അല്ലാഹു അവന്റെ കാര്യം പൂർണ്ണമായി ഏറ്റെടുത്തു നിറവേറ്റുക തന്നെ ചെയ്യും (ത്വലാഖ് 3 )

സ്വന്തമായി സാധാരണ കഴിവുമില്ല , അസാധാരണ കഴിവുമില്ല. കഴിവുകൾ ആർക്കും അല്ലാഹു മുൻ‌കൂർ കൊടുത്തുവെച്ചിട്ടുമില്ല. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ ഉദ്ദേശിക്കുമ്പോൾ അവനുദ്ദേശിച്ചത് കൊടുക്കും. അത് ദുനിയാവിലും കൊടുക്കും ആഖിറത്തിലും കൊടുക്കും. അതിന് പരിധിയൊന്നുമില്ല. ഇതാണ് കഴിവിനെ സംബന്ധിച്ച് പറയാനുള്ളത്.  

സ്വാഭാവികമായുണ്ടാകുന്ന ഒരു സംശയമാണ് മുഅ്ജിസത്തിന്റെയും കറാമത്തുകളുടെയും കഴിവുകളെ കുറിച്ച് ചില സ്ഥലങ്ങളിൽ കൊടുത്തിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട് എന്നത്.

ഉദാഹരണം : ഈസാ നബി عليه السلام തൊട്ടിലിൽ കിടന്നു പറഞ്ഞു آتاني الكتاب “ എനിക്ക് വേദ ഗ്രന്ഥം തന്നിരിക്കുന്നു” ഇതെല്ലാം അല്ലാഹുവിന്റെ വാഗ്‌ദാനങ്ങൾ കിട്ടിയതിന് തുല്യമാണ്. അല്ലാഹുവിന്റെ വാഗ്‌ദാനമാണല്ലോ والله يرزق من يشاء بغير حساب “ അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ കണക്കില്ലാതെ കൊടുക്കുമെന്നത്.” അതുപോലെ ഖുദ്‌സിയായ ഹദീസിൽ വന്ന വാഗ്‌ദനമാണ് ولئن سألني لأعطينه “ആ മുഹിബ്ബ് എന്നോട് ചോദിക്കുകയാണെങ്കിൽ ഞാൻ തീർച്ചയായും അത് നൽകുന്നതാണ്“ എന്നത് . ഇത്തരം വാഗ്‌ദാനങ്ങൾ അല്ലാഹുവിൽ നിന്നുള്ളതായതു കൊണ്ട് കിട്ടിയതിനു തുല്യമാണ്.

ഈ അടിസ്ഥാനത്തിലാണ് ചില സ്ഥലങ്ങളിൽ ഇമാമുകൾ മഹാന്മാർക്ക് കഴിവുണ്ട് എന്ന് പറയുന്നത്. ഖുർ‌ആനിൽ أتى أمر الله فلا تستعجلوه “ഖിയാമം വന്നു കഴിഞ്ഞു.” എന്ന് പറഞ്ഞത് പോലെയാണിത്. അപ്പോൾ അമ്പിയാക്കൾക്കും മഹാന്മാർക്കും അസാധാരണ കഴിവുണ്ട് എന്ന് പറയാം അത് ഈ അർത്ഥത്തിലാണെന്ന് മാത്രം

അസാധാരണ കഴിവാകട്ടെ, സാധാരണ കഴിവാകട്ടെ, അല്ലാഹുവിന്റെ അനുമതിയില്ലാതെ ഒരാൾക്കും ഒന്നും ചെയ്യാൻ കഴിയുകയില്ല. لا حول ولا قوة إلا بالله العلي العظيم നല്ലതായ കാര്യങ്ങൾ ചെയ്യാനോ തെറ്റായ കാര്യങ്ങളിൽ നിന്ന് മാറി നിൽക്കാനോ അല്ലാഹു ഖുദ്‌റത്തും തൌഫീഖും നൽകിയാലല്ലാതെ സാധ്യമല്ല.

അല്ലാഹു അവന്റെ ഇഷ്ടദാസൻ‌മാർക്ക് നൽകുന്ന കഴിവിന് ഒരു പരിധിയുമില്ല. ഇത്തരം അസാധാരണ കഴിവുകൾ അല്ലാഹു നൽകിയതിന്റെ ചില ഉദാഹരണങ്ങൾ ഖുർ‌ആനിൽ നിന്നു പറയാം. അല്ലാഹു വിശുദ്ധ ഖുർ‌ആനിൽ മർ‌യം ബീവി رضي الله عنها യെ കുറിച്ച് പറയുന്ന സ്ഥലത്ത് പറയുന്നു :


إِذْ قَالَتِ الْمَلآئِكَةُ يَا مَرْيَمُ إِنَّ اللّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ اسْمُهُ الْمَسِيحُ عِيسَى ابْنُ مَرْيَمَ وَجِيهًا فِي الدُّنْيَا وَالآخِرَةِ وَمِنَ الْمُقَرَّبِينَ * وَيُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلاً وَمِنَ الصَّالِحِينَ* (آل عمران 45 إلى 46


മലക്കുകൾ മർ‌യം ബീവി (رضي الله عنها) യോട് പറഞ്ഞതോർക്കുക : ഓ മർ‌യം , അല്ലാഹുവിൽ നിന്നുള്ള വിശുദ്ധമായ തിരുവാക്യം കൊണ്ട് അങ്ങയെ അവൻ സുവിശേഷമറിയിക്കുന്നു. മഹാന്റെ പേര് മർ‌യമിന്റെ പുത്രൻ ഈസാമസീഹ് എന്നാണ്. ഇഹത്തിലും പരത്തിലും മഹത്തായ സ്ഥാനമുള്ളവരും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിൽ പെട്ടവരുമാണ്. മഹാനവർകൾ മനുഷ്യരോട് സംസാരിക്കും. തൊട്ടിലിൽ വെച്ചും പിന്നീട് മധ്യവയസ്കരായ സമയത്തും. മഹാനവർകൾ സജ്ജനങ്ങളിൽ പെട്ടവരാണ്. (ആലുഇം‌റാൻ 45-46)

എത്രയോ കാലങ്ങൾ കഴിഞ്ഞ് വരാനിരിക്കുന്ന കാര്യം പോലും അല്ലാഹു അവന്റെ ഇഷ്ടദാസന്മാർക് നൽകുന്നു.

ഗൈബ് അല്ലാഹുവിനെ അറിയൂ എന്നതിൽ വിശ്വാസിക്ക് സംശയമില്ല. قل لا يعلم الغيب إلا الله “അല്ലാഹു അല്ലാതെ ഗൈബ് അറിയുന്നവനില്ല”. അത് വിശ്വാസത്തിന്റെ ഭാഗമാണ്. പക്ഷെ അറിയിച്ചു കൊടുക്കുന്നവർക്ക് അറിയിച്ചുകൊടുക്കുമ്പോൾ അറിയും അതിന് ഒരു പരിധി എവിടെയും അല്ലാഹു പറഞ്ഞിട്ടില്ല. ഉടമക്കാരൻ അല്ലാഹു ആണ് എന്നതു തന്നെ മതിയല്ലോ പരിധിയായി.


മറ്റൊരു ആയത്ത് നോക്കൂ :

قَالَ قَدْ أُوتِيتَ سُؤْلَكَ يَا مُوسَى* وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَى * إِذْ أَوْحَيْنَا إِلَى أُمِّكَ مَا يُوحَى * أَنِ اقْذِفِيهِ فِي التَّابُوتِ فَاقْذِفِيهِ فِي الْيَمِّ فَلْيُلْقِهِ الْيَمُّ بِالسَّاحِلِ يَأْخُذْهُ عَدُوٌّ لِّي وَعَدُوٌّ لَّهُ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّي وَلِتُصْنَعَ عَلَى عَيْنِي* (طه 36-39

മൂസാ നബിയേ, അങ്ങയുടെ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെട്ടിരിക്കുന്നു. മറ്റൊരു സമയത്തും നിങ്ങൾക്ക് നാം ഔദാര്യം ചെയ്തിട്ടുണ്ട്. താങ്കളുടെ മാതാവിന് നാം സന്ദേശം നൽകി. ഈ ശിശുവിനെ ഒരു പെട്ടിയിലാക്കി പുഴയിലേക്കെറിയുക. നദി അതിനെ കരയിലെത്തിക്കും. പിന്നീട് എന്റെയും ആ കുട്ടിയുടെയും ശത്രു അതിനെ എടുക്കുകയും ചെയ്യും. ഞാൻ എന്റെ സ്നേഹം നിങ്ങളുടെ മേലിൽ ഇട്ടു തന്നു. എന്റെ മേൽനോട്ടത്തിൽ നിങ്ങളെ വളർത്തപ്പെടാൻ സൌകര്യമൊരുക്കുകയും ചെയ്തു”. (ത്വാഹാ 36-38)

മൂസാ നബി عليه السلام ന്റെ മാതാവിന് എന്തെല്ലാം അസാധാരണവും അൽ‌ഭുതകരവും വരാനിരിക്കുന്നതുമായ കാര്യങ്ങളാണ് അല്ലാഹു അറിയിച്ച് കൊടുത്തത്. മഹതി നബിയല്ലെന്നത് തർക്കമില്ലാത്ത കാര്യവുമാണ്.

ഇനി കറാമത്തുകൾ എവിടെ വരെ എത്താമെന്നത് കാണുക. എല്ലാ വെള്ളിയാഴ്ചയും പാരായണം ചെയ്യാൻ കൽ‌പിക്കപ്പെട്ട സൂറത്തുൽ കഹ്‌ഫിൽ ഔലിയാക്കളായ അസ്‌ഹാബുൽ കഹ്‌ഫിനെ കുറിച്ച് അല്ലാഹു പറയുന്നു :



وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ذَلِكَ مِنْ آيَاتِ اللَّهِ (الكهف 17




സൂര്യന്റെ നിങ്ങൾക്കു കാണാം, അത് ഉദിച്ചു വരുന്ന സമയത്ത് അവരുടെ ഗുഹയുടെ വലതു ഭാഗത്തേക്ക് തെറ്റി ഉദിക്കുന്നതായി, അസ്തമിക്കുമ്പോൾ അവരെ ഒഴിവാ‍ക്കി ഇടത്തോട്ട് തെറ്റി പോകുന്നതും കാണാം. അവരോ അവരുടെ ഗുഹക്കുള്ളിൽ വിശാലമായ ഭാഗത്ത് വിശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇത് അല്ലാഹുവിന്റെ അൽ‌ഭുത ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്” (അൽ കഹ്‌ഫ് 36-38)

സൃഷ്ടികളായ ഏഴ് വ്യക്തികൾക്ക് വേണ്ടി ഭൂമിയേക്കാൾ എത്രയോ ഇരട്ടി വലിപ്പമുള്ള സൂര്യന്റെ ഗതി മാറ്റാൻ അല്ലാഹുവിന്റെ ഔലിയാക്കളുടെ കറാമത്തിന് കഴിയുമെന്നാണല്ലോ ഈ പറഞ്ഞത്.

അതേ സൂറത്തിൽ ദുൽ‌ഖർ‌നൈനി (رحمه الله) യെ കുറിച്ച് അല്ലാഹു പറയുന്നു : അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട വലിയ്യാണ് ദുൽ‌ഖർ‌നൈനി.

وَيَسْأَلُونَكَ عَن ذِي الْقَرْنَيْنِ قُلْ سَأَتْلُو عَلَيْكُم مِّنْهُ ذِكْرًا* إِنَّا مَكَّنَّا لَهُ فِي الْأَرْضِ وَآتَيْنَاهُ مِن كُلِّ شَيْءٍ سَبَبًا* (الكهف 83-84

നബിയേ, ദുൽ‌ഖർനൈനിയെ കുറിച്ച് തങ്ങളോട് അവർ ചോദിക്കും. അദ്ദേഹത്തെക്കുറീച്ച് ചില കാര്യങ്ങൾ ഞാൻ പറഞ്ഞു തരാമെന്ന് പറയുക. നാം അദ്ദേഹത്തിന് ഭൂമിയിൽ അധികാരം നൽകുകയും എല്ലാ വസ്തുക്കളുടെയും കാരണങ്ങളെ അദ്ദേഹത്തിന് കീഴ്പ്പെടുത്തി കൊടുക്കുകയും ചെയ്തിരിക്കുന്നു”. (അൽ കഹ്‌ഫ് 36-38)

ഈ ലോകം കാരണങ്ങളുടെ ലോകമാണ്. വെള്ളം കുടിച്ചാൽ ദാഹം മാറും. കത്തി മുറിയാനുള്ള കാരണമാണ്. ഈ കാരണങ്ങൾ ഒരു വ്യക്തിക്ക് കീഴ്പ്പെടുത്തിക്കൊടുത്താൽ പിന്നീട് ഈ ലോകത്ത് നടക്കാത്ത ഒന്നുമില്ല.

കുതിരയും ഒട്ടകവുമല്ലാതെ ഔർ വാഹനവുമില്ലാത്ത കാലത്ത് ഭൂഗോളത്തിന്റെ നാല് ഭാഗത്തും സഞ്ചരിച്ചെത്തി അവിടെയുള്ള മുഴുവൻ ജനങ്ങളുടെയും വിവരങ്ങൾ അന്വേഷിക്കാനും തൌഹീദ് പ്രചരിപ്പിക്കാനും യ‌അ്ജൂജ് മ‌അ്ജൂജിന്റെ പ്രവേശനം തടയാനുമൊക്കെ അദ്ദേഹത്തിന് സാധിച്ചത് ഈ കാരണങ്ങൾ കീഴ്പ്പെട്ടു കിട്ടിയത് കൊണ്ടാണ്.

قَالَ هَذَا رَحْمَةٌ مِّن رَّبِّي فَإِذَا جَاء وَعْدُ رَبِّي جَعَلَهُ دَكَّاء وَكَانَ وَعْدُ رَبِّي حَقًّا (18:98
“ഇത് എന്റെ നാഥന്റെ കാരുണ്യമാകുന്നു. പക്ഷെ എന്റെ റബ്ബിന്റെ വാഗ്‌ദത്ത സമയമാകുമ്പോൾ അവൻ അതിനെ ( ആ മതിലിനെ ) തകർത്തു തരിപ്പണമാക്കും. എന്റെ നാഥന്റെ വാഗ്‌ദത്തം സത്യമാണ്”. (അൽ കഹ്‌ഫ് 98)

അല്ലാഹു അറിയിച്ചു കൊടുത്താൽ ഗൈബും അറിയുമെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. 


പ്രിയ സഹോദരൻ‌മാരേ, “അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ” എന്ന സീരീസ് തൽ‌ക്കാലം ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനിയും ആ വിഷയത്തിൽ ഒരു പാട് എഴുതാനുണ്ട്. إن شاء الله മറ്റൊരു സമയത്ത് എഴുതാം. എന്നാലും അവസാനിപ്പിക്കുന്നതിന് മുമ്പ് ചില പ്രധാന കാര്യങ്ങൾ കൂടെ ചേർക്കട്ടെ.
മഹാനയ ഗൌസുൽ അ‌അ്സം മുഹ്‌യിദ്ധീൻ ശൈഖ് رضي الله عنه നെ കുറിച്ചും അവരുടെ പ്രകീർത്തനങ്ങളിലായി രചിക്കപ്പെട്ട മുഹ്‌യിദ്ധീൻ മാലയെക്കുറിച്ചും ഈയിടെ വളരെ മോശമായി പല സഹോദരൻ‌മാരും മെയിലുകളയച്ചതു കണ്ടു.

സാധാരണക്കാരയ പല വായനക്കാരും മാലയിലെ ഇത്തരം വരികളെ നാമെങ്ങിനെ മനസ്സിലാക്കണമെന്ന് ചോദിക്കുകയുണ്ടായി. ആ അടിസ്ഥാനത്തിൽ ചില പ്രധാന കാര്യങ്ങൾ വായനക്കാരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ .

മഹാനായ അബ്‌ദുൽ ഖാദിർ മുഹ്‌യിദ്ധീൻ അൽ ഇർ‌ബലി رحمه الله തന്റെ “തഫ്‌രീജുൽ ഖാഥിർ” എന്ന കിതാബിന്റെ ആമുഖത്തിൽ പറയുന്നു:

اعلم يا أخي أن كل كلمة سمعتها من ثناء على الله وحمد له عز وجل وعلمت أنه ليس فيها نقص للألوهية يجب عليك تصديقها وإن لم يكن قائلها معلوما وكذا في حق الأنبياء إذا لم يكن فيها نقص لمرتبة النبوة وكذا في حق الأولياء إذا لم يكن فيها شيء من خصائص الألوهية والنبوة فيلزم قبولها ولا تأت بإنكار لأن إنكار كرامات الأولياء مؤد إلى إنكار معجزات الأنبياء فإن كل ولي على قدم نبي فمن آمن بمعجزات الأنبياء عليهم الصلاة والسلام فقد آمن بكرامات الأولياء رضي الله عنهم والإنكار موجب للمقت والخذلان لأنه جاء في الحديث القدسي من آذى لي وليا فقد آذنته بالحرب نعوذ بالله من شر النفس والشيطان

“സഹോദരാ നീ മനസ്സിലാക്കുക, അല്ലഹുവിന്റെ ആസ്തിക്വത്തിനും പരിശുദ്ധിക്കും എതിരല്ലാത്ത, അല്ലാഹുവിനെക്കുറിച്ച് നീ കേട്ട എല്ലാ സ്തുതി വാക്കുകളും പ്രകീർത്തനങ്ങളും നീ അംഗീകരിക്കുക. അത് പറഞ്ഞയാൾ ആരെന്ന് നോക്കേണ്ടതില്ല. അതുപോലെ പ്രവാചകത്വത്തിന്റെ മഹത്വത്തിന് നിരക്കുന്ന പ്രകീർത്തനങ്ങൾ പ്രവാചകൻ‌മാരെക്കുറിച്ച് കേട്ടാലും നീ അംഗീകരിക്കുക. അപ്രകാരം തന്നെ ഔലിയാക്കളെക്കുറിച്ച് കേട്ടാലും നീ വിശ്വസിച്ചോ, അത് പ്രവാചകത്വത്തിന്റെയോ ഉലൂഹിയ്യത്തിന്റെയോ പ്രത്യേകതയിൽ പെടാത്തതാണെങ്കിൽ അത്തരം കാര്യങ്ങളെ നീ നിഷേധിക്കാൻ മുതിരണ്ട. ഔലിയാക്കളുടെ കറാമത്തുകളെ നിഷേധിക്കുന്നത് അമ്പിയാക്കളുടെ മുഅ്ജിസത്തിനെ നിഷേധിക്കുന്നതിലേക്ക് എത്തിക്കും. കാരണം ഓരോ വലിയ്യും ഏതെങ്കിലും പ്രവാചകൻ‌മാരുടെ കീഴിലായിരിക്കുമെന്നതാണ്. പ്രവാചകൻ‌മാരുടെ മു‌അ്ജിസത്തുകളെക്കൊണ്ട് വിശ്വസിക്കുന്നവർ ഔലിയാക്കളുടെ കറാമത്തുകളിലും വിശ്വസിക്കണം. അവ നിഷേധിക്കൽ അല്ലാഹുവിന്റെ കോപത്തിനും നാശത്തിനും കാരണമാകും. കാരണം ഖുദ്‌സിയ്യായ ഹദീസിൽ വന്നിട്ടുണ്ട് “എന്റെ വലിയ്യിനെ ആരെങ്കിലും വിഷമിപ്പിച്ചാൽ അവനോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു” എന്ന്.

ഈ അടിസ്ഥാന തത്വം വെച്ചുകൊണ്ടാണ് നാം മഹാൻ‌മാരായ അല്ലാഹുവിന്റെ ഔലിയാക്കളുടെ വാക്കുകളെ വിലയിരുത്തേണ്ടത്. അവരിൽ സമുന്നതരായ ഗൌസുൽ رحمه الله നെ പോലുള്ളവരുടെ വാക്കുകളും പ്രവൃത്തികളുമൊക്കെ ഒരു പക്ഷെ , നാം നമ്മുടെ നിലവാരത്തിലും നമ്മുടെ ചെറിയ ബുദ്ധി കൊണ്ടും ചിന്തിച്ചാൽ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് വന്നേക്കാം.
താഴെയുള്ള ഒരു ഹദീസ് നോക്കൂ ..ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഈ ഹദീസിൽ കാണാം

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: هل ترون قبلتي ههنا؟ والله ما يخفى علي ركوعكم ولا خشوعكم ، وإني لأراكم وراء ظهري (رواه البخاري رحمه الله


നിങ്ങൾ എന്റെ മുന്നിലുള്ളതിനെ കാണുന്നില്ലേ ? അപ്രകാരം, അല്ലഹുവാണെ സത്യം നിങ്ങളുടെ റുകൂ‍ഉം നിങ്ങളുടെ ഭയഭക്തിയും എനിക്ക് ഗോപ്യമല്ല, നിശ്ചയം നിങ്ങളെ ഞാൻ പിന്നിലൂടെ കാണുന്നുണ്ട്”
പിന്നിലുള്ളതും ഹൃദയത്തിന്റെ ഉള്ളിലുള്ളതുമൊക്കെ കാണുമെന്ന്, വഹ്‌യ് മുഖേന അറിയുമെന്നല്ല പറഞ്ഞത്. ഇതൊക്കെ മുഅ്ജിസത്തുകളാണ്. എങ്ങിനെ എന്ന ചോദ്യത്തിന് അവിടെ പ്രസക്തിയില്ല. വിശുദ്ധ ഖുർ‌ആനിൽ അല്ലാഹു ദുൽഖർനൈനിയെ കുറിച്ച് പറഞ്ഞില്ലേ : وآتيناه من كل شيء سببا
“എല്ലാറ്റിന്റെയും കാരണങ്ങളെ നാം അദ്ധേഹത്തിന് കീഴ്പ്പെടുത്തിക്കൊടുത്തു “

കാരണങ്ങളുടെ ലോകമായ ഇവിടെ കാരണങ്ങളെത്തന്നെ അല്ലാഹു ഒരാൾക്ക് കീഴ്പ്പെടുത്തിക്കൊടുത്താൽ അവിടെ പിന്നെ “എങ്ങിനെ” എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നേരത്തെ ഉദ്ധരിച്ച ഉദ്ധരണിയിലുള്ളതു പോലെ ഉലൂഹിയ്യത്തിന്റെയോ ഇലാഹിന്റേയോ പ്രത്യേകതകളിൽ‌പ്പെട്ടതാവാതിരുന്നാൽ മതി. അല്ലാത്തതൊക്കെ വിശ്വസിക്കാവുന്നതാണ്.

അതാണ് മഹാനാ‍യ ഇബ്നു ഹജറുൽ അസ്‌ഖലാനി رحمه الله തന്റെ ഫത്‌ഹുൽ ബാരിയിൽ പറഞ്ഞത്.

فلما انقطع الوحي بموته وقع الإلهام لمن اختصه الله به للأمن من اللبس من ذلك ، وفي إنكار وقوع ذلك مع كثرته واشتهاره مكابرة ممن أنكره. )فتح الباري – باب المبشرات


തിരു നബി صلى الله عليه وسلم യുടെ, വഫാത്തോടെ വഹ്‌യ് അവസാനിച്ചപ്പോൾ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തവർക്ക് ഇൽഹാം അവശേഷിച്ചു. വഹ്‌യുമായി കൂടിക്കുഴയാതിരിക്കാൻ വേണ്ടിയാണിത്. ഇൽഹാം സംഭവിക്കുന്നതിനെ നിഷേധിക്കൽ അഹങ്കാരമാണ്.


അപ്പോൾ ആ കറാമത്തിന്റെയും മുഅ്ജിസത്തിന്റെയും ലോകത്ത് നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ ഒരു വലിയ്യിന് ഒരേ രാത്രി 40 പ്രാവശ്യം ജനാബത്തുണ്ടാകുകയും 40 പ്രാവശ്യം കുളിച്ചു എന്നു പറയുന്നതും അത്ഭുതമല്ല. മിഅ്‌റാജിന്റെ രാത്രിയിൽ മുഹ്‌യിദ്ദീൻ ശൈഖിനെ കാണുന്നതിനോ സംസാരിക്കുന്നതിനോ തടസ്സമില്ല. അല്ലാഹു ഗൌസുൽ അഅ്ളം എന്ന് വിളിക്കുന്നതിനും ഇസ്‌ലാമിക അധ്യാപനങ്ങൾ എതിരല്ല.

നാമൊക്കെ ജനിക്കുന്നതിന് മുമ്പ് നമ്മേയടക്കമുള്ള മനുഷ്യരെ ഹജ്ജിന് വിളിക്കാൻ അല്ലാഹു ഇബ്‌റാഹിം നബിയോട് കല്പിച്ചത് ഖുർ‌ആനിലുണ്ടല്ലോ . നൂറ്റാണ്ടുകൾക്ക് മുമ്പ് വഫാതായ മൂസാ നബി عليه السلام, ഇബ്‌റാഹിം നബി عليه السلام തുടങ്ങിയ നബിമാരോട് മി‌‌അ്‌റാജിന്റെ രാത്രിയിൽ നബി صلى الله عليه وسلم സംസാരിച്ച സംഭവം സ്വഹീഹായ ഹദീസുകളിലുണ്ട്

ഇൽഹാം മുഖേന ഔലിയാക്കൾക്ക് വിവരങ്ങൾ കിട്ടുന്നത് ഖുർ‌ആനിനോ ഹദീസിനോ എതിരല്ല. പ്രവാചകരല്ലാത്ത മർ‌യം ബീവിക്കും മൂസാ നബിയുടെ മാതാവിനുമൊകെ വഹ്‌യ് ലഭിച്ചത് ഖുർ‌ആനിലുണ്ട്

ഇബ്നു തൈമിയ്യ ലൌഹുൽ മഹ്‌ഫൂദിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തിനെ കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നു


أخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490



“ ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “ താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും അവർക്ക് സഹായം ഉറപ്പാണെന്നും 70 ൽ പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂദിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”


ഇതേ കിതാബിൽ മറ്റൊരു സ്ഥലത്ത് ഇബ്നുൽ ഖയ്യിം പറയുന്നു :

أن ابن تيمية كان يقول: يدخل علي أصحابي وغيرهم فأرى في وجوههم وأعينهم أمورا لا أذكرها لهم فقلت له أو غيري لو أخبرتهم فقال أتريدون أن أكون معرفا كمعرف الولاة. وقلت له يوم لو عاملتنا بذلك لكان أدعى إلى الإستقامة والصلاح ، فقال لا تصبرون معي على ذلك جمعة أو قال شهرا

“ഇബ്നു തൈമിയ്യ പറയാറുണ്ടായിരുന്നു : “ എന്റെ സദസ്സിലേക്ക് എന്റെ അനുചരന്മാരും അല്ലാത്തവരും കടന്നുവരാറുണ്ട് .അവരുടെ മുഖത്തും കണ്ണിലും ഞാൻ പലതും കാണാറുണ്ട്. പക്ഷെ ഞാനതവരോട് പറയാറില്ല”. ഒരിക്കൽ ഞാനദ്ധേഹത്തോട് പറഞ്ഞു ‘നിങ്ങളാ കാണുന്ന കാര്യങ്ങൾ അവരോട് പറയുകയാണെങ്കിൽ എത്ര നന്ന്” അപ്പോൾ അദ്ധേഹം പറഞ്ഞു. “ രാജാക്കന്മാരുടെ , കണക്കുനോക്കി പ്രവചനം നടത്തുന്നവരെപ്പോലെ ഞാനൊരു പ്രവചകനാണോ നിങ്ങളുദ്ധേശിക്കുന്നത് ? മറ്റൊരു ദിവസം ഞാനദ്ധേഹത്തോട് പറഞ്ഞു. “നിങ്ങളീ മുഖത്ത് നിന്നും കണ്ണിൽ നിന്നും വായിച്ചെടുക്കുന്നതനുസരിച്ച് ഞങ്ങളോട് പെരുമാറുകയാണെങ്കിൽ ഞങ്ങൾക്ക് കൂടുതൽ നന്നാവാനും നേരായ മാർഗം സിദ്ധിക്കാനും അത് കാരണമാകുമായിരുന്നു”. അപ്പോൾ അദ്ധേഹം പറഞ്ഞു അങ്ങിനെയെങ്ങാനും ഞാൻ ചെയ്യാൻ തുടങ്ങിയാൽ നിങ്ങൾക്ക് പിന്നെയെന്റടുത്ത് ഒരാഴ്ചപോലും കഴിയാൻ സാധിക്കില്ല”

അത് തന്നെയല്ലേ മുഹ്‌യിദ്ദീൻ മാലയിലുള്ളത്

‘ കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ
കാണും ഞാൻ നിങ്ങളെ ഖൽബകമെന്നോവർ


അപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ ഔലിയാക്കളിൽ നിന്നുണ്ടാകും. അതിൽ വിശ്വസിക്കാറിരിക്കാൻ മാത്രം അത്ഭുതമൊന്നുമില്ല. ഔലിയാക്കൾക്ക് അതിനു സാധിക്കും

തിരു നബി صلى الله عليه وسلم യ്ക്ക് മിഅ്‌റാജിന്റെ രാത്രിയിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടായ അൽഭുതങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ മാസങ്ങളെകൊണ്ട് നേടിയെടുക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് നാം വിശ്വസിക്കേണ്ടിവരും. വിമാനങ്ങളോ റോക്കറ്റുകളോ ഇല്ലാത്ത അക്കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് മസ്ജിദുൽ അഖ്സയിലും (അത് പോകുന്ന വഴിയിൽ പലയിടങ്ങളിലും ഇറങ്ങി നിസ്കരിക്കുകയും ചെയ്തു ) പിന്നീട് മസ്ജിദുൽ അഖ്സയിൽ വെച്ച് നിസ്കരിക്കുകയും ശേഷം ഏഴാകാശങ്ങളിലും സിദ്‌റത്തുൽ മുൻ‌തഹയിലും സ്വർഗത്തിലും മറ്റുമൊക്കെ സന്ദർശിച്ചു തിരിച്ചെത്തി. അപ്പോൾ മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും ലോകത്ത് ഇതൊക്കെ സാധിക്കും. നാല്പത് പ്രാവശ്യം ജനാബത്തുണ്ടായതിൽ അൽഭുതപ്പെടാനില്ല. 

ഉപദേശം

അവസാനമായി എന്റെ സ്വന്തം ശരീരത്തോടും എല്ലാ മാന്യ വായനക്കാരോടും ഒരു ചെറിയ ഉപദേശം നൽകട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ

നാമെല്ലാവരും മനസ്സിലാക്കേണ്ടതും ഉറച്ചു വിശ്വസിക്കേണ്ടതും അല്ലാഹുവിന്റെ ദീൻ എന്നത് തിരുനബി صلى الله عليه وسلم യിൽ നിന്ന് സ്വഹാബത്ത് മനസ്സിലാക്കിയതാണ്. അവരിൽ നിന്ന് താബിഉകൾ മനസ്സിലാക്കുകയും അവരിൽ നിന്ന് മുജ്തഹിദുകളായ ഇമാമുകൾ മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. ശേഷം അവരുടെ ശ്രമങ്ങൾക്ക് പൂർത്തീകരണം നടത്തിയ വലിയ ഇമാമുകൾ വഴി ലോക മുസ്‌ലിമീങ്ങൾ എക്കാലത്തും പുലർത്തിപ്പോന്ന ചര്യയാണ് അല്ലാഹുവിന്റെ ദീൻ. അതാണ് അല്ലാഹു വിശുദ്ധ ഖുർ‌ആനിലൂടെ പിൻപറ്റാൻ പറഞ്ഞത്.

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا(سورة النساء 115


“സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യ വിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവർ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും “ഈ സച്ചരിതരായ വിശ്വാസികളുടെ ജീവിത വഴികയാണ് ഇസ്‌ലാം

ഈ അടിസ്ഥാനത്തിലായിരിക്കണം നാമെപ്പോഴും നമ്മുടെ വിശ്വാസത്തെ കാത്തു സൂക്ഷിക്കേണ്ടത്. ഈ പാരമ്പര്യമാണ് നമ്മുടെ മതിൽക്കെട്ട് അതിൽ നിന്ന് പുറത്ത് ചാടിക്കാൻ ബിദ‌ഇകൾ എക്കാലവും ശ്രമിച്ചുകൊണ്ടിരിക്കുന്നത് കാണാം.

നമ്മുടെ മതിൽക്കെട്ട് എന്ത്കൊണ്ടാണ് പടുത്തുയർത്തിയതെന്ന് മനസ്സിലാക്കാൻ നാല് മദ്‌ഹബിന്റ് ഇമാമുകളുടെ ജീവിത ചരിത്രങ്ങളും അവരെ ചരിത്രകാരന്മാർ എങ്ങിനെയാണ് വിലയിരുത്തിയതെന്നും ലോകമുസ്‌ലിമീങ്ങൾ എന്തുകൊണ്ടാണ് അവരുടെ പേര് കേൾക്കുമ്പോൾ അത്യാദരപൂർവ്വം (رضي الله عنه) ചൊല്ലുന്നതും ചിന്തിക്കുക. അവർ ഇസ്‌ലാമിനെ മനസ്സിലാക്കിയ അവരുടെ ഗുരുനാഥന്മാരെയും അവരുടെ ഗുരുനാഥന്മാരായ മഹാന്മാരായ സ്വഹാബത്തിനെയുമൊക്കെ മനസ്സിലാക്കുന്നത് നാം നിലകൊള്ളുന്ന പാത മഹത്തരമാണെന്ന് ബോധ്യപ്പെടാൻ കൂടുതൽ സഹായകരമാകും.

അതു പോലെ ഇവരുടെ മദ്‌ഹബുകൾക്ക് പാദസേവ ചെയ്ത ഇമാം ബുഖാരി, ഇമാം മുസ്‌ലിം ,ഇമാം നവവി, ഇമാം ഗസാലി, ഇമാം റാസി, ഇമാം സുയൂഥി, ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ) പോലുള്ള പതിനായിരക്കണക്കിന് ഇമാമുകളെയും പണ്ഡിതന്മാരെയും അറിഞ്ഞിരിക്കുന്നതും അവരൊക്കെ എന്തിന് ഈ ഇമാമുകളെ അനുധാവനം ചെയ്തു എന്ന് മനസ്സിലാക്കുന്നതും നന്ന്.
ഈ സച്ചരിതരായ ഇമാമുകളുടെയും അവരെ പിൻപറ്റി ജീവിച്ച മുസ്‌ലിം ബഹുജനത്തിന്റെയും പാതയിൽ നിന്ന് വ്യതിചലിപ്പിക്കലാണ് ഇബ്‌ലീസിന്റെയും ബിദ‌ഇകളുടെയും മുഖ്യലക്ഷ്യം അതിനു നാം വഴിപ്പെട്ടുപോകരുത്.

വിശ്വാസ സുരക്ഷയ്ക്ക് വേണ്ടി എപ്പോഴും അല്ലാഹുവിനോട് ദുആ ചെയ്തുകൊണ്ടിരിക്കുക. നിങ്ങൾ ആലോചിച്ച് നോക്കൂ നാമെല്ലാദിവസവും സുബ്‌ഹി നിസ്കാരത്തിലെ ഖുനൂത്തിൽ ചെയ്യുന്ന ദുആയിലെ ആദ്യവരിയുടെ മഹത്വം

"اللهم اهدنا فيمن هديت وعافنا فيمن عافيت"
“നാഥാ നീ ഹിദായത്തു നൽകി അനുഗ്രഹിച്ചവരുടെ കൂടെ ഞങ്ങളെയും ഉറപ്പിച്ചു നിറുത്തണേ, നീ ആഫിയത്ത് നൽകി അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഞങ്ങൾക്കും ആഫിയത്ത് നൽകി അനുഗ്രഹിക്കേണമേ” ഈ ഖുനൂത്ത് ദിവസവും മുടങ്ങാതെ ആത്മർഥമായി ചെയ്യുക. അതിൽ വലിയ രഹസ്യമടങ്ങിയിട്ടുണ്ട്. അത് ബിദ്‌അത്താണെന്ന് പുത്തൻ വാദികൾ പറയുന്നതിന്റെ രഹസ്യവും വേറേയല്ലെന്ന് ഓർക്കുക.

ഇബ്‌ലീ‍സിന്റെ കെണിവലകൾ മൂന്ന് രൂപത്തിലാണ് അവൻ തയ്യാറക്കിയത്.
ഒന്ന് : മുസ്‌ലിമിങ്ങളെ കാഫിറാക്കുക
എന്നതാണ് (അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ آمين ) ഇതിൽ വിജയം കണ്ടില്ലെങ്കിൽ രണ്ടാമത്തെ വല വിരിക്കും. അത് അഥവാ രണ്ട് : മുബതദി‌ആക്കി മാ‍റ്റലാണ്. കയ്യും കാലും കാതും മൂക്കുമൊക്കെയുള്ള അർശിൽ കുത്തിയിരിക്കുന്ന ഒരു ദൈവത്തിലുള്ള വിശ്വാസത്തിലേക്ക് എത്തിക്കുക. ഈ രണ്ടാലൊരു കെണിയിൽ പെട്ടു കിട്ടിയാൽ ഇബ്‌ലീസ് അവരെ വെറുതെ വിടും. കാഫിറായവൻ എന്തൊക്കെ സൽകർമ്മങ്ങൾ ചെയ്താലും അത് അല്ലാഹു സ്വീകരിക്കില്ല. മുബ്തദിഅ് തൌബ ചെയ്ത് തിരിച്ചു വന്നില്ലെങ്കിൽ അവന്റെയും അവസ്ഥ ഇതു തന്നെയാണ്

പലരും ചിന്തിക്കുന്നുണ്ടാവും , പുത്തനാശയക്കാരായ ആളുകളാണല്ലോ നോമ്പിലും നിസ്കാരത്തിലും മറ്റ് നല്ല കാര്യങ്ങളിലൊക്കെ മുൻ‌പത്തിയില്ലെന്ന് അതേ സമയം തോന്നിവാസങ്ങളിൽ മുന്നിൽ സുന്നികളാ‍യ മുസ്‌ലിം ഭൂരിപക്ഷവുമാണെന്ന്.

പുത്തനാശയക്കാർ നിസ്കാരം ഖളാ‍‌ആക്കുകയില്ല. നോമ്പ് ഉപേക്ഷിക്കുകയുമില്ല. ദാനധർമ്മങ്ങളിൽ അവർ മുന്നിലായിരിക്കും പള്ളിയിൽ പോകുന്നതിൽ കണിശ സ്വഭാവമുള്ളവരായിരിക്കും കൂടെ കുടുംബിനികളെയും കൂട്ടും. സുന്നീ സാധാരണക്കാർ നേരെ തിരിച്ചുമായിരിക്കും. എന്നല്ല , പ്രത്യക്ഷത്തിൽ ബിദ‌ഇകളുടെ ബാഹ്യമായ ഭക്തിപ്രകടനങ്ങളോ സൂക്ഷ്മതയോ ഒന്നും സാധാരണ സുന്നികളിൽ കണ്ടെന്ന് വരില്ല. ഇതിനൊക്കെ കാരണം ഇബ്‌ലീസ് അവരെ കൈവിട്ടതാണ്. ഇബ്‌ലീസിന്റെ ശല്യമില്ലെങ്കിൽ നിസ്കാരം എത്ര ഉഷാറായിരിക്കും. ഇബ്‌ലീസിന്റെ കുതന്ത്രങ്ങളാണല്ലോ മനുഷ്യനെ നല്ലതിൽ നിന്ന് പിന്തിരിപ്പിക്കുക. ഇവരെ മുബ്തദിആക്കിയതോടേ ഇബ്‌ലീസിന് സമാധാനമായി. ഇനിയവരെത്ര ഇബാദത്ത് ചെയ്തിട്ടും എത്ര ഖുർ‌ആൻ പാരായണം ചെയ്തിട്ടും. എത്ര സത്കർമ്മങ്ങൾ ചെയ്തിട്ടും യാതൊരു ഫലവുമില്ലെന്ന് അവനറിയാം കാരണം വിശ്വാസം തെറ്റിപ്പോയി.

അല്ലാഹു വിശ്വാസത്തേയാണ് ആദ്യം പറഞ്ഞത് :

وَالْعَصْرِ * إِنَّ الْإِنسَانَ لَفِي خُسْرٍ* إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ

മനുഷ്യ ചരിത്രത്തെത്തന്നെയാണ് സത്യം മനുഷ്യരെല്ലാവരും പരാജയത്തിലാണ്, വിശ്വസിക്കുകയും ശേഷം സൽക്കർമ്മങ്ങൾ ചെയ്യുകയും ചെയ്തവരൊഴികെ.”

അപ്പോൾ വിശ്വാസമാണ് ആദ്യം വേണ്ടത്. ഈ വിശ്വാസത്തിൽ പിഴവ് സംഭവിച്ചവരാണ് ഇന്നുള്ള എല്ലാ ബിദ‌ഇ കക്ഷികളും. ഇബ്‌ലീസ് സുന്നികളിൽ നിന്ന് പാവപ്പെട്ട ആളുകളെ ബ്രൈൻ‌വാഷ് ചെയ്ത് കൂട്ടിക്കൊണ്ട് പോയി ബിദ‌ഇകളുടെ ആലയത്തിലെത്തിച്ചാൽ അവൻ ഫ്രീയായി. നിങ്ങൾ കണ്ടില്ലേ കൃത്യമായി പള്ളിയിൽ പോകുന്നത് അവരായിരിക്കും. കൃത്യമായി നോമ്പനുഷ്ടിക്കുന്നവരും തഹജ്ജുദ് നിസ്കരിക്കുന്നവരും ഖുർ‌ആൻ പാരായണം ചെയ്യുന്നവരും അവരായിരിക്കും. നിസ്കാരത്തഴമ്പുകളും വലിയ താടിയും അവരിൽ കാണാം. ഇതിലൊന്നും നിങ്ങൾ ബേജാറാവണ്ട. അത്തരക്കാർക്ക് അതൊക്കെയുണ്ടാകുമെന്ന് നമ്മുടെ തിരുനബി صلى الله عليه وسلم മുൻ കൂട്ടി പ്രവചിച്ചതാണ്. ഇമാം ബുഖാരിയും അഹ്‌മദും رحمهما الله റിപ്പോർട്ട് ചെയ്ത രണ്ട് ഹദീസുകൾ കാണൂ :

ഇമാം അഹ്‌മദ് :

عن أبي سعيد الخدري رضي الله عنه عن النبي صلى الله عليه وسلم قال يخرج ناس من قبل المشرق ويقرءون القرآن لا يجاوز تراقيهم يمرقون من الدين كما يمرق السهم من الرمية ثم لا يعودون فيه حتى يعود السهم إلى فوقه قيل ما سيماهم قال سيماهم التحليق أو قال التسبيد (روى الإمام أحمد رحمه الله رقم 11374


“അബൂ സ‌ഈദുൽ ഖദ്‌രി رضي الله عنه ൽ നിന്നും നിവേദനം , തിരു നബി صلى الله عليه وسلم പറഞ്ഞു : “കിഴക്ക് ഭാഗത്ത് നിന്ന് ഒരു വിഭാഗം ആളുകൾ വരും. അവർ വിശുദ്ധ ഖുർ‌ആൻ പാരായണം ചെയ്യും. പക്ഷെ അതവരുടെ ഹൃദയത്തിലേക്കിറങ്ങിയിട്ടുണ്ടാവില്ല. വേട്ടമൃഗത്തിൽ തുളഞ്ഞ് കയറിയ അമ്പിന്റെ വില്ല് എങ്ങിനെ പുറത്ത് പോകുന്നുവോ അപ്രകാരം ദീനിൽ നിന്ന് അവർ പുറത്ത് പോയിക്കൊണ്ടിരിക്കും. പിന്നീടവർ അതിലേക്ക് തിരിച്ചെത്തുകയില്ല” അവരുടെ അടയാളമൊന്ന് പറയാമോ ? എന്ന് ചോദിച്ചപ്പോൾ അവിടുന്നു പറഞ്ഞു : “അവരുടെ അടയാളം തല മുണ്ഡനം ചെയ്യലാണ്.”
ഈ അടയാളം അറബ് രാജ്യങ്ങളിലുള്ള ബിദ‌ഇകളിൽ ഇന്നും കാണാവുന്നതാണ്. തല മൊട്ടയടിച്ച് നീണ്ട താടി വെച്ചവരായിരിക്കും അവർ.

ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസ് :


عن أبي سعيدٍ الخُدْري رضي الله عنه أنه قال: بينما نحن عند رسول الله صلى الله عليه وسلم وهو يقسم قسماً -أي يقسم مالاً-، إذ أتاه ذو الخويصرة، وهو رجل من بني تميم، فقال: يا رسول الله اعدل! فقال: ويلك! ومن يعدل إذا لم أعدل، قد خبتُ وخسرتُ إن لم أكن أعدل. فقال عمر: يا رسول الله ائذن لي فيه فأضرب عنقه؟ فقال: دَعهُ، فإن له أصحابا يحقر أحدكم صلاته مع صلاتهم وصيامه مع صيامهم -أي من شدة عبادتهم-، يقرؤون القرآن لا يجاوز تراقيهم -والترقوة هي العظمة الناتئة أعلى الصدر أي يقرأون القرآن ولا يفقهونه-، يمرقون من الدين كما يمرق السهم من الرمية.. قال أبو سعيد: فأشهدُ أني سمعت هذا الحديث من رسول الله صلى الله عليه وسلم، وأشهدُ أن عليا بن أبي طالب قاتلهم وأنا معه. (رواه البخاري رحمه الله رقم 3532


അബൂ സ‌ഈദുൽ ഖുദ്‌രി رضي الله عنه ൽ നിന്ന് നിവേദനം . മഹാനവർകൾ പറയുന്നു. ഞങ്ങളൊരിക്കൽ നബി صلى الله عليه وسلم യുടെ അരികിൽ നിൽക്കുമ്പോൾ അവിടുന്നു യുദ്ധമുതൽ വീതിച്ചുകൊണ്ടിരിക്കയാണ്- ദുൽ ഖുവൈസിറത്ത് എന്നപേരുള്ള ഒരാൾ കടന്നുവന്നു. അദ്ദേഹം ബനൂ തമീം ഗോത്രത്തിൽ പെട്ടയാളാണ്- (വിക്കിപീഡിയയിൽ വളരെ ഉഷാറായി കൊടുത്തത് കാണാം ഇ ബനൂ തമീമിലാണ് ഇമാം മുഹമ്മദ്ബ്‌നു അബ്ദുൽ വഹാബ് ജന്മം കൊണ്ടതെന്ന്) ആഗതൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഈ വീതം വെക്കലിൽ അങ്ങ് നീതി പാലിക്കുക. മറുപടിയായി തിരു നബി صلى الله عليه وسلم പറഞ്ഞു : നിന്റെ നാശം , ഞാൻ നീതി പുലർത്തിയില്ലെങ്കിൽ പിന്നെയാരാണ് നീതി പുലർത്തുക ? ഞാൻ നീതിമാനല്ലെങ്കിൽ ഞാൻ പരാജിതരും നാശം പിടിച്ചവരുമാകും. ഇത് കേട്ട് ഉമർ رضي الله عنه ചോദിച്ചു അവന്റെ തലവെട്ടാൻ എന്നെ അനുവദിക്കൂ നബിയേ ? അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു, അയാളെ വിട്ടേക്കൂ, കാരണം അദ്ദേഹത്തിന് ചില പിൻ‌ഗാമികൾ വരാനുണ്ട് , നിങ്ങളുടെ നിസ്കാരം അവരുടെ നിസ്കാരം കൊള്ളെ ചേർത്തിനോക്കുമ്പോൾ നിസ്സാരമായിത്തോന്നും. നിങ്ങളുടെ നോമ്പ് അവരുടെ നോമ്പുമായി തട്ടിച്ചു നോക്കുമ്പോൾ നിങ്ങളുടെ നോമ്പ് നിസ്സാരമായിരിക്കും.- അവരുടെ ഇബാദത്തിലെ തീവ്രത കാരണം – അവർ ഖുർ‌ആൻ പാരായണം ചെയ്യും, അത് ഹൃദയത്തിലേക്കെത്തിയിട്ടുണ്ടാവില്ല. വേട്ടമൃഗത്തിൽ തുളഞ്ഞ് കയറിയ അമ്പിന്റെ വില്ല് എങ്ങിനെ പുറത്തു പോകുന്നുവോ അപ്രകാരം ദീനിൽ നിന്ന് അവർ പുറത്ത് പോയിക്കൊണ്ടിർക്കും”. ശേഷം അബൂ സ‌ഈദുൽ رضي الله عنه പറയുന്നു, ഈ ഹദീസ് തിരു നബി صلى الله عليه وسلم യിൽ നിന്ന് കേട്ടതാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ഈ വിഭാഗത്തിനോട് മഹാനായ അലി رضي الله عنه യുദ്ധം ചെയ്തതായും ഞാൻ സാക്ഷ്യം വഹിക്കുന്നു. ആ യുദ്ധത്തിൽ ഞാനും മഹാനായ അലി رضي الله عنه വിന്റെ കൂടെയുണ്ടായിരുന്നു.



ഈ ഹദീസുകളെ വിശദീകരിച്ച് കൊണ്ട് ശൈഖ് മുഹമ്മദ്‌ബ്‌നു അബ്‌ദുൽ വഹാബിന്റെ കാലക്കാരനും മക്കയിലെ പ്രസിദ്ധ ഷാഫി‌ഈ മുഫ്തിയുമായിരുന്ന മഹാനായ സൈനി ദഹ്‌ലാൻ رحمه الله തന്റെ الدرر السنية في الرد على الوهابية എന്ന പുസ്തകത്തിന്റെ 54 ആമത്തെ പേജിൽ പറയുന്നു :



وكانوا يأمرون من اتبعهم أن يحلق رأسه، ولا يتركونه يفارق مجلسهم إذا تبعهم، حتى يحلقوا رأسه، ولم يقع مثل ذلك قط من أحد من الفرق الضالة التي مضت قبلهم، فالحديث صريح فيهم، وكان السيد عبد الرحمن الأهدل مفتي زبيد يقول: لا يحتاج أن يؤلف أحد تأليفا للرد على ابن عبد الوهاب، بل يكفي من الرد عليه قوله صلى الله عليه وسلم: سيماهم التحليق) فإنه لم يفعله أحد من المبتدعة غيرهم. (الدرر السنية في الرد على الوهابية، ص 54)



“വഹാബികൾ അവരുടെ അണികളോട് തലമുണ്ഡനം ചെയ്യാൻ കൽ‌പ്പിക്കാറുണ്ടായിരുന്നു. അവരുടെ കൂട്ടത്തിലേക്ക് വന്നവരെ തലമുണ്ഡനം ചെയ്യാതെ മജ്‌ലിസ് വിട്ട് പോകാൻ അനുവദിക്കാറുമില്ലായിരുന്നു. ഈ ചര്യ ഇവർക്ക് മുമ്പ് വന്ന പിഴച്ച വിഭാഗങ്ങളിലൊന്നും കാണാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ ഈ ഹദീസ് ഇവരെക്കുറിച്ചാണെന്നത് സുവ്യക്തമാണ്. യമനിലെ സുബൈദിലെ മുഫ്തിയായിരുന്ന മഹാനായ അബ്ദു‌റഹ്‌മാൻ അൽ അഹ്‌ദൽ പറയാറുണ്ടായിരുന്നു. ഇബ്‌നു അബ്ദുൽ വഹാബിനെ ഘണ്ഡിച്ചുകൊണ്ട് പുസ്തകമെഴുതേണ്ടുന്ന ആവശ്യമേയില്ല. പകരം അവരെ മനസ്സിലാക്കാൻ തിരു നബി صلى الله عليه وسلم പറഞ്ഞു തന്ന അടയാളമായ سيماهم التحليق “അവരുടെ അടയാളം തലമുണ്ഡനം ചെയ്യലാണെന്ന” ഹദീസ് മാത്രം മതി.

ഈ ഹദീസുകളുടെ ചില റിപ്പോർട്ടുകളിൽ വേറെയും ചില അടയാളങ്ങൾ കാണാം . ഒന്ന് :



يَدْعُونَ إِلَى كِتَابِ الله وَلَيْسُوا مِنْهُ في شَيْءِ، مَنْ قاتَلَهُمْ كَانَ أَوْلَى بالله تَعالَى مِنْهُمْ.
(رواه أبوداود رحمه الله رقم 4756



അവർ ഖുർ‌ആനിലേക്ക് ക്ഷണിക്കുന്നവരായിരിക്കും അവർക്കതിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല…”

നോക്കൂ എന്റെ പ്രിയ കൂട്ടുകാരേ, എത്ര ശരിയാണീ തിരുവചനം ! ഇവരുടെ മെയിലുകളിൽ സ്ഥിരം കാണുന്ന പ്രയോഗമാണിത്. രണ്ട് സാബിളുകൾ കാണൂ :



ഖുർ‌ആൻ വായിക്കുക പഠിക്കുക അനുസരിച്ച് ജീവിക്കുക (Abdulla Bin Mohammed Uppala)



ഇവരുടെ ഈ ഖുർ‌ആൻ വായനകൊണ്ട് കിട്ടിയതാണ് അല്ലാഹു മരത്തിൻ‌മേലാണെന്നതും വേറെ ഒരു അല്ലാഹു ആകാശത്തിലാണെന്നതുമൊക്കെ

ഇനിയും കാണൂ :


Ismail Mankarathodi [Muslim_Kerala] Be with Qur'aan 
രണ്ട് : ഇമാം رحمه الله റിപ്പോർട്ട് ചെയ്ത ഹദീസില അവർ തിരു സുന്നത്തിന്റെ ആൾക്കാരാണെന്നും കാണാം .


عن علي رضي الله عنه : سمعت رسول الله صلى الله عليه وسلّم يقول: «يخرج في آخر الزمان أقوام أحداث الأسنان سفهاء الأحلام يقولون من قول خير البرية لا يجاوز إيمانهم حناجرهم، فأينما لقيتموهم فاقتلوهم فإن قتلهم أجرٌ لمن قتلهم يوم القيامة (رواه الإمام أحمد رحمه الله 617)

“…അവർ വായ തുറന്നാൽ തിരു സുന്നത്തായിരിക്കും പറയുക, പക്ഷെ അവരുടെ ഈമാൻ തൊണ്ടയുടെ അപ്പുറത്തേക്ക് എത്തിയിട്ടുണ്ടാവില്ല”.

മൂന്ന് : ഇവരുടെ മറ്റൊരു അടയാളം തിരു നബി صلى الله عليه وسلم പറയുന്നത് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നത് കാണൂ :


... إِنَّ من ضئْضِىء هذا قوم يَقْرَؤون القرآنَ لا يُجاوِزُ حَناجِرَهم، يَمرُقون منَ الدِّين مروقَ السَّهم منَ الرَّميَّة، يَقتُلونَ أهلَ الإسلام ويَدَعونَ أهلَ الأوثان، لَئن أنا أدركتهُم لأقتُلَنَّهم قَتلَ عاد (رواه البخاري رحمه الله 3274)


“…അവർ മുസ്ലിമീങ്ങളെ കൊന്നൊടുക്കും. വിഗ്രഹാരാധകരെ വെറുതെ വിടുകയും ചെയ്യും.”
ശൈഖ് മുഹമ്മദ്ബ്നു അബ്ദുൽ വഹാനിന്റെ കശ്ഫുശുബുഹാത്ത് എന്ന പുസ്തകത്തിന്റെ പരിഭാഷയായ ‘തൌഹീദ് സംശയ ദൂരീകരണം’ എന്ന പുസ്തകവും അവരുടെ “അത്തൌഹീദ്” എന്ന പുസ്തകവുമൊക്കെ വായിച്ചാൽ നാം അൽഭുതപ്പെട്ടു പോകും. മുസ്‌ലിം ഭൂരിപക്ഷത്തെ മക്കാ മുശ്‌രിക്കുകളേക്കാൾ മോശമായ കാഫിറുകളും കൊല്ലൽ അനുവദനീയമായവരാണെന്നും അവരുടെ ധനാപഹരണം അനുവദനീയമാണെന്നുമൊക്കെ ഡസൻ കണക്കിന് സ്ഥലങ്ങളിൽ എഴുതിപ്പിടിപ്പിച്ചത് കാണാം.

നാല് : ഈ നൂതനാശയക്കാരുടെ പിൻ‌ഗാമികളായ ഖവാരിജുകൾ രാത്രി മുഴുവനും ഖുർ‌ആൻ ഓതി നിസ്കരിക്കുകയും രാവിലെ നോമ്പുകാരായി ഖുർ‌ആൻ ഓതിക്കൊണ്ട് അലി رضي الله عنه ന്റെ സൈന്യത്തോട് പോരാടിയവരുമുണ്ടായിരുന്നു. പക്ഷെ, വിശ്വാസത്തിൽ പിഴച്ചവരായിരുന്നു അവർ. അവരുടെ പ്രധാന സ്വഭാവം (നാലാമത്തെ അടയാളം) ഇമാം رحمه الله ഇബ്‌നു ഉമർ رضي الله عنهما യിൽ നിന്ന് ഉദ്ധരിച്ചത് കാണാം . “മുശ്‌രിക്കുകളുടെ മേലിൽ ഇറങ്ങിയ ആയത്തുകളെ മുസ്‌ലിംകളുടെ മേലിൽ ചുമത്തവരാണവർ” . ഈ പണി ഇന്നും ചെയ്തുകൊണ്ടിരിക്കുന്നവരാണ് ഇന്നത്തെ ബിദ‌ഇകൾ.

ഞാനീ പറഞ്ഞത് സത്യമാണെന്ന് മനസ്സിലാവാൻ കൂടെയുള്ള പി.ഡി.എഫ് ഫയൽ എന്റെ പ്രിയ വായനക്കാർ ഒന്നു വായിച്ചു നോക്കുക. നാം ഞെട്ടിപ്പോകും.  
ഇങ്ങനെ പല അടയാളങ്ങളും ഇവര്‍ക്ക് കാണാം. തല മുണ്ഡനം ചെയ്യല്‍ ഇന്നുള്ള ബിദ‌ഇകളില്‍ പലരും ഒഴിവാക്കിയിട്ടുണ്ട്. തിരു നബി صلى الله عليه وسلم യുടെ ഈ ഹദീസ് തങ്ങള്‍ക്ക് എതിരാണെന്ന് കണ്ടതു കൊണ്ടാണത്.

ചുരുക്കത്തില്‍ എന്റെ പ്രിയപ്പെട്ട സഹോദരന്മാര്‍ അവരുടെ നിസ്കാരത്തഴമ്പുകളിലോ അവരുടെ പഞ്ചാരവാക്കുകളിലോ അവരുടെ താടിയിലോ അവരുടെ ഖുര്‍‌ആനായത്തോതിയുള്ള വാചകക്കസര്‍ത്തുകളിലോ വഞ്ചിതരാവരുത്. അതൊക്കെ ഇബ്‌ലീസ് അവരെ ഫ്രീയായി വിട്ടത് കൊണ്ട് ചെയ്യാന്‍ കഴിയുന്നതാണ്.

ഇനി ഇബ്‌ലീസിന്റെ മുന്നാമത്തെ പണിയെന്താണ്. കാഫിറാക്കാന്‍ കഴിയാത്ത, അതുപോലെ എത്രശ്രമിച്ചിട്ടും മുബ്‌തദി‌അ് ആക്കാനും കഴിയാത്ത സാധാരണ മുസ്‌ലിംകളെ പിഴപ്പിക്കുകയെന്നതാണത്. അതാണ് സുന്നീ ഭൂരിപക്ഷത്തിനിടയില്‍ എല്ലാ തെറ്റുകളും സര്‍വ്വസാധാരണമായി കണ്ടുകൊണ്ടിരിക്കുന്നത്. ഇബ്‌ലീസ് നിരന്തരം അവരെ കര്‍മ്മങ്ങളിലെങ്കിലും പിന്നിലാക്കാന്‍ ശ്രമിച്ച്കൊണ്ടിരിക്കും. അവരുടെ നിസ്കാരങ്ങള്‍ ഖളാ ആക്കിക്കും. അവരെ നല്ല പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തും. അവരെ അനാവശ്യങ്ങളില്‍ തളച്ചിടും. നാട്ടില്‍ നടക്കുന്ന എല്ലാ തെമ്മാടിത്തരങ്ങളിലും സുന്നികളിലെ സാധാരണക്കാരായിരിക്കും കൂടുതല്‍. ഇതൊക്കെ ഇബ്‌ലീസിന്റെ കെണിവലകളാണ്.

ഈ കെണിവലകളില്‍ നിന്ന് രക്ഷപ്പെട്ട് ശരീരേഛയോടും ഇബ്‌ലീസിനോടും പോരാടി തഖ്‌വയിലധിഷ്ഠിതമായി ജീവിച്ച് ഉന്നത വിജയം വരിച്ചവരാണ് സുന്നികളിലെ സ്വാലിഹീങ്ങള്‍. അല്ലാഹു അക്കൂട്ടത്തില്‍ നമ്മെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ آمين

പക്ഷെ, ഈ മൂന്നാമതായി പറഞ്ഞ സുന്നികളിലെ തെറ്റുകളില്‍ മുഴുകി ജീവിക്കുന്ന സാധാരണക്കാര്‍ ആദ്യത്തെ രണ്ട് ഇനത്തേക്കാളും വളരെ അപകടം കുറഞ്ഞതാണ്. അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കാനും അല്ലെങ്കില്‍ അവരുടെ ശിക്ഷ കഴിഞ്ഞതിന് ശേഷം സ്വര്‍ഗ്ഗത്തില്‍ കടക്കാനും കഴിയും. അവരുടെ അടിസ്ഥാന വിശ്വാസത്തില്‍ അപാകതയില്ലെന്നതാണ് കാരണം. അതേ സമയം ആദ്യത്തെ രണ്ട് വിഭാഗത്തില്‍ ഒന്നാമത്തെ വിഭാഗം നരകത്തില്‍ ശാശ്വതമായിരിക്കും. രണ്ടാമത്തെ വിഭാഗം തൌബ ചെയ്ത് മടങ്ങിയില്ലെങ്കില്‍ അവരുടെ കാര്യവും പരുങ്ങലാണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.

അതു കൊണ്ട് എപ്പോഴും ഈമാന്‍ സലാമത്താവാന്‍ ദുആ ചെയ്യുകയും കൂടുതല്‍ കൂടുതല്‍ സ്വലാത്തുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.

തിരു നബി صلى الله عليه وسلم യെ സ്‌നേഹിക്കുന്നതില്‍ നിന്നും അവിടുത്തേക്ക് സ്വലാത്ത് ചൊല്ലുന്നതില്‍ നിന്നും അകറ്റുകയും ദിക്‌റുകളുടേയും സ്വലാത്തുകളുടേയും സര്‍വ്വ മജ്‌ലിസുകളില്‍ നിന്നും മഹത്തുക്കളുടെ മദ്‌ഹ് പറയുന്ന സദസ്സില്‍ നിന്നും മുസ്‌ലിം ഉമ്മത്തിനെ പിന്തിരിപ്പിച്ച് ആത്മീയതയില്‍ നിന്ന് അകറ്റുകയാണ് ഇബ്‌ലീസിന്റെ റിക്രൂട്ട് കമ്പനിയായ ബിദ‌ഇകളുടെ ഇന്നത്തെ തന്ത്രം. അങ്ങിനെ ബിദ‌ഈ കൂടാരത്തിലേക്ക് പതുക്കെ കൊണ്ടുപോകലുമാണ് അവരുടെ പുതിയ തന്ത്രമെന്ന് നാം മനസ്സിലാക്കുക. അതിനാല്‍ നാം ആത്മീയ വളര്‍ച്ചയുണ്ടാകുന്ന അത്തരം സദസ്സുകളില്‍ കൂടുതല്‍ പങ്കെടുക്കുക. സ്വാലിഹീങ്ങളുടേ ചരിത്രങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുക, ബദ്‌രീങ്ങളുടെ അസ്‌മാ‌ഉകള്‍ ഉരുവിടുക, നിത്യവും ബുര്‍ദയില്‍ നിന്ന് ഒരു പേജെങ്കിലും അതിന്റെ ജവാബായ ‘മൌലായ സ്വല്ലി’ യോടു കൂടെ ചൊല്ലുക. ഹദ്ദാദ് റാതീബും വിര്‍ദുല്ലത്വീഫും ദിനചര്യയാക്കുക, ഇവയൊക്കെ ഭാര്യമാരോടും മക്കളോടും പതിവാക്കാന്‍ പറയുക.


ഹദ്ദദിന്റെ മഹത്വമെഴുതിയ മഹാന്മാരൊക്കെ എഴുതിയതു കാണാം ഈ റാതീബ്, മുസ്‌ലിമിന്റെ വിശ്വാസം രൂഢമൂലമാവാന്‍ ഉപയുക്തമാണെന്ന്. കാരണം, ഫാതിഹയും ആയത്തുല്‍ കുര്‍സിയും ആമനര്‍‌റസൂലും അതിന്റെ തുടക്കത്തിലെ ദിക്‌റുകളുമൊക്കെ വിശ്വാസസംബന്ധിയാണ്. മാത്രമല്ല ഹദ്ദാദ് ചൊല്ലുന്നവര്‍ ഹുസ്‌നുല്‍ ഖാതിമത്തോടെ മരിക്കുമെന്നും അതിന്റെ പ്രത്യേകതയായി മഹാന്മാര്‍ എഴുതിയിട്ടുണ്ട്. ഇമാം ഹദ്ദാദ് [ رضي الله عنه ഇതിന് രൂപം നല്‍കിയത് തന്നെ ബിദ‌ഇകളുടെ ഫിത്‌നയില്‍ നിന്ന് തന്റെ നാടിനെ സംരക്ഷിക്കാനായിരുന്നു. ഖുര്‍‌ആനിലും തിരു സുന്നത്തുകളിലും വന്ന ദിക്‌റുകളുടെ സമാഹാരമാണെന്നതോടൊപ്പം റമദാന്‍ 27 ന് അല്ലാഹു ഇല്‍‌ഹാമായി തോന്ന്പ്പിച്ചുകൊടുത്തതാണ് ഈ രൂപം.

കൂടാതെ മഹാന്മാരുടെ മഖ്‌ബറകള്‍ കൂടുതലായി സന്ദര്‍ശിക്കുക. പ്രത്യേകിച്ച് വിശുദ്ധ മക്കയില്‍ പോകുന്നവര്‍ മഹതി ഉമ്മുല്‍ മു‌അ്മിനീന്‍ ഖദീജ رضي الله عنها യെ സിയാറത്ത് ചെയ്യുക. മദീനയില്‍ പോകുന്നവര്‍ തിരു നബി صلى الله عليه وسلم യ്ക്ക് പുറമെ ഹംസത്തുല്‍ കര്‍‌റാര്‍ رضي الله عنه നെ സിയാറത്ത് ചെയ്യുക. ഇവിടെ നാട്ടിലുള്ളവര്‍ മമ്പുറം തങ്ങള്‍, പൊന്നാനി മഖ്‌ദൂമുകള്‍ رضي الله عنهم തുടങ്ങിയവരെയുമൊക്കെ പ്രത്യേകം സിയാറത്ത് ചെയ്യുക.

ജീ‍വിച്ചിരിക്കുന്ന സ്വാലിഹീങ്ങളുടെ മജ്‌ലിസുകളിലും പങ്കെടുക്കുക.

ഈ എളിയവനെയും നിങ്ങളുടേ വിലപ്പെട്ട ദുആകളില്‍ ഉള്‍പ്പെടുത്തുക.

അല്ലാഹു നമ്മെ അവന്റെ സത്യദീനില്‍ ഉറപ്പിച്ചു നിര്‍ത്തട്ടെ, സ്വാലിഹീങ്ങളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. ..ആമീൻ