സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 23 August 2014

അല്ലാഹു- ഭാഗം- 06

സുഭദ്രമായ സമൂഹം, നീതിനിഷ്ഠമായ നിയമം, സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നിയമങ്ങള്‍ പാലിക്കപ്പെടണം. അവിടെ വിവേചനമില്ല. ജാതിയുടെയോ വര്‍ഗത്തിന്റെയോ ദേശ ഭാഷകളുടേയോ വര്‍ണത്തിന്റെയോ പേരില്‍ ഒരു മഹത്വവും ആര്‍ക്കുമില്ല. ഖുര്‍‌ആനിന്റെ വചനം എത്ര മഹത്വരം.



“ഓ മനുഷ്യ വര്‍ഗമേ, ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. പിന്നീട് നിങ്ങളെ തിരിച്ചറിയാനാണ് വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത്. അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ഔന്നത്യമുള്ളവര്‍ അവനെ കാത്തുസൂക്ഷിച്ചു ജീവിച്ചവരാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്”. (വിശുദ്ധ ഖുർ‌ആൻ 39:13)

അക്രമം, അനീതി, പരദൂഷണം, ഏഷണി, വഞ്ചന, കൈക്കൂലി, പൂഴ്ത്തിവെപ്പ്, അപവാദപ്രചരണം, പരിഹാസം തുടങ്ങിയ സ്വഭാവ ദൂഷ്യങ്ങള്‍ സമൂഹത്തിലെ ഒരംഗത്തിലുമുണ്ടായിക്കുടെന്നു കണിശമായി ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു.

സത്യസന്ധത, വിശ്വസ്തത, നിഷ്കളങ്കത, നീതി, കാരുണ്യം , വിട്ടുവീഴ്ച, മറ്റുള്ളവരെ ആദരിക്കുക, സ്വന്തം പ്രയാസങ്ങള്‍ സഹിച്ചും മറ്റുള്ളവരെ സഹായിക്കുക, എല്ലാവര്‍ക്കും നന്മ അഭിലഷിക്കുക തുടങ്ങിയ സല്‍ഗുണങ്ങള്‍ ഓരോ വിശ്വാസിയും സിദ്ധിച്ചിരിക്കണം.

മൃഗതുല്യരായി പരസ്പരം കടിച്ചുകീറി വര്‍ഗത്തിന്റേയും ജാതിയുടേയും വര്‍ണ്ണത്തിന്റെയും പേരില്‍, ദുരഭിമാനത്തിന്റെ പേരില്‍ കഴുത്തറുത്തിരുന്ന സമൂഹത്തെ എല്ലാം മറന്നും ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളില്‍ പോലും കാണാത്ത വിധം സ്നേഹവാത്സല്യമുള്ളവരാക്കി മാറ്റി എടുക്കാന്‍ ഇസ്‌ലാമിനു ഏറെ കാലം കാത്തിരിക്കേണ്ടി വന്നില്ല. ഇസ്‌ലാം സ്വീകരിക്കുന്നതോടെ ഓരോ വ്യക്തിയും സ്വയം സംസ്‌കൃതനായിത്തീരുകയായിരുന്നു.

മനുഷ്യന്‍ വിശുദ്ധനായാണ് ജനിക്കുന്നത്. ജന്മനാ പാപിയാണെന്ന സിദ്ധാന്തം ഇസ്‌ലാം നിരാകരിക്കുന്നു. ജനിക്കുന്ന ശിശുക്കളെല്ലാം ശുദ്ധരാകുന്നു. മത ജാതി വ്യത്യാസമില്ലാതെ എല്ലാ ശിശുക്കളും നല്ലവര്‍. പ്രവാചകന്‍ പ്രഖ്യാപിച്ചു. എല്ലാ കുട്ടിയും ജനിക്കുന്നത് പരിശുദ്ധ പ്രകൃതിയിലാണ്. പിന്നീടവന്റെ മാതാപിതാക്കള്‍ അവനെ ജൂതനും ക്രിസ്താനിയും സൌരാഷ്ട്രീയനുമാക്കുന്നു.

സാഹചര്യമാണ് കുട്ടിയുടെ ഭാഗധേയം നിര്‍ണയിക്കുന്നത്. കുട്ടിയെ നന്നാക്കുന്നതും ദുഷിപ്പിക്കുന്നതും അവന്റെ മാതാപിതാക്കളാണ്. അവന്‍ വളരുന്ന സാഹചര്യമാണ്. കുട്ടിയുടെ ഹൃദയം നിര്‍മലമാണ്. വെള്ളക്കടലാസ് പോലെ പരിശുദ്ധമാണ്. ഏതുനിറത്തിലും രൂപത്തിലുമുള്ള ചിത്രങ്ങള്‍ ആ മനസ്സിന്റെ കടലാസില്‍ വരക്കാം.

അതുകൊണ്ട് തന്നെ കുട്ടിയുടെ കാതില്‍ ആദ്യം കേള്‍ക്കുന്ന ശബ്ദം അല്ലാഹുവിന്റെ നാമമായിരിക്കണമെന്നും ജനിച്ചയുടനെ കുട്ടിയുടെ കാതില്‍ വാങ്ക് വിളിക്കണമെന്നും ഇസ്‌ലാം കല്‍‌പിച്ചു. തുടര്‍ന്നു കുട്ടിയുടെ മനസ്സ് മലീമസമാകാതിരിക്കാനുള്ള സാഹചര്യത്തിലായിരിക്കണം കുട്ടിയെ വളര്‍ത്തേണ്ടത്. വകതിരിവാകുന്നതോടെ സൃഷ്ടാവായ അല്ലാഹുവിലുള്ള ചിന്തയും സമസൃഷ്ടി സ്നേഹവും അവന്റെ ഹൃദയത്തിലുണ്ടാകത്തക്ക വിധത്തിലുള്ള പരിചരണങ്ങളാണ് കുട്ടിക്ക് നല്‍കേണ്ടത്. ഇവ്വിഷയകമായി സമഗ്രമായ നിയമ നിര്‍ദ്ദേശങ്ങള്‍ തന്നെ ഇസ്‌ലാമിനുണ്ട്.

ഒരാള്‍ പ്രായപൂര്‍ത്തിയാകുന്നതോടെയാണ് മതശാസനകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാകുന്നത്. പതിനഞ്ചു വയസ്സുമുതല്‍ പ്രായപൂര്‍ത്തിയായതായി പരിഗണിക്കും. സ്ത്രീ ഋതുമതിയാകുന്നതും പ്രായപൂര്‍ത്തിയുടെ ലക്ഷണമായി ഗണിക്കപ്പെടുന്നു. തന്റെ ജീവിതത്തില്‍ അച്ചടക്കവും സന്മാര്‍ഗ്ഗ നിഷ്ഠയും പാലിക്കാന്‍ ഇനി ഓരോ വ്യക്തിയും ബാധ്യസ്ത്ഥനാണ്. പരമാവധി വിജ്ഞാനമാര്‍ജിച്ച് നല്ലവനായി ജീവിക്കുക. 

നന്‍‌മയും തിന്‍‌മയും സ്വയം വിവേചിച്ചറിഞ്ഞ് നന്മ സ്വീകരിക്കുകയും തിന്മ നിരാകരിക്കുകയും വേണം. ഇത് വേര്‍തിരിച്ച് കാണിക്കാനാണ് പ്രവാചകർ വന്നത്. ഇനി തങ്ങളുടെ വഴി തിരഞ്ഞെടുക്കേണ്ട ബാധ്യത വ്യക്തിക്കാണ്. നന്മ ചെയ്യുന്നവനന് ഇഹലോകത്തും പരലോകത്തും പുണ്യം. തിന്മ ചെയ്യുന്നവന് ശിക്ഷ . അണു അളവ് നന്മ ചെയ്താല്‍ അതിന്റെ ഫലം അവന്‍ അനുഭവിക്കും. അണു അളവ് തിന്മ ചെയ്താല്‍ അതിന്റെ ഫലവും അവന്‍ അനുഭവിക്കും. (ഖുര്‍‌ആന്‍)

പശ്ചാതാപമാണ് പാപമോചനത്തിനു ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന വഴി. തന്റെ ദുഷ്‌ചെയ്തിയില്‍ ഖേദിച്ച് പൂര്‍ണ്ണമായും തിന്മ വെടിഞ്ഞ് അല്ലാഹുവിലേക്ക് മടങ്ങുക. വന്നുപോയ തെറ്റുകളോര്‍ത്തു ദു:ഖിക്കുന്ന മനസ്സില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനകൾ, പാപമോചനത്തിനുള്ള അപേക്ഷകൾ അല്ല്ലാഹു സ്വീകരിക്കും. “അല്ലാഹു ബഹുദൈവ വിശ്വാസം (ശിര്‍ക്ക്) അല്ലാത്ത എല്ലാ പാപങ്ങളും പൊറുക്കും (ഖുര്‍‌ആന്‍)


പശ്ചാതാപം ലളിതമാണ്. പ്രത്യേക ഉപചാരങ്ങളോ ചട്ടവട്ടങ്ങളോ അതിനില്ല. തിന്മയോട് വിടപറഞ്ഞു മേലില്‍ തിന്മ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്തു വന്നുപോയ തെറ്റുകള്‍ക്ക് മാപ്പു ചോദിക്കുക. ആര്‍ക്കും എപ്പോഴും സ്വയം ചെയ്യാവുന്നതാണിത്. നിരന്തരമായ ഈ അപേക്ഷ അല്ലാഹു സ്വീകരിക്കും. “അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യവാനുമാകുന്നു” (ഖുര്‍‌ആന്‍)

ആരാധന
നിശ്ചയം ഞാന്‍ മാത്രമാണ് ഇലാഹ്. ഞാനല്ലാതെ ഒരാരാധ്യനില്ല. എന്നെ നിങ്ങളാരാധിക്കുക. എന്നെ സ്മരിക്കാന്‍ വേണ്ടി നിസ്കാരം നിലനിര്‍ത്തുക.(ഖുർ‌ആൻ 14-20). ആരാധന അല്ലാഹുവിനു മാത്രമാണ്. മനുഷ്യന്‍ അവന്റെ സൃഷ്ടാവിന് ചെയ്യുന്ന പരമമായ കീഴ്വണക്കമാണ് ആരാധന. അല്ലാഹുവല്ലാതെ മറ്റാരും ഇതിനര്‍ഹനല്ല. ഇസ്‌ലാമിന്റെ ഏറ്റവും പ്രധാനമായ അടിസ്ഥാനാശയം തന്നെ ഇതാണ്.

കല്ലിനും കാഞ്ഞിരത്തിനും മുള്ളിനും മുരടിനുമൊക്കെ ആരാധിക്കുന്ന മനുഷ്യര്‍ വിവരക്കേടിന്റെ മഹാ ഗര്‍ത്തത്തിലാണാപതിച്ചിരിക്കുന്നത്. പാരമ്പര്യത്തിന്റെയും പൈശാചിക ദുര്‍ബോധനത്തിന്റെയും ശരീരേഛയുടേയും ഇരുളില്‍ അന്ധരായിത്തീര്‍ന്നവരാണ് ബഹുദൈവാരാധനയുടെ കുരുക്കിലകപ്പെട്ടിരിക്കുന്നത്. താന്‍ നട്ടുണ്ടാക്കുന്ന മരത്തിന്റെ ചില്ലവെട്ടി കൊത്തി ഉണ്ടാക്കുന്ന വിഗ്രഹത്തിനും താന്‍ പൊട്ടിച്ചെടുത്ത പാറക്കല്ലില്‍ തീര്‍ത്ത ശില്പത്തിനും, പശുവിനും, സര്‍പ്പത്തിനും സര്‍പ്പക്കാവിനും ഗൌളിക്കുമൊക്കെ ആരാധനയര്‍പ്പിക്കുന്നവര്‍ എത്ര ബുദ്ധിഹീനമായ വേലയാണ് ചെയ്യുന്നത്. തന്നെപ്പോലെ ഒരു മനുഷ്യനായ യേശുവിനേയും വെള്ളിക്കുരിശിനേയും തൊഴുന്നവരും വിഗ്രഹാരാധകരെപ്പോലെ തന്നെ വിവരദോഷികളത്രെ.

ദൈവത്തിനും മനുഷ്യനുമിടയില്‍ പൌരോഹിത്യത്തിന്റെ മതില്‍കെട്ടുകളോ സന്യാസത്തിന്റെ മാന്ത്രികച്ചരടുകളോ ഇല്ല. മനുഷ്യന്‍ സൃഷ്ടാവിനെ ആരാധിക്കുന്നു. എന്നും എവിടെയും തനിക്കാരാധനയാവാം. ജീവിതത്തിന്റെ പുരോഗതിക്കോ ഐഹിക ജീവിതത്തിനോ അതെതിരല്ല. സമൂഹത്തിലെ ഏതാനും വ്യക്തികളുടെ കുത്തകയൊന്നുമല്ല ആരാധന. എല്ലാ വിശ്വാസിക്കും ചെയ്തു തീര്‍ക്കാനുള്ള ഒന്നാണത്.

ഏറ്റവും പ്രധാന ആരാധന നിസ്കാരമാണ്. അഞ്ചു നേരത്തെ നിര്‍ണിത സമയത്ത് എല്ലാ വിശ്വാസിയും അത് ചെയ്ത് തീര്‍ക്കണം. വര്‍ഷത്തിലൊരു മാസം (റമദാന്‍) വ്രതമനുഷ്ടിക്കുക, സമ്പന്നര്‍ സമ്പത്തിന്റെ നിശ്ചിത ശതമാനം ദരിദ്രര്‍ക്ക് കൊടുക്കുക. (സകാത്ത്) , ജീവിതത്തിലൊരിക്കലെങ്കിലും വിശുദ്ധ മക്കയില്‍ ചെന്ന് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുക. പ്രധാനാരാധനകളിതാണ്. പക്ഷേ , ഇവിടെ അവസാനിക്കുന്നില്ല. സല്‍‌കര്‍മിയായ, സത്യവിശ്വാസി സദുദ്ദേശപൂര്‍വ്വം ചെയ്യുന്ന എല്ലാ നന്മകളും ആരാധന തന്നെ. സുഹൃത്തിന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കലും കുടുംബത്തെ പോറ്റാന്‍ വേണ്ടി അധ്വാനിക്കലുമെല്ലാം ആരാധനയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. മുസ്‌ലിമിന്റെ ജീവിതം മുഴുക്കെ ആരാധനയാണ്.

==================================


പ്രിയ വായനക്കാരേ ഇതോടെ ഈ പരമ്പര ഇവിടെ തത്കാലം അവസാനിപ്പിക്കുന്നു. ഇത് വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമല്ലോ.. അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ


اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً ** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْـدُ ِللهِ رَبِّ الْعَالَمِينَ عَلَى** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ