സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ
Showing posts with label ത്വരീഖത്. Show all posts
Showing posts with label ത്വരീഖത്. Show all posts

Tuesday, 26 August 2014

അത്യുന്നതര്‍ അവര്‍ തന്നെ

വ്യാജന്മാര്‍ തൊടുത്തു വിടുന്ന തെറ്റിദ്ധാരണകള്‍ക്കിടയില്‍ അത്യന്തം അപകടം നിറഞ്ഞ വിഷയമാണു ശയ്ഖും ഔലിയാഉമൊക്കെ. ഒരര്‍ഥത്തില്‍ നബിമാരെക്കാള്‍ മഹാന്മാരാ ണ് ഔലിയാഅ് എന്നു പറയുന്നവരുണ്ട്. ഇതിനു  ന്യായമായി മൂസാ-ഖിള്വിര്‍(അ) സം ഭവം രേഖയാക്കുന്ന അവിവേകികളേയും കാണാം. തെറ്റായ ചിന്താഗതിയും ഇസ്ലാ മിനു നിരക്കാത്ത വാദവുമാകുന്നു ഇത്. ഇവ്വിഷയത്തില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാടിനെ പരാമര്‍ശിച്ചു മുഹമ്മദ് അമീന്‍ അല്‍കുര്‍ദീ(റ) പറയുന്നതു കാണുക: “തിരുനബി(സ്വ) സൃഷ്ടികളില്‍ വെച്ചേറ്റവും മഹാനാണെന്നു വിശ്വസിക്കല്‍ നിര്‍ബന്ധ മായ കാര്യമാണ്. മനുഷ്യര്‍, ജിന്നുകള്‍, മലകുകള്‍ തുടങ്ങി എല്ലാ വര്‍ഗത്തിലും വെച്ച് ഏറ്റവും ശ്രേഷ്ടന്‍ നബി(സ്വ)യാണ്. ശേഷം ഇബ്റാഹീം, മൂസാ, ഈസാ, നൂഹ്(അ) എന്നീ ക്രമമനുസരിച്ചാണു പദവി. അനന്തരം മറ്റു മുര്‍സലുകള്‍, ശേഷം മുര്‍സലുകള്‍ അല്ലാത്ത നബിമാര്‍, തുടര്‍ന്ന് മലകുകളിലെ നേതാക്കന്മാരായ ജിബ്രീല്‍, മീകാഈല്‍, ഇസ്റാഫീല്‍, അസ്റാഈല്‍(അ) എന്നിങ്ങനെ ക്രമാനുഗതമായി ശ്രേഷ്ടതയുടെ ശ്രേ ണി നീങ്ങുന്നു. പിന്നീട് മഹാന്മാര്‍ നാലു ഖലീഫമാരും മറ്റു മലക്കുകളുമാണ്” (തന്‍വീ റുല്‍ ഖുലൂബ്: 36).
ഈ പറഞ്ഞതില്‍ നിന്നും നബിമാരുടെ മഹത്വത്തെ വെല്ലാന്‍ ഒരു മഹാനും സാധ്യമ ല്ലെന്നു വ്യക്തമാകുന്നു. എന്നല്ല ഔലിയാഇന്റെ മഹത്വങ്ങളൊക്കെ തന്നെ സത്യത്തില്‍ അമ്പിയാഇന്റെ തുടര്‍ച്ച മാത്രമാണെന്നതാണു വസ്തുത. ഇമാം ഖുശയ്രി(റ) പറയുന്ന തു കാണുക: “കറാമതുകള്‍ പ്രവാചകന്മാരുടെ മുഅ്ജിസതുകളുടെ അനുബന്ധമാണ്്. പ്രവാചക ബന്ധം പുലര്‍ത്താത്തവനില്‍ നിന്നു കറാമത് വെളിവാകില്ല. തന്റെ സമുദായ ത്തില്‍ പെട്ട ആര്‍ക്ക് കറാമത് പ്രകടമായാലും അത് ആ പ്രവാചകന്റെ മുഅ്ജിസതിന്റെ ഭാഗമായി എണ്ണപ്പെടുന്നതാണ്. നബി സത്യവാനായതിനാല്‍ ആണ് അനുയായില്‍ നിന്നു കറാമത് വെളിവാകുന്നത്. ഔലിയാഇന്റെ പദവി അമ്പിയാഇന്റെ അടുത്തെത്തില്ലെന്നതു ചോദ്യം ചെയ്യപ്പെടാത്ത ഇജ്മാആകുന്നു” (രിസാല: 159).
പ്രവാചകന്മാര്‍ വിളക്കും ഔലിയാഅ് പ്രകാശവുമാകുന്നു. വിളക്കില്ലെങ്കില്‍ പ്രകാശമില്ല. അഹ്മദ് ള്വിയാഉദ്ദീന്‍(റ) എഴുതുന്നു: “അറിയുക, ഔലിയാഇന്റെ പദവി ആരം ഭിക്കുന്നത് അമ്പിയാഇന്റെ പദവികളുടെ അവസാനങ്ങളില്‍ മാത്രമാകുന്നു. ഒരു വലിയ്യ് എത്ര ഉയര്‍ന്ന പദവികള്‍ സ്വായത്തമാക്കിയാലും ഒരിക്കലും പ്രവാചകത്വത്തിന്റെ ചെറുതോ വലുതോ ആയ മേഖല പ്രപിക്കുന്നതല്ല. കാരണം, വലിയ്യ് പിന്തുടരുന്നവനും നബി പിന്തുടരപ്പെടേണ്ടവനുമാകുന്നു.  ഇതിനെതിരു ധരിച്ചവന്‍ സത്യവിരുദ്ധമായതില്‍ വിശ്വാസമര്‍പ്പിച്ചവനാണ്” (ജാമിഉല്‍ ഉസ്വൂല്‍: 277).
അമ്പിയാഇന്റെയും ഔലിയാഇന്റെയും അറിവിലെ അന്തരത്തെപ്പറ്റി അബൂയസീദുല്‍ ബിസ്ത്വാമി(റ) പറയുന്നതു കാണുക: “ഒരു പാത്രത്തില്‍ നിറയെ തേന്‍ ഉണ്ടെന്നു സങ്ക ല്‍പിക്കുക. ആ പാത്രത്തിന്റെ പുറത്തേക്ക് ഒരു തുള്ളി തേന്‍ പൊടിഞ്ഞിറങ്ങുന്നതായും വെക്കുക. എങ്കില്‍ ആ പൊടിഞ്ഞിറങ്ങിയ ഒരു തുള്ളി തേനിനു തുല്യമാകുന്നു സകല ഔലിയാഇന്റെയും അറിവ്. പാത്രത്തിനകത്തെ തേനിനു തുല്യമാകുന്നു തിരുനബി (സ്വ)യുടെ അറിവ്”(രിസാല: 159, ജാമിഅ്: 277).
വസ്തുത ഇതായിരിക്കെ നബിമാരെക്കാള്‍ ശയ്ഖന്മാരെ ജ്ഞാന സാഗരങ്ങളായി കണ ക്കാക്കുന്നവര്‍ ത്വരീഖതിന്റെ പേരില്‍ പിശാചിന്റെ വലയത്തില്‍ പെട്ടവരാണെന്നുറ പ്പിക്കുക. മൂസാ-ഖിള്വ്ര്‍(അ) സംഭവത്തില്‍ ഇത്തരമൊരു സൂചന കാണുന്നതാകട്ടെ ധാരണപ്പിഴയാണ്. ഉലുല്‍അസ്വ്മില്‍ പെട്ടവരാണല്ലോ മൂസാ(അ). ഖിള്വിര്‍(അ) നബിയാണെ ന്നു വെച്ചാല്‍ തന്നെ ഉലുല്‍ അസ്മില്‍ പെടുന്നില്ല. അപ്പോള്‍ ജ്ഞാനം കുറഞ്ഞ ഒരാളെ അല്ലാഹു ഉന്നത സ്ഥാനത്തിരുത്തി എന്നാണല്ലോ ഇക്കൂട്ടര്‍ പറയുന്നത്. ഇത് അഷ്ടാഹു വിനെ ചോദ്യം ചെയ്യലല്ലാതെ മറ്റെന്താണ്?. ഇബ്ലീസ് ഉയര്‍ത്തിയ യുക്തിവാദത്തിന്റെ മറ്റൊരു പതിപ്പായെ  ഈ വാദത്തെയും കാണാനാകൂ. ഇമാം ഇബ്നു ഹജറില്‍ ഹയ്തമി(റ) പറയുന്നതു കാണുക: “ഖിള്വര്‍(അ) ഒരു വലിയ്യാണെന്നാണു ഭൂരിപക്ഷം വരുന്ന സ്വൂഫിയ്യതിന്റെയും വീക്ഷണം. ഏതായിരുന്നാലും മൂസാ നബി(അ) ഖിള്വ്റിനെ ക്കാള്‍ മഹത്വം ഉടയവരാണെന്നത് ഏകോപിത അഭിപ്രായമാകുന്നു. കാരണം മൂസാ നബി(അ) ഖിള്വര്‍(അ)നെക്കാള്‍ എണ്ണമറ്റ വിജ്ഞാന ശാഖകള്‍ കൊണ്ടു സമ്പന്നനാ കുന്നു. മുസാനബി(അ)ന് അല്ലാഹു തല്‍ക്കാലത്തേക്കു വെളിപ്പെടുത്തിക്കൊടുക്കാത്ത അല്‍പം ചില വസ്തുതകള്‍ മാത്രമാണു ഖിള്വ്റിന്റെ ജ്ഞാനം. യഥാര്‍ഥത്തില്‍ ആരാണു വലിയ ജ്ഞാനി എന്ന ചോദ്യത്തിനു “ഞാന്‍ തന്നെ” എന്ന് ഒറ്റയടിക്കു മറുപടി പറഞ്ഞു പോയതിന്റെ പേരില്‍ നടന്ന ഒരു ശിക്ഷണം മാത്രമായിരുന്നു അത്. ഈ സംഭവം ധൈഷണികതയുടെ ചര്‍ച്ചകളില്‍ വലിച്ചു കൊണ്ടുവരുന്നതു ശരിയല്ല” (ഫതാവല്‍ ഹദീസിയ്യ: 220).
വിലായതിനെയും രിസാലതിനെയും അതാതിന്റെ ശരിയായ അര്‍ഥത്തിലും പദവിയിലും കാണാനും സത്യത്തെ അണുവിട തെറ്റാതെ പിന്‍പിറ്റാനും അവസരം ഉണ്ടാക്കണം.  അതിനു ഇവ്വിഷയത്തിലെ തെറ്റും ശരിയും സാമാന്യമായെങ്കിലും അറിഞ്ഞിരിക്കണം. തസ്വവ്വുഫും ആത്മീയതയും മുഖ്യമായും വിത്യാസപരമായ കാര്യമാണ്. ഇതില്‍വരുന്ന വീഴ്ച വന്‍ തകര്‍ച്ചക്കു തന്നെ കാരണമാകും. സത്യം സത്യമായി ഉള്‍ക്കൊള്ളാനും തിന്മയെ നിരാകരിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. മഹാത്മാക്കളുടെ വഴിയെ അല്ലാഹു നമുക്ക് സ്വര്‍ഗപ്രവേശം സാധ്യമാക്കിത്തരട്ടെ – ആമീന്‍.

കറാമതിന്റെ കരുത്ത്

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരില്‍ നിന്നു പ്രകടമാകുന്ന പതിവിനു വിപരീതമായ സംഭവ ങ്ങളാണ് കറാമത്ത്. കേവലം അത്ഭുതങ്ങള്‍ എന്നു വ്യാഖ്യാനിച്ചു കറാമതിന്റെ പേരില്‍ പലതരം ചൂഷണങ്ങള്‍ ഇന്നു നടക്കുന്നുണ്ട്. കറാമതുമായി ബന്ധപ്പെട്ടു ചില തെറ്റിധാര ണകള്‍ നിലവിലുണ്ട്. അവ തിരുത്താത്ത കാലത്തോളം ഇപ്പേരില്‍ നടക്കുന്ന ചൂഷ ണങ്ങ ള്‍ക്ക് അറുതിവരുത്താനാവില്ല.
കറാമത് സത്യമാണെന്നു വിശുദ്ധ ഖാര്‍ആന്റെ സാക്ഷ്യമുണ്ട്. മഹത്തുക്കളുടെ എണ്ണമറ്റ കറാമതുകള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. അതു പോലെ ചരിത്രപരമായി അനിഷേധ്യമായ സാക്ഷ്യം കറാമതിന്റെ കാര്യത്തില്‍ ഉണ്ട്. അതിനാല്‍ കറാമത് നിഷേധം ബിദ്അതാ കുന്നു. മുഅ്തസിലതിന്റെ അന്ധവിശ്വാസങ്ങളില്‍ പെട്ടതാണു കറാമത് നിഷേധം.
കറാമത് നിഷേധത്തിനു തുല്യം തന്നെയാണു കറാമതിന്റെ പേരിലുള്ള ചൂഷണവും. വ്യാജ ശയ്ഖുമാരും ത്വരീഖതുകാരും കറാമതെന്ന പേരില്‍ ചില അത്ഭുതങ്ങള്‍ കാണിച്ചു ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. സത്യത്തില്‍ ത്വരീഖതില്‍ കറാമത്തിനു പറ യത്തക്ക സ്ഥാനമൊന്നുമില്ല. കറാമതു കാണിക്കാത്തതു കൊണ്ടു ഒരാള്‍ ശയ്ഖ് ആകാ തെ വരില്ല. കറാമത് കൊണ്ടു മാത്രം ഒരാള്‍ ശയ്ഖാവുകയുമില്ല. കറാമതുമായി ബന്ധ പ്പെട്ടു നിലനില്‍ക്കുന്ന ചില ധാരണകള്‍ തിരുത്തിയാല്‍ ഇക്കാര്യം നമുക്കു ബോധ്യമാകും.
വലിയ്യാകുന്നതിന്റെ ആദ്യത്തെയും അവസാനത്തെയും മാനദണ്ഡം കറാമതാണെന്ന ധാ രണ തെറ്റാണ്. ഇക്കാരണത്താല്‍ ഏതെങ്കിലും തന്ത്ര-കുതന്ത്രങ്ങള്‍ കാണിച്ചു വിലായത്ത് വാദിക്കാന്‍ വ്യാജന്മാര്‍ മെനക്കെടുന്നു. ഈ ധാരണ തെറ്റാണ്. ഇമാം ഖുശയ്രി(റ) രേഖപ്പെടുത്തുന്നതു കാണുക: “ഒരു വലിയ്യിനു പ്രകടമായ കറാമത് ഇല്ലാതെ പോകുന്നു വെന്നത് അദ്ദേഹത്തിന്റെ വിലായതിനു യാതൊരു ഭംഗവും വരുത്തുന്നതല്ല. ഇക്കാര്യത്തി ല്‍ നബിമാര്‍ നേരെ മറിച്ചാകുന്നു. അവര്‍ക്കു തങ്ങളുടെ നുബുവ്വത് ബോധ്യപ്പെടുത്താന്‍ മുഅ്ജിസത് അനിവാര്യമാണ്. കാരണം, നബിമാര്‍ സൃഷ്ടികള്‍ക്കു മൊത്തം നിയോഗിത രാണ്. നബിമാരെ അറിയല്‍ സൃഷ്ടികള്‍ക്ക് ആവശ്യമാണ്. അതിനു മുഅ്ജിസത് വേണം. എന്നാല്‍ ഒരാള്‍ വലിയ്യാണെന്നതു ജനങ്ങള്‍ക്കെന്നല്ല അദ്ദേഹത്തിനു സ്വയം തന്നെ അിറ യല്‍ നിര്‍ബന്ധമില്ല”(രിസാല: 159, ജാമിഉല്‍ ഉസ്വൂല്‍: 277).
ഈ പറഞ്ഞതിലൂടെ ഇമാം ഖുശയ്രി(റ) രണ്ടു ധാരണകള്‍ തിരുത്തുന്നു. ഒന്ന് – കറാമത് വിലായതിനു മാനദണ്ഡമല്ല. രണ്ടാമത്തെത്, കറാമത് മുഅ്ജിസതുപോലെയാണെന്ന വാദം ശരിയല്ല. ഇത്തരമൊരു വാദത്തിന്റെ പിന്‍ബലത്താലാണു പലരും തങ്ങള്‍ക്ക് വിലായതു ണ്ടെന്നതിനു തെളിവെന്നോണം അത്ഭുതകൃത്യങ്ങള്‍ പ്രകടമാക്കി സാധാരണക്കാരെ വഞ്ചി ക്കുന്നത്. ഇമാം ഇബ്നുഹജറില്‍ ഹയ്തമി(റ) നല്‍കിയ മറുപടി കാണുക: “കറാമതുള്ള ഔലിയാഅ് അത് ഇല്ലാത്തവരെക്കാള്‍ ശ്രേഷ്ടരാണെന്നു നിരുപാധികം പറയാന്‍ പറ്റില്ല. ചിലപ്പോള്‍ കറാമത് ആത്മീയമായ ‘ഹിമ്മത്, യഖീന്‍’ എന്നീ ആശയങ്ങള്‍ വേണ്ടത്ര ഉറക്കാത്തതിനാല്‍ പ്രകടമാകുന്നതാണ്. ആത്മീയരംഗത്തു സാഹിദി (ഭൌതിക പരിത്യാ ഗി)നെക്കാള്‍ ഉയര്‍ന്ന പദവി ഉള്ളവനാണ് ആരിഫ്. പക്ഷേ, കറാമത് ചിലപ്പോള്‍ ആരി ഫിന് ഉണ്ടാകണമെന്നില്ല. സാഹിദിന് ഉണ്ടാകുന്നതുമാണ്. ഇതുകൊണ്ടു വ്യക്തമാകുന്നതു മഹത്വത്തിന്റെ അളവുകോലാക്കാന്‍ കറാമത് പറ്റില്ല എന്നാണ്. മഹത്വം അളക്കേണ്ടത് അ ല്ലാഹുവിലുള്ള മഅ്രിഫത്, യഖീന്‍ എന്നിവയുടെ ശക്തി-ദുര്‍ബലത വെച്ചാണ്” (ഫതാ വാ: 219).
കഴിയുമെങ്കില്‍ കറാമത് പ്രകടിപ്പിക്കാതിരിക്കലാണു വലിയ്യിന്റെ കടമ. ഇബ്നു ഹജറില്‍ ഹയ്തമി(റ) പറയുന്നു: “കറാമതും മുഅ്ജിസതും തമ്മിലുള്ള അന്തരത്തില്‍ പെട്ടതാണു, മുഅ്ജിസത് വെളിവാക്കല്‍ നബിമാര്‍ക്കും കറാമത്ത് അത്യന്താപേക്ഷിത ഘട്ടങ്ങളിലല്ലാ തെ വെളിവാക്കാതിരിക്കല്‍ വലിയ്യിനും നിര്‍ബന്ധമാണെന്നത്” ഫതാവല്‍ ഹദീസിയ്യ: 216).
അബൂഅലിയ്യുറൂദബാരി(റ) പറയുന്നതു കാണുക: “നബിമാര്‍ക്കു മുഅ്ജിസത് വെളിവാ ല്‍ അല്ലാഹു ഫര്‍ള്വാക്കിയതു പോലെ ഔലിയാഇനു കറാമത് മറച്ചുവെക്കല്‍ അല്ലാഹു ഫര്‍ള്വാക്കിയിരിക്കുന്നു. ജനങ്ങള്‍ അവ കാരണം ചൂഷണം ചെയ്യപ്പെടാതിരിക്കാനാണിത്” (ജാമിഅ്:277).
കറാമതിന്റെ പ്രകടനപരത വരുത്തുന്ന അപകടങ്ങളെക്കുറിച്ചു പണ്ഢിതന്മാര്‍ മുന്നറിയിപ്പു തരുന്നുണ്ട്. കാണിക്കുന്ന അത്ഭുതങ്ങള്‍ നോക്കി ആളെ വിലയിരുത്താതെ ആളെ നോക്കി അത്ഭുതങ്ങള്‍ വിലയിരുത്തണം. അത്ഭുതം ആര് പ്രകടിപ്പിക്കുന്നു എന്നതാണു പ്രധാനം. ആളെ നോക്കി വേണം കറാമതാണോ അല്ലേ എന്നു തീരുമാനിക്കാന്‍. ഇമാം ഖുശയ്രി(റ) കറാമതിനെ നിര്‍വചിക്കുന്നതു കാണുക: “കറാമത് പതിവിനു വിപരീതമാ യതാവല്‍ നിര്‍ബന്ധമാണ്. അതുപോലെ വിലായതിന്റെ ഗുണങ്ങള്‍ മേളിച്ചവനില്‍ നിന്നു പ്രകടമാകലും നിര്‍ബന്ധമാകുന്നു” (രിസാല: 158).
ഇമാം ഹയ്തമി(റ)പറയുന്നു: “അല്ലാഹുവിന്റെയും പടപ്പുകളുടെയും കടമകള്‍ പാലി ക്കുന്ന സ്വാലിഹായ ഒരാളില്‍ നിന്നു വെളിപ്പെടുന്ന അത്ഭുത കൃത്യങ്ങളാകുന്നു കറാമത്” (ഫതാവാ: 216).
അബൂഉസ്മാന്‍(റ) പറയുന്നു: “ഉത്തമമായ രഹസ്യ ജീവിതത്തിന്റെ ഉടമയ്ക്കു പ്രകടമാ കുന്ന അത്ഭുതങ്ങളാകുന്നു കറാമത്” (ജാമിഉല്‍ ഉസ്വൂല്‍: 276).
ഒരു കൃത്യം കറാമതാകണമെങ്കില്‍ അതു സംഭവിച്ചത് അര്‍ഹനില്‍ നിന്നാണോ എന്നു നോക്കണമെന്നു ഈ വീക്ഷണങ്ങളില്‍ നിന്നു  മനസ്സിലായി. ഇതനുസരിച്ച് ഔലിയാഅ് അല്ലാത്തവരില്‍ നിന്നും കറാമതുപോലെ തോന്നിക്കുന്ന അത്ഭുതങ്ങള്‍ പ്രകടമാകാം. അ ങ്ങനെ പ്രകടമാകുന്ന പക്ഷം അത് പ്രകടിപ്പിച്ചവന്‍ വലിയ്യാകില്ലെന്നുകൂടി ഗ്രഹിക്കാം. ഇമാം ള്വിയാഉദ്ദീ(റ)ന്റെ വരികള്‍ കാണുക: “പതിവിനു വിപരീതമായ അത്ഭുത കൃത്യങ്ങള്‍ നല്ല നടപ്പും വിശ്വാസവും ഇല്ലാത്തവനില്‍ നിന്നു പ്രകടമായാല്‍ അതു കറാമതല്ല ഇസ്തിദ്റാജ് (ഇരയിട്ടു പിടിക്കുന്ന സൂത്രം) ആണ്” (ജാമിഅ്: 276).
“ജനങ്ങളോടും അല്ലാഹുവിനോടുമുള്ള ബാധ്യതകള്‍ നിറവേറ്റിപ്പോരുന്ന നല്ല മനുഷ്യന്റെ പക്കല്‍ നിന്നല്ലാതെ അത്ഭുതകൃത്യങ്ങള്‍ പ്രകടമായാല്‍ ഒന്നുകില്‍ അതു സിഹ്റ് (മാ രണം) അല്ലെങ്കില്‍ ‘ഇസ്തിദ്റാജ്’ ആകുന്നു” (ഫതാവാ: 216).
ഈ പറഞ്ഞതില്‍ നിന്നും അനര്‍ഹരുടെ അത്ഭുതകൃത്യങ്ങള്‍ കൊണ്ടുള്ള പ്രകടനം അപ്ര സക്തമാണെന്നു വരുന്നു. ഈ വിധം ചൂഷണം നടക്കുമെന്നതിനാലാണു കറാമതിനെ മുഅ്ജിസതുപോലെ വിലായതിന്റെ പ്രമാണമാക്കാതെ മാറ്റിവെച്ചത്. മുഅ്ജിസത് ഖണ്ഠി തമായി നബിത്വത്തിനെ സ്ഥാപിക്കുന്നതാണ്. അതേസമയം കറാമത് അതു പ്രകടമാക്കു ന്നവന്‍ ഖണ്ഠിതമായും വലിയ്യാണെന്നു വരുത്തുന്നില്ല. ഇക്കാര്യം ഇബ്നുഹജറില്‍ ഹയ് തമി(റ) അടക്കം എല്ലാ പണ്ഢിതന്മാരും വ്യക്തമാക്കിട്ടുണ്ട്.
ത്വരീഖതിന്റെ പേരില്‍ ഇന്നു ചൂഷണങ്ങള്‍ ഏറെയും കറാമതിന്റെ പേരുപറഞ്ഞാണ്. തങ്ങളുടെ ശയ്ഖുമാരുടെ കഥകള്‍ അവതരിപ്പിച്ചാണു ത്വരീഖതില്‍ മുരീദുമാരെ ആകര്‍ഷി ക്കുന്നത്. കേവലം ഒരു വലിയ്യിനു തന്നെ കറാമത് മാനദണ്ഡമാക്കി വിലായത് വാദിക്കാനാ വില്ലെങ്കില്‍ എങ്ങനെയാണു ത്വരീഖതിന്റെ ശയ്ഖിന് ഇതും പറഞ്ഞു രംഗത്തെത്താനാ വുക?. അതുകൊണ്ട് ഇത്തരക്കാര്‍ വ്യാജന്മാരാണെന്നതിന്റെ മികച്ച തെളിവാണ് ഇത്തരം കറാമതു കഥകള്‍ എന്നു മനസ്സിലാക്കുക.
കഠിന പ്രയത്നം വഴി അത്ഭുതകൃത്യങ്ങള്‍ പലതും കാണിച്ചവരെക്കുറിച്ചു ചരിത്രത്തില്‍ ഉണ്ട്. ഇബ്നു ഹജറില്‍ ഹയ്തമി(റ) ഫതാവായില്‍ ഇത്തരം അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബറാഹിമത് വിഭാഗം ഇക്കൂട്ടത്തില്‍ പെട്ടവരായിരുന്നു. അന്തരീക്ഷത്തിലൂടെ പറക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നുവത്രെ (ഫതാവാ: 217). അത്ഭുതകൃത്യങ്ങള്‍ കണ്ടു പല രും ഇവരില്‍ വിശ്വസിച്ചതായും രേഖയുണ്ട്.
ശരീഅത്തനുസൃത ജീവിതം നയിക്കാത്തയാള്‍ എന്ത് അത്ഭുതങ്ങള്‍ കാണിച്ചാലും അംഗീകരിക്കാനാവില്ല. പിശാചിന്റെ സ്വാധീനത്താല്‍ ചെയ്യുന്നതാകും അവ. മന്ത്രത്താലും മാര ണത്താലും ഇങ്ങനെ പലതും പ്രകടമാക്കാന്‍ കഴിയും. ദജ്ജാല്‍ കാണിക്കുന്ന മഹാത്ഭുത ങ്ങള്‍ ആര്‍ക്കാണറിയാത്തത്. മരിച്ചവനെ ജീവിപ്പിക്കല്‍, മഴ പെയ്യിക്കല്‍ തുടങ്ങിയ കൃത്യ ങ്ങള്‍ അവന്‍ ചെയ്യുമെന്നു സ്വഹീഹായ ഹദീസുകളില്‍ വന്നതാണ്. അതേസമയം ഈസാ നബി(അ)മും ഇബ്റാഹീം നബി(അ)മും മരിച്ചയാള്‍ക്കു ജീവന്‍ നല്‍കിയിരുന്ന തായി ഖുര്‍ആന്‍ പറയുന്നുണ്ട്. അതു അംഗീകരിക്കുന്നത് അവര്‍ പ്രവാചകന്മാരായതുകൊണ്ട് മാത്രമാണ്. അതുകൊണ്ട് ഒരു കാര്യം നാം ഉറപ്പിക്കുക. ശരീഅത്തനുസരിച്ചുള്ള ജീവിതമാണു പ്രധാനം. അതില്ലാത്തവന്റെ അത്ഭുതങ്ങള്‍ അനര്‍ഥങ്ങള്‍ ആകുന്നു. ത്വരീ ഖതിന്റെ ചരിത്രത്തിലെ അതികായനായ അബൂയസീദ്(റ) പറഞ്ഞതാണ് ഈ വിഷയ ത്തിലെ അവസാന വാക്ക്. മൂസബ്ന്‍ ഈസാ(റ) തന്റെ പിതാവിനെ ഉദ്ധരിച്ചു പറയുന്നു: “അബൂ യസീദുല്‍ബിസ്ത്വാമി(റ) പറഞ്ഞു: “വാനലോകത്തുകൂടെ പറക്കുന്ന ഒരു വ്യ ക്തിയെ കണ്ടെന്നു കരുതി ചതിയില്‍ പെട്ടുപോകരുത്. അവന്‍ ദീനീവിധികള്‍ എങ്ങനെ പാലിക്കുന്നുവെന്നും ശരീഅതിനെ ഏതുവിധം മുറുകെ പിടിക്കുന്നുവെന്നും നോക്കുക. എന്നിട്ടു മാത്രം വിശ്വസിക്കുക” (രിസാല:14).
ഇതുപോലെ മറ്റു പല സ്വൂഫീ മഹാന്മാരും പറഞ്ഞതായി കാണാം. ഇതില്‍ നിന്നു മന സ്സിലാക്കാനാകുന്നതു കറാമതിന്റെ പിന്‍ബലത്താല്‍ ത്വരീഖത് സ്ഥാപിതമാകില്ല എന്നാണ്. അതുകൊണ്ട് അത്ഭുതകൃത്യങ്ങള്‍ കാണിക്കുന്നുവെന്ന ന്യായം പറഞ്ഞു ഒരാളെ ശയ്ഖാ യി അവതരിപ്പിക്കാന്‍ യാതൊരു പഴുതുമില്ല.
ത്വരീഖതിനും ശയ്ഖാവലിന്നും കറാമത് ന്യായീകരണമല്ലെന്ന വാദത്തെയും ചിലര്‍ ചൂഷണം ചെയ്തു വരുന്നുണ്ട്. യാതൊരു അത്ഭുതങ്ങളും കാട്ടാനാകാത്തതില്‍ തെറ്റി ല്ലെന്ന ന്യായം പറഞ്ഞും ഇവര്‍ കള്ളശയ്ഖ് ചമയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാണ്ഢിത്യവും അവബധവുമുള്ള ഉഖ്റവിയായ പണ്ഢിതരുമായി ബന്ധമുള്ളവര്‍ക്കേ ചതിയില്‍ നിന്നും രക്ഷ നേടാനാകൂ. ആഖിബത് നന്നാകാന്‍ പ്രാര്‍ഥനാ നിരതരാവുക.
ഏറ്റവും വലിയ കറാമത്ത് ദീനീ ഖിദ്മതുകളില്‍ മുഴുകലാകുന്നു. വെള്ളത്തിനു മുകളിലൂടെ നടക്കുക, അന്തരീക്ഷത്തിലൂടെ പറക്കുക, രോഗം വേണ്ടെന്നു പറയുമ്പോള്‍ ശിഫയാകുക തുടങ്ങിയ കറാമതുകളേക്കാള്‍ വലുത് ആയുസ്സ് മുഴുവനും ദീനീ വിജ്ഞാനത്തിലും പ്രചാരണത്തിലും മറ്റു ഇബാദത്തുകളിലും മുഴുകി ബറകത്തുള്ളതാവാന്‍ തൌഫീഖ് ലഭിക്കുക എന്ന കറാമതാണ്.  കാരണം മുമ്പുദ്ധരിച്ച അത്ഭുത സിദ്ധികള്‍ കറാമതില്ലാത്തവരില്‍ നിന്നും സംഭവിക്കാം.  അതിനെ ബാത്വിലാക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കുകയും ചെയ്യും. രണ്ടാമതു പറഞ്ഞ കറാമത് അല്ലാഹുവിന്റെ പ്രത്യേക തൌഫീഖ് ലഭിച്ചവര്‍ക്കല്ലാതെ സാധ്യമല്ല. അതിനോട് തുല്യമായി പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും ആവില്ല.  സ്വഹാബികളില്‍ പലരില്‍ നിന്നും സാധാരണക്കാര്‍ക്ക് അത്ഭുതമായി തോന്നുന്ന കാര്യങ്ങള്‍ വിരളമായിട്ടാണ് സംഭവിച്ചത്. നാല് മദ്ഹബിന്റെ ഇമാമുകളുടെയും സ്ഥിതികള്‍ ഇതു തന്നെ.

വലിയ്യിന്റെ വഴി

സാധാരണക്കാര്‍ക്കിടയില്‍ ഏറെ തെറ്റിധാരണക്കു വിധേയമായ വിഷയമാണു വിലായ തും വലിയ്യും. ആരാണു വലിയ്യ് എന്നതിനെപ്പറ്റി ശരിയായ ധാരണയില്ലാത്തതിനാല്‍ ഈ രംഗത്തു ചുഷണത്തിന്റെ വേരുകള്‍ പടര്‍ന്നു പിടിക്കുകയാണ്. ഒരു കാര്യം ഉറപ്പിക്കുക. കുറെ അത്ഭുത കൃത്യങ്ങളോ നോട്ടീസ് പ്രചാരണങ്ങളോ രോഗ നിവാരണങ്ങളോ ഔലി യാഇനെ സൃഷ്ടിക്കുന്നതല്ല. അങ്ങേയറ്റത്തെ ഭക്തിയും പരിശുദ്ധിയും പുലര്‍ത്തി അല്ലാ ഹുവിനെ പ്രാപിക്കാന്‍ ഇറങ്ങിത്തിരിച്ച വ്യക്തിയാണു യഥാര്‍ഥ വലിയ്യ്. അവന്‍ ചൂഷ കനോ സ്വയം പ്രചാരകനോ ആകുന്നതല്ല.
ഇമാം ഖുശയ്രി(റ) പറയുന്നു: “ഉസ്താദ് അബുല്‍ഖാസി(റ) പറഞ്ഞു: കാര്യങ്ങളൊക്കെ തന്നെ അല്ലാഹു ഏറ്റെടുത്തവന്‍ എന്നാണ് വലിയ്യിന്റെ ഒരു അര്‍ഥം. നല്ലവരെ അവന്‍ ഏറ്റെടുക്കുമെന്നു ഖുര്‍ആനില്‍ പറഞ്ഞത് ഇതിനു തെളിവാണ്. ഈ വിവക്ഷ പ്രകാരം ഇവന്റെ യാതൊരു കാര്യവും സ്വന്തത്തിന്റെ മേല്‍ സമര്‍പ്പിതമല്ല. എല്ലാം അല്ലാഹുവിന്റെ അധീനത്തില്‍ മാത്രമാകും. രണ്ടാമത്തെ അര്‍ഥം അല്ലാഹുവിനുള്ള ആരാധനാ അനുസ രണങ്ങള്‍ ഏറ്റെടുത്തവന്‍ എന്നാണ്. യാതൊരു തെറ്റും ഇടകലരാത്തവിധം അണമുറിയാതെ ഇബാദത്തിനെ പുലര്‍ത്തിപ്പോരുക എന്നതത്രെ ഇവിടെ താല്‍പര്യം. ഈ രണ്ടു വിവക്ഷ പ്രകാരവും ഒരാള്‍ വലിയ്യാകണമെന്നുണ്ടെങ്കില്‍ അങ്ങേയറ്റത്തെ ഇബാദത്തും രഹസ്യപരസ്യങ്ങളില്‍ അല്ലാഹുവിന്റെ അപാരമായ സംരക്ഷണവും നിര്‍ബന്ധമാണ്. നബിമാര്‍ പാപസുരക്ഷിതരായതുപോലെ വലിയ്യും പാപരഹിതനാകണമെന്നതു നിര്‍ബന്ധമാണെന്നു പറയപ്പെട്ടിരിക്കുന്നു” (രിസാല: 117).
വലിയ്യിന്റെ രണ്ട് സുപ്രധാന ഗുണങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഒന്ന് – അവി രാമമായ ആരാധന. മറ്റൊന്ന് പാപരാഹിത്യം. ഈ ഗുണങ്ങള്‍ ജീവിതത്തില്‍ അവകാശ പ്പെടാനില്ലാത്തവന്‍ ഒരിക്കലും വലിയ്യാകില്ലെന്നു ചുരുക്കം.
വലിയ്യിന്റെ തെറ്റും ശരിയും തീരുമാനിക്കുന്നതു ശരീഅത്തു തന്നെയാണ്. ശറഇനു വിരുദ്ധം ചെയ്യുന്നതൊക്കെ തെറ്റും ശറഇന് അനുസൃതമാകുന്നതൊക്കെ ശരിയും എന്നു വെക്കണം. ഇതിനു വിരുദ്ധമാണു തന്റെ ജീവിതമെന്നു വാദിക്കുന്ന പക്ഷം അവന്‍ വലിയ്യാകില്ല. വിലായതിന്റെ പേരില്‍ വഞ്ചിതനേ ആകൂ. ഇമാം ഖുശയ്രി തന്നെ പറയട്ടെ: “ശരീഅതിനു വിമര്‍ശിക്കാന്‍ വകുപ്പുള്ളവന്‍ വലിയ്യല്ല. അപ്പേരില്‍ ചതിക്കപ്പെട്ട വന്‍ ആകുന്നു” (രിസാല: 117).
ഔലിയാഅ് വില കുറഞ്ഞവരല്ല. അവരുടെ സ്ഥാനം ദീനില്‍ വലുതാണ്. നബിമാരുടെ പദവി അവസാനിക്കുന്നിടത്താണ് ഔലിയാഇന്റെ പദവി തുടങ്ങുന്നതെന്ന് ഇമാം നസ്റാബാദി(റ) പറഞ്ഞിട്ടുണ്ട് (രിസാല: 118).
ഔലിയാഇല്‍ വ്യത്യസ്ത പദവികള്‍ അലങ്കരിക്കുന്നവരുണ്ട്. ജാമിഉല്‍ ഉസ്വൂലില്‍ അവ ചര്‍ച്ചക്കെടുത്തതു കാണാം. മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത, മുറബ്ബിയായ ശയ്ഖാ കണമെന്നുണ്ടെങ്കില്‍ അദ്ദേഹം തികഞ്ഞ വലിയ്യാകണമെന്നതാണ്. അതേസമയം വലിയ്യായവരൊക്കെ  ശയ്ഖാകാന്‍ യോഗ്യരാകണമെന്നില്ല. ഈ വിഷയകമായി അഹ് മദ് ള്വിയാഉദ്ദീന്‍(റ) എഴുതുന്നതു കാണുക: “വലിയ്യുകള്‍ രണ്ടു വിഭാഗമുണ്ട്. ഒന്ന് – ദീനീ വിഷയത്തില്‍ കൈകാര്യകര്‍തൃത്വത്തിനു അവകാശപ്പെട്ടവര്‍. രണ്ടാമത്തെ വിഭാഗത്തിനു കൈകാര്യകര്‍തൃത്വത്തിനു പ്രകൃത്യാ കഴിവുണ്ടെങ്കിലും സാന്ദര്‍ഭികമായി വിലക്കുള്ളവരാണ്. ഈ വിഭാഗത്തിനു മറ്റുള്ളവരെ തര്‍ബിയത്ത് ചെയ്യാന്‍ അവകാ ശമില്ല. കാരണം അദ്ദേഹം അല്ലാഹുവിന്റെ പിടുത്തത്തിലായി സമനില തെറ്റിയവനാണ്. സ്വന്തം കാര്യത്തില്‍ തന്നെ കൈകാര്യത്തിനു അനുമതിയില്ലാത്ത ഇവര്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ എങ്ങനെ നിയന്ത്രിക്കാനാണ്.  സ്വന്തം കാര്യത്തില്‍ അധികാരമുള്ളവനേ അന്യന്റെ കാര്യത്തില്‍ അധികാരമുള്ളൂ. ശരീഅതനുസരിച്ചു കുട്ടിയും ഭ്രാന്തനും സ്വന്തം കാര്യത്തില്‍ നിയന്ത്രണാധികാരമില്ലാത്തവരാണ്. ഈ തത്വം ത്വരീഖതിലും ബാധകമാണ്. മജ്ദൂബുകള്‍ മുലകുടിക്കുന്ന കുഞ്ഞിന്റെയും ഭ്രാന്തന്റെയും കണക്കെ വിലായതിന്റെ പ്രായോഗികതക്കു തടസ്സം നേരിട്ടവരാകുന്നു. കണ്ണുകെട്ടി വിട്ടവന്‍ വഴിതാണ്ടി ലക്ഷ്യസ്ഥാനത്തെത്തിയാലും മറ്റൊരാള്‍ക്കു വഴി പറഞ്ഞു കൊടുക്കാന്‍ പറ്റാത്തവ നാകും പോലെയാണ് ഇക്കാര്യത്തില്‍ മജ്ദൂബിന്റെ സ്ഥിതി” (ജാമിഉല്‍ഉസ്വൂല്‍: 6).

സായൂജ്യം സ്വലാത്തിലൂടെ

ത്മീയ ഉന്നതിക്ക് ഉതകുന്ന മഹത്തായ അനുഷ്ഠാനമാകുന്നു സ്വലാത്. മറ്റു അദ്കാറു കളെ പോലെ പ്രധാന്യമര്‍ഹിക്കുന്നതും ഒരുവേള അതിലേറെ ഫലപ്രദവുമാണു സ്വലാ ത്ത്. ഇതുസംബന്ധമായ ചര്‍ച്ചകള്‍ വിശുദ്ധഖുര്‍ആനിലും തിരുസുന്നത്തിലും നിറഞ്ഞു കിടക്കുന്നുണ്ട്
പ്രവാചക സ്നേഹത്തിന്റെ മഹത്തായ പ്രകടനമാണു സ്വലാത്ത്. പ്രവാചകസ്നേഹം മറ്റെല്ലാറ്റിനെക്കാളും പരമമാകാത്തിടത്ത് ഈമാന്‍ പൂര്‍ണമാകില്ലെന്നാണല്ലോ ഇസ്ലാമിക തത്വം. പരലോകത്ത് എന്നോടു കൂടുതല്‍ അടുത്തവന്‍ എന്റെ മേല്‍ സ്വലാത്ത് വര്‍ധിപ്പിച്ചവനാണെന്ന നബിവചനം ശ്രദ്ധേയമാണ്. സ്വലാത്തിന്റെ മഹാത്മ്യത്തെപ്പറ്റി സ്വത ന്ത്രമായ രചനകള്‍ കണ്ടെത്തി വായിക്കാന്‍ മാന്യവായനക്കാര്‍ സമയം കണ്ടെത്തണം.
തസ്വവ്വുഫും സ്വലാത്തും തമ്മില്‍ ബന്ധമുണ്ട്. ഇമാം ഗസ്സാലി(റ)നെ പോലെയുള്ള മഹാ ന്മാര്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ത്വരീഖത് ഉയര്‍ത്തിപിടിക്കുന്ന മഹത്തായ ലക്ഷ്യ മാണല്ലോ ആത്മ സംസ്കരണം. സ്വലാത്തും ഇതു ലക്ഷ്യമാക്കുന്നു. ഇമാം ഇസ്മാഈ ലുല്‍ ഹിഖി(റ) പറയുന്നതു കാണുക: “തീറ്റ, കുടി തുടങ്ങിയ ആസക്തികളിലും, ദുസ്വഭാവം, ദുര്‍നടപ്പ് തുടങ്ങിയ ദൂഷ്യങ്ങളിലും ആകര്‍ഷിക്കപ്പെടുന്നതാണു മനുഷ്യ പ്രകൃതം. ഈ മനുഷ്യനെ സംസ്കരിക്കേണ്ടത് അല്ലാഹുവാണ്. അല്ലാഹു പരമ പരിശു ദ്ധനാകയാല്‍ അവനോടു നേരിട്ടു ബന്ധം പുലര്‍ത്താന്‍ ഒരുങ്ങണമെന്നില്ല. സംസ്കരണ ദൌത്യം മറ്റൊരു മാധ്യമം വഴിയേ വന്നെത്തൂ. ആ മാധ്യമമത്രേ തിരുനബി(സ്വ)യുടെ സാനിധ്യം” (റൂഹുല്‍ ബയാന്‍: 7/226, 227).
തിരുനബി(സ്വ)യുടെ ഇടപെടലാണു മനുഷ്യനില്‍ സംസ്കരണത്തിന്റെ സന്ദേശമെത്തിക്കു ന്നതെന്നാണ് ഇപ്പറഞ്ഞതിന്റെ പൊരുള്‍. അതു ലഭ്യമാകാന്‍ ആഗ്രഹിക്കുന്നവന്‍ നബി(സ്വ)യുമായി ബന്ധം സ്ഥാപിക്കുക തന്നെ വേണം. ഏതൊരു സാധാരണക്കാരനും ഇതു സാധ്യമാകണം. ഇതിനുള്ള പോംവഴിയാണ് സ്വലാത്ത്. അതു പതിവാക്കുന്നവനി ല്‍ ആത്മീയ മാറ്റങ്ങള്‍ പ്രകടമാകും. ഒരുവേള അവന്‍ ആത്മീയഗുരുവിനെ സ്വന്തമാ ക്കിയ സ്ഥാനത്താകുന്നതാണ്. അല്ലാമാ മുഹമ്മദ് ബിന്‍ ഹബീബില്ലാ(റ) ഉദ്ധരിക്കുന്നതു കാണുക: “ഇക്കാലത്തെ സ്വൂഫിവേഷധാരികളില്‍ ചെന്നുചാടുന്നതിനെതിരെ സത്യസന്ധന്മാരായ ഉപദേഷ്ടാക്കള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അല്ലാഹുവിന്റെ പക്കല്‍ നിന്നു സത്യം തുറന്നു കിട്ടണമെന്ന മനസ്സോടെ കിതാബ്-സുന്നത്ത് മുറുകെ പിടിക്കാനാണ് ഇവര്‍ പ്രേരിപ്പിക്കുന്നത്. അതുപോലെ, നബി(സ്വ)യുടെ പേരില്‍ സ്വലാത്ത് വര്‍ധിപ്പിച്ചാല്‍ ഒരു മുറബ്ബിയായ ശയ്ഖിന്റെ ആവശ്യമില്ലെന്നും പ്രഖ്യാപിക്കുന്നു. മുറബ്ബിയായ ശയ്ഖിനെ എത്തിക്കപ്പെടാതെ വരുമ്പോള്‍ ആ സ്ഥാനത്ത് സ്വലാത്ത് ഫലം ചെയ്യുന്നതാണ് ” (സാദ്മുസ്ലിം: 2/384, 385, അഖ്റബുത്ത്വുറുഖി ഇലല്‍ഹഖ്: 7).
ഇമാം അബുല്‍അബ്ബാസ് അല്‍ഹള്വ്റമി(റ) പറയുന്നു: “നീ ദിക്ര്‍ പതിവാക്കുക. അതു പോലെ തിരുനബി(സ്വ)യുടെ പേരില്‍ സ്വലാതിനെ പെരുപ്പിക്കുകയും ചെയ്യുക. ശയ്ഖ് മുര്‍ശിദിനെ കിട്ടാതെ വരുന്ന സന്ദര്‍ഭത്തില്‍ ആത്മീയ ആരോഹണത്തിനും അല്ലാഹു വില്‍ ചെന്നെത്താനും ഫലവത്തായ ഒന്നാകുന്നു സ്വലാത്ത്” (ഖവാഇദുത്തസ്വവ്വുഫ്: 69).
അഹ്മദ് അത്തീജാനി(റ) എഴുതുന്നതു കാണുക: “ഇക്കാലത്ത് ഒരു ശയ്ഖിനെ കണ്ടെ ത്താന്‍ ഇറങ്ങിത്തിരിക്കുകയും വ്യാജവാദികളില്‍ അകപ്പെടുമെന്നു പേടിക്കുകയും ചെയ്താല്‍ സത്യസന്ധമായ സുദൃഢത, സദാസമയ ഭക്ത മനസ്കത, അങ്ങേ അറ്റത്തെ കേണപേക്ഷ തുടങ്ങിയവ കൊണ്ട് അല്ലാഹുവിലേക്കു മുന്നിട്ടുകൊണ്ടു ശ്രമം തുടരണം. എന്നിട്ടും യോഗ്യനായ ശയ്ഖിനെ കണ്ടെത്താനായില്ലെങ്കില്‍ അദബും മനസ്സാനിധ്യവും പുലര്‍ത്തി കഴിയുന്നത്ര സ്വലാത്ത് ചൊല്ലണം. താന്‍ തിരുനബിക്കു മുമ്പിലാണെന്ന ഭാവത്തില്‍ സ്വലാത്ത് വര്‍ധിപ്പിച്ചാല്‍ മൂന്നാലൊരു വിധത്തില്‍ അവന് ആത്മീയ ഉന്നതി പ്രാപിക്കാം. ഒന്നുകില്‍ ഒരു ശയ്ഖിനെ ആല്ലാഹു നല്‍കും. അല്ലെങ്കില്‍ തിരുനബി തന്നെ നേരിട്ടു തര്‍ബിയത് നടത്തും. അതുമല്ലെങ്കില്‍ അല്ലാഹു അവനു നേരിട്ടു മോക്ഷ ത്തിന്റെ വാതില്‍ തുറന്നു കൊടുക്കും” (ജവാഹിറുല്‍മആനി: 1/138, മസാലികുല്‍ ഹുനഫാ: 428).
ഒരു ശയ്ഖിന്റെ സ്ഥാനം വഹിക്കാന്‍ മാത്രം മഹത്തായതാണു സ്വലാത്ത്. സ്വലാത്തിലൂ ടെ മാത്രം മഅ്രിഫതിന്റെ കവാടങ്ങള്‍ കടന്ന മഹാന്മാരുണ്ടെന്നതണു ചരിത്രം. സാധാ രണക്കാരന് ഇക്കാലത്തു  ഫലപ്രദമായ മാര്‍ഗമാണു സ്വലാത്ത്. കള്ളച്ചരക്കുകളുടെ വ്യാപനത്താല്‍ നെല്ലും പതിരും വേര്‍തിരിച്ചറിയാനാകാത്തവര്‍ സ്വലാത്തിനെ ആശ്രയിച്ചാല്‍ വഴിതെറ്റാനുള്ള സാധ്യത അടഞ്ഞുകിട്ടും.

ദിക്റിന്റെ വഴി

ആത്മീയ ജീവിതത്തിന്റെ ചൈതന്യം പ്രസരിപ്പിക്കുന്നതാണു ദിക്ര്‍. അല്ലാഹുവുമായു ള്ള അണമുറിയാത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ ദിക്റുകള്‍ സഹായിക്കുന്നതാണ്. ശരീഅതും ത്വരീഖതും ഒരുപോലെ ദിക്റിന്റെ വഴി തുറന്നിടുന്നുണ്ട്. ദിക്ര്‍ മഹത്വം അര്‍ഹിക്കുന്ന ആരാധനാരൂപമാണ്. ഖുര്‍ആനിലും ഹദീസിലും പരന്നു കിടക്കുന്ന ദിക്റിന്റെ മഹാത്മ്യം മാത്രം ഒന്നിച്ചു ചേര്‍ത്താല്‍ ബൃഹത്തായ ഒരു ഗ്രന്ഥ ത്തിനു വകയുണ്ട്.
ദിക്റില്ലാത്ത ഇബാദതുകളില്ല. “അല്ലാഹുവിനെ ഓര്‍ക്കല്‍ എന്നാണു ദിക്റിന്റെ അര്‍ഥം. ഇതാണ് ഏറ്റവും മഹത്തരമെന്നു ഖുര്‍ആന്‍ പറയുന്നുണ്ട്. നിസ്കാരത്തെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത് ‘എന്നെ ദിക്ര്‍ ചെയ്യാന്‍ നിങ്ങള്‍ നിസ്കാരം നിലനിറുത്തുക’ എന്നാണ്.
നിത്യജീവിതത്തില്‍ പാലിക്കേണ്ട പ്രധാനപ്പെട്ട ഒട്ടേറെ ദിക്റുകള്‍ നബി(സ്വ) പഠിപ്പി ച്ചിട്ടുണ്ട്. ഇമാം നവവി(റ) തുടങ്ങിയവര്‍ അവ മാത്രം ക്രോഡീകരിച്ചു ഗ്രന്ഥങ്ങള്‍ രചി ച്ചിട്ടുണ്ട്. ദിക്റുകള്‍ പഠിച്ചു പ്രവൃത്തി പഥത്തില്‍ കൊണ്ടുവരല്‍ ആത്മീയ ജീവിതം ആ ഗ്രഹിക്കുന്നവരുടെ പ്രഥമ കര്‍ത്തവ്യമാണ്. ഉറങ്ങാന്‍ പോകുമ്പോള്‍, ഉറങ്ങി എഴുന്നേ റ്റാല്‍, ഭക്ഷണത്തിനു മുമ്പും പിമ്പും, മലമൂത്ര വിസര്‍ജനത്തിനു മുമ്പും പിമ്പും, പള്ളി യില്‍ കടക്കുമ്പോള്‍, പള്ളിയില്‍ നിന്നു പുറത്തു പോരുമ്പോള്‍, നിസ്കാരത്തിനു പിറ കെ, വുളൂഇനു മുമ്പ്, ശേഷം ഇങ്ങനെ പോകുന്നു നിത്യജീവിതത്തിലെ അദ്കാറിന്റെ പട്ടിക. ഇവ അറിഞ്ഞു ചൊല്ലിയാല്‍ ഇഹ-പര നേട്ടങ്ങള്‍ കരസ്ഥമാക്കാം.
ത്വരീഖതില്‍ ദിക്റിനു വമ്പിച്ച പ്രാധാന്യമുണ്ട്. ഇമാം ഖുശയ്രി(റ) തന്റെ ഗുരുവിനെ ഉദ്ധരിച്ചു പറയുന്നതു കാണുക: ഗുരു പറഞ്ഞു: “ദിക്ര്‍ ശക്തമായ കര്‍മമാകുന്നു. അല്ലാ ഹുവിലേക്കുള്ള പ്രയാണമാര്‍ഗത്തിലെ മഹത്തായ അവലംബം തന്നെയാണത്. ദിക്ര്‍ പതിവാക്കാതെ ആരും അല്ലാഹുവില്‍ എത്തിച്ചേരുന്നതല്ല. ദിക്ര്‍ രണ്ടിനമുണ്ട്. ഒന്ന് – നാവിന്റെ ദിക്ര്‍. മറ്റൊന്ന്, മനസ്സിന്റെ ദിക്ര്‍. നാവിന്റെ ദിക്റുകൊണ്ട് ഒരു ദാസന്‍ ഖല്‍ ബിന്റെ ദിക്റിലേക്കു ചെന്നെത്തുന്നതാണ്. നാവുകൊണ്ടും ഖല്‍ബ് കൊണ്ടും ദിക്ര്‍ പാ ലിക്കാനായാല്‍ പരിപൂര്‍ണത കൈവരിക്കാം” (രിസാല: 101).
ശയ്ഖ് അഹ്മദ് ള്വിയാഉദ്ദീന്‍(റ) എഴുതുന്നു: “അല്ലാഹുവില്‍ എത്തിച്ചേരാന്‍ എണ്ണമറ്റ മാര്‍ഗങ്ങള്‍ അല്ലാഹു അടിമയ്ക്കു സംവിധാനിച്ചിട്ടുണ്ട്. ഇലാഹീകാരുണ്യത്തിന്റെ സന്നി ധാനങ്ങളില്‍ ഭജനമിരിക്കാന്‍ ആ മാര്‍ഗങ്ങള്‍ അവനു വിനിയോഗിക്കാവുന്നതാണ്. അതി ല്‍ ബാഹ്യമായതും ആന്തരികമായതും ഉണ്ട്. അവയില്‍ ആന്തരികമായ ഒന്നാണ് അല്‍ മുറാഖബ: സദാസമയത്തും താന്‍ അല്ലാഹുവിനു മുമ്പില്‍ ആണെന്നും അവന്‍ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സകലതും അവന്റെ അറിവിന്റെ പരിധിയില്‍ ആണെന്നുമുള്ള ബോധമാകുന്നു മുറാഖബ: ഇതു പൂലര്‍ത്താനായാല്‍ കുറ്റങ്ങള്‍ അക റ്റാനും അകത്തളത്തെ കളങ്കങ്ങളില്‍ നിന്നു മുക്തമാക്കാനും സാധിക്കും. ബാഹ്യമായ നിമിത്തങ്ങളില്‍ പെട്ടവയാണ് ജുമുഅ, ജമാഅത്, സകാത്, സ്വദഖ: തുടങ്ങിയുള്ള ഇബാ ദത്തുകളും സല്‍കര്‍മങ്ങളും. ഈ കൂട്ടത്തില്‍ പ്രധാനമാണു ദിക്റുകള്‍” (ജാമി ഉല്‍ഉ സ്വൂല്‍: 21).
ഈ പറഞ്ഞതില്‍ നിന്നും ദിക്റുകള്‍ ബാഹ്യകര്‍മം എന്ന നിലയ്ക്കു തന്നെ പ്രാധാന്യമര്‍ ഹിക്കുന്നതാണെന്നും ഇലാഹീ സാമീപ്യത്തിന്റെ ഹേതുക്കളില്‍ പ്രധാനമാണെന്നും ബോധ്യമായി.
ത്വരീഖതിന്റെ പേരിലുള്ള ദിക്ര്‍ നിത്യമാക്കുന്നതിനു നിബന്ധനകള്‍ പലതും പറഞ്ഞു കാണാം. ഓരോ ത്വരീഖതിനും അതിന്റെതായ ശൈലിയും സ്വഭാവവും ഉണ്ടാകും. ജാമി ഉല്‍ഉസ്വൂല്‍, തന്‍വീറുല്‍ ഖുലൂബ് എന്നീ ഗ്രന്ഥങ്ങളില്‍ ഇതു സംബന്ധമായ ചര്‍ച്ച യുണ്ട്.
ശയ്ഖില്‍ നിന്നു വിശുദ്ധമായ പരമ്പര വഴി വന്നെത്തുന്ന ദിക്റിനു മാറ്റും ഫലവും ഏറും. ഇജാസത് വഴി ലഭിക്കുന്ന ഇത്തരം ദിക്റുകള്‍ സ്വായത്തമാക്കുന്നതും പതിവാക്കുന്നതും എല്ലാവര്‍ക്കും നല്ലതാണ്. ഈവിധം ബറകതിന്റെ പിന്‍ബലത്തോടെ സാധാ രണക്കാര്‍ക്കു തന്നെ ദിക്റുകള്‍ കൈമാറാന്‍ ത്വരീഖതില്‍ നിര്‍ദേശമുണ്ട്. ഇന്നു ത്വരീഖ തെന്ന പേരില്‍ കൈമാറപ്പെടുന്നത് ഇത്തരം ദ്ക്റുകളാകുന്നു. ശയ്ഖ് ള്വിയാഉദ്ദീന്‍(റ)ന്റെ വരികള്‍ കാണുക:
“തബറുകിന്റെയും മഹ്സ്വൂബിയതിന്റെയും ദിക്റുകള്‍ ദുന്‍യാവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന സാധാരണക്കാര്‍ക്കും കൈമാറാമെന്നു ത്വരീഖതിന്റെ പൂര്‍വീകരായ ഗുരുക്ക ന്മാരില്‍ നിന്നു സ്ഥാപിതമായ കാര്യമാണ്. സുലൂകിന്റെയും തര്‍ബിയതിന്റെയും രീതി ക്കുള്ള കൈമാറ്റം ഇത്തരക്കാര്‍ക്കു പറ്റില്ല. ഇങ്ങനെ ദിക്ര്‍ കൈമാറപ്പെടുന്നത് അത്തര ക്കാരില്‍ ആത്മീയ മാറ്റത്തിനു കാരണമാകും” (ജാമിഅ്: 258).
ഈ പറഞ്ഞതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ വ്യക്തമായി. ഒന്ന് -ദിക്ര്‍ നല്‍കല്‍ ത്വരീഖ തില്‍ പ്രധാനമാണ്. രണ്ട് – അത് സാധാരണക്കാര്‍ക്കും ആകാമെങ്കിലും കേവലം തബര്‍ റുകിന്റെ തലത്തിലേ അതിനെ ഗണിക്കാവൂ. ഏതെങ്കിലും ദിക്റിന് ഇജാസത് കിട്ടുമ്പോ ഴേക്കു ത്വരീഖതില്‍ കടന്നുവെന്നു കരുതുന്നതും അങ്ങനെ ജനങ്ങളെ ധരിപ്പിക്കുന്നതും വഞ്ചനയാകുന്നു.
ദിക്ര്‍ മാത്രം മതി നിസ്കാരം തുടങ്ങിയ നിര്‍ബന്ധ കര്‍മങ്ങള്‍ യാതൊന്നും വേണ്ട എന്ന അത്യന്തം അപകടകരമായ വാദം ഉന്നയിക്കന്ന ചിലരെ കാണാം. അവര്‍ വ്യാജന്മാ രാണെന്നതിനു കൂടുതല്‍ തെളിവുകള്‍ പരതേണ്ട യാതൊരു കാര്യവുമില്ല. ദിക്റുകള്‍ പ്രാവര്‍ത്തികമാക്കല്‍ സുന്നത്തായ കാര്യമാണ്. നിസ്കാരാദി നിര്‍ബന്ധങ്ങള്‍ ഒരിക്കലും സുന്നത്തിന്റെ ബാധ്യത തീര്‍ക്കാന്‍ പര്യാപ്തമല്ല. അങ്ങനെ ഒരു തസ്വവ്വുഫും ത്വരീ ഖതും പഠിപ്പിക്കുന്നുമില്ല. സത്യസന്ധന്മാരായ സ്വൂഫിയാക്കള്‍ ശരീഅതിന്റെ ജ്ഞാന ത്തെയും കര്‍മത്തെയും ആദരിക്കുന്നവരും അംഗീകരിക്കുന്നവരുമാണെന്നതാണു ചരിത്രം. ശയ്ഖ് മജ്ദുദ്ദീന്‍(റ) പറയുന്നതു കാണുക: “സ്വൂഫിയാക്കളില്‍ നിന്ന് ആരും ദീനിനെ തകര്‍ക്കുന്ന യാതൊന്നും കല്‍പിച്ചതായി രേഖയില്ല. വുളൂഅ്, നിസ്കാരം തുടങ്ങിയ നിര്‍ബന്ധങ്ങളും മറ്റു സുന്നത്തുകളുമൊന്നും അവര്‍ വിലക്കിയതായി തെ ളിയിക്കാനും സാധ്യമല്ല”(അല്‍യവാഖീത്:12).
വസ്തുത ഇതായിരിക്കെ ത്വരീഖതിന്റെ പേരില്‍ ദിക്ര്‍ മാത്രം നടത്തി നിര്‍ബന്ധങ്ങള്‍ ഉ പേക്ഷിക്കുന്നതിനെന്തു ന്യായമാണുള്ളത്? അങ്ങനെ വാദിക്കുന്നവരും ചെയ്യുന്നവരും ശയ്ത്വാന്റെ ത്വരീഖതിലാണ്. ഇവര്‍ ശരീഅതിന്റെ തുടയില്‍നിന്നു കുതറിമാറി ത്വരീഖ  തിനെ ചൂഷണോപാധിയാക്കുന്ന ചതിയന്മാരാകുന്നു.

ഇല്‍ഹാമിന്റെ ഇതിവൃത്തം

അല്ലാഹുവിന്റെ ഔലിയാഇനു പ്രകടമാകുന്ന ഒന്നാണ് ഇല്‍ഹാം. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള അര്‍ഥവത്തായ തോന്നിപ്പിക്കലുകളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിര്‍വചനങ്ങളില്‍ നാമമാത്ര വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇല്‍ഹാമിന്റെ പൊതുവായ താല്‍പര്യം ഈ പറഞ്ഞതാണ്.
ഇല്‍ഹാം ചൂഷണോപാധിയാക്കുന്ന വ്യാജന്മാരുമുണ്ട്. തങ്ങള്‍ക്കുണ്ടാകുന്ന തോന്നലുകള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ ഇല്‍ഹാമായി വിലയിരുത്തി സാധാരണക്കാരനെ വഞ്ചിക്കുകയാണീ ത്വരീഖത് വേഷധാരികള്‍. ഇല്‍ഹാം സംബന്ധമായ ചോദ്യത്തിന് ഇബ്നു ഹജറില്‍ഹയ്തമി(റ) നല്‍കിയ വിശദീകരണം ഈ വിഷയത്തിലെ സംശയങ്ങള്‍ക്കു നിവാരണമാകുന്നതാണ്.
മഹാന്‍ പറയുന്നു: “അല്‍ഖുത്വ്ബുര്‍റബാനി ശയ്ഖ് അബ്ദുല്‍ഖാദിറുല്‍ ജീലാനി(റ) പറഞ്ഞതനുസരിച്ച് ഇല്‍ഹാം ഒരു വലിയ്യിന്റെ പ്രശാന്തമായ ഹൃദയത്തില്‍ ഇടയാട്ടമില്ലാതെ സ്വീകരിക്കുവാന്‍ ഉതകുന്ന വിധം അല്ലാഹു ഇട്ടു കൊടുക്കുന്ന ആശയമാണ്. ഇതിനെ നിഷേധിക്കല്‍ നുബുവ്വതിനെ നിഷേധിക്കും പ്രകാരം കുഫ്റ് വരുത്തുന്നതല്ല.”
അബൂയസീദ്(റ)നോട് ഒരു പണ്‍ഢിതന്‍ ചോദിച്ചു: “നിങ്ങളുടെ ഈ ജ്ഞാനങ്ങള്‍ എവി ടെ നിന്ന്, ആരില്‍ നിന്നു കിട്ടുന്നതാണ്?”
അബൂയസീദ്(റ) മറുപടി പറഞ്ഞു: “എന്റെ അറിവുകള്‍ അല്ലാഹുവിന്റെ ദാനത്തില്‍ നിന്നുള്ളതാണ്. അല്ലാഹുവില്‍ നിന്നാണിതു കിട്ടുന്നത്. അറിഞ്ഞതില്‍ അനുഷ്ഠാനിയായാല്‍ അറിയാത്തത് അവന്‍ പഠിപ്പിക്കുമെന്നാണല്ലോ നബി(സ്വ) പറഞ്ഞിരിക്കുന്നത്. അറിവുകള്‍ രണ്ടിനമുണ്ട്. ബാഹ്യമായതും ആന്തരികമായതും. ബാഹ്യജ്ഞാനം പടപ്പുകളുടെ മേല്‍ അല്ലാഹുവിന്റെ പ്രമാണമാകുന്നു. ആന്തരീകജ്ഞാനം -  അതാണ് ഉപകാരപ്രദമായ ജ്ഞാനം. ഫഖീഹ്! നിങ്ങളുടെ അറിവ് ഒരു നാവില്‍ നിന്നു മറ്റൊന്നിലേക്കു പകരാന്‍ മാത്രമുള്ളതാണ്. പഠിക്കലാണതിന്റെ ലക്ഷ്യം. പ്രവര്‍ത്തിക്കല്‍ അല്ല. എന്റെ ജ്ഞാനം അല്ലാഹുവിന്റെ ജ്ഞാനത്തില്‍ നിന്നും ഇല്‍ഹാമായി കിട്ടുന്നതാകുന്നു.”
ഫഖീഹ് പറഞ്ഞു: “ശയ്ഖ്, എന്റെ ജ്ഞാനം വിശ്വസ്തരില്‍ നിന്നുള്ളതാണ്. തിരുനബി(സ്വ)ക്കു ജിബ്രീലില്‍ നിന്നും ജിബ്രീലിന് അല്ലാഹുവില്‍ നിന്നും കിട്ടിപ്പോന്നതാണ്.” അബൂയസീദ്(റ): “ജിബ്രീലി(അ)നും മീകാഈലി(അ)നുമൊന്നും വെളിപ്പെടാന്‍ അവസരം കിട്ടാത്ത ഒരുകൂട്ടം അറിവു നമ്മുടെ നബി(സ്വ)ക്കു സ്വന്തമായുണ്ടല്ലോ!”
ആ അറിവ് ഏതെന്നു വ്യക്തമാക്കണമെന്നായി ഫഖീഹ്.
അബൂയസീദ്(റ) വിശദീകരിച്ചു: “ഫഖീഹ്, നിങ്ങള്‍ക്കറിയില്ലേ അല്ലാഹു മൂസാ നബി (അ)നോടു സംസാരിച്ചത്. മുഹമ്മദ് നബി(സ്വ) അല്ലാഹുവിനെ കണ്ടതും സംവദിച്ചതും താങ്കള്‍ കേട്ടിട്ടില്ലെയോ.” ഫഖീഹ് പറഞ്ഞു: “അതെ കേട്ടിട്ടുണ്ട്.” അബൂയസീദ്(റ): “എങ്കില്‍ ഔലിയാഅ്, സ്വിദ്ദീഖ് തുടങ്ങിയ മഹാന്മാര്‍ക്ക് അവന്‍ ഇല്‍ഹാം നല്‍കുന്നതും തദ്വാര അവര്‍ തത്വജ്ഞാനങ്ങള്‍ വിളംബരപ്പെടുത്തുന്നതുമാണ്. ഇതിനു മതിയായ തെളിവാണ് മൂസാനബി(അ)ന്റെ ഉമ്മക്കു നല്‍കിയ ബോധനവും ഖിളിര്‍(അ)ന് കപ്പല്‍ കേടു വരുത്താന്‍ നല്‍കിയ ഇല്‍ഹാമുമൊക്കെ. ഇങ്ങനെ പല സംഭവങ്ങളും ഉണ്ട്. ഇല്‍ഹാമി ന്റെ വക്താക്കള്‍ അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹത്തിനു പാത്രമായവരാകുന്നു.”
ഈ വിവരണം ഉള്‍കൊണ്ട ശേഷം പണ്‍ഢിന്‍ പറഞ്ഞു: “താങ്കള്‍ എന്നെ മഹത്തായ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു. എന്റെ മനസ്സിന്റെ ദാഹം ശമിപ്പിച്ചിരിക്കുന്നു.”
ഞാന്‍ എന്റെ ദാസനെ ഇഷ്ടപ്പെട്ടാല്‍ അവന്റെ കേള്‍വി, കാഴ്ച തുടങ്ങിയവ ഞാനാകു മെന്നും എന്നെകൊണ്ടവന്‍ കാണാനും കേള്‍ക്കാനും തുടങ്ങുമെന്നും നബി(സ്വ) പറ ഞ്ഞത് ഔലിയാഇന്റെ ഇല്‍ഹാമിനെ സ്ഥിരീകരിക്കുന്ന തെളിവാണ് (ഫതാവല്‍ ഹദീ സിയ്യ: 229).
ഇപ്പറഞ്ഞതില്‍ നിന്നും ഇല്‍ഹാം ഇസ്ലാമില്‍ അടിസ്ഥാനമുള്ളതാണെന്നു ഗ്രഹിക്കാ നായി. പക്ഷേ, ഇല്‍ഹാമിന്റെ സ്വീകാര്യത പണ്‍ഢിതന്മാര്‍ നിരുപാധികം അംഗീകരിക്കു ന്നില്ല. അക്കാര്യത്തിലെ മാനദണ്ഡത്തെപ്പറ്റി ഫതാവ തന്നെ പറയട്ടെ: “ശറഇയ്യായ നിയമ ങ്ങള്‍ക്കെതിരാകാത്ത സാഹചര്യത്തില്‍ ഇല്‍ഹാം പ്രാമാണികമാണെന്നു സ്വൂഫികള്‍ ഉദ്ധരിച്ചിരിക്കുന്നു. ബാഹ്യവും ആന്തരികവുമായ കാര്യങ്ങളില്‍ അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണത്തിനു വിധേയരായ മഹാന്മാരില്‍ നിന്നേ ഇല്‍ഹാം രേഖയായി ഗണിക്കാവൂ. ഔലിയാഅ് പ്രകൃത്യാ പാപ സുരക്ഷിതരല്ലെങ്കിലും അവരില്‍ നിന്നു കുറ്റ ങ്ങള്‍ വരാതിരിക്കുകയാണ് അനുഭവമെന്ന വിധിയാണിതിനു പിന്‍ബലം (ഫതാവല്‍ ഹദീസിയ്യ: പേ: 229, 230).
തസ്വവ്വുഫിന്റെ സമീപനമാണീ പറഞ്ഞത്. ശറഈ വിരുദ്ധമാകാത്തിടത്ത് ഇല്‍ഹാം രേ ഖയാക്കാമെന്നാണ് അവര്‍ പറയുന്നത്. അതും അര്‍ഹതപ്പെട്ടവരില്‍ നിന്നു ആവുകയും വേണം. ഈവക നിയമങ്ങള്‍ പാലിക്കാതെ ഇല്‍ഹാമിന്റെ അപ്പോസ്തലന്മാരാകുന്നവര്‍ അനര്‍ഥം വരുത്തുന്നവരാണ്. പിശാചിന്റെ ദുര്‍ബോധനങ്ങല്ല അവര്‍ ഇല്‍ഹാമായി ധരിച്ചിരിക്കുന്നതെന്ന് ആര്‍ക്കറിയാം. ഫിഖ്ഹിന്റെ വീക്ഷണത്തില്‍ ഇല്‍ഹാം തീരെ പ്രമാ ണികമല്ല. ശറഇന്റെ രക്ഷയ്ക്കും വ്യാജന്മാരുടെ തിരസ്കാരത്തിനും ഇക്കാര്യത്തില്‍ ഫിഖ്ഹ് കര്‍ശന തീരുമാനം തന്നെ പ്രഖ്യാപിച്ചിരിക്കു ന്നു. ഇബ്നു ഹജറുല്‍ഹയ്തമി(റ) തന്നെ പറയട്ടെ: “മുന്‍പറഞ്ഞ നിബന്ധനപ്രകാരം ഇല്‍ഹാമിന്റെ പ്രാമാണിക പ്രശ്ന ത്തില്‍ പണ്‍ഢിതന്മാര്‍ വിവിധ വീക്ഷണക്കാരാകുന്നു. ഫുഖഹാഇന്റെ വീക്ഷണത്തില്‍ ഇല്‍ഹാം പ്രമാണമാക്കാന്‍ പറ്റില്ല. കാരണം, അപ്രമാദിത്തമില്ലാത്തവന്റെ വിചാരങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ വിശ്വാസത്തിലെടുക്കാന്‍ ന്യായമില്ലല്ലോ”(ഫതാവാ: 230)

സംഘട്ടനം വ്യാജകഥ

ത്മീയ പണ്‍ഢിതന്മാരായി അറിയപ്പെടുന്ന ഉലമാഉത്ത്വരീഖതും കര്‍മശാസ്ത്ര പണ്‍ ഢിതന്മാരായി അറിയപ്പെടുന്ന ഉലമാഉശ്ശരീഅതും തമ്മില്‍ വിവാദങ്ങളും തര്‍ക്ക-വിതര്‍ക്കങ്ങളും പണ്ടേ നിലനല്‍കുന്നു എന്നൊരു ധാരണ നിലവിലുണ്ട്. ഇത് ഒട്ടും ശരിയല്ല. ഈ പ്രചാരണത്തിനു പിന്നിലെ അവ്യക്ത ശക്തി വ്യാജത്വരീഖതുകാരാണെന്നു കരുതുന്നതു ന്യായമാണ്. ത്വരീഖതിന്റെ പേരില്‍ ശരീഅതിനെ അവമതിക്കാനും പൊതുജനത്തെ വഞ്ചിക്കാനും പണ്‍ഢിതന്മാരുടെ വിമര്‍ശനങ്ങള്‍ തടുത്തുനിറുത്താനും ഇവര്‍ കണ്ടുപിടിച്ച തന്ത്രമായി വേണം ഈ പ്രചാരണത്തെ കാണാന്‍.
ഇസ്ലാമിക ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഘര്‍ഷത്തിന്റെ കഥ കാണുന്നില്ല. അങ്ങനെ ഒന്നു നടന്നിട്ടുണ്ടെങ്കില്‍ തന്നെ അതു ന്യായയുക്തമാണെന്നു ആത്യന്തിക വിശകലനത്തില്‍ വ്യക്തമാകുന്നതുമാണ്. ഹല്ലാജിന്റെ കാര്യത്തില്‍ ഉണ്ടായ സംഭവം ഈ വസ് തുത വ്യക്തമാക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ മതപരിത്യാഗത്തെ വരുത്തുന്ന അനല്‍ഹഖ് (ഞാന്‍ അല്ലാഹു തന്നെ) പ്രഖ്യാപനം മന്‍സ്വൂര്‍ ഹല്ലാജ്(റ) നടത്തിയപ്പോള്‍ പണ്‍ഢിത ന്മാര്‍ അതിനെപ്പറ്റി ഗൌരവത്തില്‍ ചര്‍ച്ച നടത്തി. ആത്മലയനത്തിന്റെ ഭാഗമായി സമനില വിട്ടപ്പോള്‍ പറഞ്ഞതാണതെന്ന വാദക്കാരെ സംബന്ധിച്ച് ഹല്ലാജിനെതിരെ നടപടിക്കു പ്രസക്തി ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വബോധത്തോടെ തന്നെ പറഞ്ഞതാണെന്നും  അതുകൊണ്ടു മതപരിത്യാഗത്തില്‍ കാര്യങ്ങള്‍ എത്തിയെന്നും പറഞ്ഞു രംഗത്തുവന്ന പണ്‍ഢിതന്മാര്‍ അദ്ദേഹത്തിനെതിരില്‍ നിയമ നടപടി എടുത്തു. ന്യായയുക്തം തന്നെയായിരുന്നു അത്. ശരീഅതിന്റെ സംരക്ഷണത്തിനും പൊതുജനമധ്യത്തില്‍ ദീന്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനും പണ്‍ഢിതന്മാര്‍ എടുത്ത തീരുമാനം ന്യായം തന്നെ. എന്നാലതു ത്വരീഖതിന്റെ പണ്‍ഢിതന്മാരുമായുള്ള സംഘട്ടനമായി വിലയിരുത്തികൂടാ. (ഹല്ലാജ് സംഭവത്തെപ്പറ്റി കൂടുതല്‍ പഠനം: ഫതാവല്‍ഹദീസിയ്യ: 214, ഇആനതുത്ത്വാലിബീന്‍: 4-135 തുടങ്ങിയവ നോക്കുക).
പൂര്‍വകാല പണ്‍ഢിതന്മാര്‍ വ്യക്തിഗതമായി ത്വരീഖതിന്റെയും വിലായതിന്റെയും വാ ക്താക്കളായിരുന്നു. ആധ്യാത്മ ഗുരുക്കന്മാരെ അവര്‍ ആദരവോടെ കണ്ടിരുന്നു. ഇസ്മാഈലുല്‍ഹിഖി(റ) തന്റെ ഗുരുവില്‍ നിന്നു ഉദ്ധരിക്കുന്നതു കാണുക: “സത്യത്തില്‍ ഹനഫീ സ്വൂഫിയ്യതിന്റെ അധിപന്‍ ഇമാം അബൂഹനീഫ തങ്ങള്‍ തന്നെയാണ്. അതുപോലെ ശാഫിഈ, ഹന്‍ബലീ, മാലികീ ഗുരുക്കളുടെയൊക്കെ തന്നെ നായകന്മാര്‍ യഥാക്രമം ഇമാം ശാഫിഈ, ഇമാം ഹന്‍മ്പലി, ഇമാം മാലികി(റ) എന്നീ മദ്ഹബീ നായകന്മാര്‍ തന്നെയാണ്. ഈ നാല് ഇമാമുമാരും ഖുലഫാക്കളായ ചതുര്‍പ്രതിഭകള്‍ക്കു തുല്യരാകുന്നു. നക്ഷത്ര തുല്യര്‍, ചന്ദ്ര സമാനര്‍, സൂര്യതുല്യര്‍ എന്നൊക്കെ ഇവരെപ്പറ്റി പറയാം. ഇവരില്‍ ആരെ തുടര്‍ന്നാലും സത്യത്തെ പ്രാപിക്കുന്നതാണ്. വിശുദ്ധ ദീനിനെ സംബന്ധിച്ചേടത്തോളം ഇവര്‍ ഒരു വീടിന്റെ നാലു മതിലുകള്‍ക്കു തുല്യമാണ്. മറ്റുള്ള ഔലിയാഅ്, അഖ്ത്വാബുമാരെ അപേക്ഷിച്ച് ഇവര്‍ ഇതര ഗോളങ്ങളെയും നക്ഷത്രങ്ങളെയും അപേക്ഷിച്ച് സൂര്യന്റെയും അര്‍ശിന്റെയും നിലവാരത്തിലാകുന്നു. സ്വര്‍ഗത്തിലെത്താനും ഇലാഹീ ദര്‍ശനം കിട്ടാനും ഇവര്‍ക്കു പിറകെ വന്നവര്‍ ആരായിരുന്നാലും ഇവരെ പിന്‍പറ്റാതെ സാധ്യമല്ല. ശരീഅതിലും ത്വരീഖതിലും ഹഖീഖതിലും ഇവരെ പിന്‍പറ്റുകയും ഇവര്‍ പഠിപ്പിച്ചതനുസരിച്ചു പ്രവര്‍ത്തിക്കാനും ഇവരുടെ മര്യാദകള്‍ പാലിക്കാനും ഒരുമ്പെടുകയും ചെയ്തവര്‍ തീര്‍ച്ചയായും തിരുനബി(സ്വ)യുടെ പാത പിന്തുടര്‍ന്നവരാണ്. ഇപ്പറഞ്ഞതിലൊന്നും ഇവരെ പിന്‍പറ്റാതിരിക്കുന്നവരാകട്ടെ സംശയലേശമന്യേ തിരുനബി(സ്വ)യുടെ മാര്‍ഗത്തില്‍ നിന്നു തെറ്റിയവരുമാണ്” (തഫ്സീര്‍ -റൂഹുല്‍ബയാന്‍: 5/273).
ഈ പറഞ്ഞതില്‍ നിന്നും പൂര്‍വകാല പണ്‍ഢിതന്മാരൊക്കെ ആധ്യാത്മഗുരുക്കന്മാരായിരു ന്നുവെന്നു മനസ്സിലാക്കാം.
ഇമാം ഇബ്നു ഹജറില്‍ഹയ്തമി(റ) എഴുതുന്നതു കാണുക: “സമുദായത്തിലെ പണ്‍ഢിതന്മാരായ മുജ്തഹിദുകളും അവര്‍ക്കു പിറകെ വന്ന മഹാപണ്‍ഢിതന്മാരുമൊക്കെ പണ്ടും ഇപ്പോഴും സ്വൂഫിയത്തില്‍ വിശ്വസിക്കുന്നവരും അവരില്‍ നിന്നു ബറകതും ആ ത്മീയ സഹായവും കാംക്ഷിക്കുന്നവരുമാണ്. ഇമാം ഇബ്നു ദഖീഖില്‍ ഈദ്(റ) പറയുന്നു: “സത്യവാനായ സ്വൂഫി എന്റെ അരികില്‍ നൂറ് അല്ലെങ്കില്‍ ആയിരം ഫഖീഹുമാരെക്കാള്‍ ഉത്തമനാകുന്നു”. ഇമാം നവവി(റ) ശയ്ഖ് യാസീന്‍(റ) എന്നവരില്‍ വിശ്വാസം പുലര്‍ത്തുകയും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തിരുന്നതായി ചരിത്രത്തില്‍ കാണാം. ഒരിക്കല്‍ ശയ്ഖവര്‍കള്‍ ഇമാമിനോടു വായ്പ വാങ്ങിയ ഗ്രന്ഥങ്ങളൊക്കെ തിരികെ നല്‍കി സ്വന്തം നാട്ടിലേക്കു പുറപ്പെടാന്‍ ആജ്ഞാപിച്ചു. ഇമാം ആ ജ്ഞ പോലെ ഡമസ്കസ് വിട്ടു സ്വന്തം നാടായ നവയില്‍ എത്തി. അതോടെ ബന്ധുക്ക ള്‍ക്ക് അരികില്‍ വെച്ചു വഫാതാകാന്‍ അവിടുത്തേക്ക് അവസരമൊത്തു. ഇതുപോലെ ഇബ്ന്‍ അബ്ദിസ്സലാം സ്വൂഫിയ്യതിനെ ആദരിക്കുന്ന കാര്യത്തില്‍ അതീവ തല്‍പരനായിരുന്നതായാണ് ചരിത്രം” (ഫതാവല്‍ഹദീസിയ്യ: 218).
സ്വൂഫിയ്യതും പണ്‍ഢിതന്മാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥ അര്‍ഥരഹിതമാണെ ന്നാണു ഇതു തെളിയിക്കുന്നത്. സത്യത്തില്‍ ന്യായമായ കാര്യത്തിനാണെങ്കിലും സ്വൂഫിയ്യതിനെ വിമര്‍ശിച്ചവരെ പ്രതിരോധിച്ചിരുന്നു പണ്‍ഢിതന്മാര്‍. ഇബ്നുല്‍ജൌസിക്കെതിരെ അവര്‍ സ്വീകരിച്ച നയം ഇതു വ്യക്തമാക്കുന്നുണ്ട്. ഇബ്നുല്‍ജൌസി തന്റെ കാലത്തു പട ര്‍ന്നുപിടിച്ച പുത്തന്‍ വാദികളെ അടിച്ചിരിത്തുക എന്ന നല്ല ലക്ഷ്യത്തോടെ തല്‍ബീസ് ഇബ്ലീസ് എന്ന പേരില്‍ ഒരു ഗ്രന്ഥം രചിച്ചതായി ഇമാം ഇബ്നു ഹജറില്‍ഹയ്തമി(റ) പറയുന്നുണ്ട്. (ഈ കൃതി ഇന്ന് വിപണിയില്‍ കിട്ടും) പ്രസ്തുത ഗ്രന്ഥത്തില്‍ തന്റെ നി രൂപണം അല്‍പം അതിരു കടന്നു. താനറിയാതെ ഇബ്നുല്‍ജൌസി ഇബ്ലീസിന്റെ തല്‍ ബീസിനു പാത്രമായെന്നാണ് ഇമാം യാഫിഈ(റ) പറഞ്ഞത്. ഇബ്നുല്‍ ജൌസിയുടെ വീക്ഷണത്തെ പണ്‍ഢിതന്മാര്‍ ശക്തമായി ഖണ്ഡിച്ചു. ഇതു വ്യക്തമാക്കുന്നത് അന്യായമായ യാതൊരു അകല്‍ച്ചയും പണ്‍ഢിതലോകത്തു സ്വൂഫിസവുമായി ഉണ്ടായിട്ടില്ലെന്നാണ്. (വിശദമായ വായനക്കു ഫതാവല്‍ഹദീസിയ്യ: പേജ്: 218 കാണുക).
പണ്‍ഢിതന്മാര്‍ മൂന്നു വിഭാഗമാണ്. ഈ വിഭാഗങ്ങള്‍ തമ്മില്‍ നല്ല ബന്ധം നിലനിന്നതായും ഇവരെ പൂര്‍ണാര്‍ഥത്തില്‍ സമുദായം വിശ്വാസത്തില്‍ എടുത്തതായുമാണു ചരിത്രം. അമീനുല്‍കുര്‍ദി(റ) പറയുന്നതു കാണുക: “ദീനീ ഇമാമുകള്‍ നീതിമാന്മാരാണെന്നു വിശ്വസിക്കല്‍ നിര്‍ബന്ധമാകുന്നു. ഇവര്‍ മൂന്നു വിഭാഗമായിട്ടാണു നിലകൊള്ളുന്നത്. ഒന്ന് – ഖുര്‍ആന്‍ സുന്നത്തിന്റെ പശ്ചാത്തലത്തില്‍ കര്‍മശാസ്ത്രത്തെ അവതരിപ്പിച്ചവര്‍. ഇവരിലെ നേതാക്കന്മാരായ മദ്ഹബിന്റെ ഇമാമുമാരില്‍ ആരെങ്കിലും ഒരാളെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. രണ്ടാമത്തെ വിഭാഗം വിശ്വാസശാസ്ത്ര രംഗത്തു വിഹരി ച്ചവരാണ്. അശ്അരി, മാതുരീദി(റ) ഇമാമുമാര്‍ ഈ ഗണത്തില്‍ പെടുന്നു. മൂന്നാമ ത്തേത് മനസ്സിന്റെ സംസ്കരണവുമായി ബന്ധപ്പെട്ട വിജ്ഞാനത്തിനു പ്രാധാന്യം കൊ ടുത്തവരാണ്. അബൂയസീദുല്‍ ബിസ്ത്വാമി, ശയ്ഖ് അബ്ദുല്‍ ഖാലിഖുല്‍ഗുജ്ദവാനി, സയ്യിദ് മുഹമ്മദ് ബഹാഉദ്ദീനുന്നഖ്ശബന്തി, ശയ്ഖ് അഹ്മദുല്‍ഫാറൂഖിസ്സര്‍ഹിന്ദി, അല്‍ജുനയ്ദുല്‍ബഗ്ദാദി, ഇമാം ഗസ്സാലി, സുഹ്റവര്‍ദി, മഅ്റൂഫുല്‍കര്‍ഖി, അബ്ദുല്‍ ഖാദിറുല്‍ജീലാനി (റ.ഉം) തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടുന്നു. ഇവരൊക്കെ സ്വൂഫിയ്യതില്‍ പെട്ടവരും ബാഹ്യ-ആന്തരീക തഖ്വയുടെ വാക്താക്കളുമാണ്. കര്‍മശാസ്ത്ര പണ്‍ഢിതന്മാരെ പോലെ തന്നെ ഇവരെല്ലാം സന്മാര്‍ഗത്തിന്റെ വാക്താക്കളാണ്. ഇവര്‍ തങ്ങളുടെ തത്വങ്ങള്‍ പണിതിരിക്കുന്നത് അഹ്ലുസ്സുന്നത്തി വല്‍ജമാഅതിന്റെ വിശ്വാസത്തിന്മേലും ഗവേഷകന്മാരായ ഫുഖഹാഇന്റെ കര്‍മശാസ്ത്രത്തിന്മേലുമാണ്. അതിനാല്‍ സ്വൂഫികള്‍ ഫുഖഹാക്കളാണെന്നു പറയുന്നതു തെറ്റാകില്ല” (തന്‍വീറുല്‍ഖുലൂബ്: 41, 42).
ഇബ്നു ഹജറില്‍ഹയ്തമി(റ)ന്റെ വാക്കുകള്‍ കൂടി വായിക്കുക: “ഇമാം ശാഫിഈ, മാ ലിക്, അബൂഹനീഫ, അഹ്മദ്(റ. ഉം) തുടങ്ങിയ പണ്‍ഢിതന്മാര്‍ ആന്തരിക-ബാഹ്യജ്ഞാനങ്ങള്‍ നുകര്‍ന്നവരാണ്. അബ്ദാല്‍, നുജബാഅ്, ഔതാദ് തുടങ്ങിയ ഔലിയാഇലെ അതിവിശിഷ്ടന്മാര്‍ ഇവരായിരുന്നു. ഇവര്‍ ആത്മീയമായി ഉന്നത പദവി നേടിയവരല്ലെന്ന തെറ്റായ ധാരണ പാടില്ല. പിശാചിന്റെ പ്രേരണയും പൈശാചിക വലയത്തില്‍ പെട്ടു വഴിതെറ്റിയവരും അങ്ങനെ തോന്നിപ്പിക്കാന്‍ ഒരിക്കലും ഇടവരുത്തരുത്. ഇമാം ശാഫിഈ(റ) തങ്ങള്‍ ഔതാദില്‍ പെട്ടവരായിരുന്നു. വിയോഗത്തിനു മുമ്പ് മഹാന്‍ ഖുത്വ്ബായതായും ഉദ്ധരിക്കപ്പെട്ടതു കാണാം” (ഫതാവല്‍ഹദീസിയ്യ: 232).
അഹ്മദ് ള്വിയാഉദ്ദീന്റെ(റ) വരികള്‍ കാണുക: “നാലു മദ്ഹബിന്റെ പശ്ചാത്തലത്തില്‍ വിജ്ഞാനകാര്യത്തില്‍ ദൃഢതനേടിയ പണ്‍ഢിതന്മാരൊക്കെ ദുന്‍യാവില്‍ നിന്നു ഹൃ ദയം അകന്നവരായിരുന്നു. അവരില്‍ നിന്നു സ്വൂഫിയ്യതിനെതിരെ ആസൂയയും അഹങ്കാരവും ശത്രുതയും പ്രകടമായതായി അനുഭവമില്ല” (ജാമിഅ്: 272).

ഫിഖ്ഹും ഫിസ്ഖും

ഫിഖ്ഹ് മാത്രമായാല്‍ അധര്‍മിയാകുമെന്നു വിശ്വസിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കാണാം. സാധാരണക്കാരെ കുടുക്കാന്‍ തന്ത്രം മെനയുന്നവര്‍ ഈ വിശ്വാസത്തിനു പ്രചാരണം നല്‍കുക പതിവാണ്. “ഭൌതിക പരിത്യാഗമില്ലാതെ കര്‍മശാസ്ത്രം മാത്രമായാല്‍ ഫിസ്ഖ് വരുമെന്ന അബൂഅബ്ദില്ലാ മുഹമ്മദുബിന്‍ വര്‍റാഖ്(റ)ന്റെ പ്രഖ്യാപനം ഈ വിഭാഗം പൊക്കിപ്പിടിക്കും. ഫിഖ്ഹ് തന്നെ വേണ്ട എന്നുവരുത്താനും ഈ പ്രസ്താവത്തെ കൂട്ടുപിടിക്കുന്നവരുണ്ട്. ഈ വിഷയത്തോട് ഇമാം സൂയൂഥി(റ) പ്രതികരിക്കുന്നതു കാണുക:
“സുഹ്ദില്ലാതെ ഫിഖ്ഹ് മാത്രമായാല്‍ ഫിസ്ഖ് വരുമെന്ന വാദം സ്വൂഫി തന്റെ മഹത്തായ പദവിയില്‍ നിന്നു പ്രഖ്യാപിക്കുന്ന പ്രസ്താവങ്ങളില്‍ പെട്ടതാണ്. ഇത്തരം മഹാന്മാര്‍ ഫിസ്ഖ്, കുഫ്ര്‍ തുടങ്ങിയ പദങ്ങള്‍ സാമാന്യമായ അര്‍ഥത്തിലല്ലാതെ ഉപയോഗിക്കുക പതിവാണ്. സാധാരണക്കാരന്‍ ചെയ്യുന്ന പല നല്ല കാര്യങ്ങളും അല്ലാഹുവിനോടടുത്തവര്‍ ചെയ്താല്‍ തെറ്റായി ഗണിക്കപ്പെടുമെന്ന നിഗമനത്തില്‍ പെട്ടതാണ് ഇതും. അവരുടെ പദവിയിലേക്കു ചേര്‍ത്തു നോക്കുമ്പോള്‍ നന്മകള്‍ തന്നെ തിന്മകളുടെ ഗണത്തില്‍ വരുന്നതാണ്. ഇബ്നുല്‍ഫാരിള്വ് പാടുന്നതു നോക്കൂ.
“നാഥാ! നീ അല്ലാതെന്‍ ഹൃത്തില്‍,
മറ്റൊന്നുദിച്ചാല്‍.
മറന്നാകിലും ഞാന്‍ വിധിക്കുമെന്‍മേല്‍,
മതപരിത്യാഗമാകും ദുര്‍വിധി.”
ഇബ്നുല്‍ ഫാരിള്വ് പറഞ്ഞ മത പരിത്യാഗം അതിന്റെ യഥാര്‍ഥ അര്‍ഥത്തെ ധ്വനിപ്പിക്കുന്നതല്ലെന്നുറപ്പാണല്ലോ. ഈ ഗണത്തില്‍ പെട്ടതാണു ഗീബത് നോമ്പിനെ മുറിപ്പിക്കുമെന്ന സ്വൂഫികളുടെ പ്രഖ്യാപനം. ഇതൊക്കെ ത്വരീഖതിന്റെ വാക്താക്കള്‍ തങ്ങളുടെ മേല്‍ സ്വന്തം ചെലുത്തുന്ന നിര്‍ബന്ധങ്ങളില്‍ പെട്ടതാണ്. സാധാരണക്കാരനു ബാധകമാകാത്തതുമാണ്” (അല്‍ഹാവീ ലില്‍ഫതാവ: 2/234).
ഈ പറഞ്ഞതില്‍ നിന്നും മേല്‍ പ്രസ്താവന ബാഹ്യാര്‍ഥത്തില്‍ കാണാനാവില്ലെന്നും സാധാരണക്കാരുമായി ബന്ധപ്പെടാത്തതാണെന്നും മനസ്സിലാക്കാം. അതുകൊണ്ട് ഇ ത്തരം പ്രസ്താവനകള്‍ പൊക്കിപ്പിടിച്ചു സാധാരണക്കാരനെ വഴി തെറ്റിക്കുന്നതും പണ്‍ ഢിതന്മാരെ വില കുറച്ചു കാണിക്കുന്നതും ശരിയായ പ്രവണതയല്ല.

വിമര്‍ശനത്തിന്റെ അപകടം

സ്വൂഫികളെ വിമര്‍ശിക്കുന്നതു പതിവാക്കിയ ചിലരെ കാണാം. ബിദ്അത്തുകാരാണ് അവരില്‍ ഏറിയ കൂറും. അപകടം വരുത്തുന്ന ഈ വിമര്‍ശനത്തെ പരാമര്‍ശിക്കവെ ള്വിയാഉദ്ദീന്‍(റ) എഴുതുന്നതു കാണുക: “ത്വരീഖതിന്റെ സത്യസന്ധന്മാരായ നായകന്മാരെ വിമര്‍ശിക്കുന്നതു വിനാശകരവും പെടുന്നനെ കൊല്ലുന്ന വിഷവുമാകുന്നു. ഇവ്വി ഷയത്തില്‍ കടുത്ത താക്കീതു വിന്നിട്ടുണ്ട്. കാഫിറായി ചത്തുപോകാന്‍ ഇതു കാരണമാകും. അവിവേകികളായ ചില പണ്‍ഢിതവേഷധാരികള്‍ വിമര്‍ശനം തൊഴിലാക്കിയതായി അബ്ദുല്‍ ഗനിയ്യുന്നാബല്‍സി(റ) പറഞ്ഞിരിക്കുന്നു. ദീനിനെ ഭൌതിക താല്‍പര്യത്തിനു ചൂഷണം ചെയ്യുന്ന അധമന്മാരാകുന്നു ഇവര്‍” (ജാമിഉല്‍ഉസ്വൂല്‍: 272).
സ്വൂഫീവിമര്‍ശനത്തിന്റെ അപ്പോസ്തലനായിരുന്നു ഇബ്നു തയ്മിയ്യ: എന്നു പണ്‍ഢിതന്മാര്‍ പറയുന്നു. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ എടുത്തുദ്ധരിച്ച് ഇമാം ഇബ്നു ഹജറില്‍ഹയ്തമി(റ) മറുപടി പറഞ്ഞതായി കാണാം. ഇബ്നു തയ്മിയ്യയുടെ നിലപാടു മനസ്സിലാക്കാന്‍ ഫതാവല്‍ ഹദീസിയ്യ: പേജ്: 83, 84, 85 ഉപകരിക്കും.
ഈ വിഷയത്തില്‍ തയ്മിയ്യയുടെ തുടര്‍ച്ച  പുത്തന്‍ വാദികള്‍ കാത്തു സൂക്ഷിച്ചുവരുന്നു. അവര്‍ ഇക്കാര്യത്തില്‍ നെല്ലും പതിരും ഒന്നാക്കി ആശയക്കുഴപ്പമുണ്ടാക്കുന്നു. എല്ലാവരെയും തള്ളുന്ന അബദ്ധമാണ് ഇവര്‍ ചെയ്യുന്നത്. കള്ളനോട്ടിറങ്ങിയാല്‍ നല്ല നോട്ടു കൂടി ഒഴിവാക്കണമെന്നു പറയുന്ന, എലിയെ പിടിക്കാന്‍ ഇല്ലം തന്നെ ചുടണ മെന്നു ശഠിക്കുന്ന ബുദ്ധിഹീനമായ നിലപാടാണിത്.
ശയ്ഖുല്‍ഇസ്ലാം അല്‍ മഖ്സൂമി(റ) പറയുന്നു: “സ്വൂഫിയ്യതിന്റെ വാക്കുകളും പ്രവൃ ത്തികളും നന്നായി പരിശോധിച്ചു അവ കിതാബ്-സുന്നത്ത്-ഇജ്മാഅ് പൂര്‍വിക ചര്യ എന്നിവക്ക് എതിരാണെന്നു ബോധ്യപ്പെട്ടാല്‍ അല്ലാതെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല” (ജാമിഉല്‍ ഉസ്വൂല്‍: 273).
ഇമാം റംലി(റ) പറയുന്നു: “മൂഢനും വിവരം കെട്ടവനുമല്ലാതെ സത്യവാന്മാരായ സ്വൂ ഫിയ്യത്തിന്റെ പൊരുളുകളെ വിമര്‍ശിക്കുകയില്ല”(ഹയശറ: 274).
വിമര്‍ശനത്തിന്റെ അകപ്പൊരുള്‍
ഫഖീഹിന്റെ ദൌത്യം ഇസ്ലാമിക ശരീഅതിന്റെ ബാഹ്യരൂപത്തെ പരിരക്ഷിക്കലാകുന്നു. ഇതില്ലാതെ പോയാല്‍ ദീന്‍ തന്നെ അപ്രസക്തമാകും. ബാഹ്യമായ ശറഈ നിയമത്തിനു വിരുദ്ധമായ നീക്കങ്ങള്‍ എവിടെനിന്നുണ്ടായാലും ഫഖീഹ് ഉണരുകയും അതിനെതിരെ രംഗത്തു വരികയും വേണം. ഈ വസ്തുത നിരാകരിക്കുന്നവര്‍ ഇസ്ലാമിക ശരീഅതിനെ അവമതിക്കുന്നവരാകുന്നു.
ത്വരീഖതിന്റെ വിഷയത്തില്‍ വ്യാജന്മാര്‍ ഫഖീഹിനെ പ്രതിക്കൂട്ടില്‍ നിറുത്തുന്നതു കാ ണാം. ത്വരീഖതിന്റെ പൊരുള്‍ ശരീഅതിന്റെ പണ്‍ഢിതര്‍ക്കു മനസ്സിലായില്ലെന്ന ദുര്‍ന്യായം വഴി ഇവര്‍ തങ്ങളുടെ കുതന്ത്രങ്ങള്‍ക്കു മറയിടുകയാണു ചെയ്യുന്നത്. എന്നാല്‍ ഈ കാര്യത്തില്‍ നാം മനസ്സിലാക്കേണ്ടതു, ശരീഅതിന്റെ സംരക്ഷണ കാര്യത്തില്‍ പണ്‍ഢിതന്മാര്‍ വിമര്‍ശനങ്ങളെ ഭയക്കരുതെന്നും എതിര്‍പ്പുകള്‍ നോക്കരുതെന്നുമാണ്. ബാഹ്യമായ വിലയിരുത്തലില്‍ തന്നെ തീരുമാനം പ്രഖ്യാപിക്കാന്‍ അവര്‍ മുതിരേണ്ടതും മു ന്നോട്ടു വരേണ്ടതുമാണ്. അങ്ങനെ ചെയ്യുന്നിടത്തു തങ്ങളുടെ മഹത്തായ ബാധ്യത അവര്‍ നിര്‍വഹിക്കുന്നതായി നാം കണക്കാക്കണം. ഇത്തരമൊരു സാഹചര്യത്തില്‍ തസ്വവ്വുഫിന്റെ വാക്താക്കള്‍ പൊതുജന മധ്യത്തില്‍ തെറ്റിധാരണ പരത്തരുതെന്നാണു നിയമം. സ്വൂഫിയുടെ മര്യാദയെക്കുറിച്ചു പരാമര്‍ശിക്കവെ ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക: “ഒരു സ്വൂഫിയുടെ മര്യാദയില്‍ പെട്ടതാണു സൂചനാവാക്കുകള്‍ കുറക്കലും സംസാരത്തില്‍ അവ്യക്തതയും തെറ്റിധാരണാജനകമായ പദങ്ങള്‍ വെടിയലും” (അല്‍അദബു ഫിദ്ദീന്‍: 7).
ഈ കടമ തെറ്റിക്കുന്നിടത്തു സ്വൂഫിയെ തന്നെ പണ്‍ഢിതന്മാര്‍ക്കു മാന്യമായി വിമര്‍ശിക്കാം. ഇബ്നുഅറബീ തങ്ങളുടെ വിമര്‍ശനത്തെപ്പറ്റി ഇബ്നു ഹജറില്‍ഹയ്തമി(റ) പറഞ്ഞതില്‍ നിന്നും ഇക്കാര്യം വ്യക്തമാകും. ഇബ്നു അറബി(റ)ന്റെ ചില പരാമര്‍ശങ്ങള്‍ ബാഹ്യാര്‍ഥത്തില്‍ ശറഈ വിരുദ്ധവും തെറ്റിധാരണാജനകവുമായതിനാല്‍ അത്തരം പ്രയോഗങ്ങള്‍ അടങ്ങിയ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതു തെറ്റാണെന്നു കടുത്ത ഭാഷയില്‍ തന്നെ പറഞ്ഞ ഒരു പണ്‍ഢിതനോട് ആരോ ചോദിച്ചുവത്രെ: ‘താങ്കള്‍ ഇങ്ങനെ വിമര്‍ശിച്ചാല്‍ നാളെ പരലോകത്ത് അങ്ങയുടെ പ്രതിയോഗി ഇബ്നു അറബീ തങ്ങളായിത്തീരില്ലേ, അതു താങ്കള്‍ ഇഷ്ടപ്പെടുമോ?’ എന്ന്.
പണ്‍ഢിതന്റെ മറുപടി ഇതായിരുന്നു: “അതെ, എനിക്ക് അതൊരു പ്രശ്നമല്ല. ശയ്ഖവര്‍കള്‍ സത്യസന്ധനാണെങ്കില്‍ എന്റെ വിമര്‍ശനവും അല്ലാഹുവിനു വേണ്ടിയാണെന്ന് അവിടുത്തേക്ക് അറിയും. അതറിഞ്ഞാല്‍ അദ്ദേഹം സന്തോഷിക്കുകയാകും ചെയ്യുക. ഇനി അദ്ദേഹം നേരത്തെ തന്നെ വ്യാജനാണെങ്കില്‍ വിജയം എനിക്കാണെന്നു പറയേണ്ടതുമില്ലല്ലോ. രണ്ടായിരുന്നാലും ഞാന്‍ നിര്‍ഭയനാണ്. ചിന്തിക്കുക, ഈ പണ്‍ഢിതന്‍ പുലര്‍ത്തിയ നിഷ്പക്ഷത അപാരം തന്നെ” (ഫതാവല്‍ഹദീസിയ്യ: 40).
ഫഖീഹിന്റെ ഈ ആര്‍ജവത്തെ അംഗീകരിക്കേണ്ടതാണ്. വിമര്‍ശനം അടിസ്ഥാനപര മാകുന്നിടത്ത് അബദ്ധം പിണഞ്ഞാല്‍ തന്നെയും അതൊരു പ്രശ്നമല്ലെന്നാണു നാം ഗ്രഹിക്കേണ്ടത്. നിയമപ്രകാരമുള്ള ഇജ്തിഹാദില്‍ തെറ്റുപറ്റിയാല്‍ പ്രതിഫലത്തിനു വകുപ്പുണ്ടെന്നു പറഞ്ഞതുപോലെയാണിതും. ഉദ്ദേശ ശുദ്ധി വിമര്‍ശനത്തെ പരിശുദ്ധമാക്കും. അതേസമയം നിരര്‍ഥകമായ വിമര്‍ശനം മറ്റെല്ലാറ്റിലുമെന്നപോലെ ഇക്കാര്യത്തിലും അപകടകരമാണ്. ചീത്ത മരണത്തിനുവരെ അതു കാരണമാകും. ഇബ്നുഹജറില്‍ ഹയ്തമി (റ) പറയുന്നതു കാണുക:
“സ്വൂഫീ പ്രമുഖന്മാരെ വിമര്‍ശിക്കാതെ നോക്കല്‍ അത്യാവശ്യമാകുന്നു. അവരുടെ ആ ധ്യാത്മജ്ഞാനങ്ങള്‍ നമുക്ക് ഉപകാരപ്പെട്ടവയാണ്. അവരെ സ്നേഹിക്കുന്നതു കാരണമായി അനുഗ്രഹത്തിനു പാത്രമാകാന്‍ സാധിക്കുന്നതുമാണ്. അവരുടെ അവസ്ഥകള്‍ അവര്‍ക്കു തന്നെ വിടുന്നതാണു മര്യാദ. പക്ഷപാതപരമായി വിമര്‍ശിക്കാന്‍ നിന്ന പലര്‍ ക്കും പദവി വിനഷ്ടമായതാണു നമ്മുടെ അനുഭവം. അത്തരക്കാര്‍ ഒടുക്കം അത്യന്തം വേദനാജനകമായ രോഗങ്ങള്‍ക്കു അടിമപ്പെട്ടിട്ടുണ്ട്” (ഫതാവല്‍ഹദീസിയ്യ: 59).
മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത സ്വൂഫികള്‍ ശരീഅതിന്റെ പണ്‍ഢിതന്മാരെ വിമര്‍ശിക്കുന്നതിന്റെ വിധിയാണ്. ആത്മജ്ഞാനികള്‍ പറഞ്ഞിരിക്കുന്നത് ആ വിമര്‍ശനം പാടില്ലെന്നാണ്. തസ്വവ്വുഫ് സര്‍വ വ്യാപകമായി വരുന്നതും വരുത്താവുന്നതുമല്ല. അതേസമയം ഫിഖ്ഹ് എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടു ഫഖീഹിനെ വിമര്‍ശിക്കുന്നിടത്തു ഫിഖ്ഹില്‍ അവിശ്വാസം വരും. അതു പ്രതിഫലിക്കുക സാധാരണക്കാരനിലായിരിക്കും. ഈയൊരു വിപത്തു ഫഖീഹ് സ്വൂഫിയെ വിമര്‍ശിക്കുന്നിടത്തു വരുന്നില്ല. സത്യവാനായ സ്വൂഫിക്കു വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനാകുന്നതും സാധാരണക്കാരനില്‍ അതു പ്രതിഫലനം സൃഷ്ടിക്കാത്തതും തന്നെ കാരണം. ഇക്കാര്യം അല്‍ഹികമിന്റെ വ്യാഖ്യാനത്തില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്. ഇബാറതിന്റെ ആശയം കാണുക: “കര്‍മശാസ്ത്രത്തിന്റെ വിധി സര്‍വവ്യാപകമാകുന്നു. കാരണം അതിന്റെ ലക്ഷ്യം ദീനിന്റെ നാമം നിലനിറുത്തലും പ്രകാശഗോപുരം ഉയര്‍ത്തിക്കാട്ടലും വചനങ്ങള്‍ പ്രകാശിപ്പിക്കലുമാണ്. എന്നാല്‍ തസ്വവ്വുഫിന്റെ താത്പര്യം ഏതാനും പ്രത്യേകക്കാരില്‍ മാത്രം ഒതുങ്ങുന്നതാണ്. അത് അല്ലാഹുവുമായി അടിമ നടത്തുന്ന സ്വകാര്യ വ്യാപാരമാണ്. അതിനാല്‍ ഒരു ഫഖീഹിനു സ്വൂഫിയെ വിമര്‍ശിക്കാവുന്നതാണ്. ഗ്വൂ ഫിക്കു ഫഖീഹിനെ വിമര്‍ശിക്കാന്‍ ന്യായമില്ല. ഇസ്ലാമിന്റെ നിയമങ്ങളുടെ കാര്യത്തില്‍ അവന്‍ ഫിഖ്ഹിലേക്കു മടങ്ങിവരലാണു നിര്‍ബന്ധം. എന്നു കരുതി ഹഖീഖതി ന്റെ കാര്യത്തില്‍ മടങ്ങണമെന്നു നിയമമില്ല” (ഹിദായ: 32).

ത്വരീഖതില്ലാത്ത ശരീഅത്ത്

ത്വരീഖതില്ലാതെ ശരീഅത് കൊണ്ടു  മാത്രം കാര്യമില്ലെന്നും ത്വരീഖത് നിര്‍ബന്ധമാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. ഈ ആശയം അടിസ്ഥാന രഹിതമാണ്. ഇതു ശരിയാണെന്നു വെച്ചാല്‍ ചരിത്രത്തിലെ കോടാനുകോടി ജനങ്ങള്‍ വഴി തെറ്റിയവരാണെന്നു വിധിക്കേണ്ടതായി വരും. യാതൊരു ത്വരീഖതുമായും ബന്ധമില്ലാത്ത ജനലക്ഷങ്ങള്‍ ഇന്നും ലോകത്തുണ്ട്. ഈ പാവങ്ങളൊക്കെ പാപികളാണെന്നു വിധിക്കുന്നതിന്റെ ആപ ത്ത് ആര്‍ക്കും ആലോചിക്കാവുന്നതാണ്. ആരാണ് അങ്ങനെ ഒരു വിധി മുസ്ലിംകള്‍ ക്കെതിരെ ഉന്നയിക്കാന്‍ ധൈര്യപ്പെടുക?. മാത്രമല്ല, ഇത്തരമൊരു നയമാണു ശരിയെങ്കില്‍ നമ്മുടെ പൂര്‍വസൂരികള്‍ പൊതുജനത്തെ ത്വരീഖതുമായി നിര്‍ബന്ധമായും ബന്ധപ്പെടുത്തുമായിരുന്നു. അങ്ങനെ കാണാത്തതു തന്നെ ഈ ധാരണ തെറ്റാണെന്നതിനു മതിയായ തെളിവാണ്.
ശയ്ഖ് അബ്ദുല്ലാ ബിന്‍ അബീബക്റില്‍ ഐദറൂസി(റ) പറയുന്നതു കാണുക: “നമ്മു ടെ പക്കല്‍ അല്ലാഹുവിലേക്കുള്ള സത്യവഴി ശരീഅതല്ലാതെ മറ്റൊന്നുമില്ല. ശരീഅതാകുന്നു അടിത്തറയും ശാഖയും”(മസ്ലകുല്‍അത്ഖിയാഅ്: 13).
ത്വരീഖതിനെ നിഷേധിക്കുകയല്ല, ത്വരീഖതില്ലാതെ ശരീഅതുണ്ടാകാമെന്നും ശരീഅതില്ലാതെ ത്വരീഖതുണ്ടാകില്ലെന്നും സ്ഥാപിക്കുകയാണിവിടെ. ഇമാം ഇബ്റാഹീമുദ്ദസൂഖി  (റ) പറയുന്നതു കാണുക: “കര്‍മശാസ്ത്രജ്ഞന്‍ അല്ലാഹു കല്‍പിച്ചപോലെ ഇബാദതും ശറഈ ആജ്ഞകളും കൊണ്ടുവന്നാല്‍ പിന്നെ അവന് ഒരു ശയ്ഖ് വേണമെന്നില്ല” (അല്‍യവാഖീത്).
ശയ്ഖിനെ പിന്തുടര്‍ന്നുകൊണ്ടുള്ള വ്യവസ്ഥാപിത ത്വരീഖതില്ലാതെ ശറഇന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഒരാള്‍ക്കു രക്ഷ പ്രാപികക്കാമെന്നാണ് ഇമാമും വ്യക്തമാക്കുന്നത്.  സ്വര്‍ഗം പ്രാപിക്കാനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞു വന്ന പല സ്വഹാബികളുടെയും കഥകള്‍ ഹദീസുകളില്‍ കാണാം. അത്തരം ഘട്ടങ്ങളില്‍ നബി(സ്വ) നല്‍കിയ നിര്‍ദേശങ്ങള്‍ ശറഇന്റെ ബാഹ്യനിയമങ്ങള്‍ പാലിക്കാനായിരുന്നു. രക്ഷയ്ക്കു ഇതുമാത്രം പോ രായിരുന്നെങ്കില്‍ ത്വരീഖതിന്റെ മാര്‍ഗ രേഖകൂടി നബി(സ്വ) അവര്‍ക്കു നിര്‍ബന്ധമാക്കണമായിരുന്നു.
ത്വരീഖതിനെപറ്റി പറഞ്ഞിട്ടുള്ള സാങ്കേതിക പ്രശ്നങ്ങളൊക്കെ ഇവിടെയും പ്രസക്തമാണ്. ശയ്ഖിന്റെ തിരോധാനം, തര്‍ബിയതിന്റെ തിരസ്കരണം, പ്രായോഗിതയുടെ പ്രശ്നം തുടങ്ങിയവ ഉദാഹരണം.
മഹത്വം ആര്‍ക്ക്, മഹിമ ഏതിന്?
ഇല്‍മുത്തസ്വവ്വുഫിനോ ഇല്‍മുല്‍ഫിഖ്ഹിനോ കൂടുതല്‍ പദവി? സ്വൂഫിക്കാണോ ഫഖീഹിനാണോ മഹത്വം? ചിലര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളാണിവ. ഈ ചോദ്യത്തിനുള്ള മറുപടി വിശദമായി ഇബ്നു ഹജറില്‍ഹയ്തമി(റ) പറഞ്ഞിട്ടുണ്ട്. മഹാന്‍ പറഞ്ഞതിന്റെ ചുരുക്കം, വിജ്ഞാനശാഖകളില്‍ മഹത്തരമായത് ഇല്‍മുത്തസ്വവ്വുഫാണെന്നും അക്കാരണത്താല്‍ പണ്‍ഢിതന്മാരില്‍ മഹത്വം ഉലമാഉത്തസ്വവ്വുഫിനാണെന്നുമാണ്.
ആന്തരികജ്ഞാനികള്‍ (ഉലമാഉല്‍ബാത്വിന്‍), അധ്യാത്മജ്ഞാനികള്‍ (അല്‍ആരിഫൂന്‍) എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ ഉലാമാഉത്തസ്വവ്വുഫിനെ പറയപ്പെടാറുണ്ട്. ഇവര്‍ അല്ലാഹുവിലേക്കടുത്തും ലയിച്ചും ആരാധനാനിമഗ്നരും ആന്തരീക വിശുദ്ധരുമൊക്കെ ആയതിനാല്‍ ബാഹ്യജ്ഞാനികളായി അറിയപ്പെടുന്ന ഉലമാഉള്വാഹിറിനെക്കാള്‍ മഹത്വം അര്‍ഹിക്കുന്നതു ന്യായമാണ്. കാരണം ഉലമാഉള്വാഹിര്‍ വ്യവസ്ഥാപിത ജ്ഞാനത്തില്‍ മാത്രം ഒതുങ്ങുന്നവരും അതിന്റെ സംരക്ഷണത്തില്‍ മാത്രം ബദ്ധശ്രദ്ധരുമായവരാണ്. അതുപോലെ ഇല്‍മുല്‍ഫിഖ്ഹ് ദീനീ വിധികളെപ്പറ്റി മാത്രം പറയുന്നതാകയാല്‍ അല്ലാഹുവിന്റെ നാമഗുണങ്ങളുമായി ബന്ധപ്പെടുന്ന ഇല്‍മുത്ത്വരീഖതിനെക്കാള്‍ അത് ഒരു പടി താണേ നില്‍ക്കൂ. വസ്തുത ഇതാണെന്നു കരുതി ഇല്‍മുല്‍ ഫിഖ്ഹിനെയും ഫുഖഹാഇനെയും അവമതിക്കുന്നത് അനര്‍ഥങ്ങള്‍ വരുത്തുന്ന ഒന്നാണ്. ചില ഘട്ടങ്ങളില്‍ ഇല്‍മുല്‍ഫിഖ്ഹും അതിന്റെ വാക്താക്കളും കൂടുതല്‍ പ്രസക്തരും ഉയര്‍ന്നു നില്‍ക്കുന്നവരുമാകുമെന്നാണു പണ്‍ഢിത വീക്ഷണം. ഇബ്നുഹജറില്‍ഹയ്തമി(റ) പറയുന്നതു കാണുക: “ബാഹ്യജ്ഞാനികള്‍ക്കും മഹത്തായ പദവി തന്നെ ഉണ്ട്. എന്നല്ല, ഒരര്‍ഥത്തില്‍ അവരാണ് അത്യുന്നതന്മാര്‍. അതുപോലെ മറ്റെല്ലാ വിജ്ഞാന ശാഖകള്‍ക്കും ആന്തരീക ജ്ഞാനത്തെ പോലെ തന്നെ ഫിഖ്ഹും അടിസ്ഥാനാവശ്യമായി തീരുന്നതാണ്. കാരണം ഫിഖ്ഹ് ഇബാദതിനെപ്പറ്റിയുള്ള ചര്‍ച്ചാശാസ്ത്രമാണ്. ഇല്‍മുല്‍ മഅ്രിഫതാകട്ടെ അല്ലാഹുവിനെ അടുത്തറിയാനുള്ള ജ്ഞാന ശാഖയുമാകുന്നു. മനുഷ്യ-ജിന്ന് വര്‍ഗത്തെ പടച്ചത് അല്ലാഹുവിനെ ആരാധിക്കാനാണെന്നാണു ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അവനെ ആരാധിക്കണമെങ്കില്‍ അവനെ അറിയല്‍ അനിവാര്യമാണല്ലോ. അറിഞ്ഞാ ല്‍ ആരാധിക്കലും അനിവാര്യം തന്നെ” (ഫതാവല്‍ഹദീസിയ്യ: 230).

മജ്ദൂബും ത്വരീഖതും

ലിയാഇന്റെ കൂട്ടത്തിലെ ഒരു വിഭാഗമാണു മജാദീബ്. ജദ്ബിന്റെ അവസ്ഥ പ്രാപിച്ചവര്‍ എന്നാണ് ഈ നാമത്തിന്റെ അര്‍ഥം. ജദ്ബ് എന്ന പദം വിത്യസ്ത അര്‍ഥത്തില്‍ പ്രയോഗിക്കാറുണ്ട്. ഇവിടെ ഉദ്ദേശ്യം ബോധാവബോധങ്ങള്‍ അത്രയും അല്ലാഹുവില്‍ മാത്രമായി അര്‍പ്പിക്കുകയും ആകര്‍ഷിക്കപ്പെടുകയും ചെയ്യുക എന്നതാണ്. ഈ വിഭാഗത്തിനു സത്യത്തില്‍ അല്ലാഹുവിനെക്കുറിച്ചുള്ള വിചാരത്താല്‍ സ്വബോധം തന്നെ നഷ്ടമായിരിക്കും. അതുകൊണ്ട് ഇവര്‍ ഒരുതരം ഭ്രാന്തന്മാരാണെന്നു പറയാം. സാധാരണഭ്രാന്തന്മാരല്ല. ആത്മീയ ഭ്രാന്തന്മാരാണ്. സാധാരണക്കാരനിലെ ഭ്രാന്തന്മാര്‍ ഭൌതിക ഭ്രാന്തന്മാരാണെങ്കില്‍ ഇവര്‍ അസാധാരണക്കാരിലെ ഭ്രാന്തന്മാരാണ്. ഇബ്നു അറബി(റ) തങ്ങള്‍ ഇത്തരക്കാരെ പരിചയപ്പെടുത്തുന്നതു ബുദ്ധിയുള്ള ഭ്രാന്തന്മാര്‍ (ഉഖലാഉല്‍മജാനീന്‍) എന്നാണ്.
മജ്ദൂബുകള്‍ മഹാന്മാര്‍ തന്നെയാണ്. അവരുടെ മാനസിക നില തെറ്റാന്‍ കാരണം
അല്ലാഹുവിലുള്ള അഗാധചിന്തയും പ്രേമവുമാണ് ഇമാം ള്വിയാഉദ്ദീന്‍(റ) പറയുന്നു: “അല്ലാഹു സ്വന്തത്തിനു വേണ്ടി വലിച്ചെടുത്തവരാണു മജ്ദൂബ്. അല്ലാഹു അവരെ തന്റെ സന്നിധാനത്തിലേക്ക് ആകര്‍ഷിക്കുകയും അവന്റെ പരിശുദ്ധ പാനീയത്താല്‍ പവിത്രമാക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു സാധാരണയിലുള്ള നിയമ പ്രശ്നങ്ങള്‍ക്ക് ഇടമില്ലാതെ സകലമാന ആത്മീയ പദവികള്‍ കൊണ്ടും സ്ഥാനങ്ങള്‍ കൊണ്ടും അവര്‍ വിജയം കൊയ്തെടുത്തിരിക്കുന്നു”(ജാമിഉല്‍ഉസ്വൂല്‍: 117).
ഇബ്നു അറബി(റ) പറയുന്നു: “ഇലാഹിയ്യായ വെളിപാട് പെട്ടെന്ന് ആഗമിച്ചതിനാല്‍ ബുദ്ധി താങ്ങാനാകാതെ താളം തെറ്റിയതാണ് മജാദീബിന്റെ പ്രശ്നം. അവരുടെ സമനില സത്യത്തില്‍ അല്ലാഹുവിന്റെ അരികില്‍ ഗോപ്യമായി നില്‍ക്കുന്നുവെന്നതാണു നേര” (ഫുതൂഹാതുല്‍മക്കിയ്യ: 1/316).
മജ്ദൂബുകള്‍ക്കു സമനില തെറ്റിയ കാരണത്താല്‍ മതവിധികള്‍ നിര്‍ബന്ധമില്ലെന്നൊരു തത്വമുണ്ട്. ഈ വസ്തുത വ്യാജ വിഭാഗത്തിന്റെ ശക്തമായ വഞ്ചനക്കു പാത്രമായ ഒന്നാകുന്നു. ശരീഅതിന്റെ നിയമങ്ങള്‍ ലംഘിക്കുകയും തങ്ങള്‍ ത്വരീഖതിന്റെ ശയ്ഖും മുരീദുമൊക്കെയാണെന്നു നടിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ തെളിവായി ഉദ്ധരിക്കുന്നതു മജ്ദൂബുകളായ മഹാന്മാരെയാണ്. അതുകൊണ്ടു വ്യാജന്മാരാല്‍ വഞ്ചിതരാകാതിരിക്കാന്‍ ത്വരീഖതിലും ശരീഅതിലും മജ്ദൂബുകളുടെ സ്ഥാനത്തെപ്പറ്റി നാം അറിഞ്ഞിരിക്കണം.
ശരീഅതില്‍ മജ്ദൂബുകള്‍ മതശാസനാമുക്തരാണെന്നാണു പണ്ഢിതമതം. കാരണം, അവര്‍ക്ക് സമനിലതെറ്റി എന്നതുതന്നെ. സമനില തെറ്റാന്‍ കാരണം ആധ്യാത്മ ചിന്തയാണ്. ഇമാം ഇബ്നു അറബി(റ) പറയുന്നു: “ബഹാലീല്‍, മജാനീന്‍, മജാദീബ് എന്നിങ്ങനെ സമനില തെറ്റിയ മഹാന്മാരോടു മതമര്യാദികളെ പറ്റി തേട്ടമില്ല. എന്നാല്‍ ബുദ്ധിസ്ഥിരത ഉള്ളവനു മതനിയമം നിര്‍ബന്ധമാകുന്നു”(അല്‍ഫുതൂഹാത്: 2/511).
ശരീഅതില്‍ മജ്ദൂബ് ആര്‍ക്കും പ്രമാണമല്ലെന്നു ഈ പറഞ്ഞതില്‍ നിന്നു വ്യക്തമാകുന്നു. ഇങ്ങനെ പറയുന്നതു മജ്ദൂബിന്റെ മഹത്വത്തെ മാനിക്കാതിരിക്കലല്ല. അംഗീകരിക്കലാണ്. ഇത്തരക്കാരെ ദീനീ കാര്യത്തില്‍ രേഖയാക്കിയാല്‍ അതു ശരീഅതിന്റെ അസ് തിത്വത്തിനു തകര്‍ച്ച പറ്റാനും ജനങ്ങള്‍ വഴിതെറ്റാനും കാരണമാകും. അതുകൊണ്ട് ഇവരില്‍ നിന്നു ശരീഅതിനു വിരുദ്ധമായി വരുന്ന വാക്കുകളും പ്രവൃത്തികളും വിമര്‍ശന വിധേയമാണെന്നു തന്നെയാണു പണ്ഢിതമതം. ഔലിയാഇലെ മഹാനും അഗാധപണ്ഢിതനുമായ ഇമാം നവവി(റ) പറയുന്നതു കാണുക: “മജ്ദൂബുകളെ പോലെ ബുദ്ധി സ്ഥിരത തെറ്റിയവരുടെ കാര്യം അല്ലാഹുവിലേക്കു നാം വിടുന്നു. പക്ഷേ, അവരില്‍ നി ന്നു ദീനിനു വിരുദ്ധമായ കാര്യങ്ങള്‍ വന്നാല്‍ അതിനെ നാം എതിര്‍ക്കുക തന്നെ വേണം. വിശുദ്ധ ശരീഅതിന്റെ നിയമ സുരക്ഷയ്ക്ക് അത് ആവശ്യമാകുന്നു” (അല്‍മഖ്വാസ്വിദ്: 18).
സമനില തെറ്റുന്ന അവസരത്തില്‍ മജ്ദൂബുകള്‍ ശറഈ ശാസനക്കു വിധേയരല്ലെങ്കിലും സ്വബോധത്തില്‍ എത്തുന്ന അവസരത്തില്‍ നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. സാധാരണ വിശ്വാസിയോടുള്ള ശാസന തന്നെയാണു ദീനീകാര്യത്തില്‍ ഇവരോടും ഉള്ളത്. ഇമാം ശഅ്റാനി(റ) പറയുന്നതു കാണുക: “എന്റെ നേതാവ് ശയ്ഖ് അഹ്മദ് സത്വീഹ്(റ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഔലിയാഇല്‍ ചിലരെ അല്ലാഹു തന്റെ അദൃശ്യമറ കൊണ്ട് അനുഗ്രഹിക്കുന്നതാണ്. അതേസമയം അവന്‍ തന്റെ മഹത്വം അവര്‍ക്കു പ്രകടമാക്കിയാല്‍ അതിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കാകുന്നതല്ല. അല്ലാഹുവിന്റെ അപാരതയെ അവന്‍ ഹാജറാക്കിയാല്‍ ഒന്നും ഓര്‍ക്കാനാകാതെ അവന്‍ മജ്ദൂബായി തീരും. പിന്നെ ജനങ്ങള്‍ അവരുടെ കാര്യത്തില്‍ പരിഭ്രമിക്കുന്ന സ്ഥിതിവരും. അവരെ നിസ്കരിക്കുന്നതായി പോലും അവര്‍ കാണുന്നതല്ല.” ഇതു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു:
“ഇത്തരക്കാര്‍ക്കു ബോധം തിരിച്ചു വന്നാല്‍ നിസ്കാരങ്ങള്‍ വീണ്ടെടുക്കല്‍ നിര്‍ബന്ധമാണോ?” ശയ്ഖ് പറഞ്ഞു: “അതെ, നിര്‍ബന്ധമാകും” (മീസാനുല്‍കുബ്റാ: 1/157, 158)(110).
മജ്ദൂബുകളെ കുറിച്ചുള്ള ശറഈ വീക്ഷണമാണു മുകളില്‍ പറഞ്ഞത്. ശരീഅതില്‍ ഇവര്‍ പ്രമാണമാകാത്തതുപോലെ ത്വരീഖതിലും പ്രമാണമല്ലെന്നാണ് ആത്മജ്ഞാനികളുടെ വീക്ഷണം. ശറഈ വിരുദ്ധ ത്വരീഖതില്ലാത്തതിനാല്‍ ഇവരുടെ ശാസനരഹിത ജീവിതം ത്വരീഖതില്‍ രേഖയായി തീരുന്നതല്ല. അതുകൊണ്ട് ഇത്തരക്കാരെ ത്വരീഖതിന്റെ ശയ്ഖുമാരായി അവതരിപ്പിക്കുന്നതും വിശ്വസിക്കുന്നതും ഇവര്‍ പറയുന്ന ദീനീ വിരുദ്ധ തത്വങ്ങള്‍ സത്യമായി കാണുന്നതും തെറ്റാണെന്നു പണ്ഢിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു.
ഇബ്നു അറബി(റ) തങ്ങള്‍ പറയുന്നു: “ശരീഅതിന്റെ മര്യാദകള്‍ പാലിക്കാത്തവന്‍ എത്ര ഉന്നത പദവി അവകാശപ്പെട്ടാലും ആരുമതു തിരിഞ്ഞു നോക്കരുത്. അത്തരമൊരാള്‍ ഒരിക്കലും ശയ്ഖായി തീരുന്നതല്ല. ശരീഅതിന്റെ മര്യാദകള്‍ പാലിക്കാത്തവനെ ത്വരീഖതിന്റെ കാര്യത്തില്‍ വിശ്വസിക്കരുതെന്നാണു നിയമം. ശാസന സ്വീകാര്യമാകുന്ന ബുദ്ധിസ്ഥിരത ഉണ്ടാവണമെന്ന നിബന്ധന ഇക്കാര്യത്തില്‍ ഉണ്ട്. തക്ലീഫിന്റെ വൃത്തത്തില്‍ നിന്നും പുറത്തു കടക്കുന്ന വിധം ആത്മീയ കാരണത്താല്‍ തന്നെ സമനില തെറ്റിയവനാണെങ്കില്‍ അവന്റെകാര്യം അവനുതന്നെ വിടുകയാണു നമ്മുടെ കടമ. എന്നാലും അവനെ പിന്തുടര്‍ന്നു പോകരുത്. അവന്‍ വിജയിയാകാമെന്നതു വേറെ കാര്യം” (ശറഹുല്‍യൂസുഫ്/ഹിദായ: 190).
മജ്ദൂബ് ത്വരീഖതില്‍ അനുകരണീയന്‍ അല്ല എന്നത്രെ ഇബ്നു അറബി(റ) പറയുന്നത്. ഇക്കാരണത്താല്‍ ത്വരീഖതിന്റെ അവിഭാജ്യ ഘടകമായ ‘ശയ്ഖ് മുറബ്ബി’ ആകാന്‍ ഒരു മജ്ദൂബ് അര്‍ഹനല്ല. ഈ വസ്തുത ത്വരീഖത് സംബന്ധിയായ പ്രാമാണിക ഗ്രന്ഥങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇബ്രീസ് പറയുന്നു: “തനിച്ച മജ്ദൂബ് ഒരിക്കലും ശയ്ഖാകാന്‍ അര്‍ഹനല്ല. ശയ്ഖ് ആകുന്നതുമല്ല” (പേജ്: 236).
മജ്ദൂബുകളെ തര്‍ബിയതിനോ പിന്തുടര്‍ച്ചക്കോ പറ്റില്ലെന്ന് ഇബ്നു ഹജറില്‍ ഹയ്തമി  (റ) ഫതാവല്‍ഹദീസിയ്യയില്‍ (പേജ്: 224) പറഞ്ഞതു കാണാം. ചുരുക്കത്തില്‍ ശറഈ വിരുദ്ധമായ യാതൊന്നും അനുവദനീയമാകാന്‍ ത്വരീഖതില്‍ പഴുതില്ല. അതുകൊണ്ടു വ്യാജ ശയ്ഖുമാരായി രംഗത്തുവരികയും ദീനീവിരുദ്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചോദ്യം ചെയ്യുമ്പോള്‍ ജുദ്ബിന്റെ പേരുപറഞ്ഞു തടിതപ്പുകയും ചെയ്യുന്നതു നീതീകരിക്കാനാവില്ല. അത്തരമൊരു അവസ്ഥയുള്ളവന്‍ ശയ്ഖാകാന്‍ തന്നെ പറ്റില്ലെന്നു വരുമ്പോള്‍ പിന്നെന്തു തര്‍ബിയത്?
ജദ്ബിന്റെ ലേബലില്‍ ശറഈ വിരുദ്ധ ജീവിതം നയിക്കുന്ന വ്യാജന്മാരെ കാണാം. സമനില തെറ്റാത്ത ഈ കള്ളനാണയങ്ങളെ ഒരു വിധത്തിലും പരിഗണിക്കേണ്ടതില്ലെന്നും എതിര്‍ക്കുക തന്നെ വേണമെന്നുമാണ് ഇമാം നവവി(റ) അടക്കമുള്ളവര്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെ എതിര്‍ത്തെന്നു കരുതി യാതൊരു തെറ്റും വരാനില്ലെന്നും അവര്‍ നല്ല വരാണെങ്കില്‍ തന്നെ ശറഈ സംരക്ഷണം ലക്ഷ്യമാക്കി വിമര്‍ശിച്ചവന്‍ രക്ഷപ്പെട്ടവനാണെന്നും പണ്ഢിതന്മാര്‍ വിധിച്ചതു കാണാം.

ത്വരീഖതും സാധാരണക്കാരും

മനുഷ്യനെ അവന്റെ ബുദ്ധിയുടെ തോതനുസരിച്ചു സമീപിക്കണമെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നു.  ഓരോരുത്തര്‍ക്കും ഉള്‍ക്കൊള്ളാവുന്നവ മാത്രം ശരിയായ രൂപത്തിലും അളവിലും അവതരിപ്പിക്കണമെന്നാണ് ഇസ്ലാമിന്റെ നിലപാട്. വിശ്വാസകാര്യത്തില്‍ വരെ ഇസ്ലാം സ്വീകരിച്ച നയമിതാണ്. ഈ നയം ലംഘിക്കപ്പെടുന്നിടത്തു മനുഷ്യന്‍ വഴി തെറ്റുമെന്ന് ഇസ്ലാം കണക്കാക്കുന്നു. ത്വരീഖതിന്റെ കാര്യത്തില്‍ മാത്രം ഈ തത്വത്തിനു പ്രസക്തിയില്ലെന്നു വാദിക്കുന്നതില്‍ കഴമ്പില്ല. അതുകൊണ്ടു ത്വരീഖതിന്റെ വ്യവസ്ഥാപിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ അപ്പടി സാധാരണക്കാരനില്‍ അടിച്ചേല്‍പിക്കുന്നത് അനുചിതമാണ്. വിപരീതഫലമാണ് അതുളവാക്കുക.
ത്വരീഖതിന്റെ ചരിത്രത്തില്‍ പൊതുജനങ്ങള്‍ക്കു സാര്‍വത്രികമായ പ്രാധാന്യം നല്‍കപ്പെട്ടതിനു രേഖയില്ല. അതേ സമയം, തര്‍ബിയതിന്റെ പദവിയില്‍ വിരാജിച്ച മഹാന്മാര്‍ തങ്ങളുടെ ആത്മകാന്തി കൊണ്ടു അധമരായ പലരെയും ഉയരങ്ങളില്‍ എത്തിച്ചിട്ടുണ്ട്. തര്‍ബിയതിന്റെ തലത്തില്‍ സാധാരണകാരനെ ചേര്‍ത്ത് ത്വരീഖത് വിപുലപ്പെടുത്തണമെന്ന് ഏതെങ്കിലും മഹാന്‍ ആവശ്യപ്പെട്ടതായി കാണാനുമാവില്ല. സത്യമായ ത്വരീഖതില്‍ ചേരുന്നവരെ സാധാരണക്കാരന് ഉള്‍ക്കൊള്ളാനാകാത്ത പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വൈജ്ഞാനിക ചര്‍ച്ചകള്‍ക്കും വിധേയമാക്കിയിരുന്നതായാണു ചരിത്രം. തര്‍ബിയത് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ നിറുത്തിവെച്ചെന്നും യുവസമൂഹം ഈ മേഖലയില്‍ കാലുകുത്തുന്നതു പാടെ കുറഞ്ഞു പോയെന്നുമൊക്കെ ഇമാം സുറൂഖും(റ) ഖുശയ്രി(റ)യും പറഞ്ഞത് ഇതിനു മതിയായ തെളിവാണ്.
പൊതുജനത്തിന്റെ ആവശ്യം ശരീഅതാണ്. വിശ്വാസപരമായും കര്‍മപരമായും പാകപ്പെടാത്തവനായിരിക്കും സാധാരണക്കാരന്‍. നിസ്കാരത്തിന്റെ കാര്യത്തില്‍ തന്നെ നിബന്ധനകള്‍ കൃത്യമായി പാലിക്കാന്‍ അവന്‍ അറിവുള്ളവനായിരിക്കില്ല. ഇത്തരമൊരാളെ ത്വരീഖതില്‍ മുരീദാക്കണമെന്നു ശഠിക്കുന്നതു ബുദ്ധിക്കു നിരക്കുന്നതല്ല. ത്വരീഖത്, നന്നായവരെ ആത്മീയമായി ഉയരങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന സരണിയാണ്. കള്ളുകുടി, പെണ്ണുപിടി, പലിശ വാങ്ങല്‍ തുടങ്ങിയവ നിറുത്തല്‍ ചെയ്യുക ശരീഅതിന്റെ പ്രബോധന വിഷയമാണ്. അതുപോലെ, നിസ്കരിക്കാത്തവന്‍ നിസ്കാരം തുടങ്ങേണ്ടതു ശരീഅതിന്റെ ആവശ്യവും കല്‍പനയുമാണ്. ത്വരീഖതിന്റെ ആവശ്യം നേര ത്തെ തന്നെ നിസ്കരിച്ചു കൊണ്ടിരിക്കുന്നവരുടെ നിസ്കാരത്തില്‍ അന്യചിന്തകള്‍ വെടിഞ്ഞു അല്ലാഹുവില്‍ ലയിക്കാന്‍ പ്രേരിപ്പിക്കലാണ്. ശരീഅത്തില്‍ വട്ടപ്പൂജ്യമായവനെ ത്വരീഖതിലേക്കു തള്ളി വിടുന്നതു സമുദ്ര സഞ്ചാരം ഉദ്ദേശിക്കുന്നയാളെ കപ്പലില്ലാതെ കടലില്‍ തള്ളുന്നതിനു തുല്യമാണ്. ത്വരീഖത് വയറ്റിപ്പിഴുപ്പിനുള്ള വകയായി ധരിച്ചവര്‍ക്കേ ഇതിനു സാധിക്കൂ.
സാധാരണക്കാരന്‍, വിശേഷക്കാരന്‍ എന്നിങ്ങനെ രണ്ടു വിഭാഗത്തെ ആധ്യാത്മ ചര്‍ച്ചയില്‍ അവതരിപ്പിച്ചതു കാണാം. ‘അവാമുന്നാസ്’ എന്ന സംജ്ഞ ഉപയോഗിച്ചാണു സാധാരണ പൊതുജനത്തെ പരിചയപ്പെടുത്തുന്നത്. മറ്റുള്ളവരെപ്പറ്റി ‘ഖവാസ്വ്’ എന്നും പറയും. ഖവാസ്വില്‍ തന്നെ കൂടുതല്‍ ഉന്നതങ്ങള്‍ കരസ്ഥമാക്കിയവരെ ‘ഖവാസ്വുല്‍ഖവാസ്വ്’ എന്നു പിന്നെയും വകതിരിക്കാവുന്നതാണ്. ഇത്തരമൊരു വകതിരിവ് ആവശ്യമായി വന്നതു തസ്വവ്വുഫിന്റെ കാര്യത്തില്‍ സാധാരണക്കാരന്റെ അതിരും വരമ്പും വ്യക്തമാക്കാനാണ്. ഖുര്‍ആന്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
‘തഖ്വ’ എന്ന ആധ്യാത്മ ആശയത്തെ ഉദാഹരണമായെടുത്താല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്. തഖ്വ പരിശുദ്ധ ദീനിന്റെ നാരായ വേരാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ശരീഅതിലും ത്വരീഖതിലും തഖ്വയാണു പ്രധാനം. സാധാരണക്കാരനും അസാധാരണക്കാരനും, അസാധരണക്കാരില്‍ അസാധാരണക്കാരനും തഖ്വ വേണം. എന്നാല്‍ ഈ മൂന്നുവിഭാഗത്തിനും തഖ്വ വ്യത്യസ്തമാണ്. അല്ലാമാ അഹ്മദ് ള്വിയാഉദ്ദീന്‍(റ) പറയുന്നതു കാണുക:
“ഇസ്ലാമില്‍ തഖ്വ എന്നു പറഞ്ഞാല്‍ ദുന്‍യാവിന്റെയും ആഖിറത്തിന്റെയും അപകടങ്ങളെ കാത്തു രക്ഷിക്കലാണ്. ഇത് ഏറെ വ്യാപ്തിയുള്ളതും ഏറ്റക്കുറച്ചിലുകള്‍ക്കു വിധേയവുമാണ്. തഖ്വയുടെ ഏറ്റവും താഴ്ന്നപടി ശിര്‍കില്‍ നിന്നുള്ള മോചനമാണ്. ഏറ്റവും ഉയര്‍ന്ന പടി നിരോധനപരമായ ശാസനകളുടെ പേരില്‍ വരുന്ന ശിക്ഷയെ കാത്തു രക്ഷിക്കലും. എന്നാല്‍ ഹഖീഖതിന്റെ വാക്താക്കളുടെ വീക്ഷണത്തില്‍ തഖ്വ രൂപപ്പെടണമെന്നുണ്ടെങ്കില്‍ മേല്‍ പറഞ്ഞതിനു പുറമെ അല്ലാഹുവല്ലാത്തവയില്‍ വ്യാ പൃതമാകുന്നതില്‍ നിന്നു മനസ്സിനെ പ്രതിരോധിക്കലും പരിപൂര്‍ണമായി അവനിലേക്ക് അലിഞ്ഞുചേരലും ഉള്‍പ്പെടും. വിധിപ്രകാരം തഖ്വ പുലര്‍ത്തണമെന്ന ഖുര്‍ആനിക ആജ്ഞയുടെ പൊരുള്‍ ഇതാകുന്നു. തഖ്വ ഉണ്ടാകാന്‍ വ്യക്തവും അവ്യക്തവുമായ ശിര്‍ക്കില്‍ നിന്നു മോചിതനാവേണ്ടതുണ്ട്. വ്യക്തവും അവ്യക്തവുമായ ശിര്‍ക്കിന്റെ തോതു വ്യക്തികള്‍ക്കനുസരിച്ചു മാറി വരും. സാധാരണക്കാരനെ സംബന്ധിച്ചു വ്യക്തമായ ശിര്‍ക്ക് എന്നു പറയുന്നതു തനി കുഫ്റ് അഥവാ സത്യനിഷേധമാകുന്നു. അവ്യക്തമായ ശിര്‍ക്ക് നാവുകൊണ്ട് അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും അകത്തളം അല്ലാഹുവല്ലാത്തവയില്‍ പിടികൊടുക്കലുമാണ്. സാധാരണക്കാരെ സംബന്ധിക്കുന്ന അവ്യക്തമായ ഈ പങ്കുചേര്‍ക്കലാണ് അസാധാരണക്കാരുടെ(ഖവാസ്വ്) വ്യക്തമായ ശി ര്‍ക്ക്. ഇവരുടെ അവ്യക്തമായ ശിര്‍ക് ദുന്‍യാവിലേക്കും ഭൌതിക മാര്‍ഗങ്ങളിലേക്കും തി രിയലാകുന്നു. ഖവാസ്വിന്റെ ഈ അവ്യക്ത ശിര്‍കാണു ഖവാസ്വുല്‍ഖവാസ്വിന്റെ വ്യക്തമായ ശിര്‍ക്ക്. ഇവരുടെ അവ്യക്തമായ ശിര്‍ക്ക് പരലോക സുഖത്തിലേക്ക് കണ്ണ് നടലും ഇബാദത്തു കൊണ്ടു ശിക്ഷ-രക്ഷകളെ ലക്ഷ്യം വെക്കലുമാകുന്നു. ഈ വിഭാഗമാകുന്നു ദൂരങ്ങള്‍ താണ്ടിക്കടന്ന സമീപസ്ഥര്‍. ഈ മൂന്നു കൂട്ടരുടെയും പരലോക ഫലങ്ങളെ ക്കുറിച്ചു ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട് (ജാമിഉല്‍ഉസ്വൂല്‍: 326).
ഈ പറഞ്ഞതനുസരിച്ചു ത്വരീഖതിന്റെ മഹത്തായ പദവി നേടിയവര്‍ക്കു ശിര്‍ക്കായിത്തീരുന്നവ  (ശിക്ഷ-രക്ഷ-സ്വര്‍ഗ-നരക ലക്ഷ്യം) സാധാരണക്കാരായ നമുക്കു ലക്ഷ്യമായി മാറുന്നു.
തഖ്വയെക്കുറിച്ചു വിശദീകരിക്കുമ്പോള്‍ ഇമാം ഖുശയ്രി(റ) പറയുന്നതു കാണുക: തഖ്വയുടെ അടിത്തറ ശിര്‍ക്ക് സംഭവിക്കുന്നതു തടയലാകുന്നു. ശേഷം കുറ്റങ്ങളും കു റവുകളും ഭവിക്കുന്നതിനെ കാക്കലാണ്. തുടര്‍ന്നു വരുന്ന പദവി, ഹറാമോ ഹലാലോ എന്നു വ്യക്തമല്ലാത്തവ ഒഴിവാക്കലും പിന്നെ അനാവശ്യമെന്നു തോന്നുന്നവ മുഴുക്കെ ഒഴിവാക്കലുമാകുന്നു”(രിസാല: 52).
തഖ്വയെ പരാമര്‍ശിക്കവെ ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക: “തഖ്വയുടെ പദവികള്‍ മൂന്നാകുന്നു. ഒന്ന് ശിര്‍ക്കിനെ സൂക്ഷിക്കല്‍. രണ്ടാമത്തതു ബിദ്അതിനെ സൂ ക്ഷിക്കല്‍. മൂന്നാമത്തതു ശാഖാപരമായ കുറ്റങ്ങളെ സൂക്ഷിക്കല്‍. ദുര്‍വൃത്തികള്‍ രണ്ടി നമാണ്. ഒന്ന് അടിസ്ഥാനപരമായവ. തനിച്ച പാപങ്ങളാണിത്. രണ്ടാമത്തത് അടിസ്ഥാനപരമല്ലാത്തവ. ഹലാലില്‍ നിന്നു തന്നെ ആവശ്യത്തിനപ്പുറം വരുന്നവ ഈ ഗണത്തില്‍ പെടുന്നു. ഇതില്‍ ഒന്നാമത്തിതിനെ സൂക്ഷിക്കല്‍ നിര്‍ബന്ധമാണ്. ഈ സൂക്ഷ്മത ഒഴിവാക്കിയാല്‍ ശിക്ഷ ഉറപ്പാണ്. രണ്ടാമത്തത് ഉത്തമമായ തഖ്വയാണ്. ഇത് ഉപേക്ഷിച്ചാല്‍ ആക്ഷേപിതനായിത്തീരും. ഒന്നാമത്തെ തഖ്വ നിലനിറുത്തിയാല്‍ ഒന്നാമത്തെ പദവി നേടാം. അനുസരണത്തിന്റെ നേരായ മാര്‍ഗമാകുന്നു അത്. രണ്ടാമത്തെ തഖ്വ കൊണ്ടുവന്നാല്‍ ഉന്നത പദവി നേടാവുന്നതാണ്. കുറ്റങ്ങള്‍ ഉപേക്ഷിക്കുക, ആവശ്യമില്ലാത്തവ ഒഴിവാക്കുക എന്നിങ്ങനെ രണ്ടിനം തഖ്വ ഒരാള്‍ക്ക് ഒരുമിച്ചുകൂട്ടാനായാല്‍ അവന്‍ തഖ്വ എന്ന ആശയത്തെ പൂര്‍ത്തീകരിച്ചതായി പറയാം” (റൌളതുത്ത്വാലിബീന്‍: 228).
ഇത്രയും പറഞ്ഞതില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. ആധ്യാത്മ കാര്യത്തില്‍ സാധാരണക്കാര്‍, അസാധാരണക്കാര്‍ എന്ന വേര്‍തിരിവു പണ്ഢിത ലോകം അംഗീകരിച്ചതാണ്. ഇസ്ലാമിന്റെ നാരായവേര് എന്നു പറയാവുന്ന തഖ്വയുടെ കാര്യത്തില്‍ തന്നെ കഥ ഇതാണെന്നിരിക്കെ ത്വരീഖത് എല്ലാവര്‍ക്കും സ്വീകാര്യമാണെന്നും നിര്‍ബന്ധമാണെന്നും വരുത്തി വേണ്ടത്ര വിവരമില്ലാത്തവരെ ത്വരീഖത്തിലേക്കു വലിച്ചിഴക്കുന്നതു നീതീകരിക്കാവുന്നതല്ല.
കഴിവിനപ്പുറത്തേക്ക് ആജ്ഞകള്‍ വെക്കുന്ന മതമല്ല ഇസ്ലാം. ഇതു ഖുര്‍ആന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ത്വരീഖതിന്റെ ലോകത്തെ തഖ്വയും നിസ്കാരവുമൊക്കെ കടുത്ത നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അവ പാലിക്കാന്‍ ഒരു സാധാരണക്കാരനു സാധിക്കില്ല. അതുകൊണ്ടാണല്ലോ അവര്‍ സാധാരണക്കാരായത്. അതുകൊണ്ട് അത്തരക്കാരെ ത്വരീഖതിലേക്കു ചേര്‍ക്കുന്നതില്‍ തത്രപ്പെടുന്നതു വങ്കത്തമാണ്. ഖുര്‍ആന്‍ പറയുന്നതു കാ ണുക:
“നിങ്ങള്‍ കഴിയുന്ന വിധത്തില്‍ അല്ലാഹുവിനു തഖ്വ ചെയ്യുവീന്‍” (സൂറതുത്തഗാബു ന്‍: 16). ഖുര്‍ആന്റെ ഈ ആജ്ഞയെ പരാമര്‍ശിച്ച് ഇസ്മാഈലുല്‍ ഹിഖി(റ) പറയുന്നു: “ഇബ്നു അത്വാഉഷ്ടാ(റ) പറഞ്ഞു: ഖുര്‍ആന്റെ കല്‍പന പ്രതിഫലം കൊണ്ട് അല്ലാഹുവിനെ തൊട്ടു സംതൃപ്തരാവുന്നവരോടാണ്. എന്നാല്‍ അല്ലാഹുവിനെ കൊണ്ടല്ലാതെ സംതൃപ്തരാകാത്തവരോടുള്ള ആജ്ഞ ‘വിധിപ്രകാരം നിങ്ങള്‍ തഖ്വ: ചെയ്യുവീന്‍” എന്നതാണ്. തഖ്വയുടെ കാര്യത്തില്‍ അബ്റാറും (നല്ല ജനങ്ങള്‍) മുഖര്‍റബീങ്ങളും (സമീപസ്ഥര്‍) തമ്മിലുള്ള അന്തരത്തിലേക്കാണു മഹാന്‍ സൂചന നല്‍കുന്നത്. “കഴിയു ന്നമാതിരി തഖ്വ ചെയ്യൂ എന്നത് അബ്റാറിനെ ഉദ്ദേശിച്ചും ‘വിധിപ്രകാരം തഖ്വ ചെയ്യൂ’ എന്നതു സമീപസ്ഥരെ ഉദ്ദേശിച്ചുമാണ്. സമീപസ്ഥരുടെ സ്ഥിതി ആലങ്കാരികമായ ഈ ഉണര്‍ച്ചയില്‍ നിന്നു പറ്റെ പുറത്തു കടക്കലാണ്. അതത്രെ തഖ്വയുടെ യാഥാര്‍ഥ്യവും ഹഖും” (റൂഹുല്‍ബയാന്‍: 10/20).
സാധാരണക്കാരന്റെയും പ്രത്യേകക്കാരുടെയും തഖ്വയെ വിശുദ്ധ ഖുര്‍ആന്‍ തന്നെ വേര്‍തിരിച്ചിരിക്കുന്നതാണിവിടെ കാണുന്നത്. കഴിയുന്നമാതിരി തഖ്വ ചെയ്താല്‍ മതി യെന്ന ഖുര്‍ആന്റെ നിലപാട്, കഴിയാത്ത വിധത്തിലുള്ള തഖ്വ പൊതുജനത്തില്‍ നിന്ന് ഉണ്ടാകണമെന്നു ശഠിക്കുന്നതില്‍ അര്‍ഥമില്ലെന്നു വ്യക്തമാക്കുന്നു. ത്വരീഖതിന്റെ പേരി ല്‍ ഇത്തരം അടിച്ചേല്‍പിക്കലുകള്‍ നടത്തുന്നതു തെറ്റാണ്.
സാധാരണക്കാരനെ ത്വരീഖതിലേക്കു തള്ളിവിടുന്നതിലെ മറ്റൊരാപത്ത് ഇസ്ലാമികാനുഷ്ഠാന കാര്യങ്ങളിലെ മുന്‍ഗണനാക്രമം തെറ്റിക്കുന്നുവെന്നതാണ്. സാധാരണക്കാരന് ഒന്നാമത്തെ ബാധ്യത ശരീഅതിന്റെ ബാഹ്യനിയമങ്ങള്‍ പരമാവധി പഠിക്കലും തെറ്റുകൂടാതെ കര്‍മങ്ങള്‍ നിര്‍വഹിക്കലുമാണ്. ഇതിനു തന്നെ സമയം കിട്ടാത്തവനെ ആത്മജ്ഞാന രഹസ്യങ്ങള്‍ പഠിപ്പിക്കാന്‍ കൈപിടിച്ചാനായിക്കുന്നതു മതം നിശ്ചയിച്ച മുന്‍ഗണനാക്രമത്തിനോടുള്ള വെല്ലുവിളിയാണ്. ശരീഅതില്ലാതെ ത്വരീഖതില്ല. ശരീഅത്ത്-ത്വരീഖത്ത്-ഹഖീഖത്ത് എന്ന ക്രമം തെറ്റിക്കുന്നിടത്ത് പതനം എളുപ്പമാകും. നവജാത ശി ശുവിനു ആട്ടിറച്ചി പൊരിച്ചു നല്‍കുന്ന അനുഭവമാണ് ഇതുമൂലം ഉണ്ടാവുക. ആട്ടിറച്ചി മോശമായതല്ല അത്യാഹിതം സംഭവിക്കാന്‍ കാരണം, അത് ഉള്‍ക്കൊള്ളാന്‍ കുഞ്ഞ് പാകപ്പെടാത്തതാണു പ്രശ്നം. ഇതുപോലെ, ത്വരീഖതിനു പാകപ്പെടാത്തവനെ അതിലേ ക്കു തള്ളിവിട്ടാല്‍ അവന്റെ ജീവിതം താളംതെറ്റും. ത്വരീഖത്ത് സാധാരണക്കാരനു നിര്‍ ദ്ദേശിക്കുന്നവര്‍ എന്തുകൊണ്ട് അത് പറ്റില്ലെന്ന വസ്തുത ചിന്തിക്കുന്നില്ല? ഇമാം ഗസ്സാലി  (റ) പറയുന്നതു കാണുക:
“സാധാരണക്കാരന് അഗാധ അര്‍ഥതലങ്ങളുള്ള വിജ്ഞാനം ഒരിക്കലും കൈമാറരുത്. അത്യാവശ്യമായ ഇബാദതുകള്‍, ചെയ്യുന്ന തൊഴിലുകളില്‍ വിശ്വസ്തനാകേണ്ടതിന്റെ ആവശ്യകത തുടങ്ങിയ സാമാന്യകാര്യങ്ങള്‍ പഠിപ്പിച്ചു മതിയാക്കണം. അതുപോലെ, അവരുടെ മനസ്സില്‍ സ്വര്‍ഗ-നരക-മോഹ-ഭയ ചിന്തകള്‍ ഖുര്‍ആന്‍ പറഞ്ഞതുപോലെ നിറക്കുകയും വേണം. അതല്ലാതെ, അവര്‍ക്കു മുമ്പില്‍ ചര്‍ച്ചയുടെ കവാടങ്ങള്‍ തുറന്നിടരുത്. അങ്ങനെ ചെയ്താല്‍ ജനങ്ങളുടെ നിലനില്‍പിനും ഖവാസ്വിന്റെ നിത്യജീവിതത്തിനും അത്യാന്തേപിക്ഷിതമായ ഭൌതിക ജീവിത സമ്പാദന മാര്‍ഗങ്ങള്‍ നിലച്ചുപോകും” (ഇഹ്യ: 1/58).
ത്വരീഖതിന്റെ അറ്റം കണ്ട ഇമാമാണു ഗസ്സാലി(റ). മഹാനാണു സാധാരണക്കാരന്റെ ജീവിതരേഖ വരച്ചുകാണിക്കുന്നത്. പൊതുജനത്തിന് ഇത്തരം അഗാധ ജ്ഞാന മാര്‍ഗങ്ങള്‍ തുറന്നുകൊടുത്താല്‍ ലോകത്തിന്റെ നിശ്ചലതക്കു തന്നെ അതു കാരണമായേക്കുമെന്നു മഹാന്‍ ഭയക്കുന്നു. ത്വരീഖതിന്റെ പേരുപറഞ്ഞ് ഉള്ള മീന്‍കച്ചവടം കൂടി നിറു ത്തി കുടുംബത്തിനു പട്ടിണിയുണ്ടാക്കുന്ന ത്വരീഖത് വ്യവസായങ്ങളെ മുന്നില്‍ കാണുകയാണ് മഹാന്‍.
ത്വരീഖതിന്റെ ഭാഗമായിവരുന്ന ആശയങ്ങള്‍ സാധാരണക്കാരനില്‍ വിപരീതഫലം സൃ ഷ്ടിക്കുമെന്ന വാദക്കാരനാണ് ഇമാം ഗസ്സാലി(റ). ത്വരീഖതില്‍ പ്രധാനമായ ഏകാന്തവാസത്തെ(ഉസ്ലത്) പരാമര്‍ശിച്ച് ഇമാം പറയുന്നതു കാണുക: “ദീനീ വിജ്ഞാനം പഠിക്കുന്നതിനു ബുദ്ധിയും സാഹചര്യവും ഒത്ത ഒരാള്‍ക്ക് പഠനത്തിനു മുമ്പ് ഏകാന്തവാസം അങ്ങേയറ്റത്തെ പരാജയം വരുത്തും. ഇതു കൊണ്ടാണ് ഇമാമീങ്ങള്‍ പറഞ്ഞിരിക്കുന്ന ത്, നീ ആദ്യം ഫിഖ്ഹ് പഠിക്കൂ. ശേഷം ഉസ്ലതെടുക്കൂ എന്ന്. പഠനത്തിനു മുമ്പ് ഏകാ ന്തവാസത്തിനു പോയാല്‍ കുറെ ഉറങ്ങിയും അനാവശ്യ ആലോചനകളിലേര്‍പ്പെട്ടും ജീ വിതം കഴിഞ്ഞു പോകും. മാത്രമല്ല ഹൃദയം കൊണ്ടും ശരീരം കൊണ്ടും താന്‍ ചെയ്യു ന്ന അനുഷ്ഠാനങ്ങള്‍ ചതിയില്‍ പെട്ടുപോകുന്നതും താനറിയാതെ തന്നെ അറിവില്ലായ്മ കൊണ്ട് പൊളിഞ്ഞു പാളീസാകുന്നതുമാണ്. അവന്‍ എപ്പോഴും പിശാചിന്റെ പരിഹാസ പാത്രമായി മാറുന്നതാണ്. താനൊരു ആരാധനക്കരനാണെന്നു നടിക്കാന്‍ അതു കാരണമാകും. ഇല്‍മാണു ദീനിന്റെ അടിത്തറ. സാധാരണക്കാരനും വിവരമില്ലാത്തവനും ഉസ് ലത് നന്മ വരുത്തുന്നതല്ല”(ഇഹ്യാഅ്: 2/236).
ഇമാമിന്റെ ഈ വീക്ഷണം സാധാരണക്കാരനും ത്വരീഖതും തമ്മിലെ ബന്ധത്തെ വ്യക്തമാക്കിത്തരുന്നു. സാധാരണക്കാരന്‍ അത്തരം ആത്മീയ കാര്യങ്ങളുമായി പെട്ടെന്ന് ഒറ്റയടിക്ക് ബന്ധപ്പെടുമ്പോള്‍ തെറ്റിധാരണ വരാനും പിശാചിന്റെ കെണിയില്‍ അകപ്പെടാനും സാധ്യത ഏറെയാണ്. ആത്മീയ സംജ്ഞകള്‍ തെറ്റായി വ്യാഖ്യാനിച്ചു ശറഇനെ തന്നെ കൈവിട്ടവരുടെ കഥ ഇമാം ഇബ്നു ഹജറില്‍ ഹയ്തമി(റ) ഫതാവയില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു അറബി(റ)യെപ്പോലെയുള്ള ആത്മജ്ഞാനികളുടെ ഗ്രന്ഥങ്ങളുടെ പാരായണം പോലും സാധാരണക്കാരനു യോജിച്ചതല്ലെന്നാണു പഢ്ഢിതാഭിപ്രായം. ഇബ്നു ഹജറില്‍ ഹയ്തമി(റ) പറയുന്നു:
“ഇബ്നു അറബി(റ) തങ്ങളെപ്പോലെയുള്ള മഹാന്മാരുടെ ആത്മജ്ഞാന ഗ്രന്ഥങ്ങള്‍ പാ രായണം ചെയ്യുന്നതില്‍ നിന്നു ജനങ്ങളെ തടയണമെന്നതു നിയമമാകുന്നു. ആധ്യാത്മ രംഗത്ത് അങ്ങേയറ്റമെത്തിയ, കിതാബ്-സുന്നത്തിന്റെ ആഴങ്ങള്‍ താണ്ടിയ ആരിഫീങ്ങ ള്‍ക്കല്ലാതെ മനസ്സിലാക്കാനാകാത്ത പല രഹസ്യങ്ങളും ആ ഗ്രന്ഥങ്ങളില്‍ കിടപ്പുണ്ട്. ഇത്തരമൊരു പദവി എത്തിക്കാത്തവന്‍ അവ വായിച്ചാല്‍ കാല്‍ വഴുതി ആശയക്കുഴപ്പത്തില്‍ വീണു പോകുന്നതാണ്. ചില അവിവേവികള്‍ അവ വായിച്ച് ഇസ്ലാമിക ശരീഅതിന്റെ ഹാരം കഴുത്തില്‍ നിന്നു പൊട്ടിച്ചെറിഞ്ഞു ശിര്‍ക്കില്‍ അകപ്പെട്ടതായി നമ്മുടെ അനുഭവത്തില്‍ തന്നെയുണ്ട്. വ്യക്തമായ പരാജയം എന്നല്ലാതെന്തു പറയാന്‍. ഒരു ആ ത്മജ്ഞാനിക്ക് അവ ആവശ്യമായതല്ല. മറ്റുള്ളവര്‍ക്ക് അതു നോക്കുന്നതിനാല്‍ ദോഷഫലങ്ങള്‍ ഇല്ലായെങ്കില്‍ തന്നെ ഉപകാരം ഏതായിരുന്നാലും ഇല്ലല്ലോ. അതേസമയം ഇബ്നു അറബീ(റ) തങ്ങളുടെ തന്നെ ആത്മ ശിക്ഷണവും സ്വഭാവ സംസ്കരണവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍ ഉണ്ട്. അവ ഇമാം ഗസ്സാലി(റ)ന്റെയും അബൂത്വാലിബുല്‍മക്കി(റ)യുടെയുമൊക്കെ കിതാബുകള്‍ പോലെ ഇഹ-പരനേട്ടങ്ങള്‍ക്കുതകുന്നവയാകുന്നു. അത്തരം കൃതികള്‍ പാരായണം ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല”(ഫതാവല്‍ ഹദീസിയ്യ: 210).
മന:ശാസ്ത്രം
സാധാരണക്കാര്‍ ത്വരീഖതില്‍ കുടുങ്ങുകയും പണ്ഢിതന്മാരെ പുറം തള്ളുകയും ചെ യ്യുന്ന സ്ഥിതി ഇന്നു വ്യാപകമാണ്. വ്യാജത്വരീഖതുകള്‍ സൃഷ്ടിച്ച മഹാവിപത്തും വഞ്ചനയുമാണിത്.  സാധാരണക്കാര്‍ ഈ വിഷയത്തില്‍ തല്‍പരരാകുന്നതിനു പിന്നിലെ മന:ശാസ്ത്രം ലളിതമാണ്.
ദീനീ വിജ്ഞാന കാര്യത്തില്‍ വട്ടപൂജ്യമായവര്‍ക്കു ത്വരീഖതിലെത്തിയാല്‍ അങ്ങേയറ്റ ത്തെ മഹത്വവും വൈജ്ഞാനികമായി ധ്രുതഗതിയിലുള്ള ഉയര്‍ച്ചയും കൈവരുമെന്നാണു പലരും ധരിച്ചിരിക്കുന്നത്. ത്വരീഖതില്‍ ചേര്‍ന്നിട്ടെങ്കിലും തങ്ങള്‍ക്കു പഠിക്കാനാകാത്തതിന്റെ വിടവു തീര്‍ത്തു, പണ്ഢിതന്മാര്‍ക്കൊപ്പം തിളങ്ങണമെന്ന് അവര്‍ മോഹിക്കുന്നു.  ഇത്തരമൊരു വിചാരത്തിന്റെ ഫലമായാണു ത്വരീഖതില്‍ ചേര്‍ന്നവരായി നടിക്കുന്ന വങ്കന്മാര്‍ പണ്ഢിതരെ കൊഞ്ഞനം കുത്തുകയും വിലകുറച്ചു കാണിക്കുകയും ചെയ്യുന്നത്. ത്വരീഖതിലായതോടെ വര്‍ഷങ്ങള്‍ പഠിച്ചും പഠിപ്പിച്ചും കഴിയുന്ന ആലിമീങ്ങള്‍ക്കൊപ്പമല്ല അവര്‍ക്കുമപ്പുറത്തു തങ്ങളും എത്തിപ്പെട്ടുവെന്ന് ഇവര്‍ അഹങ്കരിക്കുന്നു. പണ്ഢിതന്മാരുടെ മഹത്വത്തില്‍ ചിലര്‍ പുലര്‍ത്തുന്ന പൈശാചികമായ അസൂയയും അനര്‍ഹമായ അത്യാഗ്രഹവുമത്രെ ഈ നാടകങ്ങള്‍ക്കു പിന്നില്‍. അല്ലാതെ നന്നാകലും അപരനെ നന്നാക്കലുമൊന്നുമല്ല.
സാധാരണക്കാരന്റെ ബാധ്യത
വ്യാജന്മാര്‍ വിലസുന്ന ഇക്കാലത്തു സാധാരണക്കാരന്റെ കടമ പരമാവധി മതവിജ്ഞാനം നുകരലും പണ്ഢിതന്മാരെ അനുസരിക്കലും കര്‍മങ്ങള്‍ ആത്മാര്‍ഥമായി നിര്‍വഹിക്കലുമാകുന്നു. സാദ് മുസ്ലിം പറയുന്നു: “അഗ്രേസരന്മാരായ ഉപദേഷ്ടാക്കള്‍ പറഞ്ഞിരിക്കുന്നത് ഇക്കാലത്തു കിതാബ്-സുന്നത്ത് പിന്തുടരണമെന്നാണ്. ഇക്കാലത്തെ സ്വൂഫികളുടെ ത്വരീഖതില്‍ പ്രവേശിക്കുന്നതിനെ അവര്‍ താക്കീതു ചെയ്തിരിക്കുന്നു” (3/384).
ത്വരീഖതിനെ പാടെ വിമര്‍ശിക്കുന്നതോ വിലകുറച്ചു കാണിക്കുന്നതോ അല്ല ഇത്തരമൊരു മുന്നറിയിപ്പ്. കറകളഞ്ഞ തസ്വവ്വുഫ് ഇല്ലാതെ പോകുന്നിടത്തു ജനങ്ങള്‍ക്കു പരാജയം പറ്റാതിരിക്കാനുള്ളതാണ്. പൊതുജന ബാധ്യതയാണിവിടെ മഹാന്മാര്‍ ഉണര്‍ത്തുന്നത്. നമ്മുടെ ബാധ്യതയിലേക്കു വിരല്‍ചൂണ്ടി ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക: “നിനക്ക് ആദ്യമായി വേണ്ടത് ആരാധ്യനെ അറിയലാകുന്നു. അവന്റെ നാമ-വിശേഷണങ്ങള്‍, നിര്‍ബന്ധങ്ങള്‍, അസംഭവ്യമായ ഗുണങ്ങള്‍ തുടങ്ങിയവ അറിയാതെ നിനക്കെങ്ങനെ അവനെ ആരാധിക്കാനാകും? അതുകൊണ്ട് ആദ്യം നീ അതു പഠിക്കുക. അല്ലാതിരുന്നാല്‍ തെറ്റായ വിശ്വാസത്തെ അവനില്‍ വെച്ചുപുലര്‍ത്താന്‍ കാരണമായേക്കും. രണ്ടാമതായി നിനക്കു നിര്‍ബന്ധമായതു മതപരമായി നിര്‍ബന്ധവും തിരസ്കൃതങ്ങളുമായ കാര്യങ്ങള്‍ അറിഞ്ഞുവെക്കലാകുന്നു. ഇങ്ങനെ നിര്‍ബന്ധമായവ അറിഞ്ഞും നിര്‍ ബന്ധമായവ അനുഷ്ഠിച്ചും മുന്നേറിയാല്‍ തന്നെ നീ ഒരു അനുഷ്ഠാനിയായ പണ്ഢിതനാകുന്നതാണ”(റൌളതുത്ത്വാലിബീന്‍: 193).
ജീവിതത്തില്‍ അത്യന്താപേക്ഷിതമായതില്‍ ആദ്യത്തേത് നിര്‍ബന്ധ കര്‍മങ്ങള്‍ അനുഷ് ഠിക്കലാകുന്നു. അതു കഴിഞ്ഞാല്‍ സുന്നത്തായ കര്‍മങ്ങള്‍ അനുഷ്ഠിക്കണം. ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക: “നീ ഫര്‍ള്വുകള്‍ കൃത്യമായി വീട്ടാന്‍ മുന്നിട്ടിറങ്ങുക. ഫര്‍ള്വിന്റെ കാര്യത്തില്‍ ബദ്ധശ്രദ്ധനായാല്‍ നിനക്കു സ്വത്വമുണ്ടായിത്തീരുന്നതാണ്. ശേഷം ഫര്‍ള്വുകള്‍ക്കു സംരക്ഷണമേകാന്‍ സുന്നത്തുകള്‍ ചെയ്ത് കൊണ്ടിരിക്കുക. ഇബാദത്ത് ഏറുന്നതിനനുസരിച്ചു നന്ദിയും ഭയവും വര്‍ധിക്കുന്നതാണ്. യഹ്യബ്ന്‍ മുആദ്(റ) പറഞ്ഞു: “ഫര്‍ള്വുകള്‍ വെടിഞ്ഞു സുന്നത്തുകള്‍ പാലിക്കുന്നവന്റെ കാര്യ മോര്‍ത്തു ഞാന്‍ അത്ഭുതപ്പെട്ടുപോയി. കടം തന്നവനു തതുല്യമായ തുക ദാനമായി കൊടുത്താല്‍ അവധി വന്നാല്‍ കടസംഖ്യ തിരിച്ചു ചോദിക്കാതിരിക്കില്ലല്ലോ എന്ന് എന്തു കൊണ്ട് ഇവര്‍ ചിന്തിക്കുന്നില്ല. അബൂബക്റുല്‍ വര്‍റാഖ്(റ) പറയുന്നതു നിര്‍ബന്ധങ്ങളെ ഐഛികങ്ങളെക്കാളും ബാഹ്യമായതിനെ ആന്തരികമായതിനെക്കാളും പ്രവൃ ത്തിയെ സംസാരത്തേക്കാളും മുന്തിക്കണമെന്നാണ്” (റൌള്വതുത്ത്വാലിബീന്‍: 118, 119).
ഇമാം തുടരുന്നു: “അല്ലാഹുവുമായി ബന്ധപ്പെട്ടു നാം പാലിക്കേണ്ട മര്യാദകളില്‍ നിര്‍ ബന്ധമായവ രണ്ടിനമാകുന്നു. ഒന്ന് – നിര്‍ബന്ധങ്ങള്‍ പ്രവര്‍ത്തിക്കുക. രണ്ടാമത്തതു ഹറാമുകള്‍ ഒഴിവാക്കുക. നിര്‍ബന്ധങ്ങള്‍ പ്രാവര്‍ത്തികമാക്കല്‍ തഖ്വയാകുന്നു. അതുപോലെ നിഷിദ്ധങ്ങള്‍ ഒഴിവാക്കലും തഖ്വയാകുന്നു. ഇവയില്‍ ഒരു കാര്യം ഒരാള്‍ നടപ്പാക്കിയാല്‍ അക്കാര്യത്തോടനുബന്ധിച്ചു വരുന്ന തിന്മ അവന്‍ പ്രതിരോധിച്ചുവെന്നു പറയാം. അതോടെ സ്വര്‍ഗീയ സൌഖ്യവും അവനു ലഭിക്കുന്നതാണ്. അനുസരിക്കാതെ അല്ലാഹുവിലേക്ക് അടുക്കാനാകുന്നതല്ലെന്നു നാം മനസ്സിലാക്കണം. നിര്‍ബന്ധങ്ങള്‍, സുന്നത്തുകള്‍ എന്നിവ ചെയ്യലും ഹറാം-കറാഹത്തുകള്‍ ഉപേക്ഷിക്കലുമാകുന്നു അവ നെ അനുസരിക്കല്‍.
സുന്നത്തുകള്‍ പാലിക്കുന്നതിനെക്കാള്‍ നിര്‍ബന്ധങ്ങള്‍ പാലിക്കുന്നതിനു മുന്‍ഗണന കൊടുക്കണം. അതുപോലെ ഹറാമുകള്‍ ഒഴിവാക്കുന്നതിനു കറാഹത്തുകള്‍ ഒഴിവാക്കുന്നതിനെക്കാളും മുന്‍ഗണന നല്‍കണം. ഈ മുന്‍ഗണനാക്രമം തെറ്റിക്കുന്ന ചില അവിവേകികളെ കാണാം. അവര്‍ ധരിക്കുന്നതു തങ്ങള്‍ അല്ലാഹുവിന്റെ ഏറ്റവും സമീപസ്ഥര്‍ ആണെന്നാണ്. സത്യത്തില്‍ അവര്‍ അല്ലാഹുവില്‍ നിന്ന് അകലുകയാണ്.  സുന്നത്തു കള്‍ പാലിച്ചു നിര്‍ബന്ധങ്ങള്‍ പാഴാക്കുകയും കറാഹത് ഉപേക്ഷിച്ചു ഹറാമുകള്‍ എടുക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ ഹിതത്തിനും ഇഷ്ടത്തിനും എതിരാണ്. മനസ്സില്‍ കിബ്ര്‍, ഉള്‍നാട്യം, അസൂയ, പോര്, ലോകമാന്യം എന്നിവ കുത്തിനിറച്ച് ഇബാദത്തിന്റെ വേഷം കെട്ടുന്നവരെ പോലെയാണ് ഇവര്‍” (റൌള്വ: 226, 227).
ഇമാമിന്റെ ഈ വരികള്‍ നമ്മുടെ കര്‍മരേഖ ശരിക്കും വരച്ചു കാണിക്കുന്നതാണ്. നിര്‍ ബന്ധങ്ങളും സുന്നത്തുകളും പാലിക്കല്‍, ഹറാമുകളും  കറാഹതുകളും ഒഴിവാക്കല്‍ എന്നിങ്ങനെ ക്രമാനുഗത ചിട്ടകളാണു ജീവിതവിജയത്തിന് ആവശ്യം. അതോടൊപ്പം പരലോകത്തെ പേടിക്കുന്ന പണ്ഢിത വ്യക്തിത്വങ്ങളില്‍ നിന്നു ബറകതിനു വേണ്ടി ദിക് റുകളും ഹിസ്ബുകളും വാങ്ങി പതിവാക്കുന്നതും നല്ലതാണ്. ഇമാം ള്വിയാഉദ്ദീന്‍(റ) പറയുന്നു: “ത്വരീഖതിന്റെ ഗുരുക്കന്മാരുമായുള്ള ബന്ധത്തിന് അവരെ പിന്തുടരലും അവരുമായി പങ്കാളിത്തം പുലര്‍ത്തലും നല്ലതാണ്. വളരെ കുറഞ്ഞ കാര്യത്തിലാണെങ്കിലും ഇതു നന്ന്. ആദരവോടു കൂടി അവരുടെ ഹിസ്ബുകള്‍ പ്രാവര്‍ത്തികമാക്കുന്നത് ഒരു ഉദാഹരണമാണ്. ഇമാം ശാദുലി(റ) പറയുന്നതു നമ്മുടെ ഹിസ്ബുകള്‍ ഓതുന്നവര്‍ നമ്മെ മാനിച്ചവരും നമ്മുടെ കാരുണ്യത്തെ സമ്പാദിച്ചവരുമാകുന്നു എന്നാണ്” (ജാമിഉല്‍ ഉസ്വൂല്‍: 20).
ആത്മീയകാര്യത്തില്‍ നല്ലബന്ധം കാത്തുസൂക്ഷിക്കുക എന്നല്ലാതെ അവ്യക്തവും പണ് ഢിതാംഗീകരമില്ലാത്തതുമായ മാര്‍ഗങ്ങള്‍ പിന്തുടരരുത്. അതു നമ്മെ കൊണ്ടെത്തിക്കു ക നാശത്തിലാകും.
ഇമാം ഗസ്സാലി(റ) പറയുന്നതു നോക്കൂ: “ഒരു സാധാരണക്കാരന്റെ ഉത്തരവാദിത്തം തി കഞ്ഞവിശ്വാസം പുലര്‍ത്തലും ദീനീ കല്‍പനകള്‍ക്കു വഴങ്ങലുമാണ്. ബാഹ്യമായ ആരാധനകള്‍ പ്രവാര്‍ത്തികമാക്കലും ജീവിതമാര്‍ഗങ്ങള്‍ തേടലും വിജ്ഞാന കാര്യത്തെ പണ്ഢിതന്മാര്‍ക്കു വിട്ടുകൊടുക്കലും ഇക്കൂട്ടത്തില്‍ പെടുന്നു’(ശറഹു ഇഹ്യാഅ്:/283).

വ്യാജന്മാരുടെ വൈകൃതങ്ങള്‍

വ്യാജന്മാര്‍ ത്വരീഖതില്‍ നിലനില്‍ക്കുന്നതു പലതരം വൈകൃതങ്ങളുടെ പിന്‍ബലത്തി ലാണ്. സാധാരണക്കാരില്‍ സാധാരണക്കാരെ തെറ്റുധരിപ്പിക്കുന്നതും കണ്ണു വെട്ടിക്കുന്നതുമായ കൃത്യങ്ങള്‍ പലതും കാണിച്ചു താന്‍ ശയ്ഖാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നു. നിജസ്ഥിതി ഗ്രഹിക്കാന്‍ അവസരം കിട്ടാത്ത നിസ്വാര്‍ഥരും ഗ്രഹിച്ചിട്ടും വൈയക്തിക ഭൌതിക താല്‍പര്യങ്ങള്‍ കാരണം  ഇത്തരം വൈകൃതങ്ങളില്‍ അകപ്പെടുന്നവരും ഉണ്ട്. വിവിധ ത്വരീഖതുകളുടെ പേരില്‍ വര്‍ത്തിക്കുന്ന ഇത്തരം വഞ്ചകരെയും അവരുടെ കുതന്ത്രങ്ങളെയും മാത്രം പരാമര്‍ശിക്കുന്ന ഗ്രന്ഥമാണ് ‘അല്‍മുഖ്വ്താര്‍ ഫീ കശ്ഫില്‍അസ്റാര്‍’. ജൌബരി എന്ന പേരില്‍ പ്രസിദ്ധനായ സയ്നുദ്ദീന്‍ അബ്ദുര്‍റഹീം ഇബ്ന്‍ ഉമര്‍(റ) ആണു ഗ്രന്ഥകര്‍ത്താവ്.  പ്രസ്തുത ഗ്രന്ഥത്തില്‍ വ്യാജ ശയ്ഖുമാരെ കുറിച്ചു പരാമര്‍ശിക്കുന്ന ചില വരികള്‍ കാണുക:
“ശയ്ഖാണെന്നു വാദിക്കുന്ന ചിലരുടെ വൈകൃതങ്ങളെക്കുറിച്ചാണ് ഈ അധ്യായത്തില്‍ വിവരിക്കുന്നത്. സത്യസന്ധരായ മശാഇഖുകളെപ്പറ്റിയല്ല ഇവിടെ പരാമര്‍ശം. അ വരുടെ ആത്ഭുത കൃത്യങ്ങള്‍ നാം ആക്ഷേപിക്കുന്നില്ല. അവരെപ്പറ്റി ലോകത്തിനു ന ന്നായറിയാം. അവരൊക്കെ അല്ലാഹുവിലേക്കുള്ള ത്വരീഖതിന്റെ നായകന്മാര്‍ ആയിരുന്നു. ജുനയ്ദുല്‍ ബഗ്ദാദി, ഇബ്റാഹീം ഇബ്നു അദ്ഹം, ഹസനുല്‍ബസ്വരി, സരിയ്യുസ്സിഖത്വി, മഅ്റൂഫുല്‍കര്‍ഖീ, അബൂസുലയ്മാനുദ്ദാറാനി (റ.ഹും) തുടങ്ങിയവരൊക്കെ അ ത്യുന്നതരായ ശയ്ഖുമാരായിരുന്നു. ഇവരില്‍ അറിയപ്പെടാത്ത വേറൊരു നിരയും ഉണ്ട്. മാലാഖമാരെക്കാള്‍ മഹാന്മാരാണിവര്‍. നബി(സ്വ) പറഞ്ഞു: “എത്രയെത്ര മുടി ജടകുത്തിയവര്‍, വാതിലുകള്‍ കൊട്ടിയടക്കപ്പെടുന്നവര്‍, അവര്‍ അല്ലാഹുവില്‍ സത്യം ചെയ് തു വല്ലതും പറഞ്ഞാല്‍ അത് അപ്പടി പുലര്‍ന്നതു തന്നെ.”
ഈ വിഭാഗത്തിന്റെ പിറകില്‍ നില്‍ക്കുന്ന മറ്റൊരു കൂട്ടം മശാഇഖുമാരാണു രിയാള്വ: (ആത്മകളരി), അസ്മാഉല്‍ മുഖദ്ദസ:(വിശുദ്ധ ഇലാഹീ നാമം) തുടങ്ങിയവയുടെ വാ ക്താക്കള്‍. ഇവര്‍ പരിശുദ്ധ ദൈവിക നാമത്താല്‍ പ്രാര്‍ഥിച്ചു കാര്യം സാധിക്കുന്നവരായിരുന്നു. അബ്ബാദാന്‍, ബുഹ്ലൂല്‍, ശയ്ഖ് ഖാദീം, ശയ്ഖ് അബുല്‍അബ്ബാസ്, ശയ്ഖ് യാസീന്‍ (റ.ഹും) തുടങ്ങി പരിചിതരും അല്ലാത്തവരും ഈ ഗണത്തില്‍ പെടുന്നു.
മശാഇഖുമാരായി വരുന്നവരില്‍ മൂന്നാമത്തെ വര്‍ഗം വ്യാജന്മാരാണ്. ചില പൊടിക്കൈകളും മായാപ്രകടനങ്ങളുമാണ് ഈ വിഭാത്തിന്റെ പിന്‍ബലം. ദീനിന്റെ പേരു പറഞ്ഞു ദുന്‍യാവ് അകത്താക്കുന്ന, മുസ്ലിം മനസ്സുകളില്‍ സംശയങ്ങള്‍ കടത്തിവിടുന്ന ദുശിച്ച വിഭാഗക്കാരാണിവര്‍. ഈ കൂട്ടരുടെ പുറംമോടി കണ്ടാല്‍ നല്ലവരാണെന്നു തോന്നും. അകത്തളത്തില്‍ ഇവര്‍ കപടന്മാരായിരിക്കും. ഹറാമുകള്‍ ഹലാലാക്കുന്നവരും അവിവേകങ്ങള്‍ക്കു നായകത്വം നല്‍കുന്നവരുമാണിവര്‍. മുബാഹിയ്യാത് എന്നത് ഈ ഗണത്തില്‍ പെട്ട ഒരു വിഭാഗമാണ്. സ്ത്രീകളും കൌമാരപ്രായരായ ആണ്‍കുട്ടികളുമൊത്തു സഹവസിക്കലും അശ്ളീല ഗാനങ്ങള്‍ കേള്‍ക്കലും ഹലാലാണെന്നിവര്‍ വിശ്വസിക്കുന്നു. പെണ്ണുങ്ങളുമായി തനിച്ചു കഴിയാനുള്ള അവസരം ഇവര്‍ കണ്ടെത്തുകയും ചെയ്യുന്നു. അവരെ വല വീശാന്‍ ചില മായാവിദ്യകള്‍ ഇവര്‍ കാണിക്കുന്നതുമാണ്. കത്തിയാളുന്ന അടുപ്പിനകത്തു പ്രവേശിക്കല്‍, വെള്ളമില്ലാത്ത കൂജയില്‍ അദൃശ്യരൂപത്തില്‍ വെള്ളം നിറക്കല്‍, മെഴുകുതിരികളില്‍ നിന്നു കൈ വിരലുകള്‍ക്ക് തീ പകര്‍ന്നെടുത്തു കത്തിച്ചു നൃത്തം ചെയ്യല്‍, ലഭ്യമല്ലാത്ത ഫലങ്ങള്‍ അപ്പോള്‍ പറിച്ചെടുത്തതെന്നു തോന്നിക്കുന്നവിധം ഹാജറാക്കല്‍ തുടങ്ങിയവ ഇക്കൂട്ടരുടെ തന്ത്രത്തില്‍ പെടുന്നതാണ്. ഇതൊക്കെ സാധിക്കുന്നതു ചില ശാസ്ത്രീയ മാര്‍ഗങ്ങളും കണ്‍കെട്ടും വഴിയാണെന്നതു വേറെകാര്യം. ഡമസ്കസില്‍ മഖ്സ്വൂദ് എന്നു പേരായ ഒരാള്‍ ശയ്ഖാണെന്നു പറഞ്ഞു രംഗത്തു വന്നതു ചരിത്രത്തില്‍ കാണാം. അയാള്‍ കാണിച്ചിരുന്ന പ്രധാനപ്പെട്ട അത്ഭുത കൃത്യം ആ സീസണില്‍ കിട്ടാത്ത പഴവര്‍ഗങ്ങള്‍ പുറത്തിറക്കുകയായിരുന്നു. കുറെ പാവങ്ങള്‍ അയാളില്‍ വിശ്വാസമര്‍പ്പിച്ചു. തനിക്ക് അംഗീകാരം വര്‍ധിച്ചപ്പോള്‍ അയാള്‍ ഒന്നുകൂടി പരിഷ്കരിച്ചു. തനിക്കു നുബുവ്വതുണ്ടെന്നും ഈസബ്ന്‍ മര്‍യമാണു താനെന്നുമായിരുന്നു പിന്നത്തെ വാദം. അനുയായികള്‍ പെരുത്തപ്പോള്‍ ‘സ്വഫാഫ്’ എന്ന സ്ഥലത്ത് അയാള്‍ താമസമാക്കി വ്യാജകൃത്യങ്ങള്‍ ചെയ്തു വന്നുവത്രെ. ചക്രവര്‍ത്തി അബൂബക്കര്‍ബ്ന്‍ അയ്യൂബിന്റെ കാലത്തായിരുന്നു ഇത്.
ഈ കൂട്ടത്തില്‍ മറ്റൊരു വിഭാഗം നാല്‍പതു ദിവസത്തോളം അന്നവും വെള്ളവുമില്ലാതെ കഴിഞ്ഞു  കൂടുമത്രെ. തങ്ങളുടെ ഭക്ഷണം തസ്ബീഹാണെന്നും പടച്ചവന്‍ ഞങ്ങളെ തീറ്റിക്കുന്നുവെന്നുമൊക്കെ ഇവര്‍ വാദിക്കും. കുറെ കാലത്തേക്ക് അന്നം തി ന്നാതിരിക്കാന്‍ ഉപയുക്തമായ ചില ചെപ്പടി വിദ്യകളാണ് ഇവരുടെ പിന്‍ബലം. ഹിജ്റ: 615-ല്‍ ഇത്തരത്തില്‍ ഒരു കള്ളവാദി ഈജിപ്ഷ്യന്‍ നാടുകളില്‍ പ്രത്യക്ഷനായതായി ചരിത്രമുണ്ട്. അബുല്‍ഫതഹ് എന്നായിരുന്നു അയാളുടെ പേര്. ശയ്ഖാണെന്നു വാദിച്ചു രംഗത്തു വന്ന ഇയാള്‍ ദൃഷ്ടാന്തമായി അവതരിപ്പിച്ചത് ആറു മാസത്തിനു വെള്ളം എനിക്കു വേണ്ട എന്നായിരുന്നു. ഫൈശ എന്ന ഗ്രാമത്തിന്റെ തലവന്‍ ഇസ്സുദ്ദീന്‍ ഇയാളെ പിടികൂടി തന്റെ വീട്ടില്‍ തടങ്കലില്‍ വെച്ചു. ആറു മാസത്തോളം അന്നം മാത്രം നല്‍കി. വെള്ളത്തിന് യാതൊരു വകുപ്പും കൊടുത്തില്ല. ആറു മാസം തീര്‍ന്നപ്പോള്‍- അദ്ദേഹത്തെ മോചിതനാക്കി. പക്ഷേ, അയാളില്‍ മാറ്റങ്ങള്‍ യാതൊന്നും കണ്ടില്ല. ഇത് ഇസുദ്ദീനിന്റെ വിശ്വാസത്തെ വര്‍ധിപ്പിക്കുകയും ഒരു വലിയ അനുയായിവൃന്ദത്തെ തന്നെ ആ വ്യാജവാദിക്കു നേടാന്‍ അവസരം ഒരുക്കുകയും ചെയ്തു. ഈജിപ്തിലും തൊട്ടടുത്ത നാടുകളിലും ഇയാള്‍ക്ക് പ്രസിദ്ധി ലഭിക്കുകയും ഒരു പര്‍ണശാല ഇയാള്‍ ക്കു മാത്രമായി പണിയുകയുമുണ്ടായത്രെ. 675-ല്‍ മരിക്കുന്നതു വരെ ഒരു ശയ്ഖായി തന്നെ ഇയാള്‍ നിലനിന്നു.
കൈവിരലുകള്‍ക്കിടയില്‍ നിന്നു വെള്ളം പമ്പു ചെയ്യല്‍, ഇരുട്ടില്‍ യാത്ര ചെയ്യവെ നെറ്റിത്തടത്തില്‍ നിന്നു പ്രകാശം പൊഴിക്കല്‍, മരം തനിക്ക് സുജൂദ് ചെയ്യുന്നതായി തോന്നിപ്പിക്കല്‍, ആളുകളെ ഒരുമിച്ചു കൂട്ടി ഓരോരുത്തരും ആശിക്കുന്നത് അവര്‍ അറിയാതെ ഹാജറാക്കി കൊടുക്കല്‍ തുടങ്ങിയവയും ഇത്തരക്കാരുടെ മായാമന്ത്രങ്ങളില്‍ പെട്ടതാണ്. ഹിജാസില്‍ സുലയ്മാന്‍ എന്നു പേരായ ഒരു മനുഷ്യനുമായി സന്ധിക്കാന്‍ എനിക്ക് അവസരം കിട്ടി. മൊറോക്കോകാരനായ അയാള്‍ ശയ്ഖാണെന്നു വാദിക്കുന്നവനായിരുന്നു. ഞങ്ങള്‍ ഏട്ടംഗ സംഘമാണ് അയാളെ കാണാന്‍ ചെന്നത്. ഞങ്ങള്‍ ഓരോരുത്തരും ഓരോ സാധനങ്ങള്‍ വേണമെന്ന് ആശ പ്രകടിപ്പിച്ചപ്പോള്‍ അയാള്‍ എണീറ്റ് പര്‍ണശാലയില്‍ കടന്നു അല്‍പം കഴിഞ്ഞു ഞങ്ങള്‍ പറഞ്ഞ സാധനങ്ങള്‍ ഹാജറാക്കിയതാണു ഞങ്ങള്‍ കാണുന്നത്. അതിനു പിന്നിലെ ചതി പിന്നെ മണത്തറിയാന്‍ എനിക്കവസരമുണ്ടായി. പര്‍ണശാലയില്‍ കടന്നു നിസ്കാരവും പ്രാര്‍ഥനയുമാണെന്നു വരുത്തിത്തീര്‍ക്കുകയും അതേസമയം തന്നെ പിന്‍വാതിലിലൂടെ സാധനങ്ങള്‍ എത്തിക്കാന്‍ തന്ത്രമൊരുക്കുകയുമായിരുന്നു അയാള്‍.
സത്യത്തില്‍ ഇവര്‍ ചെയ്യുന്നതു പ്രവാചകന്മാരുടെ മുഅ്ജിസതും ഔലിയാഇന്റെ കറാമതും തെറ്റിദ്ധരിപ്പിക്കുകയാണ്. ഇവരുടെ മായാവേലകള്‍ പോലെ തന്നെയാണ് അവയെന്നും വരുത്തിത്തീര്‍ക്കാനാണ് ഉള്ളില്‍കൂടി ഇവര്‍ ശ്രമിക്കുന്നത്. സത്യം വെളിച്ചമാണെന്നും അസത്യം ഇരുട്ടാണെന്നും നാം ഉറപ്പിക്കുക.
ഈ കള്ളവാദികളുടെ പൊതു സ്വഭാവമാണു കഞ്ചാവടി, വ്യഭിചാരം, ആണ്‍കുട്ടികളുമൊത്തുള്ള കാമകേളി തുങ്ങിയവ ഹലാലാണെന്ന വാദം. ഈ കൂട്ടത്തില്‍ ചിലര്‍ താടി പറ്റേ വടിക്കുന്നതു കാണാം. കള്ളവാദികള്‍ നിര്‍മിച്ചുണ്ടാക്കിയ ബിദ്അതാണിത്. നിസ് കാരം, നോമ്പ് തുടങ്ങിയ നിര്‍ബന്ധങ്ങള്‍ വീട്ടാതെ ജനാബത് പോലും കുളിക്കാതെ കഴി ഞ്ഞു കൂടുന്ന ദുര്‍വൃത്തരുണ്ട്.
ശയ്ഖ് അലി എന്ന പേരില്‍ ഡമസ്കസില്‍ ഒരാള്‍ രംഗത്തു വന്നതു ചരിത്രത്തില്‍ കാണാം. ഹഖ്റാന്‍ ഗ്രാമത്തില്‍ താമസമാക്കിയ അയാള്‍ വാദിച്ചിരുന്നതു ഞാന്‍ ഉന്നതനായ ശയ്ഖാണെന്നായിരുന്നു. കുറെ പേര്‍ അയാളെ പിന്തുടര്‍ന്നു. അയാളുടെ പ്രധാന ആശയം തന്നെ മനസ്സിനു തോന്നുന്നതു ചെയ്യാം എന്നായിരുന്നു. തന്റെ മുരീദുമാര്‍ക്ക് അയാള്‍ ഇങ്ങനെ നിര്‍ദേശം നല്‍കിയിരുന്നത്രെ.
“നിങ്ങള്‍ ഇഛക്ക് വിലങ്ങു നില്‍ക്കരുത്. ഇഛതേടുന്നതു ചെയ്തിരിക്കണം. അതാണ് അതിന്റെ ബാധ്യത.” അവസാനം ഇയാളെ ചക്രവര്‍ത്തി പിടികൂടി ബന്ധനത്തിലാക്കുകയായിരുന്നു.
വ്യാജവാദികളില്‍ ഒരു കൂട്ടര്‍ ദരിദ്ര വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നവരാണ്. ഇവരുടെ യഥാര്‍ഥ ലക്ഷ്യം സമ്പന്നരുടെ മക്കളാകും. അവരെ വലവീശി കഞ്ചാവിനും കള്ളിനും പാത്രമാക്കി സ്വകാര്യ ജീവിതം സുഖപൂര്‍ണമാക്കും. അല്‍മുതമയ്യിസ: എന്നാണ് ഇവരുടെ പേര്. മറ്റൊരു കൂട്ടരാണ് അല്‍ബഹ്രിയ്യ:. ഇവരുടെ തൊഴില്‍ യാത്ര പോകുന്നിടത്തു നിന്നെല്ലാം വല്ലതും കവര്‍ന്നെടുക്കുക എന്നതത്രെ. പള്ളിയില്‍ കടന്നാല്‍ അവിടെ കത്തിക്കാന്‍ വെച്ച സയ്തെണ്ണയെങ്കിലും മോഷ്ടിക്കാതെ പുറത്തു പോകരുതെന്നാണ് ഇവരുടെ നിയമം. അങ്ങനെ ചെയ്യാത്ത മുരീദ് പദവി കുറഞ്ഞവനായിത്തീരുമത്രെ. അങ്ങേ അറ്റത്തെ അധമര്‍ എന്നല്ലാതെ ഇവരെപ്പറ്റി എന്തു പറയാന്‍?” (അല്‍മുഖ്താര്‍: 10-18).
ജൌബരി പറഞ്ഞ കാര്യങ്ങളാണിതുവരെ വിവരിച്ചത്. ഇത്തരം വിഭാഗങ്ങളുടെ തന്ത്ര-കുതന്ത്രങ്ങളുടെ രഹസ്യങ്ങള്‍ കൂടി മഹാന്‍ തന്റെ ഗ്രന്ഥത്തില്‍ വ്യക്തമാക്കിട്ടുണ്ട്. ശാസ്ത്ര വിദ്യ, മാരണവിദ്യ, മായാജാലം, കണ്‍കെട്ട്, രാസവിദ്യ, പൈശാചിക വേല തുടങ്ങിയവയൊക്കെയാണ് ഇത്തരക്കാരുടെ അടിസ്ഥാനമെന്നു ഗ്രഹിക്കുക.
വ്യാജന്മാരുടെ വികൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണു പൂര്‍വീകരായ ആധ്യാത്മ ഗുരുക്കളുടെ ഗ്രന്ഥങ്ങള്‍ വായിച്ച് ആശയങ്ങള്‍ അര്‍ഥം മാറ്റി പ്രയോഗിച്ചു തങ്ങളുടേ തായ തട്ടകത്തിനു പിന്‍ബലമേകല്‍. ത്വരീഖതിന്റെ ശയ്ഖുമാര്‍ ഉദ്ദേശിക്കാത്ത അര്‍ഥങ്ങള്‍ അവരുടെ വാക്കുകള്‍ക്കു നല്‍കുകയും അവര്‍ കാണുന്ന ആന്തരീക അര്‍ഥം ഗ്രഹിക്കാനാകാത്തതിനാല്‍ ബാഹ്യാര്‍ഥത്തില്‍ പ്രവേശിച്ച് ശറഈ വിരുദ്ധ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇവര്‍ വഞ്ചകരാണ്. ഇത്തരക്കാരെ പരിചയപ്പെടുത്തി ഇമാം ഇബ്നു ഹജറില്‍ഹയ്തമി(റ) പറയുന്നതു കാണുക: “പ്രാഥമിക വിജ്ഞാനത്തില്‍ തന്നെ വട്ടപൂജ്യരായ ചില കള്ള സ്വൂഫികള്‍ ഇബ്നു അറബീ തങ്ങളുടെയും അനുചരരുടെയുമൊക്കെ കൃതികള്‍ വായിച്ചു ദുരര്‍ഥങ്ങള്‍ ഗ്രഹിക്കുകയും തങ്ങളുടെ വിവരക്കേടിനെ അവലംബിക്കുകയും ചെയ്യുന്ന അവസ്ഥ പില്‍ക്കാലത്തുണ്ടായിട്ടുണ്ട്. ഇക്കൂട്ടരോട് അടുത്തു നില്‍ക്കുന്നത് ഇസ്ലാമിനു പകരം കുഫ്റാണ്. റമളാന്‍ മാസത്തില്‍ അന്നം തി ന്നുക, കൌമാരക്കാരുമായി കാമകേളികള്‍ നടത്തുക തുടങ്ങിയ തെമ്മാടിത്തങ്ങള്‍ ചെയ് തുകൊണ്ടിരിക്കെ ഇവരില്‍ പെട്ട ചിലര്‍ ഇങ്ങനെ വാദിക്കുന്നതായി കേട്ടിട്ടുണ്ട്. ഞങ്ങള്‍ അല്ലാഹുവിനെ മാത്രമേ കാണുന്നുള്ളൂ. ഈ കാണുന്ന ഹലാലും ഹറാമുമൊക്കെ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ കാണാന്‍ കഴിയാത്ത ആധ്യാത്മ നിഷേധികളായ കര്‍മശാസ്ത്ര പണ്ഢിതന്മാരെ പോലെയുള്ളവര്‍ക്കു മാത്രം ബാധമാകുന്നു. ഞങ്ങള്‍ക്കു ബാധകമായതല്ല. ഇവരില്‍ തന്നെ മറ്റൊരു വിഭാഗം വാദിക്കുന്നതു സമ്പത്തൊക്കെ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതായതിനാലും ഞങ്ങള്‍ അല്ലാഹുവിന്റെ അടിമകളായതിനാലും ആരുടെ സ്വത്തും ഞങ്ങള്‍ക്കു ഹലാലാകുന്നു എന്നാണ്!. ഗ്രന്ഥപാരായണം കാരണം നിസ്കാരാദി നിര്‍ബന്ധങ്ങള്‍ കൃത്യത്തിനു വീട്ടാനാകാത്ത മറ്റൊരു കൂട്ടം വ്യാജന്മാരും ഈ ഗണത്തില്‍ വിലസിവരുന്നു. ഇവരില്‍ പലരുമായും നേരില്‍ സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ലോകം പണ്ടേ ഉള്ളതാണെന്നും കാഫിറുകള്‍ക്കു നരകശിക്ഷയില്ലെന്നുമൊക്കെ പറഞ്ഞു വന്ന ഒരാളോടു ഞാന്‍ ഇതെവിടെന്നു കിട്ടി എന്നു ചോദിച്ചപ്പോള്‍ ഇബ്നു അറബി തങ്ങളുടെ കിതാബില്‍ നിന്ന് എന്നായിരുന്നു മറുപടി. ശയ്ഖിന്റെ വാക്കുകള്‍ ഉദ്ദേശ്യമറിയാതെ ബാഹ്യാര്‍ഥത്തില്‍ തന്നെ മനസ്സിലാക്കി ചതിയില്‍പെട്ടതായിരുന്നു ഇവന്മാര്‍” (ഫതാവല്‍ഹദീസിയ്യ: 40).
പോംവഴി
ത്വരീഖതിന്റെ മേഖലയിലെ നെല്ലും പതിരും വേര്‍തിരിഞ്ഞു കിട്ടാന്‍ ആത്മാര്‍ഥതയുള്ള പണ്ഢിതനു പ്രയാസമില്ല. സാധാരണ പണ്ഢിതന്മാര്‍ക്കു ത്വരീഖതിന്റെ ആളുകളുടെ യാഥാര്‍ഥ്യങ്ങള്‍ അജ്ഞാതമാണെന്നും പണ്ഢിതന്മാര്‍ക്ക് അവരെ അളക്കാന്‍ അവകാശമില്ലെന്നുമുള്ള വാദം വ്യാജന്മാരുടെ ഭാഗത്തുനിന്നും കേള്‍ക്കാം. തങ്ങളുടെ തട്ടകത്തില്‍ നില്‍ക്കുന്ന സാധാരണക്കാരെ ഇതുപറഞ്ഞു വഞ്ചിക്കുകയാണു കള്ളവാദികള്‍ ചെയ്തു വരുന്നത്. എന്നാല്‍ ആത്മ്ജ്ഞാന ഗ്രന്ഥങ്ങളും മഹാത്മാക്കളുടെ ചരിത്രവും വെച്ചു ത്വരീഖതുകാരിലെ കള്ളവാദികളെ കണ്ടെത്തി പുറത്തു കാണിക്കണമെന്നത്രെ പണ്ഢിത മതം. ഇമാം ഇബ്നു ഹജരില്‍ഹയ്തമി(റ) പറയുന്നതു കാണുക:
“ഈ വിഷയത്തിലെ സത്യാവസ്ഥ ബോധ്യപ്പെടണമെന്നുണ്ടെങ്കില്‍ ഇമാം ഗസ്സാലി(റ)ന്റെ ഇഹ്യാഅ്, ഇമാം ഖുശയ്രി(റ)യുടെ രിസാല, ഇമാം സുഹ്റവര്‍ദി(റ)യുടെ അവാരിഫുല്‍മആരിഫ്, അബൂത്വാലിബുല്‍മക്കി(റ)യുടെ അല്‍ഖൂത് തുടങ്ങിയ ഗ്രന്ഥങ്ങള്‍ നീ പാരായണം ചെയ്തു കൊള്ളുക. ഈ വിഷയത്തില്‍ സത്യസന്ധരുടെ നിലപാടുകളും കള്ളനാണയങ്ങളുടെ പുകമറകളും ഈ കൃതികള്‍ തീര്‍ച്ചയായും വേ ണ്ടത്ര വ്യക്തമാക്കിത്തരും. പുറമെ, ആത്മീയ ഗുണങ്ങള്‍ സ്വന്തമാക്കാനും നിരന്തരമായ ആരാധന, ജമാഅതായുള്ള നിസ്കാരം തുടങ്ങിയ സ്വഭാവങ്ങള്‍ ശീലമാക്കാനും ഈ മഹത്ഗ്രന്ഥങ്ങള്‍ നിന്നെ പ്രേരിപ്പിക്കും. പിശാചിന്റെ വലയില്‍ പെട്ടു തിന്മയെ നന്മയാ യും ചീത്തയെ നല്ലതായും ധരിച്ചുപോയ അപഥ സഞ്ചാരികളുടെ അവിവേകങ്ങളില്‍ നിന്ന് മുക്തമാകാനും ഈ ഗ്രന്ഥങ്ങള്‍ സഹായകമാകുന്നതാണ്” (ഫതാവല്‍ഹദീസിയ്യ: 57).
ഇബ്നു ഹജറില്‍ഹയ്തമി(റ)ന്റെ ഈ ഉപദേശം പണ്ഢിത ലോകത്തിനോടുള്ളതാണ്. ഇബ്നു ഹജര്‍ തങ്ങള്‍ നിര്‍ദേശിച്ചതും തതുല്യവുമായ ഗ്രന്ഥങ്ങള്‍ വ്യാജന്മാരുടെ പൊള്ളത്തരങ്ങള്‍ക്കു മറുപടി നല്‍കും. ത്വരീഖത്, ശയ്ഖ് തുടങ്ങിയ ആത്മീയ കാര്യങ്ങള്‍ വെറും തമാശയല്ലെന്നും ഗൌരവതരമായ ചര്‍ച്ചകള്‍ അവകാശപ്പെടുന്ന മേഖലയാണെന്നും ബോധ്യപ്പെടുത്തിത്തരും.

ത്വരീഖതും വ്യാജന്മാരും

തു വ്യാജന്മാരുടെ കാലമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. തിരുനബി(സ്വ)യുടെ “അവസാനകാലത്തെ ചപ്പുചവറുകള്‍” എന്ന പ്രയോഗത്തെ ശരിവെക്കുന്ന വിധത്തില്‍ ഇന്നു സത്യം മാറി മറഞ്ഞു കൊണ്ടിരിക്കുകയാണ്. മതത്തിന്റെ പേരില്‍ വ്യാജന്മാര്‍ അനുദിനം വര്‍ധിച്ചു വരുന്നു. ദൈവത്തിന്റെ ഗുണവിശേഷങ്ങള്‍ അവകാശപ്പെട്ടു ആയിരക്കണക്കിനു കള്ളവാദികള്‍ രംഗത്തെത്തികൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ത്വരീഖത് മാത്രം വ്യാജന്മാരുടെ വലയത്തില്‍ നിന്നും പുറത്തു കടന്നുവെന്ന് ആശ്വസിക്കാന്‍ ന്യായമില്ല. പ്രവാചകത്വത്തിന്റെ പേരില്‍ തിരുനബി(സ്വ)യുടെ കാലത്തു പോലും വ്യജന്മാര്‍ രംഗത്തുവരികയും പതിനായിരങ്ങളെ സ്വാധീനിക്കുകയും ചെയ്തെങ്കില്‍ ത്വരീഖതിന്റെ പേരില്‍ വ്യാജ ചാകര തന്നെ ഉണ്ടാകുമെന്നു നമുക്കുറപ്പിക്കാം. ഇന്നാകട്ടെ ചൂഷണത്തിനു ഏറ്റവും നല്ല മേഖല ആത്മീയത അഭിനയിക്കലാണെന്നു പറഞ്ഞാല്‍ തെറ്റാവുകയില്ല. ഇമാം സൂയൂത്വി(റ) രേഖപ്പെടുത്തുന്നതു കാണുക:
“തസ്വവ്വുഫിന്റെ വിഷയത്തിലെ കള്ളനാണയങ്ങള്‍ പെരുത്തു പോയിട്ടുണ്ടെന്നാണ് അനുഭവം. സത്യമായ ത്വരീഖതിന്റെ പുറംപൂച്ചുമായി ത്വരീഖതില്‍ ഇല്ലാത്തവ കടത്തി ച്ചേര്‍ത്തു അവര്‍ വിലസുന്നു. ഇവരുടെ പെരുപ്പം നല്ലവരടക്കം സര്‍വരെയും തെറ്റിദ്ധരിപ്പിക്കുന്നിടത്തേക്കു കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു”(തഅ്യീദുല്‍ഹഖീഖതില്‍-അലിയ്യ: 57).
ഏതു നല്ലതിനും ഡ്യൂബ്ളിക്കേറ്റ് രംഗത്തെത്തുക ലോക രീതിയായിട്ടുണ്ട്. ത്വരീഖതിന്റെ കാര്യത്തില്‍ അല്‍പം കടന്ന രൂപത്തില്‍ തന്നെ ഇത് ഉണ്ടായിട്ടുണ്ടെന്നതാണു നേര്. വ്യാജമായി ഒന്നിനെയും പൊറുപ്പിക്കരുതെന്നാണ് ഇസ്ലാമിന്റെ ശാസന. ഇസ്ലാം വന്നതും നിലനില്‍ക്കുന്നതും ചതിയന്മാരെയും കള്ളന്മാരെയും തുരത്താനാണ്. വ്യാജന്മാരെ തുരത്തിയാല്‍ മാത്രമേ സത്യവാന്മാരെ നിലനിറുത്താനാകൂ. ഈ തത്വം ത്വരീഖതിന്റെ കാര്യത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ പ്രവാര്‍ത്തികമാക്കപ്പെട്ടിട്ടുണ്ട്. ഒരര്‍ഥത്തില്‍ ത്വരീഖതിന്റെ വിഷയത്തിലെ വ്യാജത്വം കണിശമായ രൂപത്തില്‍ പണ്ഢിത ലോകം പ്രതിരോധിച്ചിട്ടുണ്ടെന്നതാണു നേര്. കാരണം, ഉപകാരം കൂടുതലുള്ളതിന്റെ അപകടവും കൂടുതലാണെന്ന് ഒരു തത്വമുണ്ട്. ആത്മീയത മനുഷ്യനെ ഉന്നതങ്ങള്‍ താണ്ടാന്‍ സഹായിക്കുന്ന ഒന്നാണ്. അതു ദിശതെറ്റിയാല്‍ അധഃപതനവും അങ്ങേഅറ്റത്തേതായിതീരും. അതുകൊണ്ട് ഇക്കാര്യത്തില്‍ കള്ളനാണയങ്ങള്‍ക്കു കടുത്ത താ ക്കീതു തന്നെ ഇസ്ലാം നല്‍കിയിരിക്കുന്നു. ഒരുവേള യഥാര്‍ഥ നാണയങ്ങള്‍ക്കു തന്നെ അല്ലറ ചില്ലറ പോറലുകള്‍ ഏറ്റെന്നു വരുമെന്നറിഞ്ഞിട്ടും കള്ളനാണയങ്ങളെ തുരത്താന്‍ പണ്ഢിത ലോകം കര്‍ക്കശ നിലപാടു സ്വീകരിച്ചതായി ചരിത്രത്തില്‍ കാണാം. ആ വിഷയത്തില്‍ പണ്ഢിതന്മാര്‍ പറഞ്ഞ ന്യായം തീര്‍ത്തും യുക്തിപരമായിരുന്നു. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരനെ സംബന്ധിച്ചു മതം തെറ്റിദ്ധരിക്കപ്പെടരുതെന്നതായിരുന്നു അവര്‍ പറഞ്ഞ ന്യായം. ഇങ്ങനെയൊരു കണിശത പണ്ഢിതന്മാര്‍ കൈകൊണ്ടാല്‍ ത്വരീഖതിന്റെ ഗുരുക്കള്‍ക്കു യാതൊരു നീരസവും ഉണ്ടാകില്ലെന്നും അവര്‍ നിരീക്ഷിക്കുകയുണ്ടായി. വസ്തുത അതു തന്നെയായിരുന്നു. ഹല്ലാജിന്റെ ചരിത്രം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ത്വരീഖതിനകത്തെ വ്യാജ പെരുപ്പം ഗ്രഹിക്കാന്‍ ഇമാം സൂയൂത്വി(റ) പറഞ്ഞതു മതിയായ തെളിവാണ്. അഞ്ചു നൂറ്റാണ്ടിനപ്പുറത്തെ കഥയാണു ബഹുമാനപ്പെട്ടവര്‍ പറയുന്നത്. അതിനും അഞ്ച് നൂറ്റാണ്ടുകള്‍ക്കപ്പുറത്തു തര്‍ബിയതിന്റെ ശയ്ഖ് തിരോധാനം ചയ്തതിനെപ്പറ്റി ‘തര്‍ബിയതും ത്വരീഖതും’ എന്ന ലേഖനത്തില്‍ പറഞ്ഞു. എല്ലാം കൂട്ടിവായിക്കുമ്പോള്‍ ത്വരീഖതുകളുടെ ഇന്നത്തെ ആധിക്യം ആപല്‍കരമാണെന്നു കണ്ടെത്താം. ഇമാം ഇബ്നു ഹജറില്‍ ഹയ്തമി(റ)ന്റെ നിര്‍ദേശം കാണുക:
“ശരീഅതിന്റെയും ഹഖീഖതിന്റെയും ജ്ഞാനത്തില്‍ അഗാധതലങ്ങള്‍ ഉറപ്പാകാത്ത ഒരാളെയും പിന്തുടര്‍ന്നു പോകരുത്. കാരണം കള്ളവാദികളും ചൂഷകരും അങ്ങേയറ്റം പെരുകുകയും ത്വരീഖതിനെ വാദിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ യഥാര്‍ഥ ത്വരീഖതില്‍ നിന്നു പാടെ മുക്തരാകുന്നു. നരകത്തിലേക്കാണ് അവരുടെ പ്രയാണം. അവരുടെ വാക്കുകളും പ്രവൃത്തികളും അവസ്ഥകളും തീര്‍ത്തും തെറ്റാണ്. നശിച്ചുപോകുന്ന ദുന്‍യാവിന്റെ മേല്‍ കടിപിടികൂടുകയാണ് അവര്‍ ചെയ്യുന്നത്. ശാശ്വതമായ ആഖിറത്തെ അവര്‍ ഉപേക്ഷിച്ചിരിക്കുന്നു. ത്വരീഖത്വാദം കൊണ്ട് അവര്‍ ലക്ഷ്യമാക്കുന്നതു സമ്പ ത്തു വാരിക്കൂട്ടലും ഹറാം തിന്നു രസിച്ചു വിഡ്ഡിത്തത്തിലും പാപങ്ങളിലുമായി കാലം തള്ളിനീക്കലും മാത്രമാണ്. അതുകൊണ്ട് ഇത്തരക്കാരെ നന്നായി പേടിക്കുക. കരുതി കൊള്ളുക. അവരുടെ വാക്കുകളും പ്രവൃത്തികളും ഉള്‍കൊണ്ടു ചതിപ്പെടാതെ നോക്കുക. ഇവരെ പിന്തുടര്‍ന്നവര്‍ പാദം തെന്നി തെറ്റില്‍ വീണു ഖേദം കൊയ്തെടുക്കേണ്ടതായി വരും. പരിപൂര്‍ണതയുടെ നാലയലത്തെത്തുന്നതു പോലും അവര്‍ക്കു വിലക്കപ്പെടും. എല്ലാറ്റിനും പുറമെ അല്ലാഹുവിന്റെ പക്കല്‍ നിന്നു കടുത്ത ശിക്ഷയും നടപടിയും ഏല്‍ക്കേണ്ടതായും വരുന്നതാണ്” (ഫതാവല്‍ഹദീസിയ്യ:56).
ഇബ്നുഹജറില്‍ ഹയ്തമി(റ) പറയുന്നു: “തങ്ങള്‍ അത്യുന്നതരായ ‘മലാമതീ’ വിഭാഗ ക്കാരായ ത്വരീഖതുകാരാണെന്നു പറഞ്ഞു ചില ആളുകള്‍ ചതി നടത്തുന്നുണ്ട്. മലാ മതികളുടെ വേഷം ഈ വ്യാജന്മാര്‍ സ്വീകരിക്കുകയും ചെയ്യും. എന്നാല്‍ ഇവര്‍ ഒരി ക്കലും അവരുടെ കൂട്ടത്തില്‍ ചേരാന്‍ അര്‍ഹതയുള്ളവരല്ല. സ്വൂഫിസത്തിന്റെ മറവില്‍ വഞ്ചനയും കള്ളത്തരവും നടത്തുക മാത്രമാണിവര്‍ ചെയ്യുന്നത്. ഈ കൂട്ടത്തില്‍ ചിലര്‍ ഇബാഹതിന്റെ വഴി തിരഞ്ഞെടുത്തതായി കാണാം. തങ്ങളുടെ ഹൃദയം അല്ലാഹുവില്‍ ലയിച്ചിരിക്കുകയാണെന്നും ശരീഅതിന്റെ വിധികള്‍ തങ്ങള്‍ക്കു ബാധകമല്ലെന്നും അതൊക്കെ സാധാരണക്കാരനുള്ളതാണെന്നും ഇവര്‍ വാദിക്കും. തെറ്റും മതിനിഷേധവു മാകുന്നു ഈ വാദം. കാരണം, ശരീഅതില്ലാത്ത ത്വരീഖത് മതപരിത്യാഗമാണെന്നാണ് പണ്ഢിതവിധി.
“ഈ ഗണത്തില്‍പെട്ട ഒരു കൂട്ടം വ്യാജന്മാര്‍ ‘ഹുലൂല്‍’ അഥവാ ‘അവതാര’ സിദ്ധാ ന്തക്കാരാണ്. ദൈവം തങ്ങളില്‍ അവതരിക്കുന്നു വെന്നാണ് ഇവരുടെ പ്രചാരണം. ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ അന്ധമായ അനുകരണം എന്നതില്‍ കവിഞ്ഞ് ഇസ്ലാമും ഇതുമായി യാതൊരു ബന്ധവുമില്ല. വ്യാജന്മാരില്‍പെട്ട മറ്റൊരു വിഭാഗത്തിന്റെ പ്രചാ രണം തങ്ങള്‍ ഈ ജീവിതത്തില്‍ തികഞ്ഞ കളിപ്പാവകള്‍ മാത്രമാണെന്നാണ്. അതു കൊണ്ടു തങ്ങള്‍ ചെയ്യുന്ന യാതൊരു കാര്യത്തിനും തങ്ങളെ കുറ്റപ്പെടുത്തരുതെന്നു പറ ഞ്ഞ് ഇവര്‍ തെറ്റില്‍ വ്യാപരിക്കുന്നു. തോന്നുന്നതൊക്കെ ചെയ്യാനും മതവിധികള്‍ കാറ്റില്‍ പറത്താനും ത്വരീഖതിന്റെ പേരില്‍ ഇവര്‍ ധൈര്യപ്പെടുകയും ചെയ്യുന്നു” (ഫതാവല്‍ഹദീസിയ്യ: 234, 235).
വരുന്നവഴി
ത്വരീഖത് വ്യാജമായിത്തീരുന്നതിന്റെ വഴികള്‍ പലതാണ്. സത്യസന്ധമായ പരമ്പര ഇല്ലാത്തതിനാല്‍ ത്വരീഖത് തെറ്റായിത്തീരും. ഒരു ത്വരീഖതിന്റെ പ്രധാന പിന്‍ബലം കുറ്റമറ്റ പരമ്പരയാണെന്നു പറയാം. ഇമാം ഖുശയ്രി(റ) രേഖപ്പെടുത്തുന്നു: “ത്വരീഖതിന്റെ മഹാന്മാരുടേതല്ലാത്ത മാര്‍ഗവുമായി ഒരു മുരീദ് ബന്ധം പുലര്‍ത്തിയാല്‍ അത് അവനില്‍ ആത്മീയമായ അധ:പതനത്തിനു കളമൊരുക്കുന്നതാണ്.” (രിസാലതുല്‍ഖുശയ്രി: 180)
സത്യമായ ത്വരീഖതുകള്‍ക്കു കുറ്റമറ്റതും പരിശുദ്ധി അവകാശപ്പെടാവുന്നതുമായ പരമ്പര ഉണ്ടാകും. പരമ്പര വഴി പ്രവാചകനില്‍ വരെ അതിന്റെ വേരുകള്‍ ചെന്നെത്തുന്നതുമാണ്. ത്വരീഖതിന്റെ കൈതുടര്‍ച്ചക്കാരെ കുറിച്ചു ചരിത്രപരമായ വിവരണങ്ങള്‍ സത്യസന്ധമായി നിലനില്‍ക്കുകയും ചെയ്യും. ഇതൊന്നും അവകാശപ്പെടാനില്ലാത്തവര്‍ എത്ര ഉന്നതരായാലും ത്വരീഖതില്‍ വ്യാജന്മാരാണ്. ഇവര്‍ പറയുന്ന പരമ്പര പാരമ്പര്യത്തിന്റെ സദ്ഗുണങ്ങള്‍ കളഞ്ഞു കുളിച്ച കേവല കഥകള്‍ മാത്രമാണ്. മഹാന്മാരുടെ പേരുകളി ല്‍ പ്രസിദ്ധരാവുക എന്നതില്‍ കവിഞ്ഞ് ആ മഹാന്മാരുമായി ചരിത്രപരവും ആത്മീയവുമായ യാതൊരു ബന്ധവും സൂക്ഷിക്കാനാകാത്തവരാണിവര്‍. ഖാദിരി, നഖ്ശബന്തി, ദസൂഖി എന്നിങ്ങനെ പേരിനു നേരെ എഴുതിച്ചേര്‍ത്ത് ഒരു ദിക്റിന്റെ കൈ തുടര്‍ച്ചയും അവകാശപ്പെട്ടു രംഗത്തെത്തുന്ന ഇവര്‍ പരമ്പരയുടെ പരിശുദ്ധിയും തുടര്‍ച്ചയും പഠിക്കാത്തവരാണ്. കുടുംബപരമായ പാരമ്പര്യത്തെ ത്വരീഖതിന്റെ പരമ്പരയുമായി കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. യഥാര്‍ഥത്തില്‍ കുടുംബപാരമ്പര്യം കേവലാര്‍ഥത്തില്‍ ത്വരീഖതില്‍ സ്വീകാര്യമാണെന്ന് ആരും പറയില്ല. ത്വരീഖതെന്നു പറയുന്നത് ആധ്യാത്മ മാര്‍ഗമാണ്. വിജ്ഞാന പാരമ്പര്യമില്ലാത്ത ഒരാള്‍ തന്റെ കുടുംബ പാരമ്പര്യത്തിന്റെ പേരില്‍ ത്വരീഖത് അവകാശപ്പെടുന്നതു വിരോധാഭാസം തന്നെയാണ്. പിതാവ് പണ്ഢിതനായതുകൊണ്ടു പണ്ഢിത പാരമ്പര്യം മകനുകിട്ടണമെന്നില്ല. മകന്‍ സ്വന്തമായി പഠിക്കുക തന്നെ വേണം. അതുപോലെ തന്നെയാണു ത്വരീഖത് പാരമ്പര്യവും. പിതാവ് ശയ്ഖോ വലിയ്യോ ആകുന്നതുകൊണ്ടു മകനും പരമ്പരയുടെ തുടര്‍ച്ചക്കാരനാകുന്നില്ല. മകന്‍ തസ്വവ്വുഫിന്റെ പാത പിന്‍പറ്റിയാല്‍ വേണമെങ്കില്‍ പിതാവിനെ പോലെ ശയ്ഖും ഗുരുവുമൊക്കെ ആകാവുന്നതാണ്.
അതുപോലെ സ്വയം ശയ്ഖായി അവരോധിതരായവര്‍ക്കും സത്യമായ ത്വരീഖതില്‍ സ്ഥാനമില്ല. വ്യാജന്മാരുടെ ഗണത്തില്‍പെടുത്തി അവരെയും മാറ്റി നിറുത്തണമെന്നാണു പണ്ഢിതമതം. ശയ്ഖിന്റെ അനുമതിയും തുടര്‍ച്ചയും വ്യവസ്ഥാപിതമായി കിട്ടിയവനേ ത്വരീഖതിന്റെ പരമ്പരയില്‍ പദവി ഉള്ളൂ.  മുഹമ്മദ് അമീന്‍ അല്‍കുര്‍ദീ(റ) പറയുന്നു: “നബി(സ്വ)യിലേക്കു ചെന്നെത്തുന്ന തുടര്‍ച്ച പ്രകാരം ഒരു ശയ്ഖിന്റെ നിയന്ത്രണത്തിലായി ഉന്നതങ്ങള്‍ താണ്ടുന്നവനേ ഈ വിഷയത്തില്‍ അംഗീകൃതനാകൂ. ശയ്ഖില്‍ നിന്നു മാര്‍ഗദര്‍ശനത്തിനുള്ള സമ്മതം ലഭിക്കുന്നതും പ്രധാനമാണ്. അല്ലാതെ, സ്വയം എഴുന്നെള്ളിപ്പ് അനുവദിക്കുന്നതല്ല. വഴി നടത്തുന്ന ഗുരു ഇല്ലാത്തവന്റെ ശയ്ഖ് ശയ് ത്വാനായി തീരുന്നതാണ്. മുരീദുകളുടെ പക്കല്‍ നിന്നു കരാറു സ്വീകരിക്കുന്നതും അവര്‍ ക്കു വഴി കാണിക്കുന്നതും ശയ്ഖിന്റെ അസ്ഥിത്വം ഉറപ്പിച്ച ശേഷം മാത്രമായിരിക്കണം. മഹാന്മാരായ ആത്മീയ ഗുരുക്കന്മാര്‍ വിധിച്ച കാര്യമാകുന്നു ഇത്. അര്‍ഹതയില്ലാതെ ഇക്കാര്യത്തില്‍ തലയിടാന്‍ വരുന്നവന്‍ വരുത്തിത്തീര്‍ക്കുന്ന അപകടം നന്മയെക്കാള്‍ പതിന്മടങ്ങു തിന്മയായിരിക്കും. വഴിയോരക്കൊള്ള നടത്തുന്നവന്റെ പാതകത്തിനു തുല്യപ്പെട്ടവനാകും ഇവന്‍. ഇത്തരമൊരുത്തന്‍ ശയ്ഖാകാന്‍ പോയിട്ടു സത്യസന്ധനായ മുരീദു പോലുമാകാന്‍ അര്‍ഹനല്ലെന്നതാണു നേര്” (തന്‍വീറുല്‍ഖുലൂബ്: 525).
പരമ്പര കുറ്റമറ്റതും ഗുരുവിന്റെ അനുമതിപ്രകാരം തുടര്‍ന്നു പോരുന്നതുമാകാതിരുന്നാല്‍ ത്വരീഖത് വ്യാജമാകും. ഇത്തരക്കാര്‍ക്കു ചിലപ്പോള്‍ താല്‍ക്കാലിക നേട്ടങ്ങള്‍ വരുത്താവുന്നതാണ്. പക്ഷേ, നേട്ടങ്ങളുടെ പതിന്മടങ്ങു കോട്ടങ്ങള്‍ വരുത്തുന്നതു കൊണ്ട് ഇവരെ മാറ്റി നിറുത്തണമെന്നും സൂക്ഷിക്കണമെന്നുമാണ് മശാഇഖന്മാരുടെ അഭിപ്രായം. ഇമാം കുര്‍ദി(റ) പറയട്ടെ: “ഒരു മുരീദിന് തന്നില്‍ നിന്നു തിരുനബിയില്‍ എത്തുന്നതു വരെയുള്ള പുണ്യപുരുഷന്മാരുടെ പരമ്പര അറിഞ്ഞിരിക്കല്‍ അനിവാര്യമാണ്. പരമ്പര കുറ്റമറ്റതായാലേ ഫലം കിട്ടൂ. തിരുനബിയില്‍ പരമ്പര എത്താത്തവന്‍ അനുഗ്രഹം അറ്റവനാകുന്നു. അവനില്‍ നിന്നു ബയ്അതും ഇജാസതും അരുത്” (തന്‍വീര്‍: 500).
സത്യമായ ഒരു ത്വരീഖതും ശരീഅത്തിനെതിരല്ല. അതിനാല്‍ ശറഈ വിരുദ്ധ വിചാരങ്ങ ളും നടപടിക്രമങ്ങളും വെച്ചുപുലര്‍ത്തുന്ന ശയ്ഖും മുരീദും അവരുടെ ത്വരീഖതും വ്യാജമാണെന്നു വിധിക്കാവുന്നതാണ്. ഇമാം റാസി(റ) രേഖപ്പെടുത്തുന്നു: “ത്വരീഖതിന്റെ കാര്യത്തില്‍ സത്യവാന്മാരെയും വ്യാജന്മാരെയും തിരിച്ചറിയാനുള്ള മാനദണ്ഡം നബി ചര്യാനുസൃതം ശറഈ കര്‍മങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോ ഇല്ലേ എന്നു നി രീക്ഷിക്കലാകുന്നു” (അല്‍ബഹ്ജതുസ്സനിയ്യ: 35).
ഇമാം ഗസ്സാലി(റ) രേഖപ്പെടുത്തുന്നു: “ഹഖീഖത്ത് ശരീഅതിനെതിരാണെന്നോ ആന്തരികജ്ഞാനം ബാഹ്യജ്ഞാനവുമായി ഒക്കില്ലെന്നോ ആരെങ്കിലും പറഞ്ഞാല്‍ ഈമാനിനെക്കാള്‍ അവനോട് അടുത്തു നില്‍ക്കുന്നതു കുഫ്റാകുന്നു” (ഇഹ്യാഅ്: 1/100).
ശരീഅത് വിരുദ്ധമായതു ത്വരീഖതിന്റെ പേരില്‍ നിലനില്‍ക്കുന്നിടത്ത് ഈമാനു പകരം കുഫ്റായിരിക്കും വന്നു ചേരുക എന്നാണ് ഇമാം ഗസ്സാലി(റ) പറയുന്നത്. ഇക്കാലത്തു ചില വ്യാജന്മാര്‍ ത്വരീഖതും ശരീഅതും തമ്മില്‍ ഒക്കില്ലെന്നു വരുത്തിത്തീര്‍ത്തു ശറഈ വൃത്തത്തില്‍ നിന്നു പുറത്തുകടക്കാന്‍ ശ്രമിക്കാറുണ്ട്. ശറഅ് മാറ്റിവെച്ചു താന്തോന്നിയായി ജീവിക്കാന്‍ ത്വരീഖതിനെ തന്നെ ചൂഷണം ചെയ്യുകയാണിവര്‍. ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കാന്‍ ശരിയായ ത്വരീഖതുകാര്‍ അനുവദിക്കില്ല. ഇമാം ജുനയ്ദ്(റ) പറയുന്നത് ഇത്തരക്കാരെക്കാള്‍ എത്രയോ മെച്ചമാണു വ്യഭിചാരികളും കള്ളന്മാരുമെന്നാണ്. ഈഖ്വാള്വിന്റെ വരികള്‍ കാണുക: “ജുനയ്ദ്(റ) പറഞ്ഞതു സത്യം തന്നെയാകുന്നു. ഒരാള്‍ വ്യഭിചരിച്ചാലും കളവ് നടത്തിയാലും അക്കാരണത്താല്‍ കാഫിറാവുകയില്ല. എന്നാല്‍ തനിക്കു ദീനീ നിര്‍ബന്ധങ്ങള്‍ ബാധകമല്ലെന്നു വിശ്വസിച്ചാല്‍ വെണ്ണയില്‍ നിന്ന് മുടിനാരിഴ വലിച്ചെടുക്കുന്നതു പോലെ അവന്‍ മതത്തില്‍ നിന്നു പുറത്തു പോകുന്നതാണ്. ഈ വസ്തുത നാം നന്നായി ഗ്രഹിച്ചിരിക്കണം. അണപ്പല്ലുകൊണ്ടു കടിച്ചു പിടിക്കുക തന്നെ വേണം. ചില ഗ്രന്ഥങ്ങള്‍ പാരായണം നടത്തി തന്റെ ഇഛക്കും ബുദ്ധിക്കുമനുസരിച്ച് അനുഷ്ഠാനങ്ങള്‍ വേണ്ടെന്നുവെക്കുന്ന താന്തോന്നികളെ കരുതിയിരിക്കണം. ദേഹേഛയെ പിന്തുടരുന്നവനെ വിശ്വസിക്കരുതെന്നാണു നബിവചനം. അല്ലാഹു പറഞ്ഞിരിക്കുന്നത് എന്നെ സ്നേഹിക്കുന്നുവെങ്കില്‍ തിരുനബിയെ പിന്‍പറ്റൂ എന്നാണ്. അതുകൊണ്ടു നബി(സ്വ)യെയും പൂര്‍വകാല മഹാന്മാരെയും നീ പിന്‍പറ്റുക. അവര്‍ ക്കൊത്തു പരലോകത്തും എത്തിപ്പെടാന്‍ അതു വഴി സാധിക്കും” (ഈഖ്വാള്വ്: 162).
ത്വരീഖതിന്റെ ഉന്നതപദവികള്‍ താണ്ടിയാല്‍ തന്നെ ശരീഅത് കയ്യൊഴിയുന്നിടത്തു ത്വരീഖതിന്റെ പദവികള്‍ റദ്ദു ചെയ്യപ്പെടുമെന്നതാണു സത്യം. ശയ്ഖ് അഹ്മദ്ബ്ന്‍ മുഹമ്മദ് അല്‍ഹുസയ്നി(റ) പറയുന്നതു കാണുക: “ശരീഅതിന്റെ കാര്യത്തില്‍ വീഴ്ചവരുത്തിയ ധാരാളം ത്വരീഖതുകാരെ കാണാന്‍ എനിക്കവസരമുണ്ടായിട്ടുണ്ട്. അവരൊക്കെയും ത്വരീഖതില്‍ നിന്നു പുറത്തു പോയവരും ഹഖീഖതിന്റെ പൊന്‍പ്രഭ കെടുത്തപ്പെട്ടവരുമായിട്ടാണു ഞാന്‍ കണ്ടത്. അതുപോലെ മറ്റൊരു വിഭാഗത്തെയും ഞാന്‍ കണ്ടു. അവര്‍ ത്വരീഖതുകാരുടെ കൂടെ നീണ്ട കാലമായി കഴിഞ്ഞുകൂടുന്നവരായിരുന്നു. പക്ഷേ, അവരില്‍ ആത്മജ്ഞാനത്തിന്റെ യാതൊരു ലക്ഷണവും വെളിപ്പെട്ടിരുന്നില്ല. അതിന്റെ കാരണം അവര്‍ ശരീഅതിന്റെ മര്യാദകള്‍ വെടിഞ്ഞു എന്നതായിരുന്നു” (ഈഖ്വാള്വ്: 163).
രണ്ടു വിഭാഗത്തെയാണു ശയ്ഖവര്‍കള്‍ പരിചയപ്പെടുത്തുന്നത്. ഒന്ന്- നേരത്തെ ത്വരീഖതില്‍ ഉന്നതങ്ങള്‍ സ്വായത്തമാക്കി പില്‍ക്കാലത്തു വ്യാജന്മാരായവര്‍. മറ്റൊരു കൂട്ടര്‍ നേരത്തെ തന്നെ വ്യാജന്മാരായി തുടരുന്നവര്‍. രണ്ടു വിഭാഗവും ബാഹ്യവീക്ഷണത്തില്‍ ത്വരീഖതുകാരായി വിലയിരുത്തപ്പെടാം. പക്ഷേ, രണ്ടു കൂട്ടരും തികഞ്ഞ വ്യാജന്മാര്‍ മാത്രമാകുന്നു. കാരണം, അവര്‍ ശരീഅത് കയ്യൊഴിഞ്ഞു എന്നതു തന്നെ. ഒട്ടേറെ മഹാന്മാര്‍ ഈ വസ്തുത അടിവരയിട്ടു സംസാരിച്ചതായി കാണാം. ഇമാം അഹ്മദ് ള്വിയാഉദ്ദീന്‍(റ) കുറിക്കുന്നു:
“ശരീഅതിന്റെ ആവശ്യം തീര്‍ക്കാന്‍ ഹഖീഖത് മതി എന്നുവാദിക്കുന്നവന്‍ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാകുന്നു. ഹഖീഖത് സത്യത്തില്‍ ശരീഅതിന്റെ അകത്തളമാണ്. ബാഹ്യതലം അകത്തളത്തിന്റെയും അകത്തളം ബാഹ്യതലത്തിന്റെയും ആവശ്യം തീര്‍ ക്കില്ലെന്നു വ്യക്തമല്ലേ” (ജാമിഉല്‍ഉസ്വൂല്‍: 72).
ഇമാം തഫ്താസാനി(റ) രേഖപ്പെടുത്തുന്നു: “ഇലാഹീ സ്നേഹം, മനത്തെളിമ, പൂര്‍ണ ഇഖ്വ്ലാസ്വ് എന്നിവ ഒരു വലിയ്യ് നേടിക്കഴിഞ്ഞാല്‍ മതപരമായ ശാസനകള്‍ അവനു കൊഴിഞ്ഞു പോയെന്നും ഒരു തെറ്റും ഇനി അവനു ബാധകമല്ലെന്നും വന്‍കുറ്റങ്ങള്‍ ചെയ്താല്‍ തന്നെ അവന്‍ നരകത്തില്‍ കടക്കാന്‍ പോകുന്നില്ലെന്നുമൊക്കെ വിശ്വസിക്കുന്നവരാണ് ഇബാഹതിന്റെയും ഇല്‍ഹാദിന്റെയും കക്ഷികള്‍. ഇവരുടെ വാദം മുസ് ലിംകളുടെ ഇജ്മാഅ് കൊണ്ടു തന്നെ തെറ്റാണെന്നു വ്യക്തമായതാണ്” (ശറഹുല്‍മഖ്വാസ്വിദ്: 5/77).
ശരീഅതിന്റെ ഒരു കൊച്ചു നിയമത്തെയെങ്കിലും മാറ്റിവെക്കുന്നവന്‍ ത്വരീഖതില്‍ സത്യസന്ധനല്ലെന്നുറപ്പിക്കാം. അഞ്ചുവഖ്ത് നിസ്കാരം ജമാഅതായി നിസ്കരിക്കാത്തവനാണു ത്വരീഖത് ചമയുന്നവനെങ്കില്‍ അവനു യാതൊരു വിലയും കല്‍പിക്കരുതെന്നു അബുല്‍ഹസനുശ്ശാദുലി(റ) പറഞ്ഞതും കൂടി(ഫുതൂഹാത്: 272) ഇവിടെ ചേര്‍ത്തു വാ യിച്ചാല്‍ കാര്യം കൂടുതല്‍ വ്യക്തമാകും.
വ്യാജ ത്വരീഖതാണോ എന്ന് ഉറപ്പാക്കുന്ന മറ്റൊരു കാര്യം വിശ്വാസപരമായ പാളിച്ച യാണ്. അഹ്ലുസ്സുന്നത്തിവല്‍ജമാഅതിന്റെ ആശയാദര്‍ശത്തിനു വിരുദ്ധമായ യാതൊ രു ത്വരീഖതും സത്യമാകില്ലെന്നാണു പണ്ഢിതമതം.  ത്വരീഖതുകളുടെ മുഴുവനും വേര് കിടക്കുന്നതു പരമ്പരാഗത സുന്നീ ആദര്‍ശത്തിലാകുന്നു. അതിനു വിരുദ്ധമായി ചിന്തിക്കുന്നതും ബിദ്അതിനെ പ്രോല്‍സാഹിപ്പിക്കുന്നതുമായ ശൈലി ഒരു ത്വരീഖതിലും നിലനില്‍ക്കുന്നതല്ല. അതുകൊണ്ടു സുന്നീ ആദര്‍ശത്തില്‍ മാറ്റുതെളിയിക്കാത്തതും അതിനു കാലോചിതമായി തന്നെ സഹായമേകാത്തതുമായ ത്വരീഖതുകളെല്ലാം വ്യാജമാകുന്നു. അത് ആരുടെ പേരില്‍ നിലനില്‍ക്കുന്നുവെന്നതോ ആരൊക്കെ നേതൃത്വം നല്‍കുന്നുവെന്നതോ പ്രശ്നമല്ല. ശയ്ഖുസഈദുല്‍മഗ്രിബി(റ) പറയുന്നു: “തസ്വവ്വുഫിന്റെ അടിത്തറ ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കലും പുത്തന്‍ വാദവും ദേഹേഛയും വെടിയലുമാകുന്നു. ഇതു പാലിക്കാത്തവന്‍ പതനത്തിലേക്കു കൂപ്പുകുത്തുക തന്നെ ചെയ്യും” (തുഹ്ഫതുസ്സാലികീന്‍: 9).
ത്വരീഖതിന്റെ പദവികള്‍ കരസ്ഥമാക്കിയവന്‍ തന്നെ ബിദ്അതിന്റെ വാഹകനായാല്‍ പദവി തെറിക്കുമെന്നു ഈ പറഞ്ഞതില്‍ നിന്നു വ്യക്തമാകുന്നു. എങ്കില്‍ സുന്നീ ആ ശയം കയ്യൊഴിക്കുന്നവന്‍ എങ്ങനെ സത്യമായ ത്വരീഖതുകാരനാകാനാണ്?. അഹ്ലുസ്സുന്നത്തി വല്‍ ജമാഅതിന്റെ വിശ്വാസാദര്‍ശങ്ങള്‍ അരക്കിട്ടുറപ്പിക്കല്‍ ത്വരീഖതിന്റെ ലക്ഷ്യമായി തന്നെ അവതരിപ്പിച്ച മഹാന്മാരുമുണ്ട്. ഇമാം ഗസ്സാലി(റ) ഇങ്ങനെ സൂചന നല്‍കിയതായി കാണാം. അല്ലാമാ ഖുശയ്രി(റ) പറയുന്നു:
“മുരീദിന് അനിവാര്യമായ കാര്യമാണു തന്റെ വിശ്വാസം ശരിപ്പെടുത്തല്‍. എല്ലാവിധ സംശയങ്ങളില്‍ നിന്നും ചീത്ത ഭാവനകളില്‍ നിന്നും ബിദ്അതില്‍ നിന്നും മുക്തമായെന്ന് ഉറപ്പുവരുത്തല്‍ നിര്‍ബന്ധമാകുന്നു” (രിസാല; 180).
ലോകത്തെ അറിയപ്പെട്ട  ത്വരീഖത്തുകളെല്ലാം ബിദ്അതിന്റെ കണ്ഠ കോടാലിയായി വര്‍ത്തിച്ച ചരിത്രമുണുള്ളത്. നഖ്ശബന്തി ത്വരീഖതിനെ കുറിച്ചു ജാമിഉല്‍ഉസ്വൂല്‍ പരിചയപ്പെടുത്തുന്നതു കാണുക: “നഖ്ശബന്തി ത്വരീഖത് സ്വഹാബതിന്റെ ത്വരീഖതാകുന്നു. ബാഹ്യവും ആന്തരികവുമായി നിരന്തരമായ ആരാധനയും സുന്നത്തിന്റെയും സൂക്ഷ്മതയുടെ പരിപൂര്‍ണതയും ബിദ്അതിനെ പാടെ ഉപേക്ഷിക്കലുമാണ് അതിന്റെ അടിത്തറ” (ജാമിഉല്‍ഉസ്വൂല്‍ – 136).
അര്‍ഹനല്ലാത്ത ശയ്ഖും അര്‍ഹനല്ലാത്ത മുരീദും ത്വരീഖതിന്റെ പേരില്‍ വ്യാജ്യ വ്യാപനത്തിനു കളമൊരുക്കുന്ന സുപ്രധാന ഘടകങ്ങളാകുന്നു. ഇക്കാലത്തു കണ്ടു വരുന്ന ത്വരീഖതുകള്‍ പരിശോധിക്കാന്‍ മുതിര്‍ന്നാല്‍ കണ്ടെത്താന്‍ കഴിയുന്നതു പ്രധാനമായും ഈ ഒരു ന്യൂനതയാണ്.
ത്വരീഖതിന്റെ ശയ്ഖാവണമെങ്കില്‍ ബാഹ്യവും ആന്തരികവുമായി ആയിരക്കണക്കിനു ഗുണവിശേഷങ്ങള്‍ ഒത്തിരിക്കണം. അക്കൂട്ടത്തില്‍ ലളിതമായതു പോലും ഒപ്പിക്കാനാകാ ത്തവരാണ് ഇന്നു ത്വരീഖതിന്റെ മുഴുവന്‍ കുത്തക അവകാശപ്പെടുന്നത്. എല്ലാ ത്വരീഖതുകാരും ഓരോ ശയ്ഖുമാരെ അവതരിപ്പിക്കുന്നുണ്ട്. ഈ ശയ്ഖുമാരില്‍ അവര്‍ ആരോപിക്കുന്നതു തര്‍ബിയതെന്ന മഹാ പദവിയാണ്. സത്യത്തില്‍ തബര്‍റുകിന്റെ പദവിപോലും അര്‍ഹിക്കാത്ത പശ്ചാത്തലമാകും ഈ ശയ്ഖുമാര്‍ക്ക് ഉണ്ടാവുക. തര്‍ബിയതിന്റെ ഗുണഗണങ്ങള്‍ ‘തര്‍ബിയത്’ എന്ന ലേഖനത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. തര്‍ബിയതിന്റെ ചാകര തന്നെ നിലനില്‍ക്കുന്നു എന്നാണു വ്യാജ ത്വരീഖത്തുകാരുടെ അവകാശവാദം. സത്യം നേരെ തിരിച്ചാണെന്നത് ഇവര്‍ അംഗീകരിക്കുന്നില്ല. തര്‍ബിയതിന്റെ ശയ്ഖിന് ഉണ്ടാകേണ്ട ലളിതമായ ഗുണമാണു മുസ്ലിം സമൂഹത്തില്‍ ഒരു ശത്രുവും ഇല്ലാത്തവിധം ഹൃദയസംസ്കൃതനാവുക എന്നത്. ഇന്നത്തെ ശയ്ഖുമാര്‍ സമൂഹത്തിലെ നല്ലവരെ തന്നെ ശത്രുവാക്കി പ്രതിചേര്‍ത്താണു രംഗത്തു വരുന്നത്. വിശിഷ്യാ മതപണ്ഢിതന്മാരെയും അവരെ അംഗീകരിക്കുന്നവരെയും. തങ്ങള്‍ക്കെതിരെ ചെറു വിരലനക്കുന്നവരെ ഒതുക്കാന്‍ ഗുണ്ടകളെ ഏര്‍പ്പാടാക്കുകയും മാരണത്തിന്റെയും ദുര്‍മന്ത്രത്തിന്റെയും ദുശിച്ചമാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നതും വിരളമല്ല. സത്യമായ ശയ്ഖിന്റെയും ത്വരീഖതിന്റെയും ചരിത്രത്തില്‍ ഇങ്ങനെ ഒന്നു കാണാനാവില്ല. തങ്ങള്‍ വ്യാജവാദികളാണെന്നു വിവരമുള്ളവര്‍ക്കു മുമ്പില്‍ പ്രകാശിപ്പിക്കുന്നതാണ് ഇത്തരക്കാരുടെ ഗോഷ്ടികള്‍.
ത്വരീഖതിന്റെ കാതലായ ഗുണമാണു ഹൃദയശുദ്ധി. അസൂയ, അഹങ്കാരം, ഏഷണി, പരദൂഷണം തുടങ്ങിയ മാരകമായ ദുര്‍ഗുണങ്ങളില്‍ നിന്നു മുക്തമാകാത്തവനു ത്വരീഖതി ന്റെ പേരു തന്നെ പറയാന്‍ അര്‍ഹതയില്ല. എന്നാല്‍ പ്രാഥമികമായ ഈ ആത്മീയ പ്രശ്നത്തിനു വില കല്‍പ്പിക്കാത്തവരാണു വ്യാജത്വരീഖതുകാര്‍. തങ്ങള്‍ തന്നെയാണ് എല്ലാം തികഞ്ഞവര്‍ എന്ന ധാരണയില്‍ മറ്റുള്ളവരെയൊക്കെ വില കുറച്ചു കാണുക ഇവരുടെ ഒന്നാമത്തെ ലക്ഷണമാണ്.  ത്വരീഖതില്‍ അംഗമായാല്‍ അഹങ്കാരം പ്രകടിപ്പിക്കുവാന്‍ ഇജാസതു ലഭിച്ചുവെന്ന ഭാവമാണിത്തരക്കാരില്‍ കാണുന്നത്. വിനയമാണു ത്വരീഖതിന്റെ മറ്റൊരു പ്രധാന സദ്ഫലം. ശയ്ഖ് ജീലാനി(റ) പറഞ്ഞു: “അല്ലാഹുവില്‍ എത്താന്‍ പല വാതിലുകള്‍ ഞാന്‍ പരതി. അവിടെയൊന്നും എനിക്കു കടന്നു ചെല്ലാനായില്ല. അവസാനം ഞാന്‍ ചെന്നതു വിനയത്തിന്റെ കവാടത്തിലാണ്. ആ വാതില്‍ ഒഴി ഞ്ഞു കിടക്കുകയായിരുന്നു. അതുകൊണ്ടു നിങ്ങളും ആ വാതിലില്‍ കൂടി അകത്തെത്തുക.” ശയ്ഖ് ജീലാനി(റ) രിഫാഈ(റ) തുടങ്ങിയവര്‍ വിനയത്തിന്റെ പ്രതീകങ്ങളായിരുന്നു. എന്നാല്‍ അവരുടെ ത്വരീഖതുകാരെന്നു പറഞ്ഞു രംഗത്തു വരുന്നവര്‍ അഹങ്കാരത്തിന്റെ പ്രതീകങ്ങളാകുന്ന അവസ്ഥയാണു കാണുന്നത്. ഇതൊക്കെ വ്യാജമായ മാര്‍ഗമാണെന്നുറപ്പിക്കാന്‍ ബുദ്ധിയുള്ളവര്‍ക്കു മറ്റാരെയും കാത്തു നില്‍ക്കേണ്ടതായിട്ടില്ല.
സ്വന്തം കുറ്റങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നവരുടെയും പരിഹരിച്ചവരുടെയും മാര്‍ഗമാണു ത്വരീഖത്. എന്നാല്‍ ഇന്ന് അത് അന്യന്റെ കുറ്റങ്ങള്‍ക്കു കണ്ണു നട്ടിരിക്കുന്ന കമ്പനിയായിരിക്കുന്നു. ഇമാം ഗസ്സാലി(റ) ശയ്ഖിനെ തേടുന്നതു സംബന്ധമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞിരിക്കുന്നതു സ്വന്തം ന്യൂനതകള്‍ കണ്ടെത്തി പരിഹരിക്കുന്നവനാകണം ശയ്ഖെന്നാണ്. മഹാന്‍ പറയുന്നു: “ഹൃദയത്തിന്റെ രോഗങ്ങള്‍ അറിയാവുന്ന, ആന്തരിക ആപത്തുകളെകുറിച്ചു ബോധമുള്ള ഗുരുവിന്റെ മുമ്പിലാണ് ഇരിക്കേണ്ടത്. അദ്ദേഹം വിധിക്കുന്ന പഥ്യങ്ങള്‍ പാലിക്കുകയും ആത്മപ്രയത്ന സൂചനകള്‍ ഉള്‍ക്കൊ ള്ളുകയും മുന്നോട്ടു നീങ്ങുകയും വേണം. ശയ്ഖും മുരീദും തമ്മിലും ഉസ്താദും ശി ഷ്യനും തമ്മിലും ഉണ്ടാകേണ്ട ബന്ധവും സമീപനവും ഇതാകുന്നു. ശയ്ഖും ഉസ്താദും ചെയ്യേണ്ടതു ശിഷ്യന്മാരുടെ കുറവുകള്‍ പറഞ്ഞു കൊടുത്തു ചികിത്സ നിര്‍ദേശിക്കുകയാണ്. ഖേദകരമെന്നു പറയട്ടെ ഇത് ഇക്കാലത്തു വളരെ കുറഞ്ഞു പോയിരിക്കുന്നു” (ഇഹ്യാഅ്: 3/64).
ഇമാം ഗസ്സാലി(റ) ഹിജ്റ: അഞ്ചാം നൂറ്റാണ്ടുകാരനാണ്. അന്നത്തെ കഥയാണീപറയുന്നത്. ത്വരീഖതില്‍ പ്രധാനമായും നടക്കേണ്ടതു സ്വയം സംസ്കരണമാണ്.  ഇതു കുറഞ്ഞു വന്നുവെന്നു മഹാന്‍ പറയുന്നുവെങ്കില്‍ ഇക്കാലത്തു പലരും അവകാശപ്പെടുന്ന തര്‍ബിയതിനെ ഏതു വിധത്തില്‍ കാണണമെന്നു നാം വിലയിരുത്തുക. സത്യത്തില്‍, ത്വരീഖതിന്റെ പേരില്‍ ഇന്നു നടക്കുന്ന പ്രാഥമിക സംസ്കരണം പോലും പരിതാപകരമാണ്.
ത്വരീഖതിന്റെ വ്യാജമുഖം പ്രകടമാകുന്ന മറ്റൊരുദാഹരണമാണു ത്വരീഖതില്‍ ആളെച്ചേര്‍ക്കല്‍ എന്ന ആഭാസം. ത്വരീഖതിന്റെ സംഘടനാവല്‍ക്കരണം എന്ന് ഇതിനെ വിശേഷിപ്പിക്കാം. അര്‍ഥ രഹിതവും പ്രമാണങ്ങളുടെയും ചരിത്രത്തിന്റെയും പിന്‍ബലമില്ലാത്തതുമാണു ത്വരീഖതിന്റെ ഈ ഹോള്‍സൈല്‍ വിതരണം. കരാര്‍ അടിസ്ഥാനത്തില്‍, ഇത്രകൊല്ലം കൊണ്ട് ഇത്ര പേരെ ത്വരീഖതില്‍ ചേര്‍ക്കണമെന്ന ടാര്‍ജറ്റ് പോലും നിലനില്‍ക്കുന്നുവത്രെ!. ത്വരീഖതെന്നു പറയുന്നതു കോമാളിത്തമായി കാണുന്നവര്‍ക്കെ ഇതിനു ധൈര്യം വരൂ. സത്യമായ ശയ്ഖാണെങ്കില്‍ മുരീദുകളെ വര്‍ധിപ്പിക്കുന്നതില്‍ അത്യാഗ്രഹം കാണിക്കില്ലെന്നാണു പണ്ഢിതമതം. ഇനി അങ്ങനെ വര്‍ധിപ്പിക്കണമെന്നു ആശയുണ്ടെങ്കില്‍ തന്നെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ മാത്രമേ ത്വരീഖതില്‍ ആളെ ചേര്‍ക്കാന്‍ അവര്‍ മുതിരൂ. ഇസ്മാഈലുല്‍ ഹിഖി(റ) ഉദ്ധരിക്കുന്നതു കാണുക: “അത്തഅ്വീലാതുന്നജ്മിയ്യ: എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കാണാം – ഒരാള്‍ ത്വരീഖതിന്റെ ശയ്ഖാകാനുള്ള നിബന്ധനയില്‍ പെട്ടതാണു മുരീദിനെ സ്വീകരിക്കുന്നതിന്റെമേല്‍ അത്യാഗ്രഹം കാണിക്കാതിരിക്കല്‍. പ്രശ്നത്തെപ്പറ്റിയും അതിന്റെ പ്രതിസന്ധികളെ പറ്റിയും സംസാരിക്കുന്നതിനു പുറമെ പരീക്ഷിക്കുകയും വേണമെന്നതു നിയമമാകുന്നു. ഇങ്ങനെ ചെയ്യുന്നതില്‍ ഒരാളെ വെറുപ്പിക്കല്‍ വരുന്നില്ല. നന്മ വരുത്തുകയാണു ചെയ്യുന്നത്. ഇങ്ങനെയൊക്കെ ചെയ്തതിനു പിറകെ ആഗതന്‍ തന്റെ ആവശ്യത്തില്‍ സത്യസന്ധനാണെന്നും മറ്റെല്ലാം വെടിഞ്ഞു രംഗത്തു വരാന്‍ ഒരുക്കമാണെന്നും ബോ ധ്യപ്പെട്ടാല്‍ മാത്രം അവനെ സ്വീകരിച്ചു സ്വന്തം കുഞ്ഞിനെന്നപോലെ പരിപാലിക്കാന്‍ ശയ്ഖ് മുതിരണം” (റൂഹുല്‍ബയാന്‍: 5/278).
ത്വരീഖതിന്റെ പേരില്‍ ഇന്ന് നടക്കുന്നത് ഇപ്പറഞ്ഞതിനു വിരുദ്ധമാകുന്നു. വരുന്നവര്‍ ക്കെല്ലാം വാരിക്കോരി നല്‍കുകയും പരമാവധി ആളെ ചേര്‍ക്കുകയും ചെയ്യുക എന്നതാണ് പുതിയ രീതി. മുരീദുമാരുടെ കണക്കുപറഞ്ഞു സത്യാസത്യ വിവേചനത്തിനു വില പേശുന്നവര്‍ വരെ ഈ രംഗത്തുണ്ട്. അതുപോലെ ഒരു തരം പ്രസ്ഥാനവല്‍ക്കരണവും നടന്നുവരുന്നുണ്ട്. ശയ്ഖുമാര്‍ തന്നെ മുന്‍കയ്യെടുത്തു സമ്മേളന കോലാഹലങ്ങളും വാദവിവാദങ്ങളും നടത്തുന്നു. ഇതൊക്കെ സത്യമായ ത്വരീഖതാണെന്നു വിശ്വസിക്കുന്നവര്‍ വഴിതെറ്റിയെന്നു വിധിക്കാന്‍ കൂടുതല്‍ ബുദ്ധിവേണമെന്നു തോന്നുന്നില്ല. ത്വരീഖതിന്റെ സംഘടനാവല്‍ക്കരണം വ്യാജമുഖത്തെ തന്നെയാണു പ്രകടമാക്കുന്നത്. അത്തരമൊരു ശൈലി ഒരിക്കലും പുര്‍വസൂരികള്‍ക്കിടയില്‍ പ്രകടമായിരുന്നില്ല. അവരുടെ മുരീദുമാര്‍ എണ്ണത്തിന്റെ കാര്യത്തില്‍ കുറഞ്ഞവരും വണ്ണത്തിന്റെ കാര്യത്തില്‍ പെരുത്തതുമായിരുന്നു. എന്നാല്‍ ഇക്കാലത്തുള്ളവര്‍ എണ്ണത്തിന്റെ കാര്യത്തില്‍ കൂടുതലാണ്. മാറ്റ് ഒട്ടും ഇല്ലതാനും. ഇത്തരമൊരു സാഹചര്യത്തില്‍ ത്വരീഖതിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുക സ്വാഭാവികമാണ്.
പരിണിതഫലം
അര്‍ഹതയില്ലാത്തവര്‍ ത്വരീഖതിന്റെ പദവി അവകാശപ്പെടുന്നതു ആത്മ നാശത്തിനു കാരണമാ കുമെന്നാണു പണ്ഢിതവിധി. മറ്റുള്ള തെറ്റുകള്‍ ചെയ്യുന്നതിനെക്കാള്‍ വമ്പിച്ച പരാജയത്തിന് ഇതു കാരണമാകും. പണ്ഢിതന്മാരുടെ വീക്ഷണത്തില്‍ ഇത്തരക്കാര്‍ ചീത്തമരണത്തിനും ഒരുവേള മതപരിത്യാഗത്തിനും കാരണക്കാരാകുന്നതാണ്. ഇമാം അബ്ദുല്ലാ ബാഅലവി- അല്‍ഹദ്ദാദ്(റ) രേഖപ്പെടുത്തുന്നു: “യാതൊരുവിധ അര്‍ഹതയും ഇല്ലാതെ ഔലിയാഇന്റെ പദവിയും അവസ്ഥയും അവകാശപ്പെടുന്നവര്‍ക്കു ചീത്ത മരണത്തിനുള്ള വഴി എളുപ്പമാകു ന്നതാണ്” (അന്നസ്വാഇഹുദ്ദീനിയ്യ: 5).