സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 31 August 2014

ഉള്വ്ഹിയ്യത്തും മറ്റും അറവുകളും

ഹാജിമാര്‍ക്ക് പെരുന്നാള്‍ ദിവസം ചെയ്യാനുള്ള നാല് പ്രധാനകര്‍മ്മങ്ങളില്‍ ഒന്ന് അറുക്കലാണ ല്ലോ. ഹാജിമാര്‍ക്ക് മൂന്ന് വിധത്തില്‍ അറവുണ്ടാകാം.
ഉള്ഹിയ്യത്ത്:
പെരുന്നാളിനോടനുബന്ധിച്ച് ഹാജിമാര്‍ക്കും അല്ലാത്തവര്‍ക്കും ശക്തിയായ സുന്നത്തുള്ള അറവാണിത്. ഹാജിമാര്‍ക്ക് ഉള്ഹിയ്യത്ത് പ്രത്യേകം നിര്‍ബന്ധമില്ല. ദാനധര്‍മ്മങ്ങള്‍ക്കും സദ്കര്‍മ്മങ്ങള്‍ക്കും കൂടുതല്‍ പുണ്യം ലഭിക്കുന്ന സന്ദര്‍ഭവും സ്ഥലവും സമയവുമാണ് ഹജ്ജ് വേള. അതിനാല്‍ സാധിക്കുന്നവര്‍ ഉള്ഹിയ്യത്ത് അറുക്കേണ്ടതാണ്. ആട്, മാട്, ഒട്ടകം എന്നിവയിലൊന്നാണ് അറുക്കേണ്ടത്. ഒട്ടകമോ, മാടോ ആണെങ്കില്‍ ഏഴുപേര്‍ക്കുകൂടി ഒന്ന് മതിയാകും. ആടില്‍ ഒരാളില്‍ കൂടുതലാകാന്‍ വകുപ്പില്ല.
ബലിമൃഗത്തിന്റെ നിബന്ധനകള്‍
നെയ്യാടിന് ഒരു വയസ്സും കോലാടിനും മാടിനും രണ്ടുവയസ്സും ഒട്ടകത്തിനു അഞ്ചു വയസ്സും തികഞ്ഞിരിക്കണം. പറയത്തക്ക ന്യൂനതകള്‍ ഇല്ലാത്തതും നിശ്ചിത പ്രായം തികഞ്ഞതും ആക ല്‍ ബലിമൃഗത്തിന്റെ നിബന്ധനകളാണ്.
ബലിയുടെ സമയം
പെരുന്നാള്‍ ദിനം സൂര്യനുദിച്ച് ചുരുങ്ങിയ രണ്ട് റക്അത്തിനും രണ്ട് ഖുത്വുബക്കും മതിയാകുന്നത്ര സമയം കഴിഞ്ഞാല്‍ ബലി അറുക്കാന്‍ സമയമായി. ദുല്‍ഹജ്ജ് പതിമൂന്നിന്റെ സൂര്യാസ്തമയം വരെ സമയമുണ്ട്. രാത്രി അറുക്കല്‍ ഉപേക്ഷിക്കുന്നത് നല്ലതാണ്.
ഹാജിമാര്‍ പെരുന്നാള്‍ ദിനം ജംറ എറിഞ്ഞയുടനെ, മുടിയെടുക്കുന്നതിന് മുമ്പ് മിനയില്‍ വെച്ച് അറുക്കലാണുത്തമം. മിനയില്‍ അറവിനു സജ്ജമാക്കിയ വിശാലമായ പ്രത്യേക സ്ഥലവും സൌകര്യങ്ങളുമുണ്ട്. മന്‍ഹര്‍ എന്നാണ് അതിനു പറയുക. അതിനു തൊട്ടടുത്തായി ബലിമൃഗങ്ങളെ വിലക്കുവാങ്ങാന്‍ വിപുലമായ ചന്തയുമുണ്ട്.
നേര്‍ച്ചയാക്കിയാല്‍
നേര്‍ച്ചയാക്കിയാല്‍ ഉള്ഹിയ്യത്ത് നിര്‍ബന്ധമായിത്തീരും. നിര്‍ബന്ധമായ ഉള്ഹിയ്യത്തിന്റെ മാം സം സ്വയം ഭക്ഷിക്കാനോ തോല് പോലുള്ളവ സ്വന്തം ഉപയോഗിക്കുവാനോ പാടില്ല. മുഴുവനും വിതരണം ചെയ്യേണ്ടതാണ്.
സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്ന് അല്‍പ്പമെങ്കിലും ധര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണ്. ബാക്കി മുഴുവന്‍ സ്വയം ഭക്ഷിക്കാം. അല്‍പ്പം സ്വയം ഭക്ഷിക്കാനെടുത്ത് ബാക്കി മുഴുവന്‍ പാവങ്ങള്‍ക്ക് ധര്‍മ്മം ചെയ്യലാണ് ഏറ്റവും ശ്രേഷ്ഠമായത്. ഉള്ഹിയ്യത്തിന്റെ ഒന്നും വില്‍ക്കാനോ പണിക്കാര്‍ ക്ക് കൂലിയായി കൊടുക്കാനോ പാടില്ല. അയ്യാമുത്തശ്രീഖ് കഴിഞ്ഞാല്‍ ആ വര്‍ഷത്തെ സുന്നത്തായ ഉള്ഹിയ്യത്തിന്റെ സമയം നഷ്ടപ്പെട്ടു. നേര്‍ച്ചയാക്കിയതാണെങ്കില്‍ ഖള്വാഅ് വീട്ടണം.
ദ്
ഹാജിമാരുമായി ബന്ധപ്പെടുത്തി വിശുദ്ധ ഖുര്‍ആന്‍ കൂടുതല്‍ പരാമര്‍ശിച്ച ബലിയാണിത്. നേര്‍ച്ചയാക്കിയതോ അല്ലാതെയോ മക്കയില്‍ അറുത്ത് വിതരണം ചെയ്യാന്‍ ഹാജിമാര്‍ കൊണ്ടുപോകുന്ന ബലിമൃഗത്തിന് പൊതുവെ ഹദ്യ് എന്ന് പറയുന്നു. മക്കാശരീഫിലേക്ക് പോകുന്നവര്‍ കഴിയുമെങ്കില്‍ ആട്, മാട്, ഒട്ടകങ്ങളില്‍ വല്ലതിനെയും ഹദ്യ് ആയി കൂടെ കൊ ണ്ടുപോകല്‍ സുന്നത്താണ്. ഹജ്ജത്തുല്‍ വിദാഇല്‍ മഹാനായ നബി(സ്വ) നൂറ് ഒട്ടകത്തെ ഹദ്യായി കൊണ്ടുപോയിരുന്നു. ഉള്ഹിയ്യത്തിന്റെ മൃഗത്തിന് വിവരിക്കപ്പെട്ട വിധികളെല്ലാം ഹദ് യിനും ബാധകമാണ്. ഹദ്യ് കൊണ്ട് പോയവര്‍ക്കും ഉള്ഹിയ്യത്ത് സുന്നത്തുണ്ട്.
ഫിദ്
ഹജ്ജിലോ ഉംറയിലോ സംഭവിച്ചേക്കാവുന്ന ന്യൂനതകള്‍ പരിഹരിക്കാനായി നല്‍കപ്പെടുന്ന അറവാണ് ഫിദ്യ. അത് അറുക്കേണ്ട സമയം ന്യൂനത സംഭവിച്ചത് മുതല്‍ ആരംഭിക്കും. തമത്തുഅ്, ഖിറാന്‍ എന്നിവക്കുള്ള ഫിദ്യയും മറ്റു നിര്‍ബന്ധമായ അറവുകളും പെരുന്നാള്‍ ദിവസം മിനയില്‍വെച്ച് ഉള്വ്ഹിയ്യത്തിന്റെ സമയത്ത് അറുക്കലാണ് സുന്നത്ത്.
തമത്തുഉകാര്‍ക്ക് ഹജ്ജിന് ഇഹ്റാം ചെയ്തത് മുതലാണ് അറവ് നിര്‍ബന്ധമാകുന്നതെങ്കിലും മക്കയിലെത്തി ഉംറ ചെയ്തു വിരമിച്ച ശേഷം ഹജ്ജിന്റെ ഇഹ്റാമിനു മീഖാത്തിലേക്ക് പോകാനുദ്ദേശിക്കാത്തവര്‍ എപ്പോള്‍ അറുത്തുകൊടുത്താലും മതിയാകുന്നതാണ്. മിക്കപേര്‍ക്കും നിര്‍ബന്ധമാകുന്ന ഈ അറവ് മക്കയില്‍ ഉംറക്കു ശേഷം നിര്‍വഹിച്ചാല്‍ ഇക്കാലത്ത് പലര്‍ക്കും മാംസം ഉപകരിക്കും. മിനയില്‍ മാംസം സ്വീകരിക്കാന്‍ പലപ്പോഴും ആവശ്യക്കാരെ കിട്ടാന്‍ പ്രയാസമാകാറുണ്ട്.
ഫിദ്യയും ഹദ്യും ഹറമിന്റെ പരിധിക്കുള്ളില്‍വെച്ച് അറുക്കലും അവിടെയുള്ള ദരിദ്രര്‍ക്ക് വിതരണം ചെയ്യലും നിര്‍ബന്ധമാണ്. മിന ഹറമില്‍പ്പെട്ട സ്ഥലമാണല്ലോ. ബലിമൃഗത്തിന്റെ മാംസം വിതരണം ചെയ്യേണ്ടതാണ്. ഫിദ്യക്ക് ചിലപ്പോള്‍ ഹദ്യ് എന്നും പറയാറുണ്ട്.
പുരുഷന്‍ സ്വന്തമായി തന്നെ അറുക്കലാണ് സുന്നത്ത്. അറുക്കുമ്പോള്‍ നിയ്യത്ത് നിര്‍ബന്ധമാണ്. അറുക്കാന്‍ കഴിവുണ്ടെങ്കിലും മറ്റൊരാളെ ഏല്‍പ്പിക്കുന്നതിന് വിരോധമില്ല. സ്ത്രീകള്‍ പുരുഷനെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. അറുക്കുന്ന സമയത്ത് ഹാജരാകല്‍ സുന്നത്താണ്. അറുക്കുമ്പോഴോ മറ്റുള്ളവരെ ഏല്‍പ്പിക്കുമ്പോഴോ ഉടമസ്ഥന്‍ നിയ്യത്ത് ചെയ്യണം. അറുക്കുമ്പോള്‍ ബലിമൃഗത്തിന്റെ കഴുത്ത് ഖിബ്ലയിലേക്ക് തിരിക്കലും ദിക്റുകള്‍ ദുആകള്‍ എന്ന ഭാഗത്ത് ചേര്‍ത്ത  ദിക്റ് ചൊല്ലലും  സുന്നത്താണ്.
അറവിന്റെ കാര്യത്തില്‍ അവനവന്റെ കടമ വീടണമെന്ന ബോധം ഏവര്‍ക്കുമുണ്ടായിരിക്കണം. ഇന്ന് വ്യാപകമായ, ബാങ്കുകളെ ഏല്‍പ്പിക്കുന്നതും ചിട്ടിയെടുക്കുന്നതും മതിയാവുകയില്ല. അവയുടെ സൂക്ഷ്മാവസ്ഥ അറിയാത്ത സ്ഥിതിക്ക് സ്വന്തം ബാധ്യതകള്‍ സ്വയം നിര്‍വഹിക്കലാണ് അഭികാമ്യം.