സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 26 August 2014

ത്വരീഖത്

എനിക്ക് ആരാധന ചെയ്യുവാന്‍ വേണ്ടിയാണ് മനുഷ്യ-ജിന്നു വര്‍ഗങ്ങളെ ഞാന്‍ സൃഷ്ടിച്ചി രിക്കുന്നത് (അദ്ദാരിയാത്: 56) എന്ന് അല്ലാഹു സുബ്ഹാനഹൂ വ തആല വി ശുദ്ധ ഖുര്‍ആനില്‍ പറയുന്നുണ്ട്.  ഈ വിശുദ്ധ വചനത്തില്‍ മുഖ്യമായ രണ്ട് ആശയങ്ങളാണ് അല്ലാഹു പ്രകാശനം ചെയ്യുന്നത്.  മനുഷ്യ-ജിന്നു വര്‍ഗങ്ങളെ സൃഷ്ടിച്ചതു ഞാനാണെന്നും അക്കാരണം കൊണ്ടു സ്രഷ്ടാവായ എനിക്ക് ഈ വിഭാഗങ്ങള്‍ ആരാധന ചെയ്യണമെന്നും. മനുഷ്യ സൃഷ്ടിപ്പിന്റെ പരമമായ ലക്ഷ്യത്തെ ഈ വചനം അടിവരയിട്ടു പറയുന്നു.  എന്തുകൊണ്ട് അല്ലാഹുവിനെ തന്നെ ആരാധിക്കണം എന്ന ചോദ്യത്തിനു യുക്തിസഹമായ മറുപടിയും ഇതിലുണ്ട്. സ്രഷ്ടാവ് ഞാനാണ്; അതുകൊണ്ട് ആരാധനയാകുന്ന പരമമായ വണക്കം എനിക്കു മാത്രമായിരിക്കണം. തൌഹീദിന്റെ യുക്തമായ ന്യായീകരണവും ശിര്‍ക്കിന്റെ യുക്തി രാഹിത്യവും ഇവിടെ സൂചനയുണ്ട്.
ആരാധന കൊണ്ടുള്ള കല്‍പ്പന മനുഷ്യവര്‍ഗത്തോടു പൊതുവെയുള്ളതാണ്. അല്ലാഹുവിന് ഇബാദത് ചെയ്യുക മനുഷ്യ വര്‍ഗത്തിന്റെ പൊതു ബാധ്യതയാണ്. ചില പ്രത്യേക സന്ദര്‍ഭങ്ങളും കാരണങ്ങളും കൊണ്ട് ചിലര്‍ക്ക് ചിലപ്പോള്‍ ഇളവുകള്‍ ഉണ്ടാകാം.  പൊതുവായ കല്‍പനക്ക് ഇത് എതിരല്ല. ഒരു വിഷയം പൊതുവായി പറയുമ്പോള്‍ അതില്‍ തന്നെ ചിലതു പ്രത്യേകമായി പറയാനുണ്ടാകും.  ഭൌതികമായ കാഴ്ചപ്പാടു തന്നെയെടുക്കാം.  വ്യക്തികള്‍ എല്ലാവരും തുല്യരല്ല. പൊതുവായി ജനതയെ സാധാരണക്കാര്‍(ജൌയഹശര)എന്നുപറയും. ഈ പൊതു ജനത്തില്‍ ചിലര്‍ പ്രത്യേകക്കാരായുണ്ടാകും. ഇവരെ (ഢ.ക.ജ) എന്നു വിശേഷിപ്പിക്കും.  പ്രത്യേകക്കാരിലും ചില ഉന്നതന്മാരുണ്ടാകും. ഇവരെയാണ് (ഢ.ഢ.ക.ജ) എന്നു പറയുക.
സാമൂഹിക നിയമങ്ങളും നിയന്ത്രണങ്ങളും എല്ലാ വിഭാഗത്തിനും ഒരുപോലെ ബാധകമാണ്. എന്നാല്‍ പ്രത്യേകക്കാര്‍ക്കു ചില പ്രത്യേകാധികാരങ്ങളും അവകാശങ്ങളും, സമാനമായതോ കടുപ്പം കൂടിയതോ ആയ ബാധ്യതകളുമുണ്ടായിരിക്കും. സമുന്നതരുടെ കാര്യം വരുമ്പോള്‍ നിലപാടു മാറും. അതായത്, സാധാരണക്കാരെയും അസാധാരണക്കാരെയും അപേക്ഷിച്ച് ഉന്നതന്മാര്‍ക്ക് വിപുലമായ അധികാരാവകാശങ്ങളും വമ്പിച്ച ബാധ്യതകളും ഉണ്ടാകും.
സാധാരണക്കാരനു സമൂഹത്തില്‍ ലഭിക്കുന്ന നിയമ-അവകാശ പരിരക്ഷയല്ല പ്രമുഖന്മാര്‍ക്കു ലഭിക്കുക.  അതേപോലെ സാധാരണക്കാരില്‍ നിന്നു കുറ്റവും കുറവും വീഴ്ചകളും ഉണ്ടായാല്‍ പരിഗണിക്കുന്നതു പോലെയല്ല ഒരു പ്രമുഖനെ പരിഗണിക്കുക.  ‘സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്ന ഒരു വ്യക്തിയില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കുറ്റമാണുണ്ടായിരിക്കു ന്നതെന്നും അതുകൊണ്ടു പ്രതിക്കു നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ നല്‍കേണ്ടതുണ്ടെന്നും’ ചില കോടതി വിധികളില്‍ പരാമര്‍ശിക്കുന്നതു നാം സാധാരണ കേള്‍ക്കാറുണ്ടല്ലോ. ഇതാണു സമൂഹത്തില്‍ സാധാരണക്കാരും അസാധാരണക്കാരും തമ്മിലുള്ള അന്തരം.
ഇത്തരത്തിലുള്ള ഇനം തിരിവ് ആത്മീയ കാര്യങ്ങളിലുമുണ്ട്. മതപരമായ അടിസ്ഥാന നിയമങ്ങളും ശാസനകളും എല്ലാവര്‍ക്കും പൊതുവായതും എല്ലാവരും ഒന്നുപോലെ അനുസരിക്കാനും അനുഷ്ഠിക്കാനും ബാധ്യസ്ഥരുമാണ്. എന്നാല്‍ പ്രത്യേകക്കാര്‍ മതത്തിലുമുണ്ട്. സാധാരണക്കാര്‍ക്കില്ലാത്ത പല അധിക ബാധ്യതകളും ചുമതലകളും ഒപ്പം പ്രത്യേകമായ അവകാശങ്ങളും ഇവര്‍ക്ക് ഇസ്ലാം അനുവദിച്ചുകൊടുത്തിട്ടുണ്ട്. ഇനി അസാധാരണക്കാരില്‍ അസാധാരണക്കാരായ പ്രത്യേകക്കാര്‍ക്ക് ഇതുവരെ പറഞ്ഞതില്‍ നിന്നെല്ലാം വ്യത്യസ്ഥവും വിപുലവും കര്‍ക്കശവുമായ ബാധ്യതകളും കണിശമായ ശാസനകളുമുണ്ട്. ഇതിനു സമാനമായ രീതിയില്‍ വമ്പിച്ച അധികാരാവകാശങ്ങളും ഈ ഉന്നതന്മാര്‍ക്കുണ്ടായിരിക്കും.
പൊതുവെ നാം പറയാറുള്ളതുപോലെ, ദീനിന്റെ കാര്യത്തിലും അടിസ്ഥാന വിഭാഗം സാധാരണക്കാര്‍ തന്നെയാണ്. ഇവരിലെ സാത്വികരും സജ്ജനങ്ങളുമാണു സ്വാലിഹീങ്ങള്‍. മതത്തിലെ പ്രത്യേകക്കാരാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍. നിര്‍ബന്ധവും അനുബന്ധവു മായ ആരാധനകള്‍ കണിശമായി പാലിക്കേണ്ടവരും ജീവിത വിശുദ്ധിയും സൂക്ഷ്മതയും പുലര്‍ത്തേണ്ടവരും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍ മാത്രം ശ്വസിക്കുകയും ഉഛ്വസിക്കുകയും ചെയ്യുന്നവരുമാണിവര്‍. സാധാരണക്കാരന്റെ മതനി യമമാണു ശരീഅത്. അതില്‍ വിശ്വാസപരവും കര്‍മപരവുമായ അടിസ്ഥാന കാര്യങ്ങളെ ല്ലാം ഉള്‍പ്പെട്ടിരിക്കും. എന്നാല്‍ പ്രത്യേകക്കാരുടെ പന്ഥാവാണു സാങ്കേതികാര്‍ഥത്തില്‍ ഇസ്ലാമിലെ ത്വരീഖത്. സൂഫി മാര്‍ഗം എന്നു ഇതിനെ സാമാന്യമായി പറയാം.
ശരീഅത് ഓരോ വ്യക്തിയേയും നേര്‍ക്കുനേരെ ബാധിക്കും. സാധാരണക്കാരനോ അ സാധാരണക്കാരനോ പ്രത്യേകക്കാരനോ എന്ന വ്യത്യാസം ഇതിലില്ല. എത്ര ആത്മീയ ഉന്നതി പ്രാപിച്ചാലും ശരീഅതിന്റെ ശാസനകളില്‍ നിന്നു വ്യക്തി മോചിതനാവുന്നതല്ല.  എന്നാല്‍ ത്വരീഖത് അസാധാരണക്കാര്‍ക്കും പ്രത്യേകക്കാര്‍ക്കും മാത്രമായുള്ളതാണ്.  അതൊരു പൊതു നിയമമല്ല. വിശേഷപ്പെട്ടവര്‍ക്കു വേണ്ടി അല്ലാഹുതആല ഏര്‍പ്പെടുത്തിയ വിശേഷപ്പെട്ട വഴിയാണ്.  ആത്മജ്ഞാനികളും പ്രപഞ്ച പരിത്യാഗികളും തിരഞ്ഞെടുക്കേണ്ട മോക്ഷത്തിന്റെ വഴിയാണിത്.
അര്‍ഥ സമ്പുഷ്ടമായ അറബി പദമാണു ത്വരീഖത്. ഭാഷാ പണ്‍ഢിതനായ അല്ലാമാ ഇബ്നു മന്‍ള്വൂര്‍ രേഖപ്പെടുത്തുന്നു:
ത്വരീഖത് എന്ന പദത്തിനു സരണി എന്ന അര്‍ഥമുണ്ട്. ഒരാളുടെ സഞ്ചാര പാതയെ ത്വരീഖത് എന്നു പറയാം. സമൂഹത്തിലെ മഹത്തുക്കളെയും മാന്യരെയും ‘ത്വരീഖത്’ എന്നു വിശേഷിപ്പിക്കുക പതിവാണ്. ശ്രേഷ്ട വ്യക്തിത്വങ്ങളെ അറബികള്‍ ‘ഹാദാ ത്വരീഖതു ഖൌമിഹി’ എന്നു പ്രശംസിക്കുന്നത് കേട്ടിട്ടുണ്ട് (ലിസാനുല്‍അറബ് 8/155).
മുകളില്‍ കൊടുത്ത ഭാഷാപരമായ വിശകലനത്തില്‍ നിന്നു സാങ്കേതിക വ്യാഖ്യാനത്തി ലേക്കുള്ള സൂചന നമുക്കു കിട്ടും. മഹാന്മാരുടെ മഹത്തായ മാര്‍ഗമാണു ത്വരീഖത്. സയ്യിദ് ശരീഫ്(റ) പറയുന്നു: “അല്ലാഹുവിലേക്കുള്ള ആത്മീയ യാത്രയില്‍ ഏര്‍പ്പെട്ടവരുടെ സവിശേഷമായ രീതിയാകുന്നു ത്വരീഖത്” (അത്തഅ്രീഫാത്: 137). “അല്ലാഹുവിലേക്കുള്ള ആധ്യാത്മ യാത്രയ്ക്കു സൂഫികള്‍ സ്വീകരിക്കുന്ന സരണിയാണ് ത്വരീഖത്” (അല്‍ഹാദി: 3/115).
ത്വരീഖതിന്റെ പൊരുള്‍
ത്വരീഖതിന്റെ പൊരുള്‍ ലളിതമാണ്. അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുള്ള വഴിയാണത്. അല്ലാഹുവിന്റെ സാമീപ്യം കിട്ടണമെങ്കില്‍ അവന്റെ വിധി വിലക്കുകള്‍ പാലിക്കണം. കേവലം വിധിവിലക്കുകള്‍ പാലിച്ചാല്‍ പോര. കര്‍ക്കശവും സൂക്ഷ്മവുമായി അവ പാലിക്കണം. ബഹു: സയ്നുദ്ദീന്‍ മഖ്ദൂം(റ) പറയുന്നു:
“തീര്‍ച്ച, ത്വരീഖത് സൂക്ഷ്മതയും സുദൃഢതയും മുറുകെ പിടിക്കലുമാകുന്നു. സംശയാ സ്പദമായവയെ വെടിയല്‍ സൂക്ഷ്മതക്കുദാഹരണമാണ്. ആരാധനകളിലെ കഠിന പ്രയ ത്നം സുദൃഢതയ്ക്ക് ഉദാഹരണമാണ്” (അദ്കിയാഅ് ആറാം വരിയുടെ ആശയം).
മേല്‍ പറഞ്ഞതില്‍ നിന്നു ത്വരീഖത്ത് അല്ലാഹുവില്‍ എത്തിപ്പെടാനുള്ള കുറുക്കുവഴിയോ എളുപ്പവഴിയോ അല്ലെന്നു മനസ്സിലാക്കാം.  അതൊരു കടമ്പയാണ്. കര്‍ക്കശമായ ചട്ടങ്ങള്‍ പാലിച്ചു കൊണ്ടുള്ള ജീവിതമാണ്. ത്വരീഖത്തിന്റെ വഴിയില്‍ പ്രവേശിച്ച മഹാ മനീഷികളുടെ ജീവിതത്തില്‍ നിന്നും ഇതു വ്യക്തമാകും.
ലക്ഷ്യവും മാര്‍ഗവും
തസ്വവ്വുഫിന്റെ ഫലമായിട്ടാണു ത്വരീഖത് നിലവില്‍ വന്നതെന്നു പറയാം. ആത്മസംസ്ക രണമാണു തസവ്വുഫിന്റെ മര്‍മം. അല്ലാഹുവിലേക്കുള്ള ഋജുവായ കര്‍മ-ധര്‍മ മാര്‍ഗമാണു തസവ്വുഫ്. ഇബ്നു ഖല്‍ദൂന്‍ രേഖപ്പെടുത്തുന്നു: “തസ്വവ്വുഫ് തീര്‍ത്തും മതപരവും ഇസ്ലാമിക ജീവിതത്തിന്റെ പൂര്‍ണ പര്യായവുമാണ്. ഈ മാര്‍ഗത്തിനു നിദാനം സ്വഹാബികളും പിന്‍ഗാമികളുമടങ്ങുന്ന മഹാന്മാരായ പൂര്‍വനേതൃത്വവുമാണ്. സത്യത്തിന്റെയും സന്മാര്‍ഗ ത്തിന്റെയും സരണിയാണിത്. അല്ലാഹുവിനുള്ള ആരാധനയില്‍ ജീവിതം ഉഴിഞ്ഞുവെക്കലും ഭൌതികാഢംബരങ്ങള്‍ വെടിഞ്ഞ് അവനിലേക്ക് ആഗമിക്കലുമാണു തസ്വവ്വുഫിന്റെ അടിത്തറ” (മുഖദ്ദിമ: 517).
തസ്വവ്വുഫ് എന്ന പദത്തിന്റെ നിഷ്പത്തിയെ പറ്റി നിരവധി അഭിപ്രായങ്ങളുണ്ട്. ‘ഹില്‍യതുല്‍ഔലിയാഅ്’ അടക്കമുള്ള സുപ്രസിദ്ധ ആത്മ സംസ്കരണ ഗ്രന്ഥങ്ങളില്‍ അവ വി വരിച്ചിട്ടുണ്ട്. ഇതില്‍ പ്രസക്തമായ ഒന്ന് സൂഫീ സരണിയിലെ അനിഷേധ്യനായ അബ് ദുല്‍ഖാദിറുല്‍ ജീലാനി (ഖു.സി)ന്റെതാണ്. മഹാന്‍ പറയുന്നു:
“അല്ലാഹുവിന്റെ ഗ്രന്ഥവും തിരുനബി(സ്വ)യുടെ ചര്യയും അനുസരിച്ചു ബാഹ്യവും അന്തരവും തെളിമയുറ്റതാക്കിയവന്‍ ആകുന്നു സൂഫി” (അല്‍ഫത് ഹുര്‍റബ്ബാനി: 207).
ഇമാം അഹ്മദുബ്ന്‍ മുഹമ്മദുബ്ന്‍ അജീബ:(റ) ഈ അഭിപ്രായം ഉദ്ധരിച്ചുകൊണ്ടു പറയുന്നു: “തസ്വവ്വുഫ് എന്ന പദം ‘സ്വഫാഅ്’ എന്ന പദത്തില്‍ നിന്നു വന്നതാണെന്നാണു നാലാമത്തെ വീക്ഷണം. മനസ്സ് തെളിമയുറ്റതാക്കലാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഈ വീക്ഷണം പ്രബലമാണെന്നു പലരും പറഞ്ഞിട്ടുണ്ട്” (ഈഖാളുല്‍ഹിമം: 6).
തസ്വവ്വുഫിനെ നിര്‍വ്വചിച്ചുകൊണ്ട് ശയ്ഖുല്‍ ഇസ്ലാം സകരിയ്യല്‍അന്‍സ്വാരി പറയുന്നു: “ഹൃദയ പരിശുദ്ധിയും സ്വഭാവ സംസ്കരണവും എങ്ങനെ കരസ്ഥമാക്കാമെന്നു ചിന്തിക്കുന്ന വിജ്ഞാന ശാഖയാണു തസ്വവ്വുഫ്. ആത്യന്തിക വിജയത്തിനു വേണ്ടി അ കവും പുറവും പരിപാലിക്കലും ഇല്‍മുത്തസ്വവ്വുഫിന്റെ ഭാഗം തന്നെ” (ശറഹുര്‍റിസാലതുല്‍ഖുശയ്രിയ്യ: 7/12).
ഈ വീക്ഷണം തന്നെയാണു മിക്ക പണ്‍ഢിതന്മാരും ഇല്‍മുത്തസ്വവ്വുഫിനു നല്‍കിയിട്ടുള്ളത്. ശയ്ഖ് അഹ്മദ് സുറൂഖ്(റ) (ഖവാഇദുത്തസ്വവ്വുഫ്) ശയ്ഖ് മുസ്തഫാ അല്‍ മദനി(റ) (അന്നുസ്വ്റതുന്നബവിയ്യ:) ശയ്ഖ്് ഇഹ്സാന്‍ മുഹമ്മദ് ദഹ്ലാന്‍(റ) (മിന്‍ഹാജുല്‍ ആബിദീന്‍) തുടങ്ങിയവര്‍ ഉദാഹരണം. നിര്‍വചനത്തില്‍ നാമമാത്രമായ മാറ്റങ്ങള്‍ ഉണ്ടെങ്കിലും അവസാന വിശകലനത്തില്‍ ശയ്ഖുല്‍ ഇസ്ലാം(റ) പറഞ്ഞ ആശയത്തി ല്‍ എല്ലാവരും എത്തിപ്പെടുന്നുണ്ട്. തസ്വവ്വുഫിന്റെ ലക്ഷ്യത്തെപ്പറ്റി ‘ഈഖ്വാള്വ്’ പറഞ്ഞ ത് ഇതിന് ഉപോല്‍ബലകമാണ്: “തസ്വവ്വുഫിന്റെ ഉദ്ദേശ്യം ഹൃദയ സംസ്കരണവും ഗോ പ്യമായതെല്ലാം അറിയുന്ന അല്ലാഹുവിനെ അടുത്തറിയാന്‍ ശ്രമിക്കലുമാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ദേഹിയുടെ ധാര്‍മികതയും മനസ്സിന്റെ നിസ്വതയും സകല സൃഷ്ടികളോടുമുള്ള സല്‍സ്വഭാവവുമാകുന്നു തസ്വവ്വുഫിന്റെ പൊരുള്‍” (ഈഖ്വാള്വുല്‍ഹിമം: 8)
തസ്വവ്വുഫ് സംബന്ധമായി സ്വൂഫീപണ്‍ഢിതര്‍ പറഞ്ഞ അഭിപ്രായങ്ങളെല്ലാം മേല്‍ പറഞ്ഞ ആശയത്തെ സ്ഥിരീകരിക്കുന്നുണ്ട്. ജുനയ്ദുല്‍ബഗ്ദാദി(റ) പറയുന്നു: “തസ്വവ്വു ഫ് പത്ത് ആശയങ്ങള്‍ അടുങ്ങുന്നതാണ്. ഭൌതിക താത്പര്യങ്ങളില്‍ നിന്നു പരമാവധി അകലുക, മനസ്സിനെ അല്ലാഹുവില്‍ അവലംബമാക്കി നിറുത്തുക, പുണ്യകര്‍മങ്ങള്‍ കൊണ്ട് അല്ലാഹുവിനെ ആരാധിക്കുന്നതില്‍ അത്യാഗ്രഹം കൊള്ളുക, ഭൌതികതയുടെ ഇല്ലായ്മയില്‍ ക്ഷമ കൈകൊള്ളുക, മറ്റുള്ള വ്യാപാരങ്ങളെക്കാള്‍ അല്ലാഹുവില്‍ വ്യാപൃതനാവുക, അന്യചിന്തകള്‍ വെടിഞ്ഞ് അല്ലാഹുവില്‍ രഹസ്യ ദിക്ര്‍ ഉറപ്പു വരുത്തുക, തികഞ്ഞ ആത്മാര്‍ഥത പുലര്‍ത്തുക, സംശയങ്ങളില്‍ ആപതിക്കാതെ മനസ്സുറപ്പു കൈകൊള്ളുക. സ്വഛന്ദതയിലും പരിഭ്രാന്തിയിലും അല്ലാഹുവില്‍ ശാന്തി കണ്ടെത്തുക, കൈവശമുള്ള സാധനം സ്വീകരിക്കുന്നതില്‍ വിവേകം കൈകൊള്ളുക. ഇവ സ്വന്തമായുള്ളയാള്‍ മാത്രമേ സ്വൂഫി എന്ന പദവിക്കര്‍ഹനാകൂ. അല്ലാത്തവര്‍ സ്വൂഫി ചമഞ്ഞാല്‍ അവന്‍ കള്ളനാണെന്നു നീ ഗണിക്കുക.”
ജുനയ്ദ്(റ) തസ്വവ്വുഫിനെ പരാമര്‍ശിച്ചുകൊണ്ടു മറ്റൊരിക്കല്‍ പറഞ്ഞു: “മോശമായ സ്വഭാവങ്ങളില്‍ നിന്നു ഒഴിവാകലും അത്യുന്നത സ്വഭാവങ്ങളില്‍ പ്രവേശിക്കലുമാണു തസ്വവ്വുഫ്.”
അബൂബക്കര്‍ അശ്ശിബ്ലി(റ) യഥാര്‍ഥ സൂഫിയെക്കുറിച്ചു പറയുന്നു: “മനസ്സിനെ തെളിമയുറ്റതാക്കാന്‍ പാടുപെട്ടു വിജയം കൊയ്തെടുത്തവനാണു സ്വൂഫി. തിരുനബി(സ്വ) യുടെ മാര്‍ഗത്തില്‍ രമിക്കുകയും ദുന്‍യാവിനെ പിരടിക്കു പുറത്തെറിഞ്ഞു വിരക്തിയുടെ വേദന ദേഹേഛയെ രുചിപ്പിക്കുകയും ചെയ്യുന്നവനുമാണ് അവന്‍.” “ഹൃദയങ്ങളുടെ സ്ഫടിക സമാനത ഉറപ്പു വരുത്തലാണു സ്വൂഫിസം. രഹസ്യങ്ങള്‍ ഏതും അറിയുന്ന അല്ലാഹുവിനെക്കുറിച്ചുള്ള മനത്തെളിമയാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്.”
സിരിയ്യുസ്സിഖതി(റ) പറയുന്നു: “തസ്വവ്വുഫ് മാന്യമായ സ്വഭാവ ഗുണമാകുന്നു. അതിലൂടെ മനുഷ്യന്‍ മാന്യനായി മാന്യന്മാരുടെ ഗണത്തില്‍ ചെന്നു ചേരുന്നു” (ഹില്‍യതുല്‍ഔലിയാഅ്: 1/22, 23).
ഇമാം റുവയ്(റ) പറഞ്ഞു: “സ്വന്തത്തിനെ അല്ലാഹുവിന്റെ ഇഛക്കൊത്ത് അഴിച്ചുവിടലാണു തസ്വവ്വുഫ്.”
മഅ്റൂഫുല്‍ കര്‍ഖി(റ) പറയുന്നു: “പടച്ചവന്റെ പക്കല്‍ ഉള്ളതില്‍ മാത്രം ആശവെക്കലും പടപ്പുകളുടെ പക്കലുള്ളതില്‍ നിരാശ കൊള്ളലുമാകുന്നു തസ്വവ്വുഫ്.”
അല്ലാമാ ശിബ്ലി(റ) പറഞ്ഞു: “പടപ്പുകളെ വെടിഞ്ഞു പടച്ചവനില്‍ പിടികൊടുക്കലാകുന്നു തസ്വവ്വുഫ്.”
അബൂതുറാബുന്നഖ്ശബി പറഞ്ഞു: “സ്വൂഫിയെ ഒന്നും മലിനമാക്കില്ല. അവനാല്‍ എല്ലാം പരിശുദ്ധമാകും.”
ദുന്നൂന്‍(റ)പറഞ്ഞു: “സ്വൂഫികള്‍ അല്ലാഹുവിനെ മറ്റെല്ലാറ്റിനെക്കാളും തിരഞ്ഞെടുത്ത വരാകുന്നു. അക്കാരണത്താല്‍ അല്ലാഹു അവരെയും തിരഞ്ഞെടുത്തിരിക്കുന്നു” (അര്‍റിസാലതുല്‍ഖുശയ്രിയ്യ: 126, 127).
അല്ലാമാ സകരിയ്യല്‍അന്‍സ്വാരി(റ) പറയുന്നു: “മനുഷ്യന്‍ സ്വന്തം ഇഷ്ടം വെടിയലാകുന്നു തസ്വവ്വുഫ്.” പഞ്ചേന്ദ്രിയങ്ങളെ പരിപൂര്‍ണമായി പരിരക്ഷിക്കലും ശ്വാസ്വോഛോസങ്ങളെ കാത്തരുളലുമാണെന്നും അഭിപ്രായമുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യാത്ര തുടരുവാന്‍ കഠിനശ്രമം നടത്തലാണു തസ്വവ്വുഫ് എന്നു ചിലര്‍ പറയുമ്പോള്‍ മറ്റു ചി ലര്‍ പറയുന്നത്, ന്യായാന്യായങ്ങള്‍ മാറ്റിവെച്ച് അല്ലാഹുവിനു വേണ്ടി കര്‍മനിരതനാകലാണെന്നാണ്” (ഹവാമിശുല്‍ഖുശയ്രിയ്യ: 126).
മേല്‍ പറഞ്ഞ വീക്ഷണങ്ങളെല്ലാം തസ്വവ്വുഫിന്റെ മാര്‍ഗവും ലക്ഷ്യവും പവിത്രമാണെന്നു വ്യക്തമാക്കുന്നു. അല്ലാഹുവിനെ അറിയാനും അവന്റെ സാമീപ്യം നേടാനുമുള്ള ജീവിത സാധനയാണു തസ്വവ്വുഫ്. അല്ലാഹുവിനു മുമ്പില്‍ എന്തും ത്യജിക്കാന്‍ ഒരുക്കമാകുന്ന കറകളഞ്ഞതും സമര്‍പ്പിതവുമായ മനസ്സിന്റെ ഉടമകളാണ് സ്വൂഫികള്‍. അവര്‍ മുന്നില്‍ കാണുന്നത് അല്ലാഹുവിനെയും പരലോകത്തെയുമാണ്. ഇഹലോകത്തെയും തന്നെ തന്നെയും പരിഗണനയുടെ ദൃഷ്ടിയോടു കൂടി കാണാന്‍ അവര്‍ ഒരുക്കമല്ല. കൊട്ടിഘോഷിച്ചോ കെട്ടിച്ചമയിച്ചോ സ്വൂഫിസം രൂപപ്പെടുന്നില്ല. കുടുംബപാരമ്പര്യമോ തറവാടു മഹത്വമോ മാത്രം സ്വൂഫിയെ ജനിപ്പിക്കുന്നുമില്ല.
സാര്‍വത്രികത
തസ്വവ്വുഫും ത്വരീഖതും ഉയര്‍ത്തിപ്പിടിക്കുന്ന തത്വവും ആശയവും സാര്‍വജനീനവും സാര്‍വകാലികവുമാണെന്നു നമുക്കു പറയാം.  മുസ്ലിമിന്റെ ജീവിത ലക്ഷ്യം തന്നെ ആ തത്വത്തില്‍ ബന്ധിതമാകുന്നു. ഇസ്ലാമിക കാഴ്ചപ്പാടില്‍ സൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങള്‍ താണ്ടിയാണു മനുഷ്യന്‍ ഇഹലോകത്തെത്തിയിരിക്കുന്നത്. ആത്മാക്കളുടെ ലോ കത്തു ഒരു ഘട്ടം കഴിഞ്ഞു പോയതായി ഖുര്‍ആന്‍ പറയുന്നുണ്ട്. മനുഷ്യപിതാവായ ആദം(അ)ന്റെ മുതുകില്‍ നിന്നും അണു സമാനരായി മനുഷ്യവര്‍ഗത്തെ പുറപ്പെടുവിച്ചുവെന്നും അവരോട് അല്ലാഹു “ഞാന്‍ നിങ്ങളുടെ രക്ഷിതാവ് അല്ലയോ?” എന്നു ചോദിച്ചുവെന്നും “അതെ” എന്ന് അവര്‍ പ്രതികരിച്ചുവെന്നും വിശുദ്ധ ഖുര്‍ആനും (സൂറതുല്‍ അഅ്റാഫ്: 172-ാമത്തെ വാക്യം) പുണ്യപ്രവാചകനും പഠിപ്പിച്ചിട്ടുണ്ട്. അനന്തരം മനുഷ്യനു വിഹരിക്കാന്‍ സുഖലോക സ്വര്‍ഗത്തില്‍ അവസരം കിട്ടിയതായും പിന്നീടു പരീക്ഷണത്തിന്റെ നാടായ ഇഹലോകത്തേക്ക് അവന്‍ വന്നതായും പ്രമാണങ്ങള്‍ പറയുന്നു.
മനുഷ്യന്റെ യഥാര്‍ഥ ഭവനം സ്വര്‍ഗമാണെന്നും ഇഹലോക ജീവിതത്തില്‍ അവന്റെ ദൌത്യം ആ നഷ്ടസ്വര്‍ഗം വീണ്ടെടുക്കലാണെന്നും ആദി പിതാവിന്റെ സ്വര്‍ഗീയ ജീവിതവും അനന്തര സംഭവങ്ങളും സൂചിപ്പിക്കുന്നു. എന്നാല്‍ ലക്ഷ്യത്തിലേക്കുള്ള അവന്റെ പ്രയാണത്തിനു വിലങ്ങു തടിയായി പല ശക്തികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇബ്ലീസും തന്റെ തന്നെ ദേഹേഛയുമാണ് ഈ ദുഷ്ട ശക്തികള്‍. ഇബ്ലീസ് മനുഷ്യന്റെ തികഞ്ഞ ശത്രുവാണ്. ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇബ്ലീസിന്റെ പിന്തിരിപ്പന്‍ പ്രവര്‍ത്തനം മനുഷ്യനെ അല്ലാഹുവില്‍ നിന്ന് അകറ്റുന്നു. അവന്റെ കുതന്ത്രങ്ങളില്‍ മനുഷ്യന്‍ വീണു പോകില്ലായിരുന്നുവെങ്കില്‍ ആധ്യാത്മ രഹസ്യങ്ങള്‍ കാ ണാന്‍ മനുഷ്യനു യാതൊരു പ്രയാസവും ഉണ്ടാകുമായിരുന്നില്ലെന്നു നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഇബ്ലീസിന്റെ പ്രവര്‍ത്തനങ്ങള്‍ പല മുഖങ്ങളുള്ളതാണ്. മനുഷ്യനെ വഴി തെറ്റിക്കുന്നതില്‍ അവനുള്ള സ്വാതന്ത്യ്രം വിശാലവുമാണ്. മനുഷ്യ ശരീരത്തിലൂടെ രക്തം സഞ്ചരിക്കുന്നിടത്തൊക്കെ പിശാചിനു ചംക്രമണം സാധ്യമാണെന്നു നബി(സ്വ) മുന്നറിയിപ്പു നല്‍കിട്ടുണ്ട്. ഈ ഇബ്ലീസിനെ പ്രതിരോധിച്ചുകൊണ്ടു മുന്നോട്ടു നീ ങ്ങുക മുസ്ലിമിന്റെ ബാധ്യതയാണ്.
മാര്‍ഗഭ്രംശത്തിനു മനുഷ്യനെ പ്രേരിപ്പിക്കുന്ന മറ്റൊരു ശക്തി അവന്റെ തന്നെ ദേഹേഛയാകുന്നു. ഒരര്‍ഥത്തില്‍ ഇബ്ലീസിനെക്കാള്‍ കടുത്ത  ശത്രുവാണു ദേഹേഛ. ദേഹേഛക്കനുസൃതമായുള്ള നീക്കത്തെ “ദേഹേഛയെ ഇലാഹാക്കല്‍” എന്നു കടുത്ത ഭാഷ ഉപയോഗിച്ചു ഖുര്‍ആന്‍ വിമര്‍ശിച്ചതായി കാണാം. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ലംഘിക്കുന്നതിനുള്ള പ്രകൃതി ദത്ത വികാരമാകുന്നു ദേഹേഛ. അതിനെ വരുതിയിലാക്കുക നമുക്കു നിര്‍ബന്ധമാകുന്നു. അല്ലാത്ത പക്ഷം അതു നമ്മെ ശാശ്വതമായ ആപത്തില്‍  കൊണ്ടെത്തിക്കും.
ദേഹേഛയോടും പിശാചിനോടുമുള്ള സമരമാണ് ഇഹലോക ജീവിതമെന്നു മേല്‍പറഞ്ഞതില്‍ നിന്നു മനസ്സിലായി. ഈ സമരത്തെയാണു നബി(സ്വ) “വമ്പിച്ച പോരാട്ടം” (ജിഹാദുല്‍ അക്ബര്‍) എന്നു വിശേഷിപ്പിച്ചത്. മനുഷ്യന്‍ ചെയ്യുന്ന ആരാധനകള്‍ ഈ സമരത്തിലെ ചുവടുവെയ്പുകളാണ്. മനുഷ്യന്‍ ഒഴിവാക്കേണ്ട കാര്യങ്ങളത്രയും ഈ സമരത്തിലെ ലംഘനങ്ങള്‍ ആകുന്നു. ത്വരീഖത്തിന്റെ മര്‍മവും ഇതു തന്നെ. ഈ അര്‍ഥത്തില്‍ ത്വരീഖതിന്റെ തത്വം സാര്‍വത്രികമാണെന്നും മുസ്ലിമിന്റെ ജീവിതത്തില്‍ ഏതെങ്കിലും ഒരു അര്‍ഥത്തില്‍ അത് അനിവാര്യമാണെന്നും വരുന്നു. ഇതു സാങ്കേതികാര്‍ഥത്തില്‍ തന്നെ ആയാല്‍ കൂടുതല്‍ മാറ്റുള്ളതും മുന്നേറ്റം കൂടുതല്‍ എളുപ്പവുമാകും.
മനുഷ്യ മനസ്സിന്റെ പരിശുദ്ധിയാണു ത്വരീഖതിന്റെ ഫലമെന്നു നമുക്കറിയാം. ഇതു മനുഷ്യന്റെ ആത്യന്തിക വിജയത്തിന് അനിവാര്യണ്. ഇങ്ങനെ ശുദ്ധി വരുത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ പഠിക്കുന്നതു വ്യക്തിഗത നിര്‍ബന്ധത്തില്‍ പെട്ടതാണെന്നാണു പണ്‍ഢിത പക്ഷം. ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക: “മനുഷ്യനില്‍ പിശാചിന്റെയും മലകിന്റെയും സ്വാധീനത്തെപ്പറ്റി സ്വൂഫികള്‍ സാധാരണ ചര്‍ച്ച ചെയ്യാറുണ്ട്. പൈശാചിക മന്ത്ര-തന്ത്രങ്ങള്‍ക്കു വിധേയമാകുമെന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിച്ചിരിക്കല്‍ ബാധ്യതയായി മാറും. അസൂയ, ഉള്‍നാട്യം, ലോകമാന്യം, അഹങ്കാരം, ദേഷ്യം, വെറുപ്പ് തുടങ്ങിയ ദുഷ്ട പ്രേരണകളില്‍ നിന്നു പൂര്‍ണ്ണമായും മോചിതനാവുക എന്നതു പൊതുവെ സാധ്യമല്ലെന്നാണ് അനുഭവം. അതുകൊണ്ട് ഇഹ്യാഇന്റെ റുബ്ഉല്‍ മുഹ്ലികാത് എന്ന ഭാഗത്ത് പറഞ്ഞ അത്തരം കാര്യങ്ങള്‍ അറിഞ്ഞുവെക്കല്‍ നിര്‍ബന്ധമാണ്. മനുഷ്യന്റെ ഇഛയെ പ്രതിരോധിക്കാന്‍ അത്യാന്താ പേക്ഷിതമാണ് അക്കാര്യങ്ങള്‍. വിധേയപ്പെടുത്തുന്ന ലുബ്ധത, അനുസരിക്കപ്പെടുന്ന ദേഹേഛ, സ്വന്തത്തെ തന്നെ മതിപ്പുറ്റതായി ഭാവിക്കല്‍ എന്നിവ മനുഷ്യനെ നശിപ്പിക്കുന്ന ത്രിമൂര്‍ത്തികളാണെന്നാണ് നബി  (സ്വ) പറഞ്ഞത്. ഇവ നീക്കം ചെയ്യാന്‍ പരിപൂര്‍ണവും കുറ്റമറ്റതുമായ ആത്മ പ്രയത്നം വേണം. മറ്റുള്ള സകലമാന നാശങ്ങളും പാഞ്ഞെത്തുന്നത് ഇവയുടെ സാന്നിധ്യത്താല്‍ ആകുന്നു. ചുരുക്കത്തില്‍ ഈ വിദ്യ ഒരു പരിധിവരെ വ്യക്തിഗത നിര്‍ബന്ധത്തില്‍ പെട്ടതാകുന്നു. പടപ്പുകള്‍ ഇത് അറിഞ്ഞിരിക്കല്‍ നിര്‍ബന്ധമാണ് (ഫാതിഹതുല്‍ഉലൂം: 37). സ്വൂഫികള്‍ മുന്നോട്ടു വെക്കുന്നതും മര്‍മം കല്‍പിക്കുന്നതുമായ ആത്മ ശുദ്ധീകരണജ്ഞാനം ഓരോരുത്തര്‍ക്കും നിര്‍ബന്ധമായതാണെന്നും അവ അറിഞ്ഞു പ്രാവര്‍ത്തികമാക്കലാണു ജീവിതത്തിന്റെ നിദാനമെന്നും ഗ്രഹിക്കാം. ഇത് ത്വരീഖതിന്റെ സാര്‍വത്രികതയെയാണു കുറിക്കുന്നത്. ത്വരീഖത് സംബന്ധമായ ഗ്രന്ഥങ്ങളില്‍ ഗ്രഹിക്കാവുന്ന ആശയവും ഇപ്പറഞ്ഞതു തന്നെയാണ്. സാധാരണക്കാരനു ത്വരീഖതിന്റെ മാര്‍ഗരേഖ വരച്ചു കാണിക്കാന്‍ ശയ്ഖ് സയ്നുദ്ദീന്‍ മഖ്ദൂം(റ) രചിച്ച ‘അദ്കിയാഅ്’ എന്ന ചിരപരിചിതവും പ്രസിദ്ധവുമായ കാവ്യഗ്രന്ഥത്തിന്റെ ഇതിവൃത്തം ഇതിനു മതിയായ രേഖയാകുന്നു. ഔലിയാഇന്റെ മാര്‍ഗം കൊതിക്കുന്നവര്‍ താഴെ കാണുന്ന കാര്യങ്ങള്‍ അറിഞ്ഞു പാലിക്കട്ടെ എന്നു പറഞ്ഞുകൊണ്ടു മഹാന്‍ തുടങ്ങുന്നതുതന്നെ തൌബയെപ്പറ്റിയാണ്. തുടര്‍ന്നു ആത്മാര്‍ഥത, വിജ്ഞാന സമ്പാദനം, സുന്നത്തുകള്‍ പ്രാവര്‍ത്തികമാക്കല്‍, ദിനചര്യകള്‍ എന്നിങ്ങനെ ചര്‍ച്ചകള്‍ നീണ്ടുപോകുന്നു. ത്വരീഖത് ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശത്തെ സാര്‍വത്രികമാക്കാനും അതു ജീവിതത്തില്‍ നിന്ന് ഒഴിവാകുന്നതല്ലെന്നു ബോധ്യപ്പെടുത്താനും ‘അദ്കിയാഅ്’ കളമൊരുക്കുന്നു.