സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday, 27 August 2014

കുടുംബ ബന്ധങ്ങള്‍

സാമൂഹിക സ്ഥാപനങ്ങളായ കുടുംബം, അയല്‍പക്കം തുടങ്ങിയ മേഖലകളിലെല്ലാം അവയുടെ സുസ്ഥാപിതമായ നിലനില്‍പിനുള്ള വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളും ആവശ്യമായിടത്തു കര്‍ശന കല്‍പനകള്‍ വരെ ഇസ്ലാം നല്‍കുന്നു.
കുടുംബ ബന്ധങ്ങള്‍ നില നിറുത്താനുതകുന്ന പ്രോത്സാഹനങ്ങള്‍ തിരുവചനങ്ങളില്‍ ധാരാള മായി കാണാം. ‘നീ ഒരു ദീനാര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നു. ഒന്ന് അടിമത്ത വിമോചനത്തിന് മറ്റൊന്ന് ദരിദ്രനു ധര്‍മമായി. ഒരു ദീനാര്‍ നിന്റെ കുടുംബത്തിനും ചെലവഴിക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ളത് കുടുംബത്തിനു ചെലവഴിക്കുന്നതിലാണ്” (മുസ്ലിം). കുടുംബ സംരക്ഷണം ബാധ്യതയാണ്. അതേ സമയം സ്വന്തം മക്കളെ സംരക്ഷിക്കുന്നതിനു പോലും ദൈവത്തിന്നടുക്കല്‍ മഹത്തായ പ്രതിഫല മുണ്ടെന്ന വാഗ്ദാനത്തിലൂടെ അതു നിലനിര്‍ത്താന്‍ വ്യക്തികളെ പ്രോത്സാഹിപ്പി ക്കുകയാണു തിരുനബി (സ്വ). ‘കുടുംബ ബന്ധം ചേര്‍ത്തവരെ ഞാന്‍ ചേര്‍ക്കുമെന്നും അതു വിഛേദിക്കുന്നവരെ ഞാന്‍ വിഛേദിക്കുമെന്നും’ കുടുംബത്തിന് അല്ലാഹു ഉറപ്പു നല്‍കിയിരിക്കുന്നുവെന്നും കുടുംബബന്ധം മുറിക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നുവെന്നും മറ്റൊരു ഹദീസില്‍ കാണാം. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട മൂന്നു കര്‍മ്മങ്ങളിലൊന്നായി മാതാപിതാക്കള്‍ക്കു ചെയ്യുന്ന നന്മകളെ റസൂല്‍ (സ്വ) എടുത്തു പറഞ്ഞതായി ബുഖാരി, മുസ്ലിം റിപ്പോര്‍ട്ടു ചെയ്ത ഹദീസിലുണ്ട്.
‘ഉപജീവനത്തില്‍ വിശാലത കിട്ടാനും ദീര്‍ഘായുസ്സ് ലഭിക്കാനും ആഗ്രഹിക്കുന്നവര്‍ കുടുംബ ബന്ധം പുലര്‍ത്തിക്കൊള്ളുക’ (ബു.മു) എന്ന ആഹ്വാനം കേവലമൊരു വാഗ്ദാനമോ പ്രലോഭനമോ അല്ലെന്നു സൂക്ഷ്മമായി ചിന്തിച്ചാലറിയാം. അതുകാരണം ലഭ്യമാകുന്ന മാനസിക സംതൃപ്തിയും ഉന്മേഷവും ആരോഗ്യാവസ്ഥയും വ്യക്തിജീവിതത്തില്‍ ഭൌതികവും ആത്മീയവുമായ നിരവധി നേട്ടങ്ങളുണ്ടാക്കിത്തീര്‍ക്കുമെന്നത് തെളിയിക്കപ്പെട്ട യാഥാര്‍ഥ്യമാണ്.
മാതാപിതാക്കളെ മാത്രമല്ല, അവരുടെ മരണ ശേഷം അവരുടെ സുഹൃത്തുക്കളെയും ആദരിക്കാനും ആ ബന്ധം നിലനിര്‍ത്താനും അവര്‍ക്കു നന്മകള്‍ ചെയ്യാനുമുള്ള ആഹ്വാനവുമുണ്ട്. വിശാലമായ സാമൂഹിക ബന്ധത്തിന്റെ ശൃംഖലകള്‍ ഊട്ടി ഉറപ്പിക്കാന്‍ ഇത്തരം ആഹ്വാനങ്ങള്‍ പ്രചോദനമാവുന്നു.
‘അയല്‍വാസി’ പ്രവാചക സങ്കല്പത്തില്‍ നാം താമസിക്കുന്ന വീടിനു തൊട്ടടുത്തു താമസിക്കുന്നവന്‍ മാത്രമല്ല; ഓരോ ഭാഗത്തും നാല്‍പതു വീടുകള്‍ അയല്‍പക്ക ബന്ധത്താല്‍ ബന്ധിതമാണെന്നാണ് അവിടുന്നു പറഞ്ഞത്. ഇത്രയും വിശാലമായ അയല്‍വാസി ബന്ധത്തിനു കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ തന്നെ ഇസ്ലാമിലുണ്ട്. നബി (സ്വ) ഒരിക്കല്‍ മൂന്നു പ്രാവശ്യം ‘അല്ലാഹുവാണേ, സത്യവിശ്വാസിയാവുകയില്ല’ എന്നാവര്‍ത്തിച്ചു പറഞ്ഞു. ‘ആരാണു സത്യവിശ്വാസിയാവാത്തത്?’ എന്ന അനുചരരുടെ ചോദ്യത്തിന് അവിടുന്ന് പറഞ്ഞു :”ആരുടെ ഉപദ്രവത്തില്‍ നിന്നു തന്റെ അയാല്‍വാസിക്ക് അഭയമില്ലയോ അത്തരക്കാര്‍ സത്യവിശ്വാസിയാവുകയില്ല” (ബു.മു). അയല്‍വാസികളോടുള്ള ബാധ്യതയെക്കുറിച്ചു ജിബ്രീല്‍ (അ) പറഞ്ഞു പറഞ്ഞ് അവര്‍ക്ക് അനന്തരസ്വത്തില്‍ അവകാശം വരെ നിര്‍ദ്ദേശിച്ചു കളയുമോ എന്നു ഞാന്‍ കരുതിപ്പോയെന്ന് അവിടുന്ന് പറഞ്ഞു. “അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു ഭക്ഷണം കഴിക്കുന്നവന്‍ എന്റെ അനുയായികളില്‍ പെട്ടവനല്ല” എന്ന ഹദീസ് ശ്രദ്ധേയമാണ്. ഓരോ വീട്ടിലും പാകം ചെയ്യുന്ന ആഹാരങ്ങള്‍ പോലും അയല്‍വാസികളുമായി പങ്കുവെക്കണമെന്നു വരെ അവിടുന്നു നിര്‍ദ്ദേശിച്ചു. അബൂദര്‍ദ് (റ) വിനോടു നബി (സ്വ) ഉപദേശിച്ചു :”നീ കറി പാകം ചെയ്യുമ്പോള്‍ അതില്‍ കൂടുതല്‍ ചാറു കരുതുക. നിന്റെ അയല്‍ വീട്ടുകാര്‍ക്കു നിയമാനുസൃതം അതില്‍ നിന്നു പകര്‍ന്നു കൊടുക്കുക” (മുസ്ലിം). ‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക’ എന്ന ഈസ നബി (അ) യുടെ വചനം പ്രസിദ്ധമാണ്. അതിലുമെത്രയോ വിശദമായാണ് തിരുനബി (സ്വ) അയല്‍പക്ക ബാധ്യതകള്‍ എടുത്തു പറഞ്ഞതെന്ന കാര്യം അധികമാരും ശ്രദ്ധിക്കാറില്ല. ഈസ നബി (അ) ന്റെ ദൌത്യത്തിന്റെ സമ്പൂര്‍ ണവും സമഗ്രവുമായ പരിസമാപ്തിയാണല്ലോ തിരുനബി (സ്വ) യുടേത്.