സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 23 August 2014

അല്ലാഹു- ഭാഗം- 04

ഇതെല്ലാം കണ്ടിട്ടും ചിന്തിക്കുകയോ, പാഠമുൾക്കൊള്ളുകയോ ചെയ്യാതെ സത്യ നിഷേധികളായി, അഹങ്കാരികളായി മൺ‌മറഞ്ഞുപോയവരുടെ വിലാപവും ഖുർ‌ആൻ തന്നെ പറയുന്നത് കാണുക.


“അവർ കേഴും, ഞങ്ങൾ കേൾക്കുകയും ഗ്രഹിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഈ കത്തിക്കാളുന്ന നരകാവകാശികളിൽ ഞങ്ങൾ പെടുമായിരുന്നില്ലല്ലോ എന്ന് “
നാം കഴിക്കുന്ന ഭക്ഷണം നോക്കൂ 1) പുഷ്പങ്ങൾ 2 ) തേൻ 3) തേനീച്ച 4 )ഭക്ഷണ പദാർഥം 5) ആമാശയം 6 ) ശരീരത്തിനുള്ളിലെ ഊർജ്ജ നിർമ്മാണ സംവിധാനം. എന്നിവ ഭക്ഷണവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സസ്യ , പുഷ്പങ്ങളിലെ സ്ത്രീ പുരുഷ ബീജങ്ങളെ യോജിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് തേനീച്ചയാണ്. തേൻ തേനീച്ചകളെ പുഷ്പങ്ങളിലേക്ക് ആകർഷിപ്പിക്കുന്നു. തേൻ കൊണ്ട് സസ്യത്തിനു ഒരാവശ്യവുമില്ല. തേനീച്ച പരാഗണം നടത്തുന്നതും ബോധപൂർവ്വമല്ല. പരാഗണത്തെതുടർന്ന് ഫലങ്ങളുണ്ടാകുന്നു. ഭക്ഷ്യ പദാർഥങ്ങൾ ദഹിപ്പിക്കാനുള്ള സംവിധാനവും വേണമല്ലോ. വായ് ,പല്ല, നാവ്,ആമാശയം ,ചെറുകുടൽ, വൻ‌കുടൽ, കണയം ,പിത്തകോശം, പ്ലീഹ, മസ്തിഷ്കം എന്നിവയെല്ലാം ഒന്നിച്ചും ആസൂത്രിതമായും പ്രവർത്തിക്കണം. ദഹിച്ച ഭക്ഷണം സൂക്ഷിക്കാനും ,ആവശ്യമായി വരുമ്പോൾ ഊർജ്ജമാക്കി മാറ്റുവാനുമുള്ള സംവിധാ‍നം വേണം. ഇവയെല്ലാം പരസ്പരം കൂട്ടിയിണക്കിയിരിക്കുന്നത് അല്ലാഹുവല്ലേ ? മനുഷ്യ നിർമ്മിത ദൈവങ്ങൾക്ക് വല്ല പങ്കും ഇവയിലുണ്ടോ ? യേശുവിനും മർ‌യമിനുമില്ലായിരുന്നോ ഈ അവയവങ്ങൾ ?

എന്റെ സ്നേഹിതന്മാർ ഒറ്റക്കിരുന്ന് ചിന്തിച്ച് നോക്കുക. ഈ അല്ലാഹുവിനെയല്ലയോ നാം ദൈവമാക്കുകയും ആരാധിക്കുകയും ചെയ്യേണ്ടതെന്ന് !

മനുഷ്യ ചിന്തയെ തട്ടിയുണർത്താൻ പര്യപ്തമായ പല കാര്യങ്ങളും ഭക്ഷണത്തിന്റെ കാര്യത്തിൽ ഒളിഞ്ഞ് കിടപ്പുണ്ട്. നിങ്ങളാലോചിച്ച് നോക്കൂ.. ! മാംസഭക്ഷണം ദഹിപ്പിക്കുന്ന ആമാശയം മാംസം തന്നെയല്ലേ ? എന്ത് കൊണ്ട് ആമാശയം ദഹിച്ച് പോകുന്നില്ല. സാധാരണ ഗതിയിൽ അതും ദഹിക്കേണ്ടതാണ്. അല്ലാഹു ചില മുൻ‌കരുതലുകൾ എടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കാത്തത്. ആമാശയം ദഹിച്ച് പോകാതിരിക്കാൻ രണ്ട തരത്തിലുള്ള മുൻ കരുതലുകൾ ഉണ്ട്. സാധാരണ ഗതിയിൽ മാംസമെത്തിയാലേ മാംസം ദഹിപ്പിക്കാൻ സഹായിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡും പെപ്സിനും ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ. അത്തരം രാസ വസ്തുക്കളിൽ നിന്ന് ആമാശയത്തെ രക്ഷിക്കാൻ ഒരു നേർത്ത പടലം ഉണ്ട്. എന്ത് കൊണ്ട് രാസപദാർഥങ്ങൾ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ തന്നെ രാസപദാർത്ഥത്താൽ നശിപ്പിക്കപ്പെടുന്നില്ല. ? അതിനും കാരണങ്ങളുണ്ട്. ഉത്പാദിപ്പിക്കുന്ന സമയത്ത് ആ രാസ പദാർത്ഥങ്ങൾ പ്രവർത്തന ക്ഷമമല്ല. അന്ന നാളത്തിൽ പ്രവേഷിക്കുമ്പോഴേ അവ പ്രവർത്തനക്ഷമമാവുകയുള്ളൂ . ഉദാഹരണമായി പെപ്‌സിൻ, പെപ്‌സനോജൻ എന്ന പ്രവർത്തനക്ഷമമല്ലാത്ത രൂപത്തിലാണ് ആദ്യം ഉത്പാദിപ്പിക്കപ്പെടുന്നത്. ആമാശയത്തിന്റെ മറ്റൊരും ഭാഗത്തുണ്ടാകുന്ന ഹൈഡ്രോ ക്ലോറിക് ആസിഡാണ് അതിനെ പ്രവർത്തനക്ഷമമാക്കുന്നത്. എന്ത് മാത്രം മുൻ‌കരുതലുകൾ.. അതിനാൽ ഉറക്കെപ്പറയൂ..


لاَ إِلَهَ إِلاَّ اللهُ مُحَمَّدٌ رَّسُولُ الله فِي كُلِّ لَمْحَةٍ وَنَفَسٍ عَدَدَ مَا وَسِعَهُ عِلْمُ الله


ആമാശയം നിറയുമ്പോൾ നമുക്ക് ഭക്ഷണം മതിയെന്ന് തോന്നുന്നില്ലേ ? അതിനു കാരണമുണ്ട്. ആമാശയത്തിൽ നിന്നും ചെറുകുടലിലേക്കുള്ള പ്രവേശനദ്വാരത്തിൽ പൈലോറസ് അഥവാ കാവൽകാരൻ എന്നു പേരുള്ള വാൽ‌വ് പോലുള്ള ഒരു പേശിയുണ്ട് .അത് ഭക്ഷണത്തെ കുടലിലേക്ക് കുറെശ്ശെ മാത്രമേ കടത്തിവിടുകയുള്ളൂ.. അത് കൊണ്ടാണ് നമുക്ക് മണിക്കൂറുകൾ ഇടവിട്ട് ഭക്ഷണം കഴിച്ചാൽ മതിയാകുന്നത്. അല്ലെങ്കിൽ നമുക്ക് വിഷപ്പ് മാറുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഇതിന്റെയൊന്നും പിന്നിൽ ചിന്തയും ആസൂത്രണവും ഇല്ലെന്ന് എങ്ങിനെ പറയാൻ കഴിയും ?

മനുഷ്യന് ശ്വസിക്കാൻ ഓക്സിജൻ അഥവാ പ്രാണവായു വേണം . വായുവിൽ ഓക്സിജന്റെ തോത് നില നിർത്താൻ അല്ലാഹു ചെയ്ത ഏർപ്പാട് നോക്കൂ. നമുക്ക് ചുറ്റും കാണുന്ന സസ്യങ്ങൾ ഓരോ കൊല്ലവും 40 കോടി ടൺ ഓക്സിജൻ വായുവിൽ ലയിപ്പിക്കുന്നു. ഇങ്ങിനെ ഒരു സംവിധാനമില്ലെങ്കിൽ ജന്തുക്കളും മനുഷ്യരും ശ്വസിക്കുക നിമിത്തം വായുവിലെ ഓക്സിജൻ ഇല്ലാതായി നമ്മുടെ ജീവിതം അസാധ്യമാകുമായിരുന്നു.

വായുവിൽ കാർബൺ‌ഡൈ ഓക്സൈഡ് ഇല്ലായിരുന്നെങ്കിൽ സസ്യങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കാൻ കഴിയുമായിരുന്നില്ല.

സസ്യങ്ങൾ വലിച്ചെടുത്ത കാർബൺ ഡൈ ഓക്സൈഡ് നികത്തപ്പെടുന്നില്ലെങ്കിൽ വായുവിലെ കാർബൺ ഡൈ ഒക്സൈശ് മൂന്ന് കൊല്ലം കൊണ്ട് തീർന്നു പോകുമായിരുന്നു. ജീവികൾ ഉച്ഛൊസിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് പുറത്ത് വിടുന്നത് കൊണ്ട് അങ്ങിനെ സംഭവിക്കുകയില്ല.

സൂര്യനിൽ നിന്ന് വരുന്ന മാരകമായ അൾട്രാവയലറ്റ് രശ്മികളെ, അന്തരീക്ഷം തടഞ്ഞ് ജീവികൾക്കാവശ്യമായ രശ്മികൾ മാത്രം കടത്തി വിടുന്നു. ഇങ്ങിനെയൊരു മുൻ‌കരുതൽ ഇല്ലെങ്കിൽ ജീവിതം അസാധ്യമായേനേ

ശ്യൂന്യാകാശത്തിലൂടെ വരുന്ന ഉൽക്കകൾ വായുവുമായുള്ള ഉരസലിൽ കത്തിപ്പോകുന്നു.ഇങ്ങിനെ കത്തിപ്പോകുന്നില്ലെങ്കിൽ അവ ഭൂമിയിൽ പതിച്ച് ജന്തുജാലം എന്നേ നശിച്ച് പോയേനേ..

വായു മണ്ഡലമില്ലായിരുന്നെങ്കിൽ മനുഷ്യന് മറ്റുള്ളവരുടെ ശബ്ദം കേൾക്കുമായിരുന്നില്ല. വായു മണ്ഡലത്തെ ഭൂമിയിൽ തളച്ചിടുന്ന ആകർഷണ ശക്തിയെന്ന സംവിധാനമില്ലെങ്കിലത്തെ കഥ പറയേണ്ടതില്ലല്ലോ.. നാം തന്നെ തെറിച്ച് പോകാത്തതും ആകർഷണ ശക്തി കൊണ്ടു തന്നെ.

ഇതൊക്കെ നമുക്ക് വേണ്ടി കുറ്റമറ്റതായി സംവിധാനിച്ചു തന്നവൻ പടച്ച റബ്ബല്ലേ.., മറ്റു വിഗ്രഹങ്ങൾക്കോ ,യേശുവിനോ വല്ല പങ്കും ഇവയിലുണ്ടോ ? ഇല്ലെന്നുറപ്പാണ്. എങ്കിൽ പിന്ന്നെ നാമെന്തിനു മറ്റൊരു ദൈവത്തെ വണങ്ങണം ?



لاَ إِلَهَ إِلاَّ اللهُ مُحَمَّدٌ رَّسُولُ الله

ബഹിരാകാശ സഞ്ചാരിയായ നീൽ ആംസ്ട്രോങ്ങിന് ശ്യൂന്യാകാശത്തിൽ ചില മണിക്കൂറുകൾ ചിലവഴിക്കാൻ വേണ്ടി വായുവും വെള്ളവും സജ്ജീകരിക്കാൻ കോടിക്കണക്കിന് ഡോളർ ആവശ്യമായി വന്നു. അപ്പോൾ നാമിതു വരെ ശ്വസിച്ച വായുവിന്റെയും കുടിച്ച വെള്ളത്തിന്റെയും വിലയൊന്ന് കൂട്ടി നോക്കൂ. !!

അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിർലോഭം ആസ്വദിക്കുന്ന നാം അല്ലാഹുവിനോട് നന്ദി കാണിക്കുന്നില്ലെങ്കിൽ അതിലേറേ അപരാധം മറ്റെന്താണ് ?

ഈ ഭൂമിയിൽ ജീവൻ നില നിൽക്കാൻ എന്തെല്ലാം സജ്ജീകരണങ്ങൾ വേണമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? ജീവികൾക്കാവശ്യമായ ഊർജ്ജം പകരാൻ ഒരു നക്ഷത്രം (സൂര്യൻ)വേണം. അതിന്റെ ചൂട് ഉയരാനോ താഴാനോ പാടില്ല. നമ്മുടെ സൂര്യന്റെ ചൂട് 13% ശതമാനം കുറഞ്ഞാൽ ഒരു മൈൽ കനത്തിൽ മഞ്ഞിന്റെ ഒരു പുതപ്പ് ഭൂമിയെ മൂടിക്കളയും

സൂര്യന്റെ ചൂട് 30 % ഉയർന്നാൽ ഇവിടെയുള്ള ജീവികളെല്ലാം കത്തിചാമ്പലാകും. സൂര്യന്റെ ചൂട് എല്ലായിടത്തും ചിതറിവീഴുന്നതിനാവശ്യമായ വേഗത്തിൽ ഭൂമി തിരിയണം. അങ്ങിനെ എന്തെല്ലാം കാ‍ര്യങ്ങൾ !

ഇവയൊക്കെ വളരെ ആസൂ‍ത്രിതമായി സംവിധാനിച്ച സർവ്വ ശക്തനായ അല്ലാഹു വിശുദ്ധ ഖുർ‌ആനിലൂടെ പറയുന്നു



إِنَّ فِي خَلْقِ السَّمَاوَاتِ وَالأَرْضِ وَاخْتِلاَفِ اللَّيْلِ وَالنَّهَارِ لآيَاتٍ لِّأُوْلِي الألْبَابِ* الَّذِينَ يَذْكُرُونَ اللّهَ قِيَامًا وَقُعُودًا وَعَلَىَ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالأَرْضِ رَبَّنَا مَا خَلَقْتَ هَذا بَاطِلاً سُبْحَانَكَ فَقِنَا عَذَابَ النَّارِ* (آل عمران 190 – 191

“തീർച്ചയായും ആകാ‍ശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപലുകൾ മാറി മാറി വരുന്നതിലും ബുദ്ധിമാന്മാർക്ക് ദൃഷ്ടാന്തമുണ്ട്. അവർ നിൽക്കുമ്പോഴും , ഇരിക്കുമ്പോഴും അല്ലാഹുവിനെ സ്മരിക്കുന്നു. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് അവർ ചിന്തിച്ച് കൊണ്ടിരിക്കും. (അപ്പോൾ അവർ പറഞ്ഞു പോകും ) നാഥാ ! ഇതൊന്നും നീ വൃഥാ സൃഷ്ടിച്ചതല്ല. നീ പരിശുദ്ധൻ ! നരകാഗ്നിയിൽ നിന്നും നീ ഞങ്ങളെ രക്ഷിക്കേണമേ (ഖുർ‌ആൻ 3 : 190-191 )
സഹോദരന്മാരേ, അലോചിക്കൂ. നാം ആർക്ക് ആരാധനകളർപ്പിക്കണമെന്ന് !


اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً *** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ عَلَى *** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ



ഈ പ്രപഞ്ചം വ്യവസ്ഥാപിതമായാണ് ചലിച്ച് കൊണ്ടിരിക്കുന്നതെന്ന് നാം മനസ്സിലാക്കികഴിഞ്ഞു. അതെ, പ്രപഞ്ചത്തിലുള്ള നക്ഷത്രങ്ങളും , സൂര്യനും ,ചന്ദ്രനും, ഭൂമിയും , ഭൂമിയിലെ പദാർഥങ്ങളും ചില നിയമങ്ങൾ അനുസരിച്ച് പ്രവത്തിക്കുന്നു ഈ പ്രപഞ്ച നിയമങ്ങളുടെയും വ്യവസ്ഥയുടെയും കർത്താവും നിയന്ത്രകനുമാണ് അല്ലാഹു. പ്രപഞ്ച വസ്തുക്കൾ അനുസരിക്കുന്ന, അവയുടെ സ്രഷടാവായ അല്ലാഹുവിന്റെ നിയമങ്ങളെ നാം പ്രകൃതി നിയമങ്ങൾ എന്നു പറയുന്നു. ഖുർ‌ആൻ പറയുന്നു.


"ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം സ്വന്തം ഇഷ്ടപ്രകാരമോ നിർബന്ധിതമായോ അല്ലാഹുവിനോട് അനുസരണമർപ്പിക്കവെ അല്ലാഹുവിന്റെ മതമല്ലാത്ത ഒന്നാണോ അവർ തേടിപ്പോകുന്നത് ? അവങ്കലേക്കു തന്നെ അവർ മടക്കപ്പെടുകയും ചെയ്യും “ (ഖുർ‌ആൻ 03 : 83)

ദൈവത്തെ കുറിച്ചുള്ളാ ചിന്ത ഒരു തരം ജന്മ വാസനയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. തന്നെക്കാൾ ഉന്നതമായൊരു ശക്തിയെ തേടാനുള്ള ആഗ്രഹം മനുഷ്യനിൽ പ്രകടമായി കാണുന്നുണ്ട്. യഥാർത്ഥ ദൈവത്തിലെത്തിപ്പെടാ‍ത്തവർ , യഥാർഥ ദൈവത്തെ കുറിച്ച് മനസിലാക്കാത്തവർ , തങ്ങളെക്കാൾ ശക്തിയുണ്ടെന്ന് തോന്നുന്നതിലെല്ലാം ദൈവികത്വം കാണുന്നു. ചിലർ ചില മനുഷ്യരിൽ തന്നെയായിരിക്കും അത് ദർശിക്കുന്നത്. ചിലർ ഗോളങ്ങളിൽ ദർശിക്കുന്നു. ചിലർ സർപ്പങ്ങളിൽ ദർശിക്കുന്നു. ഈ ചുറ്റുപാടിലാണ് , യഥാർത്ഥത്തിൽ അല്ലാഹു ആരാണ് ? അവന്റെ വിശേഷണങ്ങളേവ ? എന്നെല്ലാമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മനുഷ്യനെ അറിയിക്കേണ്ടത് അല്ലാഹുവിന്റെ ബാധ്യതയായി തീരുന്നത്. അത് കൊണ്ട് അല്ലാഹു തന്നെ തന്നെകുറിച്ച് പ്രവാചകന്മാർ മുഖേന മനുഷ്യനു അറിവ് നൽകി. അല്ലാഹു പറയുന്നു


(നബിയേ താങ്കൾ ) പറയുക : അല്ലാഹു ഏകനാകുന്നു. അവൻ സർവ്വാധിനാഥനാകുന്നു. അവൻ (സന്തതിയെ) ജനിപ്പിച്ചിട്ടില്ല. അവൻ ജാതനുമല്ല. അവനു തുല്യമായി ഒന്നുമില്ല. (ഖുർ‌ആൻ 112: 1 -4 )


لا إله إلا الله محمد رسول الله

ദൈവ സങ്കല്പങ്ങൾ പലവിധമുണ്ട്. ഇസ്‌ലാമിലെ ദൈവ സങ്കല്പം വ്യക്തമായി ഈ അദ്ധ്യായത്തിൽ അവതരിപ്പിക്കുന്നു. പലവിധ ദൈവസങ്കല്പങ്ങളും വെച്ച് പുലർത്തുന്നവരോട് ഇങ്ങിനെ പറയാൻ അല്ലാഹു കല്പിച്ചു. “ അല്ലാഹു ഏകനാണ് , അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാണ്. അവൻ പ്രസവിച്ചിട്ടില്ല, ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല. അവനു തുല്യനായി ആരും ഇല്ല “

ദൈവത്തിന്റെ സത്തയിലോ ,ഗുണത്തിലോ, അധികാരത്തിലോ, അവകാശത്തിലോ, സൃഷ്ടിയിലോ, സംഹാരത്തിലോ, കൈകാര്യകർതൃത്വത്തിലോ ഒന്നിലും ഒരു പങ്കാളിയില്ല. അവൻ സൃഷ്ടാവ്, മറ്റുള്ളവയെല്ലാം സൃഷ്ടികൾ. സൃഷ്ടികൾ സ്രഷ്ടാവിന്റെ പങ്കാളികളല്ല. സ്രഷ്ടാവ് പിതാവല്ല. പുത്രനല്ല. മാതാവല്ല. അവനു തുല്യനായി ആരുമില്ല. കലർപ്പില്ലാത്ത ഏക ദൈവ വിശ്വാസമാണ് ഖുർ‌ആൻ അവതരിപ്പിക്കുന്നത്. അല്ലാഹുവിന്റെ സ്ഥാനവും അധികാരവും അവകാശങ്ങളും ആർക്കെങ്കിലും വകവെച്ച് കൊടുക്കുന്നത് മഹാപാപമാണെൻ ഇസ്‌ലാം പഠിപ്പിക്കുന്നു. ഏകനും സ്രഷ്ടാവുമായ അല്ലാഹുവിൽ നാം എല്ലാം അർപ്പിക്കുന്നതോടെ സർവ്വത്ര ഭീതിയിൽ നിന്നും നാം മുക്തരാകുന്നു. നോക്കുന്നിടത്തെല്ലാം അല്ലാഹുവിന്റെ സാന്നിദ്ധ്യമറിയുന്നു.

നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ ഉൽഭവത്തെക്കുറിച്ച് ശാസ്ത്രം എന്ത് പറയുന്നു എന്ന് കൂടി ശ്രദ്ധിയ്ക്കുക. ആധുനിക ശാസ്ത്രീയ നിഗമന പ്രകാരം ഈ പ്രപഞ്ചം അനാദികാലം മുതൽ നില നിന്നിരുന്നില്ല. പിന്നീടുണ്ടായതാണ്. അപ്പോൾ ശ്യൂന്യതയിൽ നിന്ന് പ്രപഞ്ചമുണ്ടായി എന്ന് പറയുന്നറത യുക്തിവിരുദ്ധമാണ്. പണ്ടുണ്ടായിരുന്നില്ല. പിന്നീടുണ്ടായി എങ്കിൽ അത് സൃഷ്ടിക്കപ്പെട്ടതായിരിക്കണമല്ലോ. ആധുനിക ശാസ്ത്രീ‍യ ഗവേഷണ ഫലങ്ങൾ കാണിക്കുന്നത് പ്രപഞ്ചം വികസിച്ച് കൊണ്ടിരിക്കുന്നു എന്നാണ്. പ്രപഞ്ചത്തെ ഏതാണ് വികസിച്ച് കൊണ്ടിരിക്കുന്ന ഒരു പുള്ളികളുള്ള ബലൂണിനോട് ഉപമിക്കാം. ബലൂണിലെ പുള്ളികളെ നക്ഷത്രസഞ്ചയങ്ങളോടും. ബലൂൺ ഊതി വീർപ്പിക്കുമ്പോൾ പുള്ളികൾ തമ്മിലുള്ള അകലം വർദ്ധിക്കുന്നു. അത്പോലെ പ്രപഞ്ചത്തിലെ നക്ഷത്ര സഞ്ചയങ്ങളും അകന്നുപോകുന്നുണ്ട്. ഇങ്ങനെ പ്രപഞ്ചം ഒരു തോതനുസരിച്ച് വികസിച്ച് കൊണ്ടിരിക്കുന്നു.

ഭൂതകാലത്തിലെ ഒർ പ്രത്യേക സമയത്ത് പ്രപഞ്ചത്തിലെ എല്ലാ പദാർഥങ്ങളും അനന്തമായ സാന്ദ്രതയുള്ള ഒരു സൂപ്പർ ഡെൻസ് ബീജത്തിൽ ഒതുങ്ങി നിൽക്കുകയായിരുന്നു. അത് പൊട്ടിത്തെറിച്ചു ആ സംഭവം അഥവാ മഹാ വിസ്ഫോടനം പ്രപഞ്ചത്തിന്റെ ആരംഭം കുറിച്ചു. അന്ന് തുടങ്ങിയ വികാസം ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. ഫിസിക്സിൽ ഇന്ന് നമുക്കറിയാവുന്ന നിയമങ്ങൾ ശരിയും ഒരു പരിധിവരെ പൂർണ്ണവുമാണെങ്കിൽ പ്രപഞ്ചം ഒരു മഹാ സ്ഫോടനത്തിലൂടെയാണ് ആരംഭിച്ചതെന്ന് നിസ്സന്ദേഹം പറയാം.
 
പ്രവഞ്ചോത്പത്തിയെക്കുറിച്ച് മറ്റൊരഭിപ്രായമാണ് സ്ഥിര സ്ഥിതി സിദ്ധാന്തം. (Steady State Theory) ഈ സിദ്ധാന്തപ്രകാരം പ്രപഞ്ചം എന്നും ഇവിടെയുണ്ട്. സ്റ്റഡി സ്റ്റേറ്റ് തിയറിയുടെ വക്താക്കളും പ്രപഞ്ചം വികസിക്കുന്നു എന്ന് സമ്മതിക്കുന്നു. എന്നാൽ സ്ഥിരസ്ഥിതി വാദക്കാർക്ക് പ്രപഞ്ചത്തിന്റെ വികാസത്തിന് വിശദീകരണം നൽകവെ ശ്യൂന്യതയിൽ നിന്ന് നിരന്തരം പദാ‍ർഥം സൃഷ്ടിക്കപ്പെടുന്നു എന്ന് സങ്കല്പിക്കേണ്ടിവന്നു. കാരണം പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് അതിന്റെ സാന്ദ്രത കുറയണം. ബലൂൺ ഊതി വീർപ്പിക്കുമ്പോൾ അതിന്റെ കട്ടി കുറയുന്നത് പോലെ. പക്ഷെ സ്ഥിരസ്ഥിതി വാ‍ദമനുസരിച്ച് പ്രപഞ്ചം ഒരേ സ്ഥിതിയിൽ നില കൊള്ളണം. അതിനാൽ ഹൈഡ്രജൻ കണികകൾ ശ്യൂന്യതയിൽ നിന്ന് ഉണ്ടായികൊണ്ടിരിക്കണം. ഈ രണ്ട് സിദ്ധാന്തങ്ങളാണ് പ്രപഞ്ചോത്പത്തിയെക്കുറിച്ച് ശാസ്ത്രത്തിന് നമ്മുടെ മുമ്പിൽ വെക്കാനുള്ളത്. ഈ രണ്ട് സിദ്ധാന്തങ്ങൾ സ്വീകരിച്ചാലും സ്രഷ്ടാവിനെ അഥവാ അല്ലാഹുവിനെ അംഗീകരിക്കൽ നിർബന്ധിതരാണ്. ആധുനിക ശാസ്ത്രീയ നിഗമനങ്ങളെ തള്ളിക്കളഞ്ഞ് നിരീശ്വരത്വം മുറുകെ പിടിക്കുന്നവർ അന്ധ വിശ്വാസിയാവനേ തരമുള്ളൂ.. അല്ലെങ്കിൽ അവർ ആധുനിക ശാസ്ത്രീയ വീക്ഷണങ്ങൾ അറിഞ്ഞ് കാണുകയില്ല.

അതേ സമയം ഈ പ്രപഞ്ചം ഒരു സുപ്രഭാതത്തിൽ തനിയെ ഉണ്ടായതാണെന്നു പറയുന്നത് ബുദ്ധിയുള്ളവരാരെങ്കിലും സമ്മതിക്കുമോ ? ഇല്ലെന്ന് ചില ഉദാഹരണങ്ങളിലൂടെ നമുക്ക് സ്ഥാപിക്കാം.

ഒരു പലകയിൽ ഒരു സൂചി കുത്തിവെക്കുക. ആ സൂചിയുടെ ദ്വാരത്തിൽ മറ്റൊരു സൂചികടത്തിവെക്കുക. ഇത് കാണുന്ന ഒരാൾ നമ്മോട് ചോദിക്കുന്നു. എങ്ങിനെയാണ് ഒരു സൂചിയുടെ ദ്വാരത്തിൽ മറ്റേ സൂചി പ്രവേഷിച്ചത് ? സത്യ സന്ധനാ‍യ നിങ്ങൾ മറുപടി പറയുന്നു. അതൊരു മനുഷ്യൻ തന്റെ കൈകൊണ്ട് വെച്ചതാണെന്ന്. അതേ സമയം മറ്റൊരാൾ പറയുന്നു. (അദ്ധേഹവും സത്യ സന്ധനാണ്). ഇപ്പോൾ ജനിച്ച അന്ധനായ ഒരു കുഞ്ഞ് ഒരു സൂചിയെടുത്തെറിഞ്ഞപ്പോൾ ആകസ്മികമായി അറ്റിന്റെ ഉള്ളിൽ പതിഞ്ഞതാണെന്ന്. ബുദ്ധിയുള്ളവർ വിശ്വസിക്കുക ഒന്നാമത്തേതായിരിക്കും. എന്നാലും ഒരു ചെറിയ സാദ്ധ്യത രണ്ടാമത്തേതിനും നൽകാം. എന്നാൽ അതേ പലകയിൽ നൂറു കണക്കിനു സൂചികൾ സ്ഥാപിക്കുകയും അവക്ക് ഓരോന്നിനും പ്രത്യേകം നമ്പറുകളിടുകയും ശേഷം കുട്ടിയുടെ കയ്യിൽ അത്രയും എണ്ണം സൂചികൾ അതേ നമ്പറുകളോടെ നൽകി അവ ഒരു ഏറ് മുഖേന ഓരോ സൂചിയും അവയിലെഴുതിയ നമ്പറിന് തുല്യമായ നമ്പറുള്ള പലകയിലെ സൂചിയുടെ ദ്വാരത്തിൽ ആകസ്മികമായി പ്രവേഷിച്ചു എന്ന് പറഞ്ഞാലോ , അത് വിശ്വസിക്കാൻ കഴിയില്ല. എന്നത് പോലെയാണ് ഈ പ്രപഞ്ചം. ഇത്രയും വിശാലവും ആസൂ‍ത്രണത്തോടെയും ഒന്നും പരസ്പരം കൂട്ടിമുട്ടുകയോ എന്തെങ്കിലും അപാകതകൾ വരുകയോ ചെയ്യാതെ ഇത്രയും ഭംഗിയായി സംവിധാനിച്ചതിന് പിന്നിൽ ഒരു അതിശക്തി ഇല്ലെന്ന് പറയുന്നതും അത് ഒരു സുപ്രഭാതത്തിൽ തനിയെ ഉണ്ടായതാണെന്ന് പറയുന്നതും എന്ത് മാത്രം വിഡ്ഢിത്തമാണ്.

മറ്റൊരു ഉദാഹരണം നോക്കൂ: നിങ്ങൾക്ക് ഒരു പ്രിന്റിംഗ് പ്രസ്സുണ്ടെന്ന് സങ്കൽ‌പ്പിക്കുക. അതിൽ ഒരു മില്യൺ അക്ഷരങ്ങൾ വ്യത്യസ്ത പെട്ടികളിലായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പെട്ടെന്ന് ഒരു ഭൂചലനമുണ്ടായി ഈ പെട്ടികളിൽ അകാരാദിക്രമത്തിൽ സൂക്ഷിച്ചു വെച്ചിരുന്ന അക്ഷരങ്ങൾ പരസ്പരം കൂടിക്കലർന്നു. പിന്നീട് അക്ഷരങ്ങൾ പെറുക്കിവെക്കുന്ന തൊഴിലാളി വന്ന് ഇതു പരിശോധിച്ച് അദ്ദേഹം പറയുന്നു ഈ ഭൂചലനം മൂലം അർത്ഥപൂർണ്ണമല്ലെങ്കിലും യാദൃശ്ചികമായി പത്ത് പദങ്ങൾ രൂപം കൊണ്ടു എന്നു പറഞ്ഞാൽ അത് സ്വീകരിക്കാവുന്നതാണ്. അതേ സമയം പൂർണാർത്ഥം കുറിക്കുന്ന പത്ത് പദങ്ങളടങ്ങിയ ഒരു വാചകം തന്നെ ഈ ഭൂചലനം മൂലം രൂപപ്പെട്ടു എന്നു പറഞ്ഞാൽ അത് സ്വീകരിക്കാൻ അല്പം പ്രയാസമായിരിക്കും എങ്കിലും സ്വീകാര്യതക്ക് ചാൻസുണ്ട്. എന്നാൽ അദ്ദേഹം പറയുകയാണ് ഈ ഒരു മില്യൺ അക്ഷരങ്ങളും ഈ ഭൂചലനം മൂലം യാദൃശ്ചികമായി കൂടിച്ചേർന്ന് അഞ്ഞൂറു പേജുള്ള ഒരു കനപ്പെട്ട, പഠനാർഹവും കോർവയെത്തിയതുമായ പുസ്തകമായി രൂപാന്തരപ്പെട്ടു എന്നു പറഞ്ഞാൽ അതു വിശ്വസിക്കാൻ ആളെക്കിട്ടുമോ ? ഇതു പോലെയാണ് ഈ പ്രവിശാലമായ പ്രപഞ്ചം അതിന്റെ എല്ലാ സൌന്ദര്യത്തോടെയും അൽഭുതത്തോടെയും സൂക്ഷ്മ സംവിധാനത്തോടെയും ഒരു സുപ്രഭാതത്തിൽ യാദൃശ്ചികമായി ഉണ്ടായതാണെന്ന് പറയുന്നതിലെയും ബുദ്ധിശ്യൂന്യത. പ്രപഞ്ചത്തിലുള്ള ഓരോ ഗോളത്തേയും എടുത്ത് പരിശോധിച്ചാൽ അവ മുഴുവനും അതി സൂക്ഷ്മമായി പ്രത്യേക പരിധിക്കും അകലങ്ങളിലുമായി സംവിധാനിച്ചതായി കാണാം. അവയിൽ വരുന്ന ചെറിയ വ്യത്യാസം പോലും മനുഷ്യ ജീവിതത്തെയും മറ്റും ദോഷകരമായി ബാധിക്കുമെന്ന് ശാസ്ത്രം പറയുന്നു.

ചിന്തിച്ചു നോക്കൂ, ഭൂമി ഒരു ഗോളമാണല്ലോ. ദീർഘവൃത്താകൃതിയിലുള്ള ഗോളം. ഇതിന് 7 തട്ടുകളുണ്ട്. ഒന്നാമത്തെ തട്ടിനെ ഭൂമിയുടെ പുറം തോട് എന്ന് വിശേഷിപ്പിക്കുന്നു. ഇത് നമ്മുടെ കാൽ വെച്ചിടത്ത് നിന്ന് ഏതാണ്ട് 35 കിലോമീറ്റർ വരെ താഴ്ചയുള്ളതാണ്. ഈ പുറം തോട് ഇതേ കട്ടിയിലും രൂപത്തിലുമില്ലായിരുന്നുവെങ്കിൽ ഭൂമിയിൽ ജീവിതം അസാദ്ധ്യമാകുമായിരുന്നു.
വായുമണ്ഡലം നിലവിലുള്ളതിനേക്കാൾ അല്പം ഉയർന്നുപോയാൽ ഭൂമി കത്തിയെരിയുമായിരുന്നു.

സൂര്യനിൽ നിന്ന് ലഭിക്കുന്ന ചൂട് ഇപ്പോൾ ലഭിക്കുന്നതിൽ നിന്ന് അല്പം കുറഞ്ഞാൽ നാം ഐസായി മാറും. അല്പം കൂടിയാൽ നാം കത്തി വെണ്ണീറാവുകയും ചെയ്യും. കൃത്യമായ അളവിൽ അന്തരീക്ഷത്തിൽ ഓക്സിജനില്ലെങ്കിൽ ജീവിതം അസാദ്ധ്യമാകും. മഴ ലഭിക്കുന്നില്ലെങ്കിൽ ഭൂമി മുഴുവനും മരുഭൂമിയായി ജീവിതം തകരാറിലാകും.


لاٰ إِلَهَ إِلاَّ اللهُ الْعَظِيمُ الْحَلِيمُ لاٰ إِلَهَ إِلاَّ اللهُ رَبُّ الْعَرْشِ الْعَظِيمِ لاٰ إِلَهَ إِلا اللهُ رَبُّ السَّمٰوٰاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ.


സമുദ്രത്തിലെ വെള്ളം ഉപ്പുരസമുള്ളതല്ലെങ്കിൽ ആ വെള്ളം എന്നോ മലിനമായേനെ. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നില്ലെങ്കിലുള്ള അവസ്ഥ ചിന്തിച്ചു നോക്കൂ അഥവാ ഭൂമിയുടെ ഒരു ഭാഗം എന്നും രാത്രിയും മറുഭാഗം എന്നും പകലുമാണെങ്കിലുള്ള അവസ്ഥ ജീവിതം അസാദ്ധ്യമാക്കുമായിരുന്നു.

ഭൂമിയിൽ അല്ലാഹു സംവിധാനിച്ച ജീവികൾക്കാവശ്യമായ ഭക്ഷണ സംവിധാനമില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ ?

മനുഷ്യ ബുദ്ധി മുഴുവനും സമാഹരിച്ചാൽ ഈ പ്രപഞ്ചസംവിധാനം പോലുള്ള ഒരു സംവിധാനം പ്ലാൻ ചെയ്യാൻ പോലും സാദ്ധ്യമല്ലെന്നതാണ് സത്യം.

ഇതെല്ലാം ഒരു അതുല്യ ശക്തിയുടെ സംവിധാനവും ബുദ്ധിയും ഉദ്ദേശവും കഴിവും കൂടാതെ ഉണ്ടായി എന്നു പറയുന്നത് എന്ത് മാത്രം ബുദ്ധിശ്യൂന്യമാണ്.

ഒരു കളങ്കമറ്റ സംവിധാനം കാണുമ്പോൾ ബുദ്ധിയുള്ളവർ പറയും അതിന്റെ പിന്നിൽ ബുദ്ധിയും കഴിവും ഉദ്ദേശവും അറിവും പ്രവർത്തിച്ചിട്ടുണ്ടെന്ന്. അതുപോലെത്തന്നെയാണ് ഈ അൽഭുത പ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് മനസ്സിലാവുന്ന ഒരു യഥാർഥ്യമാണ് അതിന്റെ പിന്നിൽ സൂക്ഷ്മജ്ഞാനവും അങ്ങേയറ്റത്തെ ബുദ്ധിയും അമാനുഷിക കഴിവും ഉദ്ദേശവും പ്രവർത്തിച്ചിട്ടുണ്ടെന്ന്. അതെല്ലാം സമ്മേളിച്ച ആസ്തിക്യമാണ് “പടച്ച തമ്പുരാനായ അല്ലാഹു”.


നിങ്ങളുടെ കയ്യിലുള്ള ഒരു പേന, മനുഷ്യ കരങ്ങളാൽ എഴുതാൻ വേണ്ടി പ്രത്യേകമായി തയ്യാർ ചെയ്ത ഒരു പേന, അതിൽ മഷി സൂക്ഷിക്കാൻ പ്രത്യേക അറ, അതിനു ചെറിയ ദ്വാരത്തോടു കൂടിയുള്ള അടപ്പ്, കീശയിൽ കുളത്തിയിടാൻ കുളത്തും, ആവശ്യത്തിനു മഷി പുറത്ത് വരുന്ന മുന ഇങ്ങനെ ചിന്തിച്ചാൽ അനേകം അൽഭുതങ്ങളടങ്ങിയ ഈ ചെറിയ പേനയെക്കുറിച്ച് ഒരാൾ നിങ്ങളോട് പറയുകയാണ് അത് ഒരു സുപ്രഭാതത്തിൽ യാദൃശ്ചികമായി ഉണ്ടായതാണെന്നു പറഞ്ഞാൽ നിങ്ങൽ അയാൾ ഭ്രാന്തനാണെന്ന് വിധിയെഴുതില്ലേ? കാരണം നിങ്ങൾക്കുറപ്പാണ് ഈ പേനയുടെ പിന്നിൽ മനുഷ്യന്റെ ബുദ്ധിയും സമയവും ഉദ്ദേശവും കഴിവും അറിവും ഉപയോഗിച്ചിട്ടുണ്ടെന്ന്.

എങ്കിൽ അതുപോലെത്തന്നെയല്ലേ, അൽഭുതങ്ങളുടെ മനുഷ്യൻ, അവന്റെ ശരീരത്തിലടങ്ങിയ ഹൃദയം, തലച്ചോറ് തുടങ്ങിയ അനേകം ഉപകരണങ്ങൾ, ഭൂമിയിലും കടലിലുമുള്ള മനോഹരവും ആകർഷണീയവുമായ ചെടികളും പുഷ്പങ്ങളും മരങ്ങളൂം അതുപോലെ ജീവികളുമൊക്കെ യാദൃശ്ചികമായി ഉണ്ടായതാണെന്ന് വിശ്വസിക്കാൻ കഴിയുമോ? അതല്ലേ വിശുദ്ധ ഖുർ‌ആൻ പറഞ്ഞത് :


“മനുഷ്യൻ കണ്ടില്ലയോ, നാമവനെ ശുക്‌ളകണത്തിൽ നിന്ന് സൃഷ്ടിച്ചു എന്നിട്ടവനിതാ വ്യക്തമായ കുതർക്കിയാകുന്നു.” 

അപ്പോൾ അല്ലാഹുവിനെ കണ്ടെത്താൻ ഈ പ്രപ്രഞ്ചത്തെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതി. അതു കൊണ്ടാണ് അല്ലാഹു അവന്റെ വിശുദ്ധ ഖുർ‌ആനിൽ നിരന്തരം ചിന്തയെയും പഠനത്തെയും പ്രോത്സാഹിപ്പിച്ചത്. സൃഷ്ടാവിന്റെ വചനമായ ഖുർ‌ആനിലെ ചില സൂക്തങ്ങൾ കാണൂ:




“ആകാശ ഭൂമികളുടെ സംവിധാനത്തെക്കുറിച്ച് ഇക്കൂട്ടർ ഒരിക്കലും ചിന്തിച്ചിട്ടില്ലേ ? അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഒരു വസ്തുവിനെക്കുറിച്ചും അവർ ചിന്തിച്ചിട്ടില്ലേ?”.





“പ്രവാചകരേ, ജനത്തോട് പറയുക, നിങ്ങൾ വാനലോകത്തും ഭൂലോകത്തുമുള്ള വസ്തുതകളെന്തെന്ന് ചിന്തിക്കുകയെന്ന്”.




“അവരൊരിക്കലും സ്വശരീരങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കിയിട്ടില്ലേ? അല്ലാഹു ആകാശഭൂമികളെയും അവക്കിടയിലുള്ള സകലവസ്തുക്കളേയും യാഥാർത്ഥ്യമായിക്കൊണ്ടും ഒരു കൃത്യമായ അവധി നിശ്ചയിച്ചുകൊണ്ടുമാണ് സൃഷ്ടിച്ചിട്ടുള്ളത്




“ആകാശ ഭൂമികളുടെ നിർമാണവും നിങ്ങളുടെ ഭാഷകളിലും വർണങ്ങളിലുമുള്ള വൈവിധ്യങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു. നിശ്ചയം അറിവുള്ളവർക്ക് ഇതിൽ ധാരാളം ദൃഷ്ടാന്തമുണ്ട്.
 


أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاء مَاء فَأَخْرَجْنَا بِهِ ثَمَرَاتٍ مُّخْتَلِفًا أَلْوَانُهَا وَمِنَ الْجِبَالِ جُدَدٌ بِيضٌ وَحُمْرٌ مُّخْتَلِفٌ أَلْوَانُهَا وَغَرَابِيبُ سُودٌ ** وَمِنَ النَّاسِ وَالدَّوَابِّ وَالْأَنْعَامِ مُخْتَلِفٌ أَلْوَانُهُ كَذَلِكَ إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاء إِنَّ اللَّهَ عَزِيزٌ غَفُورٌ (سورة فاطر 27 ، 28




“അല്ലാഹു ആകാശത്തുനിന്ന് മഴ വർഷിക്കുന്നത് നിങ്ങൾ കാണുന്നില്ലേ? എന്നിട്ട് അതുവഴി നാം ഭിന്ന വർണങ്ങളുള്ള പലതരം പഴങ്ങളുൽ‌പാദിപ്പിക്കുന്നു. വെളുപ്പും ചുവപ്പും കടും കറുപ്പുമായി ഭിന്ന വർണങ്ങളിലുള്ള ശിലാനിരകൾ പർവ്വതങ്ങളിലും കണ്ടുവരുന്നു. ഇതേവിധം മനുഷ്യരുടേയും മൃഗങ്ങളുടെയും കന്നുകാലികളുടേയും നിറങ്ങളും വ്യത്യസ്തങ്ങളാകുന്നു. നിശ്ചയം അല്ലാഹുവിന്റെ ദാസന്മാരിൽ ജ്ഞാനികൾ മാത്രമേ അവനെ ഭയപ്പെടുകയുള്ളൂ”.
ഇങ്ങനെ അല്ലാഹു പ്രപഞ്ചത്തെക്കുറിച്ചും അതിലെ മനുഷ്യനടങ്ങുന്ന അൽഭുത സൃഷ്ടികളെക്കുറിച്ചും പ്രതിഭാസങ്ങളെക്കുറിച്ചും പഠിക്കാനും ചിന്തിക്കാനും നിരന്തരം ഉപദേശിക്കുന്നു. ഈ പഠനം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ബുദ്ധിയും കഴിവും ജീവനും ജ്ഞാനവുമുള്ള ഒരു മഹാ ശക്തിയെ - അല്ലാഹുവിനെ – കണ്ടെത്താൻ അറിവുള്ളവരെ സഹായിക്കുമെന്നതു കൊണ്ടാണത്. അതുകൊണ്ട് പ്രിയ വായനക്കാരേ ചിന്തിക്കുക.

സൃഷ്ടാവായ അല്ലാഹു ഇല്ലെങ്കിൽ ജീവിതം അർത്ഥ ശൂന്യമാണ്. നമ്മുടെ ജീവിത മൂല്യങ്ങളും സേവനങ്ങളും നിഷ്ഫലമാണെങ്കിൽ നമ്മുടെ പ്രവർത്തനങ്ങളിൽ നിരർത്ഥകമല്ലേ ? നമ്മുടേയും ഒരു പ്രാണിയുടേയും ജീവിതങ്ങൾ തമ്മിൽ പിന്നെ എന്ത് വ്യത്യാസം? നാം ചത്താൽ ഒരു ഈച്ച ചത്തത് പോലെയാണെങ്കിൽ നാം ജീവിക്കുന്നതും ജീവിക്കാതിരിക്കുന്നതും തുല്യമല്ലേ? ആദ്യവും അന്ത്യവുമില്ലാത്ത ശൂന്യതയിൽ ഒരു ഘട്ടത്തിൽ നാം ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു. അങ്ങനെ സംഭവിക്കുന്നതും സംഭവിക്കാതിരിക്കുന്നതും തമ്മിൽ പിന്നെന്ത് വ്യത്യാസം ? ശാന്തമായി ചിന്തിക്കുക. ഇവിടെ അക്രമം നടക്കുന്നു. പെരും കള്ളന്മാർ സമൂഹത്തിൽ മാന്യന്മാരായി വിരാചിക്കുന്നു. പലപ്പോഴും നല്ല ആളുകൾ കഷ്ടപ്പെടുന്നു. നമ്മുടെ നീതിപീഠങ്ങൾക്ക് ഒരാളെ കൊന്നവനും ആയിരം ആളുകളെ കൊന്നവനും കൊടുക്കാൻ കഴിയുന്നത് ഒരു വധശിക്ഷ മാത്രമാണ്. ഇങ്ങനെ ഇതെല്ലാം അവസാനിച്ചാൽ ഒരു അല്ലാഹുവും രക്ഷാശിക്ഷകളുമില്ലെങ്കിൽ പിന്നെ ജീവിതത്തിനെന്തർത്ഥമാണുള്ളത് ? “അറിയുക അല്ലാഹുവിലുള്ള സ്മരണ കൊണ്ടാണ് ഹൃദയങ്ങൾ സമാധാനമടയുന്നത്. നിശ്ചയമായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനും തന്നെ.” (ഖുർ‌ആൻ).


അല്ലാഹുവിന്റെ അസ്തിത്വത്തിന് ഖുർ‌ആൻ തന്നെ ഒരു തെളിവാണ്. ഖുർ‌ആനിലെ ശാസ്ത്രീയ പരാമർശങ്ങളും ചരിത്ര പരാമർശങ്ങളും സാഹിത്യഭംഗിയുമൊക്കെ പഠിച്ചാൽ ഖുർ‌ആൻ മനുഷ്യനിർമ്മിതമല്ലെന്നും അല്ലാഹുവിൽ നിന്നവതീർണ്ണമായതാണെന്നും മനസ്സിലാക്കാം. “നമ്മുടെ അടിമക്ക് നാം അവതരിപ്പിച്ച് കൊടുത്താൽ നിങ്ങൾ സംശയാലുക്കളാണെങ്കിൽ ഇതിന് തുല്യമായ ഒരദ്ധ്യായം നിങ്ങൾ കൊണ്ട് വരിക”. (ഖുർ‌ആൻ 2:23) എന്ന ഖുർ‌ആനിന്റെ വെല്ലുവിളി ഇന്നും നിലനിൽക്കുന്നു.



അല്ലാഹുവിൽ നിന്ന് മനുഷ്യനുള്ള മാർഗ്ഗദർശന ഗ്രന്ഥമായ ഖുർ‌ആൻ അല്ലാഹുവിനെക്കുറിച്ച് നമ്മെ പരിചയപ്പെടുത്തുന്നത് നാം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. ഖുർ‌ആൻ നമ്മുടെ മുമ്പിലുണ്ട്. അത് അല്ലാഹുവിൽ നിന്നുള്ളതാണെന്ന് അതുതന്നെ നമ്മെ ബോധ്യപ്പെടുത്തുന്നു. അപ്പോൾ നമുക്കെങ്ങിനെ അല്ലാഹുവിനെ നിഷേധിക്കാൻ കഴിയും ?



അല്ലാഹു പറയുന്നത് കാണൂ :




“നബിയെ, അങ്ങ് പറഞ്ഞുകൊടുക്കുക : ഈ ഖുർ‌ആൻ സത്യവിശ്വാസികൾക്ക് സന്മാർഗ്ഗ ദർശനവും രോഗശാന്തിയുമാകുന്നു. എന്നാൽ വിശ്വസിക്കാത്തവർക്കോ ഇത് കാതുകൾക്ക് അടപ്പും കണ്ണുകൾക്ക് അന്ധതയുമാകുന്നു”.
മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച് പഠിച്ചാൽ അവിടുന്നു സത്യസന്ധനായിരുന്നുവെന്നും, സ്വാർത്ഥ താൽ‌പര്യങ്ങളില്ലാത്തവരായിരുന്നുവെന്നും ബോധ്യമാവും. ആ സത്യ സന്ധനായ മനുഷ്യൻ അല്ലാഹുവിനെക്കുറിച്ചും പരലോകത്തെക്കുറിച്ചും മുന്നറിയിപ്പ് നൽകുമ്പോൾ നമുക്കെങ്ങിനെ അതെല്ലാം അവഗണിച്ചു മുന്നോട്ട് നീങ്ങാനാവും ?