സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 24 August 2014

കടം കൊടുക്കലും വാങ്ങലും

തതുല്യമായത് തിരിച്ച് തരണമെന്ന വ്യവസ്ഥയിൽ ഒരു വസ്തുവിനെ മറ്റൊരാൾക്ക് ഉടമപ്പെടുത്തികൊടുക്കുന്നതിനാണ് കടം കൊടുക്കുക എന്ന് പറയുന്നത്.

വലിയ പുണ്യമുള്ള കാര്യമായി ഇസ്‌ലാം ഈ ഇടപാടിനെ കണക്കാക്കുന്നു. നബി صلى الله عليه وسلم പറയുന്നു. “തന്റെ സഹോദരന്റെ ഐഹിക വിഷമങ്ങൾ ആരെങ്കിലും അകറ്റിയാൽ അന്ത്യദിനത്തിൽ അവന്റെ വിഷമങ്ങൾ അല്ലാഹു ദൂരീകരിക്കുന്നതാണ്.” (മുസ്ലിം ). വേറെയൊരു ഹദീസിൽ കാണാം “ അടിമ തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും” (മുസ്‌ലിം ). ആരെങ്കിലും രണ്ടു തവണ കടം കൊടുത്താൽ അത് ഒരു തവണ ദാനം ചെയ്ത പ്രതിഫലം പ്രദാനം ചെയ്യും (ഇബ്‌നു ഹിബ്ബാൻ)
കടം സ്വീകരിക്കുന്നവൻ നിർബന്ധിതനും ഗത്യന്തരമില്ലാത്തവനുമാണെങ്കിൽ അവനു കടം കൊടുക്കൽ നിർബന്ധമാണ്. കടം സ്വീകരിക്കുന്നവൻ, ആ കടസംഖ്യ കുറ്റകരമായ കാര്യങ്ങളിൽ ചെലവഴിക്കുമെന്ന് കണ്ടാൽ കടം കൊടുക്കൽ ഹറാമാണ്. പ്രത്യക്ഷ മാർഗേന കടബാധ്യത തിർക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ലാത്ത, അനിവാര്യഘട്ടങ്ങളില്ലാത്ത വ്യക്തി കടം സ്വീകരിക്കലും ഹറാമാണ്.

സമ്പത്തിൽ ക്രയവിക്രയാധികാരമുള്ള, പ്രായപൂർത്തിയും ബുദ്ധിയും തന്റേടവുമുള്ളവരിൽ നിന്ന് മാത്രമാണ് സാധുവാകുന്നത്. “ഞാൻ നിനക്കിത് കടം തന്നു”. എന്നോ മറ്റോ ഉള്ള, ഇടപാടിനെ വ്യക്തമായി അറിയിക്കുന്നതോ കരുത്തോട് കൂടി വ്യംഗ്യമായി അറിയിക്കുന്നതോ ആയ ഈജാബും അത് സ്വീകരിച്ചുവെന്നറിയുക്കുന്ന ഖ്വബൂലും അത്യാവശ്യമാണ്. ഇതില്ലാതെയും കടമിടപാട് സ്വഹീഹാകുമെന്ന് പറഞ്ഞ പണ്ഡിതരുമുണ്ട്.

കടം വാങ്ങിയ വസ്തു കടം സ്വീകരിക്കുന്നയാളുടെ ഉടമസ്ഥതയിൽ വരുന്നത് അനുവാദത്തോടെ അവനത് കൈപറ്റുന്നതോടെയാണ്.

കടം നൽകിയ വസ്തു, മാറ്റമൊന്നുമില്ലാതെ, കടം സ്വീകരിച്ചവന്റെ കയ്യിലുണ്ടെങ്കിൽ , അത് തന്നെ തിരിച്ച് നൽകാവുന്നതാണ്. അല്ലെങ്കിൽ തതുല്യമായത് തിരിച്ച് നൽകേണ്ടതാണ്.

കടം കൊടുക്കുന്നവന് ഏതെങ്കിലും തരത്തിലുള്ള ഉപകാരം ലഭിക്കുംവിധം കടമിടപാടിൽ വ്യവസ്ഥ ചെയ്യൽ ഹറാമാണ്. അത് കടമിടപാടിനെ അസാധുവാ‍ക്കുന്നതാണ്. എന്നാൽ നിബന്ധന വെക്കാതെ, കടം തന്നവന് കൂടുതൽ (തിരിച്ച് ) നൽകലും, മറ്റ് ഉപകാരം ചെയ്യലും കടം സ്വീകരിച്ചവന് സുന്നത്താണ്.

‘ കടം ഏറ്റവും നല്ല രൂപത്തിൽ വീട്ടുന്നവനാണ് നിങ്ങളിൽ ഏറ്റവും ഉത്തമൻ’ എന്ന് തിരുനബി صلى الله عليه وسلم യുടെ വചനം പ്രസിദ്ധമാണ്.

കടം വീട്ടേണ്ട അവധി എത്തിച്ചേരുകയും ആവശ്യമായ പണം ഉണ്ടാവുകയും ചെയ്ത വ്യക്തി കടം തന്നവന്റെ അനുമതി കൂടാതെ യാത്ര ചെയ്യലും ഹറാമാണ്.

അനന്തരാവകാശികൾ ഏറ്റെടുത്ത് വീട്ടാത്ത പക്ഷം കടബാധ്യതയോടെ മരണപ്പെട്ട വ്യക്തി, പാരത്രിക ലോകത്ത് ചോദ്യം ചെയ്യപ്പെടുന്നതുമാണ്. മരിച്ചത് ശഹീദായിട്ടാണെങ്കിലും കട ബാധ്യത വീട്ടിയാലല്ലാതെ തീരുകയില്ല. അല്ലെങ്കിൽ കടം കൊടുത്തവൻ ആ ബാധ്യത അവന് ഒഴിവാക്കികൊടുക്കണം. അദ്ദേഹത്തിനു സ്വത്തുണ്ടെങ്കിൽ അനന്തരവകാശികൾക്ക് വീതിക്കും മുമ്പ് കടങ്ങൾ വീട്ടൽ നിർബന്ധമാണ്. ബാക്കിയുള്ളത് മാത്രമേ അനന്ധരവകാശികൾക്കുണ്ടാകുകയുള്ളൂ.

കടം കൊടുത്ത സംഖ്യ; ഒരു വർഷം സ്വീകരിച്ചവന്റെ കൈവശം ശേഷിക്കുകയാണെങ്കിൽ കടം കൊടുത്തവനും, സ്വീകരിച്ചവനും സകാത്ത് നൽകണം. കടം സ്വീകരിച്ചവൻ അത് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കടം കൊടുത്തവന് മാത്രമേ സകാത്ത് നിർബന്ധമാവുകയുള്ളൂ. ഇത് കടം കൊടുത്ത സംഖ്യ സകാത്തിന്റെ കണക്കെത്തിയ തുകയാകുമ്പോഴാണ്. ദാരിദ്ര്യം കൊണ്ടോ, സാക്ഷിയോ തെളിവോ ഇല്ലാത്തത് മൂലമോ വാങ്ങിയവന്റെ പക്കൽ നിന്ന് സംഖ്യ ലഭിക്കൽ അസാധ്യമായാൽ കൈപറ്റിയ ശേഷം സകാത്ത് കൊടുത്താൽ മതി.
( ബാക്കി അടുത്ത ബുള്ളറ്റിനിൽ -ഇൻശാ അല്ലാഹ് )

കടം കൊടുത്തത് തിരിച്ച് ചോദിക്കുമ്പോൾ മുഖം ചുളിക്കുകയും ഒഴിഞ്ഞ് മാറുകയും ചെയ്യുന്നത് മുസ്‌ലിമിന്റെ സ്വഭാവമല്ല. തന്റെ അത്യാവശ്യത്തിന് സഹായിയായി മാറിയ സഹോദരനെ അപമാനിക്കലാണത്.

കടം കൊടുക്കുന്നതും വാങ്ങുന്നതുമെല്ലാം എഴുതിവെക്കുന്നത് നല്ലതാണ്. വിശുദ്ധ ഖുർ‌ആനിലെ ഏറ്റവും വലിയ ആയത്തിലൂടെ നൽകുന്ന സന്ദേശമാണത് .അല്ലാഹു പറയുന്നു.

സത്യ വിശ്വാസികളേ, ഒരവധി നിശ്ചയിച്ച് കൊണ്ട് നിങ്ങൾ പരസ്പരം കടമിടപാട് ചെയ്താൽ അത് നിങ്ങൾ എഴുതി വെക്കുക. ഒരെഴുത്തുകാരൻ നിങ്ങൾക്കിടയിൽ നീതിപൂർവ്വം എഴുത്ത് നിർവഹിക്കട്ടെ.” അല്ലാഹു എഴുതാനും വായിക്കാനും കഴിവു നൽകിയിട്ടുള്ളവൻ എഴുതുവാൻ വിസമ്മതം കാണിക്കരുത്. അവൻ എഴുതിക്കൊടുക്കുക തന്നെ ചെയ്യണം. കടബാധ്യതയുള്ളവൻ എഴുതാനുള്ള വാചകം പറഞ്ഞ് കൊടുക്കേണ്ടതാണ്. തന്റെ നാഥനായ അല്ലാഹുവിനെ അവൻ സൂക്ഷിച്ച് കൊള്ളട്ടെ. അതിൽ നിന്നും യാതൊന്നും അവൻ കുറച്ച് കളയരുത്. ഇനി കടബാധ്യതയുള്ളവൻ വിഡ്ഢിയോ കാര്യശേഷിയില്ലാത്തവനോ വാചകം പറഞ്ഞ് കൊടുക്കാൻ കഴിവില്ലാത്തവനോ ആയാൽ അവന്റെ രക്ഷാധികാരി നീതിപൂർവ്വം വാചകം പറഞ്ഞ് കൊടുക്കണം. നിങ്ങലിലുള്ള പുരുഷന്മാരിൽ രണ്ട് പേർ സാക്ഷി നിൽക്കുകയും വേണാം. പുരുഷന്മാരായി രണ്ട് പേരില്ലെങ്കിൽ പിന്നെ നിങ്ങൾ തൃപ്തിപ്പെടുന്ന ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷ്യം വഹിക്കണം. (ഒരു പുരുഷനു പകരം രണ്ട് സ്ത്രീകളെ വേണമെന്ന് വെച്ചത് ) അവർ രണ്ടാളിൽ ഒരുവൾ പിഴച്ചാൽ മറ്റവൾ ഓർമ്മപ്പെടുത്താൻ വേണ്ടിയാണ്. സാക്ഷികൾ വിളിക്കപ്പെട്ടാൽ നിരസിക്കരുത്.
ഇടപാട് ചെറുതാവട്ടെ, വലുതാവട്ടെ , അവധി വരെ അതെഴുതി വെക്കാൻ നിങ്ങൾ മടിച്ച് കൂടാ. അത് അല്ലാഹുവിങ്കൽ ഏറ്റവും നീതിയുള്ളതും സാക്ഷ്യം ഏറ്റവും ബലപ്പെടുത്തി നിറുത്തുന്നതും നിങ്ങൾ സംശയിക്കാതിരിക്കാൻ ഏറ്റവും ഉപയുക്തവുമാകുന്നു. നിങ്ങൾ പരസ്പരം റൊക്കമായി കൈമാറുന്ന കച്ചവടമായിരുന്നാൽ ഒഴികെ. അപ്പോൾ അതെഴുതി വെക്കാതിരിക്കുന്നതിൽ ദോഷമൊന്നുമില്ല. ക്രയ വിക്രയം ചെയ്യുമ്പോൾ നിങ്ങൾ സാക്ഷിയെയും ഉപദ്രവിക്കരുത്. അങ്ങിനെ ചെയ്യുന്ന പക്ഷം നിശ്ചയമായും അത് നിയമ പരിധിയിൽ നിന്നുള്ള നിങ്ങളുടെ വ്യതിചലനമാണത്.

അല്ലാഹുവിനെ സൂക്ഷിക്കുക. അവൻ നിങ്ങൾക്ക് പഠിപ്പിച്ചുതരികയാണ്. എല്ലാ കാര്യങ്ങളെകുറിച്ചും അല്ലാഹു ഏറ്റവും അറിയാവുന്നവനാകുന്നു. (സൂറത്ത് അൽ-ബഖറ 282).