സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 26 August 2014

ഫിഖ്ഹും ഫിസ്ഖും

ഫിഖ്ഹ് മാത്രമായാല്‍ അധര്‍മിയാകുമെന്നു വിശ്വസിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കാണാം. സാധാരണക്കാരെ കുടുക്കാന്‍ തന്ത്രം മെനയുന്നവര്‍ ഈ വിശ്വാസത്തിനു പ്രചാരണം നല്‍കുക പതിവാണ്. “ഭൌതിക പരിത്യാഗമില്ലാതെ കര്‍മശാസ്ത്രം മാത്രമായാല്‍ ഫിസ്ഖ് വരുമെന്ന അബൂഅബ്ദില്ലാ മുഹമ്മദുബിന്‍ വര്‍റാഖ്(റ)ന്റെ പ്രഖ്യാപനം ഈ വിഭാഗം പൊക്കിപ്പിടിക്കും. ഫിഖ്ഹ് തന്നെ വേണ്ട എന്നുവരുത്താനും ഈ പ്രസ്താവത്തെ കൂട്ടുപിടിക്കുന്നവരുണ്ട്. ഈ വിഷയത്തോട് ഇമാം സൂയൂഥി(റ) പ്രതികരിക്കുന്നതു കാണുക:
“സുഹ്ദില്ലാതെ ഫിഖ്ഹ് മാത്രമായാല്‍ ഫിസ്ഖ് വരുമെന്ന വാദം സ്വൂഫി തന്റെ മഹത്തായ പദവിയില്‍ നിന്നു പ്രഖ്യാപിക്കുന്ന പ്രസ്താവങ്ങളില്‍ പെട്ടതാണ്. ഇത്തരം മഹാന്മാര്‍ ഫിസ്ഖ്, കുഫ്ര്‍ തുടങ്ങിയ പദങ്ങള്‍ സാമാന്യമായ അര്‍ഥത്തിലല്ലാതെ ഉപയോഗിക്കുക പതിവാണ്. സാധാരണക്കാരന്‍ ചെയ്യുന്ന പല നല്ല കാര്യങ്ങളും അല്ലാഹുവിനോടടുത്തവര്‍ ചെയ്താല്‍ തെറ്റായി ഗണിക്കപ്പെടുമെന്ന നിഗമനത്തില്‍ പെട്ടതാണ് ഇതും. അവരുടെ പദവിയിലേക്കു ചേര്‍ത്തു നോക്കുമ്പോള്‍ നന്മകള്‍ തന്നെ തിന്മകളുടെ ഗണത്തില്‍ വരുന്നതാണ്. ഇബ്നുല്‍ഫാരിള്വ് പാടുന്നതു നോക്കൂ.
“നാഥാ! നീ അല്ലാതെന്‍ ഹൃത്തില്‍,
മറ്റൊന്നുദിച്ചാല്‍.
മറന്നാകിലും ഞാന്‍ വിധിക്കുമെന്‍മേല്‍,
മതപരിത്യാഗമാകും ദുര്‍വിധി.”
ഇബ്നുല്‍ ഫാരിള്വ് പറഞ്ഞ മത പരിത്യാഗം അതിന്റെ യഥാര്‍ഥ അര്‍ഥത്തെ ധ്വനിപ്പിക്കുന്നതല്ലെന്നുറപ്പാണല്ലോ. ഈ ഗണത്തില്‍ പെട്ടതാണു ഗീബത് നോമ്പിനെ മുറിപ്പിക്കുമെന്ന സ്വൂഫികളുടെ പ്രഖ്യാപനം. ഇതൊക്കെ ത്വരീഖതിന്റെ വാക്താക്കള്‍ തങ്ങളുടെ മേല്‍ സ്വന്തം ചെലുത്തുന്ന നിര്‍ബന്ധങ്ങളില്‍ പെട്ടതാണ്. സാധാരണക്കാരനു ബാധകമാകാത്തതുമാണ്” (അല്‍ഹാവീ ലില്‍ഫതാവ: 2/234).
ഈ പറഞ്ഞതില്‍ നിന്നും മേല്‍ പ്രസ്താവന ബാഹ്യാര്‍ഥത്തില്‍ കാണാനാവില്ലെന്നും സാധാരണക്കാരുമായി ബന്ധപ്പെടാത്തതാണെന്നും മനസ്സിലാക്കാം. അതുകൊണ്ട് ഇ ത്തരം പ്രസ്താവനകള്‍ പൊക്കിപ്പിടിച്ചു സാധാരണക്കാരനെ വഴി തെറ്റിക്കുന്നതും പണ്‍ ഢിതന്മാരെ വില കുറച്ചു കാണിക്കുന്നതും ശരിയായ പ്രവണതയല്ല.