സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 2 September 2016

കേരളത്തിൽ ഇസ്‌ലാം





മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്തു തന്നെ വിശുദ്ധ ഇസ്‌ലാം കേരളത്തിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. കേരളം രാജാവായിരുന്ന പെരുമാൾ, നബി(സ)യുടെ ജീവിത കാലത്തുതന്നെ ഇസ്‌ലാം മത സ്വീകരിച്ചിട്ടുണ്ടെന്നാണ് പ്രബലമായ വിശ്വാസം.  'കേരളപ്പഴമ', 'കേരളോൽപത്തി' തുടങ്ങിയ ചരിത്ര ഗ്രൻഥങ്ങളും ഇതേ അഭിപ്രായം രേഖപ്പെടുത്തിട്ടുണ്ട്. അറക്കൽ രാജ സ്വരൂപത്തിൽ നിന്ന് കണ്ടെടുത്ത ഒരമൂല്യഗ്രൻഥവും ഇത് ശരി വയ്ക്കുന്നുണ്ട്. അതെ പോലെ പയ്യന്നൂരിനടുത്ത പ്രദേശമായ പാഴങ്ങാടിയിൽ നിർമ്മിച്ച ഒരു പള്ളിയിൽ ഈ പള്ളി അഞ്ചാം വർഷം സ്ഥാപിച്ചതാണെന്ന് ഒരു പലകയിൽ കൊത്തിവെച്ചതായി കാണുന്നതും ഇക്കാര്യം വ്യക്തമാക്കുന്നു.

എന്നാൽ നിലാമുറ്റത്തെ മഖ്ബറയിലെ ചില കല്ലുകളിൽ പുള്ളിയും ഹറകത്തുകളും നൽകാത്ത അറബിഭാഷ കൊത്തി വെച്ചതായി കാണുന്നുണ്ട്. ഇത് അറിയിക്കുന്നത് ഹിജ്റവർഷം അറുപത് പൂർത്തിയാകും മുമ്പ് കേരളത്തിൽ ഇസ്‌ലാം വന്നെത്തിയിട്ടുണ്ട് എന്നാണ്. കാരണം ഹറകത്തുകൾ നൽകി അറബി എഴുതാൻ തുടങ്ങിയത് ഹിജ്‌റ അറുപതുകൾക്കുശേഷം ഹജ്‌ജാജുബ്നുയൂസുഫുസ്സഖഫിയുടെ കാലത്താണ്.

ധർമ്മപട്ടണത്ത് താമസിച്ചിരുന്ന ചേരമാൻ പെരുമാളിന്റെ സഹോദരി ശ്രീദേവിയുടെ മകൻ മുഹമ്മദ് അലി രാജാ ഹിജ്‌റ 64-ൽ ഇസ്‌ലാം സ്വീകരിച്ചതായി കാണിക്കുന്ന ചില രേഖകൾ കണ്ണൂരിലെ അറക്കലിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിൻറെ ആദ്യത്തെ നാമം മഹാബലി എന്നായിരുന്നു. മലബാറിന്റെ വടക്കു സ്ഥിതിചെയ്യുന്ന അറക്കലിൽ മുസ്ലിം ഭരണം ആദ്യമായി സ്ഥാപിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിൻറെ സ്ഥാനം പരിഗണിച്ച് 'അലി' എന്നും മലബാറിലെ പ്രഥമ മുസ്ലിം ഭരണാധികാരി എന്ന നിലയിൽ 'ആദിരാജാ' എന്നും അദ്ദേഹം വിളിക്കപ്പെട്ടു.

അറക്കൽ രാജാക്കന്മാർ മലബാറിലെ ഉൽപ്പന്നങ്ങളായ കുരുമുളക്, കാരമ്പൂ, തുടങ്ങിയ വസ്തുക്കൾ വിദേശത്തേക്ക് കയറ്റി അയക്കാറുണ്ടായിരുന്നു. അതോടപ്പം ഈജിപ്ത്, തുർക്കി, ഇറാൻ, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ നാടുകളിൽ നിന്ന് മലബാറിലെത്തുന്ന ടൂറിസ്റ്റുകളെ സ്വീകരിക്കുകയും ചെയ്തിരുന്നു. മഹൽ ദ്വീപ്, ലക്ഷദ്വീപ്, തുടങ്ങിയ സമീപ ദ്വീപുകളും അറക്കൽ രാജാക്കന്മാരുടെ  ഭരണത്തിന് കീഴിലായിരുന്നു. നീതി നടപ്പാക്കുന്നതിലും അധിനിവേശത്തിനെതിരെ പടപൊരുതുന്നതിലും പ്രസിദ്ദി നേടിയ അറക്കൽ ഭരണ കൂടത്തിലെ അവസാനകണ്ണി ഇംഗ്ലീഷുകാരുടെ കരങ്ങളാൽ വധിപ്പെട്ടതോടെ ആ ഭരണം അവസാനിച്ചു.

പെരുമാൾ ഒരു സ്വഹാബി (നബിയുടെ ശിഷ്യൻ) യായിരുന്നുവെന്ന വസ്തുത ആദ്യകാല മുസ്‌ലിം ചരിത്രകാരനായ അലി ത്വബ്‌രി 'ഫിർദൗസുൽഹിക്മ' യിൽ വിവരിക്കുന്നുണ്ട്. ഇതേ വസ്തുത 'താരീഖ് ഫിരിശ്ത' എന്ന ഗ്രൻഥത്തിലുമുണ്ട്.

വിശ്വവിഖ്യാത ഹദീസ്പണ്ഡിതൻ ഹാകിം(റ) മുസ്തദ്‌റകിൽ രേഖപ്പെടുത്തിയ ഒരു ഹദീസ് ഇങ്ങനെ വായിക്കാം:  



സാരം:
അബൂസഈദിൽഖുദ്‌രിയ്യി(റ) യിൽ നിന്നു നിവേദനം: അവർ പറയുന്നു: "ഇന്ത്യയിലെ രാജാവ് റസൂലുല്ലാഹി(സ) യിലേക്ക് ഒരു മൺഭരണി ഹദ്‌യ നൽകി. അതിൽ ഇഞ്ചിയും ഉണ്ടായിരുന്നു. തുടർന്ന് നബി(സ) അവിടുത്തെ അനുയായികൾക്ക് ഓരോ കഷ്ണം ഇഞ്ചി ഭക്ഷിക്കാൻ നൽകി. അതിൽ നിന്നൊരു കഷ്ണം ഇഞ്ചി എനിക്കും ഭക്ഷിക്കാൻ നൽകി". (മുസ്തദ്‌റാഖ്: ഹ: ന: 7297)  

ഈ ഹദീസ് ഉദ്ദരിച്ച ശേഷം ഹാകിം(റ) പറയുന്നു:

لم أخرج من أول هذا الكتاب إلى هنا لعلي بن زيد بن جدعان القرشي -رحمه الله- حرفاً واحداً، ولم أحفظ في أكل رسول الله -صلى الله عليه وسلم- الزنجبيل سواه، فخرجته. (مستدك: ٣٥/٤)

അലിയ്യുബ്നു സൈദുബ്നു ജദ്ആൻ(റ) വിന്ന് കിതാബിന്റെ തുടക്കം മുതൽ ഒരു അക്ഷരം പോലും ഞാൻ പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ നബി(സ) ഇഞ്ചി ഭക്ഷിച്ച വിഷയത്തിൽ ഇതല്ലാത്ത മറ്റൊന്നും എനിക്ക് ഓർമ്മയില്ലാത്തതിനാൽ അത് ഞാനുദ്ദരിച്ചു. (മുസ്തദ്റക്: 4/35) 

മഹാനായ മുഹമ്മദുബ്നുയൂസുഫ് സ്വാലിഹീ(റ) (മ: ഹി: 942) എഴുതുന്നു:


സാരം:
നബി(സ) ഇഞ്ചിഭക്ഷിച്ച വിഷയമാണ് പതിനൊന്നു. അംറുബ്നുഹക്കാമിൽ നിന്ന് തുർമുദി, ഇബ്നുസ്സുന്നീ, അബൂനുഐം, അബൂസഇദ്, ഹക്കിം(റ-ഹും) എന്നിവർ നിവേദനം ചെയ്യുന്നു. ഈ ഹദീസ് പ്രബലമാണെന്ന് ഹാകിം(റ) പ്രസ്താവിച്ചിട്ടുമുണ്ട്. ശുഅ്ബത്ത്, അലിയ്യുബ്നുസൈദ്, അബുൽമുതലക്കിൽ നാജി(റ-ഹിം)വഴിയായി അംറ് (റ) അബൂസഈദുൽഖുദ്‌രിയ്യി (റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. അവർ പറയുന്നു. ഇന്ത്യയിലെ രാജാവ് നബി(സ)ക്ക് ചില സമ്മാനങ്ങൾ നൽകി. കൂട്ടത്തിൽ ഒരു മൺഭരണിയിൽ ഇഞ്ചിയുമുണ്ടായിരുന്നു. ഓരോ വ്യക്തിക്കും ഓരോ കഷ്ണം വീതം ഇഞ്ചി നബി(സ) ഭക്ഷിപ്പിച്ചു. ഒരു കഷ്ണം എന്നെയും  അവിടുന്ന് ഭക്ഷിപ്പിച്ചു. (സുബുലുൽ ഹുദാ വർറശാദ്: 7/207)

ഈ ഹദീസിൽ പരാമർശിച്ച രാജാവ് കേരളത്തിലെ ഒരു രാജാവാകാനാണ് കൂടുതൽ സാധ്യത കാണുന്നത്. കാരണം അറേബ്യയും കേരളവും പ്രാചീന0കാലം മുതൽക്കേ  വലിയ ബന്ധം പുലർത്തിയിരുന്നുവെന്നത് എല്ലാവരും അംഗീകരിക്കുന്ന ഒരു വസ്തുതയാണ്. കേരളത്തിലെ കടൽ തീരങ്ങൾ അറേബ്യൻ ടൂറിസ്റ്റുകൾ വന്ന് കപ്പലിറങ്ങുന്ന കേന്ദ്രങ്ങളുമായിരുന്നു. പ്രാചീനകാലം മുതലേ അറബികൾ കേരളക്കരയുമായി കച്ചവടബന്ധം പുലർത്തിയിരുന്ന കാര്യം ചരിത്രകാരന്മാരെല്ലാം സമ്മതിക്കുന്നു. കേസരി എ ബാലകൃഷ്ണപിള്ളയുടെ അഭിപ്രായത്തിൽ എ. ഡി. 628-ൽ മുഹമ്മദ് നബി(സ) പല രാജാക്കന്മാർക്കും കത്തയച്ച കൂട്ടത്തിൽ പെരുമാൾക്കും കത്തയച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് പെരുമാൾ അറേബിയയിലെത്തിയത്.

അറേബ്യയിൽ നിന്നും സിലോണിലെ ആദം മല സന്ദർശിക്കാൻ എത്തിയ ഒരു തീർത്ഥാടന സംഘം കൊടുങ്ങല്ലൂരിൽ വന്ന് കപ്പലിറങ്ങി. മുഹമ്മദ് നബി(സ) പ്രവാചകരായി നിയമിക്കപ്പെട്ട വിവരവും നബി(സ)യിൽ നിന്ന് പ്രകടമായ ധാരാളം അമാനുഷിക സിദ്ദികളെക്കുറിച്ചും വിശിഷ്യാ ചന്ദ്രൻ പിളർന്ന സംഭവവുമെല്ലാം അവരിൽ നിന്ന് രാജാവ് കേട്ടറിഞ്ഞു. ചന്ദ്രൻ പിളർന്നത് ചേരമാൻ പെരുമാൾ കേരളത്തിൽ വെച്ച് നോക്കിക്കണ്ടിരുന്നു. അന്ന് മുതൽ അതിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് രാജാവ് അന്വേഷണം തുടങ്ങിയിരുന്നു. അങ്ങനെ ശ്രീലങ്കയിൽ നിന്ന് മടങ്ങിവരുമ്പോൾ രാജാവിനെ വന്നുകാണാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടതനുസരിച്ച് അവർ രാജാവിനെ വന്നുകണ്ടു. അങ്ങനെ അവരോടപ്പം പെരുമാൾ അറേബ്യയിലേക്ക്   പുറപ്പെട്ടു. നബി(സ) അദ്ദേഹത്തെ സ്വീകരിച്ചു. പരിശുദ്ധ കലിമ ചൊല്ലിക്കൊടുത്തു. രാജാവ് 'താജുദ്ദീൻ' എന്ന പേര് സ്വീകരിച്ചു. അൽപകാലം അറേബ്യയിൽ താമസിച്ച അദ്ദേഹം എ. ഡി. 632-ൽ കേരളത്തിലേക്ക് മടങ്ങാൻ ഉദ്ദേശിച്ചു. കേരളത്തിൽ ഇസ്‌ലാം പ്രചരിപ്പിക്കുന്നതിനായി മാലികുബ്‌ദീനാറി(റ) ന്റെ നേത്രത്വത്തിൽ പന്ത്രണ്ടംഗ സംഘം രാജാവിനെ അനുഗമിച്ചു. വഴിമദ്ദ്യേ ഷഹർ മുഖല്ലായിൽ അദ്ദേഹം രോഗബാധിതനായി. യാത്ര തുടരാൻ കഴിയാതെ വന്നപ്പോൾ കേരളത്തിലെ തന്റെ പിന്ഗാമികൾക്ക് നൽകാനുള്ള ഒരു കത്ത് സംഘത്തെ ഏൽപ്പിച്ചു. അദ്ദേഹം അവിടെവെച്ചു തന്നെ മരണപ്പെട്ടു.

മാലികുബ്‌ദീനാറും സംഘവും ക്രിസ്തു വര്ഷം 643-ൽ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങി. ഇവരാണ് ഇവിടത്തെ പ്രഥമ ഇസ്‌ലാമിക പ്രബോധനസംഘം. ഇവർ കേരളക്കരയിലെ ആദ്യപ്പള്ളി കൊടുങ്ങല്ലൂരിൽ സഥാപിച്ചു. ഇതിന്റെ ചെലവും സംരക്ഷണവും അവിടത്തെ രാജാവ് വഹിച്ചു. തുടർന്നു കൊല്ലം, മാടായി, ശ്രീകണ്ഠാപുരം, ധർമ്മടം, പന്തലായിനി, ചാലിയം, ബർകൂർ, മംഗലാപുരം, കാസർഗോഡ്,  എന്നെ സ്ഥലങ്ങളിലും അവർ പള്ളികൾ സ്ഥാപിച്ചു.

മൂന്നാം ഖലീഫ ഉസ്മാൻ(റ) വിന്റെ ഭരണ കാലത്ത് നബി(സ)യുടെ ശിഷ്യനായ മുഗീറത്തുബ്നു ശുഅ്ബ(റ) കോഴിക്കോട് വന്ന് മതപ്രചാരണം നടത്തിയ വിവരം അഹ്മദ് കോയ ശാലിയാത്തി(ന.മ) യുടെ ഗ്രൻഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം കോഴിക്കോട് താമസിച്ചിരുന്ന സ്ഥലം ഇന്നും 'മുഗദാർ' (മുഗീറത്തിന്റെ വീട്) എന്ന പേരിൽ അറിയപ്പെടുന്നു.

ഇസ്‌ലാമിന്റെ പ്രകാശം കേരളത്തിലുടനീളം വ്യാപിക്കാൻ അതുവഴിയായി. ജീവിതം ജാതിയതക്കു പണയപ്പെടുത്തേണ്ടിവന്ന ആയിരങ്ങൾ ഇസ്‌ലാമിന്റെ സുന്ദരമായ ആശയങ്ങൾ ഉൾക്കൊണ്ട് കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് കടന്നു വന്നു. തൊട്ടുകൂടാത്തവർ ഇസ്‌ലാം സ്വീകരിച്ചപ്പോൾ ആത്മ മിത്രങ്ങളായി മാറി. നാട്ടിൽ ഇസ്‌ലാമിന്റെ വളർച്ച അറേബ്യയും കേരളവും തമ്മിലുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തി. വിദേശികളെ ചെറുക്കുന്നതിലും രാജ്യത്തിന്റെ സുരക്ഷിതത്വത്തിലും മുസ്‌ലിം കാണിക്കുന്ന ആത്മാർത്ഥതയും ധീരതയും അന്നത്തെ കേരളം രാജാക്കന്മാരെ സന്തോഷപ്പെടുത്തി. യുക്തിക്ക് യോജിച്ച യഥാർത്ഥ ദൈവിക മതമാണ് ഇസ്‌ലാമെന്ന് ബോധ്യപ്പെട്ടപ്പോൾ കേരളത്തിലെ നമ്പൂതിരിമാരും നായരും പാണരും പറയരും ആശാരിമാരും തുടങ്ങി സമുദായത്തിന്റെ വിവിധങ്ങളായ തട്ടുകളിൽ ജീവിച്ചിരുന്ന പതിനായിരങ്ങൾ ഇസ്‌ലാം മതം സ്വീകരിച്ചു. കേരളത്തിലെ ഇന്നത്തെ മുസ്‌ലിംകളിൽ അധികപേരും അവരുടെ പിന്തലമുറക്കാരാണ്. അവർ വിദേശികളല്ല. പുരാതന കേരളത്തിന്റെ ഉത്തമ പൗരന്മാരായിരുന്ന പിതാമഹന്മാരുടെ പിൻഗാമികൾ മാത്രം. വർണ്ണ വിവേചനത്തിന്റെയും വർഗ-ദേശ-ഭാഷ വ്യത്യാസത്തിന്റെയും പൂർവ്വീക മതങ്ങൾ അവർ കൈവെടിഞ്ഞു. പകരം ശാന്തിയുടെയും സമാധാനത്തിന്റെയും വർഗ-ദേശ-ഭാഷ വിവേചന രാഹിത്യത്തിന്റെയും മതമായ ഇസ്‌ലാമിനെ വാരിപ്പുണർന്ന് സഹോദരന്മാരായി ജീവിച്ചുപോന്നു.   


നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ എന്നെയും കുടുംബത്തെയും  എന്റെ ഉസ്താദുമാരെയും ഉൾപ്പെടുത്തുക.