സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 27 August 2014

മലക്കല്ല ഞാന്‍, പെണ്ണെന്നോര്‍ക്കണം

സാഹിറ തൂങ്ങിമരിച്ചു!
തന്റെ മതം അവളെ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കുന്നില്ല. ഏത് കൊടിയ പരീക്ഷണഘട്ടത്തിലും  ജീവിതാശ ഉപേക്ഷിക്കാതിരിക്കുവാനാണവളെ മതം ഉപദേശിക്കുന്നത്. എന്നിട്ടും ആ കടുംകൈ ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചതെന്താണ്? സ്ത്രീധന പീഢനമാണോ? ഭര്‍ത്താവിന്റെ മദ്യാസക്തിയാണോ? അതൊന്നുമായിരുന്നില്ല.
ഒരാണ്‍കുഞ്ഞിന്റെ പിതാവായതിനുശേഷമാണ് അവളുടെ ഭര്‍ത്താവ് റഷീദ് ജോലിതേടി ഗള്‍ഫില്‍ പോയത്. അതിനുശേഷം അവള്‍ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു. ഭര്‍ത്തൃപിതാവ് സമൂഹത്തില്‍ മാന്യതയുള്ളയാളാണ്. പരിശുദ്ധ ഹജ്ജുകര്‍മം നിര്‍വ്വഹിച്ചയാളാണ്. മകന്റെ ഭാര്യ, സ്വന്തം മകള്‍ തന്നെയാണെന്നു മനസ്സിലാക്കി പെരുമാറണമെന്ന് അറിഞ്ഞിരിക്കേണ്ടയാളാണ്. എന്നിട്ടും സ്വന്തം ബാപ്പയുടെ സ്ഥാനത്ത് കണ്ട അയാളില്‍ നിന്ന് അരുതാത്ത പെരുമാറ്റം അവള്‍ക്ക് നേരിടേണ്ടിവന്നു. ലൈംഗികമായ അഭിനിവേശത്തോടെ അവളെ സമീപിച്ചപ്പോള്‍ അയാള്‍ ബാപ്പയല്ല, ഇബ്ലീസാവുകയായിരുന്നു. ശല്യം സഹിക്കവയ്യതായപ്പോള്‍ അവള്‍ തന്റെ പ്രിയപ്പെട്ടവന്നെഴുതി: ‘ഉടനെ വരൂ, രക്ഷിക്കൂ.’
അയാളുടെ മറുപടിയെത്തി: ഞാന്‍ ഉടനെ വരുന്നുണ്ട്. വന്നാല്‍ പ്രശ്നമെല്ലാം പരിഹരിക്കാം. അതുവരെ നീ വീട്ടില്‍ പോയി നില്‍ക്കൂ. പറഞ്ഞതുപോലെ സാഹിറ സ്വന്തം വീട്ടിലേക്ക് പോയി. റഷീദ് (ആളുകളുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്). വന്നപ്പോള്‍ സ്വീകരിക്കുവാന്‍, അയാള്‍ ആവശ്യപ്പെട്ടിരുന്നതനുസരിച്ച് വിമാനത്താവളത്തിലേക്ക് ചെന്നു. എന്നാല്‍ തന്നോടൊപ്പം സ്വന്തം വീട്ടിലേക്ക് അവളെകൂട്ടാന്‍ റഷീദ് തയ്യാറായില്ല. രണ്ടു ദിവസം കഴിഞ്ഞ് അവളുടെ വീട്ടിലേക്ക് ചെല്ലാമെന്ന് പറഞ്ഞാണയാള്‍ പിരിഞ്ഞതെങ്കിലും വാക്കു പാലിച്ചതുമില്ല. ദുസ്സഹമായ കാത്തിരിപ്പിന്റെ ഒടുവില്‍, കടുത്ത നൈ രാശ്യം മൂലമാവാം അവള്‍ ആ കടുംകൈ ചെയ്തുപോയത്!
നാലഞ്ചു വര്‍ഷം നീണ്ടു നിന്ന കേസിനു ശേഷം ഭര്‍ത്തൃപിതാവിന് പത്തു വര്‍ഷത്തെ കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു കൊണ്ട് ഒരു മജിസ്ട്രേറ്റ്കോടതി ഉത്തരവായി. ഭര്‍ ത്താവിനുമുണ്ട് മൂന്നു വര്‍ഷത്തെ തടവും പിഴയും.
ഇത് ഒറ്റപ്പെട്ട ഒരു ആത്മഹത്യാസംഭവമായി എഴുതിത്തള്ളാനാവില്ല. സ്വന്തം പിതാക്കളില്‍     നിന്നു പോലും പെണ്‍കുട്ടികള്‍ ലൈംഗികമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണ്. കോടതികളിലും കുടുംബകോടതികളിലും എത്താതെപോകുന്ന,നിശ്ശബ്ദ സഹനങ്ങളുടെ എത്രയെത്ര കഥകള്‍ നാമറിയുന്നില്ല! ഭക്തനായറിയപ്പെടുന്ന ഒരാളില്‍ നിന്നാണ് ഇത്ര പൈശാചികമായ ഒരനുഭവം ഉണ്ടാകുന്നതെന്നോര്‍ക്കുമ്പോള്‍, ആ കൃത്യത്തിന്റെ കാഠിന്യം വര്‍ധിക്കുന്നു. സ്വഫാ-മര്‍വാ കുന്നുകള്‍ക്കിടയില്‍, ദാഹിച്ചു തൊണ്ടവരണ്ട തന്റെ കൈക്കുഞ്ഞിനു ഒരു തുള്ളി വെള്ളം തേടി, പരക്കം പാഞ്ഞ ഒരുമ്മയുടെ, ഒരു സ്ത്രീയുടെ നിലവിളി ഹജ്ജ് ചെയ്ത ഈ മനുഷ്യന്റെ ഹൃദയത്തില്‍ ഒരിലയനക്കം പോലുമുണ്ടാക്കിയില്ലല്ലൊ എന്നോര്‍ത്ത് ലജ്ജിക്കുക. മതത്തിന്റെ മൂല്യവും സത്തയും ഉള്‍ക്കൊള്ളാത്ത, അനുഷ്ഠാനങ്ങളുടെ പൊള്ളത്തരം ഇവിടെ അനാവൃതമാകുന്നു.
ആത്മഹത്യാപ്രേരണ കൊലപാതകം പോലെത്തന്നെ ഗുരുതരമായി കരുതേണ്ട ഒന്നാണെന്ന് ഈ കോടതിവിധി വ്യക്തമാക്കുന്നു. ഏറ്റവും കൂടുതലായി സ്ത്രീകളാണ് ഇത്തരം സംഭവങ്ങളില്‍ ഇരയാവുന്നതും. മദ്യപരായ ഭര്‍ത്താക്കന്മാര്‍, സ്ത്രീധനത്തെച്ചൊല്ലി പീഢിപ്പിക്കുന്ന ഭര്‍ത്തൃവീട്ടുകാര്‍ ഇവരില്‍ നിന്നെല്ലാം ഉണ്ടാകുന്ന മോശമായ പെരുമാറ്റങ്ങളാണ് അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. അതോടൊപ്പം തന്നെ  പ്രാധാന്യമുള്ളതാണ്  കുടുംബത്തിനുള്ളില്‍ അവളനുഭവിക്കേണ്ടിവരുന്ന ഏകാന്തതയും ലൈംഗികപീഢനങ്ങളും!
നോര്‍ക്ക (നോണ്‍ റെസിഡന്റ് കേരളൈറ്റ്സ് എഫെയര്‍ ഡിപ്പാര്‍ട്ടുമെന്റ്) യുടെ ഒരു കണക്കനുസരിച്ച് പതിനാറു ലക്ഷം മലയാളികള്‍ ഗള്‍ഫു രാജ്യങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷവും നല്ല വരുമാനമുള്ളവരല്ല. ഭാര്യയെയും കുട്ടികളെയും കൂടെ കൊണ്ടുപോയി താമസിപ്പിക്കാന്‍ കഴിവുള്ളവരല്ല.
പല കുടുംബങ്ങളിലും പെണ്‍കുട്ടികള്‍ ഋതുമതിയാവുന്നതോടെ, നിക്കാഹിനൊരുങ്ങിവരുന്ന അബൂദബിക്കാരന്‍ പുതുമണവാളനെ സ്വപ്നം കണ്ടുതുടങ്ങുകയായി. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് അതാ ഒരുനാളില്‍ പുതുമാപ്പിള പെണ്ണുകാണാന്‍ വരുന്നു. രണ്ടുമാസത്തെ ലീവിലാണ് വരവ്. അതില്‍ ഒരു മാസം പെണ്ണു തിരക്കിനടന്നു തീര്‍ന്നു. ഇനി ഒരു മാസമേയുള്ളൂ. അങ്ങനെ നിക്കാഹും കല്യാണവും കഴിഞ്ഞ് വിരുന്നുകളും കൂടിയാവുമ്പോള്‍ ലീവ് തീരുകയായി. പിന്നെ വിരഹത്തിന്റെ നാളുകളാണ്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവന് പിന്നീട് നാട്ടിലേക്ക് വരാന്‍ കഴിയുക. ആഴ്ചയിലൊരിക്കലെങ്കിലും ഫോണ്‍ ചെയ്യാനും ഇ-മെയിലില്‍ ചാറ്റുചെയ്യാനും എത്രപേര്‍ക്ക് കഴിയും? മുത്തിമണത്ത കത്തുകളും ഹൃദ്യമായ പരിമളം പരത്തുന്ന ഫ്രഞ്ചു പെര്‍ഫ്യമും കൊണ്ട് എത്രനാള്‍ അവളുടെ ഹൃദയ വികാരങ്ങള്‍ അമര്‍ത്തിവെക്കാനാവും?
“മധുവിധുനാളുകള്‍ മനസ്സില്‍ കിളിര്‍ക്കുന്നു, മദനക്കിനാവുകള്‍ മാറോടണക്കുന്നു
മലരണിരാത്രികള്‍ മഞ്ഞില്‍ കുളിക്കുന്നു, മണിയറക്കട്ടിലോ മാടിവിളിക്കുന്നു
എങ്ങനെ ഞാനുറങ്ങും? കിടന്നാലും, എങ്ങനെയുറക്കംവരും? ഉറങ്ങ്യാലും
മധുപകര്‍ന്നിട്ട പുതുപുതുസ്വപ്നംകണ്ട്, ഞെട്ടിയുണരും, തലയണ കെട്ടിപ്പുണരും..”
കാല്‍നൂറ്റാണ്ടുമുമ്പ് എസ്.എം ജമീല്‍ എന്ന മാപ്പിളകവി എഴുതിയ ദുബായ് കത്തുപാട്ടില്‍ വിരഹിണിയായ മാപ്പിളപ്പെണ്ണിന്റെ തരുണനൊമ്പരങ്ങള്‍ മുഴുവനുമുണ്ട്. ഈ വ്രണിതവികാരങ്ങളാണ് സാറ്റര്‍ഡേ സിന്‍ഡ്രോം ആയി മാറുന്നതെന്ന് മനഃശാസ്ത്രവിദഗ്ധര്‍ പറയുന്നു.
വെള്ളിയാഴ്ച തോറും ടെലിഫോണിലൂടെ നടക്കുന്ന ‘പ്രണയസല്ലാപ’ ങ്ങളുടെ ഫലമാണ് പിറ്റേന്ന് സൈക്കോസൊമാറ്റിക് രോഗങ്ങളുമായി (മനഃശാസ്ത്രപരമായ കാരണങ്ങളാലുണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങള്‍) ഡോക്ടറെ സമീപിക്കാന്‍ വിരഹിണികളായ ഗള്‍ഫ് ഭാര്യമാരെ പ്രേരിപ്പിക്കുന്നത്.ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നോ മറ്റോ കേട്ട കിംവദന്തികള്‍, സ്വന്തം പെണ്ണിന്റെ ചാരിത്ര ശുദ്ധിയെക്കുറിച്ചുള്ള പരദൂഷണങ്ങള്‍ ഇതെല്ലാം മനസ്സില്‍ വെച്ചു ഭര്‍ത്താവ് പറയുന്ന കുത്തുവാക്കുകള്‍ സൃഷ്ടിക്കുന്ന മുറിവുകളാണവളുടെ സമാധാനം നശിപ്പിക്കുന്നത്. പലപ്പോഴും അവള്‍ക്ക് വരുന്ന ടെലിഫോണ്‍ കോളുകള്‍, കത്തുകള്‍ എല്ലാം സെന്‍സര്‍ ചെയ്യപ്പെടുന്നു.
വിവാഹിതയായ ഒരു യുവതിക്ക് ഭര്‍ത്താവിന്റെ വീട് സ്വന്തം വീടുപോലെയാവേണ്ടതാണ്. എന്നാല്‍, വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ അവള്‍ക്ക് സു രക്ഷിതത്വം നഷ്ടപ്പെടുന്നുവെങ്കില്‍ സ്വാഭാവികമാണത്. ഭര്‍ത്താവിന്റെ സഹോദരന്മാരും മറ്റു ബന്ധുക്കളുമൊക്കെയായി അവള്‍ ഇടപഴകേണ്ടിവരും. വെടിമരുന്നുശാലയും തീയും തമ്മിലുള്ള സാമീപ്യം പോലെ അപകടകരമാണത്. (സ്വന്തം വീട്ടുകാരേക്കാള്‍ നന്നായി പെണ്‍കുട്ടികളെ നോക്കുന്ന ഭര്‍തൃ വീട്ടുകാരുമുണ്ടെന്ന് മറക്കുന്നില്ല.) ഇവിടെയാണ് മലബാറില്‍ ചില കൂട്ടു കുടുംബങ്ങളില്‍ ഇന്നു നിലനില്‍ക്കുന്ന അറ സമ്പ്രദായവും വീട്ടുപുതിയാപ്ള സമ്പ്രദായവും പെണ്‍കുട്ടികള്‍ക്ക് തുണക്കെത്തുക. അവിടെ അവള്‍ അന്യയല്ല. പിറന്നതുമുതല്‍ പരിചയമുള്ളവരാണ്. ആ സുരക്ഷിതത്വബോധം വലിയ ആശ്വാസമാണ്.
കുടുംബം പോറ്റാന്‍ മണലാരണ്യങ്ങളില്‍ ചോര നീരാക്കുന്നവന്റെ വിരഹനൊമ്പരങ്ങള്‍ അവഗണിക്കാവതല്ല. തീര്‍ച്ചയായും അയാളും അവളെപ്പോലെത്തന്നെ വളരെയധികം മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുണ്ട്. എന്നാലും പണം സമ്പാദിക്കുന്നയാള്‍ എന്ന നിലയില്‍, അയാള്‍ക്ക് കുടുംബത്തില്‍ മേല്‍കയ്യുണ്ട്. തെറ്റു ചെയ്യുന്നത് സ്വന്തം പിതാവാണെങ്കില്‍ പോലും മുഖത്തുനോക്കി അതു പറയാനുള്ള ആര്‍ജ്ജവം അയാള്‍ക്കുണ്ടായേ തീരൂ. തന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയുടെ അഭിമാനം തന്റേതു കൂടിയാണെന്ന് അയാള്‍ തിരിച്ചറിയണം. ഇത്തരം ഘട്ടങ്ങളില്‍ മൌനവും നിസ്സംഗതയും കുറ്റകരം തന്നെയാണ്.
മാപ്പിളകവി ജമീലിന്റെ വരികള്‍ തുടരുന്നു:
“മരിക്ക്യോളമീ നിധി കാക്കും ഞാനെങ്കിലും, മലക്കല്ല ഞാന്‍, പെണ്ണെന്നോര്‍ക്കണം നിങ്ങളും.”
സഹി കെട്ട സാഹിറയെ നാമെങ്ങനെ കുറ്റപ്പെടുത്തും?.