സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 23 August 2014

അല്ലാഹു-ഭാഗം 01

വിശുദ്ധ ഖുർ‌ആനിലെ ഒരു സൂക്തം ശ്രദ്ധിക്കൂ :




ذَلِكُمُ اللّهُ رَبُّكُمْ لا إِلَـهَ إِلاَّ هُوَ خَالِقُ كُلِّ شَيْءٍ فَاعْبُدُوهُ وَهُوَ عَلَى كُلِّ شَيْءٍ وَكِيلٌ



അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ആരാധ്യനുമില്ല, അവൻ സകല വസ്തുക്കളുടെയും സൃഷ്ടാവാണ്. അതിനാൽ നിങ്ങൾ അവന്ന് ആരാധനകളർപ്പിക്കൂ, അവൻ സകല കാര്യങ്ങളുടേയും ഉത്തരവാദിത്തമേറ്റവനാകുന്നു”. (സൂറ – അൽ‌അൻ‌ആം 102)ഒരു തിരു വചനം കാണൂ :



عَنِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ -رَضِيَ اللهُ عَنْهُ- أَنَّهُ سَمِعَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ذَاقَ طَعْمَ الْإِيمَانِ، مَنْ رَضِيَ بِالله رَبًّا، وَبِالإِسْلامِ دِينًا، وَبِمُحَمَّدٍ -صَلَّى اللهُ عَلَيْهِ وَسَلَّمَ- رَسُولاً. (رواه الإمام مسلم رحمه الله رقم: 115



“അബ്ബാസ് رضي الله عنه വിൽ നിന്ന് നിവേദനം , നബി صلى الله عليه وسلم പറയുന്നത് അദ്ദേഹം കേട്ടു. അല്ലാഹുവിനെ പരിപാലകനായും ഇസ്‌ലാമിനെ ജീവിത രീതിയായും മുഹമ്മദ് നബി صلى الله عليه وسلم യെ അല്ലാഹുവിന്റെ പ്രവാചകനായും തൃപ്തിപ്പെട്ടവൻ സത്യവിശ്വാസത്തിന്റെ രുചി ആസ്വദിച്ചിരിക്കുന്നു”. (സ്വഹീഹ് മുസ്‌ലിം 115).

അല്ലാഹു ഉണ്ടോ ? ഇല്ലേ ? എന്ന ചോദ്യം അവഗണിക്കാവുന്ന ഒന്നല്ല. പ്രത്യേകിച്ചും ഭൌതികവാദികളും യുക്തിവാദികളും നിരീശ്വര വാദികളും മനുഷ്യചിന്തകളിൽ നിന്നും അവരുടെ സൃഷ്ടാവായ അല്ലാഹുവിനെ മറപ്പിച്ചുകളയാൻ ആവുന്ന ശ്രമങ്ങളെല്ലാം നടത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്. ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരിൽ പലരും അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിൽ ശ്രദ്ധ ചെലുത്തുന്നില്ല. മുസ്‌ലിം ഉമ്മത്തിന്റെ ആഗോളതലത്തിലുള്ള പരാജയത്തിന്റെ പ്രധാന കാരണം അല്ലാഹുവിലുള്ള വിശ്വാസത്തിലെ അപാകതകളും പോരായ്മകളുമാണ്. അതു മൂലം വന്നുഭവിച്ച സൃഷ്ടാവുമായുള്ള അകൽച്ചയുമാണ്. ഭൌതികമായും യുക്തിപരമായും അല്ലാഹുവിനെ മനസ്സിലാക്കിക്കൊടുക്കുന്നതിൽ പ്രബോധകർ പരാജയപ്പെടുന്നോ എന്ന് സംശയിച്ചു പോകുകയാണ്.

അത്തരം ഒരു സാഹചര്യത്തിലാണ് സുന്നി സോന്കാൽ  ബ്ലോഗിൽ , അല്ലാഹുവിനെ ബുദ്ധിപരമായും ശാസ്ത്രീ‍യമായും ഭൌതികമായും യുക്തിക്ക് ഉൾക്കൊള്ളാൻ കഴിയുന്ന രൂപത്തിലും ‘അല്ലാഹു ഉണ്ടോ?’ എന്ന വിഷയം ചർച്ചക്കിടുന്നത്. വിഷയത്തിന്റെ പ്രാധാന്യം മുകളിൽ കൊടുത്ത ആയത്തിൽ നിന്നും ഹദീസിൽ നിന്നും മനസ്സിലാക്കാമല്ലോ. ഈ ചെറിയ ശ്രമം അല്ലാഹു സ്വീകരിക്കട്ടെ. അതിന്നായി എല്ലാ വായനക്കാരും ദുആ ചെയ്യുക. പോരായ്മകൾ ഉണർത്തിത്തരികയും ചെയ്യുക.

മുസ്‌ലിംകളായ പ്രിയ വായനക്കാർ ഇത് വായിച്ച് തങ്ങളുടെ വിശ്വാസം കൂടുതൽ രൂഢമാക്കണമെന്നും മറ്റ് മതസ്ഥരിൽ പെട്ട നമ്മുടെ കൂട്ടുകാർക്ക് ഇത് വായിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും വിനീതമായി അപേക്ഷിക്കുകയാണ്.

നല്ലവരായ ഇതര മത സഹോദരങ്ങൾ, നിങ്ങളുടെ വിലപ്പെട്ട സമയം പലതും പഠിക്കാനും ചിന്തിക്കാനും വിനോദങ്ങൾക്കും ഉപയോഗപ്പെടുത്തുന്ന കൂട്ടത്തിൽ ഒരൽ‌പ സമയം നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന സൃഷ്ടാവിനെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും വേണ്ടി ചെലവഴിക്കാൻ വളരെ വിനയത്തോടെ അപേക്ഷിക്കുന്നു.

‘അല്ലാഹു’ ഉണ്ട് എന്നതും അവനാണ് സൃഷ്ടാവെന്നതും ശാസ്ത്രവും ബുദ്ധിയും യുക്തിയും അവിതർക്കിതമായി സമ്മതിക്കുന്ന അനിഷേധ്യ യാഥാർഥ്യമാണെന്ന് നമുക്ക് കണ്ടെത്താം.

അല്ലാഹു അവന്റെ പ്രപഞ്ചത്തിൽ അവന്റെ സാന്നിദ്ധ്യത്തെ വിളിച്ചോതുന്ന അനേകം ദൃഷ്ടാന്തങ്ങളും അവനാണ് സൃഷ്ടാവായ ഏകദൈവമെന്നറിയിക്കുന്ന ഒരു പാട് തെളിവുകളും സം‌വിധാനിച്ചു വെച്ചിട്ടുണ്ട്. ഓരോ ചരാചരവും വിളിച്ചുപറയുന്നുണ്ട് ഏകനായ അല്ലാഹുവിനെക്കുറിച്ച്. ശാസ്ത്ര സാങ്കേതിക വിദ്യകൾ മുഴുവനും പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലേക്കുള്ള മാർഗദർശനങ്ങളാണ്. എല്ലാം വിളിച്ചോതുന്നു “لا إله إلا الله “ലാ ഇലാഹ ഇല്ലല്ലാഹ്” ( There is no God worthy of worship except Allah) എന്ന തൌഹീദിന്റെ മഹൽ‌വചനം.

ഭൌതികമായി അല്ലാഹുവിനെ കണ്ടെത്താൻ പറ്റുന്ന മാധ്യമങ്ങളിൽ ഒന്നാമത്തേതാണ് ബുദ്ധി. പക്ഷെ ബുദ്ധിയുടെ കഴിവ് പരിമിതമാണ്. പരമാവധി ബുദ്ധികൊണ്ട് ചെന്നെത്താവുന്നത് ഈ പ്രപഞ്ചത്തിന് സൂക്ഷ്മജ്ഞാനിയായ ഒരു സംവിധായകൻ ഉണ്ടെന്ന് മാത്രമാണ്. അതേ സമയം നമ്മെയും സർവ്വ ചരാചരങ്ങളേയും പടച്ചു പരിപാലിക്കുന്ന ഈ സംവിധായകൻ, ഈ സൃഷ്ടി സംവിധാനത്തിൽ എന്താണ് ലക്ഷ്യം വെക്കുന്നതെന്നോ, എങ്ങിനെയാണ് അവന്ന് വണങ്ങേണ്ടതെന്നോ , എങ്ങിനെയാണ് അവന് നന്ദി പറയേണ്ടതെന്നോ, അവന്ന് വഴിപ്പെട്ട് ജീവിച്ചവർക്ക് ലഭിക്കാൻ പോകുന്ന പ്രതിഫലമെന്താണെന്നോ , അനുസരണക്കേട് കാണിച്ചവർക്ക് അവൻ നൽകുന്ന ശിക്ഷ എന്തായിരിക്കുമെന്നോ കണ്ടെത്താൻ ബുദ്ധിക്ക് സാധ്യമല്ല. ഈ പ്രശ്‌നത്തിന് പരിഹാരം നൽകാനാണ് അല്ലാഹു പ്രവാചകന്മാരെ നിയമിച്ചത്. ആ ഭാഗം അവസരം കിട്ടുകയാണെങ്കിൽ നമുക്ക് പിന്നീട് ചർച്ച ചെയ്യാം.

ഇസ്‌ലാം പ്രഥമമായി ലക്ഷ്യം വെക്കുന്നത് അല്ലാഹുവിനെ കുറിച്ചുള്ള അറിവാണ്. ഈ അറിവും വിശ്വാസവും കൂടാതെയുള്ള കർമ്മങ്ങൾ ഇസ്‌ലാമിക ദൃഷ്ട്യാ പാഴ്‌വേലയാണ്. അതിന്റെ ആത്മാവാണ് അല്ലാഹുവിനെക്കുറിച്ചുള്ള അറിവ്.


ഈ വിശാലമായ പ്രപഞ്ചത്തിൽ അല്ലാഹു ഉണ്ട് എന്ന് അറിയിക്കാൻ ഭൌതികവും ബുദ്ധിപരവുമായ തെളിവുകളും ഇന്ദ്രിയാനുഭവത്തിലൂടെ മനസ്സിലാക്കാൻ പറ്റുന്ന തെളിവുകളും സംവിധാനിച്ചു വെച്ചിട്ടുണ്ട്.


മനുഷ്യോൽ‌പ്പത്തി മുതൽക്ക് ഈ തെളിവുകൾ അല്ലാഹുവിനെക്കുറിച്ച് കാലോചിതമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഒരോ കാലഘട്ടത്തിലും ആ കാലഘട്ടത്തിലെ മനുഷ്യന്റെ വികാസവും ബുദ്ധിയുമനുസരിച്ചാണ് ഇവകൾ സംവദിക്കുന്നത്. സയൻസിന്റെയും ഇൻ‌ഫർമേഷൻ ടെക്നോളജിയുടേയും കാലമായ ഇന്ന് ആ തലത്തിൽ നിന്ന് കൊണ്ടാണ് പ്രപഞ്ചം അല്ലാഹുവിനെക്കുറിച്ച് സംസാരിക്കുന്നത് . നമുക്ക് നോക്കാം. 
അല്ലാഹുവിനെ മനസ്സിലാക്കാനും കണ്ടെത്താനും ശ്രമം നടത്തുന്ന നാം നമ്മുടെ ചില ദുസ്വഭാവങ്ങൾ വെടിയേണ്ടതുണ്ട്. അതിൽ പ്രധാനമാണ് താഴെയുള്ളവ :


ഒന്ന് : അഹങ്കാരം : അഹങ്കരിക്കുന്ന ഹൃദയത്തിന് ഒരിക്കലും അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങളെ കാണിച്ചു കൊടുക്കില്ല. അവൻ അവന്റെ വിശുദ്ധ ഖുർ‌ആനിൽ പറയുന്നു :



“ഭൂമിയിൽ അന്യായമായി അഹങ്കരിച്ചു നടക്കുന്നവരുടെ കണ്ണുകളിൽ നിന്നും ഞാൻ എന്റെ ദൃഷ്ടാന്തങ്ങളെ തെറ്റിച്ചു കളയുന്നതാണ്. അവർ എന്തു ദൃഷ്ടാന്തം കണ്ടാലും വിശ്വസിക്കുകയില്ല. സൻ‌മാർഗ്ഗം അവരുടെ കൺ‌മുമ്പിൽ കണ്ടാലും അതിനെ അവർ മാർഗ്ഗമാക്കുകയില്ല. അതേ സമയം ദുർ‌മാർഗ്ഗം കണ്ടാൽ അതവർ മാർഗ്ഗമായി സ്വീകരിക്കും. അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും അവയിൽ അശ്രദ്ധരാവുകയും ചെയ്തതിനാലത്രെ അത്.”

രണ്ട് : കളവ്, സംശയം പോലുള്ള ദുർചിന്തകളിൽ നിന്നും നാം മോചിതരാവുക. സത്യം ബോധ്യപ്പെട്ടാൽ വിശ്വസിക്കാനുള്ള ആർജ്ജവം കാണിക്കുക.

സത്യത്തിൽ, മുസ്‌ലിമീങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹു ഉണ്ടെന്നതിന് ഭൌതികമോ ബുദ്ധിപരമോ ആയ തെളിവുകളുടെ പിന്നാലെ പോകൽ നിർബന്ധമില്ല. അല്ലാഹു ഉണ്ടെന്ന് പ്രവാചകൻ പറഞ്ഞത് തന്നെ ധാരാളമാണ്. എന്നാലും അവർക്കും ദൈവ നിഷേധികൾക്കും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിശദീകരണമാണ് നാമുദ്ദേശിക്കുന്നത്.

അതുകൊണ്ട് “അല്ലാഹു ഉണ്ടോ?” എന്ന ചോദ്യം പ്രസക്തമാകുന്നു. മറ്റു പല കാര്യങ്ങളെക്കുറിച്ചും നാം അന്വേഷിക്കുകയും പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവെന്നിരിക്കെ , ഈ സുപ്രധാന ചോദ്യം അവഗണിക്കുന്നത് ചിന്താശക്തിയുള്ള മനുഷ്യന് യോജിച്ചതല്ല.


എങ്കിൽ എങ്ങിനെയാണ് നാം അല്ലാഹുവിനെ മനസ്സിലാക്കേണ്ടത്? എന്താണ് അതിനുള്ള മാർഗ്ഗം? മാർഗ്ഗമറിയാതെ ലക്ഷ്യത്തിലേക്കെത്തില്ല. 
വളരെ പുരാതന കാലം മുതൽക്ക് തന്നെ മനുഷ്യൻ അല്ലാഹുവിൽ വിശ്വസിച്ചിരുന്നുവെന്ന് ചരിത്രം ഉൽഘോഷിക്കുന്നു. മാത്രമല്ല , വിവിധ നാടുകളിൽ വിവിധ കാലഘട്ടങ്ങളിൽ വന്ന പ്രവാചകന്മാരും പുണ്യാത്മാക്കളും അല്ലാഹുവിലുള്ള വിശ്വാസം ഊന്നി പറഞ്ഞതായി നാം കാണുന്നു. അവരെല്ലാവരും കൂടി അല്ലാഹു ഉണ്ട് എന്ന ഒരു വലിയ കള്ളം ചമച്ചുണ്ടാക്കി പ്രചരിപ്പിച്ചു എന്നു വിശ്വസിക്കാൻ പ്രയാസമുണ്ട്. അവരുടെ എല്ലാവരുടേയും ആത്മാർത്ഥത ഒറ്റയടിക്ക് നിഷേധിക്കാൻ നമുക്ക് കഴിയില്ലല്ലോ.

പണ്ട് കാലം മുതൽക്കെ ചിലർ അല്ലാഹുവിനെ നിഷേധിക്കാൻ കാരണമായത്, അല്ലാഹു ഇന്ദ്രിയങ്ങൾക്ക് അപ്രാപ്യമാണെന്ന വാദം പറഞ്ഞുകൊണ്ടാണ്. ഒരു വസ്തുത ഉണ്ട് എന്നതിനുള്ള മാനദണ്ഡം അതിനെ കാണാൻ കഴിയുക എന്നാണെന്ന് അവർ വാദിക്കുന്നു. സത്യത്തിൽ ഈ വാദം മൂലം അവർ അല്ലാഹുവിനെ മാത്രമല്ല ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പല വസ്തുതകളെയും നിഷേധിക്കേണ്ടിവരും. അവർ ആകർഷണ ശക്തിയിൽ വിശ്വസിക്കുന്നു. ഇന്നുവരെ അതിനെ ആരും കണ്ടിട്ടില്ല. എന്നാൽ അതിന്റെ അടയാളങ്ങൾ അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. “ബുദ്ധി” എന്ന ശക്തിയെ അവർ വിശ്വസിക്കുന്നു. അതിനെ അവർ കണ്ടിട്ടില്ല. പക്ഷെ അതിന്റെ കഴിവുകളെ അവർ കാണുന്നുണ്ട്. കാന്ത ശക്തിയിൽ അവർ വിശ്വസിക്കുന്നു. പക്ഷെ കാന്തശക്തിയെ അവർ കാണുന്നില്ല. ഇങ്ങനെ ഒട്ടനേകം ശക്തികളെ അവർ വിശ്വസിക്കുന്നുണ്ട്. അവയെ ഒന്നും അവർ കണ്ടിട്ടില്ല താനും. അവയുടെ ഫലങ്ങളാണ് അങ്ങിനെ ഒരു ശക്തിയുണ്ടെന്ന് നമുക്ക് ബോധ്യമുണ്ടാക്കിത്തരുന്നത്.

ജീവൻ എന്ന അൽ‌ഭുത പ്രതിഭാസത്തിന്റെ മുമ്പിൽ എല്ലാ ശാസ്ത്രജ്ഞരും മുട്ടുമടക്കുയാണ് ചെയ്യുന്നത്. അതെന്താണെന്ന് കാണാൻ ഒരാൾക്കും ഇതു വരെ കഴിഞ്ഞിട്ടില്ല. അതല്ലേ ഖുർ‌ആൻ പറഞ്ഞത്.


“പ്രവാചകരെ, അങ്ങയോടവർ ജീവനെക്കുറിച്ച് ചോദിക്കും , പറയുക , ആത്മാവ് എന്റെ നാഥന്റെ കാര്യത്തിൽ പെട്ടതാകുന്നു. അറിവിൽ നിന്ന് അൽ‌പമല്ലാതെ നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ല”. അപ്പോൾ ഒരു വസ്തുവിനെ നാം കാണുന്നില്ല എന്നത് ആ വസ്തു ഇല്ല എന്നതിന് തെളിവല്ല. നമുക്കറിയാം ബാക്ടീരിയ. ഈ സൂക്ഷ്മ ജീവികൾ മനുഷ്യ ശരീരത്തെ ആക്രമിക്കുകയും രോഗിയാക്കുകയും രോഗ പ്രതിരോധം നൽകുകയുമൊക്കെ ചെയ്യുന്നു. ഇവ മനുഷ്യനെ സൃഷ്ടീച്ച അന്നു മുതൽക്ക് തന്നെയുണ്ട്. പക്ഷെ ഈ അടുത്ത കാലത്താണ് വൈദ്യശാസ്ത്രം മൈക്രോസ്കോപുപയോഗിച്ച് അവയെ കണ്ടെത്തിയത്. അപ്പോഴാണ് ഈ കണ്ണുകൾക്ക് കാണാൻ കഴിയാത്ത ബാക്ടീരിയകളുടെ കഴിവുകളും അവയ്ക്ക് ജീവനുണ്ടെന്നതും അവ ഉല്പാദനം നടത്തുന്നുണ്ടെന്നുമൊക്കെയുള്ള വൈദ്യശാസ്ത്രത്തെ ഞെട്ടിച്ച ബാക്ടീരിയകളുടെ അത്ഭുത ലോകത്തേക്ക് നാം ചെന്നെത്തുന്നത്. ഇത് ഈ അടുത്ത കാലത്താണ് കണ്ടുപിടിച്ചത് എന്നതു കൊണ്ട് അതു മുമ്പുണ്ടായിരുന്നില്ലെന്ന് പറയാനൊക്കുമോ?

ഇത്തരം ശക്തികൾ ഉണ്ടെന്ന് നമുക്ക് ബോധ്യപ്പെടുത്തിത്തന്നത് നമ്മുടെ ബുദ്ധിയെന്ന ഉപകരണമാണ്. അതേ ഉപകരണം തന്നെ മതി ഈ പ്രപഞ്ചത്തെ മുഴുവനും പടച്ച് പരിപാലിക്കുന്ന അല്ലാഹുവിനെ മനസ്സിലാക്കാനും. 


അപ്പോൾ അല്ലാഹുവിനെ മനസ്സിലാക്കാനുള്ള എളുപ്പ മാർഗ്ഗം അവന്റെ ദൃഷ്ടാന്തങ്ങളെക്കുറീച്ച് പഠിക്കലാണ്. ഈ ദൃഷ്ടാന്തങ്ങളെ മനസ്സിലാക്കാനുള്ള മൂന്ന് ഉപകരണങ്ങളാണ് ബുദ്ധിയും ചിന്തയും ജ്ഞാനവും.



അതുകൊണ്ടാണ് വിശുദ്ധ ഖുർ‌ആൻ മനുഷ്യകുലത്തോട് അടിക്കടി ചിന്തിക്കാനും പഠിക്കാനും ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഇവ രണ്ടും ഉണ്ടെങ്കിൽ മാത്രമേ ഇസ്‌ലാം സത്യമാണെൻ മനസ്സിലാവൂ, അല്ലാഹു ഉണ്ടെന്ന് ബോധ്യപ്പെടൂ. വിശുദ്ധ ഖുർ‌ആനിൽ പറഞ്ഞില്ലേ :






“പ്രവാചകരേ, അറിവുള്ളവർ നന്നായി മനസ്സിലാക്കുന്നുണ്ട് അങ്ങയ്ക്ക് അവതരിക്കപ്പെട്ട വിശുദ്ധ ഖുർ‌ആൻ വിശുദ്ധ ഖുർ‌ആൻ തികഞ്ഞ സത്യമാണെന്നും അത് അജയ്യനും

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് നാം കാണുന്നത്. ഒന്ന് പ്രപഞ്ചം. രണ്ട് : ഖുർ‌ആൻ . മൂന്ന് : അമാനുഷിക കാര്യങ്ങൾ മനുഷ്യരിലൂടെ പ്രകടമാകുമ്പോൾ.



ഇവയിൽ ഏറ്റവും പ്രധാനമണ് പ്രപഞ്ചം. പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പ്രധാനമാണ് ഇല്ലായ്മയിൽ നിന്നുമുള്ള പ്രപഞ്ചത്തിന്റെ ഉൽഭവം. ശാസ്ത്രം പുരോഗമിക്കും തോറും ഈ പ്രപഞ്ചം ഇല്ലായ്മയിൽ നിന്നും ഉണ്ടായതാണെന്ന് കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കയാണ്. Solar energy യും Electron നിയമങ്ങളുമെല്ലാം ഈ പ്രപ്രഞ്ചം ഒരു സൃഷ്ടാവിന്റെ സൃഷ്ടിയാണെന്ന് സംശയങ്ങൾക്ക് വകയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കയാണ്.

എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ് മനുഷ്യൻ ജനിക്കുന്നതിനു മുമ്പ് തന്നെ പ്രപഞ്ചം അതിലെ സർവ്വ സജ്ജീകരണത്തോടെയും പടക്കപ്പെട്ടിരുന്നു എന്നത്.

മനുഷ്യൻ വരുമ്പോൾ വെളിച്ചവും ശ്വസിക്കാനുള്ള വായുവും ഭക്ഷണപദാർത്ഥങ്ങളും മറ്റു സർവ്വ വസ്തുക്കളും സജ്ജീകരിക്കപ്പെട്ട ഭൂലോകത്തേയാണ് അവൻ കാണുന്നത്. ഇതിലാർക്കെങ്കിലും അഭിപ്രായ വ്യത്യാസമുള്ളതായി അറിവില്ല. അപ്പോൾ ബുദ്ധിപരമായി തന്നെ ഒരു കാര്യം സ്ഥിരപ്പെട്ടു. പ്രപഞ്ചത്തിലെ ഏറ്റവും വലിയ സൃഷ്ടിയായ മനുഷ്യന് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിൽ യാതൊരു പങ്കുമില്ലെന്ന്. അവൻ വരുന്നതിനു മുമ്പ് തന്നെ പ്രപഞ്ചം സർവ്വ സജ്ജമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യ ചരിത്രത്തിൽ ഒരാളും ഞാനാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് എന്ന് അവകാശപ്പെട്ടതായും രേഖയില്ല. പിന്നെയാരാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ? ഒരു ശക്തി മാത്രം ഞാനണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന അവകാശവാദവുമായി വന്നിട്ടുള്ളൂ. ആ ശക്തി അല്ലാഹു മാത്രമാണ്. അല്ലാഹു പറയുന്നു :





“ഭൂലോകത്തുള്ളത് മുഴുവനും നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചത് അല്ലാഹു ആകുന്നു. എന്നിട്ടവൻ ആകാശത്തെ പടക്കാൻ ഉദ്ദേശിച്ചു. അങ്ങിനെ അതിനെ ഏഴാകാശങ്ങളായി സംവിധാനിച്ചു. അവൻ എല്ലാം അറിയുന്നവനാകുന്നു.”

മനുഷ്യന്റെ കഴിവുകൾക്കോ സ്വാധീനങ്ങൾക്കോ ഈ പ്രപഞ്ചത്തിനെ സ്വാധീനിക്കാൻ കഴിയുമോ ? അതും ഇല്ലെന്നാണ് നമുക്ക് ബോധ്യപ്പെടുന്നത് . കാരണം സൂര്യന്റെ ശക്തി മനുഷ്യ ശക്തിയേക്കാളും എത്രയോ വലുതാണ്. ഇതേപോലെത്തന്നെയാണ് സമുദ്രത്തിന്റെയും ഭൂമിയുടെയുമൊക്കെ അവസ്ഥ. അതിൽ നിന്നു നമുക്ക് മനസ്സിലാകുന്ന മറ്റൊരു കാര്യമാണ് ഇവയെല്ലാം അവയെ സൃഷ്ടിച്ച സർവ്വലോക രക്ഷിതാവിന്റെ തീരുമാനങ്ങൾക്കും ഉദ്ദേശങ്ങൾക്കുമനുസരിച്ചാണ് അവയുടെ ധർമ്മങ്ങളും ദൌത്യങ്ങളും നിർവ്വഹിക്കുന്നതെന്ന്. സൂര്യന് ഇന്നു ഞാൻ ഉദിക്കാതിരിക്കട്ടെ എന്നു തീരുമാനിക്കാനോ , അല്ലെങ്കിൽ ഇന്ന് അസ്തമിക്കില്ലെന്നോ തീരുമാനിക്കാൻ കഴിയില്ല. മനുഷ്യകുലം മുഴുവൻ ശ്രമിച്ചാലും അതിന് സാധ്യമല്ല. അപ്പോൾ മനുഷ്യൻ ജനിക്കുന്നതിനു മുമ്പ് തന്നെ സം‌വിധാനിക്കപ്പെട്ട പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിലോ , അതിന്റെ ചലനങ്ങളിലോ, നിലനിൽ‌പ്പിലോ മനുഷ്യന് യാതൊരു പങ്കുമില്ല. ഇനി മനുഷ്യ സൃഷ്ടിപ്പിലേക്ക് കടന്നാലും ഇതു തന്നെയാണ് അവസ്ഥ. ഒരാൾക്കും അവകാശപ്പെടാൻ കഴിയില്ല ഞാനാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് . സ്വന്തം ശരീരത്തെ പോലും താനാണ് സൃഷ്ടിച്ചതെന്ന് പറയാൻ ആരും ധൈര്യപ്പെടില്ല.

അല്പം ചിന്തിച്ചാൽ മനുഷ്യർ തന്നെ അല്ലാഹുവിന്റെ അസ്തിത്വത്തിന്റെ ഒരു ചലിക്കുന്ന പരസ്യമാണെന്നു കാണാൻ കഴിയും. അല്പം വർഷങ്ങൾക്ക് മുമ്പ് ഒന്നുമല്ലാതിരുന്ന നാമെല്ലാം എങ്ങിനെയാണ് രൂപം കൊണ്ടതെന്ന് ചിന്തിച്ചു നോക്കൂ! സ്ത്രീ ബീജവും പുരുഷ ബീജവും ചേർന്നാണ് മനുഷ്യക്കുഞ്ഞിന് രൂപം നൽകുന്നതെന്ന് നമുക്കറിയാം. ഇവിടെ പുരുഷ ബീജത്തിന് ഒരു സ്ത്രീ ബീജമുണ്ടെന്നും അതുമായി ചേർന്ന് മനുഷ്യന് ജന്മം നൽകണമെന്നും അറിയുമോ? അതു പോലെ, സ്ത്രീ ബീജത്തിന് , പുരുഷബീജമുണ്ടെന്നും അതുമായി ചേർന്ന് മനുഷ്യന് ജന്മം നൽകണമെന്നും അറിയുമോ ? ഇല്ല എന്ന് നമുക്കറിയാം. പക്ഷെ , അവ രണ്ടും കൂടി ചേരേണ്ടതുണ്ട്, ഒരു കുഞ്ഞിന് ജന്മം നൽകാൻ. അപ്പോൾ പുരുഷബീജത്തെയും സ്ത്രീ ബീജത്തെയും ഉണ്ടാവാനിരിക്കുന്ന കുഞ്ഞിനെയും ബന്ധിപ്പിക്കുന്ന ഒരു ഉദ്ദേശ്യമുണ്ട്, അറിവുണ്ട്, അവയെ പരസ്പരം ബന്ധിപ്പിക്കുന്ന അറിവിന്റെ ഉടമസ്ഥനായി ഒരാളുണ്ടെന്ന് അനുമാനിക്കാമല്ലോ. അവനാണ് നമ്മേ പടച്ച കാരുണ്യവാനായ അല്ലാഹു.

ബീജസങ്കലനം കഴിഞ്ഞ് , ആദ്യകോശം വിഭജിക്കുകയും രണ്ടായി തീരുകയും ചെയ്യുന്നു. വീണ്ടുമവ വിഭജിക്കപ്പെടുകയും വർദ്ധിക്കുകയും ചെയ്ത്കൊണ്ട് കോടിക്കണക്കായി പെരുകുന്നു. അങ്ങനെ നൂറു കൊല്ലത്തോളം പ്രവർത്തിക്കുന്ന ഹൃദയത്തിനും, അത്ഭുതങ്ങളിൽ അത്ഭുതമായ മസ്തിഷ്കത്തിനും , എല്ലുകൾക്കും, പല്ലുകൾക്കും മറ്റും രൂപം നൽകുകയും ചെയ്യുന്നു. പരിചയസമ്പന്നനായ ഒരു ശാസ്ത്രജ്ഞനെപ്പോലെ , എഞ്ചിനീയറെപ്പോലെ , കലാകാരനെപ്പോലെ അതു പ്രവർത്തിക്കുന്നു. ആരാണ് ആ ആദ്യകോശത്തിന്, കുഞ്ഞിന് രൂപം കൊടുക്കാൻ മാർഗ്ഗദർശനം നൽകുന്നതെന്ന് ചിന്തിച്ചു നോക്കൂ. സർവ്വശക്തനായ അല്ലാഹുവാണെന്ന് തെളിയും.

ഗർഭാശയമാകുന്ന ഇരുട്ടറയിൽ വെച്ച് കണ്ണാകുന്ന ക്യാമറക്ക് രൂപം കൊടുക്കുന്നതായി നാം കാണുന്നു. നേത്രം സംവിധാനിക്കണമെങ്കിൽ കുറെ ശാസ്ത്രീയ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവ പരിഹരിക്കാനുമുള്ള കഴിവ് വേണം. ഇത് ആദ്യ കോശത്തിനുണ്ടോ ? നമുക്ക് വെളിച്ചം കാണാൻ കഴിയുന്നത് അല്ലാഹുവിന്റെ ഔദാര്യം കൊണ്ടാണെന്ന് കാഴ്ചയുടെ ശാസ്ത്രീയ വശങ്ങൾ പഠിക്കാൻ ശ്രമിച്ചാൽ മനസ്സിലാകും. ഇന്ന് നാം കാണുന്ന സുന്ദരമായ ഈ ലോകം കാണണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ഒത്തുകൂടണമെന്ന് നോക്കൂ !

സൂര്യപ്രകാശം പോലെ ഏഴുനിറങ്ങൾ ഒന്നായി ചേർന്നുണ്ടാകുന്ന പ്രകാശം വിതറുന്ന ഒരു കേന്ദ്രം വേണം.


വസ്തുക്കൾക്ക് പ്രകാശം പ്രതിഫലിപ്പിക്കുന്ന സ്വഭാവം വേണം.


പ്രകാശം സ്വീകരിക്കാൻ കഴിയുന്ന കണ്ണുപോലുള്ള ഒരവയവം വേണം.


അത് വ്യഖ്യാനിക്കാൻ കഴിയുന്ന ഒരു മസ്തിഷ്കം വേണം. ഇവയെല്ലാം ബന്ധപ്പെട്ടു കിടക്കുന്നു. കൂടാതെ ഇവയോട് ബന്ധപ്പെട്ടുകിടക്കുന്ന പല പ്രശ്നങ്ങളും കാണാം. ഉദാഹരണമായി , പ്രകാശത്തിന്റെ ഉറവിടവും പ്രകാശവും ഉണ്ടെങ്കിലും വസ്തുക്കൾക്ക് പ്രതിഫലിപ്പിക്കുന്ന സ്വഭാവമുണ്ടെങ്കിലും നമുക്കതു കാണാൻ കഴിയണമെങ്കിൽ 1. കണ്ണിലേക്ക് വരുന്ന പ്രകാശത്തെ നിയന്ത്രിക്കണം. 2. കണ്ണിലെ കൃഷ്ണ മണിയിലെത്തുന്ന പ്രകാശത്തെ കേന്ദ്രീകരിക്കണം. 3. കണ്ണിനുള്ളിലെ തിരശ്ശീലയിൽ വീഴുന്ന നീളവും വീതിയും മാത്രമുള്ള പ്രതിബിംബത്തെ കനവും കൂടിയുള്ള മൂന്ന് തലങ്ങളുള്ള രൂപമാക്കുകയും തലകീഴായി വീഴുന്ന പ്രതിബിംബം ശരിയാക്കുകയും , രണ്ട് കണ്ണിലും വീഴുന്ന പ്രതിബിംബങ്ങളെ യോജിപ്പിക്കുകയും വേണം.

ഇത്തരം പ്രശ്നങ്ങൾ മുൻ‌കൂട്ടിക്കണ്ട് അവ പരിഹരിക്കാൻ ഏർപ്പാട് ചെയ്തതായി നാം കാണുന്നു. ഒന്ന് രണ്ട് ഉദാഹരണങ്ങൾ നോക്കൂ.

കണ്ണിലെ കൃഷ്ണമണിക്ക് നടുവിൽ കാണുന്ന പ്യൂപ്പിൾ എന്ന ദ്വാരം പ്രകാശം കൂടുതലുള്ള ഭാഗത്തേക്ക് നോക്കുമ്പോൾ ചെറുതാവുകയും പ്രകാശം കുറഞ്ഞ ഭാഗത്തേക്ക് നോക്കുമ്പോൾ വലുതാവുകയും ചെയ്യുന്നത് കാണാം. ഈ ദ്വാരം സദാ അഡ്ജസ്റ്റ് ചെയ്യാതിരുന്നാൽ നമുക്ക് ഒന്നും വ്യക്തമായി കാണാൻ കഴിയുകയില്ല.

ഈ ദ്വാരത്തിന് പുറത്ത് അൽ‌പം ഉയർന്ന് കാണുന്ന കോർണിയ എന്ന ഭാഗം പ്രകാശ രശ്മികളെ കേന്ദ്രീകരിച്ച് ദ്വാരത്തിലൂടെ കടത്തിവിടുന്നു.

ക്യാമറയിൽ മുന്നിൽ ഒരു ലെൻസും പിന്നിൽ ഒരു ഫിലിമും ഉണ്ടല്ലോ. ലെൻസിന്റെയും ഫിലിമിന്റെയും ഇടയിലുള്ള ദൂരം ക്രമീകരിച്ചുകൊണ്ടാണ് ക്യാമറയിൽ വ്യക്തമായ പ്രതിബിംബം ഉണ്ടാക്കുന്നത്. കണ്ണാകുന്ന ക്യാമറയിലും ഈ പ്രശ്നമുണ്ട്. കണ്ണിൽ ലെൻസ് സദാ അഡ്ജസ്റ്റ് ചെയ്താണ് ഈ പ്രശ്നം പരിഹരിക്കുന്നത്. അല്ലെങ്കിൽ കണ്ണിന്റെ വലിപ്പം എപ്പോഴും വ്യത്യാസപ്പെടുത്തേണ്ടി വന്നേനെ.

കണ്ണ് ഒരു ക്യാമ മാത്രമല്ല, മസ്തിഷ്കത്തിൽ നേത്രവുമായി ബന്ധപ്പെട്ട ഒരു ഭാഗമുള്ളതു കൊണ്ടാണ് കണ്ണിൽ പതിക്കുന്ന ചിത്രങ്ങൾ വ്യാഖ്യാനിക്കാൻ സാധ്യമാവുന്നത്. മസ്തിഷ്കത്തിലെ ആ ഭാഗത്ത് കേടു പറ്റിയാൽ , കണ്ണിന് കേടില്ലെങ്കിലും നമുക്ക് കാണാൻ കഴിയുകയില്ല. ചുരുക്കത്തിൽ ഇവയെല്ലാം ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തിൽ സംവിധാനിച്ചതാണെന്ന് തീർച്ച. ആ അറിവിന്റെ ഉടമയാണ് പടച്ചവനായ അല്ലാഹു

سبحان الله

കേൾവിയുടെ കാര്യം നോക്കൂ. കേൾക്കാൻ കഴിയണമെങ്കിൽ 1. ശബ്ദം വേണം. 2.ശബ്ദം സഞ്ചരിക്കാൻ ഒരു മാധ്യമം വേണം. 3. ശബ്ദം കേൾക്കാനുള്ള അവയവം അഥവാ ചെവി വേണം. 4. കേൾക്കാനുള്ള ശബ്ദം വ്യാഖ്യാനിക്കാൻ മസ്തിഷ്കം വേണം. ഈ നാല് കാര്യങ്ങളും കൂട്ടിയിണക്കുന്ന ഒരറിവില്ലേ? ചിന്തയില്ലേ? ഇവയുമായി ബന്ധപ്പെട്ട പല ശാസ്ത്രീയ സങ്കീർണ്ണതകളുണ്ട്. അവ മനസ്സിലാക്കുവാനും പരിഹരിക്കുവാനും കഴിയുന്ന ഒരു ബുദ്ധിയുടെ ഉടമസ്ഥനാകണം മാതാവിന്റെ ഗർഭാശയത്തിൽ വെച്ച് ചെവി സംവിധാനിച്ചത്.

ചെവിയുടെ കാര്യത്തിൽ സംവിധാനിച്ചുവെച്ച ശാസ്ത്രീയവസ്തുതകൾ ശ്രദ്ധിച്ചാൽ നാം അത്ഭുതപ്പെടും. ചെവിക്കുള്ളിൽ പ്രവേശിക്കുന്ന ശബ്ദതരംഗത്തെ മദ്ധ്യ കർണ്ണത്തിലെ വീണ്ടി അഥവാ ലിവർ പോലുള്ള എല്ലുകൊണ്ടുള്ള ഒരുപകരണം ഏതാണ്ട് 90 ഇരട്ടിയായി വർദ്ധിപ്പിക്കുന്നത് കൊണ്ടാണ് നമുക്ക് കേൾക്കാൻ കഴിയുന്നത്. അതേസമയം, വളരെ നേർത്ത ശബ്ദത്തെ ഈ ഉപകരണം ശക്തി കൂട്ടുന്നില്ല. അല്ലെങ്കിൽ കയ്യിളകുന്ന ശബ്ദവും , എല്ലുകൾ ഇളകുന്ന ശബ്ദവും ചെവിക്കുള്ളിലലച്ച് നമുക്കസ്വാസ്ഥ്യമുണ്ടാക്കുമായിരുന്നു. ഈ ഗതികേട് ഒഴിവായത് സുചിന്തിതമായ ഒരാസൂത്രണം കൊണ്ടല്ലേ ? ആ ആസൂത്രകനാരാണ്? അവൻ തന്നെയാണ് കാരുണ്യവാനായ അല്ലാഹു.

വലിയ ശബ്ദമുണ്ടാകുമ്പോൾ ലിവർ പോലുള്ള ഉപകരണത്തിന്റെ അറ്റത്തുള്ള സ്റ്റിറപ്പ് എന്ന ഭാഗം യാന്ത്രികമായി വഴുതി വേർപ്പെടുന്നു. ഇങ്ങനെ ഒരേർപ്പാടില്ലെങ്കിൽ മദ്ധ്യ കർണ്ണവും പുറം ചെവിയുമായി വേർതിരിക്കുന്ന ചർമ്മം പലപ്പോഴും പൊട്ടിപ്പോയേനെ. അതേപോലെ രക്ത ധമനികൾ അന്തർ കർണ്ണത്തിലെ തലച്ചോറുമായി ബന്ധമുള്ള ഞരമ്പിൽ നിന്ന് അകന്ന് സ്ഥിതി ചെയ്യുന്നു. അല്ലെങ്കിൽ രക്ത ധമനികളുടെ മിടിപ്പ് നാം സദാ കേൾക്കാനും അസ്വസ്ഥത തോന്നാനും ഇടവന്നേനെ. ആ ഞരമ്പ് ഒരു ദ്രവത്തിലാണ് കിടക്കുന്നത്. ദ്രവത്തിന്റെ അറ്റത്താണ് രക്ത ധമനികൾ അവസാനിക്കുന്നത്. എത്ര മാത്രം സൂക്ഷ്മമായ മുൻ‌കരുതൽ ! ഇതിന്റെ പിന്നിൽ ഒരു ചിന്തയുമില്ലെന്ന് പറയാനാവുമോ? എങ്ങനെയാണ് നമുക്ക് കണ്ണുകളും കാതുകളും നൽകിയ അല്ലാഹുവിനെ സ്തുതിക്കാതിരിക്കാൻ കഴിയുക? എങ്ങനെ നാം അല്ലാഹു അല്ലാത്ത മറ്റുള്ളവരെ ആരാധിക്കും ? അല്ലാഹു പറഞ്ഞതെത്ര വാസ്തവം!


“നിങ്ങൾക്കവൻ (അല്ലാഹു) കാതുകളും കണ്ണുകളും ചിന്തിക്കാനുള്ള ഹൃദയങ്ങളും ഉണ്ടാക്കി തന്നു (എന്നിട്ടും) നിങ്ങൾ അല്പം മാത്രമേ നന്ദി കാണിക്കുന്നുള്ളൂ.
പ്രിയരേ, നമുക്ക് ഒരുമിച്ച് ചൊല്ലാം :


سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي.


ഇപ്പോൾ ബുദ്ധിപരമായി തന്നെ നമുക്ക് ബോധ്യപ്പെട്ടു മനുഷ്യനടങ്ങുന്ന പ്രപഞ്ചത്തെ മുഴുവനും സൃഷ്ടിച്ചത് അല്ലാഹു ആണെന്ന്. ബുദ്ധിയുള്ളവർ അതിൽ രണ്ടഭിപ്രായം പറയുകയുമില്ല.

അവിടെയാണ് ഈ കാണുന്ന പ്രപഞ്ചവും മനുഷ്യകുലവുമൊക്കെ യാദൃശ്ചികമായി ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണെന്ന വാദം പൊളിയുന്നത്. ഇത്തരം അതി സൂക്ഷ്മമായ ഒരു സംവിധാനമടങ്ങുന്നതും മില്യൺ കണക്കിന് വർഷങ്ങൾ പിന്നിട്ടിട്ടും യാതൊരു കോട്ടവുമില്ലാതെ നിലനിൽക്കുന്നതുമായ ഈ പ്രപഞ്ച സംവിധാനം വെറും ഒരു യാദൃശ്ചികമാവാൻ ബുദ്ധി സമ്മതിക്കില്ലെന്നതു തന്നെയാണ് കാരണം.

മറ്റു ചിലർ പറയുന്നത് ഇവിടെ നിശ്ചലമായ കുറെ പരമാണുക്കളുണ്ടായിരുന്നെന്നും അവ ചലിക്കുകയും സംഘടിക്കുകയും ചെയ്തതു മൂലം പ്രത്യക്ഷപ്പെട്ടതാണ് ഈ പ്രവിശാല പ്രപഞ്ചമെന്നാണ്. അവരോട് നമുക്ക് ചോദിക്കാനുള്ളത് ആരാണ് ഈ പരമാണുവിനെ സൃഷ്ടിച്ചത് ? ആരാണ് അവയ്ക്ക് അനക്കം നൽകിയത്? ആരാണ് അവയെ സംഘടിപ്പിച്ചത്? അതിന്റെ പിന്നിൽ ഒരു ശക്തി വേണമല്ലോ?

മറ്റൊരു വിഭാഗം പറയുന്നത് വെള്ളത്തിലെ രാസപ്രവർത്തനം മൂലം വെള്ളത്തിൽ നിന്ന് ഒരു കോശം രൂപപ്പെടുകയും അതിൽ നിന്നാണ് ജീവനുണ്ടായതെന്നുമാണ്. അവരോട് നമുക്ക് ചോദിക്കാനുള്ളത : ആരാണ് വെള്ളം സൃഷ്ടിച്ചത് ? ആരാണ് ഈ രാസപ്രവർത്തനം നടത്തിയത് ?

ഇത്തരം ബുദ്ധിക്ക് നിരക്കാത്ത വാദക്കാരോട് നാം കൂടുതൽ തർക്കിക്കേണ്ടതില്ല. അത്തരം ഒരു വിഭാഗം വരുമെന്ന് സർവ്വലോക രക്ഷിതാവായ അല്ലാഹു നേരത്തെത്തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്. വിശുദ്ധ ഖുർ‌ആൻ പറയുന്നത് കാണൂ :


“ആകാശ ഭൂമികളെ സൃഷ്ടിച്ച സമയത്ത് നാം അവരെ പങ്കെടുപ്പിച്ചിരുന്നില്ല. അവരെത്തന്നെ സൃഷ്ടിച്ചതിലും അവരെ പങ്കെടുപ്പിച്ചിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ കൂട്ടിന് വിളിക്കുന്നവനല്ല ഞാൻ.”ഇങ്ങനെ പ്രപഞ്ച സൃഷ്ടിപ്പിന്റെ വിഷയത്തിലും മനുഷ്യന്റെ ഉൽഭവത്തിന്റെ വിഷയത്തിലുമൊക്കെ കള്ളവാദങ്ങളുമായി വരുന്നവരുണ്ടാകും എന്ന് ഖുർ‌ആൻ നേരത്തെ മുന്നറിയിപ്പ് നൽകിയതാണ്. ഖുർ‌ആനിന്റെ അവതരണ കാലത്ത് അത്തരം വാദങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാ‍ണ്. പിൽക്കാലത്താണ് അത്തരം വാദക്കാർ രംഗത്ത് വന്നത്. അവരിൽ പെട്ടവരാണ് കുരങ്ങിൽ നിന്നാണ് മനുഷ്യനുണ്ടായതെന്ന വിചിത്രവാദക്കാർ. പിന്നെയും കുരങ്ങന്മാർ ലോകത്തെമ്പാടുമുണ്ട്. എന്തേ അതിനു ശേഷം ഒരു കുരങ്ങും മനുഷ്യനായി പരിണമിക്കാത്തത് ? എന്ന് ചോദിച്ചാൽ മറുപടി ലഭിക്കില്ല . അവർ തന്നെ പഠിപ്പിക്കുന്നത് ഒരു കുരങ്ങൻ മനുഷ്യനായി രൂപാന്തരപ്പെട്ടു എന്നാണ്. അവരും എല്ല്ലാവരും സമ്മതിക്കുന്ന കാര്യമാണ് സന്താനമുണ്ടാവണമെങ്കിൽ സ്ത്രീയും പുരുഷനുമുണ്ടാവണമെന്നത്. പുരുഷനായി മാറിയ കുരങ്ങിന് എവിടെ നിന്നേ പെണ്ണായ മനുഷ്യനെ കിട്ടിയത്? ഉത്തരം ലഭിക്കാത്ത പ്രസക്ത ചോദ്യങ്ങളാണിതൊക്കെ.