സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 23 August 2014

അല്ലാഹു- ഭാഗം- 03

നമുക്കുള്ളതുപോലെ കണ്ണുണ്ടായിട്ട് കാണാൻ കഴിയാത്ത എത്ര ഹതഭാഗ്യരുണ്ടിവിടെ? നമുക്കുള്ളതുപോലെ പല്ലും നാവും ചുണ്ടും തൊണ്ടയുമെല്ലാമുണ്ടായിട്ടും സംസാരിക്കാൻ കഴിയാത്തവരെത്രയുണ്ട്. ചെവിയുണ്ടായിട്ട് കേൾക്കാൻ കഴിയാത്തവരെത്രയുണ്ട് ! ഇതെല്ലാം അല്ലാഹു നമ്മേ ചിന്തിപ്പിക്കാൻ ചെയ്യുന്നവയാണെന്നോർക്കുക.

ചിന്തിച്ചു നോക്കൂ, നാം ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേൽക്കാനുദ്ദേശിക്കുമ്പോഴേക്ക് എത്ര പേശികളാണ് അതിനു വേണ്ടി പ്രവർത്തിക്കുന്നത്? ഏതെല്ലാമാണ് നിശ്ചലമാകുന്നത്? നമുക്കതിൽ വല്ല പങ്കുമുണ്ടോ ? വെറും ഉദ്ദേശം മാത്രം. ഒന്ന് മൂത്രമൊഴിക്കാൻ ഉദ്ദേശിച്ച് ഇരുന്നാൽ മൂത്രം വരുന്നു. കഴിഞ്ഞാൽ എഴുന്നേൽക്കുന്നു. വല്ല ലീക്കും ആ സംവിധാനത്തിൽ സംഭവിക്കുന്നുണ്ടോ? ആരാണ് ഈ സംവിധാനങ്ങളൊക്കെ ചെയ്തത്? മഹാനായ ഇമാം ഗസ്സാലി رحمه الله പറഞ്ഞതുപോലെ, “കൃത്യമായി മൂത്രമൊഴിക്കാനും മുടങ്ങാതെ മലം ഒഴിവാക്കാനും സാധിക്കുന്നവിധത്തിൽ മനുഷ്യനെ അല്ലാഹു സംവിധാനിച്ച അനുഗ്രഹത്തിന്റെ വില അറിയണമെങ്കിൽ മൂത്രം പോകാതെ, മലം ഒഴിവാക്കാൻ കഴിയാതെ ഹോസ്പിറ്റൽ കിടക്കകളിൽ കഴിയുന്ന രോഗികളെ പോയി കാണണമെന്ന്”. എത്ര ശരിയാണത്.

‘ചിരിയും’ ‘കരയലും’ , ഇവയെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ. വിശുദ്ധ ഖുർ‌ആനിൽ സൂറത്തുന്നജ്മിൽ ഒരായത്തുണ്ട്. നാമതിലൂടെ കടന്നുപോകാറുണ്ട്. പക്ഷെ അതിലെ അമാനുഷികത നാം ചിന്തിക്കാറില്ല. ഇതാണ് ആ ആയത്ത് :

“അവൻ തന്നെയാകുന്നു ചിരിപ്പിച്ചതും കരയിച്ചതും”.
അഥവാ ഈ രണ്ട് പ്രതിഭാസങ്ങൾ മനുഷ്യർക്ക് മുഴുവനും നൽകിയവൻ അല്ലാഹു ആണ്. മറ്റു ജീവികൾക്കതില്ലതാനും. അല്ലാഹുവിന്റെ രണ്ട് വലിയ അനുഗ്രഹങ്ങളാണത്. അതുകൊണ്ട് തന്നെ എല്ലാവരും ചിരിക്കുന്നതും കരയുന്നതും ഒരു പോലെയാണ്. അവിടെ ഭാഷയുടെയോ നാടിന്റെയോ ജാതിയുടെയോ വ്യത്യാസം കാണുന്നില്ല. ഇം‌ഗ്ലീഷ് ചിരിയെന്നു പറഞ്ഞ് ഒരു ചിരിയില്ല. അറബിക്കരച്ചിൽ എന്നു പറഞ്ഞ് ഒരു കരച്ചിലുമില്ല. മലയാളച്ചിരിയുമില്ല. എല്ലാവരുടേതും ഒരു രൂപം തന്നെ.

പ്രിയ സഹോദരാ ഇതാണ് നമ്മുടെ ശരീരത്തിന്റെ അവസ്ഥയെങ്കിൽ ആ പരമ കാരുണ്യവാനായ അല്ലാഹുവിൽ വിശ്വസിക്കൂ, നമ്മുടെ ശരീരത്തിന്റെ മുഴുവൻ കോശങ്ങളുടേയും ഉടമയാണവൻ. അവന്റെ സ്വർഗ്ഗവും പ്രതിഫലവും കാംക്ഷിക്കുന്നില്ലെങ്കിൽ ചുരുങ്ങിയത് അവന്റെ ശിക്ഷയെ ഭയപ്പെടൂ‍. അവന്റെ പാരത്രിക ജീവിതത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ ഭൂലോകത്ത് അവന്റെ ശിക്ഷ നമ്മേ പിടികൂടുമെന്ന പേടിയെങ്കിലും വെച്ചുകൊണ്ട് അവനിൽ വിശ്വസിക്കൂ. അവൻ എല്ലാ സന്തോഷവും സുഖവും നമുക്ക് സമ്മാനിക്കും 

മനുഷ്യ ശരീരത്തിലെ മറ്റൊരു അല്‍ഭുത പ്രതിഭാസത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ. നാമെല്ലാവരും ബുദ്ധിയുടെ വിഷയത്തില്‍ വിവിധ തലങ്ങളിലാണ്. പഠിച്ചവനുള്ള ബുദ്ധി പഠിക്കാത്തവനുണ്ടാവുകയില്ല. ഈ ബുദ്ധിക്കനുസരിച്ചതിനെ മാത്രമേ ഒരോരുത്തര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയൂ. ഉദാഹരണമായി ഒരു പ്രത്യേക വിഷയത്തില്‍ പ്രസംഗം നടക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. ആ വിഷയത്തില്‍ എന്തെങ്കിലും വാസനയും കഴിവും ഉള്ളവര്‍ക്കേ ആ പ്രസംഗത്തോട് പൊരുത്തപ്പെടാന്‍ കഴിയൂ. ഇതെല്ലാ വിഷയത്തിലും കാണാം, എല്ലാവര്‍ക്കും ഐക്യപ്പെടാന്‍ കഴിയാത്തതായി. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഖുര്‍‌ആനിന്റെ കാര്യമെടുത്തുനോക്കൂ. എല്ലാ ഹൃദയങ്ങള്‍ക്കും അതിനോട് പൊരുത്തപ്പെടാനും ഐക്യപ്പെടാനും കഴിയും. നിസ്കരിക്കാന്‍ വേണ്ടി പള്ളിയിലേക്ക് വരുന്ന, അല്ലെങ്കില്‍ നിസ്കരിക്കാന്‍ വേണ്ടി മസ്ജിദുല്‍ ഹറാമിലേക്ക് വരുന്ന വിവിധ ഭാഷക്കാരും ദേശക്കാരും ബുദ്ധിയില്‍ വിവിധ തലങ്ങളിലുള്ളവരും അതിലുണ്ട്. പക്ഷെ ഇമാമിന്റെ ഖുര്‍‌ആന്‍ പാരായണം അവരെല്ലാവരും ശ്രദ്ധിച്ചു കേള്‍ക്കുന്നു. അവന്റെ അന്തരങ്ങളില്‍ ഈമാനികോത്തോജനമുണ്ടാക്കുന്നു, എല്ലാവര്‍ക്കും അതിനോട് പൊരുത്തപ്പെടാന്‍ കഴിയുന്നു. മറ്റു മതസ്ഥര്‍ക്കുപോലും ശ്രദ്ധിച്ചുകേട്ടാല്‍ അന്തരങ്ങളില്‍ രസം തോന്നും, കാരണം അല്ലാഹു മനുഷ്യരില്‍ സൃഷ്ടിച്ച കഴിവുകള്‍ വിശുദ്ധ ഖുര്‍‌ആനിനോട് പൊരുത്തപ്പെടുന്ന രൂപത്തിലാണ്. എന്നല്ല ആശയമോ അര്‍ത്ഥമോ അറിയാതെ പൂര്‍ണ്ണമായും ഹൃദിസ്ഥമാക്കാന്‍ കഴിയുന്ന ഏക ഗ്രന്ഥം ലോകത്ത് ഖുര്‍‌ആന്‍ മാത്രമാണ്. ഏഴുവയസ്സുകാരനും എട്ടുവയസ്സുകാരനുമൊക്കെ ഖുര്‍‌ആന്‍ മന:പ്പാഠമാക്കിയവരായി കാണുന്നത് അതു കൊണ്ടാണ്. അവനതിന്റെ അര്‍ത്ഥം അറിഞ്ഞതുകൊണ്ടല്ലല്ലോ. അവന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന തന്റെ സൃഷ്ടാവിനോടുള്ള ആത്മീയബന്ധമാണത്.

ഇനിയും ചിന്തിച്ചു നോക്കൂ അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിലെ പ്രത്യേകത, മനുഷ്യോല്‍പ്പത്തി മുതല്‍ അന്ത്യദിനം വരെ ജീവിച്ചു മരിച്ചുപോയവരെ മുഴുവനും നാളെ അല്ലാഹു പുനര്‍ജന്മം നല്‍കി ഒരുമിച്ചുകൂട്ടും. പക്ഷെ ഒരിക്കലും ഒരാള്‍ മറ്റൊരാളോട് തുല്യമായുണ്ടാവുകയില്ല. ഒരാളെയും തിരിച്ചറിയാതെ അബദ്ധത്തില്‍ മറ്റൊരാള്‍ ശിക്ഷിക്കപ്പെടുകയോ സ്വര്‍ഗത്തിലേക്ക് അയക്കപ്പെടുകയോ ഇല്ല. നാമായി, നമ്മുടെ രൂപത്തില്‍ നാം മാത്രമേ ഉള്ളൂ. ഭൌതിക ലോകത്ത് തന്നെ നമുക്കതിന് തെളിവുകള്‍ അല്ലാഹു കാണിച്ചുതന്നു. മനുഷ്യര്‍ ഇന്നു ബില്യന്‍ കണക്കിനുണ്ട്. എല്ലാവരേയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരേ ആകൃതിയിലാണ്. എന്നാല്‍ എല്ലാവരും വ്യത്യസ്തരാണ് താനും. കോടിക്കണക്കിനു മനുഷ്യര്‍ക്കിടയില്‍ നിന്ന് ഒരു പിതാവിന് തന്റെ മകനെ തിരിച്ചറിയാനോ ഒരു കുട്ടിക്ക് തന്റെ മാതാവിനെ തിരിച്ചറിയാനോ ഒരു പ്രയാസവുമുണ്ടാവുകയില്ല. വെറും ഒരു നോട്ടം കൊണ്ടു മാത്രം തിരിച്ചറിയാന്‍ കഴിയും. ഇതു മനുഷ്യ വര്‍ഗ്ഗത്തിനു മാത്രമുള്ള പ്രത്യേകതയാണെന്നതാണ് അതിലേറെ രസം. ആയിരക്കണക്കിനു പശുക്കളുടെ ഇടയില്‍ നിന്ന് ഒന്നിനെ മറ്റൊന്നില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ആടുകളുടേയും മാടുകളുടേയും ശരീരത്തില്‍ അവ എണ്ണം കൂടുതലാകുമ്പോള്‍ നമ്പറിടാന്‍ നിര്‍ബന്ധിതരാകുന്നത്. എന്നാല്‍ നൂറുകണക്കിനു കുട്ടികളുടെ ഇടയില്‍ നിന്ന് ഒരു ഉമ്മാക്ക് തന്റെ കുട്ടിയെ തിരിച്ചറിയാന്‍ നമ്പറിടേണ്ടി വന്നിട്ടുണ്ടോ ? ഇങ്ങനെ വേര്‍തിരിച്ചറിയാന്‍ പറ്റുന്ന പലതും അല്ലാഹു മനുഷ്യനില്‍ സംവിധാനിച്ചിട്ടുണ്ടു. വിരലടയാളം അതിലൊന്നാണ്. ഇതുപോലെ വാസനയും അടയാളമാണ്. നമുക്ക് വാസന കൊണ്ട് അതിന്റെ ഉടമയെ കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ അല്ലാഹു ആ അല്‍ഭുത കഴിവുകൊടുത്ത ജീവിയാണ് നായ. പോലീസ് നായയെ കണ്ടില്ലേ ? ആയിരക്കണക്കിന് ആളുകള്‍ക്കിടയില്‍ നിന്ന് വെറും മണം പിടിച്ച് കുറ്റവാളിയെ പിടിച്ച് കൊണ്ടുവരുന്നത്.

سبحان الله


ചിന്തിക്കാനും പാഠമുള്‍ക്കൊള്ളാനും തന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനുള്ള കഴിവും ബുദ്ധിയും ലഭിച്ചവന്‍ മനുഷ്യന്‍ മാത്രമാണ്. മറ്റു വസ്തുക്കളിലൊന്നും ഈ ഗുണങ്ങള്‍ കാണാവതല്ല. കുരങ്ങന്മാര്‍ എവിടെയും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സമ്മേളിച്ചതായി അറിവില്ല. മറ്റേതെങ്കിലും മൃഗങ്ങള്‍ ഇനി മുതല്‍ എ സി യുള്ള വീടുകള്‍ ഞങ്ങള്‍ക്കും വേണമെന്ന് പറഞ്ഞ് സമരം നടത്തിയിട്ടില്ല. അവയെല്ലാറ്റിനെയും മനുഷ്യനു വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്. എന്തിനാണ് മനുഷ്യനു മാത്രം ഈ വിവേചന ശക്തിയും ബുദ്ധിയും കഴിവുകളും നല്‍കിയത്. കാരണം അവന്ന് മാത്രമാണ് ‘അല്ലാഹു’ എന്ന പരമശക്തിയില്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്രം കൊടുത്തത്. അതുകൊണ്ട് തന്നെ അവന്‍ ബുദ്ധികൊണ്ട് പഠിച്ചിട്ടെങ്കിലും ആ സത്യം പുല്‍കട്ടെ. എന്തെല്ലാം നാം പഠിക്കുന്നു, പഠിക്കാനും ചിന്തിക്കാനും മനസ്സിലാക്കാനും നാം ഒരുപാട് സമയം ചെലവിടുന്നില്ലേ ? ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാനും , കാരുണ്യവാനായ , നമുക്ക് ജന്‍‌മം നല്‍കി നല്ല മക്കളും നല്ല ജോലിയും നല്‍കി അനുഗ്രഹിച്ച സൃഷ്ടാവിനെക്കുറിച്ച് മനസ്സിലാക്കാനും അല്പം സമയം കണ്ടെത്തിക്കൂടെ. നിങ്ങള്‍ ലക്ഷ്യത്തിലെത്താതിരിക്കില്ല, തീര്‍ച്ച.

അല്ലാഹു പറയുന്നു.


سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ (فصلت 53

വിശുദ്ധ ഖുര്‍‌ആന്‍ പൂര്‍ണ്ണമായും സത്യമാണെന്ന് ബോധ്യപ്പെടാന്‍ പറ്റുന്ന വിധം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ലോകത്തെമ്പാടും നാമവര്‍ക്ക് വഴിയെ കാണിച്ചുകൊടുക്കും,“

നമുക്ക് ചുറ്റും കാണുന്ന, നാം ആവോളം ആസ്വദിക്കുന്ന സസ്യങ്ങളിലേക്കും ചെടികളിലേക്കും മരങ്ങളിലേക്കുമൊക്കെ കണ്ണോടിച്ചു നോക്കൂ. വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലും വലിപ്പത്തിലുമുള്ള ഏതെല്ലാം തരം മരങ്ങളാണ്, അവയുടെ പഴങ്ങളുടേയും പുഷപങ്ങളുടെയും രസവും സൌന്ദര്യവും എമ്പാടും ആസ്വദിച്ചവരാണ് നാം. ഇവ മുഴുവനും അവയുടേതായ ജീവന്‍ നിലനിര്‍ത്തുന്നതും , പുഷ്പങ്ങളും കായ്കനികളും ഉല്‍പ്പാദിപ്പിക്കുന്നതും വേരുകള്‍ വലിച്ചെടുക്കുന്ന പോഷകങ്ങള്‍ മുഖേനയാണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്.
ശാസ്ത്ര വീക്ഷണത്തില്‍ ഓസ്മോസിസ് (Osmosis) എന്ന പ്രതിഭാസമാണ് മരങ്ങളുടെ തടിയിലേക്കും ചില്ലകളിലേക്കും ഇലകളിലേക്കും പുഷ്‌പങ്ങളിലേക്കും പഴങ്ങളിലേക്കുമൊക്കെ ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുവാന്‍ വേരുകളെ സഹായിക്കുന്നത് എന്നാണ്. 

ഇനി നിങ്ങൾ ചിന്തിച്ചുനോക്കൂ. ഒരേ കൃഷിയിടത്തിൽ കൃഷിചെയ്ത വിവിധയിനം ചെടികളെയും മരങ്ങളെയും സസ്യങ്ങളെയും കുറിച്ച്. കൃഷിക്കാരൻ എല്ലാറ്റിനും നൽകുന്ന വെള്ളവും വളവും ഒന്ന് തന്നെയാണെന്നും സങ്കല്പിക്കുക. പക്ഷെ വിളവുകളോ പലതിന്റെയും പല തരത്തിലും നിറത്തിലും രുചിയിലുമൊക്കെയാ‍യിരിക്കും. മാവിൽ നിന്നു കിട്ടുന്നത് പഴുത്ത മധുരമുള്ള മഞ്ഞ നിറത്തിലുള്ള മാങ്ങയാണെങ്കിൽ മുന്തിരി വള്ളിയിൽ നിന്ന് ലഭിക്കുന്നത് കുറുപ്പ് നിറത്തിലുള്ള മുന്തിരിയായിരിക്കും. ആപ്പിളിനു വേറെ നിറവും രുചിയുമാണുള്ളത്. മറ്റുചിലതിൽ നിന്ന് കിട്ടുന്നത് കൈപ്പുള്ള കായയാണ്. നാരങ്ങമരത്തിൽ നിന്ന് കിടുന്നത് പുളിയുള്ള ചെറുനാരങ്ങയാണ്. ചില ചെടികൾ ഉല്പാദിപ്പിച്ചത് വിവിധ വർണങ്ങളിലുള്ള മനോഹരമായ പുഷ്പങ്ങളാണ്. ഇനിയും ചിലത് തേങ്ങയും ബദാമുമൊക്കെയാണ് തന്നത്. മറ്റു ചിലത് നൽകുന്നത് തടിമരങ്ങളാണ്. കൃഷിക്കാരൻ നൽകിയതോ എല്ലാറ്റിനും ഒരേ വെള്ളവും വളവും ഒരേ കൃഷിയിടവും. ആരാണ് ഈ വേരുകൾക്ക് ഈ ബോധനം നൽകിയത് ? എവിടെനിന്നാണ് കൈപവള്ളിയുടെ വേരിനു തൊട്ടടുത്തുള്ള മാവിനു ലഭിക്കാത്ത കൈപ്പുരസം കിട്ടിയത്? എവിടെനിന്നാണ് റോസ് ചെടിയുടെ വേരിനു തൊട്ടടുത്തുള്ള ചെമ്പരത്തിയുടെ വേരിനു കിട്ടാത്ത കളർ ലഭിച്ചത് ? ശാസ്ത്രത്തിന്റെ osmosis phenomena യെ നമുക്ക് വിശ്വസിക്കാം, കൊച്ചു വേരുകൾ വെള്ളം മുകളിലേക്ക് കയറ്റുന്നത് ഉൾക്കൊള്ളാം, പക്ഷെ ഒരു ഈത്തപ്പഴം, അതിനാവശ്യമായ സർവ്വസ്വവും ഈ വേരുകളിലൂടെ മുകളിലേക്ക് കടത്തിവിട്ടുവെന്നോ? തെങ്ങിന്റെയും ഈത്തപ്പനയുടേയുമൊക്കെ അത്ഭുത സിദ്ധികൾ ആലോചിച്ചു നോക്കൂ, എന്തെല്ലാം സംവിധാനങ്ങളാണ് അവയുടെ കായ്കൾക്കുള്ളത്. ഈത്തപ്പനയുടെ വേരുകൾ പ്രത്യേക പോഷകങ്ങളടങ്ങിയ ജ്യൂസാണ് സംസരണം ചെയ്യുന്നത്. ആ ചവറാണ് ഈത്തപ്പഴമായി മാറുന്നത്. ഈത്തപ്പഴത്തിന്റെ ഉള്ളിൽ ഉറപ്പുള്ള കുരുവുണ്ട്. ഈ കുരുവിലേക്ക് മധുരം ചോർന്നു പഴത്തിന്റെ മധുരം നഷ്ടപ്പെടാതിരിക്കാൻ വളരെ നേർത്ത പാട കുരുവിനു മുകളിൽ കാണാം. ഒരിക്കൽ പോലും ഈത്തപ്പന മരത്തിനു പിഴച്ചതായി കാണുന്നില്ല. അതായത് കുരു മധുരമുള്ളതും പഴം മധുരമില്ലാത്തതുമായി കണ്ടിട്ടില്ല. ആരാണ് ഇവയൊക്കെ ഇത്രയും സൂക്ഷ്മമായും ശാസ്ത്രീയമായും അനേകം ബുദ്ധിമാന്മാരുടെ കഴിവുകൾ സമ്മേളിച്ചാൽ പോലും നടക്കാത്ത വിധം അൽഭുതകരമായി പരിപാലിച്ച് മനുഷ്യനു വേണ്ടി സംവിധാനിച്ചത് ? ഈ അൽഭുതങ്ങളൊക്കെ കാ‍ണുമ്പോൾ നാം അന്ധാളിച്ചു നിന്നു പോകുന്നു. എന്നാലും നാം സൃഷ്ടാവായ, ലോകരക്ഷിതാവായ അല്ലാഹുവിനെ ഓർക്കാറില്ല. അവൻ അവന്റെ വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നു :


“നോക്കുക, ഭൂമിയിൽ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്. അവ പരസ്പരം ചേർന്നു സ്ഥിതി ചെയ്യുന്നു. മുന്തിരിത്തോട്ടങ്ങളുണ്ട്. വയലുകളുണ്ട്. ഒറ്റയായും കൂട്ടമായും വളരുന്ന കാരക്ക വൃക്ഷങ്ങളുണ്ട്. എല്ലാറ്റിനും ഒരേ വെള്ളം കൊണ്ടാണ് നനക്കുന്നത്. എന്നാൽ രുചിയിൽ നാം ചിലതിനെ മറ്റു ചിലതിനേക്കാൾ വിശിഷ്ടമാക്കുന്നു. ബുദ്ധി ഉപയോഗപ്പെടുത്തുന്നവർക്ക് ഈ വസ്തുക്കളിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്”.


എന്റെ പ്രിയപ്പെട്ട സഹോദരന്മാരെ ഇത്തരം വൈവിധ്യങ്ങളുടെ നിലവറയായ എത്ര തോട്ടങ്ങളിലൂടെ നാം നടന്നു പോയിട്ടുണ്ട്. എന്നിട്ടും നാം ചോദിക്കുന്നു അല്ലാഹു ഉണ്ടെന്നതിനു ഭൌതികമായ വല്ല തെളിവുമുണ്ടോയെന്ന്. سبحانك يا رب . നിന്റെ വിശുദ്ധ ഖുർ‌ആനിലെ ആയത്ത് എത്രമാത്രം അർത്ഥവത്താണ്.


“അവരുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഏതൊരു ദൃഷ്ടാന്തം അവർക്ക് വന്നു കിട്ടുമ്പോഴും അവരതിനെ അവഗണിച്ചു തള്ളുകയാകുന്നു.സത്യം ഇതാണ് മനുഷ്യന്റെ അഹങ്കാരം അവനെ ഈ ദൃഷ്ടാന്തങ്ങളിൽ നിന്നൊക്കെ അകറ്റുന്നു. അതാണ് അല്ലാഹു തന്നെ പറഞ്ഞത് :



“മനുഷ്യന് നാശം, എത്രവലിയ നന്ദി കേടാണ് അവൻ ചെയ്യുന്നത്!“
ഇനിയും ചിന്തിക്കൂ !
ചെറിയ കുഞ്ഞായിരുന്നപ്പോൾ നമുക്ക് പല്ലുണ്ടായിരുന്നില്ല. പല്ലുണ്ടായിരുന്നെങ്കിൽ മാതാവിന്റെ സ്തനം കടിച്ചുമുറിയാക്കിയേനെ. ഏകദേശം 6 മാസമായപ്പോൾ പല്ല് മുളക്കാൻ തുടങ്ങി. നിങ്ങൾ ആലോചിച്ചു നോക്കൂ ! പല്ല് മുളച്ച് വളരാൻ തുടങ്ങിയ അത്ര വേഗത്തിൽ പല്ല് നിരന്തരം വളരുകയായിന്നെങ്കിൽ ഇപ്പോൾ നാം പല്ല് കുത്തിനടക്കേണ്ട അവസ്ഥ വരുമായിരുന്നില്ലേ ? അതേ പോലെ താഴ്ഭാഗത്തുള്ള പല്ല് മുകളിലോട്ട് വളർന്നാലുള്ള അവസ്ഥ എന്തായിരിക്കും ? ഏതെങ്കിലും വാതിലിലൂടെ നമുക്ക് പ്രവേശിക്കാൻ കഴിയുമായിരുന്നോ ? അതെ, പല്ലിനു ഒരു ഉദ്ദേശ്യമുണ്ട്. പുഞ്ചിരിക്കുമ്പോൾ ഭംഗി നൽകുക, ഭക്ഷണം കടിച്ചുമുറിക്കുക തുടങ്ങിയവ . അത്തരം ആവശ്യങ്ങൾക്ക് വേണ്ട വലിപ്പമായാൽ പല്ലിന്റെ വളർച്ച നിൽക്കുകയാണ് ചെയ്യുന്നത്. അതേപോലെ എല്ലാ പല്ലുകൾക്കും ഒരേ രൂപമല്ല. ഓരോ പല്ലിനും അതിന്റേതായ ധർമ്മമുണ്ട്. അതിനനുസരിച്ചാണ് അതിന്റെ രൂപഘടന. ഇതിന്റെ പിന്നിൽ ഒരു ചിന്തയും ആസൂത്രണവും ഇല്ലെന്ന് പറയാനാവുമോ ? തീർച്ചയായും ഉണ്ട്. അവനാണ് നമ്മെ പടച്ചവനായ അല്ലാഹു. നമുക്കവനെ ഒരുമിച്ചു പ്രകീർത്തിക്കാം.


سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ العَظِيم وَبِحَمْدِهِ أَسْتَغْفِرُ الله


ചെറിയ കുട്ടികളുടെ തലയോട് ചെറുതായിരിക്കും. തലച്ചോറ് വലുതാകുന്നതിനനുസരിച്ച് തലയോട്ടിയുടെ വലിപ്പം വർദ്ധിക്കുന്നു. തലയോട്ടിക്കുള്ളിലെ ഒഴിഞ്ഞ സ്ഥലം വർദ്ധിക്കണമെങ്കിൽ നിർമ്മാണവും സംഹാരവും ഒന്നിച്ച് നടക്കണം. തലയോട്ടിയുടെ ഉള്ളിലെ കോശങ്ങൾ നശിക്കുന്ന തോതിൽ പുറത്ത് പുതിയ കോശങ്ങളുണ്ടാവണം. രണ്ടും ഒരേ സമയം ക്രമപ്രവൃദ്ധമായി നടക്കണം. നമ്മുടെ ശരീരം വളരുമ്പോഴും ശരീരത്തിന്റെ രൂപം നിലനിൽക്കുന്നു. മുഖം തിരിച്ചറിയാൻ കഴിയുന്നു. ഇതിനിടയ്ക്ക് കോശങ്ങൾ വളരുകയും നശിക്കുകയും ചെയ്യുന്നു. എങ്കിലും രൂപം നിലനിർത്തുന്നു. ഇങ്ങനെ മനുഷ്യശരീരത്തിലെ അവയവങ്ങളെക്കുറിച്ച് മാത്രം എഴുതാൻ തുടങ്ങിയാൽ അനേകം പേജുകളെഴുതാനുണ്ടാകും. ഇവിടെ ചില കാര്യങ്ങൾ പരാമർശിച്ചുവെന്ന് മാത്രമേയുള്ളൂ. ഈ വീക്ഷണത്തിൽ നാം നിരീക്ഷിക്കാനും പഠിക്കാനും തുടങ്ങിയാൽ നമ്മുടെ ശരീരത്തിന്റെ ഓരോ അവയവും ദൈവാസ്തിത്വത്തിനുള്ള തെളിവാണെന്ന് കാണാം.

മനുഷ്യന്റെ സ്വഭാവങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കൂ, അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും അൽഭുത വസ്തു മനുഷ്യനാണെന്ന് കാണാം. മനുഷ്യനുള്ള അടിസ്ഥാന വിശേഷങ്ങളാണ് അറിവും ഉദ്ദേശവും കഴിവും എന്നത്. ഇത് അല്ലാഹുവിന്റെ മഹാ ഔദാര്യമെന്നല്ലാതെ എന്ത് ന്യായങ്ങളാണ് നാം ഇവയ്ക്ക് പറയുക ?

എല്ലാ വസ്തുക്കളെയും മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യനുണ്ട്, അവയെ വിശകലനം ചെയ്യാനും നിരൂപിക്കാനും അനുകൂലിക്കാനും തള്ളാനും കൊള്ളാനും ഒക്കെയുള്ള കഴിവ് മനുഷ്യനുണ്ട്. നല്ലതിനെയും ചീത്തയെയും അവൻ വേർതിരിച്ചറിയുന്നു. അവയിൽ നിന്ന് ഇഷ്ടമുള്ളത് സ്വീകരിക്കാനുള്ള സ്വാതന്ത്രം അവനുണ്ട്, സത്യം പറയാനും കളവ് പറയാനുമുള്ള സ്വാതന്ത്രമവനുണ്ട്. ഇഛിക്കുന്നത് ചെയ്യാനും ഒഴിവാക്കാനും അവന് സാധിക്കുന്നു. സ്നേഹിക്കാനും കാരുണ്യം ചൊരിയാനും വെറുക്കാനും ശിക്ഷിക്കാനും അവന് സാധിക്കുന്നു, ദേഷ്യപ്പെടാനും ക്ഷമിക്കാനും അവന്ന് കഴിവുണ്ട്, ധീരതയും ഭീരുത്വവും അവന്റെ കൂടെയുണ്ട്, അഹങ്കാരവും താഴ്മയും മനുഷ്യ സ്വഭാവമാണ്. ദു:ഖിക്കുമ്പോൾ കരയാനും സന്തോഷിക്കുമ്പോൾ ചിരിക്കാനും അവനു കഴിയുന്നു. ഇങ്ങനെ ആയിരണക്കണക്കിനു സ്വഭാവ വൈശിഷ്ട്യങ്ങളിൽ മനുഷ്യനിൽ അടങ്ങിയത് കാണാം. (എല്ലാറ്റിന്റെയും അതിർവരമ്പുകളും ഗുണദോഷങ്ങളും തിരു നബി صلى الله عليه وسلم പഠിപ്പിച്ചുതന്നിട്ടുണ്ട്) മറ്റ് ജീവജാലങ്ങളിലില്ലാത്തവയാണിതിലധികവും. ആരാണിതൊക്കെ നൽകിയത്? പ്രകൃതിയെന്ന് പറയാമോ ? ഇല്ല ഒരിക്കലുമില്ല. മറിച്ച് മനുഷ്യ ശരീരവും അതിലടങ്ങിയ അൽഭുതങ്ങളും അവന്റെ സ്വഭാവഗുണങ്ങളും എല്ലാം സൃഷ്ടാവായ അല്ലാഹുവിലേക്കുള്ള തെളിവുകളാണ്.


لا إله إلا أنت سبحانك إني كنت من الظالمين


ഇനിയും ചിന്തിക്കൂ, അല്ലാഹുവിനെ കണ്ടെത്താനുള്ള മറ്റൊരു മാര്‍ഗം : പ്രപഞ്ചത്തിലെ ഓരോ വസ്തുവിനെയും എടുത്ത് പരിശോധിക്കുമ്പോള്‍ അവ ഓരോന്നിനും ഈ പ്രപഞ്ചത്തില്‍ അതിന്റേതായ ധര്‍മ്മവും ദൌത്യവും നിര്‍വ്വഹിക്കാന്‍ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കപ്പെട്ടതായി കാണാം. ഏറ്റവും ചെറിയ അണു മുതല്‍ക്ക് വലിയ വലിയ ഗോളങ്ങള്‍ വരേക്കും അവയുടേതായ ദൌത്യ നിര്‍വ്വഹണത്തിന് വ്യക്തമായ മാര്‍ഗദര്‍ശനം ലഭിച്ചതായി കാണാം. ഈ മാര്‍ഗനിര്‍ദ്ദേശം ആരാണ് നല്‍കിയത്? എവിടെനിന്നാണ് അത് കിട്ടിയത്? അതിന്റെ പിന്നില്‍ തികഞ്ഞ കഴിവുള്ള ഒരു ആസൂത്രകനില്ലാതിരിക്കുമോ? ഏത് ശക്തിയാണ് അതിനെ നിലനിര്‍ത്തുന്നത്? ഒരേ ഒരു മറുപടി “ഇവയെ സൃഷ്ടിച്ച സൃഷ്ടാവായ അല്ലാഹു”.

അല്ലാഹു നല്‍കുന്ന അല്‍ഭുതകരമായ, മനുഷ്യചിന്തയെ ഞെട്ടിപ്പിക്കുന്ന ചില ഉദാഹരണങ്ങള്‍ കാണൂ:

കടന്നല്‍ എന്ന കൊച്ചു പ്രാണി മലയാളിക്ക് സുപരിചിതമാണ്. ഈ ജീവിയെക്കുറിച്ച് "ALLAH & Modern Science" (الله والعلم الحديث) എന്ന പുസ്തകത്തില്‍ ഈജിപ്ഷ്യന്‍ പണ്ഡിതനായ അബ്ദുല്‍ റസാഖ് നൌഫല്‍ പറയുന്നത് കാണുക. ( ഈ പുസ്തകം മുസ്‌ലിംകളും അല്ലാത്തവരും വായിക്കേണ്ടുന്ന പുസ്തകമാണ് ). കടന്നല്‍, പച്ചക്കുതിര എന്ന പേരില്‍ നമുക്കിടയില്‍ അറിയപ്പെട്ട പച്ച നിറത്തിലുള്ള പ്രാണിയെ പിടിക്കുകയും ശേഷം വളരെ വിദഗ്ദമായി തന്റെ വിഷമുള്ള സൂചികൊണ്ട് പ്രത്യേക സ്ഥലത്ത് ജീവന്‍ നഷ്ടപ്പെടാത്ത രൂപത്തില്‍, എന്നാല്‍ സ്വബോധം നഷ്ടപ്പെടുത്തുന്നവിധത്തില്‍ കുത്തു കൊടുക്കും. മാസങ്ങള്‍ക്ക് ശേഷം ജനിക്കുന്ന തന്റെ മക്കള്‍ക്ക് വേണ്ടി ചീത്തയാവാതെ അതിന്റെ മാംസം സൂക്ഷിക്കാനാണ് ഇങ്ങനെ അതിവിദഗ്ദമായി കുത്തുന്നത്. ചത്തുപോയാല്‍ മാംസം മണ്ണായിമാറും. വിഷം തീണ്ടി പച്ചക്കുതിര ചത്തുപോകുകയോ, രക്ഷപ്പെടാന്‍ പറ്റുന്ന ആരോഗ്യാവസ്ഥ നിലനില്‍ക്കുന്നതോ , അല്ലെങ്കില്‍ വിഷം തീണ്ടിയ ഈ മാംസം തിന്ന് സ്വന്തം കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയോ ചെയ്യാതെ കൃത്യമായ അളവിലുള്ള വിഷമാണ് കുത്തിവെക്കുക. ശേഷം ഭൂമിയില്‍ സുരക്ഷിതമായ കുഴിയുണ്ടാക്കി അതില്‍ പച്ചക്കുതിരയെ സൂക്ഷിക്കും. പിന്നീട് ഇവിടെ വന്ന് വളരെ സുരക്ഷിതമായ സ്ഥലത്ത് പെണ്‍ കടന്നല്‍ മുട്ടയിടുകയും ആ ദ്വാരം മൂടി സന്തോഷത്തോടെ അവിടെ നിന്ന് പുറത്തിറങ്ങി മരണപ്പെടുകയുമാണ് കടന്നല്‍ ചെയ്യുന്നത്. മക്കള്‍ക്കുള്ള ജീവിത മാര്‍ഗ്ഗങ്ങള്‍ സുരക്ഷിതമാക്കി സന്തോഷത്തോടെയുള്ള ഒരു വിടപറയല്‍. ഭൂലോകത്തെ ആദ്യത്തെ കടന്നല്‍ മുതല്‍ക്ക് ഇന്നുവരേക്കും ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ആരാണതിന് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കികൊണ്ടിരിക്കുന്നത്? ഒരു അജയ്യമായ ശക്തി അതിന്നുപിന്നിലില്ലേ ? അവനാണ് സര്‍വ്വലോക നിയന്താവായ, ആരാധനക്കും നന്ദിചൊരിയാനും അര്‍ഹനായ അല്ലാഹു.

ഇതേ പുസ്തകത്തില്‍ ഇത്തരം അല്‍ഭുതകരമായ പല കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


اللهم لك الحمد حتى ترضى
തേനീച്ചയുടെ അത്ഭുത സിദ്ധി ഇത്തരം ചിന്തനീയമായ ഒരു കാര്യമാണ്. തേനീച്ചക്കൂടിന്റെ അറവകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ?

അതിന് ആറ് വശങ്ങളും ആറ് കോണുകളും ഉണ്ട്. ചതുരം, വൃത്തം, ത്രികോണം എന്നീ ആകൃതിയിലുള്ള അറകളേക്കാളും കൂടുതല്‍ തേന്‍ ഉള്‍ക്കൊള്ളാന്‍ അവക്കു കഴിയും. ആറു വശങ്ങളില്‍ ബന്ധിപ്പിക്കുന്നത് കൊണ്ട് കുറഞ്ഞ മെഴുക്, കുറച്ചധ്വാനം കൂടുതല്‍ അറകള്‍, കൂടുതല്‍ ഉറപ്പ് ഈ തത്വങ്ങല്‍ക്കനുസരിച്ചാണ് അവയുടെ സംവിധാനം. ഈ അല്‍ഭുതം കണ്ട് ഡാര്‍‌വിന്‍ പറഞ്ഞു ‘അറിയപ്പെടുന്ന പ്രാണികളില്‍ ഏറ്റവും അല്‍ഭുതാവഹം’. മെഴുകും അധ്വാനവും ചുരുക്കി ഉപയോഗിക്കുന്നതില്‍ ഏറ്റവും പരിപൂര്‍ണ്ണവും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം അറകള്‍ സംവിധാനം ചെയ്യണമെങ്കില്‍ ശരിക്കും തച്ചുശാസ്ത്ര തത്വങ്ങളും, ഗണിത ശാസ്ത്ര തത്വങ്ങളും അറിയേണ്ടതുണ്ട്. എഞ്ചിനീയറിംഗ് ഉപകരണങ്ങള്‍ വേണം. കേന്ദ്രങ്ങള്‍ തുല്യദൂരത്തായി മൂന്ന് വൃത്തങ്ങള്‍ അടുപ്പിച്ചുവരക്കാന്‍ കഴിയണം. സങ്കീര്‍ണ്ണമായ ഗണിത ശാസ്ത്ര തത്വങ്ങള്‍ കണ്ടുപിടിക്കാനും അവ ഉപയോഗിക്കാനുമുള്ള ബുദ്ധി തേനീച്ചകള്‍ക്കുണ്ടോ? ഭവനനിര്‍മ്മാണത്തില്‍ അന്തര്‍ലീനമായ ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവയുടെ സങ്കീര്‍ണതക്കനുസരിച്ച് ഒരു ബുദ്ധി പ്രവര്‍ത്തിക്കണം. തേനീച്ചയുടെ നേര്‍ത്ത മസ്തിഷ്ക്കത്തിന് അതിനുള്ള കഴിവുണ്ടോ? ഇല്ലെങ്കില്‍ ഈ ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിച്ചതാര് ? തേനീച്ചയുടെ പുതിയ തലമുറകള്‍ക്കും ഈ തച്ചുശാസ്ത്രം പകര്‍ന്നു കൊടുക്കുന്നതാരാണ് ? അതെ, അല്ലാഹുവിന്റെ സൃഷ്ടി വൈഭവം നാമിവിടെ ദര്‍ശിക്കുന്നു.


നിങ്ങളീ ഖുര്‍‌ആന്‍ വാക്യം ശ്രദ്ധിച്ചിട്ടുണ്ടോ ?


നിന്റെ രക്ഷിതാവ് തേനീച്ചക്ക് വഹ്‌യ് (ബോധനം) നല്‍കി. മലകളിലും വൃക്ഷങ്ങളിലും, മനുഷ്യര്‍ കെട്ടി ഉണ്ടാക്കുന്ന ഭവനങ്ങളിലും നീ ഭവനങ്ങളുണ്ടാക്കുക. എന്നിട്ട് എല്ലാ ഖനികളില്‍ നിന്നും നീ ഭക്ഷിക്കുകയും നിന്റെ നാഥന്റെ പാതയില്‍ സുഗമമായി സഞ്ചരിക്കുകയും ചെയ്യുക. അവയുടെ ഉദരത്തില്‍ നിന്നും വിവിധ നിറമുള്ള പാനീയം പുറപ്പെടുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ജനത്തിന് ഇതില്‍ തീര്‍ച്ചയായും ഒരു ദൃഷ്ടാന്തം തന്നെയുണ്ട്. ഖുര്‍‌ആന്‍ 16: 68-69)


നോക്കൂ താഴെയുള്ള ഖുര്‍‌ആന്‍ വചനം എത്ര അര്‍ത്ഥവത്താണിത് :



“ഫറോവ പറഞ്ഞു : അല്ലയോ മൂസാ, നിങ്ങള്‍ രണ്ടു പേരുടേയും നാഥന്‍ ആരാണ് ? മൂസാ നബി മറുപടി പറഞ്ഞു : സകല വസ്തുക്കള്‍ക്കും അതിന്റേതായ സൃഷ്ടി നല്‍കുകയും പിന്നെയതിനു വഴി കാണിക്കുകയും ചെയ്തവനാരോ അവനാകുന്നു ഞങ്ങളുടെ നാഥന്‍”.


سبحان الله
ഇത് ഖുര്‍‌ആനിന്റെ പ്രഖ്യാപനമാണ്. അതു തന്നെയാണ് ബുദ്ധിക്കും കണ്ടെത്താനുള്ളത്. ശാസ്ത്രത്തിനും പറയാനുള്ളത് അതു തന്നെയാണ്. മാര്‍ഗദര്‍ശകന്‍ കൂടാ‍തെ മാര്‍ഗം സിദ്ധിക്കുകയെന്നത് ബുദ്ധിപരമായും ശാസ്ത്രീയമായും അസ്വീകാര്യമാണ്.

ചുരുക്കത്തില്‍, പ്രകൃതിയെക്കുറിച്ചു ചിന്തിക്കാന്‍ തുടങ്ങിയാല്‍ അല്ലാഹുവിന്റെ സാന്നിധ്യം ബോധ്യപ്പെടും. ഖുര്‍‌ആന്‍ ചോദിക്കുന്നു. ‘എന്തു കൊണ്ട് മനുഷ്യന്‍ ഭൂമിയില്‍ സഞ്ചരിച്ചു പ്രകൃതിവസ്തുക്കളെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അവര്‍ക്ക് കണ്ണും ചെവിയും, ഹൃദയവുമില്ലേ ? (ഖുര്‍‌ആന്‍ 22:46) . മറ്റൊരിടത്ത് പറയുന്നു . “ആകാശഭൂമികളില്‍ എത്രയെത്ര ദൃഷ്ടാന്തങ്ങളാണുള്ളത് ! പക്ഷെ ആ ദൃഷ്ടാന്തളെ ശ്രദ്ധിക്കാതെ അവര്‍ കടന്ന് പോകുന്നു” (ഖുര്‍‌ആന്‍ 12:105)

അല്ലാഹുവിനെ കണ്ടെത്താനുള്ള മറ്റൊരു മാര്‍ഗമാണ് പ്രപഞ്ചത്തില്‍ അല്ലാഹു കാണിച്ച സര്‍ഗ്ഗവൈഭവം. ഒരു അറിയപ്പെട്ട ചിത്രകാരന്റെ മനോഹരമായ ചിത്രം കാണുമ്പോള്‍ നാം അന്ധാളിച്ചു നിന്നു പോകും. അതിലെ കലാ വൈഭവവും അതിലടങ്ങിയിരിക്കുന്ന ആശയ വ്യാപ്തിയും അതിന്റെ സൌന്ദര്യവുമൊക്കെ കാണുമ്പോള്‍, എങ്കില്‍ ഈ പ്രവിശാലമായ പ്രപഞ്ചം അതിലടങ്ങിയിരിക്കുന്ന അത്യല്‍ഭുതകരമായ പ്രാണികളും കിളികളും വര്‍ണങ്ങളും ചെടികളും പുഷ്പങ്ങളും മറ്റനേകം അത്ഭുതങ്ങളടങ്ങിയ ഈ സര്‍ഗ്ഗ വൈഭവം അതിന്റെ നിര്‍മ്മാതാവിനെക്കുറിച്ച് വിവരം തരുന്നില്ലെന്നോ?


പ്രപഞ്ചത്തിലെ ഏത് വസ്തു എടുത്തു നോക്കിയാലും അവയിലൊക്കെ സര്‍ഗ്ഗ വൈഭവവും സൌന്ദര്യവും കണ്ടെത്താന്‍ കഴിയും. മേഘവും നീലാകാശവും നക്ഷത്രങ്ങളും അവയുടെ കിടപ്പും ചലനവും, ചന്ദ്രനും അവയുടെ വലിപ്പ വ്യത്യാസങ്ങളും , സൂര്യനും അതിന്റെ ഉദയവും അസ്തമാനവും സര്‍ഗ്ഗാല്‍ഭുതങ്ങളല്ലേ ? ഓരോ മരത്തിന്റെയും ഇലകള്‍ എത്ര വിദഗ്ദമായാണ് സംവിധാനിച്ചിരിക്കുന്നത്. പുഷ്പങ്ങള്‍ കണ്ടില്ലേ, അവയുടെ നറുമണവും രൂപ വൈവിധ്യങ്ങളും, എത്ര സൂക്ഷ്മമായ കളറുകളുമാണ് അവയ്ക്ക് നല്‍കിയിരിക്കുന്നത് !

മനുഷ്യന് ഒരു പുഷ്പത്തെ വിരിയിപ്പിച്ചെടുക്കണമെങ്കില്‍ എത്ര സമയവും അധ്വാനവും പണവും ചിലവഴിക്കണം. പക്ഷെ, നിങ്ങള്‍ അസര്‍ മുല്ല കണ്ടില്ലേ, ആ സമയമായാല്‍ സര്‍വ്വാലങ്കാരത്തോടെ അണിഞ്ഞൊരുങ്ങി വിടര്‍ന്നുവരുന്നത്. ഏതെല്ലാം തരം പക്ഷികളും പ്രാണികളുമാണ് നമ്മേ അവയുടെ നിറങ്ങളും രൂപഭാവങ്ങളും ചിന്തിപ്പിച്ചു നിര്‍ത്തുന്നത് ? ഏതെല്ലാം തരം മത്സ്യങ്ങളാണ് നമ്മേ അവയുടെ വര്‍ണങ്ങളും രൂപങ്ങളും അല്‍ഭുതപ്പെടുത്തുന്നത് ? അങ്ങിനെ ഈ പ്രപഞ്ചമാകുന്ന അല്‍ഭുത സൃഷ്ടിയുടെ സൌന്ദര്യവും വിശാലതയും അതിലടങ്ങിയ ചരാചരങ്ങളെയും അവയുടെ അല്‍ഭുതങ്ങളേയും കുറിച്ച് ചിന്തിച്ചാല്‍ ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ ഇവ ഒരു സൃഷ്ടാവിനെക്കൂടാതെ യാദൃശ്ചികമായി ഉണ്ടായതാണെന്ന് ? ഇല്ല, ഒരിക്കലുമില്ല, അഹങ്കരിക്കാത്ത ഏതൊരു ബുദ്ധിയുള്ള മനുഷ്യനും പറയും ഇതിന്റെ പിന്നില്‍ ഒരത്ഭുത ശക്തി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്. അതാണ് എല്ലാ പാപങ്ങളെയും പൊറുത്ത് തരുന്ന അല്ലാഹു തമ്പുരാന്‍. 


അല്ലാഹു പറയുന്നത് കാണൂ


“അവൻ ആകാശ ഭൂമികളെ മുൻ മാതൃകയില്ലാതെ ആവിഷ്കരിച്ചവനാകുന്നു. അവൻ ഒരു കാര്യം തീ‍രുമാനിച്ചാൽ അത് “ഭവിക്കട്ടെ” എന്ന് അരുളുകയേ വേണ്ടൂ. അപ്പോളത് സംഭവിക്കുകയായി”
മറ്റൊരിടത്ത് അല്ലാഹു പറയുന്നു


“താൻ സൃഷ്ടിച്ച എല്ലാറ്റിനെയും നന്നായി സൃഷ്ടിച്ചവനാണവൻ “
അതിനാൽ പ്രിയ സഹോദരാ, ഈ പ്രപഞ്ചത്തിന്റെ സർഗവൈഭവങ്ങളും സൌന്ദര്യവും ആവോളം നുകർന്ന് അതിന്റെ ദാദാവിനെ മറക്കുന്നവരാകരുത് നാം. ഈ പ്രപഞ്ചത്തിന്റെ അനുഗ്രഹങ്ങൾ നുകർന്ന് സ്രഷ്ടാവായ , കാരുണ്യവാനായ അല്ലാഹുവിനെ നാം വിസ്മരിക്കരുത്.

ഇനി പ്രവഞ്ചത്തിലെ ഓരോ സൃഷ്ടിയിലും അവയെ പടക്കുമ്പോൾ ഉപയോച്ചിരിക്കുന്ന ദീർഘദൃഷ്ടിയും ,ധിഷണ ശക്തിയും ,തന്ത്രവും ബുദ്ധി വൈഭവവും പരിശോധിച്ചാൽ അതിലേറേ നമ്മെ സ്രഷ്ടാവിലേക്കെത്തിക്കുന്ന ആസൂത്രണങ്ങളാണതെന്ന് കണ്ടെത്താൻ കഴിയും

അതുപോലെ , പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസത്തെയും എടുത്ത് പരിശോധിച്ചാൽ അവയിൽ അതിമഹത്തായ യുക്തിയും ശാസ്ത്രവും കാണാൻ കഴിയും . ഒന്ന് രണ്ട് ഉദാഹരണങ്ങൾ നോക്കാം. മരണമെന്ന പ്രതിഭാസത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ.. മരണമില്ലായിരുന്നുവെങ്കിലുള്ള അവസ്ഥയൊന്നാലോചിച്ച് നോക്കൂ.. വെറും രണ്ട് ഈച്ചകൾ അവ മരിക്കാതെ മുട്ടയിട്ട് പെരുകി അതിന്റെ സന്താനപരമ്പരകളും ആ വിധം പെരുകുകയാണെങ്കിൽ വെറും അഞ്ച് വർഷം കൊണ്ട് 5. സെ.മീ ഉയരത്തിൽ ഭൂമി മുഴുവനും ആ‍വരണം ചെയ്യാൻ മാത്രം ഈച്ചകളുണ്ടാകുമെന്ന് ശാസ്തം പറയുന്നു.

ഇത് അല്ലാഹുവിന്റെ സൃഷ്ടിജാലകങ്ങളിൽ നിന്ന് ഒന്നിന്റെ അവസ്ഥയാണ്. ഇങ്ങനെ മറ്റെല്ലാ ജീവികളും മരണം വരിക്കാതെ പ്രജനനം മാത്രം നടക്കുകയാണെങ്കിലുള്ള രംഗമൊന്ന് ചിന്തിച്ച് നോക്കൂ.. അവിടെയാണ് മരണമെന്ന പ്രതിഭാസത്തിന്റെയും അതിനു കാരണാമാകുന്ന രോഗാണുക്കളുടെ /രോഗങ്ങളുടെയൊക്ക യുക്തി മനസ്സിലാവുക. ഇനിയും ചിന്തിച്ച് നോക്കൂ.. മനുഷ്യനിൽ നിന്ന് വേയ്സ്റ്റായി പുറന്തള്ളുന്ന അവശിഷ്ടങ്ങൾ മാത്രം മതി ഈ ഭൂലോകത്തെ മലിനമാക്കാൻ.. പക്ഷെ അവയെ ബാക്ടീരിയകൾ മറ്റു പലതുമായി പരിവർത്തനം ചെയ്യുന്നത് കൊണ്ടാണ് അവയുടെ ശല്യം നാമറിയാത്തത്. . അവിടെയാണ് വിവിധ ബാക്ടീരിയകളുടെയും മറ്റും യുക്തി വ്യക്തമാവുക


لا إله إلا الله محمد رسول الله في كل لمحة ونفس عدد ما وسعه علم الله
മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളെക്കുറിച്ചും ചിന്തിച്ച് നോക്കൂ, നമ്മുടെ കണ്ണ് അതിപ്പോഴുള്ള സ്ഥലത്തല്ലാതെ മറ്റൊരു സ്ഥലത്താണ് ഉള്ളതെങ്കിൽ അഥവാ മൂർദ്ധാവിലോ താടിക്ക് ചുവട്ടിലോ പിൻഭാഗത്തോ ഒക്കെയാണെങ്കിലുള്ള അവസ്ഥ ചിന്തിച്ച് നോക്കൂ. കൺപോളകളുടെ സംവിധാ‍നം ആലോചിച്ച് നോക്കൂ. അതിവേഗത്തിൽ അടക്കാൻ പറ്റിയ രൂപത്തിലാണ് അതിനെ സംവിധാനിച്ചിരിക്കുന്നത്. കണ്ണ് മനുഷ്യ ശരീര സൌന്ദര്യത്തിന്റെ അവിഭാജ്യഘടകമായതിനാൽ അതിന്മേലുള്ള രോമങ്ങൾ തലമുടി പോലെ അമിതമായി വളരുന്നതോ , പറ്റെ ചെറുതോ ആക്കിയില്ല. കണ്ണിലുള്ള വെള്ളത്തിൽ ഉപ്പുരസം കലർത്തി കാരണം കണ്ണിൽ എത്തിയേക്കാവുന്ന ഏത് ഉപദ്രവകാരിയേയും നിമിഷങ്ങൾക്കകം നശിപ്പിക്കാൻ ഈ ഉപ്പുരസത്തിനു കഴിയും. കൂടാതെ രണ്ട് ഭാഗത്തേക്കും ചെരിവുള്ള രൂപത്തിലാണ് കണ്ണിനെ സംവിധാനിച്ചിരിക്കുന്നത്. കണ്ണിലെത്തുന്ന കരടുകളെ ഒരു ഭാഗത്തേക്ക് നീക്കി അത് പുറം തള്ളാ‍ൻ ഈ ചെരിവ് സഹായിക്കുന്നു. എപ്പോഴും വെള്ളം പമ്പ് ചെയ്യുന്നത് കൊണ്ട് എത്ര ചൂടുള്ള അടുപ്പിനടുത്ത് മണിക്കൂറുകൾ നിന്നാലും ഈ നേർത്ത പാടയുള്ള കണ്ണ് ഉണങ്ങുകയോ വാടുകയോ ചെയ്യുന്നില്ല. അതേ സമയം ജീവൻ നഷ്ടപ്പെട്ട ഒരു ജീവിയുടെ കണ്ണെടുത്ത് വെയിലത്ത് വെച്ചാൽ നിമിഷങ്ങൾക്കകം ഉണങ്ങിപ്പോകുന്നത് കാണാം. എവിടെയാണ് ഈ വെള്ളത്തിന്റെ ടാങ്കുള്ളത് ? ആരാണത് കൃത്യമായ അളവിൽ പമ്പ് ചെയ്യുന്നത് ?

വാ‍യയിലുള്ള വെള്ളത്തിന്റെ അംശത്തെകുറിച്ച് ചിന്തിച്ച് നോക്കൂ.. എത്രമാത്രം യുക്തിയിലും ദീ‍ർഘദൃഷ്ടിയോടെയുമാണ് ഈ നനവ് സംവിധാനിച്ചിരിക്കുന്നത് ആവശ്യമുള്ളപ്പോൾ മാത്രം വെള്ളം പുറത്ത് വരുന്നു. ഇല്ലാത്തപ്പോൾ വെള്ളം പുറത്തേക്കൊലിക്കുന്നില്ല. അത് പുറത്തേക്കൊലിച്ചാൽ മനുഷ്യനെ കാണാൻ എന്ത് മാത്രം വൃത്തികേടായിരിക്കും എന്നാൽ ഭക്ഷണം ചവക്കാനും ദഹിക്കാനും ധാരാളം ഈ വെള്ളം വേണ്ടി വരുന്നു. അപ്പോൾ അവ ധാരാളമായി ഒലിച്ചിറങ്ങുന്നു. ആ ആവശ്യം കഴിഞാൽ അത് നിലക്കുന്നു. പിന്നീട് സംസാരിക്കാനും ചെറുനാക്കിനും തൊണ്ടക്കും ആവശ്യമായ നനവ് മാത്രം നില നിർത്തുന്നു. ഈ നനവങ്ങാനും നിന്നു പോയാൽ തൊണ്ടയിൽ വെള്ളം വരി മരിച്ച് പോകുന്നു

കൂടാതെ വായയിലും നാവിലും ഭക്ഷണങ്ങളുടെ രുചി അറിയാനുള്ള സംവിധാനമുണ്ടാക്കി. ഇത് മറ്റെവിടെയെങ്കിലുമാണെങ്കിൽ എന്തായിരിക്കും അവസ്ഥ. ! ഭക്ഷണം അവിടെ കൊണ്ട് പോയി അനുമതി കിട്ടിയാലേ വായയിലേക്ക് കൊണ്ട് പോകാൻ കഴിയൂ എന്ന അവസ്ഥ വരും. മൂക്കിലേക്ക് വായു കടക്കുന്നതൊടൊപ്പം വാസന അനുഭവിക്കാനുള്ള അത്ഭുത ശക്തി അല്ലാഹു നമുക്ക് തന്നു. ഏതാണ് സഹോദരാ ആ മെഷീൻ ? ജീവൻ നില നിർത്താനുള്ള ഓക്സിജനും മറ്റും ശ്വസിക്കാനുള്ള സംവിധാനവും അവിടെ ഒരുക്കി. ആ വായുവിനൊപ്പം മറ്റു വല്ലതും അകത്തേക്ക് കടക്കുന്നത് തടയാൻ രോമങ്ങളെകൊണ്ട് കവചവും മൂക്കിൽ സംവിധാനിച്ചു.


سبحان الله
സ്രഷ്ടാവായ അല്ലാഹു മനുഷ്യ കണ്ഠനാളം വിവിധ രൂപങ്ങളിലും വലിപ്പത്തിലുമാണ് സംവിധാനിച്ചത്. കാരണം ഓരോ മനുഷ്യന്റെയും ശബ്ദങ്ങൾ വിത്യസ്തമാകാനും അത് മൂലം ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാനുള്ള സംവിധാനമാണതിലൂടെ അല്ലാഹു ആസൂത്രണം ചെയ്തത്. ഒരാളുടെ ശബ്ദം ഒരിക്കൽ കേട്ടാൽ പിന്നീട് ആ ശബ്ദം ആരുടേതാണെന്ന് നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നു. ഈ ഒരേ വായ കൊണ്ട് തന്നെയാണ് മനുഷ്യൻ വിവിധ ഭാഷകൾ സംസാരിക്കുന്നത്, വിവിധ ശബ്ദങ്ങളുണ്ടാകുന്നത് ഇതെല്ലാം എന്തൊരത്ഭുതമാണ് !

മനുഷ്യന്റെ രണ്ട് കൈകളെക്കുറിച്ച് ചിന്തിച്ചു നോക്കൂ.. എന്തുമാത്രം അത്ഭുതങ്ങൾ നിറഞ്ഞ അവയവമാണത്. മനുഷ്യകരങ്ങളുടെ ഉപകാരങ്ങൾ മുഴുവനും നടത്താവുന്ന, കൈക്ക് പകരം നിൽക്കാൻ പറ്റിയ ഒരു ഉപകരണത്തെ ഇക്കാലം വരേക്കും കണ്ടെത്തിയിട്ടില്ലെന്നതിൽ നിന്നു തന്നെ ആ അവയവത്തിന്റെ യുക്തിയും ദീർഘ ദൃഷ്ടിയും മനസ്സിലാക്കാവുന്നതേയുള്ളൂ. അതു കൊണ്ട് പേന പിടിച്ച് എഴുതാൻ കഴിയുന്നു. കൊടുക്കാനും വാങ്ങാനും തടയാനും കഴിയുന്നു. ഉപകരണങ്ങൾ ചലിപ്പിക്കാനും തുറക്കാനും അടക്കാനും ചുമക്കാനുമൊക്കെ ഈ കൈകൾക്കാവുന്നു. തൊട്ട് രസമനുഭവിക്കാനും ഈ കൈകളെകൊണ്ട് സാധിക്കുന്നു. ആശയന്നളെ ഹൃദയങ്ങളിലേക്ക് കൈമാറാൻ കഴിയുന്നു. വിരലുകളുടെ അറ്റത്തുള്ള നഖങ്ങൾ പോലും അതിന്റെതായ ധർമ്മങ്ങൾ നിർവ്വഹിച്ച്കൊണ്ടിരിക്കുന്നു. നഖങ്ങളില്ലാത്ത സമയത്ത് ശരീരത്തിൽ ചൊറിച്ചിലുണ്ടായാൽ മാന്താൻ കഴിയാതിരുന്നാലുള്ള ബുദ്ധിമുട്ട് അനുഭവിച്ചവരാണല്ലോ നാം. ചൊറിച്ചിലുള്ള സ്ഥലത്തേക്ക് കൃത്യമായി നമ്മുടെ നഖങ്ങൾ ചെന്ന് അവയുടെ ഡ്യൂട്ടി നിർവഹിക്കുന്നു. അതേ സമയം മറ്റൊരാളോട് ചൊറിയാൻ പറഞ്ഞാൽ ചൊറിച്ചിലുള്ള സ്ഥലത്തേക്ക് അവന്റെ കൈ എത്തണമെങ്കിൽ ഒരു പാട് സമയമെടുക്കേണ്ടിവരും.

ഈ രൂപത്തിലല്ലാതെ വിരലുകളെ സംവിധാനിച്ചാലുള്ള അപാകത ഒന്ന് ചിന്തിച്ച് നോക്കൂ. കുരങ്ങന്മാരുടെ തള്ളവിരൽ അനക്കാൻ കഴിയില്ല. അത് പോലെ മനുഷ്യന്റെയും തള്ള വിരൽ അനക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ..

ഇങ്ങനെ മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളെക്കുറിച്ചും ചിന്തിച്ചാൽ അവയിലെല്ലാം അതി ബുദ്ധിശാലിയായ ഒരു അമാനുഷിക യുക്തിയും ദീർഘദൃഷ്ടിയും കഴിവും ആസൂത്രണവും സമ്മേളിച്ചതായി കാണാം. ഇതെല്ലാം ഒരു തുള്ളി ഇന്ദ്രിയത്തിൽ നിന്നാണ് രൂപപ്പെട്ടത് എന്ന് കൂടി ആലോചിക്കുമ്പോൾ പ്രിയപ്പെട്ടവരേ ആ ജീനിന്റെ ഉടമയായ അല്ലാഹുവിനെയല്ലാതെ , കല്ലുകൾക്കോ ,മരങ്ങൾക്കോ ,മറ്റു സൃഷ്ടികൾക്കോ നമിക്കാൻ നമുക്ക് എങ്ങിനെ കഴിയും ? അതിലും വലിയ നന്ദികേട് എന്താണുള്ളത് ?


اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً *** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله

اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ عَلَى *** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ

ثُمَّ الصَّلاَةُ وَمَحْمُودُ السَّلامِ عَلَى *** مُحَمَّدِ الْمُصْطَفَى مِنْ خِــيرَةِ اللهِ

وَالْآلِ وَالصَّحْبِ ثُمَّ التَّابِعِينَ لَهُمْ *** فِي سُنَّةِ الْمُجْتَبَى ذِي سُنَّةِ اللهِ
മനുഷ്യ ഹൃദയം ദിവസവും 22,000 ഗാലൻ രക്തം പമ്പ് ചെയ്യുന്നുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്.അഥവാ ഒരു വർഷത്തിൽ 8,030,000 ഗാലൻ രക്തം പമ്പ് ചെയ്യുന്നു. അപ്പോൾ ശരാശരി 60 വർഷം ജീവിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയം ഇത്രയും വർഷത്തിനുള്ളിൽ 481,800,000 ഗാലൻ രക്തം പമ്പ് ചെയ്യുന്നു. ഏകദേശം 3,45,00 ടൺ രക്തം. ചിന്തിച്ചു നോക്കൂ ഒരു വിധത്തിലുള്ള റിപ്പയറിംഗോ മെയിന്റ്നൻസോ നടത്താതെ ഇത്രയും വലിയ ജോലി ചെയ്യുന്ന ഏത് മെഷീ‍നാണ് മനുഷ്യ നിർമ്മിതമായുള്ളത് ? അല്ലാഹുവിന്റെ അപാരമായ അനുഗ്രഹാം മനസ്സിലാക്കാനും അവന് മാത്രം ആരാധനകളർപ്പിക്കാനും മനുഷ്യ ഹൃദയങ്ങൾ ചെയ്ത് തരുന്ന ഈ സേവനം മാത്രം പോരേ ? മനുഷ്യ ശരീരത്തിലെ ഏറ്റവും നിസാരമായ വസ്തുവാണ് മുടി. അവ വെട്ടുകയോ മുറിക്കുകയോ ചെയ്യുന്ന സമയത്ത് നമുക്ക് വേദന അനുഭവപ്പെടുന്നില്ലെന്നത് അനുഗ്രഹമല്ലേ ? ഇല്ലെങ്കിൽ മുടിവെട്ടാൻ നാമാരെങ്കിലും തയ്യാറാകുമോ ? വെട്ടാതെയും വൃത്തിയാക്കാതെയും മുടിയെ വെറുതെ വിട്ടാൽ മനുഷ്യനെ ഭീകരനായി തോന്നും ഇനി ചിന്തിച്ച് നോക്കൂ. ഈ മുടി കണ്ണിൽ മൂ‍ളച്ചാലുള്ള ഗതികേട് ! അല്ലെങ്കിൽ വായയിൽ മുടി മുളച്ചാലുള്ള അവസ്ഥ ! അതുമല്ലെങ്കിൽ ഉള്ളം കയ്യിൽ മുടി മുളച്ചാലുള്ള രൂപം ! ഇതെല്ലാം ഇത്ര വിദഗ്ദവും പോരായ്മകളില്ലാതെയും സംവിധാനിച്ചവൻ അല്ലാഹുവാണ് . فسبحانك يا الله

فتبارك الله أحسن الخالقين

മനുഷ്യന് മാത്രമുള്ള കഴിവുകളായ എഴുതാനും വായിക്കാനും സംസാരിക്കാനുമൊക്കെയുള്ള കഴിവുകളെ കുറിച്ച് ചിന്തിച്ച് നോക്കൂഇങ്ങിനെ നമുക്ക് ചുറ്റും നമ്മിലും ആകാശഭൂമികളിലുമുള്ള അത്ഭുതങ്ങളെക്കുറിച്ച് ചിന്തിച്ചാൽ കാരുണ്യവാനായ , നമ്മുടെ സ്രഷ്ടാവായ , ഏകനായ അല്ലാഹുവിനെ കണ്ടെത്താൻ കഴിയും. അല്ലാഹു അവന്റെ വിശുദ്ധ ഖുർ‌ആനിൽ പറയുന്നത് കാണൂ


“ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങളാണുള്ളത് ! മനുഷ്യർ അവക്കരികിലൂടെ കടന്ന്പോയ്ക്കൊണ്ടിരിക്കുന്നു. അവർ അവയെ പരിഗണിക്കുന്നേയില്ല.”
എന്ത് മാത്രം സത്യമാണ് ഈ വചനം .മനുഷ്യർ ചിന്തിച്ചിരുന്നെങ്കിൽ ഒരിക്കലും അല്ലാഹുവിനെയല്ലാതെ ദൈവമാക്കുകയില്ല. നമ്മേക്കാളും താണ കല്ലിനെ ആരാധിക്കുമായിരുന്നില്ല. സൃഷ്ടികളാൽ കുരിശിലേറ്റപ്പെട്ട യേശുവിനെ നമിക്കുകയില്ല.



سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ الْعَظِيمْ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ.