സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 26 August 2014

ചരിത്ര പുരുഷന്മാര്‍

ത്വരീഖതിന്റെ ചരിത്രം തുടങ്ങുന്നതു തിരുനബി(സ്വ)യില്‍ നിന്നും സ്വഹാബത്തില്‍ നിന്നുമാണ്. പില്‍കാലത്തു താബിഉകളിലേക്കു ആ പാത നീണ്ടു. ത്വരീഖതിലെ നന്മ-തിന്മകള്‍ തിരിച്ചറിയാനും അവയുടെ യഥാര്‍ഥ ഗുണങ്ങള്‍ മനസ്സിലാക്കാനും താബിഉകളുടെ ചരിത്രം ഉപകരിക്കും. ഇമാം ഖുശയ്രി(റ) ഇക്കാര്യം വ്യക്തമാക്കുകയും തന്റെ പ്രസിദ്ധ ഗ്രന്ഥത്തില്‍ എണ്‍പതില്‍പരം വരുന്ന മഹാന്മാരുടെ ലഘുചരിത്രം വിവരിക്കുകയും ചെയ്തിട്ടുണ്ട്. ആ ഗണത്തില്‍ പ്രസിദ്ധരായ ചില മഹാന്മാരെ മാത്രം പരാമര്‍ശിക്കട്ടെ. വിശദ പഠനത്തിനു രിസാലതുല്‍ ഖുശയ്രിയ്യ കാണുക.
(1) ഇബ്റാഹീം ഇബ്നുഅദ്ഹം(റ)
പൂര്‍ണനാമം അബൂഇസ്ഹാഖ് ഇബ്റാഹീം ഇബ്നുഅദ്ഹം ഇബ്നുമന്‍സ്വൂര്‍(ഖ:സി) മഹാന്‍ ആദ്യകാലത്ത് പ്രവിശ്യാ രാജാവായിരുന്നു. പിന്നീട് മാനസിക പരിവര്‍ത്തനം വരികയും ഒരു ആട്ടിടയന്റെ കരിമ്പടം വാങ്ങി മലമ്പ്രദേശത്തു വിപ്രവാസ ജീവിതം ആ രംഭിക്കുകയും ചെയ്തു. ദേശ സഞ്ചാരത്തിനിടയില്‍ മക്കയിലെത്തി. സുഫ്യാനുസൌരി, ഫുളയ്ലുബ്ന്‍ ഇയാള്വ്(റ) തുടങ്ങിയവരുമായി സഹവസിച്ചു. സ്വയം ജോലി ചെയ്തു മാത്രമേ ആഹാരം കഴിച്ചിരുന്നുള്ളൂ. സൂക്ഷ്മതയുടെ കാര്യത്തില്‍ കണിശക്കാരന്‍ തന്നെയായിരുന്നു ഇബ്റാഹീം ഇബ്നുഅദ്ഹം(റ) എന്നു ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
(2) ദുന്നൂനുല്‍മിസ്വ്രി(റ)
സൌബാനുബ്ന്‍ ഇബ്റാഹീം എന്നു പൂര്‍ണനാമം. തന്റെ കാലഘട്ടത്തില്‍ വിജ്ഞാനത്തിന്റെയും സൂക്ഷ്മതയുടെയും മതചിട്ടയുടെയും കാര്യത്തില്‍ അതുല്യനായിരുന്നു. സഈദുബ്ന്‍ ഉസ്മാന്‍ പറയുന്നു: ദുന്നൂന്‍(റ) പറയുന്നതായി ഞാന്‍ കേട്ടു: “അല്ലാഹുവിനെ ഒരാള്‍ സ്നേഹിക്കുന്നതിന്റെ ലക്ഷണം നബി(സ്വ)യെ സ്വഭാവത്തിലും പ്രവൃത്തിയിലും കല്‍പനകളിലും സുന്നത്തുകളിലും പിന്‍പറ്റലാകുന്നു.”
(3) അബൂഅലി ഫുളയ്ലുബ്ന്‍ ഇയാള്വ്(റ)
സമര്‍ഖന്‍ന്തിലാണു മഹാന്റെ ജനനമെന്നു പറയപ്പെടുന്നു. ഹിജ്റ: 187 മുഹര്‍റം മാസത്തില്‍ മക്കയില്‍ വിയോഗം. ആദ്യകാലത്ത് സാധാരണ ജീവിതം നയിച്ചുവെങ്കിലും പില്‍ക്കാലത്തു വിശുദ്ധ ജീവിതം തുടങ്ങി. കടുത്ത സൂക്ഷ്മതയും ആരാധനാ കാര്‍ക്ക ശ്യവും മഹാന്റെ പ്രത്യേകതയായിരുന്നു. ഹറമില്‍ തന്നെയായിരുന്നു മരണം വരെ.  മഹാന്‍ പറഞ്ഞു: “ദുന്‍യാവ് ഒന്നാകെ എനിക്കു പ്രത്യക്ഷപ്പെട്ടാലും ഞാന്‍ അതിനു കല്‍പിക്കുന്ന വില ഒരു ശവത്തിന്റെതു മാത്രമായിരിക്കും. ചീഞ്ഞളിഞ്ഞ ശവത്തിനരികില്‍ കൂടി നടക്കുന്നവന്‍ അതില്‍ നിന്ന് വല്ലതും വസ്ത്രത്തില്‍ ആയാലോ എന്നു കരുതി ഒഴിഞ്ഞു മാറി നടക്കുന്നതു പോലെ ഞാന്‍ ദുന്‍യാവിനെ വിട്ടകലും.” അബൂഅലിയ്യുര്‍റാസി(റ) പറയുന്നു: “ഞാന്‍ മുപ്പതു കൊല്ലം ഫുളയ്ല്‍(റ)വിനോടു സഹവസിച്ചിട്ടുണ്ട്. ഒരു ദിവസം മാത്രമാണു മഹാന്‍ ചിരിച്ചു കണ്ടിട്ടുള്ളത്. അതു പ്രിയപ്പെട്ട മകന്‍ മരിച്ച അന്നായിരുന്നു. കാരണമാരാഞ്ഞപ്പോള്‍ അവിടുന്നു പറഞ്ഞത് – അല്ലാഹു ഇഷ്ടപ്പെട്ട ഒരു കാര്യം ഞാനും ഇഷ്ടപ്പെടേണ്ടയോ എന്നായിരുന്നു.
(4) മഅ്റൂഫുല്‍കര്‍ഖി(റ)
മശാഇഖുകളില്‍ മഹോന്നതനും പ്രാര്‍ഥനക്ക് ഉത്തരം കൊണ്ടു പ്രസിദ്ധനുമായിരുന്നു ഇമാം കര്‍ഖീ(റ). ഹിജ്റ: 201ല്‍ വഫാത്. അന്ത്യ വിശ്രമം ബാഗ്ദാദിലാണ്. അങ്ങേ അറ്റത്തെ സൂക്ഷ്മാലുവും ഭൌതിക വിരക്തനുമായിരുന്നു. മരണ രോഗത്തില്‍ കിടക്കവെ അന്ത്യോപദേശം ആരാഞ്ഞപ്പോള്‍ അവിടുന്നു പറഞ്ഞു: “ഞാന്‍ മരിച്ചാല്‍ എന്റെ നീളന്‍ കുപ്പായം ദാനം ചെയ്യണം. ഭൂമുഖത്തേക്ക് ഒന്നുമില്ലാതെ നഗ്നനായി വന്ന പോലെ ഭൂമുഖത്ത് നിന്ന് ഒന്നുമില്ലാതെ (കഫന്‍പുട ഒഴികെ) തിരിച്ചു പോകാനും ഞാന്‍ ആഗ്രഹിക്കുന്നു.”
(5) അബുല്‍ഹസന്‍ സരിയ്യുസഖ്വതി(റ)
തന്റെ കാലത്തെ ഒറ്റപ്പെട്ട ജ്ഞാനിയും അങ്ങേഅറ്റത്തെ സൂക്ഷ്മാലുവും ആയിരുന്നു സരിയ്യുസഖ്വതി. ജുനയ്ദ്(റ) പറയുന്നു: “സരിയ്യുസ്സഖത്വിയെപോലെ ഇബാദത്തില്‍ മുഴുകിയ മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല. എണ്‍പത്തി ഒമ്പതു കൊല്ലത്തിനിടയ്ക്കു മരണ രോഗത്തിലല്ലാതെ മഹാന്‍ കിടക്കുന്നതായി കണ്ടവര്‍ ഉണ്ടായിരുന്നില്ല.” വിയോഗം ഹി: 257ല്‍.
(6) അബൂനസ്വ്ര്‍ ബിശ്റുബ്നുല്‍ഹാഫി(റ)
മഹാന്റെ യഥാര്‍ഥ നാട് മര്‍വ് ആണ്. താമസവും വഫാതും ബഗ്ദാദില്‍. ഹിജ്റ: 227-ലാണ് വഫാത്. ആത്മീയ കാര്യത്തില്‍ മഹാ പദവി അലങ്കരിച്ചവരായിരുന്നു. എല്ലാ ദിവസവും പകല്‍ നോമ്പും രാത്രി മുഴുക്കെ നിന്നു നിസ്കാരവും അവിടത്തെ പതിവായിരുന്നു.
(7) അബൂസുലയ്മാന്‍ ദാവൂദുത്ത്വാഈ(റ)
ഭക്തിയുടെ കാര്യത്തില്‍ അദ്വിതീയനായിരുന്നു ദാവൂദുത്ത്വാഈ(റ). ഇബ്നു ഖബീഖില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു: “ദാവൂദുത്ത്വാഇക്ക് ആകെ അനന്തരമായി കിട്ടിയതു 20 ദീനാര്‍ ആയിരുന്നു. ഇരുപതു കൊല്ലം കൊണ്ടാണത്രെ മഹാന്‍ ആ ദീനാര്‍ ചെലവാക്കിയത്.” പത്തിരി തിന്നാന്‍ തുനിയാത്തതിനെ പറ്റി മഹാന്‍ പറഞ്ഞത്, പത്തിരി ചവക്കാനും കറി കൂട്ടാനുമൊക്കെ എടുക്കുന്ന സമയിത്തിനിടയില്‍ അമ്പത് ആയത്ത് ഓതിത്തീര്‍ക്കാമെന്നായിരുന്നു. അബുര്‍റബീഉല്‍ വാസ്വിഥി(റ) ഒരിക്കല്‍ ദാവൂദുത്ത്വാഇയോട് ഉപദേശം തേടി. മഹാന്‍ പറഞ്ഞു: “നീ ദുന്‍യാവിനെ തൊട്ടു നോമ്പുകാരനാവുക. മരണത്തെ നോമ്പു തുറയുമാക്കുക. ജനങ്ങളില്‍ നിന്നു വന്യമൃഗത്തില്‍ നിന്നെന്ന പോലെ ഓടിപ്പോവുകയും ചെയ്യുക.”
(8) ശഖീഖുല്‍ബര്‍ഖീ(റ)
ഖുറാസാനില്‍ ജീവിച്ച മശാഇഖുകളില്‍ പ്രമുഖനായിരുന്നു അബൂ അലി ശഖീഖുബ്ന്‍ ഇബ്റാഹീമുല്‍ബല്‍ഖി(റ). തവക്കുലിന്റെ പര്യായമായിരുന്നു മഹാന്‍. അവിടുന്നു പറ ഞ്ഞു: “ഒരു മനുഷ്യന്റെ തഖ്വ: മൂന്നു കാര്യത്തില്‍ കണ്ടെത്താവുന്നതാണ്. വാങ്ങല്‍, വില്‍ക്കല്‍, സംസാരം.”
സ്വൂഫീ ദാര്‍ശനികരുടെ പട്ടിക ഇങ്ങനെ നീണ്ടു പോകുന്നു. ഏതാനും ചില മഹാന്മാരുടെ നാമങ്ങള്‍ മാത്രം വായിക്കുക:
അബൂഅബ്ദില്ലാഹില്‍മുഹാസ്വിബീ, അബൂയസീദുല്‍ബിസത്വാമി, അബൂമുഹമ്മദ് സഹ് ലുത്ത്സ്തുരി, അബൂസുലയ്മാനുദ്ദാറാനി, ഹാതിമുല്‍ അസ്വം, അബൂസകരിയ്യാ, യഹ്യ അല്‍റാസി, അബൂഹാമിദ് ഹള്വ്റവയ്ഹി, അബുല്‍ഹുസയ്നുല്‍ഹിവാരി, അബൂഹഫ്സ്വിനുല്‍ഹദ്ദാദ്, അബൂതുറാബ് അസ്കറു നഖ്ശബീ, അബൂമുഹമ്മദ് ഖബീഖ്, അബൂഅലീ അഹ്മദുല്‍അന്‍ത്വാഖീ, അബുസ്സുറാ മന്‍സ്വൂര്‍, അബൂസ്വാലിഹ് ഹമദൂന്‍, അബുല്‍ ഖാസിമുല്‍ ജുനയ്ദ്, അബൂഉസ്മാന്‍ സഈദുനില്‍ഹിയരി, അബുല്‍ഹുസയ്നുന്നൂരി, അബൂഅബ്ദില്ലാ അഹ്മദുബ്ന്‍ യഹ്യല്‍ ജലാഅ്, അബൂ മുഹമ്മദ് രുവയ്, അബൂ അബ്ദില്ലാ, മുഹമ്മദിനില്‍ബല്‍ഖി, അബൂബക്ര്‍ അഹ്മദ്ബ്ന്‍ നസ്വ്റുസ്സഖാഖ്, അബൂ അബ്ദില്ലാ അംറുബ്ന്‍ ഉസ്മാനുല്‍മക്കീ, സംനൂനുബ്ന്‍ ഹംസ:, അബൂഉബയ്ദ് മുഹമ്മദുബ്ന്‍ ഹസ്സാനുല്‍ബിസ്വ്രി, അബുല്‍ ഫവാരിശ് ശാഹ്ബ്ന്‍ ശുജാഉനില്‍കിര്‍മാനി, അബൂയഅ്ഖൂബ് യൂസുഫുബ്നുല്‍ ഹുസയ്ന്‍, അബൂഅബ്ദുല്ലാ മുഹമ്മദ്ത്തുര്‍മുദി, അബൂബക്ര്‍ മുഹമ്മദുത്തിര്‍മിദി, അബൂസഈദ് അഹ്മദുല്‍ഹര്‍റാസ്, അബൂ അബ്ദില്ലാ മുഹമ്മദുബ്ന്‍ മസ്റൂഖ്, അബുല്‍ഹസന്‍ അലിയ്യുനില്‍ ഇസ്വ്ബഹാനി, അബൂമുഹമ്മദ് അഹ്മദുബ്ന്‍ മുഹമ്മദുല്‍ജരീരി, അബുല്‍അബ്ബാസ് അഹ്മദ്, അബൂഇസ്ഹാഖ് ഇബ്റാഹീമുല്‍ഖവ്വാസ്വ്, അബൂമുഹമ്മദ് അബ്ദുല്ല, അബുല്‍ഹസന്‍ ബന്നാന്‍, അബൂ ഹംസതുല്‍ബഗ്ദാദീ, അബൂബക്റുല്‍ വാസ്വിത്വീ, അബുല്‍ഹസനുബ്ന്‍ സ്വാഇഗ്, അബൂ ഇസ്ഹാഖ് ഇബ്റാഹീം, മംശാദുദയ്ദ് നൂരി, ഖയ്റുബ്ന്‍ അബ്ദില്ലാഹിന്നസാജ്, അബൂഹംസതുല്‍ഖുറാസാനി, അബൂബക്ര്‍ ദല്‍ഫുനിശ്ശിബ്ലി, അബൂമുഹമ്മദ് അബ്ദില്ലാഹില്‍മുര്‍തഇശ്, അബൂഅലി അഹ്മദുറൂദബാരി, അബൂമുഹമ്മദ് അബ്ദില്ലാഹിബ്ന്‍ മനാസില്‍, അബൂഅലി മുഹമ്മദ്ബ്ന്‍ അബ്ദില്ലാഹിസ്സഖഫീ, അബുല്‍ഖയ്റ് അല്‍ കത്താനി, അബൂയഅ്ഖൂബ് ഇസ്ഹാഖുന്നഹര്‍ജവീ, അലിയ്യുബ്ന്‍ മുഹമ്മദുല്‍മൂസയ്ന്‍, അലിയ്യുബ്നുല്‍കാതിബ്, മുള്വഫറുല്‍ഖര്‍മസീനി, അബ്ദുല്ലാഹിബ്ന്‍ ത്വാഹിറുല്‍ അബ് ഹരി, അബുല്‍ഹുസയ്നുബ്ന്‍ ബന്നാന്‍, ഇബ്റാഹീം ഇബ്നു ശയ്ബാന്‍, ഹുസയ്നു ബ്ന്‍ അലീബ്ന്‍ യസ്ദാനിയാര്‍, അബൂ സഈദുബ്നുല്‍അഅ്റാബീ, അബൂഅംറിനുസ്സജാജി, ജഅ്ഫറുബ്ന്‍ നസ്വീര്‍, അബുല്‍അബ്ബാസുസ്സയാരി, അബൂബക്ര്‍ മുഹമമദു ദയ്ദ് നൂരി, അബൂമുഹമ്മദ് അബ്ദുല്ലാഹിര്‍റാസി, അബൂഅംറിന്നാഈലുബ്ന്‍ നജീദ്, അബുല്‍ഹസന്‍ അലി ബുശന്‍ജ്, അബൂ അബ്ദില്ലാഹിശ്ശീറാസി, അബുല്‍ഹുസയ്നുശ്ശീറാസി, അബൂബക്റുത്ത്വല്‍മസ്താനി, അബുല്‍അബ്ബാസ് അഹ്മദുദയ്ദനൂരി, അബൂ ഉസ്മാനുല്‍മഗ്രിബി, അബുല്‍ഖാസ്വിം ഇബ്റാഹീമുന്നസ്വറാബാദി, അബുല്‍ ഹസന്‍ അലിയ്യുല്‍ഹിസ്വരി, അബൂഅബ്ദില്ലാഹിര്‍റദൂബാരി (ഖദ്ദസല്ലാഹു അസ്റാറഹും).
(9) ഹസനുല്‍ബസ്വരി(റ)
ത്വരീഖതിന്റെ ചരിത്രത്തില്‍ എണ്ണപ്പെട്ട മഹാനാണു ഹസനുല്‍ബസ്വരി(റ). സ്വഹാബതില്‍ നിന്ന് തസ്വവ്വുഫിന്റെ ചാനല്‍ വരുന്നത് ഹസനുല്‍ ബസ്വരി വഴിയാണെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. അബൂനുഐം(റ) പറയുന്നു: “ഹസനുല്‍ ബസ്വരി ഉന്നതനായ കര്‍മശാസ്ത്ര വിശാരദനും അതോടൊപ്പം കര്‍ക്കശക്കാരനായ ഭൌതിക പരിത്യാഗിയുമായിരുന്നു. ഇബാദത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു. ദുന്‍യാവിനെയും ദുന്‍യാവിന്റെ അലങ്കാരത്തെയും പുറംകാല്‍ കൊണ്ടു തട്ടി മാറ്റി. ദേഹത്തിന്റെ ഇഛയും അലച്ഛയും പാടെ വെടിഞ്ഞു”(ഹില്‍യ: 2/132).
അല്ലാമാ മുഹമ്മദ് അബ്ദുല്‍അസീസുല്‍ഫര്‍ഹാരി എഴുതുന്നു: “ഹസനുല്‍ബസ്വരി(റ) അത്യുന്നതനായ താബിഉം ഇമാമുമാകുന്നു. ഹദീസ്-കര്‍മശാസ്ത്ര വിശാരദരന്മാരുടെ ശയ്ഖും സൂക്ഷ്മാലുക്കളുടെയും സ്വൂഫിയ്യതിന്റെയും ഗുരുവുമായിരുന്നു. അലി(റ)വില്‍ നിന്നാണു ബഹുമാനപ്പെട്ടവര്‍ ഹദീസും തസ്വവ്വുഫിന്റെ കാര്യങ്ങളും ഗ്രഹിച്ചതെന്നാണു പ്രബലം. സ്വഹാബതില്‍ നിന്ന് ഒട്ടേറെപേരെ കണ്ടുമുട്ടാന്‍ ബഹുമാനപ്പെട്ടവര്‍ക്കു ഭാഗ്യം കൈവന്നിട്ടുണ്ട്. ഖുറാസാനില്‍ നടന്ന ഒരു യുദ്ധത്തില്‍ മുന്നൂറില്‍ പരം സ്വഹാബികള്‍ക്കൊത്ത് ഞാന്‍ പങ്കെടുത്തുവെന്ന് മഹാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. സംസാരം നബിമാരുടെ സംസാരത്തിനു സമാനം അര്‍ഥ ഗര്‍ഭമായിരുന്നുവത്രെ. അവിടുത്തെ സദസ്സ് പരലോക ചിന്തകളാല്‍ വികാരഭരിതമായിരുന്നു. ഒരിക്കലും ഭൌതിക കാര്യങ്ങള്‍ ആ സവിധത്തില്‍ ചര്‍ച്ചക്കു വന്നിരുന്നില്ല. ഉമര്‍(റ)ന്റെ ഖിലാഫത് കാലത്താണ് ജനനം. വഫാത് ഹിജ്റ: 110 റജബ് മാസത്തിലും” (അന്നിബ്റാസ്: 19).
അല്‍ഖമതുബ്ന്‍ മര്‍സദ്(റ) പറയുന്നു: “ഭൌതിക പരിത്യാഗം താബിഉകളിലെ എട്ടു മഹാന്മാരില്‍ ഒതുങ്ങിയിരിക്കുന്നു. അതിലൊരാളത്രെ ഹസനുല്‍ബസ്വരി(റ). മഹാനെക്കാള്‍ മാനസിക വിഷമം ഉള്ള മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല. അടുത്ത നിമിഷത്തില്‍ വല്ല അത്യാഹിതവും പറ്റിയവനെ പോലെയാണ് അദ്ദേഹത്തെ കണ്ടാല്‍ തോന്നുക. പരലോക വിചാരമായിരുന്നു മഹാന്റെ വിഷമഹേതു.” അല്‍ഖമ തുടരുന്നു: “നമ്മള്‍ ചിരിക്കുന്നു. അല്ലാഹു നാം ചെയ്യുന്നതു നോക്കിക്കാണുന്നുവല്ലോ എന്നു നാം ഓര്‍ക്കുന്നില്ല. അവന്‍ അതു കണ്ട് പറയുന്നുണ്ടാകും: ‘ഞാന്‍ നിങ്ങളില്‍ നിന്ന് ഒന്നും സ്വീകരിക്കുന്നതല്ല.’ മനുഷ്യപുത്രാ, നിനക്ക് അല്ലാഹുവുമായി പോരാടാന്‍ എന്തു ശക്തിയാണുള്ളത്? അല്ലാഹുവിന് എതിരു ചെയ്തവന്‍ അവനോടു പോരാട്ടത്തിനു തിരിഞ്ഞവനാകുന്നു. ഞാന്‍ ജീവിതത്തില്‍ എഴുപതു ബദ്രീങ്ങളെ കണ്ടുമുട്ടീട്ടുണ്ട്. അവരൊക്കെ തന്നെ കരിമ്പടം മാത്രമാണ് ധരിച്ചിരുന്നത്. നിങ്ങള്‍ക്ക് കണ്ടാല്‍ തോന്നും അവര്‍ ഒരു തരം മാനസിക രോഗികളാണെന്ന്. എന്നാല്‍ നിങ്ങളില്‍ വളരെ ഉത്തമന്മാരെ കണ്ടാല്‍ അവര്‍ക്ക് അഭിപ്രായപ്പെടാനുണ്ടാവുക ‘ഈ മനുഷ്യന്മാര്‍ക്കൊന്നും ഒരു നന്മയുമില്ലേ’ എന്നാകും. നി ങ്ങളില്‍ മോശക്കാരെ കണ്ടാല്‍ അവര്‍ കരുതുക ‘ഈ മനുഷ്യന്മാര്‍ പരലോക വിചാരണയെ എന്തടിസ്ഥാനത്തിലാണ് പേടിക്കാതിരിക്കുന്നത്’ എന്നാകും. സത്യത്തില്‍ അവര്‍ വിചാരിച്ചിരുന്നുവെങ്കില്‍ ദുന്‍യാവ് അവരുടെ കാല്‍ക്കീഴില്‍ തന്നെ കിടന്നു കളിക്കുമാ യിരുന്നു. പക്ഷേ, അവരെ ഞാന്‍ കണ്ടത് അല്‍പം അന്നം മാത്രം ബാക്കി വെച്ചു നേരം ഇരുട്ടുന്നതായിട്ടാണ്” (ഹില്‍യ: 2/130).
ഈ വിവരണം ഹസനുല്‍ബസ്വരി(റ)നു ലഭിച്ച ആത്മീയ ചിന്തയുടെ സ്രോതസ്സിനെ കുറിച്ചു നമുക്കു ബോധം തരുന്നു. സ്വഹാബതില്‍ നിന്നു പകര്‍ന്നെടുത്ത മഹത്തായ മാര്‍ഗമായിരുന്നു മഹാനെ സംബന്ധിച്ചു ത്വരീഖതും തസ്വവ്വുഫും. അലി(റ) ഇക്കാര്യത്തില്‍ അവിടുത്തേക്കു സവിശേഷ ഗുരുവായി എന്നുമാത്രം. ഞാന്‍ വിജ്ഞാനത്തിന്റെ നഗരമാണെങ്കില്‍ അലി അതിനകത്തു കയറാനുള്ള കവാടമാണെന്ന തിരുനബി(സ്വ) പറഞ്ഞിട്ടുണ്ടല്ലൊ. ഈ വചനത്തില്‍ നിന്നു ആവേശം ഉള്‍കൊണ്ടായിരുന്നു ഹസനുല്‍ ബസ്വരി(റ), അലി(റ)ന്റെ ശിഷ്യത്വത്തിനു പ്രാധാന്യം കൊടുത്തിരുന്നത്.
ഇമാം ഇബ്നുഹജറില്‍ ഹയ്തമി(റ) പറയുന്നു: “സ്വൂഫീ വിഭാഗത്തിനു കൈതുടര്‍ച്ചയും പിന്തുടര്‍ച്ചയും പൂര്‍ണമാകുന്ന വിധത്തില്‍ ഹസനുല്‍ബസ്വരി(റ), അലി(റ)വുമായി ബ ന്ധപ്പെട്ടുവെന്നു പറയുന്നതിനെ ചില ചരിത്രകാരന്മാര്‍ ശരിവെച്ചിട്ടില്ല. മറ്റു ചിലര്‍ അതു ശരിയാണെന്ന വീക്ഷണക്കാരാകുന്നു. അല്‍ഹാഫിള്വ് സൂയൂത്വി(റ) പറയുന്നത,് അലി(റ)വുമായുള്ള മഹാന്റെ ആത്മ ബന്ധം പ്രാമാണികമാണെന്നാണ്. അതുപോലെ, അല്‍ഹാഫിള്വ് ള്വിയാഉദ്ദീനുല്‍മഖ്ദിസി(റ) തന്റെ മുഖ്താറതിലും അല്‍ഹാഫിള്വ് ശയ്ഖുല്‍ ഇസ് ലാം ഇബ്നുഹജര്‍(റ) അത്വ്റാഫുല്‍ മുഖ്താറതിലും ഇക്കാര്യം ശരിവെച്ചതായി കാ ണാം. ഈ സ്ഥിരീകരണം നിഷേധത്തിനെ അപ്രബലമാക്കുന്നതാണ്. ഉമര്‍(റ)ന്റെ ഖിലാഫതില്‍ രണ്ടു കൊല്ലം ബാക്കി നില്‍ക്കെയാണു മഹാന്‍ ജനിച്ചത്. ഏഴാമത്തെ വയസ്സില്‍ ഉസ്മാന്‍(റ)വുമൊത്തു ജമാഅതില്‍ പങ്കെടുത്തിരുന്നു. ഉസ്മാന്‍(റ)ന്റെ വഫാത് വരെ ഇതു തുടര്‍ന്നു. അക്കാലത്ത് അലി(റ)വും ജമാഅത്തിന് വന്നിരുന്നു. ഉസ്മാന്‍(റ)ന്റെ വഫാത് വേളയില്‍ ഹസനുല്‍ബസ്വരി(റ)വിനു പതിനാലു വയസ്സായിരുന്നു. ദിനേന അഞ്ചു തവണ പള്ളിക്കകത്ത് ഒത്തുകൂടാന്‍ അവസരം കിട്ടിയെന്നിരിക്കെ അലി(റ)ല്‍ നിന്ന് ഹസനുല്‍ബസ്വരി(റ) ഒന്നും കേട്ടിട്ടിലല്ലെന്നു കരുതുന്നതു ശരിയല്ല. ഇക്കാരണത്താലാണ് അലി(റ)വിനെ കുട്ടിപ്രായത്തില്‍ ഹസന്‍(റ) കണ്ടിരുന്നുവെന്ന് അലിയ്യുല്‍ മദീനീ(റ) പറഞ്ഞിരിക്കുന്നത്. അതിനു പുറമെ അലി(റ) ഉമ്മഹാതുല്‍മുഅ്മിനീങ്ങളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുക പതിവായിരുന്നുവെന്നാണു ചരിത്രം. നബി പത്നിമാരില്‍ ഉമ്മുസലമയുടെ വീട്ടില്‍ ആയിരുന്നല്ലോ ഹസനുല്‍ ബസ്വരി(റ) തങ്ങിയിരുന്നത്. ഉമ്മുസലമ ബീവി ഹസനെ സ്വഹാബത്തിനടുത്തേക്കു ബറകത് തേടി പറഞ്ഞയക്കുകയും ഉമര്‍ (റ) ഹസനുവേണ്ടി ഇങ്ങനെ പ്രാര്‍ഥിച്ചതായും രേഖയുണ്ട്. “അല്ലാഹുവേ, ഇവനെ നീ ദീനില്‍ ഒരു പണ്ഢിതനാക്കുകയും ജനങ്ങളുടെ ഇഷ്ടപാത്രമാക്കുകയും ചെയ്യണമേ!” (ഫതാവല്‍ഹദീസിയ്യ: 126).
(10) ഇമാം ജുനയ്ദുല്‍ബഗ്ദാദി(റ)
ത്വരീഖതിന്റെ ചരിത്രത്തില്‍ നിര്‍ണായക പങ്കാളിത്തത്തിനുടമയാണു ജുനയ്ദ്(റ). അബു ല്‍ഖാസിമുല്‍ജുനൈദുബ്ന്‍ മുഹമ്മദ് എന്നാണു പൂര്‍ണ നാമം. ഇമാം ഖുശയ്രി(റ) എഴുതുന്നു: “ബഹുമാനപ്പെട്ടവര്‍ ഈ സംഘത്തിന്റെ അനിഷേധ്യ നേതാവും ഇമാമുമാകുന്നു” (അര്‍റിസാല:18).
നഹാവന്‍ദിലാണു ബഹുമാനപ്പെട്ടവരുടെ വേര് കിടക്കുന്നത്. ജനനവും വളര്‍ച്ചയും ഇറാഖില്‍. തികഞ്ഞ ഫഖീഹായിരുന്നു മഹാന്‍. ഇരുപതാമത്തെ വയസ്സില്‍ തന്നെ ഫത് വക്കുള്ള പ്രാവീണ്യം സമ്പാദിച്ചു. സരിയ്യുസ്സഖത്വി(റ)വുമായി സഹവര്‍തിത്വത്തിലൂടെ ആത്മീയ ശ്രേണികള്‍ താണ്ടി. ഇമാം മുഹാസിബിയാണു മറ്റൊരു കൂട്ടാളി.
തസ്വവ്വുഫിന്റെ ചരിത്രത്തിനു വിപ്ളവാത്മകമായ വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിന് മഹാന്‍ നായകത്വം നല്‍കിയതായി ചരിത്രം സാക്ഷ്യം വഹിക്കുന്നു. ഈ രംഗത്തെ കള്ളനാണയങ്ങള്‍ക്കു  അവിടത്തെ താക്കീതുകള്‍ ഇന്നും മുന്നറിയിപ്പുകളായി നിലനില്‍ക്കുന്നുണ്ട്. അബൂമുഹമ്മദുല്‍ ജരീറി(റ) പറയുന്നു: ശയ്ഖ് ജുനയ്ദുല്‍ബഗ്ദാദി(റ) പറഞ്ഞു: “ഞ ങ്ങള്‍ തസ്വവ്വുഫ് പിടിച്ചിരിക്കുന്നതു ഖീലയും ഖാലയും പിന്‍ബലമാക്കിയല്ല. വിഷപ്പു സഹിച്ചും ദുന്‍യാവിനെയും അതിലെ അലങ്കാരങ്ങളെയും വെടിഞ്ഞും മനസ്സിനും ശരീരത്തിനും ഇണങ്ങുന്നതൊക്കെ വെട്ടി മാറ്റിയുമാകുന്നു.”
മഹാന്‍ പറഞ്ഞതിന്റെ പൊരുള്‍ വ്യക്തമാണ്. ഖീലയും ഖാലയും എന്നതു കൊണ്ട് ഉദ്ദേശിച്ചത്, അടിസ്ഥാന രഹിതങ്ങളായ വാദമുഖങ്ങളും കേട്ടുകേള്‍വികളുമാകുന്നു. ഇന്നു ത്വരീഖതിന്റെ പേരില്‍ വ്യാജന്മാര്‍ പുലര്‍ത്തുന്ന രീതിയിലേക്കാണു സത്യത്തില്‍ മഹാന്‍ വിരല്‍ ചൂണ്ടുന്നത്. ജീവിതം മുഴുവന്‍ ആഡംബരമായി ആഘോഷിച്ച ശേഷം തസ്വവ്വുഫിന്റെ മഹാഗോപുരം അവകാശപ്പെടുന്നവര്‍ക്കു ജുനയ്ദ്(റ)ന്റെ രീതികള്‍ക്കു മുമ്പില്‍ നിലനില്‍പ്പില്ല.
ജുനയ്ദ്(റ) അങ്ങേഅറ്റത്തെ ഭക്തനും ആരാധനക്കാരനുമായിരുന്നു. ഉസ്താദ് അബൂ അലി(റ) പറയുന്നു: “ജുനയ്ദ്(റ) ദിവസവും തന്റെ പീടികയില്‍ ചെന്നു വിരിതാഴ്ത്തി 400 റക്അത് നിസ്കരിക്കും. അനന്തരം വീട്ടിലേക്കു മടങ്ങുകയും ചെയ്യും.”
അബൂബക്റുല്‍അത്വീവി(റ) പറയുന്നു:”ജുനയ്ദ്(റ)ന്റെ വിയോഗവേളയില്‍ ഞാന്‍ അടുത്തുണ്ട്. മഹാന്‍ ഒരു തവണ ഖുര്‍ആന്‍ പൂര്‍ണമായി ഓതിത്തീര്‍ത്തു രണ്ടാം തവണ ഓത്തു തുടങ്ങി. അല്‍ബഖറ: സൂറത്തില്‍ 70 ആയത്ത് എത്തിയപ്പോഴാണ് ഇഹലോകം വെടിഞ്ഞത്.”
ജുനയ്ദുല്‍ബഗ്ദാദി(റ)ല്‍ എത്തിച്ചേരുന്ന സ്വൂഫീസരണിയെപ്പറ്റി പ്രമുഖ പണ്ഢിതന്‍ സയ്യിദ് അബ്ദില്‍അസീസ് ഇസ്സത്(റ) എഴുതുന്നു: “തസ്വവ്വുഫില്‍ പറയപ്പെടുന്ന പ്രധാന സംജ്ഞകളാണ് അല്‍അഹ്ദ്, അത്തല്‍ഖീന്‍ എന്നിവ. ഇസ്ലാമികമായി അഹ്ദ് ഒരു നല്ല കാര്യത്തെ പ്രാവര്‍ത്തികമാക്കുന്നതിനെ ഏറ്റെടുക്കലാണ്. അന്‍സ്വാരികള്‍ നബി (സ്വ)യെ കാത്തു പരിരക്ഷിക്കാമെന്ന് ഏറ്റെടുത്തത് ഉദാഹരണം. വിശുദ്ധ ഖുര്‍ആന്‍ തന്നെ ശരിവെക്കുന്ന കാര്യമാണിത്. “തീര്‍ച്ച, അവര്‍ അങ്ങയോടു കരാര്‍ ചെയ്യുന്നുവെങ്കിലും അവര്‍ സത്യത്തില്‍ കരാര്‍ ചെയ്യുന്നത് അല്ലാഹുവിനോടു തന്നെയാകുന്നു.” ചൊല്ലിക്കൊടുക്കല്‍ എന്നര്‍ഥം വരുന്ന ‘തല്‍ഖീനും’ ഇതേപോലെ പ്രാമാണികമാണ്. ഇമാം ത്വബ്റാനി(റ)യും ബസ്സാറും(റ) മറ്റും ഉദ്ധരിച്ച താഴെ പറയുന്ന വചനം ഇതിനു തെളിവായ രേഖയാണ്.
“നബി(സ്വ) ഒറ്റക്കും കൂട്ടായും തന്റെ സ്വഹാബികള്‍ക്കു ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലിക്കൊടുത്തിരുന്നു.”
ഇങ്ങനെയുള്ള ചൊല്ലിക്കൊടുക്കല്‍ കൊണ്ടു പല മനസ്സുകള്‍ വഴി നബി(സ്വ)യുമായി പ്രത്യേക ബന്ധം തന്നെ ഉണ്ടായിതീരുന്നു എന്നതാണു നേട്ടം. സത്യവാനായ ഒരു മുരീദിന് ഇതുവഴി ഔലിയാഇലൂടെ തിരുനബി(സ്വ)യില്‍ എത്താനാകുന്നു. ബറകതിനു വേണ്ടി ഇത്തരം മഹാരഥന്മാരുടെ താവഴി നമുക്കു പറയാം-അല്ലാഹുവില്‍ നിന്ന് ജിബ് രീല്‍(അ) ന് ലഭിച്ചത് ജിബ്രീല്‍ വന്നു നബി(സ്വ)ക്കു ചൊല്ലിക്കൊടുത്തു. നബി(സ്വ) അലിയ്യുബ്ന്‍ അബീത്വാലിബി(റ)നു ചൊല്ലിക്കൊടുത്തു. അലി(റ) പുത്രന്മാരായ അല്‍ഹസന്‍(റ), അല്‍ഹുസയ്ന്‍(റ) എന്നിവര്‍ക്കും പുറമെ അല്‍ഹസനുല്‍ ബസ്വരീ, കമാലു ബ്ന്‍ സിയാദ്(റ: അന്‍ഹും) എന്നിവര്‍ക്കും ചൊല്ലിക്കൊടുത്തു. അല്‍ഹസനുല്‍ ബസ്വരി ഹബീബുനില്‍ അജമി(റ)ക്കും അദ്ദേഹം ദാവൂദുത്ത്വാഇ(റ)ക്കും ചൊല്ലിക്കൊടുത്തു. ദാവൂദുത്ത്വാഇ(റ)യില്‍ നിന്ന് മഅ്റൂഫുല്‍ ഖര്‍ഖി(റ) വഴി സരിയ്യസ്സഖ്വതി(റ)യില്‍ എത്തി. മഹാനില്‍ നിന്നാണു സ്വൂഫീ സംഘത്തിന്റെ നേതാവായി പ്രഖ്യാതനായ ജുനയ്ദുല്‍ ബഗ്ദാദി(റ)ന്നു മേല്‍ വിജ്ഞാനം ലഭിക്കുന്നത്. മഹാനില്‍ നിന്നുള്ള കുറ്റമറ്റ പരമ്പ രകളാണു പില്‍ക്കാലത്തു ചരിത്രത്തില്‍ പ്രസിദ്ധമായത് (റഅ്സുസ്സആദ: പേ: 6,7).