സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 1 September 2016

മുശ്രിക്കുകളും അല്ലാഹുവും



 മുഹമ്മദ് നബി(സ) പരിചയപ്പെടുത്തിത്തന്ന അല്ലാഹുവിൽ മുശ്രിക്കുകൾ വിശ്വസിക്കുകയോ പ്രമാണങ്ങളുടെ വെളിച്ചത്തിൽ അല്ലാഹുവെ അവർ മനസ്സിലാക്കുകയോ ചെയ്തിരുന്നില്ല. മറിച്ച് ആകാശഭൂമികളുടെ സൃഷ്ട്ടാവ് അല്ലാഹുവാണെന്ന് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ അവർ പറഞ്ഞിരുന്നു. എന്നാൽ അല്ലാഹുവിലുള്ള വിശ്വാസമായി ഇതിനെ കാണാൻ പറ്റില്ല. കാരണം സാങ്കേതിക തലത്തിൽ വിശ്വാസം (ഈമാൻ) ഇനിപ്പറയുന്നതാണ്.


സാരം:
അല്ലാഹുവിങ്കൽ നിന്ന് നബി(സ) കൊണ്ടുവന്ന കാര്യങ്ങൾ വാസ്തവമാക്കലാണ് മതത്തിന്റെ ഭാഷയിൽ ഈമാൻ. അതായത് അല്ലാഹുവിങ്കൽ നിന്ന് നബി(സ) കൊണ്ടുവന്നതാണെന്ന് അനിഷേധ്യമായി സ്ഥിരപ്പെട്ട എല്ലാ കാര്യങ്ങളിലും മൊത്തത്തിൽ ഹൃദയം കൊണ്ട് നബി(സ)യെ വാസ്തവമാക്കലാണ് ഈമാൻ. വിശ്വാസമാകുന്ന ബാധ്യതയിൽ നിന്ന് പുറപ്പെടാൻ അവ മൊത്തത്തിൽ വാസ്തവമാക്കിയാൽ മതി. ഓരോ കാര്യങ്ങളും വിശദമായി വിശ്വസിക്കുന്നവന്റെ സ്ഥാനത്തെതൊട്ട് ഒട്ടും കുറവല്ല മൊത്തത്തിൽ അവയെല്ലാം വിശ്വസിക്കുന്നവന്റെ സ്ഥാനം. എന്ന് വരുമ്പോൾ അല്ലാഹുവിന്റെ ഉണ്മയും വിശേഷണങ്ങളും വാസ്തവമാക്കുന്ന മുശ്രിക്കിനെ ഭാഷാപരമായ മുഅ്മിനായി മാത്രമേ കാണാൻ പറ്റൂ. മതപരമായി മുഅ്മിനായി കാണാൻ പറ്റില്ല. തൗഹീദ് സ്വീകരിച്ചില്ല എന്നതാണിതിന് കാരണം. "അവരിൽ അധികപേരും അല്ലാഹുവിൽ വിശ്വസിക്കുന്നത് അവനോടു (മറ്റുള്ളവരെ) പങ്കുചേർക്കുന്നവരായിക്കൊണ്ട് മാത്രമാണ്" എന്ന ഖുർആനിക വചനം അതാണ് സൂചിപ്പിക്കുന്നത്. (ശർഹുൽ അഖാഇദ്)

ഇമാനിന്‌ മുകളിൽ വിവരിച്ച നിർവ്വചനം ഇനിപ്പറയുന്ന ഹദീസിൽ നിന്ന് വ്യക്തമാണ്.  



"അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം: നബി(സ) പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് സാക്ഷ്യം വഹിക്കുന്നതുവരെയും എന്നെ കൊണ്ടും ഞാൻ കൊണ്ടുവന്നതുകൊണ്ടും വിശ്വസിക്കുന്നതുവരെ ജനങ്ങളോട് യുദ്ദം ചെയ്യാൻ ഞാൻ കല്പിക്കപ്പെട്ടിരിക്കുന്നു". (മുസ്‌ലിം: 31)

പ്രസ്തുത വചനം വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു: 

وفيه أن الإيمان شرطه الإقرار بالشهادتين مع اعتقادهما واعتقاد جميع ما أتى به رسول الله - صلى الله عليه وسلم - . وقد جمع ذلك - صلى الله عليه وسلم  بقوله (( أقاتل الناس حتى يقولوا لا إله إلا الله ، ويؤمنوا بي وبما جئت بهأن الإيمان شرطه الإفرار باشهادتين مع اعتقادهما واعتقاد جميع ما أتي به)) (شرح النووي على مسلم: ٩٤/١)

ഈമാനിന്റെ നിബന്ധന രണ്ട് ശഹാദത്ത് കലിമകൾ അംഗീകരിക്കുകയും നബി(സ) കൊണ്ടുവന്ന  മുഴുവൻ കാര്യങ്ങളും വിശ്വസിക്കുകയും ചെയ്യലാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. "അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് സാക്ഷ്യം വഹിക്കുന്നതുവരെയും എന്നെ കൊണ്ടും ഞാൻ കൊണ്ടുവന്നത് കൊണ്ടും വിശ്വസിക്കുന്നതുവരെ ജനങ്ങളോട് യുദ്ദം ചെയ്യാൻ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു" എന്ന പ്രസ്താവനയിൽ നബി(സ) അതെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്നു. (ശർഹു മുസ്‌ലിം: 1/94)

ഈമാൻ എന്നതിന്റെ ഭാഷാർത്ഥം വാസ്തവമാക്കൽ എന്നാണു. അതിനാൽ ഏതൊരുകാര്യം വാസ്തവമാക്കുന്നവനെയും ഭാഷാപരമായി "മുഅ്മിൻ" എന്ന് വിളിക്കാം. എന്നാൽ മതപരമായി ഒരാൾ മുഅ്മിനാകണമെങ്കിൽ  നബി(സ) അല്ലാഹുവിങ്കൽ നിന്നു കൊണ്ടുവന്നതാണെന്ന് അനിഷേധ്യമായി സ്ഥിരപ്പെട്ട കാര്യങ്ങളെല്ലാം മൊത്തത്തിൽ വാസ്തവമാക്കണം. അവയിൽ പ്രധാനപ്പെട്ടത് തൗഹീദാണ്. അതിനാൽ തൗഹീദടക്കമുള്ള പലതും വാസ്തവമാക്കാത്ത മുശ്‌രിക്കുകൾ മതത്തിന്റെ ഭാഷയിൽ മുഅ്മിനല്ല. ഇതാണ് മുകളിൽ പറഞ്ഞതിന്റെ ചുരുക്കം.

യൂസുഫ് സൂറത്തിലെ 106 ആം വചനത്തിൽ മുശ്‌രിക്കുകൾക്കുണ്ടെന്നു പറഞ്ഞ ഈമാൻ എന്താണെന്ന് പ്രഗത്ഭ താബിഈ പണ്ഡിതൻ ഇക്‌രിമ(റ)യെ ഉദ്ദരിച്ച് ഇമാം ബുഖാരി(റ) വിശദീകരിക്കുന്നു.
قال عكرمة: ( وما يؤمن أكثرهم بالله إلا وهم مشركون)( ولئن سألتهم من خلقهم)،( و من خلق السموات والأرض ليقولن الله)، فذلك إيمانهم، وهم يعبدون غيره. ( البخاري:٤٢٣/١٧ )
"അവരിൽ അധികപേരും അല്ലാഹുവിൽ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേർക്കുന്നവരായിക്കൊണ്ട് മാത്രമാണ്", "അവരെ ആരാണ് സൃഷ്ട്ടിച്ചത് എന്നും ആകാശഭൂമികൾ സൃഷ്ടിച്ചതാരാണെന്നും അവരോടു താങ്കൾ ചോദിച്ചാൽ അല്ലാഹുവാണെന്ന് അവർ മറുപടി പറയും". അങ്ങനെ പറയലാണ് അവരുടെ ഈമാൻ. അല്ലാഹുവല്ലാത്തവർക്ക് അവർ ആരാധിക്കുകയും ചെയ്യുന്നു. (ബുഖാരി: 17/424)

ഈമാനും ശിർക്കും ഒരേസമയം അവരിൽ മേളിച്ചിരിക്കുന്നു എന്നാണല്ലോ ആയത്തിന്റെ ചുരുക്കം. സാങ്കേതികതലത്തിലുള്ള ഈമാനും ശിർക്കും പരസ്പര വിരുദ്ധമാണ്. ഒരേ സമയം ഒരാളിൽ അത് രണ്ടും മേളിക്കുക അസംഭവ്യമാണ്. അതിനാൽ ആയത്തിൽ പരാമർശിച്ച ഈമാൻ ഭാഷാപരമാണ്. സാങ്കേതികപരമല്ല.

അവരെയും ആകാശ ഭൂമികളുയും സൃഷ്ട്ടിച്ചത് അല്ലാഹുവാണെന്ന് അവർ പറയുമെന്ന് ഖുർആൻ പറയുന്നുണ്ടല്ലോ. അതിനെ കുറിച്ചാണ് ഈമാൻ എന്ന് സൂറത്ത് യൂസുഫിൽ പറഞ്ഞത്. അത് ഭാഷാപരമായ ഈമാനാണ്. ഭാഷാപരമായ ഈമാനും സാങ്കേതികതലത്തിലുള്ള ശിർക്കും ഒരേസമയം ഒരാളിൽ മേളിക്കാവുന്നതാണ്. ഇനിയുള്ള വിശദീകരണത്തിൽ നിന്ന് ഇക്കാര്യം ഒന്നുകൂടി വ്യക്തമാണ്.


"അവരിൽ അധികപേരും അല്ലാഹുവിൽ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേർക്കുന്നവരായിക്കൊണ്ട് മാത്രമാണ്" എന്ന സൂക്തത്തിന്റെ വിശദീകരണത്തിൽ ഇക്‌രിമി(റ) പറയുന്നു: "ആകാശഭൂമികൾ ആരാണ് സൃഷ്ടിച്ചതെന്ന് താങ്കൾ അവരോടു ചോദിച്ചാൽ അല്ലാഹുവാണെന്ന് അവർ മറുപടി പറയും" എന്നതാണ് ഈ വചനത്തിൽ പരാമർശിച്ച ഈമാൻ. അതോടപ്പം അല്ലാഹുവെ കുറിച്ചും അവന്റെ വിശേഷണങ്ങളെക്കുറിച്ചും അവരോടു ചോദിക്കപ്പെട്ടാൽ അല്ലാഹുവിനില്ലാത്ത വിശേഷണങ്ങൾ അല്ലാഹുവിനു അവർ ചാർത്തുകയും അല്ലാഹുവിനു സന്താനങ്ങളെ അവർ സ്ഥാപിക്കുകയും അവനിൽ പങ്കുചേർക്കുകയും ചെയ്യും. അത്വാഅ്(റ), മുജാഹിദ്(റ) എന്നിവരിൽ നിന്നും ഇതേ ആശയം പ്രബലമായ പരമ്പരകളിലൂടെ ഉദ്ദരിക്കപ്പെടുന്നുണ്ട്. (ഫത്ഹുൽ ബാരി: 17/430)

നബി(സ) പരിചയപ്പെടുത്തിയ വിശേഷണങ്ങളൊത്ത അല്ലാഹുവെ മുശ്‌രിക്കുകൾ മനസ്സിലാക്കിയിരുന്നില്ലെന്ന് ഇനിപ്പറയുന്ന ഉദ്ദരണികളിൽ നിന്ന് സുതരാം വ്യക്തമാണ്. 

قال الضحاك : إن المشركين أرسلوا عامر بن الطفيل إلى النبي صلى الله عليه وسلم وقالوا : شققت عصانا وسببت آلهتنا ، وخالفت دين آبائك ، فإن كنت فقيرا أغنيناك ، وإن كنت مجنونا داويناك ، وإن هويت امرأة زوجناكها ، فقال عليه الصلاة والسلام : لست بفقير ، ولا مجنون ، ولا هويت امرأة ، أنا رسول الله أدعوكم من عبادة الأصنام إلى عبادته ، فأرسلوه ثانية وقالوا : قل له بين لنا جنس معبودك ، أمن ذهب أو فضة ، فأنزل الله هذه السورة ، فقالوا له : ثلثمائة وستون صنما لا تقوم بحوائجنا ، فكيف يقوم الواحد بحوائج الخلق ؟ (التفسير الكبير: ٣٢/٢٩٣)

ളഹ്ഹാക്(റ) പറയുന്നു: ഇനിപ്പറയുന്ന സന്ദേശവുമായി ആമിറുബ്നുത്ത്വുഫൈൽ എന്നയാളെ മുശ്‌രിക്കുകൾ നബി(സ)യുടെ അടുത്തേക്കയച്ചു. "നീ ഞങ്ങളുടെ ഐക്യം തകർത്തു, ഞങ്ങളുടെ ഇലാഹുകളെ ചീത്തവിളിച്ചു, നിന്റെ പൂർവ്വിക പിതാക്കളുടെ മതത്തോട് എതിരായി, അതിനാൽ നീ ദരിദ്രനാണെങ്കിൽ നിന്നെ ഞങ്ങൾ സമ്പന്നനാക്കാം, നീ ഭ്രാന്തനാണെങ്കിൽ നിന്നെ ചികിൽസിക്കാൻ, നീ വല്ല സ്ത്രീയെയും സ്നേഹിക്കുന്നുവെങ്കിൽ അവളെ ഞങ്ങൾ നിനക്ക് വിവാഹം കഴിച്ചുതരാം". ഇതുകേട്ട നബി(സ) പ്രതികരിച്ചതിങ്ങനെ: "ഞാൻ ദരിദ്രനോ ഭ്രാന്തനോ അല്ല, ഒരു പെണ്ണിനേയും ഞാൻ സ്നേഹിച്ചിട്ടില്ല, ഞാൻ അല്ലാഹുവിന്റെ റസൂലാണ്. വിഗ്രഹാരാധന വിട്ട് അവനെ മാത്രം ആരാധിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു". ഈ മറുപടി ലഭിച്ചപ്പോൾ ആമിറിനെ ഒന്നുകൂടി അവർ പറഞ്ഞയച്ചു. "നിന്റെ ആരാധ്യൻ വർഗ്ഗം ഏതാണെന്ന്‌ നീ ഞങ്ങൾക്ക് വിവരിച്ചതാ. അത് സ്വർണ്ണമാണോ വെള്ളിയാണോ?". അപ്പോഴാണ് സൂറത്തുൽ ഇഖ്‌ലാസ്വ് അവതരിച്ചത്. അപ്പോൾ നബി(സ)യാദവർ പറഞ്ഞു: 360 വിഗ്രഹങ്ങൾ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നില്ല. എങ്കിൽ പിന്നെ ഒരു ദൈവം സൃഷ്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതെങ്ങനെ?". (റാസി: 32/293)

അല്ലാഹുവെ പരിചയപ്പെടുത്തുന്ന സൂറത്തുൽ ഇഖ്‌ലാസ്വ്  അവതരിക്കാനുള്ള സാഹചര്യമാണ് മുകളിൽ വിവരിച്ചത്. ആകാശഭൂമികൾ സൃഷ്ടിച്ചവൻ ആരാണെന്നു ചോദിച്ചാൽ അല്ലാഹുവാണെന്ന് പറയുന്നവർ തന്നെയാണ് മേൽ ചോദ്യങ്ങളുന്നയിച്ചത്. അപ്പോൾ അവർ അല്ലാഹുവിനെയും അവന്റെ കഴിവുകളും മനസ്സിലാക്കിയിരുന്നത് എപ്രകാരമായിരുന്നുവെന്ന് മേൽ ഉദ്ദരണിയിൽ നിന്ന് ഏതൊരാൾക്കും മനസ്സിലാവുന്ന കാര്യമാണ്. അതുകൊണ്ടാണ് അല്ലാഹുവെ മനസ്സിലാക്കേണ്ട പ്രകാരം അവർ മനസ്സിലാക്കിയിട്ടില്ലെന്ന് ഖുർആൻ തന്നെ പ്രഖ്യാപിച്ചത്. അല്ലാഹു പറയുന്നു:

 مَا قَدَرُوا اللَّـهَ حَقَّ قَدْرِهِ ۗ إِنَّ اللَّـهَ لَقَوِيٌّ عَزِيزٌ. (سورة الحج: ٧٤)

"അല്ലാഹുവെ അറിയേണ്ട മുറപ്രകാരം അവര്‍ അറിഞ്ഞിട്ടില്ല. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു".

പ്രസ്തുത സൂക്തം വിശദീകരിച്ച് അബുസ്സുഊദ്(റ) എഴുതുന്നു:

(ما قدروا الله حق قدره) أي ما عرفوه حق معرفته، حيث أشركوا به وسموا باسمه ما هو أبعد الأشياء عنه مناسبة. (أبو السعود)

അല്ലാഹുവെ അറിയേണ്ട മുറപ്രകാരം അവർ അറിഞ്ഞിട്ടില്ല. അല്ലാഹുമായി യാതൊരു ബന്ധവുമില്ലാത്ത വസ്തുക്കളെ അല്ലാഹുവിന്റെ പങ്കാളികളായി അവർ സ്വീകരിക്കുന്നതും അല്ലാഹുവിന്റെ നാമം അവയ്ക്ക് നൽകുന്നതും അതുകൊണ്ടാണല്ലോ. (അബുസ്സുഊദ്: 4/485)

അല്ലാഹുവെക്കുറിച്ച് തെറ്റായ ധാരണകൾ വെച്ചുപുലർത്തുന്ന ഒരാളും അല്ലാഹുവെ അറിയുന്നവരല്ലെന്ന് ഇനിപ്പറയുന്ന ഹദീസിൽ നിന്നും വ്യക്തമാണ്.



സാരം:
ഇബ്നുഅബ്ബാസി(റ) ൽ നിന്ന് നിവേദനം: റസൂലുല്ലാഹി(സ) മുആദി(റ) നെ യമനിലേക്ക് പറഞ്ഞയച്ചപ്പോൾ ഇപ്രകാരം പറയുകയുണ്ടായി: "വേദഗ്രൻഥത്തിന്റെ വക്താക്കളിലേക്കാണ് നിങ്ങൾ പോകുന്നത്. അതിനാൽ ആദ്യമായി അല്ലാഹുവിന് ആരാധിക്കുന്നതിലേക്ക് അവരെ ക്ഷണിക്കണം. അങ്ങനെ അല്ലാഹുവിനെ അവർ അറിഞ്ഞുകഴിഞ്ഞാൽ ഒരു ദിവസം അഞ്ചുനേരത്തെ നിസ്കാരം അല്ലാഹു അവരുടെ മേൽ നിര്ബന്ധമാക്കിയിട്ടുണ്ടെന്ന്‌ നിങ്ങൾ അവരോട് പറയണം". (മുസ്‌ലിം: 28)

പ്രസ്തുത ഹദീസ് വിശദീകരിച്ച്‌ ഇമാം നവവി(റ) എഴുതുന്നു:
قال القاضي عياض - رحمه الله - : ما عرف الله تعالى من شبهه وجسمه من اليهود ، أو أجاز عليه البداء ، أو أضاف إليه الولد منهم ، أو أضاف إليه الصاحبة والولد ، وأجاز الحلول عليه ، والانتقال والامتزاج من النصارى ، أو وصفه بما لا يليق به ، أو أضاف إليه الشريك والمعاند في خلقه من المجوس والثنوية فمعبودهم الذي عبدوه ليس هو الله وإن سموه به إذ ليس موصوفا بصفات الإله الواجبة له . فإذن ما عرفوا الله سبحانه . فتحقق هذه النكتة واعتمد عليها وقد رأيت معناها لمتقدمي أشياخنا وبها قطع الكلام أبو عمران الفارسي بين عامة أهل القيروان عند تنازعهم في هذه المسألة .(شرح النووي على مسلم: ٢٣١/١)

ഖാളീ ഇയാള്(റ) പറയുന്നു: അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നവരും അവന് ശരീരമുണ്ടെന്ന് പറയുന്നവരും അല്ലാഹുവിന് സന്താനമുണ്ടെന്ന് പറയുന്നവരും ഭാര്യയുണ്ടെന്ന് പറയുന്നവരും  ജൂതന്മാരിലുണ്ട്. ഇവർ അല്ലാഹുവിനെ അറിഞ്ഞിട്ടില്ല. അതുപോലെ അല്ലാഹു മറ്റൊന്നിൽ അവതരിക്കാമെന്നും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നീങ്ങാമെന്നും മറ്റൊന്നുമായി കൂടിക്കലരാമെന്നും പറയുന്ന ക്രൈസ്തവരും അല്ലാഹുവിനെ അറിഞ്ഞിട്ടില്ല. അതുപോലെ അല്ലാഹുവിനോട് യോജിക്കാത്ത വിശേഷണങ്ങൾ അവനു ചാർത്തുകയും അവന്റെ സൃഷ്ടികളിൽ നിന്ന് പങ്കാളിയെയും പ്രതിയോഗിയേയും സ്ഥാപിക്കുകയും ചെയ്യുന്ന സനവിയ്യത്തും അല്ലാഹുവിനെ അറിഞ്ഞിട്ടില്ല. അതിനാൽ അവർ ആരാധിക്കുന്നത് അല്ലാഹുവിനല്ല. അല്ലാ എന്ന പേര് അവർ വിളിക്കുന്നുണ്ടെങ്കിലും ശരി. കാരണം ദൈവത്തിനുണ്ടായിരിക്കൽ നിര്ബന്ധമായ ഒരു വിശേഷണവും അവർ പറയുന്ന അല്ലാഹുവിനില്ല. അതിനാൽ അല്ലാഹുവിനെ അവർ അറിഞ്ഞിട്ടില്ല. ഈ പോയിന്റ് നീ ഉറപ്പിക്കുകയും അത് അവലംബമാക്കുകയും വേണം. പൂർവ്വികരായ നമ്മുടെ മശാഇഖുമാർ ഈ ആശയം പറഞ്ഞതായി ഞാൻ കണ്ടിട്ടുണ്ട്. ഈ വിഷയത്തിൽ ആശയക്കുഴപ്പമുണ്ടായപ്പോൾ ഖൈറുവാൻ കാർക്കിടയിൽ ഈ ആശയം അവതരിപ്പിച്ചാണ് അബുഇമ്രാനുൽ ഫാരിസി(റ) പ്രശ്നത്തിനു അന്തിമ പരിഹാരം കണ്ടത്. (ശർഹ് മുസ്‌ലിം : 1/231)

ഹാഫിള് ഇബ്നു ഹജർ(റ) എഴുതുന്നു: 



സാരം:
വേദഗ്രൻഥത്തിന്റെ വക്താക്കൾ അല്ലാഹുവിന് ആരാധിക്കുകയും അവനെ അറിയുന്നതായി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അവർ അല്ലാഹുവിനെ അറിയുന്നവരെല്ലന്നതിന് ഈ ഹദീസ് രേഖയായി കാണിക്കപ്പെടുന്നു. എന്നുമാത്രമല്ല വചനവൈജ്ഞാനികശാസ്ത്രപണ്ഡിതന്മാരിൽ നിന്ന് നൈപുണ്യം നേടിയവർ ഇങ്ങനെ പ്രസ്താവിക്കുന്നു: അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നവരും അവനു കൈയുണ്ടെന്ന് പറയുന്നവരും   അവനു സന്താനമുണ്ടെന്ന് പറയുന്നവരും അല്ലാഹുവിനെ അറിഞ്ഞവരല്ല. അതിനാൽ അവരുടെ ആരാധ്യൻ അല്ലാഹുവാണെന്ന് അവർ പറയുന്നുണ്ടെങ്കിലും അത് അല്ലാഹുവല്ല. (ഫത്ഹുൽ ബാരി: 4/576)

അല്ലാഹു പറയുന്നു:  

هَلْ أَتَاكَ حَدِيثُ الْغَاشِيَةِ*وُجُوهٌ يَوْمَئِذٍ خَاشِعَةٌ*عَامِلَةٌ نَّاصِبَةٌ* تَصْلَىٰ نَارًا حَامِيَةً(سورة الغاشية: ١-٤)

"(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ? അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌".

പ്രസ്തുത വചനങ്ങൾ വിശദീകരിച്ച്‌ റാസി(റ) എഴുതുന്നു:  



സാരം:
ഈ വചനങ്ങളിൽ പറഞ്ഞതെല്ലാം ഐഹികലോകത്തുതന്നെ ഉള്ളവയാണെന്നതാണ് രണ്ടാം വീക്ഷണം. ജൂത-ക്രൈസ്തവരിൽ നിന്നുള്ള പുരോഹിതന്മാരും വിഗ്രഹാരാധകരും അഗ്നിയാരാധകരുമാണ് അവരെന്ന് അഭിപ്രായമുണ്ട്. അപ്പോൾ ആയത്തിനർത്ഥം ആ ശരീരങ്ങൾ അല്ലാഹുവിന് താഴ്മകാണിക്കുകയും പതിവായി നോമ്പെടുത്തും പ്രയാസകരമായി ഉറക്കൊഴിച്ചും പണിയെടുത്ത് ക്ഷീണിക്കുകയും ചെയ്തവരാണ് എന്നാണ്. അങ്ങനെ പറയാൻ കാരണം അല്ലാഹുവോട് യോജിക്കാത്ത കാര്യങ്ങൾ അല്ലാഹുവിന്റെ കാര്യത്തിൽ അവർ വിശ്വസിച്ചപ്പോൾ അവർ ഊഹിച്ചുണ്ടാക്കിയ ഒന്നിനെ ആരാധിക്കുന്ന ഫലത്തിലായി. അപ്പോൾ യഥാർത്ഥത്തിൽ അല്ലാഹുവിനെ അവർ ആരാധിച്ചിട്ടില്ല. പ്രത്യുത അവർ സങ്കൽപ്പിച്ചതും യഥാർത്ഥത്തിൽ ഇല്ലാത്തതുമായ ഒന്നിനെയാണ് അവർ ആരാധിക്കുന്നത്. അതിനാൽ അവരുടെ ആ ആരാധന ഒരിക്കലും അവർക്കു ഫലം ചെയ്യില്ല. (അത്തഫ്സീറുൽ കബീർ: 31/151)

കാഫിറുകൾ ആരാധിക്കുന്നത് അല്ലാഹുവിനല്ലെന്ന് ഇനിപ്പറയുന്ന അധ്യായത്തിൽ നിന്ന് സുതരാം വ്യക്തമാണ്. അല്ലാഹു പറയുന്നു:


"(നബിയേ,) പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും".

പ്രസ്തുത അദ്ധ്യായം വിശദീകരിച്ച അല്ലാമ ഇബ്നു കസീർ എഴുതുന്നു:  


സാരം:
"അവിശ്വാസികളെ" എന്ന അല്ലാഹുവിന്റെ അഭിസംബോധന ഭൂലോകത്തുല്ലാ എല്ലാ അവിശ്വാസിയെയും ഉൾകൊള്ളിക്കുന്നതാണ്. എങ്കിലും ഇതുകൊണ്ട് നേരിട്ട് അഭിസംബോധനം ചെയ്യുന്നത് ഖുറൈശികളിലെ അവിശ്വാസികളോടാണ്....... "ഞാൻ ആരാധിക്കുന്നതിനെ നിങ്ങൾ ആരാധിക്കുന്നില്ല". അത് അല്ലാഹു മാത്രമാണ്. അവന്ന് യാതൊരുവിധ പങ്കാളികളുമില്ല...... "ഞാൻ ആരാധിക്കുന്നതിനെ ഞ്ഞിങ്ങൾ ആരാധിക്കുന്നില്ല". അതായത് അല്ലാഹുവിന് ആരാധിക്കുന്നതിൽ അവന്റെ നിർദ്ദേശങ്ങളോ മതമോ നിങ്ങൾ സ്വീകരിക്കുന്നില്ല. മറിച്ച് സ്വന്തം വകയായി നിങ്ങൾ പലതും നിർമിച്ചുണ്ടാക്കുകയാണ് ചെയ്തത്. "ഊഹത്തെയും മനസ്സുകൾ ഇച്ചിക്കുന്നതിനേയും മാത്രമാണ് അവർ പിന്തുടരുന്നത്. അവർക്കു താങ്കളുടെ രക്ഷിതാവിങ്കൽ നിന്ന് സന്മാർഗം വന്നിട്ടുണ്ട് താനും" എന്ന് നജ്മു സൂറത്തിലെ 23 ആം വചനത്തിൽ അല്ലാഹു പറയുന്നു. അപ്പോൾ അവരുടെ മുഴുവൻ പ്രവർത്തനങ്ങളിൽ നിന്നും അല്ലാഹു ഒഴിവായിരിക്കുന്നു. കാരണം ആരാധിക്കുന്നവന് ഒരു ആരാധ്യനും ഒരു ആരാധനയും വേണം. നബി(സ)യും അനുയായികളും അല്ലാഹു നിയമമാക്കിയതിനനുസൃതമായി അല്ലാഹുവെ ആരാധിക്കുന്നു. ഇസ്‌ലാമിന്റെ സന്ദേശം "ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുൻ റസൂലുല്ലാഹി" എന്നായത് അതുകൊണ്ടാണ്. അതായത് അല്ലാഹുവല്ലാതെ ആരാധ്യനില്ല. നബി(സ) കൊണ്ടുവന്നത് സ്വീകരിക്കുകയല്ലാതെ അതിലേക്കെത്തിച്ചേരാൻ ഒരു മാർഗ്ഗവുമില്ല. മുശ്‌രിക്കുകൾ അല്ലാഹു അനുവാദം നൽകിയിട്ടില്ലാത്ത ആരാധന അല്ലാഹുവല്ലാത്തവർക്ക് അർപ്പിക്കുന്നു. ഇതുകൊണ്ടാണ് "നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതവും" എന്ന് നബി(സ) അവരോടു പറഞ്ഞത്. (ഇബ്നു കസീർ: 7/141)             

അപ്പോൾ പ്രവാചകന്മാരെ അംഗീകരിക്കാതെ അല്ലാഹുവിനെ ആരാധിക്കാൻ കഴിയില്ലെന്ന് മേൽ ഉദ്ദരണിയിൽ നിന്ന് സുതരാം വ്യക്തമാണ്.

മുശ്‌രിക്കുകൾ അല്ലാഹുവിനെ അംഗീകരിച്ചിരുന്നത് പ്രമാണങ്ങളുടെ വെളിച്ചത്തിൽ അല്ലാഹു ഉണ്ടെന്ന് അവർക്കു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ച് കേട്ടുകേൾവിയുടെയും പൂർവ്വികരെ അന്ധമായി അനുകരിച്ചും അവരങ്ങനെ പറയുകയായിരുന്നു.  ഇക്കാര്യം ഖുർആൻ തന്നെ വ്യക്തമാക്കിയതാണ്. അല്ലാഹു പറയുന്നു: 

 وَمَا يَتَّبِعُ أَكْثَرُهُمْ إِلَّا ظَنًّا ۚ إِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا ۚ إِنَّ اللَّـهَ عَلِيمٌ بِمَا يَفْعَلُونَ. (سورة يونس: ٣٦)

"അവരില്‍ അധികപേരും ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്‌. തീര്‍ച്ചയായും സത്യത്തിന്‍റെ സ്ഥാനത്ത് ഊഹം ഒട്ടും പര്യാപ്തമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം അറിയുന്നവനാകുന്നു".

ഈ സൂക്തം വിശദീകരിച്ച ഇമാം റാസി(റ) എഴുതുന്നു:  

സാരം:
"അവരിൽ അധികപേരും ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്" എന്നതിന്റെ വിവക്ഷയിൽ രണ്ടഭിപ്രായമുണ്ട്. അല്ലാഹുവിനെ അംഗീകരിക്കുന്നതിൽ അവരിൽ അധികപേരും ഊഹത്തെ മാത്രമാണ് പിന്തുടരുന്നത് എന്നാണ് അവയിലൊന്ന്. കാരണം അങ്ങനെ അവർ പറയുന്നത് ഒരു പ്രമാണത്തിന്റെ വെളിച്ചത്തിൽ അവർക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലല്ല. പ്രത്യുത അവർ അവരുടെ പൂർവ്വികരിൽ നിന്ന് പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. (റാസി: 17/92)

മറ്റൊരായത്തിൽ അല്ലാഹു പറയുന്നു:
إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ(سورة الأنعام١١٦)


"ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്‌". 

ഈ സൂക്തം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

ഈ ആയത്തിന്റെ താല്പര്യമിതാണ്. നിശ്ചയം താങ്കളോട് താങ്കളുടെ മതത്തിലും വീക്ഷണത്തിലും തർക്കിക്കുന്ന സത്യനിഷേധികൾക്ക് അവരുടെ വീക്ഷണങ്ങൾ ശരിയാണെന്ന് ഒരു ഉറപ്പുമില്ല. മറിച്ച് അവർ ഊഹത്തോട് മാത്രമാണ് പിന്തുടരുന്നത്. ഉറപ്പുണ്ടെന്ന വാദത്തിൽ അവർ അധികം കളവ് പറയുന്നവരും അധികം അനുമാനിച്ച് പറയുന്നവരുമാണ്. അധിക ഖുർആൻ വ്യാഖ്യാതാക്കളും പറയുന്നതിതാണ്: ആ അനുമാനത്തിന്റെ വിവക്ഷ അവരുടെ വീക്ഷണങ്ങൾ സ്ഥിരപ്പെടുത്താൻ അവരുടെ പൂർവ്വികരെ അന്ധമായി അനുകരിക്കുകമാത്രമാണ് ചെയ്യുന്നത്. അല്ലാതെ യാതൊരു പ്രമാണവും അവർ കാണിക്കുന്നില്ല. (റാസി: 6/453)

മറ്റൊരായത്തിൽ അല്ലാഹു പറയുന്നു:

تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُ كَانَ حَلِيمًا غَفُورًا(سورة الإسراء: ٤٤)

"ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു". 

 ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം റാസി(റ) എഴുതുന്നു:


സാരം:
രണ്ടാം അഭിപ്രായം സത്യനിഷേധികൾ ലോകത്തിനൊരു ഇലാഹുണ്ടെന്ന് അവരുടെ നാവുകൾ കൊണ്ട് സമ്മതിച്ചിരുന്നുവെങ്കിലും അതിന്റെ വിവിധയിനം പ്രമാണങ്ങളിൽ അവർ ചിന്തിച്ചിരുന്നില്ല... മൂന്നാം അഭിപ്രായം: സത്യനിഷേധികൾ ലോകത്തിനൊരു ഇലാഹുണ്ടെന്ന് അവരുടെ നാവുകൾ കൊണ്ട് സമ്മതിച്ചിരുന്നുവെങ്കിലും സമ്പൂർണ്ണമായ അവന്റെ കഴിവ് അവർ മനസ്സിലാക്കിയിരുന്നില്ല. അതുകൊണ്ടാണ് പുനർജ്ജന്മം നൽകാൻ അല്ലാഹുവിന് കഴിയുമെന്നതിനെ വിദൂരമായ ഒന്നായി അവർ കണ്ടിരുന്നത്. (റാസി: 20/219)

സത്യനിഷേധികളുടെ നേതാക്കൾ അല്ലാഹുവിനെ നിഷേധിക്കുവാനും അവന്ന് പങ്കാളികളെ സ്ഥാപിക്കുവാനും അനുയായികൾക്ക് നിർദ്ദേശം നൽകിയിരുന്നതായി അനുയായികൾ നേതാക്കളെ ആക്ഷേപിച്ച് പരലോകത്ത് വെച്ച് പറയുന്ന സംഭവം ഖുർആൻ വിവരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: 

 وَقَالَ الَّذِينَ اسْتُضْعِفُوا لِلَّذِينَ اسْتَكْبَرُوا بَلْ مَكْرُ اللَّيْلِ وَالنَّهَارِ إِذْ تَأْمُرُونَنَا أَن نَّكْفُرَ بِاللَّـهِ وَنَجْعَلَ لَهُ أَندَادًا ۚ وَأَسَرُّوا النَّدَامَةَ لَمَّا رَأَوُا الْعَذَابَ وَجَعَلْنَا الْأَغْلَالَ فِي أَعْنَاقِ الَّذِينَ كَفَرُوا ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا يَعْمَلُونَ (سورة سبإ: ٣٣)

"ബലഹീനരായി ഗണിക്കപ്പെട്ടവര്‍ വലുപ്പം നടിച്ചവരോട് പറയും: അല്ല, ഞങ്ങള്‍ അല്ലാഹുവില്‍ അവിശ്വസിക്കാനും, അവന്ന് സമന്‍മാരെ സ്ഥാപിക്കുവാനും നിങ്ങള്‍ ഞങ്ങളോട് കല്‍പിച്ചു കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ (നിങ്ങള്‍) രാവും പകലും നടത്തിയ കുതന്ത്രത്തിന്‍റെ ഫലമാണത്‌. ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സില്‍ ഒളിപ്പിക്കും. സത്യനിഷേധികളുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെക്കുകയും ചെയ്യും. തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമല്ലാതെ അവര്‍ക്ക് നല്‍കപ്പെടുമോ".

ഈ സൂക്തം വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:

 وقوله : ( إذ تأمروننا أن نكفر بالله ) أي : ننكره ( ونجعل له أندادا ) هذا يبين أن المشرك بالله مع أنه في الصورة مثبت لكنه في الحقيقة منكر لوجود الله لأن من يساويه المخلوق المنحوت لا يكون إلها . (التفسير الكبير: ٢٦١/٢٥)



 "ഞങ്ങൾ അല്ലാഹുവിൽ അവിശ്വസിക്കുവാനും, അവന്ന് സമന്മാരെ സ്ഥാപിക്കുവാനും നിങ്ങൾ ഞങ്ങളോട് കൽപിച്ചുകൊണ്ടിരുന്ന സന്ദർഭത്തിൽ" എന്ന പരാമർശം വ്യക്തമാക്കുന്നത് അല്ലാഹുവിൽ പങ്കുചേർക്കുന്നവൻ ബാഹ്യമായി അല്ലാഹുവിനെ അല്ലാഹുവിനെ സ്ഥിരപ്പെടുത്തുന്നവനാണെങ്കിലും യഥാർത്ഥത്തിൽ അല്ലാഹുവിന്റെ ഉണ്മയെ നിഷേധിക്കുന്നവനാണ് എന്നാണ്. കാരണം കൊത്തുപണിചെയ്തുണ്ടാക്കിയ സൃഷ്ട്ടിയോടു തുല്യമാകുന്നവൻ ഇലാഹാവുകയില്ലല്ലോ. (റാസി: 25/261)

മുശ്രിക്കുകൾ സ്വീകരിച്ചിരുന്ന രീതിയെ കുറിച്ച് അല്ലാഹു പറയുന്നു:

"എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു".

ഈ സൂക്തം വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:  

സാരം:
ഹസൻ(റ) പറയുന്നു: ഇഖ്‌ലാസ്വിനർത്ഥം ഈമാൻ (വിശ്വാസം) എന്നാണ്. (അല്ലാഹുവിൽ വിശ്വസിച്ച് അവനെ വിളിക്കും എന്നർത്ഥം) എന്നാൽ ആ കുടുക്കിൽ നിന്ന് അല്ലാഹുവല്ലാതെ അവരെ രക്ഷപ്പെടുത്തുകയില്ലെന്ന് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിലാണ് അവർ അപ്പോൾ അല്ലാഹുവിനെ വിശ്വസിക്കുന്നത്. അതിനാൽ കുടുങ്ങിയ കള്ളിക്കുള്ള വിശ്വാസത്തിന്റെ പരിഗണന മാത്രമേ അതിനുണ്ടാവുകയുള്ളു, (റാസി: 17/70)

മുശ്രിക്കുകൾക്ക് അല്ലാഹുവിൽ വിശ്വാസമില്ലെന്നും കുടുങ്ങുമ്പോൾ മാത്രമേ അല്ലാഹുവിനെ വിശ്വസിക്കാൻ അവർ തയ്യാറാകുമെന്നും കുടുക്കിൽ നിന്ന് രക്ഷപ്പെട്ടാൽ വീണ്ടും ശിർക്കിലേക്ക് തന്നെ നീങ്ങുമെന്നും മേൽ സൂക്തം വ്യക്തമാക്കുന്നു. അപ്പോൾ മുശ്രിക്കുകൾക്ക്‌ അല്ലാഹുവിൽ വിശ്വാസമില്ലെന്നാണ് മേൽ സൂക്തം വ്യക്തമാക്കുന്നത്. അല്ലാമാ ഇബ്നു കസീർ എഴുതുന്നു:    

ثم أخبر تعالى عن المشركين أنهم عند الاضطرار يدعونه وحده لا شريك له ، فهلا يكون هذا  منهم دائما(تفسير ابن كثير: ٤٢١/٣)

മുശ്രിക്കുകൾ കുടുങ്ങുമ്പോൾ അല്ലാഹുവിനെ മാത്രം വിളിച്ചുപ്രാർത്ഥിക്കുമെന്ന് അവരെക്കുറിച്ച് അല്ലാഹു പറയുന്നു. ഈ സമീപനം എപ്പോഴും അവരിൽ നിന്ന് എന്തുകൊണ്ട്  ഉണ്ടാവുന്നില്ല?. (ഇബ്നുകസീർ: 3/421)

ചുരുക്കത്തിൽ മുശ്രിക്കുകൾക്ക്‌ അല്ലാഹുവിൽ യഥാർത്ഥ വിശ്വാസം ഉണ്ടായിരുന്നില്ല. മറിച്ച് പൂർവ്വിക പിതാക്കന്മാരിൽ നിന്നുള്ള കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലും അനുമാനങ്ങളുടെയും ഊഹങ്ങളുടെയും വെളിച്ചത്തിലുമായിരുന്നു അവർ അല്ലാഹുവിന്റെ ഉണ്മയെ അംഗീകരിച്ചിരുന്നതും ആകാശഭൂമികളുടെയും മറ്റും സൃഷ്ട്ടാവ് അല്ലാഹുവാണെന്നു പറഞ്ഞിരുന്നതും. അതോടപ്പം തന്നെ ജിന്നുകളിലെ സുന്ദരിമാരെ അവൻ വിവാഹം കഴിച്ചുവെന്നും മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്നും അവർ വിശ്വസിച്ചിരുന്നു. ഇതിനും പുറമെ അല്ലാഹുവിന്റെ കഴിവുകൾ അവർ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടാണ് പുനർജന്മത്തെയും മറ്റും അവർ നിഷേധിച്ചിരുന്നത്.

മാത്രവുമല്ല ആകാശഭൂമികളുടെ സൃഷ്ട്ടാവ് അല്ലാഹുവാണെന്ന് അവർ പറഞ്ഞിരുന്നത് മറ്റൊരു മറുപടി അതിനു പറയാൻ സാധിക്കാത്തതുകൊണ്ടു മാത്രമായിരുന്നു. അവർ കൊത്തിയുണ്ടാക്കിയ കല്ലുകളും മറ്റുമാണ് ആകാശഭൂമിയുടെ സൃഷ്ട്ടാവെന്നു ബുദ്ദിയുള്ളവർക്ക് പറയാൻ കഴിയില്ലല്ലോ. ഇക്കാര്യം പണ്ഡിതന്മാർ വിശദീകരിച്ചതാണ്. ഇമാം റാസി തന്നെ എഴുതുന്നു: 

സാരം:
നിശ്ചയം ഇവർ വിഗ്രഹാരാധകരാണ്. അതിനാൽ താങ്കൾ എന്നെ വാഴ്ത്തിപ്പറയുകയും വിഗ്രഹങ്ങളെ തൊട്ട് തിരിഞ്ഞുകളയുകയും ചെയ്താൽ അവരത് അവഗണിക്കും. അതിനാൽ അവർ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവരാണെന്ന് അവരോടു താങ്കൾ പറയുക, അത് നിഷേധിക്കാൻ അവർക്കു സാധിക്കില്ല. പിന്നീട് ക്രിയക്ക് ഒരു കർത്താവ് വേണമെന്ന കാര്യം അവരോടു പറയുക. അതിനെ വിഗ്രഹത്തിലേക്ക് ചേർത്തിപ്പറയാൻ അവർക്കാകില്ല. കാരണം വിഗ്രഹം അവർ തന്നെ കൊത്തിയുണ്ടാക്കിയതാണെന്ന് അവർക്കറിയാമല്ലോ. ഈ ശൈലിയിലൂടെ അവരെ സമീപിക്കുമ്പോൾ സ്തുതി അർഹിക്കുന്നവൻ ഞാൻ മാത്രമാണെന്നും വിഗ്രഹങ്ങളല്ലെന്നും അവർ അംഗീകരിക്കും. "അവരെ സൃഷ്ട്ടിച്ചത് ആരാണെന്ന് താങ്കൾ അവരോടു ചോദിച്ചാൽ തീർച്ചയായും അല്ലാഹുവാണെന്ന് അവർ പറയും" എന്ന് അല്ലാഹു പറഞ്ഞതും ഇതേ അർത്ഥത്തിലാണ്. (റാസി: 32/105)

അല്ലാഹു പറയുന്നു:

وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّـهُ ۚ قُلِ الْحَمْدُ لِلَّـهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ. (سورة لقمان: ٢٥)

"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല". 

മേൽ സൂക്തം വിവരിച്ച് ഇമാം ബൈളാവി(റ) എഴുതുന്നു:  


സാരം:
"ആകാശങ്ങളും ഭൂമിയും സൃഷ്ട്ടിച്ചത് ആരെന്നു താങ്കൾ അവരോട് ചോദിച്ചാൽ അല്ലാഹുവാണെന്ന് തീർച്ചയായും അവർ പറയും". കാരണം സൃഷ്ടികർമം അല്ലാഹുവല്ലാത്തവരിലേക്ക് ചേർത്തിപറയുന്നതിനെ തടയുന്ന പ്രമാണം സുവ്യക്തമാണ്. അതിനാൽ അക്കാര്യം തുറന്നുപറയാൻ അവർ നിർബന്ധിതരായിരിക്കുന്നു. "പറയുക; അല്ലാഹുവിനു സ്തുതി". അവരുടെ വിശ്വാസത്തെ പൊളിച്ചുകളയുന്ന കാര്യം തുറന്നു സമ്മതിക്കുന്നതിലേക്ക് അവരെ ചെന്നെത്തിച്ചതിന്റെ പേരിൽ. (ബൈളാവി: 4/494)

അല്ലാമ അബുസ്സുഊദ്(റ) എഴുതുന്നു:



സാരം:
""ആകാശങ്ങളും ഭൂമിയും സൃഷ്ട്ടിച്ചത് ആരെന്നു താങ്കൾ അവരോട് ചോദിച്ചാൽ തീർച്ചയായും അവർ പറയും; അല്ലാഹുവാണെന്ന്". കാര്യം അത്രയ്ക്കും വ്യക്തമാണ്. അതിനാൽ അക്കാര്യം സമ്മതിക്കുവാൻ അവർ നിർബന്ധിതരായിരിക്കുന്നു. സത്യത്തെ കണ്ണടച്ച് സിഷേധിക്കുന്നവർക്കു പോലും നിഷേധിക്കാൻ സാധിക്കാത്ത വിധം തൗഹീദിന്റെ പ്രമാണങ്ങൾ വിശദീകരിച്ചതിന്റെ പേരിൽ അല്ലാഹുവിനു സ്തുതി പറയുക. (അബുസ്സുഊദ്: 5/300)
ഇനി ആകാശഭൂമികളെ സൃഷ്ട്ടിച്ചത് അല്ലാഹുവാണെന്ന് ഉറച്ചു വിശ്വസിച്ചാൽ തന്നെ അത് അല്ലാഹുവിനെക്കുറിച്ചുള്ള വിശ്വാസമാണെന്ന് പറയാനും പറ്റില്ല. അബ്ദുൽഖൈസിന്റെ നിവേദകസംഘത്തോട് അല്ലാഹുവിൽ മാത്രം വിശ്വസിക്കാൻ നിർദേശിച്ച ശേഷം നബി(സ) ഇപ്രകാരം ചോദിച്ചതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു: 

هل تدرون ما الإيمان بالله وحده؟ قالوا: الله ورسوله أعلم، قال:(( شهادة أن لا إله إلا الله، وأن محمدا رسول الله)) (البخاري: ٨٥، مسلم: ٢٤)

അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയെന്നത് എന്താണെന്ന് നിങ്ങൾക്കറിയുമോ?. അവർ പറഞ്ഞു: അല്ലാഹുവും അവന്റെ റസൂലും കൂടുതൽ അറിയുന്നവരാണ്. നബി(സ്) പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് റസൂലുല്ലാ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കലാണ്". (ബുഖാരി: 85, മുസ്‌ലിം: 24)

ഇമാം റാസി(ർ) പറയുന്നു: 

المراد بالإيمان بالله عبارة عن الإيمان بوجوده ، وبصفاته ، وبأفعاله ، وبأحكامه. (التفسير الكبير: ١٤١/٧)


അല്ലാഹുവിൽ വിശ്വസിക്കുന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ ഉണ്മയും അവന്റെ വിശേഷണങ്ങളും അവന്റെ പ്രവർത്തനങ്ങളും അവന്റെ തീരുമാനങ്ങളും വാസ്തവമാക്കലാണ്. (റാസി: 7/141)

മഹാനായ ജിബ്‌രീൽ(അ) മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഈമാൻ എന്താണെന്ന് നബി(സ)യോട് ചോദിച്ചപ്പോൾ ഇനിപ്പറയുന്ന ആറ് കാര്യങ്ങൾ എണ്ണിപ്പറഞ്ഞു മറുപടി നൽകിയത് ഇതുകൊണ്ടാണ്. ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഹദീസിലിങ്ങനെ കാണാം: 


സാരം:
അബൂഹുറൈറ(റ) യിൽ നിന്ന് നിവേദനം: ഒരു ദിവസം നബി(സ) ജനങ്ങൾക്കിടയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ജിബ്‌രീൽ (അ) നബി(സ) യെ സമീപിച്ച് ഈമാൻ എന്താണെന്ന് ചോദിച്ചു: അപ്പോൾ നബി(സ) പറഞ്ഞു: "അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രൻഥങ്ങളിലും അവനെ കണ്ടുമുട്ടുന്നതിലും പുനർജന്മത്തിലും വിശ്വസിക്കലാണ്". (ബുഖാരി: 48)

ഇമാം ബുഖാരി(റ)യുടെ മറ്റൊരു നിവേദത്തിൽ ഇപ്രകാരം കാണാം:



സാരം:
"ജിബ്‌രീൽ(അ) പറഞ്ഞു: ഈമാനിനെ കുറിച്ച് അവിടുന്ന് എനിക്ക് പറഞ്ഞുതരൂ, നബി(സ) പറഞ്ഞു: "അല്ലാഹുവിനെ കൊണ്ടും അവന്റെ മലക്കുകളെകൊണ്ടും അവന്റെ ഗ്രൻഥങ്ങൾ കൊണ്ടും അവന്റെ പ്രവാചകന്മാരെക്കൊണ്ടും അന്ത്യദിനം കൊണ്ടും ഖദറു കൊണ്ടും അഥവാ നന്മയും തിന്മയും (അല്ലാഹുവിൽ നിന്നാണെന്നും) നീ വിശ്വസിക്കലാണ്". (ബുഖാരി: 9)

അപ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുന്നതാണ് മതം അംഗീകരിക്കുന്ന വിശ്വാസമെന്നും ആകാശഭൂമികളെ സൃഷ്ട്ടിച്ചത് അല്ലാഹുവാണെന്ന് പറഞ്ഞത് കൊണ്ട് മാത്രം അത് അല്ലാഹുവിലുള്ള വിശ്വാസമായി പരിഗണിക്കില്ലെന്നും ഉപര്യക്ത പ്രമാണങ്ങളിൽ നിന്ന് വ്യക്തമാണല്ലോ. ഇനി വിശ്വാസമായി നബി(സ) എണ്ണിപ്പറഞ്ഞ ആറു കാര്യങ്ങളിൽ മുശ്‌രിക്കുകളുടെ വിശ്വാസമെന്തായിരുന്നുവെന്ന് അടുത്ത ബ്ലോഗിൽ നമുക്ക് ചർച്ച ചെയ്യാം. ഇന്ഷാ അല്ലാ.