സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 31 August 2014

നജസുകളും ശുചീകരണവും

വൃത്തിയെയും ശുചീകരണത്തെയും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന മതമാണ് വിശുദ്ധ ഇസ്‌ലാം.

അല്ലാഹു കല്പിക്കുന്നു. ‘എല്ലാ ആരധനാ വേളയിലും നിങ്ങളുടെ അലങ്കാരം അണിഞ്ഞുകൊള്ളുക.’ ഇവിടെ അലങ്കാ‍രം കൊണ്ടുദ്ദേശ്യം ശുദ്ധിയുള്ള വസ്ത്രമാണ്. നജസ് എന്ന പദം ഭാഷാർത്ഥത്തിൽ എല്ലാ മലിന വസ്തുക്കൾക്കും ഉപയോഗിക്കാമെങ്കിലും ഇവിടെ അർത്ഥമാക്കുന്നത് ‘മാപ്പില്ലാത്ത സന്ദർഭത്തിൽ നിസ്കാരത്തിന്റെ സാധുതയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന മലിന വസ്തുക്കൾ’ എന്നാണ്. നിസ്കരിക്കുന്നവന്റെ വായ, മൂക്ക്, കണ്ണ് എന്നിവയുടെ ഉൾഭാഗവും ഇത്തരം നജസുകളിൽ നിന്ന് ശുദ്ധിയായിരിക്കേണ്ടതാണ്.

നജസുകളെ മൂന്നായി തിരിക്കാം
1) ഗൌരവമുള്ളത് ;

നായ പന്നി ഇവയിൽ നിന്ന് പിരിഞ്ഞുണ്ടായത്. (നായയും പന്നിയും ചേർന്നുണ്ടായതോ അല്ലെങ്കിൽ ഇവ മറ്റുള്ളവയുമായി ബന്ധപ്പെട്ടുണ്ടായതോ ആയ ജീവിയെയാണ് പിരിഞ്ഞുണ്ടായത്കൊണ്ടുള്ള വിവക്ഷ ) നനവോട് കൂടി ഈ പറഞ്ഞവയെ തൊട്ടാൽ ഏഴു പ്രാവശ്യം കഴുകണം. അതിൽ ഒരു പ്രാവശ്യം ശുദ്ധിയുള്ള മണ്ണ് കലക്കിയ വെള്ളം കൊണ്ടായിരിക്കണം. സോപ്പ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാൽ മതിയാവുകയില്ല. നജസ് നീങ്ങാൻ വേണ്ടി എത്ര കഴുകിയാലും അത് ഒരു തവണയായി മാത്രമേ ഗണിക്കുകയുള്ളൂ. അപ്പോൾ നജസ് നീങ്ങിയ ശേഷം ആറു തവണ കഴുകണമെന്ന് താത്പര്യം. ആദ്യത്തെ തവണ മണ്ണ് കലക്കി കഴുകുകയാണുത്തമം. കുളം, പുഴ പോലെയുള്ളതിലിട്ടു ഏഴ് തവണ ഇളക്കിയാലും മതി. ഒരു തവണ മണ്ണ് കൊണ്ടായിരിക്കണമെന്ന് ഇവിടെയും നിബന്ധനയുണ്ട്.

2) ലഘുവായത്:
പാൽ മാത്രം കുടിക്കുന്ന രണ്ട് വയസ്സ് പൂർത്തിയാകാത്ത ആൺകുട്ടികളുടെ മൂത്രമാണിത്. ( മാതാവിന്റെ പാൽ, മറ്റുള്ളവരുടെ പാൽ, മൃഗങ്ങളുടെ പാൽ ഇവക്കെല്ലാം വിധി ഒന്ന് തന്നെ. ) ഇത് ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ അവിടെ വെള്ളം ഒഴിച്ചാൽ മതി. പക്ഷെ മൂത്രത്തേക്കാൾ കൂടുതൽ വെള്ളം ഉണ്ടായിരിക്കണം. രണ്ട് വയസ്സിനു മുമ്പ് ആൺകുട്ടികൾക്ക് പാൽ അല്ലാത്ത മറ്റു വല്ലതും ഭക്ഷണമായി നൽകുന്നുണ്ടെങ്കിലും, രണ്ട് വയസ്സ് കഴിഞ്ഞാലും അവരുടെ മൂത്രം വലിയവരുടെത് പോലെ തന്നെ കഴുകി ശുദ്ധിയാക്കേണ്ടതാണ്. പാൽ‌പ്പൊടി പാൽ പോലെയാണത്. എന്നാൽ പോഷകാഹാരങ്ങൾ ചേർത്ത പാൽ‌പൊടിക്ക് ഈ വിധിയല്ല.

3) മദ്ധ്യ നിലയിലുള്ളത് :
മലം , മൂത്രം, മദ്‌യ്, വദ്‌യ്‌, രക്തം, ചലം, ഛർദ്ദിച്ചത്, ലഹരി പദാർത്ഥം, ശവം തുടങ്ങിയവയാണ് മദ്ധ്യ നിലയിലുള്ള നജസ്.

നായ , പന്നീ എന്നിവയുടെ മലം ,മൂത്രം , വിയർപ്പ് ,രക്തം, ഇന്ദ്രിയം എന്നിവ ഗൌരവമുള്ള നജസ് തന്നെയാണ്. അത് ശരീരത്തിലോ മറ്റോ ആയാൽ ഏഴു തവണ തന്നെ കഴുകണം.

മറ്റ് ജീവികളുടെ മൂത്രവും മലവും മദ്ധ്യ നിലയിലുള്ള നജസാണ്. എന്നാൽ കാള ,പശു, ആട് പോലുള്ള മാംസം ഭക്ഷിക്കപ്പെടുന്നതിന്റെ കാഷ്ടവും മൂത്രവും ശുദ്ധിയുള്ളതാണെന്ന് ഇസ്തകരി, റു‌അ്യാനി رحمهما الله തുടങ്ങിയ ശാഫി‌ഈ പണ്ഡിതന്മാർ പറയുന്നു. മറ്റു ചില മദ്‌ഹബിലും ഈ അഭിപ്രായമുണ്ട്. എലിയുടെ ശല്യം അധികമുള്ള സ്ഥലങ്ങളിലെ വെള്ളത്തിൽ അതിന്റെ കാഷ്ടം ആയാൽ വെള്ളം മലിനമായിട്ടില്ലെങ്കിൽ വിരോധമില്ലെന്ന് ചിലർക്ക് അഭിപ്രായമുണ്ട്.

വെള്ളത്തിൽ വസിക്കുന്ന ജീവികളുടെ കാഷ്ടത്താൽ വെള്ളം മലിനമാകുന്നില്ലെങ്കിൽ വിരോധമില്ല. വാവൽ, പല്ലി തുടങ്ങിയവയുടെ മൂത്രവും കാഷ്ടവും വസ്ത്രം ,ശരീരം, സ്ഥലം തുടങ്ങിയവയിൽ പുരളുന്നത് കൊണ്ട് വിരോധമില്ല. സൂക്ഷിക്കാൻ വിഷമമാകുമ്പോഴും ഉപദ്രവം കൂടുതലാവുമ്പോഴുമാണിത്.

മനുഷ്യരെ വിഷമിപ്പിക്കുന്ന മറ്റൊരു പ്രശ്നമാണ് പക്ഷികളുടെ കാഷ്ടം. കൂടുതൽ ശല്യമുണ്ടാകുമ്പോൾ ഇതും പൊറുക്കപ്പെടുന്നതാണ്. എന്നാൽ അവയുടെ കാഷ്ടം നിറഞ്ഞ പള്ളികളിലും മറ്റും അത് ചവിട്ടുകയോ നനവോട് കൂടി സ്പർശിക്കുകയോ ചെയ്യരുത്. ഉപ്പിലിട്ട മത്സ്യത്തിന്റെ ഉള്ളിലുള്ള മാലിന്യങ്ങൾ നീക്കിയ ശേഷമേ ഭക്ഷിക്കാവൂ. ചെറിയ തരം മത്സ്യങ്ങൾക്ക് ഇത് ബാധമമല്ലെന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം.

സ്ത്രീ പുരുഷ സമ്പർക്കവേളയിലോ വികാരാധിക്യത്താലോ പുറപ്പെടുന്ന ഒരു തരം ദ്രവത്തിനാണ് മദ്‌യ് എന്ന് പറയുന്നത്. ഇത് നജസാണ്. വസ്ത്രത്തിലോ ശരീരത്തിലോ ആയാൽ കഴുകി ശുദ്ധിയാക്കണം. ഇതുമായി കൂടിക്കലരുമ്പോൾ ഇന്ദ്രിയവും നജസാകുന്നു. ഭാരമുള്ള വസ്തുക്കൾ ചുമക്കുമ്പോ‍ഴോ മൂത്രം ഒഴിച്ച ഉടനെയോ പുറപ്പെടുന്ന ഒരു തരം വെള്ളത്തിനാണ് വദ്‌യ് എന്ന് പറയുന്നത് ഇതും നജസ് തന്നെയാണ്.
 
മുറിവ്, വ്രണം ,ചിരങ്ങ് ,മുഖക്കുരു, ചോരക്കുരു തുടങ്ങിയവയിൽ നിന്ന് പുറപ്പെടുന്ന രക്തം, ചലം എന്നിവക്ക് വിടുതിയുണ്ട്. എന്നാൽ രക്തവും ചലവും പ്രവർത്തി മൂലമുണ്ടായതോ ( ഞെക്കിപ്പിഴിയൽ തുടങ്ങിയവ) അന്യസ്ഥലത്തേക്ക് വ്യാപിച്ചതോ ആവരുത്. ഈ നിലയിലാണെങ്കിൽ കുറഞ്ഞത് മാത്രമേ വിടുതി ചെയ്യപ്പെടുകയുള്ളൂ. മൂട്ട, കൊതുക്, ചെള്ള്, പേൻ തുടങ്ങിയ ഒലിക്കുന്ന രക്തമില്ലാത്ത ജീവികളിൽ നിന്ന് ശരീരത്തിലോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ രക്തം ആയാൽ വിടുതിയുണ്ട്. ഈ ജീവികളെ ശരീരത്തിലോ വസ്ത്രത്തിലോ വെച്ച് കൊന്ന കാരണത്താൽ രക്തം പുറപ്പെട്ടിട്ടുണ്ടെങ്കിൽ അത് കുറഞ്ഞതാണെങ്കിൽ മാത്രമേ പൊറുക്കപ്പെടുകയുള്ളൂ. ഇവയെ കൊന്നാൽ അവയുടെ ശരീര ഭാഗത്തിന് വിടുതിയില്ല. അത് നജസാണ്.

നായ, പന്നി എന്നിവയിൽ നിന്നുള്ള രക്തത്തിനു വിടുതിയില്ല. ശരീരത്തിൽ രക്തം കുത്തിയെടുത്ത സ്ഥലത്തു നിന്നും, കൊമ്പ് വെപ്പിച്ച സ്ഥലത്ത് നിന്നും ,ഇഞ്ചക്ഷൻ ചെയ്ത സ്ഥലത്ത് നിന്നും രക്തം പുറപ്പെടുന്ന പക്ഷം അതും മാപ്പ് ചെയ്യപ്പെടുന്നതാണ്. അപ്രകാരം തന്നെയാണ് ഊൻ പൊട്ടിയതിനാൽ വരുന്ന രക്തവും. നിസ്കരിക്കുന്നവൻ അത് വിഴുങ്ങുന്നില്ലെങ്കിൽ നിസ്കാരം സാധുവാകുന്നതാണ്. പ്രസ്തുത രക്തത്തോട് കലർന്ന ഉമിനീര് വിഴുങ്ങരുത്. നോമ്പ് ബാത്വിലാകുന്ന കാര്യങ്ങൾ കൊണ്ട് നിസ്കാരവും ബാത്വിലാവുമല്ലോ. ഹൈള് രക്തം, മൂക്കിൽ നിന്നും പുറപ്പെടുന്ന രക്തം എന്നിവയിൽ നിന്നും കുറഞ്ഞതിന് വിടുതിയുണ്ട്.

മൂലക്കുരുവിൽ നിന്ന് പുറപ്പെടുന്ന നീരും മാ‍പ്പ് ചെയ്യപ്പെടും. നിസ്കാരത്തിനു മത്രമാണ് മേൽ പറഞ്ഞ വിടുതികളെല്ലാം. ഇവ കുറഞ്ഞ വെള്ളത്തിലായാൽ ആ വെള്ളം ശുചീകരണത്തിനു പറ്റുകയില്ല. വിടുതിയുള്ള നജസിന് മറ്റൊരു നിബന്ധന കൂടിയുണ്ട്. ഈ വസ്തുവിനെ ശുദ്ധിയാക്കണമെന്ന ഉദ്ദേശ്യത്തോടെ അവിടെ വെള്ളം നനക്കരുത്. നനച്ചാൽ മാപ്പില്ല്ലാത്ത നജസിന്റെ വിധി ഇതിനു ബാധകാണ്. അപ്പോൾ മറ്റ് നജസുകളെപ്പോലെ കഴുകി വൃത്തിയാക്കണം. ഉദാഹരണമായി ചൊറി, ചിരങ്ങ് തുടങ്ങിയവയിൽ നിന്ന് നമ്മുടെ ശരീരത്തിലായ രക്തം കഴുകാൻ പാത്രത്തിലെ കുറഞ്ഞ വെള്ളം നജസിന്മേൽ ഒഴിച്ച് ശുദ്ധിയാക്കുകയാണ് വേണ്ടത്. എന്നാൽ ഇറച്ചയിലുള്ള കുറഞ്ഞ രക്തം മാപ്പ് ചെയ്യപ്പെടും. കഴുകുന്ന വെള്ളത്തിനു കുറഞ്ഞ പകർച്ചയുണ്ടാകുന്നതിന് വിരോധമില്ല.

ഛർദ്ദിച്ചതും നജസാണ്. ആമാശയത്തിൽ എത്തിയ വസ്തു മാറ്റം കൂടാതെയാണ് ഛർദ്ദിച്ച് പുറത്ത് വരുന്നതെങ്കിൽ പോലും നജസാണ്. ആ‍മാശയത്തിൽ എത്തുന്നതിനു മുമ്പ് പുറത്ത് പോന്നാൽ നജസല്ല. മുലകുടി പ്രായത്തിലുള്ള കുട്ടികൾക്ക് തുടർച്ചയായി ഛർദ്ദിയുണ്ടായാൽ അത് മുലയൂട്ടുന്നവരുടെ മുലയിലാകുന്നത് കൊണ്ട് വിരോധമില്ല. അവരെ ചുംബിക്കുമ്പോഴും സ്പർശിക്കുമ്പോഴും ശരീരത്തിൽ ആയതിനു വിടുതിയില്ല. ഉറങ്ങുന്ന ആളുടെ വായിൽ നിന്ന് ഒലിക്കുന്ന വെള്ളം ആമാശയത്തിൽ നിന്നുള്ളതാണെങ്കിൽ നജസാണ്. മുറിയാതെ തുടർച്ചയായി പുറത്ത് വരികയാണെങ്കിൽ അത് നജസായിരിക്കും (ആമാശയത്തിൽ നിന്നാണെന്ന് മനസ്സിലാക്കാം )

നജസുകളിൽ പ്രത്യേകം പ്രാധാന്യമർഹിക്കുന്നതാണ് ലഹരി പാനീയങ്ങൾ. കള്ള്, ചാരായം ,ബ്രാണ്ടി,റാക്ക് തുടങ്ങിയ എല്ലാം ഇതിൽ പെടുന്നതണ്. പാ‍നീയങ്ങളെന്ന് പറയുമ്പോൾ കഞ്ചാവ്, അവീൻ തുടങ്ങിയവ നജസല്ല. അത് ഉപയോഗിക്കൽ ഹറാം തന്നെയാണ്. ലഹരി വസ്തു ചേർത്തതാണെന്നുറപ്പുള്ള ടോണിക്, അരിഷ്ടം തുടങ്ങിയവയും നജസാണ്. രോഗ ശാമനത്തിനു വേണ്ടി കുടിക്കുന്നതിനു വിരോധമില്ലെങ്കിലും ദേഹത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും അത് കഴുകി വൃത്തിയാക്കേണ്ടതാണ്.

മനുഷ്യൻ ,മത്സ്യം ,വെട്ടുകിളി എന്നിവയുടെതല്ലാ‍ത്ത ശവവും നജസാ‍ണ്. ഈച്ച പോലുള്ള ചെറു ജീവികളുടെ ശവവും ഇതിൽ‌പ്പെടും. എന്നാൽ ഒലിക്കുന്ന രക്തമില്ലാത്തതിനാൽ ഇത്തരം ചെറു ജീവികളുടെ ശവം നജസല്ലെന്ന് ഇമാം ഖഫാൽ (റ) അടക്കമുള്ള ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റ് ചില മദ്‌ഹബിലും ഇത് നജസല്ല. ഈച്ചയുടെ ശല്യമുള്ള സ്ഥലത്ത് നിസ്കരിക്കുമ്പോൾ അവയുടെ ശവം ശരീരത്തിൽ ഉണ്ടായാലും നിസ്കാരം സാധുവാകുമെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അഭിപ്രായ ഭിന്നത പാറ്റയുടെ കാര്യത്തിലും ബാധകമാണ്.

ശവം നജസായി കണക്കാക്കുന്ന ജീവികളുടെ ജീവനുള്ള അവസ്ഥയിൽ വേർപ്പെടുത്തിയ അവയവങ്ങളും നജസാ‍ണ്. പശു, ആട് ,കോഴി മുതലായ ഭക്ഷിക്കാവുന്ന ജീവികളുടെ ശവവും ജീവനുള്ളപ്പോൾ വേർപ്പെടുത്തിയ അവയവങ്ങളും നജസാണ്. രോമം ,തൂവൽ എന്നിവ നജസല്ല. പക്ഷെ പൂച്ച, കാക്ക പോലുള്ള മാംസം ഭക്ഷിക്കൽ നിരോധിച്ചിട്ടുള്ളവയുടെ ശരീരത്തിൽ നിന്ന് ജീവനുള്ളപ്പോൾ കൊഴിയുന്ന രോമവും തൂവലും നജസാണ്. പാമ്പ് ഉരിയുന്ന തോൽ (ആവരണം )നജസാണെന്നും ചിലന്തിവല നജസല്ലെന്നും അഭിപ്രായമുണ്ട്.
 
വഴികളിലുള്ള നജസ് കലർന്ന മണ്ണ്, വെള്ളം എന്നിവ കുറഞ്ഞതാണെങ്കിൽ വിടുതിയുണ്ട്. അത് നായ ,പന്നി പോലെയുള്ള ഗൌരവമുള്ള നജസ് കലർന്നതായാലും,നജസ് കലർന്നതാണെന്ന് പൂർണ്ണ ബോധ്യമുണ്ടെങ്കിലും അപ്രകാരം തന്നെ. എന്നാൽ നജസ് ശരീരത്തിലേക്കോ മറ്റോ തെറിച്ചാൽ കഴുകി ശുദ്ധിയാക്കുക തന്നെ വേണം. കാരണം അത് സൂക്ഷിച്ച് നടക്കാൻ പ്രയാസമില്ലെന്നത് തന്നെ. വഴിയിലുള്ള നജസ് പൊറുക്കപ്പെടുന്നത് സ്ഥലകാല വിത്യാസമനുസരിച്ചാണ്. മഴയുള്ള സമയം സൂക്ഷിച്ച് നടക്കുക ക്ലേശകരമായതിനാൽ വഴിയിൽ നിന്ന് തെറിക്കുന്നത് കൊണ്ട് വിരോധമില്ല. വസ്ത്രത്തിന്റെ താഴ്ഭാഗത്ത് വിടുതിയുള്ളത് മുകൾഭാഗത്താണെങ്കിൽ വിടുതിയുണ്ടാവുകയില്ല.

നിർമ്മാതാക്കൾ സ്പ്രേ/ പെർഫ്യൂമിൽ നജസ് ഉപയോഗിക്കുന്നുണ്ടെന്ന് പറയുകയോ നജസ് ഉപയോഗിച്ചതായി വ്യക്തമായ തെളിവുകൾ ലഭിക്കുകയോ ചെയ്താൽ അത് ഉപയോഗിക്കൽ അനുവദനീയമല്ല. അപ്പോൾ അതിനെ ദാനം ചെയ്യലും വില്പന നടത്തലും സാധുവല്ല. അത്തരം സ്പ്രേ അടിച്ച് നിസ്കരിച്ചാലു തഥൈവ. നജസാണെന്നറിഞ്ഞ് സ്പ്രേ വസ്ത്രത്തിലോ ശരീരത്തിലോ അടിക്കുന്നതും ഹറാമാണ്.

പള്ളിയിലോ മുസ്‌ഹഫിലോ മറ്റ് ആദരണീയ വസ്തുക്കളിലോ നജസായതായി കണ്ടാൽ ഉടനെ അത് നീക്കം ചെയ്യൽ നിർബന്ധമാണ്.
നജസായ സ്ഥലത്ത് നജസ് മറയത്തക്കവിധം പായയോ മറ്റോ വിരിച്ച് നിസ്കരിച്ചാൽ സാധുവാകും. പക്ഷെ അങ്ങിനെ നിസ്കരിക്കൽ കറാഹത്താണ്. നജസിലേക്ക് തിരിഞ്ഞ് നിൽക്കലും കറാഹത്ത് തന്നെ.

വിടുതിയില്ലാത്ത നജസ് ഒരാളുടെ ശരീരത്തിലോ വസ്ത്രത്തിലോ കണ്ടാൽ അത് അയാൾക്ക് കാട്ടിക്കൊടുക്കേണ്ടത് മറ്റുള്ളവരുടെ കർത്തവ്യമത്രെ. ശരീരത്തിൽ നമ്മുടെ കണ്ണെത്താത്ത ഭാഗത്ത് നജസുണ്ടെന്ന് വന്നേക്കാം. അത് ശ്രദ്ധയിൽ പെടുത്തുമ്പോൾ സന്തോഷപൂർവ്വം സ്വീകരിക്കേണ്ടത് നമ്മുടെ ചുമതലയാണ്. ഓരോ മുസ്‌ലിമും ശരീരവും വസ്ത്രവും വീടും എപ്പോഴും വൃത്തിയാക്കി വെക്കണമെന്നാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്.