സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday, 27 August 2014

ശാപമോക്ഷം ലഭിക്കാത്ത അഗ്നിപുത്രിമാര്‍

നിങ്ങള്‍ ജാലകത്തിന്നരികെ വഴിപോക്കരെ നോക്കിയിരിക്കവെ, നിങ്ങളുടെ വലതുകരത്തിനു നേരെ ഒരു കന്യാസ്ത്രീ വരുന്നു. ഇടതു കരത്തിനു നേരെ ഒരു അഭിസാരികയും. നിഷ്കളങ്കതയോടെ നിങ്ങള്‍ മൊഴിയുന്നു. ഒന്ന് എത്ര ഉന്നതം, മറ്റേത് എത്ര അധമം.പക്ഷേ, നിങ്ങള്‍ കണ്ണുകളടച്ചു ശ്രദ്ധിച്ചാല്‍ അന്തരീക്ഷത്തില്‍ ഒരു ആമന്ത്രണം കേള്‍ക്കാം:- ഒന്നെന്നെ പ്രാര്‍ഥനയിലന്വേഷിക്കുന്നു; മറ്റേത് വേദനയിലും. ഖലീല്‍ ജിബ്രാന്‍ (കന്യാസ്ത്രീയും വേശ്യയും).
നിവേദിക്കാന്‍ വ്രണിതഹൃദയങ്ങള്‍ മാത്രമുള്ള, നിരന്തരമായി ആത്മനിന്ദയും പരനിന്ദയും ശാരീരികപീഢനങ്ങളുമനുഭവിക്കുന്ന സ്ത്രീജനങ്ങള്‍-അവര്‍ ചരിത്രത്തിന്റെ കണ്ണെത്താവുന്ന കാലം തൊട്ടേ ഉപഭോഗവസ്തുക്കളാണ്. ചരക്കുകള്‍, സാധനങ്ങള്‍.
പ്രാകൃത മതങ്ങള്‍ അവളെ ദേവദാസിയാക്കി. ഇന്ത്യയില്‍ മാത്രമല്ല ഈജിപ്തിലും ഗ്രീസിലുമൊക്കെയുണ്ടായിരുന്നു ദേവദാസികള്‍. പേരുകളിലേ മാറ്റമുള്ളു. പുരോഹിതന്മാരുടെയും വരേണ്യവര്‍ഗ്ഗത്തിന്റെയും ഭോഗേച്ഛകള്‍ ശമിപ്പിക്കാന്‍ ആവിര്‍ഭവിച്ച ദേവദാസിവൃത്തിക്ക് അങ്ങനെ മതപരമായ പരിവേഷം നല്‍കപ്പെട്ടു. ഇന്നും ഇന്ത്യയില്‍ ഈ വിഭാഗം നില നില്‍ക്കുന്നു. കര്‍ണ്ണാടകയിലെ യെല്ലമ്മാ ക്ഷേത്രത്തിലും മറ്റും കന്യകകളെ ദേവദാസികളാക്കി നിവേദിക്കുന്ന പ്രാകൃതാചാരം നിര്‍ബാധം നടക്കുന്നു. ‘ചരക്ക’് ലേലത്തില്‍ പിടിക്കുവാന്‍ പണച്ചാക്കുകള്‍ മുന്‍കൂട്ടി തമ്പടിക്കുന്നു. മതം മാത്രമല്ല കലയും വ്യഭിചാരത്തിന്റെ വളര്‍ച്ചക്ക് കൂട്ടുനിന്നു. മോഹിനിയാട്ടം ആടിയ ലാസ്യവതികളാണ് പിന്നീട് കൂത്തച്ചികളായത്. ദേവദാസി തേവിടിശ്ശിയായതുപോലെ. അവസാനം ഇവരുടെയൊക്കെ തീര്‍ഥയാത്ര ചുവന്ന തെരുവുകളിലേക്കാണ്. ഗണിക എന്ന വാക്കിന്റെ അര്‍ഥം ഗണത്തിന്റെ, ജനത്തിന്റെ പൊതുസ്വത്ത്  എന്നാണ്. വാക്കുകള്‍ തന്നെ ഈ അഭിശപ്ത ജന്മങ്ങളുടെ ചരിത്രം പറയുന്നു.
ഇന്ത്യയിലും ഗ്രീസിലുമൊക്കെ ഒരു കാലത്ത് സാമൂഹ്യാന്തസ്സുള്ള ഗണികകളുണ്ടായിരുന്നു. വസന്തസേനയേയും വാസവദത്തയേയും പോലെ കുപ്രശസ്തി നേടിയവര്‍.മാതാഹരിയെ പോലെ ചാരവൃത്തിലേര്‍പ്പെട്ടവര്‍. (രാജ്യ രക്ഷാരംഗത്തെ അഴിമതിയെ കുറിച്ചുള്ള തെഹല്‍ക്ക അന്വേഷണത്തില്‍ വാടകയ്ക്കെടുത്ത ഒരു അഭിസാരികയുടെ സഹായം തേടിയതിലെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നവര്‍, രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ പെണ്ണും പണവും മദ്യവും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് അറിയാത്തവരാവില്ല.) അസ്പേഷ്യ എന്നൊരു ഗണിക മരിച്ചപ്പോള്‍ പെരിക്ളീസ് ചക്രവര്‍ത്തി വികാരനിര്‍ഭരമായ ചരമപ്രസംഗം നടത്തിയത്രെ. ഗണികകളുടെ കാര്യം നോക്കി നടത്താന്‍ പ്രത്യേക വകുപ്പ്. അവരില്‍ നിന്നു ഖജനാവിലേക്ക് പിരിച്ചെടുക്കുന്ന സ്വര്‍ണ്ണ നികുതികള്‍. കേരളീയര്‍ക്കും ഇതൊന്നും അപരിചിതമായിരുന്നില്ല. അഭിസാരികകളെ വാനോളം സ്തുതിക്കുന്ന ഉണ്ണിയച്ചിചരിതവും ഉണ്ണിച്ചിരുതേവിചരിതവും ഉണ്ണുനീലി സന്ദേശവുമൊക്കെ ഒരു കാലഘട്ടത്തിലെ കേരളീയ സംസ്കാരത്തിന്റെ ജീര്‍ണ്ണത വെളിപ്പെടുത്തുന്ന മണിപ്രവാള കൃതികളാണ്.
എന്നും ഗണികകളെ മോഹിപ്പിച്ചത് പണം മാത്രമായിരുന്നു. “വളരെ ആവശ്യക്കാരുള്ള തൊഴിലാണു നിന്റേത്.എന്നാലും യുവത്വം കൊഴിഞ്ഞാല്‍ നിന്റെ പ്രയോജനം തീര്‍ന്നു. അതു കൊണ്ട് എപ്പോഴും കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുക” എന്നാണ് ഒരു അഭിസാരികക്ക് അമ്മ നല്‍കുന്ന ഉപദേശം. (വേശ്യകളുടെ സംവാദം – ലുസിയാന്‍) വാത്സ്യായനന്റെ കാമശാസ്ത്രത്തിലെ ആറാം അധികരണത്തിലെ ആറു അധ്യായങ്ങള്‍ വേശ്യാവൃത്തിയുടെ മഹിമയെകുറിച്ചാണ്. അതിന്റെ ഒന്നാം സൂത്രത്തില്‍ തന്നെ ഈ തൊഴിലിന്റെ പ്രധാന ലക്ഷ്യം ഉപജീവനമാണെന്ന് രേപ്പടുത്തിയിരിക്കുന്നു.
ഇന്നും ഉപജീവനത്തിനു വേണ്ടിയാണു ഇക്കൂട്ടര്‍ ‘ജോലി’യെടുക്കുന്നത്. കൈക്കുഞ്ഞിനെ (അറിയാതെ) ഉറുമ്പിന്‍ കൂട്ടില്‍ കിടത്തിയിട്ട് ‘ജോലിക്കു’ പോകുന്ന പാവപ്പെട്ട വേശ്യയെകുറിച്ച് ‘ശബ്ദങ്ങളില്‍’ ബഷീര്‍ പച്ചയായി എഴുതിയപ്പോള്‍ സദാചാരക്കാരുടെ പുരികം ചുളിഞ്ഞു. എന്നാല്‍, ഒന്നോ രണ്ടോ നേരത്തെ വയറ്റു പിഴപ്പിനുവേണ്ടിയാണു ഇവരിലേറെപ്പേരും അവരുടെ ഉടലുകള്‍ വാടകയ്ക്ക് നല്‍കി, മാരകമായ പകര്‍ച്ചവ്യാധികളേറ്റു വാങ്ങി സമൂഹത്തിനു ഒരു ഭാരമായി ഒടുങ്ങുന്നത് എന്നത് യാഥാര്‍ഥ്യം മാത്രമാണ്. ഇന്ന് നാം അവരെ സെക്സ് വര്‍ക്കേഴ്സ് എന്നു വിളിക്കുന്നു. ലൈംഗികത്തൊഴിലാളികള്‍. ശരിയാണ്, ലൈംഗികത തൊഴി ലാക്കിയവരാണു അവര്‍. എന്നാല്‍, സംസ്കാരസമ്പന്നമെന്നഭിമാനിക്കുന്ന സമൂഹത്തില്‍ ഇ ങ്ങനെ ഒരു തൊഴിലും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കൂട്ടം പെണ്ണുങ്ങളും ഉണ്ടായിരിക്കാന്‍ പാടുണ്ടോ?
ഇവിടെയാണു പതിനായിരം വേശ്യകള്‍ക്ക് നിര്‍ബാധം ‘തൊഴില്‍’ ചെയ്യാന്‍ ലൈസന്‍സു നല്‍ കുന്നതിനുള്ള കൊല്‍ക്കത്ത നഗരസഭയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നത്. ഒരു  ലക്ഷത്തോളം അഭിസാരിണികളുടെ മെട്രോപൊളിറ്റന്‍ സിറ്റി !.
വേശ്യാവൃത്തി തൊഴിലാണെന്ന് പ്രഖ്യാപിച്ചതു ഒരു യൂറോപ്യന്‍ നീതിന്യായകോടതിയാണ്. എന്നാല്‍, ഇന്ത്യയിലാദ്യമായിരിക്കും ഒരു തൊഴില്‍ എന്ന നിലക്ക് അഭിസാരികകള്‍ക്ക് ലൈ സന്‍സ് നല്‍കപ്പെടുന്നത്. മുംബൈയിലെ ചുവന്നതെരുവുകളിലെ വേശ്യാലയങ്ങള്‍ക്കും വേശ്യകള്‍ക്കും ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് നിയമജ്ഞര്‍ പറയുന്നു. കൊല്‍ക്കത്തയില്‍ ലൈസന്‍സ് നല്‍കുന്നതോടെ, അത് ഇന്ത്യയിലെ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പടര്‍ന്ന് പിടിക്കാനാണ് സാധ്യത. ഇപ്പോള്‍ തന്നെ ഇന്ത്യയെ ഭീകരമായി ഉറ്റുനോക്കുന്ന എയ്ഡ്സ് പോലുള്ള ലൈംഗിക മാറാവ്യാധികള്‍ ഇത് വ്യാപകമാക്കും. ഇപ്പോള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന 1986 ലെ ഇമ്മോറല്‍ ട്രാഫിക് പ്രിവെന്‍ഷന്‍ ആക്ട് അനുസരിച്ച് പൊതുസ്ഥലത്ത് വെച്ച് നടത്തുന്ന വേശ്യാവൃത്തിക്കാണ് മൂന്നു മാസം തടവും ഇരുന്നൂറു രൂപ പിഴയും ശിക്ഷ വിധിക്കുന്നത്. എന്നാല്‍ പൊതുസ്ഥലം എന്നതിനും വേശ്യാലയം എന്നതിനും വ്യക്തമായ നിര്‍വ്വചനം നല്‍കപ്പെട്ടിട്ടില്ല. പൊതുസ്ഥലത്ത് വെച്ചല്ല വേശ്യാവൃത്തിയെങ്കില്‍ കുറ്റകരമാകുന്നില്ലത്രെ. വേശ്യാലയം എന്നതിന്റെ നിര്‍വ്വചനപരിധിയില്‍ വരണമെങ്കില്‍ അഭിസാരികയും ഇടപാടുകാരനും പുറമെ മൂന്നാമതൊരാളും കൂടി വേണം.
സമൂഹത്തെ ജീര്‍ണ്ണതയിലേക്കും സാംസ്കാരികാധപ്പതനത്തിലേക്കും നയിക്കുന്ന ഈ പ്രതിഭാസത്തെ നിരോധിക്കുവാന്‍ ഇന്ത്യാ ഗവണ്‍മെന്റിനു കഴിയാത്തതെന്തു കൊണ്ടാണ്? ഇവിടെയാണ് മനുഷ്യാവകാശങ്ങളും സനാതന ധര്‍മ്മങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ സ്വാധീനം ചെലുത്തുന്നത് പാശ്ചാത്യ സങ്കല്‍പത്തിലുള്ള മനുഷ്യാവകാശങ്ങളാണ്. ലൈംഗികബന്ധം, പ്രത്യുല്‍പാദനം, ഗര്‍ഭച്ഛിദ്രം തുടങ്ങി, വ്യക്തിയുമായി ബന്ധപ്പെട്ട ശാരീരികപ്രശ്നങ്ങള്‍,വ്യക്തിസ്വാതന്ത്യ്രത്തില്‍പ്പെട്ടതാണെന്നാണ് അന്താരാഷ്ട്രരംഗത്തെ ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ വാദിക്കുന്നത്. അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്യ്രസങ്കല്‍പം,മനുഷ്യാവകാശമായും പൌരാവകാശമായും വ്യാഖ്യാനിക്കപ്പെടുമ്പോള്‍ എല്ലാ ജീര്‍ണ്ണതകള്‍ക്കും അത് കാരണമായിത്തീരുന്നു.
ഇരുളിന്റെ മറവില്‍ വേശ്യാലയത്തിലെത്തുന്ന പുരുഷന്‍മാര്‍ തന്നെയാണ് പകല്‍ വെളിച്ചത്തില്‍ അവരെ കല്ലെറിയുന്നത്. ഈ സ്ഥാപനത്തെ നിലനിര്‍ത്തുന്നതില്‍ രാഷ്ട്രീയക്കാരും പോലീസും പ്രമാണിമാരും ഒരു പോലെ പങ്കുവഹിക്കുന്നു. ലൈംഗികവും സാമ്പത്തികവുമായ ചൂഷണം നിലനില്‍ക്കുന്നു. നക്ഷത്രവേശ്യാലയങ്ങളില്‍ നടക്കുന്ന അസാന്മാര്‍ഗ്ഗികതകള്‍ സമൂഹം അറിയുന്നില്ല. എന്നാല്‍ സാധാരണക്കാരായ വേശ്യകളെ പോലീസ് അസമയത്ത് പോലും അറസ്റ്റ് ടി യ്യുകയും ലോക്കപ്പിലാക്കി പീഢിപ്പിക്കുകയും ചെയ്യുന്നു. വേശ്യാലയം ഉള്‍പ്പെടുന്ന അധോലോ കവുമായി പോലീസിന്റെ ബന്ധം ആര്‍ക്കും അറിയാത്തതല്ല. വേശ്യാലയങ്ങളില്‍ നിന്നു മാസപ്പടി പറ്റുന്ന പോലീസേമാന്മാരും രാഷ്ട്രീയ നേതാക്കളും കുറവല്ല.
ഏറ്റവും ഭീഷണവും വേദനാജനകവുമായ വസ്തുത വേശ്യകളുടെ പെണ്‍മക്കള്‍ വേശ്യകളായും ആണ്‍കുട്ടികള്‍ ഗുണ്ടകളും സാമൂഹ്യവിരുദ്ധരുമായും മാറുന്നുവെന്നതാണ്. അവര്‍ മയക്കുമരുന്നിനും ലഹരിക്കും അടിമകളായിത്തീരുന്നു. വാടകഗുണ്ടകളാകുന്നു. തങ്ങളുടെ മക്കള്‍ തങ്ങളെ പോലെ നശിക്കണമെന്നു ഒരു അമ്മയും ആഗ്രഹിക്കുന്നില്ല. ജീവിതത്തിലെ നരകീയാനുഭവങ്ങളാണ് അവരെ ഈ തൊഴിലിലേക്ക് വലിച്ചെറിയുന്നത്. അടുത്ത തലമുറയെങ്കിലും ഇതില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ ആസൂത്രിതമായ ബോധവല്‍ക്കരണവും പുനരധിവാസവും ആവശ്യമാകുന്നു.
വേശ്യാവൃത്തി ഒരു സാമൂഹ്യതിന്മയാണ്. അതിനെ സ്ഥാപനവല്‍ക്കരിക്കുകയല്ല, ഇല്ലാതാക്കുകയാണു വേണ്ടത്. നിയമം കൊണ്ട് മാത്രം ഇത് സാധ്യമല്ല. സാമൂഹ്യമനസ്സാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഈ അഗ്നിപുത്രികളെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയല്ല; സാമൂഹ്യധാരയിലേക്ക് കൊണ്ടു വരികയാണു വേണ്ടത്.