സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 27 August 2014

കുടുംബ ഭദ്രത

മതം ആത്മീയ കാര്യങ്ങളെ മാത്രം പരാമര്‍ശിക്കുന്നുവെന്നും അതു ദൈവവും വ്യക്തികളും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടാണെന്നും സാമൂഹിക  ജീവിതത്തിലെ ദൈനംദിന ഇടപാടുകളിലും കര്‍മങ്ങളിലും അതിനു യാതൊരു സ്ഥാനവുമില്ലെന്നുമുള്ള ധാരണ മുമ്പു മാത്രമല്ല ഇന്നും ധാരാളം പേര്‍ക്കുണ്ട്. ജീവിതവ്യാപാരങ്ങളില്‍  എന്തൊക്കെ ചെയ്താലും ദൈവത്തിന്റെ മുമ്പില്‍ മുട്ടുമടക്കിയാല്‍, കുമ്പസരിച്ചാല്‍ മോക്ഷം കരഗതമാക്കാമെന്നാണ് ഇന്ന് പലരുടെയും ധാരണ. ആരാധനാ കര്‍മങ്ങളെ ഏറെ സൂക്ഷ്മതയോടെയും ജീവിത വ്യാപാരങ്ങളെയും  പ്രവര്‍ത്തനങ്ങളെയും അവസരത്തിനൊത്തും കാണുന്നവരാണ് മുസ്ലിം സമൂഹത്തില്‍ പോലും അധിക പേരും. അതുകൊണ്ടാണ് ഇസ്ലാം ഉദ്ദേശിച്ച വിധത്തിലുള്ള വ്യക്തി സംസ്കരണവും സാമൂഹിക ഭദ്രതയും കൈവരിക്കാന്‍ നമുക്കു കഴിയാത്തത്.
സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പ്രവാചക ചര്യയുണ്ടെന്നും ഹദീസുകളില്‍ അവ വിശദമായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നും വിശ്വാസത്തിന്റെ പൂര്‍ണതക്ക് അതു മനസ്സിലാക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ടതുണ്ടെന്നുമുള്ള ബോധം ഇനിയും നമ്മുടെ മനസ്സുകളില്‍ ഉറപ്പിക്കേണ്ടതായുണ്ട്. ജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തിരുചര്യയില്‍ മാതൃക അന്വേഷിക്കുന്ന, ഹദീസുകള്‍ പരിശോധിക്കുന്ന, അതറിയാവുന്നവരോട് ഉപദേശം തേടുന്ന ഒരു അവബോധം നമുക്കുണ്ടാവേണ്ടതുണ്ട്. ഇതു വെറും ആത്മീയതയല്ലെന്നും ഭൌതികതയിലൂന്നിയ ജീവിത വ്യാഖ്യാനമാണെന്നും നാം കണ്ടെത്തേണ്ടതുമുണ്ട്.
സമ്പത്ത് സമ്പാദനം, കൈകാര്യം, അപഹരണം, ധൂര്‍ത്ത്, സമ്പത്തിനോടുള്ള ആര്‍ത്തി, ദുരുപയോഗം, സൂക്ഷിപ്പ്, ആര്‍ഭാടം, പൂഴ്ത്തിവെപ്പ്, ലുബ്ധി, കടം, അഴിമതി, പലിശ തുടങ്ങി സമൂഹത്തെ ബാധിക്കുന്നതും വ്യക്തിപരവുമായ സാമ്പത്തിക പ്രശ്നങ്ങള്‍, സദാചാരം, സന്മാര്‍ഗ ദര്‍ശനം, ഉപദേശം, ഉപദ്രവം, അക്രമം, നന്മയും തിന്മയും, ആചാര മര്യാദകള്‍, ദരിദ്ര- അഗതി അനാഥ വൃദ്ധ സംരക്ഷണം, കൃഷി, ഇതര ജീവികളുമായുള്ള ബന്ധം, വ്യക്തി ജീവിതത്തിന്റെ ഓരോ അംശങ്ങളേയും സ്പര്‍ശിക്കുന്ന കാര്യങ്ങള്‍ എല്ലാം ഹദീസുകളില്‍ വിശദമായി തന്നെ പരാമര്‍ശിച്ചിട്ടുണ്ട്. വിശ്വാസി അതനുസരിക്കാന്‍ ബാധ്യസ്ഥനാണ്. എന്നിരിക്കെ കേവലം ചില ചടങ്ങുകളില്‍ ഇസ്ലാമിക വിശ്വാസത്തെ ഒതുക്കുന്നതിന്റെ അര്‍ഥം?
ഓരോ വ്യക്തിയും അവനവനോടു ചോദിക്കേണ്ട ചോദ്യമാണിത്. പ്രവാചക ചരിത്രം പാരായണം ചെയ്യുമ്പോഴും പ്രകീര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുമ്പോഴും തിരുനബി സ്നേഹത്താല്‍ മനം കുളിരണിയുമ്പോഴും ഒരു ആത്മപരിശോധന നമ്മോടാവ ശ്യപ്പെടുന്നുണ്ട്: ഈ ചര്യക്ക് എന്റെ മനസ്സില്‍ എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന്.
പരസ്പരം അസൂയ വെച്ചുപുലര്‍ത്തിയും വിദ്വേഷം പ്രചരിപ്പിച്ചും അപവാദങ്ങളുടെ പ്രചാരകരായും വിശുദ്ധിയുടെ മേല്‍പട്ടമണിഞ്ഞു കൊണ്ടു തന്നെ നാം തരം താഴുമ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്; ഇക്കാര്യത്തിലുള്ള തിരുനബി (സ്വ) യുടെ മുന്നറിയിപ്പുകളെ. ആര്‍ത്തിപൂണ്ട ലോകത്തില്‍ ആഴ്ന്നിറങ്ങി സമ്പത്ത് ശേഖരിക്കാനും സുഖ സൌകര്യങ്ങള്‍ വലിച്ചുകൂട്ടാനും ഉപഭോഗത്തിന്റെ പുതിയ മേഖലകളില്‍ നമ്മുടെ സംഭാവനകള്‍ ഉറപ്പു വരുത്താനുമുള്ള ആക്രാന്തത്തിന്നിടയില്‍ ഒരു നിമിഷമെങ്കിലും ഇക്കാര്യത്തിലെ ‘നബിചര്യ’ മനസ്സില്‍ മിന്നിത്തിളങ്ങേണ്ടതുണ്ട്. സമ്പത്തും സ്ഥാനമാനങ്ങളും അധികാരങ്ങളും സമ്മാനിച്ച ഹുങ്കില്‍ പാവങ്ങളെ മറന്ന്, ജാടയുടെ ലോകത്ത് സ്വയം വലിയവരായി പ്രതിഷ്ഠിക്കുന്നവര്‍, തന്നെ സമീപിക്കുന്ന ദുര്‍ബലര്‍ക്ക് മുഖം കൊടുക്കാന്‍ മടിക്കുന്നവര്‍, വശ്യവും സമാധാനപൂര്‍ണവും ആത്മാര്‍ത്ഥവും നിഷ്കളങ്കവുമായ പുഞ്ചിരി മറന്നുപോയവര്‍, തിരുനബി (സ്വ) യുടെ ഇക്കാര്യത്തിലുള്ള സന്ദേശങ്ങള്‍ പുനര്‍ വായനക്കു വിധേയമാക്കേണ്ടതുണ്ട്.
ഹദീസുകളിലൂടെ നമ്മുടെ തിരുനബി (സ്വ) യെ കാണാന്‍ കഴിയുന്നു. ഉദാത്തവും ഉത്കൃഷ്ടവും വശ്യമനോഹരവുമായ കാഴ്ച. ഭൂമിയിലെ മണ്ണില്‍ ചവുട്ടിനിന്നുകൊണ്ട് ആത്മീയതയുടെ അത്യുന്നതിയോളം  വളര്‍ന്നു ശോഭിക്കുന്ന തിരുനബി (സ്വ) യെ. ദയയാണ്, കാരുണ്യമാണ്, സഹതാപമാണ്, അത്യന്തികമായ ഗുണകാംക്ഷയാണ് അവിടുത്തെ നയനങ്ങളില്‍ നിന്നു സമുദായത്തിനു നേരെ ഉതിര്‍ന്നുകൊണ്ടിരിക്കുന്നത്. അങ്ങേയററത്തെ വിനയത്തിന്റെ പ്രതീകമാണവിടുന്ന്. നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മധൈര്യത്തിന്റെയും സത്യസന്ധതയുടെയും നിഷ്കളങ്കതയുടെയും മാതൃകയാണവിടുന്ന്. സമൂഹത്തിലെ ഏററവും താഴെ തട്ടിലുള്ള അവശനേയും ഉയര്‍ന്ന വിധാനത്തിലുള്ള സമ്പന്നനേയും ഒരേസമയം തഴുകിത്തലോടി ഒരുപോലെയുള്ള മനഃസ്ഥിതിക്കാരാക്കുന്ന ആ സര്‍ഗ ശേഷിയുണ്ടല്ലോ; വിസ്മയകരമായ ആ ശേഷിയുടെ ഉദാത്ത മാതൃക നമ്മുടെ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കണം. അപ്പോഴേ നമ്മുടെ തിരുനബി സ്നേഹം യാഥാര്‍ത്ഥ്യമാവുകയുള്ളൂ.