സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ
Showing posts with label കുടുംബം. Show all posts
Showing posts with label കുടുംബം. Show all posts

Wednesday, 27 August 2014

മുസ്ലിം സ്ത്രീയുടെ സൌഭാഗ്യം

“ആളുകള്‍ നെട്ടോട്ടമോടുന്നു; കൂട്ടത്തില്‍ ഞങ്ങളുടെ കൂട്ടുകാരില്‍ ചിലരുമുണ്ട്. ‘എന്താണു വിശേഷം?’ ഞാന്‍ തിരക്കി. “ഹിന്ദു സമുദായത്തില്‍ ഒരാള്‍ മരിച്ചിരിക്കുന്നു; അയാളെ ദഹിപ്പിക്കാന്‍ അഗ്നികുണ്ഡം തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നു; അയാളുടെ പത്നിയും ആ ചിതയില്‍ ഭര്‍ത്താവിനോടൊപ്പം ശരീരം ദഹിപ്പിക്കാനായി എടുത്തു ചാടുകയാണ്”. അവര്‍ പറഞ്ഞു. സംഭവം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ഞങ്ങളുടെ സ്നേഹിതന്മാര്‍ പറഞ്ഞു: അഗ്നിയില്‍ അവള്‍ സ്വഭര്‍ത്താവിനെ കെട്ടിപ്പുണരുകയായിരുന്നു. ഞാന്‍ ഇന്ത്യയില്‍ താമസിക്കുമ്പോള്‍, ഹൈന്ദവ സ്ത്രീയെ അണിയിച്ചൊരുക്കി വാഹനപ്പുറത്ത് ആളുകള്‍ വാദ്യമേളങ്ങളോടെ ബ്രാഹ്മണ പണ്ഡിതരുടെ നേതൃത്വത്തില്‍ ആനയിച്ചു കൊണ്ടു പോകുന്നതു പലപ്പോഴും കാണാറുണ്ട്.
മറ്റൊരിക്കല്‍ യുദ്ധത്തില്‍ മരണപ്പെട്ട മൂന്നു ഹിന്ദുക്കളുടെ പത്നിമാര്‍ ചിതയില്‍ ചാടിയ സംഭവം എന്നെ അത്യധികം നടുക്കിക്കളഞ്ഞു. മൂന്നു ദിവസത്തെ തയ്യാറെടുപ്പിനു ശേഷമാണ് അവര്‍ ഈ ഭീകര കൃത്യത്തിനു മുതിര്‍ന്നത്. ഭൌതിക ലോകത്തോടുള്ള വിടവാങ്ങലായിരുന്നു ഈ തയ്യാറെടുപ്പ് എന്നു പറയാം. തിന്നും കുടിച്ചും ആടിയും പാടിയും അത്യധികം ആഹ്ളാദിക്കുന്ന ഈ ദിനങ്ങളില്‍ നാനാഭാഗത്തു നിന്നും സ്ത്രീകള്‍ അവരെ സന്ദര്‍ശിക്കാന്‍ വന്നുകൊണ്ടിരുന്നു. നാലാം ദിവസം പ്രഭാതത്തില്‍ ഓരോരുത്തരെ യും ഓരോ കുതിരപ്പുറത്തു കയറ്റുന്നു. സൌന്ദര്യവും സൌരഭ്യവും പൂണ്ട് അശ്വത്തില്‍ കയറുന്ന വിധവാ വനിതയുടെ വലതു കൈയില്‍ ഒരു നാളികേരം. അതുകൊണ്ടവള്‍ കളിച്ചു കൊണ്ടിരിക്കുന്നു. ഇടതു കൈയില്‍ ഒരു കണ്ണാടിയും, അതില്‍ അവള്‍ ഇടയ്ക്കിടെ അവളുടെ മുഖം വീക്ഷിച്ചുകൊണ്ടിരിക്കുന്നു. ബ്രാഹ്മണരും കുടുംബാംഗങ്ങളും അവളെ വലംവെച്ചു നീങ്ങുന്നു. വാദ്യമേളങ്ങള്‍ അവള്‍ക്ക് അകമ്പടി സേവിക്കുന്നു. കാണികളില്‍ ഓരോ പേരും അവളോടു തന്റെ (പരേതനായ) പിതാവ്, സഹോദരന്‍, മാതാവ്, സ്നേഹിതന്‍ എന്നിവര്‍ക്ക് അഭിവാദ്യം അര്‍പിക്കാന്‍ പറഞ്ഞേല്‍പിക്കുന്നു. അവള്‍ ചിരിച്ചുകൊണ്ട് അതൊക്കെ ഏറ്റുവാങ്ങുന്നു.
രംഗം വീക്ഷിക്കാന്‍ ഞാനും സുഹൃദ്സമേതം യാത്രയായി. മൂന്നു മൈലോളം യാത്ര ചെയ്തു ഞങ്ങള്‍ അതിഭീകരമായ ആ സ്ഥലത്തെത്തി. വൃക്ഷങ്ങള്‍ ഇടതൂര്‍ന്ന, ജല സമൃദ്ധമായ, കൂരിരുട്ടുള്ള ഒരു സ്ഥലം. അവിടെ വൃക്ഷങ്ങള്‍ക്കിടയില്‍ നാലു കുംഭകങ്ങള്‍. ഓരോ കുംഭകത്തിലും ഓരോ ശിലാ വിഗ്രഹം. കുംഭകങ്ങള്‍ക്കിടയിലൊരു ജലാശയം. ഇടതൂര്‍ന്ന വൃക്ഷങ്ങള്‍ ആ ജലാശയം തമോമയമാക്കുന്നു. ചുരുക്കത്തില്‍ ഒരു നരകഭീകരമായ സ്ഥലം. വിധവാ വനിതകള്‍ മൂവരും ജലാശയത്തിനടുത്തെത്തി. വസ്ത്രങ്ങളും ആഭരണങ്ങളും അഴിച്ചു ധര്‍മ്മം ചെയ്തു. പരുക്കന്‍ പഞ്ഞി വസ്ത്രം ധരിച്ചു. തലയിലും മധ്യത്തിലും ചുമലിലും വസ്ത്രം ബന്ധിച്ചു. ഈ ജലാശയത്തിന്റെ സമീപത്താണ് കത്തിജ്വലിക്കുന്ന അഗ്നികുണ്ഡം. അതില്‍ എള്ളെണ്ണയൊഴിച്ചു. അതോടെ തീജ്വാലകള്‍ കൂടുതല്‍ ശക്തമായി ആളിപ്പടര്‍ന്നു.
നേര്‍ത്ത വിറകിന്‍ കെട്ടുകളുമായി പതിനഞ്ചോളമാളുകള്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. പരുക്കന്‍ തടിക്കഷ്ണങ്ങളുടെ കെട്ടുകളുമായി വേറെ പത്തു പേരും. അവിടെ ചെണ്ടകളും കുഴലുകളുമായി സ്ത്രീകളുടെ ആഗമനം പ്രതീക്ഷിച്ച് ഒരു പറ്റം നില്‍പുണ്ടായിരുന്നു. തീജ്വാലകള്‍ പ്രഥമ ദൃഷ്ട്യാ തന്നെ സ്ത്രീകളെ പരിഭ്രാന്തരാക്കാതിരിക്കാന്‍ ഒരു കര്‍ട്ടണ്‍ കൊണ്ടു കുറച്ചു പേര്‍ മറച്ചു പിടിച്ചിരിക്കുന്നു. സ്ത്രീകളിലൊരാള്‍ ധൈര്യമവലംബിച്ച് ആ കര്‍ട്ടണ്‍ പിടിച്ചു പറിച്ചു മാറ്റി. ‘തീ കൊണ്ടു നിങ്ങള്‍ എന്നെ പേടിപ്പെടുത്തുന്നുവോ? അഗ്നി ചൂടാണെന്ന് എനിക്കറിയാം” അവള്‍ പറഞ്ഞു. പിന്നീട് ഇരുകരങ്ങള്‍ തലയില്‍ ചേര്‍ത്തു വച്ച് അഗ്നിയെ വന്ദിച്ചു കൊണ്ട് ഓരോരുത്തരും അഗ്നിയിലേക്കെടുത്തു ചാടി. ചെണ്ട കൊട്ടും കുഴലൂത്തും ആ രംഗത്തിനു കൊഴുപ്പേകി. പതിനഞ്ചു പേരും തങ്ങളുടെ വിറകിന്‍ കെട്ടുകള്‍ അഗ്നിയിലേക്കെറിഞ്ഞു. അഗ്നി ആളിപ്പടര്‍ന്നു. അതില്‍ എരിയുന്ന യുവതികള്‍ ഇളകാതിരിക്കാന്‍ പത്തു പേര്‍ തടിക്കഷ്ണങ്ങളുടെ കെട്ടുകള്‍ അവരുടെ മുകളിലിട്ടു. കാണികള്‍ ആര്‍ത്തു വിളിച്ചു. ശബ്ദകോലാഹലമുണ്ടാക്കി. ഈ ഭീകര ദൃശ്യങ്ങള്‍ കണ്ട ഞാന്‍ തലകറങ്ങി കുതിരപ്പുറത്തു നിന്നു വീഴാറായി. എന്റെ കൂട്ടുകാര്‍ എന്റെ മുഖത്തു വെള്ളം തളിച്ചു; അല്‍പം ആശ്വാസം വന്നു; പിന്നീട് ഞങ്ങള്‍ യാത്ര തിരിച്ചു”.
ക്രി. 1377-ല്‍ മൃതിയടഞ്ഞ ലോക സഞ്ചാരിയായ ഇബ്നു ബതൂത്ത അദ്ദേഹത്തിന്റെ രിഹ്ല (2:14)യില്‍ രേഖപ്പെടുത്തിയ വരികളാണിത്. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ഭാര്യ ആത്മഹത്യ ചെയ്യുന്ന സംഭ്രമജനകമായ ഒരു രംഗമാണ് ദൃക്സാക്ഷിയായ അദ്ദേഹം ഇവിടെ ചിത്രീകരിക്കുന്നത്. ഇത്തരം അനാചാരങ്ങളില്‍ നിന്നും അതിനു വഴി തെളിച്ച അന്ധവിശ്വാസങ്ങളില്‍ നിന്നും ഇസ്ലാം മുസ്ലിം സമൂഹത്തിനു മോചനം നല്‍കിയിരിക്കുന്നു. അല്‍ഹംദുലില്ലാ…
നമ്മുടെ രാജ്യത്തു നിലവിലുണ്ടായിരുന്ന സമ്പ്രദായ പ്രകാരം ഭര്‍ത്താവിന്റെ മരണശേഷം ഭാര്യ സതി മുഖേന ആത്മത്യാഗം ചെയ്യേണ്ടിയിരുന്നു. ഇല്ലെങ്കില്‍ പിന്നെ കൊല്ലാക്കൊലയാണു പ്രതിവിധി. അഥവാ മരണം വരെ പുനര്‍വിവാഹം നടത്താനോ സുഖകരമായ ജീവിതം നയിക്കാനോ അനുമതിയുണ്ടായിരുന്നില്ല. ഹൈന്ദവ നിയമശാസ്ത്രജ്ഞനായ മനുവിന്റെ വാക്കുകള്‍ കാണുക:
“കാമം തുക്ഷപയേദ്ദേഹം പുഷ്പമൂലഫലൈഃ ശുഭൈഃ
ന തു നാമാപി ഗൃഹ്ണീയാത് പത്യൌ പ്രേതേ പരസ്യ തു.” (5/157)
“ഭര്‍ത്താവു മരിച്ച ശേഷം പരിശുദ്ധമായ കിഴങ്ങ്, ഫലം, പുഷ്പം തുടങ്ങിയ ആഹാരം കൊണ്ട് ദേഹത്തിനു ക്ഷയം വരുത്തി ജീവകാലം നയിക്കണം. കാമവികാരോദ്ദീപനത്തിന്മേല്‍ മറ്റൊരു പുരുഷന്റെ നാമം പോലുമുച്ചരിക്കരുത്”. വിധവാ വിവാഹത്തെക്കുറിച്ചുള്ള മനുസ്മൃതിയുടെ മറ്റൊരു പ്രസ്ഥാവന കാണുക:
“നോ ദ്വാഹി കേഷു മന്ത്രേഷു നിയോഗഃ കീര്‍ത്ത്യതേ ക്വചിത്
ന വിവാഹ വിധാവുക്തം വിധവാ വേദനം പുനഃ”
“അര്‍യ്യമണം നുദേവം” എന്നു തുടങ്ങിയ വൈവാഹിക മന്ത്രങ്ങളില്‍ നിയോഗത്തെക്കുറിച്ച് എങ്ങും പറഞ്ഞിട്ടില്ല. അതു പോലെ വിവാഹ വിധികളിലൊരിടത്തും മറ്റൊരു പുരുഷനോടു കൂടി വിധവയ്ക്കു പുനര്‍ വിവാഹവും പറഞ്ഞിട്ടില്ല.
“അയം ദ്വിജൈര്‍ഹി വിദ്വദ്ഭിഃ പശുധര്‍മ്മോ വിഗര്‍ഹിതഃ
മനുഷ്യാണാമപി പ്രോക്തോ വേനേ രാജ്യം പ്രശാസതി”
“വിധവാ വിവാഹമെന്നുള്ള ഈ പശു ധര്‍മ്മത്തെ വിദ്വാന്മാരെല്ലാം നിന്ദിച്ചിട്ടുള്ളതാണ്. ഇത് അധാര്‍മ്മികനായ വേനന്‍ രാജ്യം ഭരിച്ചിരുന്ന കാലത്ത് മനുഷ്യര്‍ക്കും അനുവദിച്ചുകൊടുത്തു” (9/65,66).
അറേബ്യയില്‍ ഇസ്ലാമിന്റെ ആവിര്‍ഭാവകാലത്ത്, സ്ത്രീകളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന സമ്പ്രദായം കുപ്രസിദ്ധമാണല്ലോ. മുഹമ്മദ് നബി(സ്വ)യുടെ ആഗമത്തോടെ ഈ ദുഃസ്ഥിതിക്കു മാറ്റം വന്നു. സ്ത്രീക്കു ജീവിക്കുവാനുള്ള അവകാശം ഇസ്ലാം നേടിക്കൊടുത്തു. ദാരിദ്യ്രത്തിന്റെ പേരിലോ അപമാനത്തിന്റെ പേരിലോ അന്ധവിശ്വാസത്തിന്റെ പേരിലോ ഉള്ള എല്ലാ സ്ത്രീവധവും ഇസ്ലാം നിരോധിച്ചു. അവള്‍ക്ക് ആരാധനാ സ്വാതന്ത്യ്രവും സ്വത്തവകാശവും, അഭിപ്രായ സ്വാതന്ത്യ്രവും വകവെച്ചു കൊടുത്തു. പുരുഷനു പിതാവ് എന്ന പദവി നല്‍കിയപ്പോള്‍ സ്ത്രീക്കു മാതാവ് എന്ന സ്ഥാനവും നല്‍കി. ബാല്യത്തില്‍ അവളെ മാതാപിതാക്കളും യൌവ്വനത്തില്‍ ഭര്‍ത്താക്കന്മാരും വാര്‍ധക്യത്തില്‍ സന്താനങ്ങളും സ്നേഹാദരപൂര്‍വ്വം സംരക്ഷിക്കണമെന്നു പ്രവാചകന്‍(സ്വ) പഠിപ്പിച്ചു. സ്ത്രീ സ്വാഭാവികമായും അവഗണിക്കപ്പെടുകയും നിരാലംബയാവുകയും ചെയ്യുന്ന ഘട്ടമാണു വാര്‍ധക്യകാലം. ഈ ഘട്ടത്തില്‍ അവളുടെ സുരക്ഷ കൂടുതല്‍ ഉറപ്പു വരുത്തിയെന്നു മാത്രമല്ല, അവള്‍ക്കു വിനയത്തിന്റെ ചിറകു താഴ്ത്തിവച്ചു കൊടുക്കണമെന്നും ആദരപൂര്‍വമേ അവളോടു സംസാരിക്കാവൂ എന്നും സന്താനങ്ങളോടു ഖുര്‍ആന്‍ കല്‍പിച്ചു.
ഈ ലോകത്ത് ഒരു മനുഷ്യന്‍ ഭംഗിയായി പെരുമാറാന്‍ ഏറ്റവും കടപ്പെട്ടത് തന്റെ മാതാവിനോടാണെന്നു പ്രവാചകന്‍(സ്വ) പഠിപ്പിച്ചു. മാത്രമല്ല, മാതാവിന്റെ കാല്‍പാദത്തിനു കീഴിലാണു സ്വര്‍ഗമെന്നു പ്രഖ്യാപിക്കുക വഴി നബി തിരുമേനി (സ്വ) സ്ത്രീയെ അത്യുന്നത സ്ഥാനത്തേക്കുയര്‍ത്തുകയാണു ചെയ്തിട്ടുള്ളത്. “സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെപ്പിറപ്പുകളാണ്”(തിര്‍മുദി, അബൂദാവൂദ്, അഹ്മദ്) എന്ന പ്രസ്താവനയിലൂടെ സ്ത്രീ പുരുഷ സാഹോദര്യ ബന്ധം തിരുമേനി(സ്വ) അരക്കിട്ടുറപ്പിച്ചു. “നിങ്ങള്‍ സ്ത്രീകളുടെയും സ്ത്രീകള്‍ നിങ്ങളുടെയും വസ്ത്രങ്ങളാണ്”(2:187) എന്ന ഖുര്‍ആനിന്റെ പ്രസ്താവം ഭാര്യാഭര്‍തൃ ബന്ധത്തിന്റെ അവാച്യമായ ചിത്രീകരണമാണ്.
സ്ത്രീക്ക് ആഹാരവും പാനീയവും വസ്ത്രവും താമസ സൌകര്യവും മറ്റു ജീവിത വിഭവങ്ങളും നല്‍ കേണ്ട ബാധ്യത പുരുഷനെ ഏല്‍പിക്കുകയും എന്നിട്ടും അനന്തരാവകാശത്തില്‍ സ്ത്രീക്കു പങ്കു നല്‍കുകയും ധന സമ്പാദന-വിനിയോഗ സ്വാതന്ത്യ്രം ഉറപ്പു വരുത്തുകയും അവളുടെ ധനത്തിന്റെ ഒരു കണിക പോലും അവളുടെ പൂര്‍ണ സംതൃപ്തിയില്ലാതെ പുരുഷന്‍ എടുക്കാനോ കൈകാര്യം ചെയ്യാനോ പാടില്ലെ ന്നു പഠിപ്പിക്കുകയും ചെയ്ത പ്രവാചകന്‍(സ്വ) സ്ത്രീ വര്‍ഗത്തിന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷി യും വിമോചകനും തന്നെ. പ്രകൃതി സഹജമായ കാരണങ്ങള്‍ കൊണ്ടും പ്രസവം, ശിശുപരിപാലനം തുടങ്ങിയ ബാധ്യതകള്‍ ഉള്ളതു കൊണ്ടും സ്ത്രീകള്‍ക്ക് ഒട്ടേറെ പൊതു ബാധ്യതകളില്‍ നിന്നു പ്രവാചകന്‍(സ്വ) മോചനം നല്‍കി. ജുമുഅ, ജമാഅത്ത്, ധര്‍മയുദ്ധം, രാജ്യ സംരക്ഷണം, രാജ്യഭരണം ആദിയായവ ഈയിനത്തില്‍ പെടുന്നു. സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ശാരീരിക മാനസിക പ്രകൃതങ്ങളില്‍ അടിസ്ഥാന പരമായ ചില അന്തരങ്ങള്‍ ഉള്ളതുകൊണ്ട് സ്ത്രീകള്‍ക്കു പ്രത്യേക പ്രവര്‍ത്തന വേദി ഇസ്ലാം ദയാപൂര്‍വം നിശ്ചയിച്ചിരിക്കുന്നു. പക്ഷേ, പരലോക സൌഭാഗ്യമാണു സകല പ്രവര്‍ത്തനത്തിന്റെയും പരമ ലക്ഷ്യം. അതിനു വേണ്ടത് സദ്കര്‍മങ്ങളാണ്. കര്‍മ ഫലങ്ങളില്‍ സ്ത്രീയും പുരുഷനും തുല്യമാണ്. ഇ ക്കാര്യം വിശുദ്ധ ഖുര്‍ആന്‍ 4:124-ലും 16:97-ലും വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹം നേരത്തെയായാല്‍

റൈഹാനത്തിന് പതിനേഴ് വയസ്സുള്ളപ്പോഴാണ് മുജീബുറഹ്മാന്‍ അവളെ വിവാഹം ചെയ്യുന്നത്. അവന്റെ വീട്ടുകാരുടെ എതിര്‍പ്പുകാരണം പിന്നീട് അവളെ ഉപേക്ഷിച്ചു. റൈഹാനത്ത് കുടുംബകോടതിയെ സമീപിച്ചു. ഇന്ത്യന്‍ പ്രായപൂര്‍ത്തി നിയമപ്രകാരം പതിനെട്ടു വയസ്സു തികയാത്ത മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹത്തിന് സാധുതയില്ലെന്ന് കുടുംബകോടതി അഭിപ്രായപ്പെട്ടു. അതിനെതിരായി സമര്‍പ്പിച്ച ഹരജിയിലാണ് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ആര്‍. ബസന്ത് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്. ശരിയായ മാനസികനിലയുള്ള, ഋതുമതിയായ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ കരാര്‍ സാധുവാണെന്ന്, മുസ്ലിം വ്യക്തിനിയമം ചൂണ്ടിക്കാട്ടി അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇസ്ലാമിക നിയമമനുസരിച്ച് വിവാഹം ഒരു കരാറാണ്.  മുസ്ലിം വ്യക്തിനിയമം നിശ്ചിതമായ വിവാഹപ്രായമൊന്നും നിര്‍ദ്ദേശിക്കുന്നില്ല. വിവിധ മുസ്ലിം രാജ്യങ്ങളില്‍ വ്യത്യസ്തമായ വിവാഹപ്രായമാണ് നിലനില്‍ക്കുന്നതെന്ന് പ്രശസ്ത നിയമജ്ഞനായ ഡോ. ത്വാഹിര്‍ മഹ്മൂദ് വെളിപ്പെടുത്തുന്നു. റോമന്‍ നിയമമനുസരിച്ച് വധൂവരന്മാരുടെ വിവാഹപ്രായം യഥാക്രമം 12-14 ആയിരുന്നു. ക്രൈസ്തവരാജ്യങ്ങളിലും പിന്നീടത് നിയമമായി. കാലം മാറിയപ്പോള്‍ പിന്നെയും മാറ്റങ്ങള്‍ വന്നു. വൈജ്ഞാനിക വികാസത്തിന്റെ ഫലമായി കുടുംബ ജീവിതത്തിലും സാമൂഹ്യവീക്ഷണങ്ങളിലുമൊക്കെ മാറ്റങ്ങഉുണ്ടായി.
വേദകാലം തൊട്ടേ ഇന്ത്യയില്‍ ശൈശവ വിവാഹം നിലനിന്നിരുന്നു. പെണ്‍കുട്ടിക്ക് എട്ടുവയസ്സു തികയുമ്പോഴേക്ക് ഇരുപത്തിനാലുകാരന് വിവാഹം ചെയ്തുകൊടുക്ക ണമെന്നാണ് മനു നിര്‍ദ്ദേശിച്ചതത്രെ. ഇന്നും രാജസ്ഥാനിലും മറ്റും ആയിരക്കണക്കിന് കൊച്ചു മണവാട്ടികളും കൊച്ചുമണവാളന്മാരും വിവാഹിതരാകുന്നു. യൂറോപ്പിലും ഒരു കാലത്ത് രണ്ടും മൂന്നുംവയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെ വരണമാല്യത്തില്‍ ബന്ധിച്ചിരുന്നു. ബുദ്ധിയുദിക്കുന്നതിനു മുമ്പുള്ള ഈ കൂട്ടിക്കെട്ടലുകള്‍ പ്രായമാകുമ്പോള്‍ പൊട്ടിപ്പോവുക സ്വാഭാവികം മാത്രം.
മലപ്പുറം ജില്ലയില്‍ കൌമാര വിവാഹം വര്‍ധിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ കേട്ടുതുടങ്ങിയിട്ട് ഏറെ നാളായി. ‘സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് പെരുകുന്നു. വേണ്ടത്ര പക്വത വരുന്നതിനു മുമ്പുതന്നെ അവരെ കെട്ടിച്ചയക്കുന്നു. ഇരുപത് ഇരുപത്തിരണ്ടു വയസ്സാകുമ്പോഴേക്ക് മൂന്നും നാലും പെറ്റ് അവര്‍ ഉമ്മൂമ്മമാരെപ്പോലെയാകുന്നു. ആദ്യ ഭാര്യയെ മൊഴിചൊല്ലുമ്പോള്‍ കൊടുക്കേണ്ട ജീവനാംശം പുതിയ ഭാര്യയില്‍ നിന്നു ഈടാക്കുന്നു.’ ഇങ്ങനെ പോകുന്നു, വിമര്‍ശനങ്ങള്‍. സവര്‍ണ സമുദായങ്ങളില്‍ പോലും കൌമാര വിവാഹം നടക്കുന്നുണ്ടെങ്കിലും വിമര്‍ശന ശരങ്ങള്‍ മിക്കവാറും മുസ്ലിം     കളുടെ നേരെയാണ്. ഫീച്ചറുകളിലും ദൃശ്യമാധ്യമ ചര്‍ച്ചകളിലുമൊക്കെ സജീവമായി ഈ പ്രശ്നം സ്ഥാനം പിടിക്കാറുണ്ട്.
വസ്തുനിഷ്ഠമായ പഠനങ്ങളുടെ ഫലമായിട്ടാണോ ഈ വിമര്‍ശനം എന്നറിഞ്ഞുകൂടാ. വിമര്‍ശനങ്ങളുണ്ടാകുമ്പോള്‍, അതിനുനേരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ആരോഗ്യകരമല്ല. പ്രശ്നത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുവാനും പരിഹാരം കാണുവാനുമാണ് സമുദായം തയ്യാറാവേണ്ടത്. ഋതുമതിയായതുകൊണ്ട് മാത്രം ഒരു പെണ്‍കുട്ടി വിവാഹയോഗ്യയായിത്തീരുന്നില്ല. ശാരീരികവും മാനസികവുമായ പക്വത തന്നെയാണ് വിവാഹത്തിനുള്ള അവളുടെ അര്‍ഹത നിര്‍ണയിക്കേണ്ട പ്രധാന ഘടകം. ജീവിതത്തിലേക്ക് കടന്നുവരുന്ന പുരുഷനോടും അയാളുടെ കുടുംബത്തോടും ഇണങ്ങിച്ചേരുവാന്‍, കുടുംബഭാരം ഏറ്റെടുക്കുവാന്‍, അതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത യാഥാര്‍ഥ്യങ്ങളെ നേരിടാന്‍ -ഒക്കെ ഒന്നു പാകമായിവരാനുണ്ട്. പൊയ്പോയ തലമുറകളിലെ ഉമ്മാമമാരെ കെട്ടിച്ചയച്ചത് ഒമ്പതും പത്തും വയസ്സിലാണെന്ന ന്യായം കൊണ്ട്, ആധുനിക കാലഘട്ടത്തിന്റെ പ്രശ്നങ്ങളെ നേരിടാനാവില്ല. കൊത്തം കല്ലുകളിച്ചു നടക്കുന്ന പെണ്‍കുട്ടിക്ക് ഇതിനൊക്കെ സാവകാശം ലഭിക്കേണ്ടതുണ്ട്. കൌമാരം ഒരു ഉരുള്‍ പൊട്ടലിന്റെ കാലമാണ്. പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരുപാട് സ്വപ്നങ്ങള്‍ പൂവിടുന്ന വസന്തകാലം. ലൈംഗികതയുടെയും വൈകാരികതയുടെയും  അനുഭവതലങ്ങള്‍ ക്കുവേണ്ടിയുള്ള ജിജ്ഞാസാഭരിതമായ അന്വേഷണങ്ങളുടെ കാലം. സിനിമയിലും നോവലിലും സീരിയലിലും കാണുന്നതല്ല ജീവിതം എന്ന തിരിച്ചറിവ് ആവശ്യപ്പെടുന്ന കാലം. പറന്നു നടക്കുന്ന ഒരു കിളിയെപിടിച്ചു കൂട്ടിലടക്കുന്ന ലാഘവത്തോടെയല്ല ഈ ഘട്ടത്തില്‍ പെണ്‍കുട്ടികളെ സമീപിക്കേണ്ടത്.
ഒരു പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ കെട്ടാന്‍ ആളില്ലാത്ത ഒരവസ്ഥ എങ്ങനെയോ വന്നുചേര്‍ന്നിട്ടുണ്ട്. ഡിഗ്രിയും പി.ജിയുമൊക്കെ പഠിക്കുന്ന മുസ്ലിം യുവതികള്‍ക്ക് പഠിപ്പുകഴിഞ്ഞുവരുമ്പോള്‍,അഭ്യസ്തവിദ്യരായ വരന്മാരെ കിട്ടാത്ത സ്ഥിതി. വധുവിനു ഡിഗ്രിയോ തൊഴിലോ ആവശ്യമില്ലാത്ത സ്ഥിതി. എസ്.എസ്.എല്‍.സി വരെ പഠിച്ച് പതിനെട്ടാം വയസ്സില്‍ ഗള്‍ഫില്‍ പോയി രണ്ടുവര്‍ഷം കഴിഞ്ഞ് തിരിച്ചുവരുന്നവന് ഇതു രണ്ടുമില്ലെങ്കിലും ഇളം പ്രായമുള്ള കിടാവിനെ മതി എന്ന അവസ്ഥ. പലപ്പോഴും ഗള്‍ഫുവിവാഹങ്ങളില്‍ വധൂവരന്മാര്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരത്തിലുള്ള അന്തരം മനഃശാസ്ത്രപരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പിന്നെ ദാരിദ്യ്രം, സ്ത്രീധനം, ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മ എന്നിങ്ങനെ പല പ്രശ്നങ്ങളും കൌമാരവിവാഹത്തില്‍ കടന്നുവരുന്നുണ്ട്.
ഏറ്റവും ഗൌരവമായി കാണേണ്ടത് നേരത്തെ വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങളാണ്. ലൈംഗികാവയവങ്ങളുടെ വളര്‍ച്ച പരിപക്വമാകുംമുമ്പുള്ള വിവാഹവും കൂടെക്കൂടെയുള്ള പ്രസവവും അവളുടെ ആരോഗ്യവും താരുണ്യവും നഷ്ടപ്പെടുത്തും. തുടര്‍ച്ചയായുള്ള പ്രസവം ഗര്‍ഭപാത്രത്തെ ബാധിക്കുന്നു. ഇത് ക്രമേണ നടുവേദനക്ക് വഴിവെയ്ക്കുന്നു. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ നടുവേദനയുള്ള സ്ത്രീകള്‍ മലപ്പുറം ജില്ലയിലാണത്രെ. പഴയകാലത്തെ പ്രസവരക്ഷയൊന്നും ഇപ്പോള്‍ ലഭിക്കുന്നില്ല. അമ്മ പ്രസവിച്ച് കട്ടിലൊഴിയുന്നതിനുമുമ്പ് മകള്‍ പ്രസവത്തിനെത്തുന്ന അവസ്ഥയും മലപ്പുറത്ത് കൂടുതലായി അനുഭവപ്പെടുന്നതായി പറയപ്പെടുന്നു. ഇതൊക്കെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്ന കാര്യങ്ങളാണ്. വന്ധ്യത, ഗര്‍ഭഛിദ്രം എന്നിവയും ഇവിടെ വര്‍ധിച്ചുവരികയാണത്രെ. ഇരുപതോ ഇരുപത്തിരണ്ടോ വയസ്സാകുമ്പോഴേക്കും മൂന്നും നാലും കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടിവരുന്ന യുവതിയുടെ ആരോഗ്യം തകരുന്നു. അതവരെ മരണത്തിലേക്ക് വരെ നയിക്കുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യം നോക്കാന്‍പോലും അവര്‍ക്ക് കഴിയാതെ വരുന്നു.
നേരത്തെ വിവാഹം നടക്കുന്ന പെണ്‍കുട്ടികള്‍ അപഥസഞ്ചാരത്തിലേക്ക് തിരിയുവാനുള്ള സാധ്യത കുറയുന്നുവെന്ന ഒരു എതിര്‍വാദം ഇവിടെ ഉയരുന്നുണ്ട്. കുട്ടി പ്രണയക്കുരുക്കിലോ അപവാദങ്ങളിലോ കുടുങ്ങുന്നതിനുമുമ്പ്, കെട്ടിച്ചയക്കാനാണ് വീട്ടുകാരാഗ്രഹിക്കുന്നത്. പന്ത്രണ്ടാം വയസ്സിലും പതിമൂന്നാം വയസ്സിലും വിവാഹം കഴിക്കാത്ത അമ്മമാരെ സൃഷ്ടിക്കുന്ന പാശ്ചാത്യനാഗരികതയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇതല്ലേ ഭേദമെന്നാണവരുടെ ന്യായവാദം. യൌവനം ഒടുങ്ങാറാകുമ്പോള്‍, വൈകിനടത്തുന്ന വിവാഹങ്ങളാകട്ടെ ദാമ്പത്യജീവിതത്തിന്റെ മാധുര്യം ക്ഷണികമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.
വൈവാഹികജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു പെണ്‍കുട്ടി ലൈംഗികതയെയും കുടുംബജീവിതത്തെയും കുറിച്ച് വളരെയധികം കാര്യങ്ങള്‍ മനസ്സിലാക്കാനുണ്ട്. വിവാഹത്തിനു മുമ്പ് അതവള്‍ക്ക് നല്‍കുന്നതിനു ക്രൈസ്തവസമുദായത്തില്‍ ചില കൌണ്‍സലിംഗ് സംവിധാനങ്ങളൊക്കെയുണ്ട്. അത് മറ്റുള്ളവര്‍ക്കും മാതൃകയാക്കാവുന്നതാണ്. യാഥാര്‍ഥ്യങ്ങളെ യാഥാര്‍ഥ്യങ്ങളായി അംഗീകരിച്ചേ തീരൂ. വിവാഹം സ്വര്‍ഗത്തില്‍ നടന്നാലും വിവാഹിതര്‍ പുലരേണ്ടത് ഭൂമിയിലാണ്.

വിരഹിയുടെ വ്യാകുലതകള്‍

നീയരികിലുള്ളപ്പോള്‍ ഞാന്‍ നിദ്രാവിഹീനന്‍, നീയരികിലില്ലാത്തപ്പോഴും ഞാന്‍ നിദ്രാവിഹീനന്‍.
ജലാലുദ്ദീന്‍ റൂമിയുടെ ഈ വരികളില്‍ വിരഹികളുടെ വ്യഥകള്‍ മുഴുവനുമുണ്ട്. പ്രണയിനികളുടെ വേര്‍പാടിനെ കുറിച്ചെഴുതാന്‍ കവികള്‍ ഒരു പാടു മഷി ചെലവാക്കിയിട്ടുണ്ട്. മേഘങ്ങളും പറവകളും അവ ഏറ്റു വാങ്ങിയിട്ടുണ്ട്. അപ്പം തേടി വീടും നാടും വിട്ട് അന്യ രാജ്യങ്ങളില്‍ ചേ ക്കേറുന്ന ആണുങ്ങളുടെയും അവരെ ദീര്‍ഘനാള്‍ വേര്‍പിരിഞ്ഞു ജീവിക്കേണ്ടി വരുന്ന പ്രണയിനികളുടെയും നെഞ്ചകങ്ങളിലെ നെരിപ്പോടിനെ കുറിച്ചെഴുതാന്‍ അപ്പോള്‍ എത്ര ടണ്‍ കടലാസ്സു വേണ്ടി വരും?
അബൂദബിക്കാരന്‍ പുതുമണവാളന്‍ നിക്കാഹിന്നൊരുങ്ങി വരുന്നതും കാത്തിരിക്കുന്ന പതിനേഴും പതിനെട്ടും വയസ്സുള്ള പെണ്‍കുട്ടികള്‍. നിക്കാഹ് കഴിഞ്ഞ് കോഴി ബിരിയാണിയുടെയും ഫ്രഞ്ചു പെര്‍ഫ്യൂമിന്റെയും സുഗന്ധം വായുവില്‍  അലിഞ്ഞുതീരുന്നതിന് മുമ്പ്, രണ്ടു മാ സത്തെ ലീവിന്നു വന്ന പുതുമണവാളന്‍ തിരിച്ചു പോകുന്നു. വിമാനത്താവളത്തില്‍, അങ്ങ് ആ കാശത്ത് പൊട്ടുപോലെ മേഘങ്ങള്‍ക്കിടയില്‍ മറയുന്ന വിമാനത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍, അവളുടെ ഉള്ളില്‍ തിളച്ചുമറിയുന്ന വിരഹാഗ്നിയുടെ ചൂടും വേവും ആരുമറിയുന്നില്ല. ഒന്നു പരസ്പരം അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നതിന് മുമ്പ് ജീവിതപങ്കാളിയെ പിരിയേ ണ്ടിവരുന്നവന്റെ മനോവ്യഥകളും ആരും അറിയുന്നില്ല. അക്കരെയും ഇക്കരെയും വേര്‍പെട്ടു കഴിയുമ്പോഴും, ഇരുവരും സ്വപ്നം കാണുന്നത് രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് കിട്ടുന്ന ലീവില്‍ കൂടിച്ചേരാന്‍ കഴിയുന്ന ഏതാനും ദിവസങ്ങളെക്കുറിച്ചു മാത്രമായിരിക്കും.
പ്രവാസിമലയാളികളുടെ കാര്യങ്ങള്‍ നോക്കാന്‍ പടയ്ക്കപ്പെട്ട ‘നോര്‍ക്ക’യുടെ കണക്കനുസരിച്ച് ഗള്‍ഫുരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പതിനാറു ലക്ഷം. (മറ്റൊരു കണക്കില്‍ ഇത് ഇരുപത്തഞ്ചു ലക്ഷമാണ്) ഇവരില്‍ ഏഴോ എട്ടോ ശതമാനത്തിനു മാത്രമാണ് അവിടെ കുടുംബ സമേതം കഴിയുവാനുള്ള ഭാഗ്യം ലഭിക്കുന്നത്. ഭൂരിപക്ഷം പേരും നിസ്സാര വരുമാനക്കാരാണ്. വേണ്ടത്ര വിദ്യാഭ്യാസമോ സാങ്കേതികപരിജ്ഞാനമോ  ഇല്ലാത്തവര്‍. അവരുടെ ജോലിക്ക് തന്നെ സുരക്ഷിതത്വമുണ്ടാവില്ല. തൊഴിലുടമയുടെ നിരന്തരമായ ചൂഷണങ്ങള്‍ക്ക് വിധേയമാവേണ്ടിവരുന്നവര്‍ ഏറെ. നാട്ടില്‍ ജോലിചെയ്തു കിട്ടുന്നതിനേക്കാള്‍ നാലുരൂപ കൂടുതല്‍ കിട്ടുമെന്ന പ്രതീക്ഷയോടെ പുരയിടത്തിന്റെ ആധാരം പണയം വെച്ചും ബ്ളേഡ് കമ്പനികളില്‍ നിന്നു തീപ്പലിശയ്ക്ക് കടമെടുത്തും വിസ സംഘടിപ്പിച്ച് വിമാനം കയറുന്നവര്‍. പുര നിറഞ്ഞു നില്‍ക്കുന്ന പെങ്ങന്മാര്‍, തല ചായ്ക്കാന്‍ സ്വന്തമായ ഒരു മേല്‍ക്കൂര- ഇതെല്ലാമാണു ചുടുമണല്‍ക്കാട്ടില്‍ നടുനിവര്‍ത്താതെ പണിയെടുക്കുമ്പോഴും മനസ്സില്‍ നിറയെ.
ഈ വ്യഥകളോടൊപ്പം വിരഹത്തിന്റെ നൊമ്പരം കൂടി ഉള്ളിലടക്കുവാന്‍ നിര്‍ബന്ധിതരാകുന്ന നിര്‍ഭാഗ്യവാന്മാര്‍. നാട്ടില്‍നിന്നു വരുന്ന  കത്തുകളില്‍ തന്റെ ജിവിതപങ്കാളിയെകുറിച്ചുള്ള സംശയകരമായ ഒരു ചെറു പരാമര്‍ശമുണ്ടായാല്‍ മതി അവരുടെ ഉറക്കം കെടാന്‍. സുഹൃത്തിന്റെ ഭാര്യ അന്യപുരുഷനോടൊപ്പം ഒളിച്ചോടിയെന്നു കേള്‍ക്കുമ്പോള്‍ അയാള്‍ ഞെട്ടുന്നത് സ്വാഭാവികം.പലപ്പോഴും കഥയില്ലാക്കഥകളായിരിക്കും. ഗള്‍ഫു ഭാര്യമാരുടെ വിവാഹേതരബന്ധങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഏറെക്കുറെ അതിശയോക്തിപരമാണെന്ന് മനഃശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. ക്ഷണികമായ മധുവിധു നാളുകളില്‍ തൊട്ടുണര്‍ത്തപ്പെട്ട വൈകാരിക ജീവിതത്തെക്കുറിച്ചുള്ള മധുര സ്മൃതികള്‍ അയവിറക്കി ജീവിക്കേണ്ടിവരുന്ന ചെറുപ്പക്കാരി ഒരു വെടിമരുന്നുപുരയാണ്. ഒരു തീപ്പൊരി മതി പൊട്ടിത്തെറിയുണ്ടാകാന്‍. ഭര്‍ത്തൃ വസതിയില്‍ അവള്‍ക്ക് അന്യത്വം അനുഭവപ്പെടുക സ്വാഭാവികം. അവിടെ ആണുങ്ങളുണ്ടായിരിക്കും. അപകടസാധ്യതകളുണ്ടാവാം. പഴകിക്കഴിയാത്ത ബന്ധമാണെങ്കില്‍, അവള്‍ വിരഹനാളുകളില്‍, സ്വന്തം വീട്ടില്‍ തന്നെ നില്‍ക്കുകയാവില്ലേ നല്ലത്? കുത്തുവാക്കുകളുടെയും പഴിചാരലുകളുടെയും മുള്‍മുനകള്‍ അനുഭവിക്കേണ്ടി വരുന്ന, കെട്ടിയവന്റെ കത്തും ഫോണുമെല്ലാം സെന്‍സര്‍ ചെയ്യപ്പെടുന്ന ഒരു വീട് അവളുടെ സ്വാസ്ഥ്യം കെടുത്തും. തൊട്ടതിനൊക്കെ ചോദ്യം ചെയ്യുകയും സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്ന കണവന്‍ വെള്ളിയാഴ്ച തോറും ഫോണ്‍ ചെയ്യുമ്പോള്‍ അവളുടെ രക്ത സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. പിറ്റേ ദിവസം, (ശനിയാഴ്ച) തലവേദനയും മറ്റു ശാരീരികാസ്വാസ്ഥ്യങ്ങളുമായി അവളെ ഡോക്ടറുടെ അടുത്തെത്തിക്കുന്നത് ഇതെല്ലാമായിരിക്കും. കേരളത്തിലെ മനഃശാസ്ത്രജ്ഞന്‍മാര്‍ ഇതിനെ സാറ്റര്‍ഡെ സിന്‍ഡ്രം എന്ന് വിളിക്കുന്നു. മാനസികകാരണങ്ങളാലുണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങള്‍ – സൈക്കോ സൊമാറ്റിക് ഡിസോര്‍സര്‍.
സ്വന്തം ഭാര്യയെകുറിച്ചുള്ള കെട്ടുകഥകള്‍ കേള്‍ക്കുമ്പോഴേക്കും മൊഴിചൊല്ലാനും കടുത്ത തീരുമാനമെടുക്കാനും മുതിരുന്നവര്‍ സാവകാശം ചിന്തിച്ച് പ്രവര്‍ത്തിക്കുന്നത് നല്ലതാണ്. ദൈവം കൂട്ടിച്ചേര്‍ത്ത ബന്ധം പൊട്ടിച്ചെറിയാന്‍ മനുഷ്യര്‍ക്ക് എളുപ്പമാണ്.
ഗള്‍ഫില്‍ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവന്റെ മറ്റൊരു വ്യഥ, അയക്കുന്ന പണം ശരിയായ രീതിയില്‍ വിനിയോഗിക്കുന്നുണ്ടോ എന്നതാണ്. ബാങ്കുദ്യോഗസ്ഥനായ സുഹൃത്തു പറഞ്ഞ സംഭവം ഓര്‍മ്മവരുന്നു. ഒരു എന്‍.ആര്‍.ഐ നിക്ഷേപകന്‍ ബാങ്കുമാനേജര്‍ക്കയച്ച കവറില്‍ ഡ്രാഫ്റ്റിനോടൊപ്പം ഭാര്യയ്ക്കുള്ള കത്തുമുണ്ടായിരുന്നു – തന്റെ അക്കൌണ്ടില്‍ പരിമിതമായ നിക്ഷേപമേയുള്ളൂവെന്നും അതുകൊണ്ട് സൂക്ഷിച്ചു ചെലവഴിക്കണമെന്നുമായിരുന്നു അതില്‍ എഴുതിയിരുന്നത്. ലേശമൊരു കുറ്റബോധത്തോടെ മാനേജര്‍ കത്ത് നിക്ഷേപക പത്നിക്ക് നല്‍കി. പക്ഷേ, മാനേജര്‍ക്കുള്ള കത്ത് ഭാര്യക്കയച്ച കവറിലാണ് ഗള്‍ഫുകാരന്‍ മാറിവെച്ചിരുന്നത്. തന്റെ ബാങ്കു ബാലന്‍സ് ഭാര്യയെ അറിയിക്കരുതെന്നും ഈയിടെയായി ധൂര്‍ത്ത് കൂടുന്നുണ്ടെന്നും വലിയൊരു തുകയുടെ ഡ്രാഫ്റ്റിനോടൊപ്പം കെട്ടിയവന്‍ എഴുതിപ്പിടിപ്പിച്ചത് അവളും വായിച്ചിരുന്നു ! ഇത് മോപ്സാങ്ങ് കഥയല്ല !
ഭാര്യയായാലും സ്വന്തം പിതാവായാലും താന്‍ കഷ്ടപ്പെട്ടയക്കുന്ന പണം ധൂര്‍ത്തടിക്കുന്നത് ഒരു ഗള്‍ഫുകാരനും സഹിക്കുകയില്ല. നാട്ടില്‍ എല്ലാറ്റിനും വിലകൂട്ടിയത് ഗള്‍ഫുകാരനാണെന്ന പരാതിയില്‍ കുറെയൊക്കെ ശരിയില്ലാതില്ല. മീന്‍ വാങ്ങിയാലും ഓട്ടോറിക്ഷയില്‍ കയറിയാലും ചോദിക്കുന്നതും അതിലേറെയും കൊടുത്ത് പൊങ്ങച്ചം കാണിക്കുന്നവര്‍ അതിനു കഴിയാത്ത സാധാരണക്കാരനെക്കുറിച്ച് ഓര്‍ത്തില്ല. ഓരോ വരവിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പിടിപ്പത് സമ്മാനങ്ങളുമായി വരുന്നത് പലപ്പോഴും കടം വാങ്ങിയിട്ടാവും. ആവശ്യത്തിലധികം വലിപ്പത്തില്‍, ആര്‍ഭാടം നിറഞ്ഞ കെട്ടിടങ്ങള്‍ പണിയുന്നതിന്നു പിന്നിലും ഒരു തരം കോംപ്ളക്സുണ്ട്. സ്കൂളില്‍ പഠിക്കുന്ന മക്കളുടെ പോക്കറ്റില്‍ നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പോ ക്കറ്റു മണിയായി തിരുകുന്നവര്‍, അവരെ ശരിയായ ജീവിതപാതയിലേക്കല്ല നയിക്കുക. ഒരിക്കല്‍ നാട്ടില്‍ തിരിച്ചുവരേണ്ടി വരുമെന്നും അപ്പോള്‍ തനിക്കും കുടുംബത്തിനും വയറ്റുപ്പിഴപ്പിനുള്ള എന്തെങ്കിലും കരുതിവയ്ക്കേണ്ടതുണ്ടെന്നും പല ഗള്‍ഫുകാരും ഓര്‍മ്മിക്കുന്നില്ല. യാഥാര്‍ഥ്യ ബോധമില്ലാത്ത, ഒരു കാല്പനിക ലോകത്തിലാണു മിക്കവരും.
തീവ്രമായ ഏകാന്തത, ഭാരിച്ച ഉത്തരവാദിത്തം, കുറഞ്ഞ വരുമാനം, പെരുകുന്ന കടം ഇതെല്ലാമാണു മിക്ക ഗള്‍ഫു ഭാര്യമാരെയും വിഷമിപ്പിക്കുന്നത്. മുമ്പത്തേക്കാള്‍ ഇന്ന് വാര്‍ത്താ വിനിമയ സൌകര്യങ്ങളുണ്ട്. പക്ഷേ, ഭാരിച്ച ഫോണ്‍ ബില്ലുകള്‍ പേറാന്‍ കഴിയുന്നവര്‍ എത്ര പേരുണ്ടാവും? ഇന്റര്‍നെറ്റിനെയും ഇ-മെയിലിനെയും കുറിച്ചറിയാത്തവരാണേറെയും. പക്ഷേ, മറ്റൊരു മാറ്റമുണ്ടായിട്ടുണ്ട്. മക്കളുടെ വിദ്യാഭ്യാസവും വീടു നിര്‍മാണവും ബാങ്കുകാര്യങ്ങളുമൊക്കെ നോക്കി നടത്താനും ആളുകളോടു ഇടപഴകാനും സ്ത്രീകള്‍ രംഗത്തുണ്ട്,ഇത് നിയന്ത്രണമില്ലാത്ത സ്വാതന്ത്യ്രത്തിലേക്കുള്ള ഇറങ്ങി നടപ്പായിത്തീരുമ്പോഴാണ് അപഖ്യാതികള്‍ ഉയരുന്നത്. ‘ആയിരം മണിയുടെ നാവടക്കീടാം പക്ഷേ, മനുഷ്യരുടെ നാവടക്കാനാവില്ല’ എന്നതു നേര്. അപഥസഞ്ചാരത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ പലപ്പോഴും അതിശയോക്തിപരമോ അയഥാര്‍ഥമോ ആയിരിക്കാം. എന്നാല്‍, പരാതികള്‍ക്കും സംശയങ്ങള്‍ക്കും അവസരം ഉണ്ടാക്കിക്കൊടുക്കാതിരിക്കുകയാകും ബുദ്ധി.

പ്രത്യുപകാരമല്ല ബന്ധസ്ഥാപനം

അബ്ദുല്ലാഹിബ്ന്‍ അംറിബ്ന്‍ അല്‍ ആസ്വ് (റ) എന്ന സ്വഹാബിയില്‍ നിന്ന് നിവേദനം: നബി (സ്വ) പ്രസ്താവിച്ചു: “പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം സ്ഥാപിക്കുന്നവന്‍. പ്രത്യുത, കുടുംബ ബന്ധം മുറിഞ്ഞുപോയാല്‍ അതു പുനഃസ്ഥാപിക്കുന്നവനാണ്” (ബുഖാരി 5991, അബൂദാവൂദ് 1697, തിര്‍മുദി 1908).
മനുഷ്യന്‍ സാമൂഹ്യജീവിയാണ്. പരസ്പരബന്ധത്തിലൂടെ മാത്രമേ അവനു ജീവിക്കാന്‍ പറ്റൂ. പരസ്പര സഹായത്തിലൂടെയാണ് അവന്‍ വളര്‍ന്നതും ജീവിക്കുന്നതും. അതുകൊണ്ടുതന്നെ സമൂഹത്തിലെ പലരോടും അവനു കടപ്പാടുകളുണ്ട്. ഈ കടപ്പാടുകള്‍ നിറവേറ്റി ഊട്ടിയുറപ്പി ച്ചെങ്കിലേ സാമൂഹിക ഭദ്രതയും സ്വാസ്ഥ്യവും നിലനില്‍ക്കുകയുള്ളൂ.
ഏറ്റം കൂടുതല്‍ കടപ്പാട്് മാതാവിനോടും പിന്നെ പിതാവിനോടുമാണ്. ഒരാള്‍ പ്രവാചകരുടെ സമീപത്തുവന്ന്, എന്റെ ഉത്തമ പെരുമാറ്റത്തിന് ജനങ്ങളില്‍ ഏറ്റം അര്‍ഹതയുള്ളത് ആരെന്നു ചോദിച്ചു. അവിടുന്ന് ‘നിന്റെ മാതാവ്’ എന്നു പ്രതിവചിച്ചു. ചോദ്യോത്തരം തുടര്‍ന്നു. ‘പിന്നെ ആര്?’ ‘നിന്റെ മാതാവ് തന്നെ.’ ‘പിന്നെ ആര്?’ ‘നിന്റെ മാതാവു തന്നെ.’ ‘പിന്നെ ആര്?’ ‘നിന്റെ പിതാവ്’(ബുഖാരി, മുസ്ലിം). അബ്ദുല്ലാഹിബ്ന്‍ മസ്ഊദ് (റ) നബി (സ്വ) യോടു ചോദിച്ചു: ‘അല്ലാഹുവിന് ഏറ്റം പ്രിയങ്കരമായ കര്‍മം ഏത്?’ അവിടുന്ന് പറഞ്ഞു: ‘നിസ്കാരം അതിന്റെ കൃത്യസമയത്തു നിര്‍വഹിക്കുക.’ ‘പിന്നെ എന്ത്?’ എന്നദ്ദേഹം ചോദിച്ചു. മാതാപിതാക്കള്‍ക്കു നന്മ ചെയ്യുക എന്ന് തിരുമേനി പറഞ്ഞു. പിന്നെ എന്ത് എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ അല്ലാ ഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരം എന്നായിരുന്നു തിരുമേനിയുടെ മറുപടി.
സന്താനങ്ങള്‍, സന്താന സന്താനങ്ങള്‍, പിതൃ സഹോദരീ സഹോദരന്മാര്‍, മാതൃസഹോദരീ സഹോദരന്മാര്‍, സ്വന്തം സഹോദരീ സഹോദരന്മാര്‍ മുതലായവരൊക്കെ കുടുംബബന്ധു ക്കളില്‍ പെടുന്നു. ഇവരോടൊക്കെ ബന്ധം പുലര്‍ത്തേണ്ടത് സത്യവിശ്വാസത്തിന്റെ അനുപേക്ഷ ണീയമായ ഉപാധിയുമാണ്. നബിതിരുമേനി (സ്വ) പറഞ്ഞതായി അബൂഹുറയ്റഃ (റ) ഉദ്ധരി ക്കുന്നു: ‘വല്ല വ്യക്തിയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവനെങ്കില്‍ തന്റെ അതിഥിയെ ആദരിക്കട്ടെ. വല്ല വ്യക്തിയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു വെങ്കില്‍ കുടുംബബന്ധം ചേര്‍ക്കട്ടെ. വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കു ന്നുവെങ്കില്‍ നല്ലതുപറയട്ടെ, അല്ലെങ്കില്‍ മൌനം അവലംബിക്കട്ടെ’ (ബുഖാരി, മുസ്ലിം).
കുടുംബബന്ധം പുലര്‍ത്തി സ്നേഹം വളര്‍ത്തി, വിശ്വാസ വീര്യം ഉയര്‍ത്തി, അല്ലാഹുവിന്റെ പൊരുത്തം നേടുന്നതിനു സഹായകമായ വിധം, സ്വന്തം വംശപരമ്പര പഠിച്ചിരിക്കണം. പ്രവാചകര്‍ പറയുന്നു: ‘വംശങ്ങളില്‍ നിന്ന് നിങ്ങളുടെ കുടുംബബന്ധം പുലര്‍ത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ നിങ്ങള്‍ പഠിക്കുക. കുടുംബബന്ധം പുലര്‍ത്തല്‍ കുടുംബത്തില്‍ സ്നേഹവും സമ്പത്തില്‍ വര്‍ധനവും ആയുഷ്കാലത്തില്‍ നീളവും നേടിത്തരുന്നു’ (തിര്‍മുദി).
ഈ നേട്ടങ്ങള്‍ മാത്രമല്ല, ആഹാരത്തില്‍ ബറകതും ആപത്തുകളില്‍ നിന്നുള്ള രക്ഷയും ദുര്‍മരണത്തില്‍ നിന്നുള്ള സംരക്ഷണവും സ്ഥാന പദവികളിലുള്ള ഉയര്‍ച്ചയും കുടുംബ ബന്ധം പുലര്‍ത്തുന്നതുകൊണ്ടു കരഗതമാവുമെന്നു വിവിധ ഹദീസുകളില്‍ വന്നിട്ടുണ്ട്. നബി (സ്വ) തന്റെ ചില ശിഷ്യന്മാര്‍ക്ക് നല്‍കിയ പ്രത്യേക വസ്വിയ്യത്തുകളില്‍ ഇക്കാര്യം പ്രത്യേകം ഊന്നിപ്പറഞ്ഞതായി കാണാം. അബൂദര്‍റ് (റ) പറയുന്നൂ: ‘എന്റെ സ്നേഹിതനായ പ്രവാചകര്‍ നന്മപരമായ ചിലകാര്യങ്ങള്‍ എന്നോടു വസ്വിയ്യത്തു ചെയ്തു. (ഭൌതികാനുഗ്രഹങ്ങളില്‍) എന്റെ മുകളിലുള്ളവരിലേക്ക് നോക്കാതെ താഴെയുള്ളവരിലേക്കു നോക്കണമെന്നും അഗതികളെ സ്നേഹിക്കുകയും അവരോട് അടുപ്പം കാണിക്കുകയും ചെയ്യണമെന്നും അവിടുന്ന് എ ന്നോടു വസ്വിയ്യത്തു ചെയ്തു. എന്റെ കുടുംബബന്ധം, അതു  പിന്തിരിഞ്ഞു പോയാലും ചേര്‍ ക്കണമെന്നു തിരുമേനി എന്നോടു വസ്വിയ്യത്തു ചെയ്തു. അല്ലാഹുവിന്റെ കാര്യത്തില്‍ ഒരു ആക്ഷേപകന്റെ ആക്ഷേപവും ഭയക്കരുതെന്ന് എന്നോടു വസ്വിയ്യത്തു ചെയ്തു. സത്യം കൈപ്പുള്ളതെങ്കിലും തുറന്നുപറയണമെന്നും എന്നോടു വസ്വിയ്യത്തു ചെയ്തു. ‘ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്’ എന്ന കീര്‍ത്തനം വര്‍ധിപ്പിക്കണം. കാരണം അത് സ്വര്‍ഗത്തിലേ ക്കുള്ള നിധികളില്‍ ഒരു നിധിയാകുന്നു എന്നും നബി (സ്വ) എന്നോടു വസ്വിയ്യത്തു ചെയ്തു’ (ഇബ്നുഹിബ്ബാന്‍, ബൈഹഖി).
കുടുംബബന്ധം വിച്ഛേദിക്കുന്നതു മഹാപാതകമാണ്. കുടുംബബന്ധം വിച്ഛേദിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നു പ്രവാചകര്‍ പ്രസ്താവിച്ചതായി ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്. മനുഷ്യരുടെ കര്‍മങ്ങള്‍ പ്രതിവാരം പ്രദര്‍ശിപ്പിക്കപ്പെടുമെന്നും അപ്പോള്‍ കുടും ബബന്ധം വിച്ഛേദിച്ചവന്റെ സദ്കര്‍മം സ്വീകരിക്കപ്പെടുകയില്ലെന്നും നബി (സ്വ) പറഞ്ഞിട്ടുണ്ട്. (അഹ്മദ്). ഇവ്വിഷയകമായി വന്ന മറ്റു ചില ഹദീസുകള്‍ കൂടി കാണുക: ‘പരലോകത്തേക്കു വേണ്ടി സൂക്ഷിക്കപ്പെടുന്ന ശിക്ഷയ്ക്കു പുറമെ, ഇഹലോകത്തു തന്നെ ശിക്ഷ ലഭിക്കുവാന്‍ ഏറ്റം അര്‍ഹമായി, അക്രമത്തെക്കാളും കുടുംബബന്ധ വിച്ഛേദത്തെക്കാളും വലിയ ഒരു പാതക വുമില്ല’ (തിര്‍മുദി, ഇബ്നുമാജ, ഹാകിം).
പ്രവാചകര്‍ ഒരുദിനം തന്റെ ശിഷ്യസമൂഹത്തോടു പറഞ്ഞു: മുസ്ലിം സമൂഹമേ, നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുകയും കുടുംബബന്ധം പുലര്‍ത്തുകയും ചെയ്യുക. കാരണം കുടുംബം ചേര്‍ക്കുന്നതിനേക്കാള്‍ ശീഘ്രപ്രതിഫലമുള്ള മറ്റൊരു കാര്യവുമില്ല. നിങ്ങള്‍ അക്രമം ചെയ്യരുത്. അക്രമത്തെക്കാള്‍ ശീഘ്ര ശിക്ഷയുള്ള മറ്റൊരു കാര്യവുമില്ല. നിങ്ങള്‍ മാതാപിതാക്ക ന്മാരെ വിഷമിപ്പിക്കരുത്. കാരണം സ്വര്‍ഗത്തിന്റെ പരിമളം സഹസ്രാബ്ദങ്ങളുടെ അകലെത്തു നിന്നേ അനുഭവപ്പെടും. അല്ലാഹുവാണ് സത്യം, ആ പരിമളം മാതാപിതാക്കന്മാരെ വിഷമിപ്പി ക്കുന്നവനോ, കുടുംബബന്ധം വിച്ഛേദിക്കുന്നവനോ, വ്യഭിചാരിയായ വൃദ്ധനോ, പൊങ്ങച്ചം നി മിത്തം ഉടുമുണ്ട് വലിച്ചിഴക്കുന്നവനോ അനുഭവിക്കുകയില്ല. അഹങ്കാരം ലോകരക്ഷിതാവായ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാകുന്നു (ത്വബ്റാനി).
വിപത്തുകളില്‍ സമാശ്വാസം നല്‍കിയും വിഷമങ്ങള്‍ ലഘൂകരിച്ചുകൊടുത്തും മറ്റവസരങ്ങളില്‍ സഹായോപകരണങ്ങള്‍ നല്‍കിയും ഇടയ്ക്കിടെ സന്ദര്‍ശനം നടത്തിയും കത്തിടപാടുകള്‍ നടത്തിയും ആതിഥ്യം നല്‍കിയുമെല്ലാം കുടുംബബന്ധം പുലര്‍ത്തേണ്ടതാണ്. ബന്ധുക്കള്‍ ഇങ്ങോട്ടു മോശമായി പെരുമാറിയാലും അങ്ങോട്ടു ഭംഗിയായി പെരുമാറണം. ഇങ്ങോട്ട് ഉപദ്ര വിച്ചാലും അങ്ങോട്ടു ഉപകാരം ചെയ്യണം. അതാണു ബന്ധസ്ഥാപനത്തിന്റെ ശരിയായ രൂപം. അല്ലാഹുവിന് ഏറ്റം ഇഷ്ടപ്പെട്ട നിലപാടും. ചിരിച്ചവനോടു ചിരിക്കുക, മിണ്ടിയവനോട് മി  ണ്ടുക, സന്ദര്‍ശിച്ചവനെ സന്ദര്‍ശിക്കുക, സഹായിച്ചവനെ സഹായിക്കുക, സല്‍ക്കരിച്ചവനെ സ ല്‍ക്കരിക്കുക, ആദരിച്ചവനെ ആദരിക്കുക എന്ന നിലപാട് – പകരത്തിനു പകരം എന്ന സ്വഭാവം – സത്സ്വഭാവിയായ വിശ്വാസിക്കു ചേര്‍ന്നതല്ല.
അല്ലാഹുവിന്റെ ഇഷ്ടത്തിനു മുമ്പില്‍ സ്വന്തം ഇഷ്ടം ബലികഴിക്കണം, തിന്മയെ നന്മകൊണ്ട് നേരിടണം. വൈരാഗ്യത്തെ സ്നേഹമെന്ന സിദ്ധൌഷധം കൊണ്ടു തുടച്ചുനീക്കണം, അകലുന്ന മനങ്ങളെ അനുരഞ്ജനം നടത്തി അടുപ്പിക്കണം. പിണങ്ങുന്നവനോട് ഇണങ്ങണം, പരുഷഭാവ ക്കാരോടു പുഞ്ചിരി തൂകണം. അതാണു ബന്ധസ്ഥാപനത്തിന്റെ മാതൃകാപരമായ രൂപം. ഈ ആശയമാണ് ഉപര്യുക്ത ഹദീസ് പഠിപ്പിക്കുന്നത്. താഴെപ്പറയുന്ന ഹദീസുകള്‍ മേലുദ്ധരിച്ച ഹദീസിന്റെ ആശയം വിശദമാക്കുന്നു. നിങ്ങള്‍ ഏറാന്‍മൂളികളാവരുത്. അഥവാ ജനങ്ങള്‍ നന്മ ചെയ്താല്‍ ഞങ്ങളും നന്മ ചെയ്യും. അവര്‍ അനീതിചെയ്താല്‍ ഞങ്ങളും അനീതി ചെയ്യും എന്നു പറയുന്നവരാവരുത്. പ്രത്യുത, ജനങ്ങള്‍ നന്മചെയ് താല്‍ നിങ്ങള്‍ നന്മ ചെയ്യുന്നതിനും അവര്‍ തിന്മ ചെയ്താല്‍ നിങ്ങള്‍ അനീതി ചെയ്യാതിരിക്കുന്നതിനും നിങ്ങളുടെ മനസ്സുകളെ നിങ്ങള്‍ പാകപ്പെടുത്തിയെടുക്കണം (തിര്‍മുദി). പക വച്ചു നടക്കുന്ന കുടുംബ ബന്ധുവിനു നല്‍ കുന്ന സ്വദഖഃ യാണ് ഏറ്റം ശ്രേഷ്ഠമായ സ്വദഖഃ (മുസ്ലിം). ഇഹത്തിലും പരത്തിലും ഏറ്റം ഉല്‍കൃഷ്ടമായ സ്വഭാവം ഞാന്‍ അറിയിച്ചുതരട്ടെയോ? അതു മൂന്നുകാര്യങ്ങളാണ്: നീയുമായി ബന്ധം വിച്ഛേദിച്ചവരോട് ബന്ധം സ്ഥാപിക്കുക, നിനക്ക് ഉപകാരം വിലക്കിയവര്‍ക്ക് നീ ഉപകാരം ചെയ്തുകൊടുക്കുക, നിന്നോട് അനീതി കാണിച്ചവര്‍ക്ക് നീ മാപ്പുനല്‍കുക. (ത്വബ്റാനി).
ഏറ്റം ശീഘ്രമായി പ്രതിഫലം കിട്ടുന്ന പുണ്യകര്‍മം കുടുംബ ബന്ധം പുലര്‍ത്തുകയെന്നതാണ്. എത്രത്തോളമെന്നാല്‍ ദുരാചാരികളായ ഒരു കുടുംബം അവര്‍ പരസ്പരബന്ധം പുലര്‍ത്തി ക്കൊണ്ടിരിക്കുമ്പോള്‍ അവരുടെ സമ്പത്ത് അഭിവൃദ്ധിപ്പെടുകയും അംഗസംഖ്യ വര്‍ധിക്കുകയും ചെയ്യുന്നതാണ് (ത്വബ്റാനി).

പെരുകുന്ന പിതൃത്വശങ്കകള്‍

പോറ്റിവളര്‍ത്തിയ ആള്‍ തന്നെയാണോ, ഒരുകാലത്ത് അമ്മയെ സ്നേഹിച്ചിരുന്നയാളാണോ തന്റെ യഥാര്‍ഥ പിതാവ് എന്നാണ് അയാള്‍ക്കറിയേണ്ടത്. വിവാഹത്തലേന്ന് താന്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട കാമുകനാണോ ഭര്‍ത്താവാണോ ആരാണ് കുഞ്ഞിന്റെ തന്തയെന്നാണ് രഹസ്യമായി അവള്‍ക്കറിയേണ്ടത്. ഭാര്യയുടെ അടിവയറ്റില്‍ വളരുന്നത് തന്റെയോ ഭാര്യാപിതാവിന്റെയോ ആരുടെ ബീജമെന്നാണ് ഭര്‍ത്താവിന്റെ സംശയം.
തിരുവനന്തപുരത്ത് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ആരംഭിച്ചതിനുശേഷം അവിടെയെത്തുന്ന കേസുകെട്ടുകളുടെ സ്വഭാവം വിശദമാക്കുന്ന ചില രോഗലക്ഷണങ്ങളാണ് മുകളിലെഴുതിയത്. ഈ കേസുകള്‍ നമ്മുടെയൊക്കെ കുടുംബങ്ങളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന വിശ്വാസത്തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ദാമ്പത്യബന്ധങ്ങളില്‍ അപസ്വരങ്ങളുയരുമ്പോള്‍, അവിഹിതബന്ധങ്ങളില്‍ ജനിക്കുന്ന കുഞ്ഞിന്റെ പിതാവാരെന്ന ശങ്ക ഉയരുമ്പോള്‍ ലിറ്റ്മസ് പരിശോധനയിലൂടെ തെളിയിക്കുന്ന ഡി.എന്‍.എ ടെസ്റ്റിനു, മുമ്പ് ഹൈദരാബാദില്‍ പോകേണ്ടിയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് ഇത് ലഭ്യമായിരിക്കുന്നു. ബലാല്‍സംഗ കേസുകളിലും മറ്റും കുറ്റവാളിയെ കണ്ടെത്താന്‍ ഈ പരിശോധന സഹായകമായിട്ടുണ്ട്. മുപ്പതിനായിരം രൂപ ചെലവാക്കിയാല്‍ മതി അമ്മയുടെയും കുഞ്ഞിന്റെയും പിതൃത്വം ആരോപിക്കപ്പെട്ടയാളുടെയും രക്തം പരിശോധിച്ച്, കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന് തെളിയിക്കുവാന്‍. പരിശോധനാവിധേയനായ പുരുഷന്റെ ജീന്‍ മുദ്ര, കു ഞ്ഞിലും കണ്ടെത്തിയാല്‍ അച്ഛന്‍ അയാളെന്നുറപ്പായി.
അമ്മയാണ് യാഥാര്‍ഥ്യം, പിതാവ് കേവലമൊരു വിശ്വാസമോ സങ്കല്‍പ്പമോ ആണെന്നാണ് നാം ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ഏതൊരുവന്റെയും പിതൃത്വം നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ പോലും തെളിയിക്കാന്‍ കഴിയുമെന്ന് ഇന്നു ശാസ്ത്രത്തിന് ആത്മവിശ്വാസമുണ്ട്. ക്രിസ്തുവിന് ആയിരം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ രാജാവ് റ്റുട്ടാന്‍ ഖാമുന്റെ മമ്മിയില്‍ നിന്ന് ജീന്‍ ചുരണ്ടിയെടുത്ത് രാജാവിന്റെ പിതാവ് അമന്‍ ഹോതേഷ് ആണോ അഖ്നാറ്റെന്‍ ആണോ എന്ന് ശാസ്ത്രജ്ഞന്മാര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. നൂറ്റാണ്ടുകള്‍ ക്കുമുമ്പ് മരണമടഞ്ഞ നെപ്പോളിയനും സംഗീതജ്ഞനായ മൊസര്‍ട്ടും കൊല്ലപ്പെടുകയായിരുന്നുവെന്ന് ശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നതും ജനിതകശാസ്ത്രത്തിന്റെ ബലത്തിലാണ്.
‘തന്തയില്ലാത്തവനേ’ എന്നു വിളിച്ചാല്‍, വിളിച്ചവന്റെ കരണത്ത് കൈവെച്ചുപോകാത്ത ആരുമില്ല. (അമ്മയില്ലാത്തവനേ എന്ന് ആരും ആരെയും വിളിക്കാറില്ല.) തന്തക്ക് പിറക്കുകയെന്നത് സഹസ്രാബ്ദങ്ങളായി മനുഷ്യര്‍ കാത്തുസൂക്ഷിച്ചുപോരുന്ന വംശ ശുദ്ധിയുടെയും സദാചാരബോധത്തിന്റെയും നിഷ്കര്‍ഷയാണ്. വംശവൃക്ഷത്തിന്റെ വേരുകള്‍ അതിലാണ്. ജനിതകമായി നല്ലതും ചീഞ്ഞതുമായ പല അംശങ്ങളും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് വംശ ശുദ്ധിയുടെ അടിസ്ഥാനത്തിലാണ്. കുടുംബം എന്ന സാമൂഹ്യ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് തന്നെ ഇതാണ്. ബഹുഭര്‍ത്തൃത്വം നിലനിന്നിരുന്ന സംസ്കാരങ്ങളില്‍ മാത്രമേ പി തൃത്വം പ്രശ്നമല്ലാതിരുന്നിട്ടുള്ളൂ. പിതൃത്വത്തെക്കുറിച്ചുള്ള സന്നിഗ്ധാവസ്ഥ ആര്‍ക്കും സഹിക്കാനാവുകയില്ല. തന്റെ ഭാര്യയുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞ് ജാരന്റേതാണന്നറിഞ്ഞാല്‍ ഒരു ഭര്‍ത്താവും പൊറുക്കുകയില്ല. അതവന്റെ പൌരുഷത്തെ നിരാകരിക്കലാണ്.പിതൃത്വത്തിന്റെ ഈ രഹസ്യാത്മക സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍, നാടകീയമായി നെയ്തെടുക്കപ്പെട്ട കലാസൃഷ്ടികള്‍ നിരവധിയാണ്.
സംശയരോഗം പോലുള്ള മാനസിക തകര്‍ച്ചകളില്‍ നിന്ന് പിതൃത്വ ശങ്കകള്‍ ഉയര്‍ന്നുവരാറുണ്ട്. വര്‍ധിച്ചു വരുന്ന പിതൃത്വശങ്കകള്‍, കേരളീയ കുടുംബങ്ങളില്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന വിശ്വാസ രാഹിത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ബലാല്‍സംഗം പോലുള്ള സംഭവങ്ങളിലും അവിഹിതബന്ധങ്ങളിലും കുറ്റവാളിയെ കണ്ടുപിടിക്കാനും തെറ്റായാരോപിക്കപ്പെടുന്ന ജാരസംസര്‍ഗങ്ങളുടെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി കുടുംബത്തെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കുവാനും പിതൃത്വ പരിശോധനകള്‍ സഹായകം തന്നെയാണ്. എന്നാല്‍, രോഗഗ്രസ്തമായ നമ്മുടെ സമുദായത്തിലെ ശൈഥില്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടിക്കഷ്ണങ്ങളായി മാറുന്നു, രാജീവ് ഗാന്ധി സെന്ററിലെത്തുന്ന നൂറുകണക്കിനു കേസുകള്‍. കുടുംബകോടതികളും പോലീസും വനിതാകമ്മീഷനും നിര്‍ദ്ദേശിക്കുന്ന കേസുകളാണധികവും ഇവിടെ വരുന്നത്. എന്നാല്‍, അറിയപ്പെടാതെ പോകുന്ന സംഭവങ്ങള്‍ ഇതിനെക്കാളൊക്കെ ഏറെയാണ്.
എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്? വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളും ദാമ്പത്യേതര രതിവേഴ്ചകളും പെരുകിക്കൊണ്ടിരിക്കുകയാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇണകളെ വെച്ചുമാറുന്ന മുതലാളിത്തസംസ്കാരവും വിവാഹം കഴിക്കാതെ തന്നെ സ്ത്രീ പു രുഷന്മാര്‍ ഒന്നിച്ചുകഴിയുന്ന പാശ്ചാത്യ സമ്പ്രദായങ്ങളും സ്വതന്ത്രതൂലികാസൌഹൃദങ്ങളും പെണ്‍വാണിഭങ്ങളും ജീര്‍ണ്ണവും രോഗബാധിതവുമായ ഒരു സമൂഹത്തില്‍ പകര്‍ച്ചവ്യാധിപോലെ വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രവണതകളാകുമ്പോള്‍ കുടുംബങ്ങളുടെ കെട്ടുറപ്പ് എങ്ങനെ തകരാതിരിക്കും?
ഭര്‍ത്താവിന്റെ പരസ്ത്രീ ഗമനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭാര്യമാര്‍, ജീവിതപങ്കാളിയുടെ ചാ രിത്യ്രം സുഹൃത്തുക്കളുമായി പങ്കിടുന്ന ഭര്‍ത്താക്കന്മാര്‍. ഇതെല്ലാം നമുക്കിതുവരെ കേട്ടുകേള്‍ വിയില്ലാത്തതാണ്. സ്വന്തം കുടുംബങ്ങളില്‍ നിന്നു തന്നെ പീഢഢിപ്പിക്കപ്പെടുന്ന സ്ത്രീത്വം, മധുവിധുവിന്റെ ലഹരി തീരും മുമ്പെ വേര്‍പിരിയേണ്ടിവരുന്ന ഇണകള്‍ ഇതൊക്കെ നാം ഇനിയും അംഗീകരിക്കാന്‍ മടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ്. കപട സദാചാരത്തിന്റെ മുഖംമൂടികള്‍ അഴിച്ചുമാറ്റാതെ, അടിത്തറ ഇളക്കുന്ന വിശ്വാസത്തകര്‍ച്ചയില്‍ നിന്ന് നമ്മുടെയൊക്കെ കുടുംബങ്ങള്‍ക്ക് മോചനമില്ല. കുടുംബാന്തരീക്ഷത്തെ അസ്വസ്ഥവും കലുഷവും സംഘര്‍ഷ നിര്‍ഭരവുമാക്കിത്തീര്‍ക്കുന്നതില്‍ ദൃശ്യശ്രവ്യമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുവാന്‍ നമുക്ക് കഴിയുന്നില്ല. സര്‍വ്വോപരി, പരസ്പരവിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ചാലകശക്തിയിലാണ് കുടുംബം എന്ന രഥത്തിന്റെ ചക്രങ്ങള്‍ നീങ്ങുകയെന്ന് നാം മനസ്സിലാക്കുന്നില്ല.
പോറ്റിവളര്‍ത്തിയ ആള്‍ തന്നെയാണോ, ഒരുകാലത്ത് അമ്മയെ സ്നേഹിച്ചിരുന്നയാളാണോ തന്റെ യഥാര്‍ഥ പിതാവ് എന്നാണ് അയാള്‍ക്കറിയേണ്ടത്. വിവാഹത്തലേന്ന് താന്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട കാമുകനാണോ ഭര്‍ത്താവാണോ ആരാണ് കുഞ്ഞിന്റെ തന്തയെന്നാണ് രഹസ്യമായി അവള്‍ക്കറിയേണ്ടത്. ഭാര്യയുടെ അടിവയറ്റില്‍ വളരുന്നത് തന്റെയോ ഭാര്യാപിതാവിന്റെയോ ആരുടെ ബീജമെന്നാണ് ഭര്‍ത്താവിന്റെ സംശയം.
തിരുവനന്തപുരത്ത് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ആരംഭിച്ചതിനുശേഷം അവിടെയെത്തുന്ന കേസുകെട്ടുകളുടെ സ്വഭാവം വിശദമാക്കുന്ന ചില രോഗലക്ഷണങ്ങളാണ് മുകളിലെഴുതിയത്. ഈ കേസുകള്‍ നമ്മുടെയൊക്കെ കുടുംബങ്ങളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന വിശ്വാസത്തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ദാമ്പത്യബന്ധങ്ങളില്‍ അപസ്വരങ്ങളുയരുമ്പോള്‍, അവിഹിതബന്ധങ്ങളില്‍ ജനിക്കുന്ന കുഞ്ഞിന്റെ പിതാവാരെന്ന ശങ്ക ഉയരുമ്പോള്‍ ലിറ്റ്മസ് പരിശോധനയിലൂടെ തെളിയിക്കുന്ന ഡി.എന്‍.എ ടെസ്റ്റിനു, മുമ്പ് ഹൈദരാബാദില്‍ പോകേണ്ടിയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് ഇത് ലഭ്യമായിരിക്കുന്നു. ബലാല്‍സംഗ കേസുകളിലും മറ്റും കുറ്റവാളിയെ കണ്ടെത്താന്‍ ഈ പരിശോധന സഹായകമായിട്ടുണ്ട്. മുപ്പതിനായിരം രൂപ ചെലവാക്കിയാല്‍ മതി അമ്മയുടെയും കുഞ്ഞിന്റെയും പിതൃത്വം ആരോപിക്കപ്പെട്ടയാളുടെയും രക്തം പരിശോധിച്ച്, കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന് തെളിയിക്കുവാന്‍. പരിശോധനാവിധേയനായ പുരുഷന്റെ ജീന്‍ മുദ്ര, കു ഞ്ഞിലും കണ്ടെത്തിയാല്‍ അച്ഛന്‍ അയാളെന്നുറപ്പായി.
അമ്മയാണ് യാഥാര്‍ഥ്യം, പിതാവ് കേവലമൊരു വിശ്വാസമോ സങ്കല്‍പ്പമോ ആണെന്നാണ് നാം ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ഏതൊരുവന്റെയും പിതൃത്വം നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ പോലും തെളിയിക്കാന്‍ കഴിയുമെന്ന് ഇന്നു ശാസ്ത്രത്തിന് ആത്മവിശ്വാസമുണ്ട്. ക്രിസ്തുവിന് ആയിരം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ രാജാവ് റ്റുട്ടാന്‍ ഖാമുന്റെ മമ്മിയില്‍ നിന്ന് ജീന്‍ ചുരണ്ടിയെടുത്ത് രാജാവിന്റെ പിതാവ് അമന്‍ ഹോതേഷ് ആണോ അഖ്നാറ്റെന്‍ ആണോ എന്ന് ശാസ്ത്രജ്ഞന്മാര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. നൂറ്റാണ്ടുകള്‍ ക്കുമുമ്പ് മരണമടഞ്ഞ നെപ്പോളിയനും സംഗീതജ്ഞനായ മൊസര്‍ട്ടും കൊല്ലപ്പെടുകയായിരുന്നുവെന്ന് ശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നതും ജനിതകശാസ്ത്രത്തിന്റെ ബലത്തിലാണ്.
‘തന്തയില്ലാത്തവനേ’ എന്നു വിളിച്ചാല്‍, വിളിച്ചവന്റെ കരണത്ത് കൈവെച്ചുപോകാത്ത ആരുമില്ല. (അമ്മയില്ലാത്തവനേ എന്ന് ആരും ആരെയും വിളിക്കാറില്ല.) തന്തക്ക് പിറക്കുകയെന്നത് സഹസ്രാബ്ദങ്ങളായി മനുഷ്യര്‍ കാത്തുസൂക്ഷിച്ചുപോരുന്ന വംശ ശുദ്ധിയുടെയും സദാചാരബോധത്തിന്റെയും നിഷ്കര്‍ഷയാണ്. വംശവൃക്ഷത്തിന്റെ വേരുകള്‍ അതിലാണ്. ജനിതകമായി നല്ലതും ചീഞ്ഞതുമായ പല അംശങ്ങളും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് വംശ ശുദ്ധിയുടെ അടിസ്ഥാനത്തിലാണ്. കുടുംബം എന്ന സാമൂഹ്യ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് തന്നെ ഇതാണ്. ബഹുഭര്‍ത്തൃത്വം നിലനിന്നിരുന്ന സംസ്കാരങ്ങളില്‍ മാത്രമേ പി തൃത്വം പ്രശ്നമല്ലാതിരുന്നിട്ടുള്ളൂ. പിതൃത്വത്തെക്കുറിച്ചുള്ള സന്നിഗ്ധാവസ്ഥ ആര്‍ക്കും സഹിക്കാനാവുകയില്ല. തന്റെ ഭാര്യയുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞ് ജാരന്റേതാണന്നറിഞ്ഞാല്‍ ഒരു ഭര്‍ത്താവും പൊറുക്കുകയില്ല. അതവന്റെ പൌരുഷത്തെ നിരാകരിക്കലാണ്.പിതൃത്വത്തിന്റെ ഈ രഹസ്യാത്മക സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍, നാടകീയമായി നെയ്തെടുക്കപ്പെട്ട കലാസൃഷ്ടികള്‍ നിരവധിയാണ്.
സംശയരോഗം പോലുള്ള മാനസിക തകര്‍ച്ചകളില്‍ നിന്ന് പിതൃത്വ ശങ്കകള്‍ ഉയര്‍ന്നുവരാറുണ്ട്. വര്‍ധിച്ചു വരുന്ന പിതൃത്വശങ്കകള്‍, കേരളീയ കുടുംബങ്ങളില്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന വിശ്വാസ രാഹിത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ബലാല്‍സംഗം പോലുള്ള സംഭവങ്ങളിലും അവിഹിതബന്ധങ്ങളിലും കുറ്റവാളിയെ കണ്ടുപിടിക്കാനും തെറ്റായാരോപിക്കപ്പെടുന്ന ജാരസംസര്‍ഗങ്ങളുടെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി കുടുംബത്തെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കുവാനും പിതൃത്വ പരിശോധനകള്‍ സഹായകം തന്നെയാണ്. എന്നാല്‍, രോഗഗ്രസ്തമായ നമ്മുടെ സമുദായത്തിലെ ശൈഥില്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടിക്കഷ്ണങ്ങളായി മാറുന്നു, രാജീവ് ഗാന്ധി സെന്ററിലെത്തുന്ന നൂറുകണക്കിനു കേസുകള്‍. കുടുംബകോടതികളും പോലീസും വനിതാകമ്മീഷനും നിര്‍ദ്ദേശിക്കുന്ന കേസുകളാണധികവും ഇവിടെ വരുന്നത്. എന്നാല്‍, അറിയപ്പെടാതെ പോകുന്ന സംഭവങ്ങള്‍ ഇതിനെക്കാളൊക്കെ ഏറെയാണ്.
എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്? വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളും ദാമ്പത്യേതര രതിവേഴ്ചകളും പെരുകിക്കൊണ്ടിരിക്കുകയാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇണകളെ വെച്ചുമാറുന്ന മുതലാളിത്തസംസ്കാരവും വിവാഹം കഴിക്കാതെ തന്നെ സ്ത്രീ പു രുഷന്മാര്‍ ഒന്നിച്ചുകഴിയുന്ന പാശ്ചാത്യ സമ്പ്രദായങ്ങളും സ്വതന്ത്രതൂലികാസൌഹൃദങ്ങളും പെണ്‍വാണിഭങ്ങളും ജീര്‍ണ്ണവും രോഗബാധിതവുമായ ഒരു സമൂഹത്തില്‍ പകര്‍ച്ചവ്യാധിപോലെ വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രവണതകളാകുമ്പോള്‍ കുടുംബങ്ങളുടെ കെട്ടുറപ്പ് എങ്ങനെ തകരാതിരിക്കും?
ഭര്‍ത്താവിന്റെ പരസ്ത്രീ ഗമനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭാര്യമാര്‍, ജീവിതപങ്കാളിയുടെ ചാ രിത്യ്രം സുഹൃത്തുക്കളുമായി പങ്കിടുന്ന ഭര്‍ത്താക്കന്മാര്‍. ഇതെല്ലാം നമുക്കിതുവരെ കേട്ടുകേള്‍ വിയില്ലാത്തതാണ്. സ്വന്തം കുടുംബങ്ങളില്‍ നിന്നു തന്നെ പീഢഢിപ്പിക്കപ്പെടുന്ന സ്ത്രീത്വം, മധുവിധുവിന്റെ ലഹരി തീരും മുമ്പെ വേര്‍പിരിയേണ്ടിവരുന്ന ഇണകള്‍ ഇതൊക്കെ നാം ഇനിയും അംഗീകരിക്കാന്‍ മടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ്. കപട സദാചാരത്തിന്റെ മുഖംമൂടികള്‍ അഴിച്ചുമാറ്റാതെ, അടിത്തറ ഇളക്കുന്ന വിശ്വാസത്തകര്‍ച്ചയില്‍ നിന്ന് നമ്മുടെയൊക്കെ കുടുംബങ്ങള്‍ക്ക് മോചനമില്ല. കുടുംബാന്തരീക്ഷത്തെ അസ്വസ്ഥവും കലുഷവും സംഘര്‍ഷ നിര്‍ഭരവുമാക്കിത്തീര്‍ക്കുന്നതില്‍ ദൃശ്യശ്രവ്യമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുവാന്‍ നമുക്ക് കഴിയുന്നില്ല. സര്‍വ്വോപരി, പരസ്പരവിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ചാലകശക്തിയിലാണ് കുടുംബം എന്ന രഥത്തിന്റെ ചക്രങ്ങള്‍ നീങ്ങുകയെന്ന് നാം മനസ്സിലാക്കുന്നില്ല.

വ്യഭിചാരത്തിന് അംഗീകാരം!

ത്രീയും പുരുഷനും  ഒരുമിച്ചുജീവിക്കുന്നതിനുള്ള സാമൂഹ്യാംഗീകാരമാണ് വിവാഹം. വിവാഹബന്ധത്തിനു പുറത്തുള്ള സ്ത്രീപുരുഷ ലൈംഗികത വ്യഭിചാരമാണ്. താല്‍ക്കാലികമായി ലൈംഗികവേഴ്ചക്ക് സമ്മതിക്കുന്നവളെ വേശ്യയെന്നും ദീര്‍ഘകാലമായി ഒരാണുമായി രതിബന്ധം തുടരുന്നവളെ വെപ്പാട്ടിയെന്നും നാം വിളിക്കുന്നു. എന്നാല്‍ ഇത്തരമൊരു ബന്ധത്തിനു നിയമവ്യവസ്ഥ തന്നെ അനുമതി നല്‍കുകയെന്നുവെച്ചാല്‍, വ്യഭിചാരം അംഗീകരിക്കപ്പെടുന്നു എന്നല്ലേ അതിനര്‍ഥം?
അടുത്തകാലത്ത് അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ണ്ണായകമായ ഒരു വിധിയാണ് വിവാഹം എന്ന സ്ഥാപനത്തെ തന്നെ ചോദ്യംചെയ്യുന്നത്. പയാല്‍ശര്‍മ എന്ന ഉത്തര്‍ പ്രദേശുകാരിയായ യുവതിയുടെ ഹരജി അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചു തന്നെ ഈ വിധി പ്രഖ്യാപിച്ചത്. ഇത് അധാര്‍മികമാണെന്ന് സമൂഹം കരുതിയേക്കാമെങ്കിലും അങ്ങനെയല്ലെന്നും നിയമവും ധാര്‍മികതയും ഒന്നല്ലെന്നുമാണ് വ്യാഖ്യാനം. മാത്രമല്ല, ഹരജിക്കാരിയുടെ ജീവന്നു ഭീഷണിയുള്ളതിനാല്‍ അവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി ബഹുമാനപ്പെട്ട കോടതി. പാശ്ചാത്യരാജ്യങ്ങളെ അനുകരിച്ച് നമ്മളും ഒരു തുറന്ന സമൂഹമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ മറ്റൊരു അടയാളമാണിത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സ്വവര്‍ഗ രതിക്കാരെ പോലും ഇങ്ങനെ ഒരുമിച്ചു ജീവിക്കാന്‍ കോടതികള്‍ അനുവദിക്കുന്നുണ്ട്. ആണും ആണും ഒരുമിച്ചും പെണ്ണുംപെണ്ണും ഒരുമിച്ചും ഇങ്ങനെ ‘ദാമ്പത്യജീവിതം’ നയിക്കുന്നതിനെ ‘ചങ്ങാത്തക്കല്യാണം’ എന്ന ഓമനപ്പേരിട്ടുവിളിക്കുകയും ചെയ്യുന്നു. ഇത്തരം ‘വിവാഹബന്ധങ്ങള്‍’ക്ക് അനുമതി നല്‍കിയതിന്റെ പേരില്‍ ചില ന്യായാധിപന്മാര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
കുടുംബം എന്ന സ്ഥാപനത്തിന്റെ അടിത്തറയാണ് വിവാഹം. അത് ഒരു ദീര്‍ഘകാല കരാറാണ്. ആ കരാറിലേര്‍പ്പെട്ട സ്ത്രീക്കും പുരുഷന്നും പരസ്പരം ചില ബാധ്യതകളും ഉത്തരവാദിത്വ ങ്ങളുമുണ്ട്. അവ ലംഘിക്കപ്പെട്ടാല്‍ തിരുത്തുന്നതിനും ശരിയായ ചാലുകളിലേക്ക് തിരിച്ചുവിടുന്നതിനും സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. മതാചാരങ്ങളും മതനിയമങ്ങളും മാത്രമല്ല സിവില്‍ നിയമവും വിവാഹത്തിനു സാമൂഹ്യമായ അംഗീകാരം നിഷ്കര്‍ഷിക്കുന്നു. സിവില്‍ നിയമത്തില്‍ പോലും വിവാഹത്തിനു സാക്ഷികള്‍ വേണം. ഹൈന്ദവപുരാണങ്ങളിലെ ഗാന്ധര്‍ വവിവാഹത്തില്‍, പക്ഷേ, അതിന്റെയും ആവശ്യമില്ല. ഏതെങ്കിലും ഒരു വിഗ്രഹത്തിന്റെ മുമ്പില്‍ നിന്നോ വരണമാല്യം ചാര്‍ത്തിയോ മോതിരം കൈമാറിയോ നടത്തുന്ന അത്തരം കല്യാണങ്ങ ള്‍ക്ക് പരസ്പര വിശ്വാസത്തിന്റെ ബലം മാത്രമേയുള്ളൂ. അതെപ്പോഴും തകരാം. ദുഷ്യന്തന്‍ ശകുന്തളയെ പരിഗ്രഹിച്ചത് ഗാന്ധര്‍വ വിധിപ്രകാരമാണ്. പിന്നീട് കാളിദാസന്‍ എത്ര പാടുപെട്ടിട്ടാണ്, തന്റെ കഥാനായകന്ന് ഓര്‍മ്മ വീണ്ടെടുത്തു കൊടുക്കുന്നത് ! മോതിരത്തിന്റെ സാഹസിക യാത്രയിലൂടെ, വിശ്വവിഖ്യാതമായ ഒരു കലാസൃഷ്ടിക്ക് നാടകീയമായ കുറേ രംഗങ്ങള്‍ തീര്‍ക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവെന്നുമാത്രം. ഇത്തരം ഗാന്ധര്‍വ വിവാഹങ്ങളെ ഇന്നത്തെ ഹിന്ദുകോഡ് പോലും അംഗീകരിക്കുകയില്ല.
സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്നത് ലൈംഗിക വേഴ്ചക്കുവേണ്ടി മാത്രമല്ല. അത് ആ ബന്ധത്തിലെ ആകര്‍ഷകമായ ഒരു ഘടകം മാത്രമാണ്. പ്രകൃതി തന്നെ അവരെ സൃഷ്ടിച്ചിരിക്കുന്നത് പരസ്പര പൂരകമായിട്ടാണ്. ഇണകളായിട്ടാണ്. ആണിലും പെണ്ണിലുമുള്ള ലൈംഗികമായ ഊര്‍ജ്ജം പരസ്പരം കൈമാറാനുള്ളതാണ്. അതാണ് വംശ വൃക്ഷത്തിന്റെ അടിത്തറ. അതുകൊണ്ടാണ് ബ്രഹ്മചര്യം ജീവിതനിഷേധകമാകുന്നത്. രതിവേഴ്ചയില്‍ നിന്നു ലഭിക്കുന്ന ആഹ്ളാദം, ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദങ്ങളിലൊന്നാണ്. അത് നിഷേധിക്കാതിരിക്കാന്‍ സമൂഹം അറിഞ്ഞു തരുന്ന അനുമതിയാണ് വിവാഹം. പക്ഷേ, അത് നിയന്ത്രണമില്ലാത്തതായിക്കൂടാ. അങ്ങനെ വന്നാല്‍ മൃഗങ്ങളും മനുഷ്യരും തമ്മില്‍ വ്യത്യാസമില്ലാതാകുന്നു. വ്യവസ്ഥാപിതമായ വിവാഹബന്ധത്തില്‍, രതിവേഴ്ചക്കപ്പുറം ചില മൂല്യങ്ങളുണ്ടാവേണ്ടതുണ്ട്. സ്നേഹമാണ് ആ ബന്ധത്തെ വിളക്കിച്ചേര്‍ക്കുന്ന അരക്ക്. മക്കളിലേക്കും അവരുടെ മക്കളിലേക്കും സ്നേഹത്തിന്റെ കണ്ണികള്‍ നീളുന്നു. ഈ ബന്ധങ്ങളൊക്കെയും സ്നഹേ മുദ്രിതമായ പാരസ്പര്യത്തില്‍ അധിഷ്ഠിതമാണ്. അവിടെ അവകാശങ്ങള്‍ മാത്രമല്ല, ചുമതലകളുമുണ്ട്. സുഖം മാത്രമല്ല ദുഃഖവുമുണ്ട്. അവ പങ്കുവെക്കുന്നതിലുള്ള സായൂജ്യമാണ് വിവാഹം, കുടുംബം തുടങ്ങിയ സങ്കല്‍പ്പങ്ങളെ ഉദാത്തമാക്കുന്നത്. എന്തെല്ലാം പരിമിതികളും പരാധീനതകളും ഉണ്ടായിരുന്നാലും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഈ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നതും അതുകൊണ്ടുതന്നെയാണ്.
ലോകപ്രശസ്ത നോവലിസ്റ്റായ  ജീന്‍ പോള്‍  സാര്‍ത്രും സ്ത്രീവിമോചനവാദിയായ സിമോന്‍ ദ ബുവെയും വിവാഹം കഴിക്കാതെതന്നെ ദീര്‍ഘകാലം ഒന്നിച്ചുജീവിച്ചവരാണ്. ‘ബുദ്ധിപരമായ ചങ്ങാത്തം’ എന്നാണവര്‍ സ്വയം അതിനെ വിളിച്ചത്. പാശ്ചാത്യരാജ്യങ്ങളില്‍ അത്തരം ബന്ധങ്ങള്‍ ഇന്നു അസാധാരണമല്ല. നിയമാനുസൃതമായ വിവാഹബന്ധങ്ങള്‍ പോലും അവിടെ ദീര്‍ഘസ്ഥായിയല്ല. ആഴ്ചതോറും കുപ്പായം മാറുന്നതു പോലെ ഭാര്യാഭര്‍ത്താക്കന്മാരെ അവര്‍ മാറുന്നു. അവരുടെ സന്തതികള്‍ക്ക് വൈകാരിക സുരക്ഷിതത്വം ലഭിക്കുന്നില്ല. ജീവശാസ്ത്ര പരമായി ഇത്തരം ബന്ധങ്ങള്‍ ആവാം എന്നതുകൊണ്ടുമാത്രം അത് അനുവദിക്കപ്പെട്ടുകൂടാ. സമൂഹത്തിന്റെ കണ്ണികളായ വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഇടര്‍ച്ചയില്ലാതെ നിലനില്‍ക്കുവാനാണ് ധാര്‍മികത ആവശ്യമായിവരുന്നത്. ധാര്‍മികത വേണ്ടെങ്കില്‍ പിന്നെ നിയമവും ആവശ്യമില്ലെന്നുവരുന്നു. ധാര്‍മികതയും നിയമവും ഒന്നല്ലെന്ന പ്രഖ്യാപനത്തിലൂടെ, കോടതി നിയമവാഴ്ചയെ തന്നെ നിഷേധിച്ചിരിക്കുകയാണ്.
നിയമപരമായ ഒരു ബാധ്യതയും ഇല്ലാതെ ഒരുമിച്ചുജീവിക്കുന്ന സ്ത്രീക്കും പുരുഷന്നും വി വാഹം കഴിക്കാത്തതു കൊണ്ട് വിവാഹമോചനവും വേണ്ടിവരില്ലായിരിക്കാം. അവരുടെ ബന്ധത്തിലുണ്ടാകുന്ന വിള്ളലുകള്‍ തീര്‍ക്കാന്‍ കുടുംബ കോടതികളുടെയും ആവശ്യം വരില്ലായിരിക്കാം. ഇവര്‍ക്ക് മക്കളുണ്ടാവുകയാണെങ്കില്‍ അവരെ വളര്‍ത്തുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ഉത്തരവാദിത്തമാര്‍ക്കായിരിക്കും? അവരുടെ പിന്തുടര്‍ച്ചാവകാശങ്ങളെന്തൊക്കെയായിരിക്കും? ഇതിനെക്കുറിച്ചൊന്നും വ്യവസ്ഥകളില്ല. ഇവര്‍ക്കെതിരെ അസാന്മാര്‍ഗിക പ്രതിരോധനിയമം നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍, പിന്നെ അത് ഹോട്ടലുകളിലും മറ്റും നടക്കുന്ന വ്യഭിചാരത്തിനെതിരെ പ്രയോഗിക്കുന്നതിലെ ധാര്‍മികയുക്തിയെന്താണ്? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ അലഹബാദ് ഹൈക്കോടതി വിധി ഉയര്‍ത്തുന്നുണ്ട്.
കേരളത്തിലും വിവാഹം കഴിക്കാതെ, സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചുജീവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവരുമായുള്ള അഭിമുഖസംഭാഷണങ്ങള്‍ ടി.വിയില്‍ വരികയുണ്ടായി. കേരളം തുറന്ന സമൂഹത്തിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തം. ആഗോളവത്കരണം ഉയര്‍ ത്തിപ്പിടിക്കുന്ന വ്യക്തിവാദം കാമിക്കുന്നത് നിരങ്കുശമായ ജീവിതാനന്ദമാണ്. എന്നാല്‍, നിരുപാധികമായ ജീവിതാനന്ദം എന്നത് ഒരു മിഥ്യ മാത്രമാണ്. ശരീരത്തിലെ ഏതെങ്കിലും ഒരു കോശത്തില്‍ അര്‍ബുദത്തിന്റെയോ എയ്ഡ്സിന്റെയോ വിത്തുവീണാല്‍ മതി, ആഹ്ളാദത്തിന്റെ പളുങ്കുപാത്രം താഴെവീണുടയാന്‍. സുഖദുഃഖങ്ങളിലെ കയറ്റിറക്കങ്ങളിലൂടെയാണ് ജീവിതം അനുഭവവേദ്യമാകേണ്ടത്. മറ്റുള്ളതെല്ലാം മിഥ്യകള്‍ മാത്രം.

മലക്കല്ല ഞാന്‍, പെണ്ണെന്നോര്‍ക്കണം

സാഹിറ തൂങ്ങിമരിച്ചു!
തന്റെ മതം അവളെ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കുന്നില്ല. ഏത് കൊടിയ പരീക്ഷണഘട്ടത്തിലും  ജീവിതാശ ഉപേക്ഷിക്കാതിരിക്കുവാനാണവളെ മതം ഉപദേശിക്കുന്നത്. എന്നിട്ടും ആ കടുംകൈ ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചതെന്താണ്? സ്ത്രീധന പീഢനമാണോ? ഭര്‍ത്താവിന്റെ മദ്യാസക്തിയാണോ? അതൊന്നുമായിരുന്നില്ല.
ഒരാണ്‍കുഞ്ഞിന്റെ പിതാവായതിനുശേഷമാണ് അവളുടെ ഭര്‍ത്താവ് റഷീദ് ജോലിതേടി ഗള്‍ഫില്‍ പോയത്. അതിനുശേഷം അവള്‍ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു. ഭര്‍ത്തൃപിതാവ് സമൂഹത്തില്‍ മാന്യതയുള്ളയാളാണ്. പരിശുദ്ധ ഹജ്ജുകര്‍മം നിര്‍വ്വഹിച്ചയാളാണ്. മകന്റെ ഭാര്യ, സ്വന്തം മകള്‍ തന്നെയാണെന്നു മനസ്സിലാക്കി പെരുമാറണമെന്ന് അറിഞ്ഞിരിക്കേണ്ടയാളാണ്. എന്നിട്ടും സ്വന്തം ബാപ്പയുടെ സ്ഥാനത്ത് കണ്ട അയാളില്‍ നിന്ന് അരുതാത്ത പെരുമാറ്റം അവള്‍ക്ക് നേരിടേണ്ടിവന്നു. ലൈംഗികമായ അഭിനിവേശത്തോടെ അവളെ സമീപിച്ചപ്പോള്‍ അയാള്‍ ബാപ്പയല്ല, ഇബ്ലീസാവുകയായിരുന്നു. ശല്യം സഹിക്കവയ്യതായപ്പോള്‍ അവള്‍ തന്റെ പ്രിയപ്പെട്ടവന്നെഴുതി: ‘ഉടനെ വരൂ, രക്ഷിക്കൂ.’
അയാളുടെ മറുപടിയെത്തി: ഞാന്‍ ഉടനെ വരുന്നുണ്ട്. വന്നാല്‍ പ്രശ്നമെല്ലാം പരിഹരിക്കാം. അതുവരെ നീ വീട്ടില്‍ പോയി നില്‍ക്കൂ. പറഞ്ഞതുപോലെ സാഹിറ സ്വന്തം വീട്ടിലേക്ക് പോയി. റഷീദ് (ആളുകളുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്). വന്നപ്പോള്‍ സ്വീകരിക്കുവാന്‍, അയാള്‍ ആവശ്യപ്പെട്ടിരുന്നതനുസരിച്ച് വിമാനത്താവളത്തിലേക്ക് ചെന്നു. എന്നാല്‍ തന്നോടൊപ്പം സ്വന്തം വീട്ടിലേക്ക് അവളെകൂട്ടാന്‍ റഷീദ് തയ്യാറായില്ല. രണ്ടു ദിവസം കഴിഞ്ഞ് അവളുടെ വീട്ടിലേക്ക് ചെല്ലാമെന്ന് പറഞ്ഞാണയാള്‍ പിരിഞ്ഞതെങ്കിലും വാക്കു പാലിച്ചതുമില്ല. ദുസ്സഹമായ കാത്തിരിപ്പിന്റെ ഒടുവില്‍, കടുത്ത നൈ രാശ്യം മൂലമാവാം അവള്‍ ആ കടുംകൈ ചെയ്തുപോയത്!
നാലഞ്ചു വര്‍ഷം നീണ്ടു നിന്ന കേസിനു ശേഷം ഭര്‍ത്തൃപിതാവിന് പത്തു വര്‍ഷത്തെ കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു കൊണ്ട് ഒരു മജിസ്ട്രേറ്റ്കോടതി ഉത്തരവായി. ഭര്‍ ത്താവിനുമുണ്ട് മൂന്നു വര്‍ഷത്തെ തടവും പിഴയും.
ഇത് ഒറ്റപ്പെട്ട ഒരു ആത്മഹത്യാസംഭവമായി എഴുതിത്തള്ളാനാവില്ല. സ്വന്തം പിതാക്കളില്‍     നിന്നു പോലും പെണ്‍കുട്ടികള്‍ ലൈംഗികമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണ്. കോടതികളിലും കുടുംബകോടതികളിലും എത്താതെപോകുന്ന,നിശ്ശബ്ദ സഹനങ്ങളുടെ എത്രയെത്ര കഥകള്‍ നാമറിയുന്നില്ല! ഭക്തനായറിയപ്പെടുന്ന ഒരാളില്‍ നിന്നാണ് ഇത്ര പൈശാചികമായ ഒരനുഭവം ഉണ്ടാകുന്നതെന്നോര്‍ക്കുമ്പോള്‍, ആ കൃത്യത്തിന്റെ കാഠിന്യം വര്‍ധിക്കുന്നു. സ്വഫാ-മര്‍വാ കുന്നുകള്‍ക്കിടയില്‍, ദാഹിച്ചു തൊണ്ടവരണ്ട തന്റെ കൈക്കുഞ്ഞിനു ഒരു തുള്ളി വെള്ളം തേടി, പരക്കം പാഞ്ഞ ഒരുമ്മയുടെ, ഒരു സ്ത്രീയുടെ നിലവിളി ഹജ്ജ് ചെയ്ത ഈ മനുഷ്യന്റെ ഹൃദയത്തില്‍ ഒരിലയനക്കം പോലുമുണ്ടാക്കിയില്ലല്ലൊ എന്നോര്‍ത്ത് ലജ്ജിക്കുക. മതത്തിന്റെ മൂല്യവും സത്തയും ഉള്‍ക്കൊള്ളാത്ത, അനുഷ്ഠാനങ്ങളുടെ പൊള്ളത്തരം ഇവിടെ അനാവൃതമാകുന്നു.
ആത്മഹത്യാപ്രേരണ കൊലപാതകം പോലെത്തന്നെ ഗുരുതരമായി കരുതേണ്ട ഒന്നാണെന്ന് ഈ കോടതിവിധി വ്യക്തമാക്കുന്നു. ഏറ്റവും കൂടുതലായി സ്ത്രീകളാണ് ഇത്തരം സംഭവങ്ങളില്‍ ഇരയാവുന്നതും. മദ്യപരായ ഭര്‍ത്താക്കന്മാര്‍, സ്ത്രീധനത്തെച്ചൊല്ലി പീഢിപ്പിക്കുന്ന ഭര്‍ത്തൃവീട്ടുകാര്‍ ഇവരില്‍ നിന്നെല്ലാം ഉണ്ടാകുന്ന മോശമായ പെരുമാറ്റങ്ങളാണ് അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. അതോടൊപ്പം തന്നെ  പ്രാധാന്യമുള്ളതാണ്  കുടുംബത്തിനുള്ളില്‍ അവളനുഭവിക്കേണ്ടിവരുന്ന ഏകാന്തതയും ലൈംഗികപീഢനങ്ങളും!
നോര്‍ക്ക (നോണ്‍ റെസിഡന്റ് കേരളൈറ്റ്സ് എഫെയര്‍ ഡിപ്പാര്‍ട്ടുമെന്റ്) യുടെ ഒരു കണക്കനുസരിച്ച് പതിനാറു ലക്ഷം മലയാളികള്‍ ഗള്‍ഫു രാജ്യങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷവും നല്ല വരുമാനമുള്ളവരല്ല. ഭാര്യയെയും കുട്ടികളെയും കൂടെ കൊണ്ടുപോയി താമസിപ്പിക്കാന്‍ കഴിവുള്ളവരല്ല.
പല കുടുംബങ്ങളിലും പെണ്‍കുട്ടികള്‍ ഋതുമതിയാവുന്നതോടെ, നിക്കാഹിനൊരുങ്ങിവരുന്ന അബൂദബിക്കാരന്‍ പുതുമണവാളനെ സ്വപ്നം കണ്ടുതുടങ്ങുകയായി. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് അതാ ഒരുനാളില്‍ പുതുമാപ്പിള പെണ്ണുകാണാന്‍ വരുന്നു. രണ്ടുമാസത്തെ ലീവിലാണ് വരവ്. അതില്‍ ഒരു മാസം പെണ്ണു തിരക്കിനടന്നു തീര്‍ന്നു. ഇനി ഒരു മാസമേയുള്ളൂ. അങ്ങനെ നിക്കാഹും കല്യാണവും കഴിഞ്ഞ് വിരുന്നുകളും കൂടിയാവുമ്പോള്‍ ലീവ് തീരുകയായി. പിന്നെ വിരഹത്തിന്റെ നാളുകളാണ്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവന് പിന്നീട് നാട്ടിലേക്ക് വരാന്‍ കഴിയുക. ആഴ്ചയിലൊരിക്കലെങ്കിലും ഫോണ്‍ ചെയ്യാനും ഇ-മെയിലില്‍ ചാറ്റുചെയ്യാനും എത്രപേര്‍ക്ക് കഴിയും? മുത്തിമണത്ത കത്തുകളും ഹൃദ്യമായ പരിമളം പരത്തുന്ന ഫ്രഞ്ചു പെര്‍ഫ്യമും കൊണ്ട് എത്രനാള്‍ അവളുടെ ഹൃദയ വികാരങ്ങള്‍ അമര്‍ത്തിവെക്കാനാവും?
“മധുവിധുനാളുകള്‍ മനസ്സില്‍ കിളിര്‍ക്കുന്നു, മദനക്കിനാവുകള്‍ മാറോടണക്കുന്നു
മലരണിരാത്രികള്‍ മഞ്ഞില്‍ കുളിക്കുന്നു, മണിയറക്കട്ടിലോ മാടിവിളിക്കുന്നു
എങ്ങനെ ഞാനുറങ്ങും? കിടന്നാലും, എങ്ങനെയുറക്കംവരും? ഉറങ്ങ്യാലും
മധുപകര്‍ന്നിട്ട പുതുപുതുസ്വപ്നംകണ്ട്, ഞെട്ടിയുണരും, തലയണ കെട്ടിപ്പുണരും..”
കാല്‍നൂറ്റാണ്ടുമുമ്പ് എസ്.എം ജമീല്‍ എന്ന മാപ്പിളകവി എഴുതിയ ദുബായ് കത്തുപാട്ടില്‍ വിരഹിണിയായ മാപ്പിളപ്പെണ്ണിന്റെ തരുണനൊമ്പരങ്ങള്‍ മുഴുവനുമുണ്ട്. ഈ വ്രണിതവികാരങ്ങളാണ് സാറ്റര്‍ഡേ സിന്‍ഡ്രോം ആയി മാറുന്നതെന്ന് മനഃശാസ്ത്രവിദഗ്ധര്‍ പറയുന്നു.
വെള്ളിയാഴ്ച തോറും ടെലിഫോണിലൂടെ നടക്കുന്ന ‘പ്രണയസല്ലാപ’ ങ്ങളുടെ ഫലമാണ് പിറ്റേന്ന് സൈക്കോസൊമാറ്റിക് രോഗങ്ങളുമായി (മനഃശാസ്ത്രപരമായ കാരണങ്ങളാലുണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങള്‍) ഡോക്ടറെ സമീപിക്കാന്‍ വിരഹിണികളായ ഗള്‍ഫ് ഭാര്യമാരെ പ്രേരിപ്പിക്കുന്നത്.ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നോ മറ്റോ കേട്ട കിംവദന്തികള്‍, സ്വന്തം പെണ്ണിന്റെ ചാരിത്ര ശുദ്ധിയെക്കുറിച്ചുള്ള പരദൂഷണങ്ങള്‍ ഇതെല്ലാം മനസ്സില്‍ വെച്ചു ഭര്‍ത്താവ് പറയുന്ന കുത്തുവാക്കുകള്‍ സൃഷ്ടിക്കുന്ന മുറിവുകളാണവളുടെ സമാധാനം നശിപ്പിക്കുന്നത്. പലപ്പോഴും അവള്‍ക്ക് വരുന്ന ടെലിഫോണ്‍ കോളുകള്‍, കത്തുകള്‍ എല്ലാം സെന്‍സര്‍ ചെയ്യപ്പെടുന്നു.
വിവാഹിതയായ ഒരു യുവതിക്ക് ഭര്‍ത്താവിന്റെ വീട് സ്വന്തം വീടുപോലെയാവേണ്ടതാണ്. എന്നാല്‍, വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ അവള്‍ക്ക് സു രക്ഷിതത്വം നഷ്ടപ്പെടുന്നുവെങ്കില്‍ സ്വാഭാവികമാണത്. ഭര്‍ത്താവിന്റെ സഹോദരന്മാരും മറ്റു ബന്ധുക്കളുമൊക്കെയായി അവള്‍ ഇടപഴകേണ്ടിവരും. വെടിമരുന്നുശാലയും തീയും തമ്മിലുള്ള സാമീപ്യം പോലെ അപകടകരമാണത്. (സ്വന്തം വീട്ടുകാരേക്കാള്‍ നന്നായി പെണ്‍കുട്ടികളെ നോക്കുന്ന ഭര്‍തൃ വീട്ടുകാരുമുണ്ടെന്ന് മറക്കുന്നില്ല.) ഇവിടെയാണ് മലബാറില്‍ ചില കൂട്ടു കുടുംബങ്ങളില്‍ ഇന്നു നിലനില്‍ക്കുന്ന അറ സമ്പ്രദായവും വീട്ടുപുതിയാപ്ള സമ്പ്രദായവും പെണ്‍കുട്ടികള്‍ക്ക് തുണക്കെത്തുക. അവിടെ അവള്‍ അന്യയല്ല. പിറന്നതുമുതല്‍ പരിചയമുള്ളവരാണ്. ആ സുരക്ഷിതത്വബോധം വലിയ ആശ്വാസമാണ്.
കുടുംബം പോറ്റാന്‍ മണലാരണ്യങ്ങളില്‍ ചോര നീരാക്കുന്നവന്റെ വിരഹനൊമ്പരങ്ങള്‍ അവഗണിക്കാവതല്ല. തീര്‍ച്ചയായും അയാളും അവളെപ്പോലെത്തന്നെ വളരെയധികം മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുണ്ട്. എന്നാലും പണം സമ്പാദിക്കുന്നയാള്‍ എന്ന നിലയില്‍, അയാള്‍ക്ക് കുടുംബത്തില്‍ മേല്‍കയ്യുണ്ട്. തെറ്റു ചെയ്യുന്നത് സ്വന്തം പിതാവാണെങ്കില്‍ പോലും മുഖത്തുനോക്കി അതു പറയാനുള്ള ആര്‍ജ്ജവം അയാള്‍ക്കുണ്ടായേ തീരൂ. തന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയുടെ അഭിമാനം തന്റേതു കൂടിയാണെന്ന് അയാള്‍ തിരിച്ചറിയണം. ഇത്തരം ഘട്ടങ്ങളില്‍ മൌനവും നിസ്സംഗതയും കുറ്റകരം തന്നെയാണ്.
മാപ്പിളകവി ജമീലിന്റെ വരികള്‍ തുടരുന്നു:
“മരിക്ക്യോളമീ നിധി കാക്കും ഞാനെങ്കിലും, മലക്കല്ല ഞാന്‍, പെണ്ണെന്നോര്‍ക്കണം നിങ്ങളും.”
സഹി കെട്ട സാഹിറയെ നാമെങ്ങനെ കുറ്റപ്പെടുത്തും?.

മുത്വലാഖ്

ശഅബി (റ) യില്‍ നിന്നു നിവേദനം. ശഅബി (റ) പറഞ്ഞു: “ഖൈസിന്റെ മകള്‍ ഫാത്വിമ യോട് തന്റെ ത്വലാഖിനെ കുറിച്ച് അറിയിച്ചു താരാന്‍ ഞാനാവശ്യപ്പെട്ടു. അവര്‍ മറുപടി നല്‍കി. എന്റെ ഭര്‍ത്താവ് യമനിലേക്ക് പുറപ്പെടുന്ന സമയത്ത് മൂന്ന് ത്വലാഖും ചൊല്ലുക യാണുണ്ടായത്. നബി (സ്വ) അതു പ്രകാരം തന്നെ സ്ഥിരീകരിച്ചു”. സുനനു ഇബ്നി മാജ: വാള്യം 1, പേജ് 652, സുനനുല്‍ ബൈഹഖി വാള്യം 7, പേജ് 329, സുനനുന്നസാഈ വാള്യം 6, പേജ് 144, അല്‍ ദുര്‍റുല്‍ മന്‍സൂര്‍ വാള്യം 1, പേജ് 280.
ബൈഹഖി (റ) നിവേദനം. ഹഫ്സുബ്നു അംറ് (റ) ഖൈസിന്റെ മകള്‍ ഫാത്വിമ (റ) യെ ഒറ്റ വാചകത്തില്‍ തന്നെ മൂന്ന് ത്വലാഖും ചൊല്ലി. തല്‍വിഷയകമായി നബി (സ്വ) അദ്ദേഹത്തെ വിമര്‍ശിച്ചതായി ഞങ്ങള്‍ അറിഞ്ഞിട്ടില്ല. അപ്രകാരം അബ്ദുറഹ്മാനുബ്നു ഔഫ് (റ) തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലി ഒഴിവാക്കി. ഇവ്വിഷയത്തില്‍ അബ്ദുര്‍റ ഹ്മാനുബ്നു ഔഫി (റ) നെ ആരും തന്നെ വിമര്‍ശിച്ചിട്ടില്ല. മുഹമ്മദുബ്നു റാഷിദി (റ) ല്‍ നിന്ന് ശൈബാനുബ്നു ഫര്‍റൂഖും ഇപ്രകാരം ഉദ്ദരിച്ചിട്ടുണ്ട് (സുനനുല്‍ കുബ്റ വാള്യം 7, പേജ് 330).
ആഇശ (റ) യില്‍ നിന്ന് നിവേദനം. “അവര്‍ പറഞ്ഞു, നിശ്ചയം ഒരു വ്യക്തി തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലി. അതു സംബന്ധമായി നബി (സ്വ) യോട് ഇങ്ങനെ ചോദിക്കപ്പെട്ടു. ആദ്യ ഭര്‍ത്താവിന് ഈ സ്ത്രീ ഇനി അനുവദിക്കപ്പെടുമോ? ഇല്ലെന്നായിരുന്നു അവിടുന്ന് പ്രതിവചിച്ചത്”(സുനനുല്‍ ബൈഹഖി വാള്യം 7, പേജ് 329). ഇബ്നു ഹജര്‍ (റ) പറയുന്നു. ഈ ഹദീസില്‍ മുന്ന് ത്വലാഖും ചൊല്ലി എന്നതിന്റെ ബാഹ്യം തന്നെ മൂന്നും ഒരുമിച്ച് ചൊല്ലിയെന്നത്രെ (ഫത്ഹുല്‍ ബാരി വാള്യം 9, പേജ് 267).
മുജാഹിദില്‍ നിന്നും നിവേദനം.”ഒരാള്‍ ഇബ്നു അബ്ബാസിനോടു ഇങ്ങനെ പറഞ്ഞു: ഞാനെന്റെ ഭാര്യയെ നൂറ് ത്വലാഖും ചൊല്ലിയിരിക്കുന്നു. അവിടുന്നിപ്രകാരം പ്രതിവചിച്ചു. മൂന്നെണ്ണം നീ പിടിക്കുക. തൊണ്ണൂറ്റി ഏഴെണ്ണം ഒഴിവാക്കുകയും ചെയ്യുക”. ഇമാം ശാഫിഈ (റ) യുടെ ഇഖ്തിലാഫുല്‍ ഹദീസ് വാള്യം 6, പേജ് 180, സുനുല്‍ കുബ്റ വാള്യം 7, പേജ് 337, മുസ്വന്നഫു ഇബ്നി അബീ ശൈബ  വാള്യം 5, പേജ് 120, മുസ്വന്നഫു അബ്ദി ര്‍റസാഖ് വാള്യം 6, പേജ് 396.
മുജാഹിദ് (റ) വില്‍ നിന്ന് സ്വഹീഹായ പരമ്പരയിലൂടെ അബൂദാവൂദ് (റ) നിവേദനം. മുജാഹിദ് (റ) പറഞ്ഞു: “ഞാന്‍ ഇബ്നു അബ്ബാസി (റ) ന്റെ അരികിലായിരുന്നപ്പോള്‍ ഒരാള്‍ വന്ന് തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലിയതായി പറഞ്ഞു. അവിടുന്നു അല്‍പ സമയം മൌനം ദീക്ഷിച്ചു. ഞങ്ങള്‍ ധരിച്ചത് അവളെ അയാളിലേക്ക് തന്നെ മടക്കിക്കൊടുക്കു മെന്നായിരുന്നു. ശേഷം ഇങ്ങനെ പറഞ്ഞു. നിങ്ങളില്‍ ചിലരൊക്കെ വിഡ്ഢിത്തം പ്രവര്‍ത്തിക്കും. പിന്നെ ഇബ്നു അബ്ബാസ്, ഇബ്നു അബ്ബാസ് എന്ന് വിളിച്ചു വിലപിക്കും. അല്ലാഹുവിനെ സൂക്ഷിച്ചവന് അല്ലാഹു ഒരു വഴി വെച്ചു കൊടുക്കുമെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. നിശ്ചയം നീ അല്ലാഹുവിനെ സൂക്ഷിച്ചില്ല. അതുകൊണ്ടു തന്നെ നിനക്ക് ഞാനൊരു വഴിയും കാണുന്നില്ല. നീ നിന്റെ നാഥനു വിപരീതം ചെയ്തിരിക്കുന്നു (ഫത്ഹുല്‍ ബാരി വാള്യം 9, പേജ് 362, സുര്‍ഖാനി (റ) യുടെ ശറഫുല്‍ മുവത്വ വാള്യം 3, പേജ് 167).
ഇമാം സുര്‍ഖാനി (റ) തുടരുന്നു: “മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലിയാല്‍ മൂന്നും സംഭവിക്കു മെന്നതുകൊണ്ട് ഇബ്നു അബ്ബാസ് (റ) ഫത്വ നല്‍കിയതായി നിരവധി പരമ്പരകളിലൂടെ വന്നിട്ടുണ്ട്” (ശറഹുല്‍ മുവത്വ വാള്യം 3, പേജ് 167). ഹമ്പലീ മദ്ഹബുകാരനായ ഇബ്നു ഖുദാമ (റ) പറയുന്നു : ഇബ്നു അബ്ബാസ് (റ) ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുപോലെ അബൂഹുറൈറഃ (റ), ഇബ്നു ഉമര്‍ (റ), ഇബ്നു മസ്ഊദ് (റ), അനസ് (റ) അബ്ളുല്ലാഹി ബ്നു അംറ് (റ) തുടങ്ങിയവരില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. താബിഉകളും ശേഷ മുള്ളവരുമായ ഇമാമുകളില്‍ നിന്ന് ബഹുഭൂരിപക്ഷം പണ്ഢിതരും പറയുന്നത് ഇതുതന്നെ യാണ് (ഇബ്നു ഖുദാമഃ (റ) യുടെ മുഗ്നി വാള്യം 7, പേജ് 104).
ഉധ്യത ഹദീസുകളുടെയും മറ്റും പിന്‍ബലത്തോടെ തന്നെയാണ് മുസ്ലിം ലോകം മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്ന് പറയുന്നത്. അതിന്നെതിരില്‍ ഉല്‍പതിഷ്ണു വിഭാഗം പ്രധാനമായും എഴുന്നള്ളിക്കുന്നത് ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് തന്നെയുള്ള മറ്റൊരു ഹദീസാണ്. “അവര്‍ പറഞ്ഞു: നബി (സ്വ) യുടെയും അബൂ ബക്ക്ര്‍ സിദ്ദീഖി (റ) ന്റെയും കാലഘട്ടങ്ങളിലും ഉമര്‍ (റ) ന്റെ ഭരണകാലത്ത് നിന്നുള്ള രണ്ടു വര്‍ഷങ്ങളിലും മൂന്ന് ത്വലാഖ് ഒന്നായിട്ടാണ് പരിഗണിച്ചിരുന്നത്. അങ്ങനെ ഉമര്‍ (റ) ഇപ്ര കാരം പറയുകയുണ്ടായി. നിശ്ചയം ഇപ്പോള്‍ മുമ്പ് സാവകാശം പ്രവര്‍ത്തിച്ചിരുന്ന കാര്യ ത്തില്‍ (മേല്‍ പദം പ്രയോഗിക്കുന്നത്) ജനങ്ങള്‍ ധൃതി കൂട്ടിയിരിക്കയാണ്. അതുകൊണ്ടു മൂന്നും സംഭവിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. അങ്ങനെ മൂന്നും സംഭവി ക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി (മുസ്ലിം വാള്യം 1, പേജ് 478).
ഈ ഹദീസ് സംബന്ധമായി, ഇബ്നു സുറൈജി (റ) ന്റെയും മറ്റും വിശദീകരണം കാണുക:
“ഒരാള്‍ തന്റെ ഭാര്യയോട് അന്‍തി ത്വാലിഖുല്‍ (നീ ത്വലാഖ് ചൊല്ലപ്പെട്ടവളാണ്) എന്ന പദം മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു പറയുന്നതിനെ സംബന്ധിച്ചാണ് ഹദീസില്‍ പറഞ്ഞിട്ടുള്ളത്. ആദ്യകാലത്തുള്ള ജനങ്ങള്‍ നിഷ്കളങ്കരും വക്രതയില്ലാത്തവരുമായതിനാല്‍ തങ്ങള്‍ വല്ലപ്പോഴും ഇങ്ങനെ ആവര്‍ത്തിച്ചു പറയുന്നതുകൊണ്ട് വിവക്ഷ ആദ്യ പദത്തെ ശക്തിപ്പെടുത്തല്‍ മാത്രമാണെന്ന് അവര്‍ പറഞ്ഞാല്‍ അന്നൊക്കെ സ്വീകരിക്കപ്പെടുമായി രുന്നു. പില്‍ക്കാലത്ത് (ഈ പദം പ്രയോഗിക്കുന്ന) ജനങ്ങള്‍ ഗണ്യമായി വര്‍ധിക്കുകയും വക്രതയും മറ്റും അവരില്‍ കൂടിവരികയും ചെയ്തപ്പോള്‍ തങ്ങള്‍ ആദ്യപദത്തെ ശക്തി പ്പെടുത്തല്‍ മാത്രമുദ്ദേശിച്ചാണ് രണ്ടാമതും മൂന്നാമതും ആവര്‍ത്തിച്ചതെന്നു പറഞ്ഞാല്‍ അതു സ്വീകരിക്കപ്പെടാന്‍ പറ്റില്ലെന്നും ആവര്‍ത്തിച്ച് പറയുന്നതുകൊണ്ടവര്‍ ഉദ്ദേശിക്കുന്നത് മൂന്ന് ത്വലാഖ് തന്നെയായി കണക്കാക്കുമെന്നും ഉമര്‍ (റ) പ്രസ്താവിക്കുകയും അതുകൊ ണ്ടുതന്നെ ഇനി മേല്‍ വല്ലവനും ആ പദം മൂന്ന് തവണ ആവര്‍ത്തിച്ചു പ്രയോഗിച്ചാല്‍ മൂന്ന് ത്വലാഖും സംഭവിച്ചതായിതന്നെ പരിഗണിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇബ്നു സുറൈജ് (റ) പറഞ്ഞ ഈ മറുപടിയെ ഇമാം ഖുര്‍ത്വുബി നല്ല മറുപടിയായി വിശേഷിപ്പി ക്കുകയും അതിനെ ഉമര്‍ (റ) ന്റെ വാക്ക് കൊണ്ടുതന്നെ ശക്തിപ്പെടുത്തുകയും ചെയ്തിരി ക്കുന്നു. ഇമാം നവവി (റ) പറയുന്നതു ഏറ്റവും പ്രബലമായ മറുപടി ഇതാണ്” (ഫത്ഹുല്‍ ബാരി വാള്യം 9, പേജ് 364).
ഇപ്രകാരം ശറഹു മുസ്ലിം വാള്യം 10, 71, ഇര്‍ശാദുസ്സാരി വാള്യം 8, പേജ് 133, സുര്‍ഖാനി (റ) യുടെ ശറഹുല്‍ മുവത്വഅ് വാള്യം 3, പേജ് 167 ലും കാണാം.
“നിന്റെ മൂന്ന് ത്വലാഖും ചൊല്ലി” എന്ന് ഒറ്റ വാചകത്തിലായി പറയുന്നതിനെ പരാമര്‍ശിച്ചല്ല ഹദീസെന്നും നിന്റെ ത്വലാഖ് ചൊല്ലപ്പെട്ടിരിക്കുന്നുവെന്ന പദം മൂന്ന് തവണ ആവര്‍ത്തിക്കു ന്നതിനെ പരാമര്‍ശിക്കുക മാത്രമാണ് ഹദീസെന്നും ചുരുക്കും. അപ്പോള്‍ നിന്നെ മൂന്ന് ത്വലാഖും ചൊല്ലി എന്ന പദം മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചാല്‍ മൂന്നും സംഭവിക്കുമെന്ന് ഇബ്നു അബ്ബാസ് (റ) ഫത്വ നല്‍കിയതായി സ്ഥിരപ്പെട്ട ഹദീസുകളോട് ഇബ്നു അബ്ബാസി (റ) ന്റെ തന്നെ ഈ ഹദീസ് ഒരിക്കലും എതിരാകുന്നില്ല. ഈ ഹദീസിന്റെ ബാഹ്യം മാത്രം പിടിച്ചവരാണ് വൈരുദ്ധ്യം കാണുന്നത്. അതുകൊണ്ടുതന്നെ ഈ ബാഹ്യം ശരിയാവുകയില്ലെന്നാണ് പണ്ഢിത പക്ഷം. ഈ ഹദീസിന്റെ ബാഹ്യത്തെ നിങ്ങളെന്തു കൊണ്ട് നേരിടുമെന്ന് അഹ്മദ് ബ്നു ഹമ്പല്‍ (റ) നോട് ഇസ്റമ് (റ) ചോദിച്ചപ്പോള്‍ അവി ടുന്നിപ്രകാരം പറഞ്ഞു. ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് നിരവധി പരമ്പരികളിലൂടെ ജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഈ ഹദീസിന്റെ ബാഹ്യത്തോട് വിയോജിപ്പുള്ള താണ്. പിന്നെ മൂന്ന് ത്വലാഖും ഞാന്‍ ചൊല്ലി എന്ന വാചകം കൊണ്ട് മൂന്നും സംഭവി ക്കുമെന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി വന്നിട്ടുള്ള ഹദീസുകളെ ഇമാം അഹ്മദ് ബ്നു ഹമ്പല്‍ (റ) എണ്ണിപ്പറയുകയുണ്ടായി” (ഇബ്നു ഖുദാമഃ (റ) യുടെ മുഗ്നി വാള്യം 7, പേജ് 105).
ഇപ്രകാരം ഇബ്നു അബ്ബാസ് (റ) ന്റെ ഉധൃത ഹദീസ് അതിന്റെ ബാഹ്യാര്‍ഥത്തില്‍ ചുമത്തിക്കൂടെന്ന് ഖുര്‍ത്വുബീ വാള്യം 3, പേജ് 129, ശംസുദ്ദീന്‍ അബുല്‍ ഫറജി (റ) ന്റെ അശ്ശറഹുല്‍ കബീര്‍ വാള്യം 4, പേജ് 414 തുടങ്ങിയ ഗ്രന്ഥങ്ങളിലും പ്രസ്താവിച്ചിട്ടുണ്ട്.
മാത്രമല്ല ബാഹ്യാര്‍ഥത്തില്‍ ചുമത്തുന്ന പക്ഷം നബി (സ്വ) യുടെ കാലം തൊട്ട് ഉമര്‍ (റ) ന്റെ ഭരണം രണ്ടു വര്‍ഷമാകും വരെ മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലിയാല്‍ ഒന്നു മാത്രമായി പരിഗണിക്കപ്പെട്ടിരുന്ന നിയമം പിന്നീട് ഉമര്‍ (റ) മാറ്റിത്തിരുത്തിയെന്ന് വരും. ഇങ്ങനെ ചെയ്യുന്നത് ആദ്യ നിയമത്തിന്റെ പ്രാബല്യത എടുത്തുകളയുന്ന നസ്ഖ് ആണ്. പ്രവാചകര്‍ക്ക് ശേഷം ഉമര്‍ (റ) നസ്ഖ് ചെയ്തു എന്നു പറയുന്നതു കാര്യത്തിന്റെ യാഥാര്‍ഥ്യമറിയാത്ത ചിലരുടെ തെറ്റിദ്ധാരണയാണെന്നും ഇതു വ്യക്തമായ പിഴവാ ണെന്നും ഉര്‍ (റ) അങ്ങനെ ഒരു നസ്ഖിലേക്ക് ഉളരുന്നപക്ഷം മറ്റു സ്വഹാബാക്കള്‍ അതിനെ എതിര്‍ക്കുമായിരുന്നെന്നും മാസൂരി (റ) പറഞ്ഞതായി ശറഹു മുസ്ലിം വാള്യം 10, പേജ് 71 ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍, മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലിയാല്‍ ഒന്നു മാത്രമെ സംഭവിക്കുകയുള്ളു വെന്ന ആശയത്തെ പണ്ഢിത ലോകം അവഗണനയുടെ ചവറ്റു കൊട്ടയിലേക്കെറിഞ്ഞ താണെന്നും അതു വാരിപ്പുണര്‍ന്നവരാണ് പുത്തന്‍ കൂറ്റുകാരെന്നും സുന്നത്തിന്റെ പിന്‍ബലം ലോക മുസ്ലിം സമൂഹത്തിനു തന്നെയാണെന്നും മേല്‍ വിശദീകരണങ്ങളില്‍ നിന്നു വ്യക്തമായി.
ഇമാം സുര്‍ഖാനി (റ) പറയുന്നു: “മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്നാണ് ബഹുഭൂരിപക്ഷവും പറയുന്നത്. എന്നല്ല, തല്‍വിഷയകമായി ഇജ് മാഅ് ഉള്ളതായി ഇബ്നു അബ്ദില്‍ ബര്‍റ് (റ) ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ എതിരിലുള്ള അഭിപ്രായം തള്ളപ്പെട്ട ശാദ്ദ് മാത്രമാണെന്നും ഇബ്നു അബ്ദില്‍ ബര്‍റ് (റ) പറയുന്നു (ശറഹുല്‍ മുവത്വഅ് വാള്യം 3, പേജ് 167).
തള്ളപ്പെട്ട ഈ അഭിപായം ഇജ്മാഅ് സ്ഥിരപ്പെടുന്നതിനു വിഘാതം സ‏ൃഷ്ടിക്കുകയില്ലെന്ന് വ്യക്തം. മുജ്തഹിദുകളായ പണ്‍ഢിതന്മാരുടെ മാത്രം ഏകോപനമാണല്ലോ ഇജ്മാഅ്. മുജ്തഹികളല്ലാത്ത ആരുടെയെങ്കിലും അഭിപ്രായങ്ങള്‍ക്ക് അതില്‍ പരിഗണനയില്ല.
സുന്നത്തിനു പുറമെ ഇജ്മാഉം രേഖയുണ്ടെന്ന് മേല്‍ വിശദീകരണത്തില്‍ നിന്ന് മനസ്സി ലാക്കം. ഇജ്മാഅ് സ്ഥിരപ്പെട്ട ഒരു വിഷയത്തില്‍ ഒരാളുടെയും എതിര്‍പ്പ് മുസ്ലിം സമുദായത്തിന് പരിഗണിക്കേണ്ടതില്ല.
ഇമാം ഐനി (റ) എഴുതുന്നു: “താബിഉകളില്‍ നിന്നും പില്‍ക്കാലക്കാരില്‍ നിന്നു മുള്ള പണ്ഢിത മഹാഭൂരിപക്ഷത്തിന്റെ മദ്ഹബ് മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്നാണ്. പക്ഷേ, അങ്ങനെ ചെയ്യുന്നത് കുറ്റമത്രെ. ഈ അഭിപ്രായ ത്തിലാരെങ്കിലും വിഘടിച്ചിട്ടുണ്ടെങ്കില്‍ അവന്‍ അഹ്ലുസ്സുന്നയുടെ വിരോധിയും ഒറ്റപ്പെട്ട വനുമാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ പിടികൂടിയിരി ക്കുന്നത് പുത്തന്‍ പ്രസ്ഥാനക്കാരും സമൂഹത്തില്‍ നിന്നൊറ്റപ്പെട്ടതുകൊണ്ട് അവഗണിക്കപ്പെട്ട ചിലരുമാണ്” (ഉംദതുല്‍ ഖാരി വാള്യം 17, പേജ് 12).
ഇബ്നു ഹജര്‍ (റ) പറയുന്നതു കാണുക:”മൂന്ന് ത്വലാഖും സംഭവിത്തുമെന്ന തില്‍ പരിഗണനീയമായ ഭിന്നാഭിപ്രായമൊന്നുമില്ല. ഭിന്നാഭിപ്രായം രേഖപ്പെടുത്തിവരെ എല്ലാ മദ്ബഹിന്റെ ഇമാമുകളും ആക്ഷേപിച്ചിരിക്കയാണ്. പില്‍ക്കാലക്കാരില്‍പ്പെട്ട ഗണനീ യനല്ലാത്ത ഒരു വ്യക്തി ഈ അഭിപ്രായത്തെ തിരഞ്ഞെടുത്ത് ഫത്വ നല്‍കിയെന്നും അല്ലാഹു നിന്ദിക്കുകയും വഴിപിഴപ്പിക്കുകയു ചെയ്ത ചിലര്‍ അയാളെ അനുഗമിച്ചുവെന്നും ഇമാമുകള്‍ പറയുന്നു” (തുഹ്ഫ വാള്യം 8, പേജ് 83).
മുഗ്നിയുടെ വാക്കുകള്‍ ഇപ്രാകാരമാണ്. “ഹജ്ജാജ്ബ്നു അര്‍ത്വാത്, ശീഇയ്യത്ത്, ളാഹിരിയ്യത്തില്‍ പെട്ട ഒരു വിഭാഗം തുടങ്ങിയവരില്‍ നിന്ന്, മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ ഒന്ന് മാത്രമേ സംഭവിക്കുകയുള്ളുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പരിഗണനീ യനല്ലാത്ത, പിന്‍ഗാമികളില്‍ പെട്ട ഒരു വ്യക്തി ഈ അഭിപ്രായത്തെ തിരഞ്ഞെടുത്ത് ഫത്വ നല്‍കിയിട്ടുണ്ട്്. അല്ലാഹു വഴി തെറ്റിച്ച ചിലര്‍ അയാളെ അനുഗമിക്കുകയും ചെയ്തിരി ക്കുന്നു” (മുഗ്നി വാള്യം 3, പേജ് 311). പ്രസ്തുത വ്യക്തികൊണ്ടു വിവക്ഷിക്കപ്പെടുന്നത് ഇബ്നു തൈമിയ്യയാണെന്ന് പണ്ഢിതന്മാരെല്ലാം പ്രസ്താവിച്ചതാണ്.
ഇബ്നു ഹജറി (റ) ന്റെ വാക്കുകള്‍ കാണുക: നമ്മുടെ കാലഘട്ടത്തിലെ ചിലര്‍ പുതിയ ആശയവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്ന് ഇമാം സുബ്കി (റ) പ്രസ്താവി ക്കുന്നു. ഇബ്നു തൈമിയ്യയെ ഉദ്ദേശിച്ചാണ് അപ്പറഞ്ഞത്. അതുകൊണ്ടാണ് ഇസ്സുബ്നു ജമാഅത് (റ) അയാളെ കുറിച്ച് വഴി പിഴച്ചവനും വഴി പിഴപ്പിക്കുന്നവനുമാണെന്ന് വിശേഷിപ്പിച്ചത്’ (തുഹ്ഫ വാള്യം 8, പേജ് 84).
ഇബ്നു തൈമിയ്യയുടെ പല ആശയങ്ങളും ഇന്നുള്ള ചിലര്‍ വാരിപ്പുണര്‍ന്നതില്‍ ഒന്നാണ് ത്വലാഖ് പ്രശ്നം. മൂന്നും ഒരുമിച്ചു ചൊല്ലിയാല്‍ ഒന്നേ പോവുകയുള്ളുവെന്നതു അതില്‍ പെടുന്നു. ലോക മുസ്ലിം ജനതക്ക് തികച്ചും അന്യമാണ് ഈ വാദം.

കായ്ക്കാത്ത മരങ്ങള്‍

അമ്മ എന്ന മഹിതമായ പദവി സോഷ്യല്‍മദര്‍, ബയോളജിക്കല്‍ മദര്‍, ലീഗല്‍ മദര്‍, സറോഗേറ്റ് മദര്‍ എന്നിങ്ങനെ പോസ്റ്റുമോര്‍ട്ടം നടത്തി പരിശോധിക്കേണ്ടി വരുമ്പോള്‍ അമ്മയെന്നു വിളിക്കാന്‍ എനിക്കൊരു കുഞ്ഞില്ലാത്തതില്‍ ദു:ഖിക്കുന്നതെന്തിന്ന്.?”
സ്വന്തം രക്തത്തില്‍ പിറന്ന സ്വന്തമായ ഒരു കുഞ്ഞിനു വേണ്ടിയുള്ള അദമ്യമായ ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിനായി നീണ്ട ഒമ്പതു വര്‍ഷങ്ങളിലെ കാത്തിരിപ്പിനുശേഷം കൃത്രിമ ഗര്‍ഭധാരണത്തിന് ശ്രമിച്ച് കബളിക്കപ്പെട്ട അനിതാജയദേവന്‍ എന്ന അധ്യാപികയുടെ ഈ ആത്മഗതം ഒരിക്കല്‍ കൂടി അമ്മ എന്ന മഹിതമായ പദവിയെക്കുറിച്ചു ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.  തന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു സ്ത്രീയുടെ അണ്ഡം ഉപയോഗിച്ച് തന്നെ ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് എടപ്പാളിലെ സിമാര്‍ എന്ന വന്ധ്യതാനിവാരണകേന്ദ്രത്തിനെതിരെ നിയമയുദ്ധം ആരംഭിച്ച അനിതയുടെ അനുഭവക്കുറിപ്പുകള്‍ ആരുടെയും ഉള്ളുലയ്ക്കുന്നതാണ്.
രണ്ട് വര്‍ഷത്തിന്നിടയില്‍ രണ്ടുവട്ടം ലാപ്രോസ്കോപ്പിയും ഐസിയു, എആര്‍ടി തുടങ്ങിയ ചികിത്സകളും നടത്തി പരാജയമടഞ്ഞ ശേഷമാണ് അനിത അഭിഭാഷകനായ ഭര്‍ത്താവിനോടൊപ്പം, അന്തര്‍ ദേശീയനിലവാരവും അത്യാധുനിക ചികിത്സാസൌകര്യങ്ങളുണ്ടെന്നവകാശപ്പെടുന്ന ഈ ക്ളിനിക്കിലെത്തുന്നത്.  ഇവിടെ രണ്ടു ലക്ഷത്തില്‍ പരം രൂപ ചെലവുള്ള ഇക്സി എന്ന ഏറ്റവും അത്യാധുനികമായ ചികിത്സയ്ക്കാണ് അനിത വിധേയമായത്. പുരുഷവന്ധ്യതയുടെ അവസാന വാക്ക് എന്നറിയപ്പെടുന്ന ഇന്‍ട്രാ സൈമോപ്ളാസ്മിക് സ്പേം ഇഞ്ചക്ഷന്റെ ചുരുക്കപ്പേരാണ് ഇക്സി.  ഭാര്യയുടെ അണ്ഡാശയത്തില്‍ നിന്ന് ഓവം പിക്കപ്പ് വഴി പുറത്തെടുത്ത് അണ്ഡത്തിലേക്ക് മൈക്രോമാനിപ്പുലേറ്ററിന്റെ സഹായത്തോടെ, ശുദ്ധീകരിച്ച് വേര്‍പ്പെടുത്തിയ പുരുഷബീജം ഒരു നേരിയ സൂചി ഉപയോഗിച്ച് കടത്തിവിടുന്നു.  ഇതിനു ശേഷം ഇന്‍ക്യുബേറ്ററില്‍ സൂക്ഷിക്കുന്ന ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണ്.
രണ്ടോ മൂന്നോ മാസത്തിന്നിടയില്‍ രണ്ട് തവണ വരെ അനിത ഇക്സിക്ക് വിധേയയായി. സ്കാനിംഗ്, അനസ്തേഷ്യ, ഹോര്‍മോണ്‍ കുത്തിവെയ്പ്പുകള്‍, എംബ്രയോട്രാന്‍സ്ഫര്‍…. വളരെ കാലത്തെ കാത്തിരിപ്പിനു ശേഷം താന്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ പോകുന്നുവെന്ന അറിവ് അനിതയെ ത്രസിപ്പിച്ചു. പക്ഷേ, അതത്ര നീണ്ടുനിന്നില്ല. താന്‍ പോലും അറിയാതെയാണ് തന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന ഭ്രൂണങ്ങളിലൊന്നിനെ ‘സി മാറി’ലെ ഡോക്ടര്‍മാര്‍ എടുത്തുകളഞ്ഞതെന്ന് അനിത പറയുന്നു.  ഒരു മേജര്‍ സര്‍ജറിക്ക് ശേഷം, നിര്‍ബന്ധമായി ഡിസ്ചാര്‍ജ് ചെയ്ത് തൃശൂരിലെ മറ്റൊരാശുപത്രിയെ അഭയം പ്രാപിച്ചപ്പോഴാണ്, അണ്ഡാശയത്തില്‍ അണുബാധയുള്ളതായറിഞ്ഞത്. വൃക്കകള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ഹൈഡ്രോ സെഫാലസ് എന്ന രോഗാവസ്ഥയിലാണ് കുഞ്ഞെന്ന് സ്കാനിംഗില്‍ വ്യക്തമായി.  ചെന്നൈയിലെ പ്രശസ്തനായ ഒരു വിദഗ്ധന്റെ സൂക്ഷ്മപരിശോധനയില്‍ അറിയാന്‍ കഴിഞ്ഞ വസ്തുത കൂടുതല്‍ സ്തോഭജനകമായിരുന്നു.  കുഞ്ഞിന് ഗുരുതരമായ ജനിതക വൈകല്യങ്ങള്‍ ഉള്ളതായി അദ്ദേഹം വെളിപ്പെടുത്തി. അനിതയുടെയും ജയദേവന്റെയും കുടുംബങ്ങളില്‍ ജനിതക വൈകല്യമുള്ള ആരുമില്ല എന്ന തിരിച്ചറിവാണ് വളരെ ചെലവേറിയ ക്രോമസോം സ്റ്റഡി നടത്തുവാന്‍ പ്രേരിപ്പിച്ചത്. അതോടൊപ്പം തന്നെ ഡി.എന്‍.എ. ടെസ്റ്റും കൂടി നടത്തിയപ്പോള്‍ അനിതയുടെ അണ്ഡം മാത്രമല്ല, മറ്റൊരു സ്ത്രീയുടെ അണ്ഡം കൂടി ഇക്സിക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വസ്തുത അറിയാന്‍ കഴിഞ്ഞു.
അനിതയുടെ വക്കീല്‍ നോട്ടീസിനയച്ച മറുപടിയില്‍ മറ്റൊരു സ്ത്രീയുടെ അണ്ഡം ഉപയോഗിച്ചതായി ‘സിമാറി’ന്റെ യൂണിറ്റ് ഡയറക്ടര്‍ ഡോ. കെ.കെ. ഗോപിനാഥന്‍ സമ്മതിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും അനിതയോട് സംസാരിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.പക്ഷേ, ഒന്നും എഴുതിവാങ്ങിയിരുന്നില്ല എന്നത് തങ്ങളുടെ ഭാഗത്ത് നിന്നുള്ള പിഴവായി അദ്ദേഹം ഏറ്റുപറയുന്നു.
“ഡി.എന്‍.എ. ടെസ്റ്റ് നടത്തി പരിശോധിച്ചറിയേണ്ട ഒരു വെറും വാക്കു മാത്രമാണ് അമ്മ എന്നു തിരിച്ചറിയുമ്പോള്‍ ആശുപത്രി വരാന്തകളില്‍ പാഴാക്കിക്കളഞ്ഞ എട്ടു വര്‍ഷങ്ങള്‍, നഷ്ടപ്പെടുത്തിക്കളഞ്ഞ സമ്പാദ്യം, നശിച്ചുപോയ ആരോഗ്യം, സഹിച്ച വേദനകള്‍ എല്ലാം വെറും വിഡ്ഢിത്തം മാത്രമായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു.” അനിതയുടെ വാക്കുകള്‍ നമ്മുടെ ചികിത്സാവ്യവസ്ഥയിലെ മൂല്യരാഹിത്യത്തിലേക്കും അവിശ്വസ്തതയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.
1978 ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ദുര്‍ഗ പിറക്കുന്നത്.  അവള്‍ക്കിപ്പോള്‍ വയസ്സ് ഇരുപത്താറ്. സ്ത്രീയുടെ അണ്ഡത്തേയും പുരുഷന്റെ ബീജത്തേയും പരീക്ഷണക്കുഴലില്‍ യോജിപ്പിച്ച്, ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന കൃത്രിമബീജസങ്കലനം, അനപത്യതാദു:ഖമനുഭവിക്കുന്ന ലക്ഷക്കണക്കിനു ദമ്പതികള്‍ക്ക് ആശ്വാസമായി. കേരളത്തില്‍ തന്നെ മുന്നൂറോളം എ.ആര്‍.ടി. ക്ളിനിക്കുകള്‍.. ഓരോ ജില്ലയിലും മൂന്നും നാലും ഫെര്‍ട്ടിലിറ്റി കേന്ദ്രങ്ങള്‍. ലാപ്രോസ്കോപ്പി, ഐ.വി.എഫ്, ഐ.യു.എ, പി.ജി.സി, ഇക്സി!…..
തികഞ്ഞ പ്രതീക്ഷയോടെയാണ് ദമ്പതികള്‍ വന്ധ്യതാ നിവാരണക്ളിനിക്കിലെത്തുന്നത്. പ്രത്യേകിച്ച് സ്ത്രീകള്‍. ഓരോ പെണ്‍കുട്ടിയുടെയും ഉള്ളില്‍ പിഞ്ചിളം പൈതലിന്റെ പാല്‍മണമുള്ള തളിര്‍ച്ചുണ്ടുകള്‍ക്ക് വേണ്ടി ദാഹിക്കുന്ന ഒരമ്മയുണ്ട്. അമ്മയിലേക്കുള്ള പ്രയാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അലാറം മുഴക്കി മുന്നറിയിപ്പു നല്‍കുന്ന ഒരു ജൈവഘടികാരമുണ്ട്. ആദ്യത്തെ ആര്‍ത്തവത്തിന്റെ മധുരനൊമ്പരമറിയുമ്പോള്‍ ഘടികാരം വിളിച്ചുപറയുന്നു…. കുട്ടീ.. നീ ഋതുമതിയായിരിക്കുന്നു.  സ്ത്രീയായിരിക്കുന്നു.  ഇനി നിനക്ക് അമ്മയാവാം. ജീവിതത്തിന്റെ ഗോള്‍മുഖമാണത്.  സ്ത്രീ ജന്മത്തിന്റെ സാഫല്യമാണത്. ഋതുമതി എന്ന പ്രയോഗം തന്നെ എത്ര സാര്‍ഥകമാണ്! ജീവിതത്തിന്റെ വസന്ത താരുണ്യത്തെയാണതു സൂചിപ്പിക്കുന്നത്. ഗര്‍ഭാശയത്തിലെ ലക്ഷോപലക്ഷം പാകമാകാത്ത അണ്ഡകോശങ്ങള്‍ കൌമാരത്തോടെ നശിക്കുന്നു. ബാക്കി കോശങ്ങളില്‍ നിന്നു മാസം തോറും പൂര്‍ണ്ണ വളര്‍ച്ചയെത്തി പുറത്തുവരുന്നത് ഒന്ന് മാത്രം… മുപ്പതു മുപ്പത്തഞ്ചു വര്‍ഷം കൊണ്ട് നാനൂറോ നാന്നൂറ്റമ്പതോ അണ്ഡങ്ങള്‍… മനുഷ്യവംശം അടയിരിക്കുന്നത് ഈ മുട്ടകളിലാണ്.  ഒരു നിശ്ചിതപ്രായമെത്തിയാല്‍ ഈ പ്രക്രിയ താനെ അവസാനിക്കുന്നു.  ആര്‍ത്തവത്തിനു വിരാമമാകുന്നു. അതോടെ അമ്മയാകാനുള്ള അവസരം അസാധുവാകുകയാണ്.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമാവുമ്പോഴേക്കും ആളുകള്‍ ചോദിച്ചുതുടങ്ങും.  “എന്താ, വിശേഷമൊന്നുമില്ലേ…” ആവര്‍ത്തിക്കപ്പെടുന്ന ഈ ചോദ്യങ്ങളും അമ്മയാകാന്‍ ജന്മനാ ഉള്ള അദമ്യമായ ആഗ്രഹങ്ങളും എത്രനാള്‍ അമര്‍ത്തിവയ്ക്കും? മച്ചിയെന്നും മലടിയെന്നും വിളിച്ച് പരിഹസിക്കുന്ന സമൂഹം, വന്ധ്യത സ്ത്രീയുടെ മാത്രം കുറ്റമാണെന്ന് വിധിച്ച ഒരു കാലമുണ്ടാ യിരുന്നു.ഇന്നും പല കുടുംബങ്ങളിലും വന്ധ്യകളെ ഈര്‍ഷ്യതയോടെയാണ് നോക്കിക്കാ ണുന്നത്. കായ്ക്കാത്ത മരമായി, കറവയില്ലാപ്പശുവായി മാത്രം അവളെ കാണുന്നവര്‍. എന്നാല്‍, പുരുഷന്റെ വൈകല്യം കൊണ്ടും വന്ധ്യതയുണ്ടാകാമെന്നു ആധുനിക കാലത്താണ് തിരിച്ചറിവുണ്ടായത്. പല പുരുഷന്മാരും ഇത് മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നു.
ആണത്തമില്ലാത്തവനായി താന്‍ സമൂഹത്തില്‍ മുദ്രകുത്തപ്പെടുമെന്ന അപകര്‍ഷബോധം അയാളില്‍ വളരുന്നു. അതുകൊണ്ട് കൂടിയാണ് അവര്‍ ആരാധനാലയങ്ങള്‍ക്ക് വഴിപാട് നേരുന്നത്. എത്ര പണം ചെലവഴിച്ചും വന്ധ്യതാചികിത്സ തേടി ക്ളിനിക്കുകളിലെത്തുന്നത്. കിടപ്പാടം പണയം വെച്ചും താലിമാല വിറ്റുമുണ്ടാക്കിയ പണം ഇതിനു വേണ്ടി ചെലവിടുമ്പോള്‍ ഒരു സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടിയുള്ള ഉല്‍ക്കടമായ ആഗ്രഹം അവരില്‍ നിറയുന്നു.  കോടിക്കണക്കിനു രൂപയാണ് ഇതിനു വേണ്ടി രാജ്യത്താകെ ചെലവഴിക്കപ്പെടുന്നത്.
എന്നാല്‍ നമ്മുടെ എല്ലാ ആതുരാലയങ്ങളെയും പോലെ ഉര്‍വ്വരതാക്ളിനിക്കുകളിലും അശ്രദ്ധയും ചൂഷണവും മൂല്യരാഹിത്യവും കൊടികുത്തി വാഴുന്നുണ്ടെന്നാണ് അനിതാസംഭവം വ്യക്തമാക്കുന്നത്.  വിദേശ രാജ്യങ്ങളില്‍ ദാതാവിനെ പരിശോധിച്ച് ബീജമെടുത്ത് ഫ്രീസ് ചെയ്ത് സൂക്ഷിക്കുകയാണ് ചെയ്യുന്നതത്രെ. ആറ് മാസം കഴിഞ്ഞ് ദാതാവ് വീണ്ടും ബീജ ബാങ്കിലെത്തി പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെന്ന് തെളിഞ്ഞാല്‍ മാത്രമേ ചികിത്സക്ക് ഉപയോഗിക്കൂ. എന്നാല്‍ നമ്മുടെ പല ബീജ ബാങ്കുകളിലും പുതിയ ബീജമാണ് ഉപയോഗിക്കുന്നത്. ഇത് എയ്ഡ്സ് പോലുള്ള മാരകരോഗങ്ങള്‍ക്കിടയാക്കുന്നു. അണ്ഡവും ബീജവും കൃത്യമായി ലേബല്‍ ചെയ്ത് സൂക്ഷിക്കുകയും അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം. പല ക്ളിനിക്കുകളിലെയും അനാവശ്യമായ ചികിത്സയുടെ ഫലമായി ദമ്പതികള്‍ നിത്യവന്ധ്യതയിലേക്ക് തള്ളപ്പെടുകയാണ്. അനിതയുടെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. അണുബാധയേറ്റ് ഇനിയൊരു അവസരത്തിനു സാധ്യത തീരെ കുറവായ ഓവറിയായിരുന്നു അവരുടേത്. ആവര്‍ത്തിക്കുന്ന ഹോര്‍മോണ്‍ ഇഞ്ചക്ഷനുകളും ഇക്സിയും പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കും.  അണ്ഡ വിസര്‍ജ്ജനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍, ഗര്‍ഭഛിദ്രത്തിനു കാരണമായേക്കും.
കേരളത്തില്‍ ഫെര്‍ട്ടിലിറ്റി ക്ളിനിക്കുകളാരംഭിച്ചിട്ട് ഒരു പതിറ്റാണ്ടാവുന്നു. എന്നാല്‍ വിദേശരാജ്യങ്ങളിലെ പോലെ ലൈസന്‍സിംഗ് സമ്പ്രദായമോ മറ്റേതെങ്കിലും നിയന്ത്രണമോ ഒന്നുമിവിടെയില്ല. കടുത്ത ചൂഷണങ്ങളും അശ്രദ്ധയും നിയന്ത്രിക്കാന്‍ നിയമങ്ങളുണ്ടായേ തീരൂ. എല്ലാറ്റിലുമുപരി മൂല്യശോഷണം, എന്തും ചെയ്യാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രേരിപ്പിക്കുന്നു.  ആശുപത്രിക്കകത്ത് ഓപ്പറേഷന്‍ തിയേറ്ററില്‍ എന്ത് നടക്കുന്നുവെന്ന് രോഗിയോ ബന്ധുക്കളോ അറിയുന്നില്ല. എല്ലാ രോഗികളും ചികിത്സയെക്കുറിച്ചോ നിയമങ്ങളെക്കുറിച്ചോ അറിയുന്നവരാവണമെന്നില്ല. അധ്യാപികയായ അനിതയ്ക്കും അഭിഭാഷകനായ ജയദേവന്നും ഇത്തരമൊരനുഭവമാകാമെങ്കില്‍ സാധാരണക്കാരായ രോഗികളുടെ സ്ഥിതിയെന്തായിരിക്കും? ഡോക്ടറെ ദൈവത്തെ പോലെ വിശ്വസിക്കുന്ന രോഗിയെ വഞ്ചിക്കുവാന്‍ ഇവ ര്‍ക്ക് എങ്ങനെ കഴിയുന്നു?
സ്വന്തം അണ്ഡവും ബീജവും നല്‍കി, അഛനമ്മമാര്‍ കൃത്രിമ ബീജസങ്കലനത്തിനു തയ്യാറാകുന്നതിനു പിന്നില്‍ ചില വികാരങ്ങളുണ്ട്. മറ്റൊരാളുടെ അണ്ഡവും ബീജവും സ്വീകരിക്കുവാന്‍ വികാരങ്ങള്‍ സമ്മതിക്കുകയില്ല. ആ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് കടുത്ത വഞ്ചനയാണ്.
“പത്തു മാസം ചുമന്നു നൊന്തു പ്രസവിക്കുന്നതിനു കണക്കു പറഞ്ഞ് കൂലി വാങ്ങുന്ന വാടക ഗര്‍ഭപാത്രങ്ങള്‍ സുലഭമാകുന്ന വരും നാളുകളില്‍ പിറക്കാന്‍ പോകുന്നതും പിറന്നു വീണവരുമായ കുലവും വംശവും നാമവും മുഖവുമില്ലാത്ത മനുഷ്യസൃഷ്ടികള്‍ക്കായുള്ള വാത്സല്യമായി എന്റെ പോരാട്ടം ഞാന്‍ സമര്‍പ്പിക്കുന്നു.” അനിത തന്റെ അനുഭവക്കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെയാണ്.  അതില്‍ വഞ്ചിതയായ ഒരു സ്ത്രീയുടെ സാക്ഷാത്കരിക്കപ്പെടാതെ പോയ മാതൃത്വത്തിന്റെ വേദനകള്‍ മുഴുവനുമുണ്ട്.

മക്കള്‍ എന്ന ഭാരം

മക്കള്‍ ഒരു ഭാരമാണോ? ജീവിക്കുന്നതു തന്നെ മക്കള്‍ക്കുവേണ്ടിയാണെന്ന് വിശ്വസിക്കുന്ന,അവര്‍ക്കുവേണ്ടി എത്ര കഠിനമായ ദുരിതത്തെയും അഭിമുഖീകരിക്കാന്‍ തയ്യാറുള്ള മാതാപിതാക്കളുടെ ഒരു പൊതുസമൂഹത്തെ ഈ ചോദ്യം ചൊടിപ്പിക്കാതിരിക്കില്ല.
എന്നാല്‍, തങ്ങളുടെ നിര്‍ബാധമായ ജിവിതാഹ്ളാദങ്ങള്‍ക്ക് തടസ്സമാവുമെന്നതിനാല്‍ മക്കള്‍ തന്നെ വേണ്ടാ എന്നു കരുതുന്ന ഒരു വിഭാഗം പതുക്കെപ്പതുക്കെ നമുക്കു ചുറ്റും വളര്‍ന്നുവരുന്നുണ്ട്. അഭിഭാഷകര്‍, കോളെജ് ലക്ചറര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങി അഭിജാത വര്‍ഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായ ദമ്പതികള്‍ ഇക്കൂട്ടരിലുള്ളതായി അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയും.
എന്തുകൊണ്ടാണ് അവര്‍ കുട്ടികളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്? കുടുംബാസൂത്രണ താല്‍പ്പര്യങ്ങളാണോ കാരണം? അല്ല. ‘നമ്മള്‍ രണ്ട് നമ്മള്‍ക്ക് രണ്ട്’ എന്നു തുടങ്ങുന്ന കുടുംബാസൂത്രണ മുദ്രാവാക്യങ്ങള്‍ക്ക്, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍, നല്ല പ്രതികരണമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. സന്താനങ്ങളുടെ എണ്ണം രണ്ടിലോ മൂന്നിലോ പരിമിതപ്പെടുത്തുവാനാഗ്രഹിക്കുന്നവരാണ് ഇന്ന് പലരും. മാനവികമൂല്യങ്ങളെയും മതപരമായ വിധികളെയും ലംഘിക്കാതെ തന്നെ അവര്‍ അത് സാധിക്കുന്നുണ്ട്. ഉള്ള മക്കളെ രാജകുമാരന്മാരെപ്പോലെ വളര്‍ത്തുവാന്‍ അവര്‍ ശ്രമിക്കുന്നു. തങ്ങളുദ്ദേശിക്കുന്ന രീതിയില്‍, രൂപപ്പെടുത്താവുന്ന വിധം ഉള്ളംകയ്യിലിരിക്കുന്ന മെഴുകുരുളകളായി മക്കളെ കാണുന്നവരുമുണ്ട്. പൊതുവെ മക്കള്‍ക്കുവേണ്ടി മരിക്കുവാന്‍ പോലും തയ്യാറുള്ള മാതാപിതാക്കളുടെ തലമുറ അന്യം നിന്നിട്ടില്ല.
അമ്മയുടെ പുത്രസ്നേഹത്തെക്കുറിച്ചുള്ള ഇത്തരം കഥകള്‍ക്ക് കണക്കില്ല. അമ്മയുടെ പാദങ്ങളുടെ ചുവട്ടിലാണ് സ്വര്‍ഗമെന്ന് പ്രവാചകന്‍ പറഞ്ഞു. ‘പും’ എന്ന നരകത്തില്‍ നിന്നു പ്രാണനെ ത്രാണനം (രക്ഷിക്കുന്ന) ചെയ്യുന്നവനാണ് പുത്രനെന്ന് ഹൈന്ദവവേദങ്ങള്‍ പറഞ്ഞു. മക്കളും മാതാപിതാക്കളും  തമ്മിലുള്ള,  ഉണ്ടായിരിക്കേണ്ട വിശുദ്ധ ബന്ധങ്ങളെകുറിച്ച് എല്ലാ മതങ്ങളും സംസ്കാരങ്ങളും ഉദ്ഘോഷിക്കുന്നു. ഏത് തെറ്റിനും മാപ്പു നല്‍കുന്ന കോടതിയെന്ന് മാതൃഹൃദയത്തെ വിശേഷിപ്പിച്ചത് കഴിഞ്ഞ തലമുറയിലെ പ്രശസ്ത മലയാളസാഹിത്യകാരനാണ്.
പിറന്നുവീഴുന്ന നിമിഷം മുതല്‍ കൈ വളരുന്നോ, കാല്‍ വളരുന്നോ എന്നു പേര്‍ത്തും പേര്‍ത്തും സ്വന്തം കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്തുമ്പോള്‍, അച്ഛനമ്മമാരുടെ മനസ്സില്‍ ലാഭനഷ്ടക്കണക്കുകളില്ല.അത്തരം സ്വാര്‍ഥ ചിന്തകള്‍ക്കപ്പുറത്ത് ഒരുതരം ആത്മീയമായ സായൂജ്യമാണ് അവരനുഭവിക്കുന്നത്. ഇതാണ് മറ്റെല്ലാ ജീവികളില്‍ നിന്നും മനുഷ്യരെ വിഭിന്നരാക്കുന്നത്. ആണും പെണ്ണുമായി, എല്ലാ ജീവികളിലും ഇണകളെ സൃഷ്ടിച്ചിരിക്കുന്നതിന് പിന്നില്‍ സൃഷ്ടാവിന്റെ ഒരു അജണ്ടയുണ്ട്. വംശവൃക്ഷത്തിന്റെ നിലനില്‍പ്പും വളര്‍ച്ചയുമാണത്. പ്രത്യുല്‍പ്പാദനമാണ് അതിന്നടിസ്ഥാനം.
മനുഷ്യര്‍  സാമൂഹ്യജീവിതമാരംഭിച്ചപ്പോള്‍,  എല്ലാ കാര്യങ്ങളിലുമെന്നതുപോലെ ഇണകളുടെ പ്രത്യുല്‍പ്പാദനത്തെ സംബന്ധിച്ചും നിയമങ്ങളുണ്ടായി. ആണും പെണ്ണും തോന്നിയപോലെ ഇണചേര്‍ന്ന്, ജീവിച്ചാല്‍ പോര. അവര്‍ക്ക് പരസ്പരം ചില ഉത്തരവാദിത്വങ്ങളുണ്ടായിരിക്കണം. അതുപോലെ സമൂഹത്തോടും ചില കര്‍ത്തവ്യങ്ങളുണ്ട്. വിവാഹം എന്ന വ്യവസ്ഥാപിതമായ സ്ഥാപനത്തിലൂടെ ആ ബന്ധം ഊട്ടിയുറപ്പിക്കപ്പെട്ടു. വിവാഹബന്ധത്തില്‍ ജനിക്കുന്ന മക്കളോടും മക്കള്‍ക്ക് മാതാപിതാക്കളോടും ചില ബാധ്യതകളുണ്ട്. ഈ അവകാശങ്ങളും ഉത്തരവാദിത്വങ്ങളുമാണ് കുടുംബ ജീവിതത്തെ ഉദാത്തമാക്കുന്നത്.
നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ട ഈ മൂല്യങ്ങളെയാണ്, മക്കള്‍ തന്നെ വേണ്ടാ എന്നു ശഠിക്കുന്ന പു തിയ വാദക്കാര്‍ നിഷേധിക്കുന്നത്. മക്കളെ പോറ്റിവളര്‍ത്തുവാനുള്ള ഭാരിച്ച പണച്ചെലവുകള്‍, പങ്കപ്പാടുകള്‍, ഇതൊക്കെ എന്തിനു എന്ന് അവര്‍ ചോദിക്കുന്നു. ജീവിതം ആനന്ദിക്കുവാനുള്ളതാണ്, ഇണചേര്‍ന്നും ഭൌതികമായ സുഖസൌകര്യങ്ങള്‍ ആസ്വദിച്ചും ആഹ്ളാദിക്കുവാനുള്ളതാണ്. മക്കളെ പോറ്റാന്‍ ചെലവഴിക്കുന്ന പണംകൂടി സ്വന്തം ആഹ്ളാദങ്ങള്‍ക്കുവേണ്ടി ധൂര്‍ത്തടിക്കാം. പരമാനന്ദം!
തികച്ചും ഭൌതികമായ ഈ ആനന്ദലഹരിക്ക് പരിധിയില്ലെ? ഇണചേരലിന്റെ കേവലാനന്ദങ്ങള്‍ക്കപ്പുറം ജീവിതത്തിന് ചില അര്‍ഥങ്ങളില്ലെ? മൂല്യബോധങ്ങളില്ലെ? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും അവര്‍ക്ക് ഉത്തരമില്ല. അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്യ്രമാണ് അവരാഗ്രഹിക്കുന്നത്. ഉത്തരവാദിത്വങ്ങളില്ലാത്ത  അവകാശബോധം.  അത് തൊഴിലാളി വര്‍ഗത്തെയും  സമൂഹത്തെയും  എത്രമാത്രം അധഃപതിപ്പിച്ചുവെന്ന് നമുക്കറിയാം. കുടുംബജീവിതത്തിലും ചില കര്‍ത്തവ്യബോധങ്ങളുണ്ടാവേണ്ടതുണ്ട്. അതിനെ നിഷേധിക്കുന്ന ഏതൊരു വാദത്തിനും നിലനില്‍പ്പില്ല.
ഒരു കുഞ്ഞിക്കാലിനുവേണ്ടി ആരാധനാലയങ്ങള്‍ തോറും വഴിപാടുകളും നേര്‍ച്ചകളുമായി അലയുന്ന  ദമ്പതികളെ നമുക്കിടയില്‍ കാണാം. ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ക്കുവേണ്ടിയും വാടകക്ക് കിട്ടുന്ന ഗര്‍ഭപാത്രങ്ങള്‍ക്കു വേണ്ടിയും എത്രപണം ചെലവഴിക്കാനും സന്നദ്ധരായ സ്ത്രീപുരുഷന്മാരുമുണ്ടിന്ന് നമ്മുടെ സമൂഹത്തില്‍. അവര്‍ ക്കിടയില്‍ മക്കള്‍തന്നെ വേണ്ട എന്നു ശഠിക്കുന്നവര്‍ എന്തൊരു വൈരുദ്ധ്യമാണ് !
പാശ്ചാത്യരാജ്യങ്ങളില്‍ വേരു പിടിച്ചു വളര്‍ന്ന അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്യ്ര വാദത്തിന്റെ അനേകരൂപങ്ങളില്‍ ഒന്നുമാത്രമാണ് മക്കളില്ലാത്ത കുടുംബം എന്ന സങ്കല്‍പ്പം.കുട്ടികളേ ഇല്ലാതിരിക്കാന്‍ നിഷ്കര്‍ഷിക്കുന്ന ദമ്പതികളെക്കുറിച്ച് പതിറ്റാണ്ടുകള്‍ക്കുമുമ്പേ ആല്‍വിന്‍ ടോഫ്ളര്‍ എന്ന സാമൂഹിക ചിന്തകന്‍ പ്രവചിച്ചിരുന്നു. ജനിതകശാസ്ത്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ മാതൃത്വം, പി തൃത്വം എന്നിവ പോലും ചോദ്യം ചെയ്യുന്ന രീതിയിലാണ് പുരോഗമിക്കുന്നത്. ഗര്‍ഭധാരണവും ശിശു പരിപാലനവും തൊഴിലായി സ്വീകരിച്ച പ്രൊഫഷണല്‍ അച്ഛനമ്മമാര്‍, കോര്‍പ്പറേറ്റ് കുടുംബങ്ങള്‍, ഒരിടത്തുതന്നെ തളച്ചിടാതെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന തൂക്ക് കുടുംബങ്ങള്‍ ഇങ്ങനെ പലതരം കുടുംബരൂപങ്ങള്‍…. യൌവനകാലം ആനന്ദ ലഹരിയില്‍ തിമിര്‍ത്താടിയ ഇണകള്‍ വാര്‍ധക്യ കാലത്തില്‍ സമയം പോക്കുവാന്‍ വേണ്ടി മറ്റാരുടെയോ കുട്ടികളുടെ സംരക്ഷണം തൊഴിലാക്കുമെന്നാണ് ടോഫ്ളറുടെ മറ്റൊരു പ്രവചനം…. ഇതെല്ലാം യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. സംശയിക്കേണ്ട. നമ്മളും പാശ്ചാത്യരെപ്പോലെ ഒരു തുറന്ന സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്.

സന്തുഷ്ട കുടുംബത്തിന്റെ അസന്തുഷ്ട കഥ

ഇത് രണ്ടുനൂറ്റാണ്ടു മുമ്പ് കണ്ണൂര്‍ ജില്ലയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവമാണ്. സ്വന്തം വിശ്വാ സവും ഹിതവും അനുസരിച്ച് കുടുംബജീവിതം നയിക്കുവാന്‍ പര്യേയി എന്ന സാധാരണക്കാരനായ ഒരു മാപ്പിളയും ഉമ്മക്കയ്യ എന്ന ഭാര്യയും നടത്തിയ പോരാട്ടത്തിന്റെ കഥ. കൃത്യമായി പറഞ്ഞാല്‍ 1799 ഏപ്രില്‍ 30 ന് തലശ്ശേരിയിലെ ബ്രിട്ടീഷ് കോടതി മുമ്പാകെ കനിയിലെക്കണ്ടി പര്യേയി ഭാര്യ ഉമ്മക്കയ്യ സമര്‍പ്പിച്ച സങ്കടഹര്‍ജിയില്‍ ഇങ്ങനെ ബോധിപ്പിക്കുന്നു:
“…..എനക്ക മൂന്ന കുട്ടികള്‍ ഉണ്ട്. ആ കുട്ടികള്‍ മൂന്നും അവല ബാപ്പാന കാണാതെടം കൊണ്ട് കഞ്ഞിയും ചൊറും വെയിക്കാതെ സങ്കടം ആയിട്ട ഒരു എടച്ചല്‍ ഇല്ല. അവറോട് മൊഴി മൊങ്ങാന്‍ ഞാന്‍ പറഞ്ഞട്ടും പറയിച്ചിട്ടും ഇല്ല, അതുകൊണ്ട് സായ്പ് അവര്‍കളെ കൃപാ കടാക്ഷം ഉണ്ടായിട്ട എന്റെ മാപ്പിളയും ഞാനും ആയിട്ട മുന്‍മ്പില്‍ സന്തോഷം ആയിട്ട നടന്ന പോരും വണ്ണം ഇപ്പളും മാപ്പിളയും വീടറും ആയിട്ട നടപ്പാന്‍ കല്‍പ്പിച്ച നടത്തിത്തരുകയും വേണം” (തലശ്ശേരി രേഖകള്‍).
ഈ ഹരജിയുടെ സാരാംശം ഇതാണ്: ഞാനും ഭര്‍ത്താവും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല. മാത്രമല്ല ഞങ്ങളുടെ മക്കള്‍ക്ക് പിതാവിനെ പിരിഞ്ഞിരിക്കാനാവാത്തവിധം സുദൃഢമായ ബന്ധമാണുളള്ളത്. സന്തുഷ്ടിയോടെയും ആരെയും ബുദ്ധിമുട്ടിക്കാതെയും കഴിഞ്ഞുപോരുന്ന ഞങ്ങളെ വേര്‍പിരിക്കാതെ, കുടുംബജീവിതം നയിക്കാന്‍ അനുവദിക്കണം. നിര്‍ബന്ധിതമായ വിവാഹമോചനത്തില്‍ നിന്നു ഞങ്ങളെ ഒഴിവാക്കണം.
ഇത്രയും പറഞ്ഞതുകൊണ്ട് സംഭവത്തിന്റെ യഥാര്‍ഥരൂപം പിടികിട്ടിയിട്ടുണ്ടാവില്ല. കുനിയിലെ ക്കണ്ടി പര്യേയിയും ഉമ്മക്കയ്യയും മൂന്നു മക്കളുമടങ്ങുന്ന സന്തുഷ്ടകുടുംബത്തിലേക്ക് വില്ലനായി കടന്നുവരുന്നത് പക്കി എന്ന ഒരു പോലീസുദ്യോഗസ്ഥനാണ്. ദഗോറ എന്ന് അന്നത്തെ ഉദ്യോഗപ്പേര്. ഉദ്യോഗസ്ഥന്മാര്‍ക്ക്, പ്രത്യേകിച്ചും പോലീസുദ്യോഗസ്ഥന്മാര്‍ക്ക് കൊല്ലിനും കൊ ലക്കും അധികാരമുണ്ടായിരുന്ന കാലം. അക്കാലത്ത് മലബാറിലെ മുസ്ലിം സ്ത്രീകള്‍ പൊ തുവെ ഭര്‍തൃഗൃഹത്തിലല്ല, സ്വന്തം വീട്ടില്‍ത്തന്നെയാണ് താമസിച്ചിരുന്നത്. നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നിടത്തോളം നല്ല മൊഞ്ചത്തിയായിരുന്നിരിക്കണം ഉമ്മക്കയ്യ. അതുകൊണ്ടാ ണല്ലൊ പക്കി എന്ന ദഗോറക്ക് അവളില്‍ കമ്പം തോന്നിയത്. കമ്പം എന്നുപറഞ്ഞാല്‍, ഒഴിയാ ബാധപോലെ പിടികൂടിയ കമ്പം!
ഉമ്മക്കയ്യയുടെ വീട്ടില്‍ രാപ്പാര്‍ക്കാന്‍ താന്‍ വരുന്നുണ്ടെന്ന് പോലീസേമാന്‍ ചൊല്ലിയയച്ചു. പക്കിയുടെ പ്രാന്ത് തിരിച്ചറിഞ്ഞ പര്യേയി ഭാര്യയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അപ്പോള്‍ ഉമ്മക്കയ്യയുടെ ഉമ്മക്കു നേരെയായി പക്കിയുടെ രോഷം മുഴുവന്‍. അവരെ ഭീഷണിപ്പെടു ത്തിയിട്ടും തൃപ്തിയടയാതെ അയാള്‍ കള്ളക്കേസില്‍ കുടുക്കി. ഭാര്യയെ മൊഴിചൊല്ലിയാല്‍ കേസില്‍ നിന്നു ഒഴിവാക്കാമെന്നായി ഒടുവില്‍ പ്രലോഭനം. ഇന്ന് ഏതെങ്കിലുമൊരു പോലീസു ദ്യോഗസ്ഥന്‍ ഇങ്ങനെ ഒരധികാര പ്രകടനത്തിനു തയ്യാറാകുമോ ? നമുക്ക് വിശ്വസിക്കുവാന്‍ പ്രയാസം തോന്നും. എന്നാല്‍ അന്നു തിരുവായ്ക്കെതിര്‍വായില്ലാത്ത കാലമായിരുന്നുവല്ലൊ.
പക്ഷേ, പര്യേയി ഭീഷണിക്ക് വഴങ്ങിയില്ല. മൊഴി ചൊല്ലാനുള്ള ഒരഭിപ്രായവ്യത്യാസവും താനും ഭാര്യയും തമ്മില്‍ ഇല്ലാത്ത സ്ഥിതിക്ക്, വിവാഹമോചനത്തിനു നിര്‍ബന്ധിക്കുന്നത് അധാര്‍മിക മാണെന്നു അയാള്‍ വാദിച്ചു. ഭാര്യയാവട്ടെ, തന്റെ മൊഴി ആവശ്യപ്പെട്ടിട്ടില്ലെന്നും വെളിപ്പെ ടുത്തി.
പക്കിയും വാശിയിലായിരുന്നു ദഗോറപ്പണി പോയാലും വേണ്ടില്ല, ഉമ്മക്കയ്യയുടെ മൊഴി വാങ്ങുമെന്ന നിലപാടില്‍ അയാള്‍ ഉറച്ചു നിന്നു. ഇക്കാര്യത്തില്‍ അറയ്ക്കല്‍ ബീവിയുടെ ഭര്‍ത്താവിന്റെ സഹായവും തേടി. എന്നാല്‍, പര്യേയി പാവമാണെന്നും അയാളെ ഒരു കാരണ വശാലും ദ്രോഹിക്കരുതെന്നും ഉപദേശിക്കുകയാണ് അദ്ദേഹം ചെയ്തത്. അത് പക്കിക്ക് സ്വീകാര്യമായിരുന്നില്ലെന്ന് പറയേണ്ടതില്ലല്ലൊ. അയാള്‍ അടവുമാറ്റി. പര്യേയിയുടെ ദൂതനെന്ന നാട്യത്തില്‍ ഒരാളെ വിട്ട് ഉമ്മക്കയ്യയെ അവളുടെ വീട്ടിലേക്ക് വിളിപ്പിച്ചു. ‘അഞ്ചുപണവും തുണിയും അരിയും കെട്ടി മുക്രിയുടെ കയ്യില്‍ കൊടുത്ത്, ബലം പ്രയോഗിച്ച് മൊഴി വാ ങ്ങുവാനും ചുറ്റുപാടുമുള്ള മുസ്ലിം കുടുംബങ്ങളെ ഭീഷണിപ്പെടുത്തി പര്യേയിയെ ഒറ്റപ്പെടു ത്താനുമായി അയാളുടെ ശ്രമം. പ്രശ്നം വഷളായപ്പോള്‍, തലശ്ശേരികോടതി ഇടപെട്ടു.
ഭാര്യാഭര്‍ത്താക്കന്മാരുടെ സമ്മതമില്ലാതെയുള്ള വിവാഹമോചനം അനുവദനീയമാണോ എന്നറിയാന്‍ കണ്ണൂര്‍ ജുമാഅത്തു പള്ളി ഖാസിയുടെ ഉപദേശം തേടി, കോടതി. ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതെ വന്നാല്‍ മറ്റുള്ളവര്‍ ഇടപെട്ട് അവരെ ഇണക്കുവാന്‍ ശ്രമിക്കണമെന്നും അത് പരാജയപ്പെട്ടാല്‍ മാത്രമേ മൊഴി അനുവദനീയമാകുന്നുള്ളൂവെന്നുമായിരുന്നു ഖാസി യുടെ വിശദീകരണം :
‘ഒരുത്തെ കെട്ടിയവളെ മറ്റൊരുത്താന്‍ കെട്ടുവാന്‍ ശ്രമിക്കുന്നത് ഇസ്ലാമാമാര്‍ക്കത്തില്‍ കുറ്റം അത്രെ.’
ഇത്ര അസന്നിഗ്ധമായ ഒരു മതവിധിയുണ്ടായിട്ടും പക്കി തന്റെ കുത്സിതശ്രമം ഉപേക്ഷിച്ചില്ല. കണ്ണൂര്‍ ഖാസിയുടെ ഫത്വ അവഗണിച്ച്, തലശ്ശേരി ഖാസിയെ അനുകൂലമാക്കിയെടുക്കാന്‍ അവിടത്തെ ദഗോറ കുഞ്ഞിപ്പക്കിയെ ഏല്‍പിച്ചു. വീണ്ടും കേസ് കോടതിയിലെത്തി. ഈ സന്ദ ര്‍ഭത്തിലാണ് പര്യേയിയും ഉമ്മക്കയും യാതൊരു സ്വരക്കേടുമില്ലാതെ സ്നേഹത്തോടും സന്തോഷത്തോടുംകൂടി ജീവിക്കുന്ന തങ്ങള്‍ ഒരു കാരണവശാലും വേര്‍പിരിയാനാഗ്രഹി ക്കുന്നില്ലെന്ന് കോടതിയെ ബോധിപ്പിച്ചത്. മൊഴിചൊല്ലാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ കടലിലൊ പുഴയിലോ ചാടി താന്‍ ആത്മാഹുതി ചെയ്യാന്‍ മടിക്കയില്ലെന്നും ഉമ്മക്കയ്യ വ്യക്തമാക്കി. പക്കി എന്ന ദഗോറയെ പരിസരങ്ങളിലൊന്നും കണ്ടുപോകരുതെന്ന താക്കീതോടെയാണ് കോടതി വിധിയെഴുതിയത്.
ഉദ്യോഗസ്ഥന്മാര്‍ക്ക് എന്തിനും കഴിയുമായിരുന്ന കാലത്ത്, തങ്ങളുടെ ഹിതവും സ്നേഹവും കുടുംബഭദ്രതയും പരിരക്ഷിക്കുവാന്‍ മനക്കരുത്തോടെ പൊരുതി നിന്ന ആ മാപ്പിളദമ്പതിക ളുടെ ഇച്ഛാശക്തി, നമ്മുടെയെല്ലാം സ്നേഹാദരങ്ങളര്‍ഹിക്കുന്നില്ലേ?
തലശ്ശേരിരേഖകള്‍ പരിശോധിച്ച പത്രപ്രവര്‍ത്തകനും ഗവേഷകനുമായ അനില്‍കുമാര്‍ എ വി യാണ് ഈ പോരാട്ടത്തിന്റെ കഥ വ്യക്തമാക്കിയത്. സന്ദര്‍ഭത്തിനൊപ്പം ഉയര്‍ന്ന്, പ്രതികൂലാവ സ്ഥകളോട് പൊരുതി നില്‍ക്കാനുള്ള മാപ്പിളപ്പെണ്ണിന്റെ മനഃസ്ഥൈര്യം ശ്രദ്ധേയമാണ്. അതോടൊപ്പം തന്നെ, ഉദ്യോഗസ്ഥ സമ്മര്‍ദ്ദങ്ങള്‍ക്കും ശാഠ്യങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാത്ത ന്യായാധിപന്മാരും മത പണ്ഢിതന്മാരും അക്കാലത്തും ഉണ്ടായിരുന്നുവെന്ന് കൂടി പര്യേയിക്കഥ സ്പ ഷ്ടമാക്കുന്നു.

അജാതാത്മാക്കളുടെ നിലവിളികള്‍

പതിനാലു നൂറ്റാണ്ട് യാത്രചെയ്ത് നാം തിരിച്ചെത്തിയത് ജാഹിലിയ്യാ കാലഘട്ടത്തില്‍! പിറന്നുവീഴുന്ന പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന തമോയുഗത്തില്‍! ഇല്ല, കുറേക്കൂടി പുരോഗമിച്ചിട്ടുണ്ട്. പരിഷ്കൃതരെന്ന് അഭിമാനിക്കുന്ന നമ്മള്‍, അത്യാധുനിക ശാസ്ത്രീയ സാങ്കേതികസംവിധാനങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭാവസ്ഥയില്‍ തന്നെ, കുഞ്ഞ് പെണ്ണാണെന്നു ഉറപ്പാക്കുന്നു. കശാപ്പുകാരായ വൈദ്യന്മാരുടെ സഹായത്തോടെ പിറക്കും മുമ്പു തന്നെ ഗര്‍ഭശ്രീ മാന്റെ കഥ കഴിക്കുന്നു!
കേരളത്തില്‍ ഗര്‍ഭഛിദ്രം വര്‍ധിച്ചിരിക്കുന്നുവെന്ന് ഈയിടെ വെളിപ്പെടുത്തിയത് ദേശീയവനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ തന്നെയാണ്. ഈ മനോഹര ഭൂമി ഒന്നു കണ്‍തുറന്നു കാണാന്‍ ഭാഗ്യം ലഭിക്കാതെ ഇന്ത്യയില്‍ ഓരോ ദിവസവും കശാപ്പു ചെയ്യപ്പെടുന്ന അര ലക്ഷം കുഞ്ഞുങ്ങളില്‍ ആയിരവും കേരളത്തിലാണത്രെ. തലസ്ഥാന നഗരിയായ അനന്തപുരിയില്‍ മാത്രം നിത്യവും 250 അജാത ശിശുക്കള്‍ കൊല്ലപ്പെടുന്നു. മെട്രോസിറ്റിയായ എറണാകുളത്ത് 150, സദാചാരമൂല്യങ്ങള്‍ക്ക് വലിയ വില കല്‍പിച്ചിരുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉത്കണ്ഠാജനകമാംവിധം ഗര്‍ഭഛിദ്രം വര്‍ധിച്ചുവരികയാണത്രെ. രണ്ടുവര്‍ഷം മുമ്പ് ഒരു സാമൂഹ്യസംഘടന നടത്തിയ പഠനങ്ങളാണ് മലയാളി മനസ്സുകളെ നടുക്കുന്ന ഈ വസ്തുതകള്‍ പുറത്തു കൊണ്ടുവന്നത്. ഔദ്യോഗികമായി നല്‍കപ്പെടുന്ന ഈ വിവരങ്ങള്‍ക്കപ്പുറം, രഹസ്യമായി നടത്തപ്പെടുന്ന ഗര്‍ഭഛിദ്രങ്ങളുടെ കഥകള്‍, പുറംലോകം അറിയാറില്ല. പ്രസവിക്കാതെ പോകുന്ന അവിഹിതഗര്‍ഭങ്ങള്‍ക്ക് എന്തുസംഭവിക്കുന്നുവെന്ന്, ബന്ധപ്പെട്ട ഏതാനും പേര്‍ മാത്രമേ അറിയാറുള്ളൂ. ഇവയില്‍ പെണ്‍കുഞ്ഞുങ്ങള്‍ മാത്രമല്ല ആണ്‍ കുഞ്ഞുങ്ങളും ഉള്‍പ്പെടും. കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാന്‍ വേണ്ടിയുള്ള കുരുതികള്‍. ഭര്‍ത്താവു പോലും അറിയാതെ നടക്കുന്ന ശിശുബലികള്‍.
പണ്ടും ഗര്‍ഭഛിദ്രങ്ങള്‍ നടന്നിരുന്നു. പഴയകാലത്തെ പേറ്റിച്ചികള്‍ പച്ചമരുന്നുകളും കുടക്കമ്പികളുമൊക്കെ ഉപയോഗിച്ച് നടത്തിയിരുന്ന പ്രാകൃതമായ ഭ്രൂണഹത്യകളില്‍ നിന്ന് ഒട്ടും ഭേദമല്ല ആശുപത്രിയില്‍ മനുഷ്യശരീരങ്ങള്‍ വെട്ടിക്കീറാന്‍ ലൈസന്‍സ് ലഭിച്ച കാപാലികര്‍ നടത്തുന്ന എബോര്‍ഷന്‍. സിറിഞ്ചില്‍ ലവണ ലായനി നിറച്ച്, ഗര്‍ഭാശയത്തിലേക്ക് കടത്തിവിട്ട്, പന്ത്രണ്ടാഴ്ച വരെ പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ ചര്‍മം വെന്തെരിച്ചുകൊല്ലുകയാണത്രെ ഒരു രീതി. അജാത ശിശുവിനെ അരിഞ്ഞരിഞ്ഞ് പുറത്തെടുക്കുകയാണ് മറ്റൊരു സമ്പ്രദായം. അമേരിക്കയില്‍ ബില്‍ക്ളിന്റണ്‍ പ്രസിഡന്റായിരിക്കുമ്പോള്‍ അംഗീകരിക്കപ്പെട്ട പാര്‍ഷ്വല്‍ ബര്‍ത്ത് എബോ ര്‍ഷന്‍ ഇതിനേക്കാളൊക്കെ പൈശാചികമാണ്. ഗര്‍ഭാശയമുഖം വികസിപ്പിച്ച് കുഞ്ഞിന്റെ കാലില്‍ പിടിച്ച് തലവരെയുള്ള ഭാഗം പുറത്തെടുക്കുന്നു. തലപുറത്തുവരാത്തതുകൊണ്ട്, ഒരുപകരണമുപയോഗിച്ച് തലച്ചോറും കുത്തിയെടുക്കുന്നു. ഇതൊക്കെ നടത്തുന്നവര്‍ മനുഷ്യരാണോ രാക്ഷസരാണോ എന്നു തിരിച്ചറിയുവാന്‍ എന്താണ് മാര്‍ഗം? മനുഷ്യ ഭ്രൂണങ്ങളെ ലബോറട്ടറികളില്‍ ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ശാസ്ത്രജ്ഞന്മാരെയും കിരാതന്മാരില്‍ നിന്നു വേര്‍തിരിക്കാന്‍ പ്രയാസം.
മുമ്പൊക്കെ, പ്രസവിച്ചു കഴിഞ്ഞ് കുഞ്ഞ് പെണ്ണാണെന്നറിഞ്ഞാല്‍ ശിശുഹത്യ നടത്തുന്നതിനു പല മാര്‍ഗങ്ങളും അവലംബിച്ചിരുന്നു. രണ്ട് പതിറ്റാണ്ടുമുമ്പ്, തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളില്‍ നവജാതശിശുക്കളെ ഇങ്ങനെ കൊന്നൊടുക്കിയതിന്റെ കഥകള്‍ പത്രമാധ്യമങ്ങളില്‍ വന്നിരുന്നു.
ഇതിനൊക്കെ ചൂട്ടുവീശിക്കാണിക്കുന്ന രീതിയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുകയാണ് ഇന്ത്യാഗവണ്‍മെന്റ്. 1971 ല്‍ നടപ്പാക്കിയ എം.ടി.പി ആക്ട് ഇരുപതാഴ്ച (അഞ്ചുമാസം) വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കുവാന്‍ അനുമതി നല്‍കുന്നു. അമ്മയുടെ അനാരോഗ്യം, കുഞ്ഞിന്റെ ജനിതകവൈകല്യങ്ങള്‍ എല്ലാം ഗര്‍ഭഛിദ്രത്തെ നീതീകരിക്കുന്നതിനുള്ള ന്യായങ്ങളായിത്തീര്‍ന്നു. ജനപ്പെരുപ്പം തടയുന്നതിന് മനുഷ്യവിരുദ്ധമായി ഏതറ്റം വരെ പോകാനും തയ്യാറുള്ള ഒരു ഭരണ സംവിധാനത്തില്‍ ഗര്‍ഭഛിദ്രത്തിനു നിയമപരമായ അംഗീകാരം ഉണ്ടായില്ലെങ്കിലല്ലേ അതിശയിക്കേണ്ടതുള്ളൂ.
എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തുവാന്‍ സഹായിക്കുന്ന ആധുനികമാര്‍ഗങ്ങള്‍ വന്നതോടെയാണ് ഇന്ത്യയില്‍ ഗര്‍ഭഛിദ്രം വ്യാപകമാകാന്‍ തുടങ്ങിയത്. ആംനിയോട്ടിക് ദ്രാവകത്തിന്റെ സാമ്പിളെടുത്ത് ലിംഗ നിര്‍ണയം നടത്തുന്ന ആംനിയോ സിന്തസിസ് എന്ന രീതി രണ്ടുദശകം മുമ്പ് വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും പ്രചരിച്ചിരുന്നു. പക്ഷേ, അള്‍ട്രാസൌണ്ട് സ്കാനിംഗ് വന്നതോടു കൂടി ലിംഗനിര്‍ണയം കൂടുതല്‍ എളുപ്പമായി. പാര്‍ശ്വഫലങ്ങളില്ല എന്നത് ലളിതമായ ഈ സാങ്കേതികമാര്‍ഗത്തെ കൂടുതല്‍ സ്വീകാര്യമാക്കി. ഗര്‍ഭസ്ഥശിശുവിന് ജന്മ, ജനിതക വൈകല്യങ്ങള്‍ വല്ലതുമുണ്ടോ എന്നു കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് അള്‍ട്രാസൌണ്ട് സ്കാനിംഗിന്റെ ഉദ്ദേശ്യമെങ്കിലും അതിന്റെ മറവില്‍ നടക്കുന്നത് ലിംഗ നിര്‍ണയവും ഗര്‍ഭഛിദ്രവും തന്നെയാണ്.
ശാസ്ത്രീയ, സാങ്കേതിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതായി ആരോപണമുയര്‍ന്നപ്പോള്‍, അത് തടയുവാന്‍ 1966 ല്‍ പ്രീ നാറ്റല്‍ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്ടിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. എന്നാല്‍, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ അത് നടപ്പിലാക്കാന്‍ യാതൊന്നും ചെയ്തില്ല. സുപ്രീംകോടതി ഇടപെട്ടതിനുശേഷമാണ് ചെറിയ ചലനമെങ്കിലുമുണ്ടായത്. അമേരിക്കന്‍ കമ്പനികളും വൈദ്യശാസ്ത്ര രംഗത്തെ കച്ചവട ലോബികളുമൊക്കെ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനെതിരെ ചെലുത്തിക്കൊണ്ടിരിക്കുന്ന സമ്മര്‍ദ്ദതന്ത്രങ്ങള്‍ പൊതുജനം അറിയുന്നില്ല. അള്‍ട്രാസൌണ്ട് സ്കാനിംഗ് സെന്ററുകളില്‍ സൂക്ഷിക്കുന്ന രജിസ്റ്ററുകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും അതില്‍ കുഞ്ഞിന്റെ ലിംഗം എന്തെന്ന് രേഖപ്പെടുത്താതെ, അധികൃതരുടെ കണ്ണില്‍ പൊടിയിടുകയാണ് ചെയ്യുന്നത്. എന്തൊക്കെ നിയമങ്ങള്‍ കൊണ്ടുവന്നാലും അവയെ മറികടക്കാനുള്ള പഴുതുകളും കുറുക്കുവഴികളും മനുഷ്യര്‍ കണ്ടെത്തുന്നു.
പെണ്‍ഭ്രൂണഹത്യക്കുവേണ്ടി ലിംഗ നിര്‍ണയ ടെസ്റ്റുകള്‍ നടത്തുന്നതിനെ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ വിലക്കുന്നു. അജാതശിശുവിന്റെ ലിംഗവും രോഗവും മറ്റും മുന്‍കൂട്ടി കണ്ടെത്തി വേണ്ടാത്തവരെ നശിപ്പിക്കുന്ന രീതി ഒട്ടനവധി ധാര്‍മികസമസ്യകള്‍ ഉന്നയിക്കുന്നുണ്ട്. സ്ത്രീക്ക് സ്വന്തം ശരീരത്തിലുള്ള അധികാരത്തിന്റെ ഭാഗമാണോ ഭ്രൂണഹത്യ? ഒരു ഡോക്ടര്‍ക്ക് അത് ചെയ്യുവാനുള്ള അധികാരമുണ്ടോ? ആ അധികാരം നല്‍കുന്നതിന് ഭരണകൂടത്തിനവകാശമുണ്ടോ? ഗര്‍ഭസ്ഥശിശുവിന് ഈ ഭൂമിയില്‍ ജനിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നത് അധാര്‍മികമല്ലെ?
അണ്ഡവിമോചനം കഴിഞ്ഞ് എട്ടാഴ്ചവരെയാണ് ഭ്രൂണാവസ്ഥ. നാലാഴ്ചക്കകം തന്നെ ഭ്രൂണത്തില്‍ കണ്ണുകളും കൈകാലുകളും വായും ഹൃദയവും അങ്കുരിക്കുന്നു. എട്ടാഴ്ച കഴിഞ്ഞാല്‍ ഭ്രൂണമല്ല, ഗര്‍സ്ഥശിശുവാണ്. ലൈംഗികാവയവങ്ങള്‍, പന്ത്രണ്ടാമത്തെ ആഴ്ചമുതല്‍ വളര്‍ന്നുതുടങ്ങുമെങ്കിലും പതിനാറാമത്തെ ആഴ്ചയിലേ ലിംഗനിര്‍ണയം സാധ്യമാകൂ. ഈ കാലയളവിനകം ശിശുവിന്റെ സ്വത്വം രൂപപ്പെട്ടുകഴിഞ്ഞിരിക്കുമെന്നു വ്യക്തം. 20 ആഴ്ച വളര്‍ച്ചയെത്തിയ ശിശുവിനെ വധിക്കുവാനാണ്  എം.ടി.പി ആക്ട് അനുവാദം നല്‍കുന്നത്!
അനിയന്ത്രിതമായ ഗര്‍ഭഛിദ്രത്തിന്റെ ഫലമായി പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്. 1991 ലെ സെന്‍സസനുസരിച്ച് കേരളത്തില്‍ ആറുവയസ്സുവരെയുള്ള ആയിരം ആണ്‍ കുട്ടികള്‍ക്ക് ആനുപാതികമായി 1040 പെണ്‍കുട്ടികളുണ്ടായിരുന്നുവെങ്കില്‍ ഒരു പതിറ്റാണ്ടിനകം അവരുടെ എണ്ണം 963 ആയി കുറഞ്ഞു. 77 പെണ്‍കുഞ്ഞുങ്ങളാണ് കുറഞ്ഞിരിക്കുന്നത്. ഇതിങ്ങനെപോയാല്‍ ഇനിയും പെണ്‍ജനസംഖ്യ ശോഷിച്ചുകൊണ്ടിരിക്കും. ഒടുവില്‍, ആര്‍ഷഭാരതത്തിലെ പാഞ്ചാലി സംസ്ക്കാരത്തിലേക്ക് മടങ്ങേണ്ടിവരില്ലെന്നാരുകണ്ടു?
ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എപ്പോഴും സാമ്പത്തികമാവണമെന്നില്ല. ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ മതിയെന്നു കരുതുന്നവരാണിന്നത്തെ അണുകുടുംബങ്ങളില്‍ മിക്കവരും. അവരെ രാജകുമാരനും രാജകുമാരിയുമായി വളര്‍ത്തുകയാണ് ജീവിതലക്ഷ്യം. ആ ലക്ഷ്യം തെറ്റുമെന്നു കാണുമ്പോള്‍, ഗര്‍ഭഛിദ്രം നടത്താന്‍ അവര്‍ തയ്യാറാകുന്നു. വിവാഹം കഴിഞ്ഞ ആദ്യമാസങ്ങളിലൊ ഒരു പ്രസവം കഴിഞ്ഞ് ഉടനെയോ ഗര്‍ഭധാരണം നടക്കുന്നത് പലരും ഇഷ്ടപ്പെടുന്നില്ല. ചില പെണ്‍കുട്ടികള്‍ക്ക് ഉപരിപഠനത്തിനും ജോലിക്കും ഗര്‍ഭധാരണവും പ്രസവവുമൊക്കെ അസൌകര്യമായി തോന്നുന്നു. പക്ഷേ, ഗര്‍ഭഛിദ്രത്തിനുശേഷം തുടര്‍ച്ചയായി ഗര്‍ഭമലസിപ്പോകാം. കുറ്റബോധം മൂലം മാനസികരോഗവുമുണ്ടാകാം. ഇതൊന്നും ആരും പരിഗണിക്കാറില്ല.
എല്ലാ വിധത്തിലുമുള്ള മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ഇന്നിവിടെ പ്രസ്ഥാനങ്ങളുണ്ട്. എന്നാല്‍ അസംഘടിതരായ അജാതശിശുക്കള്‍ക്ക് ഈ ഭൂമിയില്‍ പിറക്കാനുള്ള അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനവുമില്ല. അവര്‍ക്ക് സംഘടിക്കുവാന്‍ കഴിയുമായിരുന്നെങ്കില്‍ അവര്‍ മുഴക്കുമായിരുന്ന മുദ്രാവാക്യങ്ങള്‍ കാതുകളിലിരമ്പുന്നു:
“ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ലോകത്തിന്റെ വാതില്‍ തുറന്നുതരിക. ജനിക്കുവാനുള്ള ഞങ്ങളുടെ അവകാശം കവര്‍ച്ച ചെയ്യാതിരിക്കുക. ഈ മനോഹരഭൂമി ഞങ്ങള്‍ക്കും അവകാശപ്പെട്ടതാണ്.”

ശാപമോക്ഷം ലഭിക്കാത്ത അഗ്നിപുത്രിമാര്‍

നിങ്ങള്‍ ജാലകത്തിന്നരികെ വഴിപോക്കരെ നോക്കിയിരിക്കവെ, നിങ്ങളുടെ വലതുകരത്തിനു നേരെ ഒരു കന്യാസ്ത്രീ വരുന്നു. ഇടതു കരത്തിനു നേരെ ഒരു അഭിസാരികയും. നിഷ്കളങ്കതയോടെ നിങ്ങള്‍ മൊഴിയുന്നു. ഒന്ന് എത്ര ഉന്നതം, മറ്റേത് എത്ര അധമം.പക്ഷേ, നിങ്ങള്‍ കണ്ണുകളടച്ചു ശ്രദ്ധിച്ചാല്‍ അന്തരീക്ഷത്തില്‍ ഒരു ആമന്ത്രണം കേള്‍ക്കാം:- ഒന്നെന്നെ പ്രാര്‍ഥനയിലന്വേഷിക്കുന്നു; മറ്റേത് വേദനയിലും. ഖലീല്‍ ജിബ്രാന്‍ (കന്യാസ്ത്രീയും വേശ്യയും).
നിവേദിക്കാന്‍ വ്രണിതഹൃദയങ്ങള്‍ മാത്രമുള്ള, നിരന്തരമായി ആത്മനിന്ദയും പരനിന്ദയും ശാരീരികപീഢനങ്ങളുമനുഭവിക്കുന്ന സ്ത്രീജനങ്ങള്‍-അവര്‍ ചരിത്രത്തിന്റെ കണ്ണെത്താവുന്ന കാലം തൊട്ടേ ഉപഭോഗവസ്തുക്കളാണ്. ചരക്കുകള്‍, സാധനങ്ങള്‍.
പ്രാകൃത മതങ്ങള്‍ അവളെ ദേവദാസിയാക്കി. ഇന്ത്യയില്‍ മാത്രമല്ല ഈജിപ്തിലും ഗ്രീസിലുമൊക്കെയുണ്ടായിരുന്നു ദേവദാസികള്‍. പേരുകളിലേ മാറ്റമുള്ളു. പുരോഹിതന്മാരുടെയും വരേണ്യവര്‍ഗ്ഗത്തിന്റെയും ഭോഗേച്ഛകള്‍ ശമിപ്പിക്കാന്‍ ആവിര്‍ഭവിച്ച ദേവദാസിവൃത്തിക്ക് അങ്ങനെ മതപരമായ പരിവേഷം നല്‍കപ്പെട്ടു. ഇന്നും ഇന്ത്യയില്‍ ഈ വിഭാഗം നില നില്‍ക്കുന്നു. കര്‍ണ്ണാടകയിലെ യെല്ലമ്മാ ക്ഷേത്രത്തിലും മറ്റും കന്യകകളെ ദേവദാസികളാക്കി നിവേദിക്കുന്ന പ്രാകൃതാചാരം നിര്‍ബാധം നടക്കുന്നു. ‘ചരക്ക’് ലേലത്തില്‍ പിടിക്കുവാന്‍ പണച്ചാക്കുകള്‍ മുന്‍കൂട്ടി തമ്പടിക്കുന്നു. മതം മാത്രമല്ല കലയും വ്യഭിചാരത്തിന്റെ വളര്‍ച്ചക്ക് കൂട്ടുനിന്നു. മോഹിനിയാട്ടം ആടിയ ലാസ്യവതികളാണ് പിന്നീട് കൂത്തച്ചികളായത്. ദേവദാസി തേവിടിശ്ശിയായതുപോലെ. അവസാനം ഇവരുടെയൊക്കെ തീര്‍ഥയാത്ര ചുവന്ന തെരുവുകളിലേക്കാണ്. ഗണിക എന്ന വാക്കിന്റെ അര്‍ഥം ഗണത്തിന്റെ, ജനത്തിന്റെ പൊതുസ്വത്ത്  എന്നാണ്. വാക്കുകള്‍ തന്നെ ഈ അഭിശപ്ത ജന്മങ്ങളുടെ ചരിത്രം പറയുന്നു.
ഇന്ത്യയിലും ഗ്രീസിലുമൊക്കെ ഒരു കാലത്ത് സാമൂഹ്യാന്തസ്സുള്ള ഗണികകളുണ്ടായിരുന്നു. വസന്തസേനയേയും വാസവദത്തയേയും പോലെ കുപ്രശസ്തി നേടിയവര്‍.മാതാഹരിയെ പോലെ ചാരവൃത്തിലേര്‍പ്പെട്ടവര്‍. (രാജ്യ രക്ഷാരംഗത്തെ അഴിമതിയെ കുറിച്ചുള്ള തെഹല്‍ക്ക അന്വേഷണത്തില്‍ വാടകയ്ക്കെടുത്ത ഒരു അഭിസാരികയുടെ സഹായം തേടിയതിലെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നവര്‍, രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ പെണ്ണും പണവും മദ്യവും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് അറിയാത്തവരാവില്ല.) അസ്പേഷ്യ എന്നൊരു ഗണിക മരിച്ചപ്പോള്‍ പെരിക്ളീസ് ചക്രവര്‍ത്തി വികാരനിര്‍ഭരമായ ചരമപ്രസംഗം നടത്തിയത്രെ. ഗണികകളുടെ കാര്യം നോക്കി നടത്താന്‍ പ്രത്യേക വകുപ്പ്. അവരില്‍ നിന്നു ഖജനാവിലേക്ക് പിരിച്ചെടുക്കുന്ന സ്വര്‍ണ്ണ നികുതികള്‍. കേരളീയര്‍ക്കും ഇതൊന്നും അപരിചിതമായിരുന്നില്ല. അഭിസാരികകളെ വാനോളം സ്തുതിക്കുന്ന ഉണ്ണിയച്ചിചരിതവും ഉണ്ണിച്ചിരുതേവിചരിതവും ഉണ്ണുനീലി സന്ദേശവുമൊക്കെ ഒരു കാലഘട്ടത്തിലെ കേരളീയ സംസ്കാരത്തിന്റെ ജീര്‍ണ്ണത വെളിപ്പെടുത്തുന്ന മണിപ്രവാള കൃതികളാണ്.
എന്നും ഗണികകളെ മോഹിപ്പിച്ചത് പണം മാത്രമായിരുന്നു. “വളരെ ആവശ്യക്കാരുള്ള തൊഴിലാണു നിന്റേത്.എന്നാലും യുവത്വം കൊഴിഞ്ഞാല്‍ നിന്റെ പ്രയോജനം തീര്‍ന്നു. അതു കൊണ്ട് എപ്പോഴും കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുക” എന്നാണ് ഒരു അഭിസാരികക്ക് അമ്മ നല്‍കുന്ന ഉപദേശം. (വേശ്യകളുടെ സംവാദം – ലുസിയാന്‍) വാത്സ്യായനന്റെ കാമശാസ്ത്രത്തിലെ ആറാം അധികരണത്തിലെ ആറു അധ്യായങ്ങള്‍ വേശ്യാവൃത്തിയുടെ മഹിമയെകുറിച്ചാണ്. അതിന്റെ ഒന്നാം സൂത്രത്തില്‍ തന്നെ ഈ തൊഴിലിന്റെ പ്രധാന ലക്ഷ്യം ഉപജീവനമാണെന്ന് രേപ്പടുത്തിയിരിക്കുന്നു.
ഇന്നും ഉപജീവനത്തിനു വേണ്ടിയാണു ഇക്കൂട്ടര്‍ ‘ജോലി’യെടുക്കുന്നത്. കൈക്കുഞ്ഞിനെ (അറിയാതെ) ഉറുമ്പിന്‍ കൂട്ടില്‍ കിടത്തിയിട്ട് ‘ജോലിക്കു’ പോകുന്ന പാവപ്പെട്ട വേശ്യയെകുറിച്ച് ‘ശബ്ദങ്ങളില്‍’ ബഷീര്‍ പച്ചയായി എഴുതിയപ്പോള്‍ സദാചാരക്കാരുടെ പുരികം ചുളിഞ്ഞു. എന്നാല്‍, ഒന്നോ രണ്ടോ നേരത്തെ വയറ്റു പിഴപ്പിനുവേണ്ടിയാണു ഇവരിലേറെപ്പേരും അവരുടെ ഉടലുകള്‍ വാടകയ്ക്ക് നല്‍കി, മാരകമായ പകര്‍ച്ചവ്യാധികളേറ്റു വാങ്ങി സമൂഹത്തിനു ഒരു ഭാരമായി ഒടുങ്ങുന്നത് എന്നത് യാഥാര്‍ഥ്യം മാത്രമാണ്. ഇന്ന് നാം അവരെ സെക്സ് വര്‍ക്കേഴ്സ് എന്നു വിളിക്കുന്നു. ലൈംഗികത്തൊഴിലാളികള്‍. ശരിയാണ്, ലൈംഗികത തൊഴി ലാക്കിയവരാണു അവര്‍. എന്നാല്‍, സംസ്കാരസമ്പന്നമെന്നഭിമാനിക്കുന്ന സമൂഹത്തില്‍ ഇ ങ്ങനെ ഒരു തൊഴിലും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കൂട്ടം പെണ്ണുങ്ങളും ഉണ്ടായിരിക്കാന്‍ പാടുണ്ടോ?
ഇവിടെയാണു പതിനായിരം വേശ്യകള്‍ക്ക് നിര്‍ബാധം ‘തൊഴില്‍’ ചെയ്യാന്‍ ലൈസന്‍സു നല്‍ കുന്നതിനുള്ള കൊല്‍ക്കത്ത നഗരസഭയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നത്. ഒരു  ലക്ഷത്തോളം അഭിസാരിണികളുടെ മെട്രോപൊളിറ്റന്‍ സിറ്റി !.
വേശ്യാവൃത്തി തൊഴിലാണെന്ന് പ്രഖ്യാപിച്ചതു ഒരു യൂറോപ്യന്‍ നീതിന്യായകോടതിയാണ്. എന്നാല്‍, ഇന്ത്യയിലാദ്യമായിരിക്കും ഒരു തൊഴില്‍ എന്ന നിലക്ക് അഭിസാരികകള്‍ക്ക് ലൈ സന്‍സ് നല്‍കപ്പെടുന്നത്. മുംബൈയിലെ ചുവന്നതെരുവുകളിലെ വേശ്യാലയങ്ങള്‍ക്കും വേശ്യകള്‍ക്കും ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് നിയമജ്ഞര്‍ പറയുന്നു. കൊല്‍ക്കത്തയില്‍ ലൈസന്‍സ് നല്‍കുന്നതോടെ, അത് ഇന്ത്യയിലെ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പടര്‍ന്ന് പിടിക്കാനാണ് സാധ്യത. ഇപ്പോള്‍ തന്നെ ഇന്ത്യയെ ഭീകരമായി ഉറ്റുനോക്കുന്ന എയ്ഡ്സ് പോലുള്ള ലൈംഗിക മാറാവ്യാധികള്‍ ഇത് വ്യാപകമാക്കും. ഇപ്പോള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന 1986 ലെ ഇമ്മോറല്‍ ട്രാഫിക് പ്രിവെന്‍ഷന്‍ ആക്ട് അനുസരിച്ച് പൊതുസ്ഥലത്ത് വെച്ച് നടത്തുന്ന വേശ്യാവൃത്തിക്കാണ് മൂന്നു മാസം തടവും ഇരുന്നൂറു രൂപ പിഴയും ശിക്ഷ വിധിക്കുന്നത്. എന്നാല്‍ പൊതുസ്ഥലം എന്നതിനും വേശ്യാലയം എന്നതിനും വ്യക്തമായ നിര്‍വ്വചനം നല്‍കപ്പെട്ടിട്ടില്ല. പൊതുസ്ഥലത്ത് വെച്ചല്ല വേശ്യാവൃത്തിയെങ്കില്‍ കുറ്റകരമാകുന്നില്ലത്രെ. വേശ്യാലയം എന്നതിന്റെ നിര്‍വ്വചനപരിധിയില്‍ വരണമെങ്കില്‍ അഭിസാരികയും ഇടപാടുകാരനും പുറമെ മൂന്നാമതൊരാളും കൂടി വേണം.
സമൂഹത്തെ ജീര്‍ണ്ണതയിലേക്കും സാംസ്കാരികാധപ്പതനത്തിലേക്കും നയിക്കുന്ന ഈ പ്രതിഭാസത്തെ നിരോധിക്കുവാന്‍ ഇന്ത്യാ ഗവണ്‍മെന്റിനു കഴിയാത്തതെന്തു കൊണ്ടാണ്? ഇവിടെയാണ് മനുഷ്യാവകാശങ്ങളും സനാതന ധര്‍മ്മങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ സ്വാധീനം ചെലുത്തുന്നത് പാശ്ചാത്യ സങ്കല്‍പത്തിലുള്ള മനുഷ്യാവകാശങ്ങളാണ്. ലൈംഗികബന്ധം, പ്രത്യുല്‍പാദനം, ഗര്‍ഭച്ഛിദ്രം തുടങ്ങി, വ്യക്തിയുമായി ബന്ധപ്പെട്ട ശാരീരികപ്രശ്നങ്ങള്‍,വ്യക്തിസ്വാതന്ത്യ്രത്തില്‍പ്പെട്ടതാണെന്നാണ് അന്താരാഷ്ട്രരംഗത്തെ ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ വാദിക്കുന്നത്. അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്യ്രസങ്കല്‍പം,മനുഷ്യാവകാശമായും പൌരാവകാശമായും വ്യാഖ്യാനിക്കപ്പെടുമ്പോള്‍ എല്ലാ ജീര്‍ണ്ണതകള്‍ക്കും അത് കാരണമായിത്തീരുന്നു.
ഇരുളിന്റെ മറവില്‍ വേശ്യാലയത്തിലെത്തുന്ന പുരുഷന്‍മാര്‍ തന്നെയാണ് പകല്‍ വെളിച്ചത്തില്‍ അവരെ കല്ലെറിയുന്നത്. ഈ സ്ഥാപനത്തെ നിലനിര്‍ത്തുന്നതില്‍ രാഷ്ട്രീയക്കാരും പോലീസും പ്രമാണിമാരും ഒരു പോലെ പങ്കുവഹിക്കുന്നു. ലൈംഗികവും സാമ്പത്തികവുമായ ചൂഷണം നിലനില്‍ക്കുന്നു. നക്ഷത്രവേശ്യാലയങ്ങളില്‍ നടക്കുന്ന അസാന്മാര്‍ഗ്ഗികതകള്‍ സമൂഹം അറിയുന്നില്ല. എന്നാല്‍ സാധാരണക്കാരായ വേശ്യകളെ പോലീസ് അസമയത്ത് പോലും അറസ്റ്റ് ടി യ്യുകയും ലോക്കപ്പിലാക്കി പീഢിപ്പിക്കുകയും ചെയ്യുന്നു. വേശ്യാലയം ഉള്‍പ്പെടുന്ന അധോലോ കവുമായി പോലീസിന്റെ ബന്ധം ആര്‍ക്കും അറിയാത്തതല്ല. വേശ്യാലയങ്ങളില്‍ നിന്നു മാസപ്പടി പറ്റുന്ന പോലീസേമാന്മാരും രാഷ്ട്രീയ നേതാക്കളും കുറവല്ല.
ഏറ്റവും ഭീഷണവും വേദനാജനകവുമായ വസ്തുത വേശ്യകളുടെ പെണ്‍മക്കള്‍ വേശ്യകളായും ആണ്‍കുട്ടികള്‍ ഗുണ്ടകളും സാമൂഹ്യവിരുദ്ധരുമായും മാറുന്നുവെന്നതാണ്. അവര്‍ മയക്കുമരുന്നിനും ലഹരിക്കും അടിമകളായിത്തീരുന്നു. വാടകഗുണ്ടകളാകുന്നു. തങ്ങളുടെ മക്കള്‍ തങ്ങളെ പോലെ നശിക്കണമെന്നു ഒരു അമ്മയും ആഗ്രഹിക്കുന്നില്ല. ജീവിതത്തിലെ നരകീയാനുഭവങ്ങളാണ് അവരെ ഈ തൊഴിലിലേക്ക് വലിച്ചെറിയുന്നത്. അടുത്ത തലമുറയെങ്കിലും ഇതില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ ആസൂത്രിതമായ ബോധവല്‍ക്കരണവും പുനരധിവാസവും ആവശ്യമാകുന്നു.
വേശ്യാവൃത്തി ഒരു സാമൂഹ്യതിന്മയാണ്. അതിനെ സ്ഥാപനവല്‍ക്കരിക്കുകയല്ല, ഇല്ലാതാക്കുകയാണു വേണ്ടത്. നിയമം കൊണ്ട് മാത്രം ഇത് സാധ്യമല്ല. സാമൂഹ്യമനസ്സാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഈ അഗ്നിപുത്രികളെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയല്ല; സാമൂഹ്യധാരയിലേക്ക് കൊണ്ടു വരികയാണു വേണ്ടത്.