സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 14 September 2016

മുഹമ്മദ് നബി(സ) ഭാഗം 1




بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

 മുഹമ്മദ് നബി(സ)


ജനനം : ആനക്കലഹം കഴിഞ്ഞു 50 ദിവസം പിന്നിട്ട് റബീഉൽ അവ്വൽ 12 തിങ്കളാഴ്ച പ്രഭാതത്തോടടുത്ത സമയം. ക്രിസ്താബ്ദം 571 ഏപ്രിൽ 20. കിസ്റാരാജാവ് അനൂശർവാനിന്റെ ഭരണം കഴിഞ്ഞ 40 വർഷം പിന്നിട്ടപ്പോൾ ദുൽഖർനൈനി രണ്ടാമൻ വഫാത്തായി 88 കൊല്ലം പൂർത്തിയായപ്പോൾ.

അബ്റഹത്ത് കഅ്ബയെ ആക്രമിക്കാൻ വരുമ്പോൾ അബ്ദുൽ മുത്വലിബിന് എഴുപത് വയസ്സിൽ കൂടുതൽ പ്രായമുണ്ടായിരുന്നു. നബി(സ)യുടെ പിതാവായ അബ്ദുല്ലക്ക് 21 വയസ്സും. മകനുവേണ്ടി ബനൂസുഹ് റ വംശജനായ വഹബിന്റെ മകൾ ആമിനയെ അന്വേഷിച്ചു. വരൻ അബ്ദുൽ മുത്വലിബിന്റെ മകനായത്കൊണ്ട് വഹബിനു ഇതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളു. അതിനാൽ താമസിയാതെ ആ വിവാഹം നടന്നു.

             അറബികളുടെ സമ്പ്രദായമനസരിച്ച് അബ്ദുല്ല മൂന്നു ദിവസം വധുഗൃഹത്തിലാണ് താമസിച്ചത്. പിന്നീട് വധുവരന്മാർ അബ്ദുൽ മുത്വലിബിന്റെ വീട്ടിലേക്ക് മാറി. ആമിനാ ബീവിക്ക് രണ്ടു മാസം ഗർഭമുള്ളപ്പോൾ അബ്ദുല്ല സിറിയയിലേക്ക് കച്ചവടത്തിന് പുറപ്പെട്ടു. അവിടെ നിന്നും മടങ്ങുമ്പോൾ അല്പം വിശ്രമിക്കുന്നതിനായി മദീനയിലെ തന്റെ ഭാര്യാമാതുലന്മാരുടെ അരികിൽ തങ്ങിയതായിരുന്നു. എന്നാൽ അത് മരണത്തിലാണ് കലാശിച്ചത്. മാതുലന്മാർ വിവരം ഉടനെ അദ്ദേഹത്തിൻറെ പിതാവിനെ അറിയിച്ചു.

           വിവാഹം കഴിക്കുമ്പോൾ അബ്ദുല്ലയുടെ വയസ്സ് 18 ഉം മരിക്കുമ്പോൾ 25 മായിരുന്നു. മരിക്കുമ്പോൾ അബ്ദുല്ലയുടെ സ്വത്ത് 5 ഒട്ടകങ്ങളും ഒരു പറ്റം ആടുകളും ഉമ്മുഐമൻ(ബറകത്) എന്ന ഒരു പരിചാരകയും മാത്രമായിരുന്നു. (സീറത്തുൽ ഹലബിയ്യ: 1/39, 50, 52)

           ഒരു ദിവസം കഅ്ബയുടെ സമീപത്തിരിക്കുമ്പോഴാണ് ദിവംഗതനായ തന്റെ പുത്രൻ അബ്ദുല്ലക്ക് ഒരാണ്കുഞ്ഞു ജനിച്ച വിവരം അബ്ദുൽ മുത്ത്വലിബ് അറിയുന്നത്. ആനന്ദത്തോടെ അദ്ദേഹം വീട്ടിലേക്കോടി കുട്ടിയെ കൈയിലെടുത്ത് താലോലിച്ച് കഅ്ബയിലേക്ക് കൊണ്ടുപോയി 'മുഹമ്മദ്' എന്ന് പേർ വിളിച്ചു. 'വാഴ്ത്തപ്പെട്ടവർ' എന്നർത്ഥമുള്ള ഈ പടം അറബികൾക്കപരിചിതമായിരുന്നില്ലെങ്കിലും പ്രചാരത്തിലുള്ള ഒരു നാമധേയമായിരുന്നില്ല.

              നബി(സ)യുടെ ജനന സമയത്ത് പല അത്ഭുതങ്ങളും ഉണ്ടായിട്ടുണ്ട്. അത് മുമ്പ് വിവരിച്ചത് കൊണ്ട് ആവർത്തിക്കുന്നില്ല.  അന്തരീക്ഷത്തിന്റെ പരിശുദ്ദിയും പ്രകൃതിയുടെ നന്മയും തനതായ സംസാരവും സ്പുടമായ ഭാഷയും പരിഗണിച്ച് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ മലഞ്ചെരിവ് പ്രദേശങ്ങളായിരുന്നു അറബികൾ തെരെഞ്ഞെടുത്തിരുന്നത്. പതിവുപോലെ കുലീന ആമിനാ ബീവി ബനൂസഅ്ദ് ഗോത്രക്കാരുടെ ആഗമനവും പ്രതീക്ഷിച്ചു കഴിഞ്ഞുകൂടി. ബനൂസഅ്ദ് ഗോത്രത്തിൽ പെട്ട പത്ത് സ്ത്രീകളോടപ്പം അബൂദുവൈബിന്റെ മകൾ ഹലീമാബീവി മുലയൂട്ടാൻ കുഞ്ഞുങ്ങളെ തേടി മക്കയിലെത്തി. ഭർത്താവ് ഹാരിസുബ്നുഅബ്ദുൽ ഉസ്സയും അവർ മുലകൊടുത്തുകൊണ്ടിരിക്കുന്ന അബ്ദുള്ളയും മഹതിക്കൊപ്പമുണ്ടായിരുന്നു. മുലയൂട്ടുന്നതിലും അറബി സാഹിത്യത്തിലും പ്രസിദ്ദിനേടിയ ഗോത്രമായിരുന്നു ബനൂസഅ്ദ് ഗോത്രം. മക്കയിൽ വന്ന എല്ലാവരും ഓരോ കുഞ്ഞുങ്ങളെ കൈവശപ്പെടുത്തി. എന്നാൽ ആമിനാബീവിയുടെ അനാഥ കുഞ്ഞിനെ ഏറ്റെടുക്കാൻ അവരിൽ ആരും തന്നെ മുന്നോട്ടു വന്നില്ല. എന്നാൽ ഹലീമാബീവിക്ക്‌ മറ്റു കുഞ്ഞുങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് തന്റെ ഭർത്താവുമായി കൂടിയാലോചിച്ചു. ഭർത്താവ് പറഞ്ഞു:  "അല്ലാഹു ആ കുഞ്ഞിൽ നമുക്ക് ബർകത്ത് ചെയ്തേക്കാം". അങ്ങനെ അവർ മുഹമ്മദി(സ) നെ ഏറ്റെടുത്ത് ഗ്രാമത്തിലേക്ക് കൊണ്ടുപോയി.

                     ഇതുകാരണം ഹലീമാബീവിക്കും അവരുടെ പ്രായം ചെന്ന പെണ്ണൊട്ടകത്തിനും ആടുകൾക്കും പാൽ വർദ്ദിക്കുകയും എല്ലാകാര്യങ്ങളിലും അസാധാരണമായ സമൃദ്ദിയുണ്ടാവുകയും ചെയ്തു. കുട്ടിയുമായി യാത്ര പോകുമ്പോൾ അവരുടെ പെണ്ണൊട്ടകം എല്ലാ വാഹനങ്ങൾക്കും മുമ്പിലെത്തി. അതുകാരണം കൂട്ടുകാരികൾക്ക് അവരോട് അസൂയതോന്നി. കുട്ടിയുമായി വീട്ടിലെത്തിയപ്പോൾ അവരിലും കുടുംബത്തിലും മൃഗങ്ങളിലും സമ്പത്തിലും അഭിവൃദ്ദിയുണ്ടായി. മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തമായി മുഹമ്മദി(സ)ന് വളർച്ചയുണ്ടായിരുന്നു. നടക്കാനാകുന്നതിനു മുമ്പ് നടക്കാനും സംസാരിക്കാനാകുന്നതിനു മുമ്പ് സ്ഫുടമായ ഭാഷയിൽ സംസാരിക്കാനും അമ്പെയ്യാനാകുന്നതിനു മുമ്പ് അമ്പെയ്യാനും തുടങ്ങി. അത് കാരണം ബനൂസഅ്ദ്  ഗോത്രക്കാർക്ക്  ഈ കുട്ടിയുടെ കാര്യത്തിൽ അത്ഭുതം തോന്നി. അവരിൽ വല്ലവർക്കും രോഗമുണ്ടായാൽ അവർ കുട്ടിയുടെ മുൻകൈ തോൽപാത്രത്തിൽ കുടിക്കുന്ന സ്ഥലത്ത് വെച്ച്  വെള്ളം കുടിച്ചാൽ  അവരുടെ രോഗം സുഖം പ്രാപിച്ചിരുന്നു. ഹലീമാബീവിയുടെ വലതുമുലയിൽ നിന്നുമാത്രമേ മുഹമ്മദ് (സ ) കുടിച്ചിരുന്നുള്ളു. ഇടതുമുല സഹോദരൻ അബ്ദുല്ലക്കുവേണ്ടി ഒഴിച്ചിടുമായിരുന്നു.
(അൽബിദായത്തുവന്നിഹായ : 1/ 354 , അസ്സീറത്തുന്നബവിയ്യ : / സൈനീ ദഹ്‌ലാൻ : 1 / 48 -49 )

                   ഹലീമാബീവിയുടെ മുല കുടിച്ചും അവരുടെ മകൾ ശൈമയുടെ  പരിചരണങ്ങൾ  ഏറ്റുകൊണ്ടും രണ്ടുകൊല്ലം പൂർത്തിയായപ്പോൾ ഹലീമാബീവി കുട്ടിയെ കൊണ്ടുവന്നു ഉമ്മയെ കാണിച്ചു. വീണ്ടും മക്കയിൽ അന്ന്  പടർന്നു  പിടിച്ചിരുന്ന പകർച്ച വ്യാധിയെ  ഭയന്ന് ആമിനാബീവി വീണ്ടും കുട്ടിയെ ഹലീമാബീവിയുടെ കൈയിൽ തന്നെ തിരിച്ചയച്ചു. തന്മൂലം കുട്ടിയുടെ ആരോഗ്യനില മാതാവിനെ ബോധ്യപ്പെടുത്തിയ ശേഷം വീണ്ടും അവർ കൊണ്ട് പോയി.

                ഈ കാലയളവിലായിരുന്നു മഹാനായ ജിബ്രീലും(അ ) മീകാഈലും(അ ) വന്ന്  നബി(സ)യുടെ നെഞ്ച് പിളർന്ന് പിശാചിന്റെ വിഹിതം എടുത്തുകളഞ്ഞു പൂർവ്വസ്ഥിതിയിലേക്കുതന്നെ മടക്കിയത് . നബി(സ) അതറിയുകയോ വേദനയനുഭവിക്കുകയോ ചെയ്തില്ല. ഇതെല്ലാം കണ്ട അബ്ദുല്ല എന്ന കുട്ടി മാതാപിതാക്കളിലേക്കോടി ചെന്ന് സംഭവം വിവരിച്ചു. ഉടനെ ഹലീമയും ഭർത്താവും ഓടിവന്ന്  കുട്ടിയെ വാരിയെടുത്ത് എന്തുസംഭവിച്ചുവെന്ന്  അന്വേഷിച്ചു . കുട്ടി ഉണ്ടായതെല്ലാം വിവരിച്ചു കൊടുത്തു. അപ്പോൾ കുട്ടിക്ക് വല്ല അപായവും സംഭവിക്കുമോ എന്ന്  ഹലീമാബീവിയും ഭർത്താവും ഭയപ്പെട്ടു. തുടർന്ന്  കുട്ടിയുമായി മക്കയിലെത്തി അവർ കുട്ടിയെ ഉമ്മയെ ഏൽപ്പിച്ചു. മലക്കുകളാണ് കുട്ടിയെ ഓപ്പറേഷന് നടത്തിയതെന്നും കുട്ടിക്ക് ഗുണകരമായ കാര്യം മാത്രമാണ് അവർ ചെയ്തതെന്നും അവർ മനസ്സിലാക്കിയിരുന്നില്ല. മുലയൂട്ടുന്ന സമയത്തുണ്ടായ അത്ഭുതങ്ങളെല്ലാം ഹലീമാബീവി ആമിനാബീവിക്ക്‌ വിശദീകരിച്ചുകൊടുത്തു.

              നാലു വർഷമാണ് റസൂലുല്ലാഹി(സ) ഹലീമാബീവിയുടെ അടുത്ത താമസിച്ചത്. ഈ വർഷങ്ങൾക്കിടയിൽ പലപ്രാവശ്യം അവർ കുട്ടിയെ ഉമ്മയെ കാണിച്ചിരുന്നു. എല്ലാ വർഷവും അബ്ദുൽ മുത്ത്വലിബ് കുട്ടിയെ സന്ദർശിച്ചിരുന്നു. ( അൽബിദായത്തുവന്നിഹായ: 2 / 358 , സീറത്തുൽ ഹലബിയ്യ: 1 / 103 )

            നബി(സ)ക്ക്  സേവനം ചെയ്തതിന്റെ ബറകത്തിനാൽ ഹലീമാബീവി(റ )യെയും ഭർത്താവിനെയും മക്കളെയും അല്ലാഹു പിന്നീട്  ഇസ്‌ലാമിലേക്ക്  നയിക്കുകയും അവർ ഇഹപര വിജയം കരസ്ഥമാക്കുകയും ചെയ്തു.

           നബി(സ) ഖദീജാബീവി(റ )യുമായുള്ള വിവാഹത്തിനുശേഷം ഒരിക്കൽ ഹലീമാബീവി  നബി(സ)യെ സന്ദർശിക്കുകയുണ്ടായി. 40 ആടുകളും ഒരൊട്ടകവും ഉപഹാരമായി നൽകിക്കൊണ്ടാണ് അന്ന് നബി(സ) അവരെ തിരിച്ചയച്ചത്. അവർ നബി(സ) യെ സന്ദർശിക്കാൻ വരുമ്പോഴെല്ലാം തന്റെ മേൽമുണ്ട് വിരിച്ച്  ആദരപൂർവ്വം അവരെ സ്വീകരിച്ചിരുത്തുക അവിടുത്തെ പതിവായിരുന്നു. ഹലീമാബീവി(റ)യും ഭർത്താവും മക്കളും ഒരിക്കൽ നബി(സ)യെ സന്ദർശിച്ചതായും മുണ്ട് വിരിച്ച നബി(സ) അവരെ സ്വീകരിച്ചതായും മറ്റൊരു റിപ്പോർട്ടിൽ വന്നിട്ടുണ്ട്. (സൈനീ ദഹ്‌ലാൻ : 1/ 56 )

           അഞ്ചാമത്തെ വയസ്സിൽ മാതാവിന്റെ പരിലാളനയിലേക്ക്  തിരിച്ചുവന്ന തീരുമേനിയെ സംരക്ഷിക്കാനുള്ള ചുമതല അബ്ദുൽ മുത്ത്വലിബ് ഏറ്റെടുത്തു. നബി(സ) ക്ക്  ആറുവയസ്സ്  പ്രായമുള്ളപ്പോൾ ഒരു ദിവസം ആമിനാബീവി(റ) തിരുമേനിയോടപ്പം മദീനയിലേക്ക് സന്ദർശനത്തിന്  പുറപ്പെട്ടു. ഭർത്താവിന്റെ ഖബർ സന്ദർശിക്കുകയും കുട്ടിക്ക്  പിതാവിന്റെ മാതുലന്മാരെ പരിചയപ്പെടുത്തുകയും ചെയ്യുകയായിരുന്നു യാത്രോദ്ദേശ്യം. ഉമ്മുഐമൻ(റ) എന്ന പരിചാരകയുമുണ്ടായിരുന്നു അവരുടെ കൂടെ. മദീനയിൽ പിതാവ് മരണമടഞ്ഞതും സസ്കരിക്കപ്പെട്ടതുമായ സ്ഥലങ്ങളെല്ലാം മാതാവ് തിരുമേനിക്ക് കാണിച്ചുകൊടുക്കുകയുണ്ടായി. (സീറത്തുൽ ഹലബിയ്യ: 1 / 50 )

         ഒരുമാസത്തെ താമസത്തിനുശേഷം മാതാവും മകനും യാത്രസംഘത്തോടപ്പം മക്കയിലേക്ക് മടങ്ങി.മദീനയിൽ നിന്ന് ഏകദേശം 13 നാഴികയിലെ 'അബവാഅ്' എന്ന സ്ഥലത്തെത്തിയപ്പോൾ ആമിനാബീവിയെ രോഗം പിടിപെട്ടു. അധികം താമസിയാതെ അവർ ഇഹലാലോകവാസം വെടിഞ്ഞു. മഹതിക്ക്‌ അന്ന് ഇരുപത്  വയസോളം പ്രായമുണ്ടായിരുന്നു. അഞ്ചുദിവസത്തിനുശേഷം ഉമ്മുഐമനാണ് (റ) അവിടുന്ന് നബിതിരുമേനിയെ മക്കയിലേക്കു കൊണ്ടുവന്നത്. (അൽബിദായത്തുവന്നിഹായ: 2/ 360 )

         പ്രസവിക്കുന്നതിനു മുമ്പ് പിതാവും ഏഴുവയസ്സ് പൂർത്തിയാകുന്നതിനു മുമ്പ് മാതാവും മരണപ്പെട്ട നബി(സ)യുടെ സംരക്ഷണം ഉമ്മുഐമനും(റ ) അബ്ദുൽ മുത്ത്വലിബും ഏറ്റെടുത്തു. അബ്ദുൽ മുത്ത്വലിബ് നബി(സ)യെ അങ്ങേയറ്റം സ്നേഹിക്കുകയും ആദരിക്കുകയും നല്ല ഭക്ഷണം നൽകുകയും കഅ്ബയുടെ നിഴലിൽ തന്റെ വിരിപ്പിൽ നബി(സ)യെ ഇരുത്തുകയും ചെയ്യുമായിരുന്നു. മറ്റു ആരെയും അദ്ദേഹം അങ്ങനെ ഇരുത്തുമായിരുന്നില്ല. നബി(സ)യെ തടയാൻ അവരുദ്ദേശിക്കുമ്പോൾ  അബ്ദുൽ മുത്ത്വലിബ് പറയും: "എന്റെ മകനെ നിങ്ങൾ ഉപേക്ഷിക്കൂ, നിശ്ചയം അവന്ന്  വലിയ കാര്യമുണ്ട്". എന്നാൽ രണ്ടു വര്ഷം മാത്രമാണ് അബ്ദുൽ മുത്ത്വലിബിന്റെ തണലിൽ നബി(സ) ജീവിച്ചത് അപ്പോഴേക്കും അദ്ദേഹവും ഇഹലോകവാസം വെടിഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന്  140  വയസ്സും നബി(സ) എട്ട് വയസ്സും പ്രായമായിരുന്നു. (അൽമവാഹിബുല്ലദുന്നിയ: 1 / 8 - 91 )

        അബ്ദുൽ മുത്തലിബിന്റെ വിയോഗത്തിൽ നബി(സ) അങ്ങേയറ്റം ദുഃഖിക്കുകയും മയ്യിത്ത്  കട്ടിലിന്റെ പിന്നിൽ നിന്ന്  അവിടുന്ന് കരയുകയും ചെയ്തു. മരിക്കുന്നതിന് മുമ്പ് അദ്ദേഹം കുട്ടിയുടെ സംരക്ഷണം മകൻ അബൂത്വാലിബിനെ ഏൽപ്പിച്ചിരുന്നു. അതനുസരിച്ച്  കുട്ടിയുടെ സംരക്ഷണം അബൂത്വാലിബ്  ഏറ്റെടുത്തു. സ്വന്തം മക്കളെക്കാൾ നബി(സ)ക്കു അദ്ദേഹം പ്രാമുഖ്യം കല്പിച്ചിരുന്നു. അങ്ങനെ നാട്ടിലാകുമ്പോഴും യാത്രയിലാകുമ്പോഴും ഉറക്കത്തിലും ഉണർച്ചയിലുമെല്ലാം നബി(സ) അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

        അബൂത്വാലിബ്  ഏറെ ദരിദ്രനായിരുന്നു. വയറു നിറയെ ഭക്ഷണം കഴിക്കാൻ അദ്ദേഹത്തിൻറെ കുടുംബത്തിന്  വകയുണ്ടായിരുന്നില്ല. എന്നാൽ നബി(സ) അവരോടപ്പം ഭക്ഷണം കഴിച്ചാൽ അവർക്കെല്ലാവർക്കും വയർ നിറയുമായിരുന്നു. അപ്പോൾ 'നീ ബറകത്തുള്ളവനാണ്‌ ' എന്ന് അബൂത്വാലിബ്  നബി(സ)യോട് പറയുമായിരുന്നു. ചിലപ്പോൾ കുട്ടികൾ ഭക്ഷണം കവർന്നെടുക്കുമ്പോൾ നബി(സ) അവരിൽ നിന്ന് മാറി നിൽക്കും. അതിനാൽ നബി(സ)ക്കുള്ള ഭക്ഷണം അബൂത്വാലിബ്  വേറെ മാറ്റിവെക്കുമായിരുന്നു. (അൽബിദായത്തുവന്നിഹായ : 2/ 364 )

      ഉമ്മുഐമൻ(റ) പറയുന്നു: "ചെറുപ്പത്തിലോ വലുപ്പത്തിലോ വിശപ്പിനെ കുറിച്ചോ ദാഹത്തെ പറ്റിയോ നബി(സ) വേവലാതിപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല". (സീറത്തുൽ ഹലബിയ്യ : 1 /  116 )

     ഒരിക്കൽ മക്കയിൽ ജലക്ഷാമം നേരിട്ടപ്പോൾ ഖുറൈശികളുടെ നേതാവ് അബൂത്വാലിബിനോട്  വേവലാതിബോധിപ്പിച്ചു. അപ്പോൾ അബൂത്വാലിബ്  കഅ്ബയുടെ സമീപത്തുവെച്ച്  നബീ(സ)യെ കൊണ്ട് മഴതേടിയപ്പോൾ അവർക്കു മഴ ലഭിച്ചു. അതിനെ കുറിച്ചാണ് അബൂത്വാലിബ്  ഇപ്രകാരം പാടിയത്.



 
സാരം:
       നബി(സ)യുടെ സുന്ദരമായ മുഖം കൊണ്ട്  മഴ തേടപ്പെടും. അനാഥരുടെ അഭയകേന്ദ്രവും പാപങ്ങളുടെ സങ്കേതവുമാണ് മുഹമ്മദ്(സ). (ബുഖാരി : 953 )

        നബി(സ)യെ പ്രശംസിച്ച്  അബൂത്വാലിബ്  ആലപിച്ച എൺപതിലധികം വരികൾ വരുന്ന ഖസ്വീദയിലെ ഒരു വരിയാണിത്. അവ മുഴുവനും ഇബ്നു ഇസ്‌ഹാഖ്‌ (റ) സീറയിൽ വിവരിച്ചിട്ടുണ്ട്. ശത്രുക്കൾ നബി(സ)യെ ആക്രമിക്കാൻ ശ്രമിക്കുകയും ഇസ്‌ലാം സ്വീകരിക്കാനുദ്ദേശിച്ച് വരുന്നവരെ നബി(സ)യിൽ നിന്ന്  ഓടിക്കുകയും ചെയ്തപ്പോഴാണ് അബൂത്വാലിബ് പ്രസ്തുത കവിത ചൊല്ലിയത്. (ഫത്ഹുൽബാരി: 3 / 442 )

       ദരിദ്രനായിരുന്നുവെങ്കിലും ഉദാരനും ശ്രേഷ്ഠനുമായതിനാൽ അറബികളിൽ ആദരണീയനായിരുന്നു  അബൂത്വാലിബ്.


                നബി(സ)ക്കു പന്ത്രണ്ട് വയസ്സുള്ളപ്പോൾ അബൂത്വാലിബ്  കച്ചവടത്തിനായി സിറിയയിലേക്ക് പുറപ്പെട്ടു. അന്ന് കൂടെ പോകുവാനുള്ള നബി(സ)യുടെ അഭിലാഷം പരിഗണിച്ചുകൊണ്ട്  അബൂത്വാലിബ് അവിടുത്തെയും കൂടെ കൊണ്ടുപോയി. ഈ യാത്രയിൽ സിറിയയുടെ തെക്കുഭാഗത്തുള്ള 'ബുസ്വ് റ' എന്ന സ്ഥലത്തെത്തിയപ്പോൾ അവർ ബഹീറ എന്നുപേരായ ഒരു ക്രിസ്തീയ പുരോഹിതനെ കണ്ടുമുട്ടി. ക്രിസ്തീയ വേദഗ്രൻഥങ്ങളുടെ അടിസ്ഥാനത്തിൽ വരാൻപോകുന്ന ഒരു പ്രവാചകനെ കുറിച്ച്  അദ്ദേഹത്തിനറിയാമായിരുന്നു. യാത്രക്കാർക്കിടയിൽ നിന്ന് നബി(സ)ക്ക്  കാർമേഘം നിഴലിട്ടുകൊടുക്കുന്നത് അദ്ദേഹത്തിൻറെ ശ്രദ്ധയിൽ പെട്ടു . അപ്പോൾ ആ യാത്രാസംഘത്തിന് ഒരു സദ്യതയ്യാറാക്കി ബഹീറ ക്ഷണിച്ചു. എല്ലാവരും സദ്യയിൽ പങ്കെടുത്തുവെങ്കിലും ഉദ്ദേശിക്കുന്ന കുട്ടിയെ കൂട്ടത്തിൽ കണ്ടില്ല. അപ്പോൾ ബഹീറ പറഞ്ഞു: ഖുറൈശി സമൂഹമേ! നിങ്ങളിൽ ഒരാളും എന്റെ സദ്യയിൽ നിന്നൊഴിവാക്കരുത് . അപ്പോൾ അവർ പറഞ്ഞു: ഒരു കുട്ടി ഒഴികെ എല്ലാവരും താങ്കളുടെ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്. അപ്പോൾ ആ കുട്ടിയെ കൊണ്ടുവരാൻ ബഹീറ നിർദ്ദേശിച്ചു.അങ്ങനെ ബഹീറ ആ കുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു . ജനങ്ങൾ ഭക്ഷണം കഴിച്ച്  പിരിഞ്ഞപ്പോൾ ബഹീറ ആ കുഞ്ഞിനോട്സംസാരിച്ചു. ഖുറൈശികളുടെ വിഗ്രഹങ്ങളായ ലാത്തയെയും ഉസ്സയേയും  മുൻനിറുത്തി  അദ്ദേഹം കുട്ടിയോട്  സംസാരിച്ചപ്പോൾ കുട്ടി പ്രതികരിച്ചില്ല. പിന്നീട് അല്ലാഹുവിന്റെ നാമത്തിൽ ചിലതെല്ലാം ചോദിച്ചപ്പോൾ കുട്ടി വാചാലനായി. അദ്ദേഹത്തോട് അറിയുന്ന വിവരങ്ങൾ കുട്ടി പറഞ്ഞു. പിന്നീട് കുട്ടിയുടെ രണ്ട്  ചുമലുകൾക്കിടയിൽ 'ഖാതമുന്നുബുവ്വ' ബഹീറ ദർശിച്ചു . അതോടെ കുട്ടിയുടെ കാര്യം ബഹീറക്ക്  ബോധ്യമായി.

      പിന്നീട് ബഹീറ അബൂത്വാലിബുമായി  സംഭാഷണം നടത്തി.
      ബഹീറ : ഈ കുട്ടി നിങ്ങളുടെ ആരാണ്?
      അബൂത്വാലിബ് : എന്റെ മകൻ.
      ബഹീറ : ആ കുട്ടി നിങ്ങളുടെ മകനാകുന്നതെങ്ങനെ ? ആ കുട്ടിയുടെ പിതാവ് ജീവിച്ചിരിക്കാൻ പറ്റില്ലല്ലോ?
      അബൂത്വാലിബ്  : അത് എന്റെ സഹോദരന്റെ  മകനാണ്.
      ബഹീറ: പിതാവ് എന്തായി?
     അബൂത്വാലിബ് : മാതാവ് കുട്ടിയെ ഗർഭം ധരിച്ചപ്പോൾ മരണപ്പെട്ടു.
     ബഹീറ: നിങ്ങൾ വാസ്തവം പറഞ്ഞിരിക്കുന്നു. കുട്ടിയുമായി  നിങ്ങൾ മക്കയിലേക്ക് തിരിക്കുക, കുട്ടിയുടെ മേൽ ജൂതന്മാരെ സൂക്ഷിക്കുകയും ചെയ്യുക. കാരണം കുറ്റിയിൽനിന്നു ഞാനറിഞ്ഞകാര്യം അവരും അറിയുന്ന പക്ഷം അവർ കുട്ടിയെ അപകടപ്പെടുത്തും . കാരണം കുട്ടിക്ക് വലിയ കാര്യം ഉണ്ടാകാൻ പോകുന്നു. അങ്ങനെ കച്ചവടത്തിൽ നിന്ന് വിരമിച്ച ഉടനെ അബൂത്വാലിബ് കുട്ടിയുമായി മക്കയിലേക്ക് തിരിച്ചു. (ഇബ്നുഹിശാം : 1 / 194 - 196 , ഇബ്നു കസീർ : 2 / 365 -366 , ദലാഇലുന്നുബുവ്വ : 2 / 66 - 69 )

          ഈ കച്ചവടത്തിൽ നല്ല ലാഭം കിട്ടിയ അബൂത്വാലിബ് പിന്നെ കച്ചവടത്തെ കുറിച്ചു ചിന്തിച്ചിട്ടില്ല.

           നബി(സ) ചെറുപ്രായത്തിൽ മക്കക്കാർക്കിടയിൽ വിശ്വസ്തതകൊണ്ട് പ്രസിദ്ധരായിരുന്നു. വാക്കിലും പ്രവർത്തിയിലും രഹസ്യത്തിലും പരസ്യത്തിലുമെല്ലാം അവിടുന്ന് വിശ്വസ്തനായിരുന്നു. 'അൽഅമീൻ ' എന്നപേരിൽ അവിടുന്ന് അറിയപ്പെട്ടു. പ്രവാചകത്വത്തിനുശേഷം നബി(സ)യെ ശക്തിയായി അവർ എതിർത്തിരുന്നപ്പോഴും  വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാനായി അവർ നബി(സ) യെ ഏല്പിക്കാറുണ്ടായിരുന്നു. നബി(സ) മദീനയിലേക്ക് ഹിജ്‌റ പോകുന്നതുവരെ ഇത് തുടർന്നിരുന്നു. നബി(സ) ഹിജ്‌റ പോയപ്പോൾ ഇത്തരം സൂക്ഷിപ്പ് സ്വത്തുക്കൾ തിരികെ നൽകാനായി അലി(റ) യെ നബി(സ) മക്കയിൽ നിറുത്തിയിരുന്നു. (ഇബ്നു ഹിശാം: 2 /  98 )

           ഖുവൈലിദിന്റെ പുത്രി ഖദീജ ശ്രേഷ്ഠയും സമ്പന്നയും  കച്ചവടക്കാരിയുമായിരുന്നു.കച്ചവടത്തിനുവേണ്ടി പുരുഷന്മാരെ കൂലിക്കുവിളിക്കുന്ന സമ്പ്രദായം അവർക്കുണ്ടായിരുന്നു. അങ്ങനെ നബി(സ)യുടെ വിശ്വസ്തതയും സൽസ്വഭാവവും  കേട്ടറിഞ്ഞ മഹതി നബി(സ)യിലേക്ക് ആളെവിടുകയും മറ്റുള്ളവർക്ക് നൽകുന്നതിനേക്കാൾ വലിയ സംഖ്യ പ്രതിഫലമായി വാഗ്ദാനം ചെയ്യുകയും ചെയ്തു.

              തന്റെ സംരക്ഷണം ഏറ്റെടുത്ത അബൂത്വാലിബ്  ദരിദ്രനും അതോടപ്പം കുടുംബത്തിൽ കൂടുതൽ അംഗങ്ങളുമുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിൻറെ പ്രയാസം അല്പമെങ്കിലും അകറ്റാമെന്ന നിലയിൽ നബി(സ) ഖദീജയുടെ കച്ചവടസാധനങ്ങളുമായി അവരുടെ അടിമ മൈസറയുടെ കൂടെ ശാമിലേക്കു പുറപ്പെട്ടു. അന്ന് നബി(സ)ക്ക്  ൨൫ വയസ്സ്  പ്രായമായിരുന്നു. അവർ ബുസ്വ്‌ റാ അങ്ങാടിയിലെത്തിയപ്പോൾ വിശ്രമിക്കാനായി ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ ഇറങ്ങി. അതിന്റെ സമീപത്തായി നസ് ത്വൂറാ എന്ന്  പേരായ ഒരു ക്രിസ്ത്യൻ പുരോഹിതന്റെ ആരാധനാമണ്ഡപമുണ്ടായിരുന്നു. ആ പുരോഹിതൻ മൈസറയോട്  പറഞ്ഞു : 'ഒരു പ്രവാചകനല്ലാതെ ഈ മരച്ചുവട്ടിൽ ഇറങ്ങിയിട്ടില്ല'. പിന്നീട് പുരോഹിതൻ മൈസറയോട് ചോദിച്ചു: 'അദ്ദേഹത്തിൻറെ രണ്ടു കണ്ണുകളിൽ ചുവപ്പുണ്ടോ?'. മൈസറ പറഞ്ഞു: "അതെ, അത് അദ്ദേഹവുമായി വിട്ടുപിരിയാറില്ല". അപ്പോൾ പുരോഹിതൻ പറഞ്ഞു: അദ്ദേഹം പ്രവാചകൻ  തന്നെയാണ്.അദ്ദേഹം അന്ത്യപ്രവാചകരാണ്". (സീറത്തുൽ ഹലബിയ്യ: 1 / 133 )

          പിന്നീട് രണ്ടുപേരും ചന്തയിൽ പോയി അവരുടെ കൈവശമുള്ള ചരക്കുകൾ വിറ്റു . ആ കച്ചവടത്തിൽ അവർക്ക്  വലിയ ലാഭം ലഭിക്കുകയും ചെയ്തു. പിന്നീട് രണ്ടുപേരും മക്കയിലേക്ക് തിരിച്ചു.

          യാത്രയിൽ നബി(സ)ക്ക്  കാർമേഘം നിഴലിട്ട്  കൊടുക്കുക, പുരോഹിതന്റെ പ്രസ്താവന, കച്ചവടത്തിൽ ലഭിച്ച വലിയ ലാഭം തുടങ്ങി ഈ യാത്രയിൽ പല അത്ഭുതങ്ങളും മൈസറ മനസ്സിലാക്കി. ഇതെല്ലാം മൈസറ ഖദീജാബീവിക്ക്‌ വിവരിച്ചുകൊടുത്തു. അപ്പോൾ ഈ യുവാവ് വലിയൊരു കാര്യത്തിന്റെ ഉടമയാണെന്നു ഖദീജാബീവി മനസ്സിലാക്കി. അങ്ങനെ വിശ്വസ്തനും സമർത്ഥനും സുമുഖനുമായ  മുഹമ്മദി(സ)നെ തന്റെ ജീവിത പങ്കാളിയായി സ്വീകരിക്കാൻ അവർ തീരുമാനിക്കുകയും അതിനുവേണ്ട കരുക്കൾ നീക്കുകയും ചെയ്തു. അതിന്റെ ഭാഗമായി ഖദീജാ വിവാഹാലോചനയുമായി നബി(സ)യിലേക്ക് ആളെ വിട്ടു . "താങ്കളോടുള്ള കുടുംബബന്ധവും താങ്കളുടെ ജനതയിൽ താങ്കൾക്കുള്ള ബഹുമതിയും വിശ്വസ്തതയും താങ്കളുടെ സൽസ്വഭാവവും  സത്യസന്ധതയും  കണക്കിലെടുത്ത്  എനിക്ക് താങ്കളിൽ ആഗ്രഹമുണ്ട്" എന്നായിരുന്നു ഖദീജയുടെ അന്വേഷണം . ഖദീജയുടെ ആവശ്യം സ്വീകരിച്ച്  നബി(സ) അമ്മാവന്മാരുമൊത്ത്  ഹാജറായി . അബൂത്വാലിബ് ഇനിപ്പറയുന്ന ഖുത്വുബ നിർവ്വഹിച്ചു.


           

സാരം :
         തുടർന്ന് ഖദീജാബീവിയുടെ പിതൃവ്യൻ അംറുബ്നുഅസദ്  കാർമികത്വം വഹിച്ചു. 500 ദിർഹമാണ് വിവാഹ മൂല്യം നൽകിയത്. ഖുറൈശികളിലെ പ്രധാനികൾ അതിനു ദൃസാക്ഷികളായി. ശാമിൽ  നിന്ന് കച്ചവടം കഴിഞ്ഞു തിരിച്ചെത്തി  രണ്ട്  മാസത്തിനുശേഷമായിരുന്നു  വിവാഹം നടന്നത്. അന്ന് നബി(സ)ക്ക്  ഇരുപത്തി അഞ്ചും ഖദീജാബീവി(റ )ക്ക്  നാല്പതും വയസ്സ് പ്രായമായിരുന്നു. (സീറത്തുൽ ഹലബിയ്യ: 1 / 140 )

         ഖദീജ(റ)ൽ  നിന്ന്  പ്രവാചകന്  രണ്ട്  ആൺകുട്ടികളും നാല്  പെൺമക്കളും ജനിച്ചു. മൂത്ത പുത്രൻ ഖാസിം രണ്ടാം വയസ്സിൽ മരിച്ചു. രണ്ടാമത്തെ പുത്രൻ ശൈശവത്തിൽ  മരിച്ചു. സൈനബ്(റ ), റുഖിയ(റ), ഉമ്മുകുൽസും(റ), ഫാത്വിമ (റ) എന്നിവരാണ് നാല്  പെണ്മക്കൾ .

        ഖദീജാബീവി(റ) യുമായുള്ള വിവാഹം മുഹമ്മദ് നബി(സ)ക്ക്  ഐശ്വര്യവും സുഭക്ഷിതവും  ഉണ്ടാക്കി. ജീവിത പ്രാരാബ്ധങ്ങൾ കാരണം ഞെരുങ്ങുകയായിരുന്ന അബുത്വാലിബിനെ സഹായിക്കാൻ നബി(സ) മറന്നില്ല. അദ്ദേഹത്തിൻറെ പുത്രനായ അലി(റ)യുടെ സംരക്ഷണം മുഹമ്മദ് നബി(സ) ഏറ്റെടുത്തു. ഖദീജാബീവി(റ)യുടെ അടിമയായിരുന്ന സൈദിനെ പ്രവാചകൻ ദത്തുപുത്രനായി സ്വീകരിച്ചു.

       ഖുറൈശികൾ നടത്തിയ വിശുദ്ധ കഅ്ബയുടെ പുനർനിർമ്മാണത്തിൽ  നബി(സ) യും കാര്യമായ പങ്ക്  വഹിച്ചു. കഅ്ബയുടെ ഓരോ മൂലയും പടുക്കാനാവശ്യമായ കല്ലുകൾ ചുമന്നുകൊണ്ടുവരാൻ ഓരോ സംഘത്തെ അവർ ചുമതലപ്പെടുത്തിയിരുന്നു. നബി(സ)യും കല്ലുകൾ ചുമന്നുകൊണ്ടുവന്നു. നബി(സ)ക്കു അന്ന് മുപ്പത്തിയഞ്ച്  വയസ്സ് പ്രായമായിരുന്നു. ഹജറുൽ അസ്‌വദ്  തൽസ്ഥാനത്ത്  വെക്കേണ്ട സമയമായപ്പോൾ അത് ആര്  വെക്കുമെന്നതിൽ അവർക്കിടയിൽ അഭിപ്രായവ്യത്യാസം വന്നു. തർക്കം മൂർച്ഛിച്ച്  ഒരു യുദ്ധത്തിന്റെ വക്കിലെത്തിയപ്പോൾ അവരിലെ കാരണവർ അബൂഉമയ്യ ഒരഭിപ്രായം പറഞ്ഞു: ബനൂശൈബ വാതിലിലൂടെ ആദ്യം കടന്നുവരുന്നത്  ആരാണോ  അയാളെ അക്കാര്യം നമുക്ക് ഏൽപ്പിക്കാം. എല്ലാവരും അത് അംഗീകരിച്ചു. ആ കവാടത്തിലൂടെ ആദ്യം വരുന്നത്  ആരാണെന്ന്  അവർ നോക്കികൊണ്ടിരിക്കുമ്പോൾ അതിലൂടെ ആദ്യം കടന്നുവന്നത് നബി(സ)യായിരുന്നു. അവർ പറഞ്ഞു: "അൽഅമീനതാ വരുന്നു. ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു ". തുടർന്ന് വിശ്വസ്തനും നീതിമാനായ വിധികർത്താവ്  ഹജറുൽ അസ്‌വദ് ഒരു വസ്ത്രത്തിലെടുത്തുവെച്ച്  ഓരോ ഗോത്രത്തലവന്മാരോടും വസ്ത്രത്തിൽ പിടിക്കാനും എല്ലാവരും കൂടി വസ്ത്രം ഉയർത്താനും നിർദ്ദേശിച്ചു. അപ്രകാരം അവർ അത് ഉയർത്തിയപ്പോൾ അവിടുത്തെ തിരുകരം കൊണ്ട് ഹജറുൽ അസ്‌വദ് എടുത്ത് അതിന്റെ സ്ഥാനത്ത് വെച്ചു . ഇതോടെ വലിയൊരു പ്രശ്നത്തിന് രമ്യമായി പരിഹാരമായി. (ദലാഇലുൽ ബൈഹഖി: 2 / 55 , ആൽബിദായത്തുവന്നിഹായ : 2 / 378 , മിർആത്തുൽ ഹറമൈനി : 1 / 264 )


         സുകൃതങ്ങൾ പ്രവർത്തിക്കുന്നതിലൂടെ  പ്രവാചകത്വം സ്വീകരിക്കാനും ദിവ്യസന്ദേശം വഹിക്കാനുമുള്ള പക്വതയും പാകതയും അല്ലാഹു തആല നബി(സ)ക്ക്  ഒരുക്കികൊണ്ടിരുന്നു. അങ്ങനെ അല്ലാഹുവിന്റെ സംരക്ഷണത്തിലായി എല്ലാവിധ തെറ്റുകുറ്റങ്ങളിൽ നിന്നും മുക്തരായും എല്ലാവിധ നന്മകളും പ്രവർത്തിക്കാനുള്ള സൗഭാഗ്യം ലഭിച്ചവരായും  നബി(സ) വളർന്നുവന്നു. ദരിദ്രന്മാരെ സഹായിക്കുന്നവരായും ചാർച്ചബന്ധം ചേർത്തുന്നവരായും ദുർബ്ബലരുടെ കാര്യങ്ങൾ ഏറ്റെടുക്കുന്നവരായും അതിഥികളെ സല്കരിക്കുന്നവരായും അവിടുന്ന് വളർന്നുവന്നു. വിഗ്രഹങ്ങളും പ്രതിഷ്ഠകളും മദ്യവും കവിതകളും ഭാഗ്യപരീക്ഷണങ്ങളും അവിടുത്തേക്ക്‌  ദേഷ്യമായിരുന്നു. അതിനാൽ അവയിലൊന്നുമായും ഒരിക്കൽ പോലും നബി(സ) ബന്ധപ്പെട്ടിട്ടില്ല. വിഗ്രഹത്തിനു ആരാധിക്കുകയോ പ്രശ്നം നോക്കുകയോ മദ്യപിക്കുകയോ പദ്യം രചിക്കുകയോ പന്തയം വെച്ച്  കളിക്കുകയോ വിഗ്രഹം കൊണ്ട് സത്യം ചെയ്യുകയോ അവരുടെ ഉത്സവത്തിന് പങ്കെടുക്കുകയോ ചെയ്തിട്ടില്ല. അതുപോലെ ശവമോ വിഗ്രഹങ്ങളുടെ നാമത്തിൽ അറുക്കപ്പെട്ടതോ അവിടുന്ന് ഭക്ഷിച്ചിട്ടുമില്ല. (ദലാഇലുൽ ബൈഹഖി: 2 /30 - 35 , സീറത്തുൽ ഹലബിയ്യ : 1 / 122 -125 )

        നബി(സ) അങ്ങേയറ്റം ലജ്ജയുള്ള വ്യക്തിയായിരുന്നു. അന്നത്തെ ജനങ്ങൾ രാപകൽ വ്യത്യാസമില്ലാതെ നഗ്നത വെളിവാക്കൽ ഒരു പ്രശ്നമായി കണ്ടിരുന്നില്ലെങ്കിലും നബി(സ) ചെറുപ്പത്തിലെ നഗ്നത മറക്കുന്നതിനെ നിര്ബന്ധമാക്കിയിരുന്നു. കഅ്ബയുടെ പുനർനിർമ്മാണത്തിനുവേണ്ടി  നബി(സ) ചുമലിൽ കല്ല് വഹിച്ചുകൊണ്ടുപോകുന്നത്  ശ്രദ്ധയിൽ പെട്ട അബ്ബാസ്(റ) മുണ്ടഴിച്ച്  ചുമലിൽ വെക്കാൻ നിർദ്ദേശിച്ചു. പിത്രവ്യന്റെ നിർദ്ദേശം മാനിച്ച്  നബി(സ) അപ്രകാരം ചെയ്തപ്പോൾ അവിടുന്ന് ബോധരഹിതരായി  വീഴുകയായിരുന്നു. ഇമാം ബുഖാരി(റ) സ്വഹീഹിൽ ഈ സംഭവം നിവേദനം ചെയ്തിട്ടുണ്ട്. (ഹദീസ് നമ്പർ : 351 )


       എല്ലാ നന്മകളിലും നബി(സ) തന്റെ ജനതയോട്  പങ്കുചേരുകയും എല്ലാ തിന്മകളിലും അവരിൽ നിന്ന് മാറി നിൽക്കുകയും ചെയ്തിരുന്നു. പ്രവാചകത്വലബ്ധിക്കുമുമ്പ് സ്വയം ജോലി ചെയ്തു സമ്പാദിച്ച ഭക്ഷണമായിരുന്നു  അവിടുന്ന് കഴിച്ചിരുന്നത്. ജോലി ചെയ്യാനുള്ള പ്രായമെത്തിയപ്പോൾ മക്കക്കാർക്ക്  ആടുമേക്കുന്നതിലേക്ക്  അല്ലാഹു അവരെ നയിച്ചു . അങ്ങനെ അവിടുത്തെ ബന്ധുക്കൾക്ക്  പ്രതിഫലം പറ്റാതെയും അല്ലാത്തവരിൽ നിന്ന് പ്രതിഫലം പറ്റിയും നബി(സ) ആടുമേച്ചിരുന്നു. (ഫത്ഹുൽ ബാരി: 4 / 441 )

         ആട് മേക്കുന്നതിലൂടെ ഉപജീവനമാർഗ്ഗവും ;പ്രവാചകന്മാരോടുള്ള അനുധാവനവും അല്ലാഹു നബി(സ)ക്ക്  നൽകുകയായിരുന്നു. "ആടുമേച്ചിട്ടല്ലാതെ ഒരു പ്രവാചകനെയും അല്ലാഹു നിയോഗിച്ചിട്ടില്ല" എന്ന ഹദീസ് ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്തിട്ടുണ്ട്. (2266 )

       പിന്നീട്  യുവാവായപ്പോൾ നബി(സ) കച്ചവടം ചെയ്യാൻ തുടങ്ങി. സാഇബുബ്നു അബിസ്സാഇബാ(റ) യിരുന്നു കച്ചവടത്തിൽ നബി(സ)യുടെ കൂട്ടുകാരൻ.

        നബി(സ) അറബിയും ഖുറൈഷിയും ഹാശിമിയ്യും മക്കക്കാരനും അമീനുമാണ്. അതിനാൽ നബി(സ) സമുദായം പരിഗണിച്ചും വംശം പരിഗണിച്ചും ജന്മദേശം പരിഗണിച്ചും ജനങ്ങളിൽ ശ്രേഷ്ഠരാണ്. നബി(സ) ഒരു മിതമായ ബോഡിയുടെ ഉടമയും വെളുപ്പിൽ ചുവപ്പ്  കലർന്ന നിറത്തിന്റെ ഉടമയും മുഖം ഭംഗിയുള്ളവരുമായിരുന്നു. ജനങ്ങളിൽ വെച്ച്  ഏറ്റവും ഭംഗിയുള്ളവരും ഏറ്റവും വലിയ സൽസ്വഭാവത്തിന്റെ  ഉടമയുമായിരുന്നു അവിടുന്ന്. അതുപോലെ ജനങ്ങളിൽ  വെച്ച്  ഏറ്റവും വലിയ ബുദ്ദിശക്തിയുടെയും ഗ്രാഹ്യശേഷിയുടെയും  ഉടമയും സത്യത്തിലും നീതിയിലും അവരിൽ വെച്ച്  ഏറ്റവും കൂടുതൽ പ്രസിഡിനേടിയവരും പ്രപഞ്ചത്യാഗത്തിലും  ധർമ്മത്തിലും  ജനങ്ങളിൽ അത്യുത്തമരും ക്ഷമയിലും സഹിഷ്ണുതയിലും ജനങ്ങളിൽ വെച്ച്  ഏറ്റവും ശക്തരും മനുഷ്യത്വത്തിലും പാപങ്ങളിൽ നിന്ന്  മാറിനിൽക്കുന്നതിലും ജനങ്ങളിൽ വെച്ച്  ഏറ്റവും വലിയ മഹാനുമായിരുന്നു അവിടുന്ന്. അതുപോലെ ധീരതയിലും വിശ്വസ്തതയിലും ജനങ്ങളിൽ ശ്രേഷ്ഠരും ധർമ്മത്തിലും മുഖപ്രസന്നതയിലും അവരിൽ നിന്ന് വേറിട്ട്  നിൽക്കുന്നവരും മര്യാദയിലും വിനയത്തിലും അവരിൽ കൂടുതൽ ആദരണീയരും കാരുണ്യത്തിലും കൃഫയിലും അവരിൽ വെച്ച്  ഏറ്റവും മികച്ചവരും ലജ്ജയിലും വാഗ്ദത്വം പൂർത്തിയാക്കുന്നതിലും ഏറ്റവും പരിപൂര്ണ്ണരുമായിരുന്നു.

       സംസാരം കുറഞ്ഞവരായിരുന്നു. അതിനാൽ ആവശ്യമില്ലാതെ അവിടുന്ന് സംസാരിക്കുകയില്ല. നല്ലപോലെ ശ്രദ്ദിച്ച്  കേൾക്കുന്നവരായിരുന്നു. അതിനാൽ ഒരാളുടെയും സംസാരം മുറിച്ചുകളയുമായിരുന്നില്ല. കാര്യത്തിലേക്കു അധികം ചായുന്നവരായിരുന്നു. അതിനാൽ ഫലമില്ലാത്ത തമാശകൾ അവിടുന്ന് പറയുമായിരുന്നില്ല. തമാശ പറഞ്ഞാൽ സത്യം മാത്രമേ പറയൂ. ദുസ്വഭാവിയോ പരുപരുത്ത സ്വഭാവക്കാരനോ ആധികൾ ശബ്ദിക്കുന്നവരോ അധികം ആക്ഷേപിക്കുന്നവരോ അധികം പ്രശംസിക്കുന്നവരോ മോശമായത് സംസാരിക്കുന്നവരോ ആയിരുന്നില്ല. പ്രത്യുത മ്ലേച്ഛമായതിൽ നിന്നും മറ്റും ജനങ്ങളിൽ നിന്ന് മാറി നിൽക്കുന്നവരായിരുന്നു. അങ്ങനെ ജനങ്ങളുടെ കരളിന്റെ കഷ്ണവും കണ്ണിന്റെ കുളിർമയുമായി അവിടുന്ന് മാറി. ഇമാം ബൂസ്വൂരി (റ) യുടെ വരികൾ ഇവിടെ സ്മർതവ്യമാണ് .


           സാരം:
           ഒരു പ്രവാചകന്റെ സൃഷ്ടികർമത്തെ ഇത്ര ആദരവുള്ളതാക്കിയ വസ്തു എന്താണ്?. ആ പ്രവാചകൻ സൽസ്വഭാവം കൊണ്ട് ഭംഗിയാക്കപ്പെടുകയും ഭംഗികൊണ്ട്  വലയം ചെയ്യുകയും മുഖപ്രസന്നതകൊണ്ട് വിശേഷണം സിദ്ദിക്കുകയും ചെയ്തിരിക്കുന്നു. ഭംഗിയിൽ പുഷ്പം പോലെയും ശ്രേഷ്ഠതയിൽ പൗർണ്ണമിപോലെയും ഔദാര്യത്തിൽ സമുദ്രം പോലെയും മനക്കരുത്തുകളിൽ കാലം പോലെയുമാണ് ആ പ്രവാചകൻ.

അടുത്ത ബ്ലോഗിൽ ഇന്ഷാ അല്ലാ തുടരും. 


اَلصَّلاةُ وَالسَّلاَمُ عَلَيْكَ يَا رَحْمَةً لِلْعَالَمِينْ
اَلصَّلاةُ وَالسَّلاَمُ عَلَيْكَ يَا شَفِيعَ الْمُذْنِبِينْ 



وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله         
           
      നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ എന്നെയും കുടുംബത്തെയും  എന്റെ ഉസ്താദുമാരെയും ഉൾപ്പെടുത്തുക.