സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 26 August 2014

മുരീദും ത്വരീഖതും

ത്വരീഖതിന്റെ രണ്ടാമത്തെ ഘടകമാണ് മുരീദ്. ശയ്ഖിന്റെ ശിക്ഷണത്തില്‍ ആത്മീയ ജീവിതം നയിക്കുന്ന വ്യക്തിയെയാണു മുരീദ് എന്നു പറയുന്നത്. ത്വരീഖതില്‍ മുരീദ് എന്നു പറയുന്നതു ശരീഅതില്‍ മുതഅല്ലിം എന്നു പറയുന്നതിനു തുല്യമാണ്. രണ്ടിടത്തും ഗുരുനാഥന്റെ സാനിധ്യം ആവശ്യമാണ്. ശയ്ഖിനെന്നപോലെ മുരീദിന് പല ഗു ണങ്ങളും ഉണ്ടാവേണ്ടതുണ്ട്. ത്വരീഖത്ത് സംബന്ധിയായ ഗ്രന്ഥങ്ങളില്‍ ഈ വിഷയ ത്തെക്കുറിച്ചു നീണ്ട വിവരണങ്ങള്‍ കാണാം.
ശയ്ഖ് ജീലാനി(റ) പറയുന്നതു കാണുക: “അല്ലാഹുവിനുള്ള ഇബാദത്തിലും അനുസരണത്തിലുമായി ആഗമിക്കുന്നവനാണു മുരീദ്. ഖുര്‍ആനിലും സുന്നത്തിലും വന്നതിനനുസൃതമാകും അവന്റെ ജീവിതം. മറ്റുള്ളവയെല്ലാം പൂര്‍ണാര്‍ഥത്തില്‍ അവന്‍ ഉപേക്ഷി ക്കുന്നതാണ്. അല്ലാഹുവില്‍ നിന്നുള്ള ആത്മപ്രകാശത്തില്‍ മാത്രമാകും അവന്റെ ചിന്ത. തന്നിലും മറ്റുള്ള എല്ലാവരിലും അല്ലാഹുവിന്റെ ഇഛകള്‍ മാത്രമാണ് നടക്കുന്നത് എന്ന വിചാരത്തില്‍ ബന്ധിതനാവുകയും അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തികൊള്ളുകയും തെറ്റുചെയ്യുന്നതില്‍ നിന്നു പാടെ അകന്നു നില്‍ക്കുകയും ചെയ്യുക മുരീദിന്റെ  ചര്യയാകും (അല്‍ഗുന്‍യത്: 2/158).
സത്യസന്ധനായ മുരീദ് കടമകളും കടപ്പാടുകളും ഉള്ളവനാകുന്നു. ഒരു ഗുരുവിന്റെ കൈപിടിച്ചു ബയ്അത് ചെയ്തു തോന്നിയ വിധം നടന്നാല്‍ മുരീദാവുകയില്ല. മുരീദിന്റെ ബാധ്യത പണ്ഢിതന്മാര്‍ മൂന്നായിട്ടാണു തിരിച്ചിരിക്കുന്നത്. ഒന്ന് -ആത്മീയ ഗുരുവിനോടു മാത്രമായി അവന്‍ പ്രാവര്‍ത്തികമാക്കേണ്ട കാര്യങ്ങള്‍. രണ്ടാമത്തേതു തന്റെ കൂ ട്ടുകാരോടും മൊത്തം സമൂഹത്തോടും പാലിക്കേണ്ടവ. മൂന്നാമത്തേത്, വ്യക്തിജീവിതത്തില്‍ പ്രവര്‍ത്തിക്കേണ്ട കാര്യങ്ങള്‍. ഇവ യഥാവിധി പാലിക്കുന്നിടത്താണു മുരീദിന്റെ വിജയം. മുരീദിന്റെ ബാധ്യതകളെ കുറിച്ച് നീണ്ട വിവരണങ്ങള്‍ ആത്മജ്ഞാന ഗ്രന്ഥങ്ങളില്‍ കാണാം. അവ കര്‍മപഥത്തില്‍ കൊണ്ടുവന്നാല്‍ മുരീദ് തന്നെ മഹാനായിത്തീരും.
ശയ്ഖുത്തര്‍ബിയതിനും ശയ്ഖുല്‍ഇര്‍ശാദിനും മുരീദുകള്‍ ഉണ്ട്. ശയ്ഖുത്തര്‍ബിയതി ന്റെ മുരീദുകള്‍ മഹാന്മാരായിരിക്കും. ശയ്ഖുല്‍ ഇര്‍ശാദിന്റെ മുരീദുകള്‍ അവരെക്കാള്‍ താഴ്ന്ന പദവി അലങ്കരിക്കുന്നവരും താരതമ്യേന എണ്ണത്തില്‍ കൂടുതലും ഉണ്ടാകും. ഏതിനം മുരീദായിരുന്നാലും മേല്‍ പറഞ്ഞ മൂന്നുതരം നിബന്ധനകള്‍ നന്നായി പാലിച്ചിരിക്കണം. ആ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു വ്യക്തിജീവിതത്തിലെ വിശുദ്ധി. പ്രസ്തുത ഗുണങ്ങള്‍ പ്രകടമാകുന്നതിലൂടെയാണു ഒരു സത്യസന്ധനായ മുരീദിനെ മനസ്സിലാക്കാന്‍ സമൂഹത്തിനാവുക. മുരീദെന്നു നടിക്കുന്നവര്‍ പരാജയപ്പെടുന്നതും ഈ ഒരു കാര്യത്തിലാണ്. തന്റെ ശയ്ഖിനോടുള്ള കടപ്പാടില്‍ വീഴ്ച വരുത്തുന്നില്ലെന്ന അവകാശവാദത്തോടെ മൊത്തം സമൂഹത്തോടു അഹങ്കരിക്കുന്നവരാണ് ഇന്നു ത്വരീഖതി ന്റെ പദവി അവകാശപ്പെടുന്ന പലരും. അവരുടെ പരാജയത്തെ ഗ്രഹിച്ചെടുക്കാന്‍ ത്വരീഖത് സംബന്ധമായി ചര്‍ച്ച വന്ന ഗ്രന്ഥങ്ങള്‍ പരതിയാല്‍ മതിയാകും.
വൈയക്തിക ബാധ്യതകള്‍
ശയ്ഖ് മുഹമ്മദ് അമീന്‍ അല്‍കുര്‍ദി(റ) മുരീദിന്റെ ബാധ്യതകളെക്കുറിച്ചു രേഖപ്പെടുത്തുന്നു: (1) അല്ലാഹു സദാസമയവും തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധത്തോടെ നിന്നും ഇരുന്നും നടന്നും മനസ്സ്കൊണ്ടു നിത്യമായും അവനെ ദിക്ര്‍ ചെയ്യുക. ദിക്റിനു തടസ്സം നില്‍ക്കുന്ന ഒരു ഏര്‍പ്പാടും പാടില്ലാത്തതാകുന്നു. (2) ചീത്തബന്ധങ്ങള്‍ വെടിഞ്ഞു നല്ലവരുമായി മാത്രം കൂട്ടുകൂടുക. നല്ല ബന്ധങ്ങളേ നന്മവരുത്തൂ. ചീത്ത കൂട്ടുകെട്ട് തിന്മക്കു പ്രചോദനമായിത്തീരും. (3) ഭാര്യ-സന്താനങ്ങള്‍ ഉള്ളവനാണെങ്കില്‍ ഔറാദിന്റെ സന്ദര്‍ഭത്തില്‍ അവരില്‍ നിന്നും പറ്റെ മാറി വീടിന്റെ അകത്തളത്തില്‍ ഒരിടം കണ്ടെത്തി കഴിഞ്ഞു കൂടുക. (4) തീറ്റ, കുടി, വസ്ത്രം, വിവാഹം തുടങ്ങി എല്ലാറ്റില്‍ നിന്നും അത്യാവശ്യമായതു മാത്രം സ്വീകരിക്കുകയും അനാവശ്യങ്ങള്‍ പാടെ വെടിയുകയും ചെയ്യുക. ഇമാം ഗസ്സാലി(റ) പറഞ്ഞു: “അന്നപാനാദികളിലെ അമിതത്വം ഹൃദയ കാഠിന്യത്തിനും അല്ലാഹുവിനെ അനുസരിക്കല്‍, നല്ല ഉപദേശങ്ങള്‍ ശ്രവിക്കല്‍ എന്നിവയ്ക്കും തടസ്സമാകുന്നതാണ്.” (5) പരലോകത്തെക്കുറിച്ചു ചിന്തിക്കുകയും ദുന്‍ യാവിനെ പ്രേമിക്കുന്നതു നിറുത്തുകയും ചെയ്യുക. ദുന്‍യവീ സ്നേഹം കടന്ന മനസ്സില്‍ ഇലാഹീ സ്നേഹത്തിനു സ്ഥാനമുണ്ടാകുന്നതല്ല. (6) ജനാബത്തുകാരനായി ഉറങ്ങാതിരിക്കുകയും സദാസമയം ശുദ്ധി ഉറപ്പു വരുത്തുകയും ചെയ്യുക. (7) ജനങ്ങളുടെ കരങ്ങളില്‍ ഉള്ളതു മോഹിക്കാതിരിക്കുക. പടപ്പുകളെ പരിഗണിക്കുന്നതും ഒഴിവാക്കുക. (8) സ്വന്തത്തിനെ വിചാരണക്കെടുക്കുക. (9) ഉറക്കം പറ്റെ കുറക്കുക. വിശേഷിച്ചും അത്താഴസമയത്തെ നിദ്ര. അതു പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്ന സമയമാകുന്നു. (10) കുറഞ്ഞ തീറ്റ ശീലമാക്കുക. വയര്‍ നിറയുന്നതിനു മുമ്പു തന്നെ പാത്രത്തില്‍ നിന്നു കൈ ഉയര്‍ത്താന്‍ നോക്കണം. (11) ഹലാല്‍ മാത്രം തിന്നുക. (12) പാഴ്വര്‍ത്തമാനങ്ങളില്‍ നിന്നു നാവിനെയും ചീത്ത ചിന്തകളില്‍ നിന്നു മനസ്സിനെയും മുക്തമാക്കുക. (13) ഹറാം കാണുന്നതു ഉപേക്ഷിക്കുക. (14) തമാശ വെടിയുക. തമാശയുടെ വര്‍ദ്ധനവ് ഹൃദയത്തെ മരവിപ്പിക്കുന്നതാണ്. (15) മതവിദ്യാര്‍ഥികളുമായി തര്‍ക്ക-വിതര്‍ക്കങ്ങള്‍ക്കു നില്‍ക്കാതിരിക്കല്‍. മറവിയും മോശവും വരുത്തുന്ന കാര്യമാകുന്നു അത്. (16) പൊട്ടിച്ചിരി പാടെ ഉപേക്ഷിക്കുക. മനസ്സിനെ മരിപ്പിക്കാന്‍ അതു കാരണമാകും. നബി(സ്വ) പൊട്ടിച്ചിരിക്കാതിരിക്കാന്‍ കാരണമതായിരുന്നു. (17) ജനങ്ങളുടെ അവസ്ഥകള്‍ ചോദിച്ചറിയുന്നതും വാദ-വിവാദങ്ങള്‍ക്കു നില്‍ക്കുന്നതും സൂക്ഷിക്കുക. (18) പദവിയും നേതൃത്വവും മോഹിക്കാതിരിക്കുക. (19) അങ്ങേയറ്റത്തെ വിനയം കാണിക്കുക. വിനയാന്വിതനാകുന്ന അടിമക്കാണ് ഉയര്‍ച്ച. (20) അല്ലാഹുവിനെ അങ്ങേയറ്റം പേടിക്കുന്നതോടെ അവന്റെ മാപ്പില്‍ പ്രതീക്ഷ പുലര്‍ത്തുക. താന്‍ ചെയ്യുന്ന ഇബാദതുകളില്‍ അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവുമില്ലെങ്കില്‍ തീര്‍ച്ചയായും, അവന്റെ ശിക്ഷക്കു പാത്രീഭവിക്കുമെന്നുതന്നെ ഉറപ്പിക്കുക. (21) ഏതൊരു വാക്കും പ്രവൃത്തിയും ‘ഇന്‍ശാഅല്ലാഹ്’ എന്ന വിചാരത്തോടെ മാത്രം പറയുക. (22) ഉറക്കിലോ ഉണര്‍ച്ചയിലോ വല്ല ആത്മ രഹസ്യങ്ങളും പ്രകടമായാല്‍ ശയ്ഖിനോടല്ലാതെ മറ്റാരോടും അതേപറ്റി പറയാതിരിക്കുക. പറഞ്ഞാല്‍ മുരീദിന്റെ വാതില്‍ കൊട്ടിയടക്കപ്പെടാന്‍ സാധ്യതയുണ്ട്. (23) ശയ്ഖിന്റെ പക്കല്‍ നിന്നു കിട്ടിയ ദിക്ര്‍ ഏറ്റക്കുറച്ചിലില്ലാതെ ചൊല്ലാന്‍ സ്വകാര്യ സമയം കണ്ടെത്തുക (തന്‍വീറുല്‍ഖുലൂബ്: 531-534).
സാമൂഹിക-സുഹൃദ് ബന്ധങ്ങള്‍
മുരീദ് നല്ലവരില്‍ നല്ലവനാകണമെന്നാണു ത്വരീഖതിന്റെ തത്വം. അതു കൊണ്ടു തന്റെ സുഹൃത്തുക്കളടക്കം മൊത്തം മുസ്ലിം സമൂഹത്തോട് ഒടുങ്ങാത്ത കടമകള്‍ മുരീദില്‍ വെച്ചു കെട്ടപ്പെട്ടിട്ടുണ്ട്. മുഹമ്മദ് അമീന്‍ അല്‍കുര്‍ദീ(റ) രേഖപ്പെടുത്തുന്നു: “രണ്ടു വ്യക്തികള്‍ തമ്മിലുള്ള സൌഹൃദം വിലപ്പെട്ടതാണ്. നബി(സ്വ) പറഞ്ഞു: “രണ്ടു സഹോദരങ്ങള്‍ ഒരാളുടെ രണ്ടു കൈകള്‍ക്കു തുല്യമാകുന്നു. കഴുകുന്ന സന്ദര്‍ഭത്തില്‍ ഒരു കൈ കൊണ്ടു മറ്റേകൈ കഴുകുകയാണല്ലോ പതിവ്” (അബൂനുഐം). പണ്ഢിതന്മാര്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ഒരാള്‍ മറ്റൊരുത്തനുമായി ഒരു നിമിഷമാണു കൂട്ടു ചേര്‍ന്നതെങ്കിലും സുഹൃദ്ബാധ്യത നിറവേറ്റിയോ ഇല്ലയോ എന്നതിനെപറ്റി നാളെ ചോദ്യമുണ്ടാകുന്നതാണ്. സൌഹൃദത്താല്‍ ഒരു മുരീദില്‍ വന്നു ചേരുന്ന ബാധ്യതകളില്‍ ചിലതു കാണുക:
(1) സ്വന്തത്തിന് ഇഷ്ടപ്പെടുന്നതത്രയും മറ്റുള്ളവര്‍ക്കും ഇഷ്ടപ്പെടുക. ഒരിക്കലും അവരെക്കാള്‍ സ്വന്തത്തെ പരിഗണിക്കരുത്. (2) അവരെ കണ്ടു മുട്ടുമ്പോള്‍ സലാം പറഞ്ഞു കൈ പിടിച്ചു കുശലാന്വേഷണങ്ങള്‍ക്കു മുതിരുക. നബി(സ്വ) പറഞ്ഞു: “രണ്ടു മുസ്ലിം സുഹൃത്തുക്കള്‍ കണ്ടു മുട്ടി കൈ പിടിച്ചാല്‍ ആ കൈ വിടുന്നതു തീര്‍ച്ചയായും ഇരുവര്‍ക്കും മാപ്പ് കിട്ടിയ രൂപത്തിലാകും” (ത്വബ്റാനി). (3) അവരുമായി സദ്സ്വഭാവത്തില്‍ വര്‍ത്തിക്കുക. നബി(സ്വ) പറഞ്ഞു: “നിങ്ങളില്‍ വിശ്വാസത്താല്‍ പരിപൂര്‍ണര്‍ സ്വഭാവ ത്താല്‍ നല്ലവരാകുന്നു”(തിര്‍മിദീ). ആത്മജ്ഞാനികള്‍ പറഞ്ഞിരിക്കുന്നു: “കുറെ നോ മ്പും നിസ്കാരവും അല്ല പലരെയും ഉയരങ്ങളില്‍ കൊണ്ടെത്തിച്ചത്, സല്‍സ്വഭാവമാകുന്നു.” (4) കൂട്ടുകാര്‍ക്കു മുമ്പില്‍ വിനയാന്വിതനാവുക. ഇമാം ശാഫിഈ(റ) പറഞ്ഞു: “വിനയം ബഹുമാനികളുടെ ഗുണമാകുന്നു.” (5) അവരുടെ പൊരുത്തം ഉറപ്പാക്കുക. തന്നെക്കാള്‍ നല്ലവരാണ് അവരെന്നു നിനക്കുകയും നല്ല കാര്യത്തില്‍ അവരെ സഹായിക്കുകയും ചെയ്യുക. (6) കൂട്ടുകാരോടു കൃപ കാണിക്കുക. വലിയവരെ ആദരിക്കലും ചെറിയവരെ സ്നേഹിക്കലും ഇതിന്റെ ഭാഗമാണ്. (7) കൂട്ടുകാരെ ഉപദേശിക്കുമ്പോള്‍ അവര്‍ക്കു മാനഹാനി വരുത്താത്ത തന്ത്രത്തില്‍ ഉപദേശിക്കുക. (8) അവരെക്കുറിച്ച് നല്ലതു മാത്രം ഭാവിക്കുക. ആരിലെങ്കിലും വല്ല കുറവും കണ്ടാല്‍ അതു തന്നിലെ കുറവാണെന്നു കരുതുക. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ കണ്ണാടിയാണ്, കണ്ണാടിയില്‍ നോക്കുന്നവനു സ്വന്തത്തിന്റെ പ്രതിരൂപമേ കാണാനാകൂ എന്ന ന്യായവുമായിരിക്കണം അപ്പോള്‍ മനസ്സില്‍. (9) അവര്‍ പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാന്‍ സന്മനസ്സു കാ ണിക്കുക. (10) കൂട്ടുകാര്‍ക്കിടയിലെ ന്യായവശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവുക. (11) അവരോടു സകലമാന സ്ഥിതികളിലും സത്യസന്ധത പുലര്‍ത്തുക. അവര്‍ക്കു പൊറു ത്തു കൊടുക്കണമെന്നു പ്രാര്‍ഥിക്കുക. (12) സദസ്സുകളില്‍ അവര്‍ക്കു സൌകര്യം ചെയ്തു കൊടുക്കുക. (13) കരാര്‍ ചെയ്താല്‍ അതു പൂര്‍ത്തിയാക്കുന്നതില്‍ അമാന്തം കാണിക്കാതിരിക്കുക (തന്‍വീറുല്‍ഖുലൂബ്: 535-540).
മുരീദിന്റെ കടപ്പാടുകള്‍ വിശദീകരിക്കവെ ഇമാം ഖുശയ്രി(റ) രേഖപ്പെടുത്തുന്നതു കാണുക: “ത്വരീഖതില്‍ ഒന്നാമതായി മുരീദിനുണ്ടാകേണ്ടതു സത്യസന്ധതയാണ്. തന്റെ വഴി ശരിപ്പെട്ടുകിട്ടാന്‍ അത് അനിവാര്യമാണ്. അടിസ്ഥാന തത്വങ്ങള്‍ ഉപേക്ഷിച്ചാല്‍ ആത്യന്തിക ലക്ഷ്യം അകലുമെന്നു ആത്മജ്ഞാനികള്‍ പറഞ്ഞിട്ടുണ്ട്. ഉസ്താദ് അബൂ അലി(റ) പറഞ്ഞത്, ത്വരീഖതിന്റെ ആദ്യത്തില്‍  തന്റെയും അല്ലാഹുവിന്റെയും ഇടയിലുള്ള വിശ്വാസ കാര്യത്തില്‍ സംശയം, ഭാവന, പുത്തന്‍വാദം തുടങ്ങിയവയില്‍ നിന്നു മുരീദ് തീര്‍ത്തും മുക്തമാകണമെന്നാണ്. മുരീദിന്റെ മേല്‍ കടമപ്പെട്ട മറ്റൊരു കാര്യം, ശയ്ഖിനെ പിന്‍പറ്റി ചിട്ടകള്‍ കൃത്യമായി  പാലിക്കലാകുന്നു. ഗുരുവില്ലാത്തവന് ഒരു കാലത്തും വിജയിക്കുവാന്‍ സാധ്യമല്ല. അബൂയസീദ്(റ) പറഞ്ഞത് ഈ രംഗത്ത് ഉസ്താദില്ലാതെപോയാല്‍ പിന്നെ അവന്റെ ഇമാം ശയ്ത്വാനാകുമെന്നാണ്. അതുപോലെ ത്വരീഖതിലേക്കു കടന്നുവരാന്‍ ഉദ്ദേശിക്കുന്നവനു നിര്‍ബന്ധമായ കാര്യമാണു തൌബ. ചെറുതും വലുതും രഹസ്യവും പരസ്യവുമായ സര്‍വ തെറ്റുകളും അവന്‍ ഉപേക്ഷിക്കണം. തന്റെ എതിരാളിയെ തൃപ്തിപ്പെടുത്താന്‍ കഠിനപ്രയത്നം നടത്തണം. ശയ്ഖിന്റെ പൊരുത്തം നേടാനാകാതെ പോയാല്‍ ത്വരീഖതില്‍ നിന്നു യാതൊന്നും എത്തിപ്പിടിക്കാന്‍ ആകില്ല.
മറ്റൊരു നിബന്ധന, ഭൌതിക-ബന്ധങ്ങളില്‍ നിന്നു മനസ്സിനെ പാടെ അകറ്റി നിറുത്തലാകുന്നു. ഇമാം ശിബ്ലി(റ) ശിഷ്യന്മാര്‍ക്കുള്ള ശിക്ഷണത്തിന്റെ ആമുഖത്തില്‍ പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു: “ഒരു ജുമുഅ മുതല്‍ തൊട്ടടുത്ത ജുമുഅ നടക്കുന്നതിനിടയില്‍ അല്ലാഹുവല്ലാത്ത ചിന്ത നിന്നില്‍ വന്നാല്‍ എന്റെ സാനിധ്യത്തില്‍ വരുന്നതു നി നക്കു ഹറാമാകുന്നു.” ഭൌതിക ബന്ധങ്ങളില്‍ നിന്നുള്ള വിഛേദത്തില്‍ ഒന്നാമതു വേ ണ്ടതു സാമ്പത്തിക ബന്ധത്തിന്റെ വിഛേദമാണ്. സാമ്പത്തിക ബന്ധം മുരീദിനെ അല്ലാഹുവില്‍ നിന്ന് അകറ്റുന്നതും ത്വരീഖതില്‍ നിന്നു വല്ലതും നേടാന്‍ തടസ്സം നില്‍ക്കുന്നതുമാകുന്നു. അതുപോലെ ആവശ്യമായ മറ്റൊന്നാണു സ്ഥാനത്യാഗം. സ്ഥാനങ്ങള്‍ അലങ്കരിക്കല്‍  ആപത്ത് വരുത്തുന്നതാണ്.
“ഈ വിഷയത്തിന്റെ നാരായവേരു കിടക്കുന്നതു ശരീഅതിന്റെ മര്യാദകള്‍ പാലിക്കുന്നതിലാണ്.  ഹറാം, ശുബ്ഹത്ത് എന്നിവയിലേക്കു കൈ നീട്ടുന്നതും ദുഷ്ട വിചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്നതും ഗൌരവമായി സൂക്ഷിക്കണം. ശ്വാസോഛോസങ്ങള്‍ ഒന്നും തന്നെ അല്ലാഹുവിനൊപ്പമല്ലാതെ കടന്നുപോകരുത്. അങ്ങനെ കടന്നുപോകുന്നത് അലസതയായി കണക്കാക്കണം. പ്രതിസന്ധി നിറഞ്ഞ സന്ദര്‍ഭത്തില്‍ പോലും ഹറാം-ഹലാല്‍ വ്യക്തമല്ലാത്ത ഒരുമണി ധാന്യം കലര്‍ന്ന അന്നം പോലും തിന്നാന്‍ പാടില്ല. ആ യാസവും ആഗ്രഹവും ഉള്ള ഘട്ടത്തില്‍ ഇതു തീരെ പറ്റില്ലെന്നു പറയേണ്ടതുമില്ലല്ലോ. മുരീദിന്റെ അത്യാന്താപേക്ഷിതങ്ങളില്‍ പെട്ടതാണ് ഇഛകള്‍ ഉപേക്ഷിക്കുന്നതില്‍ ആത്മ പ്രയത്നം നടത്തല്‍. ഇഛക്കൊത്തു നീങ്ങുന്നവനു മനത്തെളിമ നേടാന്‍ കഴിയില്ല” (രിസാലതുല്‍ ഖുശയ്രി: 180-185).
ശയ്ഖ് ജീലാനി(റ) പറയുന്നു: “യഥാര്‍ഥത്തില്‍ ഇറാദത് എന്നു പറഞ്ഞാല്‍ പതിവുകള്‍ വെടിയലാകുന്നു. അതായതു മനസ്സ് അല്ലാഹുവിനെ അന്വേഷിക്കുന്നതില്‍ മാത്രം ബന്ധിതമാകലും മറ്റുള്ളതെല്ലാം പൂര്‍ണമായും ഉപേക്ഷിക്കലും. ഇങ്ങനെ സാധാരണയായുള്ള സ്വഭാവത്തില്‍ നിന്നു അടിമ മുക്തനായാല്‍ അവന്റെ ഉദ്ദേശ്യം അല്ലാഹുവില്‍ മാത്രം ബന്ധിതമാകുന്നതാണ്. ഈ ഇറാദതാണ് എല്ലാറ്റിന്റെയും ആമുഖം. ആത്മീയ കാംക്ഷിയുടെ യാത്രയുടെ ആരംഭം അതാകുന്നു. ഇറാദതിന്റെ പൊരുള്‍ അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിക്കലാണ്. ദുന്‍യാവിന്റെയും ആഖിറത്തിന്റെയും അലങ്കാരമാകുന്നു അത്. ഈ ഗുണങ്ങള്‍ ഉള്‍ച്ചേര്‍ന്നവനെ മുരീദ് എന്നു വിളിക്കാം. അത്തരമൊരാള്‍ എന്നുമെന്നും അല്ലാഹുവിനുള്ള അനുസരണത്തിലേക്ക് ആഗമിച്ചവനും അവനല്ലാത്തവ കയ്യൊഴിഞ്ഞ് അവന്റെ ആജ്ഞകള്‍ മാത്രം പാലിച്ചവനുമാകും. അങ്ങനെ ഖുര്‍ആന്‍-സുന്നത്തിനനുസരിച്ച് അവന്‍ ജീവിതത്തെ പാകപ്പെടുത്തുന്നതും സുന്നത്തുകള്‍ വര്‍ധിപ്പിച്ചു രക്ഷിതാവിന്റെ ഇഷ്ടം സമ്പാദിക്കുന്നതുമാണ്” (ഗുന്‍യത്: 2/158).
ജീലാനി(റ) തുടരുന്നു: “ത്വരീഖതിലെ തുടക്കക്കാരനു നിര്‍ബന്ധമായ കാര്യമാണ് സത്യസന്ധമായ വിശ്വാസം. ഇതാണ് അടിത്തറ. പൂര്‍വസൂരികളായ നബിമാര്‍, മുര്‍സലുകള്‍, ഔലിയാഅ്, സ്വാലിഹുകള്‍, സ്വഹാബത്ത്, താബിഉകള്‍, സിദ്ദീഖുകള്‍ തുടങ്ങിയവരുടെ വിശ്വാസമാണ് ഇവിടെ ഉദ്ദേശ്യം. അതുപോലെ കിതാബും സുന്നത്തും മുറുകെ പിടിക്കുകയും കല്‍പനാ-നിരോധങ്ങള്‍ അതിനു വിധേയമായി മാത്രമാക്കുകയും അല്ലാഹുവില്‍ പറന്നെത്താനുള്ള ചിറകുകളാക്കി അവയെ മാറ്റുകയും വേണം. അതിനുപുറമെ തന്റെ ഒരൊറ്റ കാല്‍വയ്പും ഇനി അല്ലാഹുവിന്റെ ഇഛക്കൊത്തല്ലാതെ ആവുകയില്ല എന്നുള്ള ഒരു പ്രതിജ്ഞയും താന്‍ എടുക്കേണ്ടതായിട്ടുണ്ട്” (ഗുന്‍യത്: 2/163).
ശയ്ഖ് അഹ്മദ് ള്വിയാഉദ്ദീന്‍(റ) പറയുന്നു: മുരീദില്‍ അനിവാര്യമായും ഉണ്ടാകേണ്ട ഗുണങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാകുന്നു:
(1) ഹറാമുകള്‍ വെടിഞ്ഞും കല്‍പനകള്‍ പാലിച്ചും വീഴ്ചയും ഉദാസീനതയും വരുത്താതെ തഖ്വ ചെയ്യുക. (2) ശുബ്ഹത്തിന്റെ ധനം തിന്നുന്നത് ഒഴിവാക്കല്‍. (3) കുറ്റവും കുറവും കാണിച്ചുതരാന്‍ കഴിവുള്ള ആധ്യാത്മജ്ഞാനികള്‍ക്കും പണ്ഢിതന്മാര്‍ക്കുമൊപ്പം ഇരിക്കല്‍. (4) അഹങ്കാരത്തിന്റെയും ദുരഭിമാനത്തിന്റെയും വാക്താക്കളെ നിരാകരിക്കല്‍ (5) മതമര്യാദകള്‍ പാലിക്കല്‍. (6) സമയം അര്‍ഹമാംവിധം ഉപയോഗപ്പെടുത്തല്‍. (7) പ്രപഞ്ചത്തില്‍ നീയും അല്ലാഹുവും മാത്രമാണെന്ന വിചാരം ഉണ്ടാവുക. ആ അര്‍ഥത്തില്‍ അവന്റെ നിരന്തര ദൃഷ്ടി തന്നില്‍ പതിയുന്നുണ്ടെന്നു കരുതുകയും അവന്‍ വിലക്കിയിടത്തു തന്നെ കാണുന്നതും അവന്‍ കല്‍പിച്ചിടത്തു തന്നെ കാണാതെ പോകുന്നതും ഭയത്തോടെ കരുതിക്കൊള്‍ക. (8) ഹൃദയത്തെ സജീവമാക്കുന്ന സദ്കാര്യങ്ങളില്‍ തളച്ചിടുക. ഹൃദയ നിര്‍ജീവതക്കു കളമൊരുക്കുന്നവ പാടെ മാറ്റി വെക്കുകയും ചെയ്യുക (ജാമിഉല്‍ഉസ്വൂല്‍: 18-20).
ഈ പറഞ്ഞ ഗുണവിശേഷങ്ങള്‍ക്കു പുറമെ മുരീദിനു തന്റെ ശയ്ഖുമായി മാത്രം ബന്ധപ്പെട്ട മര്യാദകള്‍ വേറെയുമുണ്ട്. ഗുരുവിന്റെ ആജ്ഞാനുവര്‍ത്തിയായി മാറുന്നതില്‍ ഒതുങ്ങുന്നു അവയെല്ലാം എന്ന് ഒറ്റവാക്കില്‍ പറയാം. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലാണു മഹത്വം നിലകൊള്ളുന്നതെന്നു മനസ്സിലാക്കണം. വ്യക്തി-സാമൂഹിക ബന്ധങ്ങളില്‍ പ്രകടമാകേണ്ട ഗുണങ്ങള്‍ക്കെല്ലാം തന്നെ ശയ്ഖിന്റെ പ്രചോദനവും നിര്‍ദ്ദേശങ്ങളും ഉണ്ടായിരിക്കും. ഇതേക്കുറിച്ചെല്ലാം നീണ്ട വിവരണങ്ങള്‍ ആത്മജ്ഞാന ഗ്രന്ഥങ്ങളില്‍ ഉണ്ട്.
മുരീദും മാണിക്യവും
യഥാര്‍ഥ മുരീദിന്റെ ഗുണഗണങ്ങളെ കുറിച്ചാണിവിടെ ചര്‍ച്ച ചെയ്തത്. ഈ വിശേഷണങ്ങള്‍ മേളിക്കുന്ന മുരീദുമാരുടെ എണ്ണം പെരുകാനുള്ള സാധ്യത കൂടുതലാണെന്ന് ഇന്നത്തെ സാഹചര്യം വെച്ച് ആരും വാദിക്കുമെന്നു തോന്നുന്നില്ല. മറിച്ച് ഇത്തരം ഗുണങ്ങള്‍ ഒത്തു കിട്ടുമെന്നു പറയുന്നതുതന്നെ കടന്നകയ്യാകും. എന്നാല്‍ ഈ ഗുണങ്ങളെങ്കിലും പ്രകടിപ്പിക്കാനാകാത്തവന്‍ ‘ത്വരീഖത്’ എന്ന പദം പോലും ഉച്ചരിക്കാന്‍ അര്‍ഹനല്ല. ഇക്കാര്യം ആത്മജ്ഞാന ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാകും.
ത്വരീഖതും ശയ്ഖും മുരീദുമൊക്കെ ഗൌരവമുള്ള കാര്യങ്ങളായി കണ്ട ഒരു സമൂഹം കഴിഞ്ഞുപോയിട്ടുണ്ട്. അവര്‍ മുരീദിനെ തന്നെ അത്യുന്നതമായ ആത്മീയതയുടെ പ്രതീകമായിട്ടായിരുന്നു കണ്ടിരുന്നത്. മുരീദ് സുലഭമാണെന്നോ ആകുമെന്നോ അവര്‍ക്കു വാദമുണ്ടായിരുന്നില്ല. ത്വരീഖത് സംഘടനാവല്‍ക്കരിക്കപ്പെടുന്നതും മെമ്പര്‍ഷിപ്പ് വര്‍ധിപ്പിക്കുന്നതും ഒരിക്കലും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇമാം ശഅ്റാനി(റ) പറയുന്നതു കാ ണുക: “ശയ്ഖ് അബുല്‍ഹസനുശ്ശാദുലി, അബുല്‍അബ്ബാസുല്‍മര്‍സി, സയ്യിദ് യാഖൂതുല്‍അര്‍ശി, ശയ്ഖ് താജുദ്ദീന്‍ബ്ന്‍ അത്വാഇല്ല (റ: അന്‍ഹും) തുടങ്ങിയ മഹാന്മാരൊക്കെ സംവാദസദസ്സുകളില്‍ പണ്ഢിതന്മാരെ പ്രമാണങ്ങള്‍ വെച്ചു മുട്ടുകുത്തിക്കുവാന്‍ മാത്രം സമുദ്രതുല്യം പാണ്ഢിത്യം അവകാശപ്പെടാന്‍ കഴിയുന്നവരെയല്ലാതെ ത്വരീഖതില്‍ ചേര്‍ത്തിരുന്നില്ല. അത്തരക്കാരില്‍ നിന്നു മാത്രമേ അവര്‍ കരാര്‍ സ്വീകരിച്ചിരുന്നുള്ളൂ. എന്നാല്‍ ഇക്കാലത്ത് ഇത്തരക്കാര്‍ ചുവന്ന മാണിക്യത്തെക്കാള്‍ കുറഞ്ഞു പോയിരിക്കുന്നുവെന്നതാണു യാഥാര്‍ഥ്യം” (ലത്വാഇഫുല്‍മിനന്‍: 45).
പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇമാം ശഅ്റാനി(റ)ന്റെ ഈ അഭിപ്രായമനുസരിച്ചു സത്യസന്ധമായ ത്വരീഖതിന്റെ മുരീദുമാര്‍ക്കു തന്നെ കാലഹരണം വന്നിട്ടു നൂറ്റാണ്ടുകളായി. ഈ സ്ഥിതിക്ക് ഇക്കാലത്തെ മുരീദ് നാമമാത്രമാണെന്നു വരുന്നു. ചുവന്ന മാ ണിക്യം ഇക്കാലത്തു ചരല്‍ക്കല്ലുപോലെ സുലഭമാണെന്നു വാദിക്കുന്നതു പോലെയാണ് ലക്ഷങ്ങളുടെ മുരീദീ പെരുമ അവകാശപ്പെടുന്നത്.
പൂര്‍വകാലത്തെ മഹാന്മാര്‍ ത്വരീഖതില്‍ ചേര്‍ക്കണമെങ്കില്‍ കടുത്ത പരീക്ഷകളും നിബന്ധനകളും വെച്ചിരുന്നതായി ചരിത്രം പറയുന്നുണ്ട്. ഇമാം ഇസ്മാഈലുല്‍ഹിഖ്ഖി(റ) പറയുന്നു: “തഅ്വീലാതുന്നജ്മിയ്യ: എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കാണാം: ഒരു സത്യവാനായ ശയ്ഖിന്റെ മര്യാദയില്‍ പെട്ടതാണു മുരീദിനെ സ്വീകരിക്കാന്‍ അത്യാഗ്രഹം കാ ണിക്കാതിരിക്കല്‍. അവനെ പരീക്ഷിക്കുകയും ഈ പാതയുടെ വൈഷമ്യവും ഉദ്ദേശ്യസാഫല്യത്തിന്റെ ഞെരുക്കവും പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്യണം” (റൂഹുല്‍ ബയാന്‍: 5/278). തുടക്കത്തില്‍ മുരീദിനെ മാനസികമായി പാകപ്പെടുത്താനും കടഞ്ഞെടുക്കാനും ശയ്ഖ് പരിശ്രമിക്കണമെന്നു പറഞ്ഞതില്‍ നിന്നും സത്യസന്ധമായ ത്വരീഖതില്‍ മുരീദുമാരെ ഉണ്ടാക്കല്‍ ഒരു കരാര്‍ വര്‍ക് അല്ലെന്നും ശ്രമകരമാണെന്നും വരുന്നു. ഇത്തരത്തില്‍ ഒരു പരീക്ഷണത്തിന്റെ കഥ ഇസ്മാഈലുല്‍ഹിഖ്ഖി(റ) ഉദ്ധരിക്കുന്നതു കാണുക:
ശയ്ഖ് അബൂഅബ്ദില്ലാഹിബ്ന്‍ ഖഫീഫ്(റ) പറയുന്നു: ഞാന്‍ ഹജ്ജ് ലക്ഷ്യം വെച്ചു ബഗ്ദാദില്‍ തങ്ങുകയായിരുന്നു.  ത്വരീഖതില്‍ മുരീദാകണമെന്നും ആത്മപ്രയത്നത്തില്‍ മുഴുകി അല്ലാഹു അല്ലാത്തതത്രയും വെടിയണമെന്നു കടുത്ത ചിന്ത എന്റെ തലയില്‍ പുകഞ്ഞു കത്തിത്തുടങ്ങി. അങ്ങനെ ഞാന്‍ നാല്‍പതു ദിവസത്തോളം ഒന്നും ഭക്ഷിക്കാതെ കഴിച്ചുകൂട്ടി. പക്ഷേ, ജുനയ്ദ്(റ)നെ കണ്ടുമുട്ടാന്‍ എനിക്കായില്ല. അങ്ങനെ ഞാന്‍ പുറത്തിറങ്ങി. ഒന്നും കുടിക്കാനാകാത്ത പ്രയാസം എന്നെ അലട്ടുന്നുണ്ട്. ഞാന്‍ അംഗശുദ്ധി വരുത്തിയ സ്ഥിതിയില്‍ തന്നെയായിരുന്നു അപ്പോഴും. പെട്ടെന്ന് എന്റെ ദൃ ഷ്ടി മരുഭൂമിയിലെ ഒരു കിണറിന്റെ ഭാഗത്ത് ചെന്നുപതിച്ചു. ഒരു മാന്‍ പേട അതിനകത്തു നിന്നു വെള്ളം കുടിച്ചു കൊണ്ടിരിക്കുന്നു. എനിക്കു കഠിനമായി ദാഹമുണ്ടായിരുന്നു. ഞാന്‍ കിണറിന്റെ വക്കത്തെത്തി. എന്നെ കണ്ടു മാന്‍ ഓടിപ്പോയി. അത്ഭുതമെന്നു പറയട്ടെ, മാന്‍ പോയതും കിണറ്റില്‍ വെള്ളം താഴ്ന്നതും ഒന്നിച്ചായിരുന്നു!. അത്ഭുതത്തോടെ ഞാന്‍ ഇങ്ങനെ പരിതപിച്ചു:
“എന്റെ നേതാവേ, അങ്ങയുടെ പക്കല്‍ ഈ മാന്‍ പേടയുടെ വില പോലും ഈയുള്ളവനില്ലയോ.”
അപ്പോള്‍ പിറകില്‍ നിന്നു ഇങ്ങനെ ഒരു ശബ്ദം കേട്ടു:
“നാം നിന്നെ പരീക്ഷിക്കുകയായിരുന്നു. നീ ക്ഷമിക്കുന്നില്ല. പോയി വെള്ളം കുടിച്ചുകൊള്ളുക. മാന്‍പേട വന്നതു കയറും കോപ്പയുമില്ലാതെയായിരുന്നു. പക്ഷേ, നീ വന്നത് അവയും പേറിയാണ്”. എനിക്കു കാര്യം മനസ്സിലായി. ഞാന്‍ കിണറിനടുത്തെത്തി. അത്ഭുതം കിണറ്റില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നു! (റൂഹുല്‍ബയാന്‍: 5/276).
ഇമാം സുഹ്റവര്‍ദീ(റ) പറയുന്നു: “ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ ശയ്ഖ് അഹ്മദുല്‍ ഗസ്സാലിക്കരികില്‍ ത്വരീഖത് സ്വീകരിക്കാന്‍ എത്തി.  (ഇമാം ഗസ്സാലി(റ)ന്റെ സഹോദര പുത്രനാണ് അഹ്മദുല്‍ഗസ്സാലി) മഹാന്‍ ആ ചെറുപ്പക്കാരനെ സ്വീകരിക്കുന്നതിനു പകരം ശയ്ഖ് അബുന്നജീബ്(റ)ന്റെ അടുത്തേക്കു പറഞ്ഞയക്കുകയാണു ചെയ്തത്. ത്വരീഖത്ത് സ്വീകരണത്തിന്റെ ചിട്ടകളും മര്യാദകളും ചെറുപ്പക്കാരന് അബുന്നജീബ്(റ) പറഞ്ഞു കൊടുക്കണമെന്നു കരുതിയാണ് ചെറുപ്പകാരനെ അങ്ങോട്ടു വിട്ടത്. ശയ്ഖ് അബുന്നജീബ്(റ) ഓരോന്നും വിശദമാക്കി. എല്ലാം കേട്ട ശേഷം ഭയന്നുപോയ ചെറു പ്പക്കാരന്‍ പിന്മാറി”(ഫതാവല്‍ഹദീസിയ്യ:238).